images/Man_with_a_Hoe.jpg
Man with a Hoe, a painting by Jean-François Millet (1814–1875).
ആശ്രമം ഉറങ്ങുകയാണു്
ഇ. ഹരികുമാർ

കുന്നുകൾ എന്റെ കൂട്ടുകാരായിരിക്കുന്നു. ഞാൻ എല്ലായ്പ്പോഴും എത്തിപ്പെടുന്നതു് കുന്നിൻ പ്രദേശങ്ങളിലാണു്. ചെമ്മണ്ണു നിറഞ്ഞ വെട്ടുകൽപ്പാതകൾ എന്റെ സിരകളിൽ ആവേശത്തള്ളിച്ചയുണ്ടാക്കുന്നു. ഞാൻ എന്തിനെന്നറിയാതെ നീങ്ങുന്നു. കുന്നിൻ ചെരിവുകൾ വെട്ടിയുണ്ടാക്കിയ ആ പാതകളുടെ ഒരു വശത്തു് മുഴച്ചു നിൽക്കുന്ന കരിമ്പാറകൾ, അവയുടെ വിള്ളലുകളിൽ വർഷക്കാലം സ്വപ്നംകണ്ടു് തപസ്സിരിക്കുന്ന പന്നൽച്ചെടികൾ, തിരിവുകളിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന അപൂർവ പുഷ്പങ്ങൾ, എല്ലാം എനിക്കു് ഉത്സാഹം പകരുന്നു.

ചരൽപ്പാത അവസാനിച്ചതു് മുകളിലേയ്ക്കു് കയറുന്ന ഒതുക്കുകളുടെ മുമ്പിലാണു്. ഒതുക്കുകൾ കയറിയാൽ ഒരു നടപ്പാത, ഗെയ്റ്റ്, ചരൽ വിരിച്ച വിശാലമായ മുറ്റം. കുന്നിന്റെ ഉയരം ആ വീടുനിൽക്കുന്ന പറമ്പിലേയ്ക്കും, ആ മണ്ണു് ചവിട്ടിനിൽക്കുന്ന എന്നിലേയ്ക്കും പടർന്നു. എന്തിനാണു് വന്നതെന്ന കാര്യംതന്നെ മറന്നു ഞാൻ അവിടെ നിന്നു.

‘ഇങ്ങോട്ടു കയറി ഇരിക്കാം.’

ആരാണതു പറഞ്ഞതു? ഞാൻ വീടിന്നു നേരെ നടന്നു. കാവിയിട്ട മിനുത്ത നിലമുള്ള വിശാലമായ പൂമുഖത്തിന്നു മുമ്പിൽ വീതിയുള്ള തിണ്ണ. ആ തിണ്ണമേൽ സിമന്റിന്റെ തണുപ്പറിഞ്ഞു് കിടക്കാൻ എന്തു സുഖമായിരിക്കും. രണ്ടു തിണ്ണകൾക്കിടയിലുള്ള ചതുരൻ തൂണിന്മേൽ ഉടമസ്ഥന്റെ പേരു് എഴുതിവെച്ചിരിക്കുന്നു.

‘ചാക്കുണ്ണി ഗീവർഗീസ് ചാക്കുണ്ണി.’

പേരെഴുതിയ പ്രാചീനമായ മരപ്പലക അല്പം ചെരിഞ്ഞിരുന്നു. ഞാനതിൽ നോക്കിയിരിക്കേ ആരോ പറഞ്ഞു.

‘അതു് അപ്പന്റെ പേരാണു്.’

