images/Franz_Sedlacek_Mountain.jpg
Franz Sedlacek - Mountain Landscape with Automobile, a painting by Dudva .
ഒരു പഴയ ആസ്റ്റിൻ കാർ
ഇ. ഹരികുമാർ

വൈകുന്നേരം ഏഴുമണിക്കാണു് രഘു വീട്ടിൽ നിന്നിറങ്ങിയതു്. ആദ്യമായി അമ്പലത്തിൽ പോകണം. പിന്നെ അമ്പലക്കമ്മിറ്റി മീറ്റിംഗിനും ചേരണം. ഇതൊക്കെക്കഴിഞ്ഞു് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒമ്പതുമണിയെങ്കിലുമാവും. ഇതെല്ലാം ഒരുമാതിരി ദിന കൃത്യങ്ങളാണു്. ഏഴു മണിക്കു് അമ്പലത്തിൽപോയിതൊഴും. അതു കഴിഞ്ഞാൽ തൊട്ടടുത്താണു് കമ്മിറ്റി ഓഫീസ്. മീറ്റിംഗില്ലാത്ത ദിവസം അച്യുതൻനായരുമായി വെടി പറഞ്ഞിരിക്കും. ഒന്നുകിൽ ഓഫീസിനുള്ളിലൊ അല്ലെങ്കിൽ ആൽത്തറയിലോ, ഇതിലൊന്നും സൗദാമിനിക്കു് ആക്ഷേപമില്ല. താൻ പുറത്തിറങ്ങിയാൽ ഉടനെ തുടങ്ങും കുട്ടികളെ പഠിപ്പിക്കാൻ. ഒരു ചൂരലും മുമ്പിൽവെച്ചു് അവളിരിക്കുന്നു. ആദ്യം കുട്ടികളുടെ ഹോംവർക്ക് മുഴുവൻ ചെയ്യിക്കും. പിന്നെ അന്നന്നു് എടുത്ത പാഠങ്ങൾ മുഴുവൻ പഠിപ്പിക്കും. അതു കഴിഞ്ഞു് ക്ലാസിൽ പഠിപ്പിക്കാൻ പോകുന്ന പാഠങ്ങൾ വായിപ്പിക്കും. ഇതെല്ലാം കഴിയുമ്പോൾ സമയം ഒമ്പതാവും. താനവിടെ ഇല്ലാതിരിക്കുകയാണു് നല്ലതു്. കുട്ടികളെ വീട്ടിലും ഇങ്ങിനെ പീഡിപ്പിക്കുന്നതു് അയാൾക്കിഷ്ടമല്ല. ഐ. എ. എസ്സൊന്നുമല്ലല്ലൊ. ഒന്നാം ക്ലാസും മൂന്നാം ക്ലാസുമാണു്. സൗദാമിനിക്കതു പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ടു് പാവം മക്കൾക്കു് കളിക്കാനുള്ള സമയം കൂടി നഷ്ടമാവുന്നു.

കുംഭമാസത്തിലെ ചൂടു്. ഏഴുമണിക്കും ചൂടുള്ള കാറ്റാണടിക്കുന്നതു്. റോഡ് വരണ്ടു കിടക്കുന്നു. ഓടകൾ പോലും ഉണങ്ങി വരണ്ടിരിക്കയാണു്. മൈതാനം കുട്ടികളുടെ കളിയെല്ലാം കഴിഞ്ഞു് ഒരു മാതിരി ശാന്തമായിരിക്കുന്നു.

ആദ്യം അമ്പലത്തിൽ പോയി തൊഴാം. എന്നിട്ടുമതി ഓഫീസിൽ പോക്കു്. കാരണം ഒരിക്കൽ അച്യുതൻ നായരെ കണ്ടാൽ സംസാരിച്ചു് സമയം പോകുന്നതറിയില്ല. അമ്പലത്തിലേക്കു നടന്നു തൊഴുതു പുറത്തു കടന്നപ്പോഴാണു് അച്യുതൻ നായർ ആൽച്ചുവട്ടിൽ നിൽക്കുന്നതു കണ്ടതു്.

ഒത്ത തടിയും ഉയരവും ഇരുനിറവുമുള്ള അച്യുതൻ നായർ ഡബിൾമുണ്ടും മേൽ ഒരു തോർത്തുമായി അവിടെ നിൽക്കുന്നതു കണ്ടാൽ ആനയെ എഴുന്നള്ളിച്ചതാണെന്നേ തോന്നു.

ഇന്നു് എഴുന്നള്ളിപ്പു് നേർത്തെയായിട്ടുണ്ടല്ലൊ.

രഘു ചോദിച്ചു.

താൻ അമ്പലത്തിലേക്കു് കടക്കുന്നതു് ഞാൻ കണ്ടു. അപ്പൊ കാത്തു നിന്നതാ.

പിന്നെ അയാൾ ചുറ്റും നോക്കി സ്വരം താഴ്ത്തി പറഞ്ഞു തുടങ്ങി.

ഞാൻ പിള്ളയോടു് സംസാരിച്ചു. അയാൾക്കോ, അല്ലാ മറ്റാർക്കെങ്കിലും ഇതു കൊണ്ടു നടത്താൻ താല്പര്യമുണ്ടെങ്കിൽ ഞാൻ ഒഴിഞ്ഞു കൊടുക്കാം. ഈ സെക്രട്ടറിസ്ഥാനം വേണമെന്നു് യാതൊരു നിർബന്ധവുമില്ല എനിയ്ക്കു്…

അച്ചുതൻനായർക്കൊരു ഗുണമുണ്ടു്. ഉദ്ദേശിക്കുന്നതല്ല പറയുക. പറയുന്നതു് ഉദ്ദേശിച്ചതുമായിരിക്കില്ല. സെക്രട്ടറി സ്ഥാനം തനിക്കു വേണ്ടെന്നു പറഞ്ഞാൽ അതു വേണമെന്നാണു് ഉദ്ദേശം. അതിനു വേണ്ടി സകല അടവും പയറ്റുകയും ചെയ്യും. പക്ഷേ, എന്തൊക്കെയായാലും അച്ചുതൻനായരുമായി സംസാരിക്കുക രഘുവിനു് ഇഷ്ടമായിരുന്നു. ഒരര മണിക്കൂർ സംസാരിച്ചാൽ എന്തോ കാര്യമായി നേടിയ മട്ടാണു്. കമ്മിറ്റി തെരഞ്ഞെടുപ്പു സമയത്തു മാത്രമേ സംസാരം കുറച്ചു വിരസമാകൂ.

