images/George_Stubbs_A_Monkey.jpg
A Monkey, a painting by George Stubbs (1724–1806).
ചെപ്പടിക്കാരനും ഞാനും
ഇ. ഹരികുമാർ

നമുക്കു് കാണാൻ താല്പര്യമില്ലാത്ത ചിലർ വീണ്ടും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. അവിചാരിതമായി, പക്ഷേ, ഒഴിഞ്ഞുമാറാൻ കഴിയാത്ത പരിതഃസ്ഥിതിയിൽ. അങ്ങിനെ ഒരാളെയാണു് ഞാൻ ഇന്നു് കണ്ടതു്. ചെപ്പടിവിദ്യക്കാരൻ തങ്കച്ചനെ, ഞാൻ രാവിലെ മുതൽ നടക്കാൻ തുടങ്ങിയതായിരുന്നു. ബൈക്ക് കേടായതു കൊണ്ടു് നടക്കുക തന്നെ. കയ്യിൽ സാംബിളുകളും മരുന്നു സാഹിത്യവും നിറച്ച സഞ്ചിയും തൂക്കി ഒരു ഡോക്ടറുടെ അടുത്തു നിന്നു് വേറൊരു ഡോക്ടറുടെ അടുത്തേക്കു് നാലഞ്ചു കൊല്ലത്തെ പരിചയം കാരണം ഡോക്ടർമാരുടെ അടുത്തു് അധികം സമയം ചെലവാക്കേണ്ടി വരില്ല. ഒരു രോഗി പുറത്തു കടന്നാൽ ഉടനെ ഉള്ളിൽ കടക്കും. കുശലാന്വേഷണം. പിന്നെ ഒന്നോ രണ്ടോ സാംബിളുകൾ മേശപ്പുറത്തു് വെക്കുന്നു. ഡോക്ടർമാർക്കുള്ള സാഹിത്യം അച്ചടിച്ച ബഹുവർണ്ണ പത്രങ്ങൾ സ്വയം സംസാരിക്കുന്നു. അഞ്ചു മിനിറ്റുമാത്രം. കാത്തു നിൽക്കുന്ന രോഗികളുടെ ആക്ഷേപത്തോടെയുള്ള നോട്ടങ്ങൾ കണ്ടില്ലെന്നു നടിച്ചു് പുറത്തു കടക്കുന്നു. അങ്ങിനെ രാവിലെ മുതൽ അനേകം രോഗികളുടെയും അവരെ ഡോക്ടറെ കാണിക്കാൻ കൊണ്ടു വന്ന സഹായികളുടെയും ശാപപാത്രമായി നടന്നലഞ്ഞ ഞാൻ ഉച്ചയ്ക്കു് രണ്ടു മണിയോടെ ഒരു റെസ്റ്റോറണ്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു് അതുണ്ടായതു്.

വാഷ്ബേസിനിൽ കയ്യും മുഖവും കഴുകി തൂവാലകൊണ്ടു് മുഖം തുടച്ചു് കണ്ണാടിയിൽ നോക്കി തലമുടി ശരിയാക്കി ബാഗും തൂക്കി ഞാൻ ഒരു മാതിരി തിരക്കില്ലാത്ത മേശയ്ക്കു മുമ്പിൽ ഇരുന്നു.

എനിയ്ക്കെതിരെ ഒരാൾ ഇരിക്കുന്നു, മറ്റുമേശകളിലെല്ലാം തിരക്കായിരുന്നു. ഒരാളല്ലെ സാരമില്ല, ഞാൻ ബാഗു നിലത്തു വെച്ചു് കസേരയിൽ ഇരുന്നു് ഫാൻ നല്ലവണ്ണം തിരിയുന്നില്ലെ എന്നു നോക്കി. തിരിയുന്നുണ്ടു്. പക്ഷേ, കാറ്റു കുറവാണു് സാരമില്ല എന്നു വിചാരിച്ചു് ചാരിയിരുന്നു. നോക്കിയതു് അയാളുടെ മുഖത്തായിരുന്നു. എനിയ്ക്കെതിരെ ഇയ്യാളായിരുന്നോ? പെട്ടെന്നു തോന്നിയതു് എഴുന്നേറ്റു് സ്ഥലം മാറിയിരിക്കാനോ അല്ലെങ്കിൽ റെസ്റ്റോറണ്ടിനു പറത്തു പോകാനോ ആയിരുന്നു. അയാൾ ഞാൻ തലേന്നു കണ്ട ചെപ്പടിക്കാരനായിരുന്നു. കറുത്തു തടിച്ചു് മുഖത്തു് നിറയെ വസൂരിക്കലകളുമായി ഒരുവൻ. വീതിയുള്ള മീശ അതിനുതാഴെ കറുത്ത ചുണ്ടുകൾ. അയാളെ സിഗരറ്റു പുകയുടെ മണമുണ്ടായിരുന്നു. ഞാൻ മാറി ഇരുന്നില്ല; അതു മാന്യതയ്ക്കു് ചേർന്നതല്ലല്ലോ. ഇനി ചെയ്യാനുള്ളതു് കഴിയുന്നതും വേഗം എന്തെങ്കിലും കഴിച്ചു എന്നു വരുത്തി അവിടെനിന്നു് രക്ഷപ്പെടുകയാണു്. എതിരാളിയും അപ്പോൾ എത്തിയിട്ടേയുള്ളു. കാരണം അയാളും കൈലേസുകൊണ്ടു് മുഖത്തെ വെള്ളം ഒപ്പിയെടുത്തു് പ്രതീക്ഷാ നിർഭരമായ മുഖത്തോടെ ഇരിയ്ക്കയാണു്. ഞാൻ അയാളുടെ നോട്ടം നേരിടാതെ മുഖം തിരിച്ചിരുന്നു.

ഞാനും അയാളും തമ്മിൽ വളരെ അന്തരമുണ്ടു് ക്ലാസ്സുകളുടെ അന്തരം. ഞാൻ ബി. എസ്സ്. സി. ഡിഗ്രിയെടുത്തു് അന്തസ്സുള്ള ജോലിയുള്ള ആളാണു്. അയാളാകട്ടെ, ഫുട്പാത്തിൽ ചെപ്പടി വിദ്യകൾ കാട്ടി നടക്കുന്ന ഒരു കാടൻ. ഞാനും അയാളും തമ്മിൽ ഒരു തലത്തിലും ചേരില്ല.

