images/Cornelis_Village_Feast.jpg
Village Feast, a painting by Cornelis Dusart (1660–1704).
പാവം ഈ ദേശക്കാർ
ഇ. ഹരികുമാർ

അവസാനം, നെടുനാൾ നീണ്ടുനിന്ന ഞങ്ങളുടെ വിരസതയ്ക്കു് അറുതി വരുത്തിക്കൊണ്ടു് അയൽപക്കത്തൊരു സംഭവമുണ്ടായി. അവിടെ ഒറ്റയ്ക്കു് താമസിച്ചിരുന്ന വൃദ്ധൻ ജീവിതമവസാനിപ്പിച്ചു. വളരെ വലിയയൊരു വീട്ടിൽ ആ എൺപതുകാരൻ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. മകൾ ഭർത്താവിനോടൊപ്പം മംഗലാപുരത്തു്. പേരക്കുട്ടി ഇരുപതു കിലോമീറ്റർ അകലെയുള്ള കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിൽ താമസം. രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിലൊരിക്കൽ വരും, അതും ഒറ്റക്കിരുന്നു പഠിക്കാനുള്ളപ്പോൾ മാത്രം.

രാവിലെ വിവരമറിഞ്ഞു് ഞങ്ങൾ ചെന്നപ്പോൾ വയസ്സൻ കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു. ഇടതു കൈയ്യിലെ മുറിവിൽനിന്നു് കിടക്കയിലേയ്ക്കു് ഒലിച്ചിറങ്ങിയ ചോര ഉണങ്ങിത്തുടങ്ങിയിരുന്നു. മുഖത്തു് വേദനയുടെ ചുളിവുകളല്ല, സംതൃപ്തിയുടെ വെളിച്ചം മാത്രം.

കുറേക്കാലമായി ഞങ്ങളുടെ ദേശം ആവർത്തനവിരസതയുടെ കൂടായി മാറിയിരുന്നു. ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചില്ല. കണ്ടാൽ, ഏതെങ്കിലും കാലത്തെ പരിചയം ഒരു പുതിയ സ്നേഹബന്ധത്തിനു് തുടക്കമിടുമോ എന്ന ഭയംകൊണ്ടു്, മുഖം തിരിച്ചു് നടക്കുകയായിരുന്നു. ഒന്നും സംസാരിക്കാനില്ല, കാരണം സംഭവങ്ങളൊന്നുമുണ്ടാകുന്നില്ല എന്നതു തന്നെ. പുതുതായി ഒന്നുംതന്നെ തരാനില്ലാത്ത സംസാരത്തെ ഞങ്ങൾ ഭയപ്പെട്ടിരുന്നു. രാവിലെ എഴുന്നേറ്റാൽ കുളിച്ചു് പ്രാതൽ കഴിച്ചു് ഓഫീസിലോ കടകളിലോ പോകുന്ന ഭർത്താക്കന്മാർ, പിന്നിൽ തൂക്കിയിട്ട ഭാരമുള്ള സഞ്ചിയുമായി അതിലും ഭാരമുള്ള മുഖഭാവത്തോടെ സ്കൂളുകളിൽ പോകുന്ന കുട്ടികൾ, അതും കഴിഞ്ഞാൽ സന്ധിബന്ധം വിട്ടുതുടങ്ങിയ വീടു് ശാപവചനങ്ങൾക്കിടയിൽ വൃത്തിയാക്കി ഉച്ചത്തെ ഭക്ഷണമുണ്ടാക്കാനും അലക്കാനും കച്ച കെട്ടിയിറങ്ങുന്ന വീട്ടമ്മമാർ. ഈ ചിത്രം തന്നെ എന്നും ആവർത്തിച്ചു വന്നതോടെ ഞങ്ങൾ ഞങ്ങളിലേയ്ക്കു വലിഞ്ഞു. കാലിന്റെ മുട്ടുരയുകയോ, കൈ ഒടിയുകയോ ചെയ്തേയ്ക്കാവുന്ന ഒരു ചെറിയ സൈക്കിൾ അപകടംപോലും സ്വാഗതാർഹമായിരുന്ന ഈ ദേശത്തു് ആരുടെയും വിരൽത്തുമ്പു പോലും മുറിഞ്ഞില്ല. ഞങ്ങൾക്കു് അദ്ഭുതങ്ങളുടെ പ്രഭാതങ്ങൾ വല്ലപ്പോഴും തന്നിരുന്ന കള്ളന്മാരും മാസങ്ങളോളം നീണ്ടു നിൽക്കുന്ന സംഭ്രമകഥകൾക്കു് നാന്ദി കുറിച്ചിരുന്ന കൊലപാതകങ്ങളുടെ കർത്താക്കളും കൂടുതൽ ലാഭസാധ്യതകൾ തേടി എന്നേ നാടു വിട്ടു പോയിരുന്നു.