കുറച്ചകലെ അധികം വെളിച്ചമില്ലാത്ത ദിക്കിൽ ഒരാൾ നില്ക്കുന്നതു് രഘുവിന്റെ കണ്ണിൽ പെട്ടു. വയസ്സായ ഒരു മനുഷ്യൻ. കഷണ്ടിത്തല. പിന്നിൽ അല്പാല്പം മുടിയുള്ളതു് പാടേ നരച്ചിരിക്കുന്നു.

അയാൾ തന്നെ സൂക്ഷിച്ചു നോക്കുകയാണെന്നു് രഘുവിനു് മനസ്സിലായി. ഒരു പരിചയമുള്ള മുഖമാണു്. ഇദ്ദേഹത്തെ ഞാനെവിടെയോ കണ്ടിട്ടുണ്ടു്. രഘു ആലോചിച്ചൂ.

വൃദ്ധൻ നിന്നിരുന്ന സ്ഥലത്തു് വെളിച്ചം കുറവായിരുന്നു. ആകപ്പാടെ ഒരു ഇരുട്ടു് പടർന്നുപിടിച്ച പോലെ. തനിക്കു് അടുത്തു തന്നെ കണ്ണടവെക്കേണ്ടി വരുമെന്നു് രഘു വിചാരിച്ചു.

അച്യുതൻനായർ സംസാരിക്കുകയായിരുന്നു. രഘുവിനു് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതെല്ലാം എന്നും പറയുന്നതാണു്. കുറച്ചു ചില വ്യത്യാസങ്ങളേ ഉണ്ടാവൂ. വൃദ്ധൻ അപ്പോഴും തന്നെ നോക്കുകയാണു്. അദ്ദേഹവും തന്നെ എവിടെയോവെച്ചു് കണ്ടിട്ടുണ്ടെന്നു് ആലോചിക്കുകയാണോ?

പെട്ടെന്നു് അദ്ദേഹം കയ്യുയർത്തി രഘുവിനെ മാടിവിളിച്ചു. തന്നെയാണോ വിളിക്കുന്നതെന്നറിയാൻ രഘു പിന്നിലേക്കു നോക്കി. ആരുമില്ല. അദ്ദേഹം രഘുവിനെത്തന്നെയാണു് വിളിക്കുന്നതു്.

ആ വിളിയിൽ എന്തോ തിടുക്കമുണ്ടെന്നും അയാൾക്കു തോന്നി. വെറും തോന്നലല്ല. ശരിക്കും തിടുക്കമുണ്ടു്. വൃദ്ധൻ ഒരു മാതിരി തിരിഞ്ഞു കഴിഞ്ഞു. അപ്പോഴും തന്നെ മാടി വിളിക്കുന്നുമുണ്ടു്.

ഞാനിപ്പോൾ വരാം. രഘു അച്യുതൻനായരോടു് പറഞ്ഞു. ഒരാൾ കാണാൻ വന്നിട്ടുണ്ടു്.

ശരി.

പിറകിൽനിന്നു നടന്നുവരുന്ന രാജൻ പിള്ളയെ നോക്കി അച്യുതൻ നായർ പറഞ്ഞു.

വരൂ, വരൂ. എന്തൊക്കെയാണു് വിശേഷങ്ങൾ?

രഘു വൃദ്ധന്റെ അടുത്തേക്കു നടന്നു. അടുത്തെത്തിയപ്പോഴാണു് അയാളുടെ മുഖം വ്യക്തമായി കാണുന്നതു്. എവിടെയോ വെച്ചു് കണ്ടിട്ടുണ്ടു് എന്ന പ്രതീതി ഉളവാക്കുന്ന ഷെയ്വ് ചെയ്ത മുഖം. പുരികം നരച്ചിരിക്കുന്നു. തല കഷണ്ടി. സാമാന്യത്തിലധികം വലിപ്പമുള്ള ചെവി. വരയൻ ഷർട്ടിന്റെ ശരിക്കുള്ള നിറമെന്താണെന്നു് രഘുവിനപ്പോൾ മനസ്സിലായില്ല.

ഇദ്ദേഹത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ദൈവമേ, അയാൾ വീണ്ടും വിചാരിച്ചു.

രഘു അടുത്തെത്തിയ ഉടനെ വയസ്സൻ നടക്കാൻ തുടങ്ങി. ഒപ്പം വരാനുള്ള ആംഗ്യവും കാണിച്ചുകൊണ്ടു്.

അദ്ദേഹത്തിന്റെ തിടുക്കവും, ധൃതിയും കണ്ടപ്പോൾ എന്തോ അത്യാവശ്യകാര്യമായിരിക്കുമെന്നു കരുതി രഘു പിന്നാലെ നടന്നു.

