images/GnomEisenbahnbetrachtend.jpg
Gnome Watching Railway Train, a painting by Carl Spitzweg (1808–1885).
എഞ്ചിൻഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി
ഇ. ഹരികുമാർ
ഒന്നാം ദിവസം

വടക്കുനിന്നുള്ള പുഷ്പുൾ തീവണ്ടി അരമണിക്കൂർ വൈകി മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി ഒരു നടുക്കത്തോടെ നിന്നു. ഒന്നാം നമ്പർ പ്ലാറ്റുഫോമിലേയ്ക്കു പോകാനുള്ള മേൽപ്പാലത്തിന്റെ കോണിയിൽ ഇരമ്പുന്ന ജനങ്ങൾക്കിടയിൽ ഉയർത്തപ്പെടുവാൻ സ്വയം നിന്നുകൊടുക്കുമ്പോൾ നാൻസി ആലോചിച്ചു. ഒരു പുതിയ ദിവസം. സോപ്പുപൊടിയുടെ പരസ്യത്തിൽ കാണുന്ന അലക്കിത്തേച്ച പഴഞ്ചൻ വസ്ത്രം മാത്രം! കർത്താവേ ഈ ചതി എന്നോടു വേണ്ടിയിരുന്നില്ല! മലവെള്ളത്തിൽ പൊങ്ങുതടിപോലെയുള്ള യാത്ര അവസാനിച്ചപ്പോൾ ഒന്നാം നമ്പർ പ്ലാറ്റുഫോമിന്റെ പൊളിഞ്ഞ തറയിൽ വീഴാതെ രണ്ടുകാലിൽ ഇറങ്ങാൻ ശ്രമിച്ചു്, മേൽപ്പാലത്തിലെ യാത്രയിലെപ്പോഴോ ആവശ്യത്തിലധികം നീണ്ടുവന്ന കൈവിരലുകളിൽ സേഫ്റ്റിപിൻ താഴ്ത്തിയപ്പോഴുണ്ടായ ‘ആഹ്’ ശബ്ദത്തിന്റെ ഉടമസ്ഥന്റെ ചമ്മിയ മുഖത്തു നോക്കാതെ അവൾ പുറത്തു കടന്നു.

ഇത്രയും ശരി, ഇനി? നാൻസി സ്വയം ചോദിച്ചു. സ്റ്റേഷന്റെ മുമ്പിലുള്ള വിശാലതകഴിഞ്ഞു് നിരത്തിലെത്തിയപ്പോൾ വീണ്ടും യാത്രക്കാർ ഒരു പുഴയായി ഒഴുകാൻ തുടങ്ങി. ഇനി ജോസ് ജങ്ഷനിലെത്തുമ്പോഴേക്കു് തെക്കു് വടക്കെന്ന വിഭാഗീയ ചിന്തകളുമായി അവർ പിരിഞ്ഞുപോകുന്നു. സിനിമാശാലകളുടെ പേരിൽ ബസ്സ്റ്റോപ്പുകൾ അറിയപ്പെടുന്ന ഈ നഗരത്തിൽ തെക്കു് ദീപയും വടക്കു് ഷേണായീസും പത്മയുമാണു്. അവൾക്കു് തെക്കോട്ടാണു് പോകേണ്ടതു്.

നിരത്തു് മുറിച്ചു കടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ചെറുപ്പക്കാരനായ പോലീസുകാരൻ ചിരിച്ചുകൊണ്ടു് കൈ കാണിച്ചു് വാഹനങ്ങൾ നിർത്തി. എന്നും ചെയ്യാറുള്ള കാര്യമാണതു്. അവളെ കണ്ടാൽ നന്നായി ഒന്നു ചിരിക്കും, പിന്നെ കൈകാട്ടി വാഹനങ്ങൾ നിറുത്തി അവൾക്കു പോകാൻ വഴി കൊടുക്കും. അവൾക്കു മാത്രം. പിന്നിൽ വരുന്ന വയസ്സായ സ്ത്രീകൾ അവളുടെ ഒപ്പമെത്തുന്നതിനുമുമ്പു തന്നെ വാഹനങ്ങൾക്കു പോകാൻ അടയാളം കൊടുക്കുകയും ചെയ്യും. ‘വായിൽ നോക്കി!’ ചിരിച്ചുകൊണ്ടു് നടന്നകലുമ്പോൾ അവൾ മനസ്സിൽ കരുതും.

ഷോപ്പിന്റെ ചില്ലുവാതിൽ തുറന്നു് അവൾ അകത്തു കയറി. മാലതി കമ്പ്യൂട്ടറിന്റെ മുമ്പിൽ ജോലി തുടങ്ങിയിരുന്നു. തന്റെ കമ്പ്യൂട്ടറിനു മുമ്പിൽ ഭാസ്കരൻസാറിരുന്നു് ജോലിയെടുക്കുന്നുണ്ടു്. നാൻസിയെ കണ്ടപ്പോൾ അയാൾ വാച്ചുനോക്കി.

അവൾ ബാഗ് നിലത്തുവച്ചു് സാറിന്റെ പിന്നിൽ നിന്നുകൊണ്ടു് മോണിറ്ററിലേയ്ക്കു നോക്കി. എന്തോ പുതിയ ജോലി കിട്ടിയതാണു്.

‘പുതിയ ജോലിയാണോ?’

ക്ലിപ്പാർട്ടിൽ നിന്നു് ഒരു ഗ്രാഫിക് എടുക്കുന്നതിൽ ശ്രദ്ധിക്കുകയായിരുന്ന അയാൾ ഒന്നും പറഞ്ഞില്ല.

‘സാറെഴുന്നേറ്റോളൂ, ഞാൻ ചെയ്യാം.’ അവൾ പറഞ്ഞു. അയാൾ വീണ്ടും ഒന്നും പറഞ്ഞില്ല, കൈകൊണ്ടു് ഒരു മിനുറ്റ് എന്നു് ആംഗ്യം കാണിക്കുക മാത്രം ചെയ്തു.

‘ഞാൻ വൈകി വരുമ്പോൾ സാറ് വാച്ചു നോക്കണതു് എനിക്കു് തീരെ ഇഷ്ടല്ല.’ അവൾ പറഞ്ഞു.

‘ഞാനൊന്നും പറഞ്ഞില്ലല്ലോ.’

‘സാറൊന്നും പറയണ്ട! വണ്ടി വൈകി വരുന്നതിനു് ഞാനെന്തു ചെയ്യാനാ?’

ഗ്രാഫിക് ഫയലിലേയ്ക്കു് ഇമ്പോർട്ടു ചെയ്തു കഴിഞ്ഞു. ചെയ്യേണ്ട കാര്യങ്ങൾ അയാൾ അവൾക്കു പറഞ്ഞു കൊടുക്കുകയായിരുന്നു. വൈകുന്നേരത്തിനുള്ളിൽ ചെയ്തു കൊടുക്കേണ്ടതാണു്. കസ്റ്റമർ നാലുമണിക്കു് വരും.

അവൾ കമ്പൂട്ടറിനു മുമ്പിലിരുന്നു ജോലി തുടങ്ങി.

‘നീ നിന്റെ നീണ്ട നഖം കൊണ്ടു് എന്റെ കീബോർഡു നശിപ്പിക്കും.’ നാൻസിയുടെ നീണ്ട, ചുവന്ന പോളിഷിട്ട നഖങ്ങൾ നോക്കിക്കൊണ്ടു് അയാൾ പറഞ്ഞു.

‘അപ്പോൾ വേറെ കീബോർഡ് വാങ്ങണം.’ അവൾ പറഞ്ഞു.

‘നിന്റെ അപ്പൻ വാങ്ങിവെച്ചതൊന്നുമല്ല ഈ കീബോർഡ്.’

അവൾ ജോലി നിർത്തി തന്റെ ഇടതു കൈവിരലുകൾ വിടർത്തി നഖങ്ങളുടെ ഭംഗി ആസ്വദിച്ചു. തലേന്നു് ഓഫീസുവിട്ടു പോകുമ്പോൾ ഒരു ലേഡീസ് സ്റ്റോറിൽ കയറി കളർ പരിശോധിച്ചതാണു്. സേയിൽസ്മാൻ ഒരു പുതിയ പയ്യനായിരുന്നു. അഞ്ചു വിരലിലും പോളിഷിട്ട ശേഷം കൈവിടർത്തിക്കാണിച്ചു് അയാളോടു ചോദിച്ചു. ‘ഭംഗിണ്ടോ?’

അയാൾ വിവശനായിക്കൊണ്ടു് പറഞ്ഞു. ‘കുട്ടീടെ വിരലുകൾ നല്ല ഭംഗിണ്ടു്.’

‘ശരി നാളെ വാങ്ങാം കെട്ടോ?’ അവൾ ബാഗും തോളിലിട്ടു് പുറത്തു കടന്നു.

ആഴ്ചയിലൊരിക്കൽ ഓരോ ഷോപ്പിൽ കയറിയാൽ പോളിഷ് വാങ്ങാതെ കഴിക്കാം.

‘സാറിന്റെ കുഴപ്പമെന്താണെന്നോ?’ അവൾ പറഞ്ഞു. ‘ഒന്നു പറഞ്ഞു് രണ്ടാമത്തതിനു് എന്റെ അപ്പനു് വിളിക്കും.’

‘അപ്പനല്ലേ നിന്നെ എന്റെ മണ്ടയ്ക്കിട്ടു പോയതു? അല്ലെങ്കിൽ ആ പാവത്തിനെ എന്തിനു പറയണം? അയാള് ബോംബേലു് കിടന്നു കഷ്ടപ്പെട്ടു ജോലിയെടുക്കുന്നു! ഈ തെറിച്ച വിത്തിനെ കെട്ടിച്ചയക്കാൻ വേണ്ടി!’

‘അപ്പൻ അത്ര പാവൊന്നും അല്ല.’

അവൾ ജോലി തുടർന്നു. തൊട്ടടുത്തുള്ള മേശക്കരികെ മാലതി ജോലി ചെയ്യുകയാണു്. അവൾ ഒന്നും സംസാരിക്കില്ല. ചോദിച്ചതിനുള്ള മറുപടി മാത്രം വായിൽ നിന്നു വീഴും.

‘സാറെ ഞാനാരു എഞ്ചിൻ ഡ്രൈവറെപ്പറ്റി പറയാറില്ലേ?’ നാൻസി പറഞ്ഞു. ‘കാണാൻ ഭംഗിള്ള ഒരു പയ്യൻ?’

‘നീ കാണാൻ ഭംഗിയില്ലാത്ത ആരെപ്പറ്റിയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലൊ.’

‘അയാള് വീണ്ടും വന്നിട്ടുണ്ടു്. ഇന്നു് ഞാൻ വന്ന വണ്ടീലു് അയാളായിരുന്നു ഡ്രൈവറ്. ഞാൻ നടന്നു വരുമ്പോൾ അയാൾ കാത്തുനിൽപ്പുണ്ടായിരുന്നു. എന്നെ നോക്കി നല്ല ചിരി.’

‘അയാൾ എല്ലാ പെൺകുട്ടികളെ നോക്കിയും ചിരിക്കുന്നുണ്ടാവും.’ ഭാസ്കരൻ നായർ പറഞ്ഞു.

‘എല്ലാ പെൺകുട്ടികളെ നോക്കിയും ചിരിക്ക്യേ? കൊല്ലും ഞാൻ അയാളെ. വായിൽനോക്കി!’

മാലതി ചിരിക്കുകയാണു്. ഭാസ്കരൻ നായർ ചിരിക്കുന്നില്ല. കഷണ്ടി കയറിയ തലയിൽ തികച്ചും വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന അല്പം നരച്ച തലമുടി ഉഴിഞ്ഞുകൊണ്ടു് അയാൾ പറഞ്ഞു.

‘നീയാ മാറ്റർ മൂന്നു മണിക്കുള്ളിൽ തീർത്തില്ലെങ്കിൽ ഞാൻ നിന്നെയാണു് കൊല്ലുക. കസ്റ്റമർക്കതു് വൈകീട്ടു് പ്രസ്സിൽ കൊടുക്കേണ്ടതാണു്.’

‘സാറ് ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്ത്യാൽ ഞാൻ വേറെ ജോലി അന്വേഷിച്ചുപോവും.’

‘ഞാൻ അത്രയ്ക്കൊക്കെ ഭാഗ്യം ചെയ്തിട്ടുണ്ടോ?’ ഭാസ്കരൻ നായർ ചോദിച്ചു.

എന്തായാലും പ്രാണഭയം കാരണം അവൾ ജോലിയെടുക്കാൻ തുടങ്ങി.

ഭാസ്കരൻ നായർ ഷോപ്പിനുള്ളിൽ ഒരു മൂലയിൽ ഉണ്ടാക്കിയ കണ്ണാടിക്കൂട്ടിൽ പോയി ഇരുന്നു. ആ ചേമ്പർ അടുത്തുണ്ടാക്കിയതാണു്. നാൻസിയിൽനിന്നു് രക്ഷപ്പെടാനാണെന്നാണു് മാലതി പറയുന്നതു്. അതിനുള്ളിൽ അലോസരപ്പെടുത്തുന്ന ശബ്ദങ്ങൾ എത്തുന്നില്ല. വീട്ടിലിരിക്കാൻ വയ്യെന്ന കാരണം കൊണ്ടാണു് ഈ ബിസിനസ്സു തുടങ്ങിയതുതന്നെ. ഭാര്യ ഒരു പരാതിപ്പെട്ടിയാണു്. എന്തിനും വേവലാതി. അമേരിക്കയിലുള്ള മകന്റെയോ മരുമകളുടെയോ ഫോൺ വരാൻ ഒരു ദിവസം വൈകിയാൽ മതി നളിനിയുടെ വേവലാതി തുടങ്ങാൻ. പിന്നെ സ്വൈരമില്ല. മദ്രാസിലുള്ള മകളുടെ കത്തു കിട്ടിയാൽപിന്നെ ഒരാഴ്ചയ്ക്കു് അവളുടെ കഷ്ടപ്പാടുകൾ എണ്ണിപ്പെറുക്കി പറയലാണു്. ജോലിക്കാരിയില്ലാ, രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടിയുടെ മാർക്ക് കുറവാണു്, അങ്ങിനെ തുടങ്ങുന്നു വേവലാതികൾ. മകൾ അവിടെനിന്നു് ആവലാതിക്കത്തുകൾ അയക്കാനും അമ്മ അതിനൊക്കെ തുള്ളാനും. ഇതെല്ലാം കേൾക്കുന്നതിലും ഭേദം ഇവിടെ വന്നിരിക്കുകയാണു്. രണ്ടു കുട്ടികൾ. അവർ നന്നായി ജോലിയെടുക്കും. മാലതി അധികമൊന്നും സംസാരിക്കില്ല. അവളുടെ സംസാരം കൂടി നാൻസി ഏറ്റെടുത്തിരിക്കുന്നു. അവളുടെ തമാശകൾ കേട്ടുകൊണ്ടു് നേരം പോകുന്നു. രണ്ടു പേരുടെ ശമ്പളത്തിന്നും വാടകയ്ക്കുമുള്ള പണം കിട്ടും. അത്രമാത്രം. അതൊക്കെ പോരെ?

പോരാ എന്നാണു് നാൻസി പറയുന്നതു്. സാറ് ഒന്നു രണ്ടു കമ്പ്യൂട്ടർ കൂടി വാങ്ങണം, നല്ല രണ്ടു പയ്യന്മാരെ ടൈപ്സെറ്റേഴ്സായി നിയമിക്കണം എന്നു് അവൾ പറയുന്നു. ആൺപിള്ളേരില്ലാത്ത ഓഫീസ് എന്തിനു കൊള്ളും?

നാൻസിയുടെ മനസ്സിലിരിപ്പു് ഭാസ്കരൻ നായർക്കു ഉടനെ മനസ്സിലാവുന്നു. തന്റെ ഓഫീസ് നന്നാക്കാനുള്ള നാൻസിയുടെ വ്യഗ്രതയെ അദ്ദേഹം അഭിനന്ദിക്കുന്നു. അയാൾ ചോദിക്കുന്നു.

‘രണ്ടു് ആൺപിള്ളേരു തന്നെ വേണമല്ലേ?’

‘അതേ, ഇവിടെ ഞങ്ങൾ രണ്ടു് പെൺപിള്ളേരല്ലേ ഉള്ളതു?’

‘ഒരാളെ വെക്കാം. പിന്നെ ഞാനൊരുത്തനില്ലേ ആണായിട്ടു്?’

‘സാറ്…’ അവൾ നിർത്തി. പിന്നെ ഭാസ്കരൻ നായരുടെ കഷണ്ടി കയറിയ തലയിലും മുഖത്തും നോക്കിക്കൊണ്ടു് പറഞ്ഞു.

‘അതു് മാലതീടെ ഇഷ്ടം.’

അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.

രണ്ടാം ദിവസം

രാവിലെ ഉണർന്നപ്പോൾ നാൻസി ആലോചിച്ചു. മറ്റൊരു ദിവസംകൂടി തന്റെ മണ്ടയിലിട്ടിരിക്കുന്നു. ദൈവമേ, അതിന്റെ ആവശ്യമുണ്ടായിരുന്നോ. വെറും സാധാരണ ദിവസം. ഇതുകൊണ്ടു് ഞാനെന്തു ചെയ്യാനാണു്? എഴുന്നേൽക്കണം, പല്ലു തേക്കണം, കുളിക്കണം. മേൽക്കുളി മാത്രമേയുള്ളൂ. തല കഴുകുന്നതു് വൈകുന്നേരമാണു്. രാവിലെ തലകുളിച്ചാൽ മുടി ഉണങ്ങിക്കിട്ടില്ല. ചേച്ചിയുടെ കയ്യിൽ ഡ്രൈയറുണ്ടു്. കഴിഞ്ഞ പ്രാവശ്യം ഭർത്താവു് ദുബായിൽനിന്നു ലീവിൽ വന്നപ്പോൾ കൊണ്ടുവന്നതാണു്. അതു് ചേച്ചിതന്നെ ഉപയോഗിക്കാതെ അമൂല്യനിധിയായി അലമാറിയിൽ വച്ചിരിക്കയാണു്. പുറപ്പെട്ടു്, ചേച്ചിയുണ്ടാക്കിയ പുട്ടും കടലയും… പുട്ടും കടലയും! ദൈവമേ എന്നെങ്കിലും കുറച്ചുകൂടി തിന്നാൻ കൊള്ളാവുന്ന സാധനങ്ങളുണ്ടാക്കാൻ ചേച്ചിയെക്കൊണ്ടു് തോന്നിക്കണമേ!

സ്വർണ്ണബക്കിളുകളുള്ള തോൽസഞ്ചി തോളിലിട്ടു് അവൾ വാതിൽ തുറന്നു. മുട്ടുകുത്തി ഇരുന്നുകൊണ്ടു്, മുമ്പിൽ പ്രതീക്ഷകളോടെ നിൽക്കുന്ന നെൽസനെ അടുത്തു പിടിച്ചു. അവന്റെ മുഖം നിറയെ ഐസ്ക്രീം പരന്നിരിക്കുന്നു. ഉമ്മ കൊടുക്കാൻ ഒരു പഴുതിനുവേണ്ടി അവൾ പരതി. ഇല്ല ഒരിഞ്ചു പഴുതില്ല.

‘എന്തിനാ ചേച്ചീ ഈ കൊച്ചിനു് രാവിലെത്തന്നെ ഐസ്ക്രീം കൊടുത്തതു?’

‘ഓ, ഞാൻ കൊടുത്തിട്ടു് വേണല്ലോ അവനു്?’

കാര്യം ശരിയാണു്. അവൻ തന്നെ ഫ്രിജ്ജ് തുറന്നു് മുമ്പിൽ ഒന്നോ രണ്ടോ ഡബ്ബകൾ വച്ചു് അതിനുമുകളിൽ കയറി ഫ്രീസറെന്ന സ്വർഗ്ഗത്തിലെത്തുന്നു. പിന്നെ കയ്യിട്ടു മാന്തലാണു്.

‘ഞാനെങ്ങനാ ഇതിനൊരുമ്മ കൊടുക്ക്വാ?’

അന്വേഷണം നിർത്തി, അവസാനം ഒരുമ്മ അവന്റെ മുഖത്തേയ്ക്കു് കാറ്റിൽ പറത്തി കാര്യം കഴിച്ചു് അവൾ പുറത്തേയ്ക്കിറങ്ങി.

പ്ലാറ്റ്ഫോമിൽ കടന്നപ്പോഴാണു് ഒരു വണ്ടി വരുന്നതു് കണ്ടതു്. വൈകിയോടുന്ന ഏതെങ്കിലും വണ്ടിയായിരിക്കും. അതിൽ കയറാം ആലുവാ എത്തുമ്പോഴേയ്ക്കു് സീറ്റു കിട്ടാതിരിക്കില്ല. അല്ലെങ്കിൽ വേണ്ട. തന്റെ സ്ഥിരം പുഷ്പുൾ തന്നെ വരട്ടേ. അതിൽ അവൾക്കു് പ്രതീക്ഷിക്കാൻ ചിലതൊക്കെയുണ്ടു്. മൂന്നു മാസമായി നഷ്ടപ്പെട്ട ചിലതു്. ഒരു നോട്ടം മാത്രമായിരിക്കാം. അതു മതി. ആ നോട്ടം അവളെ ഒരു ദിവസം മുഴുവൻ കൊണ്ടു നടക്കുന്നു.

പുഷ്പുൾ പ്രസരിപ്പോടെ പ്ലാറ്റ്ഫോമിലെത്തിച്ചേർന്നു. എഞ്ചിൻറൂമിൽനിന്നു് പുറത്തേക്കു പറന്നു വന്ന ചിരി തിരിച്ചുകൊടുത്തു് അവൾ വേഗം തൊട്ടടുത്തുള്ള കമ്പാർട്ടുമെന്റിൽ കയറി. അവളുടെ ഗാങ്ങ് അവൾക്കായി കരുതിവച്ച സീറ്റിൽ അമർന്നിരുന്നപ്പോൾ അവൾ ആലോചിച്ചു. ഞാൻ വീണ്ടും പ്രണയത്തിന്റെ നറുമണം പൊഴിക്കുന്ന പൂന്തോട്ടത്തിലെത്തിച്ചേർന്നിരിക്കുന്നു. ഇത്രയും കടുപ്പമുള്ള വാക്കുകൾ മനസ്സിൽ വന്നതിൽ അവൾക്കു് സ്വയം മതിപ്പുതോന്നി. എഞ്ചിൻറൂമിലെ സുന്ദരമുഖം തല്ക്കാലം മനസ്സിൽ നിന്നു് തുടച്ചുമാറ്റി കൂട്ടുകാരികളുമായി സംസാരിക്കാൻ തുടങ്ങി. വണ്ടി നീങ്ങിയപ്പോൾ അവർ നിർത്തിവച്ച അന്താക്ഷരി വീണ്ടും തുടങ്ങി. അതങ്ങിനെയാണു്. സ്റ്റേഷനിൽ വണ്ടി നിന്നാൽ കളി നിർത്തും, പുറപ്പെട്ടാൽ നിന്നിടത്തു നിന്നുതന്നെ തുടങ്ങും. അതിന്റെ കണിശം നാൻസിയെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടു്. ഒരിക്കലെങ്കിലും പറഞ്ഞുനിർത്തിയ പാട്ടു് മറന്നുപോവുകയോ അടുത്തു പാടാനുള്ള പാട്ടിന്റെ ഈരടികൾ നാവിൽ വരാതിരിക്കയോ ചെയ്യില്ല. സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോഴുണ്ടാവുന്ന വിരസത അവർ മനസ്സിന്റെ തൽക്കാല സ്റ്റോർ റൂമിൽ, ഓർമ്മയിൽ നിന്നെടുത്ത പാട്ടുകൾ നിറക്കുക വഴി ഇല്ലാതാക്കുന്നു. അതുകൊണ്ടു് ഒരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവർ ടാങ്കു നിറയെ പെട്രോളടിച്ച വണ്ടിപോലെ ഇരമ്പുന്നു.

തനിക്കു് മത്സരിക്കാൻ കഴിയില്ലെന്നു് നാൻസിക്കറിയാം. പാട്ടുകൾ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല. അവ ഓർമ്മയിൽ വരില്ല. മനസ്സിൽ മറ്റു പ്രധാനപ്പെട്ട കാര്യങ്ങളാണു്. രണ്ടു ദിവസം തുടർച്ചയായി കണ്ടിരുന്ന ഒരാളെ മൂന്നാം ദിവസം കാണാതിരുന്നാൽ അതിനുള്ള കാരണങ്ങൾ അന്വേഷിക്കണം. ലേഡീസ് സ്റ്റോറുകളിലെ സേയിൽസ്മാൻമാർ നല്ല ജോലികിട്ടി പോയാലുണ്ടാകുന്ന വിടവു് നികത്തണം. ഇതിനൊക്കെയിടയിൽ പാട്ടുകളോർത്തിരിക്കാൻ വിഷമമാണു്. അവൾ സിനിമ കണ്ടിരുന്നതു് പുതിയ ചൂരിദാറുകളുടെയും മാലകളുടെയും ഫാഷൻ അറിയാനായിരുന്നു. പിന്നെ നായകന്മാരെ കാണാനും. പാട്ടുകൾ അവളിൽ വലിയൊരു മതിപ്പു് ഉണ്ടാക്കിയിരുന്നില്ല.

തോൽവിയുടെ ചീത്ത ചുവയും വായിൽപേറി അവൾ കമ്പാർട്ടുമെന്റിൽനിന്നു പുറത്തുകടന്നു. സ്നേഹിതകൾ കമ്പാർട്ടുമെന്റിനുള്ളിൽ മാത്രമായിരുന്നു. പുറത്തു് അവൾ ഒറ്റയ്ക്കു നടക്കാൻ ഇഷ്ടപ്പെട്ടു. അവളുടെ സ്വകാര്യതയിൽ കൈകടത്താൻ അവളാരെയും അനുവദിച്ചില്ല. നടുറോട്ടിലായിരുന്നു അവളുടെ സ്വകാര്യതയെന്നതു് വേറെ കാര്യം. അവൾ പാലത്തിനു മീതെ പോകാതെ വണ്ടിയുടെ മുന്നിലേയ്ക്കു പ്ലാറ്റുഫോമിലൂടെ നടന്നു. ഡ്രൈവർ ചിരിക്കുകയാണു്. അയാളുടെ നോട്ടത്തിൽ ചോദ്യമുണ്ടു്. എന്താണു് പാലത്തിന്മേൽ കയറാതെ പാളങ്ങൾ മുറിച്ചു കടക്കുന്നതെന്ന ചോദ്യം. അവൾക്കും ചോദ്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു മാസക്കാലം എവിടെയായിരുന്നു? ചോദിക്കാത്ത ചോദ്യങ്ങൾ മനസ്സിൽ കിടന്നു് വിങ്ങിയപ്പോൾ അവൾക്കു് ദ്വേഷ്യം പിടിച്ചു. അവൾ ഒന്നും പറയാതെ തലവെട്ടിച്ചു നടന്നു റെയിൽപാളങ്ങൾ മുറിച്ചുകടക്കാൻ തുടങ്ങി. വിലങ്ങനെയിട്ട രണ്ടു വണ്ടികളിൽ കയറിയിറങ്ങിയതു ലാഭം. ദിവസത്തിന്റെ ലാഭനഷ്ടക്കണക്കുകളുടെ പേജിൽ അതു കുറിച്ചിട്ടുകൊണ്ടു് അവൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി.

ഷോപ്പിൽ മാലതി കമ്പ്യൂട്ടറിനു മുമ്പിൽ ജോലി തുടങ്ങിയിരുന്നു. ചേമ്പറിൽ, മുകളിൽ നിന്നുള്ള സ്പോട്ട്ലൈറ്റ് ഭാസ്കരൻ നായരുടെ കഷണ്ടിത്തലയിൽ ഒരു നിലവിളക്കു കൊളുത്തിവച്ച പ്രതീതിയുണ്ടാക്കി. ആദ്യമുണ്ടായ വികാരം മുമ്പിൽ പോയി ഒരു ശ്രീകോവിലിലെന്ന പോലെ തൊഴാനാണു്. അവൾ പള്ളിയിൽ പോകുന്ന പോലെത്തന്നെ അമ്പലത്തിലും പോയിരുന്നു. ചേച്ചി അവളെ ശാസിക്കാറുണ്ടു്. നമ്മുടെ മതത്തിനു് പറ്റിയതല്ല അമ്പലത്തിൽ പോക്കും മറ്റും. നമുക്കു് നമ്മുടെ വിശ്വാസങ്ങൾ, അവർക്കു് അവരുടേതും. നാൻസി പക്ഷേ, കൂടുതൽ ചിന്തിച്ചിരുന്നു. ദൈവമുണ്ടോ ഇല്ലയോ എന്നവൾക്കു നിശ്ചയമില്ല. ചില കാര്യങ്ങൾ കാണുമ്പോൾ തോന്നും ദൈവമില്ല എന്നു്. ഉദാഹരണമായി മോഹൻലാലിന്റെ പുതിയ സിനിമ കാണാൻ ആർത്തി പിടിച്ചു് പോകുമ്പോൾ ടിക്കറ്റ് കിട്ടാതിരിക്കുക, ബോസ് പുറത്തുപോയ തക്കം നോക്കി ആൺപിള്ളേരെ ആരെയെങ്കിലും ഫോണിൽ വിളിച്ചു കൊണ്ടിരിക്കെ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു പറയുന്ന നിർണ്ണായകഘട്ടത്തിൽ അദ്ദേഹം തിരിച്ചു വരിക തുടങ്ങിയ ദുരന്തങ്ങൾ വരുമ്പോൾ അവൾക്കു തോന്നും ദൈവമില്ല എന്നു്. എങ്കിലും ഒരു റിസ്ക് എടുക്കാൻ അവൾ ശ്രമിച്ചില്ല. ദൈവമില്ലെങ്കിൽ കുഴപ്പമില്ല. പക്ഷേ, ഉണ്ടെങ്കിലോ? ഉണ്ടെങ്കിൽ അതു് പള്ളിയിലെന്നപോലെ അമ്പലങ്ങളിലും ഉണ്ടാവാനാണു് സാധ്യത. ഇതു് മുൻകൂട്ടിക്കണ്ടു് അവൾ അമ്പലത്തിലും പോയി. മാത്രമല്ല ചെറുപ്പക്കാരനും സുമുഖനുമായ ശാന്തിക്കാരന്റെ അർദ്ധനഗ്നദേഹം അവൾക്കിഷ്ടമായിരുന്നു. വെളുത്തു് വിരിഞ്ഞ മാറിൽ നിറയെ രോമങ്ങൾ. ആകെ പുതച്ചുമൂടിയ പള്ളീലച്ചന്റെ ദേഹവുമായി അവൾ താരതമ്യപ്പെടുത്തും. പള്ളീലച്ചനും ചെറുപ്പക്കാരനും സുമുഖനും തന്നെയാണു്. പക്ഷേ, വസ്ത്രധാരണത്തിലുള്ള വ്യത്യാസം ശാന്തിക്കാരനു് ഒരു മാർക്ക് കൂട്ടിക്കൊടുത്തു. പ്രസാദം തരുമ്പോൾ ശാന്തിക്കാരന്റെ കണ്ണുകൾ അവളുടെ ദേഹം ആരാധനയാൽ ഉഴിഞ്ഞു് അസ്വാസ്ഥ്യമുണ്ടാക്കുമ്പോൾ അവൾ അതേ കർമ്മം കൊണ്ടു് ശാന്തിക്കാരനെയും വിഷമിപ്പിച്ചു. അമ്പലത്തിൽനിന്നു പുറത്തു കടക്കുമ്പോൾ ലാഭനഷ്ടക്കണക്കു് തുല്യമായിരിക്കും.