മാധ്യമങ്ങൾക്കു നന്ദി; മറ്റുള്ള ദേശങ്ങളിൽ എന്തൊക്കെ സംഭവിക്കുന്നുവെന്നു് ഞങ്ങൾ അറിയുന്നുണ്ടു്. തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന മനുഷ്യരെ കിഴങ്ങു ചുട്ടെടുക്കുന്ന ലാഘവത്തോടെ ചുട്ടെരിക്കുന്നതും വീടു വീടാന്തരം കയറിയിറങ്ങി ജീവനുള്ള മനുഷ്യരെ പുറത്തിറക്കി വെട്ടി നുറുക്കുന്നതും അവരുടെ വീടുകൾക്കു് തീവെയ്ക്കുന്നതും, മനുഷ്യബോംബുകളായി വന്നു് നിരപരാധികളെ കൊല്ലുന്നതും ഞങ്ങൾ അറിയുന്നുണ്ടു്. ടിവിയിൽ അവയുടെ ദൃശ്യങ്ങൾ ഞങ്ങൾക്കു് ഉന്മാദത്തോളമടുത്ത ആനന്ദഹർഷമുണ്ടാക്കുന്നുണ്ടു്. ആ ദേശക്കരെല്ലാം ഭാഗ്യം ചെയ്തവരാണു്. ഞങ്ങളുടെ ദേശം മാത്രം അതിൽ നിന്നെല്ലാമകന്നു്… അകലങ്ങളിൽ കണ്ണു നട്ടു് ഇരിക്കാൻ വിധിക്കപ്പെട്ടവരാണു് ഞങ്ങൾ, ഈ പാവം ദേശക്കാർ. അങ്ങിനെയിരിക്കുമ്പോഴാണു്…

പോലീസ് വരണമെങ്കിൽ സമയമെടുക്കും. അതു വരെ ഞങ്ങൾക്കിതു് ആഘോഷിക്കാം. ഞങ്ങൾ ഇന്നു് ഓഫീസിൽ പോകില്ല, കടകളൊന്നും തുറക്കില്ല, ചുരുങ്ങിയതു്, ആഘോഷിക്കാനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യം പോലീസ് വന്നു് ആമ്പുലൻസിൽ എടുത്തു കൊണ്ടുപോവുന്നവരെ എങ്കിലും.

വൃദ്ധന്റെ ബന്ധുക്കൾ ഓരോരുത്തരായി എത്തിത്തുടങ്ങി. അവർ അകത്തു കയറി കട്ടിലിന്റെ അടുത്തു വന്നു് ഒരു നോക്കുനോക്കി, പുറത്തു കടന്നു് മറ്റു ബന്ധുക്കളെ തെരഞ്ഞു കണ്ടുപിടിച്ചു് അവരോടു് കൃത്രിമമായുണ്ടാക്കിയ ഗൗരവസ്വരത്തിൽ സംസാരിച്ചു, ഇനിയും വന്നിട്ടില്ലാത്ത ബന്ധുക്കളെ വിവരമറിയിക്കാൻ ചെറുപ്പക്കാരെ പറഞ്ഞയച്ചു. മകളെ വിവരമറിയിച്ചില്ലേ എന്നു് അന്വേഷിച്ചു. പിന്നെ ടെലിഫോണിൽ മകളെ കിട്ടാനുണ്ടായ വിഷമങ്ങളും, അവസാനം അരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ മൊബൈൽ ലൈൻ കിട്ടിയതും കാര്യം പറഞ്ഞു തീർന്നതോടെ ഫോൺ കട്ടായതും… ആകപ്പാടെ രംഗം വളരെ രസകരമായിരുന്നു. ഇങ്ങിനെയൊരു സ്ഥിതിവിശേഷത്തിന്നായി നാട്ടുകാർക്കു് എത്രകാലം കാത്തിരിക്കേണ്ടി വന്നു!

