- 1. ത്രേസ്യാമ്മ:
- വയസ്സു് 47. കാണുന്നതെന്തും ലാഭകരമായി നടത്തുന്ന കച്ചവടമാക്കി മാറ്റാൻ അപാരമായ കഴിവുള്ള സ്ത്രീ. ബുദ്ധിശക്തിയിലും നിരീക്ഷണപാടവത്തിലും അവർക്കുള്ള കഴിവു് പക്ഷേ, അവരെ പല അപകടം പിടിച്ച സ്ഥിതിവിശേഷങ്ങളിലും എത്തിക്കുന്നു.
- 2. ജോസഫേട്ടൻ:
- വയസ്സു് 58. ത്രേസ്യാമ്മയുടെ ഭർത്താവു്. ഭാര്യയുടെ കച്ചവടസംരഭങ്ങളിലും കുറ്റാന്വേഷണ പര്യടനങ്ങളിലും കുടികൊള്ളുന്ന സാഹസികതകളും അവയുടെ ദാരുണമായ പരിസമാപ്തിയും ലാഘവത്തോടെ, അല്പം നർമ്മബോധത്തോടെ കാണാൻ കഴിവുള്ള ആൾ.
- 3. പാറുകുട്ടി:
- വയസ്സു് 20. ത്രേസ്യാമ്മയുടെ വീട്ടുജോലിക്കാരി മാത്രമായിരുന്നില്ല പാറുകുട്ടി. അവരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയും, സാഹസങ്ങളിൽ പങ്കാളികൂടിയായിരുന്നു അവൾ; ഷെർലക്ഹോംസിനു് വാട്സനെപ്പോലെ. വളരെ ഒതുങ്ങി ജീവിച്ചിരുന്ന അവളുടെ ജീവിതത്തിൽ ഒരു ചെറുപ്പക്കാരൻ യുദൃശ്ചികമായി കടന്നുവന്നതു് ഒരു വഴിത്തിരിവാകുന്നു. (അദ്ധ്യായം: വരൻ വന്നതു് പല്ലക്കിലായിരുന്നില്ല).
- 4. ജോമോൻ:
- വയസ്സു് 26. ത്രേസ്യാമ്മയുടെയും ജോസഫേട്ടന്റെയും ഏകമകൻ. ഗൾഫിൽ ജോലി. കാര്യക്കുട്ടിയാണു്. അപ്പനും അമ്മയ്ക്കും വയസ്സുകാലത്തു് കണ്ടാസ്വദിക്കാൻ ഒരു ടിവിയും വിസിയാറും കൊണ്ടുവന്നു. ജോസഫേട്ടനു് അതു് വിനോദത്തിനുള്ള ഉപാധിയായപ്പോൾ ത്രേസ്യാമ്മയുടെ കച്ചവടബുദ്ധി ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലം അത്ര ആശാവഹമായിരുന്നില്ല. (അദ്ധ്യായം: മലമുകളിലെ വെളിച്ചം).
- 5. മറിയാമ്മ:
- ജോസഫേട്ടന്റെ അമ്മ. വയസ്സു് 75. കുലീനയായ സ്ത്രീ, മരുമക്കൾക്കു് ഇഷ്ടപ്പെട്ട അമ്മായിയമ്മ. ത്രേസ്യാമ്മയുടെ വീഡിയോ ബിസിനസ്സിലെ നിർണായകമായ ഘട്ടത്തിൽ അവർ സ്വയമറിയാതെത്തന്നെ സാക്ഷിയാവുന്നു. (അദ്ധ്യായം: മലമുകളിലെ വെളിച്ചം). ഒരിക്കൽ വന്നപ്പോൾ അവർ, മനപ്പൂർവ്വമല്ലാതെ, മകൻ അദ്ധ്വാനിച്ചുണ്ടാക്കിയ പുൽത്തകിടി കിളച്ചു മറിക്കുന്നു. അതു് മധുരമായ ഓർമ്മകളുടെ പ്രവാഹമുണ്ടാക്കുന്നു. (അദ്ധ്യായം: എന്റെ പ്രിയപുത്രൻ).
- 6. ശൈലജ:
- വയസ്സു് 25. സൂത്രക്കാരി. ത്രേസ്യാമ്മയുടെ മൂന്നാമത്തെ കച്ചവടമായ പ്ലേസ്കൂളിലെ ആദ്യത്തെ കസ്റ്റമർ, ശൈലജയുടെ മൂന്നുമാസം പ്രായമായ മകളായിരുന്നു. (അദ്ധ്യായം: മാതാവിന്റെ ആശിസ്സുകളോടെ).
- 7. എലിയുമ്മ എന്ന എലിസബത്ത്.
- വയസ്സു് 40. മുട്ടക്കച്ചവടക്കാരി. ആദ്യത്തെ കച്ചവടസംരഭത്തിൽത്തന്നെ ത്രേസ്യാമ്മയുടെ ആത്മാവിൽ ആഴത്തിലുള്ള മുറിവേല്പിച്ച സ്ത്രീ. (അദ്ധ്യായം: നേർച്ചക്കോഴി).
- 8. ഭവാനി.
- വയസ്സു് 30. അല്പം അപഥസഞ്ചാരമുണ്ടു്. അവളുടെ അമ്മായിയമ്മ കല്യാണിയുടെ ആവശ്യപ്രകാരം ഇടപെടാൻ ചെന്ന ത്രേസ്യാമ്മയ്ക്കു പറ്റിയ ദുരന്തത്തിന്റെ ആഴം, പാറുകുട്ടി അതിനെതിരായി ഉപദേശിച്ചിരുന്നുവെന്നതു കൊണ്ടു് കുറയുന്നില്ല. (അദ്ധ്യായം: ആദ്യത്തെ കല്ലെറിയുമ്പോൾ).
- 9. ജോർജ്ജൂട്ടി.
- വയസ്സു് 28. കാമുകി ഗ്രേസി. വളരെ അസാധാരണമായ പരിതസ്ഥിതിയിൽ ത്രേസ്യാമ്മ ഇവരെ കണ്ടുമുട്ടുന്നു. ആ പരിചയം അവർക്കു് പിന്നീടു് വളരെ ഹൃദയഭേദകമായ ഒരനുഭവം ഉണ്ടാക്കുന്നു. മാത്രമല്ല മരിച്ച പെൺകുട്ടി തെരുവിലൂടെ നടക്കുന്നതു് നേരിൽ കാണുന്നതുവരെയുള്ള സ്ഥിതിവിശേഷത്തിൽ എത്തിച്ചേരുന്നു. (അദ്ധ്യായം: ഉയർത്തെഴുന്നേല്പു്)
- 10. ക്ലാര.
- വയസ്സു് 38. ത്രേസ്യാമ്മയുടെ അനുജത്തി. ജോസഫേട്ടൻ അവളുടേതു കൂടിയാണെന്നു് ശഠിക്കുന്നു. ത്രേസ്യാമ്മയുടെ വിവാഹരാത്രിയിൽ കട്ടിലിന്നടിയിൽ ഒളിച്ചിരുന്നു് പ്രശ്നമുണ്ടാക്കിയ എട്ടുവയസ്സുകാരിയാണു് ക്ലാര. ജോസഫേട്ടൻ അപഥസഞ്ചാരം നടത്തുന്നുവെന്നു് സംശയം തോന്നിയപ്പോൾ ചേച്ചിയുടെകൂടെ ഒരു ഡിറ്റക്ടീവായി അന്വേഷിക്കാൻ പോകുന്നു. (അദ്ധ്യായം: ഒരു ഡിറ്റക്ടീവായി…)
- 11. നാസർ.
- വയസ്സു് 30. മുന്തിരിക്കച്ചവടക്കാരൻ. ഒരു തമാശക്കാരനായ അയാൾ കോളനിയിലേയ്ക്കു് വന്നതോടെ ത്രേസ്യാമ്മയുടെ പീഡാനുഭവങ്ങൾ തുടങ്ങുന്നു. (അദ്ധ്യായം: പീഡാനുഭവം).
- 12. മരപ്പണിക്കാർ.
- വീടുമോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയവരാണു്, അവർ മുൻകൂർ പണവും വാങ്ങി പെട്ടെന്നു് അപ്രത്യക്ഷരാകുന്നു. കേസുകൊടുക്കുവാൻ മുതിർന്ന ജോസഫേട്ടനെ വിധിയുടെ അജ്ഞാത കരങ്ങൾ എട്ടുവയസ്സുള്ള പീറ്ററെന്ന പയ്യന്റെ രൂപത്തിൽ വന്നു് പിൻതിരിപ്പിക്കുന്നു. (അദ്ധ്യായം: കനിവിന്റെ സ്പർശം).
- 13.