‘ഇന്നെന്താ സമയത്തിനു തന്നെ എത്തിയിട്ടുണ്ടല്ലോ?’ ഭാസ്കരൻ നായർ വിളിച്ചു പറഞ്ഞു.

‘അദ്ഭുതങ്ങൾ സംഭവിക്കാം അല്ലേ?’

‘ഞാനല്ലെങ്കിലേ ദ്വേഷ്യം പിടിച്ചിട്ടാ വരുന്നതു്.’ നാൻസി പറഞ്ഞു. ‘ഇനി സാറും എന്നെ ദ്വേഷ്യം പിടിപ്പിക്കണ്ട.’

‘എന്തു പറ്റീ മോളെ?’ അയാൾ ചേമ്പറിനു പുറത്തു കടന്നുകൊണ്ടു് ചോദിച്ചു.

‘ഒന്നുമില്ല.’

‘ഇന്നു് എഞ്ചിൻ ഡ്രൈവർ നിന്നെ നോക്കി ചിരിച്ചില്ലേ?’

‘ചിരിച്ചു. അതാണു് എനിക്കു് ദ്വേഷ്യം പിടിക്കാൻ കാരണം.’

ഭാസ്കരൻ നായർ ആശയക്കുഴപ്പത്തിലായി. ഒരു ചെറുപ്പക്കാരൻ നോക്കി ചിരിച്ചില്ലെങ്കിൽ മാത്രം ദ്വേഷ്യം പിടിക്കുന്ന ആളാണു് മുമ്പിൽ നിൽക്കുന്നതു? അപ്പോൾ കുഴപ്പം മറ്റെന്തോ ആണു്. അയാൾ നാൻസിക്കു് ചെയ്യാനുള്ള ജോലി ഏൽപ്പിച്ചു കൊടുത്തു, തന്റെ ചേമ്പറിൽ പോയി. മകന്റെ കത്തുണ്ടു്. ‘അച്ഛൻ ഇന്റനെറ്റെടുക്കു. ഞാൻ ഇ-മെയിലിൽ ദിവസവും ബന്ധപ്പെടാം. ഒരു ലോക്കൽ കാളിന്റെ ചിലവിൽ എനിക്കു് അമേരിക്കയിൽനിന്നു് ഇ-മെയിൽ അയക്കാം. എത്ര ചിലവു വരുമെന്നു് അറിയിക്കൂ, ഞാൻ ചെക്കയച്ചുതരാം.’

അവനു് വട്ടാണു്!

മൂന്നാം ദിവസം

മൂന്നാം ദിവസം? ഡയറിയിൽനിന്നു് പെന്നെടുക്കാതെ അവൾ ആലോചിച്ചു. ഇതെന്താണു് വല്ല ആട്ടക്കഥയോ മറ്റോ ആണോ? സ്ഥലത്തെ കഥകളിക്ലബ്ബുകാർ ടൈപ്സെറ്റുചെയ്യാൻ കൊണ്ടുവരുന്ന നോട്ടീസുകളുടെ ഉള്ളടക്കം വായിച്ചു് നാൻസി ഒരു കഥകളി വിദഗ്ദ്ധയായിരുന്നു. നളചരിതം രണ്ടാം ദിവസം, അല്ലെങ്കിൽ മൂന്നാം ദിവസം. നോട്ടീസ് ടൈപ്പുചെയ്യാൻ കൊണ്ടുവന്നിരുന്നതു് വലിയ കണ്ണുകൾക്കുചുറ്റും കണ്ണെഴുതിയപോലെ പാടുള്ള ശിശുവിന്റെ മുഖമുള്ള ഒരാളായിരുന്നു. അയാളെ നാൻസി ആദ്യത്തെ തവണതന്നെ ഒരുതരത്തിലുള്ള ത്യാഗബോധവും നഷ്ടബോധവുമില്ലാതെ മാലതിയ്ക്കു വിട്ടുകൊടുത്തിരുന്നു. അവൾ നോട്ടീസ് ടൈപ് ചെയ്യുമ്പോൾ കഥകളിക്കാരൻ മാലതിയുമായി സംസാരിച്ചു. അതു കേട്ടുകൊണ്ടാണു് കത്തി, താടി മുതലായ വേഷങ്ങളിൽ നാൻസിക്കു് അവഗാഹമുണ്ടായതു്. അയാൾ പോയിക്കഴിഞ്ഞാൽ നാൻസി പറയും. ‘അയാൾ ഒരഞ്ചു മിനിറ്റ് അടുത്തിരുന്നാൽ എന്റെ മുല ചുരക്കും.’

നാൻസി പെട്ടെന്നു് തിരിച്ചുവന്നു. ഡയറി എഴുതാനാണു് ഒരുമ്പെട്ടതു്. രാവിലെ വണ്ടിയിറങ്ങി മേൽപ്പാലത്തിലേയ്ക്കു കയറാതെ പ്ലാറ്റുഫോമിന്റെ അറ്റത്തേയ്ക്കു ശുഭാപ്തിവിശ്വാസത്തോടെ നടക്കുമ്പോഴാണതുണ്ടായതു്. എഞ്ചിൻറൂമിൽനിന്നു് അയാളുടെ വക ചില ആട്ടങ്ങൾ. കൈവിരൽകൊണ്ടു് മുദ്രകൾ. മുഖത്തു് ഭാവാഭിനയം. കഥകളിയിൽ അത്രതന്നെ പാണ്ഡിത്യമില്ലാത്തതുകൊണ്ടു് അവൾക്കു് കാര്യം പിടികിട്ടാൻ ഷോപ്പിൽചെന്നു് മാലതിയുമായി കുറച്ചുനേരം ആലോചിക്കേണ്ടി വന്നു.

അയാൾ ആദ്യം വാച്ച് തൊട്ടുകാണിച്ചു. പിന്നെ അഞ്ചു വിരലുകളും വിടർത്തിക്കാണിച്ചു. അതുകഴിഞ്ഞു് ഒന്നാം നമ്പർ പ്ലാറ്റുഫോമിലേയ്ക്കു് ചൂണ്ടിക്കാട്ടി ഒരു വിരൽ മാത്രം കാണിച്ചു. പിന്നെ അയാളെയും നാൻസിയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഭിനയവും. ഇതെന്തുകാര്യമാണെന്ന മട്ടിൽ അവൾ വാപൊളിച്ചു നിന്നു. എന്തോ വലിയ കാര്യമായിരിക്കും പറയുന്നതു്, പക്ഷേ, മനസ്സിലാവണ്ടേ? താൻ ആയിരക്കണക്കിനു് യാത്രക്കാരുടെ ഇടയിൽ പ്ലാറ്റുഫോമിനു നടുവിലാണു് വാപൊളിച്ചു് നിൽക്കുന്നതു് എന്നു മനസ്സിലായപ്പോൾ അവൾ വായ അടച്ചു് കിഴിഞ്ഞുപോയ ഷോൾ തോളിലേയ്ക്കുതന്നെ തിരിച്ചിട്ടു് നടന്നു നീങ്ങി.

ഈ കാര്യം പറഞ്ഞപ്പോൾ മാലതി കുറച്ചു നേരം ആലോചിച്ചു. കഥകളിക്കാരനുമായുള്ള നിരന്തര സംസർഗ്ഗം അവളെ സഹായിച്ചു. വാച്ചുതൊട്ടു കാണിച്ച മുദ്ര സമയത്തെ സൂചിപ്പിക്കാനായിരിക്കുമെന്നു് അവൾ സംശയം പറഞ്ഞു. തൊട്ടുതന്നെ അഞ്ചു വിരലുകൾ വിടർത്തിക്കാണിച്ചതു് അഞ്ചുമണി എന്നു സൂചിപ്പിക്കാനായിരിക്കും. അതായതു് അഞ്ചുമണിനേരത്തു് എന്നർത്ഥം. നാൻസി മാലതിയെ ആദരവോടെ അഭിനന്ദനങ്ങളോടെ വീക്ഷിച്ചു, തുടർന്നുള്ള മുദ്രകളേയും വിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. മാലതി തുടർന്നു.

‘ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനു നേരെ ചൂണ്ടി ഒരു വിരൽ കാണിച്ചതു് ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ എന്നു പറയാനായിരിക്കണം. അതു കഴിഞ്ഞു് നിന്നെയും അയാളെയും ബന്ധിപ്പിച്ചു നടത്തിയ മുദ്ര എന്തിന്റേതായിരിക്കണം?’

‘ആഹ്, ആർക്കറിയാം?’

‘അയാള് കണ്ണുതൊട്ടു് കാണിച്ചുവോ?’

‘ഇല്ലാ.’

‘കണ്ണുതൊട്ടു കാണിക്ക്യാണെങ്കിലു് അയാൾക്കു് നിന്നെ കാണണംന്നു് പറയ്യാണു്.’

ഭാസ്കരൻ നായർ ചേമ്പറിൽനിന്നു് വന്നു് മാലതിയുടെ തൊട്ടു പിന്നിലായി നിന്നതു് അപ്പോഴാണു് നാൻസി കണ്ടതു്.

‘ദൈവമേ!’

അയാൾ അവിടെ നിൽക്കാൻ തുടങ്ങിയിട്ടു് കുറച്ചുനേരമായെന്നു തോന്നുന്നു. മുദ്രകൾ വിവർത്തനം ചെയ്യിക്കുന്ന അദ്ധ്വാനത്തിൽ നാൻസി അതു ശ്രദ്ധിച്ചില്ല. അവൾ പെട്ടെന്നു് കീബോർഡിലേയ്ക്കു തിരിഞ്ഞു് ടൈപ്പുചെയ്യാൻ തുടങ്ങി. ഭീഷണി തൊട്ട പിന്നിൽ വന്നുനിൽക്കുന്നതു് കണ്ടിട്ടില്ലാത്തതുകൊണ്ടു് മാലതി തുടർന്നു.

‘നീയൊരു കാര്യം ചെയ്യ്, അഞ്ചുമണിക്കു് ഒന്നു പോയിനോക്കു്. നിന്റെ വണ്ടീടെ സമയാണല്ലോ. എന്താണയാൾ പറേണത്ന്നു് നോക്കാലോ?’

നാൻസി ധൃതിയിൽ ടൈപ്പുചെയ്യുകയാണു്. എങ്ങുമില്ലാത്ത ധൃതി. പെട്ടെന്നവൾക്കു് വിഷയത്തിൽ ഒട്ടും താല്പര്യമില്ലാത്ത പോലെ. അപ്പോഴാണു് മാലതി ഭാസ്കരൻ നായരെ കാണുന്നതു്.

‘ദൈവമേ!’

അരമണിക്കൂറായി ഭാസ്കരൻ നായർ സംസാരിക്കുകയായിരുന്നു. നാൻസി കണക്കാക്കി. ശരിക്കും അര മണിക്കൂർ സമയം തനിക്കുവേണ്ടി അദ്ദേഹം പാഴാക്കിയിരിക്കുന്നു. നാലേകാൽ തൊട്ടു് നാലേമുക്കാൽ വരെ. മനുഷ്യന്റെ സ്വഭാവം രൂപീകരിക്കുന്നതിനെപ്പറ്റിയായിരുന്നു പ്രസംഗം. ഒരിക്കലും ഒരെഞ്ചിൻ ഡ്രൈവറെ സ്നേഹിക്കരുതു്. അദ്ദേഹം പറഞ്ഞു. അവരുടെ ജീവിതം ചക്രങ്ങളുടെ മേലാണു്. ഉരുളുന്ന ചക്രങ്ങൾക്കു് അധികനേരം ഒരിടത്തും ഉറച്ചു നിൽക്കാനാവില്ല. കാലക്രമത്തിൽ അതിനുമേലെ സഞ്ചരിക്കുന്ന മനുഷ്യർക്കും ആ സ്വഭാവം വന്നുചേരുന്നു. അവരുടെ രക്തത്തിൽ, മജ്ജയിൽ ഉരുളുന്ന ചക്രങ്ങൾ സ്ഥാനം പിടിക്കുന്നു. പിന്നെ വേറൊരു കാര്യമുള്ളതു് അവർ ഓടുന്നതു് വളവില്ലാത്ത നെടുങ്കൻ പാളങ്ങളിലാണെന്നതാണു്. ഒരു ട്രാക്കിൽ മാത്രം ചിന്തിക്കാൻ അതവരെ പ്രേരിപ്പിക്കുന്നു. അതായതു് അവരുടെ കാര്യം മാത്രം. നീ പിന്നീടു് ഖേദിക്കും.

പ്രസംഗം കഴിഞ്ഞപ്പോൾ സമയം നാലേമുക്കാലായിരിക്കുന്നു. അവൾ നന്ദി പറഞ്ഞു് പുറപ്പെടാൻ കുളിമുറിയിലേയ്ക്കുപോയി. നിർണ്ണായകമായ ആ അഞ്ചുമിനിറ്റിനു ശേഷം സുന്ദരിയായി പുറത്തു വന്ന അവൾ സ്റ്റേഷനിലേയ്ക്കു നടന്നു. അവിടെ ഒന്നാം നമ്പർ പ്ലാറ്റുഫോമിലേയ്ക്കു പ്രവേശിക്കുന്നിടത്തു് അയാൾ നിൽക്കുന്നുണ്ടായിരുന്നു. എഞ്ചിൻ ഡ്രൈവർ!

നാലാം ദിവസം

ഇതൊരു പൈങ്കിളിക്കഥയാക്കാൻ എനിക്കു് താല്പര്യമില്ല. നാൻസി സ്വയം പറഞ്ഞു. ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ദിവസഫലത്തേക്കുറിച്ചു് ചിന്തിച്ചു. പാഴായ മറ്റൊരു ദിവസം മാത്രം. എഞ്ചിൻ ഡ്രൈവറുടെ പരതുന്ന കണ്ണുകൾ അവൾ ദൂരെനിന്നു തന്നെ കണ്ടതാണു്. അയാൾ നാൻസിയെ കണ്ടിട്ടില്ലെന്നു തീർച്ചയാണു്. മൂന്നോ നാലോ വണ്ടികൾ ഒരു മണിക്കൂറിന്റെ കാലയളവിൽ പുറപ്പെടുന്നുണ്ടു്. അതുകൊണ്ടു് വൈകുന്നേരമായാൽ സ്റ്റേഷൻ പരിസരം പെരുന്നാൾ ദിവസത്തെ പള്ളിയങ്കണം പോലെയാണു്. ആ തിരക്കിൽ ഒരാളെ കണ്ടുപിടിക്കുക എളുപ്പമല്ല. അയാൾ വിശാലമായ കവാടത്തിനു മുമ്പിൽത്തന്നെയാണു് നിന്നിരുന്നതു് തന്നെ കണ്ടുപിടിക്കാൻ കാമുകിക്കു് പ്രയാസം വേണ്ടെന്നു കരുതിയായിരിക്കും. മാലതിയുടെ വിവർത്തനം ശരിതന്നെയാണു്. അഞ്ചുമണിക്കു് ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ കാണണമെന്നു തന്നെയാണു് അയാൾ ഉദ്ദേശിച്ചതു്. അവൾ പെട്ടെന്നു് ഗതി മാറ്റി വലത്തു വശത്തേയ്ക്കു നടന്നു, ക്ലോക്റൂമിന്റെ കവാടത്തിലൂടെ പ്ലാറ്റുഫോമിലേയ്ക്കു കയറി മുമ്പിൽ കണ്ട വണ്ടിയിൽത്തന്നെ പൊത്തിപ്പിടിച്ചു കയറി. ഗാർഡ് പച്ചക്കൊടി വീശുന്നുണ്ടായിരുന്നു. വണ്ടി നീങ്ങി. അകത്തു കടന്നപ്പോഴാണു് വണ്ടി ഏതാണെന്നു് അന്വേഷിക്കുന്നതായിരിക്കും ബുദ്ധിയെന്നു് ഓർത്തതു്. മുമ്പിൽത്തന്നെ നിൽക്കുന്ന മനുഷ്യനോടു ചോദിച്ചപ്പോൾ മറുപടികിട്ടി. ‘വേണാടു് എക്സ്പ്രസ്സ്.’

‘കർത്താവേ, തിരുവനന്തപുരത്തേയ്ക്കു പോകുന്ന വണ്ടി!’

അവൾ ചാടിയിറങ്ങി. ഇറങ്ങിയെന്നു പറയുന്നതു ശരിയാവില്ല. താഴേയ്ക്കു വീണു എന്നു പറയുന്നതായിരിക്കും ഭംഗി. ശരിക്കും തലകുത്തി നല്ല സ്റ്റൈലിൽ ‘ഇതാ ഞാൻ പോകുന്നു’ എന്നു പറയാനുള്ള സാവകാശത്തിൽ അവൾ പ്ലാറ്റുഫോമിലേയ്ക്കു വീണു. സ്ലോമോഷനിൽ വീണുകൊണ്ടിരിക്കേ തൊട്ടടുത്തുള്ള ഭാവി അവൾ മനസ്സിൽ കണ്ടു. സ്റ്റ്രെച്ചർ, ആംബുലൻസ്, ഗ്ലാമറോടെ ആശുപത്രിയിലേയ്ക്കുള്ള യാത്ര.

മനസ്സിലെ സ്വപ്നങ്ങളെയെല്ലാം തകർത്തുകൊണ്ടു് അവൾ വീണതു് ബലിഷ്ഠങ്ങളായ രണ്ടു കൈകളിലേയ്ക്കായിരുന്നു. അവൾ കണ്ണുതുറന്നു് ആ കൈകളുടെ ഉടമയുടെ മുഖത്തേയ്ക്കു നോക്കി. അതു് ആ എഞ്ചിൻ ഡൈവറായിരുന്നു.

‘ഓ, നിങ്ങളാണോ?’ അവൾ അല്പം നിരാശയോടെ ചോദിച്ചു.

‘മമ്മൂട്ടിയെയോ മോഹൻലാലിനെയോ പ്രതീക്ഷിച്ചതു?’

അവളെ നിലത്തിറക്കിവയ്ക്കാൻ അയാൾ ധൃതിയൊന്നും കാണിച്ചില്ല.

‘എന്നെ നിലത്തിറക്കിവച്ചാൽ എനിക്കു് അടുത്ത വണ്ടിക്കു പോകാമായിരുന്നു.’

‘എന്താണു് ധൃതി?’

അയാൾ അവളെ ഒന്നുകൂടി അടുപ്പിച്ചു പിടിച്ചു. ചുറ്റും ആളുകൾ കൂടിയിരുന്നു. യൂനിഫോമിട്ട സ്റ്റേഷൻ മാസ്റ്റർ ഓടിവന്നു ചോദിച്ചു.

‘ഒന്നും പറ്റിയിട്ടില്ലല്ലോ?’

‘ആർക്കു് സാർ, എനിക്കോ?’ അവളെ നിലത്തിറക്കിവച്ചുകൊണ്ടു് അയാൾ ചോദിച്ചു.

അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. ഒരഞ്ചു മിനുറ്റെങ്കിലും വേണ്ടിവരും തനിക്കു് മര്യാദയ്ക്കു് നടന്നുപോകാനെന്നു് അവൾക്കു മനസ്സിലായി.

‘രാജൻ ഒരു കാര്യം ചെയ്യൂ,’ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ‘ഈ കുട്ടിയ്ക്കു് ഒരു ചായ വാങ്ങിക്കൊടുക്കു. ആള് ആകെ ഷോക്കിലാണു്.’

‘ശരി സാർ.’ അയാൾ നാൻസിയെ നോക്കി പറഞ്ഞു. ‘വരൂ.’

ആരോ അവളുടെ ബാഗ് നിലത്തുനിന്നു് എടുത്തു കൊടുത്തിരുന്നു. അതുമായി അയാളുടെ പിന്നിൽ നടക്കുമ്പോൾ അവൾ ആലോചിച്ചു. ആദ്യ റൗണ്ടിൽ വിജയം അയാൾ തട്ടിയെടുത്തിരിക്കുന്നു. വരട്ടെ ഇനിയുമുണ്ടല്ലോ റൗണ്ടുകൾ!

‘ആത്മഹത്യ ചെയ്യാൻ വേറെ എന്തൊക്കെ വഴികളുണ്ടു്?’ രണ്ടു കപ്പുകളിൽ ചായയുമായി വന്നു് അവൾക്കെതിരായി ഇരുന്നുകൊണ്ടു് അയാൾ ചോദിച്ചു. ‘അതിൽ ഇപ്പോൾ ചെയ്തതു തെരഞ്ഞെടുക്കാനെന്തെങ്കിലും കാരണം?’

‘നിങ്ങളെങ്ങിനെയാണു് ഇവിടെയെത്തിയതു?’ അവൾ ചോദിച്ചു.

‘എന്നുവച്ചാൽ?’

‘നിങ്ങൾ സ്റ്റേഷനു പുറത്താണല്ലോ നിന്നിരുന്നതു്.’

‘അപ്പോൾ എന്നെ ഒഴിവാക്കാനായിരുന്നു ക്ലോക്റൂമിലൂടെ മുങ്ങിയതു് അല്ലേ?’

‘നിങ്ങൾ ബുദ്ധിമാനാണു്. ശരിയായിട്ടുള്ള ഊഹം. ഫുൾ മാർക്ക് തരുന്നു.’

‘ഇതു് ആദ്യം അറിഞ്ഞിരുന്നെങ്കിൽ താങ്ങുന്നതിനു പകരം കാലുകൊണ്ടു് ട്രാക്കിലേക്കു് ഭംഗിയായി ഒരു തട്ടു വെച്ചുകൊടുത്തേനെ?’

‘ദുഷ്ടാ!’

‘തിന്നാനെന്തെങ്കിലും കൊണ്ടുവരട്ടേ? വട?’

അവൾ ലാഭനഷ്ടക്കണക്കെടുക്കുകയായിരുന്നു. ഈ മനുഷ്യനെ വെട്ടിച്ചുപോവാൻ നോക്കിയതിന്റെ ഫലമാണു് താൻ ഇപ്പോൾ അനുഭവിക്കുന്നതു്. അപ്പോൾ നഷ്ടം നികത്താൻ എന്തെങ്കിലും തട്ടുകയാണു് നല്ലതു്. അവൾ പറഞ്ഞു.

‘മസാലദോശയാവാം?’

‘അത്ര വലുതൊന്നും ഞാനുദ്ദേശിച്ചില്ല.’ അയാൾ പറഞ്ഞു. ‘ഒരു വട, അല്ലെങ്കിൽ പഴംപൊരി. ആട്ടെ.’

അയാൾ എഴുന്നേറ്റു പോയി. തിരിച്ചുവരുമ്പോൾ രണ്ടുപ്ലേയ്റ്റ് മസാലദോശയുണ്ടായിരുന്നു. ചട്ടിണിയും സാമ്പാറും ഓരോ കള്ളികളിലായി വിളമ്പിയിരിക്കുന്നു.

‘ഒരു ദോശ ഞാനെടുക്കുന്നതിൽ വിഷമമൊന്നുമില്ലല്ലോ?’ അയാൾ പ്ലേയ്റ്റ് തന്റെ നേരെ നീക്കിക്കൊണ്ടു് പറഞ്ഞു.

‘വീണ കക്ഷി ഞാനാണു്. നിങ്ങൾക്കു് മസാലദോശ തിന്നേണ്ട ആവശ്യമെന്താണു്?’

നീങ്ങിപ്പോകുന്ന പ്ലേയ്റ്റ് അല്പം നിരാശയോടെ നോക്കിക്കൊണ്ടു് അവൾ ചോദിച്ചു. രണ്ടെണ്ണവും അവൾക്കു് തിന്നാമെന്നു കരുതിയതാണു്. പോട്ടെ സാരമില്ല.

‘ഭാരം താങ്ങിയതിനുള്ള കൂലി.’ അയാൾ പറഞ്ഞു.

ദോശ തിന്നുകൊണ്ടിരിക്കെ അയാൾ ചോദിച്ചു.

‘പേരു പറയാൻ വിരോധമുണ്ടോ?’

‘ഇല്ല. നാൻസി.’

‘ഓ, അച്ചായത്തിയാണല്ലേ? എന്നിട്ടാണോ നെറ്റിമേൽ ചന്ദനക്കുറിയൊക്കെ അണിയുന്നതു?’

‘അമ്പലത്തിൽനിന്നു കിട്ടുന്നതാണു്.’

‘ഓ, ഭക്തിയൊക്കെയുണ്ടോ?’

‘ഇല്ല, ശാന്തിക്കാരനെ കാണാൻ പോകുന്നതാണു്. അയാള് നല്ല ഭംഗിയുണ്ടു്.’

നാൻസി ഡയറി അടച്ചുവച്ചു. ചേച്ചി ഉറക്കമായിരുന്നു. തൊട്ടടുത്തു തന്നെ നെൽസൺ കിടക്കുന്നുണ്ടു്. അവന്റെ തള്ളവിരൽ വായിനകത്താണു്. ഇടക്കു് പെട്ടെന്നു് ഓർമ്മ വന്നപോലെ അവൻ അതു് വലിച്ചു കുടിക്കുന്നുമുണ്ടു്.

മുറിയുടെ മറുവശത്തിട്ട കിടക്കയിൽ നാൻസി കിടന്നു. പൂജയല്ല പൂജാരി, അല്ലേ? എഞ്ചിൻ ഡ്രൈവർ പറഞ്ഞതു് അവൾ ഓർത്തു. ഗാനമല്ല, ഗായകൻ. എഞ്ചിൻ അല്ല എഞ്ചിൻഡ്രൈവർ. അവൾ കൂട്ടിച്ചേർത്തു.

അഞ്ചാം ദിവസം

‘എഞ്ചിൻ ഡ്രൈവർക്കു് ഒരു പേരുണ്ടെന്നു് ഞാൻ കണ്ടുപിടിച്ചു.’ നാൻസി പറഞ്ഞു.

ഭാസ്കരൻ നായർക്കു് അദ്ഭുതമൊന്നുമുണ്ടായില്ല. എല്ലാ എഞ്ചിൻ ഡ്രൈവർമാർക്കും പേരുണ്ടാകുമെന്നു് അദ്ദേഹം പറഞ്ഞു. പേരില്ലാത്തവർ എഞ്ചിൻ ഡ്രൈവർമാരാവില്ലെന്നുകൂടി അദ്ദേഹം പറഞ്ഞു. നാൻസി പറയുന്നതിൽ വലിയ കാമ്പൊന്നുമില്ല.

‘ഞാൻ നിന്റെ അപ്പനു് കത്തെഴുതുന്നുണ്ടു്.’ അദ്ദേഹം പറഞ്ഞു. ‘നിന്റെ എഞ്ചിൻ പാളം തെറ്റുംമുമ്പു് നിന്നെ എവിടെയെങ്കിലും തളക്കാൻ പറയണം.’

‘ഈ സാറ് അങ്ങിനെയൊക്കെ ചെയ്യുംന്നു് എനിക്കറിയാം.’

‘രണ്ടുണ്ടു് കാര്യം. ഒന്നു് നീ നേർവഴിക്കു നടക്കാൻ പഠിക്കും. രണ്ടാമതു്, അതാണു് ഏറ്റവും പ്രധാനവും, നീ എന്റെ തലയിൽനിന്നു് ഒഴിവാകും.’

‘ഞാനീ സാറിനോടു് കൂടൂല.’

അവൾക്കു് ശരിക്കും ദ്വേഷ്യം പിടിച്ചിരുന്നു. താൻ ഭാസ്കരൻ നായർക്കു് ഒരു ബാദ്ധ്യതയാകുന്നുണ്ടു് എന്ന തോന്നൽ ഇടക്കിടക്കു് അവൾക്കുണ്ടാവാറുണ്ടു്. എന്തിനാണു് ആ മനുഷ്യൻ തനിക്കു് ശമ്പളം തന്നു് നിർത്തിയിരിക്കുന്നതു്. അതിനുമാത്രമുള്ള ജോലിയൊന്നും ആ ഷോപ്പിൽ ഇല്ല, താൻ ചെയ്യുന്നുമില്ല. ഒരു സ്നേഹിതന്റെ മകളാണെന്ന ഒരേയൊരു പരിഗണനമൂലമാണു് അവളെ നിർത്തിയിരിക്കുന്നതു്. മാലതി തുടക്കം തൊട്ടേ അവിടെയുണ്ടായിരുന്നു. ശരിക്കു പറഞ്ഞാൽ മാലതിക്കു ചെയ്യാനുള്ള ജോലിയേ അവിടെയുള്ളൂ. കൂടുതൽ ജോലിയുണ്ടെങ്കിൽ സാറിനു ചെയ്യാവുന്നതേയുള്ളൂ.