പൂമുഖത്തു് ഒരു പഴയ ചാരുകസേലയിൽ കിടക്കുന്ന പടുവൃദ്ധനെ ഞാനപ്പോഴാണു് കാണുന്നതു്. എഴുപത്തഞ്ചു്, അല്ലെങ്കിൽ എൺപതു് വയസ്സായിട്ടുണ്ടാകും. ഒരോന്തുപോലെ അയാൾ ചുറ്റുമുള്ള വീട്ടു സാമാനങ്ങളുമായി താദാത്മ്യം പ്രാപിച്ചിരുന്നു. ഞാൻ വീണ്ടും പേരെഴുതി വെച്ചതു് നോക്കി. ‘ചാക്കുണ്ണി ഗീവർഗീസ് ചാക്കുണ്ണി’ പെട്ടെന്നു് ആ പേർ അന്വേഷിച്ചാണു് ഞാൻ വന്നതെന്നോർത്തു. ആ പേരിന്റെ ഉടമയ്ക്കു് കൊടുക്കുവാൻ തന്നയച്ച കത്തു് എന്റെ കീശയിലുണ്ടു്.

‘അപ്പന്നു് കൊടുക്കാൻ ഒരു കത്തുണ്ടു് എന്റെ കയ്യിൽ.’

‘അപ്പന്നോ?’ ആ വൃദ്ധൻ ചോദിച്ചു.

‘അതേ.’

‘താനാ കസേരയിലിരിക്കു്.’

ഉമ്മറത്തു ചിതറിക്കിടന്ന പരസഹസ്രം പുരാതന വസ്തുക്കളിലൊന്നു് ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു. ചെളിയും എണ്ണയും അടരായി ഉണങ്ങിപ്പിടിച്ച കൈകളുള്ള ആടുന്ന കസേരയിൽ ഞാനിരുന്നു.

‘ആ കത്തു്, അതെനിക്കായിരിക്കും.’ അയാൾ പറഞ്ഞു. ‘അപ്പന്നു് ഇനി ആരും കത്തയക്കില്ല.’

കത്തിന്റെ മേൽ എഴുതിയ പേരു് ഞാൻ ഓർമ്മിച്ചു. അതേ, ചാക്കുണ്ണി ഗീവർഗീസ് ചാക്കുണ്ണി. ഞാൻ പേരെഴുതിയ പലകയിലേക്കു നോക്കി. പലക കാണാം, പേരെഴുതിയതു് ഇവിടെ ഇരുന്നു കൊണ്ടു് കാണാൻ പറ്റില്ല. ഞാൻ നോക്കുന്നതു കണ്ടുകാണും, അയാൾ പറഞ്ഞു.

‘എന്റെ പേരും ചാക്കുണ്ണി ഗീവർഗീസ് ചാക്കുണ്ണി എന്നു തന്നേയാ. ആരുടെ കത്താ?’

‘കൊച്ചീന്നാ, ശങ്കരമേനോന്റെ.’

പെട്ടെന്നയാൾ കത്തു കൈയ്യിൽ കിട്ടുവാൻ ഒരു ധൃതിയുമില്ലാത്തപോലെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു. സമയം കുറേയായിക്കാണും. എന്തിനാണു് ഇത്ര കഷ്ടപ്പെട്ടു് ഈ കുന്നിനു മുകളിൽ കയറിവന്നതെന്നു് ഞാൻ ആലോചിക്കുകയായിരുന്നു. ആരാണു് ശങ്കരമേനോൻ? ഞാനും അയാളുമായുള്ള ബന്ധം? എന്റെ കീശയിൽ കത്തൊന്നുമില്ലെന്നു് ഞാൻ പെട്ടെന്നു മനസ്സിലാക്കി. ഞാൻ ചുമരിൽ തൂക്കിയിട്ട ഫോട്ടോകളിൽ കണ്ണുംനട്ടു് നിൽക്കയാണു്. രണ്ടോ മൂന്നോ തലമുറകളുടെ ഛായാചിത്രങ്ങൾ. ഓരോ മുഖവും പരിചയമുള്ള പോലെ. ഇവരെയൊക്കെ ഞാൻ എവിടെയാണു് കണ്ടിട്ടുള്ളതു്.