പെട്ടെന്നാണതു് സംഭവിച്ചതു്. പരിസരം മുഴുവൻ വോൾട്ടേജ് കുറഞ്ഞാലുണ്ടാകുന്ന പോലെ മങ്ങിയിരിക്കുന്നു. ചുറ്റുമുള്ളവസ്തുക്കളെല്ലാം ഒരു മാതിരി അപ്രത്യക്ഷമായ പോലെ. തനിക്കു് ആ വയസ്സനെ മാത്രം കാണാം. അദ്ദേഹം പ്രകാശം പ്രസരിപ്പിക്കുന്ന ഒരു വസ്തുവിനെപോലെ മുമ്പിൽ നീങ്ങി. അമ്പലപ്പറമ്പിനു പുറത്തു കടന്നു് റോഡിൽ പാർക്കു ചെയ്ത ഒരു കാറിനടുത്തേയ്ക്കു അദ്ദേഹം നടന്നു. തന്റെ ദൃശ്യലോകം ആ മനുഷ്യനും തൊട്ടടുത്തുള്ള കാറും മാത്രമായി ചുരുങ്ങിയതു് രഘു അറിഞ്ഞു. മുമ്പിലുള്ള തിരക്കേറിയ റോഡോ, അതിലൂടെ ചീറിപ്പായുന്ന വാഹനങ്ങളൊ, റോഡിന്റെ അപ്പുറത്തു് കമ്മിറ്റി ഓഫീസിന്റെ ബോർഡോ, ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്ന ആൾക്കാരോ അയാളുടെ ദൃഷ്ടിയിൽ പെട്ടില്ല. അവരെല്ലാം അയാൾക്കു ചുറ്റുമുണ്ടെന്ന തോന്നൽ ഉണ്ടുതാനും.

പണ്ടൊരിക്കൽ പനിപിടിച്ചു കിടന്നപ്പോൾ മാത്രമാണു് ഇത്തരം ഒരു വിഭ്രാന്തി തനിക്കുണ്ടായിട്ടുള്ളതു്. ഇപ്പോൾ പനിയൊന്നുമില്ലാത്തപ്പോൾ…

വയസ്സൻ കാറിന്റെ മുമ്പിലുള്ള വാതിൽ തുറന്നു് ഉള്ളിൽ കയറി ഇടതുവശത്തെ വാതിൽ രഘുവിനു് കയറാൻ തുറന്നു പിടിച്ചു. രഘുവും കാറിൽകയറി.

ദൈവമേ ഇദ്ദേഹത്തെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ. അതുപോലെ ഈ പഴയ ആസ്റ്റിൻ മോഡലിലുണ്ടാക്കിയ ഹിന്ദുസ്ഥാൻ കാറും. എന്റെ മനസ്സിന്റെ ഏതൊക്കെയോ വാതിൽ കൊട്ടിയടക്കപ്പെട്ടിട്ടുണ്ടു്. ഒരു കാര്യവും ഓർക്കാൻ കഴിയുന്നില്ല. കണ്ണിനു പറ്റിയ പോലെ മങ്ങൽ ഓർമ്മയ്ക്കും പറ്റിയിരിക്കുന്നു.

കാർ എം. ജി. റോഡിൽകൂടി കുതിക്കുകയാണു്. വയസ്സൻ ഒന്നും മിണ്ടുന്നില്ല. മുമ്പിലുള്ള റോഡിലേക്കു് ഉറ്റുനോക്കിക്കൊണ്ടു്, അല്പം കൂന്നിരുന്നു് അദ്ദേഹം കാറോടിക്കുകയാണു്. എങ്ങോട്ടാണു് പോകുന്നതു? ഊഹിക്കാൻ കൂടി കഴിയുന്നില്ല.

പെട്ടെന്നു് രഘുവിനു് അതൊന്നും ഒരു പ്രശ്നമല്ലെന്നു തോന്നി. ആഴ്‌ന്നു പോകുന്ന ഫോമിന്റെ ഇരിപ്പിടം വളരെ സുഖകരമായി തോന്നി. പുറത്തുള്ള ഉഷ്ണം, അത്ഭുതമെന്നു പറയട്ടെ, അകത്തുണ്ടായിരുന്നില്ല. ഒരു കുളുർമ്മ, എഞ്ചിന്റെ നേരിയ മുരൾച്ച സുഖകരമായിരുന്നു. മുമ്പിൽ പ്രകാശത്തിന്റെ ഒരു വലയം സൃഷ്ടിച്ചുകൊണ്ടു് ആ കാർ കുതിക്കുകയായിരുന്നു.

കച്ചേരിപ്പടി കഴിഞ്ഞു വലത്തോട്ടു തിരിഞ്ഞു. നോർത്ത് ഓവർബ്രിഡ്ജ് കഴിഞ്ഞു് പോകുന്നതെല്ലാം രഘുവിനു് മനസ്സിലാവുന്നുണ്ടു്. കാറിന്റെ വേഗത്തെപ്പറ്റിയും അയാൾക്കു് പെട്ടെന്നു് മനസ്സിലായി. കച്ചേരിപ്പടി കഴിഞ്ഞപ്പോഴേയ്ക്കും ഓവർ ബ്രിഡ്ജായി, പിന്നെ നോക്കുമ്പോൾ കലൂർ കഴിഞ്ഞിരിക്കുന്നു. കാർ ഹൈവേയിൽക്കൂടി കുതിക്കുകയാണു്. നിമിഷങ്ങൾക്കകം ഇടപ്പള്ളിയായി. പിന്നെ കളമശ്ശേരി. കാറിന്റെ വിചിത്രമായ അതിവേഗത രഘുവിനെ അപ്പോൾ അത്ഭുതപ്പെടുത്തിയില്ല.

