തൊള്ളായിരത്തി അമ്പതുകളുടെ മധ്യം തൊട്ടു് അറുപതുകളുടെ അന്ത്യം വരെയുള്ള ഒരു കാലഘട്ടമാണു് ‘കൊച്ചമ്പ്രാട്ടി’ എന്ന ഈ നോവലിന്റെ പശ്ചാത്തലം.
ഏറെ പുതുമ അനുഭവപ്പെടുന്ന ഒരു ആഖ്യാനരീതിയാണു് ഞാൻ സ്വീകരിച്ചിട്ടുള്ളതു്. അധികവും കഥാപാത്രങ്ങളുടെ മനസ്സിലൂടെ നോവൽ പുരോഗമിക്കുന്നു. എഴുത്തുകാരൻ നേരിട്ടു് ഇടപെടുന്ന അപൂർവ്വ സന്ദർഭങ്ങളേയുള്ളു. എന്നാൽ ഒരു കഥാപാത്രത്തിന്റെ മാത്രം മനസ്സിലൂടെ സഞ്ചരിക്കാതെ ഒരു പഴുതു് കിട്ടുമ്പോൾ മറ്റൊരു കഥാപാത്രം ചാടിവീഴുകയും പിന്നെ അവളുടെ അല്ലെങ്കിൽ അയാളുടെ മനസ്സിലൂടെ നോവൽ യാത്ര തുടരുകയും ചെയ്യുന്നു. വായനക്കാർക്കു് ഒട്ടും വിരസത അനുഭവപ്പെടാത്ത ഒരു ആഖ്യാനരീതി വേണമെന്നു് എനിക്കു നിർബ്ബന്ധമുണ്ടായിരുന്നു. അധികം പേർ ഈ രീതിയിൽ എഴുതിയിട്ടില്ലെന്നാണു് എന്റെ അറിവു്.
രചനയിൽ പ്രത്യേകതയായി ഞാൻ അവലംബിച്ചിട്ടുള്ള രീതി ഒരു ചെറിയ കാലയളവിലെ സംഭവങ്ങൾ വിശദമായി പറയുകയും, അതിനിടയ്ക്കു് കഴിഞ്ഞു പോകുന്ന ഒരു നീണ്ട കാലത്തെ സംഭവങ്ങൾ പലരുടെയും ഓർമ്മയിൽ നിന്നു് പകർത്തുകയുമാണു്. സ്വാഭാവികമായും ആ കാലത്തെ സംഭവങ്ങൾക്കു് മൂർച്ച കുറയും. അതു് ഞാൻ ഉദ്ദേശിച്ചതു തന്നെയാണു്. ഈ നോവലിലെ, ഓർമ്മയിൽ നിന്നു് പലതും നഷ്ടപ്പെട്ടുപോയ ഒരു കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പലയിടത്തും പൊളിഞ്ഞു കിടക്കുന്ന ഒരു വേലി പോലെയാണു് ഇതിന്റെ രചനാതന്ത്രവും. വേലിയുള്ളിടത്തു് വളരെ സ്പഷ്ടമായ ചിത്രങ്ങൾ കാലത്തിന്റെ വേലി പൊളിഞ്ഞു കിടക്കുന്നിടത്തെത്തുമ്പോൾ അവ്യക്തവും ഒരു പരിധി വരെ അമൂർത്തവുമാകുന്നു. നോവലിലെ ഭാഷ ഉപയോഗിച്ചാൽ, ‘കയറഴിച്ചുവിട്ട പശുക്കളെപ്പോലെ ഓർമ്മകൾ ഓടി രക്ഷപ്പെട്ടിരിക്കുന്നു.’
അനാവശ്യവും സുദീർഘങ്ങളുമായ വർണ്ണനകളും വിശേഷണങ്ങളും ചില പ്രത്യേക മുഹൂർത്തങ്ങളെ വായനക്കാരിലേയ്ക്കു് എത്തിക്കാനുള്ള വ്യഗ്രതയിൽ കുത്തിനിറയ്ക്കുന്ന വിരസങ്ങളായ വിവരണങ്ങളും വളരെ അരോചകമായി എനിക്കു തോന്നാറുണ്ടു്. അങ്ങിനെയുള്ള നോവലുകളിൽ ഖണ്ഡികകൾ തന്നെ ഒഴിവാക്കി വായിച്ചാലും വായനക്കാരനു് നഷ്ടമൊന്നും ഉണ്ടാവാൻ പോകുന്നില്ല. ആ തരത്തിലുള്ള ‘സാഹിത്യം’ ഞാൻ ഒഴിവാക്കിയിട്ടുണ്ടു്. ഏതാനും വരകളിൽ ഒരു ചിത്രത്തിന്റെ ആത്മാവു് ദൃശ്യമാകുന്നില്ലെങ്കിൽ ആ ചിത്രകാരൻ ഒരു പരാജയമാണു്. അതുപോലെത്തന്നെയാണു് സാഹിത്യത്തിലും. ഒന്നോ രണ്ടോ വാക്കുകളിൽ അല്ലെങ്കിൽ വാക്യത്തിൽ വായനക്കാരന്റെ മനസ്സിൽ ചിത്രമുണ്ടാക്കാൻ കഴിയണം. അങ്ങിനെയാണു് ഈ നോവലിന്റെ രചന നിർവ്വഹിച്ചിട്ടുള്ളതു്. അതുകൊണ്ടു് തുടർച്ചയായ, താളം തെറ്റാത്ത വായന സാദ്ധ്യമാണു്. ഒന്നും ഒഴിവാക്കേണ്ടി വരില്ലെന്നർത്ഥം.
ഒരു കാലത്തു് പ്രബലമായിരുന്ന നായർ സമുദായത്തിന്റെ പടിപടിയായിട്ടുണ്ടായ അധഃപതനവും താഴെ നിന്നിരുന്ന സമുദായങ്ങളുടെ ഉദ്ഗതിയും ഉണ്ടായ ഒരു കാലഘട്ടമാണു് നോവലിലേതു്. ആ വീഴ്ചയിൽ നിന്നു് എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയ്ക്കാകട്ടെ പാരമ്പര്യത്തെയും തലമുറകളായി ആദരിച്ചു വന്ന പല വിശ്വാസങ്ങളേയും ധിക്കരിക്കേണ്ടി വരുന്നു. ധീരമായ മനസ്സോടെ അവൾ അതു ചെയ്യുമ്പോൾ തറവാട്ടിന്റെ ഇരുണ്ട ഉൾഭാഗങ്ങളിൽ നിന്നു് ചീഞ്ഞു തുടങ്ങിയ ഒരു വ്യവസ്ഥിതി മാറ്റത്തിന്റെ വെളിച്ചത്തിനു് ഇടം നല്കി ഒഴിഞ്ഞു പോകുകയാണു്. ആധുനിക പദാവലിയുടെ ചുവടു വച്ചു് ഇതൊരു ദളിതന്റെ കഥ കൂടിയാണെന്നു പറയാം. എനിക്കു് ദളിതൻ എന്ന വാക്കിനോടു് പ്രതിപത്തിയില്ല. വർഗ്ഗീകരണം എത്രയും കുറയ്ക്കാൻ പറ്റുമോ അത്രയും നല്ലതാണു്. ലോകത്തെമ്പാടും രണ്ടു വർഗ്ഗങ്ങളെ ഉള്ളു. ഒന്നു് സമ്പന്നരുടെ വർഗ്ഗം, രണ്ടു് നിസ്വരുടെ വർഗ്ഗം. നിസ്വനെ സമ്പന്നൻ അടക്കി ഭരിക്കുന്നതു് സമ്പത്തു കൊണ്ടും അതുകൊണ്ടു് നേടുന്ന അധികാരം കൊണ്ടും മാത്രമാണു്. അതുകൊണ്ടു് ഇതു രണ്ടും നേടുക മാത്രമേ അവർക്കു് മോചനമാർഗ്ഗമുള്ളു. എന്റെ കഥാപാത്രം ഒരു പുലയനാണു്. പക്ഷേ, അയാൾ അതിൽ ഊറ്റം കൊള്ളുകയോ അതൊരു അവശനിലയായി കണക്കാക്കി അതിൽ പരിതപിക്കുകയോ ചെയ്യുന്നില്ല. താൻ നിൽക്കുന്നിടത്തു നിന്നു് ഉയരാനായി അവൻ ശ്രമിക്കുന്നുണ്ടു്, അദ്ധ്വാനിക്കുന്നുണ്ടു്.
ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്നതോ ആയ ഒരു വ്യക്തിയേയും ഞാൻ മാതൃകയായി സ്വീകരിച്ചിട്ടില്ല. (വി. ടി. ഭട്ടതിരിപ്പാടി ന്റെ കാര്യം മാത്രമേ ഇതിനൊരപവാദമായിട്ടുള്ളൂ. അദ്ദേഹം നേരിട്ടു് നോവലിൽ പ്രത്യക്ഷപ്പെടുന്നു.) പക്ഷേ, ഇതിലെ ഓരോ കഥാപാത്രവും നോവലിന്റെ കാലഘട്ടത്തിൽ ജീവിച്ചു മരിച്ച നിരവധി പേരുടെ പ്രതിനിധിയാണു്. അവർ നമ്മുടെ സാമൂഹികചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു കാലയളവിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുള്ളവരാണു്. നല്ലതിനോ ചീത്തയ്ക്കോ എന്നതു് ഇവിടെ പ്രസക്തമല്ല.
പെൺവാണിഭവും സ്ത്രീപീഡനവും ഒന്നല്ല. പെൺവാണിഭം സംഘടിത മാഫിയയുടെ പ്രവർത്തനമാണു്. അളവറ്റ പണമുണ്ടാക്കാനുള്ള അവരുടെ ശ്രമത്തിൽ സ്ത്രീകൾ മാത്രമല്ല, ബാലന്മാരും, ഒരു പരിധിവരെ പുരുഷന്മാരും ഇരകളാകുന്നുണ്ടു്. എന്റെ നോവലിൽ ഈ വിഷയം സ്പർശിക്കുന്നില്ല, കാരണം അമ്പതുകളിലും അറുപതുകളിലും കേരളത്തിൽ വനം കൊള്ളക്കാരും അതുപോലുള്ള പ്രാദേശിക കൂട്ടുകൃഷികളുമല്ലാതെ സജീവമായ സംഘടിത മാഫിയകൾ ഇല്ലായിരുന്നു. അവിടെ ജന്മിമാരും അവരാൽ ചൂഷണം ചെയ്യപ്പെട്ട പാവപ്പെട്ടവരുമായിരുന്നു. അതിൽ സ്ത്രീപുരുഷനെന്ന ഭേദമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ട ഒരു വർഗ്ഗം. ഈ സ്ഥിതിവിശേഷം ക്രമേണ മാറി വരുന്നതു് നോവലിൽ കാണാം. സമുദായത്തിന്റെ അടിത്തട്ടിലുള്ളവർ ആത്മാഭിമാനത്തോടെ ഉയിർത്തെഴുന്നേറ്റു വരുന്ന കാഴ്ച ഇതിലുണ്ടു്. ഒരു നൂറ്റാണ്ടിലധികം നീണ്ടു നിന്ന സ്വാതന്ത്ര്യസമരവും ശ്രീനാരായണഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കെ. പി. കറുപ്പൻ, സഹോദരൻ അയ്യപ്പൻ, കേളപ്പജി എന്നിവരുടെ പ്രബോധനങ്ങളും വിദ്യാഭ്യാസം കൊണ്ടു് പ്രബുദ്ധരായ ഒരു ജനതയും ഇതിനു് കാരണക്കാരാണു്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും വലിയൊരളവിൽ അതിനു് ആക്കം കൂട്ടുകയുണ്ടായി. എന്തുദ്ദേശ്യം ലാക്കാക്കിയായിരുന്നാലും ക്രിസ്റ്റ്യൻ പാതിരിമാരുടെ പ്രവർത്തനങ്ങളും ഈ ഉയിർത്തെഴുന്നേൽപ്പിനെ സഹായിച്ചു.
സ്ത്രീ അവളുടെ ശരീരം പുരുഷമേൽക്കോയ്മയ്ക്കെതിരെയുള്ള ആയുധമാക്കുന്ന നിരവധി സന്ദർഭങ്ങളുണ്ടു് ഈ നോവലിൽ. പുറമെ നിന്നു് നോക്കുമ്പോൾ സ്ത്രീപീഡനമെന്നു തോന്നാവുന്ന സംഭവങ്ങൾ ശരിക്കും അവസാനത്തെ അപഗ്രഥനത്തിൽ പുരുഷപീഡനമായി കലാശിക്കുന്നതാണു് കാണുന്നതു്. ശാരീരികമായി ദുർബ്ബലമായൊരു വിഭാഗം പലപ്പോഴും നിലനില്പിന്റെ ഭാഗമായി, അല്ലെങ്കിൽ ഭൗതിക ലാഭത്തിനായി പുരുഷന്റെ ദൗർബ്ബല്യത്തെ ചൂഷണം ചെയ്യുകയാണു് ഇവിടെ. മനുഷ്യനെന്ന ജന്തുവർഗ്ഗത്തിന്റെ ഉദയം മുതൽ അതിജീവനത്തിന്റെ ശാസ്ത്രം തന്നെ വികസിപ്പിച്ചെടുക്കുന്നതിൽ സ്ത്രീവർഗ്ഗം വിജയിച്ചിരുന്നു. അതു കാലാകാലമായി പരിഷ്കരിക്കുന്നതിലും അവർ അസാമാന്യകഴിവും മികവും കാണിച്ചു. സ്ത്രീയ്ക്കും ലൈംഗികതയുണ്ടു്, അവളുടെതായ രുചിഭേദങ്ങളുണ്ടു്, അവ കാലഹരണപ്പെട്ട സദാചാരബോധങ്ങൾക്കും പുരുഷമേധാവിത്വത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കും അടിച്ചമർത്താൻ കഴിയാത്തവിധം വളരെ ശക്തമാണു് എന്നു് മലയാളത്തിൽ ആദ്യമായി പറഞ്ഞതു് സ്ത്രീകൾക്കു വേണ്ടി നിലകൊളളുന്നുവെന്നു് നടിക്കുന്ന പെണ്ണെഴുത്തുകാരോ സ്ത്രീ സംഘാടകരോ അല്ല, മറിച്ചു് പെണ്ണെഴുത്തുകാരി എന്നു് വിളിക്കാൻ ആഗ്രഹിക്കാത്ത, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി യാണു് എന്നു് ഓർക്കണം.
എന്റെ കഥകൾ പൊതുവെ സ്ത്രീപക്ഷകഥകളാണു്. ആ ചായ്വു് ഈ നോവലിലും കാണാം. പക്ഷേ, പെണ്ണെഴുത്തുകാർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സ്ത്രീപ്രതികരണമാവണമെന്നില്ല ഇവിടെ. അതായതു് പുരുഷൻ തൊടുമ്പോഴേയ്ക്കു് പുഴയിൽ പോയി ചകിരിയെടുത്തു് ഉരച്ചു് തോലു വരെ കളയുന്ന കക്ഷിയല്ല അവളെന്നർത്ഥം. മറിച്ചു് ലൈംഗിക കാര്യങ്ങളിൽ കുറേക്കൂടി പക്വത വന്നവൾ. അത്ര പെട്ടെന്നു് വാടി വീഴുന്നവരല്ല ഈ നോവലിലെ സ്ത്രീകൾ. അവൾ സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളെപ്പറ്റി ബോധവതിയാണു്. സ്ഥാപനവൽക്കരിക്കപ്പെട്ട കുടുംബ ബന്ധങ്ങളോ ഇറക്കുമതി ചെയ്ത പാപബോധമോ അതു നേടിയെടുക്കുന്നതിൽ നിന്നു് അവളെ പിൻതിരിപ്പിക്കുന്നില്ല. സ്വന്തം സ്വത്വം അംഗീകരിക്കപ്പെടണമെന്ന നിർബ്ബന്ധമുള്ളവൾ. ചൂലെടുത്തുയർത്തി മുദ്രാവാക്യങ്ങൾ വിളിക്കുക എളുപ്പമാണു്, പ്രത്യേകിച്ചും നാം സത്യത്തിൽ നിന്നു് അകന്നു നിൽക്കുമ്പോൾ. ഒരു കാലഘട്ടത്തിന്റെ കഥയാണു് ഞാൻ എഴുതുന്നതു്. അതു് ചരിത്രമായതു കൊണ്ടു് എത്രത്തോളം സത്യസന്ധമാകാമോ അത്രയും ആകണമെന്നു് എനിക്കു് നിർബ്ബന്ധമുണ്ടു്. അതിനെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിനോ സ്ത്രീസ്വത്വവാദത്തിനോ വേണ്ടി വളച്ചൊടിച്ചാൽ നാം ചരിത്രത്തിൽ നിന്നു് ഒന്നും പഠിക്കുന്നില്ലെന്നേ പറയാനുള്ളൂ. തത്വശാസ്ത്രങ്ങൾ മുരട്ടുവാദങ്ങളിൽ കുരുങ്ങിക്കിടക്കുമ്പോഴും ചരിത്രം മുന്നോട്ടു കുതിക്കുകയാണു്.
തലമുറകളായി എന്താണു് ലൈംഗികത എന്നു് മനസ്സിലാക്കാൻകൂടി പറ്റാതെ, ഒരിക്കൽപ്പോലും രതിമൂർഛ ലഭിക്കാതെ, പുരുഷന്റെ അടിമയായി, വിവാഹമെന്ന വ്യവസ്ഥാപിത ലൈംഗിക ചൂഷണത്തിന്റെ ഇരകളായി മാത്രം ജീവിച്ചു മരിച്ചുപോയ കേരളത്തിലെ സതി-സാവിത്രിമാർക്കു് സാനുകമ്പം ഞാൻ ഈ നോവൽ സമർപ്പിക്കുന്നു.
നെല്ലിമരത്തിന്റെ ചുവട്ടിൽ വീണുകിടക്കുന്ന നെല്ലിക്കകൾക്കുവേണ്ടി പരതുകയായിരുന്നു പദ്മിനി. വീണ കായ്കളെ എത്ര ഭംഗിയായി ഒളിപ്പിച്ചുവച്ചിരിക്കുന്നു മരം? അടുത്തുള്ള മുളംകൂട്ടത്തിൽനിന്നു കൊഴിഞ്ഞുവീണ ഇലകൾക്കിടയിൽ നെല്ലി സ്വന്തം ഇലകൾകൂടി ചേർത്തു് ഇടതൂർന്ന മെത്ത പണിതതിന്റെ അടിയിലാണു് കായ്കൾ ഒളിപ്പിച്ചുവയ്ക്കുന്നതു്. അവൾ കാലുകൊണ്ടു് ഇലകളെ മാറ്റി മാറ്റി നടന്നു. പാവാട മടക്കിക്കുത്തിയതിൽ അഞ്ചെട്ടു നെല്ലിക്കകളുണ്ടു്. അതിൽ മുഴുത്ത ഒരെണ്ണം എടുത്തു് അവൾ വായിലിട്ടു.
പറമ്പിന്റെ കിഴക്കെ അതിരിൽ കെട്ടാറായി നിൽക്കുന്ന വേലിക്കപ്പുറത്തു് ചാത്തയുടെ കുടിലാണു്. പകൽ വെളിച്ചത്തിൽ നോക്കുമ്പോൾ ആ വീടിനു് യാതൊരു കുഴപ്പവുമില്ല. പുറംപണിക്കു പോകുന്നില്ലെങ്കിൽ ചാത്ത കൈക്കോട്ടുമായി പറമ്പിൽ കിളയ്ക്കുകയോ വാഴ വെയ്ക്കാൻ കുഴി വെട്ടുകയോ ആയിരിക്കും. കൈക്കോട്ടിന്റെ ഓരോ പതനത്തിലും അയാളുടെ കറുത്ത ദേഹത്തെ പേശികൾ ഉരുണ്ടു കളിക്കും. വിയർപ്പു് ഒഴുകി അയാളുടുത്ത വീതി കുറഞ്ഞ തോർത്തുമുണ്ടു് നനഞ്ഞു് അടിയിലുള്ള കോണകം തെളിഞ്ഞു കാണും. നീലി അടുക്കളഭാഗത്തു മുറ്റത്തുള്ള അടുപ്പിൽ ചപ്പുചവറുകൾ വാരിക്കൂട്ടി തീയിട്ടു് കഞ്ഞിക്കലം കയറ്റിവച്ചു് ഇളക്കുന്നുണ്ടാവും. അവളുടെ കറുത്തു തടിച്ച അമ്മിഞ്ഞകൾ കഴുത്തിലണിഞ്ഞ പല നിറത്തിലുള്ള മുത്തുമാലകൾക്കിടയിൽ ആടിക്കളിക്കും. അറുമുഖൻ ഏതെങ്കിലും ജന്തുക്കളെ പിടിക്കാൻ നടക്കുകയാവും. ജന്തുക്കളെ പിടിക്കുകയും കൂട്ടിൽ വളർത്തുകയുമാണു് അവന്റെ വിനോദം. അണ്ണാൻ തൊട്ടു് തത്തവരെ അവന്റെ കൂടുകളിലുണ്ടു്. പകൽ എല്ലാം ശാന്തമാണു്. പക്ഷേ, രാത്രി പേടിപ്പിക്കുന്ന എന്തോ ഒന്നു് ആ കുടിലിനെ ചൂഴ്‌ന്നു നിൽക്കുന്നു. കല്ലുമ്മക്കായ ചുടുന്ന കുത്തുന്ന മണം ഒഴുകിവരുമ്പോൾ പദ്മിനി ഉമ്മറത്തു നിന്നു് പുറത്തേയ്ക്കു നോക്കും. കിഴക്കെ വേലിക്കപ്പുറത്തു് ചാത്തയുടെ കുടിലിനു പിന്നിൽ തീ ആളിക്കത്തുന്നുണ്ടാവും. അതിന്നിടയിൽ നിഴലുകൾ കാണാം. അവ ഭയം ജനിപ്പിക്കുന്നു. രാത്രി ചാത്ത ദുർമന്ത്രവാദത്തിലേർപ്പെടുമെന്നു് പദ്മിനിക്കറിയാം. കുടിലിൽ രക്തചാമുണ്ഡിയെ കുടിയിരുത്തിയിട്ടുണ്ടെന്നും രാത്രിതോറും അവർക്കു് കള്ളും കോഴിയും കൊടുക്കാറുണ്ടെന്നും അറുമുഖൻ പറയാറുണ്ടു്. അവൻ കാണാറില്ല. പൂജ തുടങ്ങുമ്പോഴേയ്ക്കു് അവൻ ഉറക്കമായിട്ടുണ്ടാവും. അതൊരു ഭാഗ്യമാണെന്നവൻ പറയുന്നു, കാരണം അത്ര ഭീകരമാണു് ആ പൂജ. കണ്ടുനിൽക്കാൻ പറ്റില്ല.
ഇപ്പോൾ ആ കുടിലിലേയ്ക്കു് നോക്കുമ്പോൾ ഭയപ്പെടുത്തുന്ന ഒന്നുമില്ല. എല്ലാം ശാന്തം. കിഴക്കുനിന്നു വന്ന കാറ്റു് തണുത്തതാണു്. ഇക്കൊല്ലം തിരുവാതിരക്കാറ്റു് നേരത്തെ തുടങ്ങിയെന്നു തോന്നുന്നു. പദ്മിനി നഗ്നമായ മാറിടം കൈകൾകൊണ്ടു് മറച്ചു. നെല്ലിക്കയുടെ നീരു് വായിൽ കിടന്നു് മധുരമായി മാറി. അവൾ കുരു തുപ്പി ആ മധുരം ആസ്വദിച്ചുകൊണ്ടു് വേലിയുടെ അടുത്തെത്തി. വേലിക്കപ്പുറം ചാത്തയുടെ പറമ്പു് ഒരു താഴ്ചയിലാണു്. അവിടെ തണുപ്പാണു്. താൻ നിൽക്കുന്ന പറമ്പിന്റെ ഉണക്കത്തിന്നു് നേരെ എതിരായി ആ പറമ്പിൽ ഏതുകാലത്തും നിറയെ വാഴയുടെ തണലും നനവുമാണു്.
പെട്ടെന്നു് പദ്മിനി ഞെട്ടി പിൻമാറി. വേലിക്കപ്പുറത്തു് അറുമുഖൻ കുമ്പിട്ടു് നിൽക്കുകയാണു്. അവന്റെ മുമ്പിൽ പടം വിടർത്തിക്കൊണ്ടു് ഒരു വലിയ പാമ്പു്. അറുമുഖന്റെ വലത്തെ കയ്യിൽ ഒരു വടിയുണ്ടു്. ഇടത്തെ കയ്യുകൊണ്ടു് അവൻ ആ പാമ്പിനെ പിടിക്കാൻ നോക്കുകയാണു്. പദ്മിനി അനങ്ങാൻ പറ്റാതെ നിലത്തു് ഉറച്ചുപോയി. പാമ്പു് ഇടയ്ക്കു് അവനെ കൊത്താൻ ശ്രമിക്കുന്നുണ്ടു്. അവൻ പെട്ടെന്നു് കൈ വലിച്ചെടുക്കും. അറുമുഖനെ വിളിച്ചു് ഈ കളി അവസാനിപ്പിക്കണമെന്നുണ്ടു് പദ്മിനിയ്ക്കു്. പക്ഷേ, ശബ്ദം പുറത്തു വരുന്നില്ല. തൊണ്ടയിൽ ഒരു വലിയ നെല്ലിക്ക കുടുങ്ങി അതിനു പിന്നിൽ ശബ്ദം തടയപ്പെട്ടപോലെയാണു്. അറുമുഖൻ ഏകാഗ്രതയോടെ പാമ്പിന്റെ കണ്ണുകളിലേയ്ക്കുതന്നെ നോക്കി നിൽക്കുകയാണു്. അവന്റെ ഇടത്തെ കൈ പാമ്പിന്റെ അടുത്തെത്തിയിരുന്നു. പെട്ടെന്നു് തടയപ്പെട്ട ശബ്ദം തൊണ്ടയിൽനിന്നു് രക്ഷപ്പെടുകയും പദ്മിനി ഉറക്കെ ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്തു ശബ്ദമാണെന്നു് അവൾക്കു തന്നെ മനസ്സിലായില്ല. പക്ഷേ, ആ ശബ്ദം അറുമുഖന്റെ ശ്രദ്ധയാകർഷിച്ചു. അവൻ മുഖമുയർത്തി പദ്മിനിയെ നോക്കി. ആ നിമിഷത്തിൽത്തന്നെ പാമ്പു് മുന്നോട്ടാഞ്ഞു് അവന്റെ കയ്യിൽ കൊത്തി. അവൻ കൈ വലിച്ചു, വേദനകൊണ്ടു് കുടഞ്ഞു. പാമ്പു് ധൃതിയിൽ ഇഴഞ്ഞു് പോകുകയും ചെയ്തു. അവൻ പറഞ്ഞു.
‘കൊച്ചമ്പ്രാട്ടീ…’
അവന്റെ മുഖം വേദനകൊണ്ടു് ചുളിഞ്ഞു. രക്തം പൊടിഞ്ഞു തുടങ്ങിയ മുറിപ്പാടു് അമർത്തിപ്പിടിച്ചു് അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു. എഴുന്നേൽക്കുന്നതിനു പകരം അവൻ ഒരുവശം ചെരിഞ്ഞു് വീഴുകയാണുണ്ടായതു്. പദ്മിനി ഞെട്ടലിൽനിന്നു് ഉണർന്നു വീടിനുനേരെ ഓടി. പാവാട മടക്കിക്കുത്തിയതഴിഞ്ഞു് നെല്ലിക്കയെല്ലാം പറമ്പിൽ ചിതറിപ്പോയി. അവൾ അതൊന്നും ശ്രദ്ധിച്ചില്ല. ഉമ്മറത്തു് ആരുമില്ല. സാധാരണ ഈ സമയത്തു് അമ്മാവൻ ചെല്ലപ്പെട്ടിയുമായി ചാരുകസേലയിലിരിക്കാറുള്ളതാണു്. അവൾ ഉമ്മറപ്പടികൾ ചാടിക്കയറി തളത്തിലൂടെ അടുക്കളയിലേയ്ക്കോടി.
‘അമ്മേ…’
അരി വാർത്തുകഴിഞ്ഞു, അടുപ്പിൽ രണ്ടുകൊള്ളി വിറകു തിരുകി കൂട്ടാന്റെ കൽച്ചട്ടി കയറ്റി വച്ചു് പാറുവമ്മ തിരിഞ്ഞുനോക്കി. പദ്മിനി കിതയ്ക്കുന്നുണ്ടായിരുന്നു.
‘എന്തു പറ്റീ മോളെ?’
‘അമ്മേ, അറുമുഖൻ…’ അവൾക്കു് വാക്കുകൾ കിട്ടുന്നില്ല. കിതച്ചുകൊണ്ടു് അവൾ വീണ്ടും പറഞ്ഞു.
‘അറുമുഖൻ…’
‘എന്തേ, അറുമുഖൻ? അവൻ നെന്നെ വല്ലതും ചെയ്ത്വോ?’
‘അല്ലമ്മേ, അറുമുഖനെ പാമ്പു കടിച്ചു. അമ്മാമനെവിട്യാ?’
‘ഏട്ടൻ ദാ പ്പൊ വ്ട്യൊക്കെണ്ടാർന്നു. എവിടെപ്പോയി ആവോ. ന്ന്ട്ടു്?’
‘അവൻ വീണു് കെടക്ക്വാണമ്മേ. മരിച്ചൂന്നാ തോന്നണതു്.’
പദ്മിനി വന്ന അതേ വേഗത്തിൽ തിരിച്ചു് വേലിക്കലേയ്ക്കു് ഓടി. അവൾ ഉറക്കെ വിളിച്ചു.
‘നീലീ, നീലീ…’
നീലി അടുക്കളയിൽനിന്നു് മുറ്റത്തേയ്ക്കിറങ്ങി.
‘എന്താ കൊച്ചമ്പ്രാട്ട്യേ?’
‘നീലീ, അറുമുഖനെ പാമ്പു കടിച്ചു. ഇതാ ഇവ്ടെ വീണു് കെടക്ക്വാണു്.’
നീലിയുടെ ഭാവം മാറി. അവൾ നെഞ്ഞത്തടിച്ചുകൊണ്ടു് ഓടിയെത്തി. അറുമുഖനെ വാരിയെടുത്തുകൊണ്ടു് അവൾ അലമുറയിടാൻ തുടങ്ങി.
‘ന്റെ ബകോതീ, ന്റെ അറമുകനെ പാമ്പു കടിച്ചല്ലാ…’
ആദ്യം ഓടിയെത്തിയതു് അടുത്ത കുടിലിലെ കാളിയായിരുന്നു. അവളും അലമുറയിട്ടുകൊണ്ടു് മറ്റുള്ളവരെ വിളിക്കാൻ ഓടി. ചാത്ത അടുത്തെവിടെയോ പണിയെടുക്കുകയായിരുന്നു. അയാൾ എത്തിയപ്പോഴേയ്ക്കു് ആൾക്കാർ കൂടിയിരുന്നു.
‘ചാത്തേ അവനെ തിരുമേനിടെ അട്ത്തു് കൊണ്ടുപൊയ്ക്കോ. മൂപ്പര്ടെ അട്ത്തു് മരുന്ന്ണ്ടാവും.’
പാറുകുട്ടിയമ്മ വേലിക്കൽനിന്നുകൊണ്ടു് വിളിച്ചു പറഞ്ഞു. അമ്മ പിന്നിൽ വന്നുനിൽക്കുന്നതു് പദ്മിനി അപ്പോഴെ കണ്ടുള്ളൂ.
‘എന്തു പാമ്പാണ്ന്നു് നെനക്കറിയ്യോ മോളെ?’ അവർ പദ്മിനിയോടു് ചോദിച്ചു.
‘മൂർഖൻ പാമ്പാ അമ്മേ. പത്തി വിടർത്തി നിക്ക്വായിരുന്നു. അറുമുഖൻ അതിനെ പിടിക്കാൻ പോയതാ.’
‘ചാത്തേ,’ പാറുകുട്ടിയമ്മ വിളിച്ചു പറഞ്ഞു. ‘കടിച്ചതു് മൂർഖനാണ്ന്നു് പറയണം. വേഗം കൊണ്ടോയ്ക്കോ.’
‘ശരി, മ്പ്രാട്ടി.’ അറുമുഖനെ എടുത്തു് തോളത്തിട്ടു് ചാത്ത തിരിഞ്ഞു.
ചാത്ത അറുമുഖനെയുമെടുത്തു് ഓടുകതന്നെയായിരുന്നു. ഒപ്പം നെഞ്ഞത്തടിച്ചു കരഞ്ഞുകൊണ്ടു് നീലിയും മറ്റുള്ളവരും.
പദ്മിനി തരിച്ചുനിന്നു. അവൾക്കു് അനങ്ങാനുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. എതാനും നിമിഷം മുമ്പു് എങ്ങിനെയാണു് ഓടിപ്പോയി അമ്മയെ വിളിച്ചതും തിരിച്ചുവന്നു് നീലിയെ വിളിച്ചതും എന്നു് അവൾക്കറിയില്ല. ഇപ്പോൾ കാലുകൾ അനങ്ങുന്നില്ല. ദൈവമെ അറുമുഖനു് എന്തെങ്കിലും പറ്റുമോ? അവൾ കണ്ടോറമ്പക്കാവിലെ ഭഗവതിയ്ക്കു് അരയണ വഴിപാടു നേർന്നു. ആ അരയണ എങ്ങിനെയുണ്ടാക്കുമെന്നൊന്നും അവൾക്കു് രൂപമില്ല. പെൻസിൽ വാങ്ങാനായി അരയണയ്ക്കു വേണ്ടി എത്ര ദിവസമായി അമ്മയുടെ പിന്നാലെ നടക്കുന്നു. പെൻസിൽ കിട്ടിയില്ലെങ്കിലും ശരി എങ്ങനെയെങ്കിലും ഈ വഴിപാടു് അവൾ കഴിക്കും. അറുമുഖൻ രക്ഷപ്പെടട്ടെ.
‘പദ്മിനി ഇങ്ങട്ടു് വാ’ പാറുവമ്മ അവളെ വിളിച്ചു. ‘ആ പാമ്പു് ഇവ്ടെങ്ങാനും കാണും.’
പദ്മിനി തിരിഞ്ഞു. പാറുവമ്മ അവളുടെ കൈപിടിച്ചു് ഒപ്പം നടത്തി.
‘ഞാൻ എപ്പഴും പറയാറില്ല്യേ ഈ അതിരിന്റെ അട്ത്തു് ഇങ്ങനെ വന്നു് കളിക്കരുത്ന്നു്? എന്തിനേപ്പൊ നീയ് ഇവ്ടെ വന്നതു്.’
‘ഞാനേയ് അമ്മേ നെല്ലിക്ക പെറുക്ക്വായിരുന്നു. അപ്പഴാ അറുമുഖൻ പാമ്പിനെ പിടിക്കണതു് കണ്ടതു്.’ അവൾ അപ്പോഴാണു് പെറുക്കിയെടുത്ത നെല്ലിക്കകളെപ്പറ്റി ഓർത്തതു്. അവ നഷ്ടപ്പെട്ടതു് അവൾ അറിഞ്ഞിരുന്നില്ല.
‘അമ്മേ, അറുമുഖൻ മരിക്ക്യോ?’
‘അറീല്ല മോളെ. തിരുമേനിടെ അട്ത്തു് മരുന്നുണ്ടാവും. അവിടീം ശരിയായില്ലെങ്കിൽ പാമ്പുമേയ്ക്കാട്ടു കൊണ്ടുപോവ്വായിരിക്കും.’
‘അമ്മേ, ഞാൻ കണ്ടോറമ്പക്കാവിലേയ്ക്കു് അരയണ വഴിപാടു് നേർന്നിട്ട്ണ്ടു്.’
‘ഞാനും നേർന്നിട്ട്ണ്ടു് മോളെ. നമുക്കതു് താലപ്പൊലിടെ സമയത്തു് കൊണ്ടെക്കൊടുക്കണം. ഓനെ ദേവി രക്ഷിക്കട്ടെ.’
പാറുവമ്മയ്ക്കും അറുമുഖനെ ഇഷ്ടമായിരുന്നു. നല്ല സ്വഭാവം. എന്തു പറഞ്ഞാലും ചെയ്യും. വെണ്ടത്തയ്യ് നടാൻ തടമുണ്ടാക്കാനും, ഓമമരത്തിൽനിന്നു് ഓമക്കായ പൊട്ടിക്കാനും, തെക്കേ വെട്ടുവഴിയിൽ അയ്യപ്പന്റെ കടയിൽ പോയി അത്യാവശ്യസാധനങ്ങൾ വാങ്ങിക്കൊണ്ടുവരാനും ഒക്കെ അവന്റെ സഹായം ആവശ്യമാണു്. ഒരു മടിയും കൂടാതെ അതെല്ലാം ചെയ്യും. രാവിലെ പശുവിനെയും കുട്ടിയെയും പറമ്പിൽ കൊണ്ടുപോയി കെട്ടുന്നതും വൈകുന്നേരം അഴിച്ചുകൊണ്ടുവന്നു് തൊഴുത്തിൽ കെട്ടി വൈക്കോൽ ഇട്ടുകൊടുക്കുന്നതും അവന്റെ പണിയാണു്. ഒരു മുറുമുറുപ്പുമില്ലാതെ ചിരിച്ച മുഖത്തോടെ അവൻ എല്ലാം ചെയ്യും. രാവിലെ അവനെ വടക്കുപുറത്തു് വിളിച്ചു് ഒരു കുണ്ടൻപാത്രത്തിൽ കഞ്ഞികൊടുക്കുന്നു. മുറ്റത്തുനിന്നു് പെറുക്കിയ പഴുത്ത പ്ലാവില കോട്ടി കയ്യിലുണ്ടാക്കി അവൻ ആ കൊഴുത്ത കഞ്ഞി കോരിക്കുടിക്കും. ഉച്ചയ്ക്കു് എന്തെങ്കിലും പണിയുണ്ടെങ്കിൽ മാത്രം അവനു് ഭക്ഷണം കൊടുക്കും. അടുക്കളയുടെ ചായ്പിൽ ചമ്രം പടിഞ്ഞിരുന്നു് അവൻ ഊണുകഴിക്കുന്നതു് നോക്കിനിന്നു് പാറുവമ്മ അവനോടു് വിശേഷങ്ങൾ ചോദിക്കും. അവൻ പുതുതായി പിടിച്ചു കൂട്ടിലിട്ട അണ്ണാനെപ്പറ്റിയോ തത്തയെപ്പറ്റിയോ അവരോടു പറയുന്നു. അവൻ കയ്യും കലാശവുമായി വിശേഷങ്ങൾ പറയുന്നതു് കേൾക്കാൻ അവർക്കിഷ്ടമാണു്.
‘ന്റെ ഭഗവതീ, എങ്ങനേങ്കിലും ആ ചെക്കനെ രക്ഷിക്കണേ.’
ദേവകി തിരുമ്പിയ തുണികളുമായി കുളത്തിൽനിന്നു് വന്നപ്പോഴും പാറുവമ്മ അതേ നില്പുതന്നെയാണു്.
‘എന്തേ പറ്റീതു് അമ്രാളെ?’
‘ങാ, അപ്പ നീയീ ബഹളൊന്നും കേട്ടില്ലേ? നമ്മടെ അറുമുഖനെ പാമ്പു കടിച്ചു.’
‘ന്ന്ട്ടോ അമ്രാളെ, ഓനു് വല്ലൂം പറ്റ്യോ?’
‘പാമ്പ്മനക്കലെ തിരുമേനിടട്ത്തു് കൊണ്ടോവാൻ പറഞ്ഞിട്ട്ണ്ടു്. അപ്പൊ നീയീ ബഹളൊന്നും അറിഞ്ഞില്ലേ? നീലി എന്തു നെലോള ്യായിരുന്നു?’
‘ഇല്ലമ്രാളെ, കൊളത്തിലേയ്ക്കു് ഒന്നും കേൾക്കൂല. മനക്കലെ തമ്പ്രാൻ വിജാരിച്ചാ ഓനെ രക്ഷിക്കാൻ പറ്റും. ന്നാള് ഞങ്ങടോടെള്ള ഒരാളെ പാമ്പു് കടിച്ചിട്ടു് തമ്പ്രാന്റെ അട്ത്താ കൊണ്ടോയതു്. വെഷം എറക്കി. അണല്യായിര്ന്നു്.’
‘ഭഗവതീ എങ്ങനേങ്കിലും ചെക്കൻ രക്ഷപ്പെട്ടാൽ മത്യായ്ര്ന്നു.’
‘അമ്രാള് വെഷമിക്കണ്ട, ഓൻ രക്ഷപ്പെടും.’ ദേവകി തുണി വടക്കോറത്തു് മുറ്റത്തു് കെട്ടിയ അയലിൽ തോരാനിട്ടു തുടങ്ങി.
‘പ്പൊ കൊറച്ചു് കാലായി കാവിലു് സർപ്പപൂജ നടത്തീട്ടു്. പദ്മിനിടെ അച്ഛൻണ്ടായിര്ന്ന കാലത്തു് എല്ലാ കൊല്ലും നടത്താറ്ണ്ടായിര്ന്നതാ. ഏട്ടനു് അതിലൊന്നും ശ്രദ്ധയില്ല. ന്നാള് ഉമ്മറത്തെ ഒതുക്കുകല്ലിലു് ഒരെണ്ണം കെടക്ക്ണതു് കണ്ടീര്ന്നു. പൂജയൊന്നും ഇല്ലേന്നു് ഓർമ്മിപ്പിയ്ക്കാനായിരിക്കും. കൊടുക്കണ്ടതൊക്കെ കാലാകാലം കൊടുക്ക്വല്ലെ നല്ലതു? അതുപോലെ മച്ചിലെ ഭഗോതിയ്ക്കും. എല്ലാം ഒന്നിച്ചാണു് ചെയ്യാറ്. ഇങ്ങനെ ഓരോ അനർത്ഥങ്ങള് വരുമ്പഴെങ്കിലും ശ്രദ്ധിക്കണ്ടെ?’
‘ശര്യാമ്രാളെ, കഴിഞ്ഞാഴ്ച ഒരീസം ഞാൻ മിറ്റം അടിച്ചുവാരി തിരിഞ്ഞു നോക്ക്യപ്പൊഴാ കണ്ടതു്, ഒര്ത്തൻ എഴഞ്ഞുപോയ പാടു്. ന്റെ തൊട്ട പിന്നീക്കൂട്യാ അതു് പോയത്ന്നു് ആലോചിക്കുമ്പോ…’
‘ദൈവാധീനം.’
തുണി മുഴുവൻ തോരാനിട്ടു് ദേവകി ബക്കറ്റ് വടക്കോറത്തു് കമിഴ്ത്തി വച്ചു.
‘ദേവകീ, നീയാ പറമ്പിലൊന്നു് നടന്നിട്ടു് മടലു് വീണതൊക്കെ പെറുക്കി വെറക്പെരേലു് കൊണ്ടെവയ്ക്കു്.’
‘ചെയ്യാം മ്രാളെ.’
‘ന്ന്ട്ടു് വന്നിട്ടു് എനിക്കു് കൊറച്ചു് നാളികേരം ചെരകിത്തരണം.’
‘ശരിമ്രാളെ.’
‘എന്തായീ ആ ചെക്കന്റെ കാര്യം ആവോ?’
പാറുവമ്മ പടിക്കലേയ്ക്കു നോക്കി. പദ്മിനി പടിക്കൽത്തന്നെ നിൽക്കുകയാണു്.
ഇല്ലത്തെ പുമുഖത്തു് ചാരുകസേലയിൽ കിടക്കുകയായിരുന്ന കൃഷ്ണൻ നമ്പൂതിരി പെട്ടെന്നു് എഴുന്നേറ്റിരുന്നു. എന്തോ വരുന്നുണ്ടു്. നിഴലുകൾ, അവ ദൂരെനിന്നു് തന്നെ അന്വേഷിച്ചു് വരികയാണു്. അസാരം കാര്യായിട്ടുള്ളതു് തന്ന്യാണു്. എന്റെ ഭഗവതീ എന്നെക്കൊണ്ടു് ഇനിയും ഇതൊക്കെ ചെയ്യിക്കണോ. ചെയ്തിടത്തോളം പാപങ്ങളുടെ ഫലംതന്നെ ഏഴു തലമുറ അനുഭവിച്ചേ തീരു. ഇനിയും വേണോ? അല്ലെങ്കിൽ പോട്ടെ. പിതൃക്കൾക്കു കരുതിയ ശിക്ഷ സ്വീകരിക്കാൻ വിധിച്ച തലമുറകൾ ഏതായാലും കുറ്റിയറ്റു പോകയാണു്. കുറ്റവും ശിക്ഷയും ഞാൻ തന്നെ ഏൽക്കണം, ഏറ്റുവാങ്ങാം. മുമ്പിൽ മുറ്റത്തു് ചിത്രകൂടക്കല്ലിനുമപ്പുറത്തു് പടിപ്പുരവരെ കല്ലിൽ കൊത്തിയ സർപ്പങ്ങളാണു്. ഓരോ കൈക്രിയ ചെയ്തു കഴിഞ്ഞാലും പ്രായശ്ചിത്തമായി ഒരു സർപ്പത്തെ കുടിയിരുത്തുന്നു. മുറ്റത്തു മാത്രമല്ല പറമ്പിൽ അങ്ങിങ്ങായി അവ ചിതറിക്കിടക്കുകയാണു്. വർഷത്തിലൊരിക്കൽ പാലും പഴവും നേദിക്കുമ്പോൾ പ്രാർത്ഥിക്കുന്നു. എന്നോടു് ക്ഷമിക്കണം. ഒരു മനുഷ്യജീവിതം വിലപിടിച്ചതാണു്. മാത്രമല്ല ആ ജീവിതത്തെ ആശ്രയിച്ചു് ഒരു കുടുംബമാണു് കഴിയുന്നതു്. നിവൃത്തിയില്ലാത്തതുകൊണ്ടു് ചെയ്യുകയാണു്. ക്ഷമ, ക്ഷമ, ക്ഷമ.
അദ്ദേഹം കണ്ണടച്ചു ധ്യാനിച്ചു. നിഴലുകൾ രൂപങ്ങളായി മാറുകയാണു്. അവ കാറ്റിൽ ഓളം വെട്ടുന്ന പച്ചവയലുകൾക്കു മീതെ, ഇരുട്ടു് മേലാപ്പിട്ട ഇടവഴികളിലൂടെ, പാറകൾ നിറഞ്ഞ പറമ്പുകളിലൂടെ അതിവേഗം അടുക്കുകയാണു്. അദ്ദേഹം ഞെട്ടിയുണർന്നു.
‘രാമാ…’
രാമൻ നായർ അകത്തുനിന്നു ഓടിവന്നു. തിരുമേനിയുടെ ശബ്ദത്തിലെ തിടുക്കം അയാൾ ശ്രദ്ധിച്ചിരുന്നു.
‘എന്താണാവോ?’
‘ഒരു കൂട്ടരു് വര്ണ്ണ്ടു്.’ തിരുമേനി കണ്ണു തുറക്കാതെത്തന്നെ പറഞ്ഞു.
‘എവിട്ന്നാണാവോ?’
‘തെക്കു് പടിഞ്ഞാറ് നിന്നാണു്. കറുകത്തിരുത്തി ഭാഗത്ത്ന്നാവാനേ വഴീള്ളു. ചെറുമക്കളാണു്. കടിച്ചവൻ അല്പം ഉഗ്രൻ തന്ന്യാണു്. കരിമൂർഖൻ! മരുന്നു് അരച്ചോളു.’
‘അടിയൻ.’
‘മര്ന്നോണ്ടു് കാര്യം നടക്കുംന്നു് തോന്ന്ണില്ല. നോക്കാം. എന്നെക്കൊണ്ടു് പാപം ചെയ്യിക്കണംന്നു് ദൈവത്തിനു് നിർബ്ബന്ധള്ളപോലെണ്ടു് രാമാ.’
‘തിരുമേനി അങ്ങനൊന്നും പറേരുതു്. ഒക്കെ ദൈവനിശ്ചയാണ്ന്നു് അവിടുന്നു് തന്ന്യല്ലെ പറയാറ്.’
‘അത്യെതെ, ഒക്കെ ദൈവനിശ്ചയം. എന്റെ നിയോഗായിരിക്കും ഇതു്. എന്നെക്കൊണ്ടു് മറ്റൊന്നിനും കഴിവ്ണ്ടാവില്ല്യായിരിക്കും. താൻ പോയി മരുന്നരയ്ക്കു. കഴിഞ്ഞ പ്രാവശ്യം അരച്ചതു് ഇരിക്ക്ണ്ണ്ടു്. ഓർമ്മല്ല്യേ, പുറത്തൂര്ന്നു് വന്നവര്ടെ കാര്യം? അതും കരിമൂർഖൻതന്ന്യായിരുന്നു. അലമാറീലു് മോളില്ത്തെ തട്ടിലു് രണ്ടാമത്തെ കലത്തിലാണു്. അതു് ഒന്നുംകൂടി മയായിക്കോട്ടെ.’
‘അടിയൻ.’
ഒരു നിമിഷാർദ്ധത്തെ അസ്വസ്ഥമായ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു. ‘ഒരു കുട്ടിയെയാണു് കൊണ്ടുവരണതു്.’
കൃഷ്ണൻ നമ്പൂതിരി എഴുന്നേറ്റു.
‘ഞാനൊന്നു് ശുദ്ധായിട്ടു് വരാം.’
രാമൻ നായർ അകത്തേയ്ക്കു പോയി. തിരുമേനിയുടെ ഒരു വാക്കു് അല്ലെങ്കിൽ തലകൊണ്ടൊരു സൂചന, ഇത്രയും മതി, ആ ആശ്രിതൻ അദ്ദേഹത്തിന്റെ ഇംഗിതം മനസ്സിലാക്കുന്നു. പശ്ചാത്തലത്തിൽ അദ്ദേഹത്തിനു് വേണ്ടതെല്ലാം ഒരുക്കുന്നു. തന്റെ നാല്പത്തിരണ്ടാം വയസ്സിൽ അന്തർജ്ജനം മരിച്ചശേഷം തിരുമേനി ബ്രഹ്മചര്യം അനുഷ്ഠിക്കുകയാണു്. തന്റെ അനവദ്യകർമ്മങ്ങളുടെ സാഫല്യങ്ങൾക്കു് ബ്രഹ്മചര്യം അനിവാര്യമാണെന്നു് അദ്ദേഹം കണ്ടു. അതുകൊണ്ടു് മറ്റു ചിന്തകൾക്കു് അദ്ദേഹം മനസ്സിൽ ഇടം കൊടുത്തില്ല.
രാമൻ നായർ കല്യാണിയമ്മയോടു് പറഞ്ഞു.
‘തിരുമേനി കുളിക്കാൻ പോവ്വാണു് കല്യാണ്യേമ്മേ. തോർത്തും മുണ്ടും ഒക്കെ കുളപ്പുരേലു് കൊണ്ടുപോയി വയ്ക്കു. പാത്രത്തിലു് ചെറുപയറ് പൊടി തീരാറായിരിക്കുണു.’
തിരുമേനി കുളപ്പടവിലെത്തുമ്പോഴേയ്ക്കു് കുളിക്കാനുള്ളതെല്ലാം തയ്യാറാക്കിവച്ചു് കല്യാണിയമ്മ അകത്തേയ്ക്കു വലിഞ്ഞിട്ടുണ്ടാകും. അവർ സ്വയം വെളിപ്പെടുത്താതെ കാര്യങ്ങൾ ഭംഗിയായി നടത്തി. രാവിലെ തിരുമേനി എഴുന്നേറ്റു വരുമ്പോഴേയ്ക്കു് ചൂടുള്ള ചായ പൂമുഖത്തെത്തുന്നു. ഉമ്മറപ്പടി കടക്കുമ്പോൾ ഇരുത്തിയ്ക്കടുത്തിട്ട കയ്യുള്ള കസേലയുടെ വലത്തുവശത്തുള്ള സ്റ്റൂൾ ഒഴിഞ്ഞു കിടക്കുകയായിരിക്കും. പക്ഷേ, ഇരുന്നുകഴിഞ്ഞു് നോക്കുമ്പോൾ അവിടെ ഓട്ടുമൊന്തയിൽ ചായയുണ്ടാവും തൊട്ടടുത്തുതന്നെ ഗ്ലാസ്സും. പ്രാതലിന്റെ സമയമായാൽ തിരുമേനി വിളിക്കുന്നു. ‘കല്യാണിയമ്മേ…’ ആ വിളി മതി. തളത്തിൽ എത്തുമ്പോഴേയ്ക്കു് മേശപ്പുറത്തു് പൊടിയരിക്കഞ്ഞിയും രണ്ടുതരം ചട്ടിണിയും വിളമ്പിക്കഴിയും. ഒന്നു് കപ്പൽമുളകു് ചുട്ടു് അരച്ച നാളികേരച്ചമ്മന്തിയായിരിക്കും. മറ്റേതു് തരത്തിനൊത്തു് മാറും. പച്ചമാങ്ങയോ അല്ലെങ്കിൽ ഉപ്പുമാങ്ങ പച്ചമുളകു് ചേർത്തു് ചതച്ചതോ. അവർ എപ്പോഴും വിളിപ്പുറത്തുണ്ടായിരുന്നു.
കുളത്തിലെ ഇളം ചൂടുള്ള വെള്ളം അദ്ദേഹത്തെ കനിവോടെ സ്വീകരിച്ചു. ഇനിയും എത്രനാൾ? അദ്ദേഹം സ്വയം ചോദിച്ചു. തന്റെ കാലം കഴിഞ്ഞാൽ താൻ ആർജ്ജിച്ച ഈ അറിവെല്ലാം നശിക്കുകയാണെന്നോർത്തപ്പോൾ വിഷമം തോന്നി. അസാമാന്യപ്രതിഭയുള്ള ഒരാൾക്കു മാത്രം സ്വായത്തമാക്കാൻ പറ്റുന്ന അറിവിന്റെ അമൂല്യ ശേഖരം ഏറ്റുവാങ്ങാൻ ആരും വന്നില്ല. സ്വന്തം മകൻപോലും അവന്റെ വഴി മറ്റൊന്നാണെന്നു് ചെറുപ്പത്തിലേ തീരുമാനിച്ചു. അതായിരിക്കണം ദൈവനിശ്ചയം.
കുളത്തിനും മുറ്റത്തിനുമിടയിലാണു് അനന്തന്റെ പ്രതിഷ്ഠയുള്ള കോവിൽ. ശ്രീകോവിലിനു മുമ്പിൽ അദ്ദേഹം ധ്യാനിച്ചു നിന്നു. സർപ്പങ്ങളുടെ രാജാവേ എന്നോടു് പൊറുക്കണം. അടച്ച കണ്ണുകൾക്കു മുമ്പിൽ വീണ്ടും രൂപങ്ങൾ. കറുത്ത മനുഷ്യരൂപങ്ങൾ. അവ വയലുകൾക്കു മീതെ ഒഴുകി വരികയാണു്. അവ അസാമാന്യ വേഗത്തിൽ തന്നോടടുക്കുകയാണു്. പാണ്ടിവയലും കടന്നു് കണ്ടകുറുമ്പക്കാവു ചുറ്റി ഓടിയെത്തുന്ന ആ ശരണാർത്ഥികളെ സ്വീകരിക്കാൻ കൃഷ്ണൻ നമ്പൂതിരിപ്പാടു് പൂമുഖത്തേയ്ക്കു നടന്നു. കസേലയിലിരുന്നു് ഇരുത്തിമേൽ വച്ച ചെല്ലപ്പെട്ടി തുറന്നുകൊണ്ടു് തിരുമേനി വിളിച്ചു.
‘രാമാ…’
‘എന്തോ.’
പച്ചമരുന്നു് പുരണ്ട കൈയ്യുമായി രാമൻ നായർ പുറത്തുവന്നു.
‘എന്തായീ?’
‘അരച്ചുകൊണ്ടിരിക്ക്യാണു് തിരുമേനി. ഇപ്പൊ ഒരുവിധം നന്നായി അരഞ്ഞിട്ട്ണ്ടു്.’
‘എന്നാൽ വാങ്ങിവെച്ചോളൂ. അവരു് എത്താറായി.’
‘ശരി, തിരുമേനി.’
രാമൻ നായർക്കറിയാം ചെയ്യാൻ പറ്റുമെന്നു് ഏകദേശം തീർച്ചയുണ്ടെങ്കിലേ അദ്ദേഹം അവരെ മുറ്റത്തേയ്ക്കു് കടത്തൂ. അല്ലെങ്കിൽ പറയും.
‘രാമാ, ആ വരണ കൂട്ടരോടു് ഇങ്ങട്ടു് കേറണ്ടാന്നു് പറഞ്ഞേയ്ക്കു്. അയാള്ടെ ചീട്ടു് കീറിയിരിക്കുണു.’
വരുന്നവർക്കു് കൃഷ്ണൻ നമ്പൂതിരിയുടെ സിദ്ധികളെപ്പറ്റി അറിയാം. അവർ ഒന്നുകൂടി കെഞ്ചിനോക്കുന്നു. ‘തിരുമേനിയോടു് ഒന്നു നോക്ക്വെങ്കിലും ചെയ്യാൻ പറയൂ.’
രാമൻ നായർ തന്റെ വിഷമാവസ്ഥ കഴിയുന്നത്ര പുറത്തു കാണിക്കാതെ പറയുന്നു.
‘കാര്യല്ലാന്നേയ്. പറ്റുംച്ചാലു് തിരുമേനി ശ്രമിക്കാതിരിക്കില്ല. നിങ്ങള് വല്ല ആശുപത്രിയിലും പോയിനോക്കു. സമയം കളയണ്ട.’
വന്നവർക്കു് കാര്യം മനസ്സിലാവുന്നു. ആശുപത്രിയിൽ പോയിട്ടും കാര്യമില്ല എന്നവർക്കറിയാം. ഒരിക്കൽ തിരുമേനി പറഞ്ഞാൽ അതിനപ്പുറമൊന്നുമില്ല. അദ്ദേഹത്തിനു ലഭിക്കുന്ന അറിവു് അമാനുഷികമാണു്. ഒരു ശവശരീരം പടിപ്പുരപ്പുറത്തുനിന്നു് ഇല്ലത്തെ മുറ്റത്തേയ്ക്കെടുത്താൽ പിന്നീടു് ശുദ്ധം വരുത്താനായി തിരുമേനിതന്നെ കഷ്ടപ്പെട്ടു് പ്രത്യേക പൂജകൾ ചെയ്യണം. ശ്രമിച്ചു നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽ ചെയ്യുകതന്നെ. ഉറപ്പുള്ള കാര്യത്തിൽ എന്തിനു് വൃഥാവ്യായാമം? അവർ പടിപ്പുരയിൽ ഇറക്കിവച്ച മഞ്ചൽ വീണ്ടുമെടുത്തു് പൊക്കുന്നു. തിരിഞ്ഞു നടക്കുമ്പോൾ മഞ്ചലേറ്റുന്നവർ മൂളുന്നില്ല.
കൃഷ്ണൻ നമ്പൂതിരി വെറ്റിലയെടുത്തു് ഞരമ്പുകളഞ്ഞു, ചുണ്ണാമ്പിന്റെ ഓട്ടുചെപ്പു് തുറന്നു് ചുണ്ണാമ്പു് നടുവിരലിലെടുത്തു വെറ്റിലയുടെ ഞെരടിയെടുത്ത ഞരമ്പുകൾക്കുമീതെ തേച്ചു. പടിപ്പുരയിൽ നിന്നു് ആൾക്കാരുടെ ശബ്ദം കേട്ടു. അദ്ദേഹം വിളിച്ചു.
‘രാമാ…’
രാമൻ നായർ അകത്തുനിന്നു് വന്നു് മുറ്റത്തേയ്ക്കിറങ്ങി. പടിപ്പുരയിൽ അക്ഷമരായി കാത്തുനിൽക്കുന്നവരെ മാടിവിളിച്ചു.
‘ഇങ്ങട്ടു് കൊണ്ടരാം.’ പുറത്തു മടിച്ചുനിന്നിരുന്നവർ ഓടിക്കൊണ്ടു് മുറ്റത്തേയ്ക്കിറങ്ങി.
‘ഇതാ, ഈ കല്ലൊന്നും തൊട്ടു് തീണ്ടര്തു്.’ ചിത്രകൂടക്കല്ലുകൾ ചൂണ്ടിക്കാട്ടി രാമൻ നായർ പറഞ്ഞു. അവർ ഒരു ഭാഗത്തേയ്ക്കു് ഒതുങ്ങിനിന്നു.
‘തമ്പ്രാനേ, അടിയന്റെ ചെക്കനെ ലച്ചിക്കണം.’ നീലി അലമുറയിടാൻ തുടങ്ങി. ‘ഞങ്ങക്കു് ആകെള്ള ഒരു തര്യാണു്.’
കൃഷ്ണൻ നമ്പൂതിരി കൈ ഉയർത്തി. ആ ചലനത്തിൽ എന്തോ മാന്ത്രികതയുണ്ടായിരുന്നു. സാന്ത്വനിപ്പിക്കുന്ന എന്തോ ഒന്നു്. നീലി കരച്ചിൽ നിർത്തി. മുറ്റത്തു് ഒരു പുൽപ്പായ വിരിച്ചു് രാമൻ നായർ പറഞ്ഞു.
‘കുട്ട്യെ അവിടെ തല കെഴക്കു് ഭാഗത്തേയ്ക്കാക്കി കെടത്തൂ. എന്നിട്ടു് നിങ്ങളൊക്കെ ഒന്നു് മാറി നിൽക്കൂ.’
തിരുമേനി മുറുക്കാൻ വായിലിട്ടു് ലക്ഷണങ്ങൾ ശ്രദ്ധിക്കുകയായിരുന്നു. മെലിഞ്ഞു് കറുപ്പിനോടടുത്ത നിറം. ട്രൗസർ മാത്രമേ ധരിച്ചിട്ടുള്ളു. പത്തുപന്ത്രണ്ടു വയസ്സായിട്ടുണ്ടാകും. അവന്റെ വലത്തെ കൈ ദേഹത്തുനിന്നു് അല്പം വിട്ടു് കിടക്കുന്നു. ഇടത്തെ കൈ അല്പം മടങ്ങി വയറിന്മേലും. കൈപ്പത്തിയുടെ പുറം ഭാഗത്തു് മുറിവു കാണാം. അല്പം നീരുമുണ്ടു്. ഒറ്റ കൊത്തേ കൊത്തിയിട്ടുള്ളു. കാലിന്റെയും കൈയ്യിന്റെയും അടിഭാഗം കുറേശ്ശെ നീലിച്ചു തുടങ്ങിയിരുന്നു. ആകപ്പാടെ നിമിത്തങ്ങൾ അത്ര ആശാവഹമായിരുന്നില്ല. വിഷമമുള്ള ജോലിയാണു് മുമ്പിൽ കിടക്കുന്നതു്.
രാമൻ നായർ മരുന്നിന്റെ കലവുമായി പുറത്തു വന്നു. തിരുമേനി എഴുന്നേറ്റു് മുണ്ടു് മുറുക്കി ഒതുക്കുകളിറങ്ങി, നിവർന്നു കിടക്കുന്ന ബാലന്റെ മുമ്പിൽ കുനിഞ്ഞുനിന്നു് അവനെ പരിശോധിച്ചു. ഹൃദയത്തിന്റെ മിടിപ്പു് ശക്തി കുറഞ്ഞതാണു്. അവന്റെ ശരീരം പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണു്. രാമൻ നായർ കൊടുത്ത കലവും കയ്യിൽ വച്ചു് അദ്ദേഹം ധ്യാനിക്കാൻ തുടങ്ങി. മരുന്നെടുത്തു് ധ്യാനിച്ചു് ആ ബാലന്റെ മുറിപ്പാടിലും നെറുകയിലും പുരട്ടി. കിണ്ടിയിൽനിന്നു് അല്പം വെള്ളമെടുത്തു് മരുന്നു് വലത്തെ കയ്യിന്റെ ഉള്ളംകയ്യിൽ വച്ചു് ചാലിച്ചു് അവന്റെ മൂക്കിലേയ്ക്കൊഴിച്ചു. അദ്ദേഹം കണ്ണടച്ചു് ധ്യാനിച്ചുകൊണ്ടു് നിവർന്നുനിന്നു. ഇല്ലത്തു കുടിയിരുത്തിയ പതിനായിരം നാഗങ്ങളോടു് ആ ഇളം ജീവനെ രക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രജ്ഞയിൽ ഇല്ലപ്പറമ്പിലെ സ്വർണ്ണനാഗങ്ങൾ ഇഴഞ്ഞുവന്നു. ആ ബാലന്റെ കർമ്മഫലങ്ങൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റാതെ അവ നിസ്സഹായരായി നിൽക്കുകയാണു്. തിരുമേനി തലയാട്ടി.
രാമൻ നായർ അകത്തുപോയി വാഴയിലയുടെ ചീളിൽ കറുപ്പും ചുവപ്പും വെള്ളയും മഞ്ഞയും പൊടികൾ കൊണ്ടുവന്നു കൊടുത്തു. എണ്ണയൊഴിച്ചു് തിരിയിട്ട നിലവിളക്കു് മുമ്പിൽ വച്ചു. ഇരിക്കാനായി കൊണ്ടുവന്നു വച്ച പുൽപ്പായിൽ തിരുമേനി ചമ്രംപടിഞ്ഞിരുന്നു. ചാണകം മെഴുകിയ മുറ്റത്തു് കളം വരക്കുകയായിരുന്നു അദ്ദേഹം. ഒരു ചതുരംഗപ്പലകയുടെ വലുപ്പമുള്ള ചതുരത്തിനുള്ളിൽ ഒരു സർപ്പം രൂപപ്പെട്ടുവന്നു. ഏഴു തിരിയുള്ള നിലവിളക്കു് കത്തിച്ചു, കൃഷ്ണൻ നമ്പൂതിരി ധ്യാനനിരതനായി. അന്തരീക്ഷത്തിൽ സംഘർഷം മുറ്റിനിന്നു. ചെറുമക്കൾ അസ്വസ്ഥരായി. തിരുമേനി ജന്മാന്തരങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. മുമ്പിൽ പാതി ചേതനയറ്റു് കിടക്കുന്ന ചെറുമച്ചെക്കന്റെ ജാതകഫലങ്ങൾ അദ്ദേഹത്തിന്റെ കൺമുമ്പിലൂടെ കടന്നുപോയി. ഇനിയും ജീവിതം ബാക്കിയാണെന്നു് കണ്ടു് അദ്ദേഹം ധ്യാനം തുടർന്നു. ഇപ്പോൾ അവന്റെ ദേഹത്തിൽ വിഷം കയറ്റിയ സർപ്പം ദയയ്ക്കുവേണ്ടി കേഴുകയാണു്. ദയ ആരോടാണു് കാണിക്കേണ്ടതു? അദ്ദേഹം ഉഗ്രതപത്തിൽ ഉരുകി. സൂര്യൻ അദ്ദേഹത്തോടു് ദയ കാണിച്ചില്ല.
അപ്പോഴാണു് പറമ്പിൽ ചപ്പിലകൾ അനങ്ങുന്ന ശബ്ദം കേട്ടുതുടങ്ങിയതു്. അകലെനിന്നു് ഒരു ദീനരോദനംപോലെ പുറപ്പെട്ട ആ ശബ്ദം അടുത്തടുത്തു വരികയാണു്. തിരുമേനി കണ്ണുതുറന്നു.
വിജയൻ മേനോൻ എഴുന്നേറ്റു, ജനലിലൂടെ പുറത്തേയ്ക്കു നോക്കി. നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു. വസുമതി അഞ്ചു മണിയ്ക്കേ എഴുന്നേറ്റു പോയിട്ടുണ്ടാവും. അടുക്കള വൃത്തിയാക്കി തീ പൂട്ടി ചായുണ്ടാക്കുമ്പോഴേയ്ക്കു് അയാളും അടുക്കളയിലെത്താറുള്ളതാണു്. അടുക്കളയുടെ ജനലിനടുത്തിട്ട മേശക്കരികെ കസേലയിൽ ഇരുന്നു് അയാൾ ഭാര്യ ചായയുണ്ടാക്കുന്നതു് ശ്രദ്ധിച്ചുകൊണ്ടു് ഓരോന്നു് സംസാരിക്കും. അങ്ങിനെയാണു് പതിവു്.
അടുക്കളയുടെ വാതിൽക്കൽ നിന്നുകൊണ്ടു് ഭാര്യ അടുപ്പിനു മുമ്പിൽ കുമ്പിട്ടിരുന്നു് ഇഡ്ഡലിത്തട്ടുകൾ പാത്രത്തിൽ ഇറക്കിവച്ചു് അടയ്ക്കുന്നതു് അയാൾ നോക്കിനിന്നു. അവളുടെ സമൃദ്ധമായ പിൻഭാഗം കുറച്ചുനേരം നോക്കിനിന്നപ്പോൾ അയാൾക്കു് തലേന്നു രാത്രിയിലെ കാര്യങ്ങൾ ഓർമ്മയിൽ വന്നു. പാഴായ ശ്രമങ്ങളും അതിനിടയിൽ എപ്പോഴോ മയങ്ങിപ്പോയതും. ഇപ്പോൾ വസുമതി തന്നെ കണ്ടാൽ ശരിയാവില്ല. പറമ്പിലൊക്കെ നടന്നു് അല്പം ധൈര്യം സംഭരിച്ചശേഷം മതി ചായകുടി. ഏതായാലും വേലു പറമ്പു് നനയ്ക്കാൻ എത്തിയിട്ടുണ്ടു്. തേക്കുതുലാത്തിന്റെ കരകരശബ്ദം കേട്ടിരുന്നു. അയാൾ കാൽ പിന്നിലേയ്ക്കുതന്നെ വച്ചു.
‘ചായപ്പോ ആവും, ഇരുന്നോളു.’
വസുമതി തന്നെ കണ്ടിരിക്കുന്നു. അയാൾക്കു് കുറച്ചൊരു ജാള ്യത തോന്നി. അയാൾ അടുക്കളയിലേയ്ക്കു കടന്നു് ജനലിന്നരികെ ഇട്ട കസേലയിലിരുന്നു. വസുമതി ഒഴിഞ്ഞ അടുപ്പിൽ ചായപ്പാത്രം വച്ചു.
‘എണീക്കാൻ വൈകി അല്ലെ?’
‘ങാ, വല്ലാത്ത ക്ഷീണം.’ വിജയൻ മേനോൻ സൂക്ഷിച്ചാണു് സംസാരിക്കുന്നതു്. എങ്ങിനെയായാലും ഇന്നലെ രാത്രിയെപ്പറ്റി സംസാരം വരാതിരിക്കില്ല എന്നയാൾക്കറിയാം. പക്ഷേ, താനായിട്ടു് അതു തുടങ്ങണ്ട.
‘എങ്ങന്യാ ക്ഷീണംല്ല്യാണ്ടിരിക്ക്യാ. അങ്ങനത്തെ സാധനല്ലെ അകത്തു ചെന്നിരിക്കണതു?’
‘ഞാനേയ്…’
‘എന്നോടൊന്നും പറയണ്ട. എനിക്കൊക്കെ അറിയാം. ഇന്നലെ എവ്ട്ന്നാണു് കുടിക്കാൻ കിട്ടീതു?’
വിജയൻ മേനോൻ ഒന്നും പറയുന്നില്ല.
‘കണ്ട അവിടീം ഇവിടീം ഒക്കെ കേറി കുടിക്കാൻ നാണാവില്ലേ?’
താൻ കുട്ടപ്പന്റെ കുടിലിൽ കയറിയതു് ആരോ കണ്ടു് ഇവിടെ വന്നു് കൊളുത്തിയിരിക്കുന്നു. ഇന്നലെ പോയതായിരിക്കില്ല, ഏതെങ്കിലും ദിവസം. കുടി തുടങ്ങിയിട്ടു് ഇപ്പോൾ നാലു മാസത്തിനു മേലായി. ഇതുവരെ വീട്ടിൽ അറിയിക്കാതെ കൊണ്ടുനടന്നു. ഒന്നു മുറുക്കിയാൽ മതി, അതിന്റെ മണമൊക്കെ പോകും. ഭർത്താവിനു് മൂന്നു പെറ്റ തന്റെ ശരീരത്തോടു് പെട്ടെന്നു് ആസക്തി കൂടിയതിന്റെ കാരണമറിയാതെ കുഴങ്ങിയെങ്കിലും അവിചാരിതമായി വീണുകിട്ടിയ രണ്ടാം മധുവിധു അവൾ ആസ്വദിക്കാൻ തുടങ്ങിയിരുന്നു.
വസുമതി ചായ ഗ്ലാസ്സിലാക്കി മേശപ്പുറത്തു വച്ചു, മുണ്ടിന്റെ കോന്തലകൊണ്ടു് മുഖം തുടച്ചശേഷം പറഞ്ഞു.
‘ഇനി തൊട്ടു് കുടിക്ക്യാണെങ്കീ പിന്നെ ഇങ്ങട്ടു് കേറി വരണ്ട. ഏതായാലും പകലു് മുഴുവൻ പെങ്ങടെ അട്ത്താണു്. അവിട്ത്തെ കാര്യം നോക്ക്യാ മതീലോ. ഇവിട്ത്തെ കാര്യം എന്തായാലും വേണ്ടില്ല. കുടിച്ചു് കഴിഞ്ഞാൽ അങ്ങോട്ടന്നെ പൊയ്ക്കോളു. ലഹരീം നാറ്റൊക്കെ മാറീട്ടു് ഇവ്ടെ കേറിവന്നാമതി.’
വിജയൻ മേനോൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു. ഒന്നും പറയാതിരിക്കുന്നതാണു് ബുദ്ധി. ഒന്നു പറഞ്ഞു് രണ്ടാമത്തേതിനു് അവൾ പറയുക ഏട്ടന്മാരുടെ കാര്യമാണു്.
‘ദാ, ചന്ദ്രേട്ടനോടു് ഒരു വാക്കു് പറഞ്ഞാമതി. ഇതൊക്കെ നിന്നോളും.’
വലിയൊരു ഭീഷണിയാണതു്. ‘ഇതൊക്കെ’ എന്നു പറയുന്നതിന്റെ വ്യാപ്തി അപാരമാണു്. പുതുതായി കണ്ടുപിടിച്ച ലഹരി മാത്രമാവില്ല നിൽക്കുന്നതു്. എന്തുമാവാം. ചിലപ്പോൾ സംബന്ധം തന്നെ നിന്നെന്നു വരാം. അളിയന്മാരെ അയാൾ ഇഷ്ടപ്പെട്ടില്ല. അവരുമായി നേരിട്ടൊരു ഏറ്റുമുട്ടൽ കഴിയുന്നതും ഒഴിവാക്കുകയാണു് പതിവു്. അവർ തൊട്ടടുത്തു തന്നെയാണെങ്കിലും ഭാഗ്യത്തിനു് വെവ്വേറെ വീടുകളിലാണു് താമസം. ആരെങ്കിലും ഒരാൾ രാവിലത്തെ ഭക്ഷണം കഴിഞ്ഞു് പെങ്ങളുടെ കാര്യമന്വേഷിക്കാൻ വരുമ്പോഴേയ്ക്കു് വിജയൻ മേനോൻ സ്വന്തം വീട്ടിലേയ്ക്കു് രക്ഷപ്പെട്ടിട്ടുണ്ടാകും. അവിടെ അയാൾ രാജാവാണു്, ഗർജ്ജിക്കുന്ന സിംഹം. പെങ്ങൾ നേരിട്ടുനിന്നു് അയാളോടു് സംസാരിക്കുകപോലും പതിവില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതു് ഭക്ഷണസമയത്തു് പുറകിൽ നിന്നു് പറയുകയെ ഉള്ളൂ. സംബോധനമില്ലാതെ, അവകാശസൂചനകളൊന്നുമില്ലാതെ ആത്മഗതമെന്ന മട്ടിൽ ഒഴുക്കൻ ശൈലിയിൽ അതു് തുടങ്ങും. അടുക്കളയിലേയ്ക്കു് വേണ്ട കാര്യങ്ങൾ, വീട്ടിലേയ്ക്കു് പൊതുവേ ആവശ്യമുള്ളവ, മകൾക്കു് സ്കൂളിലേയ്ക്കു് കൊണ്ടുപോകേണ്ട സാധനങ്ങൾ, അങ്ങിനെ ആവശ്യങ്ങളുടെ പട്ടിക നീളുമ്പോൾ ഒന്നും മിണ്ടാതെ വിജയൻ മേനോൻ കഞ്ഞി കുടിക്കും. ഒപ്പം ചുട്ട മുളകു കൂട്ടി അരച്ച നാളികേരച്ചമ്മന്തി ചൂണ്ടുവിരൽ കൊണ്ടു് തോണ്ടി നക്കും. പെങ്ങൾ പറഞ്ഞ കാര്യങ്ങളിൽ നിന്നു് പതിരും നെല്ലും വേറിട്ടെടുക്കും. അടുക്കളയിലേയ്ക്കു വേണ്ട കാര്യങ്ങൾക്കുള്ള പണം കഞ്ഞികുടി കഴിഞ്ഞാൽ കോന്തലയിൽനിന്നെടുത്തു് മേശപ്പുറത്തുവയ്ക്കും. ബാക്കി ആവശ്യങ്ങളെല്ലാം പതിരായി തള്ളും.
ഏട്ടൻ എഴുന്നേറ്റു കൈകഴുകാൻ പോയാൽ പാറുവമ്മ പണമെടുത്തു് എണ്ണി നോക്കും. എവിടെയും എത്താത്ത ഒരു സംഖ്യ. അവർ ആ നോട്ടുകളും പിടിച്ചു് എന്താണു് ചെയ്യേണ്ടതു് എന്നാലോചിച്ചു നിൽക്കുമ്പോൾ വിജയൻ മേനോൻ തോളിലിട്ട തോർത്തു കൊണ്ടു് മുഖം തുടച്ചു് അടുക്കളയിലേയ്ക്കു് വരും. പകച്ചുനിൽക്കുന്ന പെങ്ങളെ ഒന്നു് നോക്കിയശേഷം പറയും.
‘അടുക്കളേലേയ്ക്കു് അത്യാവശ്യള്ള കാര്യങ്ങള് വാങ്ങിക്കോളു. ഊണു മൊടക്കണ്ട. ബാക്കിയൊക്കെ അടുത്ത മാസം ആവാം. ഇപ്രാവശ്യം നാളികേരത്തിനു് വെല കൊറവാ. ഇങ്ങിനെ പോയാൽ നാളികേരൊക്കെ വെട്ടി കൊപ്ര്യാക്കി വിൽക്കായിരിക്കും നല്ലത്ന്നു് തോന്നുണു. തിരൂരു് നല്ല വെലകിട്ടുംന്നാ മൊയ്തീൻ പറേണതു്.’
‘തിരൂരിലേയ്ക്കൊക്കെപ്പൊ ആരാ കൊണ്ടോവാ? അതിന്റെ ചെലവൊക്കെ നോക്കുമ്പോ വല്യേ വെത്യാസൊന്നും കാണില്ല്യ.’
‘അതൊക്കെ നമ്മടെ മൊയ്തീൻ കൊണ്ടോയ്ക്കോളും. അവന്റെ കൊപ്ര എന്തായാലും വണ്ടീലു് കൊണ്ടോവ്ണ്ണ്ടു്.’
പാറുവമ്മ വലിയ ഉറപ്പില്ലാതെ നിന്നു. പണത്തിനുള്ള ആവശ്യം ഇങ്ങിനെ വഴിമാറിപ്പോയതിൽ സന്തോഷിച്ചു് വിജയൻ മേനോൻ പൂമുഖത്തേയ്ക്കു നടക്കും. തന്റെ ധനാഭ്യർത്ഥന ചീറ്റിപ്പോയതിന്റെ വ്യഥയോടെ പാറുവമ്മ നോട്ടുകളുമായി ഏട്ടൻ പോയ വഴിയെ നോക്കി നിൽക്കും. അതെല്ലാം തന്റെ വീട്ടിൽ നടക്കും. വിജയൻ മേനോൻ ഓർത്തു. ഇവിടെ ഭാര്യവീട്ടിൽ പക്ഷേ, ഭരണം മറ്റാൾക്കാരുടെ കൈയ്യിലാണു്, താനൊരു പാവ മാത്രമാണു്. കുട്ടികളെ സൃഷ്ടിക്കുന്ന ഒരു യന്ത്രം. രാത്രി പാറു വിളമ്പിത്തന്ന ഭക്ഷണം കഴിച്ചു് ടോർച്ചുമായി വയലുകളുടെ വീതി കുറഞ്ഞ വരമ്പിലൂടെ നടന്നു് ഭാര്യവീട്ടിലെത്തും. ഊണുകഴിഞ്ഞു് തനിക്കുവേണ്ടി കാത്തു നിൽക്കുന്ന കുട്ടികളെ അല്പനേരം താലോലിക്കുന്നു. താമസിയാതെ അവർ ഉറക്കമാകുമ്പോൾ വലിയ ഔപചാരികതകളൊന്നുമില്ലാതെ അയാളും കിടപ്പറ പ്രാപിക്കുന്നു.
ഇപ്പോൾ സമയം ഏഴു മണിയായിട്ടുണ്ടാവും. ഇനി വസുമതി തിരക്കിലാവും. ഇഡ്ഡലിപ്പാത്രം വാങ്ങിവച്ച ശേഷം കുട്ടികളെ എഴുന്നേൽപ്പിച്ചു് കുളിപ്പിക്കാൻ കൊണ്ടുപോകും. ഒമ്പതു മണിയോടെ അവരെ സ്കൂളിൽ പറഞ്ഞയക്കണം. അയാൾ എഴുന്നേറ്റു.
‘ഞാൻ പോണു…’
‘എന്താത്ര നേർത്തെ?’ വസുമതി നാളികേരമുടച്ചു് ചിരവയുമെടുത്തു് അടുക്കളയുടെ നടുവിൽ ഇരിക്കാനുള്ള ശ്രമത്തിലാണു്.
‘കൊറച്ചു് ജോലിണ്ടു്. ചാത്ത്യോടു് വരാൻ പറഞ്ഞിട്ട്ണ്ടു്. നന തൊടങ്ങണം. കവുങ്ങിന്റെ കടയൊക്കെ ഒണങ്ങി വരണ്ടു് കെടക്ക്വാ. അവൻ വരുമ്പൊഴേയ്ക്കു് അവ്ടെ എത്തണം. ഇന്നലെ വരാൻ പറഞ്ഞതാ. അപ്പഴയ്ക്കു് ഓന്റെ ചെക്കനെ പാമ്പു് കടിച്ചു.’
‘ആരെ? അറുമുഖന്യോ?’
‘അത്യതെ, ഓനൊരു അറാംപെറപ്പാണു്. സകല ജന്തുക്കളിം പിടിച്ചു് കൂട്ടിലാക്കലാ പണി. നല്ല ജാത്യാ കടിച്ചതു്. കരിമൂർഖൻ. കഴിഞ്ഞൂന്നു് വിചാരിച്ചതാ. അപ്പത്തന്നെ കൃഷ്ണൻ നമ്പൂതിരിടെ അട്ത്തു് കൊണ്ടോയി. പാമ്പിനെ വരുത്തിക്കൊത്തി വെഷം എറക്കേ ചെയ്തതു്.’
‘എന്റീശ്വരന്മാരേ…’
എല്ലാം താനാണു് ചെയ്തതു് എന്ന ഭാവത്തിലാണു് വിജയൻ മേനോൻ സംസാരിച്ചതു്. സ്വന്തം വീട്ടിൽ താൻ നല്ല തിരക്കിലാണെന്നു വരുത്താൻ അയാൾ ഭാര്യയുടെ അടുത്തു് എപ്പോഴും ശ്രമിച്ചിരുന്നു. അളിയന്മാരുടെ മുമ്പിൽ നിൽക്കുമ്പോഴുണ്ടാകുന്ന അപകർഷതാബോധം ഒരു പരിധിവരെ അയാൾ പരിഹരിച്ചിരുന്നതു് താൻ സ്വന്തം വീട്ടിലെ സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രം ബഹുവർണ്ണങ്ങളിൽ ഭാര്യയ്ക്കു വരച്ചുകൊടുത്തിട്ടാണു്. ഭർത്താവിന്റെ സിംഹാസനം പക്ഷേ, പൂതലിച്ചു തുടങ്ങിയ വൃക്ഷം പോലെ പൊള്ളയായിരിക്കുന്നുവെന്നു് വസുമതിയ്ക്കറിയില്ലല്ലോ.
അയാൾ പുറത്തേയ്ക്കിറങ്ങി. കുട്ടികൾ എഴുന്നേറ്റിട്ടില്ല. എഴുന്നേറ്റാൽത്തന്നെ സ്കൂളിൽ പോകേണ്ട വേവലാതിയിലായിരിക്കും. അച്ഛനെ കണ്ട ഭാവമേ ഉണ്ടാവില്ല. അവർക്കു് സ്കൂളിലേയ്ക്കാവശ്യമുള്ള സാധനങ്ങളെല്ലാം അമ്മയോടു് ചോദിച്ചുവാങ്ങും. അച്ഛൻ അവരെ സംബന്ധിച്ചേടത്തോളം വല്ലപ്പോഴും രാത്രികളിൽ മിട്ടായി കൊണ്ടു വന്നു തരികയും അമ്മയുടെ ഒപ്പം കിടന്നുറങ്ങുകയും ചെയ്യുന്ന ഒരാൾ മാത്രമാണു്. വസുമതിയുടെ കയ്യിൽ തേങ്ങ വിറ്റതിന്റെ പണമുണ്ടാകും. ഏട്ടന്മാർ അതിൽ അവകാശമൊന്നും ഇതുവരെ കൊണ്ടുവന്നിട്ടില്ല. രണ്ടായിരം പറയുടെ നിലം മാത്രം അവർ നേരിട്ടു് നടത്തുന്നു. ചിലവുകഴിച്ചു് ബാക്കി സംഖ്യ നെല്ലായിട്ടും പണമായിട്ടും മൂന്നു പേരും പങ്കിടുന്നു. ഏട്ടന്മാർ രണ്ടുപേരും അനിയത്തിയോടുള്ള വാത്സല്യത്തിന്റെ കാര്യത്തിൽ മത്സരിക്കുന്നു. തന്റെ മക്കളുടെ ഭാഗ്യം!
രാഘവൻ നായർ നേരത്തേ വരമ്പിലെത്തിയിരുന്നു.
‘ങാ, വിജയൻ മേനോൻ പോവ്വായോ?’
‘കുറച്ചു തെരക്ക്ണ്ടു്…’
‘ഇക്കൊല്ലം ചാഴിടെ ശല്യം നല്ലോണംണ്ടു്.’ അളിയൻ പറഞ്ഞു. ‘വല്ല മരുന്നും തളിക്കണ്ടിവരുംന്നാ തോന്നണതു്.’
‘അത്യതെ, നല്ല ശല്യാ… അവിടീം അതെ. പോട്ടെ കൊറച്ചു് ധൃതിണ്ടു്.’
‘ശരി. പാറുകുട്ട്യേമ്മക്കു് സുഖല്ലേ?’
‘ങാ, അങ്ങനെ പോണൂ… ന്നാ ശരി.’ വിജയൻ മേനോൻ നടന്നു. അയാൾ തിരിഞ്ഞുനോക്കിയില്ല. അളിയൻ തന്നെയും നോക്കി പിന്നിൽ നിൽക്കുന്നുണ്ടെന്ന അസുഖകരമായ അറിവിൽ അയാളുടെ നടത്തം വികലമായി. ഏട്ടനും അനുജനും നേരിട്ടു് കൃഷി നടത്തുകയാണു്. തന്റെ മാതിരി പാട്ടത്തിനു കൊടുത്തിരിയ്ക്കയല്ല. ഉത്സാഹികളാണു്. തനിയ്ക്കതൊന്നും വയ്യാത്തതുകൊണ്ടു് അപ്പൂട്ടിയാണു് പാട്ടത്തിനു കൃഷിയിറക്കുന്നതു്. അവൻ കാലാകാലം അളന്നുതരുന്ന നെല്ലുകൊണ്ടു് സംതൃപ്തനാവുന്നു. ഓരോ പ്രാവശ്യം നെല്ലളക്കാൻ വരുമ്പോഴും അവന്റെ പരാതികൾ കേൾക്കണം. അവൻ ഒരു സൗജന്യസേവനം ചെയ്യുന്ന പോലെയാണു് വരുത്തിത്തീർക്കുക.
‘ഇവിടെ തമ്പ്രാനും പെങ്ങളും മോളും ഇല്ലേന്നു് വിചാരിച്ചിട്ടാ ഞാൻ അളക്കാൻ കൊണ്ടരണതു്. ശരിക്കു പറഞ്ഞാൽ തേവാന്ള്ള ചെലവും ഒക്കെ നോക്ക്യാ പുഞ്ചകൃഷി നഷ്ടാ. അടുത്ത കൊല്ലംതൊട്ടു് പുഞ്ച്യന്നെ എറക്കണ്ടാന്നു് വിചാരിക്ക്യാണു്.’
അതൊരുതരം ഭീഷണിയാണു്. തന്നെക്കൊണ്ടു് കൂടുതലൊന്നും പറയിപ്പിക്കാതിരിക്കാനുള്ള വിദ്യ. തന്റെ അലസത അപ്പൂട്ടി മുതലെടുക്കുകയാണെന്നറിഞ്ഞിട്ടും അയാൾ നിസ്സഹായനായി നോക്കിനിന്നു. പാട്ടത്തിനു കൊടുക്കൽ എളുപ്പമായിരുന്നു. രണ്ടു തലമുറകളായി കൃഷി നടത്തുന്നതു് അവരാണു്. അപ്പൂട്ടിയുടെ അച്ഛൻ നാരായണൻ അളക്കാൻ വന്നിരുന്നതു് വിജയൻ മേനോനു് ഓർമ്മയുണ്ടു്. നാരായണൻ ഓഛാനിച്ചുകൊണ്ടു് മുറ്റത്തു് നിൽക്കും. അച്ഛൻ മുറുക്കിക്കൊണ്ടു് അളവുകാരൻ ശങ്കരൻ നായർ അളക്കുന്നതു നോക്കി ചാരുകസേലയിൽ ഇരിക്കും. പറ കൂമ്പിച്ചു നിറച്ചു് വടിച്ചുവെന്നു് വരുത്താനായി കൈ മേലെ ഒന്നോടിച്ചു് ശങ്കരൻനായർ അളക്കുമ്പോൾ നാരായണൻ നെഞ്ചത്തു കൈവച്ചുകൊണ്ടു് പറയും.
‘തമ്പ്രാ, ഇങ്ങനെ അളന്നാ അടിയനു് മൊതലാവില്ല.’
വായിലുള്ള മുറുക്കാൻ മുറ്റത്തേയ്ക്കു് തുപ്പിക്കൊണ്ടു് അച്ഛൻ പറയും.
‘അങ്ങിനെ അളന്ന്ട്ടു് മൊതലാവൂംച്ചാ നടത്ത്യാമതി നാരായണാ കൃഷി. അല്ലെങ്കീ ഒഴിഞ്ഞു് തന്നോ. കൃഷി നടത്താൻ വേറെ ആളെ കിട്ടാഞ്ഞിട്ടാണോ?’
മഴ കിട്ടിയില്ലെങ്കിലും, തോട്ടിൽ തേവാൻ വെള്ളമില്ലെങ്കിലും അളക്കേണ്ടതു് കണിശമായി അളക്കുകതന്നെ വേണം. അതുപോലെ ഓണത്തിനും വിഷുവിനും കാഴ്ചയായി കൊണ്ടുവരേണ്ട നേന്ത്രക്കുലകളും പച്ചക്കറികളും ഒട്ടും കുറയാതെ അച്ഛൻ കണക്കു പറഞ്ഞു് വാങ്ങിവയ്ക്കും. തിരുവാതിരയ്ക്കു് ചെറുപഴത്തിന്റെ കുലകളും കാവത്തിൻ കിഴങ്ങും. അച്ഛൻ മരിച്ചതിൽപിന്നെ നാരായണൻ അധികകാലം ജീവിച്ചിരുന്നില്ല. പിന്നെ വന്നതു് മകൻ അപ്പൂട്ടിയാണു്. ആദ്യമൊക്കെ കണക്കു പറഞ്ഞു് അളന്നിരുന്നു. പിന്നെപ്പിന്നെ അളവു കുറഞ്ഞും ആവലാതികൾ കൂടിയും വന്നു. താനാകട്ടെ ഒന്നും ചെയ്യാൻ കഴിവില്ലാതെ നിസ്സഹായനായി നോക്കിനിൽക്കയും.
അറ്റക്കടായ കടന്നു് മുറ്റത്തേയ്ക്കുള്ള നടപ്പാതയിലെത്തിയപ്പോൾ ഒരു നിശ്വാസത്തോടെ വിജയൻ മേനോൻ ആലോചിച്ചു. കാലം മാറി.
ദേവകി മുറ്റമടിക്കുകയാണു്. കുറ്റിച്ചുലുകൊണ്ടു് കുമ്പിട്ടുനിന്നു് അവൾ അടിച്ചുവാരിക്കൊണ്ടു് മുന്നേറുകയാണു്. ഒരു താളത്തിൽ, ചൂലിന്റെ ഓരോ ചലനത്തിലും നടപ്പാതയുടെ വീതി കാൽഭാഗം പിന്നിടുന്നു. അങ്ങിനെ നാലു വാരൽ കഴിഞ്ഞാൽ പിന്നെ ഇടത്തോട്ടു്. വിജയൻ മേനോൻ ശബ്ദമുണ്ടാക്കാതെ ആ ദൃശ്യം കണ്ടുനിന്നു. ഓരോ അടിയിലും അവളുടെ പിൻഭാഗം കുലുങ്ങുന്ന ദൃശ്യം മോഹിപ്പിക്കുന്നതായിരുന്നു. ഓരോ ഭാഗം കഴിഞ്ഞു് അവൾ മറുഭാഗത്തേയ്ക്കു് തിരിയുമ്പോൾ കുമ്പിട്ടു നിൽക്കുക കാരണം അവളുടെ മുൻഭാഗത്തിന്റെ നിംനോന്നത നല്ലവണ്ണം പെരുപ്പിച്ചു കാണിച്ചു. തലേന്നു രാത്രിയിലെ ലഹരി അയാളെ വീണ്ടും ബാധിക്കുകയാണു്. ഒരു നാലു ചാൽ അടിച്ചുവാരിയശേഷമാണു് ദേവകി പിന്നിൽ നോക്കിനിൽക്കുന്ന ആളെ കാണുന്നതു്. അവൾ അടിച്ചുവാരൽ നിർത്തി നിവർന്നുനിന്നു.
‘ഇമ്പ്രാൻ ഇമ്മിണി നേരായ്യ്യോ വന്നിട്ടു്, എന്തേ വിളിക്കാഞ്ഞ്?’
അയാൾ ഉമ്മറത്തേയ്ക്കു നോക്കി. ഇല്ല, പാറുകുട്ടി അടുക്കളയിലാണു്. പദ്മിനി സ്കൂളിൽ പോകാനുള്ള തിരക്കിലായിരിക്കും.
‘ദേവൂട്ടി അടിച്ചുവാര്വല്ലെ, അതു് നടക്കട്ടെന്നു് വച്ചു. അതിന്റെ എടേലു് ബുദ്ധിമുട്ടിക്കണ്ടല്ലോ.’
അയാളുടെ കണ്ണുകൾ അവളുടെ മുൻഭാഗത്തു് പരതുകയായിരുന്നു. കുമ്പിട്ടുനിൽക്കുമ്പോഴുള്ള അതിശയോക്തിയില്ലെങ്കിലും അവളുടെ മാറിടം അപ്പോഴും നിറഞ്ഞുതന്നെയിരുന്നു.
‘ഇമ്പ്രാൻ പൊയ്ക്കോളീ.’ അവൾ ഒരരുകിലേയ്ക്കു് ഒതുങ്ങിനിന്നുകൊണ്ടു് പറഞ്ഞു.
‘ദേവൂട്ടിടെ കുട്ടിയ്ക്ക്പ്പൊ എത്ര വയസ്സായി?’ അയാൾ പോകാൻ ഒരു ധൃതിയും കാണിച്ചില്ല.
‘അയിനു് ഈ മീനത്തിലു് രണ്ടു് തെകയും ഇമ്പ്രാനെ.’
‘മൊലകുടിയൊക്കെ നിർത്തീലെ?’ അവളുടെ മാറിലേയ്ക്കു നോക്കിക്കൊണ്ടു് അയാൾ ചോദിച്ചു.
ആ നോട്ടത്തിന്റെ ചൂടിൽ അവൾ ലജ്ജയോടെ തലതാഴ്ത്തിക്കൊണ്ടു് മൂളി.
‘നിന്റെ പണിയൊക്കെ കഴിഞ്ഞാലു് പത്തായപ്പെരേല്യ്ക്കു് വരണം. അവിട്യൊന്നു് വൃത്ത്യാക്കാന്ണ്ടു്. നെറയെ മാറാല്യാണു്.’
‘വരാംമ്പ്രാനെ.’
‘പാറുകുട്ടിയോടു് പറ്യൊന്നും വേണ്ട. അപ്പൊ വയ്ക്കും കോടാലി. പിന്നെ മതി, അല്ലെങ്കിൽ ഇനി ഏതായാലും എല്ലാടത്തും വൃത്തിയാക്കാറായിരിക്കുണു, അപ്പൊ ഒന്നിച്ചു് ചെയ്യാം. അങ്ങിനെ തൊടങ്ങും. നീ ചൂലും എടുത്തു് വന്നാ മതി.’
ദേവകി ഒന്നും പറഞ്ഞില്ല. താഴോട്ടു നോക്കി നിൽക്കുന്ന ദേവകിയെ ഒന്നും കൂടി ഉഴിഞ്ഞു നോക്കി മനസ്സിൽ വരച്ച ചിത്രം നന്നായി തെളിയിച്ചു് വിജയൻ മേനോൻ നടന്നു പോയി. ദേവകിയെ കടന്നു പോകുമ്പോൾ അയാൾ ഒന്നുകൂടി തിരിഞ്ഞു നോക്കി പറഞ്ഞു.
‘വരണംട്ടോ, മറക്കണ്ട.’
അയാളെ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്ന ദേവകി തലയാട്ടി.