‘അതാ അതെന്റെ കെട്ട്യോളാ, കഴിഞ്ഞ വർഷം മരിച്ചു. ആറു മാസം കെടന്നു. അപ്പുറത്തുള്ളതു് മൂത്തമകനാ, രണ്ടു കൊല്ലം മുമ്പേ മരിച്ചു. ഹാർട്ടറ്റാക്കായിരുന്നു. അതിനപ്പുറത്തു്…’

ഞാൻ തലേന്നു് രാത്രിവരെ സ്വാമിജിയുടെ ആശ്രമത്തിലായിരുന്നു. അതും ഒരു കുന്നിൻപുറത്തുതന്നെ. ഒരു പഴയ വീടു്. ഒരുകാലത്തു് ഏതെങ്കിലും നായർ തറവാടായിരിക്കണം. മുറ്റത്തു് പൊളിഞ്ഞുതുടങ്ങിയ തുളസിത്തറയിൽ ആരോഗ്യമുള്ള തുളസിച്ചെടി പടർന്നുനിന്നു. മരിച്ചുപോയവരെപ്പറ്റിയായിരുന്നു സ്വാമിജി പറഞ്ഞിരുന്നതു്. മുറിയിൽ സാമ്പ്രാണിയുടേയും കുന്തുരുക്കത്തിന്റേയും മണം ചൂഴ്‌ന്നു നിന്നു.

‘ഞാൻ മരിച്ചിട്ടുണ്ടോ അല്ലാ ജീവിച്ചിരിക്കയാണോ എന്നാണറിയേണ്ടതു്.’

എന്റെ ചോദ്യം സ്വാമിയെ അമ്പരപ്പിച്ചില്ല. സ്വാമി ചോദിച്ചു.

‘എന്താണങ്ങിനെ തോന്നാൻ?’

എന്താണു് മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ നിന്നു. എന്റെ തോന്നലുകളായിരിക്കാം. പക്ഷേ, ഏതാനും മാസങ്ങളായി ഞാൻ യാത്രയിലായിരുന്നു. എന്തിനെന്നറിയാതെ, എവിടേക്കെന്നറിയാതെ. ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവരെത്തേടി, ജീവിതത്തിലൊരിക്കലും കാൽകുത്തിയിട്ടില്ലാത്ത ഇടങ്ങളിൽ ഞാൻ അലയുന്നു.

‘മരണത്തെപ്പറ്റി ആലോചിക്കുന്നതു് നല്ലതുതന്നെ. എന്താണു് മരണമെന്നു് ചിന്തിച്ചിട്ടുണ്ടോ? മരണം ഒരവസാനമല്ല. അനുസ്യൂതം ചാക്രികമായി ഒഴുകുന്ന നദിയുടെ അപ്രതീക്ഷിതമെങ്കിലും അനിവാര്യമായ ഒരു ബിന്ദുമാത്രമാണു് മരണം. മരിക്കുന്ന വ്യക്തി മരണം അറിയുന്നില്ല. അയാൾ ഒരു വാതിൽ കടക്കുക മാത്രമാണു് ചെയ്യുന്നതു്. സ്ഥലകാലനിബദ്ധമല്ലാത്ത ഒരു ലോകത്തേയ്ക്കുള്ള വാതിൽ.’

ഒരു നിമിഷം കണ്ണടച്ചിരുന്നുകൊണ്ടു് സ്വാമിജി തുടർന്നു.

‘വിശാലമായ വാതിൽ കൊത്തു പണികളാൽ അലങ്കൃതമാണു്. വാതിൽ കടന്നാൽ എത്തുന്നതു് വിശാലമായൊരു മണ്ഡപത്തിലേയ്ക്കാണു്. കൊത്തുപണികളുള്ള എട്ടുകാൽ മണ്ഡപം. എട്ടു കാലുകൾ ശരഭത്തിന്റെ കാലുകളാണു്. അതിന്റെ ഭീമമായ ചിറകുകൾ സമയമെന്ന മിഥ്യയെ നിരന്തരം തുടച്ചു നീക്കുന്നു…’

സ്വാമിജി എവിടെയാണു്? എന്റെ മുമ്പിൽ ഇരിക്കുന്ന വൃദ്ധൻ സംസാരിക്കുകയാണു്. മരണത്തെപ്പറ്റിത്തന്നെ.