പടികടന്നു് പേരക്കുട്ടി വന്നു. അവൾ കരഞ്ഞു കൊണ്ടാണു് വന്നതു്. അടക്കിപ്പിടിച്ച കരച്ചിൽ. കണ്ണുകൾ കലങ്ങിയിരുന്നു. അവൾ പടി കടന്നതും ബന്ധുക്കൾ അവളെക്കൂട്ടി അകത്തേയ്ക്കു കയറി. അകത്തു നിന്നു് അവളുടെ തേങ്ങലുകൾ കേൾക്കാം. പത്തു മിനിറ്റിന്നു ള്ളിൽ ദൃക്സാക്ഷികൾ പുറത്തേയ്ക്കു വന്നു. ഉള്ളിലുള്ള സന്തോഷം മറച്ചുവെച്ചു് അവർ, പാടുപെട്ടുണ്ടാക്കിയ വ്യസനത്തോടെ എങ്ങിനെ പേരക്കുട്ടി മുത്തച്ഛന്റെ മേൽ വീണു പൊട്ടിക്കരഞ്ഞുവെന്നും, മറ്റുള്ളവർ അവളെ എങ്ങിനെ പിടിച്ചു മാറ്റിയെന്നും, ഓരോന്നു് പറഞ്ഞു ആശ്വസിപ്പിച്ചെന്നും അറിയിച്ചു. ആദ്യം പറഞ്ഞു തുടങ്ങിയ ആൾക്കു് വാക്കുകൾ കിട്ടാതായപ്പോഴോ, വസ്തുതകൾ യഥാതഥമായല്ലാ വിവരിക്കുന്നതെന്നു് ബോധ്യമായപ്പോഴോ ഒപ്പം പുറത്തു വന്നവർ അയാളെ തിരുത്തുകയും ക്രമേണ വിവരണത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു. പിന്നെ കൂടുതൽ ദൃക്സാക്ഷി വിവരണങ്ങൾക്കുള്ള കോപ്പിനുവേണ്ടി അവർ അകത്തേയ്ക്കുതന്നെ കുതിച്ചു.

പിന്നീടു് വന്നതു് വിവരങ്ങളുടെ പ്രളയമായിരുന്നു. പേരക്കുട്ടി ഇന്നലെ വന്നു പോയിട്ടേ ഉള്ളുവെന്നും, മുത്തച്ഛൻ ഒരു മാതിരി പട്ടിണിയായിരുന്നെന്നു് മനസ്സിലാക്കിയെന്നും അറിഞ്ഞു. പണമില്ലാഞ്ഞിട്ടല്ല. വയ്യാഞ്ഞിട്ടു്, അല്ലെങ്കിൽ ജീവിക്കുന്നതിന്റെ നിരർത്ഥകത മനസ്സിലാക്കിയിട്ടു്. രാവിലെ വന്നു് ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയും വീടു് വൃത്തിയാക്കുകയും ചെയ്തിരുന്ന ജോലിക്കാരി ഒരാഴ്ചയായി സുഖമില്ലാതെ കിടപ്പായിരുന്നത്രെ. മുത്തച്ഛന്റെ സ്ഥിതി കണ്ടപ്പോൾ ഹോസ്റ്റൽ വാസമുപേക്ഷിച്ചു് മുത്തച്ഛന്റെ ഒപ്പം താമസിക്കാൻ പേരക്കുട്ടി തീർച്ചയാക്കിയിരുന്നെന്നു കേട്ടപ്പോൾ ഞങ്ങൾക്കു് ഉൾപുളകമൊന്നുമുണ്ടായില്ല. ശരിയാണു് ദിവസവും ഇരുപതും ഇരുപതും നാല്പതു് കിലോമീറ്റർ, തിരക്കുള്ള ബസ്സിൽ യാത്ര ചെയ്യണം എന്നതുകൊണ്ടു് ആ തീരുമാനം ഒരു വലിയ ത്യാഗമാണെന്നറിയാത്തതു കൊണ്ടല്ല. വർഷങ്ങളായി കിട്ടാതിരുന്ന ആനന്ദത്തിന്റെ നിമിഷങ്ങൾ ഒരു ഇരുപതുകാരിയുടെ ത്യാഗസൗരഭ്യത്തിന്റെ കണക്കു പറഞ്ഞു് നശിപ്പിക്കരുതു് എന്നുള്ളതു കൊണ്ടാണതു്. മറ്റൊരു വശവുമുണ്ടു്. അവളുടെ ത്യാഗത്തെ ഭയന്നായിരിക്കണം ഏതാനും മാസങ്ങളോ വർഷങ്ങളോ തന്നെ ഇനിയും ജീവിച്ചിരുന്നേക്കാവുന്ന വയസ്സൻ തന്റെ ജീവിതം പെട്ടെന്നവസാനിപ്പിച്ചതു്. തന്റെ മരണം കൊണ്ടു് വയസ്സൻ പേരക്കുട്ടിയുടെ ത്യാഗത്തെ ക്രൂരമായി അട്ടിമറിക്കുകയാണുണ്ടായതു്.