പെട്ടെന്നു് ചുറ്റുമുള്ള വാഹനങ്ങൾ വ്യക്തമായി കാണത്തക്കവിധത്തിൽ കാറിന്റെ വേഗത കുറഞ്ഞു. അതുവരെ പുകമറയിലായിരുന്ന പരിസരങ്ങൾ തിരിച്ചു വ്യക്തമായിരിക്കുന്നു. ആലുവ അടുക്കാറായിരിക്കുന്നു. ഇപ്പോൾ കാറിന്റെ ഉൾവശം വ്യക്തമല്ല. ഡാഷ് ബോർഡുപോലും അവ്യക്തമാണു്. തൊട്ടടുത്തിരുന്നു് ഡ്രൈവ് ചെയ്യുന്ന വയസ്സനെകൂടി വ്യക്തമായി കാണുന്നില്ല. വിന്റ്സ്ക്രീൻ തെളിമയുള്ളതായിരുന്നു. അതിൽകൂടി മുമ്പിൽ പോകുന്ന കാർ വ്യക്തമായി കാണാം. ഇളം നീലനിറത്തിലുള്ള ഒരു അംബാസിഡർ. താൻ പോയിരുന്ന കാർ മറ്റെ കാറിന്റെ തൊട്ടുപിന്നിലായി പോകുന്നതു് അയാളിൽ അല്പം ആശങ്കയുണ്ടാക്കി.

അപ്പോഴാണു് കാറിന്റെ നമ്പർ അയാൾ ശ്രദ്ധിച്ചതു്. 8765. ഓ ഇതു നമ്മുടെ രാമകൃഷ്ണന്റെ കാറാണല്ലൊ. അയാൾ വിചാരിച്ചു ഓടിക്കുന്നതും രാമകൃഷ്ണൻ തന്നെ. തനിയ്ക്കു് ആ കാറിനുള്ളിൽ വ്യക്തമായി കാണാൻ കഴിയുന്നു. കാറിനുള്ളിൽ ഒരസാധാരണ വെളിച്ചം തുടിച്ചു നിൽക്കുന്നപോലെ. ആ വെളിച്ചത്തിൽ രാമകൃഷ്ണൻ കാറോടിക്കുന്നതു് രഘുവിനു് വ്യക്തമായി കാണാം. അവൻ സാധാരണപോലെ നല്ലവണ്ണം കുടിച്ചിട്ടുണ്ടു്. ഇടയ്ക്കിടയ്ക്കു് ഇരിപ്പിടത്തിൽ വെച്ച കുപ്പിയെടുത്തു് തുറന്നു് ഒരു കവിൾ കുടിക്കും. പിന്നിലെ കാറിലിരിക്കുന്ന തനിക്കു് എങ്ങിനെയാണു് മുമ്പിലുള്ള കാറിന്റെ മുൻസീറ്റിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ കഴിയുന്നതെന്നു് രഘു അപ്പോൾ ചിന്തിച്ചില്ല. പക്ഷേ, അയാൾ രാമകൃഷ്ണന്റെ ഒപ്പം ഇരുന്നു യാത്ര ചെയ്യുന്ന പോലെ മുൻസീറ്റിലെ കാര്യങ്ങൾ വ്യക്തമായി കാണുന്നുണ്ടായിരുന്നു. രാമകൃഷ്ണൻ കണ്ടമാനം മദ്യപിച്ചിരിക്കണം. കാരണം അയാളുടെ കൈകൾ വിറയ്ക്കുന്നതു് കാണാമായിരുന്നു. സ്റ്റിയറിംഗ് വീലിലെ പിടുത്തത്തിനു് അയവു വരുന്നതും, ഇടയ്ക്കു് കൈകൾ വഴുതി വീഴുന്നതും രഘു കണ്ടു. വഴുതി വീണ ഉടനെ അയാൾക്കു് ജാഗ്രത തിരിച്ചുകിട്ടും. വീണ്ടും കുറച്ചു കഴിഞ്ഞാൽ കൈകൾ വഴുതിപ്പോകുന്നു.

കാറ് ഇപ്പോൾ നിയന്ത്രണമില്ലാതെ പോകുകയാണെന്നു് രഘു കണ്ടു. രണ്ടുവശത്തും വയലുകളാണു്. ഇടയ്ക്കു് കലുങ്കുകൾ. രാമകൃഷ്ണൻ വീണ്ടും കുപ്പിയെടുത്തു് തുറക്കുന്നതു് രഘു കണ്ടു. മുമ്പിൽ ഒരു വലിയ വളവായിരുന്നു. കാറിന്റെ വെളിച്ചത്തിൽ വെളുത്ത ചായം തേച്ച അടയാളക്കുറ്റികൾ നിരയായി വളഞ്ഞു കിടക്കുന്നതു് രഘു കണ്ടു. റോഡ് ഉയരുകയായിരുന്നു. അവിടെ ഒരു വലിയ പാലമുള്ളതു് രഘുവിനു് ഓർമ്മ വന്നു. രാമകൃഷ്ണൻ അതു ശ്രദ്ധിച്ചില്ലെന്നതും രഘുവിനു് മനസ്സിലായി. കാറ് തിരിക്കേണ്ടയിടത്തു് തിരിച്ചില്ല, മറിച്ചു് റോഡിൽ നിന്നിറങ്ങി പുഴക്കരയുടെ താഴേയ്ക്കു് കുതിക്കുകയും ചെയ്തു.

വയസ്സൻ കാറു നിർത്തി. ഇപ്പോൾ രഘുവിനു് അയാളെ മൂടലില്ലാതെ ശരിക്കും കാണാം. അയാൾ രാമകൃഷ്ണന്റെ കാർ ഇടിച്ചുചെന്നു് പുഴക്കരയിലെത്തി നിന്നിടത്തേക്കു് ചൂണ്ടിക്കാട്ടുകയായിരുന്നു. രഘു കാറിനു പുറത്തു കടന്നു് ഓടി.