‘അതു് മകളാണു്, രണ്ടാമത്തേതു്. കഴിഞ്ഞ ആണ്ടിൽ മരിച്ചു. കാൻസറായിരുന്നു. അമേരിക്കയിലായിരുന്നു, എന്നിട്ടെന്തുണ്ടായി. അപ്പുറത്തുള്ളതു് അവളുടെ മക്കളാണു്. അവരു്…’

‘ചായ കുടിക്കാം’ കൈലിയും ബ്ലൌസും ധരിച്ച ഒരു സ്ത്രീ വാതിൽക്കൽ. ജോലിക്കാരിയായിരിക്കണം.

‘ങും, ചായ കുടിക്കു്.’ വൃദ്ധൻ പറഞ്ഞു.

ഞാൻ എഴുന്നേറ്റു. അടുത്ത മുറിയിലായിരുന്നു ചായ വെച്ചിരുന്നതു്. പ്ലേയ്റ്റിലെ ദോശ ചട്ടിണിയിൽ മുക്കി തിന്നുമ്പോൾ ഞാൻ ആ സ്ത്രീയെ ശ്രദ്ധിച്ചു. അവർ ഒരു ചിരിയുമായി അടുക്കളയിലേയ്ക്കുള്ള വാതിൽക്കൽ നിൽക്കുകയാണു്. പ്രസരിപ്പുള്ള മുഖം. ആരോഗ്യമുള്ള ദേഹം. ആ ചുറ്റുപാടിൽ അവൾ ഒരധികപ്പറ്റായിരുന്നു.

‘കാർണോരു് ഇവിടെ ഒറ്റയ്ക്കാണോ താമസം?’

ഒരു തുടക്കത്തിന്നുവേണ്ടി കാത്തിരുന്നപോലെ അവൾ സംസാരിക്കാൻ തുടങ്ങി.

‘എല്ലാരുംണ്ടായിരുന്നു. ഓരോരുത്തരായി പോയി. ആദ്യം പോയതു് മൂത്തമോൻ തന്നെ. പിന്നെ ഓരോരുത്തരായി പോയി. ഇപ്പോ ആരുംല്ല്യ. തലമുറടെതന്നെ വേരറ്റു. നൂറു കണക്കിനു് ഏക്കർ സ്ഥലംണ്ടു്. കോടികള് ബാങ്കില്ണ്ടു്. ന്ന്ട്ടെന്താ. ഒരു തരി ബാക്കീല്ലാതെ എല്ലാം മോളില്ള്ള ആള് കൊണ്ടുപോയില്ലെ?’

ഈ സ്ത്രീയുടെ സംസാരം നല്ല പരിചയമുള്ളപോലെ. അവരുടെ മുഖവും. എവിടെയാണവരെ കണ്ടിട്ടുണ്ടാകുക?

‘ഈ വീടു് കണ്ടാൽ തോന്ന്വോ ഇവിടെള്ള ആള്ടെ മതിപ്പു്?’

ശരിയാണു്. മരം കൊണ്ടുണ്ടാക്കിയ തട്ടു് ഒന്നുരണ്ടു സ്ഥലത്തു് പൊളിഞ്ഞു വീഴാറായി നിൽക്കുന്നു. ഒരു കാലത്തു് നന്നായി തേച്ചു് വെള്ള വലിച്ച ചുമരുകൾ അടർന്നു തുടങ്ങി.

‘അരുടേയോ ശാപാണ്ന്നു് പറേണു. ആർക്കറിയാം. ഏതായാലും കുറ്റിയറ്റു എന്നു പറഞ്ഞാൽ പോരെ.’