ട്രെയിൻ യാത്രയിൽ അന്താക്ഷരിക്കും വായിൽ നോട്ടത്തിനുമിടയിൽ പെൺകുട്ടികൾ അവരവരുടെ ഓഫീസുകാര്യങ്ങളും സംസാരിച്ചിരുന്നു. അങ്ങിനെയാണു് ലതയുടെ ഓഫീസിൽ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററെ ആവശ്യമുണ്ടു് എന്നറിഞ്ഞതു്. ഒരാഴ്ച മുമ്പു് പറഞ്ഞതായിരുന്നു. ഇപ്പോഴും ആ ഒഴിവു് ഉണ്ടോ എന്നറിയില്ല. ഉച്ചയ്ക്കു് ഒഴിവുസമയത്തു് പോയി നോക്കണം. നാൻസി പിന്നീടൊന്നും സംസാരിച്ചില്ല.

ഉച്ചയ്ക്കു് ഊണു കഴിച്ചു എന്നു വരുത്തി പുറത്തുകടന്നു. ബസ്സ്സ്റ്റോപ്പ് അടുത്തുതന്നെയാണു്. പത്മവഴിക്കുള്ള ബസ്സിൽ കയറിയിരിക്കുമ്പോൾ അവൾ പ്രാർത്ഥിച്ചിരുന്നതു് ലത പറഞ്ഞിരുന്ന ജോലി നികത്തിയിട്ടുണ്ടാവല്ലെ എന്നാണു്. ഉച്ചച്ചൂടിൽ അവൾ ഉരുകി. എയർകണ്ടീഷൻ ചെയ്ത ഷോപ്പിൽ ചൂടു് അറിഞ്ഞിരുന്നില്ല. രാവിലെ വരുമ്പോൾ ചൂടു് തുടങ്ങുന്നേ ഉണ്ടാവൂ. പിന്നെ വൈകുന്നേരം പുറത്തിറങ്ങുമ്പോഴേയ്ക്കു് ചൂടു് കുറഞ്ഞിട്ടുമുണ്ടാകും.

ലതയുടെ ഓഫീസ് വലുതായിരുന്നു. വലിയ ചില്ലുവാതിൽ കടന്നുചെന്ന നാൻസിയെ ആകർഷിച്ചതു് ഉള്ളിലെ വിശാലതയായിരുന്നു. വിശാലമായ വിസിറ്റിങ്റൂമിൽ പതുപതുത്ത സോഫകളിൽ പത്തിരുപതുപേർക്കു് ഇരിക്കാം. ഒരു ഭാഗത്തു് റിസപ്ഷൻ കൗണ്ടർ. കൗണ്ടറിലിരിക്കുന്ന സുന്ദരിയുടെ പിന്നിൽ ചില്ലുകൾക്കപ്പുറത്തു് വിശാലമായ ഹാളിൽ നിറയെ ചെറുപ്പക്കാർ. നല്ല ഭംഗിയുള്ള ആൺപിള്ളേരു്. നാൻസി ആലോചിച്ചു. ഇവരുടെ ഒപ്പം ജോലിയെടുക്കാൻ ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ടില്ല.

‘ഇതൊന്നും ഒന്നുമല്ല.’ സോഫയിൽ നാൻസിയുടെ ഒപ്പം ഇരുന്നുകൊണ്ടു് ലത പറഞ്ഞു. ‘നീ വൈകീട്ടു് ഒന്നു് വന്നു് കാണണം. പതിനഞ്ചു സെയ്സ്മാൻമാരുണ്ടു്. ഒക്കെ ഭംഗിള്ള പിള്ളേരു്. ടൈകെട്ടി വെളുത്ത ഷർട്ടും ബ്രൌൺ പാന്റ്സുമായി ഓഫീസിലു് നിറയെ ഓടിനടക്കും. കൊതിയാവും. ഇപ്പോ എല്ലാരും പുറത്തു് സെയിൽസിനു പോയിരിക്ക്യാണു്.’

നാൻസി തീർച്ചയാക്കിക്കഴിഞ്ഞിരുന്നു.

ഇന്റർവ്യൂ തന്ന ആൾ മദ്ധ്യവയസ്കനായിരുന്നു. അയാൾക്കു് അദ്ഭുതമായി. കോറൽഡ്രോവിലും പേജ്മേക്കറിലും ജോലിയെടുത്തുകൊണ്ടിരിക്കുന്ന ഈ കുട്ടി എന്തിനാണു് കുറഞ്ഞ ശമ്പളത്തിനു് ഈ അറുബോറൻ ജോലിയിൽ ചേരുന്നതു? ഡാറ്റാബേസിൽ ഇൻവെന്ററിയുണ്ടാക്കുകയാണു് ജോലി. ബുദ്ധി ആവശ്യമില്ലാത്ത, ഭാവന ആവശ്യമില്ലാത്ത മുഷിപ്പൻ ജോലി. അല്പം ഭാവനയുള്ള കുട്ടികൾ ഒന്നുകിൽ ഇതിൽനിന്നു് രക്ഷപ്പെടും, അല്ലെങ്കിൽ ഒരു കൊല്ലത്തിനുള്ളിൽ ആത്മഹത്യ ചെയ്യും. അയാൾ പറഞ്ഞു.

‘നിങ്ങൾ ഗ്രാഫിക്സ് ഒക്കെ ചെയ്യുന്നുണ്ടെന്നല്ലെ പറഞ്ഞതു?’

‘അതേ.’

‘ഡി. ടി. പി. ഒരു കലയാണു്. പ്രത്യേകിച്ചു് ഗ്രാഫിക്സ് ചെയ്യുന്നുണ്ടെങ്കിൽ. അതിന്റെ അനന്തസാധ്യതകൾ ഒഴിവാക്കി ഈ മടുപ്പൻ ജോലിയ്ക്കു് വരരുതെന്നാണു് എന്റെ അഭിപ്രായം. പോരാത്തതിനു് നിങ്ങൾക്കു് ഇപ്പോൾ കിട്ടുന്ന ശമ്പളം ഈ കമ്പനിയിൽ രണ്ടുകൊല്ലം കൊണ്ടേ ആവൂ. നല്ലവണ്ണം ആലോചിച്ചു് ലതയോടു് പറഞ്ഞാൽ മതി. തീർച്ചയാക്കിയാൽ ഒന്നാം തീയതി ജോലിക്കു ചേരാം.’

ഉച്ചഭക്ഷണം ഒഴിവാക്കി ഇന്റർവ്യൂ തന്നതിൽ നന്ദി പറഞ്ഞുകൊണ്ടു് നാൻസി വിടവാങ്ങി. ബസ്സ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ അവൾ ആലോചിച്ചു. എന്റെ ഹൃദയം ഞാൻ അവിടെ മറന്നിട്ടിരിക്കയാണു്. സാരമില്ല, അവിടെത്തന്നെ കിടക്കട്ടെ.

ഭാസ്കരൻ നായർ ചാരിയിരുന്നു് ഉറങ്ങുകയാണു്. ഉച്ചയ്ക്കു് ഊണു കഴിഞ്ഞാൽ അരമണിക്കൂർ ഉറക്കം പതിവുണ്ടു്. മാലതി കമ്പ്യൂട്ടറിൽ ഫ്രീസെൽ കളിക്കുന്നു. നാൻസി അവളുടെ പിന്നിൽ പോയി നിന്നു. അവൾ കളി ശ്രദ്ധിക്കുകയായിരുന്നില്ല. മനസ്സു് ശൂന്യമാണു്. മാലതിയും ഒന്നും പറയുന്നില്ല. കാർഡുകളി തുടങ്ങിയാൽ അവൾക്കു് ടെൻഷനാണു്. പിന്നെ ചോദിച്ചതിനു മറുപടി കിട്ടില്ല. അങ്ങിനെ എത്രനേരം നിന്നുവെന്നറിയില്ല. പെട്ടെന്നു് സാറിന്റെ ശബ്ദം കേട്ടാണു് അവൾ ഈ ലോകത്തേയ്ക്കു തിരിച്ചെത്തിയതു്. ഭാസ്കരൻ നായർ അവളുടെ അടുത്തു നിന്നുകൊണ്ടു് മാലതി കളിക്കുന്നതു് ശ്രദ്ധിക്കുകയായിരുന്നു.

‘ഡൈമണ്ട് ഒമ്പതെടുത്തു് സ്പേഡ് പത്തിനു താഴെ കൊണ്ടുപോയി വയ്ക്കു്.’

അയാൾ മാലതിയ്ക്കു പറഞ്ഞു കൊടുക്കുകയാണു്. ഡയമണ്ട് ഒമ്പതെടുത്തപ്പോൾ ആ കോളത്തിലെ എല്ലാ കാർഡുകളും മാറ്റിവയ്ക്കാൻ പറ്റി. ജോലിയില്ലാത്ത സമയത്തു് അവർ കളിക്കുന്നതിൽ അദ്ദേഹത്തിനു് പരാതിയൊന്നുമില്ല.

കാർഡുകൾ അതാതിന്റെ കോളത്തിലേയ്ക്കു പറന്നുപോയി. മാലതി കളി നിർത്തി.

സ്വന്തം സീറ്റിലിരുന്നുകൊണ്ടു് നാൻസി പറഞ്ഞു.

‘സാർ, എനിക്കു വേറെ ജോലി കിട്ടി.’

‘വെരി ഗുഡ്, കൺഗ്രാജുലേഷൻസ്.’

‘സാറ് കളിയാക്ക്വൊന്നും വേണ്ട.’

‘ഞാൻ കളിയാക്കിയില്ലല്ലോ? ആട്ടെ ഏതു കമ്പനിയിലാണു്?’

‘വലിയ കമ്പനിയാ. മാർക്ക്വെൽ ട്രേഡിങ് കോർപ്പറേഷൻ.’

‘നന്നായി.’

‘അതെ.’ നാൻസി പറഞ്ഞു. ‘ഒന്നാം തിയ്യതി ചേരാൻ പറഞ്ഞിട്ടുണ്ടു്. ഞാനിനി സാറിന്റെ കഴുത്തിൽ ഭാരമാവില്ലല്ലോ?’

അയാൾ പെട്ടെന്നു് നിശ്ശബ്ദനായി. മാലതി ചോദിക്കുന്നുണ്ടായിരുന്നു. ‘നീ ശരിക്കും വേറെ ജോലി കിട്ടി പോവ്വാണോ?’

ഭാസ്കരൻ നായർ ഒന്നും പറയാതെ തിരിച്ചു് ചേമ്പറിൽ പോയി ഇരുന്നു. മനസ്സിൽ എവിടെയോ ഒരു നീറ്റം. മോളെ, കുത്തുവാക്കു പറയാൻ ആരാണു് നിന്നെ പഠിപ്പിച്ചതു? ആരോടാണു് നീ അതു പറയുന്നതും? അയാൾ കുറേനേരം എന്തൊക്കെയോ ആലോചിച്ചു. പഴയ കാര്യങ്ങൾ ഓർമ്മ വന്നു. വർഗ്ഗീസ് മകളേയുംകൂട്ടി വീട്ടിൽ വന്നതു് അയാളുടെ ഭാര്യയുടെ ആണ്ടിന്റെ പിറ്റേന്നാണു്.

‘ഞാനിവളെ സാറിനെ ഏല്പിക്ക്യാണു്.’ അയാൾ പറഞ്ഞു. ‘ഞങ്ങടെ വീടു് വാടകയ്ക്കു് കൊടുക്ക്വാണു്. ഇവള് മൂത്തതിന്റെ ഒപ്പം താമസിക്കും. അവളുടെ കെട്ടിയോൻ ദുബായിലാണു്. ഇനി സാറാണു് ഇവളുടെ അപ്പൻ.’

വേദന സാവധാനം പടർന്നു മനസ്സിന്റെ ഓരോ കോണിലുമെത്തി വിങ്ങി.

ആറാം ദിവസം

ക്രിസ്തുവിനു മുമ്പു് ക്രിസ്തുവിനു് ശേഷം എന്നതിനു പകരം തന്റെ കണക്കുകൾ എഞ്ചിൻ ഡ്രൈവറെ കണ്ടതിനുമുമ്പു്, കണ്ടതിനു ശേഷം എന്നായി ചുരുങ്ങിയിരിക്കുന്നുവെന്നു് നാൻസി കണ്ടു. ഇ. ഡി. ആറാം ദിവസം എന്നെഴുതണം. രാജനോടു് ഒരു താടി വളർത്താൻ പറയണം. താടിയുണ്ടെങ്കിൽ അയാൾക്കു് ക്രിസ്തുവിന്റെ ഛായയുണ്ടാവും. ചേച്ചിയുടെ മുറിയിൽ പ്രാർത്ഥനാനിരതനായ യേശുവിന്റെ ചിത്രമുണ്ടു്. അതിനുചുവട്ടിൽ ഒരു സ്വർണ്ണം പൂശിയ കുരിശും മെഴുകുതിരിത്തട്ടും. ആ ചിത്രം നാൻസിക്കു് പെട്ടെന്നു് ഇഷ്ടമായി. ഓഫീസിൽനിന്നു വന്നാൽ അതിനുമുമ്പിൽ ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം അങ്ങിനെയാണുണ്ടായതു്. മേരി അദ്ഭുതപ്പെട്ടു. പള്ളിയിലേയ്ക്കു് വലിച്ചിഴച്ചു് കൊണ്ടുപോകണം കക്ഷിയെ. എന്നാൽത്തന്നെ വല്ല ആൺപിള്ളരേയും കണ്ടാൽ അവരുമായി സംസാരിച്ചു നിൽക്കും. കുർബാനയിലൊന്നും ശ്രദ്ധിക്കില്ല. ഒന്നുരണ്ടു വട്ടം വലിയിടത്തച്ചൻ മേരിയെ വിളിച്ചു് ശാസിച്ചതാണു്. അനുജത്തിയുടെ മേൽ ഒരു ശ്രദ്ധവേണമെന്നു്. ‘ഈ പ്രായം, മേരിക്കുഞ്ഞേ, ശ്രദ്ധിക്കുകയാണു് നല്ലതു്. അവള് കുമ്പസാരിച്ചിട്ടു് എത്ര കാലമായി? അവളോടു് പള്ളിമേടയിലേയ്ക്കു് വന്നു് എന്നെയൊന്നു് കാണാൻ പറ.’

ആ പെണ്ണാണു് ഇപ്പോൾ ഓഫീസിൽനിന്നു് വരാൻ താമസമില്ല കർത്താവിന്റെ മുമ്പിൽ മെഴുകുതിരി കത്തിച്ചു വയ്ക്കുന്നതു്. മേരിക്കു് അനുജത്തിയുടെ മാനസാന്തരത്തിൽ ആശ്വാസമായി. ആശ്വാസം ഊർദ്ധശ്വാസം വലിക്കുന്നതു് കാണാൻ പക്ഷേ, അധികദിവസമൊന്നും വേണ്ടിവന്നില്ല. ഞായറാഴ്ച രാവിലെ പള്ളിയിൽ പോകാൻ തയ്യാറാവുമ്പോൾ അവൾ അനുജത്തിയോടു് പറഞ്ഞു.

‘വലിയിടത്തച്ചൻ നിന്നെ കാണണമെന്നു് പറഞ്ഞു.’

‘എന്നെ കാണാനോ?’

‘അതെ, നീ കുമ്പസാരിച്ചിട്ടു് കുറേ നാളായി എന്നു പറഞ്ഞു.’

‘അതിനു് ചേച്ചീ, ഞാൻ പാപമൊന്നും ചെയ്തിട്ടില്ലല്ലോ.’

‘അങ്ങിനെ പാപമൊന്നും ചെയ്യണമെന്നില്ല. നാമൊക്കെ പാപികളായിട്ടാണു് ജനിച്ചതു്. കർത്താവിന്റെ തിരുരക്തമാണു് നമ്മെ പാപത്തിൽനിന്നും മോചിപ്പിച്ചതു്. അപ്പോൾ ഇടക്കിടക്കു് കുമ്പസാരിച്ചു് നമ്മുടെ മനസ്സും ആത്മാവും ശുദ്ധീകരിക്കണം.’

‘ഞാനൊരു കാര്യം ആലോചിക്ക്യായിരുന്നു.’ നാൻസി പറഞ്ഞു.

‘എന്തു?’

‘ചേച്ചി എന്തുകൊണ്ടു് കർത്താവിന്റെ മണവാട്ടിയാകാതെ മാത്യുചായന്റെ മണവാട്ടിയായീന്നു്.’

‘നീ പോടി.’

‘നന്നായി,’ നാൻസി തുടർന്നു. ‘അതുകൊണ്ടു് കർത്താവു രക്ഷപ്പെട്ടു.’

‘നീ വരുന്നുണ്ടോ? കുർബാന തുടങ്ങേണ്ട സമയായി.’

‘അയ്യോ ചേച്ചീ, ഞാനിന്നു് രജനീടെ വീട്ടിലു് ചെല്ലാംന്നു് പറഞ്ഞിട്ട്ണ്ടു്. അവള്ടെ ചേട്ടൻ ഗൾഫീന്നു് വന്നിട്ടൊണ്ടു്. കൊറേ സാധനങ്ങള് കൊണ്ടന്നിട്ട്ണ്ടു്. വെലകൊറച്ചു് തരാംന്നു് പറഞ്ഞിട്ട്ണ്ടു്.’

‘അപ്പോ ഈയാഴ്ചയും നീ കുർബാനചേര്ണില്ല്യേ?’

കുർബാന! നാൻസി ആലോചിച്ചു. എല്ലാം പേരിനുമാത്രമായി മാറിയിരിക്കയാണു്. പള്ളിയിൽ സ്ഥിരം പാടുന്ന പീറ്റർ ചേട്ടന്റെ പാട്ടു് നടുക്കുവച്ചു് മുറിച്ചുകൊണ്ടു് ചെറുപ്പക്കാരനായ വലിയിടത്തച്ചന്റെ കുർബാനക്കുള്ള എഴുന്നള്ളത്തു് അവൾ മനസ്സിൽ കണ്ടു. ശുശ്രൂഷകരായ രണ്ടു ആൺപിള്ളേരുടെ നടുവിൽ കാർമ്മികൻ അൾത്താരയിൽ വന്നുനിന്നു് കുരിശു വരക്കുന്നു.

‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനവും പ്രത്യാശയും എപ്പോഴും, എന്നേയ്ക്കും. ആമേൻ!’

അച്ചന്റെ വാക്കുകൾ ഇടറുന്നില്ല. വർഷങ്ങളുടെ സാധനയാണതു്. ആ വാക്കുകളിൽ തന്റെ കുഞ്ഞാടുകളെ തളച്ചിടാൻ അദ്ദേഹം ആഗ്രഹിച്ചു. വാക്കുകൾകൊണ്ടു് തളച്ചിടാൻ പറ്റാത്ത കുഞ്ഞാടുകളെ തിരിച്ചു കൊണ്ടുവരുവാനൊന്നും അദ്ദേഹം ശ്രമിച്ചില്ല. കാര്യമില്ലെന്നറിയാം. കുർബാന നടന്നുകൊണ്ടിരിക്കേ അദ്ദേഹം വാച്ചു നോക്കുന്നതെന്തിനാണെന്നു് നാൻസിക്കറിയാം. കൃത്യം ഒമ്പതിനു് അദ്ദേഹം കർത്താവിന്റെ മാംസവും രക്തവുമായ ഓസ്തി നൽകി കുർബാന കഴിച്ചിരിക്കും. പിന്നെ പള്ളിമേടയിലേയ്ക്കു് ഒരോട്ടമാണു്. നാൻസി ചിരിച്ചുകൊണ്ടു് പറഞ്ഞു. കൃത്യം ഒമ്പതു മണിക്കു് ശ്രീകൃഷ്ണ സീരിയൽ തുടങ്ങും. അതു കാണാനുള്ള ഓട്ടമാണു്.

‘ശ്രീകൃഷ്ണ സീരിയിൽ കാണാൻ!’ അവൾ ആർത്തു ചിരിക്കയാണു്. ശരിക്കു പറഞ്ഞാൽ പത്തു മിനിറ്റ് പരസ്യങ്ങളാണു്. പക്ഷേ, പരസ്യങ്ങളും അച്ചന്റെ ഭാവനയെ പിടിച്ചിരുത്തി. ഒരു മാസ്മരിക ലോകമാണതു്. പലതരം വേഷങ്ങൾ, വേഷങ്ങളൊന്നുമില്ലാത്ത രൂപങ്ങൾ, എല്ലാം വലിയിടത്തച്ചനെ മറ്റൊരു ലോകത്തെത്തിച്ചു. നിത്യജീവിതത്തിൽ കാണാൻ പറ്റാത്തതു് ദൃശ്യമാധ്യമത്തിലൂടെ കടന്നുവന്നു. വല്ലാതെ പരിധി കടക്കുമ്പോൾ അച്ചൻ കുരിശു വരച്ചുകൊണ്ടു് പ്രാർത്ഥിക്കും. കർത്താവേ സാത്താന്റെ പ്രലോഭനങ്ങൾ എന്റെമേലും എന്റെ കുഞ്ഞാടുകളുടെ മേലും ഏശല്ലേ.

ദൃശ്യമാധ്യമങ്ങൾ ആത്മീയതയിൽ അനാശാസ്യസ്വാധീനം ചെലുത്തുന്ന കാര്യമാണു്. മേരിക്കു് ദ്വേഷ്യം പിടിച്ചിരുന്നു.

‘നീ വരുന്നില്ലെങ്കിൽ വേണ്ട, നിന്റെ ഇഷ്ടം. നിന്നെ പിശാചു പിടിക്കട്ടേ. കർത്താവിന്റെ രൂപത്തിനു മുമ്പിൽ മെഴുകുതിരി കത്തിക്കണതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു…’

അവൾ കുട്ടിയെയുമെടുത്തു് യാത്രയാവും.

നാൻസി രാജനെ ഓർത്തു. ചേച്ചി അവളെക്കൊണ്ടു് ഓർമ്മിപ്പിച്ചു എന്നു പറയുന്നതാവും ശരി. അഞ്ചുമണിക്കു് അയാൾ സ്റ്റേഷൻ കവാടത്തിൽ കാത്തു നിൽക്കുന്നു. നീണ്ടു നിവർന്ന ആ രൂപം അവൾക്കു് ദൂരെനിന്നു തന്നെ കാണാം. അവൾ അടുത്തു ചെന്നാൽ അയാളുടെ അല്പം നീണ്ട മുഖത്തു് ചിരി വിടരും.

‘നിങ്ങളെ കണ്ടാൽ ഗിരിപ്രഭാഷണം കഴിഞ്ഞു് തിരിച്ചെത്തിയ യേശുവിന്റെ മട്ടുണ്ടു്.’ അവൾ പറയും.

‘എന്നുവച്ചാൽ എന്റെ മുഖത്തു് ആത്മീയ തേജസ്സു് വഴിഞ്ഞൊഴുകുന്നു എന്നർത്ഥം.’

അയാൾ നാൻസിയുടെ ഒപ്പം സംസാരിച്ചുകൊണ്ടു് നടക്കും.

‘അതുകൊണ്ടല്ലെ ഞാൻ നിങ്ങളെ രക്ഷകനെന്നു വിളിക്കണതു?’

‘അല്ലാതെ തീവണ്ടിയുടെ അടിയിൽനിന്നു് രക്ഷിച്ചതുകൊണ്ടല്ല?’

‘രണ്ടും ഒന്നുതന്നെ. ഒറിജിനൽ രക്ഷകൻ എന്റെ ആത്മാവിനെ രക്ഷിക്കുന്നു. ഈ ഡ്യൂപ്ലികേറ്റ് രക്ഷകൻ എന്റെ ജീവനെ രക്ഷിക്കുന്നു. അത്രമാത്രം! രണ്ടു രക്ഷകന്മാർക്കിടയിൽ നിന്നു് ഞാൻ വലയുന്നു.’

‘ഇതിലെന്താണു് വലച്ചിലുള്ളതു?’

‘വീട്ടിൽ ചേച്ചിയുടെ വക ആത്മീയ പീഡനങ്ങളാണു്. ഇവിടെ രണ്ടാം രക്ഷകൻ എന്നും പിന്നാലെ നടന്നു് പീഡിപ്പിക്കുന്നു.’

‘ഞാൻ നിന്റെ ഒപ്പം നടക്കുന്നതു് പീഡിപ്പിക്കാനല്ല.’ രാജൻ പറഞ്ഞു. ‘റെയിൽവേയുടെ വിശ്വസ്ത ശമ്പളക്കാരനെന്ന നിലയിൽ ആരെങ്കിലും റെയിൽവേ മുതൽ നശിപ്പിക്കുകയാണെങ്കിൽ തടയേണ്ട ബാധ്യത എനിക്കുണ്ടു്.’

‘ആരാണു് റെയിൽവേയുടെ മുതൽ നശിപ്പിക്കുന്നതു?’

‘നീതന്നെ. അന്നു് പ്ലാറ്റ്ഫോം കേടുവരുത്താതെ നോക്കാൻ എനിക്കു പറ്റി. അതുകൊണ്ടു് ഞാൻ നിന്റെ ഒപ്പം, പിന്നാലെയല്ല, നടക്കുന്നു. നിന്നെ വണ്ടികയറ്റി അയക്കുന്നു. പൊതുമുതൽ നശിപ്പിക്കാതെ സംരക്ഷിച്ചതിലുള്ള സംതൃപ്തിയോടെ ക്വോർട്ടേഴ്സിലേയ്ക്കു തിരിച്ചുപോകുന്നു.’

‘അത്രയേ ഉള്ളൂ?’

‘അതെ!’

അവൾ ഡയറി മുമ്പിൽ വച്ചുകൊണ്ടു് ആലോചിച്ചു. ഞാനിനി ദിവസങ്ങളുടെ കണക്കു് വെക്കുന്നില്ല. ഇതെന്തൊരു മനുഷ്യനാണു്! പരിചയപ്പെട്ടിട്ടു് ദിവസങ്ങളായി. വെറുതെ സംസാരിച്ചുകൊണ്ടു് ഒപ്പം നടക്കുകയല്ലാതെ പ്രേമത്തെപ്പറ്റിയോ, അല്ലെങ്കിൽ വേണ്ട ഒന്നിച്ചു് ഒരു റസ്റ്റോറണ്ടിൽ പോകുന്നതിനെപ്പറ്റിയോ ഒന്നും സംസാരിക്കുന്നില്ല. മറ്റു പയ്യന്മാരിൽനിന്നു് ഈ മനുഷ്യൻ വേറിട്ടു നിൽക്കുന്നുവെന്നതു് ശരി. മറ്റു പയ്യന്മാരാണെങ്കിൽ ഒരു ചിരി മുഖത്തു കണ്ടാൽ മതി. അതിന്മേൽ പിടിച്ചു കയറും. രണ്ടു ദിവസത്തിനുള്ളിൽ എത്തുക വല്ല റസ്റ്റോറണ്ടിലോ പാർക്കിലോ ആയിരിക്കും. മൂന്നാം ദിവസം… ഇല്ല, അതിനു് നാൻസിയെ കിട്ടാറില്ല. പയ്യന്മാരിൽനിന്നു് വഴുതി രക്ഷപ്പെടാൻ അവൾക്കറിയാം. ഇതിനു രണ്ടിനുമിടയിൽ ഒരു വഴിയില്ലേ?

‘നിങ്ങൾ ഒരദ്ഭുത മനുഷ്യനാണു്?’ അവൾ ഒരു ദിവസം പറഞ്ഞു. ‘ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു് അവളെ ഒരു പാർക്കിൽ കൊണ്ടുപോകാൻ തോന്നുന്നില്ലല്ലോ?’

‘പാർക്കിലെന്താണിരിക്കുന്നതു?’

‘നിങ്ങൾ തീരെ റൊമാന്റിക്കല്ല. ശരിയാണു്, പാർക്കിനെപ്പറ്റി എനിക്കും നല്ല അഭിപ്രായമില്ല. പക്ഷേ, റസ്റ്റോറണ്ടുകൾ. അവയെന്നെ വല്ലാതെ ആകർഷിക്കുന്നു.’

‘എന്നെ തീരെ ആകർഷിക്കാത്ത സ്ഥലമാണതു്.’ രാജൻ പറഞ്ഞു.

‘പണം ചെലവാകുമോ എന്ന ഭയം, അല്ലേ?’

‘നിന്റെ ബുദ്ധിശക്തി ശ്ലാഘനീയംതന്നെ!’

ഇക്കണക്കിനു് ഡയറി എഴുതാതിരിക്കയാണു് നല്ലതു്, കാരണം പത്തറുപതു വയസ്സായി ഈ ഡയറിയെങ്ങാൻ തുറന്നുനോക്കാനിടയായാൽ അതിന്റെ അർത്ഥശൂന്യതകൊണ്ടു് ആത്മഹത്യ ചെയ്തെന്നിരിക്കും. അവൾ ഡയറി അടച്ചുവച്ചു് ഉറങ്ങാൻ കിടന്നു. ചേച്ചി പ്രാർത്ഥിക്കുകയാണു്. കുമ്പിട്ടിരുന്നു് കാര്യമായിത്തന്നെ പ്രാർത്ഥിക്കുന്നു. പ്രാർത്ഥന കഴിഞ്ഞു് കുരിശുവരച്ചശേഷം അവൾ പറഞ്ഞു.

‘വലിയിടത്തച്ചൻ നിന്നെ അന്വേഷിച്ചു.’