വിജയൻ മേനോൻ നടന്നു പോയിട്ടും ദേവകി കുറച്ചു നേരം അനങ്ങാതെ നിന്നു. ദേവൂട്ടിയെന്നു് അവളുടെ അച്ഛൻ മാത്രമേ വിളിക്കാറുള്ളു. അമ്മയും ഇവിട്ത്തെ അമ്രാളും ദേവകിയെന്നു തന്നെയാണു് വിളിക്കാറ്. ഭർത്താവു് ദേവിയെന്നും. ദേവൂട്ടിയെന്ന വിളിയിൽ വല്ലാത്തൊരടുപ്പമുണ്ടു്. അതു് മരിച്ചുപോയ അച്ഛനെ ഓർമ്മിപ്പിക്കുന്നു. കുടി വല്ലാതെ ഏറുന്നതിനുമുമ്പു് അച്ഛൻ വൈകുന്നേരം വന്നാൽ അവളെ മടിയിലിരുത്തി മിട്ടായി തരാറുണ്ടു്. വിയർപ്പിന്റെയും കള്ളിന്റെയും മണവുമേറ്റു് അവൾ അച്ഛന്റെ മടിയിൽ ഇരിക്കും. അച്ഛൻ വരുമ്പോൾ കൊണ്ടു വന്ന മണിക്കടല മുമ്പിലുള്ളതു് അവളും വാരിത്തിന്നും. കള്ളിന്റെയും വിയർപ്പിന്റെയും മണത്തിനിടയിൽ പകൽ മുഴുവൻ വയലിൽ ഉഴുതതിന്റെ ബാക്കിപത്രമായ ചെളിഗന്ധം അവൾ അച്ഛന്റെ നെഞ്ചിൽ മുഖമമർത്തി ആസ്വദിക്കും. അവൾക്കാ മണം ഇഷ്ടമായിരുന്നു. പിന്നെ കുടി വല്ലാതെ കൂടിയപ്പോൾ എല്ലാം മാറിമറിഞ്ഞു. അച്ഛൻ വരുമ്പോഴേയ്ക്കു് അമ്മ അവളോടു് കിടന്നുറങ്ങാൻ പറയും. മടിയിലിരുത്തലും അച്ഛന്റെ ലാളനയും അവൾക്കു് അന്യമായി, അതോടൊപ്പം അവളുടെ കുട്ടിക്കാലവും.
അടുക്കളയുടെ വരാന്തയിലുള്ള കൊട്ടത്തളത്തിലാണു് പാത്രങ്ങൾ മോറുന്നതു്. രാവിലെ വന്ന ഉടനെ ദേവകി അടുപ്പിൽ നിന്നു് ചാരമെടുത്തു് ഒരു പഴയ അലൂമിനിയം തട്ടിലാക്കും. കഴുകാനുള്ള പാത്രങ്ങൾ വടക്കോറത്തു് കൊണ്ടുവന്നു വച്ചശേഷം ചാണകമെടുത്തു് അടുപ്പു് മെഴുകുന്നു. ചാരത്തിനോടൊപ്പം കുളത്തിൽനിന്നു് വാരിയെടുത്ത മണലും ചേർത്തു് അതുകൊണ്ടാണു് പാത്രം മോറുക. അത്യാവശ്യം ചായപ്പാത്രവും കഞ്ഞി അടുപ്പത്താക്കാനുള്ള ചെമ്പും കഴുകിക്കഴിഞ്ഞാൽ അവൾ വിറകുപുരയിൽ നിന്നു് കുറ്റിച്ചൂലുമെടുത്തു് മുറ്റമടിക്കാൻ ഇറങ്ങുന്നു. പടിക്കൽ നിന്നു തുടങ്ങി തെക്കേ മുറ്റത്തുകൂടെ അടിച്ചുവാരി പടിഞ്ഞാറുവഴി വടക്കോറത്തെത്തുമ്പോൾ അരമണിക്കൂറെങ്കിലും കഴിയും. മുറ്റമടിച്ചു കഴിഞ്ഞാൽ തിരിച്ചു വീണ്ടും വടക്കോറത്തെ വരാന്തയിലേയ്ക്കു പോയി പാറുവമ്മ അവൾക്കു വേണ്ടി വരാന്തയിൽ അടച്ചുവച്ച ചായ എടുത്തുകുടിച്ചു് പാത്രം മോറൽ തുടരുന്നു. അതിനിടയ്ക്കു് പാറുവമ്മ ആവശ്യപ്പെടുന്ന ചെറിയ പാത്രങ്ങളും കയ്യിലുകളും കഴുകിക്കൊടുക്കും. അതും കഴിഞ്ഞാൽ അടുക്കളയുടെ മുക്കിൽ തിരുമ്പാൻ മാറ്റിവച്ച തുണികൾ ഒരു ബക്കറ്റിലിട്ടു് ഷെൽഫിൽ നിന്നു് സോപ്പെടുത്തു് മീതെ വച്ചു് ബക്കറ്റുമെടുത്തു് കുളത്തിലേയ്ക്കു് യാത്രയാകും.
അമ്മയ്ക്കു് അസുഖമായി ജോലി നിർത്തിയതിനുശേഷം കഴിഞ്ഞ മൂന്നരക്കൊല്ലമായി ചെയ്തുവരുന്ന ജോലിയാണു്. പ്രസവസമയത്തു് രണ്ടു മാസം മാത്രമേ അതു് മുടങ്ങിയിട്ടുള്ളൂ. രാവിലെ നാലര മണിക്കു് എഴുന്നേറ്റു് കഞ്ഞിക്കലം അടുപ്പത്താക്കും. ഉറങ്ങുന്ന ഭർത്താവിനെയും അമ്മയെയും ശല്യം ചെയ്യാതെ മുറ്റമടിച്ചു വാരുന്നു. മുറ്റത്തു ഓല കൊണ്ടു് കെട്ടിയുണ്ടാക്കിയ കുളിമുറിയിൽ തലേന്നു കുടങ്ങളിൽ കോരിവച്ച വെള്ളമെടുത്തു് കുളി. കുളിമുറി എന്നു പറയുന്നതു് മെടഞ്ഞ ഓല ചുറ്റും മറച്ച, നടുവിൽ നിന്നുകുളിക്കാൻ രണ്ടു വെട്ടുകല്ലുകളും വെച്ച ഒരു സ്ഥലം മാത്രമാണു്. മേൽപ്പുരയൊന്നുമില്ല. പകൽ നേരത്തു് കുളിക്കുകയാണെങ്കിൽ തൊട്ടപ്പുറത്തുള്ള ഇടവഴിയിലൂടെ പോകുന്നവരുടെ നോട്ടം ഒഴിവാക്കാനായി ഒരു മുണ്ടു് രണ്ടു മുളം കാലുകളിലായി വിരിച്ചിടും. രാവിലെ ധനു മാസത്തിലെ തണുത്ത കാറ്റു് വീശുമ്പോൾ വെള്ളത്തിന്റെ തണുപ്പു് ഇരട്ടിക്കും. എങ്ങിനെയെങ്കിലും കുളി കഴിച്ചു് അവൾ വീട്ടിൽ കയറി, കഞ്ഞി വെന്തതു വാങ്ങിവച്ചു് ചായക്കുള്ള വെള്ളം അടുപ്പത്തു കയറ്റി ചമ്മന്തിയരക്കാൻ തുടങ്ങും. ചായയുണ്ടാക്കിയാൽ അവൾ ഭർത്താവിനെ വിളിക്കുന്നു. അതു കഴിഞ്ഞു് അമ്മയെയും. മോൾ ഉറക്കമായിരിക്കും.
ഇതൊക്കെ എന്നും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണു്. ഇന്നു് അതെല്ലാം ഓർക്കാനെന്താണു് കാരണമെന്നവൾക്കു മനസ്സിലായില്ല. അവളുടെ മനസ്സിൽ എന്തോ കടന്നുകൂടിയിട്ടുണ്ടു്. പണി കഴിഞ്ഞു് പത്തായപ്പുര വൃത്തിയാക്കാൻ വരാൻ തമ്പ്രാൻ പറഞ്ഞതാണോ? അതവൾ മുമ്പും ചെയ്യാറുള്ളതാണു്, പക്ഷേ, ഇന്നു രാവിലെ അതിനു് ഒരു പുതിയ അർത്ഥമുണ്ടാകുന്നുവെന്നവൾക്കു തോന്നി. തമ്പ്രാനുമായി അങ്ങിനെ നേരിട്ടു് സംസാരിക്കാൻ അവസരം കിട്ടാറില്ല. അപൂർവ്വം അവസരങ്ങളിൽ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു് പോകുകയാണു് പതിവു്. മിക്കവാറും പത്തായപ്പുര വൃത്തിയാക്കുന്നതു് തമ്പ്രാൻ ഇല്ലാത്ത സമയത്തായിരിക്കും. തമ്പ്രാൻ ഉണ്ടെങ്കിൽത്തന്നെ അവൾ അടിച്ചു വാരാൻ തുടങ്ങിയാൽ താഴോട്ടിറങ്ങി പോകുകയാണു് പതിവു്. വീട്ടിലേയ്ക്കു് കഞ്ഞി കുടിക്കാനോ അല്ലെങ്കിൽ പറമ്പിൽ ചാത്തയെക്കൊണ്ടു് കിളപ്പിക്കാനോ വേണ്ടി. പത്തായപ്പുര ഇരുനില കെട്ടിടമാണു്. താഴെ മൂന്നു മുറികളുള്ളതിൽ കിഴക്കെ അറ്റത്തുള്ള മുറിയിൽ രണ്ടു വലിയ പത്തായങ്ങളുണ്ടു്. അപ്പൂട്ടി അളന്നു തരുന്ന നെല്ലു് ആ രണ്ടു പത്തായങ്ങളിലാണു് നിറയ്ക്കുക. നടുവിലെ മുറിയിൽ മരം കൊണ്ടുള്ള വലിയൊരു അറയാണു്. നിലത്തു നിന്നു് രണ്ടടി ഉയരത്തിൽ തെക്കേ ചുമരോടു് ചേർന്നു് ഏകദേശം മുറിയുടെ പകുതിയോളം വലുപ്പത്തിലുള്ള ആ അറയിലാണു് ഓണക്കാലത്തു കൊണ്ടു വരുന്ന പഴക്കുലകളും വെള്ളരിക്കയും സദ്യയ്ക്കു മാത്രമുപയോഗിക്കുന്ന വലിയ പാത്രങ്ങളും ചരക്കുകളും സൂക്ഷിക്കുക. മുകളിൽ നടുവിലത്തെ മുറിയാണു് തമ്പ്രാൻ ഉപയോഗിക്കുന്നതു്. മുകളിലേയ്ക്കുള്ള കോണി ഇടനാഴികയിൽ നിന്നാണു്. ഉമ്മറവും ഇടനാഴികയും മുകളിൽ നടുവിലത്തെ മുറിയും മാത്രമേ അടിച്ചുവാരാറുള്ളു. മറ്റു മുറികൾ വിശേഷ ദിവസങ്ങളിൽ മാത്രം വൃത്തിയാക്കും.
അവൾ മുണ്ടിന്റെ അടിഭാഗമെടുത്തു് നനയാതിരിക്കാൻ എളിയിൽ തിരുകി കുളത്തിലേയ്ക്കിറങ്ങി. തുണികൾ ഓരോന്നായി എടുത്തു് കുളത്തിൽ മുക്കി കല്ലിന്മേൽ വച്ചു് സോപ്പു തേക്കുമ്പാൾ അവളുടെ കാലിൽ പരൽ മീനുകൾ വന്നു് കൊത്തുന്നുണ്ടായിരുന്നു. ഇക്കൊല്ലം തുലാവർഷം നന്നായി പെയ്തതു കാരണം കുളത്തിൽ നിറയെ വെള്ളമുണ്ടു്. എന്താണാവോ ഇക്കൊല്ലം ഏത്തം വച്ചു് നന തുടങ്ങിയിട്ടില്ല. പറമ്പു് ഉണങ്ങിത്തുടങ്ങിയിരുന്നു.
അവൾ തിരുമ്പിയ തുണികൾ ബക്കറ്റിലിട്ടു് വടക്കെ മുറ്റത്തു കെട്ടിയ അയലിൽ തോരാനിട്ടു. അവിടെ നിന്നു നോക്കിയപ്പോൾ തമ്പ്രാൻ കഞ്ഞികുടി കഴിഞ്ഞു് ഉമ്മറത്തു് വടക്കെ അറ്റത്തെ ഇരുത്തിമേൽ വച്ച കിണ്ടിയിൽ നിന്നു് വെള്ളമെടുത്തു് കുലുക്കുഴിഞ്ഞു് മുറ്റത്തേയ്ക്കു് നീട്ടിത്തുപ്പുന്നതു് കണ്ടു. ഇനി തമ്പ്രാനു് ഉമ്മറത്തു് ഒരു ഇരുത്തം പതിവുണ്ടു്. ആ സമയത്താണു് ദേവകി പത്തായപ്പുര അടിച്ചുവാരാറ്. അവൾ വേഗം ബക്കറ്റെടുത്തു് വടക്കോറത്തു് കമിഴ്ത്തി വച്ചു് വിറകുപുരയിലേയ്ക്കു് ചൂലെടുക്കാൻ പോയി.
‘പത്തായപ്പുര അടിച്ചുവാരി വരുമ്പോ വെറകുപെരേന്നു് നാലഞ്ചു് മടലു് എടുത്തു കൊണ്ടരണം ദേവകി.’ പാറുവമ്മ വിളിച്ചു പറഞ്ഞു.
‘ശരിമ്രാളെ…’ അവൾ നടന്നു. അടിച്ചു വാരിയ മുറ്റത്തു് മണലിൽ അവളുടെ കാലടികൾ പതിഞ്ഞു. ഇനി തിരിച്ചു വരുമ്പോഴാണു് അവൾ സ്വന്തം കാലടിപ്പാടുകൾ ശ്രദ്ധിക്കുക. അവൾക്കു് കണ്ടോറമ്പക്കാവിൽ താലപ്പൊലി സമയത്തു് ഭഗവതിയുടെ കളം വരച്ചതു് ഓർമ്മവരും.
ആദ്യം മുകളിലെ മുറിയാണു് അടിച്ചുവാരുക, അതുകഴിഞ്ഞു് കോണിയുടെ ഓരോ പടിയായി അടിച്ചു് താഴേയ്ക്കിറങ്ങിവരും. അവൾ ചൂലുമായി കോണി കയറുമ്പോൾ ആലോചിച്ചു. തമ്പ്രാൻ വരുമ്പോഴേയ്ക്കും മുകളിലെ മാറാല തട്ടി അടിച്ചുവാരൽ കഴിക്കണം. എന്തോ അവൾ അധീരയായിരുന്നു. അവൾ പേടിച്ചിരുന്നതു് വിജയൻ മേനോനെയായിരുന്നില്ല. തന്നെത്തന്നെയായിരുന്നു. കോണികയറി മുകളിലെത്തിയപ്പോഴാണവൾ തിരിഞ്ഞു നോക്കിയതു്. അവിടെ കോണിയ്ക്കു താഴെ അവളെ ഉറ്റുനോക്കിക്കൊണ്ടു് തമ്പ്രാൻ നിന്നിരുന്നു. അവൾ പെട്ടെന്നു് മുണ്ടിന്റെ തല ഉയർത്തി എളിയിൽ തിരുകിയതു് താഴ്ത്തിയിട്ടു. എത്രനേരമായാവോ തമ്പ്രാൻ അവിടെ നിന്നു നോക്കുന്നു.
കുറച്ചു നേരമായി. അവൾ നാലാമത്തെ പടികയറുമ്പോഴേയ്ക്കു് അയാൾ കോണിച്ചുവട്ടിലെത്തിയിരുന്നു. അവിടുന്നങ്ങോട്ടു് നല്ല കാഴ്ചയായിരുന്നു. കോണിയ്ക്കു മുമ്പിൽത്തന്നെ ജനൽ വച്ച മൂത്താശാരിയുടെ ഭാവനയെ വിജയൻ മേനോൻ മനസ്സിൽ ശ്ലാഘിച്ചു. ജനൽ കിഴക്കെ അറ്റത്തുള്ള പുറം മുറിയിലേയ്ക്കു തുറക്കുന്നതായിരുന്നുവെങ്കിലും ആ മുറിയുടെ ജനലുകളും തുറന്നിരുന്നതുകൊണ്ടു് എട്ടുമണി നേരത്തെ ഇളം വെയിൽ മറിച്ചു് ഇരുണ്ടു കിടക്കുന്ന ഇടനാഴിക ദീപ്തമാക്കി. ആ വെളിച്ചത്തിൽ മുകളിലേയ്ക്കു കയറിപ്പോകുന്ന ചെറുപ്പക്കാരിയുടെ ഉരുണ്ട കാൽ വണ്ണകളിലൂടെ മുകളിലേയ്ക്കു് നിറമുള്ള നഗ്നമായ തുടകളിലേയ്ക്കു് സഞ്ചരിക്കുന്ന കണ്ണുകളെ പിടിച്ചു നിർത്താൻ അയാൾക്കായില്ല. അയാൾ കോണി കയറാൻ തുടങ്ങി.
‘തമ്പ്രാൻ വരുമ്പഴയ്ക്കു് ഇവിട്യൊക്കെ വൃത്തിയാക്കാംന്നു് വിചാരിച്ചതാ. മാറാല തട്ടിത്തൊടങ്ങ്യാ ഇവ്ട്യൊക്കെ നല്ല പൊടിണ്ടാവും.’
അയാൾ താഴോട്ടിറങ്ങി പോകുകയാണെങ്കിൽ പോട്ടെ എന്നു കരുതിയാണു് ദേവകി പറഞ്ഞതു്.
‘സാരല്യ. ഞാനുംണ്ടെങ്കിലേ ശരിയാവൂ. നീ പടിഞ്ഞാറെ മുറീന്നു് ആ സ്റ്റൂള് എടുത്തു് കൊണ്ടുവാ.’
ദേവകി ചൂൽ താഴെയിട്ടു് അടുത്ത മുറിയിലേയ്ക്കു പോയി സ്റ്റൂൾ എടുത്തുകൊണ്ടു വന്നു. അയാൾ അകത്തു കടന്നു. സ്റ്റൂൾ ഒരു മൂലയിലിട്ടശേഷം അവൾ ചൂലുമായി അതിനു മുകളിൽ കയറി. ശരിയാണു് മാറാലയുണ്ടു്. അതു തട്ടിത്തുടങ്ങുമ്പോഴാണു് അവൾ കണ്ടതു് വിജയൻ മേനോൻ സ്റ്റൂളിന്റെ മൂലയിൽ പിടിച്ചുകൊണ്ടു് നിൽക്കുകയാണു്.
‘ഇമ്പ്രാൻ പിടിക്ക്യൊന്നും വേണ്ട.’
‘അതു സാരല്ല്യ. സ്റ്റൂളെങ്ങാൻ ഇളകി നീ താഴത്തെത്തിയാലോ?’
അവൾ ഒന്നും പറയാതെ ജോലി തുടർന്നു. പക്ഷേ, അവൾ അസ്വസ്ഥയായിരുന്നു. എന്തിനാണെന്നു് അവൾക്കു തന്നെയറിയില്ല. തമ്പ്രാൻ ഇങ്ങിനെയൊന്നുമായിരുന്നില്ല. അടുത്ത കാലത്തു് അദ്ദേഹത്തെക്കുറിച്ചു് ഓരോന്നു കേൾക്കാൻ തുടങ്ങിയിരുന്നു. കുട്ടപ്പന്റെ കുടിയിലു് പോകാറുണ്ടെന്നും മറ്റും. അവൾക്കു് വലിയ അദ്ഭുതമൊന്നും തോന്നിയില്ല. പുരുഷന്മാർ കുടിക്കുന്നില്ല എന്നു കേൾക്കുമ്പോഴാണു് അവൾക്കു് അദ്ഭുതം തോന്നാറ്. അച്ഛൻ എന്നും കുടിച്ചു വന്നിരുന്നതുകൊണ്ടു് അതു് പൗരുഷത്തിന്റെ ചിഹ്നമായി അവൾ അംഗികരിക്കുക കൂടി ചെയ്തിരുന്നു. ഭർത്താവു് ഗോപാലൻ അല്പസ്വൽപം കുടിക്കുമെന്നു മനസ്സിലായപ്പോൾ അവൾ അതത്ര കാര്യമാക്കാതിരുന്നതു് അതുകൊണ്ടാണു്. വയസ്സു കൂടുംതോറും കുടിയുടെ അളവു് കൂടുമെന്നും അവൾക്കറിയാം. പക്ഷേ, കുടിയോടൊപ്പം മറ്റു സ്വഭാവങ്ങളും വന്നുചേരുമെന്നതു് അവൾക്കു് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണു്. തന്റെ അടുത്തു താമസിക്കുന്ന കാച്ചാട്ടിലെ കൊച്ചമ്പ്രാനെപ്പറ്റി കേട്ടപ്പോൾ അവൾക്കു വല്ലാത്ത അദ്ഭുതമായി. അയാളുടെ ഭാര്യ ചന്ദ്രിക എന്തൊരു ഭംഗിയാണു്. ഉടുത്തൊരുങ്ങി അമ്പലത്തിൽ പോകുമ്പോൾ ദേവകി കണ്ണിമയ്ക്കാതെ നോക്കി നിൽക്കാറുണ്ടു്. വെണ്ണയുടെ നിറം, കടന്നു പോകുമ്പോൾ ചന്ദനത്തിന്റീം പനിനീരിന്റീം മണം. ചിരിക്കുമ്പോൾ എന്തു ഭംഗിയാണു്. പക്ഷേ, അയാൾക്കു് കീഴേട്ടിലെ കമലമ്മയുമായി ഏർപ്പാടുണ്ടത്രെ. ഭംഗീലു് ചന്ദ്രികേടെ അടുത്തൊന്നും നില്ക്കില്ല. നെറുംല്ല്യാത്ത ഒരു സാധനം. പിന്നെ എന്തിനാണു്? അല്പസ്വല്പം കുടിയുംണ്ടു്. ആ വീട്ടിൽ ജോലിയെടുക്കുന്ന നാരായണി അതു പറഞ്ഞ ദിവസം അവൾക്കു് ഉറക്കമുണ്ടായിട്ടില്ല. ദേവകി അങ്ങിനെയൊന്നുമായിരുന്നില്ല കരുതിയിരുന്നതു്.
ഈ തമ്പ്രാന്റെ അമ്രാളും ഇവിടെ വരാറുണ്ടു്. അല്പം തടിച്ചിട്ടാണെങ്കിലും വെളുത്തു് നല്ല ഭംഗിയുള്ള സ്ത്രീ. ആ തടിയും അവർക്കു് ഭംഗിയാണു്. അപൂർവ്വമായേ വരാറുള്ളു. എന്തോ അവർക്കു് ഈ വീട്ടിലെ കാര്യങ്ങളൊന്നും പിടിക്കിണില്ല്യ. പാറുവമ്മ പറയാറുണ്ടു്. ഇഷ്ടള്ളോരു് വന്നാ മതി. തണുത്ത മട്ടിലുള്ള ആ നാത്തൂൻപോരു് കണ്ടു് ദേവകി ചിരിക്കും.
അവൾ സ്റ്റൂളിൽനിന്നു് ഇറങ്ങി. തമ്പ്രാൻ പിടിക്കാത്ത ഭാഗത്തു് അവൾ സൂക്ഷിച്ചാണു് ഇറങ്ങിയതു്. സ്റ്റൂൾ നീക്കിയിട്ടു് അവൾ വീണ്ടും കയറി. ഒരുപക്ഷേ, താൻ വിചാരിക്കുന്ന പോലെയൊന്നുംണ്ടാവില്ല. തമ്പ്രാനു് അങ്ങിനത്തെ ഉദ്ദേശ്യൊന്നുംണ്ടാവില്ല. അവൾ ആശ്വസിച്ചു. തട്ടിൽ ആ ഭാഗവും വൃത്തിയാക്കി അവൾ ഇറങ്ങാനായി ഒരുങ്ങി. പെട്ടെന്നാണതുണ്ടായതു്. അവൾ ഇറങ്ങാനുദ്ദേശിച്ച സ്ഥലത്തേയ്ക്കു് തമ്പ്രാൻ നീങ്ങി. ഒരു നിമിഷത്തിന്റെ അനിശ്ചിതത്വം. അവൾ മറുഭാഗത്തേയ്ക്കു് ഇറങ്ങാൻ നോക്കി. പക്ഷേ, കാലുകൾ ആദ്യം ഇറങ്ങാൻ ഉദ്ദേശിച്ചിടത്തേയ്ക്കു തന്നെ നീങ്ങി. അവൾക്കു് പെട്ടെന്നു് അടിതെറ്റി. അവൾ തമ്പ്രാന്റെ കൈകളിലേയ്ക്കു് വീണു.
തമ്പ്രാൻ അവളെ മുറുകെ പിടിച്ചിരിക്കയായിരുന്നു. അവൾ ഒന്നും ചെയ്യാൻ കഴിയാതെ അയാളുടെ കൈകളിൽ കിടക്കുന്നു. സാവധാനത്തിൽ, വളരെ സാവധാനത്തിൽ അവളെ ഇറക്കിവച്ചു് അയാൾ അവളെ പിടിച്ചുകൊണ്ടു് നിന്നു. അവൾ കുതറുകയൊ മാറാൻ ശ്രമിക്കുകയോ ചെയ്തില്ല. അവൾ സ്തബ്ധയായിരുന്നു. എന്താണു് സംഭവിച്ചതു് എന്നു മനസ്സിലാക്കാൻ അവൾക്കു് കുറച്ചു സമയം വേണ്ടിവന്നു. അവൾ അയാളുടെ കൈ വേർപിടുവിച്ചു് മാറിനിന്നു.
‘ഞാൻ പിടിച്ചില്ല്യായിരൂന്നൂവെങ്കിലു് നന്നായേനെ.’
ദേവകി ചിരിക്കാൻ ശ്രമിച്ചു.
‘ഇനി പിന്നെ മതി. നീ കുറച്ചുനേരം അവിടെ ഇരിക്കു്.’
അയാൾ കൈപിടിച്ചു് അവളെ സ്റ്റൂളിന്മേൽ ഇരുത്തി. വീണു കിട്ടിയ ഭാഗ്യത്തിനു് ദൈവത്തോടു് നന്ദി പറഞ്ഞു് അയാൾ അവളുടെ ചുമലിൽ പിടിച്ചുകൊണ്ടു് ചോദിച്ചു.
‘വെഷമം ഒന്നുല്ല്യല്ലോ?’
അവൾ തലയാട്ടി. അയാളുടെ കൈകൾ അപ്പോഴും അവളുടെ ചുമലിലും പുറത്തുമായി സഞ്ചരിക്കുകയാണു്. നിരുപദ്രവമെന്നു് തോന്നിക്കുന്ന ചലനങ്ങൾ. അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റു നടക്കാൻ കുറച്ചു സമയം വേണ്ടിവരും. വല്ലാത്തൊരു വീഴ്ചയാവേണ്ടതാണു്. ഒരാലംബവുമില്ലാതെ വീണതാണു്. ചുവരിൽ പിടിക്കാൻ നോക്കി, പിടുത്തം കിട്ടുന്നില്ല. അപ്പോഴാണു് തമ്പ്രാൻ താങ്ങിയതു്. അതുകൊണ്ടു് ഒരു പോറൽ പോലുമില്ലാതെ രക്ഷപ്പെട്ടു. അവൾക്കു് അയാളെ ഒരു വിധത്തിലും കുറ്റം പറയാൻ പറ്റിയില്ല. അയാൾ ചെയ്തതു് കുറ്റമറ്റതായിരുന്നു. അതുകൊണ്ടു് അയാൾ ചേർന്നുനിന്നു് പുറം തലോടുമ്പോൾ ഒന്നും പറയാനാവാതെ ഇരുന്നു. എഴുന്നേറ്റു നടക്കാമെന്നായപ്പോൾ അവൾ എഴുന്നേറ്റു.
‘ശരിയായി, ഇനി അടിക്കാം.’
അയാൾ അപ്പോഴും അവളോടു് ചേർന്നു നിൽക്കുക തന്നെയാണു്. അയാൾ പറഞ്ഞു.
‘ശരി, ഇനി സൂക്ഷിക്കണം കെട്ടോ.’
അവൾ തലയാട്ടിക്കൊണ്ടു് സ്റ്റൂളിന്മേൽ കയറി. അയാൾ സ്റ്റൂൾ പിടിച്ചു കൊടുത്തു, അവൾ ഇറങ്ങുമ്പോൾ ഒരനുഷ്ഠാനം പോലെ അയാൾ അവളുടെ കൈപിടിച്ചു് സഹായിച്ചു. അവൾ ആലോചിക്കുകയായിരുന്നു. എന്താണു് സംഭവിക്കുന്നതു്. അവൾക്കു് ഒറ്റയ്ക്കു് ചെയ്യാൻ പറ്റിയിരുന്ന ഒരു കാര്യത്തിനാണു് ഇപ്പോൾ വലിയൊരു സഹായം നിർബ്ബന്ധിതമായി നീണ്ടു വരുന്നതു്. തനിക്കതു തട്ടിമാറ്റിക്കൊണ്ടു് പറയാം താനൊറ്റയ്ക്കു് ചെയ്തുകൊള്ളാമെന്നു്. പക്ഷേ, നാവു വഴങ്ങുന്നില്ല. സ്നേഹം എന്നതു് അവളെ സംബന്ധിച്ചേടത്തോളം ഒരപൂർവ്വവസ്തുവായിരുന്നു. അച്ഛൻ അവളെ സ്നേഹിച്ചിരുന്നു, മടിയിൽ കയറ്റിയിരുത്തിക്കൊണ്ടു് അദ്ദേഹം അതു പ്രകടിപ്പിച്ചിരുന്നു. അമ്മയാണതു നിർത്തിയതു്. കുറച്ചുകൂടി വലുതായപ്പോൾ അവൾക്കതിന്റെ കാരണം മനസ്സിലായി. അമ്മ അവളോടു് ഒരിക്കലും സ്നേഹം കാണിച്ചിട്ടില്ല. മനസ്സിൽ സ്നേഹം ഉണ്ടെന്നറിയാം. പക്ഷേ, അതനുഭവിക്കണമെങ്കിൽ കാട്ടുക തന്നെ വേണം. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ കിട്ടിയ ആൾ സ്നേഹം ഒട്ടും കാണിക്കാത്ത ആളാണു്. ഇല്ലാത്ത സാധനം എങ്ങിനെ കാണിക്കുമെന്നുകൂടി അവൾ ആലോചിക്കാറുണ്ടു്. അയാളുടെ ആവശ്യങ്ങൾ നടത്തുക എന്നതിനപ്പുറം ഒന്നുമില്ല. അങ്ങിനെയിരിക്കുമ്പോഴാണു് തമ്പ്രാൻ ഇങ്ങിനെ കൈനീട്ടി വരുന്നതു്. അതു് സ്നേഹമല്ല പ്രകടനാന്മകത മാത്രമാണെന്നു് വിശ്വസിക്കാൻ അവൾ തയ്യാറായില്ല. അവളുടെ ഉള്ളിലുള്ള എന്തോ ഒന്നു് അങ്ങിനെ ചിന്തിക്കുന്നതിൽ നിന്നു് വിലക്കുകയാണു്. വീണു കിട്ടിയതു് മുക്കുപണ്ടമായാലും ശരി അവൾ എടുത്തണിയുകയാണു്.
വിജയൻ മേനോൻ സംസാരിക്കാൻ തീർച്ചയാക്കി. അതാണു് ഒരു സ്ത്രീയുടെ ഹൃദയത്തിലേയ്ക്കുള്ള എളുപ്പവഴിയെന്നയാൾ മനസ്സിലാക്കിയിരുന്നു. തനിക്കാണെങ്കിൽ ആ വഴിയിലൂടെ നടക്കാനിഷ്ടവുമാണു്. ദേവകിയുമായി ഇതിനുമുമ്പു് കാര്യമായ സംസാരമൊന്നുമുണ്ടായിട്ടില്ല. ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയുള്ള, ഒന്നോ രണ്ടോ വാക്യത്തിലൊതുങ്ങുന്ന നിർദ്ദേശങ്ങൾ മാത്രം. ഇപ്പോൾ അവൾ തൊട്ടടുത്തു് നിൽക്കുമ്പോൾ സംസാരിക്കാൻതന്നെ വിജയൻ മേനോൻ തീർച്ചയാക്കി.
‘ദേവൂട്ടിടെ മോൾ എങ്ങിനെയാണു്. തടിയൊക്കെണ്ടോ? നിന്നെപ്പോലെയാണോ?’ അവളെ ഒരിക്കൾക്കൂടി സ്റ്റൂളിൽനിന്നു് ഇറങ്ങാൻ സഹായിച്ചുകൊണ്ടു് അയാൾ ചോദിച്ചു.
‘ങും, എന്നെപ്പോലന്ന്യാ. നെറുംണ്ടു് തടിംണ്ടു്.’
‘അവളെങ്ങനാ സംസാരിക്കാനൊക്കെ തൊടങ്ങ്യോ.’
‘എന്തൊക്ക്യൊ പറേണ്ണ്ടു്.’
‘പെങ്കുട്ട്യോള് വേഗം സംസാരിക്കാൻ തൊടങ്ങും.’
‘ഇപ്പൊ വീട്ടിന്റുള്ളിലൊക്കെ ഓടിനടക്ക്ണ്ണ്ടു്.’
‘അത്യോ? അവൾക്കു് പണ്ടങ്ങളൊക്കെ പണിതു് കൊടുക്ക്ണ്ണ്ടോ ഗോപാലൻ?’
‘ഇല്ലമ്പ്രാ. അയാക്കതിനെവിട്യാ പണം. പോരാത്തതിനു് കുടീംണ്ടു്. ഒരു മാല അമ്മ വാങ്ങിക്കൊടുത്തത്ണ്ടു്. ഒരരഞ്ഞാണം വാങ്ങണംന്നു് ഞാൻ കൊറ്യായി പറേണു. അതിനൊന്നും യോഗല്ല്യാന്നു് തോന്നുണു.’
പറഞ്ഞപ്പോഴാണവൾ ഓർത്തതു്, വേണ്ടിയിരുന്നില്ല. ഭർത്താവിന്റെ കുടിയെപ്പറ്റി പറഞ്ഞുവെന്നതല്ല, അതു പറഞ്ഞതു് കുടി പുതുതായി ശീലമാക്കിയ ഒരാളോടാണെന്നതു് അവളെ വിഷമിപ്പിച്ചു. അതോർമ്മ വന്നപ്പോൾ അവൾ കൂട്ടിച്ചേർത്തു.
‘അല്ലങ്കിപ്പൊ കുടിക്കാത്തോരു് ആരാള്ളതു? പക്ഷേ, വീട്ടീത്തെ കാര്യും നോക്കണ്ടെ?’
‘എന്നാ നെന്റെ മോൾടെ പെറന്നാള്?’
‘ഈ മീനമാസം രണ്ടാന്തി മ്പ്രാനെ.’
‘ങാ ഇനീംണ്ടല്ലോ ഒരു മാസത്തിലധികം. അതിനെടേലു് ഞാനൊരു അരഞ്ഞാണം വാങ്ങിത്തരാം നെന്റെ മോക്കു്. പോരെ?’
അവൾ വിശ്വാസമാവാത്ത പോലെ അയാളെ നോക്കി. ചില്ലറ കാര്യമല്ല ഒരരഞ്ഞാൺ കിട്ടുകയെന്നതു്. അവൾ വളരെയധികം മോഹിച്ച ഒരു വസ്തുവാണതു്. അവൾക്കു് പെട്ടെന്നു് സങ്കടമായി. കണ്ണിൽ നിറഞ്ഞ വെള്ളം അവൾ മുണ്ടിന്റെ കോന്തലകൊണ്ടു് തുടച്ചു.
‘നീയെന്തിനാ അതിനു് കരയണതു? ഞാൻ അടുത്ത ആഴ്ച്യന്നെ അതു് പണിയിപ്പിച്ചു കൊണ്ടരാം, പോരെ?’
അവൾ തലയാട്ടി, നന്ദിപൂർവ്വം അയാളെ നോക്കി. അയാൾ അവളുടെ അരക്കെട്ടിലൂടെ കൈയ്യിട്ടു് അവളെ അടുപ്പിച്ചു. അവൾ എതിർപ്പൊന്നും കൂടാതെ അയാളോടു് ചേർന്നു നിന്നു. അയാൾ തഴുകുകയായിരുന്നു. അവളുടെ പുറത്തു്, താഴെ ഉയർന്ന ചന്തിമേൽ ഒക്കെ അയാളുടെ കൈകൾ സഞ്ചരിച്ചു. അതിനുമപ്പുറത്തു് പോകാൻ അയാൾ തല്ക്കാലം തയ്യാറായിരുന്നില്ല. അയാൾ നിൽക്കുന്നതു് സ്നേഹം പ്രതീക്ഷിച്ചു് കഴിയുന്ന ഒരു ചെറുപ്പക്കാരിയുടെ അടുത്താണു്. അവൾക്കു് വേണ്ടതു് കാമത്തിന്റെ പരുക്കൻ കാറ്റല്ല, സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ സുഗന്ധമുള്ള ഇളം വായുസ്പർശമാണു്.
സ്വന്തം മാനസാന്തരത്തിൽ അയാൾ അദ്ഭുതപ്പെട്ടു. ഏതാനും നിമിഷം മുമ്പു് വരെ അയാൾ സ്വപ്നം കണ്ടിരുന്നതു് എതിർപ്പു് വകവെയ്ക്കാതെത്തന്നെ കിടക്കയിൽ കിടത്തി ബലാൽക്കാരമായി അവളെ പ്രാപിക്കുന്നതാണു്. ഇപ്പോൾ അവൾ എതിർപ്പുകളില്ലാതെ കരവലയത്തിൽ നിൽക്കുമ്പോൾ അയാളുടെ ഹൃദയം അവളോടുള്ള സ്നേഹം കൊണ്ടു് നിറയുകയാണു്. അയാൾക്കവളെ വേണം, പക്ഷേ, സാവധാനത്തിൽ. നീണ്ടു നിൽക്കുന്ന ഒരു ബന്ധമായി അവൾ വേണമെന്നു് തോന്നിയപ്പോൾ അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു.
‘ഞാൻ ജോലി തീർക്കട്ടെ.’ അയാളുടെ കൈകളിൽ നിന്നു് പതുക്കെ മാറിക്കൊണ്ടു് അവൾ പറഞ്ഞു.
‘ഇനി മാറാല തട്ടലൊക്കെ നാളെ മതി. ഇന്നു് അടിച്ചുവാരി തുടച്ചാ മതി.’
അവൾ തലയാട്ടി.
‘നാളെ വരണം, ഞാണ്ടാവും ഇവ്ടെ.’
അവൾ തലയാട്ടിക്കൊണ്ടു് അടിച്ചു വാരാൻ തുടങ്ങി. അയാൾ കട്ടിലിന്റെ തലയ്ക്കൽ തലയിണവച്ചു് ചാരിയിരുന്നു് ദേവകി ചൂലുകൊണ്ടു് നിലത്തു് അടിച്ചുവാരുന്നതു് നോക്കി. അവളുടെ ഉരുണ്ട കൈകൾ ഈർക്കിൾചൂലിന്റെ കട മുറുകെ പിടിച്ചിരുന്നതു് കാമവികാരമുണർത്തുന്നതായിരുന്നു. അടിച്ചുവാരി ചൂൽ ഇടനാഴികയിൽ വെച്ചു്, അടുത്ത മുറിയിൽ സൂക്ഷിച്ച ഇരുമ്പു തൊട്ടിയും തുടയ്ക്കാനുള്ള തുണിയും എടുത്തു. ഓവുമുറിയിൽ നിന്നു് വെള്ളമെടുത്തു് അവൾ മുറിയിലേയ്ക്കു കടന്നു. തമ്പ്രാൻ നോക്കുന്നുണ്ടെന്നു് അറിയാമായിരുന്നെങ്കിലും അവൾക്കു് വിഷമമൊന്നുമുണ്ടായില്ല. മുറി മുഴുവൻ തുടച്ചു് ബക്കറ്റുമെടുത്തു് അവൾ പുറത്തു കടന്നു.
‘ദേവൂട്ടീ…’
തമ്പ്രാൻ അവളെ വിളിച്ചു.
‘എന്തോ.’
‘ഇവിടെ വരു, ഒരു മിനിറ്റ്.’
വിജയൻ മേനോൻ കട്ടിലിൽനിന്നിറങ്ങി. അവൾ അടുത്തു ചെന്നു.
‘ഞാൻ പോട്ടെ, അമ്രാള് കൊറച്ചു് മടലു് കൊണ്ടച്ചെല്ലാൻ പറഞ്ഞിട്ട്ണ്ടു്. വൈക്യാലു് എവിട്യായിരുന്നൂന്നു് ചോദിക്കും.’
അയാൾ അവളെ അമർത്തി കെട്ടിപ്പിടിച്ചു് കവിളിൽ ഉമ്മവച്ചു.
‘ശരി പൊയ്ക്കോ. ഇന്നിനി എടനാഴീം ഒന്നും തൊടയ്ക്കാൻ നിക്കണ്ട. നാളെയാവാം. താഴെ ഉമ്മറം മാത്രം അടിച്ചു വാര്യാ മതി. നാളെ വരണം കെട്ടോ.’
‘ശരിമ്പ്രാനെ.’
അവൾ ബക്കറ്റെടുത്തു് ഓവുമുറിയിൽ കൊണ്ടുപോയി കഴുകി കമിഴ്ത്തി വച്ചു. ചൂലെടുത്തു് കോണിയിറങ്ങി താഴേയ്ക്കു പോയി. ഇറങ്ങുന്നതിനനുസരിച്ചു് അവൾ കോണി ഓരോ പടിയായി അടിച്ചുവാരി. വിജയൻ മേനോൻ ഇടനാഴികയിൽ വാതിലിനടുത്തു വന്നുനിന്നു് ദേവകി ഇറങ്ങുന്നതു് നോക്കി. അവൾ മുഖമുയർത്താതെ അടിച്ചുവാരിക്കൊണ്ടു് ഇറങ്ങുകയാണു്. തല മുഴുവൻ കോണിക്കൂട്ടിൽ മറയുന്നതിനു മുമ്പു് അവൾ മുഖമുയർത്തി അയാളെ നോക്കി ചിരിച്ചു.
താൻ നാല്പതാം വയസ്സിൽ കാമുകനായി എന്നു് അദ്ഭുതത്തോടെ വിജയൻ മേനോൻ മനസ്സിലാക്കി. തിരിച്ചു് കട്ടിലിന്മേൽ വന്നിരുന്നപ്പോൾ അയാൾ ആലോചിച്ചതു് എങ്ങിനെ ഇങ്ങനെയൊക്കെ വന്നുപെട്ടു എന്നായിരുന്നു. ഇതൊന്നുമായിരുന്നില്ല അയാളുടെ മനസ്സിലുണ്ടായിരുന്നതു്. രാവിലെ പടിക്കൽവച്ചു കണ്ടപ്പോൾ അവളുടെ നിറഞ്ഞ ദേഹം അയാളെ വല്ലാതെ ഇളക്കിമറിച്ചു. എങ്ങിനെയെങ്കിലും ഒരു നേരമെങ്കിലും അവളെ കൈയ്യിൽ കിട്ടണമെന്നു് ആഗ്രഹിച്ചു. പത്തായപ്പുരയിലേയ്ക്കു വരാനും പറഞ്ഞു. അവൾക്കു് സമ്മതമാവില്ലെന്നും അല്പം ബലം പ്രയോഗിക്കേണ്ടി വരുമെന്നും കരുതി. അതിന്റെ ഭവിഷ്യത്തുകളെപ്പറ്റിയൊന്നും ചിന്തിച്ചില്ല. അങ്ങിനെയൊന്നുമല്ല പക്ഷേ, ഉണ്ടായതു്. സ്നേഹത്തിനുവേണ്ടി ഇപ്പോൾ അവൾ അയാളുടെ മേൽ ചായുകയാണു്. താനും കാമത്തിന്റെ വഴിവിട്ടു് അവളോടുള്ള സ്നേഹത്തെപ്പറ്റി ആലോചിക്കുന്നു. ഇന്നുതന്നെ തട്ടാൻ ദാമോദരനെ കാണണമെന്നും ദേവകിയുടെ കുട്ടിയ്ക്കുള്ള അരഞ്ഞാൺ ഉണ്ടാക്കാൻ പറയണമെന്നും അയാൾ തീർച്ചയാക്കി.
അയാൾ വേഷ്ടിയെടുത്തു് തോളത്തിട്ടു് താഴേയ്ക്കിറങ്ങി. അടിച്ചുവാരിയ മുറ്റത്തു് തന്റെയും ദേവകിയുടെയും കാലടികൾ ചേർന്നു പതിഞ്ഞു കിടക്കുന്നു. അവളുടെ കാലടികൾ എത്ര ചെറുതാണു്. പൂമുഖത്തു് കയറുമ്പോൾ എണ്ണക്കാരൻ കാദറിനെ കണ്ടു. അയാൾ എണ്ണട്ടിന്നും ഇറക്കിവച്ചു് തലയിലെ തുണിത്തെരിക എടുത്തു നിവർത്തി കുടഞ്ഞു് മൊട്ടത്തലയിലെയും മുഖത്തെയും വിയർപ്പു് തുടയ്ക്കുകയാണു്. ഉമ്മറത്തു് ഒതുക്കുകല്ലിൽ ഇരിക്കാൻ ഊന്നിയ കാദർ വിജയൻ മേനോനെ കണ്ടപ്പോൾ ഭവ്യതയോടെ എഴുന്നേറ്റുനിന്നു.
‘ഇരിക്കു് കാദറെ. വെല എങ്ങനെണ്ട്പ്പോ?’
‘കൊറച്ചു് കൂടീട്ട്ണ്ടു് ഏമാനെ. ടിന്ന്മ്മലു് രണ്ടുറുപ്പിക. ഇനീം കൂടുംന്നാ പറഞ്ഞു് കേക്കണതു്.’
‘കൂടട്ടെ. ഇങ്ങനെ വെല താണോണ്ടിര്ന്നാ തേങ്ങ വെറ്തെ കൊണ്ടെയ്ക്കോളാൻ പറഞ്ഞാക്കൂടി ആള്ണ്ടാവില്ലാ.’
‘തെങ്ങു് കേറ്റക്കാരൊക്കെക്കൂടി യൂണിയനുണ്ടാക്കാൻ പോണു, കൂലി ഇനീം കൂടുംന്നൊക്കെ കേക്കാന്ണ്ടു്.’
‘ഇനി അതും കൂട്യേ വേണ്ടു. ഒരു ഭാഗത്തു് തേങ്ങയ്ക്കു് ആവശ്യക്കാരില്ലാതാവാ, ഒപ്പം കൂലീം കൂടി വര്വാ. തെങ്ങൊക്കെ വെട്ടി എള്ള് വെതക്ക്യാ നല്ലത്ന്നു് തോന്നുണു. ഒക്കെ ഈ കമ്മ്യൂണിസ്റ്റ്കാരു് ചെയ്യണ പണ്യാ. എന്താ ചെയ്യ്യാ, നാടു് കുട്ടിച്ചോറാക്കാൻതന്നെ തീരുമാനിച്ചാലു്?’
ചക്കിൽ ആട്ടിയെടുത്ത വെളിച്ചെണ്ണയുടെ വാസന വായുവിൽ പടർന്നു. കാദർ ആഴ്ചയിൽ മൂന്നു ദിവസം വീട്ടുമുറ്റത്തുള്ള ചക്കിൽ കാളകളെ ഉപയോഗിച്ചു് എണ്ണയാട്ടുന്നു. ബാക്കി ദിവസങ്ങളിൽ എണ്ണട്ടിന്നും തലയിലേറ്റി വീടായ വീടുകൾ കയറിയിറങ്ങുന്നു. അപ്പോൾ ആയിശുമ്മ ചക്കിന്മേൽ കയറിയിരിക്കും. മാസത്തിൽ രണ്ടോമൂന്നോ ദിവസം ആട്ടുന്നതു് എള്ളാണു്. എള്ളെണ്ണയുംകൊണ്ടു് മാസത്തിലൊരിക്കലേ വരൂ. അതെന്നാണെന്നു് പതിവുകാർക്കു് അറിയാം.
വിജയൻ മേനോൻ അകത്തേയ്ക്കു പോയി. പാറുവമ്മ രണ്ടു കുപ്പികളുമായി വരുന്നുണ്ടു്.
‘ഏട്ടാ…’
‘ങൂം?’
‘രണ്ടു് മാസത്തെ പണം കൊട്ക്കാന്ണ്ടു് കാദറിനു്.’
‘എത്രണ്ടാവും?’
‘ഈ മാസം വാങ്ങണതും കൂട്ട്യാ മുപ്പതിലും മീതെ ആവും.’
‘തല്ക്കാലം ഇരുപതു് കൊട്ക്കു്. ബാക്കി അടുത്ത പ്രാവശ്യം വരുമ്പ കൊടുക്കാംന്നു് പറേ.’
അയാൾ കീശയിൽനിന്നു് പത്തിന്റെ രണ്ടു നോട്ടുകൾ എടുത്തു് പെങ്ങൾക്കു കൊടുത്തു.
‘ചെലവു് നല്ലോണം കൂട്ണ്ണ്ടു്. എന്താ എണ്ണ കുടിക്ക്ണ്ണ്ടോ ഇവിടെ ആരെങ്കിലും?’
അയാൾ മറുപടിയൊന്നും പ്രതീക്ഷിക്കാതെ കടന്നുപോയി. പാറുവമ്മ മറുപടിയൊന്നും കൊടുക്കാറില്ല. വെളിച്ചെണ്ണയ്ക്കു് നല്ല ചിലവുതന്നെയാണു്. പപ്പടമില്ലാതെ ആങ്ങളയ്ക്കു് ഊണുകഴിക്കാൻ പറ്റില്ല. അതു് രണ്ടുനേരവും വേണംതാനും. മെഴുക്കുപുരട്ടിയിലും അല്പം എണ്ണ കുറഞ്ഞാൽ മതി പറയും, ‘എണ്ണയ്ക്കു് ഇത്ര ദാരിദ്ര്യായോ?’ ദിവസവും തേച്ചുകുളിയുണ്ടു് മൂപ്പർക്കു് അതിനു് തന്നെ വേണം നാഴിയെണ്ണ. തലയിൽ തേക്കാൻ ജീരകമിട്ടു് നീരറുത്ത വെളിച്ചെണ്ണ വേറെ വേണം. എന്നിട്ടു് അതിനു പണം ചോദിക്കുമ്പോൾ…
വിജയൻ മേനോൻ ഒതുക്കുകൾ ഇറങ്ങുമ്പോൾ കാദർ രണ്ടു കുപ്പികളിൽ എണ്ണ നിറച്ചു് ടിന്നടയ്ക്കുകയാണു്. ടിൻ മരത്തിന്റെ അടപ്പുകൊണ്ടടച്ചു് പുറത്തു തൂവിപ്പോയ ഏതാനും തുള്ളി എണ്ണ വിരലുകൾകൊണ്ടു് തോണ്ടിയെടുത്തു് കാലിന്മേലും തലയിലും പുരട്ടുകയാണു് അയാൾ.
‘ഞാനൊന്നു് പൊറത്തെറങ്ങ്വാണു് കാദറെ.’
‘ങാ, ശരി ഏമാനെ…’ കാദർ ഭവ്യതയോടെ ചിരിച്ചുകൊണ്ടു് എഴുന്നേറ്റു.
എണ്ണക്കാരൻ നല്ല ശകുനമാണോ? വിജയൻ മേനോൻ ആലോചിച്ചു. നല്ലൊരു കാര്യത്തിനാണു് പോകുന്നതു്. അല്ലെങ്കിൽ ഇതിലൊക്കെ വല്ല കാര്യുംണ്ടോ.
തട്ടാൻ ദാമോദരന്റെ പണിപ്പുര വീട്ടിന്റെ തെക്കുവശത്തു് ഉണ്ടാക്കിയ ചായ്പിൽത്തന്നെയാണു്. ദാമോദരൻ പിച്ചളയുടെ കുഴലും പിടിച്ചു് ഊതുകയാണു്. മുമ്പിലുള്ള ബക്കറ്റുചൂളയിൽ ചിരട്ടയുടെ കനൽ ജ്വലിച്ചു. അയാളുടെ തലയിലെ വെള്ളിനൂലുകൾ ചാഞ്ഞുവരുന്ന സൂര്യപ്രകാശത്തിൽ തിളങ്ങി.
‘ങാ, തമ്പ്രാനോ, ഇരിക്ക്യാ…’
അയാൾ എഴുന്നേൽക്കാതെ ഒരു സ്റ്റൂൾ നീക്കിയിട്ടുകൊടുത്തു. അതിന്മേൽ ഇരുന്നുകൊണ്ടു് അയാൾ തട്ടാൻ കുഴലുകൊണ്ടു് ഊതി കനൽ ജ്വലിപ്പിച്ചു് ഒരു സ്വർണ്ണത്തകിടു് തിരുകിവയ്ക്കുന്നതു് നോക്കി. കുഴൽ നിലത്തുവച്ചു് അയാൾ കണ്ണടയിലൂടെ വിജയൻ മേനോനെ നോക്കി.
‘എന്താണാവോ വേണ്ടതു്.’
‘ഒരരഞ്ഞാണാ വേണ്ടതു് ദാമോദരാ, രണ്ടു വയസ്സായ കുട്ടിയ്ക്കു്.’
‘ആരാണാവോ?’
‘ഭാര്യവീട്ടില്ത്തെ ഒരു കുട്ടിയാണു്. പെൺകുട്ടി. ഒരുമാതിരി കനം ആയിക്കോട്ടെ.’
‘മുത്തരഞ്ഞാണല്ലെ. അതാ കുട്ട്യോൾക്കു് നല്ലതു്.’
രാവിലെ ദേവകിയെ സ്റ്റൂളിന്മേൽനിന്നു് ഇറക്കുമ്പോൾ അവളുടെ അരക്കെട്ടിലൂടെ കൈ ഓടിച്ചതു് വിജയൻ മേനോൻ ഓർത്തു. അവളുടെ അരക്കെട്ടിന്റെ മിനുസവും ഉറപ്പും ഓർമ്മ വന്നപ്പോൾ അയാൾ പറഞ്ഞു.
‘ആയിക്കോട്ടെ.’
‘ഒരു ഒന്നരപ്പവൻ വരും, കൊഴപ്പല്ല്യല്ലോ. അതിലും കൊറച്ചുംണ്ടാക്കാം, പക്ഷേ, ഞണുങ്ങിപ്പോവും.’
‘വേണ്ട കൊറയ്ക്കണ്ട. ഒന്നര്യന്നെ ആയിക്കോട്ടെ. എപ്പഴേയ്ക്കാ ആവാ?’
‘ഒരഞ്ചീസം പിടിക്കും, പോരെ?’
‘ങാ, മതി.’
തട്ടാൻ ആവശ്യപ്പെട്ട അച്ചാരവും കൊടുത്തു് പുറത്തിറങ്ങിയപ്പോൾ വിജയൻ മേനോനു് തോന്നിയതു് കുട്ടപ്പന്റെ കുടിലിലു് കേറി ആഘോഷിക്കാനായിരുന്നു. ഇത്രയും രാവിലെ കുടിച്ചാൽ ശരിയാവില്ലെന്നു തോന്നിയപ്പോൾ അതു വേണ്ടെന്നു വച്ചു. ഏതായാലും രാവിലെത്തൊട്ടു് ലഹരിയിലാണു്. ഇനി നാളെ രാവിലെവരെ കാക്കണം, കൂടുതൽ ലഹരിയ്ക്കു്.
അറുമുഖനു് പേടി പിടിച്ചിട്ടുണ്ടാവുമെന്നാണു് പദ്മിനി കരുതിയതു്. അങ്ങിനെയൊന്നുമല്ല കാര്യമെന്നു് അവനെ കണ്ടപ്പോൾ മനസ്സിലായി. അവൻ ഒരു പച്ചളിപ്പാമ്പിനെപ്പിടിച്ചു് ഉയർത്തിക്കാട്ടുകയാണു്.
‘കൊച്ചമ്പ്രാട്ടീ, ഒരു് പച്ചളിപ്പാമ്പു്.’
പദ്മിനിയ്ക്കു് അറപ്പാണുണ്ടായതു്. അവൾ പറഞ്ഞു.
‘അതിനെ വലിച്ചെറിയ് അറുമുഖാ. അതു് കടിക്കും.’
അറുമുഖൻ അതിനെ മുഖത്തിനെതിരെ പിടിച്ചു് പരിശോധിക്കുകയാണു്. പാമ്പു് മരണഭയത്തോടെ അവന്റെ മെലിഞ്ഞ കൈകളിൽ ചുറ്റി.
‘ഇതു് കടിക്കൂലാ കൊച്ചമ്പ്രാട്ടീ.’
‘അതു് കണ്ണിലു് കൊത്തും. നീ അതിനെ വലിച്ചെറിയ്.’
അതൊരു കാവത്തിൻ വള്ളി പോലെ അറുമുഖന്റെ കയ്യിൽ ചുറ്റിപ്പിടിച്ചിരിക്കയാണു്. നല്ല ബുദ്ധി തോന്നിയെന്നു തോന്നുന്നു, അവൻ സാവധാനത്തിൽ അതിനെ കയ്യിൽ നിന്നു് അടർത്തിയെടുത്തു് വേലിയിൽ പടർന്നു പിടിച്ച വള്ളികൾക്കു മീതെ വച്ചു. പാമ്പു് അവനെ കൗതുകത്തോടെ നോക്കി വലിയ ധൃതിയൊന്നും കാണിക്കാതെ ഇഴഞ്ഞു പോവുകയും ചെയ്തു.
‘ന്റട്ത്തു് നെന്നെ കടിച്ച പാമ്പിന്റെ പടംള്ള പുസ്തകംണ്ടു്.’ പദ്മിനി പറഞ്ഞു.
‘സ്കൂളീ പടിക്കണതാ?’
‘പണ്ടു് പഠിച്ചിര്ന്ന പുസ്തകാ. അതിലു് അണ്ണാൻണ്ടു്, മൊയല്ണ്ടു്, നരീം പുലീം ഒക്കെണ്ടു്. നെനക്കു് കാണണോ?’
പാമ്പിന്റെയും അണ്ണാന്റെയും ഒക്കെ പടമുള്ള പുസ്തകം! അവനോടക്കാര്യം ആരും ഇതുവരെ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ അവൻ പഠിത്തം തുടർന്നേനെ. ഒന്നാം ക്ലാസ്സിൽ കുറച്ചു ദിവസം ഇരുന്നപ്പോൾത്തന്നെ അവനു് മതിയായി. ഉച്ചയ്ക്കു് പാൽപ്പൊടിയിട്ടു തിളപ്പിച്ചുണ്ടാക്കിയ പാൽ കുടിക്കാൻ കിട്ടുമെന്ന ഒരേ ഒരു കാര്യത്തിനു് ദിവസം മുഴുവൻ ക്ലാസ്സുമുറിയിൽ ചടഞ്ഞിരിക്കുന്ന പരിപാടി അവനു് ഇഷ്ടപ്പെട്ടില്ല. കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടോ എന്നു നോക്കാനായി അവൻ ഒരാഴ്ച മഴകൊണ്ടു് തണുത്തുവിറച്ചു് സ്കൂളിൽ പോയി. അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഒരു ദിവസം വെറുതെ പറമ്പിൽ അലഞ്ഞുതിരിഞ്ഞാൽ പഠിക്കാമെന്നവൻ മനസ്സിലാക്കി. പോരാത്തതിനു് ഒരു ഗ്ലാസ്സ് പാലിനുവേണ്ടി സ്വാതന്ത്ര്യം പണയംവയ്ക്കാൻ അവൻ തയ്യാറായതുമില്ല. പിന്നെ അങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല.
അവൻ തലയാട്ടി.
‘എന്നാ വാ, ഞാൻ എടുത്തുകൊണ്ടരാം.’
പദ്മിനി ഓടിപ്പോയി. അകത്തു തപ്പി പുസ്തകമെടുത്തു കൊണ്ടുവന്നപ്പോഴേയ്ക്കും അറുമുഖൻ പടി കടന്നു് മുറ്റത്തേയ്ക്കുള്ള നടപ്പാതയിലെത്തിയിരുന്നു. പദ്മിനി രണ്ടാം ക്ലാസ്സിൽ പഠിച്ച പുസ്തകമായിരുന്നു അതു്. പുസ്തകം തുറന്നു് പാമ്പിന്റെ പടമുള്ള പേജെടുത്തു് അവൾ അറുമുഖനെ കാണിച്ചു. അവന്റെ കണ്ണു തള്ളിപ്പോയി. ചിത്രത്തിന്റെ ചുവട്ടിൽ പാമ്പു് എന്നെഴുതിയതു ചൂണ്ടിക്കാട്ടി അവൻ ചോദിച്ചു.
‘ഇതു് പാമ്പ്ന്നു് എയ്തീതാ?’
അവനു് എഴുതാനും വായിക്കാനും ഒട്ടും അറിയില്ലെന്ന ധാരണ പദ്മിനിയ്ക്കുമുണ്ടായിരുന്നില്ല. അവൾ ചോദിച്ചു.
‘അപ്പൊ നെനക്കു് എഴുതാനും വായിക്കാനും ഒട്ടും അറീല്ലേ?’
അവൻ ഇല്ലെന്നു് അല്പം ദൈന്യതയോടെ തലയാട്ടി.
‘നെനക്കു് പഠിക്കണോ അറുമുഖാ?’
അറിവു നേടുന്നതിന്റെ വിഷമമാർഗ്ഗങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും അവൻ കുറച്ചുനേരം വിചിന്തനം നടത്തി. അതിന്റെ ഒടുവിൽ പറഞ്ഞു.
‘കൊച്ചമ്പ്രാട്ടി പടിപ്പിക്ക്യാച്ചാലു് ഞാൻ പടിക്കാം.’
‘നോക്കട്ടെ. ഞാൻ മണ്ടമ്മാരെ പഠിപ്പിക്കാറില്ല. അതുകൊണ്ടു് മണ്ടനല്ല എന്നതു് ഒരാഴ്ചക്കുള്ളിൽ തെളിയിക്കണം. പിന്നെ നീ എന്നേക്കാൾ മൂന്നു വയസ്സിനു് മൂത്തതാണെങ്കിലും ഗുരുനാഥ എന്ന നിലയ്ക്കു് എനിക്കു് ദക്ഷിണ തരണം.’
‘ദഷ്ഷിണാന്നു് വച്ചാലു്?’
‘ദഷ്ഷിണയല്ല, ദക്ഷിണ.’ അതെന്താണു്, എന്തിനാണു് എന്നു് അവൾക്കും വലിയ രൂപമില്ല. ‘ഒരു വെറ്റിലയും അടക്കേം വേണം. അതിന്റെ എടേലു് അരയണ വെച്ചു് എനിക്കു് തന്നിട്ടു് എന്റെ കാലു് തൊട്ടു് നിറുകേലു് വയ്ക്ക്യാ. അതാണു് ദക്ഷിണ.’
‘ന്റേലു് ഒരു മുക്കാല്ണ്ടു്.’ അവൻ ട്രൗസറിന്റെ പോക്കറ്റിൽ നിന്നു് ഒരു ഓട്ടമുക്കാലെടുത്തു പൊക്കിക്കാട്ടി. പദ്മിനി നോക്കി. പകുതിയെങ്കിൽ പകുതി. ഇനി കണ്ടോറമ്പക്കാവിലെ ഭഗവതിയ്ക്കു വഴിപാടു കൊടുക്കാൻ ഒരു മുക്കാലുംകൂടി മതിയല്ലൊ.
‘നീ നിക്കു്, ഞാൻ വെറ്റിലീം അടയ്ക്കീം കൊണ്ടരാം.’ അവൾ അകത്തേയ്ക്കോടി. വിജയൻ മാമയുടെ ചെല്ലം പടിഞ്ഞാറ്റയിലിട്ട ബെഞ്ചിന്മേലാണിരിക്കുന്നതു്. ജനലില്ലാത്ത മുറിയാണു് പടിഞ്ഞാറ്റ. പുറത്തെ വെളിച്ചത്തിൽ നിന്നു് വരിക കാരണം അവളുടെ കണ്ണു് മഞ്ഞളിച്ചിരുന്നു. അവൾ തപ്പി ചെല്ലമെടുത്തു് തുറന്നു് വാതിലിന്റെ വെളിച്ചത്തിൽ കൊണ്ടുവന്നു് ഒരു വെറ്റിലയും പകുതി അടയ്ക്കയും എടുത്തു. അറുമുഖൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
‘നീ കെഴക്കോട്ടു് തിരിഞ്ഞു് നിക്കു്.’ വെറ്റിലയും അടയ്ക്കയും കൈയ്യിൽകൊടുത്തു് പദ്മിനി പറഞ്ഞു.
‘ങാ, ഇനി മുക്കാലു് അതിന്റെ നടൂലു് വെച്ചിട്ടു് ന്റെ കയ്യീത്താ. ന്ന്ട്ടു് ന്റെ കാലു് തൊട്ടു് നെറുകേലു് വെയ്ക്കു്.’
അറുമുഖൻ പദ്മിനി പറഞ്ഞതുപോലെ ചെയ്തു, ഗുരുമുഖത്തുനിന്നു് ഇനി എന്താണു് വരാൻ പോകുന്നതെന്നറിയാൻ കാത്തുനിന്നു.
‘ഞാപ്പൊ വരാം. ഇതൊന്നു് കൊണ്ടേയ്ക്കട്ടെ.’ അവൾ അകത്തേയ്ക്കോടി. വിജയൻമാമ ചെല്ലം അന്വേഷിക്കുമ്പോഴേയ്ക്കു് വെറ്റിലയും അടയ്ക്കയും അതിന്റെ സ്ഥാനത്തുതന്നെ കൊണ്ടുപോയി വച്ചില്ലെങ്കിൽ അവളുടെ ഗുരുസ്ഥാനം അടിയിലായിരിക്കും കലാശിക്കുക. ആ ഓട്ടമുക്കാൽ അവൾ അവളുടെ സഞ്ചിയിൽ നിക്ഷേപിച്ചു. അവൾ തിരിച്ചുചെന്നപ്പോൾ അറുമുഖൻ നിലത്തു കുമ്പിട്ടിരുന്നു് മണ്ണിൽ എഴുതുകയാണു്. എഴുത്തു നിർത്തി അവൻ അവളെ നോക്കി ചിരിച്ചു. ചൂലിന്റെ പാടു് മാഞ്ഞിട്ടില്ലാത്ത മണലിൽ അവൻ എഴുതിയിരിക്കുന്നു. ‘പാമ്പു്.’ പാമ്പിനെപ്പോലെ അല്പം ഇഴയുന്നുണ്ടെങ്കിലും അക്ഷരങ്ങളെല്ലാം ശരിയാണു്. അറുമുഖൻ അവനു് ഇഷ്ടമുള്ള ജന്തുവിന്റെ പേരെഴുതി ഹരിശ്രീ കുറിച്ചിരിക്കയാണു്.
ദേവകി തുണിതിരുമ്പി തോരാനിട്ടു. വിറകുപുരയിൽനിന്നു് മടൽക്കഷ്ണങ്ങൾ കൊണ്ടുവന്നു് വീതനപ്പുറത്തു് അടുപ്പിന്റെ ചൂടേൽക്കുന്നിടത്തു് വച്ചു.
‘അമ്രാളെ, ഞാൻ പത്തായപ്പൊരേലു് അടിച്ചുവാരാൻ പോവാണു്.’
‘ദേവകീ, നീയാ ചൂലൊന്നു് തട്ടിന്റെ മോളിലൊക്കെ ഓടിക്കു്. നെറയെ മാറാല്യാണു്. എടയ്ക്കൊക്കെ മോളിലും കണ്ണു് പോണം’
‘അടിക്കാം മ്രാളെ.’
മനസ്സിൽ ചിരിച്ചുകൊണ്ടു് ദേവകി പറഞ്ഞു. അവൾക്കു് പത്തായപ്പുരയിലെത്താൻ ധൃതിയായിരിക്കുന്നു. മോൾക്കുള്ള അരഞ്ഞാണം തട്ടാനെ ഏല്പിച്ചുവോ എന്നറിയണം.
‘ദേവകീ നീ പോമ്പ പദ്മിനിയോടു് വന്നു് കഞ്ഞി കുടിക്കാൻ പറേ. സ്കൂളില്ലെങ്കി പിന്നെ ഓൾക്കു് കഞ്ഞീം വേണ്ട, ഊണും വേണ്ട.’
‘ങാ, മ്രാളെ.’
പദ്മിനി പടിക്കൽ ആ ചെറുമച്ചെക്കനുമായി സംസാരിച്ചു നിൽക്കുന്നതു് ദേവകി തുണി തോരാനിടുമ്പോൾ കണ്ടിരുന്നു. അവൾ വിറകുപുരയിൽ നിന്നു് ചൂലെടുത്തു് കിഴക്കെ മുറ്റത്തേയ്ക്കു നടന്നു. പദ്മിനി പടിക്കൽത്തന്നെയായിരുന്നു. അവൾ വിളിച്ചു പറഞ്ഞു.
‘പദ്മിനിമോളെ, അമ്മ കഞ്ഞി കുടിക്കാൻ വിളിക്ക്ണു്.’
പദ്മിനി ഒന്നു് തിരിഞ്ഞു നോക്കി, വീണ്ടും അറുമുഖനെ അക്ഷരം പഠിപ്പിക്കുന്നതിൽ വ്യാപൃതയായി.
പത്തായപ്പുരയുടെ കോണി കയറുമ്പോൾ അവളുടെ ഹൃദയം ശക്തിയായി മിടിച്ചു. തമ്പ്രാൻ ഇന്നു് എന്താണാവോ പറയുക? അവളുടെ കാലടി ശബ്ദം കേട്ടിട്ടാവണം തമ്പ്രാൻ വിളിച്ചു പറഞ്ഞു.
‘ദേവൂട്ടീ, ഇവിടെ വരു.’
അവൾ ചൂലുമായി മുറിയിലേയ്ക്കു കടന്നു. തമ്പ്രാൻ കട്ടിലിന്റെ തലപ്പത്തു് തലയിണ ചാരിവച്ചു് കാലും നീട്ടി ഇരിക്കയാണു്.
‘നെന്റെ മോള്ക്ക്ള്ള അരഞ്ഞാൺ ണ്ടാക്കാൻ ദാമോദരനോടു് പറഞ്ഞിട്ട്ണ്ടു്.’
ദേവകിയുടെ മുഖം വികസിക്കുന്നതു് നോക്കി വിജയൻ മേനോൻ പറഞ്ഞു. ‘നീയാ ചൂലു് നെലത്തിട്ടു് ഇങ്ങട്ടു് വാ.’
ദേവകി ചൂൽ ചുമരരികിൽ കൊണ്ടുപോയി വച്ചു കട്ടിലിന്നടുത്തു ചെന്നു.
‘ഇവിടെ ഇരിക്കു്.’
അൽപം നീങ്ങിക്കിടന്നു് കിടക്കയിൽ സ്ഥലമുണ്ടാക്കി അയാൾ പറഞ്ഞു. ദേവകി സംശയിച്ചു.
‘വേണ്ടമ്പ്രാ, ഞാവ്ടെ നിന്നോളാ.’
‘ഞാൻ പറേണതു് കേക്കു്, എന്താ ഇവിടെ എന്റടുത്തു് ഇരുന്നാൽ?’ ദേവകിയുടെ കൈ പിടിച്ചുകൊണ്ടു് വിജയൻ മേനോൻ പറഞ്ഞു. അവൾ സംശയിച്ചുകൊണ്ടു് കട്ടിലിന്റെ അറ്റത്തു് ഇരുന്നു. തമ്പ്രാൻ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെയ്ക്കുന്നതും ഒക്കെ ശരി, പക്ഷേ, ഒപ്പം ഇരിക്കുക എന്നതു് ശരിയാണോ? എത്ര വലിയ ആൾ.
‘മുത്തരഞ്ഞാണാണു് ണ്ടാക്കാൻ പറഞ്ഞിട്ട്ള്ളതു്. നല്ല കട്ടീലു് പണിയാൻ പറഞ്ഞിട്ട്ണ്ടു്. ഒന്നര പവനുണ്ടാവും. മുത്തുകള് ഞെണുങ്ങ്വൊന്നുംല്ല്യ.’
‘ഇമ്പ്രാന്റെ ദയോണ്ടു് ന്റെ മോക്കു് ഒരരഞ്ഞാണംണ്ടാവാൻ പോണു്.’ അവൾ നന്ദിയോടെ അയാളെ നോക്കി. അയാൾ കൈനീട്ടി അവളെ അടുപ്പിച്ചു.
‘അങ്ങന്യൊന്നും വിചാരിക്കണ്ട. നെനക്കു് എന്താ വേണ്ടത്ച്ചാലു് എന്നോടു് പറഞ്ഞാൽ മതി.’
അവൾ അയാളുടെ കൈകളിലായി. അവൾ ഇപ്പോൾ ഇരിക്കുകയല്ല അയാളോടു് ചേർന്നു് പാതി കിടക്കുകയാണു്. അയാൾ അവളുടെ ഇടത്തെ തുടകൾ പിടിച്ചു് കിടക്കയിലേയ്ക്കു കയറ്റി. അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾ ആർത്തിയോടെ പരതി. ദേവകി കണ്ണടച്ചു കിടക്കുകയാണു്. തനിക്കു് എന്തൊക്കെയോ സംഭവിക്കുന്നു. എന്താണെന്നു് വ്യക്തമല്ല. പക്ഷേ, അവൾക്കതു് ഇഷ്ടമാകുന്നുണ്ടു്. ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കുന്ന വിരലുകൾ തടയാൻ അവൾ ആഗ്രഹിച്ചു. പക്ഷേ, കഴിയുന്നില്ല. അവളുടെ കൈകൾ അയാളുടെ പുറത്തു് വിശ്രമിക്കുകയാണു്. ബ്ലൗസിന്റെ കുടുക്കുകൾ മുഴുവൻ വിടുവിച്ച കൈകൾ ബോഡീസിന്റെ കെട്ടഴിക്കുകയാണു്. അവൾ ഒന്നുകൂടി ചേർന്നു കിടന്നു. അവളുടെ കൈകൾ അയാളുടെ പുറത്തു് അള്ളിപ്പിടിക്കുകയാണു്. വിജയൻ മേനോന്റെ കൈകൾ വീണ്ടും താഴേയ്ക്കു് സഞ്ചരിച്ചു. മുണ്ടിന്റെ കുത്തു് അഴിയാൻ ധൃതിയായി അയഞ്ഞു കിടന്നു.
മുറ്റത്തു് ക്ലാസ്സു നടക്കുകയായിരുന്നു. അറുമുഖൻ നല്ല വിദ്യാർത്ഥിയാണെന്നു് പദ്മിനി കണ്ടു. പാമ്പു്, തത്ത, മൈന… അറുമുഖന്റെ പദസമ്പത്തു് വർദ്ധിച്ചു വരുംതോറും അവൾക്കു് ഉത്സാഹം കയറി. ഇക്കണക്കിനു പോയാൽ നാട്ടിലുള്ള സകല മൃഗങ്ങളെയും അക്ഷരങ്ങളുടെ കൂട്ടിലാക്കി അടയ്ക്കാൻ അവനു് എതാനും ദിവസങ്ങളെ വേണ്ടിവരൂ.
‘അറമുകാ…’ നീലിയുടെ ശബ്ദം വേലിക്കൽ നിന്നു് കേട്ടു.
‘നെന്റെ അമ്മ വിളിക്ക്ണ്ണ്ടു് അറുമുഖാ. ഇനി ബാക്കി പിന്നെ മതി.’ ഹോംവർക് ചെയ്യാൻവേണ്ടി പുസ്തകം അറുമുഖനെ ഏൽപിച്ചശേഷം പദ്മിനി അടുക്കളയിലേയ്ക്കോടി.
കഞ്ഞി കുടിക്കുമ്പോൾ അവൾ പറഞ്ഞു.
‘അമ്മേ എനിക്കൊരു മുക്കാലു് തരണം.’
‘എന്തിനാ?’
‘ഭഗവതിയ്ക്കു് വഴിപാടു് നേർന്നിട്ടില്ലേ, അരയണ. ഒരു മുക്കാലു് കിട്ടീട്ട്ണ്ടു്.’
‘എവിട്ന്നു് ?’
‘എനിക്കു് ഗുരുദക്ഷിണ കിട്ടീതാ.’
‘ഗുരുദക്ഷിണ്യോ?’
‘അതെ അമ്മെ, ഗുരുദക്ഷിണ.’
കാര്യമറിഞ്ഞപ്പോൾ അവർ ദേഷ്യപ്പെടുകയാണു് ചെയ്തതു്.
‘പാവം ആ ചെക്കൻ മിട്ടായി വാങ്ങാൻ കരുതിവച്ചതായിരിക്കും. എന്തിനാ അതു് വാങ്ങീതു? അത്പ്പൊത്തന്നെ തിരിച്ചുകൊടുക്കു്.’
‘പക്ഷേ, അമ്മേ അതു് അവനെ രക്ഷിക്കാൻവേണ്ടി വഴിപാടു് നേർന്നതല്ലെ?’
‘അതിനു് അവന്റെ അടുത്ത്ന്നാണോ വാങ്ങ്വാ? നമ്മടെ രണ്ടാളടേംകുടി വഴിപാടിന്ള്ള ഒരണ ഞാൻ ഭഗവതീടെ പടത്തിന്റെ മുമ്പിലു് വച്ചിട്ട്ണ്ടു്. വഴിപാടു് നേർന്നാ അപ്പത്തന്നെ പണം മാറ്റിവയ്ക്കണം, പിന്നെ അതുപയോഗിക്കാനൊന്നും പാടില്ല. നീ ഇപ്പത്തന്നെ ആ പണം അവനു് തിരിച്ചുകൊടുക്കണം.’
‘ഞാൻ പിന്നെ കൊടുക്കാം അമ്മെ. അവൻ കൊറച്ചു് കഴിഞ്ഞാലു് വരും.’
‘ആട്ടെ നീ എന്തിനാ അവന്റട്ത്ത്ന്നു് പണം വാങ്ങീതു?’
‘ഗുരുദക്ഷിണ്യാ അമ്മേ. ഞാനവനു് പാഠം പഠിപ്പിച്ചു കൊടുക്ക്വാണു്.’
കുനിഞ്ഞിരുന്നു് കഞ്ഞി കുടിക്കന്ന മകളെ പാറുവമ്മ നോക്കി. അവളുടെ മാറിൽ അല്പം തുടുപ്പു കാണുന്നതു് അവരെ അസ്വസ്ഥയാക്കി. അവൾക്കു് ഈ വരുന്ന മിഥുനത്തിൽ പതിനൊന്നു തികയും. പിന്നെ വയസ്സറിയിക്കാൻ വലിയ താമസമൊന്നുമുണ്ടാവില്ല.
‘നീ എന്താണു് ബ്ലൗസിടാതെ നടക്ക്ണതു്. രാവിലെ നല്ല തണുപ്പ്ണ്ടു്.’
‘വീട്ടീന്ന്ടണ ബ്ലൗസൊക്കെ കീറീരിക്കുണു അമ്മെ.’
‘ഞാന്താ ചെയ്യാ. നെന്റെ മാമയോടു് എത്ര്യായി പറേണു. ഇവ്ടത്തെ കാര്യങ്ങള് നടത്താൻ ഞാനിനി കക്കാൻ പോണ്ടിവരും. അപ്പൂട്ടി പാട്ടം അളക്ക്ണതോണ്ടു് പട്ടിണിയില്ല. അല്ലെങ്കിൽ റേഷൻ തൊട്ടു് വാങ്ങണ്ടി വര്വായിരുന്നു. അതെങ്കിലും നിക്കാഞ്ഞാ മത്യായിരുന്നു. നീയാ കീറ്യേ ബ്ലൗസൊക്കെ ഒന്നു് എടുത്തുവയ്ക്കു് ഞാൻ സമയം കിട്ടുമ്പോ തുന്നിത്തരാം. പിന്നെ ആ ചെക്കന്റെ മുമ്പിലു് ബ്ലൗസിടാണ്ടെ നിക്കര്തു്.’
അവൾക്കു് അമ്മ പറയുന്നതു് മനസ്സിലായില്ല. അവൾ ചോദിച്ചു.
‘അതോണ്ടെന്താ അമ്മെ?’
‘ഞാൻ പറേണതങ്ങട്ടു് കേട്ടാ മതി. നീ പോയിട്ടു് അവനോടു് കഞ്ഞികുടിക്കാൻ വരാൻ പറേ.’
അച്ഛനും, പിന്നീടു് ഭർത്താവുമുണ്ടായിരുന്നപ്പോൾ കാര്യങ്ങൾ ഇങ്ങിനെയൊന്നുമായിരുന്നില്ല. പുറത്തു് കൊടും ദാരിദ്ര്യം പാവപ്പെട്ടവരെ പട്ടിണിയിലാഴ്ത്തുമ്പോഴും വീട്ടിനുള്ളിൽ കാര്യങ്ങൾ ഭംഗിയായി നടന്നിരുന്നു. പാറുവമ്മ ഓർത്തു. ലക്ഷ്മി അന്നു് അഞ്ചാറു വയസ്സായ ദേവകിയെയും കൂട്ടിയാണു് പണിയ്ക്കു് വരാറ്. ദേവകിയെക്കൊണ്ടു് ജോലിയെടുപ്പിക്കാനല്ല, അവൾക്കു് എന്തെങ്കിലും തിന്നാൻ കിട്ടിക്കോട്ടെ എന്നു വച്ചായിരുന്നു. ലക്ഷ്മി ജോലിയെടുക്കുമ്പോൾ ദേവകി വടക്കോറത്തിനും താഴെ ഇറക്കത്തിലുള്ള ഉരൽപ്പുരയുടെ ചാണകം തേച്ച നിലത്തിരുന്നു് കളിക്കും. ഉച്ചയ്ക്കു് അരി വാർത്തുകഴിഞ്ഞാൽ ആ കുത്തരിക്കഞ്ഞിവെള്ളം കലത്തിലാക്കി ലക്ഷ്മി വീട്ടിലേയ്ക്കു കൊണ്ടുപോകും. തലേന്നു രാത്രി ബാക്കിവന്ന ചോറും അവൾ കലത്തിലാക്കി കൊണ്ടുപോകും. അതു് എന്നുമുണ്ടായെന്നു വരില്ല. ഈ ചോറ് കഞ്ഞിവെള്ളത്തിലിട്ടു തിളപ്പിച്ചായിരുന്നു അവൾ വീട്ടിൽ കഞ്ഞി വിളമ്പിയിരുന്നതു്. ഒരു ദിവസം ഓർമ്മയില്ലാതെ അമ്മ കഞ്ഞിവെള്ളം പശുവിനുള്ള കാടിവെള്ളത്തിലൊഴിച്ചു. അതറിഞ്ഞപ്പോൾ ലക്ഷ്മിക്കു് വിഷമമായി. കാടിവെള്ളം നിറച്ച പാത്രത്തിൽ നോക്കി അവൾ കുറച്ചുനേരം നിന്നു. അവളുടെ വാടിയ മുഖം പാറുവമ്മയ്ക്കു് ഇപ്പോഴും ഓർമ്മയുണ്ടു്. ‘ഒരീസം പശുക്കളും നല്ല വെള്ളം കുടിക്കട്ടെ ലക്ഷ്മി,’ എന്നു് പറഞ്ഞതിനു് ലക്ഷ്മി അന്നു് അമ്മയെ ശപിച്ചിട്ടുണ്ടാകും. വീട്ടിൽ അവളുടെ ഭർത്താവും സുഖമില്ലാത്ത അമ്മയും ഈ കഞ്ഞിവെള്ളം ആശ്രയിച്ചാണിരിക്കുന്നതു്.
അമ്മയ്ക്കു് ആങ്ങളമാരില്ലാഞ്ഞതുകൊണ്ടു് പാറുവമ്മയ്ക്കു് അമ്മാമന്മാരുടെ വക ദ്രോഹം സഹിക്കേണ്ടി വന്നില്ല. മുത്തച്ഛൻ നേരത്തെത്തന്നെ മൂന്നു മക്കൾക്കായി സ്വത്തുമുഴുവൻ ഭാഗിച്ചുവച്ചു. അമ്മയുടെ ചേച്ചി കല്യാണം കഴിഞ്ഞെങ്കിലും തറവാട്ടിൽത്തന്നെയായിരുന്നു താമസം. മുത്തച്ഛന്റെ ഏറ്റവും താഴെയുള്ള മകളുടെ കല്യാണം കഴിഞ്ഞിരുന്നില്ല. സുന്ദരിയാണെങ്കിലും അല്പം മുടന്തുണ്ടായിരുന്നതുകൊണ്ടാണു് കല്യാണമൊന്നും തരമാവാഞ്ഞതു്. പാറുവിനു് ചെറിയമ്മയെ ഇഷ്ടമായിരുന്നു. തറവാട്ടിൽ പോയാൽ അവരായിരുന്നു പാറുവിന്റെ കാര്യങ്ങളെല്ലാം നോക്കുക. കുളിപ്പിച്ചു കൊടുക്കും മുടി തോർത്തി വേറിടുത്ത ശേഷം പിന്നിയിട്ടു കൊടുക്കും. നാലുകെട്ടിൽ മിക്ക ദിവസങ്ങളിലും അർദ്ധരാത്രി ഒരു യക്ഷിയുടെ തേരോട്ടമുണ്ടെന്നു് പറഞ്ഞതു് അവരാണു്. പണ്ടെങ്ങോ പത്തായപ്പുരയിൽവച്ചു മരിച്ച ചെറുപ്പക്കാരിയുടെ പ്രേതമാണതെന്നു് ചെറിയമ്മ പറഞ്ഞു. അതു ശരിയാണെന്നു് പാറുവിന്നു് അറിയാം. അവൾ ഒന്നുരണ്ടു തവണ അവിടെപ്പോയി താമസിച്ചപ്പോൾ കണ്ടിട്ടുള്ളതാണതു്. ഒരിക്കൽ രാത്രി ഉണർന്നു് മൂത്രമൊഴിക്കാൻ പോയപ്പോഴാണു് കണ്ടതു്. നടുമിറ്റത്തെ ഇരുട്ടിനെ അകറ്റാൻ മാത്രം പര്യാപ്തമായ നേരിയ നിലാവു് മുകളിലൂടെ താഴോട്ടിറങ്ങി വരുന്നുണ്ടു്. പാറു ഷിമ്മീസ് പൊന്തിച്ചു് ഷെഡ്ഡിയും താഴ്ത്തി നടുമിറ്റത്തിന്റെ അരികിൽ ഇരുന്നതാണു്. അപ്പോഴാണു് നിഴൽപോലെ ഒരു രൂപം, ദേഹമാസകലം വെളുത്ത തുണികൊണ്ടു മൂടി മറുവശത്തേയ്ക്കു് പോകുന്നതു് കാണുന്നതു്. അതെവിടുന്നാണു് വന്നതെന്നു മനസ്സിലായില്ല. ആ രൂപം നടക്കുകയായിരുന്നില്ല ഒഴുകുകയായിരുന്നുവെന്നു് പാറുവിനു് തോന്നി. പാറു പേടിച്ചു് ധൃതിയിൽ മൂത്രമൊഴിക്കൽ പാതിയ്ക്കു നിർത്തി ഷെഡ്ഡി വലിച്ചുകയറ്റി മുറിയിലേയ്ക്കു് ഓടിപ്പോയി തലയാസകലം മൂടിപ്പുതച്ചു കിടന്നു. പിറ്റേന്നു് ചെറിയമ്മയോടു് പറഞ്ഞപ്പോഴാണു് യക്ഷിയുടെ തേരോട്ടത്തിന്റെ കഥ കേൾക്കുന്നതു്. അവർ പാറുവിനെ ശാസിച്ചു. തേരോട്ടം കണ്ടാൽ അതിനെപ്പറ്റി ആരോടെങ്കിലും പറയുന്നതു് യക്ഷിക്കിഷ്ടമല്ലെന്നും മനസ്സിൽ വയ്ക്കാനെ പാടൂ എന്നും അവർ പറഞ്ഞു.
പിന്നെ കുറെക്കാലം കഴിഞ്ഞു് കാര്യങ്ങളെപ്പറ്റി കുറച്ചൊരു പിടിപാടുണ്ടായപ്പോഴാണു് അവിടെ ജോലിക്കു നിന്നിരുന്ന ഭവാനിയുടെ കൊള്ളിച്ചുകൊണ്ടുള്ള സംസാരത്തിൽനിന്നു്, തന്റെ രാത്രികൾ ഭയപൂർണ്ണമാക്കിയിരുന്ന ആ തേരോട്ടത്തിന്റെ അർത്ഥം പാറുവിനു് മനസ്സിലായുള്ളൂ. അപ്പോഴേയ്ക്കു് ചെറിയമ്മ മരിച്ചു. എങ്ങിനെയാണു് മരിച്ചതെന്നു് ആരും പറഞ്ഞില്ല. അങ്ങിനെയുള്ള കാര്യങ്ങളൊന്നും ആ വീട്ടിൽ സംസാരിച്ചിരുന്നില്ല. പിന്നെ മുത്തച്ഛൻ മരിച്ചു. അതിനുശേഷം തറവാട്ടിൽ ചുരുക്കമായേ പോകാറുള്ളു. തന്റെ കല്യാണം കഴിഞ്ഞു് താമസിയാതെ അമ്മയും അച്ഛനും മരിച്ചു. ഏട്ടന്റെ കല്യാണം കഴിഞ്ഞതോടെ താനും ഭർത്താവും ഒരു കൊച്ചുകുട്ടിയും മാത്രമായി ഈ വലിയ വീട്ടിൽ. കല്യാണം കഴിഞ്ഞശേഷം ഏട്ടൻ ഭാര്യവീട്ടിൽത്തന്നെയായിരുന്നു. പകൽ വല്ലപ്പോഴും തറവാട്ടിലേയ്ക്കു വരും കാര്യങ്ങൾ അന്വേഷിക്കും. ഇവിടെ അളിയൻ കാര്യങ്ങൾ ഭംഗിയായി നടത്തുന്നുണ്ടെന്നറിയാം. എങ്കിലും എല്ലാം വിട്ടു കൊടുക്കാൻ ഒരു ഭയം. ഭാഗം കഴിച്ചാലോ എന്നാലോചിച്ചതാണു്. അതുകഴിഞ്ഞാൽ ഭാര്യവീട്ടിൽ സ്ഥിരതാമസമാക്കേണ്ടിവരും. ഭാര്യവീട്ടിൽ താമസിക്കാൻ വിജയേട്ടനു് വിഷമമുണ്ടായിട്ടൊന്നുമല്ല, പക്ഷേ, അളിയന്മാരെ ഭയന്നു് ജീവിക്കേണ്ടിവരുമെന്നു തോന്നിയപ്പോൾ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
എന്തായാലും അതൊരു നല്ല കാലമായിരുന്നു. ഓണത്തിനും വിഷുവിനും പുതിയ വസ്ത്രങ്ങൾ. ഓണത്തിനു മുന്നോടിയായി ചാലിയൻ നാണു വീതിയുള്ള കരയുള്ള മുണ്ടുകൾ കൊണ്ടുവരും. ടൗണിലുള്ള തുണിപ്പീടികയിൽനിന്നു് പദ്മിനിക്കു് ഭംഗിയുള്ള കുഞ്ഞിയുടുപ്പുകളും തനിക്കു് ഒന്നരയ്ക്കായി ഒരു കുത്തു് മല്ല്മുണ്ടും വാങ്ങും. അളിയനു് ഓണപ്പുടവ കൊടുക്കാനായി ഡബ്ൾ മുണ്ടും ഷർട്ടിന്റെ തുണിയും പ്രത്യേകം വാങ്ങും. ഏട്ടന്റെ വകയായി തനിക്കും പദ്മിനിക്കും വസ്ത്രങ്ങൾ വേറെയുണ്ടാവും. അപ്പൂട്ടി കാണിക്കയായി കൊണ്ടുവരുന്ന നേന്ത്രക്കുലകളും പച്ചക്കറികളും അറ കഴിഞ്ഞു് പടിഞ്ഞാറ്റയുടെ പകുതി നിലം അപഹരിക്കും. പടിഞ്ഞാറ്റയുടെ തട്ടിന്റെ വളമേൽ വെള്ളരിയ്ക്കയും കുമ്പളങ്ങയും തൂങ്ങി. കറവയുള്ള പശുക്കൾക്കു് കറവ വറ്റിയാൽ അപ്പൂട്ടി നോക്കാൻ കൊണ്ടുപോകും. പിന്നെ ചവിട്ടിച്ചു് ചെനപ്പിടിച്ചു് പെറ്റശേഷം കുട്ടിയുമായി കൊണ്ടു വരും. എപ്പോഴും കറവയുള്ള രണ്ടു പശുക്കൾ തൊഴുത്തിലുണ്ടാവാറുണ്ടു്.
ഭർത്താവിന്റെ മരണം എല്ലാം മാറ്റി മറിച്ചു. നാലുമാസം അദ്ദേഹം സുഖമില്ലാതെ കിടന്നു. കടുത്ത ചുമയും നെഞ്ഞുവേദനയുമായിരുന്നു. വൈദ്യർ ആഴ്ചയിലൊരിക്കൽ വന്നു് കഷായത്തിനുള്ള കുറിപ്പു് എഴുതിക്കൊടുക്കും. ലക്ഷ്മി ആ മരുന്നുകൂട്ടു് വാങ്ങിക്കൊണ്ടുവന്നു് ഉരലിലിട്ടു് ഇടിക്കും. ഇടങ്ങഴി വെള്ളത്തിലിട്ടു് തിളപ്പിച്ചു് നാഴിയാക്കി കുറുക്കി വയ്ക്കും. കഷായങ്ങൾക്കും മരുന്നു് നെയ്യുകൾക്കും ആ മനുഷ്യനെ രക്ഷിക്കാനായില്ല.
അറുമുഖൻ അടുക്കളയുടെ വാതിൽക്കൽ വന്നു് എത്തിനോക്കിയപ്പോൾ പാറുവമ്മ ചിന്തയുടെ ലോകത്തിൽനിന്നു് തിരിച്ചുവന്നു. അവർ അവനുള്ള കഞ്ഞി കുണ്ടൻ പാത്രത്തിൽ വിളമ്പി വടക്കോറത്തു് കൊണ്ടുപോയി വച്ചു. രാത്രിയിൽ ബാക്കിവന്ന സാമ്പാർ ഒരു പാത്രത്തിലാക്കി അതും ഒപ്പം വച്ചു. അറുമുഖൻ മുറ്റത്തേയ്ക്കിറങ്ങി പ്ലാവില പെറുക്കി കുമ്പിൾകോട്ടി.
ഈ ദേവകിയ്ക്കു് എന്താത്ര താമസം? അവൾ വന്നിട്ടു് വേണം മെഴുക്കുപുരട്ടിയ്ക്കുള്ള കഷ്ണം നുറുക്കിയ്ക്കാൻ. മാറാലയുടെ കാര്യം ഇന്നു് പറയേണ്ടിയിരുന്നില്ല. ഇനി അതുംവച്ചു് പോണവരെ സമയം കളയും. നാലു ദിവസായി പടിഞ്ഞാറെ പറമ്പിലെ വാഴ വെട്ടിയിട്ടു്. അതിന്റെ ഉണ്ണിപ്പിണ്ടി എടുത്തുകൊണ്ടുവരാൻ പറയണം. രണ്ടു ദിവസം അതുകൊണ്ടു് കഴിച്ചുകൂട്ടാം. വേറെ പച്ചക്കറിയൊന്നും അന്വേഷിക്കണ്ട. സാമ്പാറിനു് നാലു വെണ്ടക്ക പറിക്കാറായിട്ടുണ്ടു്. അതും എടുക്കാം.
ദേവകി പത്തായപ്പുരയിൽ മറ്റൊരു ലോകത്തായിരുന്നു. ഇങ്ങിനെ സുഖം അവൾ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. ഭർത്താവിന്റെ ഒപ്പം വെറുതെ കിടന്നുകൊടുക്കുക എന്നതിനപ്പുറമൊന്നും അവൾക്കറിയാമായിരുന്നില്ല. കല്യാണം കഴിഞ്ഞു് ആദ്യത്തെ എതാനും ദിവസങ്ങൾ മാത്രമേ ഇതൊരു രസകരമായ കാര്യമാണെന്നു് തോന്നിയിട്ടുള്ളൂ. അന്നെല്ലാം അവൾ രാത്രികൾക്കുവേണ്ടി കാത്തിരുന്നു. ഭർത്താവു വരുമ്പോഴേയ്ക്കുതന്നെ മുറിയിൽ ചാണകം മെഴുകിയ നിലത്തു് പായ വിരിച്ചു. അടപോലെയായിരുന്ന രണ്ടു തലയിണകൾ കല്യാണത്തിനുമുമ്പുതന്നെ വെയിലുകൊള്ളിച്ചു് പതം വരുത്തിയിരുന്നു. മൺകൂജയിൽ വെള്ളം നിറച്ചതിനരികെ കുപ്പിഗ്ലാസ്സ് എടുത്തുവച്ചു. മുറിയ്ക്കു പുറത്തു് കോലായിൽ കലത്തിൽ വെള്ളവും മുക്കിയെടുക്കാൻ പാത്രവും തയ്യാറാക്കി. ഗോപാലൻ എട്ടുമണിയോടെ ജോലികഴിഞ്ഞു് എത്തും. ധൃതിയിൽ കുളിച്ചുവരും. വന്നാലുടൻ ചോറു വിളമ്പണം. വിളമ്പിക്കൊടുക്കുമ്പോൾ ഗോപാലൻ വൈകുന്നേരം വരുന്നവഴി തോട്ടുവക്കിലെ ചിന്നന്റെ കുടിയിൽനിന്നു് അകത്താക്കിയതിന്റെ മണം അവളുടെ മൂക്കിലെത്തും. അവൾ ഒന്നും പറയില്ല. എന്തെങ്കിലും പറയുന്നതു് അയാൾക്കിഷ്ടമല്ല. ഊണു കഴിഞ്ഞാൽ ദേവകിയുടെയും അമ്മയുടെയും ഭക്ഷണം കഴിയുന്നതുവരെ ഗോപാലൻ മുറ്റത്തു് ഉലാത്തും. അവൾ ധൃതിയിൽ ഊണുകഴിച്ചു് മറ്റു കാര്യങ്ങൾ അമ്മയെ ഏല്പിച്ചു് ഉമ്മറത്തേയ്ക്കു പോകും. അവൾ തയ്യാറായി എന്നറിയിക്കാനാണു്. അയാൾ വലിച്ചുകൊണ്ടിരുന്ന ബീഡിക്കുറ്റി വലിച്ചെറിഞ്ഞു് അകത്തേയ്ക്കു വരും. ആദ്യത്തെ രണ്ടു ദിവസത്തെ ഓർമ്മയിൽ അവൾ തന്നെ ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കും. ധൃതി കാരണം കുടുക്കുകൾ അഴിച്ചുമാറ്റാനുള്ള ക്ഷമയൊന്നും അയാൾക്കില്ല. ചിന്നന്റെ മേശക്കുമുമ്പിൽനിന്നു് എഴുന്നേറ്റാൽ അഴിച്ചു വിടുന്ന ഭാവനയുടെ അന്ത്യമാണു്. ഇതുമാത്രമേ അയാൾക്കൊരു വിനോദമുള്ളു. വെട്ടുകല്ലു് കാലുകൾക്കിടയിൽ താങ്ങിനിർത്തി കൽമഴുകൊണ്ടു് ചെത്തി ആകൃതിപ്പെടുത്തുമ്പോൾ ദേവകിയുടെ ഭംഗിയുള്ള തുടകളെപ്പറ്റി അയാൾ ആലോചിക്കാറില്ല. കല്ലിനു പകരം ചെത്തിപ്പോവുക സ്വന്തം കാലാവും. ചിന്നന്റെ കുടിലിൽനിന്നു് തോട്ടുവക്കിലൂടെ വീട്ടിലേയ്ക്കു നടക്കുമ്പോൾ അയാൾ ദേവകിയെപ്പറ്റി ഓർക്കും. ഒപ്പം ജോലിയെടുക്കുന്ന സ്ത്രീകളെക്കാൾ ദേവകി എന്തുകൊണ്ടും സുന്ദരിയാണെന്ന അറിവിൽ സ്വകാര്യമായി സന്തോഷിക്കും. അകത്തുചെന്ന സാധനം ഈ ചിന്തയ്ക്കു് വളം വച്ചുകൊടുക്കുന്നതോടെ നടത്തം ധൃതിയിലാവുന്നു. കുളിയും ഊണും കഴിഞ്ഞു് ഭാര്യയെ കയ്യിൽ കിട്ടാൻ തിരക്കാവുന്നതുകൊണ്ടു് ദേവകി അടുത്തു കിടന്നാൽ അവതരണമൊന്നും കൂടാതെ നേരെ വിഷയത്തിലേയ്ക്കു കടക്കും.