അവർ മേശക്കടുത്തു വന്നു ചട്ടിണിയുടെ പാത്രം എടുത്തു ചട്ടിണി വിളമ്പി.

സ്വാമിജി സംസാരിക്കുകയായിരുന്നു. ഇഹലോകത്തെപ്പറ്റി, പരലോകത്തെപ്പറ്റി. സമയമെന്ന മിഥ്യയെപ്പറ്റി.

‘സമയാതീതമായ ആ യാത്രയ്ക്കുശേഷം വീണ്ടും നമ്മൾ തിരിച്ചുവരുന്നു. തിരിച്ചു വരുമ്പോഴും നമ്മൾ അറിയുന്നില്ല, കാരണം ജനനവും മരണത്തെപ്പോലെത്തന്നെ അനുസ്യൂതമായ ഒരൊഴുക്കിന്റെ തിരിച്ചറിയാനാകാത്ത ബിന്ദുവാകുന്നു. കാലമാകുന്ന തിരമാലകളുടെ ഒഴുക്കിൽപെട്ടു് അറിവിന്റെ യോനീമുഖത്തിലൂടെ വീണ്ടും പരിചിതമായൊരു ലോകത്തേയ്ക്കു്. സമയമെന്ന മായ നിങ്ങളുടെ പ്രവാസത്തിന്നിടയിൽ ആ ലോകത്തെ ഒട്ടുമുക്കാലും അപരിചിതമാക്കിയിരിക്കുന്നു. പിന്നെ നിങ്ങളുടെ ദൗത്യം ആ പഴയ ജീവിതം ഒരിക്കൽക്കൂടി ജീവിച്ചു പോരുക എന്നതാണു്. നിങ്ങൾ മുമ്പത്തെ ജീവിതത്തിൽ കണ്ടവർ, ഒപ്പം പെരുമാറിയവർ, ഒപ്പം ജീവിച്ചിരുന്നവർ, എല്ലാവരേയും വീണ്ടും കാണുന്നു. നിങ്ങളേപ്പോലെ അവരും തലമുറകൾ പിന്നിട്ടിട്ടുണ്ടാകും. കാലത്തിന്റെ കാന്തവീചികൾ ഓർമ്മകളെ മാച്ചുകളഞ്ഞു് നിങ്ങളെ അപരിചിതരാക്കിയിരിക്കും. എന്നാലും ജനിതകശ്രേണിയിലൂടെ കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ ബോധപൂർവമല്ലാതെത്തന്നെ നിങ്ങൾ പിന്നിട്ട പാത വീണ്ടും കണിശമായി അനുപഥം പിന്തുടരുന്നു.’

സ്വാമിജി വാതോരാതെ സംസാരിക്കുകയാണു്, എനിക്കു മനസ്സിലാവുന്നുണ്ടോ എന്ന ചിന്തയില്ലാതെ.

‘ചില അപൂർവസന്ദർഭങ്ങളിൽ നിങ്ങളിൽ, പിന്നിട്ട പാതകളെപ്പറ്റി ഓർമ്മയുടെ സ്പുലിംഗങ്ങളുണ്ടാകുന്നു. ഇതു പോലെത്തന്നെ മുമ്പൊരിക്കൽ ഉണ്ടായിട്ടുണ്ടല്ലൊ എന്ന തോന്നൽ.’

ജോലിക്കാരി ചട്ടിണി വിളമ്പി എന്റെ അടുത്തുതന്നെ നിൽക്കുകയാണു്. അവളുടെ ഗന്ധം എന്നെ അസ്വസ്ഥനാക്കാൻ തുടങ്ങിയിരുന്നു. വെളിച്ചെണ്ണയും വിയർപ്പും കൂടിയുള്ള ഗന്ധം. ചായകുടിച്ചു് എഴുന്നേൽക്കുമ്പോൾ അവൾ മാറിയില്ല. അവൾ മാറുമെന്ന പ്രതീക്ഷയോടെ എഴുന്നേറ്റതുകാരണം കൈകൾ അവളുടെ ദേഹത്തു തട്ടി.