ജോലിക്കാരി അടുക്കളയുടെ പുറംതിണ്ണയിൽ ഇരുന്നു് കരയുകയാണു്. അവൾക്കുണ്ടായതു് തീരാ നഷ്ടമാണു്. അവൾ കരഞ്ഞുകൊണ്ടു് പറയുകയാണു്. ‘പൊറത്തെ മുറീലു് ഇട്ട ഒറ്റക്കട്ടിലു് എന്നോടു് കൊണ്ടോയ്ക്കോളാൻ കാരണോരു് പറഞ്ഞതാ. അന്നേ കൊണ്ടോയാ മത്യാർന്നു. കെട്ട്യോനോടു് പറഞ്ഞപ്പോ തെരക്കു് കഴിയട്ടേന്നു് പറഞ്ഞ്. ഒടുക്കത്തെ തെരക്കു്. ഇനിപ്പോ ആരെങ്കിലും ഞാമ്പറഞ്ഞതു് വിശ്വസിക്ക്യോ…ന്റെ തലേലെഴ്ത്താ…’

പോലീസ് ജീപ്പു ചീറിക്കൊണ്ടു വന്നു പടിക്കൽ ബ്രേക്കിട്ടു നിർത്തി. ആൾക്കാർ വശത്തേയ്ക്കു് ഒതുങ്ങിനിന്നു. ഇനിയാണു് ത്രിൽ മുഴുവൻ. ഞങ്ങൾ ടിവി സീരിയലുകൾ ഒന്നും വിടാതെ കാണുന്നവരായിരുന്നു. ഞങ്ങളെ ചൂഴ്‌ന്നു നിൽക്കുന്ന വിരസത ഒരു പരിധി വരെ മാറ്റിയെടുക്കുന്നതു് ജീവിതവുമായി പുലബന്ധം പോലുമില്ലെങ്കിലും ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തിയിരുന്ന ഈ സീരിയലുകളാണു്. ഒരാൾ ആത്മഹത്യ ചെയ്താൽ പോലീസു വരുമെന്നും, ചുറ്റുമുള്ളവരെ ചോദ്യം ചെയ്യുമെന്നും അറിയാം. പോലീസിന്റെ വരവു് എപ്പോഴും ഉദ്വേഗജനകമാണു്. വെടി വെയ്ക്കുന്നതു പോലുള്ള ചോദ്യം ചെയ്യലിനിടക്കു് അടിയും ഇടിയുമൊക്കെയുണ്ടാവും. ഞങ്ങളെ നിരാശപ്പെടുത്തിയെന്നു പറയട്ടെ. ഈ പറഞ്ഞ ഒന്നുംതന്നെയുണ്ടായില്ല. തങ്ങളെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന അറിവിൽ അവർ ജനങ്ങൾക്കിടയിലൂടെ നെഞ്ചുവിരിച്ചു നടന്നു. അവർ വഴിതെറ്റി അടുക്കളയിലേയ്ക്കോ തട്ടിൻപുറത്തേയ്ക്കോ പോകേണ്ടെന്നു കരുതിയായിരിക്കണം ബന്ധുക്കൾ അവരെ ‘വരു, വരൂ’ എന്നു പറഞ്ഞു് അകത്തേയ്ക്കു് ആനയിച്ചു. പത്തു മിനിറ്റിന്നകം അവർ പുറത്തു കടക്കുകയും വന്ന അതേ ഗൗരവത്തോടെ ജീപ്പിൽ തിരിച്ചുപോകയും ചെയ്തു. സീരിയലുകൾ സത്യസന്ധമായല്ല ജീവിതം പകർത്തുന്നതെന്നു് ഞങ്ങൾ ആലോചിക്കേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല.