ദേവകി ബ്ലൗസിന്റെ കുടുക്കുകളിട്ടു് മുണ്ടുടുത്തു് കിടക്കുമ്പോഴേയ്ക്കും ഗോപാലൻ ഉറക്കം തുടങ്ങിയിട്ടുണ്ടാവും. ആദ്യത്തെ ഏതാനും ദിവസങ്ങളിലുണ്ടായ സ്വന്തം വികാരത്തള്ളിച്ച കുറഞ്ഞുവരുന്നതു് ദേവകിയ്ക്കു് അനുഭവപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളിൽ വികാരങ്ങൾ ഉണർന്നെഴുന്നേൽക്കുമ്പോഴേയ്ക്കു് ഭർത്താവു് നിർത്തിയിട്ടുണ്ടാവും. അങ്ങിനെയൊക്കെയായിരിക്കും കാര്യങ്ങൾ എന്നവൾ സമാധാനിച്ചു. അവൾ ജോലിയ്ക്കു പോകാതിരുന്നതുകൊണ്ടു് തന്റെ സ്വകാര്യങ്ങൾ പങ്കുവയ്ക്കാൻ, കാര്യങ്ങൾ ഒത്തുനോക്കാൻ പറ്റിയ കൂട്ടുകാരികളും അവൾക്കുണ്ടായിരുന്നില്ല. ഇന്നു് തമ്പ്രാൻ അവളുടെ ദീർഘനിദ്രയിലായിരുന്ന വികാരങ്ങളെ തൊട്ടുണർത്തിയപ്പോഴാണു് അവൾക്കു് ഒന്നൊത്തുനോക്കാനുള്ള അവസരം കിട്ടിയതു്. അപ്പോഴാണു് ഭർത്താവിൽനിന്നു് ലഭിക്കുന്നതിലധികം താൻ അർഹിക്കുന്നില്ലേ എന്നവൾ ആലോചിച്ചതു്. ഇന്നു് പക്ഷേ, തമ്പ്രാനു് കൊടുക്കുന്നതിലധികം തനിക്കു് ലഭിക്കുന്നു എന്ന തോന്നൽ കലശലായപ്പോൾ അവൾ പറഞ്ഞു.
‘മതി, ഇമ്പ്രാ.’
‘എന്തിനാ മതിയാക്കണതു് ദേവൂട്ടീ?’
‘നിയ്ക്കു് അടുക്കളേലു് ജോലിണ്ടു് തമ്പ്രാ.’
‘നാളേം വരണം, ഞാണ്ടാവും ഇവ്ടെ.’
‘ശരിമ്പ്രാ…’
അവൾ എഴുന്നേറ്റു ഓവറയിൽപ്പോയി തിരിച്ചുവന്നു. തറ്റുടുത്തു് വരുന്ന ദേവകിയെ നോക്കിക്കൊണ്ടു് വിജയൻ മേനോൻ കട്ടിലിൽ ചാരിയിരുന്നു. അവൾ നിലത്തു് വീണുകിടക്കുന്ന മുണ്ടു് ധൃതിയിലെടുത്തുടുത്തു. ഓവറയിലേയ്ക്കു പോകുമ്പോൾ അതെടുക്കാൻ മറന്നിരുന്നു. മുറിയുടെ മൂലയിൽ ചാരിവച്ച ചൂലെടുത്തു് അവൾ പുറത്തു കടന്നു. ഇനി മാറാല തട്ടൽ പിന്നെയാവാം. അവൾ വേഗം ഇടനാഴിക അടിച്ചുവാരാൻ തുടങ്ങി.
പടിഞ്ഞാറെ പറമ്പിൽ പോയി വാഴയുടെ ഉണ്ണിപ്പിണ്ടി എടുക്കുമ്പാൾ അവളുടെ കൈകൾ മിനുസമുള്ള വാഴത്തടിമേൽ തട്ടി. അവൾ ആ തടിമേൽ കൈകൊണ്ടു് തടവിനോക്കി. തമ്പ്രാന്റെ കൈകൾ, ആലസ്യത്തിൽ കിടക്കുന്ന അവളുടെ തുടമേൽ സ്നേഹപൂർവ്വം തലോടിയിരുന്നതു് അവൾക്കോർമ്മ വന്നു. അവൾ സ്വയം സമാധാനിക്കാനെന്നപോലെ പറഞ്ഞു. ‘ഇങ്ങിനെയും ആയിക്കൂടെ?’
‘രണ്ടു ദിവസത്തേയ്ക്ക്ള്ളതു് ഇവിടെ വെച്ചാമതി. ബാക്കി നീ കൊണ്ടോയ്ക്കോ ദേവകി.’ പാറുവമ്മ പറഞ്ഞു.
‘അവിടെ ഞാനും അമ്മേം മാത്രെ ഇതു തിന്നൂ അമ്രാളെ. കെട്ടിയോൻ മീനില്ലാതെ ഒരു ഉരുള ഇറക്കില്ല. എന്നും വേണം വെച്ചതോ വറുത്തതോ. വൈന്നേരായാൽ ഞാൻ തെക്കേ വെട്ട്വോഴീലു് പോയി മീൻ വാങ്ങിക്കൊണ്ടരണം. മീൻകാരൻ മാപ്പള എന്ന്വൊന്നും ആ വഴിയ്ക്കു് വരൂല.’
‘നെന്റെ കെട്ടിയോന്റെ കുടി എങ്ങനെണ്ടു് ദേവകീ?’
‘കുട്യൊക്കെ നല്ലോണംണ്ടു്. വയസ്സാവുംതോറും കൂടിക്കൂടി വരുംന്നാ തോന്നണതു്. ഇപ്പ കുടിക്കാത്ത ആണുങ്ങളെ കാണാൻ കിട്ടില്ല. സാതന്ത്ര്യം കിട്ട്യേപ്പൊഴാ കുടി കൂടീതു്.’
‘കുടിക്കാൻള്ള സ്വാതന്ത്ര്യാ കിട്ടീത്ന്നു് വിചാരിച്ചിട്ട്ണ്ടാവും. ന്റെ ആങ്ങള അക്കാര്യത്തിലു് ഒഴിവാ. കുടി തൊടങ്ങീട്ടില്ല. ഇനി എന്നാ തൊടങ്ങ്വാ ആവോ. അതുംകൂട്യേ വേണ്ടു.’
ദേവകി മനസ്സിൽ ചിരിച്ചു. പാവം അമ്രാള്. കുടി മാത്രല്ല, എല്ലാം തൊടങ്ങീട്ട്ണ്ട്ന്നു് പറയ്യാ വേണ്ടീര്ന്നതു്.
‘അല്ലാ, കോങ്ക്രസ്സുകാരനായേന്റെ ഗുണൊക്കെ കാണാതിരിക്കില്ല.’
ഇങ്ങിനെയും ശുദ്ധരായ മനുഷ്യർ ഉണ്ടാവുമല്ലൊ. ദേവകി ഉണ്ണിപ്പിണ്ടി വട്ടം നുറുക്കി നൂലു കളഞ്ഞു് അരിയാൻ തുടങ്ങി. അവൾ ആലോചിക്കുകയായിരുന്നു. കോങ്ക്രസ്സുകാരായാലും ശരി കമ്മ്യൂണിസ്റ്റ്കാരായാലും ശരി, കണക്കു തന്നെ. അവളുടെ ഭർത്താവു് കമ്യൂണിസ്റ്റ്കാരനാണു്. അതു പുറമെ പറയുന്നില്ലെന്നേയുള്ളൂ. പറഞ്ഞാൽ പോലീസിന്റെ നോട്ടപ്പുള്ളിയാവും. അവർ ഇടയ്ക്കു് അന്വേഷിച്ചു് വീട്ടിൽ വരും. പലപ്പോഴും നല്ല ഉദ്ദേശ്യം വച്ചായിരിക്കില്ല വരുന്നതു്. അയൽവക്കത്തെ പപ്പേട്ടൻ ഒളിവിലാണു്. അയാളെ അന്വേഷിച്ചു് ഇടയ്ക്കിടയ്ക്കു് പോലീസുകാരു് വരാറുണ്ടു്. അയാളെ കിട്ടാഞ്ഞാൽ കെട്ട്യോളെ പിടിച്ചു് കൊണ്ടോവും. എന്നിട്ടു് എന്തൊക്കെയോ കഥകള് കേക്കാന്ണ്ടു്. അതൊന്നും കേക്കാൻ കൊള്ളില്ല. പോലീസുകാരു് വരമ്പിൽക്കൂടി നടന്നുവരുന്നതുകണ്ടാൽ അവൾ വീട്ടിനുള്ളിൽ ഒളിച്ചിരിക്കയാണു് പതിവു്. ആദ്യത്തെ ദിവസം പപ്പേട്ടനെ അന്വേഷിച്ചു വന്നപ്പോൾ എന്താന്നറിയാൻ ദേവകി വേലിക്കലേയ്ക്കു് പോയി നോക്കി. അന്നു മതിയായി. അവറ്റടെ ഒരു നോട്ടൂം, പച്ചച്ചിരീം കണ്ടപ്പോ മേത്ത്ന്നു് തുണി ഉരിഞ്ഞുപോണപോലെ തോന്നി. പിന്നെയാണു് അമ്മിണിച്ചേച്ചിയെ പിടിച്ചുകൊണ്ടുപോയ കഥയൊക്കെ കേക്കണതു്. പിറ്റേന്നു് തിരിച്ചു കൊണ്ടാക്കി. പാവം ചേച്ചീടെ കോലം കാണ്വന്നെ വേണം. അതിൽപ്പിന്നെ പോലീസുകാർ അന്വേഷിച്ചു വരുമ്പോൾ പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിട്ടില്ല.
‘അമ്മേ ഇതാ ഇതൊക്കെ എവിട്യാ വെക്കണ്ടെ?’
നാലഞ്ചു ബ്ലൗസുകളുമായി പദ്മിനി അകത്തുനിന്നു വന്നു.
‘അവിടെ വെയ്ക്കു്.’ മേശ ചൂണ്ടിക്കാട്ടി പാറുവമ്മ പറഞ്ഞു. ‘നീയാ നൂലും സൂചീം ഒന്നെടുത്തു കൊണ്ടാ മോളെ. കലണ്ടറിന്റെ പിന്നിലു് കുത്തിവെച്ചിട്ട്ണ്ടു്.’
‘ഇതൊക്കെ കൊച്ചമ്പ്രാട്ടീടെ ബ്ലൗസല്ലേ?’
‘അതേന്റെ ദേവകി. എല്ലാം കീറിയിരിക്ക്യാണു്. ഇടാൻ കൊള്ളാതായി. കണ്ടില്ലെ ഒന്നുംല്ല്യാതെ നടക്കണതു്. അവള് വലുതാവ്വാണു്. പുതീതു് വാങ്ങാൻ പറഞ്ഞാ ന്റെ ആങ്ങള കേക്കണ്ടെ. എന്താ ചെയ്യാ. അതിന്റെയൊരു യോഗം അങ്ങിനെ.’
ദേവകി നിശ്ശബ്ദയായി. അവൾക്കു് വിഷമം തോന്നി. ഇവിടെ ഇത്രയും വലിയൊരു തറവാട്ടിലെ ഏക സന്തതി ഉടുതുണിയില്ലാതെ വിഷമിക്കുന്നു. ഇതെല്ലാം വാങ്ങിക്കൊടുക്കേണ്ട കാരണവരാകട്ടെ അടിച്ചുതളിക്കാരിയുടെ മകൾക്കുവേണ്ടി സ്വർണ്ണരഞ്ഞാണം ഉണ്ടാക്കിക്കുകയാണു്. ഈ വീടും പറമ്പും പാട്ടത്തിനു കൊടുത്ത നെൽവയലുമെല്ലാം അവർക്കുകൂടി അവകാശപ്പെട്ടതാണെന്നറിയാം. നാളികേരം വിറ്റ കാശുമാത്രം മതി അവർക്കു് സുഭിക്ഷമായി കഴിയാൻ. എന്നിട്ടാണു് സ്വന്തം മകൾക്കു് ഇടാൻ ബ്ലൗസില്ലാതെ ഈ പാവം സ്ത്രീ കഷ്ടപ്പെടുന്നതു്. പദ്മിനിയുടെ മാറിലെ തുടുപ്പു് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പഴ്സ് കീശയിലിട്ടു് വിജയൻ മേനോൻ പുറത്തിറങ്ങി. ടോർച്ച് ഞെക്കിനോക്കി. മങ്ങിയേ കത്തുന്നുള്ളു. ബാറ്ററി മാറ്റേണ്ട സമയമായി. പോണവഴിയ്ക്കു് കൃഷ്ണന്റെ കടയിലു് കേറി ബാറ്ററിയും കുട്ടികൾക്കു് മിട്ടായിയും വാങ്ങണം. ഉമ്മറത്തുതന്നെ പെങ്ങൾ നിൽക്കുന്നുണ്ടു്. നല്ല ശകുനമല്ല. താൻ പുറത്തു പോകാൻ തയ്യാറായി പത്തായപ്പുരയിൽനിന്നു് ഇറങ്ങിവരുമ്പോൾ പാറു ഉമ്മറത്തു് വന്നു നിൽക്കുന്നതു് പണം ചോദിക്കാനാണു്. വിചാരിച്ച പോലെത്തന്നെ പാറു ചോദിച്ചു.
‘ഏട്ടൻ വീട്ടീ പോവ്വാണോ?’
‘അതെ.’
‘അപ്പൊ രാത്രി ഊണു കഴിക്കാൻ ണ്ടാവില്ല്യേ?’
‘ഇല്ല. എനിക്കൊരിടത്തു് പൂവാന്ണ്ടു്. അതു കഴിഞ്ഞു് നേരെ വീട്ടീ പോവും. ഇന്നു് അവിട്യാണു് ഊണു്.’
‘കൊറച്ചു് പൈസ തന്നിട്ടു് പോവു. ഇവിടെ ഒരു സാധനും ഇല്ല്യ. പരിപ്പില്ല, ഉള്ളില്ല്യ, കടുകുതൊട്ടു് എല്ലാം വാങ്ങണ്ട അവസ്ഥ്യാണു്.’
‘ഞാൻ എവിട്ന്നാണു് പണംണ്ടാക്കണ്ടതു് പാറു? ഈരണ്ടു് ദിവസം കൂടുമ്പൊ പണംട്ത്തു് തരാൻ ഞാൻ ഭാര്യവീട്ടീന്നു് എടുത്ത്കൊണ്ടരണ്ടി വരും.’
‘ഇവിടെ കാര്യങ്ങള് നടക്കണ്ടെ. മോള് ബ്ലൗസില്ലാത്യാണു് നടക്ക്ണതു്. അവള് വയസ്സറിയിക്കണ്ട പ്രായായിത്തൊടങ്ങി. ഞാൻ എത്ര്യായി ഏട്ടനോടു് പറയുണു രണ്ടു് ബ്ലൗസ് തുന്നിച്ചു് കൊണ്ടരണംന്നു്. ആ പാവം കുട്ട്യായതോണ്ടു് ഒന്നും മിണ്ടിണില്ല. ഞാനിന്നു് പകലു് മുഴുവൻ അവള്ടെ കീറ്യെ ബ്ലൗസുകള് തുന്നിണ്ടാക്ക്വായിരുന്നു. ചെലതൊന്നും തുന്ന്യാലും ശരിയാവാതെ ആയിരിക്കുണു. പണംല്ല്യാ പണല്ല്യാന്നു് പറയ്ണ്ണ്ടു്. ഏട്ടൻ എടക്കു് നെല്ലെടുത്തു് വിക്കണതു് കാണാണ്ടല്ലോ. പിന്നെ തേങ്ങ വിക്ക്ണ്ല്യേ, ആ പണൊക്കെ എവിട്യാ പോണതു?’
‘നീയെന്നോടു് കണക്കു് ചോദിക്ക്യാണോ?’
‘കണക്കു് ചോദിക്ക്യല്ല. പക്ഷേ, അറിയണല്ലൊ.’
കാര്യങ്ങൾ അത്ര പന്തിയല്ല എന്നു് വിജയൻ മേനോനു് മനസ്സിലായി. ശാന്തശീലയായ തന്റെ പെങ്ങൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അവളെ അധികം സംസാരിപ്പിക്കാതിരിക്കുന്നതാണു് ഭംഗി. അയാൾ പഴ്സു തുറന്നു് ഏതാനും നോട്ടുകൾ എടുത്തു് പെങ്ങൾക്കു കൊടുത്തു.
ഇതുകൊണ്ടൊന്നും ആവില്ലെന്ന മട്ടിൽ അവർ ആ നോട്ടുകൾ എണ്ണിനോക്കി.
‘പോണ വഴിക്കു് കണാരന്റെ കടേന്നു് രണ്ടു് ബ്ലൗസിന്ള്ള തുണി വാങ്ങി തുന്നിക്കാൻ കൊടുക്കാൻ പറ്റ്വോ? കണാരന്റെ കടേലു് തുന്നാൻ കൊടുക്കണ്ട. പൗലോസിന്റെ അടുത്തു് കൊടുത്താ മതി.’
വിജയൻ മേനോൻ അമർത്തി മൂളി. പടിക്കലേയ്ക്കു് നടക്കുമ്പോൾ അയാൾ ആലോചിച്ചു. കാര്യങ്ങൾ അത്ര ഗുണകരമായിട്ടല്ല പോകുന്നതു്. നെല്ലും തേങ്ങയും വിറ്റ പണം. ശരിയാണു് അതു് എവിടെയാണു് പോകുന്നതെന്നറിയാൻ പാറുവിനു് അവകാശമുണ്ടു്. അളിയൻ മരിച്ചതിൽപ്പിന്നെ താൻ അവളെ ഭീഷണിപ്പെടുത്തി നിലയ്ക്കു നിർത്തിയിരിക്കയാണു്. പദ്മിനിയും വലുതാകുകയാണു്. അവൾ ഏതു തരക്കാരിയാവുമെന്നു് അറിയില്ല. ഇപ്പോൾത്തന്നെ കണ്ടാൽ മിണ്ടുകകൂടിയില്ല. ഭാര്യവീട്ടിൽ താൻ കാര്യങ്ങളന്വേഷിക്കണ്ട, ശരി തന്നെ. പക്ഷേ, ഭാര്യയ്ക്കും മക്കൾക്കും വേണ്ടി ഓരോതരത്തിലായി പണം ധാരാളം ചെലവാകുന്നുണ്ടു്. വസുമതിയ്ക്കു് ഇടയ്ക്കിടയ്ക്കു് വസ്ത്രങ്ങൾ വാങ്ങണം. അതും കസവുകരയുള്ള മുണ്ടുതന്നെ വേണംതാനും. ഏട്ടന്മാരുടെ ഭാര്യമാർ എന്തു വാങ്ങിയാലും അവൾക്കും അതേപോലുള്ള വസ്ത്രങ്ങൾ വാങ്ങണമെന്നു് നിർബ്ബന്ധമാണു്. രണ്ടു് ഏട്ടന്മാരുള്ളതുകൊണ്ടു് ഇവിടെ ഇരട്ടിച്ചെലവാണു്. വാങ്ങിക്കൊടുത്തില്ലെങ്കിൽ പരിഭവമാണു്. അതവൾ പ്രകടമാക്കുകയും ചെയ്യും. കെട്ടിപ്പിടിക്കാൻകൂടി സമ്മതിക്കില്ല. മറിച്ചു് ആ കാലങ്ങളിൽ അവൾ അവളുടെ നഗ്നമേനി പലവിധത്തിൽ കാണിച്ചു് അയാളെ കലശലായി കമ്പം പിടിപ്പിക്കുകയും ചെയ്യും. ഒറ്റമുണ്ടുടുത്തു് കിടപ്പറയിൽ നടക്കും. അവളുടെ ഭംഗിയുള്ള വലിയ ചന്തി മൂടുന്ന തലമുടി ഇടയ്ക്കിടയ്ക്കു് കെട്ടിവയ്ക്കും, അടുത്ത നിമിഷത്തിൽ ഉതിർന്നു വീഴാൻ പാകത്തിൽ. തനിക്കുനേരെ ചെരിഞ്ഞു കിടക്കുമ്പോൾ മുലകളുടെ കനം കാരണം ബ്ലൗസിന്റെ കുടുക്കുകൾ വിട്ടുപോകുന്നതു് അറിഞ്ഞില്ലെന്നമട്ടിൽ ഉറക്കം നടിച്ചു കിടക്കുന്നു. തൊടാൻപോയാൽ കൈ തട്ടി മാറ്റുന്നു. പിന്നെ പിറ്റേന്നു് ടൗണിൽ പോയി ഒന്നര ഇഞ്ചു വീതി കസവുകരയുള്ള മുണ്ടും അതിന്റെ ഒപ്പം ഇടാൻ കയ്യിൽ ഞൊറികളുള്ള ചുവപ്പു ബ്ലൗസും തുന്നിച്ചു കൊണ്ടുവന്നാലെ മുഖം പ്രസാദിക്കു. അന്നു രാത്രി കിടപ്പറയിൽ കുശാലാണു്. പിന്നെ കുറെ ദിവസത്തേയ്ക്കു് ഭാര്യവീട്ടിൽ തന്റെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇപ്പോൾ പുതിയ ആവശ്യങ്ങൾ വരേണ്ട സമയമായിരിക്കുന്നു. വിജയൻ മേനോൻ ശ്വാസം പിടിച്ചു് നിൽക്കുകയാണു്. വീതി കൂടിയ വരമ്പിൽക്കൂടി നടക്കുമ്പോൾ ഇരുവശത്തുമുള്ള നെൽച്ചെടികളുടെ പച്ചപ്പിൽ സൂര്യന്റെ മഞ്ഞപ്രകാശം സ്വർണ്ണത്തിരമാലകളുണ്ടാക്കുന്നതു് ശ്രദ്ധിച്ചു. കതിരുകൾ കനംവെച്ചു വരുന്നു. ഒന്നര മാസത്തിനുള്ളിൽ കൊയ്യാറാകും. പത്തായത്തിലെ നെല്ലു് തീർന്നു തുടങ്ങി. ഒരിക്കൽക്കൂടി വിൽക്കാനുണ്ടാകും, അതു കഴിഞ്ഞാൽ ഒന്നര മാസത്തിനുള്ളിൽ അപ്പൂട്ടി പാട്ടം അളന്നില്ലെങ്കിൽ കഞ്ഞികുടി മുട്ടും. ഇപ്രാവശ്യം അവൻ എന്തൊക്കെ ഒഴിവുകഴിവുകളാണാവോ പറയാൻ പോണതു്. കുട്ടപ്പന്റെ അടുത്തു് ഇന്നു പോവില്ലെന്നു കരുതിയതാണു്. അതിനുവേണ്ടി വളഞ്ഞ വഴി പിടിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോൾ എത്തിയതു് അയാളുടെ കുടിലിന്റെ മുമ്പിലാണു്. ചുറ്റും നോക്കി, ആരുമില്ല. ആൾക്കാർ എത്താൻ തുടങ്ങുന്നേയുള്ളു. ഒരു ഗ്ലാസ്സെങ്കിലും അകത്താക്കിയിട്ടു പോവാം. അയാൾ അകത്തു കടന്നു. ഒന്നു രണ്ടുപേർ ഇരിക്കുന്നുണ്ടു്. അവരെ ശ്രദ്ധിക്കാതെ അകത്തെ മുറിയിൽ കയറി ഇരുന്നു. പുറത്തെ മുറിയിലാണു് സകല അലവലാതികളും ഇരിക്കുക. അകത്തെ മുറി മാന്യന്മാർക്കുള്ളതാണു്.
കുട്ടപ്പൻ തോർത്തുമുണ്ടു് തോളത്തിട്ടു് ചിരിച്ചുകൊണ്ടു് കുപ്പിയും ഗ്ലാസ്സുമായി എത്തി.
‘തൊട്ടുകൂട്ടാൻ എന്തെങ്കിലും കൊണ്ടരട്ടെ തമ്പ്രാനെ.’
‘എന്താള്ളതു് കുട്ടപ്പാ?’
‘മത്തിണ്ടു്, വെച്ചതും വറുത്തതും. നല്ല തൊടള്ള മീനാ. പിന്നെ നൂൽപ്പിട്ടു് അടുപ്പത്തു് കേറ്റീട്ട്ണ്ടു്. ഇപ്പൊ ആവും.’
‘ആദ്യം മീൻ വറുത്തതു് കൊണ്ടാ. നൂൽപ്പിട്ടു് ആവുമ്പോ അതും മീൻകറീം കൂടി കൊണ്ടുവാ.’
‘ശരിമ്പ്രാനെ.’
ഒരു ഗ്ലാസ്സ് മാത്രം കുടിച്ചു് ഇറങ്ങണമെന്നു കരുതിയാണു് കയറിയതു്. ഒരു ഗ്ലാസ്സു കഴിഞ്ഞപ്പോഴേയ്ക്കു മത്തിക്കറിയും നൂൽപ്പിട്ടുമെത്തി. അപ്പോൾ രണ്ടാമത്തെ ഗ്ലാസ്സും നിറച്ചു.
അപ്പൂട്ടി വന്നതു് തീരെ പ്രതീക്ഷിക്കാതെയാണു്. അയാളും ഉള്ളിൽവന്നു് ഇരുന്നപ്പോഴാണു് വിജയൻ മേനോനെ കണ്ടതു്. മുമ്പിൽത്തന്നെ ഇരിക്കുന്നതു് തന്റെ ജന്മിയാണെന്നറിഞ്ഞപ്പോൾ അയാൾ വല്ലാതായി. വേഗം മാടിക്കുത്തിയ മുണ്ടു് അഴിച്ചിട്ടു് അയാൾ എഴുന്നേറ്റു.
‘തമ്പ്രാൻ ഇരിക്കണതു് ഞാൻ കണ്ടില്ല.’
‘അതിനെന്താ അപ്പൂട്ടീ, നീയ് ഇരിക്കു്.’ അല്പം ക്ഷീണമായെങ്കിലും വിജയൻ മേനോൻ അതു വിദഗ്ദമായി മറച്ചുവച്ചു. പോരാത്തതിനു് അകത്തു ചെന്ന സാധനം ഒരു തരത്തിലുമുള്ള ജാതി വർഗ്ഗവിവേചനവും അയാളുടെ മനസ്സിൽ നിർത്താത്തവിധം സമത്വസുന്ദരമായിരുന്നു. എന്തായാലും അപ്പൂട്ടിയും കോങ്ക്രസ്സുകാരനാണല്ലൊ! താൻ ഖദറിടാത്ത കോൺഗ്രസ്സുകാരനാണെങ്കിൽ അപ്പൂട്ടി ഖദർ മാത്രം ധരിക്കുന്ന ആളാണു്. പാർട്ടിയിൽ നല്ല പിടിപാടുമുണ്ടു്. ഇക്കാലത്തു് ജന്മി കുടിയാൻ ബന്ധങ്ങളെല്ലാം പിന്നീടല്ലെ വരുന്നുള്ളു. മുമ്പിൽ കിട്ടിയ ഗ്ലാസ്സ് ഒറ്റ ഇറക്കിനു മോന്തി അപ്പൂട്ടി എഴുന്നേറ്റു. ഫ്യൂഡൽ വ്യവസ്ഥിതി അയാളുടെ മനസ്സിനെ ഇപ്പോഴും വേട്ടയാടിയിരുന്നു. എഴുന്നേറ്റു് ചുറ്റും നോക്കി കുട്ടപ്പൻ അടുത്തില്ലെന്നു കണ്ടപ്പോൾ അയാൾ പറഞ്ഞു.
‘തമ്പ്രാൻ ഇവിടെ വന്നിരുന്നു് കുടിക്കണതു് ശരിയല്ല. ഞാൻ സാധനം തമ്പ്രാന്റെ പത്തായപ്പെരേലു് എത്തിച്ചു തരാം. ആൾക്കാരു് കണ്ടാ മോശാ. ഇവിടെ എടയ്ക്കു് പോലീസ് റെയ്ഡൊക്കെള്ളതാ. ഒക്കെ ഒരു നാടകാണു്, ന്നാലും തമ്പ്രാൻ അതിലൊക്കെ പെട്ടാൽ ശരിയാവില്ല.’
വിജയൻ മേനോൻ ഒന്നും പറഞ്ഞില്ല. കാര്യം ശരിയായിരിക്കാം. ശരിതെറ്റുകളെല്ലാം നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ല. കുപ്പി കഴിഞ്ഞതോടെ നൂൽപിട്ടും മത്തിക്കറിയും കഴിഞ്ഞിരുന്നു. കുട്ടപ്പന്റെ ഭാര്യയുണ്ടാക്കുന്ന മീൻകറിയാണു്. ആളെ കണ്ടാൽ കാൽകാശിനു കൊള്ളില്ല. മെലിഞ്ഞുണങ്ങിയ ഒരു സാധനം. പക്ഷേ, അവൾ മീൻ വെച്ചാൽ വിരലു് കടിച്ചുപോകും.
പുറത്തുകടന്ന ഉടനെ അയാൾ മടിയിൽനിന്നു് മുറുക്കാന്റെ പൊതിയെടുത്തു തുറന്നു. നടക്കുമ്പോൾ അല്പം ആട്ടമുള്ളതു് വീട്ടിലെത്തുമ്പോഴേയ്ക്കു് ശരിയാവും. വസുമതിയ്ക്കു് മണം പിടുത്തം കിട്ടാഞ്ഞാൽ രക്ഷപ്പെട്ടു. രണ്ടു വീടു് അപ്പുറത്താണു് രമണിയുടെ വീടു്. അവളെ കണ്ടിട്ടു് കുറച്ചു ദിവസമായി. ഇന്നു് എന്തായാലും പോണ്ട, നേരെ വീട്ടിലേയ്ക്കുതന്നെ പോകാം.
‘തമ്പ്രാൻ കാണാത്ത മട്ടിലു് പോക്വാ?’
രമണി പടിക്കൽത്തന്നെയുണ്ടായിരുന്നു. മുളളുവേലിയുടെതന്നെ ഒരു കഷ്ണമാണു് അവളുടെ പടിവാതിൽ. അതിനു പിന്നിൽ നിന്നതുകൊണ്ടാണു് കാണാതിരുന്നതു്. അവൾ വാതിൽ കുറച്ചു തുറന്നു. നല്ല കാഴ്ചയായിരുന്നു. ഇറക്കമില്ലാത്ത ഒരൊറ്റമുണ്ടും തീരെ വീതി കുറഞ്ഞ ബ്ലൗസുമാണു് അവൾ ഇട്ടിരുന്നതു്. അതിന്റെ മുകളിലെ രണ്ടു കുടുക്കുകൾ വിട്ടിരുന്നു. അവളുടെ വയറ് മടക്കുകളൊന്നും വീഴാതെ നിരപ്പായി കിടക്കുന്നു. വിജയൻ മേനോൻ പിന്നിലേയ്ക്കു നോക്കി. ആരുമില്ല. അയാൾ അകത്തുകടന്നപ്പോൾ രമണി വാതിലടച്ചു കയർകൊണ്ടു് കെട്ടിവച്ചു.
വീട്ടിനകത്തു കടന്നു് ഉമ്മറത്തേയ്ക്കുള്ള വാതിലടച്ചു് കുറ്റിയിട്ട ശേഷം രമണി പറഞ്ഞു.
‘തമ്പ്രാനു് ഇപ്പന്ന്യൊന്നും വേണ്ടന്നായിരിക്കുണു.’
‘എന്താ നീ അങ്ങനെ പറയണതു? ഞാൻ ഒരാഴ്ച മുമ്പല്ലെ വന്നതു?’
‘ന്നാലും നിയ്ക്കങ്ങനൊക്കെ തോന്ന്വാ.’
അവൾ കട്ടിലിൽ അടുത്തിരുന്നു് അയാളുടെ ഷർട്ടിന്റെ കുടുക്കുകൾ അഴിക്കാൻ തുടങ്ങി. വിജയൻ മേനോന്റെ കൈകളും തിരക്കിലായിരുന്നു. അഴിക്കാൻ അധികമൊന്നും വസ്ത്രങ്ങൾ അവളുടെ ദേഹത്തുണ്ടായിരുന്നില്ല എന്നതു് ഒരു അസൗകര്യമാണോ എന്നയാൾക്കു് തീരുമാനിക്കാൻ കഴിഞ്ഞില്ല. അവളുടെ കട്ടിൽ അനങ്ങുമ്പോൾ സാധാരണപടി കരകര ശബ്ദമുണ്ടാക്കി.
‘നീ നിന്റെ കട്ടിലു് എന്തെങ്കിലും ചെയ്യ്.’
‘അതു് മാറ്റണം തമ്പ്രാ. കാശ് കൊറേ ആവും.’
‘എത്ര്യാവും?’
‘പുതുതൊന്നു് പണിയിപ്പിയ്ക്കാൻ പത്തമ്പതുറുപ്പികേങ്കിലും വേണം.’
‘ഞാൻ കൊറച്ചു് തരാം. ബാക്കി നീ മറ്റുള്ളോരടെ അട്ത്ത്ന്നും വാങ്ങ്. ഇതിലു് കെടന്ന്ട്ടു് ചെയ്യാൻ ഒരു സുഖൂംല്ല്യ.’
‘സാരല്ല്യമ്പ്രാ, അട്ത്താഴ്ച തമ്പ്രാൻ വരുമ്പളക്കു് ഞാൻ കട്ടിലു് മാറ്റാം.’
അവൾ അയാളെ സുഖിപ്പിക്കയാണു്. വാത്സ്യായനമുനിയുടെ ശാസ്ത്രത്തിൽ ബിരുദമെടുത്തപോലെയാണവൾ പെരുമാറുന്നതു്. വസുമതിയ്ക്കും ദേവകിയ്ക്കും അറിയാത്ത പല അടവുകളും അവൾ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ അയാൾ അവൾക്കടിമപ്പെടുകയായിരുന്നു.
‘നീയെന്നെ കഷ്ടത്തിലാക്ക്വാണു് രമണി.’ അവളുടെ മാംസളത വാരിയെടുത്തുകൊണ്ടു് വിജയൻ മേനോൻ പറഞ്ഞു. അവൾ ചിരിച്ചു. മറ്റുള്ളവരെ കഷ്ടപ്പെടുത്തുന്നതിൽ അവൾ ആനന്ദം കണ്ടെത്തുന്നു.
വരമ്പുകൾ അയാളെ കബളിപ്പിക്കാൻ തുടങ്ങിയിട്ടു് കുറച്ചു നേരമായി. കാൽ വെയ്ക്കുമ്പോഴേയ്ക്കു് തെന്നി മാറുന്നു. ഇങ്ങിനെ പോയാൽ ശരിയാവില്ല. അയാൾ അടുത്തുകണ്ട ഒരു പടിപ്പുരയുടെ സിമന്റിട്ട പടിമേലിരുന്നു് എളിയിൽ തിരുകിയ പൊതി കെട്ടഴിച്ചു് മുറുക്കാൻ തുടങ്ങി. ഒന്നു മുറുക്കിയാൽ കുറച്ചു ഭേദമാകും. അതു ശരിയല്ലെന്നു് നടക്കാൻ തുടങ്ങിയപ്പോൾ മനസ്സിലായി. വീണ്ടും പഴയമട്ടിൽത്തന്നെ. ഇനി കുറച്ചു ദൂരംകൂടിയെ ഉള്ളു. എങ്ങിനെയെങ്കിലും അവിടെ എത്തിക്കിട്ടിയാൽ മതി. വീട്ടിന്റെ പടിക്കലെത്തിയപ്പോഴാണു് കണ്ണിലാകെ ഇരുട്ടു പരക്കുന്ന പോലെ തോന്നിയതു്. വയറ്റിൽനിന്നു് ഉരുണ്ടുകയറുന്ന മിശ്രിതം ഒരു വലിയ ഓക്കാനത്തോടെ പുറത്തേയ്ക്കു് തെറിച്ചു. അയാൾ പടിക്കു പുറത്തു് നിലത്തു് കുഴഞ്ഞു വീണു.
എത്രനേരം അവിടെ കിടന്നു എന്നറിയില്ല. അതിനിടയ്ക്കു് നേരിയ ബോധം വന്നപ്പോൾ ആരോ വീട്ടിൽനിന്നു് പടികടന്നു പുറത്തു കടക്കുന്നതു കണ്ടു. അളിയന്മാരിരൊളാവണം, ആരാണെന്നു് മനസ്സിലായില്ല. അയാൾ കുനിഞ്ഞു് തന്റെ മുഖത്തു് ടോർച്ചടിച്ചുനോക്കി, ഒരു കനത്ത മൂളലോടെ നടന്നകന്നു. വിജയൻ മേനോൻ കുറച്ചു നേരംകൂടി എഴുന്നേൽക്കാൻ കഴിയാതെ കിടന്നു. പിന്നെ എഴുന്നേറ്റു, സാവധാനത്തിൽ നടന്നു് ഉമ്മറത്തു കയറി വാതിൽക്കൽ മുട്ടി. ആരും വാതിൽ തുറക്കാത്തതുകൊണ്ടു് വീണ്ടും മുട്ടി. വാതിൽ തുറന്നു, റാന്തൽ പിടിച്ചുകൊണ്ടു് വസുമതി പ്രത്യക്ഷപ്പെട്ടു.
‘എന്താ ഈ കാണണതു?’ വസുമതി അയാളെ നോക്കി മൂക്കുപൊത്തി. അയാൾ അപ്പോഴാണു് സ്വന്തം വസ്ത്രത്തിൽ നോക്കുന്നതു്. ഷർട്ടിലും മുണ്ടിലും ഛർദ്ദിയുടെയും മുറുക്കാന്റെയും പാടുകൾ.
‘കുടിച്ചിട്ടു് ഇനി ഇവിടെ കേറിവരരുത്ന്നു് പറഞ്ഞിട്ടില്ലെ? പെങ്ങള്ടെ അടുത്തേയ്ക്കു് തന്നെ പോയാ മതി.’
കൊട്ടിയടയ്ക്കപ്പെട്ട വാതിലിനു മുമ്പിൽ അയാൾ കുറച്ചുനേരം കാത്തുനിന്നു. പിന്നെ കോലായയുടെ ഒരറ്റത്തുപോയി അവിടെ വീണുറക്കമായി.
വിജയൻ മേനോൻ പത്തായപ്പുരയിൽനിന്നു് ഇറങ്ങിവന്നപ്പോഴെ പാറുവമ്മ കണ്ടുള്ളു. വരാറാവുന്നല്ലേയുള്ളു എന്നു കരുതി ഇരിക്കുകയായിരുന്നു.
‘ഏട്ടൻ നേരത്തെ എത്തിയോ?’
‘ങും.’
‘ഞാൻ കഞ്ഞിയെടുക്കട്ടെ. ഏട്ടൻ വന്നിട്ടു് മതീല്ലോന്നു് കരുതി ഇരിക്ക്യായിരുന്നു.’
അവർ കഞ്ഞി വിളമ്പാനായി അടുക്കളയിലേയ്ക്കു പോയി. വിജയൻ മേനോൻ നാലു മണിയ്ക്കുതന്നെ എത്തിയിരുന്നു. ഒരുറക്കം കഴിഞ്ഞു് ഉണർന്നപ്പോഴാണു് വസുമതിയുടെ ഒപ്പം കിടപ്പറയിലല്ല കിടക്കുന്നതെന്ന ബോധമുണ്ടായതു്. അയാൾ തപ്പിപ്പിടഞ്ഞെഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ടു് മുറുക്കിയുടുത്തു ടോർച്ചിനുവേണ്ടി തപ്പി. കാണാനില്ല. കീശയിൽ പഴ്സുണ്ടു്. പടിപ്പുരയ്ക്കു പുറത്തു് വീണുകിടന്നതോർമ്മ വന്നപ്പോൾ അയാൾ മുറ്റത്തേയ്ക്കിറങ്ങി. വസുമതി ഉണരുന്നതിനുമുമ്പു് സ്ഥലം വിടണം. ഭാഗ്യത്തിനു് ടോർച്ച് പുല്ലുകൾക്കിടയിൽ വീണുകിടക്കുന്നുണ്ടു്. ബാറ്ററി തീരെ പോയിരിക്കുന്നു. നിലാവുള്ളതുകൊണ്ടു് രക്ഷപ്പെട്ടു.
വീട്ടിലെത്തിയ ഉടനെ മുണ്ടും ഷർട്ടും അഴിച്ചു ചുരുട്ടി കട്ടിലിന്റെ അടിയിലേയ്ക്കു് എറിഞ്ഞു. പിന്നെ സമയം കിട്ടുമ്പോൾ ഒലുമ്പിയിടണം. കറ ബാക്കിനിൽക്കാതിരിക്കില്ല. തോർത്തുടുത്തു് കുളത്തിൽ പോയി കുളിച്ചുവന്നു. ഇന്നലത്തെ വൃത്തികേടുകൾ മുഴുവൻ ദേഹത്തുനിന്നു പോകാൻ ഒരു നാലു കുളിയെങ്കിലും വേണ്ടിവരും. താനെന്തിനീ വൃത്തികേടുകൾ ചെയ്യുന്നു? കുളികഴിഞ്ഞു് പത്തായപ്പുരയിൽ തിരിച്ചെത്തിയിട്ടും ആ ചോദ്യത്തിനു് അയാൾക്കു് മറുപടിയൊന്നും കിട്ടിയില്ല.
മേശപ്പുറത്തു് കഞ്ഞി വിളമ്പി പാറുവമ്മ ഏട്ടനെ വിളിച്ചു. അയാൾ കഞ്ഞികുടിച്ചുകൊണ്ടിരിക്കെ അവർ ചോദിച്ചു.
‘ഇന്നലെ മോള്ക്ക്ള്ള ബ്ലൗസ് തുന്നാൻ കൊടുത്ത്വോ ഏട്ടൻ?’
‘സമയം കിട്ടീല്ല. ഇന്നു് രാവിലെ പോണ്ണ്ടു്, കൊടുക്കാം.’
‘പറ്റുമെങ്കിലു് രണ്ടു് പാവാടേം തുന്നാൻ കൊടുക്കണം. എല്ലാം കീറിത്തൊടങ്ങീരിക്കുണു.’
‘നോക്കട്ടെ എത്ര പണംണ്ടാവുംന്നു്.’
അയാൾ താഴുകയാണു്. അയാൾക്കു് പേടി പിടിച്ചിരിക്കുന്നു. തലേന്നു രാത്രി വസുമതി പുറത്താക്കിയതു് തല്ക്കാലത്തേയ്ക്കാണോ എന്നയാൾക്കു് ഉറപ്പില്ല. അവളെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുത്താൽ മതി. എന്തെങ്കിലും പോര, കാര്യമായിത്തന്നെ വേണ്ടിവരും. അങ്ങിനെ കുറച്ചുകാലത്തേയ്ക്കുകൂടി നടക്കുമായിരിക്കും. അവളുടെ ഏട്ടന്മാരെ തൃപ്തിപ്പെടുത്താനോ? ഇന്നലെ പടിപ്പുരയിൽ ഛർദ്ദിച്ചു കിടക്കുമ്പോൾ മുഖത്തേയ്ക്കു് ടോർച്ചടിച്ചുനോക്കിയതു് അളിയന്മാരിലൊരാളാണു്. ഒരാൾ മറ്റാളോടു് പറയാതിരിക്കില്ല. അവർ തമ്മിൽ ഇപ്പോഴും നല്ല യോജിപ്പാണു്. സാധാരണ കല്യാണം കഴിഞ്ഞാൽ ഏട്ടാനുജന്മാർ തമ്മിൽ പൊരിഞ്ഞ അടിയാവുകയാണു് പതിവു്. അതു് ഭാഗത്തിൽ കലാശിക്കുകയും ചെയ്യും. അവർ തമ്മിൽ യോജിപ്പാണെങ്കിൽക്കൂടി ഭാര്യമാർ സമ്മതിക്കാറില്ല. ഇവിടെ അങ്ങിനെയൊന്നുമല്ല. ഏട്ടന്മാർക്കു് അനുജത്തിയേയും നല്ല കാര്യമാണു്. അതുകൊണ്ടു് വസുമതി അനാഥയാവുമെന്ന പ്രശ്നമൊന്നുമില്ല. താൻ സൂക്ഷിച്ചിരിക്കണമെന്നതിനു് മറ്റൊരു കാരണം. സാധാരണ നായർ തറവാട്ടിലൊക്കെ അമ്മാവന്മാർക്കു് ഒരുവിധം നല്ല സ്ഥാനമാണു്. ഇവിടെ സ്വന്തം വീട്ടിലും തന്റെ സ്ഥാനം പരുങ്ങലിലാണു്.
അയാൾ ഒന്നും പറയാതെ ജനലിലൂടെ പുറത്തേയ്ക്കു് നോക്കി കഞ്ഞികുടിച്ചു. പറമ്പു് ആകെ വരണ്ടിരിക്കുന്നു. നന തുടങ്ങണ്ട കാലം അതിക്രമിച്ചു. ഇനി ധനുവാകുമ്പോഴേയ്ക്കു് മണ്ണു് പാറപോലെ ഉറയ്ക്കും. തുലാവർഷത്തിന്റെ വെള്ളൊക്കെ എങ്ങട്ടു പോയി ആവോ. ഭാഗ്യത്തിനു് പറമ്പുകിള കഴിഞ്ഞു. അല്ലെങ്കിൽ വെള്ളത്തിനു് ചാലു കീറാൻതന്നെ നാലു ദിവസെടുക്കും. ഇന്ന്തന്നെ ചാത്തയോടു് പറയണം. പടിഞ്ഞാറെ മുറ്റത്തുകൂടെ ദേവകി ഒരു ബക്കറ്റു തൂക്കിപ്പിടിച്ചു നടന്നുപോകുന്നു. പത്തായപ്പുര തുടയ്ക്കാനായിരിക്കും. അവൾ മുണ്ടു് എളിയിലേയ്ക്കു് എടുത്തുകുത്തിയിട്ടുണ്ടു്. അവളുടെ അടിച്ചുവാരൽ കഴിഞ്ഞിട്ടുണ്ടാകണം. വടക്കേമുറിയിലെ ഓവറയിൽ വച്ച വെള്ളം കഴിഞ്ഞാലാണു് കിണറ്റിൽനിന്നു് കൊണ്ടുപോയി നിറയ്ക്കുക. ബക്കറ്റിന്റെ ഭാരംകൊണ്ടു് അവൾ ഇടത്തെ കൈ പൊക്കിപ്പിടിച്ചാണു് നടക്കുന്നതു്. അതുകാരണം അവളുടെ ചന്തി കുറച്ചു ഉയർന്നുനിൽക്കുന്നുന്നതു് അയാൾ ആർത്തിയോടെ നോക്കി. വിജയൻ മേനോനു് വേഗം കഞ്ഞികുടിച്ചെഴുന്നേറ്റു് പത്തായപ്പുരയിലെത്താൻ ധൃതിയായി.
‘കുറച്ചുകൂടി കഞ്ഞി വെളമ്പട്ടെ?’
‘വേണ്ട.’
അയാൾ ഉമ്മറത്തു് തിണ്ണമേൽ വച്ച കിണ്ടിയിലെ വെള്ളമെടുത്തു് കുലുക്കുഴിഞ്ഞു് ചാരുകസേലയിൽ പോയിരുന്നു് മുറുക്കാൻ ചെല്ലം തുറന്നു. അയാൾ മനസ്സിൽ കണക്കുകൂട്ടുകയാണു്. ഇപ്പോൾ കിടപ്പറ തുടച്ചുകഴിഞ്ഞിട്ടുണ്ടാവും. ഇനി മറ്റു രണ്ടു മുറികളും ഇടനാഴികയും കഴിയുമ്പോഴേയ്ക്കു് എത്തണം. പദ്മിനി കുളത്തിൽനിന്നു് കുളിച്ചു വരുന്നതു കണ്ടു. പാറു പറഞ്ഞതു് ശരിയാണു്. അവൾക്കു് പതിനൊന്നിന്റെ വളർച്ചയല്ല ഉള്ളതു്. അവൾ കുറച്ചുകാലമായി വീട്ടിൽ വെറും പാവാടമാത്രം ഇട്ടാണു് നടന്നിരുന്നതു് എന്നയാൾ ഓർത്തു. ബ്ലൗസില്ലാത്തതുകൊണ്ടായിരുന്നു അതു് എന്നറിഞ്ഞില്ല. അല്ലെങ്കിലും അത്ര പെട്ടെന്നു് വാങ്ങിക്കൊടുത്താൽ വിലയുണ്ടാവില്ല. ഇന്നു് എന്തായാലും രണ്ടു് ബ്ലൗസും പാവാടയും തുന്നിക്കാൻ കൊടുക്കണം. മുറുക്കാൻ വായിലിട്ടു് വിജയൻ മേനോൻ എഴുന്നേറ്റു.
പത്തായപ്പുരയുടെ കോണികൾ കയറുമ്പോൾ അയാൾ ആവേശംകൊണ്ടു് കിതയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ ദേവകിയെ കിട്ടിയിട്ടേ ഉള്ളൂ. അതുകഴിഞ്ഞു് വൈകുന്നേരം രമണിയുമായി ചെലവിട്ടു. ഇപ്പോൾ വീണ്ടും ദേവകിയെ ഒറ്റയ്ക്കു് കാണുകയാണെന്നോർത്തപ്പോൾ എന്താണിങ്ങനെ ആവേശം? നാല്പതു വയസ്സായിട്ടും ഒരു ഇരുപതുകാരന്റെ ആവേശമോ? ദേവകി ഇടനാഴികയുടെ അറ്റത്തു് കുന്തിച്ചിരുന്നു് നിലം തുടയ്ക്കുകയാണു്. വിജയൻ മേനോൻ കോണികയറുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുന്നറ്റുനിന്നു മുണ്ടിന്റെ തല എളിയിൽ തിരുകിയതു് അഴിച്ചിട്ടു. അയാൾ അവളെ വിളിച്ചുകൊണ്ടു് കിടപ്പറയിലേയ്ക്കു കടന്നു.
അവൾ വാതിലിന്റെ അടുത്തു് വന്നു നിന്നതേയുള്ളു.
‘അകത്തു വാ.’
‘ഇല്ല തമ്പ്രാ, ഇന്നു് പാടില്ല.’
‘ഊം?’
‘ഞാൻ പൊറത്തായിരിക്ക്യാണു്.’
അയാൾ നിരാശനായി. തുടക്കത്തിൽത്തന്നെ കല്ലുകടിച്ചു. അവൾ അവിടെത്തന്നെ നിൽക്കുകയാണു്. എന്തോ പറയാനുള്ളപോലെ.
‘എന്താ ദേവൂട്ടീ?’
അവൾ വാതിലിന്റെ കട്ട്ളയിൽ കൈവച്ചു് തലതാഴ്ത്തി നിൽക്കുകയാണു്.
‘എന്താച്ചാ പറഞ്ഞോ ന്റെ ദേവൂട്ടി.’
അവൾ മുഖമുയർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
‘മ്പ്രാന്റെ ഷർട്ടും മുണ്ടും തിരുമ്പീട്ടു് വടക്കേ മുറീലു് ഇട്ട്ട്ട്ണ്ടു്. നെറയെ കറയായിട്ട്ണ്ടു്. അമ്രാള് കാണണ്ടാച്ചിട്ടേ ഞാൻ മിറ്റത്തു് തോരെടാഞ്ഞ്. എന്തിനാ മ്പ്രാൻ ങ്ങനെ കുടിക്കണതു?’
ഭർത്താവു് കുടിക്കുമ്പോൾ തോന്നാതിരുന്ന എന്തോ വികാരം തമ്പ്രാൻ കുടിച്ചതു കണ്ടപ്പോൾ അവൾക്കു് തോന്നി. ഈ പരുവത്തിൽ മുണ്ടും ഷർട്ടുമാവണമെങ്കിൽ നല്ലവണ്ണം അകത്താക്കിയിട്ടുണ്ടാവണം.
‘അതിനെന്തിനാ നീയ് കരേണതു്, മണ്ടി. ഇങ്ങട്ടു് വാ.’
‘വേണ്ട, ഇന്നു് തൊടാൻ പാടില്ല.’
‘അതു സാരല്ല്യ.’
അയാൾ അവളുടെ കൈപിടിച്ചു് അകത്തേയ്ക്കു് വലിച്ചു. അവൾ അയാളുടെ നെഞ്ചിൽ മുഖം ചേർത്തു് കരയുകയാണു്.
‘സാരല്ല്യ മണ്ടി, ഞാനിനി കുടിക്കിണ്ല്ല ്യ, പോരെ.’
‘ന്റെ തലേലു് കൈവച്ചു് സത്യം ചെയ്യൂ.’
അയാൾ ദേവകിയുടെ തലയിൽ കൈവച്ചു് പറഞ്ഞു. ‘സത്യം.’
‘അമ്രാള്ടെ വിചാരം ഇമ്പ്രാൻ കുടിക്കില്ല്യാന്നാണു്. കോങ്ക്രസ്സുകാരൊന്നും കുടിക്കില്ലാന്നു്. ഇനി എന്തായാലും മ്പ്രാൻ കുടിക്കണ്ട.’
‘ഇല്ല. ഞാനിന്നു് തട്ടാൻ ദാമോദരന്റെ അട്ത്തു് പോണ്ണ്ടു്. അരഞ്ഞാൺ തയ്യാറായിട്ട്ണ്ടെങ്കിലു് വാങ്ങിക്കൊണ്ടരാം.’
‘ഇത്ര വേത്തിലു് ശര്യാവോ?’
‘അഞ്ചു് ദെവസംന്നാ പറഞ്ഞതു്. ചെലപ്പൊ നേർത്തെ ആയിട്ട്ണ്ടാവും. നോക്കട്ടെ.’
അയാൾ ദേവകിയെ മോചിപ്പിച്ചു. ഇനിയും അവളുടെ ദേഹത്തിന്റെ സ്പർശം ഏറ്റാൽ പിന്നെ ശരിയാവില്ല. അവൾക്കാണെങ്കിൽ പാടില്ലാത്ത ദിവസമാണുതാനും. അവൾ കണ്ണുകൾ തുടച്ചു് മുറിക്കു പുറത്തു കടന്നു.
ഇന്നു് കുറേ ജോലിയുള്ള ദിവസമാണു്. തേങ്ങക്കാരൻ മൊയ്തീനെ കാണണം. തേങ്ങയുടെ പണം തരാമെന്നു പറഞ്ഞ ദിവസമാണു്. മുഴുവൻ തരുമെന്നു് തോന്നുന്നില്ല. അവനും ഇപ്പപ്പോഴായി പണം തരുന്ന കാര്യത്തിൽ പിന്നിലാണു്. എല്ലാം ഒന്നാണു് കാണിക്കുന്നതു്. തന്റെ കഴിവില്ലായ്മ, ധൈര്യമില്ലായ്മ. അയാൾ മുണ്ടു മാറ്റി ഷർട്ടെടുത്തിട്ടു അലമാറിയിൽനിന്നു് വേഷ്ടിയെടുത്തു് ചുമലിലിട്ടു. ബാഗിൽ നെല്ലു വിറ്റ പണം കുറച്ചു ബാക്കിയുണ്ടായിരുന്നതു് എടുത്തു് പഴ്സിലിട്ടു് അലമാറി പൂട്ടി. കോണിയിറങ്ങുമ്പോൾ വടക്കെ മുറിയിൽ ദേവകി ബക്കറ്റിൽ നിലം തുടയ്ക്കുന്ന തുണി ഒലുമ്പുന്ന ശബ്ദം കേട്ടു. അങ്ങോട്ടു തിരിയാനുള്ള പ്രേരണ ഒഴിവാക്കി അയാൾ കോണിയിറങ്ങി.
ചാത്ത അവന്റെ കുടിലിന്റെ മുറ്റത്തുതന്നെ നിൽക്കുന്നുണ്ടു്. ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിലാണു്. അയാൾ വരമ്പിന്മേൽ നിന്നുകൊണ്ടു് വിളിച്ചു. ‘ചാത്തേ.’
ചാത്ത ഓടിവന്നു. തോളത്തിട്ട മുണ്ടു് എടുത്തു് കക്ഷത്തു് തിരുകിവച്ചു് തൊഴുതുനിന്നു. ‘എന്താമ്പ്രാ?’
‘തെക്കെ കണ്ടം കൊറച്ചൂടി കെളയ്ക്കാൻ ബാക്കിണ്ടു്. അതു കഴിക്കണം, ഒപ്പം കവുങ്ങിനു് തടം കൂട്ടി നനേം തൊടങ്ങണം. ഇന്ന്തന്നെ പണി തൊടങ്ങിക്കോ.’
‘നാളെ വരാം തമ്പ്രാ. ന്നു് ഭാസ്കരൻ തമ്പ്രാന്റോടെ ചെല്ലാംന്നു് ഏറ്റിട്ട്ണ്ടു്. മോന്തിക്കു് പോയി കറമ്പനെ കണ്ടു് വരാൻ പറേണം. ഇപ്പപ്പോയാ കാണില്ല, ഓൻ പണിക്കു് പോയിട്ട്ണ്ടാവും. ത്ലാം ഇടാൻ ഓനും വേണം.’
‘ന്നാ ഒരു കാര്യം ചെയ്യ് ആദ്യം രണ്ടുപേരും കൂടി കെള ബാക്കിള്ളതു് തീർക്കു്. ന്ന്ട്ടു് തുലാം വെക്കണ പണി ചെയ്താമതി.’
‘ശരിമ്പ്രാ…’
‘നാളെത്തന്നെ വരണംട്ടോ.’
‘അടിയൻ നാളെത്തന്നെ വരാംമ്പ്രാ…’
ചാത്ത തല കുമ്പിട്ടു നിൽക്കേ വിജയൻ മേനോൻ വരമ്പിലൂടെ നടന്നുനീങ്ങി. തിരുവാതിരക്കാറ്റു് അയാൾക്കു് ഉണർവ്വുണ്ടാക്കി. അവരുടെ പാടത്തു് ചെറുവരമ്പിലൊന്നിൽ കുമ്പിട്ടു് നിന്നു് നെൽച്ചെടികൾ പരിശോധിക്കുന്ന അപ്പൂട്ടി വിജയൻ മേനോനെ കണ്ടപ്പോൾ വേഗം നടന്നുവന്നു.
‘പാടത്തു് നെറയെ ചായി വീണിരിക്കുണു.’ മേനോന്റെ പിന്നിലായി നടന്നുകൊണ്ടിരിക്കെ അയാൾ പറഞ്ഞു. ‘സാധാരണ ഇക്കാലത്തു് കിളികള് വരാറ്ണ്ടു്. കൊറെ കതിരൊക്കെ വെട്ടിക്കൊണ്ടോവുംച്ചാലും ചായിശല്യത്തിനു് ഒരറുതിണ്ടാവും. ഇക്കൊല്ലം കിളികളെ ഒന്നിനേം കാണാൻല്ല്യ. എവടെ പോയി ആവോ? കൊറെ ചായിപ്പൊടിയൊക്കെ വെതറീര്ന്നു് മിനിഞ്ഞാന്നു്. എങ്ങനെണ്ട്ന്നു് നോക്ക്വായിരുന്നു. വല്ലിച്ച കൊണൊന്നും കാണാൻല്ല്യ.’
‘എന്നു് തൊടങ്ങാറാവും കൊയ്ത്തു്, അപ്പൂട്ടീ?’
‘ഒരു മാസം പിടിക്കും തമ്പ്രാനെ. ഇനി കൊയ്ത്തു് തൊടങ്ങ്യാലാണു് ഓരോ പ്രശ്നങ്ങള്ണ്ടാവ്വാ. ഇക്കൊല്ലം കൂലി കൂട്ടുംന്നൊക്കെപ്പറഞ്ഞിരിക്ക്യാണു് ജോലിക്കാരു്. അവര്ടെ പിന്നിലു് കമ്മ്യൂണിസ്റ്റ്കളുംണ്ടു്. അവരു് ഓരോന്നു് മൂട്ടിക്കൊട്ക്ക്വാണു്. യൂണിയൻണ്ടാക്കുംന്നൊക്കെ കേക്കാന്ണ്ടു്. എവിടെ എത്തുംന്നു് കണ്ടറിയണം. നന്നായി ഈ തെരഞ്ഞെടുപ്പിനു് അവർക്കു് കിട്ടാഞ്ഞതു്. കൃഷിചെയ്യാൻ പണ്ടത്തെപ്പോലെ ഇമ്പല്ല്യാതായിരിക്കുണു.’
‘നെഹ്റു ഭരിക്കണേടത്തോളം കാലം കമ്യൂണിസ്റ്റുകൾക്കു് രക്ഷല്ല്യ അപ്പൂട്ടി. ആ ഒരു ഒറപ്പിമ്മലല്ലെ ഞങ്ങളൊക്കെ ജീവിക്കണതു്.’
‘റഷ്യേലൊക്കെ പാലും തേനും ഒഴുക്വാന്നല്ലെ ചോപ്പന്മാരു് പറഞ്ഞു് നടക്കണതു്.’
‘അതെയതെ അവിടൊന്നും ആൾക്കാർക്കു് നടക്കാൻ വയ്യാന്നായിട്ട്ണ്ടാവും, വഴുക്കി വീണിട്ടു്.’
‘അപ്പൊ, തമ്പ്രാൻ ഏടെക്കാ?’
‘എനിക്കൊന്നു് ടൗണീപ്പോണം. മൊയ്തീനെ കാണണം. പിന്നീം കൊറച്ചു് ജോലിണ്ടു്.’
‘വൈന്നേരം വീട്ടീണ്ടാവ്വോ?’
‘ണ്ടാവും അപ്പൂട്ടി.’
‘ഞാന്നാ വൈന്നേരം എറങ്ങാം തമ്പ്രാ.’
അപ്പൂട്ടി ഇടത്തേയ്ക്കുള്ള വരമ്പിലൂടെ നടന്നകലുന്നതു് വിജയൻ മേനോൻ നോക്കി. വൈകുന്നേരം വരാമെന്നു് പറഞ്ഞതു് എന്തിനായിരിക്കാം? ഇന്നലെ പറഞ്ഞതുപോലെ കുപ്പി വീട്ടിലെത്തിക്കാനായിരിക്ക്വോ? ആരുടെയും കണ്ണിൽപ്പെടാതെ കുടിക്കാൻ പറ്റിയാൽ തരക്കേടൊന്നുമില്ല. ഇനി കുടിച്ചാൽ ഉണ്ടായേക്കാവുന്ന കുഴപ്പങ്ങൾ എന്തെല്ലാമായിരിക്കുമെന്നു് വിജയൻ മേനോനു് അറിയാം. രാവിലെ ദേവകിയുടെ തലതൊട്ടു് സത്യംചെയ്തതും ഓർമ്മയുണ്ടു്. പക്ഷേ, ഇടക്കൊന്നു് കുടിച്ചാൽ എന്താ തരക്കേടു്. ആരും അറിയാൻ പോണില്ല്യ. കൂടിയാലെ കുഴപ്പമുള്ളൂ. കൂടാതെ നോക്കണമെന്നുമാത്രം.
ഭാഗ്യത്തിനു് മൊയ്തീൻ വീട്ടിലുണ്ടായിരുന്നു. അയാളുടെ ഭാര്യ ആമിനുമ്മ പടിക്കൽ ആടിനെ കെട്ടുകയാണു്.
‘അങ്ങട്ടു് ചെന്നോളീ, മൂപ്പരു് ഓടെണ്ടു്.’ അവർ ചിരിച്ചുകൊണ്ടു് പറഞ്ഞു.
‘ഞമ്മള് മൊതലാളീന്റട്ത്തു് ബരാൻ നിക്ക്വായിരുന്നു.’ കണ്ട ഉടനെ മൊയ്തീൻ പറഞ്ഞു. ‘മുയോൻ തെകഞ്ഞിട്ടു് ബന്നാ മത്യോന്നു് നെനച്ചു്. അല്ലെങ്കി ബേണ്ട ആയെടത്തോളം കായി മൊയ്ലാളി കൊണ്ട്പൊയ്ക്കോ.’
അയാൾ വീതിയുള്ള അരപ്പട്ടയിൽനിന്നു് കുറച്ചു നോട്ടുകളെടുത്തു് എണ്ണി തിട്ടപ്പെടുത്തി വിജയൻ മേനോനു് കൊടുത്തു.
‘മാർക്കറ്റീന്നു് കായി കിട്ടാൻ ബല്ലിച്ച പാടാ മൊയ്ലാളി. ഞമ്മള് കത്തീം പുടിച്ചിട്ടാ നടക്ക്ണതു്. അതോണ്ടു് എന്താ കൊണം. ഓന്റെ അരേലു് അതിലും മുന്ത്യ കത്തിണ്ടു്.’
‘കഴിയണതും വേഗം ബാക്കിള്ളതും തന്ന്തീർക്കു് മൊയ്തീനെ. വീട്ടിലു് കാര്യങ്ങളും നടക്കണ്ടെ?’
‘ഞമ്മളങ്ങട്ടു് എത്തിക്കാംന്നു്. മൊയ്ലാളി ബെഷമിച്ചു് ഇങ്ങട്ടൊന്നും നടന്നു് ബരണ്ട.’
എന്തായാലും ഇന്നു് അത്യാവശ്യം വാങ്ങേണ്ട കാര്യങ്ങൾക്കു് പണം തികയും. പദ്മിനിയ്ക്കു് രണ്ടു പാവാടയ്ക്കും ബ്ലൗസിനും തുണി വാങ്ങി പൗലോസിന്റെ തയ്യൽക്കടയിൽ തുന്നാൻ ഏല്പിക്കണം. കാര്യം ശരിയാണു്. അവൾ വളർന്നുവരുന്ന കുട്ടിയാണു്. എത്രയായാലും തന്റെ മരുമകൾ എന്ന പേരിലാണു് അവൾ അറിയപ്പെടുക. അടുത്തുതന്നെ തിരണ്ടുകല്യാണം നടത്തേണ്ടി വരും. ചുരുങ്ങിയ തോതിലെങ്കിലും ഒരു സദ്യ ഏർപ്പാടു ചെയ്യണം. ഒരു പെൺകുട്ടി തിരണ്ടാൽ ഈ വിളംബരം ആവശ്യമാണു്. ഇങ്ങിനെ ഒരു കുട്ടിയുണ്ടെന്നു് നാട്ടുകാർ അറിയണം. പിന്നെ സാവധാനത്തിൽ ആലോചനകളുമായി ആളുകളെത്തിക്കോളും. പതിനാറു് പതിനേഴു് വയസ്സിനുളളിൽ കല്യാണം കഴിച്ചുകൊടുത്തില്ലെങ്കിൽ നാണക്കേടാണു്.
പൗലോസിന്റെ തുന്നക്കടയുടെ അടുത്തുതന്നെയാണു് മൂപ്പന്റെ സ്വർണ്ണക്കട. അവിടെ കയറി വസുമതിയ്ക്കു് ഒരു വള നോക്കണം. കല്ലുവച്ച വള വേണംന്നു് കൊറച്ചു് കാലായി പറയാൻ തുടങ്ങീട്ടു്. ഇന്നു് അതുംകൊണ്ടു് പോയാലെ രക്ഷയുള്ളു. എന്നാൽത്തന്നെ സ്വീകരണമെന്താവുമെന്നു് പറയാൻ വയ്യ. ദാമോദരൻ അരഞ്ഞാൺ തീർത്തിട്ടുണ്ടെങ്കിൽ അതും വാങ്ങണം. ദേവകിയെപ്പറ്റി ആലോചിക്കുമ്പോൾ അരയിൽനിന്നു് ഉയർന്നുവരുന്ന ജ്വാലകൾ മേലാസകലം പടരുന്നു. ഇനിയും മൂന്നു ദിവസമെങ്കിലും കാത്തിരിക്കണം. ചുറ്റും ഉയരുന്ന തീജ്വാലകുളുടെ കുളിർമയിൽ ഒരു സ്വപ്നത്തിലെന്നപോലെ വിജയൻ മേനോൻ നടന്നു.
രാഘവൻ നായർ രാവിലെത്തന്നെ പെങ്ങളുടെ വീട്ടിലെത്തി. തലേന്നു രാത്രിയുണ്ടായ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. അതിനു ശേഷം മതി ചന്ദ്രേട്ടനോടു പറയണോന്നു് തീരുമാനിക്കുക. ചന്ദ്രേട്ടനു് വിജയൻ മേനോന്റെ കാര്യത്തിൽ അതൃപ്തിയുണ്ടു്. മൂപ്പരു് തന്നെപ്പോലെയല്ല തീരെ മയമില്ലാത്ത സംസാരമാണു്. ഒത്തുതീർപ്പിനു പകരം എല്ലാം അവസാനിപ്പിക്കുകയെ ഉണ്ടാവൂ. അതു സ്വയം അറിയാവുന്നതുകൊണ്ടു് ചന്ദ്രേട്ടൻ വിജയൻ മേനോന്റെ വീട്ടിൽ പോകാറില്ല. അവരുടെ വീട്ടിൽ പോയാൽ മനസ്സിലാവും നാഥനില്ലാതെ കിടക്കുന്ന വീടും പറമ്പുമാണെന്നു്. ഒരു നാലേക്കർ പറമ്പു് നോക്കി നടത്താൻ ആവുന്നില്ലെങ്കിൽ എന്തു മനുഷ്യനാണയാൾ?
വസുമതി ആകെ വിഷമിച്ചിരിക്കയായിരുന്നു. രാത്രി വാതിലടച്ചശേഷം അവൾക്കുറക്കം വന്നില്ല. കുറച്ചു കഴിഞ്ഞു് റാന്തലുമായി വാതിൽ തുറന്നു നോക്കിയപ്പോൾ ആൾ കോലായുടെ അറ്റത്തു് വെറും നിലത്തു് കിടന്നുറങ്ങുകയാണു്. അവൾ ധർമ്മസങ്കടത്തിലായി. വിളിച്ചു് താങ്ങി അകത്തു കടത്തിയാൽ മൂപ്പരതൊരു അംഗീകാര ലക്ഷണമായി കണക്കാക്കും. ഇതെല്ലാം ഇനിയും ആവർത്തിക്കും. ഇപ്പോൾ കുറച്ചു് കടുത്തു പെരുമാറുക തന്നെയാണു് നല്ലതു്. കുടിച്ചു വന്നാൽ സ്ഥാനം പുറത്താണെന്നു് അസന്നിഗ്ദമായി കാണിച്ചുകൊടുക്കണം. ഒരു പുതപ്പെടുത്തു പുതപ്പിച്ചു കൊടുത്താലോ എന്നാലോചിച്ചതാണു്. കുറച്ചു കഴിഞ്ഞാൽ തണുത്ത പാലക്കാടൻ കാറ്റു് തുടങ്ങും. വേണ്ട, പഠിക്കട്ടെ.
‘ഇന്നലെ ഇവിട്ന്നു് എറങ്ങ്യപ്പൊ ഞാൻ കണ്ടതാ ആകെ ഛർദ്ദിച്ചു് കെടക്കണതു്. ഞാനും ശ്രദ്ധിക്കാൻ പോയില്ല. വല്ല അസുഖോം ആയി കെടക്ക്വാണെങ്കിൽ ഞാൻ എടുത്തു കൊണ്ടന്നേനെ. ഇതെല്ലാം സ്വയം വരുത്തിത്തീർക്കണ അനർത്ഥങ്ങളാണു്, അതെല്ലാം സ്വന്തം അനുഭവിക്ക്യന്നെ വേണം. അതിനെടേലു് നീയ് വന്നുപെട്ടൂലോന്നാ ന്റെ വെഷമം.’
‘സാരല്ല്യ, ഏട്ടൻ വെഷമിക്കണ്ട. ന്റെ തലേലു് എഴുതീട്ട്ണ്ടാവും. എന്തായാലും ഇന്നു് വരുമ്പൊ ഞാൻ സംസാരിക്കാൻതന്നെ തീർച്ചയാക്കീട്ട്ണ്ടു്. കുടിച്ചിട്ടു് വര്വാണെങ്കിലു് അകത്തു് കടത്തില്ലാന്നു് പറേം. മാത്രല്ല പിന്നെ ഇങ്ങട്ടു് വരണ്ടാന്നും.’
‘അതാ നല്ലതു്. എന്റീം ചന്ദ്രേട്ടന്റീം കാലം കഴിയണവരെ നെനക്കു് ഒരു വെഷമൂംണ്ടാവില്ല. പിന്നെ മക്കള് വല്താവ്വല്ലെ. അവരു് അമ്മേ നോക്കിക്കോളും.’
‘അതെനിക്കറിയാം. ആ ഒരു ധൈര്യത്തിലാ ഞാൻ ജീവിക്കണതു്.’
‘ഈ കാര്യം ഞാൻ ചന്ദ്രേട്ടനോടു് പറഞ്ഞിട്ടില്ല. മൂപ്പര്ടെ സ്വഭാവം നെനക്കറിയാലോ. നീ കൊറച്ചു് ചായണ്ടാക്കു്, ഞാൻ പറമ്പിലൊന്നു് നടന്നിട്ടു് വരാം. വേലു തേക്കുകഴിഞ്ഞു് പോണേന്റെ മുമ്പെ കാണണം. തെക്കേ പറമ്പിലെ തൈതെങ്ങ്കൾക്കു് നന തൊടങ്ങണംന്നു് പറയണം. ത്ലാവർഷത്തിന്റെ വെള്ളൊക്കെ എവിടെ പോയീന്നറീല്ല. നന ചെന്നില്ലെങ്കിലു് ആ തൈയ്യെല്ലാം പോയിക്കിട്ടും.’
രാഘവേട്ടൻ പോയപ്പോൾ വസുമതി തലയിൽ കൈയ്യുംവച്ചു് കുറച്ചുനേരം ഇരുന്നു. അപ്പോൾ ഏട്ടൻ അതെല്ലാം അറിഞ്ഞിരിക്കുന്നു. അവൾക്കു് ജാള ്യത തോന്നി. ആരും അറിയരുതെന്നുണ്ടായിരുന്നു അവൾക്കു്. ഒറ്റയ്ക്കു് ഈ പ്രശ്നം കൈകാര്യം ചെയ്യണമെന്ന ആഗ്രഹം. രാവിലെ അഞ്ചുമണിയ്ക്കു വാതിൽ തുറന്നു നോക്കിയപ്പോൾ വിജയേട്ടൻ പോയിരിക്കുന്നു. അവൾക്കു് ആശ്വാസമായി, കാരണം അഞ്ചരമണിക്കുതന്നെ തങ്കം എത്തി അടിച്ചുവാരാൻ തുടങ്ങും. മുറ്റമടി കഴിഞ്ഞാൽ അവൾ കിണറ്റിൽനിന്നു് വെള്ളം കോരി കുളിമുറിയിലെ സിമന്റുതൊട്ടിയിൽ നിറയ്ക്കും. നാലുപേരുടെയും കുളി കുളിമുറിയിൽനിന്നാണു്. കിണറ്റിൽ നിന്നു് വെള്ളം മുക്കുന്ന ശബ്ദം കേട്ടാൽ വസുമതി ഉണരും. അടുക്കളയുടെ പുറത്തേയ്ക്കുള്ള വാതിൽ തുറന്നിട്ടു് വരാന്തയിലെ ബക്കറ്റിൽ തങ്കം പിടിച്ചുവച്ച വെള്ളവുമെടുത്തു് പടിഞ്ഞാറെ പറമ്പിലുള്ള കക്കൂസിലേയ്ക്കു നടക്കും.
വിജയേട്ടൻ തങ്കം വരുന്നതിനുമുമ്പുതന്നെ പോയതു നന്നായി. അല്ലെങ്കിൽ അതു് അങ്ങാടിപ്പാട്ടാവും. പക്ഷേ, തനിക്കു നഷ്ടപ്പെട്ടതു് സംസാരിക്കാനുള്ള അവസരമായിരുന്നു. വരട്ടെ ഇന്നു വൈകുന്നേരവും സമയണ്ടല്ലൊ.
വിജയൻ മേനോൻ ചെറിയൊരു പ്രശ്നവുമായി വീട്ടിലിരിക്കയാണു്. പകൽ കുറേ കാര്യങ്ങൾ ചെയ്തുതീർത്തു. പദ്മിനിയ്ക്കുള്ള രണ്ടു ജോടി പാവാടയും ബ്ലൗസും തുന്നിക്കാൻ കൊടുത്തു. മൂപ്പന്റെ സ്വർണ്ണക്കടയിൽനിന്നു് കല്ലുവച്ച വള വാങ്ങി. ഇനി ധൈര്യപൂർവ്വം വസുമതിയുടെ അടുത്തു ചെല്ലാം. തട്ടാൻ ദാമോദരന്റെ വീട്ടിൽ ചെന്നപ്പോൾ ദേവകിയുടെ കുട്ടിയ്ക്കുള്ള അരഞ്ഞാണം തയ്യാറായിരുന്നു. കുറേ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ ഒരു ദിവസം. എല്ലാം കഴിഞ്ഞു് വീട്ടിലെത്തിയപ്പോൾ പന്ത്രണ്ടു മണിയായി. പദ്മിനിയ്ക്കു് രണ്ടു ജോടി വസ്ത്രങ്ങൾ തുന്നിക്കാൻ കൊടുത്തിട്ടുണ്ടെന്നറിഞ്ഞപ്പോൾ പാറുവമ്മയ്ക്കു് സന്തോഷമായി. അവർ ഉച്ചയൂണിനു് പ്രത്യേകമായി ഏട്ടനു് ഇഷ്ടമുള്ള ഇഞ്ചിത്തൈരും ചെറിയ തോതിൽ ഇടിച്ചു പിഴിഞ്ഞ പായസവുമുണ്ടാക്കി. ഊണുകഴിഞ്ഞു് മുറുക്കിയ ശേഷം പത്തായപ്പുരയിൽ പോയി നല്ലൊരുറക്കവും കഴിച്ചു. നാലു മണിയ്ക്കു് എഴുന്നേറ്റു് പാറുവമ്മ തന്ന ചായയും കുടിച്ചു് ഉമ്മറത്തിരിക്കുമ്പോഴാണു് അപ്പൂട്ടിയുടെ വരവുണ്ടായതു്. അയാൾ രണ്ടു സഞ്ചിയും തൂക്കിയാണു് വന്നതു്. വലിയ സഞ്ചി ഉമ്മറത്തു് വച്ചു് അയാൾ പറഞ്ഞു.
‘കുറച്ചു് കാവത്താണു്. എലികള്ടെ ശല്യം കാരണം കെഴങ്ങ് നേരത്തെ കെളച്ചെടുത്തു. തിരുവാതിരയ്ക്കു് അധിക ദിവസംല്ല്യല്ലൊ.’
‘പാറൂ…’
പാറുവമ്മ മേൽമുണ്ടിൽ കൈതുടച്ചുകൊണ്ടു് വന്നു.
‘ഇതു് കൊറച്ചു് കാവത്തു് കിഴങ്ങ് കൊണ്ടന്നതാണു് അപ്പൂട്ടി. എടുത്തു വച്ചിട്ടു് സഞ്ചി തിരിച്ചു കൊടുത്തോളൂ.’
പാറുവമ്മ അകത്തു പോയപ്പോൾ അപ്പൂട്ടി സ്വരം താഴ്ത്തിക്കൊണ്ടു് പറഞ്ഞു.
‘സാധനം കൊണ്ടന്ന്ട്ട്ണ്ടു്. എവിട്യാ വെക്കേണ്ടതു?’
വിജയൻ മേനോനു് കാര്യം മനസ്സിലായി.
‘അതു് ആ പത്തായപ്പെരേടെ കോണിച്ചോട്ടിലു് വെച്ചാമതി. ഞാൻ എടുത്തുവയ്ക്കാം.’
വിജയൻ മേനോൻ ഒരു ധർമ്മസങ്കടത്തിലായി. ഇതെല്ലാം ഉപേക്ഷിച്ചു് നല്ലവനാകുമെന്ന പ്രതിജ്ഞയെടുത്തപ്പോഴേയ്ക്കു് പ്രലോഭനങ്ങൾ കോണിച്ചോട്ടിലെത്തിയിരിക്കുന്നു. കോണി കയറി വരികയേ വേണ്ടു.
ഒരു മിനിറ്റുകൊണ്ടു് അപ്പൂട്ടി തിരിച്ചെത്തി.
‘അതു് വേണ്ടിയിരുന്നില്ല അപ്പൂട്ടീ…’
സഞ്ചിയുമായി തിരിച്ചെത്തിയ പാറുവമ്മയ്ക്കു് ഏട്ടൻ പറഞ്ഞതെന്താണെന്നു് മനസ്സിലായില്ല. എല്ലാ കൊല്ലവും തിരുവാതിരയാവുമ്പോഴേയ്ക്കു് അപ്പൂട്ടി കാവത്തു കൊണ്ടുവരാറുണ്ടു്. ഇനി തിരുവാതിരയ്ക്കു് രണ്ടു ദിവസംമുമ്പു് മൂത്ത നാലു കുല കായയുമായി വീണ്ടും വരും. ഈ പതിവു് എന്തിനാണു് വേണ്ടെന്നു പറയുന്നതു?
‘തമ്പ്രാനെ, തെങ്ങിന്റെ തല്യൊക്കെ പോയിട്ട്ണ്ടല്ലൊ. ഒക്കെ പാറ്റത്തെങ്ങായിരിക്കുണു. ഒക്കെ വെട്ടി തയ്യ് നടണ്ട സമയായിരിക്കുണു.’
‘എന്തെങ്കിലും ചെയ്യണം.’ കസേലയുടെ കയ്യിന്മേൽ വച്ച വേഷ്ടിയെടുത്തു് തോളത്തിട്ടു് വിജയൻ മേനോൻ മുറ്റത്തേയ്ക്കിറങ്ങി.
സാധാരണ പതിവാണതു്. അപ്പൂട്ടി വന്നാൽ അയാളുടെ ഒപ്പം പറമ്പിലൊക്കെ ഒന്നു് നടക്കും. നടാനായി പൂവൻ വാഴയുടെ കന്നൊ, വെണ്ടയുടെ വിത്തോ കൊണ്ടുവരാമെന്നു് അപ്പൂട്ടി പറയും. ചിലപ്പോൾ കൊണ്ടുവരികയും ചെയ്യും. ചാത്തയെ കിട്ടിയാൽ വാഴയ്ക്കുള്ള തടംകൂട്ടി അവനെക്കൊണ്ടുതന്നെ നടുന്ന ജോലിയും ചെയ്യിക്കും. പിന്നെ ശുശ്രൂഷയൊന്നുമുണ്ടാവില്ല. പൂവനു് കുട്ടികളെപ്പോലെ നോട്ടം വേണം. അല്ലെങ്കിൽ അതു നശിക്കും.
‘അതു് വേണ്ടിയിരുന്നില്ല അപ്പൂട്ടി.’ പറമ്പിലെത്തിയപ്പോൾ വിജയൻ മേനോൻ പറഞ്ഞു. ‘ഞാനതു് നിർത്താൻ പോവ്വായിരുന്നു.’
‘അങ്ങനെ നിർത്ത്വൊന്നും വേണ്ടമ്പ്രാനെ. ഇതു് വിദേശിയാണു്. നല്ല വീര്യംള്ള സാധനാ. നല്ലോണം വെള്ളം ചേർത്തു് കുടിക്കണം. വിസ്കീന്നു് പറയും. തമ്പ്രാൻ കുടിച്ചിട്ട്ണ്ടാവും. എന്നും രാത്രി ഒരൗൺസ് കഴിക്കണതു് ചോരയോട്ടത്തിനൊക്കെ നല്ലതാ.’
തനിക്കു് ചോരയോട്ടം കൂടുതലായിട്ടുള്ള പ്രശ്നമേയുള്ളൂ. എന്തായാലും രുചി നോക്കിക്കളയാം. ഇതുവരെ നാടൻ കളളും ചാരായവുമല്ലാതെ വിസ്കി കുടിച്ചിട്ടില്ല. ആ പോരായ്മയും ഇതോടെ തീർന്നോട്ടെ.
അങ്ങിനെയാണു് ആ നല്ല ദിവസത്തിന്റെ അന്ത്യമെങ്കിൽ എന്തു ചെയ്യാനാണു്? മനുഷ്യൻ ഓരോന്നു് ഗണിച്ചുണ്ടാക്കുന്നു, ദൈവം മറിച്ചും. പക്ഷേ, രാത്രി ഊണിനായി താഴേയ്ക്കിറങ്ങിപ്പോകുന്നതിനു മുമ്പു് കുപ്പിയെടുത്തു നോക്കിയപ്പോൾ ഓർമ്മ വന്നതു് വസുമതിയുടെ മുഖമാണു്. ഇന്നവളുടെ അടുത്തു് എന്തായാലും പോണം. തന്നെ നല്ലവണ്ണം മനസ്സിലാക്കിയ സ്ഥിതിയ്ക്കു് ഒരു മുറുക്കാനിലൊന്നും കള്ളിന്റെ മണം ഒളിപ്പിക്കാനാവില്ല. അല്ലെങ്കിൽ ഇന്നു് പോണ്ട എന്നു തീരുമാനിക്കേണ്ടി വരും. അതു് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളു. രാവിലെത്തന്നെ പോകേണ്ടതായിരുന്നു. പക്ഷേ, ധൈര്യമുണ്ടായില്ല. അളിയന്മാർ ഉണ്ടാകും. അവരുമായി ഒരു കൂടിക്കാഴ്ച ഇപ്പോൾ വയ്യ. ഇന്നു രാത്രിതന്നെ അവിടെ പോണം. തനിക്കു് വസുമതിയെ ഇന്നുതന്നെ വേണം. രാവിലെത്തന്നെ ഇഛാഭംഗമുണ്ടായതാണു്. ദേവകിയെ ഇനി മൂന്നു നാലു ദിവസത്തേയ്ക്കു് കിട്ടില്ല. എന്താണു് വേണ്ടതു? അര മണിക്കൂർ നേരത്തെ മാനസിക സംഘട്ടനത്തിനൊടുവിൽ വളരെ വിഷമത്തോടെ അയാൾ കുപ്പി പൊട്ടിക്കാതെ അലമാറിയിൽത്തന്നെ വച്ചുപൂട്ടി താഴേയ്ക്കിറങ്ങിപ്പോയി.
ഊണു കഴിഞ്ഞു് അയാൾ സാവധാനത്തിൽ ഭാര്യാവീട്ടിലേയ്ക്കു് പുറപ്പെട്ടു. വൈകീട്ടു് എത്തിയാൽ മതി. വസുമതിയുമായുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനു് സാക്ഷികൾ വേണമെന്നില്ല. കുട്ടികൾ നേരത്തെ ഉറങ്ങും. അപ്പോഴേയ്ക്കു് എത്തിയാൽ മതി.
വസുമതി നേരത്തെത്തന്നെ വാതിലടച്ചിരിക്കുന്നു. പതിവില്ലാത്തതാണു്. എട്ടു മണിക്കൊന്നും ആ വീട്ടിൽ വാതിലടയ്ക്കാറില്ല. അയാൾ ഉറക്കെ മുട്ടി. സാക്ഷ നീക്കുന്ന ശബ്ദം. വസുമതി വാതിൽ മുഴുവൻ തുറക്കാതെ നേരിയ വിടവുമാത്രം വച്ചു് അതിലൂടെ റാന്തൽ ഉയർത്തി നോക്കി.
‘ഊം?’
‘വാതിൽ തുറക്കു് വസുമതി.’
‘കുടിച്ചിട്ടാണോ?’
‘അല്ല എന്റെ വസുമതി. എന്നെ വിശ്വസിക്കു്. ഞാനിനി കുടിക്കില്ല.’
‘തീർച്ച ്യാണോ?’
‘അതെ, തീർച്ച.’
‘മക്കളെ പിടിച്ചു് സത്യടു.’
‘മക്കളാണെ സത്യം ഞാനിനി കുടിച്ചിട്ടു് ഇവിടെ വരില്ല.’
അയാൾ സത്യം ചെയ്യലിൽ അല്പം വെള്ളം ചേർത്തതു് ഭാര്യ അറിഞ്ഞില്ല. കുടിക്കില്ല എന്നല്ല സത്യം ചെയ്തതു്. കുടിച്ചിട്ടു് ഇവിടെ വരില്ലെന്നാണു്. താൻ കള്ളസത്യമിട്ടതു കാരണം മക്കൾക്കൊന്നും പറ്റരുതെന്നുണ്ടു് അയാൾക്കു്. അവൾ സംശയിച്ചു് വാതിൽ തുറന്നു.
‘മക്കളെവിടെ?’
‘അവരുറക്കായി. സമയം എത്രായീന്നാ വിചാരം?’
അയാൾ തളത്തിലെ ഘടികാരത്തിലേയ്ക്കു നോക്കി. എട്ടര. കുട്ടികൾ ഉറങ്ങേണ്ട സമയം ആവുന്നേയുള്ളു. വസുമതി ഇന്നു് അവരെ നേരത്തെ കിടത്തി ഉറക്കിയതാവുമെന്നു് അയാൾക്കു തോന്നി. അയാൾ അകത്തു കടന്നു. വസുമതി റാന്തൽ നിലത്തുവച്ചു് വാതിലടച്ചു കുറ്റിയിട്ടു. വിജയൻ മേനോൻ ഭാര്യയെ പിന്നിൽനിന്നു് കെട്ടിപ്പിടിച്ചു. അവളുടെ ചന്തിയുടെ സമൃദ്ധിയിൽ അമരാൻ പക്ഷേ, അയാൾക്കു് അവസരം ലഭിച്ചില്ല. വാതിൽ സാക്ഷയിട്ട ഉടനെ അവൾ തിരിഞ്ഞുനിന്നു് അയാളെ മാറ്റി.
‘ഇനി ഇതൊന്നും വേണ്ട. ഒക്കെ കൂടീട്ടാണു് വേണ്ടാത്തതൊക്കെ ചെയ്യാൻ തോന്നണതു്.’
‘വസുമതി, ഞാൻ പറഞ്ഞില്ലെ, ഇനി കുടിക്കില്ല്യാന്നു്.’
അയാൾ കീശയിൽനിന്നു് ഒരു പൊതിയെടുത്തു.
‘നിന്റെ ഉരുണ്ടു ഭംഗിള്ള കൈ നീട്ടു്.’
‘എന്തിനാ?’
അയാൾ പൊതി തുറന്നു് വള പുറത്തെടുത്തു.
‘കല്ലുവെച്ച വള?’
വസുമതിയുടെ കണ്ണുകൾ വികസിച്ചു. അതു വാങ്ങാനായി കൈ നീട്ടിയപ്പോൾ അയാൾ തലയാട്ടി.
‘നീ കൈനീട്ടു്, ഞാനിട്ടുതരാം.’
അവൾ കൈ നീട്ടി. വളയിട്ടുകൊടുക്കുന്നതോടൊപ്പംതന്നെ അയാൾ ഭാര്യയെ അടുപ്പിച്ചു. വള കൈയ്യിൽ വന്നപ്പോഴാണു് താൻ ഭർത്താവിന്റെ കരവലയത്തിലായിട്ടുണ്ടെന്നും അയാൾ തന്നെ നിലത്തു കിടത്തിയിരിക്കയാണെന്നും വസുമതിയ്ക്കു മനസ്സിലായതു്. അവൾക്കു് എതിർപ്പൊന്നുമുണ്ടായില്ല. അവൾ എല്ലാം മറന്നു് വളയുടെ ഭംഗിയിൽ ആകൃഷ്ടയായിരിക്കയാണു്. വീതിയുള്ള വളയിൽ വലിയ ചുവപ്പും പച്ചയും കല്ലുകൾ ഇടവിട്ടു് പതിച്ചിരിക്കുന്നു. മൂത്ത ഏടത്തിയമ്മ കഴിഞ്ഞ ഓണത്തിനു് പണിയിച്ച വളപോലെയുണ്ടു്. അതിനേക്കാൾ കനംകൂടും. കാരണം തന്റെ കൈത്തണ്ടയ്ക്കു് വണ്ണം കൂടുതലാണു്.
ഭാര്യ ആഭരണത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരിക്കെ ഭർത്താവു് അവളെ വിവസ്ത്രയാക്കുകയാണു്.
കാലം അവിടവിടെ പൊട്ടിപ്പൊളിഞ്ഞ ഒരു മുള്ളുവേലിപോലെയാണെന്നു് പാറുവമ്മയ്ക്കു് തോന്നി. വേലിയുള്ളിടത്തു് ഇടതൂർന്ന വേലിതന്നെയാണു്. ഇടയ്ക്കുള്ള വിടവിലൂടെ ഓർമ്മകൾ പിടിവിട്ടുപോകുന്നു. കയറഴിച്ചുവിട്ട പശുക്കളെപ്പോലെ. എന്താണു് സംഭവിച്ചതെന്നു് അറിയുംമുമ്പെ പല കാര്യങ്ങളും നടന്നുകഴിയുന്നു. തിരിഞ്ഞുനോക്കുമ്പോഴാണു് മനസ്സിലാവുന്നതു്, അഞ്ചോ എട്ടോ വർഷം കൈയ്യിൽനിന്നു് ചോർന്നുപോയി. മുമ്പിലുള്ള പൊട്ടിപ്പൊളിഞ്ഞ വേലി കണ്ടപ്പോൾ അവർ ഓർത്തു. കാലം മാത്രമല്ല അതിനോടൊപ്പം പല ഓർമ്മകളും മനസ്സിൽനിന്നു് രക്ഷപ്പെട്ടുപോയിരിക്കുന്നു. ഈ വേലി കെട്ടിയതു് ഓർമ്മയുണ്ടു്. ചാത്ത ഇപ്പുറത്തും കറമ്പൻ അപ്പുറത്തുമായി നിന്നു് വേലി കെട്ടി. മുള വെട്ടിയെടുത്ത മുള്ളു നിരത്തി മുള പൊളിച്ചുണ്ടാക്കിയ ചീന്തുകൾ ഇരുവശത്തും വിലങ്ങനെ വച്ചു് വാരി കെട്ടുന്നു. ഓലമടലിന്റെ ഉൾഭാഗത്തുനിന്നു് ചീന്തിയെടുത്ത പാന്തത്തിന്റെ നാരുകൾകൊണ്ടാണു് കെട്ടുന്നതു്. പതിനൊന്നു് മണിയ്ക്കു് ഒരു മൊന്തയിൽ കഞ്ഞിവെള്ളത്തിലുപ്പിട്ടു് അതും രണ്ടു ഗ്ലാസ്സുമായി പാറുവമ്മ വേലിയ്ക്കൽ ചെല്ലും. ജോലിയിൽ ഒരു ഒഴിവു കിട്ടിയാലെ ചാത്ത കഞ്ഞിവെള്ളം കുടിയ്ക്കൂ. പാറുവമ്മ മൊന്ത നിലത്തുവച്ചു് അവർ ജോലി ചെയ്യുന്നതു് നോക്കിനിൽക്കും. കെട്ടിക്കഴിഞ്ഞ ഭാഗങ്ങൾ പരിശോധിക്കും. അതു് ഏതു വർഷത്തിലായിരുന്നു? ഓർമ്മയില്ല. ആ വർഷത്തിലായിരുന്നു മോൾ വയസ്സറിയിച്ചതു് എന്നുമാത്രം ഓർമ്മയിൽ നിൽക്കുന്നുണ്ടു്. മോൾ വയസ്സറിയിച്ച കാര്യം ഓർക്കുമ്പോഴെല്ലാം പച്ചമുള ചീന്തുന്നതിന്റെ ശബ്ദവും മണവും വരുന്നു. രാവിലെയാണു് പദ്മിനി അടുക്കളയിലേയ്ക്കു് ഓടിവന്നതു്.
‘അമ്മേ നോക്കു, എനിക്കു് ഇവിടെ ഒരു കുരുണ്ട്ന്നു തോന്നുണു. ചോര വരുണു.’
കാലിന്റെ ഒടിയിൽ ചൂണ്ടി അവൾ പറഞ്ഞപ്പോൾ അടുപ്പു ചാണകംകൊണ്ടു് തേമ്പി വൃത്തിയാക്കുന്ന ദേവകി ചിരിക്കാൻ തുടങ്ങി. ദേവകിയെ അദ്ഭുതത്തോടെ നോക്കിനിൽക്കുന്ന മകളെ പാറുവമ്മ അണച്ചു പിടിച്ചു.
‘സാരംല്ല്യ, രണ്ടീസംകൊണ്ടു് മാറും.’
അവർ തെക്കെ മുറിയിൽ കാവിയിട്ട നിലത്തു് കറുത്ത കമ്പിളി വിരിച്ചു അതിനുമീതെ അലക്കിയ മുണ്ടു വിരിച്ചു് മകളെ ഇരുത്തി. മുമ്പിൽ നിലവിളക്കു കൊളുത്തി വച്ചു. നാലാം ദിവസം തെരണ്ടുകല്യാണം ഗംഭീരമായി ആഘോഷിച്ചപ്പോൾ പത്തായത്തിൽ നെല്ലും അറയകത്തു് അപ്പൂട്ടി കാഴ്ചവച്ച വെള്ളരിക്കയും ഇളവനും ചേനയുമുണ്ടായിരുന്നു. പിന്നെ ഒരു ദിവസം എല്ലാം അപ്രത്യക്ഷമായി. അതെങ്ങിനെയാണെന്നു് പാറുവമ്മയ്ക്കു് ഓർമ്മയില്ല. ഒഴിഞ്ഞുകിടക്കുന്ന പത്തായത്തിൽ എലിക്കാട്ടത്തിന്റെയും അറയിൽ നരിച്ചീറുകളുടെയും മണം തങ്ങിനിന്നു. പത്തായപ്പുരയുടെ അറയകത്തു വച്ചിരുന്ന വലിയ ചരക്കുകളും ഓട്ടുരുളികളും കൂറ്റൻ ചട്ടുകങ്ങളും എങ്ങിനെയോ അപ്രത്യക്ഷമായിരിക്കുന്നു. പത്തായപ്പുരയിൽ കേശവൻ വൈദ്യർ ഇടയ്ക്കു കയറിപ്പോയി. ഇറങ്ങിവന്നു് ഉമ്മറത്തിരുന്നു് പുതിയ കഷായത്തിനു് കുറിപ്പടി തരികയോ ഇപ്പോഴുള്ള കഷായംതന്നെ തുടർന്നു് കൊടുക്കാൻ പറയുകയോ ചെയ്യും. എന്താണു് സംഭവിച്ചതെന്നു് ഓർക്കാൻ പാറുവമ്മ ശ്രമിച്ചു. അവിടെയെല്ലാം ഓർമ്മയുടെ വേലി കുറ്റിയടക്കം പോയിരിക്കുന്നു. ഇനി അതു കെട്ടലൊന്നുമുണ്ടാവില്ല.