വെയിറ്റർ വന്നു് ആദ്യം ചോദിച്ചതു് എന്നോടായിരുന്നു, അവനു് ക്ലാസ് മനസ്സിലായെന്നർത്ഥം. അതിൽ എനിയക്കു് കുറച്ചഹന്തയുണ്ടായി. ഞാൻ ഇടം കണ്ണിട്ടു് എന്റെ എതിരാളിയെ നോക്കി. അയാളിൽ ഭാവഭേദമൊന്നുമില്ല! ക്ഷമയോടെ അയാളുടെ ഊഴം കാത്തിരിക്കുകയാണു്.

മുട്ടക്കറിയും ചപ്പാത്തിയും പിന്നെ വെജിറ്റബിൾ എന്തൊക്കെയാണു്.

അലു മട്ടർ, പനീർ മട്ടർ, മിക്സ് വെജിറ്റബിൾ…

മിക്സ് വെജിറ്റബിൾ മതി. ഞാൻ പറഞ്ഞു.

വെയിറ്റർ ചെപ്പടിവിദ്യക്കാരനിലേക്കു തിരിഞ്ഞു.

എന്താണു് വേണ്ടതു?

ചിക്കൻ മസാല കൊണ്ടുവാ. പൊറോട്ടയും പിന്നെ മീൻ എന്താണുള്ളതു്.

നെയ്മീൻ.

വറുത്തതു് കൊണ്ടുവാ. നല്ല കഷണം നോക്കിയെടുക്കു്. പിന്നെ സലാഡ് വല്ലതും ഉണ്ടെങ്കിൽ അതും കൊണ്ടുവാ. ബാക്കി പിന്നെ പറയാം.

ഞാൻ സ്വല്പമൊന്നു ക്ഷീണിച്ചു. മുട്ടക്കറിയും, ചപ്പാത്തിയും മാത്രമെ എന്റെ സ്ഥിരം ലഞ്ചുകളിലുള്ളു. ഇന്നു് ഇയാളെ ഒന്നു് വീഴ്ത്താൻ വേണ്ടിയാണു് മിക്സ് വെജിറ്റബിളും ഓർഡർ ചെയ്തതു്. എന്നിട്ടിപ്പോൾ അയാളുടെ തുടക്കത്തിലുള്ള ഇൻസ്റ്റാൾമെന്റു തന്നെ ഭയങ്കരമായിരിക്കുന്നു. അയാൾ ഒരു കോമ മാത്രമെ ഇട്ടിട്ടുള്ളു. കഥ ഇനിയും തുടരുമെന്നാണു്. ക്ലാസ്സ് മനഃസ്ഥിതി വെച്ചു പുലർത്തിയതിനു് ഞാൻ എന്നെത്തന്നെ പഴിച്ചു.

സാറൊരു മെഡിക്കൽ റെപ്രസന്റേറ്റീവ് ആണു് അല്ലെ.

അവസാനം ദുഷ്ടൻ ഒരു ഡയലോഗിനു വന്നിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. അയാളെ നേരിടുക തന്നെ.

ഞാൻ തലയാട്ടി; മുഖം തിരിച്ചിരുന്നു. പക്ഷേ, അയാൾ വെറുതെ വിടാൻ ഭാവിച്ചിട്ടില്ല.

സാറിനെ ഞാൻ എവിടെയോ വെച്ചു കണ്ടിട്ടുണ്ടു്.

ഉണ്ടാവാം. എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.

അയാൾ എന്നെ കണ്ടിട്ടുണ്ടാകണം. കാരണം ജോസ് ജംഗ്ഷനിൽ അയാളുടെ ഷോ കാണുവാൻ തിങ്ങിക്കൂടിയ ആൾക്കാരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.

അയാളുടെ മുതൽക്കൂട്ടായി ഒരു സഞ്ചിയും രണ്ടുമൂന്നു കടലാസു പെട്ടികളും മാത്രമാണുണ്ടായിരുന്നതു്. അവയിലെല്ലാം വളരെ അത്ഭുതകരമായ ചില സാധനങ്ങളായിരുന്നു. ചെപ്പടി വിദ്യയ്ക്കായി അയാൾ സ്വയം ഉണ്ടാക്കിയതായിരിക്കണം. രണ്ടു ഗോളങ്ങളെ ഒരു ചരടുകൊണ്ടു് ബന്ധിച്ചതു്, പല വലിപ്പത്തിലുള്ള മരക്കട്ടകൾ. ഉള്ളു പൊള്ളയായ തകരപ്പാത്രങ്ങളും രൂപങ്ങളും. എല്ലാറ്റിലുമുപരി അയാളുടെ കാര്യമായ മുതൽക്കൂട്ടു് വാചകമടിക്കാനുള്ള കഴിവാണെന്നു് ഞാൻ ഓർത്തു. ആൾക്കാരെ മണിക്കൂറുകളോളം അത്ഭുത സ്തബ്ധരാക്കി നിർത്താനുള്ള ഒരു സിദ്ധി അയാൾക്കുണ്ടായിരുന്നു.

കടലാസുപെട്ടികളും സഞ്ചിയും തുറന്നു് അയാൾ സാധനങ്ങൾ ഓരോന്നായി പുറത്തെടുത്തു അവ കോൺക്രീറ്റിട്ട നിലത്തു നിരത്തി. തുണിക്കടയുടെ മുമ്പിൽ ഫുട്പാത്തിൽ ധാരാളം സ്ഥലമുണ്ടായിരുന്നു. പിന്നീടു് അടുത്തു നിന്ന ആൾക്കാരെ അകറ്റിയകറ്റി ഒരു വലയം സൃഷ്ടിച്ചു. ഒരരുകിൽ നിന്ന മെലിഞ്ഞു വിളറിയ ചെറുക്കനെ അയാൾ വലയത്തിനുള്ളിലേയ്ക്കാനയിച്ചു. പന്ത്രണ്ടു പതിമൂന്നു വയസ്സു കാണും. ഒരു കീറിയ ട്രൗസറു മാത്രമാണു് വേഷം. അവന്റെ മുഖം നിർവ്വികാരമായിരുന്നു. അയാൾ സംസാരം തുടങ്ങി.