- വലിയ റസ്റ്റോറണ്ടിൽ പാറുകുട്ടിയുടെ ഒപ്പം ഭക്ഷണം കഴിക്കുമ്പോൾ മുമ്പിലിരിക്കുന്ന ‘പാവപ്പെട്ട’ കുട്ടിക്കു് ഐസ്ക്രീം വാങ്ങിക്കൊടുത്തതോടെ ഓട്ടോവിൽ പോകാനുള്ള പണം തികയാതെ വന്നപ്പോൾ ബസ്സ്സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ആ ‘പാവപ്പെട്ട’ കുട്ടിയുടെയും അമ്മയുടെയും യഥാർത്ഥസ്ഥിതി മനസ്സിലാവുന്നു. താൻ സ്വപ്നം കാണുകയാണോ എന്നറിയാൻ നുള്ളാനാവശ്യപ്പെട്ടപ്പോൾ പാറുകുട്ടിയുടെ കമന്റ്. “അമ്മച്ചിയെ നുള്ളകയല്ല വേണ്ടതു്, ഇടിക്കുകയാ.” (അദ്ധ്യായം: ഒരു സമരിയക്കാരിയുടെ പ്രശ്നങ്ങൾ).
- 14.
- മനസ്സിന്റെ താളം തെറ്റിയ മനശ്ശാസ്ത്രജ്ഞനും അതേ നിലയിലുള്ള ഭാര്യയും. പഞ്ചസാര പൊതിഞ്ഞുകൊണ്ടുവന്ന കടലാസിലെ ‘മനശ്ശാസ്ത്രജ്ഞനോടു സംസാരിക്കു’ എന്ന കോളം വായിച്ചതിനെത്തുടർന്നു് ത്രേസ്യാമ്മയ്ക്കുണ്ടായ പ്രശ്നങ്ങൾ. (അദ്ധ്യായം: വായനയുടെ പ്രശ്നങ്ങൾ.)
- 15.
- രണ്ടാമത്തെ പ്രാവശ്യം ലീവിൽ വരുമ്പോൾ ഒപ്പം കൊണ്ടുവന്ന ഫ്രണ്ട്, ത്രേസ്യാമ്മ ജോമോന്വേണ്ടി ആസൂത്രണം ചെയ്ത കാര്യങ്ങളെല്ലാം തകിടം മറിക്കുന്നു. അമ്മച്ചിക്കു ഈസ്റ്ററിനു കൊണ്ടുവന്ന വിചിത്രസമ്മാനം സ്വീകരിക്കാനും തിരസ്കരിക്കാനും വയ്യാത്ത പരുവത്തിലാവുന്നു ത്രേസ്യാമ്മ. (അദ്ധ്യായം: അമ്മച്ചിക്കൊരു ഈസ്റ്റർ സമ്മാനം).
- .
- ത്രേസ്യാമ്മയ്ക്കു്, സ്വന്തം ഭർത്താവു് ആശ്വസിപ്പിക്കാൻ എത്താത്തപ്പോൾക്കൂടി സാന്ത്വനമരുളുന്ന എല്ലാമറിയുന്ന, എല്ലാം പൊറുക്കുന്ന കർത്താവു്. (എല്ലാ അദ്ധ്യായത്തിലും നിറഞ്ഞുനില്ക്കുന്നു.)
(പുസ്തകങ്ങളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾക്കു് ഗ്രന്ഥകർത്താവിനോടു് കടപ്പാടു്.)
ഇടപ്പള്ളി ഫൊറോന പള്ളിയിൽ പെരുന്നാളിനു് കുർബാന കൊള്ളുമ്പോൾ ത്രേസ്യാമ്മ ചിന്തിച്ചിരുന്നതു് കോഴികളെപ്പറ്റിയായിരുന്നു. സർവത്ര കോഴികൾ, നേർച്ചക്കോഴികൾ. സഞ്ചികളിൽ, കൂടകളിൽ, ആവരണങ്ങളൊന്നുമില്ലാതെ കീഴ്ക്കാംതൂക്കു് പിടിച്ച നിലയിൽ ഒക്കെയായി അവ ചുറ്റുമുണ്ടായിരുന്നു. ത്രേസ്യാമ്മയുടെ മനസ്സു് അച്ചന്റെ പ്രസംഗത്തിൽനിന്നു് വളരെയകന്നുപോയി. പ്രസംഗം കഴിഞ്ഞു് കുരിശു വരച്ചു് പ്രാർഥനയ്ക്കായി എല്ലാവരും മുട്ടു കുത്തിയപ്പോൾ ത്രേസ്യാമ്മ മാത്രം കുത്തനെ നിൽക്കുകയായിരുന്നു.
‘പ്രസംഗത്തിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരുന്ന ആൾക്കാരും പ്രാർഥനസമയത്തു് മുട്ടുകുത്തിയിരിക്കണം’, എന്നു് മാത്യുഅച്ചൻ പറഞ്ഞപ്പോഴാണു് ഹാളിൽ മുട്ടുകുത്തിയിരിക്കുന്നവർക്കിടയിൽ താൻ മാത്രം എഴുന്നേറ്റു നിൽക്കുകയായിരുന്നെന്നും അടുത്തിരുന്ന സോഫി തന്റെ ചട്ട പിടിച്ചുവലിക്കുകയായിരുന്നെന്നും ത്രേസ്യാമ്മ മനസ്സിലാക്കുന്നതു്. നടുറോട്ടിലൂടെ നടക്കുമ്പോൾ നഗ്നയായപോലെ തോന്നി ത്രേസ്യാമ്മക്കു്. മുട്ടു കുത്തിയിരുന്നു് കുരിശുവരയ്ക്കുമ്പോൾ ത്രേസ്യാമ്മ ആണയിട്ടു. ‘കർത്താവാണേ സത്യം ഇനി കുർബാന സമയത്തു് കോഴികളെപ്പറ്റി ആലോചിക്കില്ല.’
കാണുന്നതെന്തും ലാഭകരമായി നടത്തുന്ന കച്ചവടമാക്കി മാറ്റാൻ കഴിവുള്ള അവരുടെ ബുദ്ധി പക്ഷേ, വീണ്ടും പ്രവർത്തിച്ചു തുടങ്ങി. (ലാഭകരമായി എന്നു പറഞ്ഞുവോ?)
വിറകുപുരയിൽ ചിതലുകയറാതെ സൂക്ഷിച്ചുവച്ച ഒരു വലിയ പീഞ്ഞപ്പെട്ടിയാണു് മനസ്സിൽ വന്നതു്. കോയമ്പത്തൂരിൽ നിന്നു് മോണോബ്ലോക്ക് പമ്പ് വരുത്തിയപ്പോൾ കിട്ടിയതാണു്. നല്ല കട്ടിയുള്ള പീഞ്ഞയായതു കൊണ്ടു് വിറകാക്കാൻ തോന്നിയില്ല. അതിനൊരു വാതിലുണ്ടാക്കാൻ പറഞ്ഞാൽ അച്ചായൻ ചെയ്തുതരും. ജോസഫേട്ടനു് എന്തു പണിയും വശമാണു്, അതിനുള്ള ആയുധങ്ങളൊക്കെയുണ്ടുതാനും. റിട്ടയർ ചെയ്തു വീട്ടിൽ ഇരിപ്പായതിൽപ്പിന്നെ അങ്ങിനെയുള്ള പണികൾക്കൊക്കെ വലിയ ഉത്സാഹവുമാണു്.
ജോസഫേട്ടൻ ഈർച്ചവാളും ഉളിയും ചുറ്റികയും എടുത്തു് പെരുമാറുന്ന മിഴിവുറ്റ ചിത്രം മനസ്സിൽ വന്നപ്പോൾ ത്രേസ്യാമ്മ പറഞ്ഞു.
‘അപ്പോ കൂടു തയ്യാറായി, ഇനി കോഴി?’
ഹാൾ ഒരു നിമിഷം നിശ്ശബ്ദമായി, പിന്നെ പ്രാർഥന തുടർന്നു. ഇടത്തുവശത്തു് കുമ്പിട്ടുനിൽക്കുന്ന ലില്ലി ത്രേസ്യാമ്മയെ കുറച്ചു ശക്തിയോടെത്തന്നെ തോണ്ടിയപ്പോഴാണു് താൻ കോഴിക്കാര്യം പറഞ്ഞതു് കുറച്ചുറക്കെയായി എന്നവർക്കു മനസ്സിലായതു്. അവർ മുന്നോട്ടു നോക്കി അക്ഷോഭ്യയായി അച്ചൻ പറഞ്ഞതു് കുറച്ചുറക്കെത്തന്നെ ഏറ്റുപറഞ്ഞു.
‘കർത്താവായ യേശുവിനെ…’
ജോസഫേട്ടൻ നേർച്ചപ്പെട്ടിക്കു സമീപം നിന്നിരുന്നു. അദ്ദേഹത്തിന്റെ പതിവു് അതാണു്. ത്രേസ്യാമ്മ സഖിമാരുടെ ഒപ്പം നടന്നു് എത്തുമ്പോഴേക്കും ജോസഫേട്ടൻ ഒരു നാരങ്ങ സോഡയും കുടിച്ചു് പോകാൻ തയ്യാറായിരിക്കും.
‘താനിന്നു് എന്തോന്നാ കാട്ടിക്കൂട്ടീതു?’ ജോസഫേട്ടൻ ചോദിച്ചു.