‘എന്താ അമ്മ ഇവിടെ വന്നു നിൽക്കണതു?’
പദ്മിനി ചോദിച്ചു. അവൾ വന്നതു് പാറുവമ്മ അറിഞ്ഞില്ല.
‘ഞാൻ കൊറേ നേരായി അമ്മേ അന്വേഷിച്ചു നടക്കുണു. ഇങ്ങനെ ഒറ്റയ്ക്കു് ഇവിട്യൊന്നും വന്നു് നിക്കര്ത്ന്നു് ഞാൻ അമ്മ്യോടു് പറഞ്ഞിട്ടില്ലേ.’
പദ്മിനി അമ്മയുടെ കൈ പിടിച്ചു.
‘ഞാൻ നമ്മടെ വേലിടെ അവസ്ഥ നോക്ക്വായിരുന്നു മോളെ. കണ്ടില്ലെ പൊളിഞ്ഞിരിക്കണതു?’
‘സാരല്യ അമ്മെ, വേലി പൊളിയ മാത്രല്ലെണ്ടായിട്ടുളളു. വീടു് പൊളിക്കാൻ തൊടങ്ങീട്ടില്ലല്ലൊ.’
പാറുവമ്മ മകളെ നോക്കി. അവൾ മേൽ കഴുകി ബ്ലൗസും മുണ്ടും മാറ്റി ഭസ്മം തൊട്ടിട്ടുണ്ടു്. ഈയിടെയായി അവൾ പറയുന്നതൊന്നും പാറുവമ്മയ്ക്കു മനസ്സിലാവുന്നില്ല.
‘അമ്മേ വേലി തന്നത്താൻ പൊളിയണതല്ല. പൊളിക്കണതാണു്. കാളി പൊളിച്ചു കൊണ്ടോവണതു് ഞാൻ കാണാറ്ണ്ടു്. എല്ലാം അവള്ടെ അടുപ്പിലെത്ത്ണ്ണ്ടു്. പറമ്പിലു് വീഴണ മടലും തേങ്ങേം വല്ലതും നമ്ക്കു് കിട്ട്ണ്ണ്ടോ ഇപ്പോ? എന്തെങ്കിലും പറയാൻ പറ്റ്വോ. വല്ലതും പറഞ്ഞാൽ പിന്നെ ഇവിടെ ജീവിക്കാൻ പറ്റില്ല.’
ഒന്നും മനസ്സിലാവാത്ത മട്ടിൽ നോക്കിനിൽക്കുന്ന അമ്മയെ അവൾ കൈ പിടിച്ചു് നടത്തി. വടക്കെ അതിരിൽ പാമ്പിൻകാവു് ഇരുട്ടുപിടിച്ചു കിടന്നു. പാറുവമ്മ കുറച്ചുനേരം അതുംനോക്കി നിന്നു.
‘എത്ര കാലായി പൂജ ചെയ്തിട്ടു്?’
‘അമ്മ ഇങ്ങട്ടു വരു. ചെയ്യാൻ പറ്റാത്തതിനെപ്പറ്റി പറഞ്ഞിട്ടു് കാര്യല്യ. ചെയ്തതിനെപ്പറ്റി ഓർത്താ മതി.’
‘എന്താതു?’
നമ്മള് ഇന്നലെ രണ്ടു് നേരം കഞ്ഞി കുടിച്ചു. ഇന്നും ഉച്ചയ്ക്കു് കുടിച്ചു, വൈന്നേരത്തേയ്ക്ക്ള്ളതുംണ്ടാവും. നാളെ എന്താ ചെയ്യാൻ പോണ്ന്നറിയില്ല. ആലോചിക്കാതിരിക്ക്യാ നല്ലതു്.’
പദ്മിനി ആലോചിച്ചു. പാമ്പിൻകാവിൽ എല്ലാ കൊല്ലവും എമ്പ്രാന്തിരി വന്നു് പൂജ ചെയ്യാറുണ്ടു്. രാവിലെത്തന്നെ അറുമുഖനോടു പറഞ്ഞു് കാവിന്റെ പടിഞ്ഞാറു വശം പുല്ലും പാഴ്ചെടികളും ചെത്തി വൃത്തിയാക്കിക്കും. ഒരു കൊല്ലത്തെ വളർച്ചയുള്ള കുറ്റിക്കാടുകൾ ഒരു മുറിയുടെ വലുപ്പത്തിൽ പിൻവാങ്ങും. ദേവകി അവിടം ചാണകം മെഴുകി വൃത്തിയാക്കും. വൈകുന്നേരമാകുമ്പോഴേയ്ക്കു് ചിത്രകൂടക്കല്ലിനു മുമ്പിലുള്ള സ്ഥലം ഉണങ്ങിയിട്ടുണ്ടാവും. അവിടെയാണു് കുറുപ്പ് കളം വരയ്ക്കുക. ഒരിക്കൽ അവിടെ സർപ്പത്തുള്ളലുണ്ടായിട്ടുള്ളതു് പദ്മിനിയ്ക്കു് ഓർമ്മയുണ്ടു്. നേരിയ ഓർമ്മ മാത്രമേയുള്ളു. വർഷങ്ങളെ ചവിട്ടിമെതിച്ചു് കടന്നുപോയ ഋതുക്കൾ നാശപ്പെടുത്തുക കാരണം അവിടവിടെ ചായം അടർന്നുപോയ ചിത്രങ്ങൾ. തുള്ളുന്ന കൈകളിൽ കിടന്നു് വിറയ്ക്കുന്ന കവുങ്ങിൻ പൂക്കുലകൾ. മുടിയഴിച്ചിട്ടുലയുന്ന ഇളം ദേഹങ്ങൾ, ഉടുക്കിന്റെയും വായ്പ്പാട്ടിന്റെയും ശബ്ദലഹരിക്കിടയിൽ, നീങ്ങിനിരങ്ങി കളം മുഴുവൻ മായ്ക്കുന്നു. വെളിച്ചപ്പാടിന്റെ ‘ഹിയ്യ്യാ’ വിളികൾ. വെളിച്ചപ്പാടിന്റെ കല്പനകൾ കേൾക്കാനെന്നപോലെ പദ്മിനി ഒരു നിമിഷം നിന്നു.
‘അമ്മേ, അമ്മയ്ക്കു് കാവിലെ പൂജ ചെയ്തിരുന്നതൊക്കെ ഓർമ്മണ്ടോ?’
‘ണ്ടു്.’ അവർ തലയാട്ടി. അതെല്ലാം കാലത്തിന്റെ പൊളിഞ്ഞിട്ടില്ലാത്ത വേലികൾക്കുള്ളിലെ സംഭവങ്ങളാണു്. അവിടെ വേലി ഉറപ്പുള്ളതാണു്, പച്ചപ്പടർപ്പുകളും പൂത്തുനിൽക്കുന്ന അരിപ്പൂച്ചെടികളും നിറഞ്ഞതാണു്.
‘അമ്മേ വരു.’ അവൾ അമ്മയുടെ കൈ പിടിച്ചു വലിച്ചു. ഇപ്പാൾ തൊട്ടു് അങ്ങിനെയാണു്. എന്തെങ്കിലും പറഞ്ഞാൽ മതി, അതും ആലോചിച്ചുകൊണ്ടു് അവിടെ ഒരു നില്പാണു്. സ്ഥലകാലങ്ങൾ അവരുടെ കൈയ്യിൽനിന്നു് വഴുതിപ്പോകും. കഴിഞ്ഞ കാലത്തിന്റെ ചിത്രങ്ങൾ പൊടിതട്ടാൻ ശ്രമം നടത്തും. പല ചിത്രങ്ങളും പൊടിപിടിച്ചതല്ല ശരിക്കും പൂതലിച്ചതാണു് എന്ന ബോധം വരുമ്പോൾ ആ ശ്രമം ഉപേക്ഷിക്കും.
‘അമ്മേ സൂക്ഷിച്ചു നടക്കു. തെങ്ങിന്റെ ചോട്ടീക്കൂടെ നടക്കണ്ട. തേങ്ങേം മടലും ഒക്കെ ഒണങ്ങി വീഴാറായി നിക്ക്ണ്ണ്ടു്. ഇനി തെങ്ങു് കേറണോര്ടെ എഴുന്നള്ളത്തു് എന്നാണാവോ? അല്ലെങ്കിൽ വന്നിട്ടു് നമുക്കു് എന്താ കാര്യം അല്ലെ? ഒക്കെ വിറ്റു് അഡ്വാൻസ് വാങ്ങീല്ലേ ആങ്ങള? എന്നാലും ഇതു് ആരുടേം മണ്ടേലു് വീഴാതെ കഴിക്കാലോ.’
കിടപ്പിലാവുന്നതിനുമുമ്പു് വിജയൻമാമ രണ്ടു കൊല്ലത്തേയ്ക്കുള്ള തേങ്ങ മുഴുവൻ വിറ്റു് അച്ചാരം വാങ്ങിയിരിക്കുന്നു. ഒരു ഏകാദശിയ്ക്കു് അമ്മയ്ക്കു് വേണ്ടി ഇളനീർ ഇടാൻ അറുമുഖനെ വിളിച്ചപ്പോഴാണു് വിജയൻമാമ പറയുന്നതു്. ‘ഇളനീർ ഇടണ്ട. മൊയ്തീനു് അതിന്റെ ഒക്കെ കണക്കുണ്ടാവും.’ അന്നു് അമ്മ വെള്ളംകൂടി കുടിയ്ക്കാതെ കിടന്നു.
തേങ്ങയ്ക്കു് വില കൂടുമ്പോൾ മാപ്പിള ആൾക്കാരുമായി വന്നു് തെങ്ങു കേറ്റിയ്ക്കുന്നു. അടർന്നു വീണ തേങ്ങകളുടെ കണക്കു പറയുന്നു. വീണ തേങ്ങകൾ ആരെങ്കിലും വന്നു് എടുത്തു കൊണ്ടുപോകുകയാണെന്നു പറയുന്നതൊന്നും അയാളിൽ ഏശുന്നില്ല. ‘ഞമ്മക്കതൊന്നും അറ്യണ്ട. അതൊക്കെ നോക്കണ്ടതു് ഇങ്ങടെ ചൊമതല്യല്ലെ?’ ഇരുപത്തഞ്ചു തേങ്ങ വീട്ടാവശ്യത്തിനു് തരുമെന്നായിരുന്നു കരാർ. ഏറ്റവും മോശം തേങ്ങയെ തരൂ. ആ തെരവിൽനിന്നുതന്നെ ഉണങ്ങി വീണുപോയ തേങ്ങയുടെ എണ്ണം തിട്ടപ്പെടുത്തി കുറയ്ക്കുകയും ചെയ്യും. അടയ്ക്കയും മുൻകൂറായി വിറ്റതുതന്നെയാണു്. ഇനി എന്തൊക്കെയാണാവോ മുൻകൂറായി വിറ്റിരിക്കുന്നതു്.
പദ്മിനി തിരി തെറുത്തു നിലവിളക്കിലിട്ടു. വിളക്കിൽ എണ്ണ കുറച്ചു ബാക്കിയുണ്ടു്. അതു് രണ്ടു ദിവസത്തേയ്ക്കു കൂടി ഉപയോഗിക്കണം. മൂന്നാം ദിവസം എണ്ണ വാങ്ങിക്കാൻ ആരെങ്കിലും പണവുമായി വരുമെന്ന പ്രതീക്ഷയൊന്നുമില്ല. എണ്ണക്കാരൻ കാദർക്കാ ഇപ്പോൾ വരാറില്ല. വല്ലപ്പോഴും വരുമ്പോൾ ചിരിച്ചുകൊണ്ടു് ചോദിക്കും. ‘കായിയൊന്നും ആയില്ലാ അല്ലെ?’ അയാൾ ചീത്ത വിളിച്ചിരുന്നെങ്കിൽ ഇത്ര വിഷമമുണ്ടാവില്ലായിരുന്നു. അയാൾക്കു് കൊടുക്കാനുള്ള പണത്തിന്റെ കണക്കു് നോട്ടുപുസ്തകത്തിലെ ഒഴിഞ്ഞ ഏടുകളിലൊന്നിൽ എഴുതിവച്ചിട്ടുണ്ടു്. ഒമ്പതാം ക്ലാസ്സിന്റെ പകുതിവച്ചു് പഠിത്തം നിർത്തിയപ്പോൾ എടുത്തുവച്ച കണക്കുനോട്ടുപുസ്തകത്തിൽ കൊടുക്കാനുള്ള പണത്തിന്റെ പട്ടികകൾ നിരന്നു. അതും കണക്കുതന്നെ. കണക്കുപുസ്തകത്തിന്റെ തലയിലെഴുതിയ വരയ്ക്കും മാറ്റമൊന്നുമില്ല.
‘അമ്മേ വെളക്കു് കൊളുത്താൻ പോവ്വാ. കാലും മുഖും കഴുകു.’
വിളക്കു കണ്ടശേഷം പാറുവമ്മ നാമം ജപിക്കാനിരുന്നു. അതു് ഒന്നോ രണ്ടോ മണിക്കൂർ നീണ്ടു പോകും. പണ്ടൊക്കെ പത്തുമിനുറ്റുകൊണ്ടു് കഴിച്ചിരുന്നതാണു് നാമജപം. അവർക്കിപ്പോഴും ആശ ബാക്കിയുണ്ടു് എന്നർത്ഥം. എന്നെങ്കിലും ദൈവം തന്റെയും മകളുടെയും കഷ്ടപ്പാടുകൾ കണ്ടു മനസ്സിലാക്കി അതു മാറ്റിത്തരുമെന്നു് അവർ വിശ്വസിച്ചു. സുഖദുഃഖങ്ങളുടെ ആകത്തുകയിൽ അവർ വിശ്വസിച്ചു. കണക്കു നോക്കുമ്പോൾ ഇപ്പോൾ നല്ല കാലം വരേണ്ട സമയമായിരിക്കുന്നു. അത്രയധികം ദുരിതം അനുഭവിച്ചു തീർത്തിട്ടുണ്ടു്. നല്ല കാലം എങ്ങിനെ വരുമെന്നൊന്നും അവർക്കറിയില്ല. മകളുടെ കല്യാണം വഴിയായിരിക്കാം. അവർ പ്രാർത്ഥിക്കുന്നു. കണ്ണീർ ധാരയായി ഒഴുകുന്നു. പദ്മിനിയ്ക്കു് മുലകൊടുത്ത നാളുകളിൽ ചുരന്ന പാൽ കവിഞ്ഞൊഴുകി നനഞ്ഞ മാറിടം ഇപ്പോൾ അവൾക്കുവേണ്ടി പൊഴിക്കുന്ന കണ്ണീർ കൊണ്ടു് കുതിരുന്നു.
പദ്മിനി ഉമ്മറത്തെ തിണ്ണയിൽ വലയം ചെയ്യുന്ന ഇരുട്ടിൽ പുറത്തേയ്ക്കു് നോക്കിയിരിക്കും. പടിപ്പുരയ്ക്കു് തെക്കു് അറുമുഖന്റെ വീട്ടിലും വടക്കു് കാളിയുടെ വീട്ടിലും അടുക്കളമുറ്റത്തു് അടുപ്പിൽ തീയാളിക്കത്തും. പകൽ നീലിയും കാളിയും വലിയ കുട്ടകളിൽ മരങ്ങളുടെ ചുവട്ടിൽനിന്നു് ചവർ അടിച്ചുകൂട്ടുന്നതു് കാണാം. ആ ചവറാണു് അടുപ്പിൽ വലിയ കലത്തിനു താഴെ എരിയുന്നതു്. അവൾക്കു് ഓർമ്മ വച്ച കാലം മുതൽ കാണുന്ന ദൃശ്യമാണു്. ഒരു മാറ്റവുമില്ല. ഇനി കുറച്ചു കഴിഞ്ഞാൽ വാഴയിലയിൽ മീൻ ചുടുന്നതിന്റെ മണം വരും. അടുപ്പു് രാത്രി വൈകുന്നതുവരെ അങ്ങിനെ ആളിക്കത്തിക്കൊണ്ടിരിക്കും. രാത്രി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു് നിഴലുകൾ പോലെ കാണും. രാത്രി വൈകിയാൽ, എല്ലാവരും കൂടണയുമ്പോഴാണെന്നു തോന്നുന്നു, കാളിയുടെ വീട്ടിൽ നിന്നു് കേൾക്കുന്ന വഴക്കു് ആരുടെയെങ്കിലും നിലവിളിയിൽ അവസാനിക്കുന്നു. ഒരു മാറ്റവുമില്ല. അവരുടെ ജീവിതം നിശ്ചലമാണു്. സർക്കാർ മാറ്റമോ ഭൂപരിഷ്കരണങ്ങളോ അവരുടെ ജീവിതനിലവാരം ഉയർത്തിയിട്ടില്ല. മാറ്റം ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? അറുമുഖൻ പറയുന്നതു് അവൻ പ്രതീക്ഷിച്ചിരുന്നുവെന്നാണു്. വായ്പിട്ടുകൾക്കും മുദ്രാവാക്യങ്ങൾക്കും അപ്പുറത്തു് എന്താണു് സംഭവിക്കുന്നതു് എന്നവൻ ചോദിക്കുന്നു. പത്രങ്ങളിൽ വരുന്ന വാർത്തകൾ അവൻ ചൂടോടെ കൊണ്ടുവന്നു തരുന്നു. പുറം ലോകവുമായി പദ്മിനിയ്ക്കുള്ള ഒരേയൊരു ബന്ധം അറുമുഖൻ കൊണ്ടുവരുന്ന വാർത്തകളാണു്.
‘കൊച്ചമ്പ്രാട്ടീ റഷ്യക്കാരു് അമേരിക്കക്കാര്ടെ വിമാനം വെടിവച്ചു് വീഴ്ത്തീന്ന്! ന്നിട്ടു് അതു് പറപ്പിക്കണ ആളില്ലേ അയാളെ റോക്കറ്റിലു് ഇരുത്തി താഴത്തേയ്ക്കിറക്കീത്രെ. നല്ല ഒയരത്തിലു് പോണ വിമാനാത്രെ. യൂടൂന്നാ അതിന്റെ പേരു്. നമുക്കൊന്നും കാണാൻ പറ്റില്ല്യാന്നു്. അത്ര ഒയരത്തിലു് പോണ ആ വിമാനാ റഷ്യക്കാരു് വീഴ്ത്തീതു്.’
അറുമുഖൻ ഗ്രാമീണ വായനശാലയിൽ പോയി അന്നന്നത്തെ പത്രം വായിക്കുന്നു. അത്ര രാവിലെ വായനശാല തുറന്നിട്ടുണ്ടാവില്ല. പക്ഷേ, മാതൃഭൂമിയും ദേശാഭിമാനിയും വരാന്തയിൽ കിടക്കുന്നതു് അവനെടുത്തു വായിക്കും. ഒരേ വാർത്തതന്നെ രണ്ടു പത്രങ്ങൾ രണ്ടുവിധത്തിൽ പ്രസിദ്ധപ്പെടുത്തുന്നതു് അവനിൽ കൗതുകമുണ്ടാക്കുന്നു. രണ്ടിന്റെയും ഇടയിലെവിടെയോ ആണു് സത്യം കിടക്കുന്നതെന്നവനു മനസ്സിലാവുന്നു. കണ്ണു തുറന്നിരിക്കയും തലച്ചോറ് പണയപ്പെടുത്താതിരിക്കയുമാണു് വേണ്ടതു്. അതവനു് ധാരാളം സംശയങ്ങളുണ്ടാക്കി. ആ സംശയങ്ങൾ അവൻ പദ്മിനിയോടു പറയും.
‘കൊച്ചമ്പ്രാട്ടീ ഒരു പത്രത്തിലു് പറേണതു് അവരു് റോക്കറ്റയച്ചു് അതിലു് അയാളെ താഴത്തിറക്കീന്നാ. മറ്റേതിലു് പറേണതു് റോക്കറ്റു കൊണ്ടു് വിമാനം തകർന്നപ്പൊ അയാള് പാരച്യൂട്ടിലു് സ്വന്തം എറങ്ങ്യതാണ്ന്നാ, അപ്പൊ റഷ്യക്കാരു് പിടിച്ചു് ജേലിലിട്ടൂന്നു്. രണ്ടാമത്തതായീരിക്കും ശരീന്നാ നിക്കു് തോന്നണതു്. ഓലു് പറയണതു് അങ്ങനെ എറക്കിക്കൊണ്ടരാൻ റഷ്യക്കാർക്കു് പറ്റുംന്നാ.’ കാളിയുടെ മക്കളെ ഉദ്ദേശിച്ചാണവൻ പറഞ്ഞതു്.
മറ്റൊരിക്കൽ അവൻ പറയുകയുണ്ടായി. ‘കൊച്ചമ്പ്രാട്ടി, കാര്യൊക്കെ ശര്യന്നെ. കമ്യൂണിസ്റ്റ് പാർട്ടി പാവങ്ങള്ടെ പാർട്ട്യാണു്. പക്ഷേ, അവരു് ഭരിച്ചിട്ടു് എന്തായി? പാവങ്ങളേക്കാൾ ഗുണണ്ടായതു് ആർക്കാണു്. എടനെലക്കാർക്കല്ലെ. നിങ്ങടെ നെലൊക്കെ പോയി. ആ നെലൊക്കെ ആർക്കാ കിട്ടീതു? അപ്പൂട്ടിയ്ക്കും അപ്പൂട്ടീനെപ്പോലത്തോർക്കും. അവരു് പാവങ്ങളായിരുന്നോ? ഇപ്പൊ നിങ്ങക്കു് പകരം അവരു് ജന്മിമാരായി. അത്ര്യന്നെ. ഒരീസംകൊണ്ടു് അവരൊക്കെ പാർട്ടീലു് ചേർന്നു. ഞങ്ങടെ കൂലി കൂട്ടി, ശര്യാണു്, പക്ഷേ, സാധനങ്ങള്ടെ വെലെം അതിന്റൊപ്പം കൂടീട്ട്ണ്ടു്. മുമ്പെ വാങ്ങ്യ സാധനങ്ങളൊക്കത്തന്ന്യേ ഇപ്പഴും വാങ്ങാൻ പറ്റ്ണുള്ളൂ.’
പടിക്കൽ നിന്നുകൊണ്ടു് അവൻ സംസാരിക്കും. അവൻ എഴുത്തും വായനയും പഠിക്കാൻ തുടങ്ങിയതിനു കാരണം താനാണെന്നു് അവൾ ഓർക്കും. ആറു കൊല്ലം തുടർച്ചയായി സ്കൂളിൽ പോയതും താൻ കാരണമാണു്. പക്ഷേ, സ്വതന്ത്രമായി ചിന്തിക്കാനാക്കിയതു് അവന്റെ സ്വന്തം കഴിവുകൊണ്ടു മാത്രമാണു്. കാളിയുടെ മക്കളെപ്പറ്റി അവൻ പറയും.
‘അവരു് പാർട്ടി പറയണതെന്താച്ചാൽ അപ്പടി വിശ്വസിക്കും. അതിനപ്പുറത്തു് ഒന്നുംല്ല്യ. എന്നോടു് അധികം സംസാരിക്കാൻ വരാറില്ല.’
പത്തായപ്പുരയിൽനിന്നു് വിജയൻമാമയുടെ ശബ്ദം കേൾക്കുന്നു. അമ്മയെ വിളിക്കുകയാണു്. വിശന്നു തുടങ്ങിയിട്ടുണ്ടാവും. അമ്മ നാമം ചൊല്ലൽ കഴിഞ്ഞെണീക്കുമ്പോളേയ്ക്കു് കഞ്ഞി ചൂടാക്കി വയ്ക്കാം. ചമ്മന്തി അരയ്ക്കാൻ നാളികേരമില്ല. ചുടാൻ പപ്പടവുമില്ല. അങ്ങിനെ കുടിയ്ക്കട്ടെ.
പത്തായപ്പുരയുടെ മുകളിലെ മുറിയിൽ വിജയൻ മേനോൻ പുറത്തേയ്ക്കു നോക്കി കിടക്കുകയാണു്. ജനലിന്റെ ചട്ടക്കൂട്ടിലൂടെ വന്നിരുന്ന ദിവസത്തിന്റെ അവസാനത്തെ ചിത്രവും മങ്ങി മായ്ക്കപ്പെട്ടു. ഇനി അവിടെ കാറ്റിൽ ഊഞ്ഞാലാടുന്ന കവുങ്ങിൻ പൂങ്കുലകളോ മാവിൻ ചില്ലകളിൽ വന്നിരുന്നു് പ്രസംഗിക്കുന്ന നെടുവാലൻ പക്ഷികളോ ഇല്ല. അതു് അഴികളിട്ട കറുപ്പിന്റെ ചതുരം മാത്രം. അതിലൂടെ നോക്കിക്കിടക്കുമ്പോൾ ചിത്രങ്ങൾക്കു പകരം ഓർമ്മകൾ കടന്നുവന്നു് ശല്യപ്പെടുത്തുന്നു. പലതും മധുരമുള്ളവയാണെന്ന കാര്യം ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ വേദന തരുന്നു. ഇപ്പോൾ കട്ടിലിന്റെ തലയ്ക്കൽ തലയിണ വച്ചു് ചാരിയിരിക്കാം. അത്യാവശ്യം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാം. രണ്ടു ചാൽ മാത്രം. അതിൽ കൂടുതലായാൽ വേദന തിന്നേണ്ടിവരും. വയറിനു മീതെയാണു് വേദന. അതു കഴിഞ്ഞാൽ ആകെ കുഴയുന്നപോലെ തോന്നും. കരൾ ഏകദേശം പോയ മട്ടാണു്. ‘ദിവസും ആട്ടിൻ കരള് കഴിക്കണം.’ വൈദ്യർ പറയുന്നതാണു്. പാറുവിനോടക്കാര്യം പറഞ്ഞിട്ടില്ല. അവൾ മൂന്നു നേരം കോണി കയറി വരാറുണ്ടു്. രാവിലെ വെറും ചായ തരാൻ. അപ്പോൾ കഷായവും കൊണ്ടുവരുന്നു. കോണികയറി വന്നാൽ കുറച്ചുനേരം നിന്നു് കിതയ്ക്കുന്നതു് കാണാം. എന്താ വയ്യേ എന്നു് അയാൾ ചോദിക്കുന്നില്ല. ചോദിച്ചിട്ടെന്തു കാര്യം. മരുമകൾ ഇനി മുകളിലേയ്ക്കു വരില്ലെന്നുറപ്പാണു്. അതിനെപ്പറ്റി ആലോചിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. ആ ഓർമ്മകളെ അയാൾ പെട്ടിയിലിട്ടു പൂട്ടിയിരിക്കയാണു്. ഒരു കൈത്തെറ്റാണതു്. മാപ്പു്.
പന്ത്രണ്ടു മണിയോടെ കഞ്ഞിയും ചുട്ട പപ്പടമോ നാളികേരച്ചമ്മന്തിയോ ആയി പാറു വീണ്ടും വരുന്നു. ഓവറയിൽ രണ്ടു ബക്കറ്റ് വെള്ളം താങ്ങിക്കൊണ്ടുവന്നു് നിറയ്ക്കുന്നു. കഷ്ടമാണു് കാര്യം. നല്ല കാലത്തു് ഓവറയിൽ ഒരു കമ്മോഡുണ്ടാക്കിയതുകൊണ്ടു് പ്രഭാതകർമ്മങ്ങൾക്കു് ആരെയും കഷ്ടപ്പെടുത്തേണ്ടി വന്നിട്ടില്ല ഇത്രയും കാലം. ഏട്ടനു് താഴെ വീട്ടിൽ കിടന്നുകൂടെ എന്നു് പാറു ചോദിക്കുന്നുണ്ടു്. വരട്ടെ എന്നു പറയുകയാണയാൾ. ആരെയാണു് താൻ ഭയപ്പെടുന്നതു? പദ്മിനിയെയാണോ. അതോ മച്ചിൽ കുടിയിരുത്തിയ പരദേവതകളെയാണോ? അവർ പ്രതികാരദാഹവുമായി ചോരയിറ്റു വീഴുന്ന നാവുമായി വരുമെന്ന ഭയമാണോ? അതോ തന്റെ പൂർവ്വീകരെയോ? വർഷങ്ങളായി കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോൾ അയാൾ അവരെ ഓർത്തില്ല. എന്തു തന്നെയായാലും ദിവസങ്ങൾക്കുള്ളിൽ അയാൾക്കു് അവരുടെ ഇടയിലേയ്ക്കു് കടന്നു ചെല്ലേണ്ടി വരുമെന്നറിയാം. ഓരോ ദിവസവും ഇന്നലെത്തെക്കാൾ മോശമാണു്. എഴുന്നേൽക്കാൻ പറ്റാത്ത ഒരവസ്ഥയിൽ തന്നെ താങ്ങാൻ ആരുമുണ്ടാവില്ലെന്നു് അയാൾക്കറിയാം. താങ്ങേണ്ടവരെ ആദ്യമെ വെറുപ്പിച്ചു.
വസുമതി ഒരിക്കൽ മാത്രമാണു് കാണാൻ വന്നതു്. മക്കളെയും കൂട്ടി അവൾ ഒരതിഥിയെപ്പോലെ വന്നു് കട്ടിലിന്റെ അരികിലിട്ട സ്റ്റൂളിൽ ഇരുന്നു. മക്കൾ മൂന്നുപേരും അമ്മയ്ക്കു ചുറ്റും നിന്നു് ഏതോ ഒരദ്ഭുതജീവിയെ കാണുംപോലെ അച്ഛനെ നോക്കി. വരൂ എന്നു പറഞ്ഞു് നീട്ടിയ കൈ പ്രതികരണമില്ലാതെ താനെ പിൻവലിക്കേണ്ടിവന്നു. കുട്ടികളോടു് അച്ഛന്റെ അടുത്തു ചെല്ലാൻ വസുമതിയും ആവശ്യപ്പെട്ടില്ല. അവൾ സാധാരണ ചെയ്യാറുള്ളപോലെ അറിയാത്ത മട്ടിൽ സാരി താഴോട്ടിട്ടു് അവളുടെ സൗകുമാര്യം കാട്ടി തന്നെ പ്രലോഭിപ്പിക്കുകയാണു്. അവൾ കുറച്ചു തടിച്ചിട്ടുണ്ടു്. മുലകൾ ബ്ലൗസിന്റെ മുകളിലെ വേലി ചാടിക്കടക്കാൻ തയ്യാറെടുക്കുകയാണു്. എന്തിനാണവൾ അതു കാട്ടിത്തരുന്നതു? നഷ്ടസൗഭാഗ്യങ്ങൾ ഓർമ്മിപ്പിച്ചു് തന്റെ അവസ്ഥ കൂടുതൽ ശോചനീയമാക്കാനാണോ? കുട്ടികൾ കോണിപ്പടികളിൽ ശബ്ദമുണ്ടാക്കി താഴോട്ടിറങ്ങിപ്പോയപ്പോൾ അയാൾ കിടക്കയിൽ അവൾക്കിരിക്കാൻ സ്ഥലമുണ്ടാക്കിക്കൊണ്ടു് പറഞ്ഞു.
‘വസുമതി ഇങ്ങോട്ടിരിക്കു.’
അവൾ തലകുലുക്കി. ‘വേണ്ട, അസുഖൊക്കെ മാറട്ടെ.’
‘നെണക്കു് സുഖംല്ലെ?’
വസുമതി മൂളി.
‘ഇവിടെ നോക്കാൻ ആളില്ലാഞ്ഞിട്ട്ള്ള വെഷമം നല്ലോംണ്ടു്. പാറുനു് കോണി കേറാനൊക്കെ നല്ല വെഷമാ.’
‘പണിക്കാരത്തില്ല്യേ?’
‘അവള് പോയി. ഇപ്പ ആരുംല്ല്യ. നെലൂം പറമ്പും ഒന്നുംല്ല്യാത്തോരെ ആർക്കു് വേണം?’
അസുഖകരമായ ഒരോർമ്മ തുടച്ചുകളയാനെന്നപോലെ അയാൾ നെറ്റിമേൽ തലോടി. ഓർക്കേണ്ടെന്നു കരുതിയാലും കുതിച്ചുവരുന്ന ഓർമ്മകൾ. കാര്യങ്ങൾ അനുകൂലമായിത്തന്നെ നിൽക്കുന്നുവെന്നു് തോന്നിപ്പിച്ച നാളുകളിലെ ഓർമ്മകൾ.
‘അപ്പൊ താഴത്തു് കെടക്കായിര്ന്നില്ല്യെ?’
അയാൾ ഒന്നും പറയാതെ കിടന്നു. അയാളുടെ മനസ്സിലിരിപ്പു് മനസ്സിലാക്കിയപോലെ വസുമതി പറയാൻ തുടങ്ങി.
‘അവിടെ ഏട്ടമ്മാരു് സമ്മതിക്ക്യൊന്നുംല്ല്യ. എനിക്കാണെങ്കിലു് അവരെ പെണക്കാനൊന്നും പറ്റില്ല. എന്തെങ്കിലും ആവശ്യം വരുമ്പോ അവര്ടെ അടുത്തു് മാത്രെ ഓടിച്ചെല്ലാൻള്ളൂ.’
അവൾ ഭർത്താവിനെ കുറ്റപ്പെടുത്തുന്നില്ല. അവളുടെ പ്രശ്നം പറയുകമാത്രം. വിധിനിർണ്ണയത്തിന്നതീതമാണു് അവളുടെ പെരുമാറ്റം.
മക്കൾ പിന്നെ കയറി വന്നില്ല. അയാൾ അവരെ കാണണമെന്നു് ആവശ്യപ്പെട്ടുമില്ല. അവൾ എഴുന്നേറ്റു പോകുന്നതിനുമുമ്പു് തന്റെ കൈപിടിക്കുമെന്നും ആശ്വസിപ്പിക്കാനായി എന്തെങ്കിലും പറയുമെന്നും വിജയൻ മേനോൻ പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല.
‘ഞാൻ പോട്ടെ. ഇനി പോയിട്ടു് വേണം ചോറുംകൂട്ടാനും ഒക്കെണ്ടാക്കാൻ. രാവിലെ കൊറച്ചു് അയില കിട്ടീട്ട്ണ്ടു്. അതു് വറക്കാൻ പെരട്ടിവച്ചിട്ട്ണ്ടു്.’
ശൂന്യമായ അവസ്ഥയിൽ ഒന്നും ആലോചിക്കാതെ, മനസ്സു് ശാന്തമായി വയ്ക്കാൻ ശ്രമിച്ചുകൊണ്ടു് അയാൾ കിടന്നു. താഴെ കുട്ടികളുടെ കോലാഹലം കേൾക്കാനുണ്ടു്. ആ ശബ്ദങ്ങൾ അകന്നകന്നു പോയി, തന്റെ അവസാനത്തെ പ്രതീക്ഷകൾ കൊമ്പും കുഴലും വിളിച്ചു് പടിയിറങ്ങുന്നതയാൾ ശ്രദ്ധിച്ചു. ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്നു് ഒരു ഇരുണ്ട ഉൾക്കാഴ്ചയോടെ അയാൾ അറിഞ്ഞു. വൈദ്യരുടെ വാക്കുകളുടെ വിശ്വാസയോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു. എന്തിനാണു് ഈ കയ്പ്പുള്ള കഷായം കുടിക്കുന്നതു? എന്തിനാണു് പാറുവിനെക്കൊണ്ടു് ഇല്ലാത്ത പണം ചെലവാക്കി അതിനുള്ള മരുന്നുകൾ വാങ്ങിക്കുന്നതു? ഇല്ലാത്ത ആരോഗ്യവും വച്ചുകൊണ്ടാണവൾ ഇതെല്ലാം ചെയ്യുന്നതും.
രാവിലെ ചായയുംകൊണ്ടു് പാറുവമ്മ വന്നപ്പോൾ അയാൾ പറഞ്ഞു.
‘നീയാ അറുമുഖനോടു് ഒന്നു് വരാൻ പറയണം.’
‘എന്തിനാ?’
‘എന്നെ ഒന്നു് പിടിക്കാനാണു്. താഴെ ഏതെങ്കിലും ഒരു മുറിയിലു് കെടക്കാം. നെന്റെ ഈ കോണികേറ്റം ഒഴിവാക്കാലോ. തെക്കേ മുറി മതി. അവിടീം കുളിമുറീം കക്കൂസുംണ്ടല്ലോ.’
പാറുവമ്മ ഒന്നും പറയാതിരുന്നപ്പോൾ അയാൾ ചോദിച്ചു.
‘എന്താ ആ മുറി ഉപയോഗിക്ക്ണ്ണ്ടോ?’
‘അതു സാരല്ല്യ. മോള് അവിട്യാ കെടക്ക്ണതു്. സാരല്ല്യ, അവൾക്കു് എന്റെ ഒപ്പം കെടക്കാനെ ഉള്ളൂ.’
ഒരു മാസം മുമ്പാണു് പദ്മിനി അവളുടെ കിടയ്ക്ക എടുത്തു് ആ മുറിയിൽ കൊണ്ടുപോയി വച്ചതു്. എന്തിനാണു് എന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
‘ഒറ്റയ്ക്കു് കെടക്കാൻ പഠിക്കട്ടെ അമ്മേ. എപ്പഴാ ഒറ്റയ്ക്കു് ജീവിക്കണ്ടി വര്വാന്നറീല്ലല്ലോ. അമ്മള്ളപ്പൊത്തന്നെ അതിനു് തയ്യാറെടുക്ക്വല്ലെ നല്ലതു?’
‘എന്തിനാ ഒറ്റയ്ക്കു് ജീവിക്കണതു? നെന്റെ കല്യാണം കഴിയില്ലേ?’
അവൾ ചിരിച്ചു. ഇപ്പോഴായി അപൂർവ്വമായേ അവളുടെ മുഖത്തുനിന്നു് ചിരി വരാറുള്ളു. അതു വരുമ്പോഴാകട്ടെ വേണ്ടിയിരുന്നില്ലെന്നു പാറുവമ്മയ്ക്കു് തോന്നുകയും ചെയ്യും.
‘അമ്മേ, ഈ വീട്ടിലു് ഒരാള് കല്യാണം അന്വേഷിച്ചു് വര്വാണെങ്കിലു് ഒന്നുകിലു് അയാള് ഒരു പൊട്ടനായരിക്കണം, അല്ലെങ്കിലു് അയാൾക്കെന്നോടു് ദയ തോന്നീട്ടായിരിക്കും. രണ്ടു വിധത്തിലായാലും എനിക്കങ്ങനെ ഒരാളെ വേണ്ട.’
അവർ ഒന്നും പറയാതെ അടുക്കളയിൽ പോയി നിലത്തു് ചുമരും ചാരിയിരിക്കും. കണ്ണീർ വീണു് മേൽമുണ്ടു് നനയും. അമ്മ കരയുകയാണെന്നു മനസ്സിലാവുമ്പോൾ പദ്മിനി ചെന്നു് മുട്ടുകുത്തിയിരുന്നു് അമ്മയുടെ മുഖം പിടിച്ചടുപ്പിക്കും.
‘എന്തിനാ അമ്മ കരേണതു?’
കോണിയിറങ്ങി വരുമ്പോൾ പാറുവമ്മ ഇതെല്ലാം വീണ്ടും ഓർത്തു. പതിനെട്ടു വയസ്സായി അവൾക്കു്. മകൾ പറഞ്ഞതിന്റെ പൊരുൾ അവർ എന്നും ഓർക്കുന്നു. അതിന്റെ നേരു് അവരെ ഓരോ നിമിഷവും ഭയപ്പെടുത്തുന്നു, വേദനിപ്പിയ്ക്കുന്നു. പാറുവമ്മയുടെ കല്യാണം കഴിഞ്ഞതു് പതിനാറാം വയസ്സിലാണു്. ആദ്യത്തെ കുട്ടി പ്രസവത്തിൽത്തന്നെ കഴിഞ്ഞുപോയി. പിന്നെ കുട്ടിയുണ്ടാവാൻ കുറെ താമസിച്ചു. വഴിപാടുകൾ നേരാത്ത അമ്പലങ്ങളില്ല, ചെയ്യാത്ത പൂജകളില്ല. എല്ലാം കഴിഞ്ഞു് വഴിപാടുകൾ മതിയാക്കി, പൂജകൾ നിർത്തി സ്വസ്ഥമായി ഇരിക്കാൻ തീർച്ചയാക്കിയപ്പോഴാണു് വലിയ കോലാഹലത്തോടെ പദ്മിനിയുടെ വരവുണ്ടായതു്. സഹിക്കാൻ പറ്റാത്ത ഛർദ്ധി. അതും രാവിലെ മാത്രമൊന്നുമല്ല, പകൽ മുഴുവൻ. മിക്കവാറും കിടത്തം തന്നെയായിരുന്നു. മൂന്നു മാസം കാര്യമായി ഒന്നും കഴിക്കാൻതന്നെ പറ്റിയിരുന്നില്ല. അതു കഴിഞ്ഞപ്പോൾ എല്ലാം മാറി. ഭക്ഷണത്തിനു കൊതിയായി. തീറ്റതന്നെ തീറ്റ. അമ്മ പറയും, നീ അതിനെ ഇങ്ങനെ തടിപ്പിക്കണ്ട. പിന്നെ പൊറത്തു വരാൻ താമസിക്കും.
പറഞ്ഞ മാതിരിത്തന്നെ, പ്രസവം പ്രയാസമുള്ളതായിരുന്നു. നല്ല തടിയുള്ള കുട്ടി. ആ പ്രസവം കഴിഞ്ഞതോടുകൂടി പാറുവമ്മ മെലിയാൻ തുടങ്ങി. അങ്ങിനെ പെറ്റു വളർത്തിക്കൊണ്ടുവന്ന കുട്ടിയാണു് ഇപ്പോൾ കല്യാണമാവാതെ നിൽക്കുന്നതു്. പതിനെട്ടേ ആയുള്ളുവെങ്കിലും നല്ല വളർച്ചയുള്ളതുകൊണ്ടു് ഒരു ഇരുപതു വയസ്സെങ്കിലും തോന്നിയ്ക്കും.
അവർ പടിക്കൽ പോയി അറുമുഖനെ വിളിച്ചു. അവൻ ഓടിവന്നു.
‘എന്താ വല്ല്യമ്പ്രാട്ടീ?’
‘നീ പൊറത്തു് പോണേന്റെ മുമ്പെ ഒന്നു് ഇത്രേടം വരണം.’
‘ശരിമ്പ്രാട്ടീ.’
മുറി ഒഴിഞ്ഞുകൊടുക്കാൻ പദ്മിനിയ്ക്കു് വലിയ താല്പര്യമുണ്ടായിരുന്നില്ല. ഉപയോഗിക്കാതെ കിടന്നിരുന്ന ആ മുറിയിൽ അവൾ അവളുടെതായ ഒരന്തരീക്ഷം ഉണ്ടാക്കിയിരുന്നു. ആദ്യം ചെയ്തതു് രണ്ടു കൊല്ലം മുമ്പത്തെ മാതൃഭൂമി കലണ്ടർ ചുവരിൽ തൂങ്ങിയതു് എടുത്തു കളയുകയായിരുന്നു. സമയത്തിന്റെ നിരർത്ഥകത അവൾ മനസ്സിലാക്കിയിരുന്നു. ഒരു മേശയുള്ളതു് പോളിഷ് പോയി നരച്ചതു് മറയ്ക്കാൻ പഴയ മുണ്ടു് വിരിച്ചിട്ടു. ജനലിന്നടുത്തായതുകൊണ്ടു് ധാരാളം വെളിച്ചമുണ്ടായിരുന്നു മേശപ്പുറത്തു്. വല്ലപ്പോഴും വായനശാലയിൽനിന്നു് അറുമുഖൻ കൊണ്ടുവന്നു തരുന്ന നോവലുകൾ അവിടെയിരുന്നു് വായിക്കാം. കിടയ്ക്കയിൽ അല്പം കീറിയതാണെങ്കിലും വൃത്തിയുള്ള ഒരു മുണ്ടു് വിരിച്ചു. ആകെ അവളുടെ മനസ്സിനിണങ്ങുന്ന അന്തരീക്ഷം. അമ്മയുടെ മുറിയിൽ അവൾക്കു് പകൽ പെരുമാറാൻ തീരെ ഇഷ്ടമായിരുന്നില്ല. ചുമരിൽ ദേവന്മാരുടെയും ദേവതകളുടെയും ഫ്രെയിം ചെയ്ത പൗരാണിക ചിത്രങ്ങൾ. ഒരു കൊച്ചുമേശയുള്ളതിന്മേൽ രാമായണവും ഭാഗവതവും പഞ്ചാംഗവും അടുക്കിവച്ചിട്ടുണ്ടു്. ഗുരുവായൂരപ്പന്റെ ചിത്രത്തിനു മുമ്പിൽ വച്ച ഒരു ക്ലാവുപിടിച്ച തട്ടിൽ ഗണപതിയുടെ കൊച്ചു ലോഹവിഗ്രഹവും രണ്ടു ചെറിയ പാത്രത്തിൽ ഭസ്മവും കണ്ണെഴുത്തുമഷിയും. ഓർമ്മവച്ച കാലം തൊട്ടു് ആ മുറി അങ്ങിനെയായിരുന്നു. മുറിയിലാകെ ഏതോ കുഴമ്പിന്റെ മണം ചൂഴ്‌ന്നുനിന്നു. അമ്മ കുഴമ്പൊന്നുമുപയോഗിക്കാറില്ല. അമ്മമ്മ കുഴമ്പു പുരട്ടി കുളിച്ചിരുന്നു. അമ്മമ്മ മരിച്ചിട്ടു് വർഷങ്ങളേറെ കടന്നുപോയിട്ടും ആ മണം വിട്ടുപോകാൻ മടിച്ചു് നിൽക്കുകയാണു്.
അവൾ അർദ്ധസമ്മതത്തോടെ മൂളി.
കോണിയിറങ്ങാനേ സഹായമാവശ്യമുണ്ടായിരുന്നുള്ളു. അറുമുഖൻ തമ്പ്രാന്റെ കൈപിടിച്ചു നടത്തി. മുറ്റം മുറിച്ചുകടന്നു് തറവാട്ടിന്റെ ഉമ്മറത്തേയ്ക്കു കയറുന്ന പടി കയറിയപ്പോൾ അയാൾ പറഞ്ഞു.
‘ശരി അറുമുഖാ, ഇഞ്ഞി ഞാൻ ഒറ്റയ്ക്കു് പൊയ്ക്കോളാം. കൊറച്ചു് നേരം ഈ ഉമ്മറത്തു് കസേലേലു് ഒന്നിരുന്നു നോക്കട്ടെ.’
അറുമുഖൻ അയാളെ കൈപിടിച്ചു ഉമ്മറപ്പടി കയറ്റിയശേഷം നോക്കിനിൽക്കുന്ന പാറുവമ്മയോടു് ചോദിച്ചു.
‘ഇനി എന്തെങ്കിലും ചെയ്യാണ്ടോ തമ്പ്രാട്ടീ?’
‘ഇല്ല മോനെ, നീ വന്നതു് നന്നായി.’
അറുമുഖൻ ചിരിച്ചു. ഉമ്മറത്തു് കുറച്ചുനേരം ഇരിക്കട്ടെ എന്നു പറഞ്ഞതു് അത്ര നല്ല ഉദ്ദേശ്യത്തോടുകൂടിയായിരുന്നില്ല എന്നതു് വിജയൻ മേനോന്റെ മനസ്സാക്ഷിയെ നോവിപ്പിച്ചു. ഗാന്ധിജിയും കേളപ്പജിയും ഒക്കെക്കൂടി അയിത്തം ഇല്ലാതാക്കി. ശരി തന്നെ. അതു പക്ഷേ, മനുഷ്യന്മാർക്കേ മനസ്സിലാവൂ. പടിഞ്ഞാറ്റയിൽ കുടിയിരുത്തിയ പരദേവതകൾക്കു് അതു മനസ്സിലായില്ലെന്നു വരും. എന്തിനു് അവരെ എടങ്ങറിലാക്കുന്നു? വയറിൽ വേദന തുടങ്ങിയിരിക്കുന്നു. വേഗം കിടക്കുകതന്നെ വേണം. അയാൾ എഴുന്നേറ്റു.
തെക്കെ അറയിൽ തലയിണ ചാരിവച്ചു് കിടക്കുമ്പോൾ നഷ്ടപ്പെട്ട കാഴ്ചകളെപ്പറ്റി ഓർക്കാതിരിക്കാൻ വിജയൻ മേനോനു് കഴിഞ്ഞില്ല. വാലൻ പക്ഷിയും ആടുന്ന കവുങ്ങിൻ കുലകളും ആകാശത്തിന്റെ നീലക്കീറും അയാൾക്കു് നഷ്ടപ്പെട്ടിരിക്കുന്നു. പുറത്തു് പടിഞ്ഞാറെ മുറ്റമാണു്. രാവിലെ അതിലൂടെ ചൂലുമെടുത്തു് നടന്നു വരുന്ന ദേവകിയെ മുമ്പു് അയാൾ പത്തായപ്പുരയുടെ മുകളിൽനിന്നു് ജനലിലൂടെ നോക്കിനിൽക്കാറുണ്ടു്. നിമിഷങ്ങൾക്കകം അവൾ തന്റെ കരവലയത്തിലാവുമെന്ന അറിവു് അന്നെല്ലാം അയാളുടെ അരക്കെട്ടിൽ സുഖകരമായൊരു വേദന പകർന്നിരുന്നു. ദേവകി പത്തായപ്പുരയിലേയ്ക്കു കടന്നാൽ അയാൾ കോണിയുടെ താഴേയ്ക്കു് നോക്കി നിൽക്കും. ചുവട്ടിൽനിന്നു് അവൾ മുകളിലേയ്ക്കു നോക്കി ചിരിച്ചുകൊണ്ടു് കോണി കയറും. അവളുടെ കൈ പിടിച്ചുകൊണ്ടു് അയാൾ കിടപ്പറയിലേയ്ക്കു് നടക്കും.
‘തമ്പ്രാനു് ന്നെക്കിട്ടാൻ ത്ര പൂതിണ്ടോ?’
‘എന്താ പൂതില്ല്യാതെ? നീ അത്രയ്ക്കു് സുന്ദര്യല്ലെ?’
‘അപ്പ ഞാനൊരീസം വന്നില്ലെങ്കിലോ?’
‘ഞാൻ നെന്റെ വീട്ടീ വരും.’
ഒരിക്കൽ അതു സംഭവിക്കുകയും ചെയ്തു. വിജയൻ മേനോൻ ഓർത്തു. തന്നെ അവളുടെ വീട്ടുമുറ്റത്തു കണ്ടപ്പോൾ ദേവകിയ്ക്കുണ്ടായ പരിഭ്രമം.
രാവിലെ മേലാകെ വേദനയും നേരിയ ചൂടും തോന്നിയപ്പോൾ പണിയ്ക്കു് പോകേണ്ടെന്നു ദേവകി തീർച്ചയാക്കി. കെട്ടിയോൻ കാലത്തുതന്നെ പണിയ്ക്കു് പോയിരുന്നു. ഇന്നെന്തായാലും വീട്ടിലിരിക്കാം. രാവിലെ പത്തുമണിയുടെ ബെല്ല് സ്കൂളിൽനിന്നു കേട്ടപ്പോൾ അവൾ മോളെ നോക്കാൻ അമ്മയെ ഏല്പിച്ചു് കുറച്ചുനേരം കിടക്കാമെന്നു കരുതി. അമ്മ മോളെയുംകൊണ്ടു് അടുക്കളയിലേയ്ക്കു പോയി. അവളെ കുളിപ്പിയ്ക്കേണ്ട സമയമായിരിക്കുന്നു. അപ്പോഴാണു് തമ്പ്രാൻ മുറ്റത്തു നിൽക്കുന്നതു് ദേവകി കണ്ടതു്. അവൾക്കു് പരിഭ്രമമായി. ദേവകിയെ കണ്ടപ്പോൾ അയാൾ കൂസാതെ അകത്തു കയറുകയാണു്.
ഇന്നു് കുറെക്കാലത്തിനുശേഷം ദേവകി വീട്ടിലിരുന്നു് സ്വപ്നം കാണുകയായിരുന്നു. എന്താണു് ഇത്രയും കാലം കഴിഞ്ഞു് വീണ്ടും തമ്പ്രാനെക്കുറിച്ചു് ആലോചിക്കാൻ കാരണം. തമ്പ്രാനെങ്ങാൻ തന്നെക്കുറിച്ചു് ആലോചിക്കുന്നുണ്ടോ? തമ്പ്രാന്റെ സൂക്കടു് എങ്ങനെണ്ടാവ്വോ?
തമ്പ്രാൻ അകത്തു കടന്നപ്പോൾ ദേവകി പരിഭ്രമിച്ചുകൊണ്ടു് ശബ്ദമടക്കി ചോദിച്ചു.
‘എന്തിനാമ്പ്രാ വീട്ടീ വന്നതു?’
‘നിന്നെ കാണാൻ. നിന്നെ കാണാതെ വീട്ടിലിരിക്കാൻ തോന്നീല്ല്യ.’
‘നിക്കു് പന്യാണു്. സാരല്ല്യ, ഞാൻ ഇപ്പ വരാം. ഇമ്പ്രാൻ പോവു.’ അവൾ ആവുന്നത്ര ശബ്ദം താഴ്ത്തി പറഞ്ഞു.
ഭാഗ്യത്തിനു് അമ്മ അടുക്കളയിൽ മോളെ എണ്ണ തേപ്പിക്കാൻ തുടങ്ങിയിരുന്നു. അയാൾക്കു് വേണ്ടതു് എടുത്ത ശേഷമേ അയാൾ പോയുള്ളു. അതിനിടയിൽ അവൾക്കു് ആകെ പറയാൻ പറ്റിയതു് ‘എല്ലാം അഴിക്കണ്ട ഇമ്പ്രാൻ’ എന്നു മാത്രമാണു്.
അതിനുശേഷം പണിക്കു പോക്കു മുടക്കാൻ അവൾക്കു ധൈര്യം വന്നിട്ടില്ല.
തമ്പ്രാൻ പടികടന്നു പോകുന്നതു കണ്ടുകൊണ്ടാണു് അമ്മ മോളെ കുളിപ്പിച്ചു് മുറിയിലേയ്ക്കു കൊണ്ടുവന്നതു്. അവർ ചോദിച്ചു.
‘അത്മ്മടെ ഇമ്പ്രാനല്ലെ?’
‘അതെയമ്മാ.’
മകളുടെ മുഖത്തുണ്ടായ അങ്കലാപ്പു് അവർക്കു മനസ്സിലായില്ല.
‘എനിക്കു് എന്തു പറ്റീന്നറിയാൻ വന്നതാ.’
‘പാവം ഇമ്പ്രാൻ, നെന്നെ നല്ല കാര്യാ.’ കൊച്ചുമകൾക്കുള്ള അരഞ്ഞാൺ കൊണ്ടുവന്നപ്പോൾത്തന്നെ അവർ മനസ്സിലതു കുറിച്ചിട്ടിരുന്നു. പിന്നീടു് മോൾക്കുള്ള മാല. ദേവകിയ്ക്കു രണ്ടു വള, ഇതൊക്കെ കിട്ടിയപ്പോൾ ആ പഴമനസ്സു് കാര്യങ്ങൾ ഏതാണ്ടു് ഗ്രഹിച്ചിരുന്നു. അവർ വിജയൻ തമ്പ്രാന്റെ അച്ഛൻ വലിയ തമ്പ്രാനെക്കുറിച്ചു് ആലോചിച്ചു. അധികം സംസാരിക്കാത്ത പ്രകൃതം. ലക്ഷ്മിയ്ക്കു് അയാളെ പേടിയായിരുന്നു. കഴിയുന്നതും മുമ്പിൽ ചെന്നു ചാടാതിരിക്കാൻ ശ്രമിക്കാറുണ്ടു്. തെക്കേ വെട്ടുവഴിയ്ക്കടുത്തു് അവരുടെ സ്ഥലമുണ്ടു്. അഞ്ചെട്ടു കായ്ക്കുന്ന തെങ്ങുകൾ, ഒരു പുളിമാവു്, ഒരു പ്ലാവു്. നടുവിൽ ചെറുതെങ്കിലും സൗകര്യമുള്ള വീടും. വാടകയ്ക്കു കൊടുക്കുകയാണു് പതിവു്. ഒരു വാടകക്കാരൻ പോയപ്പോൾ ലക്ഷ്മിയോടു് അവിടെ വൃത്തിയാക്കാൻ പറഞ്ഞു. ഒന്നര മൈല് നടക്കാന്ള്ള ദൂരംണ്ടു്. ലക്ഷ്മി ബക്കറ്റും ചൂലുമെടുത്തു് അങ്ങോട്ടു പോയി. വേഗം മടങ്ങിവരാൻ വല്ല്യമ്പ്രാട്ടി പറഞ്ഞതു കാരണം ജോലി ധൃതിയിൽ ചെയ്തു തുടങ്ങി. നിറയെ മാറാലയുണ്ടായിരുന്നു. വീടു നിറയെ പൊടിയും. എല്ലാം കഴിഞ്ഞപ്പോൾ വിയർത്തു. കിണറ്റിലെ തണുത്ത തെളിവെള്ളം കണ്ടപ്പോൾ വേഗം ഒന്നു കുളിക്കാമെന്നു കരുതി. ബക്കറ്റിൽ വെള്ളമെടുത്തു കുളിമുറിയിലെ സിമന്റു തൊട്ടിയിൽ നിറച്ചു. മുണ്ടഴിച്ചുമാറ്റി കുളി തുടങ്ങി. കുളിമുറിയുടെ വാതിലിനു് കുറ്റിയുണ്ടായിരുന്നില്ല. സാരല്ല്യ, ആരു് വരാനാ. തണുത്ത വെള്ളത്തിൽ നന്നായി കളിച്ചു. മേൽമുണ്ടുകൊണ്ടു് തോർത്തുമ്പോഴാണു് അതുണ്ടായതു്. വാതിൽ തുറന്നു് വല്ല്യമ്പ്രാൻ മുമ്പിൽ നിൽക്കുന്നു. എന്താണു് ചെയ്യേണ്ടതെന്നറിയാതെ പകച്ചുനിൽക്കുമ്പോൾ തമ്പ്രാൻ വാതിൽ അതേപോലെ ചാരി. അന്നു് തനിക്കു് ഇരുപതു് വയസ്സാണു്. വേഗം മുണ്ടുടുത്തു് നനഞ്ഞ മേൽമുണ്ടു് പുതച്ചു് അകത്തേയ്ക്കു് വന്നു. തമ്പ്രാൻ മുറിയുടെ നടുവിൽ നിൽക്കുന്നു.
‘ലക്ഷ്മി, വാതിലടച്ചു് കുറ്റിയിട്ടു് അകത്തേയ്ക്കു വരു.’
തമ്പ്രാന്റെ കനപ്പെട്ട ശബ്ദം ഒരാജ്ഞയായിരുന്നു. അവൾ പുറത്തേയ്ക്കുള്ള വാതിലടച്ചു് കുറ്റിയിട്ടു് അടുക്കളയിലേയ്ക്കു നടന്നു. വീണ്ടും വിളിയുണ്ടായി.
‘ലക്ഷ്മി ഇങ്ങട്ടു വരു.’
അവൾ തമ്പ്രാന്റെ മുന്നിൽ തലതാഴ്ത്തി നിന്നു. അയാൾ അവളെ അടുപ്പിച്ചു് നനഞ്ഞ മേൽമുണ്ടു് എടുത്തു മാറ്റി. അന്നു് ദേവകി മുലകുടിക്കുന്ന പ്രായമായിരുന്നു.
സിമന്റിട്ട നിലത്തുനിന്നു് അവർ എഴുന്നേറ്റതു് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടായിരിക്കണം. തമ്പ്രാൻ വിരലുകളിൽ അണിഞ്ഞ നാലു മോതിരങ്ങളിൽ ഒരെണ്ണമൂരി ലക്ഷ്മിയുടെ കൈയ്യിൽ കൊടുത്തു.
ആ സംഭവം ഓർമ്മ വന്നപ്പോൾ ലക്ഷ്മി പറഞ്ഞു.
‘ഇമ്പ്രാന്റെ ഒരു വാടക വീട്ണ്ടു് തെക്കേ വെട്ടോഴീലു്. നെനക്കറിയ്വോ?’
‘അറിയും അമ്മേ, കണാരൂന്റെ കടേടെ അവിട്ന്നു് തെക്കോട്ടു് പോണ വഴീലല്ലെ?’
‘അത്വന്നെ. നീ ഇമ്പ്രാനോടു് ആ വീടും പറമ്പും നെന്റെ പേരിലു് എയ്തിത്തരാൻ പറേ.’
‘എന്തിനാമ്മേ?’
‘എന്തിനാന്നോ? ഇതാപ്പൊ നല്ല കുതൂഹലം! പെണ്ണു് ചോയിച്ചതു് കേട്ടോ. എടീ, നെണക്കും വേണ്ടെ സൊന്തായിട്ടു് ഒരു കെടപ്പാടം. ഇവ്ട്ന്നു് എന്നാ പോണ്ടിവര്വാന്നു് അറീല്ല. നീ പറഞ്ഞാ തമ്പ്രാ അതു് ചെയ്യാണ്ടിരിക്കൂല. പറഞ്ഞു് നോക്കെടീ.’
തമ്പ്രാന്റെ അടുത്തുനിന്നു് അങ്ങിനെ ഒരു സൗജന്യം ചോദിച്ചുവാങ്ങുന്നതിനെപ്പറ്റി ദേവകി ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഇതുവരെ തന്ന സാധനങ്ങളെല്ലാം തമ്പ്രാനു് താനെ തോന്നി വാങ്ങിത്തന്നിട്ടുള്ളതാണു്. മാത്രല്ല ചോദിക്കാൻ അമ്മ പറയണതു് നിസ്സാരകാര്യൊന്നും അല്ലേനും. പക്ഷേ, സ്വന്തമായി ഒരു വീടുണ്ടാവുക! അമ്മ അവൾക്കു് സ്വപ്നം കാണാനുള്ള കോപ്പുണ്ടാക്കിക്കൊടുത്തു.
തറവാടിന്റെ താഴെ നിലയിൽ തെക്കെ മുറിയുടെ തടവിൽകിടന്നു് വിജയൻ മേനോൻ സ്വപ്നം കാണുകയായിരുന്നു. ദേവകിയുടെ ശരീരത്തെപ്പറ്റി. തന്റെ സ്പർശത്തോടൊപ്പം പ്രതികരിക്കുന്ന നഗ്നദേഹം. തന്റെ കയ്യിൽ സ്നേഹത്തോടെ വഴങ്ങിത്തരുന്ന ആ ശരീരത്തിന്റെ ഗന്ധം. ഒരു സുഖനിമിഷത്തിന്റെ അന്ത്യത്തിൽ അവൾ തളർന്നു കിടക്കുകയാണു്. അടുത്ത നിമിഷത്തിൽ അവൾ എഴുന്നേറ്റു പോകുമെന്നോർത്തപ്പോൾ അയാൾ അവളെ മുറുകെ പിടിച്ചു.
‘തമ്പ്രാ ഞാൻ പോട്ടെ. ന്റെ ജോലി ഒന്നും ആയിട്ടില്ല.’
‘ഞാൻ വിട്ടെങ്കിലല്ലെ?’
ദേവകി അയാളുടെ ഓരോ സിരകളിലും പടരുകയാണു്. അവൾ ചോദിച്ചു.
‘ഇമ്പ്രാ ഞാൻ ചോയിച്ചാ ഒരു കാര്യം ചെയ്തു തര്വോ?’
‘എന്തും.’ അയാൾ വീണ്ടും അവളിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണു്. അവൾ പറഞ്ഞു.
‘തെക്കേ വെട്ട്വോഴീലു് ഇമ്പ്രാന്റെ ഒരു പെര ല്ല്യേ? അതു് എനിക്കു് തര്വോ?’
ദേവകിയ്ക്കു് പെട്ടെന്നു് ലജ്ജ തോന്നി. അവൾക്കിഷ്ടമില്ലാത്തൊരു കാര്യമാണു് ചെയ്യുന്നതു്. ജീവിതത്തിലൊരിക്കലും അവൾ മറ്റൊരാളോടു് ഒരാനുകൂല്യം ഇരന്നു വാങ്ങിയിട്ടില്ല. തമ്പ്രാൻ തരുന്നതു് സ്നേഹം കൊണ്ടാണെന്ന ബോധത്തോടെയാണു് സ്വീകരിക്കുന്നതു്. മറിച്ചു് തന്റെ ദേഹത്തിന്റെ വിലയായിട്ടാണു് അതു തരുന്നതു് എന്ന ബോധമുണ്ടായാൽ ആ നിമിഷം അവൾ അതെല്ലാം തിരിച്ചുകൊടുത്തു് അയാളുടെ ജീവിതത്തിൽനിന്നുതന്നെ അപ്രത്യക്ഷയായേനെ. അവൾക്കു് അമ്മയോടു് ദേഷ്യം തോന്നി. വീടു് സ്വന്തമായി വേണമെങ്കിൽ കെട്ടിയോൻ ഉണ്ടാക്കട്ടെ, ഇരന്നു വാങ്ങുകയല്ല വേണ്ടതു്. അവൾ പറഞ്ഞു.
‘അല്ലെങ്കീ വേണ്ടമ്പ്രാ. ഞാൻ വെറ്തെ പറഞ്ഞതാ.’
അയാൾ അവളിലേയ്ക്കു് ഇറങ്ങുകയാണു്. അവളുടെ ആഴങ്ങളിൽ, അവളുടെ മനസ്സിന്റെ, ദേഹത്തിന്റെ ലോലമായ ഇടങ്ങളിലേയ്ക്കു്. ആ പതുപതുത്ത ആത്മാവിലേയ്ക്കു് അയാളുടെ പരുക്കൻ മനസ്സു് സഞ്ചരിക്കുകയാണു്.
അയാൾ ഒരു കിതപ്പോടെ പറഞ്ഞു.
‘നിനക്കല്ലാതെ വേറെ ആർക്കാ ഞാൻ കൊടുക്ക്വാ, ന്റെ ദേവൂട്ടീ?’
അവൾ മുണ്ടുടുത്തു് താഴേയ്ക്കു പോകാൻ പുറപ്പെട്ടപ്പോൾ അയാൾ പറഞ്ഞു.
‘ആ വീട്ടിലു് ഇപ്പോ ഒരു മാഷാണു് താമസിക്കണതു്. അയാള് ഈ മാർച്ചിലു് പരീക്ഷ കഴിഞ്ഞാ പോവും. ഞാനിപ്പൊത്തന്നെ അതു് നെന്റെ പേരിലു് രജിസ്റ്റ്റ് ചെയ്തു് തരാം. ഞാനെന്റെ ഇഷ്ടത്തിനാ ഇതു് ചെയ്യണതു്. നീ സമാധാനായി പൊയ്ക്കോ. തല്ക്കാലം ആരോടും പറയണ്ട.’
ഇപ്പോൾ പുറത്തു് വെയിൽ തട്ടി തിളങ്ങുന്ന വാഴയിലകൾ ആടുന്നതും നോക്കിക്കൊണ്ടു് കിടക്കുമ്പോൾ വിജയൻ മേനോൻ സ്വയം പറഞ്ഞു. ‘അവൾ നന്ദിയുള്ളവളാണു്.’ താൻ കിടപ്പിലായതിനുശേഷം മൂന്നു പ്രാവശ്യം കാണാൻ വന്നു. മൂന്നു പ്രാവശ്യവും കിടക്കയിൽ ഇരുന്നുകൊണ്ടു് അയാളെ കെട്ടിപ്പിടിച്ചു് തലോടി കരഞ്ഞു.
‘കെട്ട്യോൻ സമ്മതിക്ക്ണില്ല. അല്ലെങ്കി ഞാൻ ദെവസും വര്വായിര്ന്നു്. ജോലി ചെയ്യാതെ നീ അവ്ടെ എന്തിനാ പോണ്ത്ന്നാ ചോയ്ക്കിൻതു്. അമ്മേം കെടപ്പിലായേപ്പിന്നെ വീട്ടിലും ഇമ്മിണി ജോലിണ്ടു്. മോള് സ്കൂളീന്നു് വരുമ്പളത്തിനു് ചോറും കൂട്ടാനുംണ്ടാക്കണം. അപ്പൊ കെട്ട്യോൻ പറേണതു് വീട്ടിലിര്ന്നു് എല്ലാ ജോലീം കഴിക്കാനാ.’
‘നീയ് വന്നാ ഒരു സുഖാ. പക്ഷേ, ദൂരം കൊറേണ്ടല്ലോ. ഒന്നര മൈലീക്കൂടുതൽ നടക്കാന്ണ്ടു്.’
‘ഞാഞ്ഞീം വരാ ഇമ്പ്രാ.’
അവൾ പോയാൽ വിജയൻ മേനോൻ വീണ്ടും സ്വപ്നങ്ങളുടെ ലോകത്താവും. വേദന സ്വപ്നങ്ങൾക്കു് വഴിമാറിക്കൊടുക്കുന്നു. അവൾ വന്നുപോയിട്ടു് ഒരു മാസത്തിലധികമായി. അവളെക്കുറിച്ചു് ആലോചിച്ചു കിടക്കുകതന്നെ ഒരു സുഖമാണു്. സ്വന്തം ഭാര്യയെക്കുറിച്ചാലോചിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. അവിടെ സ്നേഹമില്ല. മക്കളെ പ്രസവിക്കാനുള്ള ഒരു യന്ത്രം മാത്രമായിരുന്നു അവൾ. വസുമതിയുമായി കഴിഞ്ഞ ഓരോ സന്ദർഭങ്ങളും അയാൾ ഓർത്തുനോക്കി. സ്നേഹമെന്ന വികാരം പൊന്തിവരുന്നില്ല. തികച്ചും യാന്ത്രികമായ ഒരു ബന്ധം. അതിലുണ്ടായ മക്കളോ? അവർ തന്നെ ഒരന്യനെപ്പോലെയാണു് കരുതുന്നതും. അവരെ കുറ്റം പറയുന്നില്ല. ഈ വ്യവസ്ഥിതിയുടെ കുഴപ്പമാണു്. രാത്രി കുറച്ചു സമയം മാത്രം, അതും ഉറക്കപ്പിച്ചിൽ കാണുന്ന ഒരു മനുഷ്യനുമായി എന്തടുപ്പമാണുണ്ടാകുക? മരുമക്കത്തായം പാടെ ഒഴിവായിപ്പോകുന്ന ഈ കാലത്തും സമുദായത്തിന്റെ ചീഞ്ഞുനാറിത്തുടങ്ങിയ ഒരു മൂലയിൽ തനിക്കായി ആ വ്യവസ്ഥിതി കാത്തുനിൽക്കുകയായിരുന്നു.
‘ഏട്ടാ കഷായം.’
പാറുവമ്മ ഒരു കോപ്പയിൽ കഷായം കൊണ്ടുവന്നു തലയ്ക്കൽഭാഗത്തെ സ്റ്റൂളിൽ വച്ചു. അവളുടെ കോണികയറ്റം ഒഴിവായി. അത്രയും നല്ലതു്. അവൾ എന്തിനിതൊക്കെ ചെയ്യുന്നുവെന്നു് പലപ്പോഴും വിജയൻ മേനോൻ ആലോചിക്കാറുണ്ടു്. താൻ അവൾക്കും മകൾക്കും വേണ്ടി യാതൊന്നും ചെയ്തിട്ടില്ല, ഉപദ്രവമല്ലാതെ. അവളുടെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണക്കാരൻ താനാണെന്നു പറയാം. എന്നിട്ടും താൻ കിടപ്പിലായപ്പോൾ അവൾ ശുശ്രൂഷിക്കുന്നു. വൈദ്യർ എഴുതിത്തരുന്ന കുറിപ്പടി കൊടുത്തു് അറുമുഖനെ വിട്ടു് കഷായക്കൂട്ടു് വാങ്ങിച്ചു്, തെങ്ങിൽനിന്നു് അടർന്നുവീഴുന്ന ഉണക്കമടലും ഓലക്കൊടിയും പെറുക്കിക്കൊണ്ടുവന്നു് കഷായം കാച്ചുന്നു. രണ്ടുനേരം കഞ്ഞി കൊണ്ടുവന്നു തരുന്നു. മൂന്നു നേരത്തിനുള്ള വകയില്ലെന്നു് അയാൾക്കറിയാം. ഒരുപക്ഷേ, അവൾ ഇപ്പോൾതന്നെ പകുതി പട്ടിണിയിലായിരിക്കും.
‘എന്തിനാ ഈ കഷായൊക്കെണ്ടാക്കണതു?’ അയാളുടെ ചോദ്യം മറുപടിയില്ലാതെ തിരിച്ചുവരും. അവൾ ഈ ലോകത്തൊന്നുമല്ലെന്നു് തോന്നാറുണ്ടു്. കൃഷിനിലമൊക്കെ നഷ്ടപ്പെട്ടുവെന്നും തങ്ങൾ നിർദ്ധനരായെന്നും മനസ്സിലാക്കിയ ദിവസം അവൾ വീണതാണു്. ആ കിടത്തം ഒരു മാസം നീണ്ടുനിന്നു. അമ്പത്തേഴിലെ ആ ശപ്തമായ ദിവസം പുറത്തുപോയിവന്ന ശേഷമാണു് വിജയൻ മേനോൻ പറഞ്ഞതു്.
‘നമ്മടെ നെലൊക്കെ അന്യാധീനപ്പെട്ടു.’
ഒന്നും മനസ്സിലാവാത്ത പോലെ പാറു അയാളെ നോക്കി.
‘പുത്യ നെയമം വന്നതാ. കമ്യൂണിസ്റ്റ്കാരു് ചെയ്ത ഉപകാരം. കൃഷിഭൂമിയൊക്കെ കൃഷിക്കാരന്നാ. നമുക്കു് ഒരവകാശൂല്ല്യാന്നു്. ഇനി അപ്പൂട്ടി പാട്ടം അളക്കാൻ വരില്ല. ഊണു കഴിക്കാൻ റേഷൻതന്നെ വേണ്ടിവരും.’
ഏട്ടൻ പറഞ്ഞതെന്താണെന്നു് മനസ്സിലാക്കാൻ അവർക്കു് കുറച്ചു സമയമെടുത്തു. പിന്നെ ഒന്നും പറയാതെ വടക്കേ മുറിയിലേയ്ക്കു പോയി. കട്ടിലിൽ എത്തിയില്ല. വീഴുന്ന ശബ്ദം കേട്ടു് പോയി നോക്കിയതാണു്. പാറു നിലത്തു് വീണു കിടക്കുന്നു. ഒരു മാസം വൈദ്യർ വന്നുനോക്കി, മരുന്നുകൾ കുറിച്ചു. വളരെ സാവധാനത്തിൽ അവൾ ജീവിതത്തിലേയ്ക്കു് തിരിച്ചുവന്നു, പക്ഷേ, ഒരപരിചിതയായി മാത്രം. ഓർമ്മകൾ പലതും അവളുടെ മനസ്സിൽനിന്നു് തുടച്ചുനീക്കപ്പെട്ടിരുന്നു. പഴയ കാര്യങ്ങൾ നല്ല ഓർമ്മയാണു്, പക്ഷേ, കഴിഞ്ഞ ഏതാനും വർഷത്തെ കാര്യങ്ങൾ പറയുമ്പോൾ തപ്പുന്നു. അവളുടെ ഭാഗ്യം, വിജയൻ മേനോൻ മനസ്സിൽ പറഞ്ഞു. തന്റെ കരളിനു പകരം മനസ്സായിരുന്നു നഷ്ടപ്പെടേണ്ടിയിരുന്നതു്. ഇപ്പോൾ ദേഹത്തെ വേദനയെക്കാൾ മനസ്സിന്റെ വേദനയാണു് കാർന്നുതിന്നുന്നതു്. എല്ലാം വിസ്മൃതിയാലാഴാൻ ഇനി എത്ര സമയമുണ്ടാവോ? വൈദ്യർ അയാളെ സമാധാനിപ്പിക്കാനായി ഒന്നും പറയുന്നില്ല.
‘നമ്മള് ശ്രമിക്ക്യാ, അല്ലാതെന്തു ചെയ്യാൻ? കരള് ഒട്ടുമുക്കാലും പോയിരിക്കുണു. സാധാരണ നിലയിലു് പോയ ഭാഗൊക്കെ വളർന്നു വരാറുണ്ടു്. അതിനു് സമയം എടുക്കും. ക്ഷമ്യോട്കൂടി മര്ന്നു് കഴിക്ക്യാ. ഇതൊക്കെ ദൈവത്തിന്റെ അട്ത്തല്ലെ? തല്ക്കാലം ഈ കഷായം തന്നെ തൊടര്വാ. എണ്ണ ഒട്ടും വേണ്ട.’
എണ്ണ ഒട്ടും വേണ്ടെന്ന ഉപദേശം ഒരനുഗ്രഹമാണു്. ഇല്ലാത്ത സാധനമാണല്ലൊ കഴിക്കണ്ട എന്നു പറയുന്നതു്. എവിടെയാണു് തനിക്കു് പിഴച്ചതു? നെല്ലു വിറ്റ പണമായിരുന്നു കാര്യമായ വരായ. ആ നാലേക്കർ പറമ്പിൽ തനിക്കു് കനകം വിളയിക്കാമായിരുന്നു. സ്വതസ്സിദ്ധമായ മടി കാരണം ഒന്നും ചെയ്തില്ല. തൊട്ടടുത്ത വീട്ടിൽ ജോലിയില്ലാതെ ചാത്ത ദൂരെ ജോലിയന്വേഷിച്ചു പോയി. കൊല്ലം മുഴുവൻ ചെയ്താലും തീരാത്ത ജോലിയുണ്ടു് ആ പറമ്പിൽ. ശുശ്രൂഷയില്ലാതെ തെങ്ങെല്ലാം പാറ്റത്തെങ്ങായി. അഞ്ചുകൊല്ലം മുമ്പു കിട്ടിയിരുന്ന തേങ്ങയുടെ പകുതി ഇപ്പോൾ ഇറങ്ങുന്നില്ല. അങ്ങോട്ടു കൊടുക്കുന്ന പോലെത്തന്നെ തെങ്ങു് തിരിച്ചു തരും. കായ്ക്കാത്ത തെങ്ങെല്ലാം വെട്ടി പുതിയ തൈകൾ നടണം. അതുപോലെത്തന്നെ കവുങ്ങും. കുളത്തിൽ ധാരാളം വെള്ളമുള്ളതുകൊണ്ടു് പത്തമ്പതു് നേന്ത്രവാഴയെങ്കിലും വെയ്ക്കാമായിരുന്നു. അതുപോലെ പച്ചക്കറികളും. ഒന്നും ചെയ്തില്ല. നെല്ലു വിറ്റ പണം മുഴുവനും സ്ത്രീ വിഷയത്തിലും മദ്യസേവയ്ക്കും ചെലവാക്കി. അതും എന്തു കുടി? എന്നിട്ടു് എന്തുണ്ടായി? എന്തു നേടി? ഭാര്യവീട്ടിൽനിന്നു് നിഷ്കാസിതനായി. നേടിയതോ ഈ മാറാരോഗവും.
ബാബുവാണു് ചോദിച്ചതു്.
‘അമ്മേ, അച്ഛന്റെ സൂക്കടു് മാറീല്ല്യേ?’
എന്താണു് പറയേണ്ടതെന്നു് വസുമതി ആലോചിച്ചു. എന്തു പറഞ്ഞാലും വിശ്വസിക്കുന്ന പ്രായം മൂന്നു പേരും പിന്നിട്ടിരുന്നു. എന്താണു് അസുഖം, അതു വരാൻ എന്താണു് കാരണം എന്നെല്ലാം അവർക്കറിയാം. പലപ്പോഴും പരീക്ഷയ്ക്കു പഠിക്കാനിരിക്കുമ്പോൾ രാത്രി വൈകിയെത്താറുള്ള അച്ഛന്റെ സ്ഥിതി അവർ നേരിട്ടു കണ്ടിട്ടുണ്ടു്. അമ്മയും അച്ഛനുമായുള്ള വഴക്കിനും അവർ സാക്ഷിയാവാറുണ്ടു്. അതോടെ അവർക്കു് അച്ഛനുമായി ഉണ്ടായിരുന്ന അല്പം അടുപ്പംകൂടി ഇല്ലാതായി.
ഭർത്താവിന്റെ അസുഖം കൂടിവരികയാണെന്നു് വസുമതി മനസ്സിലാക്കി. അദ്ദേഹം അധികകാലം ജീവിച്ചിരിക്കില്ലെന്നും അവൾ ഊഹിച്ചിരുന്നു. അതിനെപ്പറ്റി രാഘവേട്ടനോടവൾ സംസാരിച്ചു. പെങ്ങൾക്കു് ഭർത്താവിനോടുള്ള ബന്ധത്തിൽ വൈകാരികാംശങ്ങളൊന്നും ബാക്കിയില്ലെന്നയാൾക്കറിയാം. അതുകൊണ്ടു് തുറന്നുള്ള സംസാരത്തിനു വിഷമമുണ്ടായില്ല.
‘ഞാൻ ഇന്നലെ വൈദ്യരെ കണ്ടിരുന്നു. അയാള് പറേണതു് ഞ്ഞി വിജയൻ മേനോന്റെ കരളിലു് ഒന്നും ബാക്കിയില്ലാന്നാ.’
‘ഓരോന്നു് വരുത്തിത്തീർക്കണതിനു് എന്താ ചെയ്യാ?’
‘ഒരു കാര്യം എന്തായാലും ഒടനെ ചെയ്യണം. ആ വീടും പറമ്പും ഭാഗം കഴിക്കാൻ പറയണം. അയാള്ടെ കാലം കഴിഞ്ഞാലു് നെനക്കും മക്കൾക്കും ആ പറമ്പീന്നു് ഒന്നും കിട്ടില്ല. ഒക്കെ പോവ്വ പെങ്ങക്കായിരിക്കും. നെന്റെ മക്കൾക്കു് എന്തെങ്കിലും കിട്ട്വാച്ചാ കിട്ടിക്കോട്ടെ.’
വസുമതി ഒന്നും പറഞ്ഞില്ല.
‘ഞാനൊന്നു് പോയിനോക്കാം അയാള്ടെ അടുത്തേയ്ക്കു്. ശര്യാക്കാണെങ്കിലു് വേഗം ചെയ്യൂം വേണം.’
ജ്യേഷ്ഠൻ പോയ ശേഷം വസുമതി കുറേനേരം ആ ഇരുപ്പിൽത്തന്നെ ഇരുന്നു. അടുത്ത കൊല്ലം ബാബു കോളേജിൽ പോയാൽ പിന്നെ അവളും താഴെയുള്ള മക്കളും മാത്രമേ ഉണ്ടാവൂ. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ സതിയുടെ കല്യാണം കഴിയും. അരവിന്ദനും കോളേജിൽ പോകും. പഠിത്തത്തിന്റെ കാര്യമെല്ലാം അമ്മാവന്മാർ നോക്കിക്കൊള്ളുമെന്നു് വസുമതിയ്ക്കു് ഉറപ്പുണ്ടു്. എല്ലാവരും പോയാൽ താനിവിടെ ഒറ്റയ്ക്കാവും. ഈ വലിയ വീട്ടിൽ ഒറ്റയ്ക്കു് താമസിക്കുന്നതിനെപ്പറ്റി ഓർത്തപ്പോൾ ഒരു വിഷമം. അവൾക്കു് ഭയമൊന്നുമുണ്ടായിരുന്നില്ല. അവൾ ജനിച്ചുവളർന്നതു് ആ തറവാട്ടിലാണു്. അവളുടെ കാരണവന്മാരെല്ലാം ജീവിച്ചു മരിച്ച സ്ഥലമാണതു്. അവരെല്ലാം അവളെ രക്ഷിക്കാനുണ്ടാവുമെന്ന വിശ്വാസമുണ്ടു്. മച്ചിനകത്തെ പരദേവതകളെല്ലാം അവളെ സംബന്ധിച്ചേടത്തോളം അസ്തിത്വമുള്ളവരാണു്. ഓരോ ദിവസവും തുടങ്ങുന്നതു് അവരോടുള്ള പ്രാർത്ഥനയോടെയാണു്. അതുകൊണ്ടു് ഒറ്റയ്ക്കാവുക എന്ന ഭയം അവൾക്കൊട്ടുമുണ്ടായിരുന്നില്ല. അവൾക്കു് നാല്പത്തിരണ്ടു വയസ്സായി. ഏകദേശം മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞതോടെ അവൾ ലൗകികസുഖങ്ങളിൽനിന്നു് അകന്നു തുടങ്ങിയിരുന്നു. ഭർത്താവു് വല്ലപ്പോഴും വിളിച്ചുണർത്തുമ്പോൾ മാത്രം ഉണരുന്നതായിരുന്നു അവളുടെ വികാരങ്ങൾ. പക്ഷേ, കുടി തുടങ്ങിയതോടെ ഭർത്താവിന്റെ വിളിച്ചുണർത്തൽ ഇടയ്ക്കിടയ്ക്കായി. ആദ്യമൊന്നും പുതുതായി കിട്ടിയ ഉണർവ്വിന്റെ കാരണം മനസ്സിലായില്ലെങ്കിലും അവൾ അതാസ്വദിക്കുന്നുണ്ടായിരുന്നു. കാരണം കണ്ടുപിടിച്ചപ്പോൾ പക്ഷേ, അതു ഭീകരമായ ഒരവസ്ഥയിലേയ്ക്കു് പെട്ടെന്നു് വഴുതിപ്പോകുകയാണുണ്ടായതു്. അവൾ ധർമ്മസങ്കടത്തിലായി. കുടി തുടങ്ങിയതിൽപ്പിന്നെ ഭർത്താവിന്റെ സ്നേഹപ്രകടനങ്ങൾ അവളെ അളവറ്റു സുഖിപ്പിച്ചു. അകത്തു ചെന്നതിന്റെ അളവു് വല്ലാതെ കൂടുമ്പോൾ മാത്രമേ ഇതിനൊരപവാദമുണ്ടായുള്ളൂ. അതൊന്നും ശരിയല്ലെന്നു് അവൾക്കറിയാം. മുപ്പത്തഞ്ചാം വയസ്സിൽ ഉറങ്ങാൻ പോയ വികാരങ്ങളെ ഉണർത്തി തിരികെ കൊണ്ടു വന്ന ആൾ തന്നെ ഇപ്പോൾ സ്ഥലംവിട്ടിരിക്കയാണു്.
ജോലിക്കു വരുന്ന തങ്കം അടുത്ത കാലത്തായി അവളുടെ ഭർത്താവിനെപ്പറ്റി ധാരാളം പറയാൻ തുടങ്ങിയിട്ടുണ്ടു്. മുമ്പും അപൂർവ്വമായി പറയാറുള്ളതാണു്. രാവിലെ കഞ്ഞി കുടിക്കുന്നതിനിടെ അവൾ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്നതോടെ അടുക്കളയുടെ വാതിൽക്കൽ ഒരു സ്റ്റൂളിട്ടു് വസുമതി ഇരിക്കും. മറ്റുള്ളവരുടെ കഥകൾ കേൾക്കുന്നതു് രസമാണു്, പ്രത്യേകിച്ചു് അറിയുന്നവരുടെ. പറഞ്ഞു പറഞ്ഞു് അവൾ കെട്ടിയോൻ രാത്രി കുടിച്ചുവന്നു് അവളെക്കൊണ്ടു് ചെയ്യിക്കുന്ന കാര്യങ്ങളിലെത്തുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു് വസുമതി അതെല്ലാം കേൾക്കും. പണ്ടൊന്നും അവ വസുമതിയെ ബാധിച്ചിരുന്നില്ല. ഇന്നു് ഭർത്താവു് ഒപ്പമില്ലെന്ന അവസ്ഥ വന്നപ്പോൾ അതവളുടെ ഞരമ്പുകളെ ചൂടുപിടിപ്പിച്ചു് രാത്രികൾ അസ്വസ്ഥമാക്കുന്നു.
വിജയൻ മേനോൻ അളിയന്റെ വരവു് പ്രതീക്ഷിച്ചിരുന്നു. തനിയ്ക്കു് നേരിടേണ്ടിവരുന്ന ജീവിതപ്രശ്നങ്ങൾക്കിടയിൽ ഇങ്ങിനെ ഒരു അസുഖകരമായ സന്ദർശനവും കിടപ്പുണ്ടെന്നയാൾക്കറിയാമായിരുന്നു. അതിന്റെ ഉദ്ദേശ്യം എന്തായിരിക്കുമെന്നൂഹിച്ചു് അതു നേരിടാനുള്ള തയ്യാറെടുപ്പും അയാൾ നടത്തിയിരുന്നു. രാഘവൻ നായർ വളരെ കാലത്തിനു ശേഷമാണു് ആ വീട്ടിൽ കാലു കുത്തുന്നതു്. പടിപ്പുര കടന്ന ഉടനെ അയാൾക്കനുഭവപ്പെട്ടതു് ആ പറമ്പിന്റെ ശോച്യാവസ്ഥയാണു്. കാലവർഷം തിമർത്തുപെയ്തു കടന്നു പോയിട്ടേയുള്ളു. എന്നിട്ടും ആ പറമ്പു് ഉണങ്ങിക്കിടക്കുന്നു. തെങ്ങിൻ തലപ്പുകൾ ഒഴിഞ്ഞു കിടന്നു, ഒരു നൂറു തേങ്ങയിലധികം ഇറങ്ങില്ലെന്നയാൾ കണക്കാക്കി. കവുങ്ങുകൾ ആരോഗ്യമില്ലാതെ കാറ്റത്താടി. ധാരാളം കുലകൾ ഉണ്ടാവേണ്ട ഈ കാലത്തു് അവിടവിടെ ശോഷിച്ച പൂങ്കുലകൾ വിരിയാൻ മടിച്ചുനിന്നു. ഒരു പത്തു വർഷമെങ്കിലും ഈ പറമ്പു് തീരെ ശ്രദ്ധിക്കാതെ കിടക്കുകയായിരിക്കണം.
സ്റ്റൂൾ നിരക്കുന്ന ശബ്ദം കേട്ടപ്പോൾ വിജയൻ മേനോൻ കണ്ണു തുറന്നു. അളിയനെ കണ്ടപ്പോൾ പെട്ടെന്നു് ഏഴുന്നേറ്റിരിക്കാൻ ശ്രമം നടത്തി, പിന്നെ അതു വേണ്ടെന്നുവച്ചു.
‘എങ്ങനെണ്ട്പ്പോ?’
അയാൾ മറുപടി പറഞ്ഞില്ല.
‘വൈദ്യര്ടെ മരുന്നൊക്കെ കഴിക്കിണില്ല്യേ?’
മറുപടി കിട്ടിയേ അടങ്ങു എന്ന വാശിയിലായിരിക്കും രാഘവൻ നായർ. അയാൾ മൂളി. വസുമതിയെപ്പറ്റി ചോദിക്കണമെന്നുണ്ടു്. അയാൾ പക്ഷേ, വാക്കുകൾ പുറത്തേയ്ക്കെടുത്തില്ല.
‘പെങ്ങള് എന്നും പറയും ഒന്നു് വന്നു് കാണണംന്നു്. അവളും നല്ല തെരക്കിലാണു്. കുട്ട്യോള്ടെ കാര്യംതന്നെ പിടിപ്പത്ണ്ടു്. അതു് കഴിഞ്ഞിട്ടെവിട്യാ നേരം? അപ്പൊ എന്നോടു് പറയ്യേ ഒന്നു് അളിയനെ പോയി കാണണംന്നു്. മര്ന്നു് കഴിച്ചിട്ടു് ഭേദംല്ല്യേ?’
വിജയൻ മേനോൻ ഒന്നും പറയുന്നില്ല. വളച്ചുകെട്ടലിന്റെ ആവശ്യമൊന്നുമില്ല, നേരിട്ടു് കാര്യം പറഞ്ഞുകൂടെ? രാഘവൻ നായർ കാര്യത്തിലേയ്ക്കു കടക്കുകതന്നെ ചെയ്തു.
‘അപ്പൊ നമുക്കീ പറമ്പിന്റെ കാര്യൊക്കെ ഒന്നു് ശര്യാക്കി എടുക്കണ്ടെ?’
‘എന്തു കാര്യം?’
‘അല്ല, വേണ്ടതു് അതാതു് കാലത്തന്നെ ചെയ്തു് തീർക്ക്വല്ലെ നല്ലതു?’
‘രാഘവൻ നായരു് മുഖവുര്യൊന്നുംല്ല്യാതെ കാര്യം പറയൂ.’
‘ഞാമ്പറയണതു് ഭാഗത്തെപ്പറ്റിയാണു്. ഈ വീടും പറമ്പും നിങ്ങടെ തറവാട്ടു് സ്വത്താണല്ലൊ. അതു് രണ്ടുപേർക്കും കൂടീട്ട്ള്ളതാണു്.’
‘ഈ പറമ്പിന്റെ ആധാരം കൈയ്യില്ള്ള പോല്യാണല്ലൊ സംസാരിക്കണതു്.’
രാഘവൻ നായരുടെ കാലിടറി. ഇത്ര പെട്ടെന്നു് ഇങ്ങിനെ ഒരു മറുപടി അയാൾ പ്രതീക്ഷിച്ചില്ല, അതും നിസ്സഹായനായി കിടക്കുന്ന ഒരു മനുഷ്യനിൽനിന്നു്. വാക്കുകൾ അയാളുടെ നാവിൻതുമ്പിൽനിന്നു് തെറിച്ചുപോയിരിക്കുന്നു. അവയെല്ലാം പെറുക്കിയെടുത്തു് അയാൾ പറഞ്ഞു.
‘അല്ല നമ്മളൊക്കെ ബന്ധുക്കളാണല്ലൊ. അപ്പൊ അന്യോന്യം കാര്യങ്ങളൊക്കെ അറിയാലോ. നല്ലോരു കാര്യല്ലെന്നു് കരുതി പറഞ്ഞതാണു്.’
‘ഞാൻ വീണപ്പൊ താങ്ങാൻ നിങ്ങളാരുംണ്ടായില്ല്യ. പത്തായപ്പൊരേലു് മൂന്നു് മാസം വയ്യാണ്ടെ കെടന്നപ്പോ നോക്കാൻ നിങ്ങടെ പെങ്ങള് വന്നില്ലല്ലോ. അവള് ആകെ ഒരു ദെവസാ വന്നതു്. അവള് വന്നു നിങ്ങളിരുന്ന മാതിരി ആ സ്റ്റൂളിൽ പത്തു മിനിറ്റ് നേരം ഇരുന്നു പോവൂം ചെയ്തു. ഞാൻ കഴിഞ്ഞാഴ്ച്യാ താഴേക്കെറങ്ങിവന്നതു്. പത്തായപ്പെരേലായിരുന്നു. ഈ മൂന്നു് മാസോം പത്തായപ്പെരേടെ മോളിലിക്കു് മര്ന്നു് തരാനും കഞ്ഞിതരാനും നാലുനേരം കേറിയതു് ഇതാ ഈ നിക്കണ വയ്യാത്ത സ്ത്രീയാണു്.
രാഘവൻ നായർ തിരിഞ്ഞുനോക്കി. വാതിൽക്കൽ പാറുവമ്മയും മകളും വന്നു നിന്നിരുന്നതു് അയാൾ അപ്പോഴാണു് ശ്രദ്ധിക്കുന്നതു്. അയാൾക്കു് കുറച്ചു ക്ഷീണമായി.
‘എനിക്കു് കക്കൂസിൽ പോയാൽ കഴുകാനുള്ള വെള്ളംകൂടി ആ പാവാണു് ഏറ്റിക്കൊണ്ടന്നിര്ന്നതു്. ഇവിടെ വേറെ ജോലിക്കാരൊന്നുംല്ല്യ. അന്നൊന്നും തിരിഞ്ഞുനോക്കാത്ത ആൾക്കാരു് ഇപ്പ ഭാഗം നടത്താൻ പറയുന്നതു്…’
വിജയൻ മേനോൻ കിതച്ചിരുന്നു. കടുത്ത വയറു വേദനയും പുറപ്പെട്ടിട്ടുണ്ടു്. അതും കടിച്ചുപിടിച്ചു് അയാൾ കിടന്നു.
‘ഞാൻ നിങ്ങടെ മക്കൾക്കു് നല്ലതു് വന്നോട്ടെന്നു് വച്ചു് പറഞ്ഞതാ.’
‘പിച്ചച്ചട്ടീന്നു് തട്ടിപ്പറിച്ചെടുക്കണ്ട ഗതികേടൊന്നും നിങ്ങടെ തറവാടിനു് ഇതുവരെ വന്നിട്ടില്ലല്ലൊ.’
‘ശരി, സാരല്യ. ന്നാ ഞാൻ പോട്ടെ.’
രാഘവൻ നായർ എഴുന്നേറ്റു, വാതിൽക്കൽനിന്നു മാറിനിന്ന പാറുവമ്മയെ നോക്കി പോട്ടെ എന്ന അർത്ഥത്തിൽ തലയാട്ടി. അയാളുടെ അപ്രസന്നമായ മുഖം കണ്ടപ്പോൾ പദ്മിനി തലതിരിച്ചു.
‘ഏട്ടനെന്തിനാ ഇങ്ങന്യൊക്കെ അയാളോടു് സംസാരിക്കാൻ പോയതു്.’
‘പിന്നെങ്ങന്യാ സംസാരിക്കണ്ടതു?’
‘അല്ലാ, ഏടത്ത്യേമ്മയ്ക്കു് എന്താ വേണ്ടത്ച്ചാ കൊടുത്തോളു.’
‘എന്റെ ഭാഗം ആർക്കാണു് കൊടുക്കണ്ടത്ന്നു് ഞാൻ തീർച്ച ്യാക്കിക്കൊള്ളാം. നീ പോയി എനിക്കു് കൊറച്ചു് ചൂടുവെള്ളംണ്ടാക്കിക്കൊണ്ടരൂ. വല്ലാത്ത വയറുവേദന. പിന്നെ അറുമുഖനെ വിട്ടു് വക്കീൽഗുമസ്തൻ രാമേട്ടന്യൊന്നു് വിളിപ്പിക്കണം. ഇന്ന്തന്നെ വരണംന്നും പറയൂ.’
താൻ ദിവസങ്ങളെണ്ണുകയാണെന്നു് വിജയൻ മേനോനു് തോന്നി. ശരിയാണു്. മാസങ്ങൾകൂടിയില്ല. ദിവസങ്ങൾ. വൈദ്യരെക്കാൾ തന്റെ ദേഹത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ അയാൾക്കു മനസ്സിലായിരുന്നു. ചിതലിന്റെ ഒരു സാമ്രാജ്യം അവിടെ വലുതായി വരികയാണു്. കരണ്ടുതിന്നുന്ന ശബ്ദം അയാൾക്കു കേൾക്കാം. കരൾ മാത്രമല്ല അതിനടുത്തുള്ള അവയവങ്ങളെല്ലാം ദ്രവിച്ചു തുടങ്ങിയതു് അയാൾ അറിഞ്ഞു. കാതൽ പൂതലിച്ചു പോകുന്നതു നിസ്സഹായനായി നോക്കിനിൽക്കുന്ന ഒരു വൻവൃക്ഷത്തെപ്പോലെ അയാൾ നിസ്സംഗതയോടെ നിന്നു. പൂർണ്ണമാവാൻ ഇനി എത്ര അവയവങ്ങൾകൂടി ദ്രവിക്കണം ആവോ. അതിനിടയ്ക്കു് മനസ്സുകൂടി ദ്രവിച്ചുകിട്ടാൻ എന്താണു് വഴി?
