images/A_Flowering_Cactus-57.jpg
A Flowering Cactus: Heliocereus Speciosus, a painting by Pierre-Joseph Redouté (1759-1840).
കള്ളിച്ചെടി
ഇ. ഹരികുമാർ

വിമല ഗെയ്റ്റ് കടന്നു വരുന്നതു് രമേശൻ ജനലിലൂടെ കണ്ടു. രാവിലെ ചായയോടൊപ്പം വർത്തമാനപത്രം വായിക്കുകയായിരുന്ന അയാൾ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

രജനീ, നിന്റെ പ്രാരാബ്ധം വരുന്നുണ്ടു്.

വിമലയുടെ വരവിനു് സമയമൊന്നുമില്ല. ഏതു സമയത്തും സംഭവിക്കാവുന്ന അപകടമാണതു്. എപ്പോഴും കരുതലോടെ ഇരിക്കണം. രജനി വന്നു് ജനലിലൂടെ നോക്കി, ഉടനെ തലയിൽ കയ്യുംവെച്ചു് അകത്തേക്കോടി.

ഇതെന്തൊരു ചടങ്ങെന്ന മട്ടിൽ രമേശൻ നോക്കി. സാധാരണ വിമല വരുന്നതു കണ്ടാൽ അവൾ വെറുതെ പറയുക മാത്രമെ ചെയ്യൂ. ഓ വരുന്നുണ്ടു് സാധനം. എന്നാൽ ഇന്നു് അവൾ ചെയ്യുന്നതു് വളരെ വിചിത്രമായൊരു കാര്യമാണു്. തലയിൽ കയ്യും വെച്ചു് അവൾ രണ്ടടി പിന്നോക്കം വാങ്ങി, മൂന്നടി മുന്നോക്കം വെച്ചു. തിരിഞ്ഞു് അകത്തേക്കോടുകയും ചെയ്തു. ഒരു ആഫ്രിക്കൻ ഡാൻസിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങ്. അതെന്താണെന്നറിയാൻ രമേശൻ അവളുടെ പിന്നാലെ പോയി.

രജനി കട്ടിലിൽ ചിതറിക്കിടന്ന രണ്ടു സാരികൾ ധൃതിയിൽ കവറിലാക്കി അലമാരിയിൽ തിരുകി വെക്കുകയാണു്. ഇന്നലെ വൈകുന്നേരം വാങ്ങിയ സാരികളാണു്. എന്താണു് പരിപാടിയെന്നയാൾ ചോദിച്ചു. അവൾ ചൂണ്ടാണിവിരൽ ചുണ്ടിൽ ചേർത്തു് പറഞ്ഞു.

പിന്നെ പറയാം.

രജനി അലമാരി അടച്ചപ്പോഴേക്കും വിമല മുറിയിലെത്തിയിരുന്നു. രമേശിനെ കണ്ടപ്പോൾ അവൾ പെട്ടെന്നു് വലിഞ്ഞു.

ഓ ചേട്ടനുണ്ടോ? ഞാനറിഞ്ഞില്ല. അവൾ പറഞ്ഞു. ഞാൻ വാതിൽക്കൽ മുട്ടി. ആരേയും കണ്ടില്ല. അപ്പോ അകത്തു കടന്നതാ.

നുണയാണു്. രമേശനതറിയാം. അവൾ എപ്പോഴും അങ്ങിനെയാണു്. വാതിൽ തുറന്നു കണ്ടാൽ അകത്തു നുഴഞ്ഞു കയറും. കിടപ്പറവരെ എത്തുകയും ചെയ്യും. ഒരിക്കൽ രജനി കുളിച്ചുവന്നു് ബ്രേസിയറിന്റെ ഹുക്ക് ഇട്ടുതരാൻ പറഞ്ഞതായിരുന്നു. അയാൾ ഒരു കുസൃതി ഒപ്പിച്ചു. ഹുക്കിടുന്നതിനു പകരം ബ്രേസിയർ തന്നെ അഴിച്ചുമാറ്റി. എന്നിട്ട്… അപ്പോഴാണു് വിമലയുടെ വരവു്. അവൾ ശബ്ദമുണ്ടാക്കാതെയാണു് വരിക. മുറിയിലെത്തിയാലെ അറിയൂ.

സംഭവം നല്ലവണ്ണം ആസ്വദിച്ചതിനുശേഷമാണു് അവൾ തൊണ്ടയനക്കി ശബ്ദമുണ്ടാക്കിയതു്.