കോഴികളുടെ കാര്യം വീണ്ടും ഓർത്തതു് അപ്പോഴാണു്. നേർച്ചക്കോഴികളെ ലേലം ചെയ്തു വിൽക്കുകയാണു് പതിവു്. ഒരെണ്ണത്തിനെ വാങ്ങാമെന്നു് ജോസഫേട്ടനെക്കൊണ്ടു് സമ്മതിപ്പിച്ചശേഷമാണു് ത്രേസ്യാമ്മ ബസ്സിൽ കയറിയതു്.
പിറ്റേന്നു രാവിലെ ഇടിയപ്പവും മുട്ടക്കറിയും കഴിച്ചു് പണിയായുധങ്ങളുമായി ഒരു ഇരുപ്പിരുന്ന ജോസഫേട്ടൻ പിന്നെ എഴുന്നേറ്റതു് ഒന്നര മണിക്കാണു്. ഇടയ്ക്കു് ത്രേസ്സ്യാമ്മ കുടിക്കാനുള്ള വെള്ളമോ ചായയോ കൊണ്ടുവന്നു കൊടുക്കും. കുറച്ചുനേരം പണി നോക്കിക്കൊണ്ടു നിൽക്കും. ഉടനെ സംശയങ്ങൾ തല പൊക്കുകയായി. നിരവധി സംശയങ്ങൾ. അച്ചായൻ ശരിയായിട്ടു തന്നെയാണോ ചെയ്യുന്നതു? ചോദിക്കാൻ ധൈര്യമില്ലാതെ കുറച്ചു നേരം നില്ക്കും. സസ്പ്പെൻസ് സഹിക്കാതായാൽ അവസാനം ധൈര്യം സംഭരിച്ചു് ചോദിക്കും.
‘ഇതെന്താ ഈ പലക ഇങ്ങനെ കണ്ടിച്ചിരിക്കണതു?’
‘അതോ, അതു് കൂടിന്റെ വാതിലാ.’
‘വാതിലോ?’ ത്രേസ്യാമ്മ സംശയം പ്രകടിപ്പിക്കും. ‘അതിനു് ഇത്ര വലുപ്പം മതിയോ?’
ജോസഫേട്ടൻ ഉളിയും ചുറ്റികയും നിലത്തിട്ടു് നിവർന്നിരുന്നു, മൂക്കിലേയ്ക്കു് ഊർന്നിറങ്ങിയ വെള്ളെഴുത്തു് കണ്ണടയുടെ മുകളിലൂടെ ഭാര്യയെ നോക്കിക്കൊണ്ടു് പറഞ്ഞു.
‘നീ എന്നോടു് ഒട്ടകപ്പക്ഷിക്കു് കൂടുണ്ടാക്കാനാണോ പറഞ്ഞതു?’
ഇനി സംസാരിച്ചാൽ ശരിയാവില്ലെന്നു് ത്രേസ്യാമ്മക്കു് നന്നായറിയാം. അവർ ഒഴിഞ്ഞ ഗ്ലാസെടുത്തു് നടന്നു. തിരിഞ്ഞു നിന്നു് ഇത്രയും പറയുകയും ചെയ്തു.
‘നിങ്ങ എന്താച്ചാ ചെയ്തോ. പക്ഷേ, കോഴി വാതലു് കെടക്കുകെല കേട്ടൊ.’
ഭർത്താവിന്റെ വീട്ടുകാരുടെ ഭാഷയാണതു്. ഇടക്കൊച്ചിയിൽനിന്നു് നാത്തൂമ്മാരു് വരുമ്പോൾ ഈ ഭാഷ കേൾക്കാനായി ത്രേസ്യാമ്മ അവരെ പിടിച്ചു നിർത്താറുണ്ടു്.
വാക്കുകൾക്കു് അറം പറ്റുക എന്നൊക്കെ കേട്ടിട്ടില്ലേ? ത്രേസ്യാമ്മയുടെ കാര്യത്തിലും അതാണു് സംഭവിച്ചതു്.
ഉച്ചയോടുകൂടി കൂടിന്റെ പണി കഴിഞ്ഞു. ജോസഫേട്ടനെ ഊണിനു വിളിക്കാൻ വന്ന ത്രേസ്യാമ്മയുടെ കണ്ണു് തള്ളിപ്പോയി. ഒരു മണിക്കൂർ മുമ്പു് ഇറച്ചിക്കറി അടുപ്പത്താക്കി വന്നു് നോക്കിയപ്പോൾ കുറേ പലകകൾ മാത്രം. ഇപ്പോൾ ഇതാ ഒരു വീടു്. കണ്ടാൽ ശരിക്കും ഒരു വീടുതന്നെ. രണ്ടുഭാഗത്തേക്കും ചെരിഞ്ഞു കിടക്കുന്ന മേൽപ്പുര. തുറക്കാൻ പിടിയുള്ള വാതിൽ. വീടു് നിൽക്കുന്നതു് നാലു കാലിൻമേലാണു്. ഒരു കോഴിയായി വന്നു് ആ കൂട്ടിൽ ചേക്കേറാൻ ത്രേസ്യാമ്മക്കു് മോഹമുണ്ടായി.
‘നിങ്ങള് നല്ലൊരു മരപ്പണിക്കാരനാണു്,’ ത്രേസ്യാമ്മ പറഞ്ഞു. പിന്നെ ഭദ്രമായ അകലത്തിൽ നിന്നു കൊണ്ടവർ തുടർന്നു. ‘പോരാത്തതിനു് പാരമ്പര്യവുമുണ്ടല്ലോ.’
ത്രേസ്യാമ്മ അല്പം കൊള്ളിച്ചുകൊണ്ടു് പറഞ്ഞതാണു്. അവർ സ്വന്തം പൈതൃകത്തിന്റെ ആഢ്യതയിൽ ഊറ്റം കൊള്ളാറുണ്ടു്.
‘എന്റെ അപ്പൂപ്പന്റെ അപ്പൂപ്പൻ നമ്പൂതിരിയായിരുന്നു. ഞങ്ങള് വല്ല്യ ജന്മിമാരായിരുന്നു. ധാരാളം നെലോം, അമ്പലവും ഒക്കെണ്ടായിരുന്നു. വേദോം ഓത്തും ഒക്കെണ്ടാർന്നു. മാനസാന്തരപ്പെട്ടപ്പോ അമ്പലം വിട്ടുകൊടുത്തു. എമ്പാടും സ്വത്തുണ്ടായിരുന്നതൊക്കെ പോയതു് ഭൂനിയമം വന്നപ്പോഴാ. മതം മാറിയെങ്കിലും വല്ല്യപ്പൂപ്പൻ വീട്ടുപേരു് മാറ്റിയിട്ടില്ല. അതാണു് ഞങ്ങടെ വീട്ടുപേരു് കിള്ളിമനക്കൽന്നായതു്.’
ജോസഫിന്റെ വീട്ടുകാർ രണ്ടു തലമുറ മുമ്പുവരെ മരപ്പണിക്കാരായിരുന്നു. അപ്പൂപ്പൻ തൊട്ടാണു് മരപ്പണി നിർത്തിയതു്. അപ്പൂപ്പനു് കപ്യാരുടെ ജോലിയായിരുന്നു. വയസ്സു കാലത്തു് പക്ഷേ, അദ്ദേഹം ആ ജോലി വെറുത്തു. അപ്പന്റെ പണിയായുധങ്ങൾ ഏറ്റുവാങ്ങാഞ്ഞതിൽ പരിതപിച്ചു. ആശാരിപ്പണി കലയാണെന്നു് മനസ്സിലാക്കിയപ്പോഴേക്കു് വൈകിയിരുന്നു. മകനെ പക്ഷേ, ആ വഴിക്കു വിടാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായില്ല. അതു നന്നായെന്നു് ജോസഫേട്ടൻ കരുതി. അപ്പച്ചൻ കച്ചവടത്തിനു പകരം മരപ്പണിക്കു പോയിരുന്നെങ്കിൽ താൻ കഷ്ടപ്പെട്ടേനേ.
‘എടീ, മരപ്പണിക്കു് എന്താ മോശം?’ ജോസഫേട്ടൻ ചോദിച്ചു. ‘വൈകുന്നേരം വരെ ജോലിയെടുത്താൽ രൂപ നൂറ്റിയിരുപത്തഞ്ചാ കിട്ടുന്നതു്. പിന്നെ മറിയത്തിന്റെ ഭർത്താവു് ജോസഫും മരപ്പണിക്കാരനായിരുന്നൂന്നു് ഓർക്കണം.’
കന്യാമറിയത്തിന്റെ കാര്യമാണു് പറയുന്നതു്. ത്രേസ്യാമ്മ മാറിൽ കുരിശു വരച്ചു.
‘ഈശോ മിശിഹായ്ക്കു് സ്തുതിയായിരിക്കട്ടെ.’