ഇതാ സാറന്മാരെ നോക്കി തൊഴു്.

അവൻ യാന്ത്രികമായി തൊഴുതു.

ഇതു് എന്റെ മരുമകനാണു് സാറമ്മാരെ അവനു് അസുഖമാണു്. വലിയ ഒരു രോഗമാണു്. ഡോക്ടർമാരു് പറയുന്നതു് തിരുവനന്തപുരത്തു് കൊണ്ടുപോകണമെന്നാണു്. അവന്റെ ചികിത്സയ്ക്കുള്ള പണമുണ്ടാക്കാനാണു് സാറമ്മാരെ, ഞാൻ ഈ ചെപ്പടി വിദ്യ കാണിക്കുന്നതു്. നിങ്ങളെല്ലാം സഹകരിക്കണം. കഴിയുന്നത്ര സഹായം ചെയ്തു തന്നു് ഈ പാവപ്പെട്ടവനെ അവന്റെ അനന്തിരവന്റെ ചികിത്സയ്ക്കു് കൊണ്ടു പോകാൻ സഹായിക്കണം.

അയാളുടെ ശബ്ദത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നു. ശബ്ദം ഉയർന്നു താഴ്‌ന്നു് അലകളായെത്തിയപ്പോൾ ചുറ്റും കൂടിയവർ സഹാനുഭൂതിയോടെ അയാളെ നോക്കി. ആൾക്കാർ വീണ്ടും തടിച്ചുകൂടി. ശ്രോതാക്കൾ ഒരു മാതിരികൂടി എന്നു കണ്ടപ്പോൾ അയാൾ താൻ കാണിക്കാൻ പോകുന്ന വിദ്യകളെപ്പറ്റി ഒരു ചെറു പ്രസംഗം നടത്തി. ഓരോ യന്ത്രങ്ങളും നിലത്തു നിന്നു പൊക്കിയെടുത്തു് പൊന്തിച്ചുകാട്ടി അതുകൊണ്ടു് എന്തുചെയ്യാൻ പോകുന്നുവെന്നു് പറഞ്ഞുതുടങ്ങി. പലതും മനുഷ്യാതീതമായ കാര്യങ്ങളായിരുന്നു. അതെല്ലാം ചെയ്യാൻ കഴിയുമെങ്കിൽ അയാൾ ഹൗഡിനിയെത്തന്നെ വെല്ലുന്നവനായിരിക്കണം. എന്തായാലും ആളുകൾ ശരിക്കും ഒരു മാസ്മരവലയത്തിൽ അകപ്പെട്ടിരിക്കുന്നു. ഇനി അയാൾ തന്നെ മോചിപ്പിച്ചാലെ അവർക്കു് അനങ്ങാൻ പറ്റു.

പെട്ടെന്നയാൾ എന്തോ ഓർത്തപോലെ തിരിഞ്ഞു നോക്കി. നിർവ്വികാരനായി അപ്പോഴും നിൽക്കുകയായിരുന്ന മരുമകനെ നോക്കി.

നീയിപ്പോഴും നിൽക്ക്വാണോ?

അയാൾ ഒരു തുണിക്കഷ്ണം നിലത്തു വിരിച്ചു് അവനെ കിടത്തി അവന്റെ കിടപ്പു് പരിതാപകരമായിരുന്നു അയാൾ വീണ്ടും അവന്റെ അസുഖത്തെപ്പറ്റി പറയാൻ തുടങ്ങി. അതിന്റെ തുടക്കം ഒരു ദിവസം അവൻ ബോധം കെട്ടു വീണതു്, പനിയായി കിടന്നതു്. രക്തം ശർദ്ദിച്ചതു്. പിന്നെ അവനെ തോളിലേറ്റി ഒരു ഡോക്ടറുടെ അടുത്തു നിന്നു് വേറൊരു ഡോക്ടറുടെ അടുത്തേക്കു് ക്ഷീണിതനായ യാത്ര. അയാൾ ശരിക്കും ഒരു ശോകാന്തനാടകത്തിലെ നായകനായി തോന്നി. ചുറ്റും നിന്ന ആൾക്കാർ സഹാനുഭൂതിയോടെ തലയാട്ടി, കഷ്ടം കഷ്ടമെന്നു ശബ്ദമുണ്ടാക്കി.

സാറന്മാരെ ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്റെ ഈ മരുമകന്റെ രോഗം മാറി അവനു് ഒരു പുതിയ ജീവിതം നൽകിയാലെ ഞാൻ എന്തും ചെയ്യു. എന്റെ ജീവിതം ഞാൻ ഇവന്നായി ഉഴിഞ്ഞിട്ടിരിയ്ക്കുയാണു്.

ആൾക്കൂട്ടത്തിൽ നിന്നു് പാവം എന്നൊരു ശബ്ദം ഉയർന്നു.

വെയ്റ്റർ എനിയ്ക്കുള്ള പ്ലേറ്റുകൾ കൊണ്ടുവെച്ചു. മുട്ടക്കറി മിക്സ് വെജിറ്റബിൾ പിന്നെ വേറൊരു പ്ലേറ്റിൽ ചപ്പാത്തിയും.

ചെപ്പടിവിദ്യക്കാരൻ എന്റെ മുമ്പിലെ വിഭവങ്ങൾ തീരെ രസിക്കാത്ത മട്ടിൽ നോക്കി. മുഖം ചുളിച്ചു കൊണ്ടയാൾ പറഞ്ഞു.

സാറെ ഈ പച്ചക്കറിയൊന്നും തിന്നിട്ടു് യാതൊരു കാര്യവുമില്ല, ഈ തങ്കച്ചനെ നോക്കു്, എത്ര മണിക്കൂർ വേണമെങ്കിലും വെയിലത്തുനിന്നു് പണിയെടുക്കാൻ പറ്റും. ഞാൻ മട്ടനും ബീഫും മാത്രമെ കഴിക്കാറുള്ളു. ഈ നശിച്ച ഹോട്ടലിൽ ബീഫില്ല. പിന്നെ മട്ടനെന്നു പറഞ്ഞു തരുന്നതു് ബീഫാണു താനും. മട്ടന്റെ വില കൊടുത്തു് മാട്ടിറച്ചി തിന്നേണ്ടി വരും. അതാ ഞാൻ ചിക്കൻ ഓർഡർ ചെയ്തതു്. കിട്ടാൻ പോണതു് പ്രാവിന്റെ ഇറച്ചിയാണെന്നറിയാം. എന്നാലും എന്തെങ്കിലും തിന്നണ്ടെ?