‘ഞാൻ കൃതാർത്ഥയായി!’ നാൻസി പറഞ്ഞു.

അനുജത്തിയുടെ സ്വരത്തിലുള്ള പരിഹാസം അവൾ കണ്ടില്ലെന്നു നടിച്ചു. അവർ തുടർന്നു.

‘നീ ഓഫീസിൽ പോണവഴിക്കു് പള്ളിമേടയിൽ കയറിയാൽ മതി. നാളെ പൊയ്ക്കൂടെ?’

അരുമയായ കുഞ്ഞാടു് വഴിതെറ്റിപോകുന്നതു കാണുന്ന നല്ലിടയന്റെ വേദനിക്കുന്ന മനസ്സു് നാൻസിയുടെ ഉറക്കം കളഞ്ഞു. ആരെങ്കിലും അവളെപ്പറ്റി അച്ചനോടു് പറഞ്ഞു കൊടുത്തിട്ടുണ്ടാവും. റെയിൽവേ പ്ലാറ്റുഫോം അടച്ചിട്ട മുറിയല്ല. ആയിരക്കണക്കിനു് ആൾക്കാർ. താൻ രാജന്റെ ഒപ്പം നടക്കുന്നതു് കണ്ട ആരെങ്കിലും അച്ചനോടു് പറഞ്ഞു കൊടുത്തതായിരിക്കും. അവൾക്കു് വലിയിടത്തച്ചനെ ഇഷ്ടമായിരുന്നു. ഇത്രയും സുന്ദരനായ ഒരു മനുഷ്യൻ എന്തിനു് വൈദികപട്ടം കെട്ടിയെന്നവൾ അദ്ഭുതപ്പെടാറുണ്ടായിരുന്നു. ളോഹ അഴിച്ചുവച്ചു് നല്ല ഗ്ലാമറുള്ള വസ്ത്രങ്ങളണിഞ്ഞാൽ വല്ല ഫിലിം സ്റ്റാറിനെപ്പോലെ തോന്നും. എന്തായാലും നാളെ രാവിലെത്തന്നെ പള്ളിമേടയിൽച്ചെന്നു് അച്ചനെ കാണണമെന്നവൾ തീർച്ചയാക്കി. മനസ്സിൽ ആത്മീയമായ ഒരു നിർവൃതി വഴിഞ്ഞൊഴുകുകയും അതിന്റെ അന്ത്യത്തിൽ അവൾ ഉറക്കത്തിലേയ്ക്കു് വഴുതിവീഴുകയും ചെയ്തു.

ഏഴാം ദിവസം

വലിയിടത്തച്ചൻ പള്ളിയിൽനിന്നിറങ്ങുമ്പോഴാണു് നാൻസി എത്തിയതു്. അച്ചൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ തിരിഞ്ഞു് പള്ളിയിലേയ്ക്കുതന്നെ നടന്നു. നാൻസി അപ്പോഴേയ്ക്കും മുൻവശത്തെ വാതിൽ കടന്നു് പള്ളിയിലെത്തിയിരുന്നു. ഒഴിഞ്ഞ അങ്കണം ഒരു പ്രാചീന ദിനോസറിന്റെ വായപോലെ തന്നെ വിഴുങ്ങുന്നതു് നാൻസി കണ്ടു. ദൂരെ, വളരെ ദുരെ അൾത്താരയിൽ വലിയിടത്തച്ചൻ നിൽക്കുന്നു. നടന്നെത്താൻ എത്ര ദൂരമാണു്.

അച്ചൻ കുമ്പസാരക്കൂടിനുനേരെ ചൂണ്ടിക്കാട്ടുകയാണു്. നാൻസി ഒരു നിമിഷം സംശയിച്ചുനിന്നു, പിന്നെ അങ്ങോട്ടു നടക്കുകയും ചെയ്തു. വലയിട്ട കിളിവാതിലിനപ്പുറം അച്ചൻ പരുങ്ങുന്ന ശബ്ദം കേട്ടു. താമസിയാതെ ചോദ്യവും.

‘നീ കുമ്പസാരിച്ചിട്ടു് എത്രകാലമായി?’

അവൾക്കു് ഓർമ്മയില്ല. ആറു മാസം? ഒരുകൊല്ലം? രണ്ടുകൊല്ലം?

‘ഓർമ്മയില്ല.’

‘ഓർമ്മയില്ല?’ വലിയിടത്തച്ചന്റെ ശബ്ദം പരുഷമായിരുന്നു. ‘സത്യകൃസ്ത്യാനികൾ മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നു് അറിയില്ലേ?’

‘അതിനു് അച്ചോ ഞാൻ പാപമൊന്നും ചെയ്തിട്ടില്ലല്ലോ.’

‘കുഞ്ഞേ,’ അച്ചന്റെ ശബ്ദം ഉയർന്നു, ‘പാപത്തിന്റെ കണക്കെടുക്കുന്നതു് നീയോ അതോ കർത്താവോ?’

അവൾ ഒന്നും പറഞ്ഞില്ല. അവൾക്കു് അച്ചന്റെ പൗരുഷം നിറഞ്ഞ ശബ്ദം ഇഷ്ടമായിരുന്നു. ഈ ശബ്ദം കേൾക്കാനെങ്കിലും കുമ്പസാരിക്കാൻ വരാമായിരുന്നു.

‘നീ ഒരു ചെറുപ്പക്കാരന്റെ കൂടെ നടക്കുന്നുണ്ടെന്നു് ഞാനറിഞ്ഞിരിക്കുന്നു.’

‘അതൊരു പാപമാണോ അച്ചോ?’

‘അവൻ ഒരു വിശ്വാസിയല്ലെന്നും ഞാൻ മനസ്സിലാക്കുന്നു.’

‘പക്ഷേ, അച്ചോ, അയാൾ കർത്താവിന്റെ മാതിരിയുണ്ടു്.’

‘അതെല്ലാം സാത്താന്റെ പ്രലോഭനങ്ങളാണു്. അതിലൊന്നും വീഴാതെ നോക്കണം. നിനക്കു് കുമ്പസാരിക്കാനുണ്ടോ?’

‘ഒന്നും ഓർമ്മയിൽ വരുന്നില്ലച്ചോ.’

‘അവൻ നിന്നെ തൊട്ടിട്ടില്ലേ?’

‘ഒരിക്കൽ.’

‘ഹാ, അതാണു് ഞാൻ പറയുന്നതു് നിനക്കു് കുമ്പസാരിക്കാനുണ്ടാവുമെന്നു്.’

‘അച്ചൻ കാര്യം മനസ്സിലാക്കാതെയാണു് പറയുന്നതു്.’

‘എന്തേ?’

‘ഞാനാരിക്കൽ ട്രെയിനിൽനിന്നു് വീണപ്പോൾ അയാളാണു് താങ്ങിയതു്. അയാൾ താങ്ങിയിരുന്നില്ലെങ്കിൽ ഞാൻ ട്രെയിനിന്റെ അടിയിൽ പെടുമായിരുന്നു. അങ്ങിനെയാണയാൾ എന്നെ തൊട്ടുവെന്നു് പറഞ്ഞതു്.’

‘താങ്ങിയപ്പോഴോ?’

‘അതെ.’

‘ഓ.’

താങ്ങിയശേഷം കുറച്ചുനേരം തന്നെ അയാളുടെ കൈകളിൽ അയാളുടെ ദേഹത്തോടു ചേർത്തു പിടിച്ചുവെന്നതു് നാൻസി പറഞ്ഞില്ല. അതൊരു പാപമാണോ? ആണെങ്കിൽത്തന്നെ അതു ചെയ്തതു് താനല്ലല്ലോ.

‘നമ്മുടെ സമുദായത്തിൽപ്പെടാത്തവരുമായി മാനസികമായി അടുക്കുന്നതു് നന്നല്ല. അപ്പൻ എന്നാണു് വരുന്നതു?’

‘അറിയില്ല. അച്ചോ, ഞാൻ പോയ്ക്കോട്ടെ, ട്രെയിനിനു സമയമായി.’

മറുപടിയൊന്നുമുണ്ടായില്ല. അവൾ പുറത്തിറങ്ങിയിട്ടും വലിയിടത്തച്ചൻ കുമ്പസാരക്കൂടിനുള്ളിൽത്തന്നെ ഇരുന്നു. അദ്ദേഹം പ്രലോഭനങ്ങളെപ്പറ്റിയായിരുന്നു ആലോചിച്ചിരുന്നതു്. സാത്താന്റെ പ്രലോഭനങ്ങൾ. അതു് ഏതെല്ലാം രൂപത്തിൽ വരുമെന്നു് ആർക്കറിയാം. അല്ലെങ്കിൽ ഏതാണു് ശരി, ഏതാണു് തെറ്റു് എന്നതിനെപ്പറ്റി നമുക്കൊക്കെ എന്തറിയാം?

എഞ്ചിൻറൂമിൽനിന്നു് തലപുറത്തിട്ടു് ചിരിക്കുന്ന ഡ്രൈവറെ കണ്ടപ്പോൾ അന്നവൾക്കു് ദ്വേഷ്യമാണുണ്ടായതു്. അവൾ മുഖം വെട്ടിച്ചുകൊണ്ടു് തിരിഞ്ഞു നടന്നു. അന്താക്ഷരി അലമ്പായി. കമ്പാർട്ടുമെന്റ് മുഴുവൻ അരിച്ചു പെറുക്കിയിട്ടും കാണാൻ കൊള്ളാവുന്ന ഒരൊറ്റ പയ്യനെപ്പോലും കണ്ടുകിട്ടിയില്ല. ദിവസഫലമായിരിക്കണം. അവൾ ആലോചിച്ചു. ഇനി ഓഫീസിൽ പോയാൽ എന്തായിരിക്കും സ്ഥിതിയാവോ?

അവൾ പ്ലാറ്റുഫോമിന്റെ അറ്റത്തേയ്ക്കു നടക്കാതെ മേൽപ്പാലം കയറാൻ തുടങ്ങി. രാജൻ എഞ്ചിൻറൂമിൽനിന്നു് തന്നെ അദ്ഭുതത്തോടെ നോക്കുന്നുണ്ടെന്നവൾക്കറിയാം. നോക്കട്ടെ!

മാലതിയാണു് പ്രശ്നമുണ്ടാക്കിയതു്. അവൾ ചോദിച്ചു. ‘പുതിയ ജോലി കിട്ടിയിട്ടു് സ്വീറ്റ്സൊന്നും കൊണ്ടുവന്നില്ലേ?’

ഭാസ്കരൻ നായർ ചേമ്പറിൽത്തന്നെയായിരുന്നു. അയാൾ പുറത്തു വന്നില്ല. കമ്പ്യൂട്ടർ ബൂട്ടുചെയ്തിട്ടുണ്ടായിരുന്നില്ല. നാൻസി ഒന്നും പറയാതെ കമ്പ്യൂട്ടർ ഓണാക്കി. ശനിയാഴ്ച പോകുമ്പോൾ പകുതി തീർത്ത ജോലിയുണ്ടായിരുന്നു. അതു തപ്പിയെടുത്തു് ടൈപ്പുചെയ്യാനാരംഭിച്ചു.

‘എന്താണൊന്നും പറയാത്തതു?’ മാലതി വീണ്ടും ചോദിച്ചു. സാധാരണ പതിവില്ലാത്തതാണു്. ഒരിക്കൽ ചോദിച്ചു മറുപടികിട്ടിയില്ലെങ്കിൽ പിന്നീടവൾ ചോദിക്കാറില്ല. മധുരപലഹാരങ്ങൾ കിട്ടിയേ അടങ്ങുവെന്ന മട്ടിലാണവൾ. പെട്ടെന്നു് നാൻസിക്കൊരു ഭൂതോദയമുണ്ടായി. തന്റെ പുതിയ ജോലിയെപ്പറ്റി മാലതിയും ഭാസ്കരൻനായരും തമ്മിൽ സംസാരമുണ്ടായിട്ടുണ്ടു്. സംസാരിച്ചുകൊണ്ടു് തന്നിൽനിന്നു് കൂടുതൽ വിവരങ്ങൾ അടിച്ചെടുക്കാനുള്ള സൂത്രമാണതു്. മാലതി ഒരിക്കലും മധുരപലഹാരങ്ങളുടെ ആരാധികയായി നാൻസിക്കനുഭവപ്പെട്ടിട്ടില്ല.

‘സാറ് ദാ വിളിക്ക്ണു്.’ മാലതി പറഞ്ഞു. നാൻസി എഴുന്നേറ്റു ചേമ്പറിലേയ്ക്കു പോയി.

ചേമ്പറിനുള്ളിലെ അന്തരീക്ഷം കനത്തതായിരുന്നു. ആകെ വിങ്ങുന്നപോലെ. പെട്ടെന്നു് താനും സാറും തമ്മിലുള്ള ബന്ധം പൊട്ടിത്തകർന്നു് കഷ്ണങ്ങളായി തെറിച്ചപോലെ അവൾക്കു തോന്നി.

‘ഇരിക്കു.’ ഭാസ്കരൻ നായർ തികച്ചും ഔപചാരികമായി പറഞ്ഞു. നാൻസി ഇരുന്നു.

‘മാർക്വെല്ലിലെ തോമസ് വിളിച്ചിരുന്നു.’

അയാൾ നിർത്തി. നാൻസിയുടെ മുഖത്തു നോക്കി; അവളുടെ പ്രതികരണം പഠിക്കാനെന്നപോലെ. അവൾ ഒന്നും പറയുന്നില്ല.

‘അയാൾക്കറിയേണ്ടതു് രണ്ടു കാര്യമാണു്. ഒന്നു് നിന്റെ സ്വഭാവത്തെപ്പറ്റി. രണ്ടു്, നീയെന്തിനാണു് കൂടുതൽ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു് കുറച്ചു ശമ്പളത്തിനു് അവിടെ ചേരുന്നതെന്നു്.’

അയാൾ വീണ്ടും നിർത്തി. മുമ്പിൽനിന്നു് പ്രതികരണമൊന്നുമില്ലെന്നു കണ്ടു് തുടർന്നു.

‘ഒന്നാമത്തെ ചോദ്യത്തിനു് ഞാൻ മറുപടി കൊടുത്തു. രണ്ടാമത്തേതു് എനിക്കറിയില്ലെന്നും പറഞ്ഞു. നിനക്കു് അറിയാമെങ്കിൽ കേൾക്കാമെന്നുണ്ടു്.’

നാൻസി ഒന്നും പറയുന്നില്ല.

‘ഒരു കാര്യം നീ ആലോചിച്ചില്ല. തോമസിനു് എന്റെ പ്രായമറിയില്ല. പത്തറുപതു വയസ്സായ ഒരാളാണു് ഞാനെന്നയാൾക്കറിയില്ല. പിന്നെ ഞാനും നിന്റെ അപ്പനും തമ്മിലുള്ള സ്നേഹബന്ധവും അയാൾക്കറിയില്ല. അപ്പോൾ പത്തിരുപതു വയസ്സായ പെൺകുട്ടി ഒരു കാരണവുമില്ലാതെ കുറഞ്ഞ ശമ്പളത്തിനു് ഒരു ജോലി ഇട്ടെറിഞ്ഞു പോകയാണെങ്കിൽ അതയാളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടാവും. അതിനുള്ള കാരണങ്ങളെപ്പറ്റി അയാൾ കുറെയേറെ ഊഹങ്ങൾ നടത്തിയിട്ടുണ്ടാവും. ചിലപ്പോൾ എന്നെയായിരിക്കും അയാൾ സംശയിക്കുക.’

നാൻസിയുടെ മുഖം വിളറി. അവൾ അങ്ങിനെയൊന്നും ചിന്തിച്ചിരുന്നില്ല. അവളുടെ മനസ്സു് വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. അവൾ തമാശകൾ പറയുന്നുണ്ടെങ്കിലും ഒരിക്കലും സന്തോഷവതിയായിരുന്നില്ല. ഭാസ്കരൻ നായർക്കു് താൻ ഒരധികപ്പറ്റാണെന്ന ബോധം കുറച്ചുകാലമായി അവളെ അലോസരപ്പെടുത്തുന്നു. അതിനിടയ്ക്കാണു് തമാശയായിട്ടെങ്കിലും അവൾ കഴുത്തിൽ തൂങ്ങുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞതു്. അതത്ര കാര്യമാക്കേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല. തന്റെ അന്നത്തെ മൂഡ് അങ്ങിനെയായിരുന്നു. അവൾക്കു് വിഷമമായി.

‘ഞാൻ നിന്നെ പിടിച്ചു നിർത്തില്ല. നിനക്കു പോകാം. പക്ഷേ, പോകുന്നതിനുമുമ്പു് നീ എനിക്കു് കുറച്ചു വല്ലായ്മ തന്നുവെന്നു മാത്രം.’ അദ്ദേഹം തുടർന്നു. ‘ഞാൻ തരുന്നതിനേക്കാൾ കുറച്ചു ശമ്പളത്തിനാണു് നീ പോകുന്നതെന്നു് തോമസ് വിളിച്ചു പറഞ്ഞപ്പോഴേ മനസ്സിലായുള്ളൂ. നിന്റെ ഇഷ്ടം നടക്കട്ടെ. ആട്ടെ അപ്പനു് കത്തെഴുതിയോ?’

നാൻസി ഒന്നും പറയാതെ തലയും കുമ്പിട്ടു് ഇരിക്കയാണു്. കണ്ണുകൾ തുളുമ്പാനൊരുങ്ങുന്നു. അവൾ പെട്ടെന്നു് എഴുന്നേറ്റു പുറത്തേയ്ക്കു കടന്നു.

എന്നെ ആരും മനസ്സിലാക്കുന്നില്ല. അവൾ സ്വയം പറഞ്ഞു. ആരും. മോണിറ്ററിലെ അക്ഷരങ്ങൾ ശിഥിലമായി. അരികിൽ മഴവില്ലിന്റെ വർണ്ണരാജി തെളിഞ്ഞു.

‘നിനക്കെന്തു പറ്റീ?’ രാജൻ ചോദിച്ചു. അയാൾ എന്നത്തേയുംപോലെ സ്റ്റേഷൻ കവാടത്തിൽ കാത്തുനിൽക്കുകയായിരുന്നു. രാവിലെ അങ്കമാലിയിൽനിന്നും പിന്നെ ഇവിടെ പ്ലാറ്റ്ഫോമിൽനിന്നും അയാളെ അവഗണിച്ചതൊന്നും അയാൾക്കു് പ്രശ്നമില്ല. നാൻസി ഒന്നും പറയുന്നില്ല. അവളുടെ മുഖം വാടിയിരുന്നു. അയാൾ ചോദിച്ചു.

‘എന്തുകൊണ്ടു് നമുക്കൊരു മസാലദോശ തിന്നുകൂടാ?’

അവൾ വീണ്ടും ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ അയാൾ അവളുടെ കൈപിടിച്ചുകൊണ്ടു് പറഞ്ഞു.

‘വരൂ.’

അവൾ കൈ വലിച്ചില്ല. പ്ലാറ്റുഫോമിലേയ്ക്കു നടക്കുമ്പോൾ അവൾ പറഞ്ഞു.

‘നമുക്കു് പുറത്തു് ഏതെങ്കിലും റെസ്റ്റോറണ്ടിൽ പോകാം.’

‘നിനക്കു് നേരം വൈകേണ്ട എന്നു കരുതിയാണു് ഞാൻ റെയിൽവേ റെസ്റ്റോറണ്ടിൽ പോകാമെന്നു വച്ചതു്.’

‘സാരമില്ല, ഞാൻ ബസ്സിൽ പോവാം. ഒരു ദിവസമല്ലേ.’

അവർ പുറത്തേയ്ക്കു നടന്നു.

‘ഒരു മസാലദോശ തരാമെന്നു പറഞ്ഞാൽ ആർക്കും എന്നെ പിടിച്ചുകൊണ്ടുപോകാമെന്ന സ്ഥിതിയാണു്.’ നാൻസി പറഞ്ഞു.

‘മസാലദോശ അത്ര ഇഷ്ടമാണോ?’

‘ശരിക്കു പറഞ്ഞാൽ ഐസ്ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞാലും ഞാൻ ഒപ്പം പോകും.’

‘ആഹാ.’ രാജൻ ചോദിച്ചു. ‘മറ്റെന്തൊക്കെയാണു് താങ്കൾക്കു് ഇഷ്ടപ്പെട്ട തീറ്റസ്സാധനങ്ങൾ?’

‘എനിക്കു് ഇഷ്ടമില്ലാത്ത സാധനങ്ങൾ പറയുകയാവും എളുപ്പം.’

‘എനിക്കു് തോന്നിയിട്ടുണ്ടു്.’

റെസ്റ്റോറണ്ടിൽ അടുക്കളകൗണ്ടറിൽ നിന്നു് രണ്ടു പ്ലെയ്റ്റിൽ മസാലദോശ കൊണ്ടുവന്നു് വച്ചശേഷം അയാൾ ചോദിച്ചു.

‘ഐസ്ക്രീം ഇപ്പോൾ കൊണ്ടുവരണോ, അതോ ദോശ തിന്നുകഴിഞ്ഞിട്ടു് മതിയോ?’

‘എനിക്കു് ഒരു ദോശകൂടി വേണ്ടിവരും.’ നാൻസി പറഞ്ഞു.

‘തമാശ പറയുകയാണല്ലേ?’

‘നിങ്ങളെന്റെ മൂഡ് കേടുവരുത്താൻ കൊണ്ടുവന്നതാണോ?’

‘ആട്ടെ, ചോദിക്കട്ടെ, എന്താണു് ഭവതിയുടെ മൂഡ് തേങ്ങയുടെ മൂടായതു? രാവിലെ എന്നെ നോക്കിയതേയില്ല. പിന്നെ ഇറങ്ങിപ്പോകുമ്പോഴെങ്കിലും കടാക്ഷിക്കുമെന്നു കരുതി. അതും ഉണ്ടായില്ല. ഞാനായതുകൊണ്ടു് പിന്നേയും പിന്നാലെ നടക്കുന്നു.’

‘ഞാൻ എല്ലാവരുമായി ഒടക്കാൻ പോവ്വാണു്.’

‘എന്റെ കർത്താവേ എന്താണീ കേക്കണതു?’ രാജൻ അവളെ അനുകരിച്ചു.

‘എന്തിനാണു് കർത്താവിനെ വിളിക്കുന്നതു്. കർത്താവു് ഇതിലൊന്നും പാർട്ടിയല്ലല്ലോ. പിന്നെ പീറ നായന്മാരു് കർത്താവിനെ വിളിക്കുന്നതു് അങ്ങേർക്കിഷ്ടമാവില്ല.’

‘ഞാൻ നായരാണെന്നു് ആരു പറഞ്ഞു?’

‘കണ്ടാലറിഞ്ഞുകൂടെ? വല്ല അച്ചായന്മാരാണെങ്കിൽ ഇങ്ങിനെ പണം ചെലവാക്കുമോ? നാലു കാശുണ്ടാക്കാൻ നോക്കുകയല്ലാതെ?’

‘എന്നാൽ ഐസ്ക്രീം വേണ്ടെന്നു വയ്ക്കാം.’

‘ഞാൻ ഒന്നുകൂടി ചോദിക്കുന്നു, എന്റെ മതവികാരങ്ങൾ വ്രണപ്പെടുത്താൻ കൊണ്ടുവന്നതാണോ?’

വീട്ടിലെത്തിയപ്പോൾ എട്ടുമണിയായിരുന്നു. ചേച്ചി കാത്തുനിൽക്കുകയായിരുന്നു.

‘എന്താണു് നീയിത്ര നേരം വൈകീതു? ഞാൻ പേടിച്ചു.’

‘ഞാൻ ക്ഷീണിച്ചു ചേച്ചീ. രണ്ടു് മസാല ദോശ, ഒരു കോക്ടെയ്ൽ ഐസ്ക്രീം. എനിക്കിന്നു് ഭക്ഷണമൊന്നും വേണ്ട.’

‘ഓഫീസിൽ പാർട്ടിയുണ്ടായിരുന്നോ?’

‘ഇല്ലാ, ഞാനൊരാളുടെ ഒപ്പം പോയി. ഒരു എഞ്ചിൻ ഡ്രൈവറുടെ ഒപ്പം.’

‘എഞ്ചിൻ ഡ്രൈവറോ?’

‘അതേ ചേച്ചീ, നല്ല ഗ്ലാമറുള്ള പയ്യനാണു്.’

‘നോക്കു് നീയെന്നെക്കൊണ്ടു് പറയിപ്പിക്കണ്ട. അപ്പച്ചനു് ഞാൻ നാളെത്തന്നെ എഴുതുന്നുണ്ടു്.’

‘വേണ്ട ചേച്ചീ, ഞാൻ തമാശ പറഞ്ഞതാ.’

‘എന്താണയാളുടെ പേരു്?’

‘രാജൻ.’

‘രാജൻ? മുഴുവൻ പേരെന്താ?’

‘അറിയില്ല ചേച്ചീ.’

‘എന്താണയാള്ടെ ജാതി?’

‘അറിയില്ല ചേച്ചീ, ഞാൻ ചോദിച്ചപ്പോ ജാതി ചോദിക്കരുതു്, പറയരുതു് എന്നാണു് പറഞ്ഞതു്.’

‘അയാള്ടെ അപ്പന്റെ പേരു് ചോദിക്കായിര്ന്നില്ലേ.’

‘ചോദിച്ചു. പേരു് നാരായണൻ നായര്ന്നാ.’

ചിരിക്കയാണോ ശകാരിക്കയാണോ വേണ്ടതെന്നു മനസ്സിലാവാതെ മേരി കുഴങ്ങി.

നെൽസൻ അവളുടെ സഞ്ചി തപ്പി മിട്ടായിയെടുത്തു് തിന്നാൻ തുടങ്ങിയിരുന്നു.

എട്ടാം ദിവസം

നല്ല ദിവസം. നാൻസി ആലോചിച്ചു. ചേച്ചി പിട്ടിനു പകരം പൂരിയാണുണ്ടാക്കിയതു്. എന്തു പറ്റിയാവോ? തന്റെ ലിപ്സ്റ്റിക്കിട്ട ചുണ്ടിൽ വലിയ ഡാമേജില്ലാതെത്തന്നെ നെൽസണു് ഒരുമ്മ കൊടുക്കാൻ പറ്റി. പുറത്തു് കിളികളുടെ ശബ്ദം, നേരിയ കാറ്റിൽ മരങ്ങളുടെ ഇലകളും ചില്ലകളും ആടുന്നു. തിരുവാതിരക്കാറ്റു് പോകുന്ന പോക്കിൽ തന്നെ അനുഗ്രഹിക്കുകയാണു്. കവിതയെഴുതാൻ പറ്റിയ അന്തരീക്ഷം. അവൾ പക്ഷേ, കവിതയെഴുതാൻ മിനക്കെടാതെ അമ്പലത്തിലേയ്ക്കു നടന്നു. നല്ല ദിവസം നല്ലതായിത്തന്നെ നിൽക്കണമെങ്കിൽ കുറച്ചു് ദൈവാനുഗ്രഹംകൂടി വേണമെന്നു് അവൾക്കറിയാം. ശാന്തിക്കാരൻ നമ്പൂതിരിയുടെ കയ്യിൽ നിന്നു് പ്രസാദവും ചിരിക്കുന്ന കണ്ണുകൾകൊണ്ടുള്ള ഉഴിച്ചിലും അനുഗ്രഹവും വാങ്ങി ചന്ദനക്കുറി തൊട്ടു് അവൾ റെയിൽവേ സ്റ്റേഷനിലേയ്ക്കു നടന്നു.

സ്റ്റേഷനിൽനിന്നു് ഓഫീസിലേയ്ക്കു നടക്കുമ്പോൾ അവൾ ഓർത്തതു് ഭാസ്കരൻ നായരെപ്പറ്റിയായിരുന്നു. ദിവസത്തിന്റെ നന്മ കവിഞ്ഞൊഴുകുക കാരണം അവൾക്കു് ഒരുതരം മുൻവിധിയും കൂടാതെ കാര്യങ്ങളെ സമീപിക്കാൻ കഴിഞ്ഞു. ഇന്നു് എന്താണു് തീയ്യതി? പതിനഞ്ചു്. പെട്ടെന്നവൾക്കു് താൻ ഈ ഓഫീസിൽ ചേർന്നിട്ടു് കൃത്യം ഒരു വർഷമായെന്നു് ഓർമ്മ വന്നു. ജനുവരി 15-ന്നാണു്. വ്യാഴാഴ്ച. പതിനാലാം തീയ്യതിയാണു് അപ്പന്റെ ഒപ്പം സാറിന്റെ വീട്ടിൽ ചെന്നതു്. കുറെനേരം സംസാരിച്ചു. ഉച്ചയ്ക്കു് അവിടെനിന്നുതന്നെ ഊണുകഴിച്ചു. അന്നവൾ കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങുന്നേയുള്ളു. മൂന്നു മാസത്തെ കോഴ്സിൽ ഒരു മാസം കഴിഞ്ഞു. ഡോസും വേഡ്സ്റ്റാറും കഴിഞ്ഞു. ഡീബേസിൽ കൈവയ്ക്കുന്നേയുള്ളു. പിറ്റേന്നുതന്നെ ഓഫീസിൽ ചേർന്നുകൊള്ളാൻ ഭാസ്കരൻ നായർ ആവശ്യപ്പെട്ടു.