ഉച്ചയുറക്കം കഴിഞ്ഞശേഷം ജോസഫേട്ടൻ കടയിൽ പോയി പെയ്ന്റ് വാങ്ങിക്കൊണ്ടുവന്നു. കുറേ നേരത്തേക്കു് പെയ്ന്റ് പണിയായിരുന്നു. സന്ധ്യയായപ്പോഴേയ്ക്കു് മനോഹരമായ ഒരു വീടു് അടുക്കളമുറ്റത്തു് സ്ഥാപിക്കപ്പെട്ടിരുന്നു. വൈകുന്നേരംവരെ ഇര തേടിയുള്ള അലച്ചിൽ കഴിഞ്ഞു് ഒരു സുന്ദരരാത്രിയുടെ മോഹന സ്വപ്നങ്ങളുമായി ആ കൂട്ടിൽ ചേക്കേറാൻ കോഴിക്കെന്നല്ല ഏതു പക്ഷിക്കും രണ്ടാമതൊന്നു് ചിന്തിക്കേണ്ട.
(എന്നൊക്കെ നമ്മൾ വിചാരിക്കുന്നു. കാര്യങ്ങൾ എങ്ങിനെയൊക്കെയാണു് നീങ്ങിയതെന്നു് നോക്കാം.)
ത്രേസ്യാമ്മ പുറത്തിറങ്ങി കോളനിയിലെ കൂട്ടുകാരെ മുഴുവൻ വിളിച്ചുവരുത്തി.
‘അച്ചായൻ കോഴിക്കൂടുണ്ടാക്കീട്ട്ണ്ടു്. നീ ഒന്നു് വന്നു് കാണു് പെണ്ണേ.’
ജോസഫേട്ടൻ ഉണ്ടാക്കിയ ഭംഗിയുള്ള കൂടു് അഭിമാനപൂർവം കാണിക്കുക മാത്രമായിരുന്നില്ല ത്രേസ്യാമ്മയുടെ ഉദ്ദേശ്യം. അതിനുമുപരിയായി ഒരു വിപണനതന്ത്രം കൂടിയായിരുന്നു ആ എക്സിബിഷൻ. കോഴിമുട്ടയായാലും കമ്പ്യൂട്ടറായാലും ഇക്കാലത്തു് വിൽക്കണമെങ്കിൽ ഹൈടെക്ക് മാർക്കറ്റിങ് തന്നെ വേണം. ഇന്നു് കൂടു്, നാളെ കോഴി. ഉൽപ്പന്നം മാർക്കറ്റിലെത്തുമ്പോഴേക്കു് അത്യാവശ്യം പരസ്യം കിട്ടിയിരിക്കണം.
പിറ്റേന്നു് ജോസഫേട്ടൻ പള്ളിയിൽ നിന്നു് തിരിച്ചു വന്നു് കയ്യിലുണ്ടായിരുന്ന സഞ്ചി നിലത്തുവെച്ചു് സോഫയിൽ ഇരുന്നു കൊണ്ടു് പറഞ്ഞു.
‘ഹാവു എന്തു ചൂടു്.’
സഞ്ചിക്കുള്ളിൽ നിന്നു് അനക്കം ശ്രദ്ധിച്ച ത്രേസ്യാമ്മ ചോദിച്ചു.
‘കോഴിയാണല്ലേ?’
‘നിനക്കെങ്ങനെ മനസ്സിലായെടി കൊച്ചുത്രേസ്യേ?’ ജോസഫേട്ടൻ ചോദിച്ചു.
‘അതിനകത്തു് അനങ്ങ്ണ്ണ്ടു്.’
‘നെന്റെ ഒരു കഴിവുതന്നെ.’ ജോസഫേട്ടൻ തുടർന്നു. ‘എന്നോടു് കോഴീനെ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞിട്ടു് ഞാനൊരു സഞ്ചിയുമായിട്ടു് തിരിച്ചു വര്വാ. എന്നിട്ടു് അതു നെലത്തു് വെച്ചപ്പോ അതിനകത്ത്ന്നു് അനക്കവും. അപ്പോ നെന്റെ കണ്ടുപിടുത്തം അതു കോഴിയാണെന്നു് അല്ലെടീ കൊച്ചു ത്രേസ്യേ?’
‘നിങ്ങളതിനെ തുറന്നു് വിടുന്നുണ്ടോ?’ ത്രേസ്യാമ്മക്കു് ദ്വേഷ്യം പിടിച്ചു. ‘അതിനു് ശ്വാസം മുട്ടുന്നുണ്ടാവും.’
അച്ചായനു് വളരെ സ്നേഹം തോന്നുമ്പോഴോ വളരെ ദ്വേഷ്യം പിടിക്കുമ്പോഴോ മാത്രമേ കൊച്ചുത്രേസ്യ എന്ന ഓമനപ്പേരു് വിളിക്കാറുള്ളു. അതവരെ അരിശം പിടിപ്പിച്ചു.
‘നീതന്നെ അങ്ങ് തൊറന്നു നോക്ക്യേ.’
ത്രേസ്യാമ്മക്കു് പേടിയുണ്ടായിരുന്നു. തുറന്നാൽ അതു് വെപ്രാളത്തിൽ തന്റെ തലയിലെങ്ങാനും കയറിയിരിക്കുമോ ആവോ. ധൈര്യം സംഭരിച്ചു് സഞ്ചിയുടെ കെട്ടഴിച്ചു് പക്ഷിയെ പുറത്തെടുത്തു. പ്രതീക്ഷക്കെതിരായി അതു് അനങ്ങാതെ കിടക്കുകയാണു്. അതിന്റെ കാലുകൾ കെട്ടിയിട്ടിരുന്നു.
‘ഭംഗിയുള്ള കോഴി.’ ത്രേസ്യാമ്മക്കു് പറയാതിരിക്കാൻ കഴിഞ്ഞില്ല. നാടൻ കോഴിയുടെ ചാരനിറമല്ല. പൂവൻ കോഴിയുടെ തൂവൽപോലെ വർണശബളമായ ചിറകുകൾ. കഴുത്തിന്റെ പൂടമേൽ മഴവില്ലിന്റെ ചാരുത.
‘ഒരു പൂവൻ കോഴിടെ മാതിരിണ്ട്’ ത്രേസ്യാമ്മ പറഞ്ഞു. ‘നല്ല തടീംണ്ട്’
‘നീ പോയി അതിനെ കൂട്ടിൽ കൊണ്ടുപോയി ഇടു്, എന്നിട്ടു് എനിക്കു് കുറച്ചു വെള്ളം കുടിക്കാൻ കൊണ്ടുവാ’
ത്രേസ്യാമ്മ അതിനെ എടുത്തു് അടുക്കളമുറ്റത്തേക്കു് പോയി, കൂട്ടിന്റെ വാതിൽ തുറന്നു് അകത്താക്കി കാലിന്റെ കെട്ടഴിച്ചു. കെട്ടഴിച്ച വിവരം അറിയാതെ കോഴി കുറച്ചു നേരം കിടന്നു, പിന്നെ എഴുന്നേറ്റു് നൊണ്ടിക്കൊണ്ടു് നടന്നു. ക്രമേണ അതിന്റെ കാലുകൾക്കു് സ്വാധീനം വെച്ചു. അതു് വാതിലിന്റെ കമ്പിവലയുടെ അടുത്തു വന്നു് ത്രേസ്യാമ്മയെ നോക്കി, എന്തിനാണു് എന്നെ ഇതിനുള്ളിലാക്കിയിരിക്കുന്നതെന്നു് ചോദിക്കുന്ന മട്ടിൽ.
‘ഇനി മുതൽ നെന്റെ വീടാണിതു് കേട്ടൊ.’
കോഴിക്കതു മുഴുവൻ ബോധ്യമായില്ലെന്നു തോന്നുന്നു.
എന്തായാലും പിറ്റേന്നു് രാവിലെ കൂടു തുറന്നു കൊടുക്കാൻ ചെന്നപ്പോൾ ത്രേസ്യാമ്മക്കു് ഒരു മുട്ട ദാനമായി കിട്ടി. സാമാന്യം വലിപ്പമുള്ള മുട്ട. അവൾ കോഴിയെ സ്നേഹപൂർവം നോക്കി.
രാവിലെ അച്ചായന്നു് പിട്ടും കടലയും ചായയും കൊടുത്ത ശേഷം ത്രേസ്യാമ്മ ഒരു നോട്ടു പുസ്തകവും പെൻസിലുമായി പുറത്തിറങ്ങി.
‘കൊച്ചുത്രേസ്യ എവിട്യാ പോണു്.’ ജോസഫേട്ടൻ വിളിച്ചു ചോദിച്ചു.
‘ഞാനിപ്പോ വരാം.’
ഭാര്യയുടെ ബിസിനസ്സ് യാത്രകളെപ്പറ്റി അറിവുള്ളതു കൊണ്ടു് ജോസഫേട്ടൻ പിന്നെ ഒന്നും ചോദിച്ചില്ല.
അര മണിക്കൂർ നേരത്തെ വിജയകരമായ യാത്രയുടെ അന്ത്യത്തിൽ അവരുടെ ഓർഡർ പുസ്തകം നിറഞ്ഞിരുന്നു. ഏതൊരു ബിസിനസ്സുകാരന്നും (ബിസിനസ്സുകാരിക്കും) അസൂയയുണ്ടാക്കിയേക്കാവുന്ന ആ പുസ്തകം ജോസഫേട്ടന്നു് നേരെ നീട്ടിക്കൊണ്ടു് ത്രേസ്യാമ്മ പറഞ്ഞു.