ഞാൻ ചപ്പാത്തി കഷ്ണമാക്കി മുട്ടക്കറിയിൽ മുക്കി തിന്നാൻ തുടങ്ങി.

വെയ്റ്റർ തങ്കച്ചന്റെ ഭക്ഷണം കൊണ്ടു വന്നു നിരത്തി. അയാൾ ഓരോ പ്ലേറ്റും അടുത്തേക്കു വെച്ചു് അതൃപ്തിയോടെ നോക്കി. തിരിച്ചു നടക്കാൻ തുടങ്ങിയ വെയ്റ്ററെ ശ്, ശബ്ദമുണ്ടാക്കി വിളിച്ചു. ചിക്കൻ മസാലയുടെ പ്ലേറ്റിലേക്കു് ചൂണ്ടിച്ചോദിച്ചു.

ഇതെന്താണു്?

ചിക്കൻ മസാല. അവൻ കുറച്ചു് ധാർഷ്ട്യത്തോടെ പറഞ്ഞു.

തന്റെ കോഴിക്കു് കാലൊന്നുമില്ലെ?

ലെഗ് പീസില്ല.

എന്തേ, കാലില്ലാത്ത കോഴിയെയാണോ പിടിച്ചു് കൂട്ടാൻ വെച്ചതു?

അല്ല. ലെഗ് പീസുകൾ കഴിഞ്ഞിരിക്കുന്നു.

എന്നാൽ ബ്രെസ്റ്റ് ഇല്ലെ? കോഴിമുല?

തങ്കച്ചൻ കൈകൊണ്ടു് അസഭ്യമായ ഒരാംഗ്യം കാണിച്ചു.

വെയ്റ്റർ പ്ലെയിറ്റ് തിരിച്ചെടുത്തു നടന്നു.

അല്ല ഇവന്മാരുടെയൊക്കെ ഒരു വേല സാറെ. തെരഞ്ഞുകൊണ്ടത്തന്നതാ. ഒരു കഷ്ണം എല്ലും മസാലയും. സാറെ നല്ലോം ശ്രദ്ധിച്ചില്ലെങ്കിൽ ഇവന്മാരു് നമ്മളെ വഹിച്ചു കളയും.

വെയ്റ്റർ ഉടനെ വേറൊരു പ്ലെയിറ്റുമായി തിരിച്ചുവന്നു. അതിൽ ഒരുഗ്രൻ കോഴിക്കാൽ കിടന്നിരുന്നു.

ഇതെങ്ങനാ, പിന്നെ മുളച്ചുണ്ടായതായിരിക്കും.

പിന്നെ വിജയശ്രീലാളിതനായി എന്നെ നോക്കി പറഞ്ഞു.

ഇപ്പോഴോ സാറെ, ഞാമ്പറഞ്ഞില്ലെ. ഇവന്മാരോടൊക്കെ ഇങ്ങനെ പെരുമാറണം. അല്ലെങ്കിൽ ഇവറ്റ പൂവമ്പഴം കൊണ്ടു് നമ്മുടെ കഴുത്തറക്കും.

എനിയ്ക്കു് തങ്കച്ചനോടു് കുറച്ചൊരാദരവുതോന്നി. എന്നെക്കൊണ്ടു് ഒരിക്കലും കഴിയാത്ത കാര്യമാണു് തങ്കച്ചൻ നിഷ്പ്രയാസം ചെയ്തതു്. ഓരോ പ്രാവശ്യം റെസ്റ്റോറണ്ടുകളിൽ പോയി ഭക്ഷണം കഴിക്കുമ്പോഴും മോശമായ ഭക്ഷണത്തിനു് അമിതവില കൊടുത്തു് ചീഞ്ഞു സ്വാദുകെട്ട മത്സ്യത്തെപ്പറ്റിയോ, പുകയാളിയ ചപ്പാത്തിയെപ്പറ്റിയോ പ്രതിഷേധിക്കാനാവാതെ കലുഷമായ മനസ്സിനെ സമാധാനിപ്പിക്കാൻ വെയ്റ്റർക്കു് ടിപ്പുകൊടുക്കാതിരിക്കുക മുതലായ സൗമ്യമായ മൗനപ്രതിഷേധങ്ങൾ മാത്രം കൊണ്ടു് തൃപ്തിപ്പെടുന്ന എനിയ്ക്കു് തങ്കച്ചൻ ഒരു ആരാധനാപുരുഷൻ തന്നെയായി.

എനിയ്ക്കു് തങ്കച്ചനോടു് തോന്നിയ വിദ്വേഷങ്ങൾക്കു് കുറച്ചു് അയവു് വന്നു. വിദ്വേഷം ഉണ്ടാവാനുള്ള കാരണം ഞാൻ അയാളെ അയാളുടെ ജോലിസ്ഥലത്തു വെച്ചു കണ്ടതാണു്. അയാളുടെ ചെപ്പടി വിദ്യപ്രോഗ്രാം മുഴുവൻ മനംപുരട്ടലുണ്ടാക്കുന്നതായിരുന്നു.

പ്രത്യേകിച്ചും അതിനെപ്പറ്റി പിന്നീടാലോചിക്കുമ്പോൾ. നോക്കിനിൽക്കെ അതെല്ലാം വളരെ സ്വാഭാവികമായി തോന്നിയിരുന്നു. ചെപ്പടിവിദ്യ കാണിക്കാനുള്ള അയാളുടെ ഒരുക്കങ്ങൾ, കാണിക്കാൻ പോകുന്നതിനെപ്പറ്റിയുള്ള വിവരണങ്ങൾ, മരുമകന്റെ അസുഖം, അതിൽ അയാൾക്കുള്ള ആകാംക്ഷ, നിരാശ, എല്ലാം, ഹൃദയത്തിൽ തട്ടുന്നതായിരുന്നു.