പാലത്തിനു മുകളിലെ വിളക്കു കാരണം കാർ നിന്നിടത്തു് വെളിച്ചം വീശുന്നുണ്ടായിരുന്നു. കാറിനുള്ളിൽ രാമകൃഷ്ണനുണ്ടായിരുന്നില്ല. ഡ്രൈവറുടെ ഭാഗത്തുള്ള വാതിൽ തുറന്നു കിടക്കുകയാണു്. രാമകൃഷ്ണൻ വെള്ളത്തിൽ കിടക്കുന്നു. ബോധമില്ല. കാൽ കരയിലായിരുന്നെങ്കിലും തല വെള്ളത്തിൽ താഴ്‌ന്നു കിടക്കുകയാണു്. അയാൾ വേഗം രാമകൃഷ്ണനെ താങ്ങിയെടുത്തു. വയസ്സൻ കാലും അയാൾ തലയും പിടിച്ചു് മേലേക്കുള്ള യാത്ര തുടങ്ങി.

അത്ഭുതകരമായി തോന്നേണ്ടതും, എന്നാൽ ആ സമയത്തു് സാധാരണമായി തോന്നിയതുമായ ഒരു കാര്യം രാമകൃഷ്ണന്റെ ഭാരമില്ലായ്മയായിരുന്നു. വെള്ളത്തിൽക്കൂടി ഭാരമുള്ള സാധനങ്ങൾ നീക്കുമ്പോഴുണ്ടാകുന്ന പോലെ വളരെ അനായാസേന അയാളുടെ ദേഹം പൊക്കിയെടുത്തു നടക്കുകയായിരുന്നു രഘു. വയസ്സനു് ഈ പ്രായത്തിലും നല്ല ശക്തിയുണ്ടെന്നു തോന്നുന്നു. കാറിന്റെ പിൻവാതിൽ തുറന്നാണിരുന്നതു്. അതു് അദ്ദേഹം വരുന്നതിനു മുമ്പു് തുറന്നിട്ടതായിരിക്കണം. രാമകൃഷ്ണനെ പിൻസീറ്റിൽ കിടത്തി, അയാളുടെ കാലുകൾ മടക്കിവെച്ചു് രഘു വാതിലടച്ചു, മുൻസീറ്റിൽ വന്നിരുന്നു. വയസ്സൻ കാർ സ്റ്റാർട്ടാക്കി. വീണ്ടും അസാമാന്യ വേഗതയിൽ കാർ പായാൻ തുടങ്ങി. കാറ് അതേ ദിശയിലാണു് ഓടിച്ചുപോകുന്നതു്. വളരെ വേഗം ചാലക്കുടി എത്താറായി. ഇന്നു് അത്ഭുതങ്ങളുടെ ദിവസമാണെന്നു് രഘു കരുതി. കാറിപ്പോൾ ഹൈവേയിൽ നിന്നു് ഒരു ചെറിയ റോഡിലേക്കു തിരിഞ്ഞു. ഒരു കിലോമീറ്റർ ഉള്ളിൽ പോയി ഒരു ഓടിട്ട വീടിനു മുമ്പിൽ നിന്നു. അതു രാമകൃഷ്ണന്റെ വീടാണു്.

ഞാൻ എവിടെയാണു്.

ശബ്ദം കേട്ടു് തിരിഞ്ഞുനോക്കിയപ്പോൾ രാമകൃഷ്ണൻ പിൻസീറ്റിലിരിക്കുന്നു. അയാൾക്കു് ബോധം തിരിച്ചു കിട്ടിയിരിക്കുന്നു. രഘു ഇറങ്ങി പിൻവാതിൽ തുറന്നു കൊടുത്തു.

ഞാൻ പിടിക്കണോ?

വേണ്ട.

എന്നാലും പിടിക്കുകയാണു് ഭേദമെന്നു് കരുതി രഘു അയാളെ പതുക്കെ താങ്ങി. ആടിക്കൊണ്ടു് രാമകൃഷ്ണൻ നടന്നു.

ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നുവന്ന ദേവകിയ്ക്കു് തന്നെ കണ്ടപ്പോൾ ആദ്യം അത്ഭുതമായി, പിന്നെയാണു് കുറച്ചു് വിട്ടു ആടിക്കൊണ്ടു് നില്ക്കുന്ന രാമകൃഷ്ണനെ കണ്ടതു്. അയാളുടെ വസ്ത്രങ്ങൾ നനഞ്ഞിരുന്നു. ചളിയായിരുന്നു. അയാൾ അപ്പോഴും കുറേശ്ശെ ആടുന്നുണ്ടു്.

ദേവകി വാതിൽ മലർക്കെ തുറന്നിട്ടു. രാമകൃഷ്ണന്റെ കൈപിടിച്ചു് അകത്തേക്കു കൊണ്ടുപോയി. സോഫയിലിരുത്തി. നനഞ്ഞ ഷർട്ട് അഴിച്ചു. രാമകൃഷ്ണൻ സോഫയിൽ വീഴുകയും ഉറങ്ങാൻ തുടങ്ങുകയും ചെയ്തു.

ദേവകിയുടെ മുഖത്തു നോക്കാൻ രഘുവിനു് കഴിഞ്ഞില്ല. അത്ര ശോചനീയമായിരുന്നു ആ മുഖം.

എന്തിനാ ഇങ്ങനെ കുടിക്കണതു? രഘു ചോദിച്ചു.

എനിക്കറിയില്ല. ഇപ്പൊ അടുത്തു വെച്ചു് കുറെ കൂടീട്ടുണ്ടു്.

അവൾ ക്ഷമാപണത്തോടെ പറഞ്ഞു. വാസ്തവം പറഞ്ഞാൽ അവൾക്കു് ക്ഷമ യാചിക്കേണ്ട കാര്യമൊന്നുമില്ല. തന്റെ അമ്മാവന്റെ മകനാണു് രാമകൃഷ്ണൻ. ആ വിധത്തിൽ ക്ഷമ യാചിക്കേണ്ടതു് താനാണു്.