‘നോക്കിക്കേ എന്തോരം ഓർഡറാ കിട്ടിയിരിക്കണതു?’
അദ്ദേഹം കണ്ണട എടുത്തുവെച്ചു പുസ്തകം നിവർത്തി നോക്കി. ആദ്യത്തെ പേജിൽ എഴുതിയിട്ടുണ്ടു്,
ജലജ—6 എണ്ണം.
അടുത്തപേജിൽ, പത്മാവതി—4 എണ്ണം. അതിനടുത്ത പേജിൽ, ദേവകി—4 എണ്ണം. ഓരോ പേജും ഓരോരുത്തർക്കായി നീക്കിവെച്ചിരിക്കയാണു്. തുടർച്ചയായി കിട്ടാൻ പോകുന്ന ഓർഡറുകൾ രേഖപ്പെടുത്താൻ സ്ഥലമില്ലാതെ പോകേണ്ട. ജോസഫേട്ടൻ കണക്കാക്കി നോക്കി. ആകെ നാൽപ്പത്തെട്ടു മുട്ടയുടെ ഓർഡർ ഉണ്ടു്.
‘ഇവിടെ മുട്ട കൊണ്ടുവരണ ഉമ്മ ഒരു രൂപക്കാണു് വിൽക്കുന്നതു്. ഞാൻ തൊണ്ണൂറു പൈസക്കു കൊടുക്കാംന്നു് ഏറ്റു. അപ്പൊ എല്ലാരും എന്റെ അടുത്തുനിന്നേ വാങ്ങൂന്നു് പറഞ്ഞിരിക്ക്യാണു്. ഞാൻ അച്ചാരം വാങ്ങിയിട്ടുണ്ടു്.’
അവർ ബ്ലൌസിന്റെ ഉള്ളിൽനിന്നു് കൊച്ചു പഴ്സ് പുറത്തെടുത്തു, നോട്ടുകളും ചില്ലറകളും മേശപ്പുറത്തിട്ടു് എണ്ണാൻ തുടങ്ങി.
‘ഇതൊന്നു് കണക്കാക്കിയേ.’ അവർ ജോസഫേട്ടന്റെ സഹായത്തിനു് അഭ്യർഥിച്ചു.
‘പത്തിന്റെ ഒരു നോട്ട്, അഞ്ചിന്റെ നാലു്…’ പെട്ടെന്നു് തലയുയർത്തിക്കൊണ്ടവർ ചോദിച്ചു. ‘പെന്നും കടലാസും വേണോ?’
‘ഇല്ലാതെത്തന്നെ നോക്കട്ടെ, നീ പറ.’
‘അഞ്ചിന്റെ കഴിഞ്ഞില്ലേ. ഇനി രണ്ടിന്റെ മൂന്നു് നോട്ട്. ഒറ്റ രൂപ രണ്ടെണ്ണം. പിന്നെ ചില്ലറയായിട്ടു് രണ്ടു രൂപ മുപ്പതു് പൈസ.’
‘നാല്പതു രൂപ മുപ്പതു പൈസ.’ ജോസഫേട്ടൻ പറഞ്ഞു. ‘നാല്പത്തെട്ടു മുട്ടക്കു് തൊണ്ണൂറു് പൈസ പ്രകാരം നാല്പത്തിമൂന്നു് രൂപ ഇരുപതു് പൈസ വരും. അപ്പോൾ ബാക്കിയുള്ള പൈസയോ?’
‘അതോ, അതു്… നാരായണി അച്ചാരം തന്നിട്ടില്ല. അവൾക്കു് ഒരു മുട്ടയേ വേണ്ടു. പാവം കൊച്ചിനു് നല്ല ഇഷ്ടാത്രെ. അവളുടെ കയ്യിൽനിന്നു് അയ്മ്പതു പൈസയേ വാങ്ങൂ. ദേവകിക്കു് നാല്പതു് പൈസ തിരിച്ചു കൊടുക്കണം. മേരിക്കുട്ടി ഒരു രൂപ തരാനുണ്ടു്, അതോ അങ്ങോട്ടു കൊടുക്കാനോ? ജലജ മുഴുവൻ പണവും തന്നുവോ?…’
കണക്കിന്റെ കാര്യത്തിൽ ത്രേസ്യാമ്മ ശകുന്തളാദേവിയുടെ അടുത്തൊന്നും എത്തിയിരുന്നില്ല.
‘അപ്പോ കൊച്ചു ത്രേസ്യേ, ഒരു കാര്യം ചോദിച്ചോട്ടേ?’
ഒന്നു് പറഞ്ഞു തുലച്ചുകൂടെ എന്നു് ഏതു് സാദ്ധ്വിയും ചോദിച്ചേക്കാവുന്ന രംഗം. പക്ഷേ, ത്രേസ്യാമ്മ മയത്തിൽ ചോദിച്ചു.
‘എന്തോന്നാ?’
‘നീയിപ്പോ നാല്പ്പത്തെട്ടു മുട്ടടെ ഓർഡർ പിടിച്ചില്ലേ?’
‘ഉം?’
‘അതു് ഒരാഴ്ചയ്ക്കു് വേണ്ടതല്ലെ?’
‘അതേ. മുട്ടക്കാരി ഉമ്മ ആഴ്ചയിലൊരിക്കലാണു് വര്വാ. അപ്പോ ഒരാഴ്ചക്കുള്ള മൊട്ടയാണു് എല്ലാരും വാങ്ങിവെയ്ക്ക്യാ.’
‘ശരി, പക്ഷേ, നമ്മടെ അടുത്തു് ഒരു കോഴിയല്ലെ ഉള്ളൂ. അതോണ്ടു് എങ്ങനാ ഇത്രയും മുട്ട കൊടുക്കുന്നതു?’
‘അതിനെന്താ?’ അച്ചായന്റെ അറിവുകേടിൽ വിഷമം തോന്നിയ ത്രേസ്യാമ്മ പറഞ്ഞു. ‘കോഴി ദെവസൂം മൊട്ടയിടില്ലേ?’
അവർ അടുക്കളയിലേയ്ക്കു് പോയി. ജനലിലൂടെ അടുക്കള മുറ്റത്തു് ചിനക്കി ഭക്ഷണം തേടുന്ന കോഴിയെ അഭിമാനപൂർവം നോക്കി.
‘ദേണ്ടെ നോക്കിയേ, എന്തൊരൈശ്വര്യാ നമ്മടെ കോഴിക്കു്.’
വൈകുന്നേരം ചേക്കേറേണ്ട സമയമായപ്പോൾ ത്രേസ്യാമ്മ കൂട്ടിനുള്ളിൽ വെള്ളവും തീറ്റയായി കുറച്ചു നെല്ലും ഇട്ടു് കൂട്ടിന്റെ വാതിൽ മലർക്കേ തുറന്നിട്ടു. സ്വന്തം വീട്ടിന്റെ ഉടമസ്ഥതയെപ്പറ്റി കോഴിക്കിനി ഒട്ടും ആശങ്ക വേണ്ട. ഒന്നു പരിചയമാകുന്നവരെ ഇതൊക്കെ ചെയ്യുകയാണു് നല്ലതു്. കോഴി പറമ്പിൽ നടന്നു കൊണ്ടു് ത്രേസ്യാമ്മയുടെ നീക്കങ്ങൾ സംശയത്തോടെ വീക്ഷിച്ചു; കൂട്ടിലേയ്ക്കു വരാൻ ധൃതിയൊന്നും കാണിച്ചുമില്ല. സമയമാവുന്നേയുള്ളു എന്നു് ത്രേസ്യാമ്മയും സമാധാനിച്ചു.
ഇരുട്ടിത്തുടങ്ങിയിട്ടും കോഴി ചേക്കേറാനുള്ള ഭാവമില്ലെന്നു കണ്ടപ്പോൾ ത്രേസ്യാമ്മ പരിഭ്രമിച്ചു. കോഴി മുറ്റത്തു വന്നെങ്കിലും കൂട്ടിന്റെ അടുത്തു പോകാതെ നില്ക്കയാണു്. കൂട്ടിന്റെ വാതിൽ പതുക്കെ തട്ടി കോഴിയുടെ ശ്രദ്ധയാകർഷിച്ചു ഉള്ളിൽ പ്ലാസ്റ്റിക്കു പാത്രത്തിലിട്ട തുടമുള്ള നെന്മണികൾ കയ്യിലെടുത്തു ഉലർത്തിക്കാണിച്ചു കൊടുത്തു. കോഴി അതെല്ലാം നോക്കി താല്പര്യമില്ലാതെ തലതിരിച്ചു. അവർ മയത്തിൽ വിളിച്ചു.