പദ്മിനി വേലിക്കരുകിൽ പോയി അറുമുഖനെ വിളിച്ചു് രാമേട്ടനോടു് വരാനായി പറഞ്ഞയച്ചു. സ്കൂളിൽ പോകുന്ന വഴിയിലാണു് രാമേട്ടന്റെ വീടു്. അവൻ പോയപ്പോൾ പദ്മിനി വേലിക്കരുകിൽ കുറച്ചുനേരം വെറുതെ നിന്നു. കാലടിയിൽ കിരുകിരുപ്പുണ്ടാക്കിയ ചപ്പുചവറുകൾ അവൾ വെറുതെ മാറ്റിനോക്കി. ഒരു പഴയ സ്വഭാവം. അവിടെയുണ്ടായിരുന്ന കൂറ്റൻ നെല്ലിമരം അമ്മാവൻ വെട്ടി വിറ്റിരുന്നു. കിണറ്റിനു് നെല്ലിപ്പടിയുണ്ടാക്കാൻ നെല്ലിമരം ആവശ്യമാണു്. നല്ല വില കിട്ടിയിട്ടുണ്ടാവും. എല്ലാം പക്ഷേ, കുട്ടപ്പന്റെ ചാരായക്കടയിൽ എത്തിയിട്ടുമുണ്ടാവും, അല്ലെങ്കിൽ ഭാര്യവീട്ടിൽ. അമ്മായിയും മക്കളും അപൂർവ്വമായേ വരാറുള്ളു. അവൾ ദൈവത്തിനു് നന്ദി പറഞ്ഞു. വരുമ്പോഴാകട്ടെ അവർ ധരിച്ചിരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും അവളിൽ ഇല്ലായ്മ ഉളവാക്കിയ കടുത്ത അപകർഷതാബോധമുണർത്തി. അമ്മാവൻ കിടപ്പിലായതിനു ശേഷം അവർ ഒരിക്കലാണു് വന്നതു്. കുട്ടികൾക്കു് അച്ഛന്റെ അടുത്തു നിൽക്കാൻ താല്പര്യമില്ലാത്തതുപോലെ ഉടനെ ഇറങ്ങിവന്നു. പിന്നെ പറമ്പിലൊക്കെ ഓടിക്കളിക്കുകയായിരുന്നു. അവൾ കരുതാറുണ്ടു്. അമ്മാവനു് അതുതന്നെ വേണം. അനുഭവിക്കട്ടെ.
ഇന്നു് പക്ഷേ, അവളുടെ മനസ്സു് അലിയുകയാണു്. അവിടെ മരണം കാത്തുകിടക്കുന്ന ആ മനുഷ്യന്റെ ഉള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ടു്. ആ മനസ്സു് പ്രക്ഷുബ്ധമാണു്. ചെയ്ത തെറ്റുകൾക്കു് പ്രായശ്ചിത്തം ചെയ്യാൻ ആ മനുഷ്യൻ ആഗ്രഹിക്കുന്നു. പ്രായശ്ചിത്തം ചെയ്തതുകൊണ്ടു് സ്വന്തം മനസ്സിനെ കുറ്റവിമുക്തമാക്കാമെന്നല്ലാതെ, ആ തെറ്റുകൾ കാരണം മറ്റുള്ളവർ അനുഭവിച്ച കഷ്ടപ്പാടുകൾക്കു് സമയം തിരിച്ചുവച്ചു് മാറ്റമുണ്ടാവുന്നില്ല. സമയം പിറകോട്ടു് പോകുന്നില്ല. അതെല്ലാം അനുഭവിച്ചു കഴിഞ്ഞ കാര്യങ്ങളാണു്. ഒഴിവാക്കാൻ പറ്റുമായിരുന്ന കഷ്ടപ്പാടുകൾ.
തന്നെ ജീവിതകാലം മുഴുവൻ ദ്രോഹിച്ച മനുഷ്യനുവേണ്ടി അമ്മ അടുക്കളയിൽ കഷായം കാച്ചുകയാണു്. ഒരു തരത്തിലുള്ള കാലുഷ്യവും അവരുടെ മനസ്സിലില്ല. അവർ വിധിയിൽ വിശ്വസിച്ചിരുന്നു. നമ്മുടെ കഷ്ടപ്പാടുകൾക്കു് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നവർ പറയാറുണ്ടു്. മറ്റുള്ളവർ ഒരു നിമിത്തം മാത്രമായിരിക്കും. പദ്മിനിയ്ക്കു് പേടി തോന്നി. ഇതിനൊരവസാനമില്ലേ?
‘കൊച്ചമ്പ്രാട്ടി, രാമേട്ടൻ ഇപ്പൊ വരാംന്നു് പറഞ്ഞിട്ട്ണ്ടു്.’ അറുമുഖൻ തിരിച്ചെത്തിയിരുന്നു. ‘തമ്പ്രാനു് എങ്ങന്ണ്ടു്?’
‘കൊറവൊന്നുംല്ല്യ. ഓരോ ദിവസം കഴിയുമ്പഴും മോശാവ്വാണു്.’
‘കരളൊന്നും ബാക്കിണ്ടാവില്ലാല്ലെ?’
‘പുത്യ പുസ്തകൊന്നും കിട്ടീല്ലെ?’
‘ഞാൻ ഇന്നു് പോണ്ണ്ടു് കൊച്ചമ്പ്രാട്ടീ. കൊണ്ടെത്തരാം.’ പദ്മിനി വിഷയം മാറ്റുകയാണെന്നു് അറുമുഖനു് മനസ്സിലായി. അവനു് വിഷമമൊന്നുമുണ്ടായില്ല. എത്ര്യായാലും സ്വന്തം അമ്മാവനാണു്.
രാമേട്ടൻ വരമ്പിലൂടെ നടന്നുവരുന്നതു് കണ്ടപ്പോൾ പദ്മിനി പറഞ്ഞു.
‘ഞാൻ പോട്ടെ അറുമുഖാ. രാമേട്ടൻ വര്ണ്ണ്ടു്. അവിടെ എന്തെങ്കിലും ആവശ്യണ്ടാവും.’
രാമേട്ടൻ പോയപ്പോൾ പാറുവമ്മ പറഞ്ഞു.
‘ഏട്ടാ, അതു് വേണ്ടീര്ന്നില്ല. ന്റെ മോക്കു് ആര്ടേം ശാപം കിട്ടണ്ട.’
‘നെന്റെ മോക്കു് ആര്ടേം ശാപം കിട്ടില്ല. എന്റെ ഭാര്യവീട്ടിലു് ധാരാളം സ്വത്ത്ണ്ടു്. അവര്ടെ നെലൊന്നും പോയിട്ടില്ല. അരി വാങ്ങാൻ റേഷൻ കടേലു് വരി നിൽക്ക്വൊന്നും വേണ്ട. നെന്റെ സ്ഥിതി അങ്ങന്യല്ല. ഈ നാലേക്കറീന്നു് ഷെയറ് കിട്ടീട്ടൊന്നും വേണ്ട വസുമതിയ്ക്കും കുട്ട്യോൾക്കും ജീവിക്കാൻ. അവൾക്കും കുട്ട്യോൾക്കും ഞാൻ നല്ലോണം കൊട്ത്തിട്ട്ണ്ടു്. നാളെ രാമേട്ടൻ വിൽപത്രം എഴുതിക്കൊണ്ടുവരും. ഞാനതു് ഒപ്പിടും. അതു് സൂക്ഷിച്ചു വെച്ചോളു. എന്റെ ദിവസങ്ങള് എണ്ണിത്തൊടങ്ങീരിക്കുണു.
‘അങ്ങിന്യൊന്നും പറയണ്ട. നാളെ എന്താണ്ണ്ടാവ്വാന്നു് നമ്മടെ കയ്യിലൊന്നും അല്ല.’
ശരിയായിരിക്കാം. വിജയൻ മേനോൻ സ്വയം പറഞ്ഞു. പക്ഷേ, ദൈവത്തിന്റെ കയ്യിലുള്ളതു് കാണാൻ എനിക്കു് പറ്റുന്നുണ്ടു്.
വസുമതി ഇതൊക്കെത്തന്നെയാണു് പ്രതീക്ഷിച്ചതു്. ഏട്ടൻ കേസു കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല.
‘വേണ്ടേട്ടാ, എന്തിനാ ആ പെൺകുട്ടീടെ ശാപം വാരി തലേലിടണതു്. ആ അമ്മേം മോളും തന്ന്യേള്ളൂ. അവരെ കോടതി കേറ്റണ്ട. നെലൊക്കെ പോയോടുകൂടി അവരു് ഇപ്പത്തന്നെ പട്ടിണീലാന്നാ തങ്കം പറേണതു്. എന്തെങ്കിലും ആയിക്കോട്ടെ. ഉള്ളതോണ്ടു് അവരു് കഴിഞ്ഞോട്ടെ.’
രാഘവൻ നായരും അത്ര ചീത്തയായിരുന്നില്ല. വർഷങ്ങൾക്കു ശേഷം ആ വീട്ടിൽ പോയപ്പോഴാണു് അവരുടെ സ്ഥിതി ഇത്ര മോശമാണെന്നു് മനസ്സിലായതു്. അതിനെല്ലാം പ്രധാന കാരണക്കാരൻ വിജയൻ മേനോൻ തന്നെയാണെന്നു് അറിയുമ്പോഴും എന്തിനാണയാൾ അതു ചെയ്തതെന്ന ചോദ്യം മറുപടി കിട്ടാതെ അയാളെ കുഴക്കുകയായിരുന്നു. നന്നായി ജീവിക്കാനുള്ള പരിതസ്ഥിതിയുണ്ടായിട്ടും ഒരാൾ വഴി തെറ്റി പോകുന്നതു് രാഘവൻ നായർക്കു് ഒരു കാലത്തും മനസ്സിലായിരുന്നില്ല. കൂട്ടുകെട്ടല്ലെന്നറിയാം. വിജയൻ മേനോനു് നല്ലതോ ചീത്തയോ ആയി യാതൊരുവിധ കൂട്ടുകെട്ടും ഉണ്ടായിരുന്നില്ല. അമ്പലസെറ്റിലുംകൂടി മേനോനെ കാണാറില്ല. തനിക്കവിടെ കിട്ടിയ സ്വീകരണം മോശമായതിനു് ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വിളക്കും താലവും പിടിച്ചുള്ള സ്വീകരണം താൻ പ്രതീക്ഷിച്ചിരുന്നോ?
അയാൾ പറഞ്ഞു. ‘നിന്റെ ഇഷ്ടം പോലെ.’
അളിയന്റെ തറവാട്ടിലേയ്ക്കുള്ള യാത്ര അയാളുടെ മനസ്സമാധാനം കളഞ്ഞിരുന്നു. കൃഷിനെലം നഷ്ടപ്പെട്ടതു് ഈ അടുത്ത കാലത്താണു്. ഒരു നാലോ അഞ്ചോ കൊല്ലമായിട്ടുണ്ടാവും. അതിനു മുമ്പും ആ പറമ്പിന്റെ സ്ഥിതി ഇങ്ങിനെയൊക്കെത്തന്നെയായിരുന്നു എന്നാണു് രാഘവൻ നായരുടെ ഓർമ്മ. പലപ്പോഴും അവരുടെ പറമ്പിൽ പോയി ജോലി ചെയ്യിക്കാൻ തോന്നാറുണ്ടു്. അയാൾ അടിമുടി ഒരു കൃഷിക്കാരനായിരുന്നു. അങ്ങിനെയുള്ളവർക്കു് ഒരിഞ്ചു സ്ഥലം വെറുതെയിടുന്നതു് സഹിക്കാനാവില്ല. വടക്കെക്കുളത്തിനു പുറമെ തെക്കു കിഴക്കായി മറ്റൊരു കുളവുമുണ്ടു് ആ പറമ്പിൽ. ചെറുതാണെങ്കിലും അതിലും ധാരാളം വെള്ളമുണ്ടു്. രണ്ടിലും ഏത്തം വച്ചാൽ ആ പറമ്പു് മുഴുവൻ നന എത്തും. എന്തൊക്കെ കൃഷി ചെയ്യാം അതിൽ? നെൽവയലുകൾ നഷ്ടപ്പെട്ടപ്പോൾ ആ പറമ്പിൽ ശ്രദ്ധ വച്ചാൽത്തന്നെ ധാരാളമായിരുന്നു. എന്തേ ആ മനുഷ്യൻ അതു ചെയ്യാതിരുന്നതു? എന്തായിരുന്നു ആ മനുഷ്യന്റെ പ്രശ്നങ്ങൾ?
‘നിനക്കൊന്നു് അളിയനെ പോയി കാണായിര്ന്നില്ല്യേ?’
വസുമതി ഒന്നും പറഞ്ഞില്ല. പോവായിരുന്നു. ഇപ്പോഴും പോവാം. പക്ഷേ, എന്തോ ഒന്നു് തന്നെ അതിൽനിന്നും പിടിച്ചു വലിക്കുന്നു. അദ്ദേഹത്തിന്റെ കുടിയായിരുന്നോ കാരണം. ഒരു കാരണം അതായിരിക്കാം. സ്വയം നശിക്കാൻ ഒരാൾ ഒരുങ്ങിപ്പുറപ്പെട്ടാൽ എന്താണു് ചെയ്യ്വാ? പക്ഷേ, എന്തിനായിരുന്നു അതു? എന്തിനായിരുന്നു മറ്റുള്ള സ്ത്രീകളുടെ, അതും വേശ്യകളുടെ അടുത്തുപോയി ചീത്തപ്പേരുണ്ടാക്കിയതു? എട്ടന്മാർ അതെല്ലാം അറിഞ്ഞിട്ടുണ്ടാവുമെന്നവൾക്കറിയാം. അവർ ഒരിക്കലും അതൊന്നും അറിഞ്ഞതായി നടിച്ചിട്ടില്ല. തങ്കമാണതു പറഞ്ഞതു്. അതും കുത്തിച്ചോദിച്ചപ്പോൾ. ഒരുപക്ഷേ, തമ്പ്രാനെ ഉപദേശിച്ചു് നന്നാക്കണമെന്ന ഉദ്ദേശ്യത്തോടെയായിരിക്കും അവൾ പറഞ്ഞതു്.
‘തമ്പ്രാട്ടി, ഞാനൊരു കാര്യം പറഞ്ഞാൽ ന്നെ വഴക്കു് പറയ്വോ?’
‘എന്താ തങ്കം, ഞാനെന്തിനാണു് നെന്നെ വഴക്കു് പറേണതു?’
‘അല്ലെങ്കീ വേണ്ടമ്പ്രാട്ടീ.’
‘നീ പറേ തങ്കം. കാര്യം പറയാൻ തൊടങ്ങീട്ടു് പ്പൊ ന്നെ എവിടീം അല്ലാതെ നിർത്തല്ലെ.’
നൂറു വട്ടം ഉറപ്പുകൊടുത്തതിന്റെ ശേഷമാണു് അവൾ പറഞ്ഞതു്. ചുറ്റും നോക്കി ആരും കേൾവിവട്ടത്തില്ലെന്നുറപ്പായപ്പോൾ അവൾ വളരെ സ്വരം താഴ്ത്തി പറഞ്ഞു.
‘തമ്പ്രാൻ ചീത്ത പെണ്ണുങ്ങടെ അടുത്തൊക്കെ പോണ്ണ്ട്ന്നു് കേക്കാണ്ടു്. തമ്പ്രാട്ടി ന്നെപ്പറ്റി ഒന്നും വിചാരിക്കല്ലെ. ഞാൻ പറഞ്ഞൂന്നു് ആരോടും പറേല്ലേ. തമ്പ്രാട്ട്യോട്ള്ള വേണ്ടുക്യോണ്ടു് പറഞ്ഞതാ.’
ഉള്ളിൽ പൊങ്ങിവന്ന തീ താഴാൻ കുറച്ചു സമയം വേണ്ടിവന്നു. വസുമതി ഒന്നും പറയാതെ ഇരിക്കയാണു്. തങ്കത്തിനു പേടിയായി.
‘തമ്പ്രാട്ടീ, ഞാൻ ഇതൊന്നും തമ്പ്രാട്ട്യോടു് പറയാൻ പാടില്ല്യാർന്നു്.’
വസുമതി ഞെട്ടലിൽനിന്നുണർന്നു.
‘സാരല്ല്യ തങ്കം നീ പറഞ്ഞതു് നന്നായി. അല്ലെങ്കി ഞാൻ ഇതൊ ക്കെ എങ്ങിന്യാ അറിയ്യാ?’
തങ്കം ജോലി കഴിഞ്ഞു് പോയതിനു ശേഷം വസുമതി കുറേ നേരം ആ ഇരിപ്പിലിരുന്നു. ആരെങ്കിലും പറയുന്നതു് കേട്ടു് വന്നു് പറയുന്ന കൂട്ടത്തിലല്ല തങ്കം. നിജസ്ഥിതി അറിഞ്ഞാലേ അവൾ എന്തെങ്കിലും പറയാറുള്ളൂ, പ്രത്യേകിച്ചും ഇങ്ങിനെയൊരു കാര്യം. എന്തായിരുന്നു അങ്ങേര്ക്കു് അതിന്റെ ആവശ്യം?
അവൾ അന്നു് കുറേ നേരം കണ്ണാടിയ്ക്കു മുമ്പിൽ ചെലവാക്കി. തിരിഞ്ഞും മറിഞ്ഞും നോക്കി. അവൾ അറിയുന്ന ഏതു സ്ത്രീകളോടും കിടപിടിയ്ക്കാൻ പോരുന്ന സൗന്ദര്യം. കുറച്ചു തടിയുണ്ടു്, പക്ഷേ, ഭർത്താവിനു് ആ തടി ഇഷ്ടമാണെന്നവൾക്കറിയാം. അവൾ കണ്ണാടിയുടെ മുമ്പിൽ നിന്നു് മേൽ മുണ്ടു് അഴിച്ചുമാറ്റി. സ്വന്തം നഗ്നത നോക്കുന്നതു് അവൾക്കിഷ്ടമുണ്ടായിരുന്നില്ല. ഇതുവരെ അവൾ ചെയ്യാത്തൊരു കാര്യമാണതു്. കുളത്തിലെന്നല്ല കുളിമുറിയിലാണെങ്കിൽ പോലും ഒരു തോർത്തെങ്കിലും അരയിൽ ചുറ്റിയാണവൾ കുളിക്കാറ്. ബ്ലൗസും മുണ്ടും ഉടുത്തതിനു ശേഷമേ അവൾ കണ്ണാടിയുടെ മുമ്പിൽ പോകാറുമുള്ളൂ. സാരമില്ല. അവൾ ബ്ലൗസും അടിവസ്ത്രവും അഴിച്ചു മാറ്റി. ഒട്ടും ഉടയാത്ത നഗ്നത. ഇത്രയും കാലം അതൊന്നും നോക്കാതിരുന്നതു് കഷ്ടമായെന്നു് അവൾക്കു തോന്നി. നാല്പതു കഴിഞ്ഞുവെന്നു് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. നോക്കിക്കൊണ്ടിരിക്കെ കണ്ണാടിയിലുള്ള രൂപം അവളെ ഉത്തേജിപ്പിക്കുകയാണു്. ഈ ശരീരം തട്ടിമാറ്റി ആ മനുഷ്യൻ എന്തിനു് തെരുവു പെണ്ണുങ്ങളുടെ പിന്നാലെ പോയി?
പിന്നെ ദിവസങ്ങൾ കടന്നുപോയപ്പോൾ തങ്കത്തിൽ തന്നിലുള്ള വിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞപ്പോൾ സാവധാനത്തിൽ അവളുടെ അടുത്തുനിന്നു് കൂടുതൽ വിവരങ്ങൾ കിട്ടി. ഗ്രാമത്തിൽ ആ ഭാഗങ്ങളെല്ലാം അവൾക്കന്യമായിരുന്നു. അമ്പലത്തിലേയ്ക്കുള്ള വഴി അറിയാം, സ്കൂളിലേയ്ക്കും. അതിനുമപ്പുറത്തുള്ള ഭൂപ്രദേശങ്ങൾ അവളിൽ എന്നും അദ്ഭുതം സൃഷ്ടിക്കാറുണ്ടു്. കള്ളു ഷാപ്പിനെപ്പറ്റിയും അതിനടുത്തുള്ള രമണിയുടെ വീടിനെപ്പറ്റിയുമൊക്കെ അറിയുന്നതു് തങ്കം പറയുമ്പോഴാണു്. അങ്ങിനെയും സ്ത്രീകളുണ്ടാകുമോ എന്നായിരുന്നു അവൾ ആലോചിച്ചതു്. ‘നിനക്കു് അളിയനെ ഒന്നു് പോയി കാണാമായിരുന്നില്ലെ?’ എന്നു് ഏട്ടൻ ചോദിച്ചപ്പോൾ വസുമതി ഇതെല്ലാം ഓർത്തു. അവളെ നിരാകരിച്ച ഒരു മനുഷ്യനെ കാണാൻ എന്തിനു പോകുന്നു?
വിജയൻ മേനോൻ വേദനയോടു് മല്ലിടുകയായിരുന്നു. എന്തിനാണു് ഇത്രയും കടുത്ത ഒരു വേദന തനിക്കു് വിധിച്ചതു? അതിനുമാത്രം തെറ്റൊക്കെ താൻ ചെയ്തിട്ടുണ്ടോ? തന്റേതായ ചില സ്വഭാവവൈചിത്ര്യങ്ങളുണ്ടായിരുന്നു. അവ കാരണമാണു് തെറ്റെന്നു് മറ്റുള്ളവർ കരുതുന്ന കാര്യങ്ങൾ ചെയ്തതു്. ഒന്നും വേണമെന്നു വച്ചിട്ടല്ല. താൻ ആരെയും സ്നേഹിക്കാതിരുന്നിട്ടില്ല. പെങ്ങളെയും മരുമകളെയും അവഗണിച്ചതുതന്നെ ഭാര്യയെ കൂടുതൽ സ്വന്തമായി കിട്ടാനുള്ള ആഗ്രഹം കൊണ്ടാണു്. സ്നേഹം കിട്ടാതെ വരുമ്പോഴാണു് തന്നെപ്പറ്റിത്തന്നെ ഉറപ്പില്ലാതാവുന്നതു്. ജീവിതം മുഴുവനും സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവോടെ കഴിഞ്ഞു. ആ വിശ്വാസക്കുറവാണു് തന്നെക്കൊണ്ടു് എല്ലാം ചെയ്യിച്ചതെന്നയാൾക്കു ബോധ്യമായി. പലപ്പോഴും തരിച്ചറിവു് വരുന്നതു് വൈകിയാണു്. അപ്പോഴേയ്ക്കും തിരുത്താനുള്ള സമയം കഴിഞ്ഞിരിക്കും.
‘താഴേയ്ക്കിറങ്ങിയതു് നന്നായി.’ വൈദ്യർ പറഞ്ഞു. ‘എനിക്കും കോണി കയറാൻ വയ്യാന്നായിരിക്കുണു. വാതത്തിന്റെ കടച്ചിലു് നല്ലോണംണ്ടു്.’
വിജയൻ മേനോൻ ചിരിച്ചു.
‘എന്താ ചിരിക്കണതു? കുറുന്തോട്ടിയ്ക്കു് വാതംന്നു് കേട്ടിട്ടില്ലെ? സ്വന്തം രോഗം ചികിത്സിച്ചു മാറ്റാൻ കഴിയാത്ത വൈദ്യരാണു് മറ്റുള്ളോരടെ അസുഖം മാറ്റാൻ നടക്ക്ണത്ന്നായിരിക്കും ആലോചിക്കണതു് അല്ലെ? അങ്ങന്യല്ലാട്ടോ. വാതത്തിനൊക്കെ ചികിത്സണ്ടു്. പക്ഷേ, അതിനായി ഇരിക്കണം. എനിക്കെവിട്യാ അതിനൊക്കെ നേരം? എപ്പഴും നടത്തല്ലെ?’
‘ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല വൈദ്യരെ. ഞാൻ എന്റെ കാര്യം ആലോചിച്ചതാ. നാലു മാസായില്ല്യേ മരുന്ന്വോള് കഴിക്കാൻ തൊടങ്ങീട്ടു്. കൂട്വല്ലാതെ ഒട്ടും കൊറവു് വന്നിട്ടില്ല. അപ്പൊപ്പിന്നെ പാവം വയ്യാത്ത പാറൂനെ കഷ്ടപ്പെടുത്തി കഷായൊക്കെ കാച്ചി ഇല്ലാത്ത പണോം ചെലവാക്കണോന്നാ.’
വൈദ്യർ കുറച്ചുനേരം തന്റെ മുമ്പിൽ കിടക്കുന്ന മെലിഞ്ഞ രൂപത്തെ നോക്കി. വല്ലാതെ ക്ഷീണിച്ച ഒരു കോലം. ശരിയാണു്. മരുന്നുകൾ ഫലിക്കുന്നില്ല.
‘മരുന്നു് കഴിക്ക്യല്ലാതെപ്പൊ എന്താ ചെയ്യാ? ഞാൻ കഷായത്തിലു് കുറച്ചു മര്ന്ന്കള് മാറ്റിയിട്ട്ണ്ടു്. ഇതു് കഴിച്ചു നോക്കു. ഭേദാവ്വോന്നു് നോക്കാം.’
‘ഒരു കാര്യം വൈദ്യർക്കു് പറഞ്ഞു തരാൻ പറ്റ്വോ?’
‘എന്താ?’
‘എനിക്കിഞ്ഞി എത്ര ദിവസംകൂടിണ്ടാവും?’
വാതിൽക്കൽ നിന്ന പാറുവമ്മ അകത്തേയ്ക്കു കടന്നു. ‘ഏട്ടനെന്താ ഇങ്ങിന്യൊക്കെ പറേണതു?’
‘അതെ, അങ്ങിനെ പറഞ്ഞുകൊടുക്കു ഏട്ടനു്.’
വൈദ്യർ എഴുന്നേറ്റു. അയാൾ പോയപ്പോൾ മരുന്നിന്റെ കുറിപ്പിനുവേണ്ടി പാറുവമ്മ കൈനീട്ടി. വിജയൻ മേനോൻ കൊടുത്തില്ല.
‘ഞാനൊരു പുതിയ രീതി നോക്കട്ടെ.’ കുറിപ്പു് തലയണയ്ക്കടിയിൽ വച്ചുകൊണ്ടു് അയാൾ പറഞ്ഞു. ‘ഇതു് തലയണടെ അടീലു് വെച്ചാൽ അസുഖത്തിനു് വ്യത്യാസംണ്ടാവോന്നു്. ഒന്നുംല്ല്യെങ്കിലു് പണം ചെലവാക്ക്ണില്ല്യല്ലൊന്നാലോചിച്ചാൽ നല്ല ഒറക്കെങ്കിലും കിട്ടും.’
‘ഏട്ടൻ ആ കുറിപ്പു് തരു, ഞാൻ അറുമുഖനോടു് പറഞ്ഞു് മര്ന്നു് വാങ്ങിക്കട്ടെ.’
‘നീ പോയി കുറച്ചു് ചൂടുവെള്ളം കൊണ്ടുവരു. ഇനിമുതൽ എനിക്കു് മരുന്നൊന്നും വേണ്ട.’
‘അങ്ങിന്യായാൽ ശരിയാവോ?’
‘നീ ഞാൻ പറേണതു് കേട്ടാമതി.’
ഏട്ടന്റെ ദിവസങ്ങളെണ്ണിത്തുടങ്ങിയെന്നു് പാറുവമ്മയ്ക്കു മനസ്സിലായി. ആ മനുഷ്യൻ എഴുന്നേൽക്കുന്നതുതന്നെ വളരെ കഷ്ടപ്പെട്ടിട്ടാണു്. ഇടയ്ക്കിടയ്ക്കു് പനി ശല്യപ്പെടുത്തുന്നുണ്ടു്. പലപ്പോഴും കൊടുക്കുന്ന കഞ്ഞി മുഴുവൻ കുടിക്കാതെ തിരിച്ചു തരുന്നു. ഇക്കണക്കിനു് എത്ര ദിവസം? അവരുടെ മനസ്സിൽ മറ്റൊരാധിയുണ്ടായിരുന്നതു് സ്വന്തം ആരോഗ്യത്തെപ്പറ്റിയാണു്. തനിക്കും ഈ ആരോഗ്യംവച്ചു് എത്ര കാലം പിടിച്ചുനിൽക്കാൻ പറ്റും? അതു കഴിഞ്ഞാൽ പദ്മിനിയുടെ കാര്യമോ? ദൈവമേ അവൾ ഒരിടത്താവുന്നതുവരെ തനിക്കൊന്നും പറ്റല്ലേ എന്നു മാത്രമാണു് പ്രാർത്ഥന. അഥവാ തനിക്കെന്തെങ്കിലും സംഭവിച്ചാലോ? ഈ ചിന്ത അവരുടെ ഉറക്കം കളയാൻ തുടങ്ങിയിട്ടു് കുറച്ചു ദിവസമായി.
ഒരു ദിവസം വല്ലാതെ വിഷമമായപ്പോൾ അവർ ഏട്ടനു കഞ്ഞി കൊടുക്കുന്ന സമയത്തു് അവളുടെ ഭയങ്ങൾ പറഞ്ഞു.
‘ഞാനെന്താ ചെയ്യാന്നറീല്ല. അങ്ങനെ വല്ലതുംണ്ടായാൽ ന്റെ കുട്ടി ഒറ്റയ്ക്കാവും.’
വിജയൻ മേനോൻ ഒന്നും പറഞ്ഞില്ല. തന്റെ കയ്യിൽ അതിനുള്ള പരിഹാരമൊന്നുമില്ല. അവളുടെ പ്രശ്നങ്ങൾക്കു് താനാണു് പ്രധാന കാരണക്കാരനെന്നയാൾക്കറിയാം. ഇങ്ങിനെയൊന്നുമായിരുന്നില്ല വേണ്ടിയിരുന്നതു്. ഇനി എന്തു ചെയ്യാനാണു്.
‘ഞാനൊരു കാര്യം ചെയ്താലോന്നാലോചിക്ക്യാണു്.’
അയാൾ ഒരു ചോദ്യത്തോടെ പാറുവമ്മയെ നോക്കി. ഏതു നിർദ്ദേശവും പരിഗണനാർഹമാണെന്ന അവസ്ഥയാണു്.
‘ഞാൻ മോളെ തിരുമേനിടെ അട്ത്തു് കൊണ്ടാക്ക്യാലോന്നാലോചിക്ക്യാണു്. വേറെ ഒന്നും ന്റെ മനസ്സിലു് വര്ണ്ല്യ.’
‘ഏതു് തിരുമേനി?’
‘പാമ്പു് മനയ്ക്കലെ തിരുമേനി.’
‘ആരു് കൃഷ്ണൻ നമ്പൂതിരിയോ?’
പാറുവമ്മ മൂളി. പഴയ കഥയാണു്. അതു് മനസ്സിൽ ഇപ്പോഴും നീരോട്ടമുണ്ടാക്കുന്നു. അവിടെ ഓർമ്മകളുടെ വേലി അലങ്കരിക്കുന്നതു് നിറയെ പൂക്കളുള്ള പടർച്ചെടികളാണു്. അവിടെ ദീപാരാധനയുടെ സുഗന്ധമാണു്. ഇടയ്ക്കയുടെ ശബ്ദം. നാലു ദിവസമായി തുടർച്ചയായി കാണുന്ന സുമുഖനായ നമ്പൂതിരിയുവാവു് പ്രദക്ഷിണസമയത്തു് അടുത്തു വരുന്നു. അറിയാത്ത മട്ടിൽ ഒപ്പം നടക്കുന്നു.
‘എനിക്കു് കുട്ട്യേ നല്ല ഇഷ്ടായി.’
പാറു അതു കേൾക്കാത്ത മട്ടിൽ നടക്കുകയാണു്. നമ്പൂതിരി അടുത്തുനിന്നു് മാറല്ലേ എന്നവൾ ഭഗവതിയോടു് പ്രാർത്ഥിച്ചു. കഴിഞ്ഞ നാലു ദിവസവും അവൾ ആ ഒത്ത ശരീരം ദീപാരാധന സമയത്തു് കാണാറുണ്ടു്. കസവു മുണ്ടും ഇടത്തെ ചുമലിൽ കസവു വേഷ്ടിയും. തനിക്കു് കിട്ടുന്ന ഭർത്താവിന്റെ മാതൃക ഇതായിരിക്കണമെന്നവൾ തീർച്ചയാക്കിയിരുന്നു. അന്നവൾക്കു് പതിനഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. നമ്പൂതിരി വിട്ടു മാറിയില്ല. ഒപ്പം നടക്കുന്ന വെളുത്തു് സുന്ദരിയായ ആ പാവാടക്കാരിയോടയാൾക്കു് വല്ലാതെ കമ്പം പിടിച്ചു.
‘എന്താ കുട്ടീടെ പേരു്?’
അവൾ തല കുമ്പിട്ടു നടന്നുകൊണ്ടു തന്നെ പറഞ്ഞു.
‘പാർവ്വതി.’
‘കുട്ടി എവിടുത്ത്യാ?’
‘താഴത്തുവീട്ടിൽ ശേഖരൻ നായര്ടെ മോളാണു്.’
അവൾ തല താഴ്ത്തിക്കൊണ്ടു തന്നെ പറഞ്ഞു.
‘ന്റെ പേരു കൃഷ്ണൻന്നാ. കൃഷ്ണൻ നമ്പൂതിരി.’
പഴയ കാര്യങ്ങൾ ഓർത്തപോലെ പാറുവമ്മ കണ്ണടച്ചുനിന്നു.
‘തിരുമേനി ആലോചനേം കൊണ്ടു് വന്നതു് ഓർമ്മണ്ടോ?’
പാറുവമ്മ വർത്തമാനത്തിലേയ്ക്കു് തിരിച്ചുവന്നു. അവൾ മൂളി.
‘നെന്റെ ജാതകത്തിലു് വൈധവ്യം അനുഭവിക്കുംന്ന്ണ്ടു്. അതോണ്ടു് അച്ഛൻ നമ്പൂതിരി സമ്മതിച്ചില്ല. സാധാരണ ജ്യോത്സ്യന്മാരു് നോക്ക്യാ കണ്ടില്ല്യാന്നു് വരുംന്നു് പറഞ്ഞു. ചെലപ്പോ വരണ ആള്ടെ ജാതകത്തിലു് ഇതിനു് പ്രതിവിധിണ്ടാവുംന്നും പറഞ്ഞു. മകന്റെ ജാതകത്തിലു് അങ്ങിനെ ഒന്നുംല്ല്യാത്രെ. ന്ന്ട്ടെന്തേണ്ടായതു?’
‘എന്തേ?’
‘അല്ല ഇങ്ങിനെയൊക്കെ നോക്കീട്ടും തിരുമേനീടെ അന്തർജ്ജനും ചെറുപ്പത്തിലു് മരിക്ക്യേണ്ടായതു്. നെന്നെ കല്യാണം കഴിച്ചിരുന്ന്വെങ്കിലു് ചെലപ്പോ രണ്ടു് യോഗങ്ങളും കൂടിച്ചേർന്നു് നല്ല യോഗായിത്തീർന്നേനെ.’
അതിനൊന്നും എനിക്കു് യോഗല്ല്യ. പാറുവമ്മ വിചാരിച്ചു. പോട്ടെ അതൊക്കെ ഇപ്പോൾ ആലോചിച്ചിട്ടെന്തു കാര്യം.
‘വേറെ എവിടീം ഞാൻ കാണ്ണില്ല. വല്ല്യമ്മ മരിച്ചതോടുകൂടി നമ്ക്കു് തറവാട്വായിട്ട്ള്ള ബന്ധം തീരെ വിട്ടൂന്ന്തന്നെ പറയാം. പിന്നെ ഏടത്തിയമ്മടെ അട്ത്താണു്. പദ്മിനി അവ്ടെ പോയി താമസിക്ക്യൊന്നുംല്ല്യ.’
വിജയൻ മേനോൻ ഒന്നും പറയുന്നില്ല. തനിക്കു് പരിഹരിക്കാൻ പറ്റാത്ത പ്രശ്നമാണതു്. ചുറ്റുവട്ടമുള്ള അയൽക്കാരെപ്പറ്റി അയാൾക്കു് നല്ല അഭിപ്രായമില്ല. ചാത്തയുടെ വീട്ടുകാർ മാത്രമേ പെരുമാറാൻ കൊള്ളൂ. മറ്റുള്ളവരൊക്കെ അവസരം കിട്ടാൻ കാത്തുനിൽക്കുകയാണു്.
‘ഞാൻ അട്ത്തന്നെ ഒരീസം ഇല്ലത്തു പോയി തിരുമേനീം കണ്ടു് സംസാരിക്കാം. ന്റെ കാലം കഴിഞ്ഞാ മോള് അവിടെ വരുംന്നു് പറേം ചെയ്യാം.’
‘നെനക്ക്ണ്ടോ ഇത്രേം ദൂരം യാത്ര ചെയ്യാനൊക്കെ പറ്റുണു?’
‘ഇല്ലത്തെ പടിക്ക്ലവരെ ബസ്സ്ണ്ട്ന്നു് പറേണു. മെയിൻ റോഡുവരെ നടന്നാമതി.’
വിജയൻ മേനോൻ കണ്ണടച്ചു കിടന്നു.
വീണ്ടും ഓർമ്മകൾ താളം തെറ്റുകയാണെന്നു് പാറുവമ്മയ്ക്കു് മനസ്സിലായി. മനസ്സിന്റെ ഏതൊക്കെയോ വഴികൾ തുറക്കാൻ പറ്റാത്ത വിധം അടയ്ക്കപ്പെട്ടിരിക്കയാണു്.
പദ്മിനി പറയുന്നു. ‘എന്താണമ്മ ഇങ്ങനെ. ആ കാര്യങ്ങളൊന്നും ഓർമ്മല്ല്യേ? അതൊക്കെ അട്ത്തു് നടന്നതല്ലെ?’
പാറുവമ്മ ആലോചിക്കാൻ ശ്രമിക്കുന്നു. ഏട്ടന്റെ മരണം ഓർമ്മയുണ്ടു്. ഒരു മാസം തുടർച്ചയായി മരുന്നു കഴിക്കാൻ സമ്മതിച്ചില്ല.
നിർബ്ബന്ധിക്കുമ്പോൾ അദ്ദേഹം വേദന കടിച്ചുപിടിച്ചുകൊണ്ടു് പറയുന്നു. ‘ഇതു് മാറാത്ത രോഗാണു്, ചികിത്സയില്ല. ചികിത്സ മരണം മാത്രാണു്. എന്റെ വേദനീം കഷ്ടപ്പാടുകളും നീട്ടിക്കിട്ടീട്ടു് ആർക്കാ ഗുണം?’
ഏട്ടൻ ഇങ്ങിനെയൊരു മാനസികാവസ്ഥയിലെത്തുമെന്നു് പാറുവമ്മ ഒരിക്കലും കരുതിയിരുന്നില്ല. ജീവിതത്തോടു് വല്ലാത്ത ആസക്തിയുള്ള ഒരു മനുഷ്യൻ ഈ നിലയിൽ എത്തണമെങ്കിൽ? ഒരിക്കലെങ്കിലും വസുമതിയെയും മക്കളെയും കാണണമെന്നു പറയുകയുണ്ടായില്ല. എന്തോ ഒരു വാശിപോലെ. മരണത്തിന്റെ തലേന്നു രാത്രി കഞ്ഞി കൊടുക്കുവാൻ പാറുവമ്മ പോയി. കഞ്ഞി എന്നു പറഞ്ഞാൽ, അവസാന നാളുകളിൽ വെറും കഞ്ഞിവെള്ളം മാത്രമേ കുടിച്ചിരുന്നുള്ളു. അസുഖം കൂടുതലാണെന്നറിഞ്ഞപ്പോൾ ഒരിക്കൽ അപ്പൂട്ടി കാണാൻ വന്നു. പഴയ നാളുകളുടെ ഓർമ്മയിൽ അയാൾ കുറച്ചു പൊടിയരി കൊടുത്തയച്ചിരുന്നതുകൊണ്ടു് ഏട്ടനുള്ള കഞ്ഞി മുടക്കാതെ കൊടുക്കാൻ പറ്റി. റേഷനരിയുടെ കഞ്ഞിവെള്ളം എങ്ങിനെയാണു് കുടിക്കുക?
മരണത്തിന്റെ തലേന്നു രാത്രി കഞ്ഞിവെള്ളം കൊണ്ടു കൊടുത്തപ്പോൾ ഏട്ടൻ പറഞ്ഞു.
‘പദ്മിനീനെ ഒന്നു് കാണണം.’
പദ്മിനി വന്നപ്പോൾ അയാൾ പറഞ്ഞു തുടങ്ങി.
‘മോളെ, അമ്മാവനോടു് ക്ഷമിക്കണം. കൊറേ തെറ്റ്കള് പറ്റീട്ട്ണ്ടു് അമ്മാവനു്. ഒന്നും വേണംച്ചിട്ടല്ല. എന്താ പറേണ്ടത്ന്നറീല്ല്യ… ഞാൻ എന്റെ സുഖോം സൗകര്യും മാത്രം നോക്കി. അതിനെടേലു് മോളടെ കാര്യം നോക്കാൻ പറ്റീല്ല്യ… പിന്നെ ഞാൻ വിചാരിച്ചേടത്തൊന്നും അല്ല കാര്യങ്ങള് നീങ്ങീതു്. എല്ലാം ന്റെ കയ്യീന്നു് വഴുതിപ്പോയി. മോളോടു് മര്യാദകേടു് കാട്ടീതു് ബോധത്തോടു കൂടീട്ടല്ല. ക്ഷമിക്കണം. എല്ലാറ്റിനുംള്ള ശിക്ഷ ഞാൻ അനുഭവിക്ക്ണ്ണ്ടു്. എല്ലാ തെറ്റും തിരുത്തി നന്നായി ജീവിതം തുടങ്ങാംന്നു് വിചാരിച്ചപ്പോഴെയ്ക്കു് എന്റെ വെളക്കിലെ എണ്ണ വറ്റിക്കഴിഞ്ഞിരിക്കുണു. മോള് മാമയ്ക്കു് മാപ്പു് തരണം.’
പദ്മിനി ആലോചിക്കുകയായിരുന്നു. എന്താണു് പറയേണ്ടതു്. എന്തുപറഞ്ഞാലാണു് സാന്ത്വനമാവുക?
‘അതൊന്നും സാരല്ല്യ ഏട്ടാ.’ പാറുവമ്മ പറഞ്ഞു. ‘കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ. അതൊക്കെ അവള് മറന്നിരിക്കുണു.’
‘എനിക്കു് വെഷമൊന്നുംല്ല്യ വിജയമ്മാമെ. ഞാനതൊക്കെ മറന്നിരിക്കുണു. മാമ വെഷമിക്ക്യൊന്നും വേണ്ട.’
‘ഞാൻ കാരണാ നെനക്കു് വന്ന മൂന്നു് നല്ല ആലോചനകള് അലസിപ്പോയതു്. ഇങ്ങിന്യൊക്കെ ആവുംന്നു് ഞാൻ കരുതീര്ന്നില്ല. എന്റെ അറിവില്ല്യായ്മോണ്ടു് പറ്റീതാണു്. മോളെനിക്കു് മാപ്പു് തരണം.’
പദ്മിനിയ്ക്കു് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. അവൾ ഉമ്മറത്തു് വന്നിരുന്നു. മേശപ്പുറത്തു് ഒരു വിളക്കു് മുനിഞ്ഞു കത്തുന്നുണ്ടു്. അതിന്റെ വെളിച്ചംകൂടി ഇല്ലായിരുന്നുവെങ്കിലെന്നവൾ ആശിച്ചു. അവൾക്കു് ഇരുട്ടത്തു് ഇരിക്കണം. അവൾ എഴുന്നേറ്റു് വിളക്കു് ഇടനാഴികയിലേയ്ക്കു മാറ്റിവച്ചു. തിരിച്ചു് ഉമ്മറത്തു വന്നു് വീതിയുള്ള ഇരുത്തിയുടെ ഏറ്റവും തെക്കുവശത്തുള്ള തൂണും ചാരിയിരുന്നു. മുതിർന്നതിനു ശേഷം അവൾക്കു് അമ്മാമനോടുള്ള ഭയം കുറേ കുറഞ്ഞിരുന്നു. അവൾ സ്വയം അമ്മാമനു് മാപ്പു കൊടുത്തു. എല്ലാ മുറിവുകളും എന്നെങ്കിലും ഉണങ്ങണ്ടെ? അങ്ങിനെയിരിക്കുമ്പോഴാണു് ആ സംഭവമുണ്ടായതു്. അതാകട്ടെ മാപ്പു കൊടുക്കാൻ പറ്റാത്ത വിധത്തിലുള്ളതായിരുന്നു. അവൾ ആയിടയ്ക്കു് മുണ്ടും ബ്ലൗസും ഇടാൻ തുടങ്ങിയിരുന്നു. വൈകുന്നേരം മേൽ കഴുകിക്കഴിഞ്ഞാൽ അവൾ മുണ്ടാണുടുക്കുക. ആറു മണിയ്ക്കു് തുടങ്ങുന്ന നാമജപം ഏഴു മണിവരെ തുടരും. അമ്മ ഇപ്പോൾ നാമം ജപിക്കാനിരിക്കാറില്ല. അവർക്കു് എല്ലാറ്റിലും വിശ്വാസം നശിച്ചപോലെയുണ്ടു്. ഒരുപക്ഷേ, അവർ മനസ്സിൽ എപ്പോഴും ഈശ്വരനെ വിളിക്കുന്നുണ്ടാവും. അമ്മ ഈ ലോകത്തൊന്നുമല്ല എന്നു് പദ്മിനിയ്ക്കു് അറിയാം. പറയുന്നതു് അങ്ങോട്ടു് ഏശുന്നില്ല.
നാമജപം കഴിഞ്ഞാൽ പദ്മിനി കഞ്ഞിയ്ക്കു് ചമ്മന്തി അരയ്ക്കും. കഞ്ഞി അടുപ്പത്തുനിന്നു് വാങ്ങി ആവശ്യത്തിനു് ഉപ്പിട്ടു് ഇളക്കി വയ്ക്കും. എട്ടു മണിയായാൽ അമ്മാമൻ പത്തായപ്പുരയിൽനിന്നു് ഇറങ്ങിവരാറുണ്ടു്. അടുത്ത കാലത്തായി എന്നുമൊന്നും ഭാര്യവീട്ടിൽ പോകാറില്ല. വീട്ടിൽത്തന്നെ ചടഞ്ഞുകൂടിയിരിക്കും. ഒരു ദിവസം എട്ടരമണിയായിട്ടും അമ്മാമനെ കാണാതിരുന്നപ്പോൾ അവളോടു് പോയി വിളിക്കാൻ പാറുവമ്മ ആവശ്യപ്പെട്ടു. കോണി കയറി മുകളിലെത്തിയപ്പോഴാണു് അവൾക്കു മനസ്സിലായതു് അവിടെ വിളക്കു കത്തിച്ചിട്ടില്ല. ആകെ ഇരുട്ടു്. അവൾക്കു പേടിയായി. അമ്മാമൻ ഉറങ്ങുകയാവുമെന്നാണവൾ കരുതിയതു്. അവൾ മുറിയുടെ പുറത്തുനിന്നു് വിളിച്ചു.
‘വിജയമ്മാമേ…’
‘അകത്തു വാ.’
അമ്മാമനു് എന്തോ സുഖമില്ലാതായി എന്നാണവൾ കരുതിയതു്. വാക്കുകൾ വിഷമിച്ചു് പുറത്തേയ്ക്കു വിടുന്നപോലെ. അവൾ അകത്തു കടന്നു. ഇപ്പോഴേയ്ക്കും അവളുടെ കണ്ണുകൾ ഇരുട്ടിനോടു് പഴകിത്തുടങ്ങിയിരുന്നു. അമ്മാമൻ കിടക്കുകയാണെന്നവൾ കണ്ടു. അവൾ കട്ടിലിന്നടുത്തു ചെന്നു. പെട്ടെന്നു് അമ്മാമൻ അവളുടെ കൈ പിടിച്ചു് വലിച്ചു. അവൾ കിടയ്ക്കയിലേയ്ക്കു വീണു.
‘ദേവൂട്ടി, വാ.’ അമ്മാമൻ പറയുന്നുണ്ടായിരുന്നു.
പദ്മിനി ആകെ പേടിച്ചുപോയി. പെട്ടെന്നുള്ള പിടുത്തവും വലിക്കലും അവൾ തീരെ പ്രതീക്ഷിച്ചതല്ല. അമ്മാമന്റെ ശബ്ദവും എന്തോ ഒരു മട്ടിലായിരുന്നു. അവൾ അമ്മാമന്റെ കൈയ്യിൽനിന്നു് കുതറി എഴുന്നേറ്റു് ഒരു നിലവിളിയോടെ കോണിയിറങ്ങി ഓടി. മുറ്റം മുറിച്ചുകടക്കുമ്പോഴേയ്ക്കും അമ്മ ഉമ്മറത്തെത്തിയിരുന്നു.
‘എന്തു പറ്റീ മോളെ?’
മകൾ എന്തോ കണ്ടു പേടിച്ചു എന്നാണവർ കരുതിയതു്. അവൾ അമ്മയെ കെട്ടിപ്പിടിച്ചു കിതയ്ക്കുകയായിരുന്നു. അവർ ചോദ്യമാവർത്തിച്ചു. അവൾ ചോദിച്ചു.
‘ആരാണമ്മേ ദേവൂട്ടി?’
പാറുവമ്മയ്ക്കു് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങുകയായിരുന്നു. അവർ മോളെ അണച്ചുപിടിച്ചു.
‘പേടിക്കണ്ട മോളെ, സാരല്യ.’
‘വല്ലാത്ത നാറ്റും. എന്തിന്റെ നാറ്റാ അമ്മേ അതു?’
‘സാരല്യ മോളെ, ഇങ്ങട്ടു വരൂ.’
കുറച്ചു ദിവസങ്ങളായി ഏട്ടൻ രാത്രി കഞ്ഞി കുടിക്കാനായി എത്തിയാൽ ഉണ്ടാവാറുള്ള നാറ്റം എന്തിന്റേതാണെന്നു് അവർ ഊഹിച്ചിരുന്നു. കലങ്ങിയ കണ്ണുകളും ആ നാറ്റവും പാറുവമ്മയ്ക്കു് പരിചയമില്ലാത്ത ഒരു സ്വഭാവത്തെയാണു് സൂചിപ്പിച്ചതു്. പിന്നെ ദേവൂട്ടി എന്ന വിളി. കഴിഞ്ഞ ആഴ്ചയാണു് അവർക്കു് ആ കാര്യത്തിൽ സംശയമുണ്ടായതു്. ഒരു ദിവസം, തുണി തിരുമ്പി കഴിഞ്ഞാൽ പറമ്പിൽനിന്നു് മടൽ പെറുക്കിക്കൊണ്ടുവരണമെന്നു് ദേവകിയോടു് ആവശ്യപ്പെട്ടിരുന്നു. തുണി തോരാനിട്ടു് കുറേ നേരമായെങ്കിലും ദേവകിയെ കാണാനില്ല. ഇത്രയധികം മടൽ അവൾ പെറുക്കിക്കൊണ്ടു വരുമോ? അവർ വടക്കോറത്തു് മുറ്റത്തിറങ്ങി പറമ്പിലേയ്ക്കു നോക്കി. എവിടെയും കാണാനില്ല. അപ്പോഴാണു് കുളത്തിൽ നിന്നു് തിരുമ്പിയ തുണി ഇട്ടു കൊണ്ടുവരുന്ന ബക്കറ്റ് പത്തായപ്പുരയുടെ ഉമ്മറത്തു് കണ്ടതു്. എന്തിനാണവൾ ഇപ്പോൾ പത്തായപ്പുരയുടെ ഉള്ളിലേയ്ക്കു് കയറിയതു് എന്നറിയാൻ അവർ അന്വേഷിച്ചു ചെന്നു. താഴത്തെ മൂന്നു മുറികളിലും അവളെ കണ്ടില്ലെന്നു വന്നപ്പോൾ അവർ സാവധാനത്തിൽ കോണി കയറാൻ തുടങ്ങി. സ്വതവേ അവരുടെ നടത്തം ഭൂമിയെ വേദനിപ്പിക്കരുതേ എന്ന മട്ടിലായിരുന്നു. ഇന്നു് അവർ തീരെ ശബ്ദമുണ്ടാക്കാതെ കോണി കയറി. മുകളിൽ നടുവിലത്തെ മുറിയുടെ വാതിൽ ചാരിയിരുന്നു. ഉള്ളിൽനിന്നു് ഏട്ടന്റെയും ദേവകിയുടെയും സംസാരം കേട്ടു. അവർ ശബ്ദമുണ്ടാക്കാതെ തിരിച്ചു പോന്നു.
ആ സംഭവം ഓർത്തുകൊണ്ടു് അവർ പറഞ്ഞു.
‘ഇനിതൊട്ടു് അമ്മാമനെ ഞാൻ പോയി വിളിക്കാം. മോള് പോണ്ട.’
അന്നു് വിജയൻ മേനോൻ താഴേയ്ക്കിറങ്ങി വന്നില്ല. ആ ദിവസത്തിനുശേഷം പലപ്പോഴും അദ്ദേഹം രാത്രി കഞ്ഞികുടിക്കാൻ ഇറങ്ങിവരികയുണ്ടായില്ല.
ഉമ്മറത്തെ ഇരുട്ടത്തിരുന്നു് പദ്മിനി വിജയമ്മാമയുടെ ക്രമത്തിലുള്ള പതനത്തെപ്പറ്റി ആലോചിച്ചു. എന്തിനായിരുന്നു അതു?
ആ മാസം കഴിയാറായിരുന്നു. അടുത്ത മാസം മുതൽ ദേവകിയോടു് വരേണ്ടെന്നു പറഞ്ഞു.
‘ഇവിടെപ്പൊ അത്രയൊന്നും പണില്ല്യ ദേവകി,’ പാറുവമ്മ പറഞ്ഞു. ‘പോരാത്തതിനു് എല്ലാ മാസും ശമ്പളൂം തരണ്ടെ. ഇപ്പഴത്തെ നെല നോക്ക്യാലു് ഞങ്ങക്കു് അതിന്ള്ള കഴിവൊന്നുംല്ല്യ. ഉള്ള ജോലിയൊക്കെ ഞാനും മോളുംകൂടി ചെയ്തോളാം.’
ആ വീട്ടിലെ സ്ഥിതി നല്ലവണ്ണം അറിയാവുന്നതുകൊണ്ടു് ദേവകിയ്ക്കു് ഒന്നും പറയാനില്ലായിരുന്നു. തമ്പ്രാന്റെ കാര്യത്തിൽ അവൾ തോറ്റിരിക്കയാണു്. ബോധമുള്ള ദിവസങ്ങൾ ചുരുക്കമായിരുന്നു. രാവിലെത്തന്നെ കുടി തുടങ്ങും. പത്തായപ്പുരയിൽ അടിച്ചുവാരാതെ ഒന്നുരണ്ടു ദിവസം നോക്കി. പക്ഷേ, അങ്ങിനത്തെ ദിവസങ്ങളിൽ തമ്പ്രാൻ താഴെവന്നു് വിളിച്ചുകൊണ്ടുപോകും. പോയാൽ പിന്നെ അങ്ങിനെയൊന്നും വിടില്ല. തമ്പ്രാട്ടി അന്വേഷിക്കാതിരിക്കില്ല. അതു പറഞ്ഞാൽ ദേഷ്യം പിടിക്കും. പിന്നെ പരിഭവമാണു്. എന്നെ ആർക്കും വേണ്ടാതായി, ഞാൻ ഒന്നിനും കൊള്ളരുതാത്തോനാണു്, എന്നൊക്കെ പറയാൻ തുടങ്ങും. അതു കേൾക്കുമ്പോൾ വിഷമമാണു്. തമ്പ്രാനും ഭാര്യയും തമ്മിൽ അത്ര രസത്തിലല്ല എന്നവൾ മനസ്സിലാക്കിയിരുന്നു. ഭാര്യവീട്ടിലെ കാര്യങ്ങളൊന്നും തന്നോടു് മുമ്പു് പറഞ്ഞിരുന്നില്ല. ഇപ്പോൾ അതാണു് കാര്യമായ സംസാരം. തന്റെ മനസ്സിൽ പാവം തോന്നലുണ്ടാക്കാനാണതു് എന്നവൾക്കറിയാമെങ്കിലും പാവം തോന്നിപ്പോകുന്നു. തനിക്കുവേണ്ടി കുറേ ചെയ്ത മനുഷ്യനാണു്. തനിക്കും മോക്കും പണ്ടങ്ങൾ. ഓണത്തിനും വിഷുവിനും മുണ്ടും ബ്ലൗസിനു തുണിയും മോക്കു് ഉടുപ്പും വാങ്ങിത്തരാറുണ്ടു്. എല്ലാം കഴിഞ്ഞു് അവൾക്കു് സ്വന്തമായി ഒരു വീടും പറമ്പും തന്ന ആളാണു്. ഇന്നു് ആ വീടില്ലായിരുന്നുവെങ്കിൽ എവിടെയാണു് താമസിക്കുക എന്നറിയില്ല. വല്ല പുറംപോക്കിലും കുടിലുകെട്ടി താമസിക്കേണ്ടി വരുമായിരുന്നു. പഴയ വീടു് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അങ്ങിനെയുള്ള ഒരാൾ ഇങ്ങിനെ കൺമുമ്പിൽ നശിച്ചു പോകുമ്പോൾ സങ്കടപ്പെടുകയല്ലാതെ എന്തു ചെയ്യും?
ഉമ്മറത്തു് ഇരുട്ടിൽ കുറേ നേരം ഇരുന്നപ്പോൾ പദ്മിനിയ്ക്കു് ആശ്വാസമായി. അമ്മാമ അടുത്തുതന്നെ മരിക്കുമെന്നവൾക്കു തോന്നി. കുറച്ചു കാലമായി അവൾ അമ്മാമയെ കാണാറില്ല. ഇന്നു് കണ്ടപ്പോഴാണു് ഇത്ര മോശമാണു് സ്ഥിതിയെന്നു മനസ്സിലായതു്. വെറും എല്ലും തോലുമായിരിക്കുന്നു. രാത്രി കിടക്കുമ്പോൾ അമ്മ ഒന്നും സംസാരിച്ചില്ല. സാധാരണ എന്തെങ്കിലും സംസാരിക്കാറുള്ളതാണു്. പിറ്റേന്നു് റേഷൻ വാങ്ങാൻ എങ്ങിനെയാണു് പണമുണ്ടാക്കുക എന്നതിനെപ്പറ്റിയോ, അറുമുഖനെ തേങ്ങക്കാരൻ മൊയ്തീന്റെ അടുത്തു് പണത്തിനുവേണ്ടി പറഞ്ഞയക്കുന്നതിനെപ്പറ്റിയോ സംസാരിക്കാറുള്ളതാണു്. ഇന്നു് അവർ നിശ്ശബ്ദയായിരിക്കുന്നു.
പദ്മിനിയും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല. ഒരിക്കൽ ഉറക്കത്തിൽനിന്നുണർന്നു നോക്കിയപ്പോൾ അമ്മ കിടക്കയിൽ എഴുന്നേറ്റിരിക്കുന്നതു കണ്ടു.
‘എന്താ അമ്മേ?’
‘ഒന്നുംല്ല്യ, മോള് ഒറങ്ങിക്കോ.’
രാവിലെ എഴുന്നേറ്റപ്പോഴാണു് മനസ്സിലായതു് രാത്രി എപ്പോഴോ വിജയമ്മാമ മരിച്ചിരിക്കുന്നു. മരണത്തെപ്പറ്റി മാമയ്ക്കു് എന്തെങ്കിലും മുന്നറിവുണ്ടായിരുന്നോ? അതുപോലെ അമ്മയ്ക്കും? അവർ രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ലെന്നു് പദ്മിനിയ്ക്കു് മനസ്സിലായി.
അതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റിയാണു് അമ്മയ്ക്കു് മറവിയുണ്ടായതെന്നു തോന്നുന്നു. അവൾ പറഞ്ഞതിനെപ്പറ്റി പാറുവമ്മ വീണ്ടും ആലോചിച്ചു. ഇല്ല അങ്ങിനെ പുതിയ രണ്ടു് ആലോചനകൾ വന്നതായി ഓർമ്മയില്ല.
‘നന്നാവ്ണ്ണ്ടു്. ഈ അമ്മേക്കൊണ്ടു് ഞാൻ എന്താണു് ചെയ്യാൻ കണ്ടിരിക്കണതു? അമ്മേ രണ്ടും നല്ല ആലോചന്യായിരുന്നു. ഒന്നു് ഒരൊറ്റ മകനാണു്. അയാള് അമ്മെടെം ചെറ്യമ്മടെം ഒപ്പാ വന്നതു്. ചെറ്യച്ഛനുംണ്ടായിരുന്നു ഒപ്പം. മറ്റെതു് ഒരാണും പെണ്ണും മാത്രം. അയാള് അമ്മായിടൊപ്പാ വന്നതു്. നമ്മടെ പണിക്കരമ്മാവനുംണ്ടായിരുന്നു കൂടെ. രണ്ടും നല്ല തറവാട്ടീന്നാ. പക്ഷേ, രണ്ടു പേർക്കും ഇവ്ട്ത്തെ കാര്യങ്ങളൊന്നും ഇഷ്ടായില്ല. വീടിന്റെ കെടപ്പും ആകെ ചുറ്റുപാടും അവർക്കു് പിടിച്ചില്ല. പെണ്ണിനെ ബോധിച്ചൂന്നാ രണ്ടു കൂട്ടരും പറഞ്ഞതു്. അങ്ങിന്യാണു് പണിക്കരമ്മാമ പറഞ്ഞതു്. ജാതകോം ചേർന്നൂത്രെ.’
‘അതെന്തേ അങ്ങനെ?’
‘അമ്മേ ഇവിടെ വന്നു് കാണണോർക്കു് ഒറ്റ നോട്ടത്തിലു് മനസ്സിലാവും നമ്ക്കു് കഞ്ഞി കുടിക്ക്യാൻ വകയില്ല്യാന്നു്. അങ്ങനത്തെ വീട്ടിലു് അറിഞ്ഞോണ്ടു് ആരെങ്കിലും കേറി വര്വോ അമ്മേ?’
അവസാനം പറഞ്ഞ വാക്യത്തിൽ ഒരു തേങ്ങലൊളിഞ്ഞു കിടന്നതു് പാറുവമ്മയെ വേദനിപ്പിച്ചു. അവരെ സംബന്ധിച്ചേടത്തോളം പദ്മിനിയുടെ കല്യാണമായിരുന്നു അവസാനത്തെ തുരുമ്പു്. മകളുടെ കല്യാണം കഴിഞ്ഞാൽ കാര്യങ്ങൾ നല്ല ദിശയിലേയ്ക്കു തിരിയുമെന്നവർക്കുറപ്പുണ്ടായിരുന്നു. ആണൊരുത്തനുണ്ടെങ്കിൽ അവിടെ പലതും ചെയ്യാനുണ്ടു്. എന്തോ ഭാഗ്യത്തിനു് ഏട്ടന്നു് ആ നാലേക്കർ പറമ്പു് മുറിച്ചു വിൽക്കാനുള്ള സമയം കിട്ടിയില്ല. ബാക്കിയെല്ലാം പോയി. തെക്കേ വെട്ടുവഴിയിലുണ്ടായിരുന്ന വീടും പറമ്പും ദേവകിയ്ക്കു കൊടുത്തു. വിറ്റൂന്നാണു് പറഞ്ഞിരുന്നതു്. കുറേ കടമുണ്ടു് ആ പണം കൊണ്ടു് അതൊക്കെ വീട്ടിയത്രെ. പാറുവമ്മ അതു മുഴുവൻ വിശ്വസിച്ചില്ല. കാരപ്പുറത്തു് വീട്ടിന്റെ അപ്പുറത്തുള്ള പതിനഞ്ചു് സെന്റ് സ്ഥലവും വിറ്റു. ആർക്കെടുത്തു കൊടുത്തു ആവോ? ഇപ്പോൾ ഈ നാലേക്കർ മാത്രമുണ്ടു്. ആ പറമ്പിൽ പൊന്നു വിളയിക്കാമെന്നവർക്കറിയാം. ഏട്ടനോടു പറയാൻ ധൈര്യമില്ലാതെ അവർ ആ പറമ്പിന്റെ പതനം നോക്കിനിൽക്കുക മാത്രം ചെയ്തു. നല്ലൊരു ചെറുപ്പക്കാരൻ വരുമെന്നും നാലോ അഞ്ചോ കൊല്ലത്തിനുള്ളിൽ അതൊരു പൂങ്കാവനമാക്കി മാറ്റുമെന്നും അവർ പ്രതീക്ഷിച്ചു.
‘ആരെങ്കിലും വരും മോളേ. പത്തായത്തിന്റെ ഉള്ളിലും തെങ്ങിന്റെ മണ്ടേലും നോക്കാത്ത വല്ല ചെറുപ്പക്കാരും വരും. അപ്പൊ മോള്ടെ ഭാഗ്യം തെളിയും. അതൊക്കെ കാണാൻ നെന്റെ അമ്മ ജീവിച്ചിരിക്ക്യോന്നറീല്യ.’
‘അമ്മ അങ്ങിനെ പോവ്വൊന്നും ഇല്ല. വേണ്ടാത്തതു് പറയാണ്ടിരിക്കൂ.’
പദ്മിനി പക്ഷേ, താൻ പറഞ്ഞതിൽ വിശ്വസിച്ചില്ല. അമ്മയുടെ ആരോഗ്യം അനുദിനം ക്ഷയിച്ചു വരുന്നതു് അവൾ കാണുന്നുണ്ടു്. ഇനി എത്ര കാലം ജീവിച്ചിരിക്കും എന്നു തന്നെ അവൾക്കറിയില്ല. ഒറ്റയ്ക്കുള്ള ജീവിതത്തെപ്പറ്റി അവൾ ആലോചിക്കുന്നുണ്ടു്. അതിനുള്ള തയ്യാറെടുപ്പും തുടങ്ങിയിരുന്നു. പൊള്ളയായ വാക്കുകൾ പറയാൻ അവൾ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടു് ഈ വക സംസാരം അവൾ നിരുത്സാഹപ്പെടുത്തി, ആ വാക്കുകൾ അമ്മയ്ക്കു് ആത്മവിശ്വാസം കൊടുക്കുമെങ്കിൽക്കൂടി.
പാറുവമ്മ മുറ്റത്തേയ്ക്കിറങ്ങി. രാത്രി പെയ്ത മഴയിൽ പ്രകൃതി തണുത്തിരുന്നു. മുറ്റത്തെ മണൽ കഴുകി വൃത്തിയാക്കപ്പെട്ടു. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവർ തണുത്ത മണലിൽ കാലമർത്തി നിന്നു. പദ്മിനിയുടെ അച്ഛൻ ഒരിക്കൽ അവിടെ നിന്നുകൊണ്ടു് പറയുകയുണ്ടായി.
‘ന്റെ മോള്ടെ കല്യാണത്തിനു് ഇവിടെ വല്യോരു പന്തൽ പൊങ്ങും.’ മൂന്നോ നാലോ വയസ്സുള്ള പദ്മിനി അന്നു് മുറ്റത്തു് ഓടിക്കളിക്കുകയായിരുന്നു. തന്റെ കല്യാണത്തിനാണു് മുമ്പു് അവിടെ പന്തൽ പൊങ്ങിയതു്. മുറ്റം ചാണകം മെഴുകി ഉണക്കിയിരുന്നു. ഓലമേഞ്ഞ ഒരു വലിയ പന്തൽ അവിടെ ഉയർന്നുവന്നു. പടിപ്പുരതൊട്ടു് കുരുത്തോല തോരണങ്ങൾ തൂക്കിയിട്ടിരുന്നു. മുളയുടെ തൂണുകൾ ഈന്തപ്പനയുടെ ഇലകൾകൊണ്ടു് മറച്ചു് അലങ്കരിച്ചു. പന്തലിലേയ്ക്കു് പ്രവേശിക്കുന്നിടത്തു് രണ്ടു കുലച്ച വാഴകൾ വെട്ടിവച്ചിരുന്നു. രാത്രിയായിരുന്നു കല്യാണം. അന്നെല്ലാം കല്യാണങ്ങൾ രാത്രിയാണു് നടന്നിരുന്നതു്. രാത്രി പന്തൽ പെട്രോമാക്സ്ന്റെ വെളിച്ചത്തിൽ തുടിച്ചുനിൽക്കും. വർണ്ണക്കടലാസ്സിന്റെ തോരണങ്ങൾ കാറ്റിൽ ഇളകിയാടും.
അന്നു രാവിലെ തിരുമേനിയുടെ കാര്യസ്ഥൻ ഒരു പൊതിയുമായി വന്നു. പൊതി അച്ഛനെ ഏൽപിച്ചുകൊണ്ടു് അയാൾ പറഞ്ഞു.
‘അച്ഛൻ തിരുമേനി കൊടുത്തയച്ചതാണു്. മോക്കു് കല്യാണത്തിനു് ഒരു സമ്മാനം.’
പൊതിയിൽ നല്ല വീതിയിൽ സ്വർണ്ണക്കരയുള്ള ഒരു സെറ്റ്മുണ്ടു്.
‘തിരുമേനി കല്യാണത്തിനു് വര്വണ്ടാവില്ലാന്നു് പറഞ്ഞു. അപ്പൊ ഇതു് നേരത്തെ ഇങ്ങട്ടു് എത്തിക്കാംന്നു് വച്ചു. അനുഗ്രഹംണ്ടാവുംന്നു് പ്രത്യേകം പറയാൻ ഏല്പിച്ചിട്ട്ണ്ടു്.’
അവൾക്കു് കല്യാണത്തിനുടുക്കാൻ വാങ്ങിയതിനേക്കാൾ ഭംഗിയുള്ള മുണ്ടു്. അവൾ കല്യാണത്തിനു് ആ മുണ്ടാണുടുത്തതു്. ആ മുണ്ടു് അച്ഛന്റെ കയ്യിൽനിന്നു വാങ്ങി അകത്തുപോയി. അതും മടിയിൽവച്ചു് അവൾ ഓരോന്നോർത്തു. മകൻ പറഞ്ഞതനുസരിച്ചായിരിക്കണം അച്ഛൻ നമ്പൂതിരി ആ സമ്മാനം കൊടുത്തയച്ചതു്. പെട്ടെന്നവൾക്കു കരച്ചിൽ വന്നു.
ഇന്നു് പത്തിരുപത്തെട്ടു വർഷങ്ങൾക്കു ശേഷം അതിനെപ്പറ്റി ആലോചിക്കുമ്പോഴും ഉയർന്നു വരുന്നതു് ഒരു തേങ്ങലാണു്. തിരുമേനിയെയായിരുന്നു കല്യാണം കഴിച്ചിരുന്നതെങ്കിൽ ഇങ്ങിനെയൊന്നുമാവുമായിരുന്നില്ല തന്റെ ജീവിതമെന്ന തോന്നൽ.
‘എന്താ അമ്മ ഇവിടെ പരബ്രഹ്മം കണ്ടുനിൽക്കണതു?’
പദ്മിനി ഉമ്മറത്തെ ഒതുക്കുകൾ ഇറങ്ങിവന്നു.
‘മുറ്റത്തു് നനവ്ണ്ട്ട്ടോ. ഇനി വൈന്നേരാമ്പളേയ്ക്കു് കാലു് വേദന്യാന്നു് പറയാനാ.’
‘ഞാൻ പഴേ കാര്യങ്ങളൊക്കെ ഓർത്തു് നിന്നതാ.’
‘ന്നാ ഇങ്ങട്ടു് കേറു.’
‘ഞാൻ പറമ്പിലു് വല്ല മടലും വീണ്ട്ട്ണ്ടോന്നു് നോക്കി വരാം.’
‘ന്നാ നടക്കൂ. ഞാനും വരാം.’
അവർ നടന്നു. മഴ പെയ്തതിന്റെ പിറ്റേന്നു് രാവിലെ പറമ്പിൽ നടക്കാൻ പദ്മിനിയ്ക്കു് ഇഷ്ടമായിരുന്നു. ചെടികളുടെ ഇലകളെല്ലാം കഴുകി വൃത്തിയാക്കപ്പെട്ടിട്ടുണ്ടാവും. ചേമ്പിലകളിൽ വെള്ളത്തുള്ളികൾ തങ്ങിനിൽക്കുന്നതു് ഇളക്കുമ്പോൾ കിടന്നോടി കളിക്കും. ആ വെള്ളത്തുള്ളികൾക്കു് രസത്തിന്റെ നിറം എങ്ങിനെ കിട്ടുന്നുവെന്നു് അവൾക്കു് അറിയില്ല. അറുമുഖനോടു് ചോദിച്ചാൽ അവൻ പറഞ്ഞു തരും. അവന്റെ അറിവു് സ്കൂൾ പുസ്തകങ്ങളിൽനിന്നും പുറത്തു ചാടി വിശാലമായ വായനയിൽ എത്തി നിൽക്കുകയാണു്. താൻ നോവലുകളും കഥകളും മാത്രം വായിക്കുമ്പോൾ അവൻ പല വിഷയങ്ങളിലുമുള്ള പുസ്തകം വായിച്ചു. അവനോടു് അര മണിക്കുർ സംസാരിക്കുന്നതു് ഒരു പുസ്തകം വായിക്കുന്നതിനു തുല്യമാണു്.
‘നമ്ക്കു് നാളെ ഒന്നു് പൊറത്തു് പോണം.’ പാറുവമ്മ പറഞ്ഞു.
‘പൊറത്തു് പോവ്വേ? എങ്ങട്ടു്?’ പദ്മിനിയ്ക്കു് അദ്ഭുതമായി. അടുത്ത കാലത്തൊന്നും അമ്മ പുറത്തിറങ്ങിയിട്ടില്ല.
‘നമ്ക്കു് തിരുമേനിടെ വീടുവരെ ഒന്നു് പോണം?’
‘ഏതു് തിരുമേനിടെ? പാമ്പുമനയ്ക്കലെ തിരുമേനിയോ? എന്തിനാമ്മേ?’
‘ഒരു കാര്യംണ്ടു്.’
‘അമ്മയ്ക്കു് ഇത്രീം ദൂരം യാത്ര ചെയ്യാനൊക്കെ പറ്റ്വോ?’
‘പത്ക്കെ നടക്കാം. മെയ്ൻ റോഡ്വര്യല്ലെ നടക്കണ്ടൂ.’
അവൾ പിന്നെ ഒന്നും ചോദിച്ചില്ല. അതവളുടെ സ്വഭാവമാണു്. കുത്തിച്ചോദിക്കാറില്ല. പക്ഷേ, പിന്നീടു് ആ വിഷയം അവൾ വീണ്ടും എടുത്തിടും, അവൾക്കു് അറിയേണ്ട കാര്യങ്ങൾ മുഴുവൻ മനസ്സിലാക്കുകയും ചെയ്യും.
ഉച്ചയ്ക്കു് കഞ്ഞികുടി കഴിഞ്ഞാൽ പുറത്തേയ്ക്കുള്ള വാതിൽ അടച്ചു് കുറ്റിയിടും. കുറച്ചുനേരം ഒന്നു് ചായാനാണു്. അപ്പോൾ പദ്മിനി വീണ്ടും ആ വിഷയം എടുത്തിട്ടു. ഒരുതരം അനുനയവും കൂടാതെ അവർ സാവധാനത്തിൽ പറയാൻ തുടങ്ങി. ഒരു ഇഷ്ടത്തിന്റെ കഥ. മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്ന അപൂർവ്വം കാര്യങ്ങളിൽ ഒന്നായ ആ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അവർക്കു് ആശ്വാസം തോന്നി.
‘ഇതു് ഒരു നോവലിലെ കഥേക്കാൾ അദ്ഭുതായിത്തോന്നുണു.’ പദ്മിനി പറഞ്ഞു. ‘ഇങ്ങിനെ ഒരു ഇല്ലാത്ത ബന്ധൂംവച്ചു് മോളെ താമസിക്കാൻ കൊണ്ടാക്ക്വാ?’
‘അദ്ദേഹം നിന്നെ ഒരു മോളെപ്പോലെ നോക്കും. അല്ലാതെ വഴ്യൊന്നും ഞാങ്കാണ്ണില്ല്യ. നെനക്കു് അമ്മായിടട്ത്തു് പോവാൻ ഇഷ്ടല്ലല്ലോ.’
‘അമ്മടെ കാലം കഴിഞ്ഞിട്ടു് നോക്കാം അമ്മെ. ഇനി കാലം കൊറേണ്ടു്. അതിനെടയ്ക്കു് എന്തൊക്കെ സംഭവിക്കാം. എന്റെ കല്യാണം കഴിയും. കാര്യങ്ങളൊക്കെ ശര്യാവും. അമ്മ സമാധാനിക്കൂ.’
‘എന്തായാലും നാളെ തിരുമേനിടെ അട്ത്തു് ഒന്നു് പോവ്വാം.’
‘ഇപ്പൊന്നും വേണ്ടമ്മെ. അല്ലെങ്കിലും അതൊന്നും ശര്യല്ല. ഏതെങ്കിലും കാലത്തെ ഒരു പരിചയൂം വച്ചു് മോളെ താമസിപ്പിക്ക്യോന്നു് ചോദിക്കണതൊന്നും ശര്യല്ല. പോരാത്തതിനു് എനിക്കു് അങ്ങനത്തെ ഒരു വീട്ടിലു് താമസിക്കാനൊന്നും ഇഷ്ടല്ല.’
പദ്മിനിയ്ക്കു് പക്ഷേ, ആ ഇല്ലം കാണണമെന്നുണ്ടായിരുന്നു. അറുമുഖൻ പണ്ടു് ആ ഇല്ലത്തെപ്പറ്റി പറഞ്ഞുതന്ന അദ്ഭുതകഥകൾ അവളുടെ മനസ്സിലുണ്ടു്. ചാത്ത തോളത്തിട്ടു് കൊണ്ടുപോയ അവൻ അന്നു് തിരിച്ചുവന്നതു് താനെ നടന്നുകൊണ്ടായിരുന്നു. ഒരുറക്കത്തിൽനിന്നു് എണീറ്റപോലെ തോന്നി എന്നാണു് അവൻ പറഞ്ഞതു്. എഴുന്നേറ്റു നോക്കുമ്പോൾ മനെടെ മുറ്റത്താണു്. മുമ്പിൽ തിരുമേനി ഒരു ഗ്ലാസ്സ് ചൂടുള്ള പാലും കൈയ്യിൽ പിടിച്ചു് ഇരിക്കുന്നു. നല്ല ദാഹമുണ്ടായിരുന്നു. അതു വാങ്ങിക്കുടിച്ചതോടുകൂടി ആകെ ഉഷാറു തോന്നി. ചുറ്റും നോക്കിയപ്പോൾ അച്ഛൻ, അമ്മ, അയൽക്കാർ. അവനു് പാമ്പിന്റെ കാര്യം ഓർമ്മവന്നു. പാമ്പു് ചത്തുവെന്നു് പിന്നീടറിഞ്ഞപ്പോൾ അവനു് സങ്കടം തോന്നി. അതു വല്ലാത്തൊരു ശിക്ഷയായി എന്നവൻ പറയുന്നു. പക്ഷേ, തന്നെ രക്ഷിക്കാൻ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ലെന്നവൻ മനസ്സിലാക്കി.
‘അന്നു് കൊച്ചമ്പ്രാട്ടി ന്നെ കണ്ടതോണ്ടാ ഞാൻ രക്ഷപ്പെട്ടതു്. അല്ലെങ്കീ ഞാൻ അവിടെ കെടക്കണതു് ആരും കാണൂല്ല്യായിരുന്നു. ഞാൻ ശത്തുപോയേനെ.’ അവൻ കളിയായി നാക്കു പുറത്തിട്ടു് കഴുത്തു ചെരിച്ചു് കണ്ണടച്ചുകൊണ്ടു് പറഞ്ഞു.
പദ്മിനിയ്ക്കു് പക്ഷേ, അവളുടെ ഉള്ളിലെ കുറ്റബോധം മാച്ചുകളയാൻ വർഷങ്ങൾക്കു ശേഷവും കഴിയുന്നില്ല. അവൾ കാരണമാണു് അറുമുഖനെ പാമ്പു കടിച്ചതു്. അവന്റെ ശ്രദ്ധ പതറാൻ താനാണു് കാരണക്കാരി. അവനതിനെ പിടിക്കാൻ ഒരു നിമിഷം കൂടിയേ വേണ്ടിയിരുന്നുള്ളൂ. അപ്പോഴാണു് അവൾ ഉറക്കെ ശബ്ദമുണ്ടാക്കിയതു്. അറുമുഖൻ പക്ഷേ, അവളെ കുറ്റപ്പെടുത്തുന്നില്ല. അതവന്റെ വലുപ്പം കാണിക്കുന്നുവെന്നു മാത്രം.
‘മുറ്റത്തു നെറേ പാമ്പിന്റെ രൂപം കൊത്തിയ കല്ല്കളാണു്.’ അറുമുഖൻ പറയും. ‘പറമ്പിൽത്തന്നെ പാമ്പുകൾക്കു് വേണ്ടി അമ്പലുംണ്ടു്.’ പാമ്പിൻകാവിൽ ആയിരക്കണക്കിനു് സ്വർണ്ണനാഗങ്ങൾ വസിക്കുന്നുണ്ടെന്നു് അവനു് മനസ്സിലായി. അന്നുതൊട്ടു് അവനു് തിരുമേനി ആരാധ്യനായി.
അതെല്ലാം ഓർമ്മ വന്നപ്പോൾ പദ്മിനി പറഞ്ഞു.
‘നമുക്കു് പിന്നൊരു ദിവസം പോകാം അമ്മേ. വെറ്തെ ആ ഇല്ലൊന്നു് കാണാൻ വേണ്ടി. അമ്മ കൊറേക്കാലം ജീവിച്ചിര്ന്നിട്ടു് പേരക്കുട്ട്യോള്ടെ കല്യാണൊക്കെ കഴിഞ്ഞിട്ടേ പോകൂ. പേടിക്കണ്ട.’
പാറുവമ്മ ചിരിച്ചു. യാതൊരു കറയുമില്ലാത്ത ചിരി. പദ്മിനി ആ അപൂർവ്വ ദൃശ്യം നോക്കിനിന്നു.
ഒറ്റയ്ക്കു് ജീവിക്കേണ്ടി വരുമെന്നു് പദ്മിനിയ്ക്കു് ഉറപ്പായി. വിധിയോടു് തോറ്റു കൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. അവൾ വിറകുപുരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കൈക്കോട്ടെടുത്തു് വൃത്തിയാക്കി. നിറയെ തുരുമ്പു പിടിച്ചതു മുഴുവൻ ഒരു കല്ലിന്റെ കഷ്ണമെടുത്തു് ഉരച്ചു് കളഞ്ഞു. അവൾ ജീവിതത്തിൽ ആദ്യമായി ഒരു കൈക്കോട്ടു കൈയ്യിലെടുക്കുകയാണു്. അവൾ അതുകൊണ്ടു് മണ്ണിൽ ആഞ്ഞുകൊത്തി. നനഞ്ഞ മണ്ണു് അവളുടെ അദ്ധ്വാനം കുറച്ചു് എളുപ്പമുള്ളതാക്കി. ഒരു മണിക്കൂർ നേരത്തെ ജോലിക്കു ശേഷം വിയർത്തൊലിച്ചുകൊണ്ടു് അവൾ കുളത്തിൽ പോയി തണുത്ത വെള്ളത്തിൽ മുഖവും കാലും കഴുകി വീട്ടിനുള്ളിൽ കയറി. ഇനി വേണ്ടതു് കുറച്ചു വിത്തുകളാണു്. അറുമുഖനോടു പറഞ്ഞാൽ അവൻ വെണ്ടയുടെയും കൈപ്പയുടെയും മറ്റും വിത്തുകൾ കൊണ്ടുവന്നു തരും. അവൾ വേലിക്കൽ ചെന്നു് അറുമുഖനെ വിളിച്ചു.
അവൻ വന്നു് പദ്മിനി ചെയ്ത സാഹസം കുറച്ചുനേരം നോക്കി നിന്നു.
‘ഇതു മുഴുവൻ കൊച്ചമ്പ്രാട്ടി ചെയ്തതാണോ?’
‘അതെ.’
അവളുടെ, അഭിമാനം കൊണ്ടു് വികസിച്ച മുഖത്തു നോക്കിയപ്പോൾ അവനു് ചിരി വന്നു. തലയിൽ നിന്നു് വിയർപ്പൊഴുകി അവളുടെ മുഖത്തുകൂടി ചാലായി ഒഴുകുന്നു. പാവം നല്ലവണ്ണം അദ്ധ്വാനിച്ചിരിക്കുന്നു. ഒരു രണ്ടു വാഴ നടാനുള്ള സ്ഥലം മുഴുവൻ ആകെ കിളച്ചുമറിച്ചു് കുണ്ടും കുഴിയുമാക്കിയിട്ടുണ്ടു്. അവനു് ആർത്തു ചിരിക്കാനാണു് തോന്നിയതു്. അവന്റെ മുഖത്തു നോക്കിയപ്പോൾ താൻ ശരിയ്ക്കുതന്നെയല്ലെ എല്ലാം ചെയ്തിരിക്കുന്നതെന്നു് പദ്മിനിയ്ക്കു സംശയമായി. അതുവരെയുണ്ടായിട്ടുള്ള ആത്മവിശ്വാസം ചോർന്നു പോകുകയാണു്. അവൾ ചോദിച്ചു.
‘എന്തേ?’
അവൻ പറഞ്ഞു.
‘കൊച്ചമ്പ്രാട്ടി നല്ലോണം അദ്ധ്വാനിച്ചിട്ട്ണ്ടല്ലോ. ഈ കെളയ്ക്കണ പണ്യൊക്കെ ന്നെ ഏല്പിച്ചാ മത്യായിര്ന്നില്ലേ? നന്നായിട്ട്ണ്ടു്. ഇങ്ങനെ ഇട്ടാൽ പോര മണ്ണു് ഒടയ്ക്കണം, നെരത്തണം, തടംണ്ടാക്കണം. അവൻ കൈക്കോട്ടെടുത്തു ജോലി ചെയ്യുന്നതിനു മുമ്പു് അതിന്റെ വായ്ത്തല നോക്കി. നിറയെ തുരുമ്പു്. തീരെ മൂർച്ചയില്ലാത്ത ഈ സാധനം കൊണ്ടാണോ പാവം ഇത്രയും കിളച്ചുണ്ടാക്കിയതു?
‘ഞാൻ പോയി എന്റെ കൈക്കോട്ടെടുത്തു് കൊണ്ടുവരാം. ഇതോണ്ടു് എങ്ങിന്യാ ജോലിയെട്ക്ക്വാ?’
അറുമുഖൻ സ്വന്തം കൈക്കോട്ടെടുത്തു കൊണ്ടുവന്നു. അര മണിക്കൂറിനകം തൈകൾ നടാനുള്ള തടം തയ്യാറാക്കി.
‘ഞാൻ പോയി കൊറച്ചു് വെണ്ടടേം വഴ്തിനടേം തൈയ്യ് എടുത്തോണ്ടു് വരാം. അമ്മേടെ കൃഷീല്ണ്ടു്.’
പാറുവമ്മ അടുക്കളയുടെ ജനലിലൂടെ നോക്കി നിന്നു. ഒരു കാലത്തു് അവർക്കു് പച്ചക്കറി കൃഷിചെയ്യാൻ ഇഷ്ടമായിരുന്നു. പറമ്പിൽ കുരുത്തോല പയറും വെണ്ടയും വഴുതിനയും വളർത്തിയിരുന്നു. പിന്നെ വിധി തുടർച്ചയായി തനിക്കെതിരായി വന്നപ്പോൾ അവർക്കു് അതിലുള്ള താല്പര്യം നശിക്കുകയാണുണ്ടായതു്. ഇപ്പോൾ മോൾ എന്താണു് ചെയ്യുന്നതെന്നു് പോയി നോക്കണമെന്നുണ്ടു്. അവൾ ചീത്ത പറയുമോ എന്ന ഭയം കാരണം അവർ മുറ്റത്തേയ്ക്കിറങ്ങിയില്ല.
അറുമുഖൻ അമ്മയുടെ കൃഷിയിൽനിന്നു് ചൂണ്ടാൻ പറ്റിയ വല്ലതും ഉണ്ടോ എന്നു നോക്കുകയായിരുന്നു. അകത്തു് എന്തോ ജോലിയെടുത്തുകൊണ്ടിരുന്ന നീലി പുറത്തേയ്ക്കു വന്നു.
‘എന്താ അറമുകാ നീ തപ്പണതു?’
‘ഞാൻ അമ്മേടെ ചെടികള് മോട്ടിക്ക്യാണു്.’
‘ആർക്കാ?’
‘കൊച്ചമ്പ്രാട്ടി അവിട്യൊക്കെ കെളച്ചു് കുഴിച്ചിട്ട്ണ്ടു്. ഞാമ്പോയി അതൊക്കെ ഒരു നെരപ്പാക്കീട്ട്ണ്ടു്. പാവം പച്ചക്കറി നടാൻ പോവ്വാത്ര.’
നീലി പുറത്തു വന്നു, അവനെ മാറ്റിനിർത്തി സ്വന്തം തോട്ടത്തിലെ പച്ചക്കറിത്തൈകൾ ആകെയൊന്നു നോക്കി. പിന്നെ കുമ്പിട്ടു് ഇടയിൽനിന്നു് ആരോഗ്യമുള്ള തൈകൾ മാത്രം തെരഞ്ഞു് പിഴുതെടുത്തു.
‘കൊച്ചമ്പ്രാട്ട്യോടു് നല്ലോണം ചാരോം ചാണകോം ഇടാൻ പറേ. ന്നാ പെട്ടെന്നു് വല്താവും.’
‘അവിടെ ചാണകൊന്നും ഇല്ലമ്മേ. പശുല്ല്യാത്തോടത്തു് എന്തു് ചാണകാ.’
നീലി മനസ്സുകൊണ്ടു് മുക്കത്തു വിരൽ വച്ചു. അവൾക്കറിയാഞ്ഞിട്ടല്ല. എതുകാലത്തും കറക്കുന്ന ഒരു പശുവെങ്കിലുമുണ്ടായിരുന്ന തറവാടായിരുന്നു.
‘നീ ഇബ്ട്ന്നു് ഒരു കൊട്ടേലു് കൊണ്ടോയ്ക്കോ. ഞാമ്പരണാ?’
‘വേണ്ടമ്മേ, ഞാങ്കൊണ്ടോയ്ക്കോളാം.’
അറുമുഖൻ തൈകളും ഒരു കൊട്ടയിൽ ചാണകവുമെടുത്തു് പോയി. കൊട്ടയും തൈകളും നിലത്തു് വച്ചു് അവൻ പദ്മിനിയുടെ മുമ്പിൽ നിന്നു.
‘കൊച്ചമ്പ്രാട്ടീ, വീട്ടിലു് വെറ്റിലേം അടക്കേംണ്ടോ?’
‘അറുമുഖൻ എന്നുതൊട്ടാ മുറുക്കു് തൊടങ്ങീതു?’
‘മുറുക്കാനല്ല, ഒരു കാലുറുപ്പികേം വേണം. ഇതൊക്കെ പഠിപ്പിക്കണതിനു് മുമ്പു് ദക്ഷിണ വെയ്ക്കണം.’
പദ്മിനിയുടെ പ്രതികരണം തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
ഓർമ്മകൾ വേദനയും കൊണ്ടാണു് എത്തുന്നതു്. വേദന കൊണ്ടുവരാത്ത ഏതെങ്കിലും ഓർമ്മകൾ തനിക്കുണ്ടായിട്ടുണ്ടോ? സംശയമാണു്. അറുമുഖനിൽ നിന്നു് ഗുരുദക്ഷിണയെന്ന പേരിൽ ഒരു മുക്കാൽമേടിച്ചതും അമ്മ ആവശ്യപ്പെട്ടു് അതു തിരിച്ചുകൊടുത്തതും അവൾക്കോർമ്മയുണ്ടു്. ആ സംഭവം അറുമുഖൻ ഇപ്പോഴും ഓർത്തുവയ്ക്കുന്നുണ്ടെന്നതു് അവളെ വേദനിപ്പിക്കുകയാണുണ്ടായതു്. അവളുടെ കണ്ണിലുരുണ്ടുകൂടുന്ന ജലകണങ്ങൾ അദ്ഭുതത്തോടെ നോക്കിക്കൊണ്ടു് അവൻ ചോദിച്ചു.
‘കൊച്ചമ്പ്രാട്ടി എന്തിനാ കരേണതു?’
അവൾ ഒന്നും പറയാതെ അറുമുഖനെ നോക്കി. അവൻ വലുതായിരിക്കുന്നു. വെറും ഒരു ട്രൗസർ മാത്രമിട്ടു് അവളുടെ ഒപ്പം കക്ക കളിച്ചിരുന്ന കുട്ടിയല്ല അവനിപ്പോൾ. മുഖത്തു് കുറേശ്ശെ താടിരോമങ്ങൾ മുളച്ചുവന്നിട്ടുണ്ടു്. മീശയെന്നു പറയാൻ മാത്രമായില്ലെങ്കിലും മേൽച്ചുണ്ടിൽ കറുത്ത നിറം. ഷർട്ടും മുണ്ടുമാണു് വേഷം. ഷർട്ടിനുള്ളിൽ ഉറച്ച ദേഹം. അതുപോലെ താനും വലുതായിരിക്കുന്നുവെന്ന ഓർമ്മയിൽ അവൾ നിന്നു. അറുമുഖൻ പറഞ്ഞു.
‘കൊച്ചമ്പ്രാട്ടി കരേണ്ട.’
പടിക്കലേയ്ക്കു നോക്കിക്കൊണ്ടു് പാറുവമ്മ പറഞ്ഞു.
‘മോളെ, നോക്കു് ആരോ വര്ണ്ണ്ടു്.’
‘ആരെങ്കിലും നമ്മളെ ഉപദ്രവിക്കാൻ വര്വായിരിക്കും.’ പദ്മിനി പറഞ്ഞു.
പാറുവമ്മ മകളെ ചോദ്യപൂർവ്വം നോക്കി.
‘അല്ല, ആരെങ്കിലും നമ്മളെ സഹായിക്കാൻ ഈ പടി കടന്നു വരുംന്നു് അമ്മ പ്രതീക്ഷിക്ക്ണ്ണ്ടോ?’
പദ്മിനി ഉമ്മറത്തേയ്ക്കു വന്നു. അയാൾ തലയുയർത്തി തെങ്ങുകളുടെ തലകളിലേയ്ക്കു നോക്കിക്കൊണ്ടാണു് നടന്നിരുന്നതു്. കരയുള്ള മുണ്ടും വെളുത്ത ഷർട്ടും വേഷം. മുറ്റത്തെത്തിയപ്പോഴാണയാൾ ആരാണെന്നു് പദ്മിനിയ്ക്കു് മനസ്സിലായതു്.
‘ഇതു് അമ്മേ വടക്കേക്കാട്ട്ലെ നന്ദൻമേനനാണു്. അമ്മാവനെ കാണാൻ എടയ്ക്കു് വരാറില്ലെ?’ അവൾ ശബ്ദം താഴ്ത്തിക്കൊണ്ടു പറഞ്ഞു. അയാൾ വന്നാൽ നേരിട്ടു് പത്തായപ്പുരയിലേയ്ക്കു പോകും. അഥവാ വിജയൻമാമ ഉമ്മറത്തിരിയ്ക്കയാണെങ്കിൽ അയാളെ കണ്ടാൽ മുറ്റത്തേയ്ക്കിറങ്ങി രണ്ടുപേരുംകൂടി പത്തായപ്പുരയിലേയ്ക്കു പോകുകയാണു് പതിവു്.
അയാൾ അവരെ ശ്രദ്ധിക്കാത്ത ഭാവത്തിൽ ഉമ്മറത്തേയ്ക്കു കയറി കസേലയിലിരുന്നു. അതൃപ്തമായ കണ്ണുകൾകൊണ്ടു് ചുറ്റും നോക്കി ചോദിച്ചു.
‘വിജയൻ മേനോന്റെ പെങ്ങളല്ലെ? പാർവ്വതിയമ്മ?’
‘അതെ.’ പദ്മിനിയാണു് ഉത്തരം പറഞ്ഞതു്.
‘മകളാണല്ലെ, എന്താ പേരു്?’
‘പദ്മിനി.’
‘അപ്പഴേയ് ഞാനൊരു കാര്യം പറയാൻ വന്നതാണു്.’ രണ്ടുപേരുടെയും മുഖത്തു നോക്കാതെ അയാൾ പറയാൻ തുടങ്ങി. ‘വിജയൻ മേനോൻ എന്റട്ത്ത്ന്നു് കൊറച്ചു് പണം കടം വാങ്ങീട്ട്ണ്ടു്. ആറു മാസത്തിനകം തിരിച്ചു തരാംന്നു് പറഞ്ഞാ വാങ്ങീതു്. ആറു മാസം പോയിട്ടു് ഇപ്പൊ കൊല്ലം രണ്ടാവാനാണു് പോണതു്. പലിശേം ഒക്കെക്കൂടി നല്ലൊരു സംഖ്യായിട്ട്ണ്ടു്. അതെന്നാ തിരിച്ചു് തരാൻ പറ്റ്വാന്നറിയാൻ വന്നതാ. അതിനെടേലു് പണം കടം വാങ്ങ്യ ആള് സ്ഥലം വിട്ടു. ഇനി ആ പണം എപ്പഴാ തിരിച്ചു് കിട്ട്വാന്നറിയണം.’
‘എത്ര്യാ സംഖ്യ?’ പദ്മിനി ചോദിച്ചു. അയാൾ തീരെ തൃപ്തിയില്ലാതെ അവളെ നോക്കി.
‘കൊറച്ചധികംണ്ടു്. എത്ര്യാന്നറിഞ്ഞാൽ ഇപ്പ തിരിച്ചു തരാൻ പറ്റ്വോ?’
‘എത്ര്യാന്നറിയേങ്കിലും ചെയ്തൂടെ?’
‘പലിശ ഒക്കെ അടക്കം മൂവ്വായിരത്തിന്റെ അട്ത്ത്ണ്ടാവും.’
ദൈവമേ! പദ്മിനി തലയിൽ കൈവച്ചു. അപ്പോൾ മാമയുടെ ഉപദ്രവം കഴിഞ്ഞിട്ടില്ല. എവിടുന്നുണ്ടാക്കാനാണു് ഇത്രയും പണം?
‘മാമ അങ്ങിനെ പലേടത്ത്ന്നും കടം വാങ്ങീട്ട്ണ്ടു്. അതൊന്നും ഞങ്ങക്കു വേണ്ടിയോ ഈ വീടിനും പറമ്പിനും വേണ്ടിയോ അല്ല. ഞങ്ങളെവിടുന്നാ ഇത്രേം പണംണ്ടാക്ക്വാ?’