എന്തോ ഭാഗ്യംകൊണ്ടു് ഞാൻ പിന്നിലെ കാറിലുണ്ടായിരുന്നു. ഇനിയെങ്കിലും പറയൂ കുടിച്ചു കാറോടിക്കരുതെന്നു്. പുഴയിലേക്കാണു് മറിഞ്ഞതു്. ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ആള് കാഞ്ഞേനെ. മുഖം വെള്ളത്തിനടിയിലായിരുന്നു.

ദേവകി ഒരു കസേരയിലിരുന്നു് കരയാൻ തുടങ്ങി. രഘു എന്താണു് ചെയ്യേണ്ടതെന്നറിയാതെ നിന്നു. പെട്ടെന്നാണു് ആ വൃദ്ധൻ കാറിൽ ഇരിക്കുന്നുണ്ടാവുമെന്നു് അയാൾ ഓർത്തതു്. അയാൾ വാതിലിനു പുറത്തു വന്നു നോക്കി. കാറ് പൊയ്ക്കഴിഞ്ഞിരുന്നു.

കാറ് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടില്ലല്ലൊ.

നീ കാറ് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടോ? അയാൾ ദേവകിയോടു് ചോദിച്ചു.

അവൾ കരച്ചിൽ നിർത്തി. സാരിയുടെ തുമ്പുകൊണ്ടു് കണ്ണീർ തുടച്ചു് പുറത്തേക്കു വന്നു.

കാറോ? ഏതു് കാറ്?

ഒരു വയസ്സനാണു് ഓടിച്ചിരുന്നതു്. ഒരു പഴയ കാറ്.

ഇല്ല. ഞാൻ കണ്ടില്ല.

ആ മനുഷ്യനെ എവിടെ വെച്ചാണു് കണ്ടതെന്നോർക്കാൻ രഘു ശ്രമിച്ചു.

ഞാൻ ചായയുണ്ടാക്കട്ടെ, രഘുവേട്ടൻ ഇരിക്കു. ദേവകി പറഞ്ഞു.

വേണ്ട. ഞാൻ പോകാൻ നോക്കട്ടെ. രഘു പറഞ്ഞു. സൗദാമിനി കാത്തിരിക്കുന്നുണ്ടാകും. അമ്പലത്തിലേക്കിറങ്ങിയതാണു്.

അയാൾ പുറത്തു കടന്നു.

ഒരു കാര്യം ചെയ്യുമോ? സൗദാമിനിക്കു് ഫോൺ ചെയ്തു് ഞാൻ ഒരു മണിക്കൂറിനുള്ളിൽ എത്തുമെന്നു പറയൂ. ഒമ്പതുമണി കഴിഞ്ഞാൽ അവൾക്കു പരിഭ്രമമാവും.

ശരി. ദേവകി പറഞ്ഞു.

അയാൾ ഇറങ്ങി, ഗേയ്റ്റിനു പുറത്തു കടന്നു. ഒരു കിലോമീറ്റർ നടന്നാലേ ബസ്സ് കിട്ടുകയുള്ളൂ. ഫാസ്റ്റ് പാസഞ്ചർ കിട്ടിയാൽ മുക്കാൽ മണിക്കൂർ കൊണ്ടു് വീട്ടിലെത്താം. അയാൾ വേഗത്തിൽ നടക്കാൻ തുടങ്ങി. അങ്ങിനെ നടക്കുമ്പോൾ പെട്ടെന്നു് ഒരു മൂടൽ വന്നു് തന്റെ കാഴ്ച മങ്ങിയ പോലെ അയാൾക്കു തോന്നി. രണ്ടു ഭാഗത്തുമുള്ള കെട്ടിടങ്ങൾ തെളിഞ്ഞു കാണുന്നില്ല. തൊട്ടുമുമ്പിലുള്ള റോഡ് മാത്രമേ കാണുന്നുള്ളു. അയാൾ ആലോചിച്ചു ഒന്നുകിൽ തന്റെ കാഴ്ച വളരെ മോശമായിട്ടുണ്ടു്, അല്ലെങ്കിൽ അത്ഭുതകരമായി എന്തോ സംഭവിക്കുന്നുണ്ടു്. മുമ്പിൽ പെട്ടെന്നു കണ്ട കാർ താൻ ചാലക്കുടിക്കു വന്ന ഹിന്ദുസ്ഥാൻ തന്നെയാണെന്നയാൾക്കു് മനസ്സിലായി. മുൻവാതിൽ തുറന്നിരുന്നു. അയാൾ കയറി വാതിലടച്ചു. വയസ്സൻ കാർ സ്റ്റാർട്ടാക്കി.

ഒരാൾക്കു് ഇത്രയും വേഗത്തിൽ കാറോടിക്കാൻ കഴിയുമെന്നു് അയാൾ നടാടെ മനസ്സിലാക്കുകയാണു്. മുമ്പിലുള്ള സകല വാഹനങ്ങളെയും മറികടന്നു് കാർ കുതിക്കുകയായിരുന്നു. വിശ്വസിക്കാൻ പ്രയാസമായ വേഗത്തിൽ അങ്കമാലി കടന്നതും, ആലുവ കടന്നതും അറിയുന്നുണ്ടു്, ഏതാനും നിമിഷങ്ങളുടെ ദൈർഘ്യത്തിൽത്തന്നെ.