രജനി ഒറ്റയ്ക്കായിരിയ്ക്കുംന്നു് വിചാരിച്ചു…

പിന്നീടു് വിമല പോയപ്പോൾ രജനിയുടെ ചീത്തപറച്ചിലിനിടയിൽ, അയാൾ ഇനി മുതൽ വാതിൽ തുറന്നിട്ടുകൊണ്ടു് ഭാര്യയ്ക്കു് ബ്രേസിയർ കെട്ടിക്കൊടുക്കില്ലെന്നു് ശപഥം ചെയ്തു.

ഇന്നലെ സാരി വാങ്ങാൻ പോയി അല്ലേ? എന്തെ എന്നെ വിളിക്കാതിരുന്നതു?

വിമല ചോദിച്ചു.

സാരിയുടെ സഞ്ചിയും തൂക്കി രജനി ഇന്നലെ വൈകുന്നേരം നടന്നുവരുന്നതു് അവൾ കണ്ടിരുന്നു എന്നർത്ഥം.

അതന്വേഷിക്കാനാണു് അതിരാവിലെ എത്തിയിരിക്കുന്നതു്.

എത്ര സാരി വാങ്ങി? കാണിച്ചുതരൂ.

അതു് പുതിയതൊന്നും അല്ല കുട്ടി. രജനി പറഞ്ഞു. ഡ്രൈവാഷിനു് കൊടുത്തതു് വാങ്ങീതാണു്.

വളരെ വിദഗ്ദമായി രജനി നുണ പറയുന്നതു് കേട്ടുകൊണ്ടു് രമേശൻ ഉള്ളിൽ ചിരിച്ചു. വിമല പോയപ്പോൾ രജനി പറഞ്ഞു.

ഞാൻ സാരി വാങ്ങാൻ പോണൂന്നു് പറഞ്ഞാൽ ഒപ്പം വരും. കടയിലുള്ള സാരി മുഴുവൻ പുറത്തെടുത്തു് നിവർത്തിയിടീക്കും. അയ്മ്പതുറുപ്പിക തൊട്ടു് രണ്ടായിരം രൂപവരെ വിലയുള്ള സാരി മുഴുവൻ വാരിവലിച്ചു് ഇടീക്കും. ഒരൊറ്റ സാരി പോലും വാങ്ങുകയുമില്ല. ആ സാധനത്തിന്റെ ഒപ്പം രണ്ടു പ്രാവശ്യം പോയാൽ എനിയ്ക്കും ചീത്തപ്പേരു കിട്ടും. ആ പെൺകുട്ടികൾക്കൊക്കെ എന്നെ നല്ല പോലെ അറിയാം. ഞാനിപ്പോൾ അവരുടെ ഇടയിൽ കുറച്ചു് പോപ്പുലർ ആണു്.

തങ്ങളുടെ ഓരോ ചലനവും വിമല ശ്രദ്ധിക്കുന്നുണ്ടെന്നു് രമേശനറിയാമായിരുന്നു. മുക്കാലും അടച്ചിട്ട ജനലിന്റെ നേരിയ വിടവിലൂടെ, വാതിലിന്റെ താക്കോൽ പഴുതിലൂടെ, രാത്രി മുറിയിൽ വിളക്കു കെടുത്തി ഇരുട്ടിന്റെ മറവിലൂടെയൊക്കെ അവൾ തങ്ങളെ ശ്രദ്ധിക്കുകയാണു്. അയാൾ തോട്ടത്തിൽ ഇറങ്ങിയാൽ അയൽ വീട്ടിന്റെ തുറന്നിട്ട ജനൽ, ശ്രദ്ധിക്കാത്ത ഒരു നിമിഷത്തിൽ ഒരു ചെറിയ വിടവു മാത്രം ബാക്കി നിർത്തി അടയ്ക്കപ്പെടുന്നു, വളരെ നിശ്ശബ്ദമായി. ആദ്യമെല്ലാം മുഖത്തിനു നേരെ അടയ്ക്കുന്ന ജനലുകളും വാതിലുകളും അയാളിൽ രോഷമുയർത്തിയിരുന്നു. പിന്നീടു് അടച്ച വാതിലുകളുടെ വിടവുകളുടെ അർത്ഥം മനസ്സിലായപ്പോൾ രോഷം അനുകമ്പയ്ക്കു വഴിമാറി. നാൽപതു വയസ്സുള്ള സ്ത്രീയാണു്. ഒരു പുരുഷന്റെ സ്പർശം ഏറ്റിട്ടില്ലാത്ത സ്ത്രീ. ചോരയും നീരും ആരോഗ്യവുമുളള സ്ത്രീ.