ഓഫീസിൽ കമ്പ്യൂട്ടറിനു മുമ്പിലിരുന്നപ്പോഴാണു് അവൾക്കു മനസ്സിലായതു് ഇൻസ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടർ സിസ്റ്റം എത്ര പ്രാകൃതമായിരുന്നുവെന്നു്. അവിടെ ഒരു കൊല്ലം പഠിച്ചാലും തനിക്കു് ഒരാഫീസിൽ ജോലിചെയ്യാനുള്ള ധൈര്യമുണ്ടാവില്ല. ഭാസ്കരൻ നായർ അവളെ പഠിപ്പിച്ചു; ക്ഷമയോടെ, ആത്മവിശ്വാസം കൊടുത്തുകൊണ്ടു്. തെറ്റുകൾ ചെയ്യുമ്പോൾ, അവ ആവർത്തിക്കുമ്പോൾ അയാൾ ക്ഷമയോടെ അവളെ തിരുത്തും. മേൽക്കൈയ്യിനു പിന്നിൽ പിച്ചലില്ല, തലയിലിട്ടു കിഴുക്കലില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ സാറിനെ അവൾ വെറുത്തിരുന്നു. അവളുടെ മേൽക്കൈയ്യിനു പിന്നിൽ നിറയെ പിച്ചി ചോര കക്കിയ കറുത്ത പാടുകളായിരുന്നു. വീട്ടിൽ വന്നു് കണ്ണാടിനോക്കി നീറുന്ന പാടുകളിൽ തടവുമ്പോൾ അവളുടെ കണ്ണുകൾ നിറയും. ഇവിടെ ഭാസ്കരൻ നായരുടെ ഒപ്പമിരുന്നു് പഠിക്കുമ്പോൾ പിച്ചലിന്റെ നീറ്റമില്ല. മണ്ടിയെന്ന സ്നേഹമുള്ള വിളി മാത്രം. പേജ്മേക്കറും കോറൽഡ്രോവും മലയാളം സോഫ്ട്വെയറും അദ്ഭുതമല്ലാതായി. ചിത്രം വരയ്ക്കാൻ താല്പര്യമുള്ളതുകൊണ്ടു് ഗ്രാഫിക്സ് എളുപ്പമായി. ഒന്നാം തീയ്യതി അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു് അയാൾ പകുതി മാസത്തെ ശമ്പളം കൊടുത്തു. അവൾ അപ്പോഴും പഠിക്കുന്നേ ഉണ്ടായിരുന്നുള്ളു.

ആ മനുഷ്യനെയാണു് താൻ വേദനിപ്പിച്ചതു്. അവൾ തൊട്ടടുത്തുള്ള ബേക്കറിയിൽ പോയി മൂന്നു് ചോക്കളേറ്റ്ബാറുകൾ വാങ്ങി സഞ്ചിയിലിട്ടു.

അവൾ നേരെ ഭാസ്കരൻ നായരുടെ മുറിയിലേയ്ക്കാണു് പോയതു്. അദ്ദേഹം അവളെ ചോദ്യഭാവത്തിൽ നോക്കി. ചിരി ആ മുഖത്തുനിന്നു് അപ്രത്യക്ഷമായിരുന്നു. അവൾ ഒന്നും പറയാതെ മേശക്കെതിരെയുള്ള കസേലയിൽ ഇരുന്നു.

‘ഇന്നു് ഒരു വിശേഷ ദിവസാണു്.’ നാൻസി പറഞ്ഞു. ‘എന്താന്നു പറഞ്ഞാൽ ഒരു സമ്മാനം തരാം.’ താനും സാറും തമ്മിൽ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നു വരുത്താനായി അവൾ ശ്രമിക്കയാണു്.

‘ഇന്നു് ഒരു ദുരന്ത ദിവസമാണു്. നീ ഈ ഓഫീസിൽ ചേർന്ന ദിവസം’ അയാൾ പറഞ്ഞു.

‘പിന്നെ, എനിക്കു് നിന്റെ സമ്മാനം വേണ്ടെങ്കിലോ?’

അവളുടെ മുഖം വിളറി. തമാശയിലൂടെ, ചോക്കളേറ്റ് നൽകുക വഴി സാറുമായി സാധാരണ നിലയിലാകാമെന്നു് കരുതിയതാണു്. സാറ് തണുത്തില്ലെന്നു് മനസ്സിലായി. അവൾ എഴുന്നേറ്റു് പുറത്തു കടന്നു. സ്വന്തം കസേലയിൽ പോയി കുറച്ചുനേരം വെറുതെയിരുന്നു. മനസ്സു് കലുഷമായി. കണ്ണുകൾ ഈറനായി. സഞ്ചി ഉള്ളിൽ വയ്ക്കാനായി മേശയുടെ വലിപ്പു തുറന്നു. അതിൽ ഒരു സമ്മാനപ്പൊതിയുണ്ടായിരുന്നു. ഗിൽട്ടുകടലാസിൽ പൊതിഞ്ഞ ഒരു പെട്ടി. ബേക്കറിയുടെ പേരുണ്ടായിരുന്നതുകൊണ്ടു് അതു് കേയ്ക്കായിരിക്കുമെന്നവൾ ഊഹിച്ചു. പെട്ടിയുടെ മുകളിലുള്ള കടലാസെടുത്തു് അവൾ വായിച്ചു.

‘ഒരു കൊല്ലമായി എന്റെ ജീവിതം ധന്യമാക്കിയ മകൾക്കു്—വളർത്തച്ഛൻ.’

കമ്പ്യൂട്ടറിൽ മനോഹരമായ ലിപികളിൽ ചിത്രപ്പണികളോടെ ഉണ്ടാക്കിയ ആ കാർഡ് ഒരിക്കൽക്കൂടി അവൾ വായിച്ചു. നെഞ്ചിനുള്ളിൽ വീർപ്പുമുട്ടിച്ചുകൊണ്ടു വന്ന തേങ്ങലടക്കാൻ അവൾക്കു കഴിഞ്ഞില്ല. മേശമേൽ നെറ്റിവച്ചു് അവൾ തേങ്ങിക്കരഞ്ഞു.

ഭാസ്കരൻ നായർ അവളുടെ തലമുടി തടവുകയായിരുന്നു. അയാൾ അവളെ ആശ്വസിപ്പിക്കാൻ എന്തോ പറയുന്നുണ്ടു്. അവസാനം അയാൾ ചോദിച്ചു. ‘എവിടെ നിന്റെ സമ്മാനം. ഞാൻ ശരിയുത്തരം തന്നില്ലേ?’

‘ഞാൻ ഈ സാറിനോടു് കൂടൂല.’ അവൾ പറഞ്ഞു.

മാലതി ചിരിക്കുകയാണു്. നാൻസിക്കു് കുറച്ചാശ്വാസം തോന്നി. അവൾ സഞ്ചി തുറന്നു് മൂന്നു് ചോക്കളേറ്റ് ബാറുകൾ പുറത്തെടുത്തു ഭാസ്കരൻ നായർക്കു കൊടുത്തു. അയാൾ ഓരോന്നു് അവൾക്കും മാലതിയ്ക്കും കൊടുത്തു.

‘നമുക്കിതു് ഇപ്പോൾതന്നെ തിന്നാം എന്താ?’

‘സാറ് എന്താണു് എനിക്കുവേണ്ടി വാങ്ങിച്ചതു?’

‘നീ തുറന്നു് നോക്കു്.’

അതൊരു ചോക്കളേറ്റ് ക്രീം കേക്കായിരുന്നു. ഉച്ചയ്ക്കു് മുറിക്കാമെന്നു് അവൾ തീരുമാനിച്ചു.

അയാൾ രണ്ടുപേരുടെയും ജന്മദിനം ഓർത്തുവച്ചു. ആ ദിവസം കേയ്ക്കു വാങ്ങിവയ്ക്കും. പക്ഷേ, താൻ ജോലിക്കു ചേർന്ന ദിവസം ഓർത്തിരിക്കുമെന്നു് നാൻസി ഒരിക്കലും കരുതിയില്ല. വല്ലാത്തൊരു സാറ്!

‘നീയെന്നാണു് പുതിയ കമ്പനിയിൽ ചേരുന്നതു?’ ഭാസ്കരൻ നായർ ചോദിച്ചു.

‘ഞാനോ, പുതിയ കമ്പനിയിലോ?’ ഒരു ടി. വി. പരസ്യത്തെ അനുകരിച്ചുകൊണ്ടു് അവൾ ചോദിച്ചു. ‘ഞാനീ സാറിനെ വിട്ടു് എങ്ങും പോവത്തില്ല. സാറിന്റെ കഴുത്തിൽത്തന്നെ തൂങ്ങും.’

‘എനിക്കറിയാമായിരുന്നു എനിക്കത്ര ഭാഗ്യമൊന്നുമില്ലെന്നു്.’ ഭാസ്കരൻ നായർ പറഞ്ഞു. ‘അല്ലെങ്കിൽ എത്ര വഴിപാടു നേർന്നതാണു്!’

വൈകുന്നേരം ഇതെല്ലാം വിവരിച്ചുകൊടുത്തപ്പോൾ രാജൻ പറഞ്ഞു.

‘ഭാസ്കരൻ നായർ ഒരപൂർവ്വ സ്പീഷീസിൽ പെട്ടയാളാണു്. അടുത്തുതന്നെ നാമാവശേഷമാകാവുന്ന ഒരു വർഗ്ഗം. പണമെന്ന ഒരേയൊരു പരിഗണനയിൽ സ്നേഹമെന്ന വികാരത്തിനു് ഏറ്റവും പിന്നിലെ സീറ്റുകൊടുക്കുന്ന വർഗ്ഗമാണിപ്പോഴുള്ളതു്. അങ്ങിനെയല്ലാത്ത ആരെയെങ്കിലും കണ്ടാൽ അവരെ പ്രത്യേകം പരിരക്ഷിക്കണം. വർഗ്ഗനാശമുണ്ടാവാതെ നോക്കണം.’

‘നമുക്കു് സാറിനെ വല്ല വന്യമൃഗ സംരക്ഷണകേന്ദ്രത്തിലും ആക്കിയാലോ?’

ഒമ്പതാം ദിവസം

ആരാണു് തന്നെ ആറു വെള്ളിക്കാശിനു് അപ്പനു് ഒറ്റിക്കൊടുത്തതു? ചേച്ചിയാണോ? സാറാണോ? അതോ വലിയിടത്തച്ചനോ? ആരായാലും മിന്നൽവേഗത്തിൽ കാര്യങ്ങൾ നടന്നു. ഞായറാഴ്ച പെണ്ണുകാണാൻ വരുമെന്നു് പറഞ്ഞതു് ചേച്ചിയാണു്. ആലുവക്കാരനാണത്രെ. വരനു് അവിടെ സ്റ്റേഷനറി കച്ചവടമാണു്.

‘വല്ല ബേക്കറിയോ ഐസ് ക്രീം പാർളറോ ആണെങ്കിൽ ഞാനുടനെ സമ്മതിച്ചേനെ.’ അവൾ ചേച്ചിയോടു പറഞ്ഞു.

‘ഐക്രീം മേണം.’ നെൽസൺ ആവശ്യമുന്നയിച്ചു.

‘കൊച്ചമ്മ ഒരു ഐസ് ക്രീം പാർളറുകാരനെ കെട്ടട്ടെ. എന്നിട്ടു് മോനു് ദിവസൂം ഐസ്ക്രീം കൊണ്ടുവരാം കേട്ടോ.’ നാൻസി അവനെ സമാധാനിപ്പിച്ചു.

നാൻസി വളരെ സന്തോഷത്തിലായിരുന്നു. ആദ്യമായി ഒരാൾ തന്നെ കാണാൻ വരുന്നു. അവൾ അങ്ങോട്ടു പോയി ആൺപിള്ളേരെ കാണുകയല്ലാതെ ആണൊരുത്തൻ അവളെമാത്രം കാണാനായി വരുന്നതു് ത്രില്ലുണ്ടാക്കുന്ന സംഭവമാണു്.

അവൾ രാജനോടു പറഞ്ഞു.

‘നാളെ എന്നെ കാണാൻ ആൾ വരുന്നു.’

‘ആരാണു് ആ ധൈര്യശാലി?’ അയാൾ എഞ്ചിൻറൂമിൽനിന്നിറങ്ങാതെ സംസാരിക്കയാണു്.

‘ഇരുപത്താറു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ. നല്ല സുന്ദരൻ.’

‘നീ ആളെ മുമ്പു് കണ്ടിട്ടുണ്ടോ?’

‘ഇല്ലാ.’

‘ഫോട്ടോ കണ്ടിട്ടുണ്ടാവും അല്ലേ?’

‘അതും ഇല്ല.’

‘പിന്നെ എങ്ങിനെ മനസ്സിലായി അയാൾ സുന്ദരനും സുശീലനുമാണെന്നു്?’

‘നേരിട്ടു കാണുന്നതുവരെ എന്തിനാണു് കുറയ്ക്കുന്നതു?’

‘അയാളെന്തു ചെയ്യുന്നു.’

‘ആലുവായിൽ സ്റ്റേഷനറിക്കച്ചവടമാണു്.’

‘നന്നായി വരട്ടെ!’

‘ഞാനയാളെ കണ്ടശേഷം പറഞ്ഞാൽ മതി.’ അവൾ നടന്നുനീങ്ങി.

പെണ്ണുകാണാൻ വരുന്ന വിവരം പറഞ്ഞപ്പോൾ ഭാസ്കരൻനായരുടെ മുഖത്തു് ഒരു ചിരി വിടർന്നുവോ എന്നവൾ സംശയിച്ചു. സാറാണോ വില്ലനെന്നറിയാനെന്തു വഴി? അവൾ നുണ പറഞ്ഞു.

‘സാറിന്റെ കത്തു കിട്ടിയെന്നു് അപ്പൻ എഴുതിയിട്ടുണ്ടു്?’

‘എന്റെ കത്തോ? അയക്കാത്ത കത്തെങ്ങിനെയാണു് നിന്റെ അപ്പനു് കിട്ടുക?’

അവൾ ആശയക്കുഴപ്പത്തിലായി. ഭാസ്കരൻ നായരായിരിക്കില്ല തന്നെ ഒറ്റിക്കൊടുത്തതു്. ഒന്നുകിൽ ചേച്ചി, അല്ലെങ്കിൽ വലിയിടത്തച്ചൻ. ആരായാലും കണ്ടുപിടിച്ചാൽ ഉടനെ കൊന്നുകളയണമെന്നവൾ തീർച്ചയാക്കി.

‘ഞാനിന്നു് കുറച്ചു നേരത്തെ പൊയ്ക്കോട്ടെ?’ നാൻസി ചോദിച്ചു.

‘എന്തിനാണു്?’

‘കോൺവെന്റ് ജങ്ക്ഷനിൽ പോണം. കുറച്ചു സൗന്ദര്യവസ്തുക്കൾ വാങ്ങണം. കാണാൻ വരുന്നതു് നല്ല പയ്യനാണെങ്കിൽ എന്നെ പിടിക്കാതെ പോണ്ട.’

‘കുറച്ചധികം സാധനങ്ങൾ വാങ്ങേണ്ടിവരും.’

‘എന്തേ?’

‘ഇല്ലാത്ത ഒന്നു് ഉണ്ടാക്കലല്ലേ?’

‘ഈ സാറിനോടു് ഞാൻ കൂടൂലാ കേട്ടോ!’

അവൾക്കറിയാം ഭാസ്കരൻ നായർ കളിപ്പിക്കയാണെന്നു്. അവൾ ശരാശരിയിലും മീതെയായിരുന്നു. വെളുപ്പിനോടടുത്ത ഇരുനിറം. മിസ്സ് ഇന്ത്യയ്ക്കു് അസൂയയുണ്ടാക്കുന്ന വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ്. നീണ്ട വിരലുകളിൽ ഭംഗിയുള്ള നീണ്ട നഖങ്ങൾ. സ്വപ്നങ്ങൾ മയങ്ങുന്ന വലിയ കണ്ണുകൾ. ചേച്ചിയുടെ നിറംകൂടി കിട്ടിയിരുന്നെങ്കിൽ തന്നെ പിടിച്ചാൽ കിട്ടില്ലെന്നാണു് അവൾ പറയാറ്. കർത്താവുമായി കണക്കുതീർക്കേണ്ട ഒരു കാര്യമായി അതവൾ കുറിച്ചിട്ടിരിക്കയാണതു്.

കോൺവെന്റ് ജങ്ക്ഷൻ യാത്ര ഒരു ദുരന്തമായിരുന്നു. പരിചയമുള്ള സെയിൽസ്മാൻമാരെല്ലാം അപ്രത്യക്ഷരായിരിക്കുന്നു. പുതിയ മുഖങ്ങൾ. കാണാൻ കൊള്ളാവുന്ന ഒരു മുഖത്തിനു വേണ്ടി അവൾ കടകൾ കയറിയിറങ്ങി. ഒരൊറ്റ എണ്ണം? അവരൊക്കെ എവിടെപ്പോയി?

സ്റ്റേഷനിലെത്തിയപ്പോഴേയ്ക്കു് അവൾ ക്ഷീണിച്ചിരുന്നു.

‘എന്തുപറ്റീ നിനക്കു്?’ രാജൻ ചോദിച്ചു.

‘ഞാൻ ആത്മഹത്യ ചെയ്യാൻ തീർച്ചയാക്കി.’

നല്ല കാര്യമെന്നമട്ടിൽ രാജൻ അവളെ അഭിനന്ദിച്ചുകൊണ്ടു് നോക്കി.

‘ആത്മഹത്യക്കു് സ്റ്റേഷൻ പരിസരം ഒഴിവാക്കാൻ എന്താണു് വേണ്ടതു?’

‘ഒരു ഐസ്ക്രീം.’

‘അത്രയേ വേണ്ടൂ?’ അവർ പ്ലാറ്റുഫോമിലെ കൗണ്ടറിലേയ്ക്കു നടന്നു.

ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കേ രാജൻ പറഞ്ഞു.

‘ഞാൻ രണ്ടു ദിവസം ലീവിലായിരിക്കും.’

‘എന്താ കാരണം?’

‘അമ്മയ്ക്കു സുഖമില്ല. ഡോക്ടറെ കാണിക്കണം. ഒരുപക്ഷേ, ആശുപത്രിയിൽ രണ്ടു ദിവസം കിടക്കേണ്ടിവരും.’

‘ഐസ്ക്രീം വെറുതെയായി.’

‘എന്തേ?’

‘ഞാൻ ഇപ്പോൾ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.’

രാത്രി കിടക്കുന്നതിനുമുമ്പു് അവൾ മേരിയോടു ചോദിച്ചു.

‘ആരുടെ ഐഡിയയാണു് ഈ പെണ്ണുകാണൽ?’

‘അപ്പൻ ചിറ്റപ്പനു് എഴുതിയതാണു്. ചിറ്റപ്പനാണു് ഈ ആലോചന കൊണ്ടുവന്നതു്. എന്തേ?’

‘ഒന്നുമില്ല, ഭംഗിയായി എന്നു പറഞ്ഞതാ.’

ഡയറിയിൽ ഒരു ദിവസത്തെ സ്ഥലം ഒഴിഞ്ഞു കിടന്നു. ഇനിയും രണ്ടോ മൂന്നോ ദിവസങ്ങൾ അങ്ങിനെ കിടക്കാനാണു് യോഗമെന്നു തോന്നുന്നു.

പതിമൂന്നാം ദിവസം

അവൾ ഡയറി കൈയ്യിലെടുത്തു. ഇന്നെങ്കിലും എഴുതിയില്ലെങ്കിൽ നാളെ ചരിത്രം തന്നിൽ പഴിചാരും. ഇത്രയും വലിയ ഒരു വിടവു് വിശദീകരിക്കാനാവാതെ കിടക്കും. ശരിക്കും പറഞ്ഞാൽ രാവിലെ എഴുന്നേറ്റ ഉടനെതൊട്ടു് അരമണിക്കൂർ കൂടുമ്പോൾ ഡയറിയെഴുതണമെന്നു തോന്നിയതാണു്. എഴുതാനുള്ള കോപ്പുമുണ്ടായിരുന്നു. ചേച്ചിയുടെ ഒപ്പം പള്ളിയിൽ പോക്കും വലിയിടത്തച്ചന്റെ ആശീർവാദങ്ങളും, അതിനുശേഷം പെണ്ണുകാണാൻ വരുന്നവർക്കു് വിരുന്നൊരുക്കാനുള്ള ശ്രമങ്ങളും. ചിറ്റപ്പനും ആന്റിയും നേരത്തെത്തന്നെ വന്നു് വീടു് കൈയ്യേറിയിരിക്കുന്നു. എന്തോ മഹത്തായ കാര്യം നടക്കാൻ പോകുന്നുവെന്ന പ്രതീതിയാണു്.

കൃത്യം പതിനൊന്നിനുതന്നെ പയ്യൻ ഒരു ഡസൻ ആൾക്കാരുമായി എത്തി. ഒരമ്പാസിഡർ കാറിൽ ഇത്രയധികം ആൾക്കാരെ കൊള്ളുമെന്നതു് അവൾ അപ്പോഴാണു് അറിയുന്നതു്. ഓരോരുത്തരായി ഇറങ്ങുമ്പോൾ കാർ ഓരോ ഇഞ്ചായി പൊന്തുന്നതു് അവൾ ജനലിലൂടെ നോക്കിനിന്നു. എല്ലാവരേയും ഇറക്കിവിട്ടശേഷം കാർ കോട്ടുവായിട്ടു മൂരിനിവർന്നു. വന്ന ആൾക്കൂട്ടത്തിൽനിന്നു് പയ്യനെ കണ്ടുപിടിക്കാൻ ശ്രമിക്കയായിരുന്നു നാൻസിയും മേരിയും.

ആന്റി വന്നു വിളിച്ചപ്പോൾ മേരി ഒപ്പം പോയി. നാൻസി തനിച്ചായി. തെരച്ചിൽ രണ്ടു സ്ഥാനാർത്ഥികളിലേയ്ക്കു് ഒതുങ്ങി. ഒരുപക്ഷേ, ജേഷ്ഠാനുജന്മാരായിരിക്കണം. രണ്ടായാലും ആകെപ്പാടെ കൊള്ളാം. പാന്റ്സും മുഴുവൻ കൈയ്യുള്ള വരയുള്ള ഷർട്ടുമാണു് വേഷം. നിറം കുറവാണു്. കറുപ്പിനോടു് കൂടുതൽ അടുത്തു നിൽക്കുന്നു. അവർ നടന്നു് ഉമ്മറത്തേയ്ക്കു കയറി.

ആന്റിയുടെ ഒപ്പം ചെന്ന മേരി അവരെ സ്വാഗതം ചെയ്തു. രണ്ടുപേരിൽ മൂത്തവൻ മേരിയെ നല്ലവണ്ണം നോക്കുന്നുണ്ടായിരുന്നു. കല്ല്യാണപ്പെണ്ണാണെന്നു കരുതിയായിരിക്കണം. മേരിയെ കണ്ടാൽ പെറ്റുവെന്നൊന്നും തോന്നില്ല. അനിയൻ ഏട്ടനോടു് എന്തോ അടക്കം പറഞ്ഞു. നല്ലവണ്ണം നോക്കിക്കോ എന്നായിരിക്കും. ആ നിമിഷത്തിലാണു് നെൽസൺ ഓടി ഉമ്മറത്തേയ്ക്കു വന്നതും, ‘അമ്മച്ചീ ന്നെ എടുക്കൂ’ എന്നു പറഞ്ഞതും. പയ്യന്റെ മുഖത്തെ ചിരി ചമ്മിയ ചിരിയായി മാറി. അവൻ അനുജനെ രൂക്ഷമായി ഒന്നു് നോക്കി. നിനക്കു ഞാൻ വെച്ചിട്ടുണ്ടെടാ എന്ന മട്ടിൽ.

അകത്തു് ജനലിലൂടെ നോക്കി ആസ്വദിക്കുന്ന നാൻസിക്കു് ചിരിപൊട്ടി. ചായകുടിച്ചുകഴിഞ്ഞ ശേഷമാണു് നാൻസി ഉമ്മറത്തേയ്ക്കു പോയതു്. സിനിമയിലും ടിവി സീരിയലിലും ഉള്ളപോലെ ചായയുടെ ട്രേയുമായി തന്നെ ഉമ്മറത്തേയ്ക്കു തള്ളിവിട്ടാൽ അതിന്റെ ഫലം വന്നവരും ഇവിടെയുള്ളവരും അനുഭവിക്കേണ്ടിവരുമെന്ന താക്കീതു നിലവിലുള്ളതുകൊണ്ടാണു് ആന്റിയും ചിറ്റപ്പനും നിർബ്ബന്ധിച്ചിട്ടും മേരി അനിയത്തിയെ പറഞ്ഞയക്കാതിരുന്നതു്.

‘എന്നാൽ പെണ്ണിനെ ഒന്നു് വിളിക്ക്യാ.’ ആരോ പറഞ്ഞു. അതു് ചെക്കന്റെ മൂത്ത പെങ്ങളാണെന്നു് പിന്നീടു മനസ്സിലായി. നാൻസി ഉമ്മറത്തേയ്ക്കു വന്നു് ഒരു തൂണു ചാരിനിന്നു പയ്യനെ നല്ലവണ്ണം ഒന്നു നോക്കി. നോട്ടത്തിന്റെ ശക്തിയിൽ പയ്യൻ നാണിച്ചു തലതാഴ്ത്തി. ഭസ്മമാവാതിരുന്നതു് പയ്യന്റെ മുജ്ജന്മസുകൃതമെന്നു പറയാം. പിന്നീടങ്ങോട്ടു് വിചാരണയായിരുന്നു. വാദിഭാഗം വക്കീൽ പെങ്ങൾ തന്നെ.

‘എന്താ പേരു്?’

‘നാൻസി. ചിറ്റപ്പൻ പറഞ്ഞില്ലേ?’

‘നാൻസി എവിട്യാണു് ജോലിയെടുക്കണതു?’ പെങ്ങൾ അടിതെറ്റാതിരിക്കാൻ ശ്രമിച്ചുകൊണ്ടു്, പതറാതെ ചോദിച്ചു.

‘എറണാകുളത്തു്.’

‘എന്തു ജോലിയാ?’

‘ടൈപ്സെറ്റിങ്.’

‘ടൈപ്പിങ്ങിന്റെ ജോലിയാണല്ലേ? അപ്പോ നിങ്ങടെ ആൾക്കാരു് പറഞ്ഞതു് കമ്പ്യൂട്ടറിലാ ജോലീന്നാണല്ലോ?’ അങ്ങിനെ പറ്റിക്കാൻ നോക്കേണ്ട എന്ന ഭാവത്തിൽ പെങ്ങൾ പറഞ്ഞു.

‘കമ്പ്യൂട്ടറിലാണു് ടൈപ്സെറ്റു ചെയ്യുക.’ നാൻസി ശാന്തമായി പറഞ്ഞു. ചിരി വരുമെന്നു ഭയന്നു് അവൾ ചേച്ചിയുടെ തുറിച്ചുനോക്കുന്ന കണ്ണുകൾ ഒഴിവാക്കാൻ ശ്രമിക്കയായിരുന്നു. ഒരിക്കൽ ചിരി പൊട്ടിയാൽ പിന്നെ അടക്കാൻ കഴിഞ്ഞില്ലെന്നു വരും.

‘ശമ്പളം എന്തു കിട്ടും?’

നാൻസി മറുപടി പറയുന്നതിനുമുമ്പു് പയ്യൻ പറഞ്ഞു.

‘അതു് സാരല്ല്യ ചേച്ചി.’

ശമ്പളമെന്താണെന്നറിയണമെന്നു് അയാൾ ചേച്ചിയോടു് അവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. തന്റെ ഭാര്യയുടെ ശമ്പളം ചേച്ചി അറിയണമെന്നില്ല അയാൾക്കു്. അറിഞ്ഞാൽ കുഴപ്പമാണു്.

‘പാട്ടുപാടാനൊക്കെ അറിയ്വോ?’ പെങ്ങൾ വീണ്ടും ചോദിച്ചു.

‘ഉം, പീറ്റർ ചേട്ടന്റെ ഒപ്പം പാടാറുണ്ടു്.’

‘ആരാണു് പീറ്റർ ചേട്ടൻ?’ പയ്യൻ ആകാംക്ഷയോടെ ചോദിച്ചു. നാൻസി ഒരു ചെറുപ്പക്കാരന്റെ ഒപ്പം ദ്വന്ദഗാനവും പാടി പാർക്കുകളിലും ഫോർട്ടുകൊച്ചി ബീച്ചിലുമൊക്കെ നടക്കുന്നതു് അയാൾ മനസ്സിൽ കണ്ടു.

‘ഞങ്ങടെ ഇടവകപള്ളീലു് പാട്ടു് പാടണ ആളാണു്.’ ചിറ്റപ്പൻ കൂട്ടിച്ചേർത്തു. ‘വയസ്സായ ഒരു കാരണവരു്.’

പയ്യനു സമാധാനമായി. അയാൾ അളിയനുമായി എന്തോ സംസാരിക്കയാണു്. അളിയൻ എഴുന്നേറ്റു് ചിറ്റപ്പനെ വിളിച്ചു മുറ്റത്തേക്കിറങ്ങി സംസാരിക്കാൻ തുടങ്ങി. പെങ്ങൾ നാൻസിയെ വെറുതെ നോക്കിനിന്നു. ചോദ്യങ്ങൾ അവരുടെ കണ്ണുകളിലും മുഖത്തെ പേശികളിലും സംതൃപ്തിയില്ലാതെ ഉടക്കിനിന്നു. അളിയനും ചിറ്റപ്പനും കൂടി സംസാരിച്ചു് പടിക്കലെത്തി. നാൻസി തിരിച്ചു് അകത്തേയ്ക്കുതന്നെ നടന്നു.

അരമണിക്കൂറിനുള്ളിൽ അവർ പോയപ്പോൾ എല്ലാവരും ചിറ്റപ്പന്റെ അടുത്തു ചെന്നു.

‘ചെക്കനു് പെണ്ണിനെ ഇഷ്ടായിരിക്കുന്നു.’ അയാൾ പറഞ്ഞു. ‘അല്ലെങ്കിൽ എന്റെ മോക്കു് എന്താണൊരു കുറവു്?’

‘അവരു് മറ്റെ കാര്യൊക്കെ എന്താ പറഞ്ഞതു?’ ആന്റി അക്ഷമയോടെ ചോദിച്ചു.