പക്ഷേ, അയാൾ ഒരൊറ്റ വിദ്യപോലും കാണിക്കുകയുണ്ടായില്ല.

പെട്ടന്നാണതുണ്ടായതു്. അനന്തിരവൻ എഴുന്നേറ്റിരുന്നു ശർദ്ദിക്കാൻ തുടങ്ങി. വളരെ പരിതാപകരമായിരുന്നു അവന്റെ അവസ്ഥ. നെഞ്ചിലെ എല്ലുകൾ പുറത്തേക്കു തെറിച്ചു പോകുമെന്ന തോന്നലുണ്ടാക്കത്തക്ക വിധം ഉറക്കെ ഓക്കാനിച്ചു കൊണ്ടു് അവൻ ശർദ്ദിച്ചു ചോര! അതു് അവന്റെ മുമ്പിൽ പരന്നുകിടന്നു. നാലു പ്രാവശ്യം ശർദ്ദിച്ചശേഷം അവൻവീണ്ടും നിലത്തു് നീണ്ടുനിവർന്നു കിടന്നു. തങ്കച്ചൻ താൻ പ്രദർശിപ്പിച്ചിരുന്ന സാധനങ്ങളെല്ലാം നിലത്തിട്ടു് അവന്റെ അടുത്തേക്കു് ഓടി വന്നു പിന്നെ വളരെ നാടകീയമായി അയാൾ ആൾക്കൂട്ടത്തിനു നേരെ തിരിഞ്ഞു് മാർക്ക് ആന്റണി സീസറുടെ ശവശരീരത്തിനരികെ നിന്നു ചെയ്ത പ്രസംഗത്തേക്കാൾ ഒട്ടും പിന്നിലല്ലാത്ത ഒരു പ്രസംഗം തുടങ്ങി.

സാറന്മാരെ നിങ്ങളിതു കാണുന്നില്ലെ? ഇവിടെ വീണുകിടക്കുന്ന കുട്ടിയെപ്പറ്റി നിങ്ങൾക്കാർക്കും അനുകമ്പയില്ലെ? ഇവിടെ രക്തം ഛർദ്ദിച്ചു് മയങ്ങിക്കിടക്കുന്ന ഈ അനന്തിരവനെപ്പറ്റി നിങ്ങൾക്കും വേദനയില്ലെ? വേവലാതിയില്ലെ? ഇവന്റെ ചികിത്സക്കു വേണ്ടിയാണു് ഞാൻ ഈ നട്ടുച്ചവെയിലത്തു നിന്നു് ജോലിയെടുക്കുന്നതു്. ഇവനെ ഒരാഴ്ചക്കുളളിൽ ആസ്പത്രിയിൽ എത്തിച്ചില്ലെങ്കിൽ ഇവൻ മണ്ണിന്നടിയിലാവും. ഇതാ ഇതു മാതിരിയാവും.

അയാൾ സഞ്ചിയിൽ നിന്നു് ഒരു വെള്ളത്തുണിയെടുത്തു് അവനെ മൂടി. ആ തുണിമേൽ ഒരസ്ഥികൂടത്തിന്റെ ചിത്രമുണ്ടായിരുന്നു. ആ കാഴ്ച വളരെ വിഷമമുണ്ടാക്കുന്നതായിരുന്നു. തങ്കച്ചൻ ഒരു പാത്രവുമായി ആൾക്കാരുടെ അടുത്തു വന്നു.

ദയവുചെയ്തു് ഈ പാവപ്പെട്ടവനെ സഹായിക്കിൻ ഈ പാവപ്പെട്ട കുട്ടിയെ ആസ്പത്രിയിൽ കൊണ്ടു പോകാൻ വേണ്ടി കഷ്ടപ്പെടുന്ന ഈ പാവപ്പെട്ടവനെ സഹായിക്കിൻ.

ആൾക്കാർ പിരിഞ്ഞുപോവാൻ തുടങ്ങി. ഇങ്ങനെയൊക്കെയാവും പരിണാമം എന്നു് മുൻകൂട്ടിയറിയുന്ന പോലെ അവർ അന്യോന്യം നോക്കി തലയാട്ടി. ചിലർ പണം കൊടുത്തു. ചില്ലറ, ചെറിയ നോട്ടുകൾ. ഞാൻ കീശയിൽ നിന്നു് ഒരു രണ്ടുറുപ്പികയുടെ നോട്ടെടുത്തു് പാത്രത്തിലിട്ടു. എങ്ങനെയെങ്കിലും അയാൾ ആ ചെക്കനെ ആസ്പത്രിയിലെത്തിക്കട്ടെ. പാത്രത്തിൽ ധാരാളം ഒറ്റ ഉറുപ്പികയുടേയും രണ്ടുറുപ്പികയുടേയും നോട്ടുകൾ ഉണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അയാളുടെ കളക്ഷൻ ഇരുപതു് ഇരുപത്തഞ്ചു് രൂപയുണ്ടാകും.

ഇപ്പോൾ അയാൾ മുമ്പിലിരുന്നു് കോഴിക്കാലും കടിച്ച്പറിച്ചു് പൊറോട്ട തിന്നപ്പോൾ എനിയ്ക്കു് മനസ്സിലാവുന്നു. ഇതെല്ലാം വെറും കാപട്യമായിരുന്നെന്നു് അയാൾ കാണികളുടെ മൃദുലവികാരങ്ങൾ ചൂഷണം ചെയ്യുകയായിരുന്നെന്നു് എന്നിട്ടു് എന്നെപ്പോലെ അനേകം പേർ അനുകമ്പയുടെ പേരിൽ കൊടുത്ത ഒരുറുപ്പികയും രണ്ടുറുപ്പികയും അയാൾ ഇവിടെ വന്നു് തിന്നു മുടിക്കുന്നു. രണ്ടുറുപ്പിക ദാനം കൊടുത്ത ഞാനാകട്ടെ കുറച്ചൊരു മോടി കാണിക്കാനായി മിക്സ് വെജിറ്റബിൾ ഓർഡർ ചെയ്തതിൽത്തന്നെ പശ്ചാത്തപിച്ചിരിക്കുകയും. എനിയ്ക്കു് കലശലായ അരിശമുണ്ടായി.