‘എന്തിനു് വേണ്ടീട്ടാ ആർക്കു് വേണ്ടീട്ടാന്നൊന്നും കടം കൊടുക്കണ ആള് നോക്കണ്ട ആവശ്യല്ല്യ. കൊടുത്ത പണം തിരിച്ചു് കിട്ടണം, അത്ര്യന്നെ.’
വീണ്ടും പദ്മിനി പറയാൻ തുടങ്ങിയപ്പോൾ അയാൾ ഇടപെട്ടു.
‘ഞാൻ പാർവ്വതിയമ്മയോടു് സംസാരിക്കാനാണു് വന്നതു്. മുതിർന്നോരു് തമ്മില്ള്ള സംസാരത്തിൽ കുട്ടികള് എടപെടെണ്ട.’
‘അമ്മ സുഖമില്ലാത്ത സ്ത്രീയാണു്.’ പദ്മിനി ഉറപ്പിച്ചുകൊണ്ടു് പറഞ്ഞു. ‘അതുകൊണ്ടാണു് ഞാൻ തന്നെ പറയണതു്. തല്ക്കാലം ആ പണം തിരിച്ചു തരാൻ ഞങ്ങളെക്കൊണ്ടാവില്ല. ഞങ്ങളതിനു ബാദ്ധ്യസ്ഥരല്ലാന്ന്ള്ളതു് വേറെ കാര്യം.’
‘അതു് ശരി, അപ്പൊ സംസാരിച്ചിട്ടു് കാര്യല്ല്യല്ലേ.’ അയാൾ പദ്മിനിയുടെ മുഖത്തേയ്ക്കു് നോക്കിക്കൊണ്ടു് പറഞ്ഞു. ‘ഒരു കാര്യം പറഞ്ഞേക്കാം വിജയൻ മേനോൻ ഒരു പ്രോനോട്ട് എഴുതിത്തന്നിട്ട്ണ്ടു് എനിക്കു്. പോരാത്തതിനു് ജാമ്യായിട്ടു് ഈ പറമ്പിന്റെ ആധാരോം തന്നിട്ട്ണ്ടു്. എപ്പഴാ പണം തര്ണ്ച്ചാ അന്നു് ആധാരം തിരിച്ചു് തരും. വല്ലാതെ വൈക്യാ പിന്നെ കേസും ജപ്തീം ഒക്ക്യായി ഈ വീടും പറമ്പും ഒഴിഞ്ഞുതരണ്ടി വരും. ഞാൻ പറഞ്ഞില്ലാന്നു് വേണ്ട.’
അയാൾ എഴുന്നേറ്റു മുണ്ടു് മാടിക്കുത്തി പടിയിറങ്ങി.
അയാൾ പറഞ്ഞതിന്റെ അർത്ഥം മുഴുവൻ മനസ്സിലാവാതെ പാറുവമ്മ മിഴിച്ചിരുന്നു. അയാൾ പറഞ്ഞതു് പദ്മിനിയെ പേടിപ്പിച്ചിരുന്നു. സ്വന്തം വീടിന്റെ ആധാരംകൂടി അവരുടെ കയ്യിലില്ലെന്നല്ലെ അതു കാണിക്കുന്നതു? അമ്മയുടെ മുണ്ടിൻപെട്ടിയിലുണ്ടാവുമെന്നായിരുന്നു അവളുടെ ധാരണ. അവൾ ആ പെട്ടി തുറക്കാറില്ല. ചില സ്വകാര്യതകൾ സ്വന്തം അമ്മയ്ക്കായാലും വകവെച്ചു കൊടുക്കാൻ അവൾ തയ്യാറായിരുന്നു. അവൾ എഴുന്നേറ്റു. അമ്മാവന്റെ അലമാറിയുടെ താക്കോൽ എവിടെയാണെന്നു് അവൾക്കറിയാം. അമ്മാമന്റെ ദേഹം നിലത്തിറക്കി വയ്ക്കുമ്പോൾ തലയിണയ്ക്കടിയിൽനിന്നു് ആരോ താക്കോൽക്കൂട്ടമെടുത്തു് അവളുടെ കയ്യിൽ കൊടുത്തിരുന്നു. അവളതു് അപ്പോൾത്തന്നെ കിടപ്പറയിലെ മേശവലിപ്പിൽ ഇട്ടതോർമ്മയുണ്ടു്.
താക്കോലുമെടുത്തു് അവൾ പത്തായപ്പുരയുടെ വാതിൽ തുറന്നു് അകത്തുകയറി. നിലത്തു നിറയെ പൊടിയാണു്. കുറെക്കാലമായി അടിച്ചുവാരിത്തുടയ്ക്കൽ ഉണ്ടായിട്ടില്ല. ഇടനാഴികയിൽ രാവിലെയും ഇരുട്ടാണു്. ജനലുകൾ തുറന്നാൽ വെളിച്ചം കിട്ടും. അവൾ പക്ഷേ, അതിനൊന്നും മെനക്കെട്ടില്ല. തുറന്നാൽ വീണ്ടും അടയ്ക്കാൻ നിക്കണം. അവൾക്കു് അമ്മാമന്റെ അലമാറി തുറക്കാൻ ധൃതിയായി. കോണി കയറുമ്പോൾ ഒരു നരിച്ചീറ് പെട്ടെന്നു് അവളുടെ തലയ്ക്കുമീതെക്കൂടി പറന്നു പോയി. അവൾ ഞെട്ടി. അവളുടെ ധൈര്യം ചോർന്നു പോകുകയായിരുന്നു. മുകളിലെ ഇടനാഴികയും ഇരുട്ടുനിറഞ്ഞു കിടന്നു. ഒരുവിധത്തിൽ അവൾ നടുവിലെ മുറിയുടെ വാതിൽ തുറന്നു് അകത്തു കടന്നു് ജനൽ തുറന്നിട്ടു. അവൾ ഇടംകണ്ണിട്ടു് കട്ടിലിലേയ്ക്കു നോക്കി. താൻ എന്തൊരു പേടിതൊണ്ടിയാണു്. എന്താണു് കട്ടിലിന്മേൽ പ്രതീക്ഷിച്ചതു? ഒഴിഞ്ഞു കിടന്ന കട്ടിലിന്റെ തലയ്ക്കലായി മരത്തിന്റെ അലമാറി അടഞ്ഞുകിടന്നു. ഹൃദയത്തിന്റെ മിടിപ്പു് സാധാരണ നിലയിലാവാൻ കുറച്ചുനേരം നിന്നശേഷം അവൾ അലമാറിയുടെ അടുത്തേയ്ക്കു ചെന്നു. ഏകദേശം ഒരൂഹം വച്ചു് ഒരു താക്കോൽ എടുത്തു് താക്കോൽ ദ്വാരത്തിൽ ഇട്ടു തിരിച്ചു. വാതിൽ തുറന്നു.
അവളെ സ്വീകരിക്കാനായി നിറയെ ഒഴിഞ്ഞ കുപ്പികൾ നിരന്നുനിന്നു. ഭംഗിയുള്ള ചിത്രങ്ങളുള്ള പല വലുപ്പത്തിലുള്ള കുപ്പികൾ. മറ്റൊരു കള്ളിയിൽ അമ്മാമന്റെ മുണ്ടുകളും ഷർട്ടുകളും. എറ്റവും മുകളിലുള്ള കള്ളിയിൽ കുറേ കടലാസ്സുകളും ബില്ലുകളും. ഏറ്റവും അടിയിലത്തെ തട്ടു് ഒഴിഞ്ഞുകിടന്നു. ആ പറമ്പിന്റെ ആധാരത്തിനായി അവൾ പരതുകയായിരുന്നു. വസ്ത്രങ്ങളുടെ അടിയിലും കുപ്പികളുടെ ഇടയിലും അവൾ വീണ്ടും വീണ്ടും തിരഞ്ഞു. വിഫലമായ ആ തിരച്ചിലിന്റെ അവസാനത്തിൽ അവൾ ക്ഷീണിച്ചു് കട്ടിലിന്മേലിരുന്നു. ഇനി? അമ്മയുടെ മുണ്ടിൻപെട്ടിയിൽ നോക്കിയിട്ടു കാര്യമില്ലെന്നവൾക്കു തോന്നി. നന്ദൻമേനോൻ പറഞ്ഞതു് ശരിയായിരിക്കാം. അവൾ അലമാറി പൂട്ടി, ജനലടച്ചു പുറത്തു കടന്നു.
അമ്മയെ ഉമ്മറത്തു കാണാനില്ല. അവൾ അകത്തു കടന്നു. അമ്മ കട്ടിലിൽ കിടക്കുകയാണു്.
‘എന്തു പറ്റീ അമ്മേ?’ അവൾ അടുത്തു ചെന്നു. അമ്മ കരയുകയാണോ. അല്ല അമ്മ വെറുതെ കണ്ണു തുറന്നു കിടക്കുകയാണു്. ആ കിടപ്പു് അവളെ ഭയപ്പെടുത്തി. അവൾ ചോദ്യമാവർത്തിച്ചു.
‘ങൂം, ങും.’
‘സാരല്ല്യമ്മേ, നമ്ക്കു് എന്തെങ്കിലും വഴിണ്ടാക്കാം. അമ്മ സാമാധാനിക്കൂ.’ അവരുടെ അടുത്തിരുന്നു് പുറം തലോടിക്കൊണ്ടു് പദ്മിനി പറഞ്ഞു.
‘നമ്ക്കു് ഒന്നുംല്ല്യാതായില്ല്യേ? നാലേക്കർ പറമ്പും വീടും പത്തായപ്പെരേം ഉണ്ടല്ലൊ എന്നാശ്വസിച്ചിരിക്കുമ്പോളാ ഇങ്ങിനെ ഒരടി. ഇനി എന്തു കണ്ടിട്ടാണു് വല്ല ചെറുപ്പക്കാരും ആലോചനീം ആയി വര്വാ?’
‘സാരല്ല്യ, അമ്മ വേവലാതിപ്പെടാതിരിക്കു. എല്ലാം പോവാനാണു് യോഗംച്ചാലു് അങ്ങിനെ വരും. വേവലാതിപ്പെട്ടിട്ടെന്തു കാര്യം.’ പെട്ടെന്നു് എന്തോ ഓർത്തു് അവൾ പറഞ്ഞു. ‘അമ്മേ, അമ്മ തിരുമേനിടെ കാര്യം പറയാറില്ലേ. ഞാൻ നാളെ ഇല്ലത്തു് പോയിനോക്ക്യാലോന്നാലോചിക്ക്യാണു്.’
‘എന്തിനാ?’
‘അദ്ദേഹത്തിനു് എന്തെങ്കിലും ചെയ്യാൻ പറ്റ്വോന്നു് നോക്കാം. ഒന്നുല്ല്യെങ്കിൽ നന്ദൻമേൻനെ ഒന്നു് പറഞ്ഞു് നിർത്താനെങ്കിലും.’
‘എനിക്കു് ഈ ആരോഗ്യും വച്ചു് വരാൻ പറ്റ്വോ മോളെ?’
‘വേണ്ടമ്മേ, ഞാനൊറ്റയ്ക്കു് പോയി നോക്കാം.’
പാറുവമ്മ ഒന്നും പറഞ്ഞില്ല.
‘ഞാൻ അറുമുഖനോടു് എന്നെ ബസ്സ് കേറ്റിത്തരണംന്നു് പറയാം. ഞാനൊറ്റയ്ക്കു് പോയി നോക്കട്ടെ.’
ഒറ്റയ്ക്കു് എവിടെയും പോയിട്ടില്ലാത്ത കുട്ടിയാണു്. ഇനി എല്ലാം ഒറ്റയ്ക്കന്നെ ചെയ്യണ്ടി വരും. ആ അറിവു് പാറുവമ്മയെ വേദനിപ്പിക്കുകയാണു്. എന്താണു് ഇങ്ങിനെയൊക്കെ സംഭവിക്കാൻ. ആരെയും കുറ്റപ്പെടുത്താൻ അവരുടെ നല്ല മനസ്സു് സമ്മതിച്ചില്ല. ദൈവവുമായി ഒരു ഏറ്റുമുട്ടലിനു് അവർ തയ്യാറായതുമില്ല. അതായിരിക്കാം വിധിച്ചിട്ടുള്ളതു്. ഓരോരുത്തർക്കു് ഓരോ വിധിയല്ലെ. അതുപോലെയൊക്കെത്തന്നെയേ കാര്യങ്ങൾ നീങ്ങു. തിരുമേനി എന്തെങ്കിലും ചെയ്താൽ നന്നായിരുന്നു. മകൾക്കു് താമസിക്കാനൊരിടമില്ലാത്ത അവസ്ഥ ആലോചിക്കാൻ വയ്യ.
‘അമ്മ എഴുന്നേൽക്കു.’
പിറ്റേന്നു് രാവിലെ എഴുന്നേറ്റ ഉടനെ പദ്മിനി ആലോചിച്ചതു് തിരുമേനിയുടെ ഇല്ലത്തു പോകുന്ന കാര്യമാണു്. അതിൽ തെറ്റൊന്നും അവൾ കണ്ടില്ല. നിസ്സഹായരായവർക്കും എവിടെനിന്നെങ്കിലും ഒക്കെ നീതി കിട്ടണ്ടെ? പക്ഷേ, തിരുമേനിയുടെ അടുത്തു ചെന്നാൽ നീതി ലഭിക്കുമെന്ന ആശയം അവളുടെ മനസ്സിൽ എങ്ങിനെയാണു് കടന്നുകൂടിയതെന്നു് അവൾക്കറിയില്ല. അമ്മയുടെ സംസാരത്തിൽനിന്നായിരിക്കുമോ?
രാവിലെ എഴുന്നേറ്റ ഉടനെ അടുക്കളയിൽ കടന്നു് നിലം അടിച്ചുവാരി അടുപ്പു് ചാണകം മെഴുകി, കഞ്ഞിപ്പാത്രം അടുപ്പത്താക്കി. അടുപ്പു് ചാണകം മെഴുകൽ ആഴ്ചയിൽ ചൊവ്വയും വെള്ളിയുമായി ചുരുങ്ങിയിരുന്നു. ഒരു ആചാരമെന്നതിനപ്പുറം ആവശ്യംകൂടിയായിരുന്നു അതു്. ഒരാഴ്ചക്കുള്ളിൽ അടുപ്പു് വിണ്ടു തുടങ്ങും. ദേവകി ഉണ്ടായിരുന്ന സമയത്തുതന്നെ ഓടിന്റെ അടുപ്പു് വാങ്ങാൻ ആവശ്യപ്പെട്ടിരുന്നു. പുക കുറവാണു്. ചാണകം മെഴുകേണ്ട ആവശ്യമില്ല. ചൂടും കൂടുതലാണു്. ഒക്കെ ശരിയാണു്. പിറ്റേന്നു് റേഷൻ വാങ്ങാൻ പണമെങ്ങിനെ കിട്ടുമെന്നാലോചിച്ചുകൊണ്ടിരിക്കുന്ന ഒരു കുടംബത്തിനു് ഓടിന്റെ അടുപ്പും അതുപോലുള്ള പുതുമയുമെല്ലാം സ്വപ്നങ്ങൾ മാത്രമാണു്. ചുറ്റുമുള്ള നമ്പന്ന നായർകുടുംബങ്ങളെല്ലാംതന്നെ വിദ്യുഛക്തി എടുത്തിരിക്കുന്നു. രാത്രിയായാൽ അവരുടെ വീട്ടുപടിക്കൽ വെച്ചിട്ടുള്ള ഗ്ലോബുകൾ നിലത്തിറങ്ങിവന്ന ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നതു് പദ്മിനി വീട്ടുപടിക്കൽ പോയിനിന്നു് നോക്കാറുണ്ടു്. തനിക്കതിനുള്ള യോഗമില്ല.
അവൾ അടുക്കളവാതിലിലൂടെ മുറ്റത്തിറങ്ങി. മുറ്റത്തു് മണലിൽ രാത്രി മഞ്ഞു പെയ്തതിന്റെ നനവുണ്ടു്. അവൾ മുറ്റമടിക്കാൻ ചൂലിനുവേണ്ടി വിറകുപുരയിലേയ്ക്കു് നടന്നു. പറമ്പിൽ അവൾ നട്ട വെണ്ടത്തൈകൾ മക്കൾ ഒരമ്മയെയെന്നപോലെ അവളെ മാടി വിളിച്ചു. അവൾ പറമ്പിലേയ്ക്കു നടന്നു. വെണ്ടച്ചെടികൾ ഒന്നര അടി ഉയരം വെച്ചിരുന്നു. പെട്ടെന്നാണു് അവൾ കണ്ടതു് ഒരു ചെടിയുടെ ഇല വിരിയുന്നതിനോടൊപ്പം മൊട്ടുകളും ഉണ്ടായിരിക്കുന്നു. അവൾ കൗതുകത്തോടെ അതു നോക്കിനിന്നു. അമ്മയോടു് പറയാനായി അവൾ ഓടി. അമ്മ എഴുന്നേറ്റിട്ടില്ല. ഉറക്കം തന്നെയാണു്. അതോ കണ്ണടച്ചു കിടക്കുകയാണോ? എന്തായാലും ബുദ്ധിമുട്ടിക്കണ്ട. അവൾ അറുമുഖനെ വിളിക്കാൻ ഓടി. ഉയർന്നുവന്ന ആവേശത്തിൽ ഒരു ഇരുപതു വയസ്സുകാരിയാണു് താനെന്ന കാര്യം പദ്മിനി വിസ്മരിച്ചു. അവൾ ഒരു എട്ടുവയസ്സുകാരിയാവുകയായിരുന്നു.
അറുമുഖൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. നീലി വിളിച്ചപ്പോൾ അവൻ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു.
‘എണീക്കടാ അറമുകാ, വേലിക്കലു് കൊച്ചമ്പ്രാട്ടി വിളിക്ക്ണ്ണ്ടു്.’
എന്തോ അത്യാവശ്യകാര്യത്തിനായിരിക്കുമെന്ന ധാരണയിൽ അവൻ എഴുന്നേറ്റു് ഷർട്ടിട്ടു പുറത്തു കടന്നു.
‘എന്താ കൊച്ചമ്പ്രാട്ടീ?’ അവൻ വേലിക്കലേയ്ക്കു വന്നു.
‘അറുമുഖാ, ന്റെ വെണ്ടത്തയ്യ്കള്… അല്ലെങ്കീ വേണ്ട ഞാനൊരു സാധനം കാട്ടിത്തരാം. വരൂ.’
അവൾ തിരിച്ചു് പച്ചക്കറിത്തോട്ടത്തിലേയ്ക്കു് ഓടി. നോക്കുമ്പോൾ ഒരുമാതിരി എല്ലാ ചെടികളും മൊട്ടിട്ടു നിൽക്കയാണു്, അവളുടെ അത്യുത്സാഹത്തിൽ കോരിത്തരിച്ചപോലെ.
‘ഓ ഇതിനാണോ കൊച്ചമ്പ്രാട്ടി ന്നെ ഇത്ര നേരത്തെ വിളിച്ചൊണർത്തീതു?’
അവളുടെ ഉത്സാഹം പെട്ടെന്നു കെട്ടു, മുഖം മങ്ങി.
‘ന്റെ ചെടികള് പൂവിട്ടാ നിനക്കൊന്നുംല്ല്യേ?’
അറുമുഖൻ വല്ലാതായി. താൻ ഒരു പെൺകുട്ടിയുടെ ഉത്സാഹത്തിൽ തണുത്ത വെള്ളം കോരിയൊഴിച്ചു. ആ ചെടികളും അതിന്റെ വളർച്ചയും ആ കുട്ടിയെ സംബന്ധിച്ചേടത്തോളം എത്ര പ്രധാനപ്പെട്ടതാണെന്നു് അവൻ മനസ്സിലാക്കി.
പദ്മിനിയെ സംബന്ധിച്ചേടത്തോളം ആ ചെടികളിൽ വിരിയുന്നതു് ഉണങ്ങിയ ആശകളുടെ ശിഖരങ്ങളിൽ പൊട്ടിമുളയ്ക്കുന്ന പുതുനാമ്പുകളാണു്. ജീവിതം ഏതെങ്കിലും കാലത്തു് പച്ചപിടിക്കുമെന്ന പ്രതീക്ഷ ഈ മൊട്ടുകളുമായി അവൾ അബോധപൂർവ്വമായെങ്കിലും ബന്ധപ്പെടുത്തിയിട്ടുണ്ടാകണം.
‘ഞാൻ വെറ്തെ പറഞ്ഞതാ കൊച്ചമ്പ്രാട്ടി.’ അറുമുഖൻ ചിരിച്ചുകൊണ്ടു് പറഞ്ഞു. അവൻ അടുത്തുപോയി ചെടികളുടെ കൂമ്പുകൾ പരിശോധിച്ചു.
‘പൂവു് വിരിയാൻ ഇനീം രണ്ടാഴ്ച പിടിക്കും. അവൻ തുടർന്നു. ‘ഞങ്ങടെ വീട്ടീത്തെ വെണ്ട ഇത്രയൊന്നും ഒയരം വച്ചിട്ടില്ല. ഇതു് പെട്ടെന്നു് വളർന്നതു് കൊച്ചമ്പ്രാട്ടിടെ ശുശ്രൂഷ കാരണാ. രണ്ടു് നേരം നനയ്ക്ക്ണ്ണ്ടല്ലേ?’
തടത്തിൽ അപ്പോഴും നനവുണ്ടായിരുന്നു.
‘ങും, രണ്ടു് നേരും നനയ്ക്കും. എടയ്ക്കെടയ്ക്കു് കട ചെനക്കിക്കൊടുക്കും. പുഴുക്കളെ പിടിക്കും.’
‘അതാണു്.’ ഒരു വലിയ കണ്ടുപിടുത്തംപോലെ അറുമുഖൻ പറഞ്ഞു. ‘ന്റമ്മ അതൊന്നും ചെയ്യൂല. നല്ല മണ്ണായതോണ്ടാ അവ്ടെ പിന്നീം നന്നായി വര്ണതു്.’
പദ്മിനി പ്രശംസിക്കപ്പെട്ടിരിക്കുന്നു. അവളുടെ മുഖം വികസിച്ചു.
‘ഞാനിപ്പൊ കവുങ്ങിനും നനയ്ക്ക്ണ്ണ്ടു്.’
അറുമുഖൻ അടുത്ത കണ്ടത്തിൽ പോയിനോക്കി. ശരിയാണു്, കവുങ്ങുകളുടെ കടയ്ക്കൽ ഓരോ ചെറിയ വട്ടത്തിൽ കൊച്ചു തടങ്ങളുണ്ടാക്കിയിരിക്കുന്നു. അവൻ ചിരിക്കാൻ തുടങ്ങി.
‘എന്തേ?’ അവളുടെ മുഖത്തുനിറയെ ചോദ്യങ്ങൾ.
‘കൊച്ചമ്പ്രാട്ടി, കവുങ്ങിനു് ഈ വെള്ളൊന്നും പോര. ഇതു് ആനയ്ക്കു് ഔണ്സ്ഗ്ലാസ്സിലു് വെള്ളം കുടിക്കാൻ കൊടുക്കണമാര്യാണു്.’
‘ഞാനെന്താ ചെയ്യാ? കൊളത്തീന്നു് വെള്ളം കോരിക്കൊണ്ടന്ന്ട്ടാണു് ഞാൻ നനയ്ക്ക്ണതു?’ അവൾ പരിഭവത്തോടെ പറഞ്ഞു.
‘ഒരു ത്ലാം വെച്ചു് തേവണം. ന്നാലെ ഇതിനൊക്കെ നന കിട്ടൂ. കവുങ്ങിനു് ഈ കിണ്ണംപോലത്തെ തടൊന്നും പോര.’
അവൾ ശരിക്കും പരിഭവിച്ചിരിക്കുന്നു. ആ വീട്ടിലെ ഉള്ളുകള്ളികൾ നല്ലവണ്ണം അറിയുന്ന ആളാണു് അറുമുഖൻ. ഏത്തം വെച്ചു് തേവാനുള്ള പണമൊന്നും അവരുടെ കയ്യിലില്ല. എങ്ങിനെയെങ്കിലും കവുങ്ങുകൾ ഒന്നു് നന്നാക്കിയെടുക്കണം, അയ്യായിരം അടക്കയെങ്കിലും വിൽക്കാൻ കിട്ടണം എന്നൊക്കെ വിചാരിച്ചിട്ടാണു് അവൾ ഇത്രയും അദ്ധ്വാനിക്കുന്നതു്. അതെല്ലാം അറിഞ്ഞുകൊണ്ടു് അറുമുഖൻ ഇങ്ങിനെ പറയുമ്പോഴോ?
‘ഏത്തം വയ്ക്കാന്ള്ള പണൊന്നും ന്റട്ത്തില്ല അറുമുഖാ. അപ്പൊ പറഞ്ഞിട്ടെന്താ കാര്യം.’
അറുമുഖന്റെ മുഖം ഗൗരവപൂർണ്ണമായി. കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം അവൻ പറഞ്ഞു.
‘അച്ഛൻ സഹായിക്ക്യാണെങ്കിലു് ഞാൻ ഏത്തംണ്ടാക്കാം. ദിവസൂം രാവിലെ നേരത്തെ വന്നു് തേവിപ്പോയാ മതീല്ലോ. കൊച്ചമ്പ്രാട്ടി അച്ഛനോടു് പറഞ്ഞാ സഹായിക്കും. കൊച്ചമ്പ്രാട്ടി ന്ന്തന്നെ ചോയിച്ചുനോക്കു.’
‘നാളെ ചോദിക്കാം. ഇന്നു് എനിക്കു് തിരുമേനിടെ വീട്ടിലൊന്നു് പോണം.’
അറുമുഖൻ ഒരു ചോദ്യത്തോടെ അവളെ നോക്കി.
‘ഞാൻ തിരിച്ചു വന്നിട്ടു് പറയാം. ന്നെ ഒന്നു് ബസ്സ് കയറ്റി വിടണം. പറ്റ്വോ?’
‘എന്താ പറ്റാതെ? മനക്കലു് വഴി പോണ ബസ്സ്ണ്ടു് എട്ടരയ്ക്കു് അതിനു് പോയാ കൊച്ചമ്പ്രാട്ട്യെ ബസ്സ് കേറ്റിത്തന്നിട്ടു് ആ വഴിയ്ക്കു് എനിക്കു് പണിയ്ക്കു് പോവാം.’
‘ഞാൻ തയ്യാറാവാം.’
ബസ്സ് ഇല്ലത്തെ പടിക്കൽത്തന്നെ നിർത്തിത്തന്നു. ആ പടിപ്പുരയുടെ മുമ്പിൽ പദ്മിനി കുറച്ചുനേരം നോക്കിനിന്നു. അവൾ ആദ്യമായാണു് അവിടെ കാലുകുത്തുന്നതു്. പടിപ്പുര ഒരു വലിയ കോട്ടകവാടംപോലെ അവളെ ഭയപ്പെടുത്തി. പെട്ടെന്നവൾ അധീരയായി. എന്തു കണ്ടിട്ടാണു് താൻ തിരുമേനിയുടെ അടുത്തേയ്ക്കു പോകുന്നതു? അദ്ദേഹത്തിന്റെ നല്ല മനസ്സിനെപ്പറ്റി കേട്ടിട്ടുള്ള കഥകൾ ഓർത്തിട്ടാണോ, അതോ അമ്മ പറഞ്ഞ പഴയ കാര്യങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ടാവുമെന്ന പ്രതീക്ഷയിലാണോ?
പടിവാതിൽ കടന്നു് സർപ്പപ്രതിഷ്ഠയുള്ള അമ്പലത്തിന്റെ മുമ്പിലെത്തിയപ്പോൾ അവൾ നിന്നു തൊഴുതു. തന്റെ ജീവിതം നന്നായിവരാനായി സഹായിക്കാൻ അവൾ സർപ്പങ്ങളോടു് പ്രാർത്ഥിച്ചു.
ഉമ്മറത്തു് ചാരുകസേലയിൽ തിരുമേനി ഇരിക്കുന്നുണ്ടായിരുന്നു. സംശയിച്ചു് നടന്നുവരുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അദ്ദേഹം നിവർന്നിരുന്നു.
‘ഇങ്ങട്ടു് കേറി വരാം.’
എതിർവശത്തിട്ട കസേലകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ‘ഇരിക്കാം.’
പദ്മിനി അല്പം മടിച്ചുകൊണ്ടു് നിന്നു.
‘ഇരിക്കാം. ന്റെ മുമ്പിലിര്ന്നോണ്ടു് കൊഴപ്പൊന്നുംല്ല്യ. എവിട്ന്നാ?’
‘പാർവ്വതിയമ്മടെ മകളാ ഞാൻ. താഴെ വീട്ടിലെ ശേഖരൻ നായര്ടെ മകൾ.’
കൃഷ്ണൻ നമ്പൂതിരി ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ പദ്മിനിയെ നോക്കിക്കൊണ്ടു് പറഞ്ഞു.
‘എന്തിനാ മോള് വന്നതു?’
ആദ്യം സംശയിച്ചും നിർത്തിയും തുടങ്ങിയ സംസാരം തിരുമേനിയുടെ മുഖത്തുനിന്നു ലഭിച്ച പ്രോത്സാഹനം മൂലം ഒരു കുത്തൊഴുക്കാവാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല. തിരുമേനി എല്ലാം ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു. അദ്ദേഹത്തിൽനിന്നു് ഒന്നും മറച്ചുവച്ചിട്ടു് കാര്യമില്ലെന്നവൾക്കു തോന്നി. താൻ നീതിയ്ക്കു വേണ്ടിയാണു് അദ്ദേഹത്തിന്റെ അടുത്തു ചെല്ലുന്നതു്. അപ്പോൾ കാര്യങ്ങളുടെ കിടപ്പു് ശരിക്കും അറിയിക്കാതിരിക്കുന്നതു് ശരിയല്ല.
കല്യാണിയമ്മ വാതിലിനടുത്തു വന്നു് മുരടനക്കി.
‘കല്യാണിയമ്മേ,’ മുഖം തിരിക്കാതെ തിരുമേനി പറഞ്ഞു. ‘ഈ കുട്ടി ഞാൻ അട്ത്തറിയണ വീട്ടില്ത്ത്യാണു്. വല്യേ തറവാട്ടുകാരാ. ഇവൾക്കു് കുടിക്കാൻ സംഭാരോ മറ്റൊണ്ടാക്കൂ.’
പച്ചമുളകും നാരകത്തിന്റെ ഇലയും ചേർത്ത സംഭാരം ഒരു മൊന്തയിലാക്കി കല്യാണിയമ്മ കൊണ്ടുവന്നു. ഒപ്പം കൊണ്ടുവന്ന രണ്ടു ഗ്ലാസ്സുകളിൽ അവർ അതു പകർന്നു. സ്റ്റൂളിൽ വച്ച ഗ്ലാസ്സുകൾ ചൂണ്ടി തിരുമേനി പറഞ്ഞു.
‘അതു കുടിക്കാം.’
പദ്മിനിയുടെ, തോരാതെ നിന്ന മഴപോലെ പെയ്ത സംസാരം നിലച്ചിരുന്നു. മനസ്സിന്റെ വിസ്മൃതമായൊരു ഭൂഭാഗത്തു് ഒരു മലയിടിഞ്ഞിരിക്കയാണു്. തിരുമേനി കുറേനേരം ഒന്നും പറയാതിരുന്നു. എന്താണു് പറയേണ്ടതു? മുമ്പിൽ ഒരു പെൺകുട്ടി ആശ്രയത്തിനായി തന്നെ ഉറ്റുനോക്കിക്കൊണ്ടിരിയ്ക്കയാണു്. സഹായത്തിന്നായി അവൾക്കു് വേറൊരിടത്തേയ്ക്കു പോകാനില്ല. അവളുടെ സംസാരം അത്രയ്ക്കു സമഗ്രമായിരുന്നു. അവളുടെ ജീവിതത്തിന്റെ ഒരേടും ഇനി എഴുതപ്പെടാനില്ല. തിരുമേനി ഗ്ലാസെടുത്തു സംഭാരം ഒറ്റയിറക്കിനു് കുടിച്ചുതീർത്തു. ഗ്ലാസ്സ് ശബ്ദമില്ലാതെ സ്റ്റൂളിന്മേൽ വച്ചശേഷം അദ്ദേഹം പദ്മിനിയെ നോക്കി.
‘ഞാൻ പ്പൊ എന്താ ചെയ്യേണ്ടതു?’ അദ്ദേഹം ചെല്ലം അടുത്തുവച്ചു് വെറ്റിലയെടുത്തു. ‘എന്താച്ചാൽ പറഞ്ഞോളു.’
പദ്മിനി സംഭാരമെടുത്തു കുടിച്ചു. അവൾക്കു് ദാഹമുണ്ടായിരുന്നു. തിരുമേനി വെറ്റിലയെടുത്തു ഞെട്ടി കളഞ്ഞു് നഖംകൊണ്ടു് ഞരമ്പുകൾ ഞരടിയെടുത്തു് ചുണ്ണാമ്പു തേയ്ക്കുകയാണു്.
‘തിരുമേനിയ്ക്കു് പറ്റ്വെങ്കിൽ ഞങ്ങക്കു് കൊറച്ചു് സമയം അനുവദിച്ചു് തരാൻ നന്ദൻമേനനോടു് പറയണം.’
‘സമയം അനുവദിച്ചു് തന്നൂന്നു് കരുതു, എന്നാത്തന്നെ നിങ്ങൾ എങ്ങിന്യാണതു് തിരിച്ചു കൊടുക്കാൻ പോണതു? മൂവ്വായിരംന്നു് പറയണതു് ചെറിയ സംഖ്യല്ല.’
‘ഒന്നും അറീല്ല്യ.’ അവൾ മുഖം താഴ്ത്തിക്കൊണ്ടു പറഞ്ഞു. ‘എന്തെങ്കിലും വഴി തുറന്നു കിട്ടുംന്ന്ള്ള പ്രതീക്ഷേലാണു് ഞാൻ ഓരോ ദിവസും തള്ളിനീക്കണതു്.’
ആ വാക്കുകൾ അദ്ദേഹത്തെ വല്ലാതെ സ്പർശിച്ചു. അദ്ദേഹം നിശ്ശബ്ദനായി. അദ്ഭുതങ്ങൾ സംഭവിക്കുമെന്നുള്ള പ്രതീക്ഷയിൽ ജീവിക്കുന്ന ഒരു പെൺകുട്ടി. ആ ചിന്താഗതിതന്നെ അപകടകാരിയാണു് എന്നദ്ദേഹത്തിന്നറിയാം. എങ്ങിനെയാണവർ പണം തിരിച്ചുകൊടുക്കാൻ പോകുന്നതു? പദ്മിനിയുടെ സംസാരത്തിൽനിന്നു് കൃഷ്ണൻ നമ്പൂതിരിയ്ക്കു് ആ തറവാടിനെപ്പറ്റിയും ബന്ധുക്കളെപ്പറ്റിയും നല്ലൊരു ചിത്രം കിട്ടിയിട്ടുണ്ടു്. ആ പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞാൽ മാത്രമേ അവർക്കൊരു താങ്ങുണ്ടാവു. കുട്ടി സുന്ദരിയാണെങ്കിലും അവരുടെ ഇപ്പോഴത്തെ നിലയിൽ അതത്ര എളുപ്പവുമല്ല. അലസിപ്പോയ നാലഞ്ചു് വിവാഹാലോചനകളുടെ കഥ അവൾതന്നെ പറഞ്ഞു. ഇനി അവളുടെ കല്യാണം കഴിഞ്ഞാൽക്കൂടി ആ ചെറുപ്പക്കാരനു് ഇവരുടെ അമ്മാവൻ വരുത്തിവച്ച കടം വീട്ടാൻ എന്തു താല്പര്യമാണുണ്ടാവുക?
പെൺകുട്ടി ആത്മാഭിമാനമുള്ള കൂട്ടത്തിലാണെന്നു സംസാരത്തിൽനിന്നു മനസ്സിലായി. ഇതിന്റെയെല്ലാം അന്ത്യം എങ്ങിനെയായിരിക്കുമെന്നോർത്തപ്പോൾ അദ്ദേഹം ഞെട്ടി.
‘മോളെ, സമാധാനായിരിക്കു്. എന്തെങ്കിലും വഴിണ്ടാക്കാമോന്നു് നോക്കാം. നന്ദൻമേനോനെ ഞാൻ അറിയും. സംസാരിക്കാം.’
പദ്മിനി എഴുന്നേറ്റു് അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിച്ചു.
‘എഴുന്നേൽക്കു് മോളെ. നിന്റെ നാളെന്താണു്?’
‘കാർത്തിക.’
‘നന്നായി വരും. ഇനിള്ളതു് നല്ല കാലാണു്. മോളെ, എന്നെ സ്വന്തം അച്ഛനെപ്പോലെ കരുത്യാ മതി. എന്തെങ്കിലും ആവശ്യണ്ടെങ്കിൽ വന്നോളു. എല്ലാം ശരിയാവും. ഒന്നുകൂടി കലങ്ങിത്തെളിയാന്ണ്ടു്.’
‘ഞാൻ ഇറങ്ങട്ടെ തിരുമേനി?’
‘ഊണുകഴിച്ചിട്ടു പോയാ മത്യെങ്കിലു് അങ്ങനെയാവാം.’
‘വേണ്ട അമ്മ ഒറ്റയ്ക്കാണു്. എനിക്കു് അമ്മടെ കാര്യത്തിലു് നല്ല പേടിണ്ടു്.’
‘തിരുനാവാ മൂസ്സിനെ ഒന്നു് കാണിക്ക്യായിര്ന്നില്ല്യേ?’
പദ്മിനി ഒന്നും പറഞ്ഞില്ല.
‘നിങ്ങടെ ഇഷ്ടം. പോവാൻ വരട്ടെ.’
തിരുമേനി അകത്തുപോയി ഒരു കവറുമായി തിരിച്ചുവന്നു. ആ കവർ അവളുടെ കയ്യിൽ വച്ചുകൊണ്ടു് അദ്ദേഹം പറഞ്ഞു. ‘ഇതു കൊണ്ടുപോകു.’
അതു പണമാണെന്നവൾക്കു മനസ്സിലായി.
‘അതു വേണ്ട തിരുമേനി. ഞാൻ ഇതൊന്നും പ്രതീക്ഷിച്ചല്ല വന്നതു്.’
‘കൈ നീട്ടു. അച്ഛൻ തര്വാണ്ന്നു് കരുതി വാങ്ങു. നിങ്ങക്കാവശ്യാവും.’
അവൾ കൈനീട്ടി അതു വാങ്ങി, ഒരിക്കൽക്കൂടി തിരുമേനിയുടെ കാൽക്കൽ നമസ്കരിച്ചു.
‘എഴുന്നേൽക്കു.’ കൈ അവളുടെ തലയിൽ വച്ചു് അനുഗ്രഹിച്ചുകൊണ്ടു് അദ്ദേഹം പറഞ്ഞു. ‘നന്നായി വരട്ടെ.’
‘രാമൻ നായരെ, ഈ കുട്ടിയെ ഒന്നു് ബസ്സ് കേറ്റി വിടു. ഇപ്പൊ വല്ല ബസ്സുംണ്ടോ?’
കോലായിൽ അങ്ങേത്തലക്കൽ ഇരിക്കുകയായിരുന്ന രാമൻ നായർ നിലത്തുനിന്നു് എഴുന്നേറ്റു വന്നു് ഉമ്മറത്തുള്ള ഘടികാരത്തിൽ നോക്കി.
‘വേഗം പോയാൽ അഞ്ജലിണ്ടു്.’
രാമൻ നായർ പദ്മിനിയെ ബസ്സുകയറ്റി തിരിച്ചുവന്നപ്പോൾ തിരുമേനി കണ്ണടച്ചിരിക്കയായിരുന്നു. അയാൾ ചവിട്ടുകല്ലിൽ കാലുരയ്ക്കുന്ന ശബ്ദം കേട്ടു് തിരുമേനി കണ്ണു തുറന്നു.
‘രാമൻ രാവിലെത്തന്നെ പോയിട്ടു് വടക്കേക്കാട്ട്ലെ നന്ദൻമേനോനോടു് ഒന്നിത്രേടം വരാൻ പറയണം.’
‘ഓ.’ രാമൻ നായർ സംശയിച്ചുകൊണ്ടു് പറഞ്ഞു. ‘അയാളൊരു ജാതി മനുഷ്യനാ തിരുമേനി.’
‘ആയ്ക്കോട്ടെ രാമാ. നല്ലോരു് മാത്രള്ള ലോകം എന്തിനു കൊള്ളും. മഴവില്ലിനു് എല്ലാ നെറൂം വേണ്ടെ? അയാളോടു് ഇന്നു് തന്നെ വരാൻ പറേണം.’
‘അടിയൻ.’
‘കല്യാണിയമ്മേ?’
‘ഓ…’
‘കഞ്ഞി വെളമ്പിക്കോളു.’
തിരുമേനി ചിന്തയിലായിരുന്നു. തറവാടുകളുടെ പതനം. ഭൂനിയമം മാത്രമല്ല അതിനു കാരണം. വിജയൻ മേനോനെപ്പോലുള്ളവരുടെ കുത്തഴിഞ്ഞ ജീവിതം അതിനു ആക്കം കൂട്ടുകയാണുണ്ടായതു്. എല്ലാം കഴിഞ്ഞു് കഷ്ടപ്പെടുന്നവരോ എറ്റവും താഴെയുള്ള തലമുറ. പദ്മിനിയുടെ മുഖം കൺമുമ്പിൽനിന്നു മറയുന്നില്ല. വളരെക്കാലംമുമ്പു് തന്നെ ആകർഷിച്ച ആ മുഖം ഓർമ്മ വന്നപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു. ഈശ്വരാ എങ്ങിനെയെങ്കിലും നന്നായി വരട്ടെ.
നന്ദൻമേനോൻ വന്നതു് ഉച്ച തിരിഞ്ഞായിരുന്നു. തിരുമേനി ഉച്ചയുറക്കം കഴിഞ്ഞു് ഉമ്മറത്തിരുന്നു് ചായ കുടിക്കുമ്പോഴാണു് അയാൾ കയറിവന്നതു്. ഒതുക്കുകൾ കയറിക്കൊണ്ടിരിക്കെ അയാൾ ചോദിച്ചു.
‘തിരുമേനി എന്തിനാണാവോ അന്വേഷിച്ചതു?’
‘ഇരിക്കൂ. പറയാം.’
അയാൾ തിരുമേനിയുടെ എതിരായി ഇട്ട കസേലയിൽ ഇരുന്നു.
‘മകൻ ഇപ്പൊ എവിട്യാ?’
‘അവൻ മദ്രാസിലാ തിരുമേനി. എഞ്ചിനീയറിങ് കഴിഞ്ഞ ഒടനെ പോയതല്ലെ. ഇപ്പൊ നാലു കൊല്ലായി ജോലിയെടുക്ക്വാ.’
‘നല്ല ശംബളൊക്കെണ്ടാവും അല്ലെ?’
‘ങാ, മോശല്ല്യ. അവനു് കമ്പനി മാറണംന്നൊക്കെണ്ടു്.’
‘എന്തേ ഇപ്പള്ള കമ്പനി മോശാണോ?’
‘മോശായിട്ടല്ല. ഒയർന്നു് വരാന്ള്ള അവസരം കൊറവാത്രെ?’
‘വല്ല പെൺകുട്ടീനിം നോക്ക്ണ്ണ്ടോ?’
‘നോക്കണം, ഇനി ഏതായാലും ജോലി മാറീട്ടു് മതീച്ചിട്ടാ.’
‘അവനെ ഇവ്ടെ കൊണ്ടന്നതു് ഓർമ്മണ്ടോ?’
‘ഓർമ്മല്യാതിരിക്ക്യോ തിരുമേനി. അവ്ട്ന്നല്ലേ അവനെ രക്ഷിച്ചതു?’
ജീവിതത്തിൽ മറക്കാത്ത ചില അനുഭവങ്ങളുണ്ടു്. അതിലൊന്നാണതു്. പന്ത്രണ്ടു കൊല്ലം മുമ്പാണു്. ഒരു ഞായറാഴ്ച കരുണൻ അയൽവക്കത്തെ കുട്ടികളോടൊപ്പം ഓടിക്കളിക്കുകയായിരുന്നു. പെട്ടെന്നു് കാലിൽ എന്തോ കുത്തിയപോലെ തോന്നിയത്രെ. വല്ല മുളയുടെ ആരോ മറ്റൊ കയറിയതായിരിക്കുമെന്നു കരുതി അവൻ ശ്രദ്ധിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോൾ വേദനയും കടച്ചിലും കൂടി. അഞ്ചുമിനുറ്റിനുള്ളിൽ അവൻ ബോധം കെടുകയും ചെയ്തു. കുട്ടികളാരോ ആണു് സംശയം പറഞ്ഞതു് പാമ്പു കടിച്ചതായിരിക്കുമെന്നു്, കാരണം അവർ കളിച്ചിരുന്ന പറമ്പിലെ ചപ്പിലകൾക്കിടയിലൂടെ ഒരു വലിയ പാമ്പു് ഇഴഞ്ഞുപോകുന്നതവൻ കണ്ടിരുന്നു.
കരുണനെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. മുറിവായ പരിശോധിച്ച ഡോക്ടർ പാമ്പു കടിച്ചതാണെന്നു പറഞ്ഞു. അവിടെ ഇഞ്ചക്ഷനുള്ള മരുന്നില്ലെന്നും ഉടനെ ടൗണിലെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാനും പറഞ്ഞു. താലൂക്കാശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ ഇഞ്ചക്ഷൻ കൊടുത്തു. കരുണന്റെ ദേഹം ആകെ നീലച്ചു തുടങ്ങിയിരുന്നു.
‘എപ്പഴാ പാമ്പു് കടിച്ചതു?’ ഡോക്ടർ ചോദിച്ചു.
രാവിലെ എട്ടുമണിയ്ക്കാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം കുറേ ചീത്ത പറഞ്ഞു. ഇത്രനേരം എന്തേ ചെയ്തിരുന്നതെന്നു ചോദിച്ചു. അര മണിക്കൂർ കഴിഞ്ഞിട്ടും യാതൊരനക്കവുമില്ലെന്നു കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു.
‘ഇനി ഒന്നും ചെയ്യാൻ പറ്റില്ല, കൊണ്ടോയ്ക്കോളു. വൈകിപ്പോയി.’
മകന്റെ ശരീരവും മടിയിൽവച്ചു് ആശുപത്രി വരാന്തയിൽ വാവിട്ടു കരഞ്ഞതു് നന്ദൻമേനോനു് ഇപ്പോഴും ഓർമ്മയുണ്ടു്. അതിനിടയ്ക്കാണു് ആരോ പറഞ്ഞതു് തിരുമേനിയുടെ അടുത്തു് പോയിനോക്കാമെന്നു്. ഭാഗ്യത്തിനു് ആശുപത്രിയിലേയ്ക്കു് ഏതോ രോഗിയെ കൊണ്ടുവന്ന കാർ കിട്ടുകയും ചെയ്തു.
തിരുമേനി കരുണനെ പരിശോധിച്ചശേഷം തലയാട്ടി. അതിന്റെ അർത്ഥമെന്താണെന്നു് നന്ദൻമേനോനു് മനസ്സിലായില്ല. അദ്ദേഹത്തിന്റെ മുഖം ഗൗരവമുള്ളതായിരുന്നു. രാമൻ നായർ കൊണ്ടുവന്ന മരുന്നു് മുറിവായിലും നിറുകയിലും മൂക്കിലും പുരട്ടിയശേഷം അദ്ദേഹം മുറ്റത്തു കിടത്തിയ ദേഹത്തിനു മുമ്പിൽ ധ്യാനനിരതനായി ഇരുന്നു. സാവധാനത്തിൽ സൂര്യൻ ഇല്ലത്തിന്റെ മേൽപ്പുരയ്ക്കു പിന്നിൽ മറഞ്ഞു. അദ്ദേഹം അപ്പോഴും ധ്യാനനിരതനായി കണ്ണടച്ചു് ചമ്രംപടിഞ്ഞിരിക്കയായിരുന്നു. തിരുമേനിയെയും ചലനമില്ലാതെ പുൽപ്പായിൽ കിടക്കുന്ന മകനേയും നോക്കി നന്ദൻമേനോൻ കരയുകയായിരുന്നു. വെയിൽ മങ്ങി, രാമൻ നായർ നിലവിളക്കിൽ കുറച്ചുകൂടി എണ്ണയൊഴിച്ചു മാറി നിന്നു.
ചുറ്റും ഇരുട്ടിത്തുടങ്ങി. ഉമ്മറത്തു് ഒരു സ്ത്രീ നിലവിളക്കു കൊണ്ടുവന്നുവച്ചു. തിരുമേനി കണ്ണു തുറന്നു.
‘കൊണ്ടുപോകാം. കുറച്ചു കഴിഞ്ഞാൽ എണീക്കും. രാത്രി ഉറക്കരുതു്. കഴിക്കാൻ ഒന്നും കൊടുക്കരുതു്. ഭക്ഷണം വേണംന്നൊക്കെ പറയും. ന്നാലും കൊടുക്കരുതു്. ഒറങ്ങാൻ അനുവദിക്കണ്ട. നാളേയ്ക്കു് ശരിയായിക്കോളും.’
അദ്ദേഹം എഴുന്നേറ്റു. കരുണൻ അല്പം അനങ്ങിയോ? അല്ലാ നിലവിളക്കിന്റെ തിരി ഇളകുന്നതുകൊണ്ടു് തോന്നിയതായിരിക്കുമോ? അല്ല, കരുണൻ ശരിക്കും അനങ്ങി, കൈകൾ കുറേശ്ശെ ചലിപ്പിച്ചു.
നന്ദൻമേനോൻ ആലോചിക്കുകയായിരുന്നു. പന്ത്രണ്ടു കൊല്ലം മുമ്പു് നടന്ന കാര്യങ്ങൾ ഇന്നലെ നടന്നപോലെ. അന്നു് ഓടിവന്നു് മോനെ മിറ്റത്തു കിടത്തി തിരുമേനിയുടെ കാൽക്കൽ വീണതു് ഓർമ്മയുണ്ടു്.
‘തിരുമേനി എങ്ങിനെയെങ്കിലും ന്റെ മോനെ രക്ഷിക്കണം. ന്റെ സ്വത്തു് മുഴുവൻ അവിടുത്തേയ്ക്കു് തരാം, ന്നാലും ന്റെ മോനെ രക്ഷിക്കണം.’
രാമൻ നായർ മുറ്റത്തു് പുൽപ്പായ വിരിച്ചു് കുട്ടിയെ കിടത്താൻ പറഞ്ഞു.
‘ഇത്രേം നെലോം പറമ്പും കൊണ്ടു് ഞാൻ എന്തു ചെയ്യാനാ?’ കിഴക്കു പടിഞ്ഞാറായി കിടത്തിയ കുട്ടിയുടെ കാൽഭാഗത്തു് ചമ്രം പടിഞ്ഞിരിക്കുമ്പോൾ തിരുമേനി പറഞ്ഞു. അദ്ദേഹത്തിന്റെ മുഖം ഗാംഭീര്യം നിറഞ്ഞതായിരുന്നു.
‘അന്നു് നിങ്ങള് പറഞ്ഞതൊക്കെ ഓർമ്മണ്ടോ മേനനു്?’
പ്രതിഫലമായി അദ്ദേഹം വാങ്ങിയതു് വെറ്റിലയുടെയും അടയ്ക്കയുടെയും ഒപ്പം വച്ചുകൊടുത്ത ഒറ്റ ഉറുപ്പിക നാണ്യം മാത്രം.
‘അന്നു് തിരുമേനി ന്റെ ആകെള്ള ഒരു സന്തതിയെ ആണു് രക്ഷിച്ചതു്. ഇപ്പഴും തിരുമേനി എന്തു പറഞ്ഞാലും ഞാൻ ചെയ്തുതരും.’
‘ഞാനല്ല നിങ്ങടെ മോനെ രക്ഷിച്ചതു് ഈ സർപ്പക്കാവില്ത്തെ നാഗങ്ങളാണു്. സത്യള്ള സർപ്പങ്ങളാണു്. നമ്മടെ ജീവൻ രക്ഷിക്കാംന്നു് ആ നാഗങ്ങള് സമ്മതിച്ചാൽ അതൊരു കരാറാണു്. പിന്നെ നമ്മള് സത്യത്തിനും നീതിയ്ക്കും വിരുദ്ധായിട്ടൊന്നും ചെയ്യില്ലാന്ന്ള്ള കരാറ്. അപ്പൊ നമ്മ്ടെ ജീവിതത്തിലും നമ്മള് ശുദ്ധീം സത്യും പാലിക്കണം. ആ കരാറ് നമ്മള് തെറ്റിക്കണതു് അവരു് പൊറുക്കില്ല.’
‘തിരുമേനി ഞാൻ സത്യത്തിനും നീതിയ്ക്കും വിരുദ്ധായിട്ടൊന്നും ചെയ്തിട്ടില്ല.’
‘താഴെപ്പറമ്പിലെ വിജയൻ മേനോനെ അറിയ്വോ? ആള് മരിച്ചു പോയി.’
‘അറിയാം തിരുമേനി.’
‘അയാള്ടെ അട്ത്ത്ന്നു് കൊറച്ചു് പണം കിട്ടാണ്ടായിരുന്നു അല്ലെ?’
‘അതെ.’ നന്ദൻമേനോൻ വളരെ സൂക്ഷിച്ചു് വാക്കുകൾ ഉപയോഗിച്ചു. വഴിയിലെവിടെയോ അപകടം വാക്കുകളുടെ രൂപത്തിൽ പതുങ്ങിയിരിക്കുന്നുണ്ടെന്നു് അയാൾക്കു തോന്നി.
‘ഒരു പ്രോനോട്ടും അവര്ടെ വീട്ടിന്റെ ആധാരും അയാള്ടെ കയ്യീന്നു് വാങ്ങിവച്ചിട്ട്ണ്ടല്ലെ?’
‘അതെ, തിരുമേനി എന്തെങ്കിലും ഒരു രേഖല്ല്യാതെ രണ്ടായിരം ഉറുപ്പിക അങ്ങനെ കൊടുക്കാൻ പറ്റ്വോ?’
‘ശര്യാണു്. പക്ഷേ, ഇപ്പ ആ വീട്ടില്ള്ളതു് അയാള്ടെ സുഖല്യാതെ കെടക്കണ പെങ്ങളും മരുമകളും മാത്രാണു്. അയാള് പണം വാങ്ങീതു് മുഴുവൻ കുടിക്കാനും പെൺവിഷയത്തിനു് വേണ്ടീട്ടും ആണു്. രാമൻനായരു് ഇന്നാണു് എന്നോടു് ഈ കാര്യൊക്കെ പറഞ്ഞതു്. നാട്ടിലൊക്കെ പാട്ടാണത്രെ. നിങ്ങള് അറിയാതിരിക്ക്യൊന്നുംല്ലല്ലോ. പാവം ആ വയ്യാത്ത സ്ത്രീയും മകളും ഇന്നു് പട്ടിണിയിലാണു്. ഇനി കേറിക്കിടക്കാൻ ഒരു പെരേംകൂടി ഇല്ല്യാച്ചാലത്തെ അവസ്ഥ എന്താണു്? നിങ്ങള് ഇന്നലെ അവരെ കണ്ടു് സംസാരിച്ചതിനു് ശേഷം ആ പാവം സ്ത്രീ എണീറ്റിട്ടില്ല.’
നന്ദൻമേനോൻ ഒന്നും പറയാതെ ഇരിക്കുകയാണു്. വല്ലാത്തൊരു കുടുക്കിലാണു് വന്നു പെട്ടതു്.
കുറച്ചുനേരത്തെ മൗനത്തിനു ശേഷം തിരുമേനി ചോദിച്ചു.
‘നിങ്ങക്കു് എന്തെങ്കിലും പറയാനുണ്ടോ?’
നന്ദൻമേനോൻ മുരടനക്കി. വരണ്ട നാവു് നനയ്ക്കാൻ കുറച്ചു ഉമിനീരിനായി അയാൾ ശ്രമിക്കുകയാണു്.
‘ഞാൻ അങ്ങിന്യൊന്നും ഉദ്ദേശിച്ചിട്ടില്ല.’
‘ന്നാ നിങ്ങള് ഉദ്ദേശിച്ചിട്ടല്ലാ പറഞ്ഞത്ന്നു് അവർക്കു് മനസ്സിലായിട്ടില്ല.’
‘തിരുമേനി, ഞാനെന്താണു് ചെയ്യണ്ടതു?’
‘നാളെ രാവിലെത്തന്നെ ആ വീട്ടിലു് പോയി ആ പ്രോനോട്ടും ആധാരും തിരിച്ചു കൊടുക്കുക. അവർക്കു് ഏതെങ്കിലും കാലത്തു് തിരിച്ചു തരാൻ പറ്റുമെങ്കിൽ പണം തിരിച്ചുതരും. ഇതെല്ലാം നിങ്ങൾക്കു് സ്വയം തോന്നീട്ടു് ചെയ്യണം. ഒരു കാര്യത്തിലും ഞാൻ നിർബ്ബന്ധിക്ക്ണ്ല്യ.’
‘ഞാൻ തിരുമേനി പറേണപോലെ ചെയ്യാം. ഇനി അവരു് കാരണം ന്റെ മോനു് ഒരു ശാപംണ്ടാവണ്ട.’
‘ശരി, കാപ്പിയോ സംഭാരോ വേണ്ടതു?’
‘ഒന്നും വേണ്ട തിരുമേനി. അങ്ങ് ഒന്നും വിചാരിക്കരുതു്.’
‘ഇല്ല. പോമ്പ സർപ്പപ്രതിഷ്ഠയിലു് ഒരു പൂ വെച്ചു് തൊഴുതു് പൊയ്ക്കോളു. ഒരു പ്രായശ്ചിത്തായിക്കോട്ടെ.’
തിരിച്ചുള്ള യാത്രയിൽ പദ്മിനി സന്തുഷ്ടയായിരുന്നു. തിരുമേനിയോടു് സ്വന്തം അച്ഛനോടെന്ന പോലെ ഒരടുപ്പം തോന്നി. മുജ്ജന്മങ്ങളിലേതെങ്കിലും ഒന്നിൽ അങ്ങിനെയായിരിക്കണം. അദ്ദേഹത്തിനു് തന്നോടുള്ള വാത്സല്യം ഒരു കുളിർകാറ്റായി പിൻതുടരുന്നു. തിരുമേനി എന്തെങ്കിലും ചെയ്യാതിരിക്കില്ല. കുറച്ചു കാലത്തെ ഇടയെങ്കിലും കിട്ടിയാൽ രക്ഷപ്പെട്ടു. അമ്മയുടെ കാലം കഴിയുന്നതുവരെയെങ്കിലും. പിന്നെയോ? ആ ചോദ്യം ഉത്തരമില്ലാതെ കിടക്കട്ടെ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടണമെന്ന നിർബ്ബന്ധം പിടിക്കുന്നതെന്തിനാണു്.
അമ്മയെ ഉമ്മറത്തു കണ്ടില്ല. അടുക്കളയിൽ എന്തെങ്കിലും പണിയെടുക്കുകയായിരിക്കും. കഞ്ഞികുടിച്ചുവോ ആവോ. ഉണ്ടാവില്ല. തന്നെ കാത്തിരുന്നിട്ടുണ്ടാവും. എട്ടര മണിയ്ക്കു് ബസ്സ് സ്റ്റോപ്പിലെത്തണമെന്നതുകൊണ്ടു് ഭക്ഷണമെല്ലാം വന്നിട്ടാവാമെന്നു വിചാരിച്ചു. അമ്മ അടുക്കളയിലുമുണ്ടായിരുന്നില്ല. അവർ എഴുന്നേറ്റിട്ടില്ലെന്നു മനസ്സിലായി.
‘എന്തു പറ്റീ അമ്മേ, എന്താ കെടക്കണതു?’
കിടയ്ക്കയിലിരുന്നു് അമ്മയുടെ കൈ തടവിക്കൊണ്ടു് അവൾ ചോദിച്ചു.
‘വയ്യ.’ ക്ഷീണിച്ച സ്വരം.
‘ഞാൻ വേഗം കഞ്ഞി കൊണ്ടരാം. തിരുമേനി നന്ദൻമേനനോടു് സംസാരിക്കാംന്നു് പറഞ്ഞിട്ട്ണ്ടു്. എല്ലാം ശരിയാവും അമ്മേ.’
അവൾ അടുക്കളയിൽ പോയി ഒരു കുണ്ടൻ പിഞ്ഞാണത്തിൽ കഞ്ഞി വിളമ്പി കൊണ്ടുവന്നു.
‘അമ്മേ എണീക്കു.’
മറുപടി ‘വയ്യ’ എന്ന ഒറ്റ വാക്കു മാത്രം.
‘ഈശ്വരാ!’ അവൾ പേടിച്ചിരുന്ന കാര്യങ്ങൾ ഇത്ര വേഗം അടുത്തെത്തിയോ? അവൾ അമ്മയുടെ കൈ പിടിച്ചു് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അമ്മ എഴുന്നേൽക്കുന്നില്ല. അവൾ കട്ടിലിൽ ഇരുന്നു് അമ്മയുടെ തല മടിയിലേയ്ക്കു വച്ചുയർത്തി സ്പൂണുകൊണ്ടു് കഞ്ഞി ഒഴിച്ചുകൊടുത്തു. തിരുമേനിയുമായുണ്ടായ സംസാരം മുഴുവൻ വിവരിച്ചു. ഒരു പ്രതികരണവും ഇല്ല. ഒന്നും അമ്മയുടെ മനസ്സിൽ ഏശാത്തപോലെ.
ഒഴിഞ്ഞ കഞ്ഞിക്കിണ്ണം അടുക്കളയിൽ കൊണ്ടുപോയിവച്ചു് അവൾ നിലത്തു് വെറുതെ ചുമരും ചാരി ഇരുന്നു. അടുപ്പിൽ കനൽ ചാരത്തിന്നടിയിൽ താഴ്‌ന്നു പോയിരുന്നു. ഇടയ്ക്കൊരു കാറ്റു് വാതിലിൽക്കൂടി കടന്നു വരുമ്പോൾ അതു് തിളങ്ങും. കുറേ നേരം അതും നോക്കിയിരുന്നപ്പോൾ അവൾക്കു് ഒരു കാര്യം മനസ്സിലായി. എങ്ങിനെയാണു് കരയുകയെന്നു് താൻ മറന്നിരിക്കുന്നു.
തിരുമേനി തന്ന കവർ ഓർമ്മ വന്നു. വന്ന ഉടനെ അമ്മയെ അന്വേഷിച്ചതു കാരണം അതു തുറന്നു നോക്കാൻ പറ്റിയില്ല. അവൾ എഴുന്നേറ്റു് അകത്തുപോയി കവർ എടുത്തു തുറന്നു. പത്തിന്റെ പത്തു നോട്ടുകൾ. നൂറുറുപ്പിക. എന്തിനാണു് തിരുമേനി അത്രയും പണം തന്നതു്. ഏതായാലും ഒരു മാസത്തെ ചിലവിനു് അതു മതിയാവും.
അവൾ വേലിക്കൽ നിന്നു് നീലിയെ വിളിച്ചു് കേശവൻ വൈദ്യരെ വിളിക്കാൻ ആവശ്യപ്പെട്ടു. അറുമുഖനോ ചാത്തയോ പണികഴിഞ്ഞു് എത്തുമ്പോൾ ആറുമണിയെങ്കിലും ആവും. അത്രയും വൈകിക്കണോ? പോരാത്തതിനു് അത്രയും വൈകിയാൽ വൈദ്യർ ഇന്നു വരുകയുണ്ടാവില്ല. വയസ്സായില്ലേ. കാഴ്ചക്കുറവുമുണ്ടു്.
‘വല്ല്യാമ്പ്രാട്ടിയ്ക്കു് എന്തു പറ്റീ?’
‘അറീല്ല. അമ്മ കെടക്ക്വന്ന്യാണു്. വൈദ്യരെ ഇപ്പത്തന്നെ വിളിച്ചുകൊണ്ടരു.’
ഉച്ചയ്ക്കു ശേഷം കേശവൻ വൈദ്യർ വന്നു് അമ്മയെ പരിശോധിച്ചു. നാഡി പിടിച്ചുനോക്കിക്കൊണ്ടു് അദ്ദേഹം ചോദിച്ചു
‘എന്താ മനസ്സിനു് വല്ല വെഷമുംണ്ടായോ അമ്മയ്ക്കു്? എന്തെങ്കിലും കാര്യത്തിലു് വേവലാതിപ്പെട്വോ മറ്റൊ ചെയ്തോ?’
‘മനസ്സിനു് വെഷമല്ല്യാത്ത ഏതു് കാലാണു് അമ്മയ്ക്ക്ണ്ടായിട്ട്ള്ളതു? ആവലാതി പറയണ സ്വഭാവം പണ്ടും ഇല്ലല്ലോ. എല്ലാം മനസ്സിലു് വെച്ചു് പൊകയ്ക്കും.’
‘അതാണു് പ്രശ്നം. അങ്ങനത്തോരടെ സ്ഥിതി കഷ്ടാ. മറിച്ചു് കൊറേ ആവലാതിപ്പെട്ടാൽ അതോടെ കഴിഞ്ഞു. എന്തായാലും ഞാനൊരു കഷായം എഴുത്ണ്ണ്ടു്. ഒരു ഗുളികീം. ഗുളിക ഒരൗൺസ് കഷായത്തിലു് ചാലിച്ചു് മൂന്നു് നേരം കൊടുക്കണം. കഷായം തയ്യാറായതന്നെ വൈദ്യശാലേലു് വാങ്ങാൻ കിട്ടും. കൊറച്ചു് കാലം പിടിക്കും ശരിയായി വരാൻ. ആശ്പത്രീലു് കൊണ്ടോയാൽ കൊറച്ചുംകൂടി വേഗത്തിലു് ശര്യായി കിട്ടും. ഇവിടെ അതിനൊക്കെള്ള ആളുംമാളുംണ്ടോന്നറിഞ്ഞൂടാ.’
പദ്മിനി ഒരു നീണ്ട യുദ്ധത്തിനു തയ്യാറായി നിന്നു. അറുമുഖൻ വന്നാൽ വൈദ്യശാലയിലേയ്ക്കു പറഞ്ഞയക്കണം. നീലിയ്ക്കു പോവാൻ പറ്റില്ല. അവൾ പരമാവധി പോയിട്ടുള്ളതു് തെക്കേ വെട്ടുവഴിയിലേയ്ക്കാണു്. അവിടെ പൂസ്ലാത്തികൾ കായൽത്തട്ടിൽനിന്നു് വാരിയെടുത്ത കക്ക വിൽക്കാൻ വെച്ചിട്ടുണ്ടാവും. മത്തി വാങ്ങാൻ അങ്ങോട്ടു പോകണ്ട ആവശ്യമില്ല. മീൻകാരൻ മാപ്പിള നാലു മണിയോടുകൂടി പാളച്ചെരിപ്പുമിട്ടു് കൊട്ടയും തലയിലേറ്റി കൂക്കിക്കൊണ്ടു് വരമ്പിലൂടെ ഓടുന്നുണ്ടാവും. ആ കൂക്കു് വളരെ ദൂരെനിന്നു കേൾക്കും. അതു കേട്ടാൽ സ്ത്രീകൾ ചട്ടിയുമായി വീട്ടിന്റെ പുറത്തിറങ്ങി നിൽക്കും. പിന്നെ നീലി പുറത്തിറങ്ങുക ഞാറ് നടാനും, കൊയ്യാനും മാത്രമാണു്. അതാകട്ടെ മറ്റു പെണ്ണുങ്ങളുടെ ഒപ്പമാണു്. അവൾ ഒരിക്കൽപ്പോലും ടൗണിൽ പോയിട്ടില്ല.
നാളെ ഞായറാഴ്ചയാണു്. അറുമുഖൻ അച്ഛനേയും കൂട്ടി ഏത്തമുണ്ടാക്കാമെന്നു് പറഞ്ഞിരുന്നു. അതിനു് എന്തെങ്കിലും സാധനങ്ങൾ വാങ്ങേണ്ടി വരുമോ എന്നറിയില്ല. എന്തായാലും തിരുമേനി തന്ന പണം ഉണ്ടല്ലോ.
സന്ധ്യയ്ക്കു് വിളക്കു കൊളുത്തുന്നതിനുമുമ്പു് പദ്മിനി ഒരു മൊന്തയിൽ വെള്ളമെടുത്തു് അമ്മയുടെ മുഖം നനച്ചുകൊടുത്തു. ഒരു തോർത്തെടുത്തു് തുടച്ച ശേഷം ഭസ്മമെടുത്തു് നെറ്റിയിൽ തൊടീച്ചു. വിളക്കു കൊളുത്തി അവൾ അമ്മ കിടക്കുന്നിടത്തു കാണിച്ചു. ദീപം, ദീപം എന്നുരുവിട്ടുകൊണ്ടു് അവൾ നിലവിളക്കുമായി അറയകത്തുപോയി പരദേവതകളെ വെളിച്ചം കാണിച്ചു. പൂജയും നിവേദ്യവും ഒന്നുമില്ല ഇപ്പോൾ. അവർ മുടങ്ങാതെ വിളക്കു കാണുകയെങ്കിലും ചെയ്യട്ടെ. ഉമ്മറത്തെത്തിയപ്പോൾ അറുമുഖൻ മുറ്റത്തു നിൽക്കുകയാണു്. വിളക്കു കണ്ടപ്പോൾ അവൻ തൊഴുതു. അവൾ തുളസിത്തറയിൽ തിരിവച്ചു് വിളക്കു് കോലായിൽ നടുവിലായി വച്ചു.
‘അമ്മ കെടപ്പിലായീന്നാ തോന്നണതു്.’
‘തീരെ എണീക്കാൻ വയ്യേ?’
‘ങൂംങും.’
‘മര്ന്നു് വാങ്ങിക്കൊണ്ടരാം. വൈദ്യശാലക്കാരു് നേരത്തെ കട അടയ്ക്കും.’
‘ശരി. തിരുമേനിടെ അവിടെ പോയ വിശേഷങ്ങളൊക്കെ വന്നിട്ടു് പറയാം.’
പദ്മിനി രാത്രി കുറേ നേരം ഉറങ്ങാതെ കിടന്നു. അമ്മ ഉറങ്ങുകയാണു്. അമ്മയെ സംബന്ധിച്ചേടത്തോളം ഇനി പ്രശ്നങ്ങളൊന്നുമില്ല. അല്ലെങ്കിൽ പ്രശ്നങ്ങളെപ്പറ്റി അവർ ബോധവതിയാവുന്നില്ല. അത്രയും നല്ലതു്. അല്ലെങ്കിൽ താനും അതിനെപ്പറ്റി ഇത്ര ആലോചിച്ചിട്ടെന്തു കിട്ടാനാണു്? അറുമുഖനു് തിരുമേനിയെ നല്ല വിശ്വാസമാണു്. അദ്ദേഹം നന്ദൻമേനോനോടു് പറഞ്ഞു് കാര്യങ്ങൾ ശരിയാക്കുമെന്നു് അവൻ ഉറച്ചു വിശ്വസിക്കുന്നു. തിരുമേനിയ്ക്കു് അങ്ങിനെ പല അമാനുഷിക കഴിവുകളുമുണ്ടെന്നു് അവൻ പറഞ്ഞു. ഇല്ലത്തു് പാമ്പുകൾക്കു് യഥേഷ്ടം മുറികൾക്കുള്ളിലൊക്കെ കടക്കാമത്രെ. സ്വന്തം കുട്ടികളോടെന്നപോലെയാണു് അദ്ദേഹം അവരോടൊക്കെ പെരുമാറുന്നതു്. മനയ്ക്കൽനിന്നു് ആർക്കും ഒരു സാധനവും കട്ടു കൊണ്ടുപോവാൻ പറ്റില്ല. ശ്രമിച്ചാൽ മുമ്പിൽ പാമ്പുകൾ പ്രത്യക്ഷപ്പെടും. അനങ്ങാൻ സമ്മതിക്കില്ല. രാത്രിയാണെങ്കിൽ രാവിലെ തിരുമേനി ഉണർന്നു് വരുന്നതുവരെ കട്ട മുതലുമായി അവിടെ നിൽക്കേണ്ടിവരും.
രാവിലെ കുളി കഴിഞ്ഞു് മുണ്ടുടുത്തു് ഉമ്മറത്തെ വാതിൽ തുറന്നു് കോലായിലേയ്ക്കു കടന്നപ്പോഴാണു് പടികടന്നു് നന്ദൻമേനോൻ വരുന്നതു് കണ്ടതു? അറുമുഖൻ പറഞ്ഞ മാതിരി സംഭവിച്ചുവോ? ഇത്ര നേരത്തെ?
അയാൾ പടിമേൽ ചെരിപ്പഴിച്ചുവച്ചു് ഉമ്മറത്തു കയറി.
‘അമ്മയെ ഒന്നു് വിളിക്ക്യോ?’
‘ഇരിക്കൂ.’ മുഖത്തു് ശത്രുതയൊന്നും കാണിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടു് പദ്മിനി പറഞ്ഞു. ‘അമ്മ കെടക്ക്വാണു്, എണീക്കാൻ പറ്റുംന്നു് തോന്ന്ണില്ല.’
‘എനിക്കൊന്നു് കണ്ടൂടെ?’
പദ്മിനി സംശയിച്ചു.
‘ഇന്നലെ നിങ്ങള് വന്നു് പോയതിനു് ശേഷാ അമ്മയ്ക്കു് തീരെ വയ്യാതായതു്. ഇനീം ഇന്നു് വീണ്ടും കണ്ടാൽ എങ്ങന്യാവുംന്നറിയില്ല.’
‘ഇല്ല, ഞാൻ ഒന്നും പറയ്ണ്ല്യ. ഒന്നു് കണ്ടു് ഈ ആധാരം അങ്ങട്ടു് ഏല്പിക്ക്യേ വേണ്ടു.’
നന്ദൻമേനോന്റെ കയ്യിലുള്ള പത്രക്കടലാസ്സിൽ പൊതിഞ്ഞ കടലാസുകെട്ടു് അവൾ അപ്പോഴാണു് ശ്രദ്ധിക്കുന്നതു്.
‘വരു.’
അയാൾ കിടപ്പറയ്ക്കു മുമ്പിൽ സംശയിച്ചു നിന്നു. പദ്മിനി അകത്തുപോയി അമ്മയുടെ മേൽമുണ്ടു് ശരിയാക്കി പറഞ്ഞു. ‘അമ്മേ, നന്ദൻമേനോൻ ആധാരം കൊണ്ടു് വന്നിട്ട്ണ്ടു്, ഒന്നു് കാണണംത്രെ.’
അയാൾ അകത്തു കടന്നു. കട്ടിലിൽ കിടക്കുന്ന രൂപത്തെ കണ്ടപ്പോൾ അയാൾക്കു് വിഷമമായി. അയാൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. പണം കടം കൊടുക്കുന്നതു് അയാളുടെ കച്ചവടമാണു്. അതിനിടയിൽ ആൾക്കാരോടു് വൃത്തികേടായി പെരുമാറേണ്ടിവരാറുണ്ടു്. അത്രയൊക്കെയേ ഉദ്ദേശിച്ചുള്ളു.
‘പാർവ്വതിയമ്മേ, ഇതാ നിങ്ങടെ ആധാരം കൊണ്ടന്ന്ട്ട്ണ്ടു്.’
അയാൾ നീട്ടിയ ആധാരം വാങ്ങാൻ കഴിയാതെ അവർ മകളെ നോക്കി.
‘അമ്മയ്ക്കു് കൈ പൊന്തിക്കാൻ വെഷമംണ്ട്ന്നു് തോന്നുണു.’ പദ്മിനി പറഞ്ഞു.
അയാൾ ആധാരം പദ്മിനിയ്ക്കു് നീട്ടി.
‘ഇതാ ഇതു് ആധാരം, ഇതു് പ്രോനോട്ടാണു്. രണ്ടും തിരിച്ചു് തര്വാണു്. എന്നെങ്കിലും നിങ്ങക്കു് കഴിവ്ണ്ടാവ്വാണെങ്കിലു് പണം തിരിച്ചു് തന്നേയ്ക്കു്. രണ്ടായിരം ഉറുപ്പിക്യാണു്. പലിശ്യൊന്നും വേണ്ട. മൊതല്തന്നെ ഞാൻ നിർബ്ബന്ധിക്ക്ണില്ല.’ അയാൾ പാറുവമ്മയോടു് പറഞ്ഞു. ‘സമാധാനായി ഇരിക്കു. ഞാൻ എന്തെങ്കിലും വിധത്തിൽ ശല്യപ്പെടുത്തീട്ട്ണ്ടെങ്കിൽ ക്ഷമിക്കണം.’
അയാൾ അവരെ തൊഴുതു് പുറത്തിറങ്ങി.
‘മോളെ, ഒന്നും വിചാരിക്കര്തു്. ഇതിന്റെ പേരിൽ ഞ്ഞി എന്നെ ശപിക്ക്യൊന്നും അര്തു്. ഞാൻ പോട്ടെ?’
പദ്മിനി തലയാട്ടി. ആധാരവും പ്രോനോട്ടും കയ്യിൽ പിടിച്ചു് അവൾ ഉമ്മറത്തുതന്നെ നിന്നു. അറുമുഖൻ പറഞ്ഞതുപോലെത്തന്നെ ആയി കാര്യങ്ങൾ. അവൾ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. പരമാവധി, കടം വീട്ടാൻ കുറച്ചു് സമയം കിട്ടും എന്നേ കരുതിയുള്ളൂ. അവൾ തിരുമേനിയെ മനസ്സുകൊണ്ടു് പ്രണമിച്ചു.
അറുമുഖൻ വീട്ടിന്റെ പിന്നിൽ നിന്നു് വരുന്നുണ്ടായിരുന്നു. നന്ദൻമേനോൻ പടിയിറങ്ങിപ്പോകുന്നതു കണ്ടപ്പോൾ അവൻ പദ്മിനിയോടു് ആംഗ്യത്തിൽ എന്താണുണ്ടായതു് എന്നു ചോദിച്ചു.
‘അറുമുഖൻ പറഞ്ഞ പോലെത്തന്നെ, അയാള് ആധാരോം പ്രോനോട്ടും കൊണ്ടന്നു, പണം ഉള്ളപ്പൊ തന്നാമതീന്നു് പറഞ്ഞു. പലിശയൊന്നും വേണ്ടാത്രെ.’
അറുമുഖനു് അദ്ഭുതമൊന്നുമുണ്ടായില്ല. തിരുമേനി അതും അതിലപ്പുറവും ചെയ്യാൻ പ്രാപ്തനാണെന്നു് അവന്നറിയാം.
‘അച്ഛൻ വന്നിട്ട്ണ്ടു്. ഞങ്ങള് ഏത്തംണ്ടാക്കണ പണീലാ. കാലു് നാട്ടാൻ നാലു് മൊള വെട്ടണം. ബാക്കിയൊക്കെ വെറക്പൊരേല്ത്തന്നെണ്ടു്. അച്ഛനാ പറഞ്ഞതു് എല്ലാം ഇവ്ടെ കാണുംന്നു്. ഏത്തക്കൊട്ട പത്തായപ്പൊരേല്ണ്ടാവുംന്നു് പറഞ്ഞു. അതും നോക്കണം. ഞാൻ വീട്ടീപ്പോയി കൊറച്ചു് ചൂടിക്കയറ് എടുത്തു് കൊണ്ടരാം.’
പദ്മിനി ഉമ്മറത്തുകൂടെ മുറ്റത്തേയ്ക്കിറങ്ങി കുളക്കരയിലേയ്ക്കു നടന്നു. ചാത്ത വിറകുപുരയിൽനിന്നു് എടുത്തുകൊണ്ടുവന്ന സാധനങ്ങളെല്ലാം പരിശോധിക്കുകയായിരുന്നു.
‘ഇത്നൊന്നും കേടു് പറ്റീട്ട്ല്യ കൊച്ചമ്പ്രാട്ട്യേ. ഏത്തക്കൊട്ട പത്തായപ്പെരേലു് ചായ്പിലുണ്ടാവും. ഞാൻ എടുത്തുകൊണ്ടരാം. വല്യമ്പ്രാട്ടിയ്ക്കു് എങ്ങനെണ്ടു്?’
‘വ്യത്യാസൊന്നുംല്യ. കഷായം തൊടങ്ങീട്ടല്ലേള്ളു.’
‘ശരിയാവും, കൊച്ചമ്പ്രാട്ടി വെഷമിക്കണ്ട.’
ചാത്ത തേക്കുകൊട്ടയെടുക്കാൻ പത്തായപ്പുരയിൽ പോയി. ഒരു തെങ്ങോല വെട്ടി മുഴുവനായി മെടഞ്ഞു് വലിയൊരു കൊട്ടയുണ്ടാക്കി വച്ചിട്ടുണ്ടു്. ഇനി അതിൽ കല്ലുകഷ്ണങ്ങളും മണ്ണു കുഴച്ചതും നിറച്ചു് തൂക്കമുണ്ടാക്കും. ചാത്ത തേക്കുകൊട്ടയുമായി വന്നു.
‘കൊച്ചമ്പ്രാട്ടി ഇതിനു് കേടൊന്നും പറ്റീട്ട്ല്യ. ഒരീസം കൊളത്തിലു് താഴ്ത്തി ഇടണം. ഒന്നു് കുതിരാനാണു്, അല്ലെങ്കീ ചോർച്ചണ്ടാവും. ന്നിട്ടു് ഒണക്ക്യശേഷം കീലടിച്ചാ മതി. പിന്നെ ഒട്ടും ചോർച്ചണ്ടാവില്ല. കീലു് വെറകു് പൊരേല്ണ്ടാവും. ഇല്ലെങ്കി ന്റെ പെരേല്ണ്ടു്. ചെക്കനോടു് കൊണ്ടരാൻ പറയാം. കാല്ണ്ടാക്കാൻ നാലു് മൊള വേണം. അടിയൻ അതു് വെട്ടീട്ടു് വരാം.’
മുളയുടെ നാലു കാലുകൾ കുളത്തിൽ നാട്ടി അതിന്മേലാണു് നിന്നു തേവാനുള്ള പലകയിടുന്നതു്. അവിടെനിന്നു് കരയിലേയ്ക്കു് കരിമ്പനപ്പാത്തി വച്ചുകൊടുക്കും.
ഏത്തത്തിന്റെ പണി കഴിഞ്ഞപ്പോൾ അച്ഛനും മകനും കൂടി ചാലുകൾ നിർമ്മിച്ചു, കവുങ്ങിനു് തടം കൂട്ടി, പച്ചക്കറിയ്ക്കു് നനയ്ക്കാനായി ഒരു കുഴിയുണ്ടാക്കി. അതിൽ വെള്ളം നിറച്ചാൽ ബക്കറ്റുകൊണ്ടു് മുക്കി നനയ്ക്കുകയല്ലേ വേണ്ടു. പദ്മിനിയ്ക്കു് തൃപ്തിയായി. പണി കഴിഞ്ഞപ്പോൾ വൈകീട്ടു് ആറു മണി. ഉച്ചവരെ കുളത്തിൽ താഴ്ത്തിയിട്ട ഏത്തക്കൊട്ട ഉണക്കിയെടുത്തതിൽ കീൽ തേയ്ക്കുന്ന പണി മകനെ ഏല്പിച്ചു് ചാത്ത പറഞ്ഞു.
‘കൊച്ചമ്പ്രാട്ടീ, ചാത്ത പോണു്. ചെക്കൻ നാളെത്തൊട്ടു് വന്നു് തേവിക്കോളും.’
‘ചാത്ത ഒരു മിനുറ്റ് നിക്കൂ. ഞാൻ പണമെടുത്തിട്ടു് വരാം. എത്ര്യാ കൂലി?’
‘കൂല്യൊക്കെ അടിയൻ പിന്നെ വാങ്ങിച്ചോളാം കൊച്ചമ്പ്രാട്ടി. ആ ചെക്കനു് എന്താ വേണ്ടത്ച്ചാ കൊടുത്തോളു.’
അയാൾ ഒന്നിനും കാത്തുനിൽക്കാതെ നടന്നുപോവുകയാണു്. ഒരു തോർത്തുമുണ്ടുട്ത്തു് തോളിൽ മറ്റൊരു തോർത്തു മുണ്ടിനുമീതെ കൈക്കോട്ടുമായി അല്പം കൂനിക്കൂനി നടന്നുപോകുന്ന ആ മനുഷ്യനെ പദ്മിനി അദ്ഭുതത്തോടെ നോക്കിനിന്നു. അവൾ പടിഞ്ഞാറെ മുറ്റത്തേയ്ക്കു നടന്നു. അവിടെ തേക്കുകൊട്ട കീലടിച്ചശേഷം വിറകുപുരയിൽ ഉണങ്ങാനായി തൂക്കിയിടുകയായിരുന്നു അറുമുഖൻ.
‘നാളെ ഞാൻ നേരത്തെ വരാം കൊച്ചമ്പ്രാട്ടി. നമ്ക്കു് തേക്കു തൊടങ്ങാം. കൊച്ചമ്പ്രാട്ടിയ്ക്കു് വെള്ളം തിരിക്കാനൊക്കെ അറിയോ? ഞാൻ പറഞ്ഞു തരാം.’
‘അവൾക്കു് അതു കണ്ടതോർമ്മയുണ്ടു്. ചാത്ത തേവാൻ തുടങ്ങിയാൽ പദ്മിനി ചാലിൽ പോയി നിൽക്കും. വെള്ളം ഒരു പെരുമ്പാമ്പിനെപ്പോലെ ഒഴുകി വരുമ്പോൾ അവൾ അതിനുമുമ്പിൽ ഓടും. ചാത്ത വിളിച്ചു പറയുന്നുണ്ടാവും.
‘പണപ്പു് പൊട്ടിക്കല്ലെ കൊച്ചമ്പ്രാട്ട്യേയ്.’
അന്നെല്ലാം അറുമുഖനായിരുന്നു വെള്ളം തിരിക്കാറ്. അവൻ ഓരോ തടത്തിലും ആവശ്യത്തിനു വെള്ളം കയറിയാൽ അടുത്ത കവുങ്ങിന്റെ തടത്തിലേയ്ക്കു് തുറന്നുവിടും. അതു നിറയാനെടുക്കുന്ന സമയം അവൻ പദ്മിനിയുമായി സംസാരിക്കും. അതെല്ലാം വർഷങ്ങൾക്കുമുമ്പായിരുന്നു. ജീവിതം അപ്പോഴും ഇരുണ്ട വഴിയിലേയ്ക്കു തിരിഞ്ഞിട്ടുണ്ടായിരുന്നില്ല.
അറുമുഖൻ അവന്റെ കൈക്കോട്ടു് വിറകുപുരയിൽ വെച്ചു.
‘അപ്പൊ നാളെ വരാം.’
‘അറുമുഖാ, നിക്കൂ, എത്ര്യാ കൂലീന്നു് പറയു. ന്റെ കയ്യിലു് കാശ്ണ്ടു്.’
‘അച്ഛനു് കൊടുത്താ.’
‘പിന്നെ വാങ്ങാംന്നു് പറഞ്ഞിട്ടു് ഒറ്റ പോക്കങ്ങട്ടു് പോയി.’
‘ആൾക്കാര്ക്കു് പണം വേണ്ടാച്ചാലു് എന്താ ചെയ്യാ?’
‘അതു പോട്ടെ അറുമുഖനു് എത്ര്യാ തരണ്ടത്ന്നു് പറയൂ.’
‘അതല്ലെ പറഞ്ഞതു് ആൾക്കാര്ക്കു് പണം വേണ്ടാച്ചാ എന്താ ചെയ്യാ?’
അറുമുഖന്റെ ശബ്ദത്തിൽ വാത്സല്യമുണ്ടായിരുന്നു. ഒരു ചെറിയ കുട്ടിയെ കൊഞ്ചിക്കുന്നതു പോലെയാണു് അവൻ അവളോടു് സംസാരിക്കുന്നതു്. പദ്മിനിയ്ക്കു വിഷമമായി. ആ അച്ഛനും മകനും രാവിലെ ഏഴുമണിയ്ക്കു മുമ്പു് എത്തി ജോലി തുടങ്ങിയതാണു്. ഇപ്പോൾ സമയം ആറര. അതുവരെ രണ്ടുപേരും കഠിനാദ്ധ്വാനം തന്നെയായിരുന്നു. ഉച്ചയ്ക്കു് ഭക്ഷണം കൊടുക്കാൻ പറ്റിയില്ല. അവർ വീട്ടിൽ പോയി കഴിക്കുകയാണു് ചെയ്തതു്. എല്ലാം കഴിഞ്ഞു് പോകുമ്പോൾ കൂലിവാങ്ങാൻകൂടി കൂട്ടാക്കുന്നില്ല.
‘ഇങ്ങിന്യായാൽ ശരിയാവില്ല കെട്ടോ. രണ്ടുപേരും എന്തെങ്കിലും വാങ്ങണം.’
‘ആവശ്യാവുമ്പോ ചോദിച്ചാപ്പോരെ?’
‘നിങ്ങളെന്നെ കഷ്ടപ്പെടുത്വാണു്.’
‘ഞാൻ പീടികേലു് പോണ്ണ്ടു്. എന്തെങ്കിലും വാങ്ങാന്ണ്ടോ?’
‘ഇല്ല.’
അറുമുഖൻ പോയ ശേഷം കയ്യിലുള്ള നോട്ടുകൾ പിടിച്ചുകൊണ്ടു് അവൾ കുറേ നേരം ഇരുന്നു. ചുറ്റും ഇരുട്ടിത്തുടങ്ങി. എവിടെനിന്നോ നേരിയ തണുപ്പുള്ള കാറ്റു് വീശി. എവിടേയോ മഴ പെയ്യുന്നപോലെ. തന്റെ തോന്നലായിരിക്കണം. വിളക്കു കൊളുത്തിയില്ലെന്നു് ഓർമ്മ വന്നപ്പോൾ അവൾ ഇടനാഴികയുടെ ഇരുട്ടിലേയ്ക്കു് ഊളിയിട്ടു.
വിജയേട്ടന്റെ പതിനാറടിയന്തിരത്തിനു് പോയതാണു് വീട്ടിലു്. അന്നത്തെ യാത്ര ഭർത്താവിന്റെ വീട്ടിലേയ്ക്കുള്ള അവസാനത്തേതുമാക്കാൻ വസുമതി തീർച്ചയാക്കിയിരുന്നു. ആ വീടു് അവളെ സംബന്ധിച്ചേടത്തോളം എല്ലാ പ്രതീക്ഷകളുടെയും മരണവീടാണു്. ആ വീട്ടിൽ വച്ചാണു് ഭർത്താവു് മദ്യപനായതു്. ആ വീട്ടിൽ വച്ചാണു് അദ്ദേഹം സ്ത്രീകളിൽ ആസക്തനായതു്. തന്റെ കൂടെയായിരുന്നു താമസിച്ചിരുന്നതെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ലെന്നു് അവൾക്കു തോന്നി. അദ്ദേഹത്തിനു വേണ്ടതെല്ലാം തന്റെ കയ്യിലുണ്ടായിരുന്നു. അതെല്ലാം ഉപേക്ഷിച്ചു് ആ മനുഷ്യൻ എന്തിനു് ചീത്ത വഴിയിലൂടെ നടന്നു?
തങ്കമാണു് നാട്ടിൽ പാട്ടായ കാര്യങ്ങൾ പറഞ്ഞുതന്നതു്. നാട്ട്കാരു് ഇങ്ങന്യൊക്കെ പറയ്ണ്ണ്ടമ്പ്രാട്ട്യെ എന്ന മുഖവുരയുമായി അവൾ പറഞ്ഞു തുടങ്ങുന്നു.
‘ദേവകിയ്ക്കു് വീടും പറമ്പും വെറ്തെ കൊടുത്തതാന്നാ പറഞ്ഞു് കേക്കണതു്. ഓള് പറേണതു് തമ്പ്രാന്റട്ത്ത്ന്നു് കാശുകൊട്ത്തു് വാങ്ങീതാന്നാ. ഓള്ടെ അട്ത്തെവിട്യാ ഇത്രീം കാശ്ണ്ടാവണതു? ഓള് തമ്പ്രാന്റട്ത്തന്ന്യായിരുന്നൂത്രെ. ഒക്കെ മാളോരു് പറേണു് കേക്കണാതാമ്പ്രാട്ടീ. ഒക്കെ ഓരോല്ത്തരു് പറഞ്ഞ്ണ്ടാക്കണതാണോന്നും തെരിയൂല. തമ്പ്രാൻ ഓളടെ വീട്ടിലു് എടക്കെടയ്ക്കു് പൊഗ്ഗാറ്ണ്ട്ത്രെ. ആ തള്ള കണ്ണും ചെവീംല്ല്യാതെ കെടക്ക്വല്ലേ.’
തങ്കത്തിന്റെ കഞ്ഞികുടി കഴിയുന്നതുവരെ കഥാകഥനം തുടരും. ഒരു ദിവസത്തേയ്ക്കുള്ള അലോസരങ്ങളെല്ലാം വസുമതിയ്ക്കു് കൊടുത്തുകൊണ്ടു് അവൾ പോകും. അവൾ തെക്കേ വെട്ടുവഴിയിലുള്ള ആ വീടു് ഓർക്കും. കല്യാണം കഴിഞ്ഞ കാലത്തു് അവർ ഒരിക്കൽ അവിടെ പോയിട്ടുണ്ടു്. ആ വീട്ടിലെ വാടകക്കാരൻ ഒഴിഞ്ഞു കൊടുത്തപ്പോൾ വീടു് വൃത്തിയാക്കിക്കാനായി വിജയേട്ടൻ പോയതാണു്. അവളും ഒപ്പം പോയി. ഒരു ബന്ധുവിന്റെ വീട്ടിൽ ഊണു കഴിക്കാമെന്നേറ്റിരുന്നു. പോകുന്ന വഴിയ്ക്കായിരുന്നതുകൊണ്ടു് ആ കാര്യവും നടത്താമെന്നു കരുതി. ചെറിയ വീടു്. മൂന്നു മുറികളുണ്ടു്, ഒരിടനാഴികയുടെ അറ്റത്തു് അടുക്കള. അടുക്കള വലിയ ഓർമ്മയില്ല, പക്ഷേ, അവിടുത്തെ കിടപ്പറ അവൾ ഇപ്പോഴും ഓർത്തു. ആ വീട്ടിൽ അടിച്ചുതളി നടത്തിയിരുന്ന സ്ത്രീ തൊട്ടടുത്തു തന്നെയായിരുന്നു താമസം. അവരെ വിളിച്ചുകൊണ്ടുവന്നു. ഒരു മണിക്കൂറിനുള്ളിൽ ജോലിയെല്ലാം കഴിഞ്ഞു. അവർക്കു് കൂലികൊടുത്തു പറഞ്ഞയച്ചു. ഇനി വൈകാതെ പോവാം എന്നു പറയുമ്പോഴാണു് വിജയേട്ടൻ വേറെ ചില പരിപാടികളുമായി അകത്തുകടന്നു് വാതിലടച്ചതു്. അവൾ ചോദിച്ചു. ‘ഈ പട്ടാപ്പകലോ?’
‘പകലു് ചെയ്യണ രസം നെനക്കറിയാഞ്ഞിട്ടാ?’ അവളെ അടുപ്പിച്ചു നിർത്തി സാരി അഴിച്ചുമാറ്റിക്കൊണ്ടു് വിജയേട്ടൻ പറഞ്ഞു. സിമന്റിട്ട നിലത്തു് നഗ്നശരീരം അമരുമ്പോഴുണ്ടാകുന്ന സുഖം വസുമതി ഓർത്തു.
ജീവിതത്തിൽ ആദ്യമായി പകൽസുരതംകൊണ്ടു് തന്നെ രസിപ്പിച്ച ആ വീട്ടിൽ അയാൾ ദേവകിയുമായി കിടക്കുന്നതു് മനസ്സിൽ കണ്ടപ്പോൾ അവളുടെ മനസ്സു് കലുഷമായി. ഞാൻ എന്തു കൊടുക്കാതിരുന്നിട്ടാണു്?
രാഘവേട്ടൻ ഇടയ്ക്കു് ചോദിക്കുന്നു.
‘ആ തള്ളേം മോളും ഒറ്റയ്ക്കല്ലേ? ഒന്നു് പോയി അന്വേഷിക്കണ്ടേ? ഒന്നും ഇല്ലെങ്കിൽ നാട്ട്കാരു് പറയില്ലേ?’
പിന്നെ പോവാം എന്നു മാത്രം അവൾ പറയും. ഉടനെത്തന്നെ ഇനി അവിടെ പോകലുണ്ടാവില്ല എന്നു മനസ്സിലുറപ്പിക്കുകയും ചെയ്യും. പാറുവമ്മ തീരെ കിടപ്പിലാണെന്നു് രാഘവേട്ടൻ പറഞ്ഞപ്പോൾ അവൾ കുറച്ചു വിഷമത്തിലായി. ഇതൊന്നും ആ സ്ത്രീയുടെയോ മകളുടെയോ കുറ്റമല്ല. താനെന്തിനു് അവരോടു് ശത്രുത വച്ചിരിക്കുന്നു? അവൾക്കു് പക്ഷേ, ആ വീട്ടിൽ പോകാൻ കഴിയുന്നില്ല. അവിടെ തന്റെ ജീവിതത്തിനു് തടയിട്ട എന്തോ ദുർശക്തിയുണ്ടു്. ആ വീടിന്റെ കുറ്റമായിരിക്കാം.
‘കഴിഞ്ഞതൊക്കെ മറന്നേയ്ക്കു്’ രാഘവേട്ടൻ പറയുന്നു. ‘എന്നോടാണു് അവർ മോശായിട്ടു് പെരുമാറീട്ട്ള്ളതു്. ഞാനൊന്നും മനസ്സിൽ വയ്ക്കിണില്ലല്ലോ. അവര്ടെ സ്ഥിതി അതായിരിക്കും. പറ്റ്വേങ്കിലു് നമ്ക്കു് നാളെത്തന്നെ ഒന്നു് പോയിവരാം.’
പടിവാതിൽ കടന്നപ്പോൾത്തന്നെ തകർച്ചയുടെ ചിത്രങ്ങൾ വസുമതിയെ സ്വീകരിച്ചു. ഉണങ്ങിയ പറമ്പു്, പൊട്ടിയ ഓടുകളുള്ള മേൽപ്പുര, കുമ്മായം അടർന്നുപോയി വികൃതമായ ചുവരുകൾ, ഒഴിഞ്ഞ പശുത്തൊഴുത്തു്. അതിനപ്പുറത്തു് ഒരുകാലത്തു് വൈക്കോൽകൂനയുണ്ടായിരുന്ന രണ്ടിടങ്ങളിൽ വൈക്കോൽ ഒതുക്കാൻ നാട്ടിയ മരക്കൊമ്പുകളിൽ ചില്ലകൾ തഴച്ചുവളരുന്നു. പറമ്പിന്റെ ഉണക്കം ആ സ്മാരകാവശിഷ്ടങ്ങളെ ബാധിച്ചിട്ടില്ല.