‘മൂന്നുലക്ഷോം നാൽപ്പതു പവനും. അപ്പോ ഞാൻ പറഞ്ഞു അവള്ടെ ചേച്ചിക്കു് കൊടുത്തതു് രണ്ടുലക്ഷോം ഇരുപതു പവനുമാണു്. തറവാടു് നാൻസിക്കാണു് കിട്ടുക. അതുകൊണ്ടു് ഒരു ലക്ഷോം ഇരുപതു പവനും തരാമെന്നു പറഞ്ഞു. ആലോചിക്കട്ടേന്നു് പറഞ്ഞിരിക്ക്യാ.’

‘എന്താത്ര ആലോചിക്കാന്ള്ളതു?’ അമ്മായി ചോദിച്ചു.

‘അവന്റെ കടേടെ അടുത്ത്ള്ള കട വില്ക്കാനിട്ടിരിക്ക്യാത്രെ. അതു വാങ്ങണംന്ന്ണ്ടു്. ഇപ്പഴ്ള്ള കട അവനും അനിയനുംകൂടിള്ളതാ. അതിനാണു് പണം.’

‘നമ്മടെ അപ്പൻ അദ്ധ്വാനിച്ചുള്ള കാശോണ്ടു് അയാക്കു് കടയെടുക്കണംന്നു്, അല്ലേ? അയാക്കു് അപ്പനൊന്നും ഇല്ലേ?’ നാൻസി ചോദിച്ചു.

‘നീ മിണ്ടാതിരിയെടി.’ മേരി ശാസിച്ചു.

‘ആട്ടെ നിനക്കയാളെ ഇഷ്ടപ്പെട്ടോടീ?’ ആന്റി ചോദിച്ചു.

‘കൊള്ളാം.’ നാൻസി പറഞ്ഞു. ‘എനിക്കറിയേണ്ടതു് നമ്മടെ അപ്പൻ കൊടുക്കണതല്ലാതെ അയാള്ടെ കയ്യിലു് മറ്റു് കോപ്പെന്തുണ്ട്ന്നാ. നമ്മടെ പണം മാത്രം എടുത്തു് കളിക്ക്യാണെങ്കിലു് ശരിയാവത്തില്ല.’

ഡയറി മടക്കിവച്ചുകൊണ്ടു് നാൻസി ചിരിച്ചു. അയാളുടെ കയ്യിലെ കോപ്പു് അറിയണമെങ്കിൽ കല്യാണരാത്രിതന്നെ വേണ്ടിവരും. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരിക്കുന്നതാവും നല്ലതു്.

അനിയത്തിയെ ഉപദേശിച്ചു് തളർന്നു് മേരി ഉറക്കമായിരുന്നു.

പതിനാലാം ദിവസം

പ്ലാറ്റുഫോമിൽ പുഷ്പുൾ കിതച്ചുനിന്നു. അവൾ എഞ്ചിൻറൂമിലേയ്ക്കു നോക്കി. കഴിഞ്ഞ മൂന്നുനാലു ദിവസമായി പ്രഭയറ്റു കിടന്ന എഞ്ചിൻ മുറി വീണ്ടും പ്രഭാപൂരം പൊഴിക്കുന്നതായി അവൾ കണ്ടു. വീണ്ടും വസന്തം, വീണ്ടും പൂക്കളുടെ പ്രളയം. സുഗന്ധം പരത്തുന്ന മന്ദമാരുതൻ. ഞാൻ പറഞ്ഞില്ലേ? അവൾ ആലോചിച്ചു. എനിക്കു് കവിതയെഴുതാൻ കഴിയും.

‘എന്താ കേറ്ണില്ലേ?’ എന്നു് രാജൻ ആംഗ്യം കാണിച്ചപ്പോഴാണു് പരിസരബോധമുണ്ടായതു്. ചുറ്റും വസന്തമല്ല, തലയ്ക്കു മുകളിൽ മൊട്ട വെയിലാണെന്നും, ഇപ്പോൾ കവിതയെഴുതാനിരുന്നാൽ ശരിയാവില്ലെന്നും അവൾക്കു ബോധ്യമായി. അവൾ ധൃതിയിൽ വണ്ടിയിൽ കയറി. അന്താക്ഷരിയിൽ അവൾ ആദ്യമായി ജയിച്ചു. വയലാറിന്റേയും ഒ. എൻ. വി.-യുടെയും പാട്ടുകൾ അവളുടെ നാവിൻതുമ്പിൽ അനായാസം വന്നുചേർന്നു. അവൾ കുട്ടിക്കാലംതൊട്ടു് കേൾക്കാറുള്ളതാണാ പാട്ടുകൾ. അപ്പൻ വൈകുന്നേരം അല്പം കുടിക്കും. കുടിച്ചു കഴിഞ്ഞാൽ സിനിമാഗാനങ്ങൾ നല്ല ഈണത്തിൽ പാടും. അതുകേട്ടുകൊണ്ടാണവൾ വളർന്നതു്. ഇപ്പോൾ അവളുടെ ജീവിതത്തിലും ആ പാട്ടുകൾക്കു് അർത്ഥമുണ്ടായി വരുന്നതവൾ അദ്ഭുതത്തോടെ, ആഹ്ലാദത്തോടെ കണ്ടു.

സൗത്ത് സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ അവൾ പ്ലാറ്റുഫോമിലൂടെ നടന്നു് എഞ്ചിന്റെ അടുത്തെത്തി. രാജൻ പുറത്തേയ്ക്കു തലയിട്ടു് നിൽക്കുകയാണു്.

‘അമ്മയ്ക്കു് എങ്ങിനെയുണ്ടു്?’ നാൻസി ചോദിച്ചു.

‘മാറി.’ അയാൾ പറഞ്ഞു. പനിപിടിച്ചു കിടന്ന ഒരു ചെറിയ കുട്ടി കളിക്കാൻ പോകാനായി ‘ഊവു് മാറി’ എന്നു പറയുന്നതുപോലെയാണയാൾ പറഞ്ഞതു്.

‘ഇന്നലെ എന്നെ പെണ്ണുകാണാൻ വന്നിരുന്നു.’

‘എങ്ങിനെയുണ്ടു് പയ്യൻ?’

‘നല്ല സുന്ദരൻ. രാജകുമാരനെപ്പോലെയുണ്ടു്.’

‘ങും, എന്നെ അസൂയപ്പെടുത്താൻ പറയ്യ്വാണു്. കട്ടപ്പല്ലും കോങ്കണ്ണും ഉള്ള ആരെങ്കിലുമായിരിക്കും.’

‘ആയ്ക്കോട്ടെ.’ അവൾ കോക്കിരി കാട്ടിക്കൊണ്ടു് നടന്നുപോയി.

പെണ്ണുകാണാൻ വന്ന കാര്യം പറഞ്ഞപ്പോൾ ഭാസ്കരൻ നായർ ചോദിച്ചു.

‘എന്താണവരുടെ ഡിമാന്റ്?’

‘മൂന്നുലക്ഷവും നാല്പതു പവനും മാത്രം. ഇത്ര കുറച്ചു ചോദിക്കുന്ന ഒരാളുടെ ഒപ്പം ഞാൻ പോവില്ലെന്നു് പറഞ്ഞിരിക്കയാണു്. എന്റെ വില കളയാനോ?’

ഭാസ്കരൻ നായരും മാലതിയും ചിരിക്കയാണു്.

‘ഞാൻ നിന്നെക്കൊണ്ടു് തോറ്റു. ആട്ടെ പയ്യനെങ്ങിനെണ്ടു്?’

‘ശരാശരി. പയ്യന്റെ അനിയനാണെങ്കിൽ ഒരു കൈ നോക്കായിരുന്നു. ഗ്ലാമറുള്ള പയ്യനാണു്.’

രാജനെ അസൂയപ്പെടുത്താമെന്നാണു് കരുതിയതു്. അയാളുടെ മുഖത്തു് അസൂയപോയിട്ടു് അസഹിഷ്ണുതയുടെ ലാഞ്ചനപോലുമുണ്ടായിരുന്നില്ല. ശാന്തമായ മുഖം, പ്രസന്നമായ മുഖം. അവൾ അദ്ഭുതപ്പെട്ടു. ഈയ്യാൾ യേശുതന്നെ വേഷം മാറിവന്നതായിരിക്കുമോ? അവൾ ഐസ്ക്രീം നുണയുകയാണു്.

‘ഇങ്ങിനെ ദിവസവും ഐസ്ക്രീമും മസാലദോശയും വാങ്ങിത്തന്നാൽ മുതലാകുമോ?’

‘ഇല്ല.’

‘പിന്നെ എന്തിനാണു് ഇങ്ങിനെ പണം ചെലവാക്കുന്നതു?’

‘അതെല്ലാം ഞാൻ സ്ത്രീധനത്തുകയിൽ കൂട്ടിയിടാം.’

‘നിങ്ങൾ നായന്മാർക്ക് സ്ത്രീധനം വാങ്ങുന്ന ഏർപ്പാടില്ലല്ലോ.’

‘എന്റെ അച്ഛൻ വാങ്ങിയിട്ടില്ല. ഇങ്ങനെ പോയാൽ ഞാനായിട്ടു് അതു തുടങ്ങേണ്ടി വരുമെന്നാണു് തോന്നുന്നതു്.’

‘അങ്ങിനെയാണെങ്കിൽ എനിക്കു യാതൊരു താല്പര്യവുമില്ല. ഞാൻ സ്ത്രീധനമൊന്നും കൊടുക്കാതെ ഒരു പയ്യനെ അടിച്ചെടുക്കാമെന്നു കരുതിയാണു് നിങ്ങളുമായി അടുത്തതു്.’

‘അച്ചായത്തിയുടെ മനസ്സിലിരിപ്പു് എനിക്കു നല്ലവണ്ണം അറിയാം. ആട്ടെ മൂന്നു ലക്ഷവും നാല്പതു പവൻ പണ്ടങ്ങളും ചോദിക്കുന്ന ആ വിദ്വാന്റെ കയ്യിലെന്തുണ്ടു്?’

‘ജനിക്കുമ്പോൾ ദൈവം തമ്പുരാൻ കല്പിച്ചുകൊടുത്ത സാധനങ്ങൾ മാത്രം. അതും പ്രവർത്തനക്ഷമമാണെന്നു് വലിയ ഉറപ്പൊന്നുമില്ല.’

‘തങ്കംപോലെയുള്ള ഒരു പെൺകുട്ടിയെ കെട്ടിച്ചയക്കണമെങ്കിൽ ടൺകണക്കിനു് സ്വർണ്ണം വേണമെന്നതു് വലിയൊരു പ്രശ്നംതന്നെയാണു്. ഇവരെയൊക്കെ ചാട്ടവാറുകൊണ്ടടിക്കുകയാണു് വേണ്ടതു്.’

അവൾ പെട്ടെന്നു് യോഹന്നാന്റെ സുവിശേഷത്തിലെ വാക്യങ്ങളോർത്തു.

‘അവൻ കയറുകൊണ്ടു് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ദേവാലയത്തിൽനിന്നു അടിച്ചു പുറത്താക്കി…’

രാജന്റെ മുഖത്തു് താടി വളർന്നുവെന്നു് താൻ ഭാവനയിൽ കാണുകയാണോ? കൈയ്യിലുള്ള ചാട്ടവാർ അദ്ദേഹം ചുഴറ്റിയടിക്കുകയാണു്. ആനന്ദഹർഷത്തോടെ അവൾ ആ രംഗം നോക്കി നിന്നു.

‘എന്താണാലോചിക്കുന്നതു?’ രാജൻ ചോദിച്ചു.

‘ഒന്നുമില്ല.’ അവൾ പറഞ്ഞു. ‘ഞാൻ നന്മതിന്മകളെപ്പറ്റി ആലോചിക്കയായിരുന്നു.’

രാത്രി ഊണു കഴിക്കുമ്പോഴാണു് മേരി പറഞ്ഞതു്.

‘വൈകീട്ടു് ചിറ്റപ്പൻ വന്നിരുന്നു.’

നാൻസി ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി.

‘അവർക്കു് നിന്നെ ഇഷ്ടപ്പെട്ടുത്രെ.’

‘വലിയ കാര്യമായി!’

‘പയ്യനു് നിന്നോടൊന്നു സംസാരിക്കണംത്രെ. നാളെ നിന്റെ ഓഫീസിലു് വന്നാൽ സൗകര്യാവ്വോന്നു് ചോദിച്ചു.’

‘ഈവക അലവലാതികളെയൊന്നും ഓഫീസിലേയ്ക്കു് വിടേണ്ട. എന്റെ ഗ്ലാമർ പോവും. ആ പരിസരത്തൊക്കെ എനിക്കു് നല്ല ഗ്ലാമറാ.’

‘പിന്നെ എവിടെവച്ചാ കാണാൻ പറ്റുക?’ അനിയത്തിയുടെ സ്വഭാവം നല്ലവണ്ണം അറിയാവുന്നതുകൊണ്ടു് മേരി ഏറെ സംയമനം പാലിച്ചിരുന്നു. കുട്ടിക്കാലംതൊട്ടു് പരിശീലിച്ചുണ്ടാക്കിയ സിദ്ധിയാണതു്.

‘അയാൾക്കു് ഉച്ചയ്ക്കു് രണ്ടുതൊട്ടു് മൂന്നുമൂന്നരമണിവരെള്ള സമയത്തേ പറ്റൂന്നു് പറഞ്ഞു.’

‘നല്ല സമയമാണു്. ഞാൻ നാളെ ലഞ്ചു കൊണ്ടുപോകുന്നില്ല. ഏതെങ്കിലും റെസ്റ്റോറണ്ടിൽവച്ചു കാണാം.’

‘റെസ്റ്റോറണ്ടിൽ വച്ചോ?’

‘അതെ. അയാൾ എത്ര അർക്കീസാണെന്നും മനസ്സിലാക്കാലോ? എനിക്കു് ഒരു നല്ല ലഞ്ചും തരാവും!’ അവൾ നിർത്തി വീണ്ടും പറഞ്ഞു. ‘നല്ല ലഞ്ച് എന്നു ഞാൻ പറഞ്ഞോ? എന്റെ പ്രതീക്ഷകൾ കാടുകയറ്വാണോ?’

‘ഞാൻ ചിറ്റപ്പനോടു പറയാം.’

ഡയറി അടച്ചുവച്ചപ്പോൾ നാൻസി ഓർത്തു. എല്ലാ ദിവസവും അവസാനിക്കുന്നതു് ഒരുപോലെയാണു്. രാത്രിയുടെ ഇരുട്ടു് വന്നു വലയം ചെയ്തു് ബോധമണ്ഡലത്തെ പതുക്കെ കാർന്നു തിന്നുന്നു. യാഥാർത്ഥ്യങ്ങൾ ഭ്രമാത്മകതയ്ക്കു് വഴി മാറിക്കൊടുക്കുന്നു. അതു മറ്റൊരു ലോകം. അതാണു് തന്റെ സത്ത. അതിലാണു് താൻ ജീവിക്കുന്നതു്.

അവൾ സ്വയം പറഞ്ഞു. കർത്താവേ ഇതിന്റെ പൊരുളെന്താണു്?

പതിനാറാം ദിവസം

‘ഇന്നല്ലേ മഹത്തായ ലഞ്ചിന്റെ ദിവസം?’ എഞ്ചിൻ ഡ്രൈവർ ചോദിച്ചു. ലഞ്ചിനെപ്പറ്റി അവൾ തലേന്നു വൈകുന്നേരം പറഞ്ഞിരുന്നു. നാൻസി ചിരിച്ചു. ‘ഞാൻ എന്താണു് ആശംസിക്കേണ്ടതു?’ അയാൾ വീണ്ടും ചോദിച്ചു.

‘രക്ഷപ്പെടട്ടേ എന്നു്?’

‘എന്തിൽനിന്നു്? ലഞ്ചിൽനിന്നോ, ലഞ്ചുതരുന്ന ആളിൽനിന്നോ?’

‘എല്ലാറ്റിൽനിന്നും. എനിക്കു മടുത്തു.’

‘തമാശ കള.’

‘കാര്യമായിട്ടു പറയ്യാണു്. എനിക്കുവേണ്ടി ഒരുപകാരം ചെയ്യാമോ?’

‘പറയൂ.’

‘ആ റസ്റ്റോറണ്ടിലേയ്ക്കു ഒന്നു വരാമോ?’

‘റസ്റ്റോറണ്ടിലേയ്ക്കോ, ഞാനോ? സ്വർഗ്ഗത്തിലേയ്ക്കു് കട്ടുറുമ്പിനെ ക്ഷണിക്കുന്നതെന്തിനു്?’

‘വരാൻ പറ്റുമോ? ഒരു ധാർമ്മിക പിന്തുണയ്ക്കാണു്. എന്നെ പരിചയമുണ്ടെന്നു ഭാവിക്കേണ്ട. അടുത്തെവിടെയെങ്കിലും ഇരുന്നാൽ മതി.’

‘രണ്ടുമണിക്കു് എന്റെ ഉച്ചയുറക്കത്തിന്റെ സമയമാണു്. വലിയൊരു ത്യാഗമായിരിക്കും. പോരാത്തതിനു് ഞാൻ ഉച്ചയ്ക്കു് ഉറങ്ങിയില്ലെങ്കിൽ രാത്രി വണ്ടിയോടിക്കുമ്പോൾ ഉറങ്ങും. അപകടമുണ്ടാവും.’

‘എങ്കിൽ വേണ്ട.’ അവൾ നടന്നുനീങ്ങി. അവളുടെ സ്വരത്തിൽ പരിഭവമുണ്ടായിരുന്നില്ല. എന്തുകൊണ്ടോ അവൾക്കു് രാജൻ ആ റസ്റ്റോറണ്ടിൽ ചെല്ലണമെന്നുണ്ടായിരുന്നു. സാരമില്ല.

അവൾ ഉച്ചക്കിരുന്നു് ജോലിയെടുക്കുന്നതു കണ്ടപ്പോൾ ഭാസ്കരൻ നായർ ചോദിച്ചു.

‘ഇന്നു് നാൻസിക്കു് വിശക്കുന്നില്ലേ?’

‘ഇന്നു് എനിക്കു് ഉഗ്രൻ ഒരു ലഞ്ച് കിട്ടാൻ പോകുന്നു.’

‘ആരുടെ വക?’

‘ആലുവായിലെ ഒരു സ്റ്റേഷനറി മുതലാളിയുടെ വക.’

‘അപ്പോൾ നിന്റെ കല്യാണം ഉറപ്പിച്ചുവോ?’

‘അതിനുള്ള പ്രാരംഭശ്രമങ്ങളാണു്. ആശയവിനിമയം നടത്തി രണ്ടു മനസുകളും ഒരേ തരംഗത്തിലാണോ ആവർത്തിക്കുന്നതു് എന്നു കണ്ടുപിടിച്ചു് ഹൃദയങ്ങളെ യോജിപ്പിക്കുന്ന ജോലി കർത്താവിനു് എളുപ്പമാക്കിക്കൊടുക്കുക.’

‘ഊശ്.’ ഭാസ്കരൻ നായർ പറഞ്ഞു. ‘ഏതു പുസ്തകത്തിൽ നിന്നാണു് നീ ഈ പറഞ്ഞതെല്ലാം ചൂണ്ടിയതു?’

‘അതു് രഹസ്യമാണു്. ഇതു് ആധുനികോത്തരമാണു്. ഒറിജിനൽ പറഞ്ഞുതന്നാൽ എന്റെ പുസ്തകം ചെലവാവില്ല.’

കൃത്യം രണ്ടു മണിക്കു് നാൻസി റെസ്റ്റോറണ്ടിലെത്തിയപ്പോൾ വാതിൽക്കൽ ഹീറോ കാത്തുനിന്നിരുന്നു. ഒരു ലഞ്ചിനുവേണ്ടി രണ്ടു മണിക്കുള്ള വെയിലത്തെ നടത്തം വിഫലമാകുമോ എന്ന ഭയാശങ്കകളോടെ അവൾ നടന്നു.

‘ഞാൻ ഓഫീസിൽ വരാമെന്നാണു് കരുതിയതു?’ അയാൾ ചിരിച്ചുകൊണ്ടു് പറഞ്ഞു.

അയ്യട! അവൾ മനസ്സിൽ കരുതി.

അവർ ചില്ലുവാതിൽ കടന്നു് ഉള്ളിലേയ്ക്കു പ്രവേശിച്ചു. ഉള്ളിൽ മങ്ങിയ വെളിച്ചത്തിൽ കണ്ണുകൾ പഴകാൻ കുറച്ചു സമയമെടുത്തു. അവൾ മറ്റൊരു മുഖത്തിനു വേണ്ടി തിരയുകയായിരുന്നു. വരില്ലെന്നറിയാം എങ്കിലും…

അവർ മേശക്കിരുവശത്തും ഇരിപ്പുറപ്പിച്ചു. വെയ്റ്റർ വന്നു് മെന്യു കാർഡ് രണ്ടു പേരുടേയും മുമ്പിൽവച്ചു. മെന്യു തുറക്കുമ്പോൾ നാൻസി ശ്രദ്ധിച്ചിരുന്നതു് മുമ്പിലിരിക്കുന്ന ആളുടെ മുഖമായിരുന്നു. എവിടെവച്ചാണു് അതു കണ്ടതു്. മുമ്പെങ്ങോ കണ്ടു മറന്ന മുഖം. പെണ്ണുകാണാൻ വന്ന ദിവസവും ആ മുഖം അവളെ അലട്ടിയിരുന്നു. അയാൾ ചോദിച്ചു.

‘എന്താണു് കഴിക്കുന്നതു?’

അവൾക്കു് സംശയമുണ്ടായിരുന്നില്ല. മസാലദോശ എന്നു പറയുവാൻ വാ തുറന്നതാണു്. പെട്ടെന്നവൾ വേണ്ടെന്നു തീരുമാനിച്ചു. ഈ മനുഷ്യന്റെ ഒപ്പം താൻ മസാലദോശ കഴിക്കുന്നില്ല. അവൾ മെന്യുകാർഡ് എടുത്തു മറിച്ചുനോക്കി. ബിരിയാണി, പൊറാട്ട, ചിക്കൻ കറി. അവൾ പറഞ്ഞു.

‘എനിക്കു് വെറും ഐസ്ക്രീം മാത്രം മതി.’

‘ഐസ്ക്രീം പിന്നെ കഴിക്കാം. ആദ്യം ചിക്കൻ ബിരിയാണിയാവാം അല്ലെ?’

അവൾ ഒന്നും പറയുന്നില്ല. അവൾക്കു് വിശപ്പുണ്ടു്. എന്തെങ്കിലും അവട്ടെ. അവൾ വീണ്ടും മുമ്പിലിരിക്കുന്ന മനുഷ്യന്റെ മുഖത്തെപ്പറ്റി ആലോചിക്കുകയാണു്. എവിടെയാണതു കണ്ടിട്ടുള്ളതു്. പെട്ടെന്നു് ഓർമ്മകൾ, വർഷങ്ങളുടെ മയിൽക്കുറ്റികൾ താണ്ടി, പുറകോട്ടു് വാങ്ങി. സ്കൂൾ ആനിവേർസറിയുടെ നാടകം. ‘അവസാനത്തെ തിരുവത്താഴം’. പ്രിൻസിപാൾ മൈക്കലച്ചൻ തന്നെ എഴുതിയുണ്ടാക്കിയ നാടകമാണു്.

യേശു അപ്പക്കഷ്ണം മുക്കി യൂദാസിനു കൊടുത്തുകൊണ്ടു് പറഞ്ഞു:

‘നീ ചെയ്യാനിരിക്കുന്നതു് വേഗം ചെയ്യുക.’

യൂദാസായി അഭിനയിച്ചതു് നാൻസിയുടെ സഹപാഠിയായിരുന്ന ആന്റണിയായിരുന്നു. ആ മുഖമാണു് താനിപ്പോൾ മുമ്പിൽ കാണുന്നതു്. അവൾക്കു് ആന്റണിയെ ഇഷ്ടമായിരുന്നില്ല.

‘എന്റെ പേരു് ഷാജീന്നാണു്.’

നാൻസി യേശുവിന്റെ മുഖത്തിനുവേണ്ടി ചുറ്റും നോക്കുകയായിരുന്നു. യൂദാസിന്റെ ചതിക്കുന്ന മുഖത്തിനുമപ്പുറത്തു് അവൾ കണ്ടു, മറ്റൊരു മേശക്കുപിന്നിൽ ചിരിക്കുന്ന മുഖം.

‘കല്യാണം ഒറപ്പിക്കണതിനു മുമ്പു് ഒന്നു സംസാരിക്കാംന്നു് വിചാരിച്ചു് വിളിച്ചതാ.’

നാൻസി സന്തോഷവതിയായിരുന്നു. രാജൻ വരില്ലെന്നുതന്നെയാണു് വിചാരിച്ചതു്. ഇപ്പോൾ ഇതാ തൊട്ടടുത്ത മേശക്കു പിന്നിൽ…

പ്രതിശ്രുതവധുവിന്റെ മുഖം പെട്ടെന്നു തെളിഞ്ഞതിന്റെ പിന്നിലെ ചേതോവികാരങ്ങളൊന്നും വരനു് മനസ്സിലായില്ല. അയാൾ അതൊരു അനുകൂലപ്രതികരണമാണെന്നു കരുതി തുടർന്നു.

‘നാൻസിക്കും എന്തെങ്കിലുമൊക്കെ സംസാരിക്കാനുണ്ടാവൂലോ?’

‘എനിക്കൊന്നും സംസാരിക്കാനില്ല.’ അവൾ നുണ പറഞ്ഞു. അവൾക്കു് ശരിക്കു പറഞ്ഞാൽ ഒരു നൂറു കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. അതു കഴിഞ്ഞാൽ പിന്നെ അവിടെനിന്നു ഒറ്റത്തടിയായി രക്ഷപ്പെടുന്ന കാര്യത്തിൽ മാത്രമായിരുന്നു സംശയം.

‘നാൻസിക്കു് എന്നെ ഇഷ്ടായില്ലേ?’

‘പിന്നേ?’ അവൾ സത്യം പറഞ്ഞു. ശരാശരിക്കു മീതെയുള്ള ഏതു് ആൺപിള്ളരേയും അവൾക്കിഷ്ടമായിരുന്നു. ശരാശരിക്കു താഴെയാണെങ്കിൽ മാത്രം അവൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കും. മുമ്പിലിരിക്കുന്ന പുരുഷൻ ലക്ഷണമൊത്ത ആളാണു്. കട്ടിയുള്ള പുരികങ്ങൾ, കട്ടിയുള്ള മീശ, നിറം കുറഞ്ഞ മുഖത്തു് രാവിലെ ഷേവുചെയ്തിട്ടും മാഞ്ഞുപോയിട്ടില്ലാത്ത താടിയുടെ കറുത്ത ഭൂപടം. ചുവപ്പിൽ വെള്ളവരയുള്ള ടെറികോട്ട് ഷർട്ടിനടിയിലൂടെ പ്രത്യക്ഷപ്പെടുന്ന ഉറച്ച പേശികളുള്ള ദേഹം. മുഖത്തെ ഭാവം മാത്രമാണു് അവൾക്കിഷ്ടപ്പെടാത്തതു്. യൂദാസിന്റെ മുഖം!

പിന്നിൽ യേശു വെയ്റ്റർക്കു് എന്തോ ഓർഡർ കൊടുത്തു് ചിരിച്ചുകൊണ്ടു് ഇരിക്കയാണു്. അവൾക്കു് പെട്ടെന്നു് മേശ മാറിയിരിക്കാൻ തോന്നി.

‘നാൻസി എന്തു ജോലിയാണു് ചെയ്യണതു? കമ്പ്യൂട്ടറിലാണെന്നറിയാം.’

‘ഡി. ടി. പി. ചെയ്യ്വാണു്.’

ഷാജിക്കു് മതിപ്പുണ്ടായി. ആലുവായിലും ഡി. ടി. പി. സെന്ററുകളുണ്ടു്. ചില്ലിട്ടു് എയർകണ്ടീഷൻ ചെയ്ത വാതിലുകൾക്കപ്പുറത്തു് സുന്ദരികളായ പെൺകുട്ടികൾ കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്നു് ജോലിയെടുക്കുന്നതു് അയാൾ കണ്ടിട്ടുണ്ടു്. തന്റെ ഭാവിവധുവും അങ്ങിനെയൊരു സ്ഥലത്താണു് ജോലിയെടുക്കുന്നതു്. ഒരു കച്ചവടക്കാരനായിരുന്ന അയാൾക്കു് ഓഫീസുകളും അതിൽ ജോലിയെടുക്കുന്നവരും ആദരണീയരായിരുന്നു. അപ്പന്റെ കാലത്തു് തുടങ്ങിയ കച്ചവടമാണു്. ഇപ്പോൾ താനും അനുജനുംകൂടി നടത്തുന്നു. രണ്ടുപേരും പ്രീഡിഗ്രിവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. കച്ചവടം നടത്താൻ അത്രതന്നെ പഠിത്തം ആവശ്യമില്ലെന്ന അപ്പന്റെ നിലപാടിനോടു് പഠിക്കാൻ മടിയനായ ഷാജി പെട്ടെന്നു യോജിച്ചു. അനുജനാണു് പിന്നേയും പഠിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നതു്. പഠിക്കാൻ പോയാൽ നിലവിലുള്ള ബിസിനസ്സ് ചേട്ടനു മാത്രമായി കൊടുക്കേണ്ടിവരുമെന്നു് മനസ്സിലായപ്പോൾ അവനും പഠിത്തം വേണ്ടെന്നു വച്ചു.

‘ആരാ അതു് നടത്തണതു?’

‘ഒരു സാറാണു്.’

‘ചെറുപ്പക്കാരനാണോ?’

‘ഉം. അറുപത്തഞ്ചു വയസ്സേ ആയിട്ടുള്ളൂ.’