കോഴിയെ ഒരുവിധം അകത്താക്കി, മീശമേൽ തങ്ങിനിൽക്കുന്ന മസാലയുടെ അംശങ്ങൾ സഞ്ചിയിൽ നിന്നു് എടുത്ത ചെറിയ ടർക്കീഷ് ടൗവ്വൽ കൊണ്ടു തുടച്ചു് ഒരു ഗ്ലാസ്സ് വെള്ളം ഒറ്റ വലിക്കു് അകത്താക്കി അയാൾ എന്നെ നോക്കി ചിരിച്ചു. ഒരു പാട്ടിലായെന്ന മട്ടിൽ.

ഞാൻ ചിരിക്കാതെ ഗൗരവപൂർവ്വം അയാളോടു ചോദിച്ചു.

നിങ്ങളെന്തിനാണീ പണിക്കു നിൽക്കുന്നതു?

ഏതു പണി സാറെ?

ഈ ചെപ്പടിവിദ്യയും മറ്റും. ഇതെല്ലാം ആളെ പറ്റിക്കുന്ന കളികളല്ലേ?

തങ്കച്ചൻ നിവർന്നിരുന്നു. ഇപ്പോൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന മട്ടിൽ. ടർക്കീഷ് ടൗവ്വൽ മടക്കി കുനിഞ്ഞു് സഞ്ചിയിൽ നിക്ഷേപിച്ചു. അയാൾ വെയ്റ്ററെ മാടിവിളിച്ചു.

ഈ പ്ലേറ്റുകളൊക്കെ കൊണ്ടുപോ. എന്നിട്ടു് ഒരു ഗ്ലാസ്സ് ലെസ്സി കൊണ്ടുവാ.

തങ്കച്ചനോടു സംസാരിക്കുകയേ വേണ്ടെന്നു വെച്ചതായിരുന്നു. എന്നിട്ടിപ്പോൾ, ഒരു ദുർബ്ബലനിമിഷത്തിൽ ഞാൻ അനാവശ്യമായി ഒരു വാചകം എടുത്തെറിഞ്ഞു. അതു് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കാനും സാദ്ധ്യതയുണ്ടു്.

സാറ് കാര്യങ്ങളൊക്കെ ശരിയായിട്ടു തന്നെയാണു് ധരിച്ചിരിക്കുന്നതു്. തങ്കച്ചൻ സാവധാനം പറഞ്ഞു. അയാളുടെ സ്വരത്തിൽ ആക്ഷേപമില്ല, ആവേശമില്ല. കാര്യമാത്ര പ്രസക്തമായ ശബ്ദത്തിൽ അയാൾ പറഞ്ഞു തുടങ്ങി.

സാറ് ബുദ്ധിയുള്ളവനാ. അതോണ്ടു് ഞാൻ പറയണതൊക്കെ പെട്ടെന്നു് പിടി കിട്ടും. ഞാൻ എന്തു ചെയ്യണമെന്നാണു് സാറ് പറയുന്നതു? എട്ടാം ക്ലാസിൽ പഠിത്തം നിർത്തേണ്ടിവന്നു. കാരണമൊന്നും പറഞ്ഞു് സാറിനെ വിഷമിപ്പിക്കുന്നില്ല. പഠിപ്പൊക്കെ ഉണ്ടെങ്കിൽ ഞാനും സാറിന്റെ മാതിരി ബാഗും തൂക്കിപ്പിടിച്ചു് നടന്നിരുന്നു. പഠിത്തമില്ലാത്തതുകൊണ്ടു് ഒരു വിദ്യയും അറിയില്ല. ജീവിക്കാൻ വേണ്ടി പലതും ചെയ്തു സാറെ. കുറെക്കാലം ഫുട്ട്പാത്തിലു് കച്ചോടം ചെയ്തു. രണ്ടു കൊല്ലം കച്ചോടം ചെയ്തപ്പൊ മനസ്സിലായി, അതു് നമുക്കു് പറ്റില്ലെന്നു്. പിന്നെ കുറെക്കാലം അല്ലറ ചില്ലറ ജോലി ചെയ്തു. അതിലൊന്നും പണമില്ല സാറെ വൈകുന്നേരം വരെ കഠിനാദ്ധ്വാനം ചെയ്തു് വൈകുന്നേരം നന്നായിട്ടൊരൂണിനുള്ള കാശു കൂടി കിട്ടില്ല. പിന്നെ കുറെക്കാലം സ്മഗിളിംഗ് നോക്കി. ഫോർട്ട് കൊച്ചീലു് പോയി സാധനങ്ങൾ കൊണ്ടുവന്നു് വിറ്റു. പോലീസ് പിടിച്ചു. സാറെ ഞാൻ കട്ടു കൊണ്ടു വരുന്നതൊന്നുമായിരുന്നില്ല. നല്ല സ്മഗ്ൾഡ് ഗുഡ്സ് കാശുകൊടുത്തു് വാങ്ങിക്കൊണ്ടുവന്നതായിരുന്നു. എന്നിട്ടും പോലീസ് പിടിച്ചു. കൊറെ പണം അങ്ങനെയും നഷ്ടമായി.

ഇരക്കാൻ എനിയ്ക്കു താല്പര്യമില്ല സാറെ. അതൊണ്ടാ ഈ പണി തുടങ്ങിയതു്. ചെപ്പടി വിദ്യയും എനിയ്ക്കറിയൊന്നുല്യ മുമ്പു് ചെയ്ത ജോലിയൊന്നും എനിയ്ക്കറിഞ്ഞിട്ടു് ചെയ്തതൊന്നുമല്ല. അതു പോലെതന്നെ, ഇതു് അതിലും എളുപ്പാണു്. കുറച്ചു് വാചകമടിക്കണമെന്നു മാത്രം.

തങ്കച്ചൻ എഴുന്നേറ്റു് വാഷ്ബേസിനിൽ പോയി കൈകഴുകി വന്നു. ടൗവ്വൽ വീണ്ടും പുറത്തെടുത്തു് മുഖം തുടച്ചു.