നാൽപതു് വയസ്സ് ഒരു സ്ത്രീയുടെ ജീവിതത്തിൽ വളരെ വിഷമം പിടിച്ച ഒരു കാലമാണു്. സൗന്ദര്യം ചോർന്നു പോകുകയാണെന്നറിയാം. അതിനെതിരെ പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതു കാണുന്നതു്, താൻ പുരുഷന്റെ മുമ്പിൽ ആകർഷകയല്ലാതായി മാറുന്നതു് നിസ്സഹായതയോടെ നോക്കി നിൽക്കുന്നതു്, എല്ലാം വിഷമം പിടിച്ചതു തന്നെ.

വിമല പറയുന്നതു് അവൾക്കു് മുപ്പത്തഞ്ചു വയസ്സേ ആയിട്ടുള്ളൂ എന്നാണു്. രമേശനും രജനിയും അവിടെ താമസമാക്കിയിട്ടു് അഞ്ചുകൊല്ലം കഴിഞ്ഞു. ഈ അഞ്ചുകൊല്ലവും വിമലയുടെ വയസ്സിൽ മാറ്റമുണ്ടായിട്ടില്ല. മുപ്പത്തഞ്ചിൽ അവളുടെ വയസ്സ് ഉറച്ചു പോയിരിക്കുന്നു. ഉറച്ചുപോകാത്തതു് അവളുടെ കഴുത്തിലെ ചുഴിവുകളും, മയം നഷ്ടപ്പെട്ട ചർമ്മവും, ഗ്ലാസ്സില്ലാതെ കാഴ്ച അനുവദിക്കാത്ത കണ്ണുകളും, കറുപ്പിച്ചിട്ടും ഇടയ്ക്കിടയ്ക്കു് പല്ലിളിച്ചു കാട്ടുന്ന വണ്ണം കുറഞ്ഞു തുടങ്ങിയ തലമുടിയുമായിരുന്നു. ഒരു ദിവസം രമേശൻ ഓഫീസിൽ നിന്നു് വന്നപ്പോൾ രജനി ആകപ്പാടെ നല്ല മൂഡിലായിരുന്നു. വളരെ നല്ല വർത്തമാനം കിട്ടുമ്പോഴാണു് അവളെ ഇത്ര ഉന്മേഷവതിയായി കാണാറ്.

ചായയുണ്ടാക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

ഒരു നല്ല ന്യൂസുണ്ടു്. നമ്മുടെ വിമലയില്ലേ? അവൾക്കു് ഒരു അഫേയർ തുടങ്ങിയിരിക്കുന്നു.

അഫയറോ?

അതെ. രണ്ടുമൂന്നാഴ്ചയായീത്രെ തുടങ്ങീട്ടു്. എന്നോടു് പറയാതെ വെച്ചിരിക്ക്യായിരുന്നു.

കഥകൾ തുടങ്ങുന്നതു് മഴ തിമർത്തു പെയ്തുകൊണ്ടിരുന്ന ഒരു രാത്രിയിൽ അവളുടെ കിടപ്പറയുടെ ജനലിനു് അഭിമുഖമായ കെട്ടിടത്തിൽ ഒരു ചെറുപ്പക്കാരൻ താമസമാക്കിയതു തൊട്ടായിരുന്നു. മഴ തോർന്നപ്പോൾ, അപ്പോൾ ഏകദേശം പത്തുമണിയായിട്ടുണ്ടാകും, അവളുടെ കിടപ്പറയുടെ എതിരിലുള്ള ജനൽ തുറന്നിട്ടുവത്രെ. ഒരു ലുങ്കി മാത്രമുടുത്തു് അയാൾ ജനലിന്നടുത്തു് വന്നു് പുറത്തേക്കു നോക്കി. നല്ല നിറവും തടിയുമുള്ള മനുഷ്യൻ. മുപ്പതു മുപ്പത്തഞ്ചു വയസ്സായിട്ടുണ്ടാകും. മാറിൽ നിറയെ രോമം. ക്രോപ്പുചെയ്ത മുടി. കട്ടിയുള്ള മീശ. കിടക്കാനുള്ള വട്ടം കൂട്ടുന്ന വിമലയെ കണ്ടപ്പോൾ അയാൾ വശ്യമായി ചിരിച്ചത്രെ. അന്നു തുടങ്ങിയതാണു് അനുരാഗം.

അതേതായാലും നന്നായെന്നു് രജനി പറഞ്ഞു. അതിനു മുമ്പു് കേട്ടിരുന്നതു് അത്ര കേൾക്കാൻ സുഖമുള്ള കാര്യങ്ങളായിരുന്നില്ല. അലസിപ്പോയ നിരവധി കല്ല്യാണാലോചനകളുടെ കദനകഥകൾ. അച്ഛനമ്മമാരുടെ കടുംപിടുത്തം കാരണമാണത്രെ കുറെ ആലോചനകൾ നടക്കാതിരുന്നതു്.