വയസ്സന്റെ പേരെങ്കിലും ചോദിക്കണമെന്നു് വിചാരിച്ചു് നോക്കിയപ്പോൾ അയാൾ കുനിഞ്ഞിരുന്നു് മുമ്പിലുള്ള കണ്ണാടിയിൽക്കൂടി ഉറ്റുനോക്കി ഓടിക്കുകയാണു്. ഈ വേഗത്തിൽ അയാളുടെ ഏകാഗ്രത കളയണ്ട എന്നു കരുതി രഘു മൗനം ദീക്ഷിച്ചു.

കാറിന്റെ വേഗത വീണ്ടും വർദ്ധിക്കുകയാണു്. ഈ തോതിൽ പോയാൽ എവിടെയെത്തുമെന്ന ചിന്തയുണ്ടായി രഘുവിനു്. ലൈറ്റ് പോസ്റ്റുകൾ! ആൾക്കാർ, വാഹനങ്ങൾ എല്ലാം അസാമാന്യവേഗത്തിൽ പിന്നോക്കം തള്ളപ്പെടുകയാണു്. കുറച്ചു് വേഗത കുറക്കാൻ പറയാൻ രഘു വയസ്സന്റെ നേരെ തിരിഞ്ഞു.

അവിടെ അയാളുണ്ടായിരുന്നില്ല. ഡ്രൈവറുടെ സ്ഥാനം ഒഴിഞ്ഞിരുന്നു. കാർ ഭയങ്കര വേഗത്തിൽ പായുക തന്നെയാണു്. ഡാഷ് ബോർഡിലെ സൂചകവിളക്കുകൾ മിന്നുന്നുണ്ടു്. അയാൾ പിന്നിലെ സീറ്റിലേക്കു നോക്കി. അതും ഒഴിഞ്ഞു കിടക്കുകയാണു്. അയാൾക്കു് പെട്ടെന്നു് ബോധം മറയുന്ന പോലെ തോന്നി.

ബോധം വന്നപ്പോൾ ആൽത്തറയിൽ ഇരിക്കുകയാണു്. അച്യുതൻ നായർ പോയിരുന്നു. അമ്പലത്തിൽ നിന്നു് ശീവേലിയുടെ കൊട്ടു് കേൾക്കാനുണ്ടു്. അയാൾ വാച്ചു നോക്കി. സമയം എട്ടുമണി. അച്യുതൻ നായരുമായി സംസാരിക്കാൻ തുടങ്ങിയതു് ഏകദേശം ഏഴേകാലിനാണു്. അപ്പോൾ ഈ നാൽപത്തിയഞ്ചു മിനിറ്റ് താൻ ഉറങ്ങുകയായിരുന്നോ. താൻ കണ്ട ദുഃസ്വപ്നത്തെപ്പറ്റി ആലോചിച്ചു. വല്ലാത്തൊരു സ്വപ്നം. ഇനി കമ്മിറ്റി ഓഫീസിൽ പോകാൻ വയ്യ. പോരാത്തതിനു് മീറ്റിംഗ് തുടങ്ങിയിട്ടുണ്ടാകും. അയാൾ വീട്ടിലേക്കു തിരിച്ചു. വല്ലാത്ത ക്ഷീണം.

നടക്കുമ്പോൾ അയാൾ ആലോചിച്ചു. തനിക്കിന്നെന്താണു് പറ്റിയതു? അച്യുതൻ നായരുമായി സംസാരിച്ചിരിക്കയായിരുന്നു. അതിനിടയിൽ എപ്പോഴാണു് ഉറങ്ങിപ്പോയതു? നോക്കട്ടെ. ഒരാൾ വിളിച്ചതായ ഓർമ്മയുണ്ടു്. ഒരു വയസ്സൻ. അയാളോടൊപ്പം കാറിൽ കയറിയതും. പഴയ ആസ്റ്റിൻ മോഡൽ ഹിന്ദുസ്ഥാൻ കാറ്. പെട്ടെന്നയാൾക്കു് ആ വയസ്സൻ ആരാണെന്നോർമ്മ വന്നു. തന്റെ അമ്മാവൻ, കുഞ്ഞിരാമൻ നായർ. രാമകൃഷ്ണന്റെ അച്ഛൻ, അദ്ദേഹം ഇരുപത്തഞ്ചുകൊല്ലം ഉപയോഗിച്ചിരുന്ന അതേ കാറായിരുന്നു അതു്. പക്ഷേ, അമ്മാവൻ മരിച്ചിട്ടു് പന്ത്രണ്ടു കൊല്ലമായി. എന്തൊരു സ്വപ്നം!

രാമകൃഷ്ണന്റെ കുടി അടുത്ത കാലത്തായി വളരെ കൂടിയിട്ടുണ്ടു്. അതു തനിക്കുണ്ടാക്കുന്ന മനഃപ്രയാസമായിരിക്കണം ഈ സ്വപ്നത്തിനു കാരണം. താനാണു് ആ വിവാഹാലോചന കൊണ്ടുവന്നതു്. വളരെ അടുത്തറിയുന്ന ഒരു കുടുംബത്തിലെ കുട്ടിയാണു്. വളരെ ശാലീനയായ ഒരു കൂട്ടി. രാമകൃഷ്ണൻ കുറേശ്ശെ കുടിക്കുമെന്നറിയുമായിരുന്നു. ചെറുപ്പക്കാർ വിവാഹം കഴിക്കുന്നതിനുമുമ്പു് അങ്ങിനെയൊക്കെ നടക്കും, പിന്നെ വിവാഹം കഴിഞ്ഞാൽ കുടിയൊക്കെ നിർത്തും എന്നാണു് താൻ കരുതിയതു്. തന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. അതുകൊണ്ടു് ദേവകിയെ കാണുമ്പോഴെല്ലാം കുറ്റബോധം തോന്നുകയാണു്.

അച്യുതൻ നായരുമായി സംസാരിച്ചു കൊണ്ടിരിക്കെ എങ്ങിനെ ഉറങ്ങിപ്പോയിയെന്നതു് അത്ഭുതകരമായിരിക്കുന്നു.