‘അമ്മേ അമ്മായി വന്നിട്ട്ണ്ടു്.’ പദ്മിനി അമ്മയോടു് പറഞ്ഞു. അവരുടെ മുഖത്തു് യാതൊരു വികാരവുമില്ല. വസുമതി അടുത്തേയ്ക്കു ചെന്നു.
‘ഇരിക്കു.’ വളരെ ക്ഷീണിച്ച സ്വരം.
രാഘവൻ നായർ മുറ്റത്തേയ്ക്കിറങ്ങി. ഒരു കർഷകനായ അയാൾക്കു് ആ പറമ്പിന്റെ അനന്തസാധ്യതകൾ കാണുമ്പോൾ വെറുതെയിരിക്കാൻ തോന്നുന്നില്ല. പറമ്പിലൂടെ നടക്കുമ്പോൾ അയാൾ കണ്ടു. നന തുടങ്ങിയിരിക്കുന്നു. അത്രയും നല്ലതു്. പടിഞ്ഞാറെ കുളത്തിൽ ഏത്തമിട്ടതയാൾ പരിശോധിച്ചു. പുതുതായി ഇട്ടതാണു്. ഇനിയുള്ള കാലങ്ങളിലൊന്നും ഏത്തമിട്ടു് നനച്ചാൽ ശരിയാവില്ല. വേണ്ടവിധം നന എത്തില്ല. ഒരു പമ്പ് വച്ചു് വെള്ളമടിക്കണം. നന പറമ്പിലെല്ലായിടത്തും എത്തണം. തെങ്ങിനും നനയ്ക്കണം. എന്നാലെ വർഷക്കാലത്തു് തേങ്ങ കിട്ടൂ. വേനലിന്റെ അലച്ചിൽ തെങ്ങിൻ കുലകളിൽ അനുഭവപ്പെടണതു് വർഷത്തിലാണു്. ഇപ്പോൾ മൂന്നു് ഹോഴ്സ്പവർ മോട്ടോറിന്റെ പമ്പാണെങ്കിൽ കാർഷിക നിരക്കു് കൊടുത്താൽ മതി കറന്റിനു്.
തിരിച്ചു നടക്കുമ്പോഴാണയാൾ കണ്ടതു്. വെണ്ടച്ചെടികൾ പൂവും കായുമായി നിൽക്കുന്നു. അപ്പുറത്തു് വഴുതിനച്ചെടികൾ ആരോഗ്യത്തോടെ തഴച്ചു വളരുന്നു. അതും മൊട്ടിട്ടുതുടങ്ങി. ആ ദൃശ്യം രാഘവൻ നായർ കൗതുകത്തോടെ നോക്കിനിന്നു. ആകെ ഉണങ്ങിപ്പോയെന്നു കരുതിയ ഒരു ഫലവൃക്ഷത്തിന്മേൽ വീണ്ടും നിറയെ പൊടിപ്പുകൾ കാണുന്നപോലെ അയാൾ ആ കാഴ്ച നോക്കിനിന്നു.
അയാൾ തിരിച്ചു് ഉമ്മറത്തെത്തിയപ്പോൾ വസുമതി അന്വേഷിച്ചു നടക്കുകയായിരുന്നു.
‘ഞാൻ പറഞ്ഞില്ലേ. ഏട്ടൻ പറമ്പിലെവിടെയെങ്കിലുംണ്ടാവുംന്നു്.’ അവൾ പദ്മിനിയോടു് പറഞ്ഞു.
‘ഞാൻ പദ്മിനീടെ കൃഷി നോക്ക്വായിരുന്നു. നന്നായിട്ട്ണ്ട്ട്ടോ മോളെ. ആരാ തേവണതു? ചാത്ത്യാണോ?’
‘അല്ല ചാത്തടെ മകനാ. അറുമുഖൻ.’ പദ്മിനി പ്രശംസിക്കപ്പെട്ടിരിക്കുന്നു.
‘നോക്കു രാഘവേട്ടാ, പാറുവേടത്തിയെ കാണണ്ടെ? വയ്യാതായിരിക്കുണു.’
‘കാണാം.’ അയാൾ പെങ്ങളോടൊപ്പം അകത്തേയ്ക്കു കയറി.
പദ്മിനി ഉമ്മറത്തുതന്നെ തൂണും ചാരി നിന്നു. അവളുടെ മനസ്സിൽ ഒരു രാസപ്രക്രിയ നടന്നുകൊണ്ടിരിക്കയായിരുന്നു. ഇവരെക്കുറിച്ചു തന്റെ മനസ്സിലുണ്ടായിരുന്ന അഭിപ്രായങ്ങൾ പതുക്കെ മാറുകയാണെന്നു് അവൾ കണ്ടു. അവരൊന്നും അത്ര മോശമായിരിക്കില്ല. തന്റെ അമ്മാമൻ ചീത്തയായതിനു് ഇവരെന്തു പിഴച്ചു. രാഘവമ്മാമ പെങ്ങൾക്കു് ഭാഗം ചോദിച്ചു വന്നു. ശരിയാണു്. ഈ വസ്തുവിൽ അവർക്കും അവകാശമുണ്ടു്. അതു നശിപ്പിച്ചതു് അവരുടെ ഭർത്താവുതന്നെയാണെന്നതും നെല്ലും തേങ്ങയും വിറ്റ പണം തറവാട്ടിനുവേണ്ടി ചെലവാക്കാതെ പുറത്തു് ഓരോരുത്തരുടെ കയ്യിലെത്തുകയായിരുന്നുവെന്നതും അവരറിയാൻ വഴിയില്ല. അതുപോലെ തറവാട്ടുവക ഭൂമിയും കെട്ടിടങ്ങളും വിൽക്കുന്നുണ്ടെന്നും, അതെല്ലാം അനർഹരായവരുടെ അടുത്തെത്തുകയായിരുന്നെന്നും പാവം അവരെങ്ങിനെ അറിയാൻ? ഭർത്താവിന്റെ കള്ളുകുടിയെപ്പറ്റി അവർ അറിഞ്ഞിട്ടുണ്ടാവും. അതു് അവരുടെ മൗനാനുമതിയോടെയായിരുന്നുവെന്നു് പക്ഷേ, പദ്മിനി കരുതിയില്ല. ആ മനുഷ്യനെ നിയന്ത്രിക്കാൻ വിഷമമായിരുന്നെന്നു് അവൾക്കറിയാം. ഇതിലെല്ലാം അവർ ഏതു വിധത്തിലാണു് തെറ്റുകാരാവുന്നതു? താൻ തന്നെ ഇതെല്ലാം അറിയുന്നതു് അറുമുഖൻ പറഞ്ഞിട്ടാണു്. അവൻ കാര്യങ്ങൾ തുറന്നുപറയുന്ന കൂട്ടത്തിലാണു്. ‘കൊച്ചമ്പ്രാട്ടി എന്തു വിചാരിച്ചാലും ശരി ഇതൊക്ക്യാണു് നാട്ട്കാരു് പറേണതു്. കൊച്ചമ്പ്രാട്ടി ഇതൊന്നും അറിഞ്ഞില്ലെങ്കിലു് വിഡ്ഢിയാവ്വേള്ളൂ. തമ്പ്രാൻ ചീത്ത പെണ്ണുങ്ങളുടെ അട്ത്തു് പോണ്ണ്ട്ന്നാ പറേണതു്.’
ചീത്ത പെണ്ണുങ്ങൾ എന്നാൽ എന്താണെന്നതിനെപ്പറ്റി അവൾക്കും വലിയ രൂപമൊന്നുമില്ല. അവൾക്കു് ഇരുപതു വയസ്സായി, ശരി. പക്ഷേ, ബാഹ്യലോകവുമായി ബന്ധമില്ലാത്തതുകൊണ്ടു് അവളുടെ സാമാന്യവിവരം വളരെ പരിമിതമായിരുന്നു. അറുമുഖനുമായുള്ള സംസാരം ഒരിക്കലും ബാലിശമോ വിലകുറഞ്ഞതോ ആവാറില്ല. പിന്നെ ഉണ്ടായിരുന്നതു് ദേവകിയായിരുന്നു. അവൾ ഗൂഢാർത്ഥത്തിൽ പറഞ്ഞിരുന്ന കാര്യങ്ങൾ പദ്മിനിയ്ക്കു് മനസ്സിലായിരുന്നില്ല. അവൾ ജോലി നിർത്തി പോയ ശേഷം പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത മട്ടാണു്. അവൾ പോയതു് എന്തായാലും നന്നായി. അറുമുഖൻ ദേവകിയെപ്പറ്റിയും പറഞ്ഞിരുന്നു. ഇത്ര തൊട്ടടുത്തായിട്ടു് പദ്മിനിയ്ക്കു് അതിന്റെ സൂചനപോലും കിട്ടിയിരുന്നില്ലെന്നതു് അദ്ഭുതംതന്നെ. അറുമുഖൻ പറഞ്ഞശേഷമാണു് അമ്മാമനുമായി ഒരു രാത്രിയുണ്ടായ അസുഖകരമായ അനുഭവത്തിന്റെ പൊരുൾ അവൾക്കു് മനസ്സിലായതു്. ആ അനുഭവത്തിനുശേഷം അവൾ അമ്മാമനെ ഒഴിവാക്കുകയാണു് ചെയ്തതു്. പിന്നീടു് ആ മനുഷ്യന്റെ തകർച്ച പെട്ടെന്നുണ്ടാവുകയും ചെയ്തു.
അമ്മായിയും രാഘവമ്മാമയും പുറത്തു കടന്നു.
‘ഞങ്ങള് പോട്ടെ പദ്മിനി.’
അവൾ തലയാട്ടി.
‘എന്തെങ്കിലും ആവശ്യണ്ടെങ്കിലു് പറയണം കെട്ടോ മോളെ.’ രാഘവൻമാമ പറഞ്ഞു. ‘മടിയ്ക്കണ്ട. അറുമുഖനെ പറഞ്ഞയച്ചാൽ മതി.’
പദ്മിനി അവരോടൊപ്പം മുറ്റത്തിറങ്ങി. അവർ പടികടന്നു് വീതിയുള്ള വരമ്പിന്മേൽ നടക്കുന്നതു് അവൾ നോക്കിനിന്നു. അല്പം തടിയുണ്ടെന്നേ ഉള്ളൂ. എന്തു ഭംഗിയാണു് അമ്മായിയ്ക്കു്. കുട്ടിക്കാലത്തുതന്നെ അവർ വന്നാൽ കുട്ടികളുടെ ഭംഗിയുള്ള ഉടുപ്പുകളും, അമ്മായി ഉടുത്തിരുന്ന സെറ്റുമുണ്ടിന്റെയോ സാരിയുടെയോ പളപളപ്പും അവരുടെ കയ്യിലും കഴുത്തിലുമുള്ള കട്ടിയുള്ള ആഭരണങ്ങളും അവൾക്കു് വല്ലാത്തൊരു അപകർഷതാബോധം ഉണ്ടാക്കാറുണ്ടു്. അവൾ ഒരു ഷിമ്മീസുമാത്രമായിരിക്കും ധരിച്ചിരിക്കുക. അതുതന്നെ നിറം മങ്ങിയതും. അവർ കലിക്കറ്റ് ടാക്കീസിൽ ജീവിതനൗക കാണാൻ പോയ കാര്യങ്ങളെല്ലാം പറയും. അവരുടെ അമ്മാമനാണു് എല്ലാ കുട്ടികളെയും സിനിമയ്ക്കു കൊണ്ടു പോകാറ്. രാഘവൻമാമയ്ക്കു് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. പദ്മിനി അസൂയയോടെ അവർ പറയുന്നതു് കേട്ടിരിക്കും. തനിക്കു് അങ്ങിനെയൊരു അമ്മാമയെ തരാത്ത ദൈവത്തെ മനസ്സിൽ ശപിക്കും.
അന്നും അവൾ അമ്മായിയുടെ ഭംഗി നോക്കിക്കൊണ്ടിരിക്കാറുണ്ടു്. അത്ര ഭംഗിയുള്ള അമ്മായിയുള്ളപ്പോൾ എന്തിനു് അമ്മാവൻ ഇതിനൊക്കെ പോയി?
നാളെ ഞായറാഴ്ചയാണു്. അറുമുഖൻ രാവിലെ തേവാൻ വന്നാൽ ബാക്കിയുള്ള കവുങ്ങുകൾക്കുകൂടി നനയ്ക്കാനുള്ള തടംകൂട്ടാമെന്നു പറഞ്ഞിട്ടുണ്ടു് അതുപോലെ കുറച്ചു നേന്ത്രവാഴ വെയ്ക്കാനുള്ള ചാലു കീറാമെന്നും പറഞ്ഞിട്ടുണ്ടു്. അവനു് എവിടെനിന്നോ കുറച്ചു് നേന്ത്രവാഴക്കന്നു് കിട്ടിയിട്ടുണ്ടത്രെ. തേവൽ ഇനിതൊട്ടു് രണ്ടു നേരമാക്കാമെന്നു പറഞ്ഞു. പകുതി രാവിലെയും പകുതി വൈകുന്നേരവും. അല്ലെങ്കിൽ സമയമുണ്ടാവില്ല.
അവൾ അകത്തു ചെന്നു, കട്ടിലിലിരുന്നു് അമ്മയുടെ കൈ മടിയിൽവച്ചു് തലോടി.
‘അമ്മയ്ക്കു് അവര്യൊക്കെ മനസ്സിലായില്ലേ?’
അവർ മൂളി. അവരുടെ പ്രതികരണമെന്താണെന്നറിയാൻ വഴിയില്ല. രാഘവൻമാമ എന്തായിരിക്കും അമ്മയോടു് പറഞ്ഞിരിക്കുക. തന്നോടു് പറഞ്ഞപോലെ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണം എന്നാവും. അമ്മ ഇതുപോലെ വെറുതെ മൂളിയിട്ടുണ്ടാവും. അമ്മയുടെ ഓർമ്മയിൽ വിടവുകൾ വന്നതിനെപ്പറ്റി അവൾക്കറിയാം. മുമ്പെല്ലാം പദ്മിനി അതിനെപ്പറ്റി സംസാരിച്ചിരുന്നു. ഓർമ്മയിൽനിന്നു് രക്ഷപ്പെട്ടുപോയ കാര്യങ്ങൾ അവൾ അമ്മയെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങിനെ ചെയ്യുന്നില്ല. ഒന്നാമതായി എന്തൊക്കെയാണു് അമ്മ മറന്നുപോയതെന്നറിയാൻ വഴിയില്ല. പിന്നെ ഓർമ്മിപ്പിച്ചിട്ടും കാര്യമില്ലെന്നവൾക്കു മനസ്സിലായിരിക്കുന്നു. ഇപ്പോൾ അവളുടെ ചോദ്യങ്ങൾ കഞ്ഞി കൊണ്ടുവരാറായോ, മേലു് തൊടപ്പിക്കട്ടെ, അല്ലെങ്കിൽ പൊറത്തു് പോവാൻ തോന്ന്ണ്ണ്ടോ എന്നിവ മാത്രമാണു്. അവൾ ബെഡ്പാൻ അടിയിൽ വച്ചുകൊടുക്കും. അറുമുഖൻ മെഡിക്കൽ സ്റ്റോറിൽനിന്നു് വാങ്ങിക്കൊണ്ടുവന്നതാണു്. അതു വലിയ ഉപകാരമായി. ഇടയ്ക്കു് തിരിച്ചും മറിച്ചും മാറ്റിക്കിടത്തണമെന്നു് വൈദ്യർ പറഞ്ഞിട്ടുണ്ടു്. അല്ലെങ്കിൽ പുറത്തു് പുണ്ണു വരും.
അറുമുഖൻ കുട്ടിക്കാലത്തു് ഉപയോഗിച്ചിരുന്ന കൈക്കോട്ടാണു് പദ്മിനി ഇപ്പോൾ ഉപയോഗിക്കുന്നതു്. മറ്റെ കൈക്കോട്ടു് നന്നാക്കിയെടുക്കാനാവുമോ എന്നു് അവൻ കുറേ ശ്രമിച്ചു. അപ്പോഴാണു് തന്റെ പഴയ കൈക്കോട്ടിനെപ്പറ്റി ഓർമ്മ വന്നതു്. അവൻ വീട്ടിൽ പോയി അതെടുത്തുകൊണ്ടുവന്നു. അതുകൊണ്ടു് ചാൽ തിരിക്കുന്ന പണി എളുപ്പമായി. അറുമുഖന്റെ പുതിയ കൈക്കോട്ടിന്റെ ഭാരമില്ല, എന്നാൽ ആവശ്യത്തിനു് മൂർച്ചയുണ്ട്താനും. അവൾ നോക്കി. കവുങ്ങുകളെല്ലാം കഴിഞ്ഞു. ഇനി പച്ചക്കറി നനയ്ക്കാനുള്ള കുണ്ടിലേയ്ക്കു് വെള്ളം തുറന്നിടുകയെ വേണ്ടു. ചാൽ അതിലേയ്ക്കു് വിട്ടശേഷം അവൾ വിളിച്ചു പറഞ്ഞു. ‘മതി.’ ഇനി ചാലിൽ ഒഴുകിവരുന്ന വെള്ളംകൊണ്ടു് കുഴി നിറഞ്ഞുകൊള്ളും.
തുലാത്തിന്റെ കരകരശബ്ദം നിന്നു. അറുമുഖൻ തേക്കുകൊട്ട രണ്ടു മുളകൾക്കിടയിൽ കൊളുത്തിവച്ചു് പാത്തിയിലുടെ നടന്നു് പുറത്തുകടന്നു.
‘ഞാമ്പോയി കഞ്ഞി കുടിച്ചിട്ടു് വരാം കൊച്ചമ്പ്രാട്ടി. ന്റെ കൈക്കോട്ടും കൊണ്ടരാ. വാഴവെയ്ക്കാന്ള്ള ചാലു് കീറണം.
‘ശരി, ഞാൻ അപ്പഴയ്ക്കു് ഈ വെണ്ടയ്ക്കൊക്കെ നനയ്ക്കാം.’
‘എത്ര കന്നു് കൊണ്ടരണം? ഒരു പത്തെണ്ണം ആവാം അല്ലെ? കൊച്ചമ്പ്രാട്ടിടെ ജോലി കൂട്വാണു്. തൈയ്യ് വലുതായി തടം കെട്ടിക്കൊട്ക്കണവരെ ബക്കറ്റെട്ത്തു് നനയ്ക്കണ്ടിവരും.’
‘അതു സാരല്യ. എത്ര കെഴങ്ങ് കിട്ടീട്ട്ണ്ടു്?’
‘പത്തമ്പതു് എണ്ണംണ്ടു്. ചെറ്യേടത്തെ തമ്പ്രാൻ തന്നതാ. ഒന്നുകിലു് അറുമുഖൻ വിറ്റു് കാശാക്കിക്കോ അല്ലെങ്കിലു് കുടീലു് വെച്ചോന്നു് പറഞ്ഞിട്ടു്. ഞങ്ങടെ പറമ്പിലു് ഇനി കാലു് വെയ്ക്കാൻ സ്ഥലല്യ. ബാക്കിള്ളതു് വേറെ ആർക്കെങ്കിലും കൊടുക്കാം.’
പെട്ടെന്നാണു് ആ ആശയം പദ്മിനിയുടെ മനസ്സിൽ ഓടിയതു്. അവൾ പറഞ്ഞു.
‘എല്ലാം ഇവിടെ നട്ടൂടെ. സ്ഥലല്യാഞ്ഞിട്ടു് കൃഷി ചെയ്യാണ്ടിരിക്കണ്ട.’
അറുമുഖൻ കുറച്ചുനേരം ആലോചിച്ചു. തരക്കേടില്ല. ഇവിടെയാണെങ്കിൽ ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. കുളത്തിൽ ധാരാളം വെള്ളമുണ്ടു്. വേനലിൽ വെള്ളം വല്ലാതെ താഴുമ്പോൾ മാത്രം കുറച്ചു വിഷമമാവും. ഈ കുളത്തിൽ അങ്ങിനെ താഴാറില്ല. അഥവാ കുറഞ്ഞാൽ ഒന്നു് വെട്ടിത്താഴ്ത്തണം.
‘നമ്ക്കു് ഒരു കാര്യം ചെയ്യാം. രണ്ടുപേർക്കും കൂടീട്ടു് നേന്ത്രവാഴകൃഷി തൊടങ്ങാം. കിട്ടിയതു് പപ്പാതിയായി പങ്കിടാം. എന്താ?’
‘എന്നോടു് അറുമുഖൻ കണക്കു പറയരുതു്.’ പദ്മിനിയുടെ സ്വരത്തിൽ വേദനയുണ്ടു്. ‘അറുമുഖൻ ഇവിടെ എന്തു വേണങ്കിലും നട്ടോളു, കൊണ്ടുപോയി വിറ്റോളു. എനിക്കു് ഒന്നും വേണ്ട. അറുമുഖൻ എനിക്കുവേണ്ടി ഇപ്പ ചെയ്യണതു് തന്നെ വളരെ അധികാ.’
‘ഞാൻ അങ്ങിന്യൊന്നും ഉദ്ദേശിച്ചില്ല കൊച്ചമ്പ്രാട്ടി.’ അറുമുഖൻ തല താഴ്ത്തിക്കൊണ്ടു് പറഞ്ഞു. കൊച്ചമ്പ്രാട്ടി ഇപ്പത്തന്നെ വല്ലാതെ കഷ്ടപ്പെട്ണ്ണ്ടു്. അമ്പതു് വാഴക്കന്നു് നട്വാന്ന്ള്ളേന്റെ അർത്ഥം ദെവസും രണ്ടു് നേരം അമ്പതു് ബക്കറ്റ് വെള്ളംവീതം ഒഴിക്ക്യാന്നാണു്. രണ്ടെലേങ്കിലും വരണേന്റെ മുമ്പെ തടംണ്ടാക്കാൻ പറ്റില്ല. അതുവരെ വെള്ളം കുഴീന്നു് മുക്കി ഒഴിക്യന്നെ വേണം. കൊറ്യൊക്കെ ഞാനും ചെയ്യാം. രാവില്യാവുമ്പോ നിക്കു് പണിക്കു് പോവും വേണം.’
‘അപ്പൊ ഇതുവരെ അറുമുഖൻ ചെയ്തിരുന്നതൊക്കെ ആർക്കുവേണ്ടീട്ടാണു്. നമ്മള് തമ്മിലു് കണക്കൊന്നും വേണ്ട. ആ കന്നുകള് മുഴുവൻ നമുക്കു് ഇവിടെ നടാം.’
‘ഞാൻ കഞ്ഞി കുടിച്ചിട്ടു് കൈക്കോട്ടുമെട്ത്തു് വരാം. കാനലു് വീഴാത്ത പറമ്പു് നോക്കി കുഴിക്കാം. വാഴയ്ക്കു് ഒട്ടും കാനലു് പാടില്ല. ഒപ്പംതന്നെ കൊളത്തീന്നു് വല്ലാതെ അകലാനും പാടില്ല.’
അറുമുഖൻ ചുറ്റും നോക്കുകയായിരുന്നു. അടുത്തുതന്നെയുള്ള പറമ്പിലേയ്ക്കു ചൂണ്ടിക്കൊണ്ടു് അവൻ പറഞ്ഞു. ‘ആ പറമ്പിലാവാം. ഒരു ഞാവലു് മാത്രേള്ളു. അതു് സാരല്യ.’
അറുമുഖന്റെ അറിവിൽ അദ്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു പദ്മിനി.
നന കഴിഞ്ഞു് പദ്മിനി അമ്മയ്ക്കു് കഞ്ഞി കൊടുത്തു. കഞ്ഞി കൊടുക്കുമ്പോഴാണു് അവൾ അമ്മയോടു് സംസാരിക്കുന്നതു്. അവർ എല്ലാം മൂളിക്കേൾക്കും. മനസ്സിലാവുന്നുണ്ടോ എന്നു് ദൈവത്തിനറിയാം. കഞ്ഞികുടിച്ചു് പറമ്പിലേയ്ക്കു നോക്കിയപ്പോൾ അറുമുഖൻ കുഴിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. അവൻ നീണ്ട കിടങ്ങുകളാണുണ്ടാക്കുന്നതു്. ഒന്നു കുഴിച്ചുകഴിഞ്ഞാൽ കുറച്ചകലത്തായി മറ്റൊന്നു്. ഉച്ചയായപ്പോഴേയ്ക്കും ഒരേ അകലത്തിൽ എട്ടു് ആഴമുള്ള ചാലുകൾ ഉണ്ടാക്കിക്കഴിഞ്ഞു.
‘ഇനി ഇതൊക്കെ പച്ചെലേം ചപ്പും ചവറും കൊണ്ടു് നെറക്കണം.’ അവൻ വെട്ടുകത്തിയുമായി പറമ്പിൽ നടക്കുകയാണു്. ചെറിയ മരങ്ങളുടെ ചില്ലകളും മറ്റും വെട്ടിക്കൊണ്ടുവന്നു് അവൻ കുഴികൾ ഇലകൾ കൊണ്ടു് നിറച്ചു.
‘വെണ്ണീറും ചാണകോം നമക്കു് അമ്മേടെ അട്ത്ത്ന്നു് തരാക്കാം. ബാക്കി പണി വൈന്നേരം തേവാൻ വരുമ്പോ ചെയ്യാം.’
അമ്മ ഒരാഴ്ചയായി ഭക്ഷണം ചുരുക്കിയിരിക്കുന്നു. രണ്ടോ മൂന്നോ സ്പൂൺ കൊടുക്കുമ്പോഴേയ്ക്കു് മതിയെന്നു പറയും. പിന്നെ എന്തു പറഞ്ഞാലും കേൾക്കുന്നില്ലെന്ന മട്ടിൽ കണ്ണടച്ചു കിടക്കും.
‘ഇങ്ങിന്യായാൽ ശര്യാവ്വോ അമ്മേ’ എന്ന പദ്മിനിയുടെ പരാതി അവർ കേൾക്കുന്നില്ല. അല്ലെങ്കിലേ എല്ലും തോലുമായ ആ ശരീരം വീണ്ടും ചുരുങ്ങുകയാണു്. അമ്മ അടുത്തുതന്നെ മരിക്കുമെന്നും താൻ ഒറ്റപ്പെടുമെന്നുമുള്ള അറിവിൽ അവൾ പകച്ചുനിന്നു. ഞാൻ എന്താണു് പ്രതീക്ഷിക്കുന്നതു? ഒന്നുമില്ല. പിന്നെ ഈ ജീവിതത്തിനെന്താണു് അർത്ഥം? പ്രതീക്ഷകളില്ലാത്ത ഒരു ജീവിതത്തെപ്പറ്റി അവൾക്കു് ആലോചിക്കാനേ വയ്യ. എന്നെങ്കിലും ഒരാൾ വന്നു് തന്നെ കല്യാണം കഴിക്കുമെന്നു് കരുതുന്നുണ്ടോ? ഇല്ലെന്നു പറയാൻ അവൾക്കു ധൈര്യമില്ല. അവൾക്കിപ്പോഴും നല്ലൊരു ജീവിതത്തെപ്പറ്റി സ്വപ്നങ്ങളുണ്ടു്. താൻ ഇതുവരെ ജീവിച്ചുപോന്ന ജീവിതമല്ല യഥാർത്ഥത്തിലെന്നും ഇതിനുമൊക്കെ അപ്പുറത്തു് മറ്റൊരു ജീവിതം അവളെ കാത്തിരിപ്പുണ്ടെന്നും അവൾ വിശ്വസിച്ചു. വിധിയുടെ ഒരു മലക്കംമറിച്ചിലിൽ അവൾ ആ ജീവിതത്തിലേയ്ക്കു് എത്തിപ്പെടുമെന്നും. ആ വിശ്വാസം അവളെ കൊണ്ടുനടത്തുകയാണു്. അതൊരു വൈരുദ്ധ്യമാണെന്നു് അവൾക്കറിയാം. ഒരു വശത്തു് സ്വന്തം ജീവിതം താൻതന്നെ ഉണ്ടാക്കേണ്ടതാണെന്നും വിധിയ്ക്കു് അതിലൊന്നും ചെയ്യാനില്ലെന്നും വിശ്വസിക്കുമ്പോൾത്തന്നെ അവൾ നല്ല ജീവിതവുമായി വരുന്ന വിധിയെയും പ്രതീക്ഷിച്ചു് ഇരിക്കുകയാണു്.
ജീവിതത്തെപ്പറ്റി സ്വപ്നങ്ങൾ എല്ലാവർക്കുമുണ്ടെന്നു് അവൾക്കറിയാം. വാഴത്തൈകൾ തഴച്ചുവളരുകയാണു്. രണ്ടു നേരവും നനയ്ക്കുന്നുണ്ടു്. അവൾ ചോദിക്കുന്നു.
‘ഈ വാഴയുടെയെല്ലാം കുല മൂത്താൽ എന്താണു് ചെയ്യാൻ പോണതു?’
‘അപ്പഴേയ്ക്കു് ഓണക്കാലാവില്ലേ, നല്ല വെല കിട്ടും?’
‘ന്ന്ട്ടു് കിട്ടണ പണൊക്കെ എന്താ ചെയ്യാ?’
അറുമുഖൻ കുറച്ചുനേരം ആലോചിച്ചു.
‘ന്റെ പങ്കു് ഞാൻ ബാങ്കിലിടും.’
‘അറുമുഖനു് ബാങ്കിലു് അക്കൗണ്ടൗക്കെണ്ടോ?
‘ങും, എനിക്കു് കിട്ടണ കൂലിയൊക്കെ എടുത്തു വെയ്ക്കാനാണു് അച്ഛൻ പറേണതു?’
‘ന്നിട്ടു്?’
‘കല്യാണാവുമ്പഴയ്ക്കു് വീടൊന്നു് നന്നാക്കണം. ഓടിടണം. കക്കൂസും കുളിമുറീംണ്ടാക്കണം.’
‘അറുമുഖൻ വല്ല പെങ്കുട്ട്യേളീം കണ്ടുവെച്ചിട്ട്ണ്ടോ ഇപ്പത്തന്നെ?’
‘ഏയ്. അതൊക്കെ അമ്മ നോക്കിക്കോളും.’ അറുമുഖൻ ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘ഞങ്ങൾ പുലയന്മാർക്കു് അത്ര വലിയ ആഗ്രഹങ്ങളൊന്നുംല്ല്യ. ആഗ്രഹങ്ങളൊന്നും പാടില്ലാന്നാണു് അനുഭവം പഠിപ്പിച്ചിട്ട്ള്ളതു്. ന്റെ അമ്മ ഒരു പാവം സ്ത്രീയാണു്. നല്ല അമ്മ, സ്നേഹള്ള അമ്മ. ഒന്നോ രണ്ടാ കൊല്ലത്തിനുള്ളിലു് അവരു് അവരെപ്പോലെ ഒരു പാവം പെണ്ണിനെ കൊണ്ടരും, എനിക്കു് വേണ്ടി. ഞാൻ അവളെ കെട്ടി വലിയ ആഗ്രഹങ്ങളൊന്നുംല്യാതെ ന്റെ കൊച്ചു കുടിലിലു് താമസിക്കും.’
അറുമുഖന്റെ മനസ്സിലും അവൻ കെട്ടാൻ പോകുന്ന പെൺകുട്ടിയെപ്പറ്റിയും അവളോടൊപ്പമുള്ള ജീവിതത്തെപ്പറ്റിയും സ്വപ്നങ്ങളുണ്ടു്.
‘ഞാനീ വാഴ്യൊക്കെ എന്തു വിശ്വാസത്തിലാണു് ഇവിടെ വളർത്തണതു?’
‘എന്തേ?’
‘ഈ വാഴ്യൊക്കെ കൊലച്ചു് വെട്ടാൻ പാകത്തിലാവുമ്പഴെക്കു് കൊച്ചമ്പ്രാട്ടിടെ കല്യാണം കഴിയും, വരണ തമ്പ്രാൻ ന്നെപ്പിടിച്ചു് തൂക്കി എറിയൂം ചെയ്യും. ന്റെ അദ്ധ്വാനൊക്കെ വെള്ളത്തിലാവുംന്നാ തോന്നണതു?’
പദ്മിനി ചിരിച്ചു. വല്ലപ്പോഴും അറുമുഖന്റെ സംസാരം കേൾക്കുമ്പോൾ മാത്രമെ ചിരിക്കാൻ പറ്റുന്നുള്ളു. ചിരിയും, കരച്ചിൽപോലെ അവളുടെ ജീവിതത്തിൽനിന്നു് അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണു്. കുറച്ചു ദിവസമായി ഇടയ്ക്കിടയ്ക്കു് തിരുമേനിയുടെ ഓർമ്മ വരുന്നു. ഒന്നു് പോയി കാണണമെന്നുണ്ടു്. അമ്മയെ ഈ നിലയിൽ വിട്ടു് എങ്ങിനെയാണു് പോവുക? എല്ലാം കഴിഞ്ഞു് അമ്മയുടെ കാലം കഴിഞ്ഞാൽ തനിക്കു് തിരുമേനിയുടെ ഇല്ലത്തുതന്നെ പോയി താമസിക്കേണ്ടിവരുമോ? അവിടെ എത്ര കാലം? അതും കഴിഞ്ഞാലോ. അങ്ങിനെ ആലോചിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ഒറ്റയ്ക്കാണെങ്കിൽ ഒറ്റയ്ക്കു്, ഈ വീട്ടിൽ ത്തന്നെ ജീവിക്കണം. അറുമുഖന്റെ സഹായം എത്ര കാലമുണ്ടാകുമെന്നു് അറിയില്ല.
തേങ്ങക്കാരൻ മൊയ്തീൻ വന്നു. പിന്നാലെ അറുമുഖനും. ഈ പടി കടന്നു് ആരെങ്കിലും വരികയാണെങ്കിൽ ഒന്നുകിൽ നീലി അല്ലെങ്കിൽ അറുമുഖൻ പിന്നാലെ അന്വേഷിച്ചു വരുന്നു.
‘തമ്പ്രാട്ടിടെ അസുഖം മാറീല്ലെ?’
‘ഇല്ല മൊയ്തീന്ക്കാ. അമ്മ കെടപ്പാ.’
മൊയ്തീന്റെ നോട്ടം തെങ്ങിൻതലപ്പുകളിലാണു്. അയാൾ പറമ്പിലെല്ലാം ചുറ്റിയടിച്ചു തിരിച്ചു വന്നു.
‘മോസാണല്ലൊ മോളെ. കൊറെക്കാലം നോക്കാത്തീന്റെ കേടൊക്കെ ഇപ്പ അറീണ്ണ്ടു്.’
‘ഇക്കൊല്ലം മഴ തൊടങ്ങ്യാലു് കട തൊറക്കണം. വളൊക്കെ ഇട്ടുകൊടുക്കണം. രണ്ടു കൊല്ലത്തിനുള്ളിലു് നേര്യാവും.’ പദ്മിനി പറഞ്ഞു.
‘ഇക്കൊല്ലം എങ്ങന്യാ? കരാറിനു് കൊടുക്ക്ണാ?’
പദ്മിനി ഓർത്തതു് ഒരു ഏകാദശി ദിവസം അമ്മ കരിക്കിടാൻ അറുമുഖനോടു് ആവശ്യപ്പെട്ടപ്പോൾ അമ്മാമൻ പറഞ്ഞതാണു്. ‘മൊയ്തീനു് കണക്ക്ണ്ടാവും…’ തെങ്ങു് പകുതി കയറിയ അറുമുഖനോടു് ഇറങ്ങിവരാൻ പറഞ്ഞു. അന്നു് അമ്മ പച്ചവെള്ളം കുടിക്കാതെ കിടന്നതു് ഓർമ്മ വന്നപ്പോൾ അവൾ പറഞ്ഞു.
‘ഇല്ല മൊയ്തീന്ക്കാ കരാറൊന്നും കൊട്ക്ക്ണ്ല്യ. അന്നന്നത്തെ വെലയ്ക്കു് തരാം. തെങ്ങു് കേറ്റിയാൽ അറിയിക്കാം.’
അയാൾ കുറച്ചു നിരാശനായി.
‘അങ്ങന്യാണെങ്കീ അങ്ങനെ. പത്തീസത്തിനുള്ളിലു് തെങ്ങു് കേറാനാവും. അറീച്ചാൽ മതി.’
മൊയ്തീൻ പോയി.
‘കൊച്ചമ്പ്രാട്ടി അങ്ങനെ പറഞ്ഞതു് നന്നായി.’ അറുമുഖൻ പറഞ്ഞു. ‘മാപ്പള കൊറച്ചു് സാമർത്ഥ്യക്കാരനാ.’
‘അയാളടെ കച്ചോടല്ലെ അറുമുഖാ. അയാള് ലാഭത്തിനു് നടക്ക്വാണു്. നഷ്ടം വരാതെ നോക്കണ്ടതു് നമ്മളല്ലെ.’
നന തുടങ്ങിയതു് കവുങ്ങുകൾ അറിഞ്ഞെന്നു തോന്നുന്നു. അവയുടെ വാട്ടം തീർന്നു, ഇനി താമസിയാതെ അവ പൂക്കാനും കായ്ക്കാനും തുടങ്ങും. ഇനി വേണ്ടതു് തെങ്ങുകൾക്കും നനയ്ക്കുകയാണു്. അതത്ര എളുപ്പമല്ല. അറുമുഖൻ പറയുന്നതു് എങ്ങിനെയെങ്കിലും കറന്റെടുക്കണമെന്നാണു്. എന്നിട്ടു് മോട്ടോർ വെയ്ക്കണം. ഇപ്പോൾ കിട്ടുന്നതിന്റെ മൂന്നിരട്ടി തേങ്ങ കിട്ടുമെന്നവൻ പറയുന്നു. എല്ലാറ്റിനും പണം വേണം. എണ്ണക്കാരൻ കാദര്ക്കായ്ക്കു് കുറച്ചുകൂടി പണം കൊടുക്കാനുണ്ടു്. അതും കൊടുത്തു തീർക്കണം. പിന്നെ കടമൊന്നുമില്ല. ഇനി കടം വാങ്ങുകയുമില്ലെന്നു് തീർച്ചയാക്കിയിരിക്കുന്നു. അമ്മാമൻ മരിച്ച ശേഷം കടക്കാരുടെ ഒരു പ്രവാഹമായിരുന്നു. അതിനെപ്പറ്റിയൊന്നും ഞങ്ങൾക്കറിയില്ലെന്നു് പറഞ്ഞു് ഒഴിവാക്കുകയായിരുന്നു. കാദര്ക്കായുടെ കടംകൂടി കൊടുത്തു തീർത്തിട്ടു വേണം മോട്ടോറിനുള്ള കറന്റ് കണക്ഷനെങ്കിലും തരമാക്കാൻ. വീട്ടിനുള്ളിൽ തൽക്കാലം കറന്റില്ലെങ്കിലും കുഴപ്പമൊന്നുമില്ല. സഹകരണ ബാങ്ക്, പമ്പ് വാങ്ങാനുള്ള പണം വായ്പയായി തരുമെന്നു കേൾക്കുന്നു. നോക്കട്ടെ.
അമ്മയുടെ വാക്കുകൾ തീരെ അവ്യക്തമായിരിക്കുന്നു. എന്നാണതു തീരെ നിലയ്ക്കുക ആവോ. കഞ്ഞി കൊടുത്തപ്പോൾ ആകെ ഒരു സ്പൂൺ മാത്രമാണു് കുടിച്ചതു്. അവർ എന്തോ പറയുകയായിരുന്നു. കുറെ പ്രാവശ്യം ആവർത്തിച്ചപ്പോഴാണു് മനസ്സിലായതു് അതു് ‘തിരുമേനി’ എന്ന വാക്കായിരുന്നുവെന്നു്. അവർ വീണ്ടും പറഞ്ഞു. ‘പോണം.’
അമ്മ മകളെ സംബന്ധിക്കുന്ന കാര്യങ്ങൾ ഇപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു. അവരുടെ മനസ്സു നിറയെ മകളുടെ ഭാവിയെപ്പറ്റിയുള്ള ഉൽക്കണ്ഠയാണു്. പാവം. അമ്മയെക്കൊണ്ടു് സംസാരിപ്പിക്കുന്നതു് ക്രൂരതയാണു്. പലപ്പോഴും വാക്കുകൾ ഇന്നതായിരിക്കുമെന്നു് ഊഹിച്ചെടുക്കുകയാണു് അവൾ ചെയ്യുന്നതു്. താൻ തിരുമേനിയുടെ അടുത്തു് പോണമെന്നായിരിക്കും അമ്മ ഉദ്ദേശിച്ചിട്ടുണ്ടാവുക. അവൾ പറഞ്ഞു.
‘ഞാൻ അമ്മടെ കാലം കഴിഞ്ഞാൽ തിരുമേനിടെ അട്ത്തു് പോണംന്നല്ലെ അമ്മ ഉദ്ദേശിച്ചതു?’
അവർ മൂളി.
‘ഞാൻ പോവാംട്ടോ അമ്മെ. അമ്മ സമാധാനായി കിടക്കു. അമ്മ അങ്ങനെ പെട്ടെന്നൊന്നും പോവില്ല. കുറച്ചുകൂടി കഞ്ഞി കുടിയ്ക്കു.’
അവർ കഞ്ഞി കുടിച്ചില്ല. കഷായം കുടിക്കുവാനും മടി കാണിക്കുന്നു. ദൈവമേ ഇനി എത്ര ദിവസം?
തിരുമേനി ചെയ്ത ഉപകാരത്തിനു് നന്ദി പറയാനെങ്കിലും അവിടെ പോകേണ്ടതായിരുന്നു. തന്റെ അവസ്ഥ മനസ്സിലാക്കി അദ്ദേഹം ക്ഷമിക്കാതിരിക്കില്ല.
രാത്രി കിടക്കാൻ നേരത്തു് അവൾ ശ്രദ്ധിച്ചു. അമ്മയ്ക്കു് എന്തോ അസ്വാസ്ഥ്യമുണ്ടു്. അവൾ കട്ടിലിൽ അമ്മയുടെ അടുത്തിരുന്നു് അവരുടെ കൈ തടവിക്കൊണ്ടു് ചോദിച്ചു.
‘എന്താ അമ്മേ ഉറങ്ങാൻ പറ്റ്ണില്യേ?’
‘ഞാൻ ഒറങ്ങിക്കോളാം.’ അവർ വളരെ വ്യക്തമായി പറഞ്ഞു. ‘മോള് കെടന്നോ.’ പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ വീണ്ടും പറഞ്ഞു. ‘മോള് തിരുമേനിടെ അട്ത്തു് പോയി താമസിക്കണം.’
പദ്മിനിയ്ക്കു് അദ്ഭുതമായി. അമ്മതന്നെയാണോ പറയുന്നതു? ഒന്നോരണ്ടോ വാക്കുകൾ അസ്പുടമായി ഉരുവിട്ടിരുന്ന അവർ വളരെ വ്യക്തമായി സംസാരിക്കുന്നു! അവൾക്കു് ഭയമായി. അവൾ തന്റെ ചെറിയ കട്ടിൽ അമ്മയുടെ കട്ടിലിനോടു് ഒന്നുകൂടി അടുപ്പിച്ചിട്ടു. അവരുടെ അരക്കെട്ടിൽ പിടിച്ചുകൊണ്ടു് പറഞ്ഞു.
‘അമ്മ പേടിക്കണ്ട, ഞാൻ തിരുമേനിടെ അടുത്തു് പൊയ്ക്കോളാം. ഞാൻ ഇവിടെ ഒറ്റയ്ക്കാവില്ല, ന്നാൽ പ്പോരെ?’
അവർക്കു സമാധാനമായെന്നു തോന്നുന്നു. രാത്രി പിന്നെ പ്രശ്നമൊന്നുമുണ്ടായില്ല. അവരുടെ ശ്വാസം താളക്രമത്തിലായപ്പോൾ പദ്മിനി ഉറങ്ങി. പുലർച്ചെ അമ്മ വിളിക്കുന്നതു കേട്ടാണു് പദ്മിനി ഉണർന്നതു്.
‘വെള്ളം.’
പദ്മിനി ഗ്ളാസ്സിൽ വെള്ളമെടുത്തു് കുറേശ്ശെ അവരുടെ വായിൽ ഒഴിച്ചു കൊടുത്തു. രണ്ടിറക്കു് കുടിച്ചശേഷം അവർ എന്തോ പറഞ്ഞു. അതെന്താണെന്നു് അവൾക്കു മനസ്സിലായില്ല. അവൾ ചോദിച്ചു.
‘എന്താമ്മേ?’
മറുപടിയുണ്ടായില്ല. അവരുടെ ശ്വാസം നിലച്ചിരുന്നു. പദ്മിനി അമ്മയുടെ കൈ പിടിച്ചു നോക്കി. നാഡി മിടിക്കുന്നില്ല. അമ്മയുടെ കൈപ്പത്തികളിൽ മുഖമമർത്തി അവൾ കുറേനേരം ഇരുന്നു. ആ കൈകൾ തണുത്തുവരികയാണു്. അവൾ എഴുന്നേറ്റു. അമ്മയുടെ പാതി തുറന്ന കണ്ണുകൾ അടച്ചുകൊണ്ടു് അവൾ പറഞ്ഞു.
‘അമ്മ ഉറങ്ങിക്കോളു.’
അവൾ എഴുന്നേറ്റു. സമയം നാലര കഴിയുന്നേയുള്ളു. ഇത്ര നേരത്തെ ഒരാളെ എങ്ങിനെയാണു് വിളിച്ചുണർത്തുക. സാരമില്ല. അവൾ റാന്തൽ കത്തിച്ചു് വേലിയ്ക്കലേയ്ക്കു നടന്നു. അറുമുഖന്റെ വീടു് ഉറങ്ങുകയാണു്. ഉറങ്ങുന്ന ആളെ വിളിക്കണോ? ഒരു നിമിഷം സംശയിച്ചുനിന്ന ശേഷം അവൾ വിളിച്ചു.
‘അറുമുഖാ…’
രണ്ടാമത്തെ വിളിയിൽത്തന്നെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. നീലി അടുക്കളവാതിലിലൂടെ പുറത്തുവന്നു. പദ്മിനി റാന്തൽ ഉയർത്തി അവളുടെ മുഖം കാണിച്ചുകൊടുത്തു.
‘എന്തേ കൊച്ചമ്പ്രാട്ട്യേ?’
‘അമ്മ മരിച്ചു.’
‘എന്റെ തൈവങ്ങളേ തമ്പ്രാട്ടി പോയല്ലാ…’ നീലി നെഞ്ഞത്തടിച്ചുകൊണ്ടു് കരയാൻ തുടങ്ങി.
‘നീലി കരയേണ്ട.’ പദ്മിനി പറഞ്ഞു. ‘അറുമുഖനെ വിളിക്കു. എല്ലാരേം അറീക്കണ്ടെ.’
നീലിയുടെ നിലവിളി കേട്ടു് ചാത്തയും അറുമുഖനും എഴുന്നേറ്റു വന്നു. അറുമുഖൻ ഷർട്ടിട്ടു് പുറത്തിറങ്ങി, പിന്നാലെ ചാത്തയും. പടിക്കലെത്തിയപ്പോൾ ചാത്ത പറഞ്ഞു.
‘ഞാമ്പോയി അടുത്ത വീട്ടിലെ തമ്പ്രാക്കമ്മോരോടൊക്കെ പറഞ്ഞു് വരാം.’ അയാൾ അടുത്തുള്ള നായന്മാരുടെ വീടുകളിലെല്ലാം മരണമറിയിക്കാനായി പോയി.
‘അറുമുഖാ, ഇല്ലത്തു പോയി തിരുമേനിയെ അറിയിക്കാൻ പറ്റ്വോ?’ അവൾ ചോദിച്ചു.
‘ഞാൻ പോവാം, ഇവ്ടെ ആരെങ്കിലും വരട്ടെ.’
‘എങ്ങിന്യാ പോവ്വാ, ഈ നേരത്തു് ബസ്സ്ണ്ടാവോ?’
‘ബസ്സില്ലെങ്കിലു് നടന്നു് പോണം. അത്ര ദൂരൊന്നുംല്യല്ലോ. ആര്ടെങ്കിലും സൈക്കിള് കിട്ട്വോന്നു് നോക്കാം. വിജയൻ തമ്പ്രാന്റെ ഭാര്യവീട്ടിലും പറേണ്ടേ?’
‘വേണം. ആദ്യം അവിടെ പറഞ്ഞിട്ടു് തിരുമേനിടെ അട്ത്തു് പോയാമതി.’
അറുമുഖൻ പോയി. നീലി അപ്പോഴും കരയുകയായിരുന്നു.
‘എന്തിനാ നീലി കരേണതു്. സാരല്യ.’ നീലി കരച്ചിൽ നിർത്തി.
ആളുകൾ എത്ര ക്ഷണമാണു് എത്തിയതെന്നു് പദ്മിനി അദ്ഭുതപ്പെടുകയായിരുന്നു. അവർ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുകയാണു്. പുരുഷന്മാർ അമ്മയെ ഇറക്കി താഴെ കിടത്തി കോടി പുതപ്പിച്ചു. ചുറ്റും സ്ത്രീകൾ ചമ്രം പടിഞ്ഞിരുന്നു് രാമായണം വായിക്കുകയാണു്. അവൾ കണ്ണടച്ചു് ചുമരും ചാരിയിരുന്നു. മറ്റാരുടെയോ അമ്മയുടെ മൃതദേഹത്തിനു മുമ്പിൽ ഇരിക്കുകയാണെന്ന തോന്നലോടെ. ആരെല്ലാമാണു് ചുറ്റും ഇരിക്കുന്നതെന്നുകൂടി അവൾ ശ്രദ്ധിച്ചില്ല. അതിനിടയ്ക്കു് അമ്മായി വന്നു് അടുത്തിരുന്നതവൾ അറിഞ്ഞു.
സമയം എത്രയായിട്ടുണ്ടാകും. പുറത്തു് വെയിൽ ശക്തിപ്പെട്ടിരുന്നു. പറമ്പിലെവിടെയോ മരത്തിന്റെ കൊമ്പു വെട്ടുന്ന ശബ്ദം കേട്ടു. പെട്ടെന്നു് ആരോ പറഞ്ഞു.
‘തിരുമേനി.’
എല്ലാവരും എഴുന്നേറ്റു. പദ്മിനി ചാടിയെഴുന്നേറ്റു. തിരുമേനി വാതിൽ കടന്നു് അമ്മയുടെ മൃതദേഹം നോക്കിനിൽക്കുകയാണു്. അവൾ ഓടിപ്പോയി അദ്ദേഹത്തിന്റെ കാൽക്കൽ വീണു. പുലർച്ചമുതൽ അടക്കിപ്പിടിച്ച ദുഃഖമെല്ലാം ഒഴുകി തിരുമേനിയുടെ പാദങ്ങൾ നനച്ചു. തേങ്ങിക്കരയുന്ന ആ പെൺകുട്ടിയെ അദ്ദേഹം എഴുന്നേൽപ്പിച്ചു.
‘കരയണ്ട മോളെ, നീ ധൈര്യള്ള കുട്ടിയല്ലെ.’
അവൾ അദ്ദേഹത്തിന്റെ മാറിൽ മുഖമമർത്തി തേങ്ങുകയാണു്. തിരുമേനി തോളത്തിട്ട രണ്ടാംമുണ്ടിന്റെ തലപ്പുകൊണ്ടു് അവളുടെ കണ്ണീർ തുടച്ചു.
‘മോള് കരയാതെ ഒരുഭാഗത്തിരിക്കു്, ഞാൻ കാര്യങ്ങളൊക്കെ എവിടെ എത്തീന്നു് നോക്കട്ടെ.’
സ്വന്തം കണ്ണിൽ പൊടിഞ്ഞ നീർക്കണം മുണ്ടിന്റെ തലപ്പുകൊണ്ടു് തുടച്ചു് അദ്ദേഹം പുറത്തു കടന്നു.
പദ്മിനിയ്ക്കു് ആശ്വാസമായി. താൻ ഏകയല്ല. തനിക്കു് എവിടെയോ ഒക്കെ അഭയമുണ്ടു്. അവൾക്കു് അച്ഛനെ കണ്ട ഓർമ്മയില്ല. അച്ഛന്റെ ലാളന കിട്ടിയിട്ടുണ്ടാവാം, പക്ഷേ, അതെല്ലാം അവൾ വളരെ കുട്ടിയായിരിക്കുമ്പോഴാണു്. അച്ഛനെപ്പറ്റി അമ്മ പറഞ്ഞുതന്ന കാര്യങ്ങളല്ലാതെ ഒന്നും അവൾക്കറിയില്ല. അവൾ ചോദിക്കാറുണ്ടു്, എന്നെ അച്ഛൻ മടിയിലിരുത്തി കൊഞ്ചിക്കാറുണ്ടോ? അമ്മ പറയും ‘എന്താ ചെയ്യാതെ ഏതൊരച്ഛനും ചെയ്യണതല്ലെ അതൊക്കെ?’ ഇങ്ങിനെയൊക്കെയായാലും അച്ഛൻ എന്നതു് വളരെ അയഥാർത്ഥമായി, ഒരു സങ്കല്പം മാത്രമായി അവളുടെ മനസ്സിൽ ഒതുങ്ങിയിരിക്കയാണു്. ഇപ്പോൾ തിരുമേനിയെ കണ്ടതിനു ശേഷമാണു് ആ പിതൃസങ്കല്പത്തിനു് മൂർത്തീഭാവമുണ്ടായിരിക്കുന്നതു്.
തിരുമേനിയെ കണ്ടപ്പോൾ ആൾക്കാർ ഭവ്യതയോടെ ഒതുങ്ങിനിന്നു. പല നാട്ടുപ്രമാണിമാരെയും അദ്ദേഹത്തിനറിയാമായിരുന്നു.
‘ഞാൻ വിജയൻ മേനോന്റെ അളിയനാണു്.’ രാഘവൻ നായർ സ്വയം പരിചയപ്പെടുത്തി. ‘തിരുമേനി വന്നതിൽ വളരെ സന്തോഷം.’
തിരുമേനി അപ്പോൾത്തന്നെ പോകുന്നുവെന്നാണു് രാഘവൻ നായർ കരുതിയതു്. തിരുമേനി പോയില്ല, എന്നുമാത്രമല്ല കാര്യങ്ങൾ അന്വേഷിക്കാനും തുടങ്ങി.
‘ഈ പറമ്പിൽത്തന്ന്യല്ലെ വെയ്ക്കണതു?’
‘അതെ, കാരണോന്മാരെയൊക്ക ദഹിപ്പിച്ചിട്ട്ള്ളതു് ഇവിടെത്തന്നെയാണു്.’
തെക്കെ പറമ്പിൽ വിറകു കീറുന്നതു് അപ്പോഴാണു് തിരുമേനി കണ്ടതു്.
‘മാവു് വെട്ടിയോ, അതോ…’
‘ഇല്ല, ഒരു വല്യ കൊമ്പു് മാത്രം വെട്ടി. അത്ര്യല്ലെ വേണ്ടു.’
‘മതി.’
വടക്കെ മുറിയിൽ നിലത്തു കോടി പൊതിഞ്ഞു് കിടത്തിയ ആ ചെറിയ ദേഹം അദ്ദേഹത്തിന്റെ മനസ്സിൽ വന്നു. തന്റെ മാറിൽ വീണു് തേങ്ങിയ പാവം പെൺകിടാവിന്റെ മുഖവും. കണ്ണിൽ പൊടിഞ്ഞ ജലകണം മേൽമുണ്ടുകൊണ്ടു് തുടച്ചു് അദ്ദേഹം മനസ്സിൽ പറഞ്ഞു. സാരമില്ല മോളെ.
തെക്കെ പറമ്പിലേയ്ക്കു നടന്നുപോകുന്ന തിരുമേനിയുടെ പിന്നാലെ നടക്കുമ്പോൾ രാഘവൻനായർ ആലോചിച്ചു. തിരുമേനിയ്ക്കു് എങ്ങിനെയാണാവോ ഇവരെ പരിചയം.
‘നാളെത്തൊട്ടു് മോള് ഒറ്റയ്ക്കാവില്ലേ?’ തിരുമേനി ചോദിച്ചു.
‘ഇല്ല, വസുമതി, എന്റെ പെങ്ങള് വന്നു് നിൽക്കും. അതു കഴിഞ്ഞാൽ എന്താ വേണ്ടത്ന്നു് തീർച്ച ്യാക്കീട്ടില്ല. പദ്മിന്യോടു് സംസാരിക്കണം. അവളെ അങ്ങട്ടു് തറവാട്ടിലേയ്ക്കു് കൊണ്ടോവാം, അവൾക്കിഷ്ടമാണെങ്കിൽ. അപ്പൊ ഈ പറമ്പിന്റെ കാര്യം നോക്ക്വ എങ്ങിന്യാന്നാ.’
‘കൊറച്ചു് ദിവസം കഴിയട്ടെ ഞാനവളോടു് സംസാരിച്ചു നോക്കാം. ഇനി ഇല്ലത്തു് താമസിക്കാനാ അവൾക്കിഷ്ടംന്ന്ച്ചാ അങ്ങനെം ആവാം.’
‘ശരി തിരുമേനി.’
‘അതിനെടേലു് പാർവ്വതീടെ മരണ സർട്ടിഫിക്കറ്റ് ഒന്നു് ശര്യാക്കിക്കൊടുക്കണം. പിന്നെ, വീടും പറമ്പും ഒക്കെ ആർക്കാ?’
‘അതൊക്കെ അവൾക്കു് തന്ന്യാ തിരുമേനി. വസുമതി ഒന്നും എടുക്ക്ണില്യ.’
‘ന്നാ, അതുംകൂടി രജിസ്റ്റ്രാഫീസിലു് പോയി ശര്യാക്കിക്കൊടുക്കണം. അമാന്തിക്കണ്ട.’
‘പെട്ടെന്നു് ചെയ്യാം തിരുമേനി.’ രാഘവൻ നായർ പറഞ്ഞു. തിരുമേനിയുടെ ഒരോ വാക്കും ഓരോ ആജ്ഞയാണു്. മറ്റൊരാളാണു് പറഞ്ഞിരുന്നതെങ്കിൽ താൻ തന്റെ കാര്യം നോക്കിയാൽ മതി എന്നു പറയാൻ തോന്നുന്ന കാര്യങ്ങളാണു് തിരുമേനി ആജ്ഞയായി നല്കുന്നതു്. അദ്ദേഹത്തിന്റെ ആജ്ഞാശക്തി അപാരമാണു്.
ആരെയും കാത്തുനിൽക്കാനില്ല. അതുകൊണ്ടു് കാര്യങ്ങൾ വേഗം കഴിഞ്ഞു. പത്തുമണിയോടെ ചിത കത്തിയപ്പോൾ ആൾക്കാർ പിരിഞ്ഞു തുടങ്ങി.
തിരുമേനി അകത്തു ചെന്നു.
‘മോളെ, ഞാൻ ഇറങ്ങട്ടെ. മോള് വെഷമിക്ക്യൊന്നും വേണ്ടട്ടോ. ഈ തെരക്കൊക്കെ കഴിഞ്ഞാൽ സൗകര്യംപോലെ ഇല്ലത്തേയ്ക്കൊരു ദിവസം വരൂ.’
അവൾ തലയാട്ടി, വീണ്ടും അദ്ദേഹത്തെ നമസ്കരിച്ചു.
രണ്ടാഴ്ചയായി ചാത്തയായിരുന്നു വന്നു് വെള്ളം തിരിച്ചതു്. ആ മനുഷ്യൻ എന്തിനാണു് തനിക്കു വേണ്ടി കഷ്ടപ്പെടുന്നതു്. രണ്ടു ദിവസം മുമ്പു് ചാത്ത വെള്ളം തിരിക്കുമ്പോൾ പദ്മിനി അടുത്തുപോയി നിന്നു.
‘ചാത്തയ്ക്കു് വെഷമായി അല്ലേ?’
‘എന്തിനു് മോളെ?’ ചാത്ത ചിരിച്ചുകൊണ്ടു് ചോദിച്ചു.
‘അല്ല മറ്റ് പണിടെ ഒക്കെ ഒപ്പം ഇതും ചെയ്യേണ്ടി വന്നില്ലെ, അതും രണ്ടു നേരം?’
‘ഞാനതിനു് ഒന്നും പറഞ്ഞില്ലല്ലോ.’ ചാത്ത ചിരിച്ചു. ‘അട്യനു് എന്താ വെഷമം? തേവണതു് ചെക്കനല്ലെ. ഓൻ ന്നെക്കൊണ്ടു് ത്ലാം തൊടീക്കില്ല. എന്നാ അടിയന്തിരം?’
‘മറ്റന്നാളാണു്.’
‘പന്തലിടണ്ടേ?’
‘പന്തലൊക്കെ വേണോ? അറീല്ല. തിരുമേനി നാളെ വരാംന്നു് പറഞ്ഞിട്ട്ണ്ടു്. അദ്ദേഹം എന്താണാവോ പറയ്യാ.’
‘പിൻഭാഗത്തു് വെപ്പുകാർക്കു് ഒരു പന്തലിട്ടുകൊടുത്താമതി. അതെന്തായാലും വേണം. നല്ല വെയിലാണു്. കെയക്കെ മുറ്റത്തു് വേണോന്നു് തിരുമേനിത്തമ്പ്രാനോടു് ചോയിച്ചിട്ടു് മതി. വല്യമ്പ്രാന്റെ പതിനാറട്യന്തരത്തിനു് മുറ്റത്തു് പന്തലിട്ടതല്ലെ. ന്ന്ട്ടെന്തായി. അയിന്മാത്രൊന്നും ആൾക്കാരു് വന്നൂംല്യ.’
ശരിയാണു്. അമ്മാവന്റെ അടിയന്തിരത്തിന്റെ അന്നു് രാഘവൻമാമ പറഞ്ഞിട്ടാണു് മുറ്റത്തു് പന്തലിട്ടതു്. ഉമ്മറത്തിരുന്നുണ്ണാനുള്ള ആൾക്കാരെ ഉണ്ടായുള്ളു. പന്തലുള്ളതുകൊണ്ടു് അവിടെ രണ്ടു പന്തി വിളമ്പി എന്നുമാത്രം. അതിലും കൂടുതലൊന്നും അമ്മയുടെ കാര്യത്തിലും പ്രതീക്ഷിക്കണ്ട.
പിറ്റേന്നു് രാവിലെ വന്ന തിരുമേനിയും മുറ്റത്തു് പന്തലൊരുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി.
ചെറിയ തോതിൽ സദ്യ കഴിക്കയാണുണ്ടായതു്.
പതിനാറടിയന്തിരം കഴിഞ്ഞതിന്റെ പിറ്റേന്നു് വസുമതി തിരിച്ചുപോയി. പദ്മിനിയോടു് ഒപ്പം വരാൻ അവൾ നിർബ്ബന്ധിച്ചു.
‘നീ ഇങ്ങിനെ ഇവിടെ ഒറ്റയ്ക്കു് കഴിയണതു് ശര്യല്ല.’
‘അതോണ്ടെന്താ കൊഴപ്പം അമ്മായി. അമ്മ കെടപ്പിലായതീപ്പിന്നെ അങ്ങനെത്തന്ന്യായിര്ന്നില്ലേ? ഞാൻ ഇവിടെ ഇല്ലെങ്കിലു് ഒന്നും ശര്യാവില്ല. ഈ വീടും പറമ്പും നാനാവിധാവും. പറമ്പു് ഒരു വിധത്തിൽ നന്നാക്കിയെടുക്ക്വാണു് ഞാൻ. എന്തായിരുന്നു അതിന്റെ അവസ്ഥ? ഇപ്പ നന തൊടങ്ങീട്ട്ണ്ടു്, പച്ചക്കറികള് നട്ടിട്ട്ണ്ടു്. പിന്നെ അടിം തൊടേം ഒന്നും ചെന്നില്ലെങ്കിലു് വീടു് നാശാവും. എങ്ങന്യായാലും ഒക്കെക്കഴിഞ്ഞു് എനിക്കു് ഈ വീട്ടീത്തന്നെ താമസിക്കണ്ടി വരില്ലെ.’
‘തിരുമേനീനെ എങ്ങിന്യാ പരിചയം?’ പാറുവേട്ടത്തി മരിച്ച അന്നു് തിരുമേനി കാണാൻ വന്നു. അതു കഴിഞ്ഞു് പതിനാറടിയന്തിരത്തിന്റെ അന്നും അദ്ദേഹമായിരുന്നു ആദ്യവസാനം. അതോർമ്മ വന്നപ്പോൾ വസുമതി ചോദിച്ചു. അന്നുതൊട്ടേ അവരുടെ ഉള്ളിൽ തിങ്ങിനിന്ന ചോദ്യമായിരുന്നു അതു്.
‘എനിക്കൊരച്ഛന്റെ മാതിര്യാണു്. കൊറേ ഉപകാരം ചെയ്ത മനുഷ്യനാണു്.’
വസുമതി പിന്നീടൊന്നും ചോദിച്ചില്ല. ഇനി മറുപടിയൊന്നും കിട്ടുകയുണ്ടാവില്ലെന്ന തോന്നലുണ്ടായി അവർക്കു്. എങ്ങിനെയാണു് പരിചയം എന്നു് പദ്മിനി പറഞ്ഞില്ല. അതുപോലെ എന്തുപകാരം എന്നും ഒരുപക്ഷേ, അവൾ പറയുകയുണ്ടാവില്ല. എന്തോ ഒരു കാര്യം കുത്തിച്ചോദിച്ചപ്പോൾ അതവസാനം എത്തിയതു് തന്റെ ഭർത്താവിന്റെ കൊള്ളരുതായ്മയിലായിരുന്നു. ചോദിക്കേണ്ടിയിരുന്നില്ലെന്നു് തോന്നി.
രാഘവൻ നായർ പാറുവമ്മയുടെ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊണ്ടുവന്നിരുന്നു. അതു് പദ്മിനിയെ ഏൽപ്പിച്ചു് അയാൾ പറഞ്ഞു.
‘മോളെ ഇതു് നല്ലോണം സൂക്ഷിച്ചു വെയ്ക്കണം. ആവശ്യായി വരും. ജീവിച്ചിരിക്കുമ്പോൾ നമ്ക്കു് സർട്ടിഫിക്കറ്റൊന്നും ആവശ്യല്ല. അങ്ങിനല്ല മരിച്ചു കഴിഞ്ഞാലു്.’
പദ്മിനി ചിരിച്ചു. ശരിയാണു്. ജീവിച്ചിരിക്കുമ്പോൾ നമുക്കു് അസ്തിത്വമില്ല. അല്ലെങ്കിൽ ജീവിതം തുടങ്ങുന്നതു് മരണത്തോടെയാണു്.
രാഘവൻ നായരോടൊപ്പം വസുമതി പടിയിറങ്ങിപ്പോകുന്നതു് പദ്മിനി നോക്കിനിന്നു. വലിയ വരമ്പിലെത്തിയപ്പോൾ വസുമതി തിരിഞ്ഞുനോക്കി. പദ്മിനി ചിരിച്ചു. അവൾ വീട്ടിലേയ്ക്കു നടന്നു. മുറ്റത്തുനിന്നു് അവൾ വീട്ടിലേയ്ക്കു നോക്കി. വലിയൊരു വീടു്, അതിൽ ഇനി താൻ ഒറ്റയ്ക്കാണു്. അവൾ വീട്ടിലേയ്ക്കു പോകാതെ തെക്കേ പറമ്പിലേയ്ക്കു് നടന്നു. പോകുന്ന വഴിയ്ക്കാണു് കിഴക്കെ കുളമുള്ളതു്. പണ്ടെങ്ങാൻ ഒരു കുട്ടി ആ കുളത്തിൽ മുങ്ങി മരിച്ചിട്ടുണ്ടത്രെ. അതുകൊണ്ടാണോ എന്നറിയില്ല ആരും ആ കുളത്തിൽ കുളിക്കാറില്ല. നല്ല തെളിവെള്ളം പകുതിയും കുളച്ചണ്ടിവന്നു് മൂടിയിരിയ്ക്കയാണു്. കിഴക്കെ അറ്റത്തായി രണ്ടു് ആമ്പലുകൾ വിരിഞ്ഞുനിൽക്കുന്നുണ്ടു്. കുട്ടിക്കാലത്തു് അവൾ അറുമുഖനോടു് പറഞ്ഞു് ആമ്പൽപൂവു് പറിച്ചെടുപ്പിക്കാറുണ്ടായിരുന്നു. അവൾ നടന്നു. അതിനും രണ്ടു കണ്ടം അപ്പുറത്താണു് പുളിമാവു്. അതിനു കീഴിൽ നീണ്ടുകിടക്കുന്ന മൺകൂനയ്ക്കുമുമ്പിൽ അവൾ നിന്നു. ഇവിടെ അവളുടെ പൂർവ്വീകന്മാരൊക്കെ ഉറങ്ങുന്നു. മുത്തച്ഛൻ, അമ്മമ്മ, അമ്മാമൻ. ഇപ്പോൾ അമ്മയും. എല്ലാവരും അവളുടെ ഒപ്പമുള്ളപോലെ തോന്നി പദ്മിനിയ്ക്കു്.
പിറ്റേന്നു തന്നെ പദ്മിനി ചാത്തയുടെ കയ്യിൽനിന്നു് കൈക്കോട്ടു് ഏറ്റുവാങ്ങി. വെള്ളം തിരിക്കൽ വീണ്ടും തുടങ്ങിയപ്പോഴാണു് അവൾക്കു് മനസ്സിലായതു്, ജോലി അറിയുന്ന ഒരാൾ ആ ജോലി എത്ര ഭംഗിയായിട്ടാണു് ചെയ്യുകയെന്നു്. ചാലുകൾ വൃത്തിയാക്കിയിരിക്കുന്നു. പൊട്ടാൻ സാധ്യതയുള്ളിടത്തെല്ലാം മണ്ണു വെട്ടിയിട്ടു് ബലപ്പെടുത്തിയിട്ടുണ്ടു്. അവളെ ആകർഷിച്ചതു് വാഴത്തോട്ടമായിരുന്നു. വാഴയുടെ തടമെല്ലാം വലുതാക്കിയിട്ടുണ്ടു്. വാഴകൾക്കെല്ലാം ഒരു നവോന്മേഷം ലഭിച്ചപോലെ തോന്നി. ശരിയ്ക്കുള്ള കൃഷിക്കാരനെ അവ തിരിച്ചറിഞ്ഞിരിക്കുന്നു!
പതിനഞ്ചു ദിവസം ജോലി ചെയ്തതിനും പന്തലിന്റെ ജോലിയ്ക്കും മറ്റുമായി കുറച്ചു പണം കൊടുക്കാൻ അവൾ ശ്രമിച്ചു.
‘എന്റെ കയ്യിലു് പണംണ്ടു്. പോരാത്തതിനു് തിരുമേനീം കൊറച്ചു് പണം കൊണ്ടന്നു തന്നിട്ട്ണ്ടു്. അപ്പൊ ചാത്തയ്ക്കു് വാങ്ങിക്കൂടെ?’
‘വാങ്ങണ്ട സമയായാൽ ചാത്ത വാങ്ങിക്കോളാം. കൊച്ചമ്പ്രാട്ടിടെ കല്യാണം കഴിയട്ടെ. വരണ തമ്പ്രാന്റെ അടുത്ത്ന്നു് ഞാൻ കണക്ക്പറഞ്ഞു് വാങ്ങിക്കോളാം പോരെ? അത്ര നിർബ്ബന്ധാണെങ്കി മോളടെ കല്യാണത്തിനു് അട്യനു് ഒരു മുണ്ടു് വാങ്ങിത്തന്നാമതി. എന്താ?’ ചാത്ത പോയിക്കഴിഞ്ഞു. എന്തിനാണു് ആ മനുഷ്യൻ തന്നെ സഹായിച്ചുകൊണ്ടിരിക്കുന്നതു? എന്തിനാണയാളുടെ മകൻ തന്നെ സഹായിക്കുന്നതു?
വൈകുന്നേരമായപ്പോഴേയ്ക്കു് ആകാശം കാർ വന്നു് മൂടി. പകൽ നല്ല ചൂടുണ്ടായിരുന്നു. രാത്രി മഴ പെയ്തു കൂടെന്നില്ല. മഴ ഇഷ്ടംപോലെ പെയ്തോട്ടെ ഇടി വെട്ടാഞ്ഞാൽ മാത്രം മതി. ഇടി പദ്മിനിയ്ക്കു് പേടിയാണു്. ഇടിവെട്ടുമ്പോൾ അവൾ അമ്മയോടു് ചേർന്നു കിടക്കുകയാണു് പതിവു്. വൈകുന്നേരം നീലി വന്നു.
‘കൊച്ചമ്പ്രാട്ടീ, അട്യൻ വേണങ്കി വന്നു് കെടക്കാം.’
‘എന്തിനാ?’
‘കൊച്ചമ്പ്രാട്ടിയ്ക്കു് പേട്യാവൂലെ?’
‘ഏയ്, എനിക്കു് പേട്യൊന്നുംല്ല്യ. എന്തെങ്കിലും ആവശ്യണ്ടെങ്കിലു് ഓടിവന്നു് നീലിയെ വിളിക്കാലോ.’
‘വിളിക്കണംട്ടാ. വാതിലും ജനലും ഒക്കെ അടയ്ക്കാൻ മറക്കല്ലെ.’
നീലി നടക്കുമ്പോൾ അമ്മിഞ്ഞകൾ കുലുങ്ങുന്നതിനനുസരിച്ചു് കഴുത്തിലിട്ട പണ്ടങ്ങൾ കലപിലെ ശബ്ദമുണ്ടാക്കി. നീലിയെ കാണുമ്പോഴെല്ലാം പദ്മിനിയ്ക്കു് കണ്ടോറമ്പക്കാവിലെ ഭഗവതിയെ ഓർമ്മ വരും. ആ മുഖത്തു് പ്രാചീനതയുടെ ഒരൊളിമിന്നലുണ്ടായിരുന്നു. ആ മതിഭ്രമം അവൾ ഇഷ്ടപ്പെട്ടു. മച്ചിനകത്തു് കുടിയിരുത്തിയതു് ഭഗവതിയെയാണു്. അവിടെ പക്ഷേ, ഭഗവതി അദൃശ്യയാണു്. എന്താണു് ഭഗവതിയുടെ പ്രതിമ വെയ്ക്കാത്തതു് എന്നു് അവൾ അമ്മയോടു് കുട്ടിക്കാലത്തു് ചോദിച്ചിരുന്നു. പ്രതിമ വെക്കാൻ പാടില്ലെന്നാണു് പ്രശ്നം വെച്ചപ്പോൾ മനസ്സിലായതത്രെ. അദൃശ്യശക്തിയായി നിലകൊള്ളാനാണു് ദേവിയുടെ ആഗ്രഹം.
‘ഇന്നു് ഇടീം മയീംണ്ടാവുന്നു് തോന്ന്ണു്.’
‘മഴ പെയ്തോട്ടെ. നല്ല ചൂട്ണ്ടു്.’
‘വിഷൂനു് നുമ്പു് ഒരു മയ പതിവാ. ഞാമ്പോണു് കൊച്ചമ്പ്രാട്ട്യേ. എന്തെങ്കിലും ആവിശ്യണ്ടെങ്കീ പറേണം.’
നീലി പടിക്കലെത്തുന്നതുവരെ പദ്മിനി നോക്കിനിന്നു. ആകാശത്തുനിന്നു് നേരിയ മുരൾച്ച കേട്ടു.
ഇടിയും മഴയുമുള്ള ഒരു ദിവസം ഒറ്റയ്ക്കു് കിടന്നു നോക്കട്ടെ. അവൾ ഇടനാഴികയിൽ ഭഗവതിക്കൂട്ടിൽ നിന്നു് നിലവിളക്കെടുത്തു കൊണ്ടുവന്നു് ഉമ്മറത്തെ തിണ്ണയിൽ ഇരുന്നുകൊണ്ടു് തുടച്ചു. അലക്കിയ മുണ്ടിന്റെ കഷ്ണമെടുത്തു് തിരി തെറുത്തു വിളക്കിലിട്ടു.
അറയകത്തു് അവൾ കുറച്ചധികം നേരം വിളക്കുമായി നിന്നു. ദേവീ, ഞാനൊറ്റയ്ക്കാണു്. എന്നെ രക്ഷിക്കണം. കണ്ണടച്ചുനിന്നപ്പോൾ ചിലമ്പിന്റെയും മാറിൽ ചാർത്തിയ സ്വർണപ്പണ്ടങ്ങളുടെയും ശബ്ദം കേട്ടുവോ. എവിടെയോ ഒരു കാൽപ്പെരുമാറ്റം. തന്റെ തോന്നലായിരിക്കും. പദ്മിനിയ്ക്കു് ഉറപ്പിക്കാനായില്ല. അവൾ പുറത്തേയ്ക്കു കടന്നു.
‘ദീപം, ദീപം…’
രാത്രി കനത്ത മഴ പെയ്തു. ഭാഗ്യത്തിനു് വലിയ ഇടിയും മിന്നലുമുണ്ടായില്ല. കിടക്കുമ്പോൾ അവൾ അമ്മയെ വിളിച്ചു. ‘അമ്മേ, ഞാനിന്നു് തൊട്ടു് ഒറ്റയ്ക്കാണു്. ന്റെ ഒപ്പംതന്നെണ്ടാവണം.’ രാവിലെ എഴുന്നേറ്റു നോക്കിയപ്പോഴാണു് മഴയുടെ ശക്തി മനസ്സിലായതു്. മുറ്റത്തുനിന്നു് മഴവെള്ളം കുത്തിയൊലിച്ചുപോയ പാടുകൾ. മുറ്റം വൃത്തിയായി കിടക്കുന്നു. അവിടെയുമിവിടെയുമായി ഏതാനും മാവിലകൾ മാത്രം ചിതറിക്കിടക്കുന്നുണ്ടു്. അവൾ മുറ്റമടിച്ചില്ല. അടുക്കള വൃത്തിയാക്കി, കഞ്ഞി അടുപ്പത്താക്കി. പുറത്തിറങ്ങിയപ്പോഴേയ്ക്കു് അറുമുഖൻ എത്തിയിരുന്നു. അവൻ ചാലുകൾ പരിശോധിക്കുകയാണു്.
‘നല്ല മഴ്യായിരുന്നു.’
‘അതെ,’ അവൻ പറഞ്ഞു. ‘ഞാൻ നമ്മടെ പണപ്പൊക്കെ പൊട്ട്യോന്നു് നോക്ക്വായിരുന്നു. ഇല്ല, വല്യ കൊഴപ്പല്ല്യ. ഇനി ഒരു നാലു ദിവസത്തേയ്ക്കു് നന വേണ്ട.’
വാഴയ്ക്കൊക്കെ ഒരു പുതിയ ജീവൻ ലഭിച്ചപോലെ. മഴയിൽ കഴുകി വൃത്തിയാക്കപ്പെട്ട ഇലകൾക്കു് സൂര്യവെളിച്ചത്തിൽ നല്ല തുടുപ്പു്.
‘വാഴ്യൊക്കെ കൊല വരേണ്ട സമയായിരിക്കുണു. ഓണത്തിനു് മുമ്പു് മൂത്തു് കിട്ടുംന്നു് തോന്ന്ണ്ണ്ടു്.’
വാഴകൾക്കിടയിൽ നിന്നപ്പോൾ അറുമുഖന്റെ തലയ്ക്കു മുകളിൽ ഇലകളുടെ മേലാപ്പു്. അയാളെ വാഴകളിൽ നിന്നു് വേർതിരിച്ചറിയാൻ കഴിയില്ലെന്നു തോന്നി.
‘ഇന്നു് ഞാൻ തിരുമേനിടെ വീടുവരെ ഒന്നു് പോയാലോന്നു് ആലോചിക്ക്യാണു്.’
‘എന്തിനാ?’
‘വെറ്തെ. അന്നു് ചെയ്ത ഉപകാരത്തിന്തന്നെ നന്ദി പറഞ്ഞില്ല. അന്നു് പിന്നെ അമ്മ കെടപ്പായിരുന്നൂലോ.’
‘പോവാം. ഞാൻ ബസ്സ് കേറ്റിത്തന്നാപ്പോരെ?’
‘മതി.’
‘എന്താ തിരുമേനിടെ ഒരന്തസ്സ്! മൂപ്പരിങ്ങട്ടു് പടികേറി വന്നപ്പൊ എല്ലാരും എണീറ്റ് തൊഴ്‌വായിരുന്നു.’ അറുമുഖൻ പറഞ്ഞു. ‘ഞാൻ ഇങ്ങനെ ഒരാളെ നടാടെ കാണ്വാ.’
തിരുമേനിയുടെ ആകാരം മനസ്സിൽ കാണുന്നപോലെ അറുമുഖൻ ഒരു മിനുറ്റ് കണ്ണടച്ചു നിന്നു.
‘ഞാൻ വിവരം പറയാൻ പോയപ്പോ ന്റെ കാര്യൊക്കെ ചോദിച്ചു. ഉമ്മറത്തു് കേറി ഇരിക്കാനൊക്കെ പറഞ്ഞു. പത്തു് പന്ത്രണ്ടു് കൊല്ലം മുമ്പു് എന്നെ ഇല്ലത്തേയ്ക്കു് കൊണ്ടന്നിരുന്നൂന്നു് ഞാൻ പറഞ്ഞു. അപ്പ കൊറച്ചു് നേരം അദ്ദേഹം കണ്ണും അടച്ചിരുന്നു. ന്ന്ട്ടു് പറയാണു് കരിമൂർഖനായിര്ന്നില്ലേന്നു്. അന്നു് വിളിച്ചു് വരുത്തി കൊത്തീട്ടല്ലേ വെഷെറക്കീത്ന്നു്. നല്ല ഓർമ്മണ്ടു്. അതൊരു ഗഡുവായിരുന്നുന്നു് പറഞ്ഞു. ആയുസ്സിന്റെ ബലംകൊണ്ടു് രക്ഷപ്പെട്ടതാണ്ന്നു്.’
‘അന്നു് രക്ഷപ്പെട്ടതു് എന്നെ സഹായിക്കാനായിരിക്കും.’ പദ്മിനി പറഞ്ഞു. ‘ആലോചിക്കുമ്പ എന്തൊക്ക്യോ ബന്ധങ്ങള്ണ്ട്ന്നു് തോന്നുണു. ഈ മുജ്ജന്മബന്ധംന്നൊക്കെ പറേണതിലു് എന്തെങ്കിലും കാര്യണ്ടാവും. അല്ലെങ്കിലു് ഞാനെന്തിനാപ്പൊ തിരുമേനിടെ അട്ത്തു് എത്തിപ്പെട്ടതു?’
‘ആർക്കറിയാം.’
ബസ്സ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ഇരുവശത്തുമുള്ള വീടുകളിൽനിന്നു് സ്ത്രീകൾ ചെയ്തിരുന്ന ജോലികൾ നിർത്തിവച്ചു് വേലിക്കൽ തലനീട്ടിക്കൊണ്ടു് അവളോടു് അന്വേഷിച്ചു. ‘കൊച്ചമ്പ്രാട്ടി എങ്ങട്ടാ പോണു്?’ അല്ലെങ്കിൽ ‘മോള് എങ്ങട്ടാ പോണേ?’ അതുമല്ലെങ്കിൽ ‘പദ്മിനി എങ്ങോട്ടു പോണു?’
കഴിഞ്ഞ പ്രാവശ്യം അവൾ പോകുമ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. എന്താണു് പെട്ടെന്നുള്ള ഈ മാറ്റത്തിനു കാരണം?
‘അതെന്താന്നറിയ്യോ?’ അറുമുഖൻ വിശദീകരിച്ചു. ‘വല്ല്യമ്പ്രാട്ടി മരിച്ചപ്പഴും അടിയന്തിരത്തിനും ഒക്കെ തിരുമേനി വീട്ടിലു് വന്നതു് എല്ലാരും അറിഞ്ഞിരിക്കുണു. അതിന്റെയാണു്.’
ശരിയായിരിക്കാം. ഇല്ലത്തേയ്ക്കാണു് പോകുന്നതെന്നറിഞ്ഞപ്പോൾ എല്ലാവരും ബഹുമാനപൂർവ്വം ഒതുങ്ങിനിൽക്കുകയാണു്. കുറച്ചു് വെണ്ടയും വഴുതിനയും പുതുതായി അറുത്തതു് അവൾ ഒരു സഞ്ചിയിലെടുത്തിരുന്നു. അറുമുഖനാണു് പറഞ്ഞതു്. ‘കൊച്ചമ്പ്രാട്ടി ണ്ടാക്കീതാന്നു് പറഞ്ഞു് കൊറച്ചു് പച്ചക്കറീം കൊണ്ടെക്കൊടുക്കായിരുന്നു’ എന്നു്. അതു നന്നായി എന്നു് ഇപ്പോൾ തോന്നുന്നു. വെറും കയ്യോടെ പോണ്ടല്ലോ.
തിരുമേനിയ്ക്കു് പച്ചക്കറി കിട്ടിയതു് നന്നെ ഇഷ്ടമായി. അദ്ദേഹം അതെല്ലാം എടുത്തുനോക്കി, കല്യാണിയമ്മയെ വിളിച്ചു.
‘കല്യാണിയമ്മേ ഈ മിടുക്കി കൊറച്ചു് പച്ചക്കറിയൊക്കെ കൊണ്ടന്ന്ട്ട്ണ്ടു്. ഇന്നന്നെ ഇതോണ്ടു് സാമ്പാറ്ണ്ടാക്കണം.’
‘ഓ…’ കല്യാണിയമ്മ അവളെ നോക്കി ചിരിച്ചുകൊണ്ടു് നിലത്തുവച്ച സഞ്ചിയെടുത്തു. കൊണ്ടുപോയി.
‘കുടിക്കാൻ സംഭാരായിക്കോട്ടെ, അല്ലെ?’
പദ്മിനി തലയാട്ടി. കഴിഞ്ഞ പ്രാവശ്യം കുടിച്ച സംഭാരം അവൾക്കു് ഇഷ്ടമായിരുന്നു.
‘അമ്മായി ഇപ്പഴും വീട്ടിലില്ലേ?’
‘ഇല്ല, അവരു് ഇന്നലെ തിരിച്ചു പോയി.’
‘അപ്പോ മോക്കു് കൂട്ടിനു് ആരാള്ളതു?’
‘എനിക്കു് ഒറ്റയ്ക്കു് പേടിയൊന്നും ഇല്ല. എന്നോടു് അവര്ടെ വീട്ടീ പോയി താമസിക്കാംന്നു് പറഞ്ഞു. അതു് ശര്യാവില്ല. ഇവിടെ നനയൊക്കെ തൊടങ്ങീട്ട്ണ്ടു്. ഞാല്ലെങ്കി അതൊന്നും ശര്യാവില്ല.’
തിരുമേനി കുറച്ചുനേരം കണ്ണടച്ചിരുന്നു. പിന്നെ ചെല്ലപ്പെട്ടി തുറന്നു് വെറ്റിലയെടുത്തു ഞെട്ടി കളഞ്ഞു് ചുണ്ണാമ്പു തേക്കാൻ തുടങ്ങി.
‘ശര്യാണു്. അവനവന്റെതായിട്ടു് ഒരിടംതന്നെ വേണം. ഓരോര്ത്തർക്കും ഓരോ തട്ടകംണ്ടു്. മോൾക്കു് ധൈര്യംണ്ടെങ്കി കുഴപ്പല്യ. അട്ത്തു് സഹായിക്കാനൊക്കെ ആളില്ലേ?’
‘ണ്ടു്, പടിക്കല്തന്നെ ചാത്തടെ വീടാണു്. അയാള്ടെ ഭാര്യ നീലിണ്ടു്, മകന്ണ്ടു്. അവരൊക്കെ നല്ലോണം സഹായിക്കും. ഒന്ന്രണ്ടു് തലമുറ്യായിട്ടു് ഞങ്ങടെ വീട്ടിലെ ആശ്രിതന്മാരായിരുന്നു. നല്ലവരാണു്.’
‘അന്നു് മരണറിയിക്കാൻ വന്ന കുട്ടി അല്ലെ? എന്താ പേരു്…?’ തിരുമേനി നെറ്റിമേൽ കൈവച്ചു് ആ പേർ ഓർമ്മിയ്ക്കാൻ ശ്രമിച്ചു.
‘അറുമുഖൻ.’
‘അതെ, അവൻ നല്ലവനാ. നല്ല ബുദ്ധിള്ള കുട്ട്യാണു്.’ തിരുമേനി കുറച്ചു നേരം സ്വന്തം മകനെപ്പറ്റി ആലോചിച്ചു. മുടങ്ങാതെ പണമയച്ചുതരുന്നു, കത്തുകളെഴുതുന്നു. അധികവും അവന്റെ യാത്രകളെപ്പറ്റിയാണു്. ഒന്നുകിൽ കമ്പനിവക യാത്രകൾ, അല്ലെങ്കിൽ സ്നേഹിതന്മാരോടൊപ്പം ഉല്ലാസയാത്രകൾ. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ. അദ്ഭുതം തോന്നുന്നു. മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞു. അവന്റെ ജീവിതത്തിൽ വിവാഹത്തിന്റെ കള്ളികൾ ഒഴിഞ്ഞു കിടന്നു. ജാതകത്തിൽ അങ്ങിനെയൊരു യോഗം കാണാനുമില്ല.
കല്യാണിയമ്മ സംഭാരം രണ്ടു ഗ്ലാസ്സുകളിലാക്കി കൊണ്ടുവന്നു.
‘മോള് വെറ്തെ വന്നതല്ലേ? വിശേഷൊന്നുംല്ല്യല്ലോ.’
‘ഏയ്, ഞാൻ വെറുതെ തിരുമേനീനെ കാണാനും നന്ദി പറയാനും വന്നതാണു്.’
‘നന്ദി എന്ന വാക്കിന്റെ ആവശ്യമുണ്ടോ കുട്ടീ? ഒരു മകൾ അച്ഛനോടു് നന്ദി പറയാറുണ്ടോ? നീയെനിയ്ക്കു് പിറന്നിട്ടില്ലാത്ത മകളാണു്. ഒരു പെൺകുട്ടിയും എന്നെ അച്ഛനെന്നു വിളിക്കാനില്ല. മകന്റെ കാര്യൊന്നും തീർച്ചല്ല്യ. എന്നെ ഒരു അച്ഛനെപ്പോലെ കരുതിയാൽ മതി. എപ്പൊ വേണങ്കിലും ഓടിവരാം. അതെത്ര കാലം പറ്റുംന്നൊന്നും പറയാൻ വയ്യ. അറുപത്തഞ്ചു് കഴിഞ്ഞു. ഇതൊന്നും നമ്മടെ കയ്യിലല്ലല്ലോ.’
‘ഞാൻ തിരുമേനിടെ ആയുസ്സിനു വേണ്ടി പ്രാർത്ഥിക്കാം.’
‘ഊണു കഴിച്ചിട്ടു് പോയാമതി. എന്താ?’
അവൾ ഒന്നും പറഞ്ഞില്ല.
‘ന്നാ അകത്തു് പൊയ്ക്കോളു. അവിടെ കല്യാണിയമ്മ നെനക്കു് എന്തെങ്കിലും ഒക്കെ തിന്നാൻണ്ടാക്കിത്തരും. രാമന്നായരേ.’
‘ഓ…’
രാമൻ നായർ ഉമ്മറത്തേയ്ക്കു വന്നു.
‘ഈ കുട്ടി ഊണു കഴിക്കാന്ണ്ടാവുംന്നു് കല്യാണിയമ്മ്യോടു് പറയണം. പിന്നെ എനിക്കു് കുളിക്കണം.’
‘കൊളത്തീന്നന്നെ അല്ലെ ആവോ?’
‘ങാ, ഇന്നു് കൊളത്തിലു് കുളിക്കാം.’
തിരിച്ചു വന്നപ്പോൾ വീടു തുറക്കുന്നതിനുമുമ്പു് പദ്മിനി പോയി നോക്കിയതു് അവളുടെ പച്ചക്കറികൃഷിയായിരുന്നു. ഒന്നും പറ്റിയിട്ടില്ല. വേലി പൊളിഞ്ഞതുകൊണ്ടു് വല്ല പശുക്കളും വന്നാൽ അതെല്ലാം വേരടക്കം നശിപ്പിക്കും. മനുഷ്യന്മാരാരും അങ്ങിനെ കയറിവരാറില്ല. തേങ്ങ കളവുപോകുന്നുണ്ടെന്നറിഞ്ഞപ്പോൾ ചാത്ത കാളിയുടെ വീട്ടിൽ പോയി ബഹളം കൂട്ടി. അതിനുശേഷം തേങ്ങയും മടലും പോയിട്ടില്ല. എല്ലാവർക്കും ചാത്തയെ പേടിയാണു്. ചാത്തയാണു് ഈ പറമ്പിലെ കാര്യങ്ങൾ അന്വേഷിക്കുന്നതെന്നറിയാവുന്നവർ പറമ്പിലേയ്ക്കു് അത്ര ധൈര്യപൂർവ്വം കടക്കില്ല. ദുർമന്ത്രവാദവും ഒടിമറിച്ചിലും ചാത്തോപാസനയുമുള്ളതുകൊണ്ടു് ആൾക്കാർ അയാളുമായി ഒരു സംഘട്ടനത്തിനു് പോകാറില്ല. ഒരു ഒടിയന്റെ കൈകൊണ്ടു് കഴുത്തൊടിഞ്ഞു മരിക്കാൻ ആർക്കാണു് താല്പര്യം?
ആകാശം രാത്രിയ്ക്കുള്ള കോള് വട്ടംകൂട്ടുന്നുണ്ടു്. കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നു. ആയ്ക്കോട്ടെ, ഇടി വരാഞ്ഞാമതി.
കല്യാണിയമ്മ നല്ല സ്ത്രീയാണു്. സ്നേഹമുള്ള, ഉള്ള സ്നേഹം പ്രകടിപ്പിക്കുന്ന ഒരമ്മ. പദ്മിനി അടുക്കളയിൽ അവരെ സഹായിക്കാൻ ശ്രമിച്ചു. പക്ഷേ, അവർ സമ്മതിച്ചില്ല. ‘മോള് അവിടെ ഒരുപാത്തിര്ന്നു് സംസാരിച്ചാ മതി. ജോല്യൊക്കെ ഞാൻ ചെയ്തോളാം.’ അവരുടെ സ്നേഹം വെറും പ്രകടനമല്ലെന്നവൾക്കു മനസ്സിലായി.
‘ന്റെ മോള് പന്ത്രണ്ടാം വയസ്സിലാ മരിച്ചതു്. വെറും പന്യായിരുന്നു. അതു് കഴിഞ്ഞിട്ടു് നാലു കൊല്ലം കഴിഞ്ഞപ്പൊ അവള്ടെ അച്ഛനും മരിച്ചു. ഞാൻ ഒറ്റയ്ക്കായി. മോള് ജീവിച്ചിരിക്ക്ണ്ണ്ടെങ്കിൽ ഇപ്പ പത്ത്നാൽപ്പതു് വയസ്സായിട്ട്ണ്ടാവും.’
‘ഒക്കെ വിധ്യാണു് മോളെ.’ കണ്ണിൽ നിറഞ്ഞ ജലം മേൽമുണ്ടിന്റെ അറ്റംകൊണ്ടു് തുടച്ചു് അവർ പറഞ്ഞു. പദ്മിനിയ്ക്കു് ന്റെ പേരക്കുട്ട്യാവാന്ള്ള പ്രായേള്ളു.’
വിധി അവരെ തിരുമേനിയുടെ അടുത്തെത്തിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുക എന്നതുമാത്രമാണു് അവരുടെ ജീവിതോദ്ദേശ്യം. തിരുമേനിയുടെ കാലം കഴിഞ്ഞാലോ? അവർതന്നെ ചോദിച്ച ആ ചോദ്യത്തിനു് അവർതന്നെ മറുപടി നല്കി. വിധി എന്തെങ്കിലും കണ്ടുവച്ചിട്ടുണ്ടാവും.
വിധിയിൽ അമ്മയും വിശ്വസിച്ചിരുന്നു. എന്തു വിഷമവും അവർ സഹിച്ചിരുന്നതു് അതു് വിധി തനിക്കായി ഒരുക്കിവച്ചിട്ടുള്ളതാണെന്ന അറിവാണു്. എന്തിനാണു് അങ്ങിനെ ഒരു വിധി എന്നവർ ഒരിക്കലും ചോദ്യം ചെയ്തില്ല. വിധിയ്ക്കുമുമ്പിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്നു് അവർക്കറിയുമായിരിക്കും.
വൈകുന്നേരം അറുമുഖൻ വരുമ്പോൾ കുറേശ്ശെ മഴ ചാറിയിരുന്നു.
തിരുമേനിയുടെ ഒപ്പമിരുന്നാണു് ഊണു കഴിച്ചതെന്നു പറഞ്ഞപ്പോൾ അറുമുഖൻ പറഞ്ഞു.
‘കൊച്ചമ്പ്രാട്ടിടെ ഭാഗ്യം. എത്ര വല്യേ മനുഷനാ.’
പെട്ടെന്നവൾക്കു വിഷമം തോന്നി. അറുമുഖനു് സ്വന്തം നിലയെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. മരണമറിയിക്കാൻ പോയപ്പോൾ തിരുമേനി അവനോടു് ഉമ്മറത്തേയ്ക്കു കയറി ഇരിക്കാൻ പറഞ്ഞതു് അവനെ അദ്ഭുതപ്പെടുത്തിയിരുന്നു. അതൊരു വലിയ കാര്യമായിട്ടാണു് അവൻ കരുതുന്നതു്. സാധാരണ ഒരില്ലത്തു ചെന്നാൽ ഇപ്പോഴും പടിപ്പുറത്തു് നിൽക്കേണ്ട ഗതികേടാണെന്നു് അവനറിയാം. ഉമ്മറത്തു കയറിയിരിക്കാൻ പറഞ്ഞതു് തിരുമേനിയുടെ വലിയ മനസ്സിനെയാണു് കാണിക്കുന്നതെന്നു് അവൻ പറഞ്ഞു. അറുമുഖൻ ഇപ്പോഴും ഈ വീട്ടിൽക്കൂടി ഉമ്മറത്തേയ്ക്കു കയറാറില്ല എന്നതു് പദ്മിനിയ്ക്കു് ഓർമ്മ വന്നു. ഇവിടെ വിലങ്ങുകളൊന്നുമുണ്ടായിട്ടല്ല. അദൃശ്യമായ എന്തോ ഒന്നു് പക്ഷേ, അവനെ വിലക്കിയിരുന്നു. പദ്മിനിയ്ക്കു് സ്വയം നിന്ദ അനുഭവപ്പെട്ടു.
‘ഇന്നും നല്ല മഴണ്ടാവുംന്നാ തോന്നണതു്.’ പദ്മിനി പറഞ്ഞു.
‘ഇന്നും മഴ കിട്ട്വാണെങ്കിൽ നാളെ വെതയ്ക്കാൻ പോണം. വിഷൂനു് മുമ്പു് വെത കഴിക്കണംന്നാ തമ്പ്രാൻ പറഞ്ഞിട്ട്ള്ളതു്. ഇന്നു് ഭരണി അല്ലെ, തിരുവാതിര നല്ല ദെവസാണു്. അല്ലെങ്കിൽ വിഷു കഴിഞ്ഞു് വിശാഖം വരെ പോണം.’