ഞങ്ങൾ ഷാരടിമാരാണു്. അവൾ പറയും. അപ്പോ ഒരു ഷാരടി തന്നെ വേണം. നായന്മാരെ ഒക്കെ കല്ല്യാണം കഴിക്കണതു് രണ്ടാന്തരായിട്ടാ കണക്കാക്കണതു്.

ഇതെല്ലാം തുടക്കത്തിലായിരുന്നു. പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങൾ, മാസങ്ങൾ കടന്നുപോയപ്പോൾ അവളുടെ സംസാരത്തിന്റെ ഗതി മാറിത്തുടങ്ങി.

അച്ഛൻ പറേണതു് നായമ്മാരായാലും കുഴപ്പം ഒന്നുംല്ല്യാന്നാ. കുട്ടീടെ സ്റ്റോക്കിലു് വല്ലോരുംണ്ടെങ്കിൽ ഒന്നു പറയണം ട്ടോ. പത്തുനാൽപതു വയസ്സുള്ള ആരെങ്കിലും മതി.

പിന്നെ ആ നിലയും കടന്നു പോയി. മാസങ്ങളും കൊല്ലങ്ങളും അവളുടെ വരുതിയിൽ നിന്നു് തെന്നിപ്പോകുന്നതു് നിസ്സഹായയായി നോക്കിനിന്നപ്പോൾ അവളുടെ സ്വരം വീണ്ടും മാറി.

കുട്ടീ, ഭാര്യ മരിച്ചതോ, ഡൈവോഴ്സ് ചെയ്തതോ ആയിട്ട്ള്ള ആരെങ്കിലുണ്ടെങ്കിൽ പറയണംട്ടോ. എന്നെപ്പോലെ വയസ്സായ ഒരു പെണ്ണിനെ കെട്ടാൻ ഇനി വയസ്സായ ആരെങ്കിലുമേ വരൂ.

അവളുടെ സംസാരം കേട്ടാൽ സങ്കടം വരും. രജനി രമേശിനോടു പറയും. അപൂർവ്വം ചില സന്ദർഭങ്ങളിലേ അവൾ സ്വന്തം വിധിയെ അതിന്റെ ശരിയായ വെളിച്ചത്തിൽ പുറത്തു കാണിക്കൂ. അല്ലാത്ത അവസരങ്ങളിൽ അവൾ സ്വന്തം ദുർവിധി ഒളിപ്പിച്ചുവെച്ചു് അഹങ്കാരത്തിന്റെയും, പൊങ്ങച്ചത്തിന്റെയും മുഖം മൂടിയണിഞ്ഞു് നടക്കുകയാണു്.

എന്തായാലും പുതിയ അനുരാഗം ഇതെല്ലാം മാറ്റി. ഇപ്പോൾ വിമലയുടെ കഥകൾ കേൾക്കാൻ രസമുണ്ടെന്നാണു് രജനി പറയുന്നതു്.

രമേശൻ ഓഫീസിൽ പോയാൽ വിമല വന്നു് തലേന്നുണ്ടായ സംഭവങ്ങൾ മുഴുവൻ വിവരിച്ചു കൊടുക്കുന്നു.

പുതിയ അയൽക്കാരൻ നല്ല റൊമാന്റിക് ആണെന്നാണു് വിമല പറയുന്നതു്. ദിവസവും രാവിലെ എഴുന്നേറ്റാൽ വിമല ജനൽ തുറക്കുന്നതുവരെ കാത്തു നിൽക്കുമത്രെ. ഗുഡ്മോണിംഗ് പറഞ്ഞിട്ടേ അയാൾ പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കുകയുള്ളൂ.

മറ്റൊരാളുടെ സ്നേഹബന്ധങ്ങളെപ്പറ്റി കേൾക്കുക രസമാണു്. നമ്മുടെയൊക്കെ ഒരു ദൗർബ്ബല്യമാണതു്. വിമല പെട്ടെന്നു് ആ വീട്ടിൽ സ്വീകാര്യയായി. ഓരോ ദിവസവും പുതിയ പുതിയ കഥകൾ കേൾക്കാനായി രജനി, രമേശിനെ ഓഫീസിൽ പറഞ്ഞയച്ചശേഷം വിമലയെ കാത്തിരിപ്പായി.

ദുഃഖം പോലെത്തന്നെയാണു് സന്തോഷവും. ആരുടെയെങ്കിലും മണ്ടയിൽ അതിറക്കി വെച്ചാലെ സമാധാനമാവൂ.

ആ ചെറുപ്പക്കാരൻ ഒരു ആവേശത്തള്ളിച്ചയിലെങ്കിലും വിമലയെ കല്ല്യാണം കഴിക്കട്ടെ എന്നു് രമേശൻ ആശിച്ചു. ഒരു ജീവിതം എങ്ങിനെയെങ്കിലും രക്ഷപ്പെടട്ടെ.