‘കോയി ബാ ബാ…’
കേട്ട ഭാവമില്ല. ഇരുട്ടിത്തുടങ്ങി. സ്വമേധയാ കൂട്ടിൽ കയറില്ലെന്നുറപ്പായപ്പോൾ അവർ കോഴിയെ പിടിക്കാൻ ശ്രമമാരംഭിച്ചു. അതാകട്ടെ കൂടുതൽ അപകടത്തിൽ കലാശിച്ചു. ത്രേസ്യാമ്മയെയും അടിയന്തിര സന്ദേശം നല്കി അടുക്കളയിൽ നിന്നു് വരുത്തിയ പാറുക്കുട്ടിയേയും പതിനഞ്ചു മിനുറ്റുനേരം ഓടിച്ചിട്ടശേഷം കോഴി പറന്നുയർന്നു് മുറ്റത്തെ മാവിന്റെ കൊമ്പത്തു് കയറിയിരുപ്പായി.
രാത്രി ത്രേസ്യാമ്മയ്ക്കു് ഉറക്കം വന്നില്ല. തന്റെ മൂലധനമാണു് മരക്കൊമ്പത്തു് വല്ല കുറുക്കന്റേയും തിരുവത്താഴമാകാൻ പാകത്തിൽ കയറിയിരിക്കുന്നതു്.
‘എടി കൊച്ചു ത്രേസ്യേ,’ ജോസഫേട്ടൻ സമാധാനിപ്പിച്ചു, ‘അതിനു് ഒന്നുകൂടി പരിചയമാവണം. അതാണു് കാരണം, അല്ലാതെ കൂടു് ഇഷ്ടമാവാതെയൊന്നുമല്ല.’
‘അതിനു് പെയ്ന്റ ിന്റെ മണം ഇഷ്ടമായില്ലെ ആവോ?’
‘ഏയ് അതൊന്നുമല്ല.’ ജോസഫേട്ടൻ താൻ നിർമ്മിച്ച വീടിന്റെ രക്ഷക്കെത്തുകയാണു്. ‘പക്ഷികളുടെ ജാതിസ്വഭാവാ മരത്തിമ്മലു് ചേക്കേറണതു്. നമ്മള് അവരെ ഇണക്കിയെടുത്തതോണ്ടാ കോഴികള് കൂട്ടിലു് താമസിക്കണതു്.’
ഈ കോഴിയുടെ ജനിതകശ്രേണിയിൽ എന്തോ അപാകതയുണ്ടെന്നുതോന്നുന്നു. രാവിലേയും തന്നെ പിടിച്ചു കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ കോഴി വിദഗ്ദമായി പരാജയപ്പെടുത്തി. തലേന്നു് മുട്ടയിട്ടതാണു്. ഇന്നും മുട്ടയിടാൻ സ്വയം തോന്നി കൂട്ടിൽ വരേണ്ടതല്ലെ? ഇനി അതു വേറെ വല്ല വീട്ടു പറമ്പിലും പോയി മുട്ടയിടും. അതിനെ എങ്ങിനെയെങ്കിലും പിടിക്കാൻ തന്നെ തീർച്ചയാക്കി ത്രേസ്യാമ്മ. പിന്നീടു് കോഴിയും അതിന്റെ ഉടമസ്ഥയും കൂടിയുണ്ടായ ബഹളം ആ കോളനി നിവാസികളെ മുഴുവൻ ആകർഷിച്ചു, രസിപ്പിച്ചു. അരമണിക്കൂറിനും, അര ഡസൻ പോറലുകൾക്കും ശേഷം കോഴി അടുക്കളമുറ്റത്തു് മാവിൽകൊമ്പിൽ തലേന്നു ചേക്കേറിയ അതേ സ്ഥാനത്തു് കയറി താഴെ പോറലുകൾ തലോടി നില്ക്കുന്ന ത്രേസ്യാമ്മയേയും നോക്കിയിരിപ്പായി.
‘താനതിനെ വെറുതെ വിടു്.’ ജോസഫേട്ടൻ ജനലിലൂടെ വിളിച്ചു പറഞ്ഞു. ‘എന്നിട്ടു് വന്നു് ചായയുണ്ടാക്കാൻ നോക്കു്.’
‘ഞാനിതിന്റെ കുറുമ്പു് മാറ്റിക്കൊടുക്കാം.’
ത്രേസ്യാമ്മ മുകളിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു. അപ്പോഴാണു് അതു കണ്ടതു്. കോഴിയുടെ മൂട്ടിൽ ഒരു ചെറിയ വെള്ള നിറം. അതു വലുതായിവരുന്നു. അതെന്താണെന്നു് മനസ്സിലാക്കാൻ ഒരു സെക്കന്റേ എടുത്തുള്ളൂ.
‘ഇതാ പോണു എന്റെ തൊണ്ണൂറു പൈസ.’ എന്നു പറഞ്ഞുകൊണ്ടു് കൈ നീട്ടി മുന്നോട്ടു കുതിക്കലും മാവിന്റെ വേരിൽ തടഞ്ഞു് കമിഴ്‌ന്നടിച്ചു വീഴലും അടുത്ത സെക്കന്റിൽ കഴിഞ്ഞു.
ശബ്ദം കേട്ടു് അടുക്കളയിൽനിന്നു് ഓടിയെത്തിയ ജോലിക്കാരി പാറു ചോദിച്ചു.
‘അമ്മച്ചി വീണുവോ.’
‘ഇല്ലെടീ’, അവർ പറഞ്ഞു. ‘ഞാൻ വെറുതെ ഒന്നു കിടന്നുനോക്കിയതാ. നീ ഇളിക്കാതെ എന്റെ കൈ പിടിച്ചു് എഴുന്നേൽപ്പിക്കാൻ നോക്കു്.’
‘ഞാനപ്പോഴേ പറഞ്ഞതാ.’ ജോസഫേട്ടൻ പുറത്തു വന്നു. ‘ഒന്നും പറ്റിയില്ലല്ലോ കൊച്ചുത്രേസ്യേ?’
കോഴി ഈ വിചിത്രമായ പരിപാടി അടുത്ത മൂന്നു് ദിവസങ്ങളിലും വിജയകരമായി അരങ്ങേറി. ത്രേസ്യാമ്മക്കു് പക്ഷേ, തന്റെ ഭാഗം ആവർത്തിക്കാൻ തോന്നിയില്ല. മുറ്റത്തു് വീണുകിടക്കുന്ന മുട്ടത്തോടുകൾ പെറുക്കി പറമ്പിലേയ്ക്കു വലിച്ചെറിയുമ്പോൾ അവർ കോഴിയെ നോക്കി പ്രാകും.
‘നിന്നെ കാണിച്ചു തരാമെടി.’
ശനിയാഴ്ച ത്രേസ്യാമ്മ പതിനൊന്നു മണിയുടെ ചായയും നുകർന്നു് ഉമ്മറത്തിരിക്കുമ്പോഴാണു് മുട്ടക്കാരി ഉമ്മയുടെ വരവുണ്ടായതു്. തലയിൽ മുട്ട നിറച്ച കൂടയുമായി അവർ ഗേയ്റ്റു കടന്നുവന്നു. തുറന്ന വാതിൽക്കൽ കൂട ഇറക്കിവെച്ചു്, ചട്ട ശരിയാക്കി അവർ ഉമ്മറപ്പടിയിലിരുന്നു് ത്രേസ്യാമ്മയെ നോക്കി. ത്രേസ്യാമ്മ അല്പം പരുങ്ങലോടെ ഉമ്മയെ നോക്കി. ഉമ്മ ഭാവഭേദമൊന്നുമില്ലാതെ തന്റെ ശുഭ്രവസ്ത്രത്തിൽ പറ്റിപ്പിടിച്ച വൈക്കോൽ തുരുമ്പു് എടുത്തുകളഞ്ഞുകൊണ്ടു് ചോദിച്ചു.
‘എങ്ങനെണ്ടു് മുട്ടക്കച്ചോടം ത്രേസ്യാമ്മേ?’
‘ആ തരക്കേടില്ല’ എന്നു പറഞ്ഞപ്പോഴാണു് ചോദ്യത്തിന്റെ മുഴുവൻ വ്യാപ്തിയും അവർക്കു് പിടികിട്ടിയതു്. അവർ ചോദിച്ചു.
‘എന്താ എലിസബത്തേ അങ്ങിനെ ചോദിക്കണതു?’
‘അല്ല ചോദിച്ചതാ. നിങ്ങള് മൊട്ടക്കച്ചോടം തൊടങ്ങീന്നു് കോളനീലു് എല്ലാരും പറഞ്ഞു.’
മറുപടിയൊന്നുമില്ലെന്നു കണ്ടപ്പോൾ അവർ തുടർന്നു.
‘ഞാൻ രാവിലെ ഒമ്പതു മണിക്കു് നടക്കാൻ തൊടങ്ങീതാ. ഒരൊറ്റ മൊട്ട ചെലവായിട്ടില്ല.’
അവർ കൂടയുടെ മൂടി തുറന്നു. സത്യമായിരുന്നു; നിറയെ മുട്ടകൾ.