പിന്നെ വന്നതു് ഒരു ആമ്പുലൻസാണു്. ഒപ്പം രണ്ടു പോലീസുകാരും. അവർ, മറ്റു ബന്ധുക്കളുടെ സഹായത്തോടെ വയസ്സന്റെ ശരീരം ഒരുണങ്ങിയ വിറകുകൊള്ളി പൊക്കുന്ന ലാഘവത്തോടെ ആമ്പുലൻസിലേയ്ക്കു് എടുത്തു വെച്ചു. ആമ്പുലൻസ് ഗെയ്റ്റു കടന്നു് ചീറിപ്പാഞ്ഞപ്പോൾ ഞങ്ങൾ ആലോചിച്ചു. ഇത്രയേയുള്ളൂ. ഒന്നും സംഭവിച്ചില്ല. ഇതിനാണോ ഇത്രകാലം കാത്തിരുന്നതു?

അകത്തുനിന്നും വന്നവർ കൂടുതൽ വിവരങ്ങൾ പുറത്തേയ്ക്കു് വിട്ടു. വൃദ്ധനെപ്പറ്റി, അയാളുടെ കുടുംബത്തെപ്പറ്റി. ഭാര്യ മരിച്ചതു് ആറു വർഷങ്ങൾക്കു മുമ്പാണു്. ഞങ്ങൾക്കറിയാം. ഞങ്ങൾ എന്നും കണ്ടിരുന്നതല്ലെ. ആ സ്ത്രീ എപ്പോഴും ആ മിറ്റത്തോ പറമ്പിലോ ഉണ്ടായിരിക്കും. തെങ്ങിൽനിന്നു് ഒരു മടൽ വീണാൽ അവർ ഓടിയെത്തി അതും വലിച്ചു് അടുക്കളമുറ്റത്തെത്തിക്കും. വേലിക്കപ്പുറത്തു കുടിലിൽ താമസിക്കുന്നവർ വേലികടന്നു വന്നു് അതു കൈക്കലാക്കുന്നതിനുമുമ്പു് രക്ഷപ്പെടുത്തി കൊണ്ടുവരണമല്ലൊ. അടുക്കളയിൽ ഗാസടുപ്പുണ്ടു്. ഓലക്കൊടിയോ മടലോ കത്തിക്കുന്നതു് മകൾക്കിഷ്ടമല്ല. മംഗലാപുരത്തു നിന്നു് ലീവിൽ വരുമ്പോൾ അടുക്കളയിൽ ഓലക്കൊടി മണം ഉണ്ടെങ്കിൽ അവൾ അമ്മയെ ശാസിക്കും. അമ്മ ആർക്കു വേണ്ടിയാണു് ഇങ്ങിനെ പിശുക്കി ജീവിക്കണതു്… അതിനു ശേഷം അവർ ഉണങ്ങി വീഴുന്ന പട്ടകൾ തെങ്ങിന്റെ കടക്കലിട്ടു് കത്തിക്കും. എന്നാലും അതു് അയൽപക്കത്തെ പാവങ്ങൾക്കു് കൈക്കലാക്കാൻ പറ്റില്ലല്ലോ. സ്വർഗ്ഗത്തിൽ ഒരു സ്ഥാനം നേടണമെങ്കിൽ അതു് പാവങ്ങൾക്കു് ഉപകാരം ചെയ്തിട്ടു വേണ്ടെന്ന നിലപാടിലായിരുന്നു അവർ. ആ സ്ത്രീ ഒരു ദിവസം ഒരു ഉണക്കനോല തെങ്ങിന്മേൽ നിന്നു് വീഴുന്നപോലെ മുറ്റത്തു് വീണു. ഉണക്കപ്പട്ടകൾ കത്തിക്കുന്നപോലെ അവരുടെ ദേഹവും പറമ്പിലിട്ടു്…