ഓരോ ദിവസവും അവൾ തലേ ദിവസത്തെ കാര്യങ്ങൾ പറയുമ്പോഴൊക്കെ രജനിയോടു് പറയും.

കുട്ടി ഇതൊന്നും ചേട്ടനോടു് പറയ്ണില്ല്യല്ലോ.

രജനി പരുങ്ങി. അവൾ വാസ്തവത്തിൽ എല്ലാം രമേശനോടു് പറയുന്നുണ്ടായിരുന്നു. ശരിക്കു പറഞ്ഞാൽ അവർ ഉറങ്ങാൻ കിടക്കുമ്പോൾ സംസാരവിഷയം ഇപ്പോൾ വിമലയുടെ അനുരാഗ കഥകൾ മാത്രമാണു്. നല്ല പൈങ്കിളിക്കഥകൾ. സെക്സിന്റെ അതിപ്രസരമുള്ള ആ അനുരാഗകഥകൾ അവരുടെ രാവുകളെ മദകരങ്ങളാക്കി.

രജനി പറഞ്ഞു.

ഏയ്, ഞാൻ ചേട്ടനോടു് ഒന്നും പറയാറില്ല.

പക്ഷേ, ആകസ്മികമായി ഒരു ദിവസം വിമല ചോദിച്ചു.

ചേട്ടൻ എന്താണു് പറഞ്ഞതു?

എന്തിനെപ്പറ്റി?

ഞാൻ പറയാറില്ലേ? അയാളെപ്പറ്റി.

അതിനു് എന്നോടു് വിമല പറഞ്ഞതു് ചേട്ടനോടു് പറയേണ്ട എന്നല്ലേ?

വിമലയുടെ മുഖത്തു് നിരാശ പരന്നു.

എന്താ ഞാൻ ചേട്ടനോടു് എല്ലാം പറയണോ? രജനിയെ അമ്പരപ്പിച്ചു കൊണ്ടു് അവൾ പെട്ടെന്നു് ഇറങ്ങിപ്പോയി.

പിന്നെ കുറച്ചുദിവസം വിമല വന്നില്ല.

ഒരാഴ്ച കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരു ദിവസം അവൾ കയറി വന്നു. രമേശൻ വാതിൽ തുറന്നു.

അവൾ മുഖമുയർത്താതെ ചോദിച്ചു.

രജനിണ്ടോ?

ഉണ്ടു്.

അവൾ അയാളുടെ മുഖത്തു് നോക്കാതെ അകത്തേക്കു കയറിപ്പോയി. എപ്പോഴും അങ്ങിനെയാണു്. നേരെ കണ്ടാൽ മുഖത്തു നോക്കില്ല. പിന്നെ ജനൽപാളികളുടെ വിടവിലൂടെ ഒളിച്ചു നോക്കുകയും ചെയ്യും. ഇതെന്തൊരു സ്വഭാവമാണപ്പാ.

പതിനഞ്ചു മിനിറ്റു നേരം അടുക്കളയിൽ കുശുകുശുക്കൽ നടന്നു. അതിനു ശേഷം വിമല തിരിച്ചുപോയി. പക്ഷേ, പോകുന്നതിനു മുമ്പു് അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ടു് അവൾ പറഞ്ഞു.

ചേട്ടാ, ഞാൻ പോട്ടെ ട്ടോ.

ചായ കുടിക്കുന്നതിനിടയിൽ രജനി, വിമല പറഞ്ഞിരുന്നതു് ഒരു മിമിക്രി കലാകാരിയുടെ പാടവത്തോടെ അനുകരിക്കുകയായിരുന്നു.

കുട്ടീ, എന്റെ അമ്മാവൻ വന്നിരുന്നു രണ്ടീസം മുമ്പു്. എന്റെ ആ കള്ളിച്ചെടിയില്ലേ, കഴിഞ്ഞ കൊല്ലം പൂവിട്ടു എന്നു പറഞ്ഞതു? അതു കണ്ടുട്ടോ അമ്മാവൻ. ഉടനെ പറഞ്ഞു അതു് വെട്ടിക്കളയാൻ. കള്ളിച്ചെടി വീട്ടിന്റുള്ളിലു് വെക്കാൻ പാടില്ലാത്രെ. അശ്രീകരാത്രെ, നമുക്കതു് ഭാഗ്യദോഷം ചെയ്യുംന്നാ പറേണതു്. എന്റെ കല്ല്യാണം കഴിയാത്തേന്റെ കാരണം തന്നെ അതാവുംന്നാ അമ്മാവൻ പറേണതു്. അമ്മാവനു് അത്യാവശ്യം ജ്യോതിഷവും ഉണ്ടു്. പറമ്പിലു് വെച്ചാ കൊഴപ്പല്ല്യാത്രെ. അപ്പോ ഞാൻ ആലോചിച്ചു, ചേട്ടനു് തോട്ടപ്പണിയൊക്കെ ഇഷ്ടാണല്ലൊ. വേണങ്കിൽ ആ കള്ളിച്ചെടി തരാം. നിങ്ങക്കാവുമ്പോ അതു് പറമ്പിലു് തോട്ടത്തിൽ വെയ്ക്കും ചെയ്യാലോ. ചേട്ടനോടു് പറയൂ അതെടുത്തു കൊണ്ടുവരാൻ. വല്യ ചട്ടിയല്ലേ? അല്ലെങ്കിൽ എനിയ്ക്കു് കൊണ്ടെത്തരായിരുന്നു. ടെറസ്സിലാ വെച്ചിരിക്കണതു്. കുട്ടി കണ്ടിട്ടില്ല്യേ?