അയാൾ ചിരിച്ചു. അയാളുടെ കഴുത്തിൽ കെട്ടിയ സ്വർണമാല അപ്പോഴാണവൾ കാണുന്നതു്. അറ്റത്തൊരു കുരിശും തൂങ്ങിക്കിടന്നിരുന്നു. അതു നോക്കിക്കൊണ്ടു് നാൻസി ചോദിച്ചു.

‘ഭക്തിയൊക്കെ ഉള്ള ആളാണല്ലോ.’

‘എന്താ നാൻസിക്കു് ഭക്തിയൊന്നുമില്ലേ?’

‘ഉണ്ടല്ലോ, ഞാൻ യേശുവിൽ വിശ്വസിക്കുന്നു.’ പക്ഷേ, പള്ളിയിൽ പോകാറില്ല എന്നു പറയാൻ ഓങ്ങിയതായിരുന്നു. അവൾ പറഞ്ഞില്ല. യേശു അവളെ സംബന്ധിച്ചേടത്തോളം ഒരു സ്വകാര്യസ്വത്തായിരുന്നു.

‘ധ്യാനത്തിനൊക്കെ കൂടാറുണ്ടോ?’ അയാൾ വീണ്ടും ചോദിച്ചു.

‘ഇല്ല, എനിക്കതിലൊന്നും വിശ്വാസമില്ല.’

‘എന്തേ? ധ്യാനകേന്ദ്രത്തിൽ പല അദ്ഭുതങ്ങളും സംഭവിക്കുന്നുണ്ടല്ലോ?’

‘ഒരദ്ഭുതം മാത്രം സംഭവിച്ചുകാണാറില്ല. അതു സംഭവിച്ചുകണ്ടാൽ ഞാൻ എല്ലാ മാസവും ഓരോ ആഴ്ച ധ്യാനത്തിനു കൂടും.’

‘എന്തദ്ഭുതം?’

‘പിന്നെ പറയാം.’

ഭക്ഷണമെത്തിയിരുന്നു. ബിരിയാണിയും, കറികളും സാലഡും അച്ചാറുകളും നിറച്ച പ്ലെയ്റ്റുകളും പാത്രങ്ങളും രണ്ടുപേരുടെയും മുമ്പിൽ ഭവ്യതയോടെ നിരത്തിവച്ചു് വെയ്റ്റർ സ്ഥലം വിട്ടു. രാജന്റെ മുമ്പിലും ഇതേ വിഭവങ്ങളാണെന്നു് അദ്ഭുതത്തോടെ, ആഹ്ലാദത്തോടെ നാൻസി മനസ്സിലാക്കി. അവൾ ചിരിച്ചു. രാജനും ചിരിക്കുന്നുണ്ടായിരുന്നു.

തന്റെ മുഖത്തു കണ്ട സന്തോഷത്തിന്റെ കാരണമറിയാതെ താനൊരു ആർത്തിപ്പണ്ടാരമാണെന്നു് ഷാജി മനസ്സിൽ കരുതിയിട്ടുണ്ടാവാമെന്നു് നാൻസി ഊഹിച്ചു. സാരമില്ല. താനൊരു ആർത്തിപ്പണ്ടാരം തന്നെയാണല്ലോ. അവൾ ആത്മീയചിന്തകളെ മനസ്സിൽനിന്നകറ്റി മുമ്പിൽ വച്ച ബിരിയാണിയോടു നീതി പുലർത്താൻ തുടങ്ങി. യാതൊരു ഖേദവുമില്ലാതെ ഡയറിയിൽ കുറിച്ചിടാൻ ഒരു കാര്യമായല്ലോ.

ബിരിയാണിക്കും ഐസ്ക്രീമിനുമിടയ്ക്കു് സമയത്തിന്റെ അപാരമായ വിടവു സംസാരംകൊണ്ടു് നികത്താൻ അവൾ തീർച്ചയാക്കി. അവൾ ചോദിച്ചു.

‘എത്രയാണു് സ്ത്രീധനം ആവശ്യപ്പെട്ടിട്ടുള്ളതു?’

ഷാജി അല്പം അസ്വസ്ഥനായി. ഈ വക കാര്യങ്ങൾ സംസാരിക്കാനല്ലായിരുന്നു അയാൾ അവളെ വിളിച്ചതു്.

‘ആവക കാര്യങ്ങളിൽ നമ്മൾ ഇടപെടേണ്ട. മൂത്തവർ തീർച്ചയാക്കട്ടെ.’

‘മൂത്തവർക്കു വേണ്ടിയാണോ പണം വാങ്ങുന്നതു?’

അയാൾ ഒന്നും പറയുന്നില്ല.

‘നിങ്ങൾക്കു് കടയെടുക്കാനാണെന്നാണല്ലോ പറഞ്ഞുകേട്ടതു?’

‘അതെല്ലാം നമ്മുടെ സമുദായത്തിലെ സമ്പ്രദായങ്ങളല്ലേ? എന്താ ഇഷ്ടമായില്ലേ?’

‘പിന്നേ, നമുക്കു് വരവല്ലേ? ഇത്ര കുറച്ചു ചോദിച്ചതു മാത്രം എനിക്കിഷ്ടായില്ല. മൂന്നു ലക്ഷല്ലേ ചോദിച്ചുള്ളൂ.’

‘തല്ക്കാലം അതു മതി.’ അയാൾ തുടർന്നു. ‘പിന്നെ ആവശ്യമായി വര്വാണെങ്കിൽ ചോദിക്കാലോ.’

‘അപ്പന്റെ കയ്യിലു് പൂത്ത പണം ഇരിക്കിണ്ണ്ടു്. ചോദിച്ചാൽ എടുത്തുതരും.’

പയ്യൻ വിഷണ്ണനായി. മൂന്നുലക്ഷം മാത്രം ചോദിച്ചതു് വലിയ വിഡ്ഢിത്തമായെന്നയാൾക്കു തോന്നി. സാരമില്ല. അതിൽ ഒട്ടും കുറക്കേണ്ട.

അടുത്ത മേശക്കരികെ ഇരുന്നു് ചിരിച്ചുകൊണ്ടു് എഞ്ചിൻ ഡ്രൈവർ സംഭാഷണം ആസ്വദിക്കുന്നുണ്ടായിരുന്നു. ഐസ്ക്രീം വന്നു.

ഐസ്ക്രീമിന്റെ ഗ്ലാമറിൽ വൈവാഹികചിന്തകൾ അപ്രത്യക്ഷമായി. രാജനും ഐസ്ക്രീം ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്തില്ലായിരുന്നുവെങ്കിൽ താൻ അയാളെ കൊല്ലുമായിരുന്നുവെന്നു് അവൾ മനസ്സിൽ കരുതി. അപ്പുറത്തെ മേശമേലാണെങ്കിലും താൻ കഴിക്കുന്നതുതന്നെ അയാളും കഴിക്കണം.

ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കേ ഷാജി ചോദിച്ചു.

‘എന്നെ ഇഷ്ടമായോ?’

‘ഇഷ്ടമായില്ലെങ്കിൽ ഞാൻ വരില്ലായിരുന്നു.’

‘എന്നോടു് എന്തെങ്കിലും ചോദിക്കാനുണ്ടോ?’

അവൾ ഒരു നിമിഷം ആലോചിച്ചു. വേണോ? കാര്യമുണ്ടോ? ചോദിക്കാതിരിക്കുന്നതു കൊണ്ടു് ഗുണമൊന്നുമില്ല എന്നതുകൊണ്ടു് ചോദിക്കാൻ തന്നെ അവൾ തീർച്ചയാക്കി.

‘ധ്യാനകേന്ദ്രത്തിൽ പല അദ്ഭുതങ്ങളും നടക്കാറുണ്ടു് എന്നു പറഞ്ഞല്ലോ.’

‘അതേ?’

‘അവിടെ ധ്യാനം കൂടാൻ വരുന്ന ഏതെങ്കിലും ചെറുപ്പക്കാർ സ്ത്രീധനമില്ലാതെ കല്ല്യാണം കഴിക്കാൻ തയ്യാറായി എന്ന അദ്ഭുതം സംഭവിച്ചിട്ടുണ്ടോ? നമ്മുടെ സമുദായത്തിൽനിന്നു് സ്ത്രീധനം എന്ന വ്യവസ്ഥ നീങ്ങിക്കിട്ടുക എന്ന അദ്ഭുതം സംഭവിച്ചാൽ ഞാൻ മാസത്തിലൊരിക്കലെങ്കിലും ധ്യാനം കൂടാൻ വരാം.’

ഷാജി ഒന്നും പറയുന്നില്ല. അയാൾ ശരിക്കു് ആശയക്കുഴപ്പത്തിലായിരിക്കയാണു്. എന്താണിവളുടെ മനസ്സിൽ?

‘അദ്ഭുതം സൃഷ്ടിക്കുന്ന കർത്താവെന്തേ ഈയൊരദ്ഭുതം നടത്താതിരുന്നതു?’

അവൾ ശരിക്കും രോഷാകുലയായിരുന്നു. ട്രെയിൻ യാത്രയിൽ അവളുടെ കൂട്ടുകാരികളുടെ കദനകഥകൾ നിത്യേനയെന്നോണം കേൾക്കാറുണ്ടു്. സ്ത്രീധനം കൊടുക്കാൻ പറ്റാതെ മുടങ്ങിയ കല്യാണങ്ങൾ. സ്ത്രീധനം കൊടുത്തിട്ടും പോരാതെ വീണ്ടും വീണ്ടും പണമാവശ്യപ്പെട്ടു് കൊടുക്കാൻ കഴിയാതെവരുമ്പോൾ ഭാര്യയെയും കുട്ടികളേയും വീട്ടിൽ കൊണ്ടുവിട്ട സംഭവങ്ങൾ. പീഡനകഥകൾ. അദ്ഭുതം കാട്ടേണ്ടതു് ഈയൊരു കാര്യത്തിലാണെന്നവൾ ഉറച്ചു വിശ്വസിച്ചു. ദൈവത്തിനു് അവന്റെ സൃഷ്ടികളിൽ വലിയ സ്വാധീനമൊന്നുമില്ലെന്നായിരുന്നു അവളുടെ അനുഭവം.

വൈകുന്നേരം രാജനെ കാണുന്നതുവരെ അവൾ വളരെ ചീത്ത മൂഡിലായിരുന്നു. ഷാജി ബൈക്കിലായിരുന്നു വന്നതു്. ഓഫീസിൽ വിടാമെന്നു പറഞ്ഞപ്പോൾ അവൾ ഒഴിഞ്ഞുമാറി.

‘ഗിരിപ്രഭാഷണം നന്നായിരുന്നു.’ രാജൻ പറഞ്ഞു.

‘എന്നെ ഇനിയും ദ്വേഷ്യം പിടിപ്പിക്കണ്ട.’

‘തണുക്കാൻ എന്തെങ്കിലും?’

‘ഐസ്ക്രീം മതിയാവും.’

ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കേ രാജൻ ചോദിച്ചു.

‘നിങ്ങടെ വീട്ടിൽ പണത്തിലെ പൂപ്പൽ കളയാൻ എന്താണുപയോഗിക്കുന്നതു?’

‘എന്തിനാ?’

‘ഞങ്ങടെ വീട്ടിലും കുറെ പൂത്ത പണമിരിക്കുന്നുണ്ടു്. അതൊന്നു വൃത്തിയാക്കി എടുക്കാനാ.’

‘അയാള് ശരിക്കും വിചാരിക്കണതു് അപ്പന്റെ കയ്യിലു് പൂത്ത പണം ഇരിക്കുന്നുണ്ടെന്നാണു്.’ അവൾ ചിരിച്ചുകൊണ്ടു് പറഞ്ഞു.

‘ഇല്ലേ, എന്നിട്ടു്?’

‘ഇൽ…ല്യാ…!?’

‘ഞാൻ ആലോചിക്യായിരുന്നു.’

‘എന്തു?’

‘എത്ര ഐസ്ക്രീമുകളും മസാലദോശകളും നഷ്ടമായെന്നു്.’

‘അത്രയല്ലേ ഉള്ളൂ!’

പതിനേഴാം ദിവസം

തലേന്നു ഡയറി എഴുതാനുള്ള മൂഡുപോലും ഉണ്ടായിരുന്നില്ല. എങ്കിലും എഴുതാതെ പറ്റില്ലല്ലോ. അവളുടെ ചരിത്രബോധം ഏതു പ്രതികൂല കാലാവസ്ഥയിലും ഡയറിയെഴുതാൻ അവളെ പ്രേരിപ്പിച്ചു. ഒരായിരം കൊല്ലം കഴിഞ്ഞു് ഒരു ചരിത്ര വിദ്യാർത്ഥിക്കു് രാഷ്ട്രീയച്ചുവയില്ലാതെ നിഷ്പക്ഷമായി ചരിത്രമെഴുതണമെങ്കിൽ തന്റെ ഡയറിമാത്രമേ ഒരു സഹായമുണ്ടാവൂ. പക്ഷേ, തന്റെ ഡയറി വായിച്ചശേഷം ചരിത്രമെഴുതുന്നതിനു പകരം റെയിലിൽ തലവയ്ക്കുകയോ പൊട്ടക്കിണറ്റിൽ ചാടുകയോ ചെയ്താൽ താൻ ഉത്തരവാദിയായിരിക്കില്ല എന്നു് അവൾ ആദ്യത്തെ പേജിൽത്തന്നെ ചുവന്ന സ്കെച്ച്പെൻകൊണ്ടു് എഴുതിവച്ചിട്ടുണ്ടു്.

ഷാജിയുമായി ലഞ്ചുകഴിഞ്ഞു് തിരിച്ചു് ഓഫീസിലെത്തിയപ്പോൾ ഭാസ്കരൻ നായരുണ്ടായിരുന്നില്ല. മാലതിയോടു ലഞ്ചിനെപ്പറ്റി വിവരിച്ചപ്പോൾ അവൾ പറഞ്ഞു.

‘നാൻസിക്കു് നല്ല ധൈര്യമുണ്ടു്. അതിന്റെ പകുതി ധൈര്യം കിട്ടിയിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടുപോയേനേ.’

സ്ത്രീധനത്തെപ്പറ്റി പറഞ്ഞതു നന്നായെന്നു് മാലതി പറഞ്ഞു. രണ്ടു മാസംമുമ്പു് അവൾക്കും ഒരു ആലോചന വന്നിരുന്നു. ചെക്കനും വീട്ടുകാർക്കും അവളെ ഇഷ്ടമായി. കല്യാണം ഉറപ്പിക്കുമെന്നു തന്നെ കരുതിയതായിരുന്നു. അപ്പോഴാണവർ പണത്തിന്റെ കാര്യം കൊണ്ടു വന്നതു്.

‘ഞങ്ങൾ സ്ത്രീധനായിട്ടൊന്നും ചോദിക്കിണില്ല. പയ്യനു് ഒരു ടാക്സിക്കാറ് വാങ്ങിയ വകയിലു് കുറച്ചു കടംണ്ടു്. അതു് വീട്ടണം. ഒരു ലക്ഷം രൂപ വേണം. പിന്നെ അവന്റെ ചേട്ടൻ കെട്ടിയ പെണ്ണു് മുപ്പതു പവന്റെ ആഭരണങ്ങളായിട്ടാ വന്നതു്. അതും വേണം.’

ആഭരണങ്ങളെങ്ങിനെയെങ്കിലും കൊടുക്കാം പക്ഷേ, പണം കൊടുക്കാൻ പറ്റില്ലെന്നു് അവളുടെ അച്ഛൻ അറിയിച്ചു. അതോടെ ആലോചന അലസിപ്പോയി.

‘ഞങ്ങടെ ജാതീലുംണ്ടു് സ്ത്രീധനം ചോദിക്കലും കൊടുക്കലും ഒക്കെ.’ അവൾ പറഞ്ഞു.

വൈകുന്നേരം, ലഞ്ചുവിശേഷങ്ങൾ പറഞ്ഞപ്പോൾ മേരി പറഞ്ഞു.

‘നീയെന്തിനാണു് അങ്ങിനെയൊക്കെ സംസാരിക്കാൻ പോയതു? അതെല്ലാം മൂത്തവർ തീർച്ചയാക്കിക്കോട്ടെ.’

‘അങ്ങിനെ മൂത്തവർക്കുമാത്രായിട്ടു് വിട്ടുകൊടുത്താൽ ശരിയാവില്ല.’

‘ആട്ടെ അയാളെന്തു പറഞ്ഞൂ?’

‘മൂന്നു ലക്ഷത്തിൽത്തന്നെ ഉറച്ചു നിൽക്കും. പിന്നെ ആവശ്യം വരുന്നതിനനുസരിച്ചു് പിന്നീടു ചോദിച്ചു വാങ്ങാലോന്നു് പറഞ്ഞു. അപ്പന്റെ കയ്യിലു് പൂത്ത പണംണ്ട്ന്നാ ഞാൻ പറഞ്ഞിരിക്കണതു്.’

മേരി മൂക്കത്തു വിരൽവച്ചുകൊണ്ടു് അനിയത്തിയെ നോക്കി. അവൾക്കു് ചിരിക്കയാണോ ദ്വേഷ്യം പിടിക്കുകയാണോ വേണ്ടതെന്നറിയാതായി. അനിയത്തിയുമായുള്ള ഓരോ ഏറ്റുമുട്ടലിന്റെയും അന്ത്യം ഇങ്ങിനെയായിരുന്നു.

മേശപ്പുറത്തു് അപ്പന്റെ ഫോട്ടോ ഉണ്ടായിരുന്നു. നാൻസി അപ്പനെക്കുറിച്ചാലോചിച്ചു. കഴിഞ്ഞ പ്രാവശ്യം ലീവിൽ വന്നപ്പോഴാണു് ആ ഫോട്ടോ കൊണ്ടുവന്നതു്. കാക്കിയൂനിഫോമിൽ കനത്ത നരച്ച മീശയും നരച്ചുതുടങ്ങിയ പുരികങ്ങൾക്കു താഴെ ക്ഷീണിച്ച കണ്ണുകളുമായി ആ അറുപതുകാരൻ മക്കളെ വാത്സല്യത്തോടെ നോക്കി.

‘ഇതാണു് മക്കളെ അപ്പന്റെ ഒഫീഷ്യൽ യൂനിഫോം.’

മുംബെയിൽ കഞ്ചൂർമാർഗ്ഗിലെ കൂറ്റൻ ഫാക്ടറിയിലെ സെക്യൂരിറ്റി ഓഫീസർ. അയാൾക്കു കീഴിൽ ഇരുപത്തഞ്ചു സെക്യൂരിറ്റി ഗാർഡുകൾ ജോലി ചെയ്യുന്നു. എങ്കിലും കമ്പനി എക്സിക്യൂട്ടീവുകൾ കാറിൽ വരുമ്പോൾ അയാൾതന്നെ ഔട്ട്പോസ്റ്റിൽനിന്നു പുറത്തിറങ്ങി സല്യൂട്ട് ചെയ്യുന്നു. അയാൾ പറയാറുണ്ടു്.

‘ഇതു് മക്കളേ, ഒരു നായയുടെ ജന്മമാണു്. ഒരു നിവൃത്തിയില്ലാത്തതുകൊണ്ടാണു് ഞാനിതേറ്റതു്.’

പട്ടാളത്തിൽ മേലധികാരികളെ സല്യൂട്ട് ചെയ്തിരുന്നതുപോലെയല്ല കമ്പനിയിലെ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുന്നതു്. പട്ടാളത്തിൽ അതിന്റേതായ അച്ചടക്കവും മേലാളിത്തവുമുണ്ടു്. മേലുദ്യോഗസ്ഥർ അവരുടെ സ്ഥാനംകൊണ്ടും ബഹുമതികൾകൊണ്ടും ബഹുമാന്യരാകുന്നു. ഇവിടെ അതല്ല സ്ഥിതി.

അവിടെ കമ്പനി ക്വാർട്ടേഴ്സിൽ ഈ വയസ്സുകാലത്തു് സ്വന്തം വെപ്പും തീനുമായി അപ്പൻ കഴിഞ്ഞുകൂടുന്നു. എനിക്കുവേണ്ടി. നാൻസി ആലോചിച്ചു. എല്ലാം എനിക്കുവേണ്ടി. അവൾക്കു് ലോകത്തോടു് അമർഷം തോന്നി. വിലപേശുന്ന ജന്തുക്കൾ. പട്ടികൾ…

മനഷ്യരെ പട്ടികളുമായി ഉപമിച്ചതു വേണ്ടിയിരുന്നില്ല എന്നവൾക്കു തോന്നി. പട്ടികൾ മാനനഷ്ടക്കേസുകൊടുത്താൽ പ്രശ്നമാണു്. കുറേ ചീത്തവിളിച്ചപ്പോൾ അവൾ സ്വയം പറഞ്ഞു.

‘എനിക്കിപ്പോൾ കുറേ ആശ്വാസം തോന്നുന്നു.’

കിടപ്പറയിൽ കർത്താവിന്റെ ചിത്രത്തിനുമുമ്പിൽ അവൾ ഓഫീസിൽനിന്നു വന്ന ഉടനെ കത്തിച്ചവച്ച മെഴുകുതിരി കത്തിക്കെടാറായിരിക്കുന്നു. അവൾ രാജനെ ഓർത്തു.

രക്ഷകൻ!

‘പെണ്ണുകാണാൻ വന്ന വിവരൊക്കെ ഞാൻ അപ്പനു് എഴുതിയിരുന്നു.’ മേരി പറഞ്ഞു. ‘ഒരുപക്ഷേ, നിന്നെ ഫോണിൽ വിളിക്കും. നീ വേണ്ടാത്തതൊന്നും പറഞ്ഞു് അപ്പനെ വിഷമിപ്പിക്കണ്ട.’

‘ഞാനൊന്നും പറയിണില്ല്യ.’ ഒരു നിമിഷം യേശുവിന്റെ ചിത്രത്തിലേയ്ക്കു് നോക്കിയിട്ടു് അവൾ പറഞ്ഞു. ‘എന്തു ഗ്ലാമറാണല്ലേ ചേച്ചീ!’

മേരി ഒന്നും പറഞ്ഞില്ല. തലക്കിട്ടു് ഒന്നു കൊടുക്കാനാണു് തോന്നിയതു്.

‘എനിക്കു് നാളെത്തന്നെ ഒന്നു് കുമ്പസാരിക്കണം.’ നാൻസി പറഞ്ഞു.

‘കുമ്പസാരിക്ക്യേ?’

‘അതെ, ഞാൻ ഒരുപാടു പാപം ചെയ്തിട്ടുണ്ടു്.’

‘എന്തു പാപം?’ മേരി ഉദ്വേഗത്തോടെ ചോദിച്ചു.

‘അതൊക്കെ കുമ്പസാരിക്കാനെ പാടൂ. കർത്താവിന്റെ മുമ്പിൽമാത്രം മനസ്സു തുറക്കുക, കുറ്റം ഏറ്റു പറയുക, മാപ്പിന്നപേക്ഷിക്കുക.’

കർത്താവേ! മേരി മനസ്സിൽ കുരിശുവരച്ചുകൊണ്ടു് പറഞ്ഞു. ഈ പെണ്ണു് കുഴപ്പമൊന്നുമുണ്ടാക്കിയിട്ടില്ലല്ലോ?

രാവിലെ അമ്പലത്തിൽപോയി ശാന്തിക്കാരനെ കാണാനുള്ള ആഗ്രഹം മനസ്സിലൊതുക്കി നാൻസി പള്ളിയിൽ പോയി. അച്ചൻ പള്ളിമേടയിലായിരുന്നു.

‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടേ അച്ചോ.’ നാൻസി പറഞ്ഞു.

‘എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ!’ അച്ചൻ അവളെ അനുഗ്രഹിച്ചുകൊണ്ടു് പറഞ്ഞു. കുമ്പസാരിക്കണമെന്നു കേട്ടപ്പോൾ അച്ചനു് ഉത്സാഹം കയറി. വഴിതെറ്റിപ്പോയ കുഞ്ഞാടു് തനിയെ തിരിച്ചുവരുന്നു!

‘നീ നടന്നോ, ഞാൻ വരികയായി.’

കുമ്പസാരക്കൂട്ടിനടുത്തു് നാൻസി കാത്തുനിന്നു. വലിയിടത്തച്ചൻ വിശുദ്ധപുസ്തകവുമായി വാതിൽ കടന്നു് വരുന്നതു കണ്ടപ്പോൾ അവൾ അകത്തു കയറി.

‘സർവ്വശക്തനായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു…’

മറുവശത്തുനിന്നു് നിശ്ശബ്ദതമാത്രം. അച്ചൻ ശ്വാസമടക്കിയിരിക്കയാണെന്നു് നാൻസിക്കു മനസ്സിലായി.

‘ഞാൻ ഇന്നലെ ഒരാളോടു് കള്ളം പറഞ്ഞു, അയാളെ വഴിതെറ്റിച്ചു അച്ചോ.’

വഴിതെറ്റിക്കയോ? അതത്ര വലിയ തെറ്റായി വലിയിടത്തച്ചനു തോന്നിയിട്ടില്ല. ഒരാൾ കള്ളം പറഞ്ഞുവെന്നതു കൊണ്ടു് മറ്റൊരാൾ വഴിതെറ്റിയാൽ അവനൊന്നും ജീവിക്കാൻ കൊള്ളില്ലെന്നേ അർത്ഥമുള്ളൂ. അദ്ദേഹം പറഞ്ഞു.

“നീ തെളിയിച്ചു പറ.”

“എനിക്കൊരു ആലോചന വന്നിരുന്നു. ആ പയ്യനു് എന്നോടു് സംസാരിക്കണമെന്നു പറഞ്ഞു.”

“എന്നിട്ടു്?”

“അയാള് മൂന്നു ലക്ഷവും നാല്പതു പവനുമാണു് ചോദിച്ചതു്. ഞാൻ പറഞ്ഞു അതു വളരെ കുറവായിയെന്നു്. അപ്പന്റെ കയ്യിലു് പൂത്ത പണംണ്ടു് ചോദിച്ചാൽ ഉടനെയെടുത്തുതരും എന്നും പറഞ്ഞു.”

“കുഞ്ഞേ നീയെന്തിനാണു് അങ്ങനെയൊക്കെ പറഞ്ഞതു?”

“അച്ചോ, ഞാനച്ചനോടു് ഒരു കാര്യം ചോദിക്കട്ടെ?”

വലിയിടത്തച്ചൻ പെട്ടെന്നു് മൂളിയില്ല. ഈ പെൺകുട്ടിയെ അച്ചനു് അറിയാം. അവളുടെ ചോദ്യങ്ങൾ തന്നെ എന്തൊക്കെ കുഴപ്പത്തിലേയ്ക്കു ചാടിക്കുമെന്നുള്ള ഭയവുമുണ്ടു്. താൻ ഇടയനാണെന്നും വഴിതെറ്റിപ്പോകുന്ന ഒരു കുഞ്ഞാടാണു് തന്റെ മുമ്പിലെന്നും ഓർത്തപ്പോൾ അച്ചൻ പറഞ്ഞു.

“ചോദിക്കു്.”

“അച്ചോ, ഈ സ്ത്രീധനം ചോദിക്കാംന്നു് വിശുദ്ധപുസ്തകത്തിലു് എവിട്യാണു് പറഞ്ഞിട്ടുള്ളതു?”

അച്ചൻ ഓർത്തു നോക്കി. ഇല്ല, പഴയ നിയമത്തിലുമില്ല, ഈശോമിശിഹാ കനിഞ്ഞരുളിയ പുതിയ നിയമത്തിലുമില്ല സ്ത്രീധനം ചോദിക്കാമെന്നു്. അദ്ദേഹം പറഞ്ഞു.

“എവിടെയും പറഞ്ഞിട്ടില്ല കുഞ്ഞേ.”

“അപ്പോൾ സ്ത്രീധനം വാങ്ങുന്നതു് പാപമല്ലേ?”

“അതിനു് കൊച്ചേ, സ്ത്രീധനം വാങ്ങരുതെന്നും വിശുദ്ധപുസ്തകത്തിൽ എവിടെയും പറഞ്ഞിട്ടില്ല.”

“അപ്പോൾ അച്ചൻ പറയുന്നതു് അതു് പാപമല്ലെന്നാണോ?”

“കുഞ്ഞേ,” അച്ചൻ കനത്ത ശബ്ദത്തിൽ ചോദിച്ചു. “ആരാണു് കുമ്പസാരിക്കുന്നതു? നീയോ, അതോ ഞാനോ?”

സ്ത്രീധനം മുതലായ പ്രശ്നങ്ങളിലിടപെട്ടാൽ കുറച്ചു കഴിഞ്ഞു് തിരിഞ്ഞുനോക്കുമ്പോൾ താനും തന്റെ നിഴലും മാത്രമേ കാണൂ എന്നു് വലിയിടത്തച്ചനു് അറിയാം. കുഞ്ഞാടുകൾ അവരുടെ വഴിക്കു് പച്ചപ്പുതേടി പോകും. വൃദ്ധനായി, നരച്ച തലമുടിയും താടിയുമായി ഇടയന്റെ വടിയുമേന്തി ഏകനായി നടന്നുപോകുന്ന സ്വന്തം രൂപം മനസ്സിൽ വന്നപ്പോൾ വലിയിടത്തച്ചൻ വിചാരിച്ചു. അതിനിടയാക്കരുതു്.

നാൻസി പോയിട്ടും വലിയിടത്തച്ചൻ കുമ്പസാരക്കൂട്ടിൽത്തന്നെ ഇരുന്നു. വെറുതെ വിശുദ്ധ പുസ്തകം പകുത്തെടുത്തു തുറന്നു. സങ്കീർത്തനങ്ങളുടെ പുസ്തകമായിരുന്നു.

‘കർത്താവേ,

വ്യാജം പറയുന്ന അധരങ്ങളിൽ നിന്നും

വഞ്ചന നിറഞ്ഞ നാവിൽ നിന്നും

എന്നെ രക്ഷിക്കണമേ!’