സാറെ ആൾക്കാരുടെ മനഃശാസ്ത്രം ഞാൻ കുറച്ചു് മനസ്സിലാക്കീട്ടുണ്ടു്. ഞാനീ സാധനങ്ങളൊക്കെ നിരത്തി വെച്ചാൽ അവിടെ എന്തൊക്കേയോ നടക്കാൻ പോണുന്നുണ്ട്ന്നു് വിചാരിച്ചു് ആൾക്കാരു് കൂടും. ചെയ്യാൻ പോണ കാര്യങ്ങളെപ്പറ്റി ഞാൻ പറയും. അപ്പോൾ അതൊക്കെ കണ്ടിട്ടു് പോകാമെന്നുവെച്ചു് അവർ നില്ക്കും. കൂടുതൽ ആൾക്കാർ കൂടും. തൊടക്കത്തിലു് അവർക്കു് ബോധമുണ്ടാവും അവർ എന്തിനാണു് കൂടിനില്കുന്നതെന്നു്. പിന്നെ പിന്നെ ഞാൻ കുറച്ചു വാചകമടിച്ചു കഴിയുമ്പോഴേയ്ക്കും അവർ കാത്തു നില്ക്കുന്നതെന്തിനാണെന്നു തന്നെ മറന്നുപോകും. അപ്പോഴാണു് നമ്മുടെ പയ്യൻ ചോര ഛർദ്ദിക്കുക. അതോടെ ആൾക്കാരുടെ ശ്രദ്ധയൊക്കെ അതിലേക്കായി. അപ്പോഴാണു് ഞാൻ പാത്രവുമെടുത്തു് ആൾക്കാരുടെ അടുത്തു ചെല്ലുന്നതു്. പണം ചോദിക്കലാണു് സാറെ അവസാനത്തെ ആക്ട്, അതു കഴിഞ്ഞാൽ ആൾക്കാർ പിരിഞ്ഞു പെയ്ക്കൊള്ളും. ഞാൻ അടുത്തു ചെല്ലുമ്പോഴേക്കു തന്നെ പകുതി ആൾക്കാർ പിരിഞ്ഞു പോയിട്ടുണ്ടാകും.

അപ്പോൾ ഈ ശർദ്ദിക്കലും തങ്കച്ചന്റെ പ്രോഗ്രാമിലുള്ളതാണോ?

ഞാൻ ചോദിച്ചു.

അല്ലാതെന്താ സാറെ. ഒക്കെ ട്രെയിനിംഗാണു്. എന്റെ കാലു കണ്ടാൽ അവൻ ഛർദ്ദിക്കും, പഠിപ്പിക്കുമ്പോൾ ഛർദ്ദിക്കാൻ പറഞ്ഞു് ഛർദ്ദിക്കാഞ്ഞപ്പോൾ ഞാൻ അവന്റെ വയറ്റിത്തിട്ടു് ഒരു തൊഴി തൊഴിച്ചു ഉടനെ ഛർദ്ദിച്ചു. ഇപ്പോഴും എന്റെ കാലു കണ്ടാൽ അവൻ ഛർദ്ദിക്കും,

ചോരയോ?

ചോരയോ? അതൊക്കെ ഒരു ട്രിക്കാ സാറെ.

വെയിറ്റർ ഒരു വലിയ കപ്പിൽ ഐസ്ക്രീം ഇട്ട ഫ്രൂട്ട് സലാഡ് അയാളുടെ മുമ്പിൽ കൊണ്ടുവന്നു വെച്ചു. ഇതെപ്പോഴാണു് അയാൾ ഓർഡർ ചെയ്തതെന്നു് ഞാൻ അത്ഭുതപ്പെട്ടു

രണ്ടു വട പാർസലായി കൊണ്ടു വാ. തങ്കച്ചൻ വെയ്റ്ററോടു് ആജ്ഞാപിച്ചു.

നമ്മുടെ പയ്യനുവേണ്ടിയാണു് സാറെ. പാവമാ.

നിങ്ങടെ മരുമകനാണല്ലെ?

ഹെയ് അവനെന്റെ ആരുമല്ല സാറെ. വഴിയിൽ പട്ടിണികിടന്നു് ചാവാൻ പോയപ്പോ ഞാൻ കണ്ടു്, ഒപ്പം നടത്തുന്നതാ. ഇനി ഞാൻ രാത്രിയും അവനു് ഇതുപോലെ വല്ലതും കൊണ്ടുപോയി കൊടുക്കും. അത്രയൊക്കെ മതി. അതിനുള്ള ജോലിയല്ലെ അവൻ ചെയ്യുണുള്ളു.

രണ്ടുനേരം ലഘുഭക്ഷണം, ലഘു എന്നു പറഞ്ഞാൽ വളരെ ലഘുവായതു്. അതിനിടയ്ക്കു് ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം ശർദ്ദിക്കപ്പെടാനുള്ള വെള്ളം അകത്താക്കുക അതെന്തു വിഷമാണാവോ? ഒരു ആറു മാസത്തിനുള്ളിൽ അവന്റെ സ്ഥിതി എന്തായിരിക്കുമെന്നു ഞാൻ ആലോചിച്ചു. ഈശ്വരാ!

തങ്കച്ചൻ സ്വാദോടുകൂടി ഫ്രൂട്ട് സലാഡ് കഴിക്കുകയാണു്. ആപ്പിളിന്റെയും, സപ്പോട്ടയുടെയും, മുന്തിരിങ്ങയുടെയും വാസന വാനില ഗന്ധവുമായി ചേർന്നു് എന്റെ വായിൽ വെള്ളമൂറിച്ചു. തൽക്കാലം ആ കാര്യത്തിൽ ഞാൻ തങ്കച്ചനുമായി മത്സരിക്കുന്നില്ല. പോരാത്തതിനു് ഞാൻ അസ്വസ്ഥനാകുന്നു.

തങ്കച്ചൻ അയാളുടെ ബില്ലുകൂടി എന്റെ തലയ്ക്കിടുമോ എന്ന ഭയം എനിയ്ക്കുണ്ടായി. അയാളുടെ സലാഡ് കഴിയുമ്പോഴേയ്ക്കും എഴുന്നേറ്റു് തടി തപ്പാം. ഞാൻ എഴുന്നേറ്റു.