‘രാവിലെ അഞ്ചരമണിക്കു് വീട്ടീന്നു് എറങ്ങിയതാ, മാർക്കറ്റിലേയ്ക്കു്. അവിടെപ്പോയി ലോറി വരണതും കാത്തു നിന്നു. എട്ടുമണിക്കാണു് ലോറി വന്നതു്. ആ തെരക്കിന്റെ എടേന്നു് പൊറത്തു് കടന്നപ്പോ എട്ടേമുക്കാലു്. അപ്പോ തൊടങ്ങിയ നടത്താ.’
ഉമ്മയുടെ സ്വരത്തിൽ പരിഭവമില്ല, ആക്ഷേപമില്ല.
‘കോളനീലു് വന്നപ്പോഴാ മനസ്സിലായതു് നെങ്ങ ഈ വിസിനസ്സ് തൊടങ്ങീന്നു്. എല്ലാരടേം അടുത്ത്ന്നു് അച്ചാരോം വാങ്ങീട്ട്ണ്ട്ന്നു്. ഇനിയിപ്പോ ഈ മൊട്ടയും വെച്ചു് ഞാനെന്തു് ചെയ്യാനാ.’
അവർ കൂട കുറച്ചുകൂടി ഉള്ളിലേയ്ക്കു്, ത്രേസ്യാമ്മയുടെ അടുത്തേയ്ക്കു് നീക്കിവെച്ചു.
‘ഇതാ, ഇതിവിടെ വെച്ചോ. ഇരുനൂറ് മൊട്ടണ്ടു്, ഞാൻ തൊണ്ണൂറു പൈസ പ്രകാരം വാങ്ങിയതാ. ഒരു മൊട്ടേലു് പത്തു പൈസ ലാഭം വെച്ചു് ഒരു രൂപക്കാ കൊടുക്കണതു്. വൈകുന്നേരം വരെ നടന്നാലു് പത്തിരുപതു് രൂപ തടയും. അതോണ്ടാ മക്കള് പട്ടിണിയില്ലാതെ കഴീണതു്.’
അവർ ചട്ടയുടെ അറ്റംകൊണ്ടു് കണ്ണു തുടച്ചു.
‘ഇനിയിപ്പോ ഈ വിസിനസ്സും പറ്റില്ലല്ലോ. കർത്താവു് വേറെ വല്ല വഴീം കണ്ടിട്ട്ണ്ടാവും.’
ഉമ്മ എഴുന്നേറ്റു, ഒരിക്കൽകൂടി കണ്ണുതുടച്ചു് യാത്രപോലും പറയാതെ ഇറങ്ങിപ്പോയി.
ത്രേസ്യാമ്മ സ്തംഭിച്ചിരുന്നു. എന്താണു് സംഭവിച്ചതെന്നറിയും മുമ്പു് എലിയുമ്മ ഗേയ്റ്റ് കടന്നുപോയിരുന്നു. ഇവിടെ താനും ഒരു കൂട മുട്ടയും തന്നെ ചൂഴ്‌ന്നുനിൽക്കുന്ന ഭീഷണമായ ഏകാന്തതയും മാത്രം. സാധാരണ ഉമ്മ വന്നാൽ കുറേ നേരം നാട്ടുവർത്തമാനങ്ങൾ പറഞ്ഞു് ഇരിക്കാറുള്ളതാണു്. ചെല്ലാനം പള്ളിയിലെ പെരുന്നാൾ വിശേഷങ്ങൾ, വീട്ടിലെ ആടു പ്രസവിച്ചതു്, അയൽപക്കത്തെ എട്ടു വയസ്സുള്ള കുട്ടി പരീക്ഷയിൽ തോല്ക്കുമെന്ന ഭയത്താൽ ഓടിപ്പോയതു്, അങ്ങിനെയെല്ലാം. പകരമായി കോളനി വിശേഷങ്ങൾ ത്രേസ്യാമ്മ അവർക്കും പകർന്നു കൊടുത്തു; അതിനിടയിൽ കുഴലപ്പത്തിന്റേയോ അച്ചപ്പത്തിന്റേയോ കൂടെ കടുപ്പമുള്ള ചായയും.
ആ ഉമ്മയാണു് തന്നോടു യാത്രപോലും പറയാതെ പടിയിറങ്ങിപ്പോയതു്.
ജോസഫേട്ടൻ മാർക്കറ്റിൽ നിന്നു വന്നപ്പോൾ കണ്ടതു് ഒരു കൂട മുട്ടക്കു മുമ്പിലിരുന്നു് കണ്ണീരൊഴുക്കുന്ന ത്രേസ്യാമ്മയെയാണു്.
‘എന്തു പറ്റി കൊച്ചു ത്രേസ്യേ?’
നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ജോസഫേട്ടൻ പറഞ്ഞു.
‘എലിയുമ്മ പറഞ്ഞതു് സത്യാണെടീ. ഞാനിന്നു് മൊത്തക്കച്ചോടക്കാരോടു് വെല ചോദിച്ചു. തൊണ്ണൂറു പൈസ തന്നെയാ. പാവം ഉമ്മ പത്തു പൈസ തന്നെയാണു് ലാഭമെടുക്കണതു്. പൊറത്തു് കടേലൊക്കെ ഒരു രൂപ പത്തു പൈസയാണു് വില. ഇങ്ങിനെ തലേലു് ഏറ്റി നടന്നു് വിൽക്കണതിനു് അവരു് പത്തു പൈസയേ ലാഭമെടുക്കന്നുള്ളൂ.’
‘നീ ഒരു കാര്യം ചെയ്യ്,’ ജോസഫേട്ടൻ അടുത്തിരുന്നു് അവരുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. ‘നാളെ നമുക്കു് ചെല്ലാനം പള്ളീലു് പോവാം. എലിയുമ്മ അവിടെണ്ടാവും. ഇരുനൂറ് മൊട്ടയെന്നല്ലെ പറഞ്ഞതു്. ഇരുനൂറു രൂപ കൊടുക്കാം, കച്ചോടം നിർത്തണ്ടാന്നും പറ. ഇതു് ഇവിടെ തൊണ്ണൂറു പൈസക്കു വിറ്റാൽ ഇരുപതു രൂപയല്ലേ നഷ്ടം വരൂ. അതു് ഗീവർഗീസു പുണ്യാളന്റെ കാണിക്കപ്പെട്ടീലു് ഇട്ടൂന്നു് കൂട്ടിക്കോ. പുണ്യാളനല്ലെ നെന്റെ തലേലു് മുട്ടക്കച്ചോടം കുത്തിനെറച്ചതു്.’
രാവിലെ ചെല്ലാനം പള്ളിയിൽ പോയി വന്നപ്പോൾ ത്രേസ്യാമ്മ ഏതാണ്ടൊക്കെ തീരുമാനിച്ചിരുന്നു. പള്ളിയിൽ വെച്ചു് എലിയുമ്മയെ കണ്ടതും, ഇരുന്നൂറു രൂപ കൊടുത്തപ്പോൾ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതും, മുട്ടക്കച്ചവടം തുടരാമെന്നു് സമ്മതിച്ചതും ത്രേസ്യാമ്മയുടെ ആത്മാവിനെ കഴുകി ശുദ്ധീകരിച്ചിരിക്കയാണു്. അങ്ങിനെ പരിശുദ്ധാത്മാവിന്റെ ആലയമായ ആ സ്ത്രീരത്നം കോഴിക്കറിക്കുള്ള മസാല അരയ്ക്കാൻ പാറുകുട്ടിക്കു് നിർദ്ദേശം കൊടുത്തു് മൂർച്ചയുള്ള ഒരു കത്തിയുമായി അടുക്കള മുറ്റത്തേയ്ക്കു് പ്രവേശിച്ചു…
ഒരു സുഹൃൽബന്ധത്തിനല്ല ത്രേസ്യാമ്മ വരുന്നതെന്നു് കോഴിക്കു മനസ്സിലായെന്നു തോന്നുന്നു. കോഴി രണ്ടു ചുവടു് പിന്നോക്കം വെച്ചു, പിന്നെ ത്രേസ്യാമ്മയുടെ കാൽവെപ്പുകൾ ശ്രദ്ധിച്ചുകൊണ്ടു് നടക്കാൻ തുടങ്ങി. കോഴിയെ പേടിപ്പിച്ചു് പറപ്പിക്കാൻ ഉദ്ദേശമില്ലാതിരുന്ന ത്രേസ്യാമ്മ പതുക്കെ ചുവടുകൾ വെച്ചു. കോഴി, മുറ്റത്തിന്റെ അരുകു പറ്റി നടന്നു് മറുവശത്തു് കൂട്ടിന്റെ അടുത്തെത്തി. പിന്നെ സംഭവിച്ച അദ്ഭുതം കണ്ടു് ത്രേസ്യാമ്മ അന്തിച്ചു നിന്നുപോയി.