മിമിക്രി നന്നായിട്ടുണ്ടു്. രമേശൻ പറഞ്ഞു.

നിങ്ങൾ ആ കള്ളിച്ചെടി കൊണ്ടു വരുന്നുണ്ടോ?

രജനി ചോദിച്ചു.

അയാൾ തീർച്ചയാക്കിയിരുന്നില്ല. അതു നല്ല ഭംഗിയുള്ള ലക്ഷണമൊത്ത കള്ളിച്ചെടിയാണു്. ഇരുട്ടിൽ കണ്ടാൽ ഒരു മനുഷ്യനെപ്പോലെ തോന്നിക്കും. അധികം മുള്ളുകളൊന്നുമില്ല. കഴിഞ്ഞ കൊല്ലം അതു് പൂത്തപ്പോൾ കാണാൻ അയാൾ പോയിരുന്നു. നാലു പൂക്കൾ. ഓരോ ഏണിലും ഓരോ പൂവുവീതം. കൂടാതെ മൊട്ടുകളുമുണ്ടു്.

അയാൾ കള്ളിപ്പൂവു കാണാൻ പോയ ആ വൈകുന്നേരം ഓർത്തു. രജനി എന്തോ കാര്യത്തിനായി തഴെപ്പോയിരിക്കയായിരുന്നു. ടെറസ്സിൽ വിമലയും രമേശനും മാത്രം. സൂര്യൻ അസ്തമിച്ചെങ്കിലും അരണ്ട വെളിച്ചം അപ്പോഴുമുണ്ടായിരുന്നു. പടിഞ്ഞാറുനിന്നു് വീശിയിരുന്ന കാറ്റു് തണുത്തതായിരുന്നു. വിമല അയാളുടെ വളരെ അടുത്താണു് നിന്നിരുന്നതു്, കാറ്റിന്റെ ദിശയിൽ. അവളുടെ തലമുടിയിൽ നിന്നുള്ള എണ്ണയുടെ ഗന്ധം അയാളെ അസ്വസ്ഥനാക്കി.

എന്തു ഭംഗിയുള്ള പൂവു് അല്ലേ?

അതെ. രമേശൻ പറഞ്ഞു. വിമലയുടെ സാരി ഇളം ചുവന്നതായിരുന്നു. കാറ്റത്തു് സാരിയുടെ തുമ്പു് പൂവിനു് വളരെ അടുത്തു വന്നു.

ഈ പൂവും എന്നെപ്പോലെയാണു്. വിരിയും. വാസനയില്ലാതെ രണ്ടു ദിവസം നിൽക്കും, പിന്നെ കൊഴിഞ്ഞുപോകും. കായയൊന്നുമുണ്ടാവില്ല.

എന്താണിങ്ങനെ പറയുന്നതു?

രമേശനു തൊണ്ട വരണ്ടപോലെ തോന്നി. അവൾ വളരെ അടുത്തായിരുന്നു. അവളുടെ സാമീപ്യമാണോ, അല്ല എണ്ണയുടെ ഗന്ധമുള്ള കാറ്റാണോ അതിനു കാരണമെന്നു് അയാൾക്കു മനസ്സിലായില്ല.

സ്റ്റെയർകേസിൽ കാലടികൾ കേട്ടു. വിമല നടന്നു നീങ്ങുകയും ചെയ്തു. അതിനു ശേഷം അവൾ ഒരിക്കലും രമേശിനോടു് സംസാരിക്കുകയുണ്ടായിട്ടില്ല. വീട്ടിൽ വരുമ്പോൾ രജനിയുണ്ടോ എന്നന്വേഷിക്കുകയല്ലാതെ.

എന്താണു് ആലോചിക്കണതു?

രജനി ചോദിച്ചു.