അറുമുഖന്റെ നാട്ടറിവിൽ പദ്മിനിയ്ക്കു് അദ്ഭുതമായി. അവൻ വളർന്നു വലുതായിരിക്കുന്നു. ഒത്ത ശരീരം. കറുപ്പിനോടടുത്ത നിറമാണെങ്കിലും ചാത്തയുടെ അത്രതന്നെ കറുത്തിട്ടല്ല. അവൻ വളർന്നതിനോടൊപ്പം അവന്റെ അറിവും വളർന്നിരിക്കുന്നു. അതു പുസ്തകങ്ങളിൽനിന്നു ലഭിച്ച അറിവു മാത്രമല്ല.
‘വെത തൊടങ്ങ്യാൽ രണ്ട്മൂന്നു് ദെവസം നല്ല ജോല്യായിരിക്കും. രാത്രി വീട്ടിലെത്താൻ വൈകും, നേരത്തെ പോണ്ടി വരൂം ചെയ്യും. ഇവിടെ ഏതായാലും ഒരാഴ്ചയ്ക്കു് നന വേണ്ടി വരില്ല. അപ്പൊ അമ്മ്യോടു് എടയ്ക്കു് വന്നു് അന്വേഷിക്കാൻ പറയാം. എന്തെങ്കിലും ആവശ്യണ്ടെങ്കിൽ അമ്മ്യോടു് പറഞ്ഞാൽ മതി.’
മഴ കൂടുകയാണു്.
‘അറുമുഖൻ പൊയ്ക്കോളു. ഇനി മഴ നനഞ്ഞു് പോവാൻ എട്യാക്കണ്ട.’
‘ഏയ് അതൊന്നും ന്നെ ഏശില്ല. കടേന്നു് വല്ലതും വാങ്ങാന്ണ്ടോ? ഇനി രണ്ടുമൂന്നു ദെവസത്തേയ്ക്കു് സമയം കിട്ടില്ല.’
‘ഇല്ല. തല്ക്കാലം ഒന്നുംല്യ.’
അറുമുഖൻ പോയി. പദ്മിനി മുറ്റത്തു് മഴത്തുള്ളികൾ ശക്തിയാർജ്ജിച്ചു വരുന്നതു് നോക്കി നിന്നു. പെട്ടെന്നു് ഒരു മിന്നലും അതിന്റെ പിന്നാലെ ചെകിടടയുന്ന ഇടിയും. അവൾ ചാടിയെഴുന്നേറ്റ് അകത്തേയ്ക്കോടി. ദൈവമേ ഇതു് ആരു് പറഞ്ഞിട്ടാണു് കൊടുത്തയച്ചിരിക്കണതു? അവൾ കട്ടിലിൽ കയറി ചൂളിയിരുന്നു. പുറത്തു് പെട്ടെന്നു് ഇരുട്ടി. വിളക്കു കൊളുത്തേണ്ട സമയമായി. ഈ ഇടിയും മിന്നലും നിന്നിട്ടേ ഞാനിവ്ട്ന്നു് എണീക്കു. അല്ലെങ്കിൽ ഇന്നു് മച്ചിലെ ഭഗവതി വിളക്കു കണ്ടില്ലെന്നേ വരു. ഒരു ശക്തിയായ കാറ്റിൽ ജനലുകൾ കൊട്ടിയടയപ്പെട്ടു. അതു നന്നായി. തുറന്ന ജനലിലൂടെ വന്ന മിന്നൽ അവളെ ഭയപ്പെടുത്തിയിരുന്നു. ഭഗവതിയുടെ ഇടപെടൽ കാരണമായിരിക്കണം കുറച്ചു കഴിഞ്ഞപ്പോൾ മഴയുടെ ശക്തി കുറഞ്ഞു. ഇടി ഒരു മുരൾച്ച മാത്രമായി മാറി. അവൾ എഴുന്നേറ്റു് നിലവിളക്കു കത്തിച്ചു. ഉമ്മറത്തെത്തിയപ്പോഴാണു് മനസ്സിലായതു്. നല്ല കനത്ത മഴയായിരുന്നു. അന്തരീക്ഷം ആകെ തണുത്തു. ഇന്നു് ഉറങ്ങാൻ നല്ല സുഖമായിരിക്കും. റാന്തൽ കത്തിച്ചുകൊണ്ടു് പദ്മിനി അടുക്കളയിലേയ്ക്കു കടന്നു.
ഉച്ചത്തേയ്ക്കുള്ള ചോറും കൂട്ടാനും ഉണ്ടാക്കിവച്ചിട്ടാണു് അവൾ പോയിരുന്നതു്. അതങ്ങിനെത്തന്നെ ഇരിക്കുന്നുണ്ടു്. ഭാഗ്യത്തിനു് കേടുവന്നിട്ടില്ല. അവൾ നിലത്തിരുന്നുകൊണ്ടു് ഊണു കഴിച്ചു. ഉച്ചയ്ക്കു് തിരുമേനിയുടെ വീട്ടിൽ കയ്പ്പക്ക മെഴുക്കുപുരട്ടിയുണ്ടായിരുന്നു. നല്ല സ്വാദു്. അവൾ കാര്യമായി അതു കൂട്ടിയാണു് ഊണു കഴിച്ചതു്. എത്രയോ ദിവസമായി വെണ്ടക്ക സാമ്പാറും വഴുതിനങ്ങ മെഴുക്കുപുരട്ടിയും കഴിച്ചു് അവൾക്കു് മടുത്തിരുന്നു. ചീര ഒരുമാതിരി ഉയരം വച്ചിട്ടുണ്ടു്. നാളെ കുറച്ചു് ചീര മുറിച്ചെടുക്കണം. നേരിയതായി അരിഞ്ഞു് കപ്പൽമുളകു് വറവിട്ടു് മെഴുക്കുപുരട്ടിയുണ്ടാക്കിയാൽ നല്ല സ്വാദുണ്ടാവും. ഊണു കഴിച്ചു് വാതിലുകളടച്ചു് അവൾ ഉറങ്ങാൻ കിടന്നു.
രാത്രി കനത്ത മഴ പെയ്തു. ഒപ്പം ഇടിയും മിന്നലും. ജനൽപ്പൊളിയുടെ വിള്ളലിലൂടെ മിന്നൽ കടന്നു വരുന്നതവൾ കാണുന്നുണ്ടായിരുന്നു. എന്തെങ്കിലുമാവട്ടെ. എന്റെ കൈയ്യിലല്ലാത്ത കാര്യങ്ങളെപ്പറ്റി ആലോചിച്ചിട്ടു് എന്തു കാര്യം. ഉമ്മറത്തുനിന്നു് നിലവിളക്കു് എടുത്തില്ലെന്നു് എപ്പോഴോ ഓർമ്മ വന്നു. സാരമില്ല. ഈ കാറ്റിൽ തിരി കെട്ടിട്ടുണ്ടാവും. കെട്ടുപോയ ഒരു വിളക്കും കാറ്റിൽ മഴവെള്ളമടിച്ചു് നനഞ്ഞ വിജനമായ ഉമ്മറവും മനസ്സിൽ കിടന്നു കളിച്ചുകൊണ്ടു് അവൾ ഉറക്കത്തിലേയ്ക്കു വഴുതി വീണു.
രാവിലെ എഴുന്നേറ്റപ്പോൾ അവൾക്കു് മോലാസകലം വേദന തോന്നി. ജനൽ തുറന്നിട്ടു. തണുത്ത കാറ്റു് ഉള്ളിലേയ്ക്കു കടന്നു് അവളെ കുളിരണിയിച്ചു. അവൾക്കു് വീണ്ടും കിടക്കാനാണു് തോന്നിയതു്. മൂടിപ്പുതച്ചു കിടന്നപ്പോൾ സുഖം തോന്നി, അങ്ങിനെ ഉറക്കത്തിലാണ്ടു പോവുകയും ചെയ്തു. പിന്നെ എഴുന്നേറ്റപ്പോൾ നേരം എട്ടു മണിയായി. എന്താണങ്ങിനെ പറ്റാൻ? മേൽ വേദന അപ്പോഴുമുണ്ടു്. ദേഹത്തിൽ നേരിയ ചൂടു് അനുഭവപ്പെട്ടു. പനിക്കുന്നുണ്ടോ?
ഇന്നു് അടിച്ചു വാരാനൊന്നും വയ്യ. അടുപ്പു കൂട്ടി കഞ്ഞിപ്പാത്രം അടുപ്പത്തു കയറ്റി അവൾ ഉമ്മറത്തു വന്നിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ നീലി നടന്നുവരുന്നതു കണ്ടു.
‘എന്താ കൊച്ചമ്പ്രാട്ടി എണീക്കാൻ വൈക്യാ. അട്യൻ ജന്ലിക്കൂടെ നോക്ക്യപ്പൊ നല്ലൊറക്കാ.’
‘മേലു് വേദനണ്ടു്.’
‘മഴ കാരണാ. ന്നു് അടിച്ചുവാരീട്ടില്ല്യല്ലെ? നീലി അടിച്ചുവാരട്ടാ?’
‘വേണ്ട നീലി. പറ്റ്വെങ്കിൽ അടുക്കളേലു് പോയിട്ടു് അരിക്കഞ്ഞി ഒന്നു് നോക്കാവ്വോ? അരി വെന്ത്ട്ട്ണ്ടാവും.’
‘ഞാൻ നോക്കണാ. അടുക്കളേലു് കേറണ്ടെ?’
‘അതോണ്ടെന്താ? ഒന്നു് വേഗം നോക്കി വരു.’
പാവം നീലി. അവൾ വീടു ചുറ്റി പോയി അടുക്കളയിൽ കടന്നു് അതേ വഴിയ്ക്കു് തിരിച്ചുവന്നു.
‘വെന്തിരിക്ക്ണു്. വാങ്ങിവച്ചിട്ട്ണ്ടു്.’
‘എന്താ നീലിയ്ക്കു് ഉമ്മറത്തുകൂടെ പോവ്വായിര്ന്നില്ലെ?’
നീലി ചിരിച്ചു.
‘ഞങ്ങള് അങ്ങനെ വീട്ടീ കടക്കൂലാ. ദേവകി തീയ്യത്തിയല്ലെ. ഓൾക്കു് കൊയപ്പല്യ. ഞങ്ങള് ചെറുമക്കളല്ലെ, അകത്തു് കടക്കാൻ പാടൂല.’
‘ഇനി തൊട്ടു് കടന്നു നോക്കു എന്താ സംഭവിക്ക്യാന്നു് നോക്കാലോ.’
നീലി ഒന്നും പറയുന്നില്ല. പദ്മിനിയ്ക്കു് അമ്മയോടു് ദേഷ്യം തോന്നി. അമ്മയ്ക്കു് ഇതൊക്കെ മാറ്റാമായിരുന്നു. പഴയ ആചാരങ്ങൾ, ചിട്ടകൾ. അതൊക്കെ അനുഷ്ഠിച്ചിട്ടു് അമ്മയ്ക്കു് എന്തു ഗതിയാണുണ്ടായതു്. സ്വന്തം ജീവിതത്തിൽനിന്നെങ്കിലും പഠിക്കേണ്ടതായിരുന്നു. അങ്ങിനെ ചെയ്തില്ല എന്നതായിരിക്കണം അമ്മയുടെ പരാജയം. ഭർത്താവു മരിച്ച ശേഷം ഏട്ടന്റെ ചൊൽപടിയ്ക്കു നിന്നു. ഏട്ടൻ പറഞ്ഞ ഏതെങ്കിലും കാര്യങ്ങൾ ശരിയല്ല എന്നു തോന്നിയാൽ അതിനെ എതിർക്കുകയെങ്കിലും ചെയ്യാമായിരുന്നു. മറിച്ചു് എല്ലാ അവഗണനയും സഹിച്ചു് അർഹതപ്പെട്ട ഒന്നും നേടാതെ, അനുഭവിക്കാതെ അവർ മരിച്ചുപോയി. സഹതാപം അർഹിക്കുന്ന ഒരു സ്ത്രീ. പക്ഷേ, അവൾക്കു് ദേഷ്യമാണു് തോന്നിയതു്.
നീലി പോയപ്പോൾ പദ്മിനി അകത്തു കടന്നു, കിടപ്പറയിൽ പോയി അമ്മയുടെ മുണ്ടിൻപെട്ടിയുടെ മുമ്പിലിരുന്നു. അമ്മയെപ്പറ്റി ഇത്രയും ആലോചിച്ചതിൽത്തന്നെ അവൾക്കു പശ്ചാത്താപം തോന്നി. പാവം. അമ്മയെ തലോടുന്നപോലെ അവൾ ആ പെട്ടി തലോടി. അമ്മ മരിച്ചശേഷം അവൾ അതു തുറക്കുകയുണ്ടായിട്ടില്ല. മരിച്ചുപോയാലും അമ്മയ്ക്കു് സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശമുണ്ടു് എന്നവൾ കരുതി. അതിനു വലിയ അർത്ഥമില്ലെന്നും ഇനി അമ്മയുടെ എല്ലാം തനിക്കുള്ളതാണെന്നും അവൾ ഓർത്തു, സ്വകാര്യതയടക്കം. അമ്മയും അതായിരിക്കും ഉദ്ദേശിച്ചിട്ടുള്ളതു്. പെട്ടിയുടെ മീതെ ഇട്ട തടുക്കുപുൽപായയ്ക്കു താഴെ നിന്നു് താക്കോലെടുത്തു് പെട്ടി തുറന്നു. പെട്ടിയ്ക്കു് ഒരു പ്രത്യേക മണമാണു്. അവളുടെ ചെറുപ്പത്തിൽ അമ്പലത്തിൽ പോവാനായി അമ്മ ഉടുത്തൊരുങ്ങി വരുമ്പോൾ ഈ മണമാണുണ്ടാവാറ്. കൈതപ്പൂവിന്റെ മണമാണോ?
പെട്ടിയിൽ അധികവും അമ്മയുടെ മുണ്ടുകളാണു്. കസവുമുണ്ടുകൾ. ഇതിൽ ഏതു മുണ്ടായിരിക്കും തിരുമേനി കൊടുത്തയച്ചതു? കല്യാണത്തിന്റെ തലേന്നു് അച്ഛൻ തിരുമേനി ഒരു കസവുമുണ്ടു കൊടുത്തയച്ചിരുന്നുവെന്നും അതാണു് കല്യാണത്തിനു് ഉടുത്തതെന്നും അമ്മ ഒരിക്കൽ പറഞ്ഞിരുന്നു. പെട്ടിയുടെ അടിയിൽനിന്നു് അവൾക്കു് ആ സെറ്റുമുണ്ടു് കിട്ടി. ഇപ്പോഴും തുടുത്ത കസവുള്ള ആ മുണ്ടു് മറ്റൊരു മുണ്ടിനുള്ളിൽ പൊതിഞ്ഞു് സൂക്ഷിച്ചിരിക്കയാണു്. ഒപ്പംതന്നെ അതിന്റെ ബ്ലൗസുമുണ്ടു്. വലുപ്പം നോക്കുമ്പോൾ തന്റെ ബ്ലൗസിന്റെ വലുപ്പമുണ്ടു്. അമ്മ തന്നെപ്പോലെ അത്യാവശ്യം തടിയുള്ള സ്ത്രീയായിരുന്നുവെന്നതു് അവൾക്കു് അദ്ഭുതമുണ്ടാക്കി. അവൾക്കു് ഓർമ്മവച്ച കാലംതൊട്ടു് അവർ മെലിഞ്ഞിട്ടായിരുന്നു. അതിനടുത്തായി ഒരു ചെറിയ പെട്ടി കിടക്കുന്നതു് എടുത്തുനോക്കി. അതിൽ ഒരു നെക്ക്ലേസും പാലയ്ക്കാമോതിരവും. ഈ രണ്ടു് ആഭരണങ്ങളും അമ്മ അണിയുന്നതു് അവൾ കണ്ടിട്ടേ ഇല്ല. മകൾക്കു് കല്യാണദിവസം അണിയാനായി മാറ്റിവച്ചതായിരിക്കണം അവ. പാവം അമ്മ. പദ്മിനിയുടെ കണ്ണുകൾ നീരണിഞ്ഞു. അവൾ നെക്ക്ലേസ് എടുത്തു കഴുത്തിൽ വച്ചുനോക്കി. എഴുന്നേറ്റു് കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. നല്ല ഭംഗിയുണ്ടു്. അമ്മ നല്ല ഭംഗിയുള്ള സ്ത്രീയായിരുന്നു. മുകളിലെ കിടപ്പുമുറിയുടെ ചുമരിൽ അമ്മയുടെ വിവാഹഫോട്ടോ തൂങ്ങിക്കിടക്കുന്നുണ്ടു്. നീളം കുറഞ്ഞ മീശയും കട്ടിയുള്ള പുരികവും ചുരുണ്ട മുടിയുമുള്ള ഭർത്താവിന്റെ ഇടത്തുവശത്തു് അവർ പൂച്ചെണ്ടും പിടിച്ചു് അല്പം പരിഭ്രമത്തോടെ നിൽക്കുന്നു. ചുമരിൽത്തറച്ച രണ്ടാണികളിൽ ആ വലിയ ചിത്രം കുറച്ചു് മുന്നോട്ടാഞ്ഞു് തൂങ്ങിക്കിടന്നു. അതിനുപിന്നിൽ ചന്ദനത്തിരിയുടെ ഒരു ഒഴിഞ്ഞ പാക്കറ്റ് കുറേക്കാലം കിടന്നിരുന്നതു് അവൾക്കു് ഓർമ്മയുണ്ടു്. പിന്നെ എത്രയോ കാലമായി ആ ഫോട്ടോ ശ്രദ്ധിക്കാറില്ല. താൻ അറിയുന്ന അമ്മയ്ക്കു് അങ്ങിനെ ഒരു രൂപം അവളുടെ ഓർമ്മയിൽ വരുന്നേയില്ല.
അവൾ എല്ലാം മടക്കി പെട്ടിയ്ക്കുള്ളിൽ വച്ചു് പൂട്ടി. അമ്മയുടെ മണിയറ കാണണമെന്നവൾക്കു തോന്നി. ദേവകി പോയശേഷം ആരും മുകളിലേയ്ക്കു കയറാറില്ല. ദേവകിയുണ്ടായിരുന്നപ്പോൾ എല്ലാ വെള്ളിയാഴ്ചയും മുകളിലും അടിച്ചുവാരി തുടയ്ക്കാറുണ്ടു്. പദ്മിനിയ്ക്കു് ആ മുറി ഇഷ്ടമായിരുന്നു. അവൾ ദേവകിയുടെ ഒപ്പം മുകളിലേയ്ക്കു പോകും. ‘ഇതു് മോളടെ കല്യാണമുറ്യല്ലെ?’ ദേവകി കളിയാക്കിക്കൊണ്ടു് പറയും.
പദ്മിനി കോണിമുറി തുറന്നു. അഴികളുള്ള കൈവരി പിടിച്ചുകൊണ്ടു് അവൾ കോണികയറി. കോണി കടന്നെത്തുന്നതു് വിശാലമായൊരു തളത്തിലാണു്. ജനലുകളടച്ചതുകാരണം മുറിയ്ക്കു് അതിന്റെ വിശാലത തൽക്കാലം നഷ്ടപ്പെട്ടിരുന്നു. തളത്തിൽനിന്നാണു് കിടപ്പറയിലേയ്ക്കും അതിനപ്പുറത്തെ ചെറിയ മുറിയിലേയ്ക്കും വാതിൽ. കിടപ്പറയുടെ ജനലുകൾ തുറന്നിട്ടു് അവൾ ആകെയൊന്നു് നോക്കി. കൊത്തുപണികളുള്ള വലിയ കട്ടിലിൽ കിടയ്ക്കവിരി കേടുകൂടാതെ കിടക്കുന്നു. കട്ടിലിനു തൊട്ടടുത്തായി മരത്തിന്റെ അലമാറ. ചുമരിൽ അമ്മയുടെ കല്യാണഫോട്ടോ. അമ്മ ഒരു നവവധുവായി അച്ഛനോടൊപ്പം കഴിഞ്ഞ മുറി. അവളും ആ മുറിയിൽ ആദ്യരാത്രി കഴിക്കണമെന്നു കരുതിയതായിരുന്നു. ഇനി അതൊക്കെ നടക്കുമോ? പെട്ടെന്നവൾക്കു് ആ മുറിയിൽനിന്നു് പോവാൻ തോന്നി. അവൾ ജനലുകൾ അടച്ചു.
താഴെ എത്തി കോണിമുറി പൂട്ടിയപ്പോൾ അവൾ ആലോചിച്ചു. കഞ്ഞികുടിച്ചു് കുറച്ചുനേരം കിടക്കണം. കുറച്ചുനേരം മേൽവേദന മറന്നുപോയതായിരുന്നു. ചോറും കൂട്ടാനും മെഴുക്കുപുരട്ടിയും ഉണ്ടാക്കണം. അതു പിന്നെയാവാം.
കഞ്ഞി കുടിച്ചപ്പോൾ തീരെ വയ്യെന്നു തോന്നി. പാത്രങ്ങളെല്ലാം നിലത്തുതന്നെ വച്ചു് അവൾ വന്നു കിടന്നു. ഇപ്പോൾ പനിയുണ്ടു്. പുറത്തു് നല്ല വെയിലാണു്. എവിടെയോ ഒരു വണ്ടിന്റെ മൂളൽ കാതിൽ വന്നടിക്കുന്നു. ഒരു കിളിയുടെ ശബ്ദം. ജനലിനു തൊട്ടു പുറത്തുനിന്നാണു്. പിന്നെ അവ്യക്തമായ ഓരോ ശബ്ദങ്ങൾ. അതവൾക്കു വേർതിരിച്ചറിയാൻ കഴിയുന്നില്ല. പിന്നെ എന്താണുണ്ടായതു? ആരോ തന്നെ വിളിക്കുന്നുണ്ടു്. കൊച്ചമ്പ്രാട്ട്യേ… കൊച്ചമ്പ്രാട്ട്യേ… പിന്നെ ഒന്നുമില്ല. വെറും ശൂന്യതമാത്രം.
നീലി വിളി നിർത്തി, ജനലിൽനിന്നു പോന്നു. കൊച്ചമ്പ്രാട്ടി ഉറങ്ങുകയായിരിക്കും. ഇപ്പൊ ബുദ്ധിമുട്ടിക്കണ്ട. കുറച്ചുനേരം ഉറങ്ങിയാൽ ഭേതാവും. അവൾ കുടിലിലേയ്ക്കു് തിരിച്ചുവന്നു. ഉച്ചയ്ക്കു് അവൾ തലേന്നു രാത്രിവച്ച മീൻകറിയുടെ ഒപ്പം ചോറുണ്ടു. ഒന്നു് തലചായ്ക്കാം, എന്നിട്ടു് കൊച്ചമ്പ്രാട്ടിയുടെ അടുത്തു് പോകാം. കൊച്ചമ്പ്രാട്ടിയ്ക്കു് സൂക്കടൊന്നും വരാതിരുന്നാൽ മത്യായിര്ന്നു് ന്റെ ബകോതി. അവൾ വാതിലടച്ചു് കിടന്നു.
നേരം ഇമ്മിണിയായീന്നു് തോന്നുണു. നീലി എഴുന്നേറ്റുകൊണ്ടു് പുറത്തേയ്ക്കു നോക്കി. മഴക്കാറ് കാരണം സമയം എത്ര്യായീന്നറിയാൻ പാടില്ല. പദ്മിനിയുടെ ഓർമ്മ വന്നപ്പോൾ അവൾ പുറത്തേയ്ക്കിറങ്ങി. ഉമ്മറത്തെ വാതിൽ തുറന്നിട്ടൊന്നുമില്ല. ഇനി ഒറങ്ങ്വായിരിക്ക്യോ? അടുക്കളയുടെ വാതിലും അടച്ചിട്ടിരിക്കയാണു്. അവൾ പടിഞ്ഞാറെ മുറ്റത്തുകൂടി നടന്നു് ജനലിന്റെ അഴികൾക്കിടയിൽക്കൂടി നോക്കി. കൊച്ചമ്പ്രാട്ടി കട്ടിലിൽ കിടക്കുക തന്നെയാണു്. ഉച്ചയ്ക്കുമുമ്പു് കിടക്കുന്ന അതേ കിടപ്പു്. ന്റെ തേവരേ! അതു് ഞീം എണീറ്റിട്ടില്ലേ? നീലി ഉറക്കെ വിളിച്ചു.
‘കൊച്ചമ്പ്രാട്ടീ…’
അനക്കമില്ല. അവൾ വിളി ആവർത്തിച്ചു. നാലഞ്ചു വട്ടം വിളിച്ചിട്ടും വിളി കേൾക്കുന്നില്ലെന്നു കണ്ടപ്പോൾ നീലിയ്ക്കു് പേടിയായി. അവൾ അടുക്കളയുടെ വാതിലിലേയ്ക്കു് ഓടി. കുറച്ചുറക്കെ ഉന്തിയപ്പോൾ വാതിൽ തുറന്നു. ഒട്ടും മടിയ്ക്കാതെ അവൾ അകത്തേയ്ക്കോടി. ഇടനാഴികയിലേയ്ക്കു കടന്നു് വലത്തു വശത്തുള്ള വാതിലിലൂടെ അകത്തു കടന്നു. പദ്മിനി ബോധമില്ലാതെ കിടക്കുകയാണു്. അവൾ കുലുക്കി വിളിച്ചു. മറുപടിയൊന്നുമില്ല. ദേഹത്തിനു ചൂടു തോന്നി. നെറ്റിമേൽ കൈവച്ചു.
‘ന്റെ തേവരേ ഈ കുഞ്ഞിന്റെ മേത്തു് അട്പ്പിൻകല്ല്പോലെ ചൂട്ണ്ടല്ലാ.’
അവൾ ഒട്ടും സമയം പാഴാക്കാതെ പുറത്തു കടന്നു. അടുക്കളയുടെ വാതിൽ അമ്പിച്ചു് ചാരി അവൾ പുറത്തേയ്ക്കോടി. ചാത്ത ജോലിയെടുക്കുന്നതു് നെല്ലിപ്പാടത്തിലാണെന്നവൾക്കറിയാം. അധികം ദൂരമൊന്നുമില്ല. അവിടെ എത്തുന്നതുവരെ നീലി ഓടുകയായിരുന്നു. നീലി ഓടി വരുന്നതു കണ്ടപ്പോൾ ചാത്തയും അറുമുഖനും അടുത്തുചെന്നു.
‘കൊച്ചമ്പ്രാട്ടിയ്ക്കു് പന്യാ, പോതംല്യാതെ കെടക്ക്വാ.’ കിതപ്പിനിടയിൽ അവൾ പറഞ്ഞുതീർത്തു.
മറ്റു പണിക്കാരോടു് കൈക്കോട്ടു് കുടിയിലെത്തിക്കാൻ ആവശ്യപ്പെട്ടു് ചാത്തയും അറുമുഖനും തിരിച്ചു. ‘ന്റെ മാളോരേ… ന്റെ കുഞ്ഞിനു് എന്തുപറ്റി ആവോ?’ നീലി ഓട്ടത്തിനിടയിലും നിലവിളിച്ചുകൊണ്ടിരുന്നു.
പദ്മിനി അപ്പോഴും ബോധമില്ലാതെ കിടക്കുകയായിരുന്നു. ചാത്ത നെറ്റിമേൽ കൈവച്ചു നോക്കി. തീപോലെ പൊള്ളുന്നു.
‘നമക്കു് കൊച്ചമ്പ്രാട്ടീനെ ഡോക്കട്ടറ്ടെ അട്ത്തു് കൊണ്ടോവാം?’ ചാത്ത പറഞ്ഞു.
‘എങ്ങിന്യാ കൊണ്ടോവ്വാ?’ അറുമുഖൻ ചോദിച്ചു. ഭാസ്കരൻ കൈമളിന്റട്ത്തു് മഞ്ചല്ണ്ടു്. അതെട്ത്തു് കൊണ്ടന്നാലോ?’
‘ഇപ്പൊ അതിനൊന്നുംള്ള നേരല്ല്യ. നമ്ക്കു് എട്ത്തു് കൊണ്ടോവാം. നീ വാതിലടച്ചു് കുറ്റിടു്.’
ചാത്ത പദ്മിനിയെ രണ്ടുകൈകളിലും കോരിയെടുത്തു് പുറത്തു കടന്നു. അറുമുഖൻ വാതിലടച്ചു കുറ്റിയിട്ടു. അവർ ഒരു മാതിരി ഓടുകതന്നെയായിരുന്നു. മേനോൻ ഡോക്ടറുടെ ക്ലിനിക്കിലേയ്ക്കുള്ള എളുപ്പ വഴിയിലൂടെ അവർ മൂന്നുപേരും കുതിക്കുകയാണു്.
‘നിങ്ങള് വേഗം കൊണ്ടന്നതു് നന്നായി. താമസിച്ചാൽ കൊഴപ്പായേനെ.’ ഡോക്ടർ കേശവമേനോൻ പറഞ്ഞു. ‘ഞാൻ ഇഞ്ചക്ഷൻ കൊടുത്തിട്ട്ണ്ടു്. ശര്യാവും. ഇന്നു് രാത്രി ഇവിടെ കെടത്താം. നാളെ നോക്കീട്ടു് വീട്ടീ കൊണ്ടോവാം.’
ചാത്ത തലയാട്ടി. ഒരു നഴ്സ് അവളുടെ നെറ്റിയിൽ തുണി നനച്ചിട്ടതു് മാറ്റിക്കൊണ്ടിരുന്നു.
‘കുട്ടീടെ ആരുംല്ല്യെ വീട്ടിലു്.’
‘ആരുംല്യ.’ അറുമുഖൻ പറഞ്ഞു. ‘അമ്മണ്ടായിര്ന്നതു് അട്ത്തന്നെ മരിച്ചു.’
‘അപ്പൊ ഇവള് ഒറ്റയ്ക്കാണോ താമസം?’
‘അതെ, സഹായത്തിനു് ഞങ്ങളൊക്കെണ്ടു്.’
‘ഈ സ്ത്രീ നിന്റെ അമ്മയല്ലെ? അവരു് ഇന്നു് രാത്രി ഇവള്ടെ ഒപ്പം നിക്കട്ടെ.’
‘ഞങ്ങളൊക്കെ നിക്കാം.’
‘അപ്പൊ നിങ്ങക്കു് ഒറങ്ങൊന്നും വേണ്ടെ? ഇവിടെ എല്ലാരുംകൂടി നിക്കണ്ട ആവശ്യല്ല. അമ്മയ്ക്കു് രാത്രി കഴിക്കാന്ള്ള ഭക്ഷണം കൊണ്ടന്നു കൊടുക്കണം. ന്ന്ട്ടു് വീട്ടീപ്പോയി നന്നായി ഒറങ്ങി നാളെ രാവിലെ വന്നാമതി. അല്ലെങ്കീ വരാന്തേലു് കെടക്കണ്ടി വരും. മുറീലു് സ്ത്രീകളെ മാത്രെ നിർത്താൻ പാടു. നിങ്ങള് പേടിക്ക്യൊന്നും വേണ്ട. പനി കൂടീതോണ്ട്ണ്ടായ ബോധക്കെടാ. അര മണിക്കൂറിനുള്ളിൽ ബോധം വരും. അപ്പൊ കണ്ടു് സംസാരിച്ചിട്ടു് പോയാ മതി.’
അവർ പുറത്തു കാത്തുനിന്നു.
കണ്ടകുറുമ്പക്കാവിലെ ഭഗവതി മുമ്പിൽ നിൽക്കുകയാണെന്നാണു് പദ്മിനിയ്ക്കു് തോന്നിയതു്. മൂടൽമഞ്ഞിന്നിടയിൽക്കൂടി ഭഗവതി തന്നെ ഉറ്റുനോക്കുന്നു. അവൾ കണ്ണുകൾ മുഴുവൻ തുറക്കാൻ ശ്രമം നടത്തി. കണ്ണുകൾ തുറക്കാത്തതിന്റെതല്ല, മുഴുവൻ കാണാത്തതിന്റെ പ്രശ്നമാണെന്നവൾക്കു മനസ്സിലായി. താൻ എവിടെയാണു് ? പദ്മിനിയ്ക്കു് ബോധം കുറേക്കൂടി തെളിഞ്ഞു. അവൾ വിളിച്ചുനോക്കി.
‘അറുമുഖാ.’
‘എന്താ ന്റെ മോളെ?’ നീലിയാണു് വിളി കേട്ടതു്. അപ്പോഴാണു് പദ്മിനി നീലിയെ കാണുന്നതു്. അവൾ ചോദിച്ചു.
‘ഞാൻ എവിട്യാണു് നീലി?’
‘കൊച്ചമ്പ്രാട്ടിയ്ക്കു് പന്യാണു്. മേനോൻ ഡാക്കിട്ടറ്ടെ ചീക്കിലാണു്.’
തണുത്ത തുണികൊണ്ടു് മുഖം തുടച്ചുകൊണ്ടിരുന്ന നഴ്സ് ചോദിച്ചു.
‘ആരാണു് അറുമുഖൻ?’
‘ന്റെ മോനാ?’
‘അവരു് പൊറത്തു് നിക്ക്വല്ലെ. പോയി വിളിച്ചോളു.’
നീലി പുറത്തിറങ്ങി നോക്കി. വരാന്തയിലിട്ട വിളക്കിനു താഴെ അച്ഛനും മോനും നിൽക്കുന്നു.
അറുമുഖനെയും ചാത്തയെയും കണ്ടപ്പോൾ പദ്മിനിയ്ക്കു് അല്പം ആശ്വാസമായി.
‘പനി നല്ലോണം കൊറഞ്ഞിരിക്കുണു. ഇനി പേടിയ്ക്കാനൊന്നുംല്ല്യ.’ നഴ്സ് പറഞ്ഞു.
‘മോള് ഞങ്ങളെ പേടിപ്പിച്ചല്ലാ.’ ചാത്ത ചിരിച്ചുകൊണ്ടു് പറഞ്ഞു.
‘അമ്മായിടെ വീട്ടീ പോയി പറയണോ?’ അറുമുഖൻ ചോദിച്ചു.
‘വേണ്ട അറുമുഖാ, എനിക്ക്പ്പൊ സുഖംണ്ടു്. ഞി വീട്ടീപ്പോവാം. ഞാൻ എങ്ങന്യാ ഇവിടെ എത്തീതു്.’
‘ബോധംല്ല്യാതെ കെടക്ക്ണു് കണ്ടപ്പൊ അമ്മ വന്നു് നോക്കി. അപ്പ നല്ല പനി. ഓടിവന്നു് ഞങ്ങളെ വിളിച്ചു. അച്ഛനാ കൊച്ചമ്പ്രാട്ടീനെ ഏറ്റിക്കൊണ്ടന്നതു്.’
പദ്മിനി ചാത്തയെ നന്ദിയോടെ നോക്കി.
ഡോക്ടർ കേശവമേനോൻ അകത്തു കടന്നു. അവളുടെ അടുത്തുവന്നു കൈപിടിച്ചു നോക്കി.
‘ഇപ്പ പനി ഇല്ല.’ തിരിഞ്ഞു് ചാത്തയെ നോക്കിക്കൊണ്ടു് അയാൾ പറഞ്ഞു. ‘ഇപ്പ സമാധാനായില്ലേ? ഇനി വീട്ടീപ്പോയിട്ടു് സുഖായി ഒറങ്ങീട്ടു് നാളെ വന്നാമതി.’
‘ഞാൻ അമ്മയ്ക്കു് കഴിക്കാനുള്ളതു് കൊണ്ടരാം. കൊച്ചമ്പ്രാട്ടിയ്ക്കു് കഴിക്കാനെന്താ വേണ്ടതു്. കൊറച്ചു് കഞ്ഞിണ്ടാക്കിക്കൊണ്ടരട്ടെ.’
‘അവൾക്കു് വേണ്ട ഭക്ഷണം ഇവിട്ന്നു് കൊടുക്കും.’ ഡോക്ടർ പറഞ്ഞു.
അവർ പോയപ്പോൾ പദ്മിനി ഒരു തളർച്ചയോടെ ഓർത്തു നോക്കി. എന്താണു് സംഭവിച്ചതു?
നീലി അവളെ തൊട്ടുനോക്കുന്നുണ്ടായിരുന്നു. ഇപ്പ പനിയൊന്നും ഇല്ല.
‘ന്റെ ബകോതീ.’ നീലി ചാത്തയെ അന്വേഷിച്ചു് ഓടുന്നതിനിടയിൽ ഭഗവതിയ്ക്കു് വഴിപാടു് നേർന്നിരുന്നു.
‘ബകോതീടെ ഊറ്റം തന്ന്യാ കൊച്ചമ്പ്രാട്ടീനെ രഷ്ഷിച്ചതു്. ഞാൻ വഴിവാടു് നേർന്നിട്ട്ണ്ടു്.’
പദ്മിനി ചിരിച്ചു.
‘നിക്കു് ബോധം വന്നപ്പൊ ഞാൻ ഭഗവതീടെ രൂപം കണ്ടു.’
‘ഞാമ്പറഞ്ഞില്ലെ. കണ്ടോറമ്പക്കാവിലെ ബകോത്യാണു് കൊച്ചമ്പ്രാട്ടീനെ രഷ്ഷിച്ചതു്.’
അവൾക്കു കഴിക്കാനായി ഒരു പെൺകുട്ടി റൊട്ടിയും പാലും കൊണ്ടുവന്നു. റൊട്ടി അവൾക്കിഷ്ടമായിരുന്നു. പണ്ടെങ്ങാനോ ഒരിക്കൽ മാത്രമേ കഴിച്ചിട്ടുള്ളു. പാൽ എന്നതു് കുറേക്കാലമായി വീട്ടിൽ കാണാൻ കിട്ടാത്ത വസ്തുവാണു്. അവൾ നീലിയെ നോക്കി.
‘കൊച്ചമ്പ്രാട്ടി കഴിച്ചോ. ന്റെ ചോറ് അറുമുഖൻ കൊണ്ടരും.’
പദ്മിനിയ്ക്കു് വിശക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്കു് ഒന്നും കഴിച്ചില്ലെന്നു് അവൾ അപ്പോഴാണു് ഓർത്തതു്. അവൾ റൊട്ടി പാലിൽ മുക്കി കഴിക്കാൻ തുടങ്ങി.
തങ്കം പറഞ്ഞിട്ടാണു് വസുമതി ഈ കാര്യം അറിയുന്നതു്. അവൾക്കു വല്ലാത്ത ക്ഷീണമായി. താനിവിടെ ഉള്ളപ്പോൾ തന്നെ അറിയിക്കാതെ… തങ്കത്തിന്റെ ജോലി കഴിഞ്ഞപ്പോൾ അവൾ പുറപ്പെട്ടു. രാഘവേട്ടനോടു് ഒന്നു് പറഞ്ഞിട്ടു പോകാമെന്നു കരുതി അങ്ങോട്ടു നടന്നു. രാഘവേട്ടൻ പാടത്തു പോയിരിക്കയാണു്. പദ്മിനിയുടെ അസുഖത്തെപ്പറ്റി ഏട്ടത്തിയമ്മയോടു് പറഞ്ഞു, താൻ നഴ്സിങ്ഹോമിലേയ്ക്കു പോവുകയാണെന്നും.
‘ഞാൻ വരണോ?’ അവർ ചോദിച്ചു.
‘വേണ്ട, തങ്കത്തിനെ കൂട്ടി പോവാം.’
വസുമതിയുടെ മൂന്നു പ്രസവവും ഡോക്ടർ കേശവമേനോന്റെ ആശുപത്രിയിൽ വച്ചായിരുന്നു. അന്നൊക്കെ വീട്ടിൽവച്ചു തന്നെയായിരുന്നു പ്രസവം നടക്കാറ്. പക്ഷേ, അവൾക്കു് ധൈര്യമില്ലാതിരുന്നതുകൊണ്ടു് നഴ്സിങ്ഹോമിലേയ്ക്കു കൊണ്ടുപോയി. ആയിടയ്ക്കു് വയറ്റാട്ടി വീട്ടിൽവന്നു പേറെടുത്ത ഒന്നു രണ്ടു പ്രസവത്തിൽ കുട്ടി കഴിഞ്ഞ വിവരം അറിഞ്ഞിരുന്നു.
ഡോക്ടർ മുറിയിലുണ്ടായിരുന്നു.
‘എന്താ വസുമതിയമ്മേ, കുറേക്കാലായല്ലൊ കണ്ടിട്ടു്. എന്താ വിശേഷം, അസുഖൊന്നുംല്ല്യല്ലോ?’
‘എന്റെ മരുമകള് പന്യായിട്ടു് ഇവിടെ വന്നിട്ട്ണ്ടു്. അവളെ കാണാൻ വന്നതാ. അവള് എവ്ട്യാ?’
‘ങാ, ആ കുട്ടി നിങ്ങടെ മരുമകളാണോ? എന്താ പേരു്, പദ്മിനി?’
‘അതെ.’
‘ഇരിക്കു. ഇവരാരാണു്?’ തങ്കത്തിനെ നോക്കിക്കൊണ്ടു് ഡോക്ടർ ചോദിച്ചു.
‘അവള് തങ്കം, ഞങ്ങടെ അവ്ടെ ജോലി എടുക്കണ സ്ത്രീയാണു്.’
‘അവർക്കും ഇരിക്കാം. ആ കുട്ടിയെ രാവിലെ ഡിസ്ചാർജ്ജ് ചെയ്തു കൊണ്ടുപോയി. പനിയായിരുന്നു. പനി വിട്ടു. ഇനി വീട്ടിലിരുന്നു് വിശ്രമിച്ചാ മതീന്നു് ഞാൻ പറഞ്ഞു.’
‘ആരാ ആ കുട്ട്യേ കൊണ്ടന്നതു?’
‘ആ കുട്ടീടെ അയൽക്കാരാണു്. ഒരു കുടുംബം. ഭാര്യയും ഭർത്താവും മകനുംണ്ടായിരുന്നു.’
‘ചെറുമക്കളല്ലെ?’
ഡോക്ടർക്കു് അവരുടെ സംസാരത്തിന്റെ പോക്കു് തീരെ രുചിച്ചില്ല.
‘ജാതി ഞാൻ ചോദിച്ചില്ല. നോക്കൂ. ആ കുട്ടിയെ ബോധംല്ല്യാത്യാണു് ഇവിടെ കൊണ്ടന്നതു്. നൂറ്റിനാലു് ഡിഗ്രി പനി. അര മണിക്കൂർകൂടി കഴിഞ്ഞിരുന്നെങ്കിൽ ആ കുട്ടിടെ തലച്ചോറ് പോയിക്കിട്ട്യേനെ. ശരിക്കും സമയത്താണു് അവരിവിടെ എത്തിയതു്. ആ സമയത്തു് ആ കുട്ടിയെ രക്ഷിക്കാൻ നോക്ക്വാണോ വേണ്ടതു് അതോ ആ കുട്ട്യേ കൊണ്ടന്നോര്ടെ ജാതി ചോദിക്ക്യാണോ?’
വസുമതി എഴുന്നേറ്റു, ഒപ്പം തങ്കവും.
പദ്മിനി ഉന്മേഷത്തിലായിരുന്നു. രാവിലെയായതിൽപ്പിന്നെ പനിച്ചിട്ടില്ല. മഞ്ചലിൽ തിരിച്ചുള്ള യാത്ര സുഖമായിരുന്നു. നീലി അടുക്കളയിൽ കഞ്ഞിയ്ക്കുള്ള പൊടിയരി അടുപ്പത്തിടാനും, ഇടയ്ക്കു് അതിളക്കാനും പോകും. അല്ലാത്ത സമയമെല്ലാം അവളുടെ അടുത്തിട്ട സ്റ്റൂളിൽ ഇരുന്നു് നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. പൊടിയരി അറുമുഖൻ വാങ്ങിക്കൊണ്ടുവന്നതാണു്. പദ്മിനിയ്ക്കു് പച്ചമാങ്ങ കൂട്ടി നാളികേരച്ചമ്മന്തി വേണമെന്നു പറഞ്ഞപ്പോൾ അവൻ വീട്ടിലുള്ള മൂവാണ്ടന്റെ മാങ്ങ പൊട്ടിച്ചു കൊണ്ടുവന്നു. അങ്ങിനെ ഉച്ചഭക്ഷണം ഒരുത്സവമാക്കാമെന്ന അറിവിൽ രസിച്ചിരിക്കുമ്പോഴാണു് വസുമതിയും തങ്കവും കയറി വന്നതു്. വസുമതിയെ കണ്ടപ്പോൾ നീലി സ്റ്റൂളിൽനിന്നു് ചാടിയെഴുന്നേറ്റു. വസുമതി തീരെ തൃപ്തിയില്ലാതെ നീലിയെ നോക്കി. അവർ നേരെ കട്ടിലിൽ കയറി ഇരുന്നു് പദ്മിനിയുടെ നെറ്റി തൊട്ടുനോക്കി.
‘ഇപ്പ പനില്ലല്ലോ?’
‘ഇന്നു് രാവിലെതൊട്ടു് പനിച്ചിട്ടില്ല.’
‘അപ്പ എന്തേ പെട്ടെന്നു് പനിയ്ക്കാൻ?’
‘മഴ്യായിരിക്കും.’
പുതുമഴയെപ്പറ്റിയുള്ള ഓർമ്മകൾ എപ്പോഴും പനിയുടെ അകമ്പടിയൊടെയാണു് പദ്മിനിയുടെ മനസ്സിലെത്താറ്. ഉമ്മറത്തെ ഇരുത്തിമേലിരുന്നു് മുറ്റത്തു വലിയ വെള്ളപ്പാച്ചിൽ സൃഷ്ടിച്ചുകൊണ്ടു് പെയ്യുന്ന കനത്ത മഴ കാണാൻ പറ്റാതെ കിടയ്ക്കയിൽ മൂടിപ്പുതച്ചു കിടക്കുന്ന ദുഃഖിതയായ പെൺകുട്ടി അവളുടെ മനസ്സിലെ മായാത്ത ചിത്രമാണു്.
‘അപ്പ എന്തേ ന്നെ അറീയ്ക്കാതിരുന്നതു?’
‘അപ്പഴേയ്ക്കു് പനി വിട്ടു. പിന്നെ എന്തിനാ ബുദ്ധിമുട്ടിക്ക്ണ്ന്നു് വിചാരിച്ചു.’
‘അതല്ല ഞാൻ പറഞ്ഞതു്. പനി വന്ന ഒടനെ ആരെയെങ്കിലും പറഞ്ഞയച്ചു് എന്നെ അറീയ്ക്കായിര്ന്നില്ലേ? ഇപ്പെന്തായീ, കണ്ട ചെറുമക്കള് എടുത്തു് കൊണ്ടോവണ്ടി വന്നില്ലേ ആസ്പത്രീലേയ്ക്കു്?’
പദ്മിനി കുറച്ചുനേരം നിശ്ശബ്ദയായി. അവളുടെ മുഖം വാടിയിരുന്നു. പിന്നെ അവൾ സാവധാനത്തിൽ പറഞ്ഞു.
‘ചെറു-മക്കളായിരിക്കും അമ്മായി, പക്ഷേ, അവർക്കു് വല്യൊരു മനസ്സ്ണ്ടു്. അതു് കാണാൻ പക്ഷേ, കണ്ണു് വേണം.’
ആ മുറിയിലെ അന്തരീക്ഷം കനത്തു.
‘കൊച്ചമ്പ്രാട്ടി, അട്യേൻ അട്ക്കളേലു് പോട്ടെ. കഞ്ഞി വാങ്ങാറായിട്ട്ണ്ടാവും.’
നീലി വിദഗ്ദമായി സ്ഥലം വിടുകയാണു്. അവൾക്കു് പേടി പിടിച്ചു. നൂറ്റാണ്ടുകളായി തലമുറകളിലൂടെ പകർന്നുകിട്ടിയ ഭയം എന്ന വികാരം അവളെ ഓടാൻ നിർബ്ബന്ധിതയാക്കുകയാണു്. ആപത്തിൽനിന്നു് ഓടിരക്ഷപ്പെടാനുള്ള പ്രാകൃതവാസന അവളിൽ രൂഢമൂലമായിരുന്നു.
ഇതു് തമ്പ്രാട്ടിയ്ക്കു് കിട്ടിയ രണ്ടാമത്തെ ചൊട്ടാണു്. തങ്കം ആലോചിച്ചു. ഡോക്ടറുടെ വാക്കുകൾ അവൾക്കിഷ്ടമായി. അതു കഴിഞ്ഞു് ഇപ്പോ ഇതാ മരുമകളുടെ അടുത്തുനിന്നു്… തമ്പ്രാട്ടിയ്ക്കു് അതു കിട്ടണം. വാക്കുകൾ നഷ്ടപ്പെട്ടു് വസുമതി കുറച്ചുനേരം കിടയ്ക്കയിൽത്തന്നെ ഇരുന്നു. ഇനി എന്താണു് പറയേണ്ടതു് എന്നാലോചിക്കുകയായിരുന്നു അവൾ. പുറത്തു് പെട്ടെന്നു് വെയിൽ മങ്ങി. ഉച്ചതിരിയുമ്പോഴേയ്ക്കും മഴ തുടങ്ങാനുള്ള തയ്യാറെടുപ്പാണു്. അവൾ പറഞ്ഞു.
‘ഞാൻ പോട്ടെ പദ്മിനി. ഇപ്പൊ എന്തെങ്കിലും ആവശ്യണ്ടോ? നീയ് ആസ്പത്രീലാന്നറിഞ്ഞപ്പൊ എല്ലാം അങ്ങനെ ഇട്ടെറിഞ്ഞു് ഓടി വന്നതാ. അവിട്ത്തെ കാര്യൊന്നും ശര്യായിട്ടില്ല.’
‘ഇപ്പൊ ഒന്നും ആവശ്യല്യ അമ്മായി.’
‘ഞാന്നാ വൈന്നേരം വരാം. അപ്പൊ രാത്രി ഇവിടെ നിക്കാലോ.’
‘അതിന്റീം ആവശ്യല്ല്യ, ഞാൻ നീല്യോടു് ഇവിടെ വന്നു് കെടക്കണംന്നു് പറഞ്ഞിട്ട്ണ്ടു്.’
അവൾ നീലിയോടു് പറഞ്ഞിട്ടൊന്നുമില്ല. ആവശ്യപ്പെടാതെത്തന്നെ നീലി വരുമെന്നവൾക്കറിയാം.
‘നോക്കട്ടെ.’ വസുമതി എഴുന്നേറ്റു. അവളുടെ മുഖം ആകെ കനത്തിരുന്നു. ‘എന്തായാലും ഇപ്പ പന്യൊന്നുംല്ല്യല്ലൊ.’ മരുമകളുടെ നെറ്റി തൊട്ടു് പനിയില്ലെന്നു ബോധ്യം വരുത്തി, തന്റെ അളവില്ലാത്ത ഉൽക്കണ്ഠ ഒരിക്കൽക്കൂടി രേഖപ്പെടുത്തി വസുമതി പുറത്തേയ്ക്കിറങ്ങി. പുറത്തു് മഴ കനത്തു നിൽക്കുകയാണു്, എതു നിമിഷത്തിലും പെയ്യാമെന്ന മട്ടിൽ. അവൾ കുടയെടുത്തിട്ടുണ്ടായിരുന്നില്ല. മഴയ്ക്കു മുമ്പു് വീട്ടിലെത്താൻ അവൾ തിരക്കിട്ടു നടന്നു. ഒന്നും സംസാരിക്കാതെ തങ്കം പിന്നിലും.
തിരുമേനി വൈകുന്നേരം വന്നു. പദ്മിനി പറയാതെത്തന്നെ അറുമുഖൻ പോയി അറിയിച്ചിരുന്നു. അദ്ദേഹം വന്നു് സ്റ്റൂളിലിരുന്നു് അവളെ നോക്കി ചിരിച്ചു. തിരുമേനിയെ കണ്ടപ്പോൾ ഓടാൻ നിന്ന നീലിയോടു് അദ്ദേഹം അതിന്റെ ആവശ്യമില്ലെന്ന മട്ടിൽ കൈകാണിച്ചു. പദ്മിനി എഴുന്നേൽക്കുകയാണു്.
‘എണീക്കണ്ട കുട്ടീ. അവിടെ കിടന്നോളു. ഇപ്പ പനിയില്ലല്ലോ?’ അദ്ദേഹം അവളുടെ നെറ്റിമേൽ തൊട്ടുനോക്കി. ‘ഇല്ല.’
‘മഴ കൊണ്ട്വോ?’
‘ഇല്ല, എനിക്കു് മഴക്കാലം തൊടങ്ങ്യാൽ ചെലപ്പൊ ഒരു പനി വരാറ്ണ്ടു്.’
‘ഭക്ഷണൊന്നും ശര്യാവ്ണ്ണ്ടാവില്ല. ഒറ്റയ്ക്കാവുമ്പോ ഇങ്ങനെ ചെല പ്രശ്നങ്ങളൊക്കെണ്ടാവും. അട്ത്തു് തന്നെ ഇവരൊക്കെണ്ടായതൊണ്ടു് രക്ഷപ്പെട്ടു. ഇല്ലെങ്കിലോ?’
അദ്ദേഹം ചിന്താധീനനായി. എന്താണു് ചെയ്യാൻ കഴിയുക എന്നതിനെപ്പറ്റി അദ്ദേഹത്തിനും ധാരണയില്ല.
‘ദേഹം നന്നായി നോക്കണം.’ നീലിയുടെ നേരെ തിരിഞ്ഞു് അദ്ദേഹം ചോദിച്ചു. ‘ഇവരു് അറുമുഖന്റെ അമ്മ്യല്ലേ?’
‘അതെമ്പ്രാ.’ നീലിയുടെ ശബ്ദത്തിൽ വിറ കലർന്നിരുന്നു.
‘കൊറച്ചു് ദിവസം രാത്രി ഇവിടെ വന്നു് കെടക്കണം. മോളെ ഒറ്റയ്ക്കാക്കി പോവര്തു് കെട്ടോ?’
‘ഇല്ലമ്പ്രാ…’
‘നമ്ക്കു് ആദ്യത്തെ കുല തിരുമേനിയ്ക്കു് കൊടുക്കണം.’ അറുമുഖൻ പറഞ്ഞു. വാഴക്കുലകൾ ഉണങ്ങിയ പട്ടകൾകൊണ്ടു് മൂടിവച്ചിരുന്നു. നല്ല തുടമുള്ള കായ്കൾ. അറുമുഖന്റെ ആറുമാസത്തെ അദ്ധ്വാനം വെറുതെയായിട്ടില്ല. ഓണത്തിനു് രണ്ടാഴ്ചയേയുള്ളു. ഇപ്പോഴാണു് നല്ല വില കിട്ടുക. അവൻ ടൗൺ മാർക്കറ്റിൽ പോയി അന്വേഷിച്ചു കഴിഞ്ഞു.
‘അമ്മയ്ക്കു് രണ്ടു കൊല കൊടുക്കാം. കൊച്ചമ്പ്രാട്ടിയ്ക്കു് രണ്ടെണ്ണം മത്യോ?’
‘എനിക്കു് ഒരെണ്ണം മതി. അത്തന്നെ അറുമുഖൻ തിന്നു തീർക്കണ്ടിവരും.’ പദ്മിനി ചിരിച്ചുകൊണ്ടു പറഞ്ഞു.
‘അപ്പൊ ബാക്ക്യൊക്കെ നമക്കു് വില്ക്കാം, എന്താ?’
‘അല്ലാതെ? അറുമുഖൻ പണക്കാരനാവൂലോ!’
അറുമുഖൻ പോയശേഷം പദ്മിനി പറമ്പിൽത്തന്നെ നിന്നു. ആദ്യമായി കാണുന്നപോലെ ആ വാഴത്തോട്ടം നോക്കി. കുലയുടെ ഭാരംകൊണ്ടു് ചാഞ്ഞു നിൽക്കുന്ന വാഴകൾ. പലതിനും മുളകൾകൊണ്ടു് ഊന്നു് വച്ചുകൊടുത്തിരിക്കുന്നു. ചില വാഴകൾക്കിടയിൽ അറുമുഖന്റെ കാലിൽനിന്നു രക്ഷപ്പെട്ട കന്നുകൾ അരയടി പൊക്കത്തിൽ, ‘ആവൂ’ എന്ന ഭാവത്തിൽ നിൽക്കുന്നു. ആദ്യമായി ഒരു വാഴയുടെ കടയ്ക്കൽ പൊട്ടിമുളച്ച കന്നു് അറുമുഖൻ കാലുകൊണ്ടു് ചവിട്ടി ഞെരിക്കുന്നതുകണ്ടപ്പോൾ പദ്മിനിയ്ക്കു് വിഷമമായി. എന്തിനാണതു നശിപ്പിക്കുന്നതെന്നു് അവൾ ചോദിച്ചു. കന്നുകൾ ഉണ്ടാവാൻ സമ്മതിച്ചാൽ കായ മോശമാവുമെന്നു് അറുമുഖൻ പറഞ്ഞു. കുല വെട്ടിയ ശേഷം കിളച്ചു് കിഴങ്ങുകൾ എടുത്തു് വെണ്ണീർ പുരട്ടി വയ്ക്കണമെന്നും, പിന്നെ കാലമായാൽ നടുകയാണു് വേണ്ടതെന്നും അവൻ പറഞ്ഞു. അറുമുഖന്റെ അറിവിൽ അവൾ എപ്പോഴും അദ്ഭുതപ്പെട്ടു നിൽക്കാറുണ്ടു്. ഇതൊന്നും പുസ്തകത്തിൽ നിന്നു ലഭിച്ച അറിവല്ല, നാട്ടറിവാണു്. അനുഭവംകൊണ്ടും മറ്റുള്ളവരുടെ അനുഭവം പങ്കുവച്ചും കിട്ടുന്ന അറിവു്.
വാഴകൾക്കിടയിൽനിന്നു പുറത്തു കടന്നു് അവൾ ഒരിക്കൽക്കൂടി ആ സമ്പന്നമായ പറമ്പു് നോക്കിക്കണ്ടു. ആറു മാസം മുമ്പു് അതു് വെറുമൊരു മൊട്ടപ്പറമ്പായിരുന്നു. ഇന്നതു് മാതൃത്വത്തിന്റെ സംതൃപ്തിയോടെ നിൽക്കുന്ന ഒരു വാഴത്തോട്ടം. മരുഭൂമിയിൽനിന്നു് മരുപ്പച്ചയിലേയ്ക്കുള്ള പ്രയാണം. തന്റെ ജീവിതത്തിലും ഈ മാറ്റം വേണ്ടെ? വെറും ഇച്ഛാശക്തികൊണ്ടു് അറുമുഖൻ ആറുമാസം കൊണ്ടുണ്ടാക്കിയതാണു് ഈ വാഴത്തോട്ടം. അറുമുഖൻ ഒന്നും വിധിയ്ക്കു വിട്ടുകൊടുത്തില്ല. അതാണു് ശരിയായ മാർഗ്ഗമെന്നു് പദ്മിനിയ്ക്കു തോന്നി. അമ്മ എല്ലാം വിധിയ്ക്കു വിട്ടുകൊടുത്തു. എന്നിട്ടെന്തുണ്ടായി? ഞാൻതന്നെ എന്റെ ഭാവിയുണ്ടാക്കട്ടെ. അവൾക്കു് തീരുമാനങ്ങളെടുക്കേണ്ടതുണ്ടു്.
വൈകുന്നേരം അറുമുഖൻ വന്നതു് ഒരു മാപ്പിളയുടെ ഒപ്പമാണു്.
‘ടൗണീത്തെ കച്ചോടക്കാരനാണു്.’ അറുമുഖൻ പരിചയപ്പെടുത്തി.
‘ബരീൻ ഇബ്രായിംക്കാ.’ അറുമുഖൻ ടൗണിലെ മുസ്ലീമുകളുടെ ഭാഷയാണു് സംസാരിക്കുന്നതു്. അവർ പടിഞ്ഞാറെ പറമ്പിലേയ്ക്കു പോയി. അയാൾ വാഴകൾക്കിടയിലൂടെ നടന്നു് ഓരോ കുലകളായി പരിശോധിക്കുകയാണു്. പദ്മിനിയ്ക്കു് ദേഷ്യം പിടിച്ചു. എന്താണയാൾക്കു് ഇത്രമാത്രം നോക്കാനുള്ളതു്. അറുമുഖൻ ക്ഷമയോടെ അയാളുടെ ഒപ്പം നടക്കുന്നുണ്ടു്.
ഇബ്രാഹിം കാക്കയ്ക്കു് തൃപ്തിയായെന്നു തോന്നുന്നു.
‘ഞ്ഞി ഇങ്ങടെ ബെല പറീൻ.’
‘ഹേയ് നിങ്ങളല്ലെ വെല പറേണ്ടതു?’ അറുമുഖൻ പറഞ്ഞു. ‘ഇതാ ആദ്യത്തെ വരീലു് നാലു് കൊല മാറ്റിവച്ചിട്ടു് ബാക്കിക്കു് വെല പറഞ്ഞാ മതി.’ അവൻ വടക്കെ അറ്റത്തുള്ള നാലു വാഴകൾ ചൂണ്ടിക്കാട്ടി പറഞ്ഞു.
അയാൾ മുറ്റത്തേയ്ക്കു് നടന്നുവന്നു. തുടർന്നുണ്ടായ വിലപേശൽ പദ്മിനി കൗതുകത്തോടെ നോക്കിനിന്നു. ആദ്യം മാപ്പിള പറഞ്ഞ വിലയുടെ ഇരട്ടിയെത്തിയെങ്കിലും അറുമുഖൻ സംതൃപ്തനായില്ല. അവൻ പറഞ്ഞു.
‘ഞാൻ നിങ്ങളെ വെറ്തെ കൂട്ടിക്കൊണ്ടന്നു. നിക്കു് വെള്ളം തേവീതിന്ള്ള പണം കിട്ടൂലല്ലോ ഈ വെലയ്ക്കു് തന്നാൽ.’
‘ന്നാ, ജ്ജ് അന്റെ വെല പറയ് പഹയാ.’ ഇബ്രാഹിം കുറേശ്ശെ അസഹിഷ്ണുത പ്രകടിപ്പിച്ചു തുടങ്ങി.
അറുമുഖൻ അവന്റെ വില പറഞ്ഞു. അവൻ തുടർന്നു. ‘ഇവ്ടെ ചുറ്റുവട്ടത്തും ആയിട്ടു് പന്ത്രണ്ടു് നായമ്മാര്ടെ കുടുംബംണ്ടു്. ഒക്കെ ഞാൻ അറീണോരാ. ഓരാര്ത്തർക്കു് ഓണത്തിനു് ചുരുങ്ങീതു് അഞ്ചു് കൊലേങ്കിലും വേണ്ടിവരും. നിങ്ങള് വിക്കണ വെലെന്നു് രണ്ടുറുപ്പ്യ കൊറച്ചു് തരാംന്നു് പറഞ്ഞാ അവർക്കു് സന്തോഷാവും. അവർക്കു് വീട്ടിലു് നല്ല സാധനം കിട്ടും ചെയ്യും. എനിക്കതു് കൊണ്ടെക്കൊട്ക്കണംന്നല്ലേള്ളൂ.’
‘ന്നാ ജ്ജ് ഓല്ക്കു് കൊണ്ടക്കൊടുത്താളാ പഹയാ. അമ്മക്കുട്ടീ ഞാൻ പോണു്, ഈ ശെയ്ത്താനോടു് സംസാരിച്ചാ ശര്യാവൂല.’
അയാൾക്കു് ശരിക്കും ദേഷ്യം പിടിച്ചെന്നു തോന്നുന്നു. അവസാനം അമ്മക്കുട്ടിയുടെ അടുത്തുനിന്നു് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണു് അയാൾ പദ്മിനിയോടു് പറഞ്ഞതു്. അവൾ ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ ഇബ്രാഹിം പടിയ്ക്കലേയ്ക്കു നടന്നു.
പദ്മിനിയ്ക്കു് വിഷമമായി. പടികടന്നു് പോകുന്ന കച്ചവടക്കാരനെ നോക്കി അവൾ അറുമുഖനോടു് പറഞ്ഞു.
‘അയാള് പറഞ്ഞതു് നല്ല വെല്യല്ലെ, കൊട്ക്കായിര്ന്നില്ലേ?’
‘അതിലും കൂടുതൽ കിട്ടുംന്നു് വെച്ചാപ്പിന്നെ നമ്മളെന്തിനാണു് ആ വെലയ്ക്കു് കൊടുക്കണതു്. നോക്കിക്കോളു മാപ്പിള ഇപ്പത്തന്നെ തിരിച്ചുവരും. ഇതൊക്കെ ടൗണില്ത്തെ കച്ചോടക്കാര്ടെ ജാട്യല്ലെ. അയാള് ഈ കൊല്യൊക്കെ കൊണ്ടോയി പഴുപ്പിച്ചു് എരട്ടി വെലയ്ക്കു് വിക്കും. കൊച്ചമ്പ്രാട്ടിയ്ക്കു് അറിയോ? ഓണം അട്ത്താലു് പഴത്തിന്റെ വെല ഓരോ ദെവസും കൂടിക്കൂടി വരും.’
അറുമുഖന്റെ പ്രവചനം ശരിയായിരുന്നു. പാടം കഴിഞ്ഞു് പോയ കച്ചവടക്കാരൻ തിരിച്ചു വന്നു, അരപ്പട്ടയിൽനിന്നു് പഴ്സെടുത്തു ഒരു പത്തുറുപ്പിക നോട്ടെടുത്തു് പദ്മിനിയുടെ നേരെ നീട്ടി.
‘അമ്മക്കുട്ടീ ഒരു് രണ്ടുറുപ്പിക കൊറവ്വച്ചു് നമ്ക്കു് കച്ചോടം ഒറപ്പിക്കാം, ദാ അഡ്മാനീസ് പിടിക്കീ.’
പദ്മിനി അറുമുഖനെ നോക്കി. അവൻ തലയാട്ടി. ഇബ്രാഹിമിന്റെ മുഖത്തു് കാലൂഷ്യമൊന്നുമില്ല.
‘അപ്പ ഞമ്മള് നാളെ രാവിലെ വന്നിട്ടു് സാധനം കൊണ്ടോവാം, എന്താ.’ അറുമുഖന്റെ മുഖത്തു നോക്കിക്കൊണ്ടു് അയാൾ പറഞ്ഞു. ‘ഹമ്ക്കേ ജ്ജ് ഞമ്മന്റെ ഒപ്പം കച്ചോടം ശെയ്യാൻ ബര്ണാ? ഞമ്മള് പാർട്ടണറായിട്ടു് എട്ക്കാം അന്നെ.’
അറുമുഖൻ ചിരിച്ചു. ‘നാളെ രാവിലെത്തന്നെ വന്നു് കൊണ്ടോവണം കാക്ക.’
‘സരി.’
ഇബ്രാഹിം പോയിക്കഴിഞ്ഞപ്പോൾ അറുമുഖൻ പറഞ്ഞു. ‘നാളെ ഇയ്യാള്തന്ന്യാ വന്നു് ഇതൊക്കെ ഏറ്റിക്കൊണ്ടാവ്വാ. പറേമ്പ ടൗണിലെ വല്യ മൊതലാളിയാ. ഇങ്ങനെ അദ്ധ്വാനിക്കണ ഒരു കൂട്ടരു് ഈ മാപ്ലാരെ കഴിച്ചിട്ടേള്ളു.’
അയാൾ മര്യാദക്കാരനായിരുന്നു. അറുമുഖൻ പറഞ്ഞപോലെത്തന്നെ അതിരാവിലെ വലിയ ഒരു കൊട്ടയുമായി ആളെത്തി. സഹായത്തിനു് ഒരു പയ്യനുമുണ്ടു്. വന്ന ഉടനെ അയാൾ അരപ്പട്ടയിൽനിന്നു് പഴ്സെടുത്തു അഡ്വാൻസ് കിഴിച്ചുള്ള പണം എണ്ണി പദ്മിനിയുടെ കയ്യിൽ കൊടുത്തു.
രണ്ടുപേരും കൂടി മൂന്നു നടത്തംകൊണ്ടു് കുലകളെല്ലാം കൊണ്ടുപോയി. അവസാനത്തെ കൊട്ട തലയിലേയ്ക്കു കയറ്റും മുമ്പു് ഇബ്രാഹിം പറഞ്ഞു.
‘അമ്മക്കുട്ടീ, അട്ത്ത കൊല്ലൂം ഞമ്മക്കു് തന്നെ കച്ചോടം തരണംട്ടാ.’
‘ഇതിലും നല്ല വെല തര്വാച്ചാ അട്ത്ത കൊല്ലും കാക്കാന്തന്നെ തരാം.’
മാപ്പിള അവളെ നോക്കി ചിരിച്ചു. ‘അമ്മക്കുട്ടീം ആള് മോസക്കാര്യല്ലല്ലോ.’
അവർ കൺമുമ്പിൽനിന്നു മറഞ്ഞപ്പോൾ അവൾ പറഞ്ഞു. ‘അങ്ങനെ അതും കഴിഞ്ഞു.’
അറുമുഖനും അതുതന്നെയായിരുന്നു ആലോചിച്ചിരുന്നതു്.
‘അറുമുഖൻ ഈ ഉമ്മറത്തേയ്ക്കു കയറി നിൽക്കൂ.’
‘എന്തേ?’
‘നിൽക്കൂ. കിഴക്കോട്ടു് തിരിഞ്ഞ്. ങാ, അങ്ങിനെ.’
അവൾ ഇബ്രാഹിം തന്ന പണം അറുമുഖന്റെ കയ്യിൽ വച്ചുകൊടുത്തു.
‘എന്തിനാണു് എനിക്കു് എല്ലാം തന്നതു്. പകുതി കൊച്ചമ്പ്രാട്ടീട്യാണു്. വേണങ്കി മുഴ്‌വോനും എടുത്തോളു.’
‘ഞാൻ എല്ലാം തന്നിട്ടില്ല. ഇന്നലെ കാക്ക തന്ന അഡ്വാൻസ് പത്തുറുപ്പിക ഞാൻ വച്ചിട്ട്ണ്ടു്. അതോണ്ടു് എനിക്കൊരു കാര്യംണ്ടു്.’
തൃക്കാവിൽ ഒരു പുഷ്പാഞ്ജലിയും നെയ്പ്പായസവും കഴിക്കാനാണു് അവൾ പണമെടുത്തുവച്ചതു്.
‘ഇതു് ശര്യാവില്ല കൊച്ചമ്പ്രാട്ടി. എന്തെങ്കിലും എടുക്കണം.’
‘ഇന്നന്നെ അതു് കൊണ്ടോയിട്ടു് അറുമുഖന്റെ ബാങ്കിലിടു. എനിക്കു് ഏതെങ്കിലും കാലത്തു് ആവശ്യായി വന്നാൽ ചോയ്ച്ചാപ്പോരെ?’
അറുമുഖന്റെ മുഖം തീരെ പ്രസന്നമല്ല. എന്തിനാണു് ഇങ്ങിനെ ഒരു കടപ്പാടു് കൊച്ചമ്പ്രാട്ടി എന്റെ മണ്ടക്കിടുന്നതു? വീട്ടിലെത്തിയപ്പോൾ അവന്റെ മുഖത്തുനിന്നു് എന്തോ പന്തിയല്ല എന്നു തോന്നിയ നീലി ചോദിച്ചു.
‘എന്തു പറ്റീടാ അറമുകാ?’
കച്ചവടത്തിൽ എന്തോ നഷ്ടം പറ്റിയെന്നാണു് അവർ കരുതിയതു്.
‘ഒന്നുംല്ല്യ അമ്മാ, കൊച്ചമ്പ്രാട്ടി പണൊന്നും വാങ്ങീല.’
‘ഒന്നും വാങ്ങീലെ?’ അവർ അദ്ഭുതത്തോടെ മകനെ നോക്കി. ‘പാതീം പാതീംന്നല്ലെ നീയ് പറഞ്ഞിര്ന്നേ.’
അവൻ ഒന്നും പറയാതെ നിലത്തിരുന്നു. നീലി കുറച്ചുനേരം ആലോചിച്ചിരുന്നു.
‘നീയ് ഏത്തം വെച്ചേനും തേവീതിനൊന്നും വാങ്ങീല്ല്യല്ലോ. ചെലപ്പൊ അതോണ്ടായിരിക്കും.’
‘അങ്ങനെ പറയല്ല അമ്മാ, ഞാൻ കൊച്ചമ്പ്രാട്ടീനെ സഹായിക്കാൻ ചെയ്യണതാ. അല്ലാതെ പണത്തിനൊന്നും അല്ല.’
മറ്റന്നാൾ അത്തമാണു്. അതിനു മുമ്പുതന്നെ തിരുമേനിയുടെ അടുത്തു പോകണമെന്നു് പദ്മിനി തീർച്ചയാക്കിയിരുന്നു. രാവിലെ ബസ്സ് സ്റ്റോപ്പിലേയ്ക്കു പോകുന്ന വഴി തൃക്കാവിൽ കയറി തൊഴുതു.
തിരുമേനിയുമായി സംസാരിക്കേണ്ട കാര്യങ്ങൾ രാത്രി മുഴുവൻ ആലോചിച്ചതാണു്. ഒക്കെക്കഴിഞ്ഞിട്ടും ഇല്ലത്തെ പടിപ്പുര കടക്കുമ്പോൾ അവൾക്കു് പരിഭ്രമം തോന്നി. സർപ്പക്കോവിലിൽ അവൾ കൂറച്ചധികം സമയം തൊഴുതു പ്രാർത്ഥിച്ചുനിന്നു. സർപ്പങ്ങൾക്കും അവളുടെ മനസ്സിനു് വേണ്ടത്ര ബലം കൊടുക്കുവാൻ കഴിഞ്ഞില്ല.
അവളുടെ മുഖത്തെ വിഷമം കണ്ടപ്പോൾ തിരുമേനിയും അല്പം പരിഭ്രമിച്ചു.
‘എന്തു പറ്റീ മോളെ?’
പദ്മിനി ഉമ്മറത്തിട്ട കസേലയിലിരുന്നു.
‘ഒന്നുംല്ല്യ.’ അകത്തേയ്ക്കു നോക്കിക്കൊണ്ടു് അവൾ തുടർന്നു. ‘ഒരു കാര്യം തിരുമേന്യോടു് പറയാൻ വന്നതാ.’
‘പറഞ്ഞോളു, ഇവിടെള്ള രണ്ടുപേരും നല്ലവരാണു്. അനാവശ്യായിട്ട്ള്ള സംസാരൊന്നുംല്ല്യ. അവർക്കും നീ മോളടെ മാതിര്യാണു്.’
‘എനിയ്ക്കറിയാം,’ അവൾ ശബ്ദം താഴ്ത്തിക്കൊണ്ടു് പറഞ്ഞു. ‘ന്നാലും…’
‘ന്നാ വരു.’ തിരുമേനി മുറ്റത്തേയ്ക്കിറങ്ങി. ‘നമുക്കൊന്നു് നടന്നുവരാം.’
എങ്ങിനെയാണു് തുടങ്ങേണ്ടതു? തിരുമേനിയുടെ പ്രതികരണം എന്തായിരിക്കും? കുറച്ചുനേരത്തെ മൗനത്തിനുശേഷം അവൾ പറഞ്ഞു.
‘തിരുമേനീ, ഞാൻ കല്യാണം കഴിക്കാൻ ആലോചിക്കുണു.’
‘ങാ, നല്ല കാര്യാണല്ലൊ. വല്ല ആലോചനീം വന്നിട്ട്ണ്ടോ?’
‘ആലോചന ഒന്നും ഇല്ല. ഞാൻ അറുമുഖനെ കല്യാണം കഴിച്ചാലോന്നു് ആലോചിക്ക്യാണു്.’
തിരുമേനി പെട്ടെന്നു് നിശ്ശബ്ദനായി. അറുമുഖന്റെ കാര്യം സംസാരിക്കാൻ വല്ലാത്ത തിടുക്കം കാണിച്ചുവോ എന്നവൾ ഭയപ്പെട്ടു. പക്ഷേ, പെട്ടെന്നു് ആ കാര്യം പറഞ്ഞില്ലെങ്കിൽ താൻ പിന്നെ അതൊരിക്കലും അവതരിപ്പിക്കലുണ്ടാവില്ലെന്നവൾക്കു തോന്നി. തിരുമേനിയുടെ പശ്ചാത്തലം അവൾക്കു് നല്ലപോലെ അറിയാം. സർപ്പങ്ങളും പ്രതിഷ്ഠയുമുള്ള ഒരു പ്രാചീനമായ ഇല്ലമാണു്. ശുദ്ധാശുദ്ധങ്ങൾ ശ്രദ്ധിക്കുന്ന സ്ഥലമാണു്. അറുമുഖൻ വന്നപ്പോൾ ഉമ്മറത്തു കയറ്റിയിരുത്തി എന്നു പറഞ്ഞപ്പോൾ പദ്മിനിയ്ക്കു് അദ്ഭുതമാവുകയാണുണ്ടായതു്. ആ ഒരു സംഭവമാണോ തിരുമേനിയോടു് സംസാരിക്കാൻ തനിക്കു് ഇത്രയും ധൈര്യം തന്നതു?
‘എനിക്കു് കുട്ടിക്കാലം തൊട്ടു് അറീണതാണു്. എന്നെ നല്ല സ്നേഹും ആണ്ന്നു് എനിക്കറിയാം. എന്നെ നല്ലോണം നോക്കുംന്നു് ഒറപ്പ്ണ്ടു്. തിരുമേനിടെ സമ്മതംല്ല്യാതെ ഞാൻ ഒന്നും ചെയ്യ്ണ്ല്യ. തിരുമേനി സമ്മതം തന്നു് എന്നെ അനുഗ്രഹിക്കണം.’
‘അവനോടു് സംസാരിച്ച്വോ?’
‘ആരോടു് അറുമുഖനോടോ? ഇല്ല. അയാൾക്കറിയില്ല. ഞാനിതുവരെ അങ്ങിനെ ഒരു കാര്യം സംസാരിച്ചിട്ടില്ല.’
‘ന്നാ, സംസാരിക്കാൻ വരട്ടെ…’
തിരുമേനി കുറച്ചുനേരം ആലോചിച്ചുകൊണ്ടു് നടന്നു. പറമ്പിൽ നിറയെ മരങ്ങളുടെ തണലിൽ നടക്കാൻ സുഖമുണ്ടു്. ഒരു കൊച്ചുകാറ്റു് അവളുടെ മുഖത്തെ വിയർപ്പുതുള്ളികൾ ഒപ്പിയെടുത്തു.
‘ഞാൻ പറയാൻ പോണതു് കുട്ടിയ്ക്കു് വിഷമമുണ്ടാക്കും. പക്ഷേ, പറയാണ്ടിരിക്കാൻ പറ്റില്ല. കല്യാണം എന്നതു് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണു്. അപ്പൊ നല്ലോണം ആലോചിച്ചിട്ടേ ഒരു തീരുമാനമെടുക്കാൻ പാടൂ. ജാതീം മതോം ഒന്നും നോക്കാതെ കല്യാണം കഴിക്കണതു് നല്ലതന്നെ. പക്ഷേ, പിന്നെ അതു കഴിഞ്ഞാലുണ്ടാവണ ജീവിതം എങ്ങിനെയായിരിക്കും എന്നുകൂടി ആലോചിക്കണം. ഓരോ സമുദായത്തിനും ഓരോ മുഖമുദ്രയുണ്ടു്—ജീവിതരീതി, പാരമ്പര്യം, പെരുമാറുന്ന സമൂഹം. സംസ്കാരം എന്നു ഞാൻ പറയില്ല. സംസ്കാരം ഒരു മതത്തിനോ ജാതിയ്ക്കോ ഉള്ളതല്ല. വ്യക്തികളെ ആശ്രയിച്ചിട്ടുള്ളതാണു്. സംസ്കാരമുള്ളവരും ഇല്ലാത്തവരും ഏതു സമുദായത്തിലും കാണും. പക്ഷേ, ജീവിതരീതിയും പാരമ്പര്യവും ഒപ്പം പെരുമാറേണ്ടി വരുന്ന സമൂഹവും ജാതിയെയും മതത്തെയും ആശ്രയിച്ചിരിക്കും. അപ്പോൾ പെട്ടെന്നൊരു പെൺകുട്ടി മറ്റൊരു സമുദായത്തിലേയ്ക്കു് കടന്നു ചെല്ലുമ്പോൾ ഈവക കാര്യങ്ങൾ പല പ്രശ്നങ്ങളുമുണ്ടാക്കും. നീ വളർന്നുവന്ന സമുദായം എന്തായാലും നിന്നെ പുറംതള്ളും. അതിനെയൊക്കെ മറികടക്കാനുള്ള മനക്കരുത്തൊന്നും നിനക്കുണ്ടെന്നു തോന്നുന്നില്ല. കാരണം നീ ലോകം കണ്ടിട്ടില്ല. നിനക്കതു് താങ്ങാൻ പറ്റില്ല്യ. അപ്പൊ അവസാനംണ്ടാവ്വാ വല്യേ കഷ്ടായിരിക്കും. അല്ല, ഞാൻ പറേണതു് കുട്ടിയ്ക്കു് മനസ്സിലാവ്ണ്ണ്ടല്ലൊ?’
പദ്മിനി കുറച്ചുനേരം ഒന്നും സംസാരിക്കാതെ തിരുമേനിയുടെ ഒപ്പം നടന്നു. കുട്ടിക്കാലത്തു് സന്ധ്യ കഴിഞ്ഞ നേരത്തു് ഭയത്തോടെ ചാത്തയുടെ പറമ്പിലേയ്ക്കു നോക്കുമ്പോൾ അവിടെ കുടിലിന്റെ മുറ്റത്തു് ആളിക്കത്തുന്ന തീയും പേടിപ്പിക്കുന്ന നിഴലുകളും കാറ്റിൽ കല്ലുമ്മക്കായ ചുടുമ്പോഴുണ്ടാവുന്ന ദുർഗന്ധവും അവളുടെ ഓർമ്മയിലെത്തി. ശരിയായിരിക്കാം; അതു് മറ്റൊരു ജീവിതരീതിയാണു്.
അവൾ ആലോചിക്കുകയായിരുന്നു. കുറച്ചുദിവസം മുമ്പുണ്ടായ ഒരു സംഭവം അവളുടെ മനസ്സിലേയ്ക്കു് തള്ളിവന്നു. സന്ധ്യയ്ക്കു് എന്തോ ആലോചിച്ചു് ഉമ്മറത്തിരിക്കയായിരുന്നു. ഇരുട്ടിയതറിഞ്ഞപ്പോൾ അവൾ എഴുന്നേറ്റു് അകത്തുപോയി നിലവിളക്കു കൊളുത്തി. മുറ്റത്തേയ്ക്കിറങ്ങുമ്പോഴാണു് കണ്ടതു് ചാത്ത കൈകൂപ്പി നിൽക്കുന്നു. അവൾ വിളക്കു് കാണിക്കാനായി അയാളുടെ മുമ്പിൽ ഒരു നിമിഷം നിന്നു, പിന്നെ തുളസിത്തറയെ വലംവച്ചു തിരിവച്ചു അകത്തേയ്ക്കു പോയി. പോകുമ്പോൾ അവൾ പറഞ്ഞു.
‘ഇരിക്കൂ, ഞാനിപ്പൊ വരാം.’
അവൾ വിളക്കു് കോലായിൽ നിലത്തുവച്ചു് അകത്തേയ്ക്കുപോയി റാന്തൽ കൊളുത്തിക്കൊണ്ടുവന്നു. ചാത്ത മുറ്റത്തു നിൽക്കുകയാണു്. അവൾ പറഞ്ഞു.
‘ഇങ്ങോട്ടു കയറിയിരിക്കു.’
‘വേണ്ട കൊച്ചമ്പ്രാട്ടി ഞാനീടെ നിന്നോളാം.’
‘എന്താ കയറി ഇരുന്നാൽ?’
‘ഒന്നുംണ്ടായിട്ടല്ല. അതൊരു് സ്വപാവായിരിക്ക്യാണു്. ഈ തറവാടും ആയിട്ടു് ഞങ്ങക്കു് ഇമ്മിണി കാലായിട്ട്ള്ള ബന്ധാ. കൊച്ചമ്പ്രാട്ടിയ്ക്കു് അതൊന്നും അറീണ്ടാവില്ല. ന്റെ അച്ഛൻ വല്ല്യേവല്ല്യമ്പ്രാന്റെ അടിമ്യായിരുന്നു. ജോലിയെട്ക്കണം. കൂലിയൊന്നുംല്ല്യ. രണ്ട്നേരം കഞ്ഞികിട്ടും. അവര്ടെ പടിക്കല്തന്നെ കെടക്കാൻ ഒരു കുടിലു് കെട്ടാൻ സമ്മതൂം തരും. നല്ലോണം ജോലിയെടുത്തില്ലെങ്കിലു് വല്യമ്പ്രാൻ കെട്ടിയിട്ടു് തല്ലും, ചവിട്ടും. കുട്ട്യാമ്പൊ ഞാനതൊക്കെ കണ്ടിട്ട്ണ്ടു്. ഞാൻ ഓടിപ്പോയി കുടീലു് ഒരു മൂലേലിര്ന്നു് പേടിച്ചു് കരയും. അങ്ങിന്യൊക്ക്യായിര്ന്നു് അന്നൊക്കെ. ബാഗം ചെയ്തു് വല്യമ്പ്രാട്ടിയ്ക്കു് ഈ വീടും പറമ്പും കിട്ട്യേപ്പൊ ന്റച്ഛനീം ഇങ്ങട്ടു് പറഞ്ഞയച്ചു, പടിക്കല്ള്ള പറമ്പിലു് കുടിവെച്ചോളാൻ പറഞ്ഞു. കൊച്ചമ്പ്രാട്ടിടെ മുത്തച്ഛനും അത്ര ദയള്ള ആളൊന്നും ആയിര്ന്നില്ല. അച്ഛനെ തല്ലാറില്ല്യാന്നേള്ളൂ. അപ്പഴീക്കും ന്റച്ഛനു് വയസ്സായി. പിന്നെ ഞാനാ ജോലിയൊക്കെ ചെയ്യാറ്. കൊച്ചമ്പ്രാട്ടിടെ അച്ഛൻ നല്ല ആളായിരുന്നു, പഷ്ഷേ പടച്ചമ്പ്രാൻ നേരത്തെ വിളിച്ചോണ്ടോയി.
‘അങ്ങന്യൊക്ക്യാ ഞങ്ങള് വളർന്നതു്. ഒതുങ്ങി, പേടിച്ചോണ്ടു്. ആ പേടീം ഓർമ്മീം ഒക്കെ ഞങ്ങടെ ഒപ്പംണ്ടാവും. അതു് മാറാൻ ഇനീം കാലെടുക്കും. കൊച്ചമ്പ്രാട്ടി ഒന്നും വിജാരിക്കര്ത്ട്ടോ. ഞാൻ നാളെ വരാം. കടേന്നു് എന്തെങ്കിലും വാങ്ങാണ്ടോന്നു് ചോയ്ക്കാൻ വന്നതാ?’
‘ഇല്ല്യ. ഇന്നൊന്നും വേണ്ട.’ പദ്മിനി എഴുന്നേറ്റുകൊണ്ടു് പറഞ്ഞു.
ചാത്ത പടിക്കലെത്തിയപ്പോൾ അവൾ ഇരുത്തിമേൽ കുഴഞ്ഞിരുന്നു. അവൾ കരയുകയായിരുന്നു. അച്ഛനെ തമ്പ്രാൻ കെട്ടിയിട്ടു് അടിക്കുന്നതു കണ്ടു് പേടിച്ചരണ്ടു് കുടിലിന്റെ വെളിച്ചമില്ലാത്ത മൂലയിൽ ഒളിച്ചിരുന്നു കരയുന്ന ഒരു കുട്ടിയുടെ മുഖം അവൾ കണ്ടു.
‘ഞാൻ പറഞ്ഞതിനെപ്പറ്റി മോള് ആലോചിക്ക്ണ്ണ്ടോ?’
പദ്മിനി ഞെട്ടി. കുറച്ചുനേരമായി അവൾക്കു് സ്ഥലകാലബോധം നശിച്ചിരിക്കയായിരുന്നു. അവൾ തിരുമേനിയെ നോക്കി. ഒരു മാവിൻ ചുവട്ടിലെത്തിയപ്പോൾ അദ്ദേഹം നിന്നു.
ഒരിക്കൽ അറുമുഖൻ കല്യാണത്തെപ്പറ്റി പറയുകയുണ്ടായി. അമ്മ അമ്മയെപ്പോലെള്ള ഒരു പാവം പെണ്ണിനെ എനിക്കു വേണ്ടി കണ്ടുപിടിക്കും. ഞാനവളെ കല്യാണം കഴിച്ചു് വലിയ ആഗ്രഹങ്ങളൊന്നുംല്യാതെ ന്റെ കൊച്ചു കുടിലിലു് താമസിക്കും. അതോർത്തപ്പോൾ അവൾ ആലോചിച്ചു. ശരിയാണു്, അറമുഖനു് അവന്റെതായ ലോകമുണ്ടു്, സ്വപ്നങ്ങളുണ്ടു്. ഞാൻ എന്റെ വിധിയെ മറികടക്കാൻ അറുമുഖനെ ഒരു കരുവാക്കരുതു്. അവന്റെ സന്തോഷവും സംതൃപ്തമായ ജീവിതവും നശിപ്പിക്കുകയെ താൻ അതുകൊണ്ടു് ചെയ്യൂ.
പദ്മിനി പോയശേഷം തിരുമേനി കുറച്ചു നേരം കണ്ണടച്ചിരുന്നു. അദ്ദേഹം വി. ടി. ഭട്ടതിരിപ്പാടിനെ ഓർക്കുകയായിരുന്നു. വി. ടി. ഒരിക്കൽ പറയുകയുണ്ടായിട്ടുണ്ടു്. ഇല്ലത്തു്, അച്ഛൻ നമ്പൂതിരി ഉറങ്ങിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ തന്റെ രണ്ടൂമൂന്നു് ഈഴവ സ്നേഹിതന്മാരെ അകത്തു വിളിച്ചു ഊണു കൊടുത്ത കഥ. അന്തർജ്ജനങ്ങൾ വിളമ്പുകയായിരുന്നു. നിർഭാഗ്യവശാൽ അച്ഛൻ എഴുന്നേറ്റു വന്നു അവർ ഏതില്ലത്തുനിന്നു വന്ന നമ്പൂതിരിമാരാണെന്നു് അന്വേഷിച്ചു. അപ്പോഴേയ്ക്കു് അന്തർജ്ജനങ്ങളെല്ലാം ഭയന്നു് അകത്തേയ്ക്കു് ഓടിയൊളിച്ചു. ഏതെങ്കിലും നമ്പൂതിരിമാരാണെന്നു് നുണ പറയാനുള്ള പ്രേരണ മാറ്റിനിർത്തി അവസാനം സത്യം തുറന്നു പറഞ്ഞു. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച വി. ടി.-യെ എതിരേറ്റതു് അച്ഛന്റെ സാന്ത്വന വചനങ്ങളായിരുന്നു. അറുപതിനുമേൽ വയസ്സായ സാത്വികനായ, യാഥാസ്തികനായ ഒരു നമ്പൂതിരിയ്ക്കു് മൂന്നു പതിറ്റാണ്ടുമുമ്പു് ഇങ്ങിനെ ഒരു തീരുമാനമെടുക്കാമെന്നുണ്ടെങ്കിൽ ഇന്നു് പുരോഗമനത്തിന്റെ കാറ്റു് വീശിയടിക്കുന്ന ഇക്കാലത്തു് ഒരു നായർ പെൺകുട്ടിയും പുലയയുവാവും തമ്മിലുള്ള വിവാഹം വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കേണ്ടതില്ല. പക്ഷേ, കാര്യങ്ങൾ അങ്ങിനെയൊന്നുമല്ലെന്നു് തിരുമേനിയ്ക്കറിയാം.
അവൾക്കു് കാര്യം മനസ്സിലായെന്നാണു് പിന്നീടവളുടെ സംസാരത്തിൽ നിന്നു വരുന്നതു്. തനിക്കൊരിക്കലും ഈ കാര്യത്തിൽ മനസ്സാക്ഷിക്കുത്തിന്റെ ആവശ്യമില്ല. അവൾ ഒന്നും ആലോചിക്കാതെ ഒരെടുത്തുചാട്ടത്തിനു് മുതിർന്നതാണെന്നു സമ്മതിച്ചു. വിധിയിലുള്ള അമ്മയുടെ വിശ്വാസംമൂലമാണു് അവൾക്കു് ഇങ്ങിനെ ഒരു തീരുമാനമെടുക്കാൻ തോന്നിച്ചതു്. അമ്മ ജീവിതകാലം മുഴുവൻ വിധിയിൽ വിശ്വസിച്ചു് കഷ്ടപ്പെടുകയാണുണ്ടായതു്. ആരുടെ മേലും പഴിചാരാതെ അവർ നിശ്ശബ്ദയായി അവരുടെ ജീവിതത്തെ സ്വീകരിച്ചു. അതു് പദ്മിനിയ്ക്കു് സ്വീകാര്യമായിരുന്നില്ല. എല്ലാം വിധിയ്ക്കു് വിട്ടുകൊടുത്തുകൊണ്ടു് വേദന കടിച്ചുതിന്നുന്ന ഒരു ജീവിതം അവൾക്കു വേണ്ട. അതുകൊണ്ടു് വിധിയെ മറികടന്നു് അവൾതന്നെ സ്വന്തം ജീവിതമുണ്ടാക്കാൻ ശ്രമിച്ചതാണു്.
‘വിധിയ്ക്കനുസരിച്ചേ നമ്മുടെയൊക്കെ ജീവിതം നീങ്ങൂ എന്നാണു് എന്റെ അനുഭവം.’ തിരുമേനി തുടർന്നു. ‘അപ്പോൾ നമുക്കു കിട്ടുന്ന ജീവിതം ആവുന്നത്ര ഭംഗിയായി, സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക. മോൾക്കു് ഇപ്പോൾ ഇരുപത്തൊന്നു വയസ്സല്ലെ ആയിട്ടുള്ളു. നിരാശപ്പെടാതിരിക്കൂ. ജീവിതം മുഴുവൻ മുമ്പിൽ കെടക്ക്ണ്ണ്ടു്. മോള്ടെ ജാതകൊന്നു് കൊണ്ടെത്തരു. അല്ലെങ്കിൽ വേണ്ട ഞാനവിടെ വന്നിട്ടു് കുറിപ്പെടുത്തോളാം.’
വീട്ടിലെത്തി അടഞ്ഞുകിടക്കുന്ന വാതിൽ കണ്ടപ്പോഴാണു് അമ്മ ഇല്ലെന്ന ബോധം പദ്മിനിയ്ക്കുണ്ടായതു്. തിരുമേനിയുടെ ഇല്ലപ്പറമ്പിൽ തിരുമേനിയുടെ ഒപ്പം നടക്കുമ്പോഴൊക്കെ അമ്മ കാത്തിരിക്കുന്നുണ്ടാവുമെന്ന ബോധം മനസ്സിലുണ്ടായിരുന്നു. വാതിൽ തുറക്കാനാവാതെ അവൾ ഉമ്മറത്തെ ഇരുത്തിമേൽ ഇരുന്നു. അമ്മ മരിച്ചതിൽ പ്പിന്നെ അമ്മയെ കാണണമെന്ന മോഹം ഇത്രയും കഠിനമായി ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നു് മനസ്സു നിറയെ അമ്മയാണു്. അവൾ മുറ്റത്തേയ്ക്കിറങ്ങി തെക്കേ പറമ്പിലേയ്ക്കു നടന്നു. പുളിമാവിനു താഴെയുള്ള മൺകൂനയ്ക്കു മീതെ നിറയെ പാഴ്ചെടികൾ വളർന്നു നിൽക്കുന്നു. അമ്മയുടെ ജീവിതവും അങ്ങിനെയായിരുന്നു. പാഴ്ചെടികൾ നിറയെ വളർന്നു പടർന്ന ഒരു ജീവിതം. അതിൽനിന്നു് അമ്മയ്ക്കു് രക്ഷപ്പെടാമായിരുന്നോ. ജീവിതത്തിൽ ആദ്യമായി അവൾ സ്വയം ചോദ്യം ചെയ്തു. ഇതുവരെ അവൾ സ്വന്തം മനസ്സു പറയുന്നതാണു് ശരി എന്ന പിടിവാശിയിലായിരുന്നു. അമ്മ എങ്ങിനെ രക്ഷപ്പെടുമായിരുന്നു എന്നു് അവൾ ആലോചിച്ചു. നമുക്കോരോരുത്തർക്കും ഓരോ ജീവിതം കിട്ടിയിട്ടുണ്ടു്, അതു ഭംഗിയായി ജീവിച്ചു തീർക്കുക എന്നു് തിരുമേനി പറഞ്ഞതിന്റെ പൊരുൾ അവൾക്കിപ്പോഴെ മനസ്സിലായുള്ളു. പാവം അമ്മ. അവർക്കു കിട്ടിയ ജീവിതം ഭംഗിയായി ജീവിച്ചു തീർക്കാൻ വിഷമമുള്ളതായിപ്പോയി.
‘അമ്മേ,’ പദ്മിനി പതുക്കെ വിളിച്ചു, ‘അമ്മ പറഞ്ഞിരുന്നതാണു് ശരിന്നു് എനിക്കിപ്പോ തോന്നുണു. പക്ഷേ,…?’
അവൾ തിരിച്ചു വീട്ടിലേയ്ക്കു നടന്നു. മുറ്റത്തെത്തിയപ്പോൾ അവൾ നിന്നു. അവിടെനിന്നു നോക്കിയാൽ വടക്കെ പറമ്പു് നന്നായി കാണാം. അവളുടെ ശ്രദ്ധ കാറ്റിൽ ആഞ്ഞുലയുന്ന കവുങ്ങിൻ തലപ്പുകൾ പിടിച്ചെടുത്തു. രണ്ടു വർഷങ്ങൾക്കുമുമ്പു് വാടിനിന്നിരുന്ന തലപ്പുകൾ പച്ചയണിഞ്ഞു് നിൽക്കുന്നു. ഒരുമാതിരി എല്ലാ കവുങ്ങുകളുടെയും തലപ്പുകളിൽ ചൊട്ടയിട്ടിരിക്കുന്നു. അവ വിരിയാറായിത്തുടങ്ങി. മറുഭാഗത്തുള്ള തെങ്ങിൻ തലപ്പുകളുടെയും ക്ഷീണം മാറി വരുന്നു. വെട്ടും കിളയും നനയും അവയെ തിരിച്ചു് ആരോഗ്യത്തിലേയ്ക്കു് കൊണ്ടുവരികയാണു്.
അവൾ പടിഞ്ഞാറ്റയിൽ പോയി അദൃശ്യരായ ദേവതകളെ തൊഴുതു. ഞാൻ എനിക്കു കിട്ടിയ ജീവിതം കഴിയുന്നത്ര ഭംഗിയായി ജീവിച്ചുതീർക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനെനിക്കു് നിങ്ങളുടെയൊക്കെ തുണ വേണം. ഒരു കുളിർകാറ്റു് വാത്സല്യത്തോടെ തഴുകുന്നതായി അവൾക്കു് തോന്നി. ഈ അടച്ചിട്ട, ജനലുകൾകൂടി ഇല്ലാത്ത മുറിയിൽ കാറ്റോ? തന്റെ തോന്നലായിരിക്കണം. അവൾ കുറച്ചുനേരം കണ്ണടച്ചു നിന്നു.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.