അവൾ കാണിച്ചുതന്ന വാഷ്ബേസിൻ അടുത്ത മുറിയുടെ കുളിമുറിയിലായിരുന്നു. ഞാൻ കൈകഴുകുമ്പോൾ അവൾ തോർത്തു പിടിച്ചു് തൊട്ടടുത്തുതന്നെ നിന്നു. തിരിഞ്ഞു് തോർത്തു് വാങ്ങുമ്പോഴാണു് കണ്ടതു്, അവളുടെ തിങ്ങുന്ന ബ്ലൌസിന്റെ മുകളിലെ രണ്ടു കുടുക്കുകൾ അഴിഞ്ഞിരുന്നു. ഞാൻ നോക്കിയപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ കൈകൾ ബ്ലൗസിലേയ്ക്കു കൊണ്ടുപോയി. കൈകളെടുത്തപ്പോൾ ബാക്കിയുണ്ടായിരുന്ന കുടുക്കുകളും വിട്ടിരുന്നു. തോർത്തിന്നു പകരം ആ നഗ്നതയിൽ മുഖമുരസുമ്പോൾ ആ കിടപ്പറ എനിക്കു പരിചയമുണ്ടല്ലോയെന്നു് ഞാൻ ആലോചിച്ചു. അടുത്തു കിടക്കുന്ന സ്ത്രീയുടെ കാമാവേശവും ഗന്ധവും എനിക്കു പരിചിതമായിരുന്നു.

ഞാൻ ചോദിച്ചു.

‘ഉമ്മറത്തു് ഗീവർഗീസു മാപ്പിളയില്ലേ?’

അവൾ എന്നെ പകച്ചുനോക്കി. ഞാൻ ചോദിച്ചു.

‘അയാളെങ്ങാനും വരുമോ.’

‘ആരു് സ്വാമിജിയോ?’ കിതച്ചുകൊണ്ടവൾ തടർന്നു. ‘സ്വാമിജി ഇപ്പോൾ ഉറക്കമായിരിക്കും.’

അവളുടെ അഴിച്ചുമാറ്റപ്പെട്ട കാവി വസ്ത്രം കിടക്കയിൽ ഉലഞ്ഞുകിടന്നു. ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. സമയമെത്രയായിട്ടുണ്ടാകും? ഞാനെന്തിനാണു് ഇവിടെ വന്നതു?

ചാണകം തേച്ച ചുമരിൽ ഒരു പൊത്തിൽ ചുവന്ന ചായം പുരട്ടിയ വിഗ്രഹമുണ്ടായിരുന്നു. കാളിയുടേതായിരിക്കണം. മേൽക്കൂരയുടെ കരിമ്പനപ്പട്ടകൾ കാറ്റിൽ ശബ്ദമുണ്ടാക്കി. മരോട്ടി എണ്ണയുടെ മണം വന്നിരുന്നതു് ചുമരിന്റെ ഒരു പൊത്തിൽ കത്തിച്ചു വെച്ച വിളക്കിൽനിന്നായിരുന്നു. അതിന്റെ വെളിച്ചത്തിൽ എന്റെ അടുത്തു് തളർന്നുറങ്ങിയിരുന്ന നഗ്നയായ സ്ത്രീയെ ഞാൻ നോക്കിക്കണ്ടു. എന്റെ നെഞ്ചിൽ വരിഞ്ഞു കിടന്ന ഉരുണ്ട കൈകൾ മാറ്റി ഞാൻ എഴുന്നേറ്റു.

ആശ്രമം ഉറക്കത്തിലായിരുന്നു.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Asramam Urangukayaanu (ml: ആശ്രമം ഉറങ്ങുകയാണു്).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Asramam Urangukayaanu, ഇ ഹരികുമാർ, ആശ്രമം ഉറങ്ങുകയാണു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: September 28, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Man with a Hoe, a painting by Jean-François Millet (1814–1875). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.