നമുക്കതു കൊണ്ടുവരാം. അയാൾ പറഞ്ഞു. നമ്മൾ കൊണ്ടുവന്നില്ലെങ്കിൽ അവരതു വെട്ടിക്കളയും. ഇവർക്കൊക്കെ വല്ലാത്ത അന്ധവിശ്വാസമാണു്. പ്രത്യേകിച്ചു് വയസ്സായോർക്കു്. അതു കാരണം ഒരു ഭംഗിയുള്ള ചെടി നശിക്കുകയാണെങ്കിൽ കഷ്ടാണു്. നമുക്കതു് ഈ ഞായറാഴ്ച കൊണ്ടുവരാം.

ഞായറാഴ്ച സൂര്യൻ അസ്തമിച്ചെങ്കിലും ടെറസ്സിൽ നല്ല വെളിച്ചമുണ്ടായിരുന്നു. കള്ളിച്ചെടി കഴിഞ്ഞ കൊല്ലം കണ്ടതിനേക്കാൾ അരയടി കൂടി ഉയരം വെച്ചിരുന്നു. പച്ചനിറം കൂടുതൽ കടുത്തിരുന്നു. ചെടിയ്ക്കു് വയസ്സാവുകയാണെന്നു് രമേശൻ ഓർത്തു. ചെറുപ്രായത്തിൽ അതിന്റെ നിറം ഇളം പച്ചയാണു്. ഇപ്പോഴും പുതിയ കൊമ്പുകൾ ഇളം പച്ച തന്നെയാണു്. പെട്ടെന്നാണു് രമേശൻ കണ്ടതു്. ഏണുകളുടെ അറ്റത്തു് മുലക്കണ്ണുപോലെ ചുവന്ന നിറം. മൊട്ടുകൾ. ഓ, ഇവൾ പൂവിടാൻ പോകയാണു്.

വിമലയുടെ അമ്മയും അവരുടെ ഒപ്പം ടെറസ്സിൽ വന്നിരുന്നു. അധികം സംസാരിക്കാത്ത സ്ത്രീ. മുണ്ടും വേഷ്ടിയും ആണു് വേഷം. നെറ്റിമേൽ ചന്ദനക്കുറിക്കു മേലെ ഒരു ഭസ്മക്കുറി. സന്ധ്യാനാമജപം കഴിഞ്ഞു് എഴുന്നേറ്റു് വന്നതായിരിക്കും.

ഇതെങ്ങിനെയാണു് കൊണ്ടുപോകുക? രമേശൻ ചോദിച്ചു. ഒരു ചാക്കു് തരാമോ എങ്കിൽ അതിൽ ചട്ടിയോടെ വെച്ചു് കൊണ്ടു പോകാം.

അമ്മേ ചാക്കുണ്ടോ നമ്മുടെ അടുത്തു? വിമല അമ്മയോടു് ചോദിച്ചു.

കാണും, സ്റ്റോർ റൂമിൽ. അതിൽ കുറച്ചു അരിയുണ്ടാവും. അതു് ഏതെങ്കിലും പാത്രത്തിലേക്കു് മാറ്റിയിട്ടു് എടുത്തോളൂ.

വിമലയും രജനിയും താഴേക്കു പോയി. അമ്മയും രമേശനും മാത്രമായി.

എത്ര നല്ല ചെടി. രമേശൻ പറഞ്ഞു. എന്തിനാണതു കളയുന്നതു?

കളയേ? ആ അമ്മ അത്ഭുതത്തോടെ ചോദിച്ചു. കളയ്ല്ലല്ലൊ. രമേശൻ കൊണ്ടു പോവല്ലേ? വിമലയ്ക്കു് നല്ല ഇഷ്ടാണു് ഈ കള്ളി. രമേശൻ കഴിഞ്ഞ കൊല്ലം ഇതു പൂത്തു കണ്ടപ്പോൾ നല്ല ഇഷ്ടായീന്നു് പറഞ്ഞിട്ടാ അവള് തരാൻ തീർച്ചാക്ക്യേതു്. രണ്ടുമാസമായി ഈ ചെടി രമേശനു് കൊടുക്കണംന്നു് പറയാൻ തുടങ്ങീട്ടു്.

കാണെക്കാണെ വെളിച്ചം മങ്ങി. നേരിയ തണുത്ത കാറ്റുവീശാൻ തുടങ്ങി. ചുറ്റുമുള്ള മരങ്ങളുടെ ഇടതൂർന്ന ഇലകൾക്കിടയിൽ ഇരുട്ടു് ചേക്കേറി. സന്ധ്യകൾ എന്നും ദുഃഖകരമായിരുന്നു. വിമലയെക്കുറിച്ചോർത്തപ്പോൾ അയാളുടെ മനസ്സ് ദുഃഖിതമായി. എന്തിനാണവൾ കള്ളിച്ചെടിയെപ്പറ്റി ഈ കഥകളൊക്കെ പറഞ്ഞതു?