ദാവീദിനു് സങ്കീർത്തനരചന എളുപ്പമായിരുന്നിരിക്കണം.

പള്ളിയങ്കണം ശൂന്യമായിരുന്നു. അൾത്താരയിൽ ദൈവപുത്രൻ കുരിശിൽ. തന്റെ വായിൽ തോൽവിയുടെ കയ്പ്പുരസമുള്ളതു് അച്ചൻ അപ്പോഴാണു് അറിഞ്ഞതു്. ‘കർത്താവേ, ഞാനിതെന്തിനു സഹിക്കണം?’

പതിനെട്ടാം ദിവസം

ഇന്നു് നല്ല ദിവസമാവില്ലെന്ന മുന്നറിവു് അവളുടെ ഓരോ സിരകളിലും നിറഞ്ഞുനിന്നു. അപ്പന്റെ ഫോൺവിളി അവൾ പ്രതീക്ഷിച്ചിരുന്നു. അവൾക്കു് ആകെ പേടിയുണ്ടായിരുന്നതു് അപ്പനെയാണു്. അതാകട്ടെ ആ മനുഷ്യന്റെ സ്നേഹം കാരണമായിരുന്നു താനും. സ്നേഹത്തെ അവൾ എക്കാലവും ഭയപ്പെട്ടിരുന്നു. കർത്താവേ സ്നേഹത്താൽ നീയോ അല്ലെങ്കിൽ ഏതെങ്കിലും അലവലാതി പയ്യന്മാരോ എന്നെ കെട്ടിയിടാൻ ഇടയാക്കല്ലേ, എന്നായിരുന്നു അവളുടെ പ്രാർത്ഥന. അപ്പന്റെ കാര്യം പോക്കാണെന്നവൾക്കറിയാം. ആ മനുഷ്യൻ തനിക്കുവേണ്ടി തൂകാൻപോകുന്ന കണ്ണീരിന്റെ കണക്കു് അവൾക്കറിയാം. ആ കണ്ണീരിന്റെ ഉത്തരവാദിത്വത്തിൽ നിന്നു് തന്നെ ഒഴിവാക്കി മാപ്പുതരേണമെന്നു് അവൾ എപ്പോഴും പ്രാർത്ഥിക്കാറുണ്ടു്. ഒരുതരം മുൻകൂർ ജാമ്യം തേടലാണതു്.

ഫോണടിച്ചപ്പോൾ അവളുടെ ഉള്ളിൽ ഒരാന്തലുണ്ടായതു് ഈ പശ്ചാത്തലത്തിലാണു്. അവളുടെ ഊഹം ശരിയായിരുന്നു. ഭാസ്കരൻ നായർ ചില്ലിന്മേൽതട്ടി അവളെ മാടിവിളിച്ചു.

“വർഗ്ഗീസെ ഇതാ മകള് വന്നിട്ട്ണ്ടു്. സംസാരിച്ചോ. എസ്. ടി. ഡി.-യാ സമയം കളയല്ലേ.”

“എന്താ അപ്പച്ചാ?” അവൾ ഫോണെടുത്തു കൊണ്ടു് ചോദിച്ചു.

“മോളെ, ആന്റണി കൊണ്ടന്ന ആലോചന നല്ലതാ. മോൾക്കു് ഇഷ്ടായില്ലേ?”

“അപ്പച്ചാ…” എന്താണു് പറയേണ്ടതെന്നറിയാതെ അവൾ പരുങ്ങി. “അവരു് കണ്ടമാനം സ്ത്രീധനം ചോദിക്ക്ണ്ണ്ടു്.”

“അതൊക്കെ നാട്ടുനടപ്പനുസരിച്ചു് കൊടുക്കാം. ആന്റണി പറഞ്ഞുറപ്പിച്ചോളും. മോള് അതൊന്നും അന്വേഷിക്കണ്ട. മോക്കു് ഇഷ്ടായോ?”

“ഞാനൊന്നുംകൂടി ആലോചിക്കട്ടേ അപ്പച്ചാ. ഒരു ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കണ്ടതാ. പിന്നെ വേണ്ടീര്ന്നില്ല്യാന്നാവര്തു്.”

“നല്ല ആലോചന്യാന്നാ ആന്റണി പറേണതു്. കളയണ്ടാ.”

“അപ്പച്ചൻ എന്നാ വരണതു?”

“മോളടെ കല്യാണം ഒറപ്പിച്ചാൽ ഒടനെ വരാം.”

“ഞാൻ കത്തെഴുതാം.”

അവൾ ഫോൺ വച്ചു. ഫോൺ തിരിച്ചുവച്ചു് ആലോചനാമഗ്നനായി നിൽക്കുന്ന അപ്പന്റെ മുഖം മനസ്സിൽ വന്നപ്പോൾ അവൾ പറഞ്ഞു.

“പാവം അപ്പൻ!”

രാജനും അതുതന്നെയാണു് പറഞ്ഞതു്. “പാവം മനുഷ്യൻ.”

അവർ കുറേ നേരം ഒന്നും സംസാരിച്ചില്ല. അവൾ ആലോചിക്കുകയായിരുന്നു. ഭാസ്കരൻസാറ് ചോദിച്ചപ്പോൾ അവൾക്കു് ഒന്നും പറയാനില്ലായിരുന്നു. അവൾ എന്തെങ്കിലും തീർച്ചയാക്കിയോ? അവൾക്കു തന്നെ അറിയില്ലായിരുന്നു. ഷാജിക്കു് യൂദാസിന്റെ മുഖമുണ്ടെന്നതു് ഒരു കുഴപ്പമായി അവൾ കരുതിയില്ല. പക്ഷേ, അയാൾക്കവളെ സ്നേഹമുണ്ടു് എങ്കിൽ അവൾ തീർച്ചയായും സമ്മതിച്ചേനേ. ‘എനിക്കു് നിന്നെ ഇഷ്ടമാണു്, നിന്നെ സ്വന്തമാക്കാൻ ഞാൻ സ്ത്രീധനംപോലും ഉപേക്ഷിക്കുന്നു എന്നയാൾ പറയുകയാണെങ്കിൽ അവൾ എന്നേ സമ്മതം മൂളിയേനേ? മറിച്ചു് ഇതൊരു കച്ചവടം പോലെയാണവൾക്കു തോന്നിയതു്. ഒരു ദാമ്പത്യജീവിതം ഇങ്ങിനെയാണോ തുടങ്ങേണ്ടതു?

അവൾ മുമ്പിലിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി. യേശുവിന്റെ മുഖഛായയുള്ള ഈ മനുഷ്യൻ ആരാണു്? എന്താണു് താനുമായുള്ള ബന്ധം? രാജൻ ആലോചനയിലായിരുന്നു. മുമ്പിലിരുന്ന ഐസ്ക്രീം ഉരുകുന്നതു് നാൻസി വല്ലായ്മയോടെ കണ്ടു. അവൾ ചോദിച്ചു.

“എന്താണു് ആലോചന?”

അയാൾ ഒന്നും പറയുന്നില്ല.

“ഐസ്ക്രീം ആവശ്യമില്ലെങ്കിൽ പറയണം. ഇവിടെ ആവശ്യക്കാരുണ്ടു്.”

അയാൾ ചിരിച്ചുകൊണ്ടു് രണ്ടു സ്പൂൺ മാത്രം കഴിച്ച ഐസ്ക്രീം അവളുടെ അടുത്തേയ്ക്കു് നീട്ടിവച്ചു. ഒരു ത്യാഗം ചെയ്യുന്ന മനോഭാവത്തോടെ നാൻസി അതു കഴിക്കാൻ തുടങ്ങി. ത്യാഗത്തിന്റെ കാര്യത്തിൽ അവൾ ഒരിക്കലും പിന്നിലായിരുന്നില്ല. രാജന്റെ ചിരി ക്ഷണികമായിരുന്നു. അയാൾ വീണ്ടും ആലോചനയിലാണ്ടു.

രാത്രി. ഡയറിയും മുമ്പിൽവച്ചു് നാൻസി ഒരുപാടുനേരം ഇരുന്നു. തന്റെ ഡയറിയിൽ നന്മയുടെ അംശം കാണണമെങ്കിൽ മസാല ദോശയും ഐസ്ക്രീമും കഴിച്ച ദിവസങ്ങൾ എണ്ണിയാൽ മതിയെന്നു് അവൾ കണ്ടു. നന്മയുടെ ദിവസങ്ങൾ ഏറിവരുന്നതു് അവൾ സംതൃപ്തിയോടെ നോക്കി. റസ്റ്റോറണ്ടിൽ നിന്നു് പുറത്തു കടക്കുന്നതിനു മുമ്പാണയാൾ ചോദിച്ചതു?

“എന്റെ ഒപ്പം ഒരു ജീവിതം എങ്ങിനെയാവുമെന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?”

അവൾ ഉടനെ പറഞ്ഞു. “ഉണ്ടു്?”

“പറയൂ.”

“മത്തായിയുടെ സുവിശേഷത്തിൽ പറയുന്നുണ്ടു്. പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി. അതായതു് നരകം.”

“നിനക്കു് ബുദ്ധിയില്ലെന്നാണു് ഞാൻ വിചാരിച്ചിരുന്നതു്.”

“ബുദ്ധിയുണ്ടു്. അതല്ലെ ഒരു നായരെ കല്യാണം കഴിക്കുമെന്നു് തീർച്ചയാക്കിയതു?”

“നായരെ? ഹിന്ദുവിനെയെന്നല്ല നീ പറഞ്ഞതു്.”

“അല്ല നായരെ മാത്രം. കാരണം നായന്മാർ പാവങ്ങളാണു്. ഭാര്യമാർ പറയുന്നതു കേട്ടു ഹെൻപെക്ഡ് ആയി നടന്നുകൊള്ളും.”

“അച്ചായത്തിയുടെ ആകാശക്കോട്ടകൾ കൊള്ളാമല്ലോ!”

ഡയറിയും മുമ്പിൽവച്ചു് അവൾ ചിരിച്ചു. സമയം പതിനൊന്നു്. ഇനിയും കിടന്നില്ലെങ്കിൽ രാവിലെ എഴുന്നേൽക്കാൻ വൈകും. അവൾ ഡയറി അടച്ചുവച്ചു.

കിടന്നുകൊണ്ടു് അവൾ അപ്പനെ ഓർത്തു. അപ്പൻ ഫോണിൽ വിളിച്ചതു് അവൾ ഡയറിയിൽ ചേർത്തിരുന്നില്ല. ഇപ്പോൾ അതവളെ നോവിപ്പിച്ചു. രാത്രിയുടെ ശബ്ദങ്ങൾ അവളെ കുറ്റപ്പെടുത്തുകയാണു്. എന്താണു് ഇതിനൊക്കെ അർത്ഥം?

ഇരുപത്തിയൊന്നാം ദിവസം

ശനിയാഴ്ച സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോയി. എഞ്ചിൻ ഡ്രൈവറുടെ മുറിയിൽനിന്നു് പുറത്തേയ്ക്കു് നീണ്ടതു് ഒരു വയസ്സന്റെ മുഖമായിരുന്നു. ഒന്നുകിൽ രാജന്നു് ഒരു രാത്രികൊണ്ടു് വയസ്സായിക്കാണണം. അല്ലെങ്കിൽ അതു് വേറെ ഡ്രൈവറായിരിക്കണം. രണ്ടാമത്തേതായിരിക്കണം ശരിയെന്നവൾ അനുമാനിച്ചു. എറണാകുളം സൗത്തിൽ വണ്ടിയിറങ്ങിയപ്പോൾ ഒരിക്കൽക്കൂടി നിജസ്ഥിതി അറിയാൻ അവൾ മുമ്പിലേയ്ക്കു നടന്നു. ഒരു വയസ്സൻതന്നെ. നരച്ച കുറ്റിരോമങ്ങൾ ചൊറിഞ്ഞുകൊണ്ടു് അയാൾ താൻ വലിച്ചുകൊണ്ടുവന്ന ജനങ്ങളെ ആശീർവ്വദിക്കാനെന്നപോലെ നിൽക്കുന്നു. ആശിക്കാനൊന്നുമില്ല. നാളെ ഞായർ. ഡ്രൈവറില്ലാതെ തന്റെ വണ്ടി രണ്ടു ദിവസം ഓടിക്കണം.

ഞായറാഴ്ച രാവിലെ പള്ളിയിൽക്കൂടി പോകാതെ ഓടിയെത്തിയ ചിറ്റപ്പൻ തന്ന വിവരം തീരെ ആശാവഹമായിരുന്നില്ല. പയ്യനു് നാൻസിയെത്തന്നെ വേണമത്രെ. സ്ത്രീധനം കുറക്കാനൊന്നും പറ്റില്ല, അതുപോലെ നാല്പതു പവന്റെ പണ്ടങ്ങളും വേണം. രണ്ടാമത്തേതു മാത്രമാണു് കുറച്ചു് ആശയ്ക്കു വഴിതന്നതു്. സ്ത്രീധനം കുറക്കാൻ പറ്റില്ലെന്നു പറഞ്ഞാലെങ്കിലും അപ്പൻ ഈ കല്യാണത്തിനു് സമ്മതം കൊടുത്തില്ലെങ്കിലോ? ഞായറാഴ്ച രാത്രി അവൾ ഡയറിക്കു പകരം എഴുതിയതു് അപ്പച്ചനുള്ള കത്തായിരുന്നു. അതു് മടക്കി ബാഗിലിട്ട ശേഷം അവൾ സുഖമായി ഉറങ്ങി.

രാവിലെ പുറത്തിറങ്ങിയപ്പോൾ അമ്പലത്തിൽ പോകണമെന്നൊന്നും ധാരണയുണ്ടായിരുന്നില്ല. പക്ഷേ, അവളുടെ കാലുകൾ നയിച്ചതു് അമ്പലത്തിലേയ്ക്കായിരുന്നു. പ്രസാദം കൊടുക്കുമ്പോൾ ശാന്തിക്കാരൻ ചിരിച്ചുകൊണ്ടു് ചോദിച്ചു.

“കുട്ടിയെ കുറേ ദിവസായി കാണാറില്ലല്ലോ.”

‘കർത്താവേ,’ നാൻസി മനസ്സിൽ പറഞ്ഞു. ‘ഇയ്യാക്കും എന്നോടു് പ്രേമമായോ?’ ഭഗവാന്റെ അമ്പലത്തിൽവച്ചു് കർത്താവിനെ വിളിച്ചതിൽ ക്ഷമിക്കണമെന്നു് പ്രാർത്ഥിച്ചുകൊണ്ടു് അവൾ പ്രസാദം സ്വീകരിച്ചു.

ഇന്നും എഞ്ചിൻ മുറിയിൽ രാജനെ കണ്ടില്ലെങ്കിൽ അതേ വണ്ടിയിൽ തല വെക്കണമെന്നവൾ തീർച്ചയാക്കിയിരുന്നു. അതിന്റെ ആവശ്യമുണ്ടായില്ല. മോന്തയും പുറത്തിട്ടു് ഇളിച്ചുകൊണ്ടു് അയാൾ ഇരിക്കുന്നുണ്ടായിരുന്നു. നാൻസി തലവെട്ടിച്ചു് കമ്പാർട്ടുമെന്റിൽ കയറി. അന്താക്ഷരിയുടെ അഭിനേതാക്കൾ തയ്യാറെടുത്തിരിക്കയാണു്.

ട്രെയിൻ ഇറങ്ങി നേരിട്ടു നടക്കാതെ പാലത്തിന്മേൽ കയറാൻ നിൽക്കുമ്പോഴാണു് അവൾ കണ്ടതു്. രാജൻ എഞ്ചിന്റെ പുറത്തിറങ്ങി നിൽക്കയാണു്. അവൾ നോക്കിയപ്പോൾ അയാൾ ചിരിച്ചുകൊണ്ടു് അവളെ വിളിച്ചു. അടുത്തു ചെന്നപ്പോൾ ചോദിച്ചു.

“എന്താണു് പിണക്കം?”

“ശനിയാഴ്ച സാങ്ക്ഷനില്ലാതെ ലീവെടുത്തതെന്തിനാണു്?”

“ആരുടെ സാങ്ക്ഷൻ?”

“എന്റെ.”

“വൈകുന്നേരം കാണില്ലേ, അപ്പോൾ പറയാം.”

“വൈകുന്നേരം കാണുന്നില്ലെങ്കിലോ?”

“പറയലുണ്ടാവില്ല.”

ഞാൻ തോറ്റു. നാൻസി വിചാരിച്ചു. അപ്പന്നുള്ള കത്തു് അവളുടെ കൈസഞ്ചിയിൽ ഇരുന്നു് വേവുന്നുണ്ടു്. അപ്പച്ചനെന്താണു് വിചാരിക്കുക എന്നറിയില്ല. എന്തു വിചാരിച്ചാലും കുഴപ്പമില്ല. തനിക്കു് ഒരു തീരുമാനം എടുക്കേണ്ടതുണ്ടു്. തിരക്കിന്നിടയിൽക്കൂടി നടക്കുമ്പോൾ അവൾ ഒരിക്കൽക്കൂടി ആലോചിച്ചു. ആ കത്തു്, അതു് പോസ്റ്റു ചെയ്യണോ? റോഡിൽ അവൾക്കു പോകാനായി വാഹനങ്ങൾ നിർത്തിയ പോലീസുകാരനു് സാധാരണ കൊടുക്കാറുള്ള ചിരി സമ്മാനിച്ചു് അവൾ നടന്നു. പോസ്റ്റാഫീസിന്റെ മുമ്പിലെത്തിയപ്പോൾ അവൾ സഞ്ചി തുറന്നു് കത്തു പുറത്തെടുത്തു. ഒരിക്കൽക്കൂടി അതു വായിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കി അവൾ കത്തു് പെട്ടിയിലിട്ടു. ഒരിക്കൽക്കൂടി വായിച്ചാൽ ആ കത്തു് പോസ്റ്റുചെയ്യലുണ്ടാവില്ല.

“എന്തായീ നിന്റെ കല്യാണക്കാര്യങ്ങൾ?” ഭാസ്കരൻ നായർ ചോദിച്ചു.

“സാറിനു് ഇത്രയും ഗഹനമായ കാര്യങ്ങൾ ഇത്രയും ലാഘവബുദ്ധിയോടെ എങ്ങിനെ എടുക്കാൻ പറ്റുന്നൂ?”

“അപ്പോൾ നീ കാര്യങ്ങൾ ഗൗരവത്തോടെ എടുക്കാൻ തുടങ്ങിയെന്നർത്ഥം. എനിക്കു സന്തോഷായി.”

“സാറ് അങ്ങിനെ സന്തോഷിക്കയൊന്നും വേണ്ട.”

“എന്തേ?”

“ഞാനൊരു നായരു് ചെക്കന്റെ ഒപ്പം ഒളിച്ചോടാൻ പോകുന്നു.”

“എന്തിനാ ഓടുന്നതു്, നടന്നുപോകാൻ മേലാ?”

“സാറിനു് തമാശയാ. എന്നെ കാണാതാവുമ്പോ മനസ്സിലാവും.”

“ആട്ടെ ആരാണാ നിർഭാഗ്യവാൻ?”

“എന്നെ കിട്ടാൻ വേണ്ടി ഏഴു ജന്മം തപസ്സിരുന്ന ആ ഭാഗ്യവാന്റെ പേരു് രാജൻ.”

“എന്താണയാൾ ചെയ്യുന്നതു?”

“ദിവസവും അങ്കമാലിയിൽനിന്നു് എന്നെ ഏറ്റി എറണാകുളത്തെത്തിക്കുന്നു.”

“എന്നു വച്ചാൽ?”

“അയാളൊരു എഞ്ചിൻ ഡ്രൈവറാണു്.”

ഭാസ്കരൻ നായർ നിശ്ശബ്ദനായി.

രാജൻ മേശയുടെ മറുവശത്തു് അവളെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. റസ്റ്റോറണ്ടിൽ തിരക്കു കുറവായിരുന്നു. തിങ്കളാഴ്ച പൊതുവേ തിരക്കു് കുറവാണു്.

“ഞാൻ ജീവിതത്തിൽ തിന്ന മസാലദോശ നീട്ടി വച്ചാൽ ചന്ദ്രനിലേയ്ക്കും തിരിച്ചുമുള്ള ദൂരം കാണും.” നാൻസി പറഞ്ഞു.

“ഞാൻ അതിനു വേണ്ടി ചിലവാക്കിയ നോട്ടുകൾ നീട്ടിവച്ചാൽ ആകാശഗംഗ രണ്ടുവട്ടം വലംവെക്കാനാവും.” രാജൻ പറഞ്ഞു. “ആട്ടെ രാവിലെ മോന്ത കനപ്പിച്ചു് പോകാൻ എന്താണു് കാരണം?”

“എനിക്കു് ഭംഗിയുള്ള മോന്ത ഉണ്ടായതുകൊണ്ടു്.” നാൻസി പറഞ്ഞു. “അതല്ലാ കേട്ടോ കാര്യം. ദിവസവും കാണുന്ന ഒരാളെ ഒരു ദിവസം കാണാതായാൽ നമുക്കൊക്കെ വിഷമമുണ്ടാവില്ലെ. അതു് പല വിധത്തിലും പുറത്തുവരും. ആട്ടെ, താങ്കൾ എവിടേയ്ക്കാണു് ശനിയാഴ്ച അപ്രത്യക്ഷനായതെന്നു് പറയാമോ?”

“എനിക്കു് മാറ്റമായി. വീണ്ടും കോയമ്പത്തൂരിലേയ്ക്കുതന്നെ.”

വിശ്വസിക്കാൻ പ്രയാസമായ പോലെ നാൻസി ഇരുന്നു.

“മാറ്റമൊഴിവാക്കാനാകുമോ എന്നന്വേഷിക്കാൻ പോയതാണു്. പറ്റില്ലെന്നാണവർ പറയുന്നതു്. ഒരു മൂന്നു മാസമെങ്കിലും അവിടെ വേണം. അതുകഴിഞ്ഞിട്ടു് നോക്കാമെന്നു പറയുന്നു.”

നാൻസി ഒന്നും പറയാതെ, ദോശ തിന്നാതെ ഇരിക്കയാണു്. അവളുടെ മുഖം വാടിയിരുന്നു.

“ദോശകളോടും ഐസ്ക്രീമുകളോടും വിട പറയണ്ടേ എന്ന വിഷമമാണോ?”

നാൻസി ചിരിക്കുന്നില്ല. പെട്ടെന്നാണയാൾ കണ്ടതു്. അവളുടെ കണ്ണിൽ ജലകണങ്ങൾ ഉരുണ്ടുകൂടുന്നു. അവളുടെ തുടുത്ത കവിളിലൂടെ അതു് ഒലിച്ചിറങ്ങുകയാണു്.

നാൻസി കരയുക! ഈ പെണ്ണിനു് കരയാനും അറിയാമോ? അയാൾ അവളുടെ കൈ പിടിച്ചു് അമർത്തി.

ഡയറിയെഴെുത്തു് ഒരു സാന്ത്വനമായി അനുഭവപ്പെട്ടതു് അന്നാണു്. രാത്രിയുടെ ശബ്ദങ്ങൾ അവൾക്കു് അകമ്പടി സേവിച്ചു. കട്ടിലിൽ ശാന്തയായി ഉറങ്ങുന്ന ചേച്ചി ഒന്നുമറിയുന്നില്ല. അവൾ ഭാസ്കരൻ നായർ പറഞ്ഞതോർത്തു. ഒരിക്കലും ഒരെഞ്ചിൻ ഡ്രൈവറെ സ്നേഹിക്കരുതു്. അവരുടെ ജീവിതം ഉരുളുന്ന ചക്രങ്ങൾക്കു മീതെയാണു്. ഒരിടത്തു് ഉറച്ചുനിൽക്കാൻ കഴിയില്ല. നന്നായിപ്പോയി! അവൾ ഡയറി അടച്ചുവച്ചു. റസ്റ്റോറണ്ടിൽനിന്നു് ഇറങ്ങുമ്പോൾ കോണിപ്പടിയിൽവച്ചു് രാജൻ ആരും കാണാതെ തന്നെ ഉമ്മവച്ചതു് അവൾ ഡയറിയിൽ എഴുതിയില്ല. അതെന്റെ മനസ്സിൽ കിടക്കട്ടെ. എന്റെ ഏറ്റവും അടുത്ത ഡയറിയിൽ.

എനിക്കുവേണ്ടി കാത്തിരിക്കുമോ എന്നു് രാജൻ ചോദിച്ചതിനു് അവൾ മറുപടിയൊന്നും പറഞ്ഞില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അയാൾ അന്നു രാത്രി പോവുകയാണു്. ചൊവ്വാഴ്ച കോയമ്പത്തൂരിൽ ഡ്യൂട്ടിക്കു് ചേരണം. ശരിക്കു പറഞ്ഞാൽ തിങ്കളാഴ്ചതന്നെ ചേരേണ്ടതാണു്. അങ്കമാലിയിൽനിന്നു കയറി എറണാകുളത്തിറങ്ങി തന്റെ ഹൃദയവും കടംവാങ്ങി പോകുന്ന ഒരു സുന്ദരിയോടു് യാത്രപറയാൻ വേണ്ടി ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടതാണു്. ഇനിയും സന്തോഷിക്കേണ്ട. രാജൻ പറഞ്ഞു. ഞാൻ ഒരാളോടുംകൂടി പറഞ്ഞുവച്ചിട്ടുണ്ടു്. അതു ശരിയാവുകയാണെങ്കിൽ ഞാൻ തിരിച്ചു് ഉടനെത്തന്നെ ഈ വണ്ടിയിൽ എത്തും. നിന്നെ ശല്യപ്പെടുത്താൻ.

“എനിക്കത്രയൊന്നും ഭാഗ്യമില്ല.” നാൻസി പറഞ്ഞു.

ഇരുപത്തിരണ്ടാം ദിവസം

എഞ്ചിൻ ഡ്രൈവറില്ലാത്ത ദിവസങ്ങൾക്കു് തയ്യാറെടുപ്പു് നടത്തേണ്ടിയിരിക്കുന്നു. നാൻസി ആലോചിച്ചു. അതുകൊണ്ടു് വീട്ടിൽനിന്നിറങ്ങിയപ്പോൾ അവൾ അമ്പലത്തിൽ കയറി. പ്രദക്ഷിണം വച്ചു് ശ്രീകോവിലിൽ എത്തിയപ്പോഴാണു് മനസ്സിലായതു്. ചെറുപ്പക്കാരൻ ശാന്തിക്കാരനു പകരം ഒരു വയസ്സൻ നമ്പൂതിരിയാണു് പ്രസാദം തരുന്നതു്. അതു വാങ്ങി ശ്രീകോവിലിനുള്ളിലേയ്ക്കുതന്നെ എറിയാനാണു് തോന്നിയതു്. ദൈവമേ നീയും എന്നെ കൈവെടിഞ്ഞോ എന്നു വിലപിച്ചുകൊണ്ടു് അവൾ പുറത്തിറങ്ങി. ഇക്കണക്കിനു് പള്ളിയിലും പോയിട്ടു കാര്യമുണ്ടാവില്ല എന്നവൾക്കു തോന്നി. സുരേഷ്ഗോപിയുടെ ഛായയുള്ള വലിയിടത്തച്ചനു പകരം പത്തെൺപതു വയസ്സു പ്രായമുള്ള വല്ല അച്ചന്മാരായിരിക്കും അവിടെ തന്നെ സ്വീകരിക്കുക. കാര്യങ്ങളുടെ കിടപ്പു് ഇങ്ങനെയൊക്കെയാവുമ്പോൾ ഒരാൾക്കു് എത്രകാലം ദൈവവിശ്വാസിയായി തുടരാൻ പറ്റും?

വണ്ടി വരുന്നുണ്ടായിരുന്നു. ദൈവനന്മയിലുള്ള വിശ്വാസം പാടെ തകർന്നതിനാൽ അവൾ എഞ്ചിൻ മുറിയിലേയ്ക്കു നോക്കിയതു തന്നെയില്ല. കഴിഞ്ഞ ശനിയാഴ്ച കണ്ടപോലെ വല്ല കിഴവന്മാരും നരച്ച താടിയും ചൊറിഞ്ഞുകൊണ്ടു് പുറത്തേയ്ക്കു തലയിട്ടു നിൽക്കുന്നുണ്ടാവും. അതു കാണാൻ വയ്യ. പക്ഷേ, കണ്ണുകൾ തന്റെ ആജ്ഞ പാലിക്കാതെ എഞ്ചിൻ റൂമിലേയ്ക്കു തന്നെ പോയി. അവിടെ മോന്തയും പുറത്തേയ്ക്കിട്ടു് ഇളിച്ചു കൊണ്ടു്…

അല്ലാ, ഇതു നമ്മുടെ എഞ്ചിൻ ഡ്രൈവറല്ലേ?

അവൾ ഗൗരവത്തോടെ തലവെട്ടിച്ചു് പിന്നിലുള്ള കമ്പാർട്ടുമെന്റിൽ കയറി. അന്താക്ഷരിയിൽ അവൾ തുടർച്ചയായി ജയിച്ചതു് കൂട്ടുകാരികളെ അദ്ഭുതപ്പെടുത്തി. ‘തനിക്കിന്നെന്തു പയറ്റിയെടോ?’ അവർ അന്വേഷിക്കുന്നു.

വീണ്ടും വസന്തം. നാൻസി ആലോചിച്ചു. വീണ്ടും പൂക്കളുടെ പ്രളയം. സുഗന്ധം പരത്തുന്ന മന്ദമാരുതൻ. ഞാൻ പറഞ്ഞില്ലേ? എനിക്കു് കവിതയെഴുതാൻ കഴിയും.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Enginedrivere Snehicha Penkutti (ml: എഞ്ചിൻഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Novel, E Harikumar, Enginedrivere Snehicha Penkutti, ഇ ഹരികുമാർ, എഞ്ചിൻഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 15, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Gnome Watching Railway Train, a painting by Carl Spitzweg (1808–1885). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.