സാറ് ഇരി. തങ്കച്ചൻ പറഞ്ഞു. ഈ ഫ്രൂട്ട് സലാഡ് സ്വാദുണ്ടു് സാറെ. സാറ് കഴിക്കുന്നോ?

വേണ്ട. ഞാൻ പറഞ്ഞു.

വെയ്റ്റർ അടുത്തു വന്നു.

ഹെയ് സാറിന്റെ ബില്ലും എന്റെ ബില്ലിൽ ചേർത്തു് കൊണ്ടുവാ.

അഞ്ചിന്റെയും പത്തിന്റെയും കുറെ നോട്ടുകൾ പുറത്തെടുത്തു് തങ്കച്ചൻ പറഞ്ഞു.

വേണ്ട. എന്റെ ഞാൻ കൊടുക്കാം.

ഞാൻ കീശയിൽ നിന്നു് പേഴ്സെടുത്തു.

അതു പറ്റില്ല സാറെ.

പിന്നെ കാത്തു നിന്ന വെയ്റ്ററോടു് അയാൾ പറഞ്ഞു.

ഞാൻ പറഞ്ഞില്ലെടോ രണ്ടും കൂടി ഒരു ബില്ലു കൊണ്ടുവാ.

അയാൾ പോയി. ഞാൻ നിസ്സഹായനായി ഇരുന്നു. ഞാൻ ഒരിക്കൽക്കൂടി തങ്കച്ചനോടു് തോറ്റിരിക്കുന്നു. പറയാനാവാത്ത ഒരു വികാരം എന്നെ പിടികൂടി. വിഷലിപ്തമായ ഒരു പങ്കാളിത്തത്തിൽ കൂട്ടുകൂടിയ തോന്നൽ.

വെയ്റ്റർ നോട്ടുകളുമായി പോയി. തിരിച്ചു് ഒരു പ്ലാസ്റ്റിക് പ്ലേറ്റിൽ ചില്ലറയും പെയ്മെന്റും റിസീവിടു് എന്നു് സ്റ്റാമ്പടിച്ച ബില്ലും കൊണ്ടുവന്നു. രണ്ടുറുപ്പികയുടെ ഒരു ടിപ്പുകൊടുത്തു് പുറത്തു കടക്കുമ്പോൾ തങ്കച്ചൻ പറഞ്ഞു.

പാവങ്ങളാണു് സാറെ. നമ്മളീ കൊടുക്കുന്നതുകൊണ്ടാ അവറ്റ ജീവിക്കുന്നതു്. ഹോട്ടലുകാരൊക്കെ എന്തുകൊടുക്കും?

പകയില്ല വിദ്വേഷമില്ല, താല്പര്യം മാത്രം:

ഫുട്പാത്തിന്റെ ഓരത്തിലൂടെ ഞങ്ങൾ നടന്നു. എന്റെ കയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയിൽ മരുന്നുകളുടെ സാംബിളുകൾ. അതിൽ മറുനാടുകളിൽ നിരോധിച്ചിട്ടുള്ള പല വിഷമരുന്നുകളുമുണ്ടു്. കുടിച്ചാൽ ചുമ മാറാത്ത ചുമ നിവാരിണി, അപകടം പിടിച്ച വേദന നിവാരിണികൾ, അങ്ങനെ പലതും. തങ്കച്ചന്റെ കയ്യിൽ തൂക്കിയിട്ട സഞ്ചിയിൽ എന്താണെന്നെനിക്കറിയില്ല ഒരു പക്ഷേ, ജാലവിദ്യക്കുള്ള ഉപകരണങ്ങളായിരിക്കും. നാലു കെട്ടിടങ്ങൾക്കപ്പുറത്തു് പൂട്ടിയിട്ട ഒരു കടയ്ക്കു മുമ്പിൽ അയാൾ നിന്നു. അവിടെ രണ്ടു മൂന്നു ഭാണ്ഡക്കെട്ടുകൾക്കിടയിൽ മെലിഞ്ഞു് എല്ലും തോലുമായി കറുത്ത ഒരു പയ്യൻ കിടന്നിരുന്നു. അവൻ കൈകൾ കാലുകൾക്കിടയിൽ തിരുകി ഉറങ്ങുകയായിരുന്നു. തങ്കച്ചൻ അവനെ തൊട്ടുണർത്തി.

എടാ മോനെ നീയിതു കഴിച്ചോ.

ഇവിടെയാണു് സാറെ എന്റെ ക്യാമ്പ്. രാത്രി ഇവിടെത്തന്നെ വിരിച്ചിട്ടു് കിടക്കും. സാറന്മാര്ടെ മാതിരിയല്ലല്ലോ. നമുക്കൊക്കെ ഇതു് പ്രാക്ടീസാ.

ഇനി ഒരു അരമണിക്കൂർ വിശ്രമാ സാറെ. അതു കഴിഞ്ഞാൽ അടുത്ത പരിപാടിയായി. അടുത്തതു് കച്ചേരിപ്പടിയിലാണു്. അതു കഴിഞ്ഞിട്ടു് ഒരു കളി കൂടിയുണ്ടാവും ഇന്നു്.

പയ്യൻ വട മുഴുവൻ തിന്നു്, ഇലയിൽ ഒട്ടിപ്പിടിച്ച ചട്ടിണി വിരലു കൊണ്ടു് വടിച്ചു തിന്നുകയായിരുന്നു.

വയ്യ. ഈ ക്രൂരത കണ്ടു നിൽക്കാൻ വയ്യ. അവനെ ഈ പണിക്കു കൊണ്ടു നടക്കുന്നതിൽ ഭേദം പട്ടിണി കിടന്നു് മരിയ്ക്കാൻ വിടുകയാണു്.

ആണോ? ഏതാണു് ശരി? ഏതാണു് തെറ്റു്? എനിയ്ക്കു് തീരുമാനിയ്ക്കാൻ കഴിഞ്ഞില്ല.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Cheppadikkaranum Njanum (ml: ചെപ്പടിക്കാരനും ഞാനും).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Cheppadikkaranum Njaanum, ഇ ഹരികുമാർ, ചെപ്പടിക്കാരനും ഞാനും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: July 18, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Monkey, a painting by George Stubbs (1724–1806). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.