രമേശൻ ടെറസ്സിന്റെ അരമതിലിനടുത്തേക്കു നീങ്ങി. അപ്പുറത്തു് വിമലയുടെ കിടപ്പറയുടെ ജനലിൽ നിന്നു നോക്കിയാൽ കാണുന്ന ഇരുനില കെട്ടിടമുണ്ടായിരുന്നു. ജനലുകൾ അടച്ചിട്ടിരിക്കയാണു്. അയാൾ അമ്മയോടു് ചോദിച്ചു.

ഇവിടെ ആരാണു് താമസിക്കുന്നതു?

എവിടെ?

ഈ കെട്ടിടത്തിൽ.

അയാൾ ചൂണ്ടിക്കാട്ടി. അവർ അരമതിലിന്നടുത്തു വന്നു.

ആ കെട്ടിടത്തിലോ? അവിടെ ആരും താമസംല്ല്യല്ലൊ. അഞ്ചുകൊല്ലായിട്ടു് പൂട്ടിയിട്ടിരിക്ക്യാണു്. കേസിലാണു്. കോർട്ട് റീസീവറ് വന്നു് സീൽ ചെയ്തു് പോയിരിക്ക്യാണു്. കാലെത്ര്യായി? അതിന്റെ ജനലൊക്കെ ഒന്നു് തൊറന്നു് കാണാൻ കൊത്യായിത്തൊടങ്ങി…

തൊട്ടടുത്തു് വേറെ വീടുകളൊന്നുമില്ലെന്നു് അയാൾ ശ്രദ്ധിച്ചു.

കോണിപ്പടി കയറി രജനിയും വിമലയും വന്നു. രജനിയുടെ കയ്യിൽ മടക്കിയ ഒരു ചാക്കുണ്ടു്.

അയാൾ വിമലയെ അടുത്തു വിളിച്ചു് ആ കള്ളിച്ചെടി കാണിച്ചുകൊടുത്തു. അതിന്റെ ഏണുകളിൽ നേരിയ ചുവപ്പുള്ള മൊട്ടുകൾ മുളയ്ക്കുന്നു.

ഞാൻ അതു കണ്ടിട്ടുണ്ടു്. വിമല പറഞ്ഞു. അവൾ കുമ്പിട്ടു നിൽക്കുകയായിരുന്നു. അയാളുടെ അടുത്തു് വളരെ അടുത്തു്. ബ്ലൗസിന്റെ മുകൾ ഭാഗത്തു കൂടെ അവളുടെ മാറിടം കാണാം. കാറ്റിൽ കാച്ചിയ വെളിച്ചെണ്ണയുടെ ഗന്ധം. അയാൾ അസ്വസ്ഥനായി പിൻമാറി.

ഇതിൽ നിറയെ മൊട്ടുകളാണു്. അയാൾ പറഞ്ഞു. അതെല്ലാം വിരിയട്ടെ. എന്താണിത്ര ധൃതി. ഞാൻ പിന്നീടു് കൊണ്ടുപൊയ്ക്കൊള്ളാം.

അയാൾ തിരിഞ്ഞു നടന്നുകൊണ്ടു് പറഞ്ഞു.

പിന്നെ, എനിയ്ക്കു് കള്ളിച്ചെടികൾ അത്രയ്ക്കു് ഇഷ്ടൊന്നുംല്ല്യ.

കോണിപ്പടികൾ ഇറങ്ങി ആദ്യത്തെ ലാൻഡിംഗിൽ നിന്നു് തിരിഞ്ഞു നോക്കിയപ്പോൾ കോണി വാതിലിലൂടെ കണ്ട ഫ്രെയിമിൽ ആകാശത്തിന്റെ ഒരു കഷണവും അതിനു താഴെ ഇരുട്ടു നിറഞ്ഞ മുഖവുമായി അനങ്ങാതെ നിൽക്കുന്ന വിമലയും അവളുടെ കാൽക്കൽ അമ്മയോടു് എടുക്കാൻ ആവശ്യപ്പെട്ടു് കൈകളുയർത്തി നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ കള്ളിച്ചെടിയുമുണ്ടായിരുന്നു.

അയാൾ ധൃതിയിൽ കോണിയിറങ്ങി.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Kallichedi (ml: കള്ളിച്ചെടി).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Kallichedi, ഇ ഹരികുമാർ, കള്ളിച്ചെടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: September 16, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Flowering Cactus: Heliocereus Speciosus, a painting by Pierre-Joseph Redouté (1759-1840). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.