സൗദാമിനി കുട്ടികളെ പഠിപ്പിക്കുന്ന തിരക്കിലാണു്. രഘുവിനെ കണ്ടപ്പോൾ അവൾ ക്ലോക്ക് നോക്കി. എട്ടുമണി കഴിഞ്ഞിട്ടേ ഉള്ളു.

എന്താ ഇന്നു് നേർത്തെ? അവൾ ചോദിച്ചു.

ഒന്നുംല്യ. എനിയ്ക്കു് കുറച്ചു ചുക്കു വെള്ളം തരു.

സൗദാമിനി അടുക്കളയിൽ പോയി സ്റ്റീൽ ഗ്ലാസ്സിൽ ചുക്കുവെള്ളമെടുത്തു കൊണ്ടു വന്നു. അപ്പോഴാണു് അവൾ ട്യൂബ് ലൈറ്റിന്റെ തെളിഞ്ഞ വെളിച്ചത്തിൽ അയാളുടെ മുഖം കാണുന്നതു്.

എന്തുപറ്റി? സുഖമില്ലേ?

ഏയ് ഒന്നുംല്യ. ഉറക്കം വന്നിരുന്നു.

എന്തേ ഇപ്പോത്ര ഒറക്കം വരാൻ?

ആവോ. മാത്രമല്ല. ഞാൻ അച്യുതൻ നായരുമായി സംസാരിച്ചു നിൽക്ക്വായിരുന്നു. അതിനിടയിൽ കിടന്നു് ഒറങ്ങിപ്പോയി.

എന്തൊക്കെയാണു് പറയണതു? എങ്ങിന്യാ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒറങ്ങ്വാ? എവിട്യാ കെടന്നതു? കമ്മിറ്റി ഓഫീസിലാണോ? ഇനി ബോധംകെട്ടു് വീഴുകയൊന്നുമല്ലല്ലോണ്ടായിട്ടുള്ളതു?

ഏയ് ഒറങ്ങീതു് ഓഫീസിലൊന്നുമല്ല, ആൽത്തറയിലാ. മാത്രമല്ല, ഒരു വൃത്തികെട്ട സ്വപ്നം കാണും ചെയ്തു. എണീറ്റപ്പൊ അച്യുതൻനായരൊന്നുല്യ അവ്ടെ!

സൗദാമിനി വിശ്വാസമാവാത്ത മട്ടിൽ രഘുവിനെ നോക്കി.

ഫോൺ ബെല്ലടിച്ചു. രഘു കയ്യേന്തി ഫോണെടുത്തു.

ഹലോ സൗദാമിനിചേച്ചിയല്ലെ. ഇതു് ദേവകിയാണു്. രഘുവേട്ടൻ കുറച്ചു വൈകിയിട്ടേ എത്തൂന്നു് പറയാൻ പറഞ്ഞിരിക്കുന്നു. രാമകൃഷ്ണേട്ടനു് അപകടം പറ്റി. ഭാഗ്യത്തിനു് ഒന്നും പറ്റിയില്ല. കുടി തന്നെ. എന്താ ചെയ്യാ?

പെട്ടെന്നു് എന്തോ സംശയം തോന്നിയ പോലെ ദേവകി നിർത്തി.

ആരാണവിടെ? സൗദാമിനിചേച്ചി തന്നെയല്ലെ.

ഇതു ഞാനാണു്, രഘുവേട്ടൻ.

രഘുവേട്ടൻ? അപ്പോൾ രഘുവേട്ടനല്ലെ പത്തു മിനിറ്റുമുമ്പു് എന്നോടു് ചേച്ചിക്കു് ഫോൺ ചെയ്യാൻ പറഞ്ഞതു?

അതെയതെ, അയാൾ പറഞ്ഞു. അതിനെപ്പറ്റിയൊക്കെയാണു് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നതു്. ആട്ടെ രാമകൃഷ്ണൻ എന്തു പറയുന്നു?

അതേ കിടത്തമാണു്. ഇനി നാളെ രാവിലെ നോക്കിയാൽ മതി, എന്താ ചെയ്യ്വാ? പിന്നെ രഘുവേട്ടൻ നാളെ ഒന്നിവിടംവരെ വരണം കേട്ടോ. കാറ് എവിടെയാണു് ഇടിച്ചു കിടക്കണത്ന്നൊന്നും മൂപ്പർക്കു് ഓർമ്മണ്ടാവില്ല്യ.

രഘു ഫോൺ വെച്ചു് അടുത്തു കണ്ട കസേരയിൽ കുഴഞ്ഞിരുന്നു.

ചാലക്കുടിയിൽ നിന്നു് എറണാകുളത്തേക്കു് നാൽപത്തഞ്ചു കിലോമീറ്റർ ദൂരമുണ്ടു്. വൈകുന്നേരത്തെ തിരക്കിനിടയിൽക്കൂടി കാറിൽ എറണാകുളത്തെത്താൻ ചുരുങ്ങിയതു് നാൽപത്തഞ്ചു മിനിറ്റെങ്കിലും എടുക്കും. താനാകട്ടെ ഏകദേശം പത്തു മിനിറ്റുകൊണ്ടു് ഇവിടെ എത്തുകയും ചെയ്തു.

അപ്പോൾ നടന്ന കാര്യങ്ങളെല്ലാം…?

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Oru Pazhaya Aastin Car (ml: ഒരു പഴയ ആസ്റ്റിൻ കാർ).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Oru Pazhaya Aastin Car, ഇ ഹരികുമാർ, ഒരു പഴയ ആസ്റ്റിൻ കാർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: July 31, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Franz Sedlacek - Mountain Landscape with Automobile, a painting by Dudva . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.