പിന്നെ വയസ്സന്റെ ഏകാന്തജീവിതമായിരുന്നു. ‘കാർന്നോരു് ഭക്ഷണംതന്നെ കഴിച്ചിട്ടില്ലാത്രെ… ഒരാഴ്ച്യായിട്ടു്…’ ഒരാൾ പറഞ്ഞു. ആൾക്കാർ ചരിത്രകാരന്റെ ചുറ്റും കൂടി. തനിക്കു മാത്രം അറിയുന്ന ഒരു രഹസ്യം പരസ്യമാക്കുമ്പോഴുണ്ടാവുന്ന ഉൾക്കുളിരോടെ അയാൾ പതിഞ്ഞ ശബ്ദത്തിൽ പറയാൻ തുടങ്ങി. മറ്റുള്ളവർക്കു് അയാൾ പറയുന്നതു് പെട്ടെന്നു് മനസ്സിലാവരുതെന്ന നിർബ്ബന്ധമുള്ളതുകൊണ്ടു് അയാൾ പലപ്പോഴും വാചകങ്ങളെ ഒറ്റ വാക്കിലോ അക്ഷരങ്ങളിലോ ചുരുക്കി. ‘മിനിഞ്ഞാന്നു് ആ കുട്ടി കോളേജീന്നു്…’ ബാക്കി ഭാഗങ്ങളിൽ വെറും ചുണ്ടനക്കൽ മാത്രം. …വന്നപ്പോഴാണു് മനസ്സിലായതു് എന്നായിരിക്കണം അയാളുദ്ദേശിച്ചതു്. ജോലിക്കാരി ഒരാഴ്ച ലീവായതുകൊണ്ടു് ഭക്ഷണം പാകം ചെയ്യലൊന്നും നടന്നില്ല. വയസ്സൻ ഭക്ഷണമില്ലാതെ ഒരാഴ്ച കിടന്നു. സമ്പന്നതയുടെ നടുവിൽ…

‘അല്ലാ, നമ്മളൊക്കെ ചുറ്റുവട്ടത്തുണ്ടായിട്ടു് ഒരു വയസ്സായ മനുഷ്യൻ…’ ചരിത്രകാരൻ ജീവകാരുണ്യത്തിലേയ്ക്കു് വഴുതിപ്പോയി. ഞങ്ങളുടെ സന്തോഷത്തിൽ പാര വെയ്ക്കുന്ന ഈ മനുഷ്യൻ ഈ ദേശക്കാരനാവാൻ വയ്യ. ഇവിടെ ജീവിക്കേണ്ടവനുമല്ല. ഒരുപക്ഷേ, വരത്തനായിരിക്കും. അവന്റെ ഒടുക്കത്തെ ഒരു സഹതാപം! അയാളെ കൈകാര്യം ചെയ്യണോ എന്നു് ആലോചിക്കുമ്പോഴേയ്ക്കാണു് ഒരു കാർ ഗെയ്റ്റിൽ വന്നു നിന്നതും വയസ്സന്റെ മകളും ഭർത്താവും ഇറങ്ങിയതും.

മഞ്ഞനിറത്തിലുള്ള സാരിയും സ്ലീവ്ലെസ് ബ്ലൗസുമിട്ട നാല്പതുകാരിയുടെ പിന്നിലായി സഫാരി സൂട്ടിട്ട ഭർത്താവു് നടന്നു. വലതുകൈയ്യിന്റെ ചൂണ്ടാണിവിരലിൽ കോർത്ത താക്കോൽ ചുഴറ്റിക്കൊണ്ടു് അയാൾ എല്ലാവരേയും നോക്കി ചിരിച്ചു. ഭാര്യയുടെ മുഖത്തു്, വീട്ടുമുറ്റത്തു് ഇത്രയധികം ആൾക്കാരെ കണ്ടപ്പോഴുള്ള പകപ്പു് മാത്രം. വ്യസനമില്ല, കണ്ണീരില്ല. ബന്ധുക്കൾ അവരെ കൂട്ടിക്കൊണ്ടു പോകാൻ ഗെയ്റ്റു വരെ വന്നു.

‘ഞങ്ങള് നോൺ സ്റ്റോപ്പ് ഡ്രൈവ് ചെയ്തിട്ടാ വന്നതു്.’ ഭർത്താവു് പറഞ്ഞു. ‘രാവിലെ ഏഴരയ്ക്കു് പൊറപ്പെട്ടതാ, ഇപ്പോ സമയെത്ര്യായി? ഒരു മണിയാവുണു.’

‘അഞ്ചര മണിക്കൂറ്.’ ഒരാൾ പറഞ്ഞു. ‘അപ്പോ നല്ല അടിപൊളി ഡ്രൈവിങ്ങ് തന്ന്യാരിക്കും’.

ഭർത്താവിന്റെ മുഖത്തു് വീരമുദ്രകൾ. ഭാര്യ അകത്തേയ്ക്കു നടക്കുന്നു.

‘കൊണ്ടുപോയിരിക്ക്യാണ്… അതെ അങ്ങനത്തെ മരണല്ലെ, പോസ്റ്റ്മോർട്ടംല്ല്യാതെ അവരു് സമ്മതിക്ക്യോ?…’

ഞങ്ങളെ ഒരുതരം വിരസത ബാധിക്കുകയാണു്. ഇങ്ങിനെ പോയാൽ…? ഇനിയുള്ള പ്രതീക്ഷ പോസ്റ്റുമോർട്ടം കഴിഞ്ഞു് ശവം കൊണ്ടുവരുമ്പോഴുള്ള സീൻ മാത്രമാണു്. അവസാനത്തെ സീൻ. വയസ്സന്റെ മകളും മരുമകനും ഒരു സൈന്യത്തിന്റെ അകമ്പടിയോടെ അകത്തേയ്ക്കു പോയി. പെട്ടെന്നു് പേരക്കുട്ടിയുടെ കരച്ചിൽ കേട്ടു. ഒരു നിമിഷത്തേയ്ക്കു മാത്രം. ഞങ്ങൾ കാത്തുനിൽക്കുകയാണു്. അകത്തു നടക്കുന്ന കാര്യങ്ങളുടെ ലൈവ് റിപ്പോർട്ടു കിട്ടാൻ. റിപ്പോർട്ടർ കൂടിയായ ചരിത്രകാരൻ വീണ്ടും ഞങ്ങൾക്കിടയിലേയ്ക്കു് ഇറങ്ങി വന്നു, ഏറ്റവും പുതിയ ന്യൂസ് അപ്ഡേറ്റുമായി.

‘അവള്, ആ പാവം പെൺകുട്ടി കരയ്യാണു്. അവള് അമ്മേ കുറ്റം പറയ്യാണു് മുത്തച്ഛനെ ഒറ്റയ്ക്കാക്കി മംഗലാപുരത്തു പോയി നിന്നതില്…’

ഒരു ത്രില്ലുമില്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണു് ഞങ്ങൾ. ഇനിയും കാത്തു നിൽക്കുന്നതിൽ അർത്ഥമില്ല. ഇനി ആമ്പുലൻസ് വരും, വെള്ളത്തുണികൊണ്ടു് മൂടപ്പെട്ട ശരീരം നാലഞ്ചുപേർ ഇറക്കിക്കൊണ്ടു വരും, ഉമ്മറത്തു് കിടത്തും, പിന്നെ…

ഒന്നും സംഭവിച്ചില്ല. കനത്ത മനസ്സോടെ ഞങ്ങൾ ദേശക്കാർ ആ വീടിന്റെ പടികളിറങ്ങി.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Paavam Ee Desakkar (ml: പാവം ഈ ദേശക്കാർ).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Paavam Ee Desakkar, ഇ ഹരികുമാർ, പാവം ഈ ദേശക്കാർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: November 27, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Village Feast, a painting by Cornelis Dusart (1660–1704). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.