കൂട്ടിന്റെ മുമ്പിലെത്തിയ കോഴി അന്തസ്സോടെ വലതു കാൽ ആദ്യം വെച്ചു് കൂട്ടിനുള്ളിൽ കയറി ഒത്ത നടുക്കു് ഇരുപ്പായി. ഒരു മിനുറ്റ് മാത്രം. ത്രേസ്യാമ്മ ശ്വാസമടക്കിപ്പിടിച്ചിരിക്കേ അതു് എഴുന്നേറ്റു് താൻ ഇട്ട മുട്ട അഭിമാനപൂർവം വീക്ഷിച്ചു്, ത്രേസ്യാമ്മയെ നോക്കി ഇത്രയല്ലെയുള്ളൂ, അതിനു് നിങ്ങളെന്തിനാണു് ചൂടാവുന്നതു് എന്ന മട്ടിൽ ഒരു ശബ്ദം പുറപ്പെടുവിച്ചു, കൂട്ടിനുള്ളിൽ കയറിയ അതേ അന്തസ്സോടെ പുറത്തേക്കിറങ്ങിപ്പോവുകയും ചെയ്തു.
ഏതു നിസ്സാര സംഭവവികാസങ്ങളിലും ബിസിനസ്സിന്റെ അനന്തസാദ്ധ്യതകൾ മണത്തറിയാനുള്ള പ്രത്യേക കഴിവു് ത്രേസ്യാമ്മയ്ക്കു് ജന്മനാലുള്ളതാണു്. ചിലപ്പോൾ ജോസഫേട്ടന്റെ ഭാഗ്യത്തിന്നതു അപൂർവ്വമായേ പുറത്തേയ്ക്കു വരാറുള്ളുവെന്നു മാത്രം. ജോമോൻ ദുബായിൽനിന്നു് വന്നപ്പോൾ ഒരു സോണി ട്രിനിട്രോൺ ടിവിയും പാന സോണിക് വിസിയാറും കൊണ്ടുവന്നതുതൊട്ടു് ത്രേസ്യാമ്മ ആലോചിച്ചുകൊണ്ടിരുന്നതു് അതിന്റെ കച്ചവട സാധ്യതകളെപ്പറ്റിയായിരുന്നു.
‘ഇതിനു രണ്ടിനുംകൂടി ഒത്തിരി രൂപയായിട്ടുണ്ടാവില്ലെടാ ജോമോനെ?’ അവർ മകനോടു് ചോദിച്ചു.
‘അത്രയൊന്നും ഇല്ല അമ്മച്ചി,’ അവൻ പറഞ്ഞു. ‘ടിവിക്കു് മുന്നൂറ്റമ്പതു് റിയാല്, വിസിയാറിന്നു് മുന്നൂറ് റിയാല്.’
ലീവിൽ വരുന്ന മറ്റു ഗൾഫുകാരെപ്പോലെ ജോമോനും റിയാലിലാണു് കണക്കുകൾ പറഞ്ഞിരുന്നതു്. രൂപയുടെ കണക്കു് ആരെങ്കിലും പറഞ്ഞാൽത്തന്നെ ഉടനെ അതു് റിയാലിലാക്കി പറയും.
‘ഈ നെയ്മീൻ എന്തുവിലയായി അമ്മച്ചീ?’
‘അറുപതു് രൂപയായെടാ മോനേ.’
‘രണ്ടു റിയാല്. ലാഭാ അമ്മച്ചി. അവിടെ ചുരുങ്ങിയതു് എട്ടു റിയാലെങ്കിലും കൊടുക്കണം.’
‘ടിവിക്കും വിസിയാറിന്നും കൂടി എത്ര രൂപയായീന്നു് പറ.’
‘ഡ്യൂട്ടിയൊക്കെ കൂടി ഇരുപത്തയ്യായിരം രൂപ.’
‘ഇരുപത്തയ്യായിരം രൂപ!’ ജോസഫേട്ടൻ തലയിൽ കൈവെച്ചു. ‘അത്രയും രൂപ ബ്ലേഡിലിട്ടാൽ എന്തു പലിശ കിട്ടും?’
‘ബ്ലേഡീന്നു് പലിശ വാങ്ങീട്ടൊന്നും വേണ്ട അപ്പച്ചനു് കഴിയാൻ,’ ജോമോൻ പറഞ്ഞു. ‘അപ്പച്ചനും അമ്മച്ചിക്കും ഈ വയസ്സുകാലത്തു് ഒരുഭാഗത്തിരുന്നു് രസിക്കാനാ ഞാൻ ഈ സാധനം കൊണ്ടന്നതു്.’
ജോസഫേട്ടൻ സംശയത്തേടെ തലയാട്ടി. പക്ഷേ, ഒരു മണിക്കൂറിന്നുള്ളിൽ ടെക്നിഷ്യൻ വന്നു് ടിവിക്കു് ആന്റിന ഘടിപ്പിച്ചു, വിസിയാർ കണക്ട് ചെയ്തു് ജോമോൻ കൊണ്ടുവന്ന ഒരു കാസറ്റിട്ടതോടെ ജോസഫേട്ടന്റെ സംശയമെല്ലാം തീർന്നു. രസിക്കാൻ പറ്റിയ സാധനം. സിനിമയുടെ രസത്തിൽ രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല. അവർ പെട്ടെന്നുറക്കെ പറഞ്ഞു.
‘പോഴത്തായി.’
‘ഇതിന്റെ മുമ്പിലിരുന്നതല്ലെ?’ ജോസഫേട്ടൻ ചോദിച്ചു.
‘അല്ലാന്നേയ്, നമ്മള് ഒരു കാര്യം വിട്ടുപോയില്ലെ? കോളനീല്ള്ള പിള്ളാരെയൊക്കെ വിളിച്ചു് കാണിക്കായിരുന്നു.’
‘അതു് സാരല്ല്യ.’ ജോസഫേട്ടൻ പറഞ്ഞു.
‘എന്നാലും പോഴത്തായി. പിള്ളേർക്കു് മോഹൻലാലിന്റെ പടം നല്ല ഇഷ്ടാ. കഷ്ടായി.’
‘അതിനെന്താ അമ്മച്ചി, അവരെ വൈകീട്ടു് വിളിച്ചു് കാണിച്ചുകൊടുത്തോ.’ ജോമോൻ പറഞ്ഞു. ‘ഞാനേതായാലും പൊറത്തുപോകും. അവറ്റ വന്നാപ്പിന്നെ ഇവിടൊന്നും ഇരിക്കാൻ പറ്റൂല. അവറ്റിന്റെ ഒരു നോട്ടോം മറ്റും കണ്ടാൽ…’
ത്രേസ്യാമ്മ പിള്ളേരു് എന്നു പറയുന്നതു് സ്ത്രീജനങ്ങളെയാണു്. ഇരുപതു് തൊട്ടു് അമ്പതുവരെ പ്രായമുള്ളവർ, പിന്നെ അവരുടെ മക്കളും.
‘പക്ഷേ, നമ്മളതു് ഇട്ടു കണ്ടുപോയില്ലെ?’
‘അതുകൊണ്ടെന്താ, ഇനീം വെച്ചുകൂടെ?’
‘അതെങ്ങനാ? ഇപ്പോ വെച്ചപ്പോ അതില്ള്ള സിനിമ്യൊക്കെ കഴിഞ്ഞിട്ട്ണ്ടാവില്ലെ?’
‘അല്ലെടി മണ്ടി.’ ജോസഫേട്ടൻ ഇടപെട്ടു. ബുദ്ധി ത്രേസ്യാമ്മക്കുതന്നെയാണു്, സമ്മതിച്ചു. പക്ഷേ, അറിവും ലോകപരിചയവും കൂടുക ജോസഫേട്ടനുതന്നെയാണു്. ‘നമ്മള് പാട്ടു് കേക്കണ കാസറ്റില്ലേ, അതുപോലെത്തന്നാ ഇതും. ഇതിലു് ചിത്രവുമുണ്ടെന്നു മാത്രം. ഇനി ഇതങ്ങട്ടു് റീവൈന്റ് ചെയ്താൽ വീണ്ടും കാണാം.’
ത്രേസ്യാമ്മക്കു് സന്തോഷം സഹിക്കാനായില്ല. ഈ രണ്ടുരണ്ടര മണിക്കൂറിൽ ഉളവായ രസം മുഴുവൻ ഇനിയും വീണ്ടും വീണ്ടും ആസ്വദിക്കാമെന്നോ! അവർ വാതിൽ തുറന്നു് പുറത്തേക്കോടി. തൊട്ടടുത്തുള്ള ജലജയുടെ വീടുതൊട്ടു് ഏറ്റവും അകലെ കോളനിയുടെ പുറമ്പോക്കിൽ താമസിക്കുന്ന കൊച്ചുനാരായണിയുടെ കുടിലുവരെ അവർ ഒറ്റ വീർപ്പിന്നോടി. പതിനഞ്ചു മിനിറ്റുകഴിഞ്ഞു് അവർ തിരിച്ചെത്തിയപ്പോൾ പിന്നിൽ ഒരു പടയുമുണ്ടായിരുന്നു. അവർ സ്വീകരണമുറിയിലേയ്ക്കു് ഇരച്ചുകയറിയപ്പോൾ ജോമോന്റെ കണ്ണു തള്ളിപ്പോയി.
‘എന്താ അമ്മച്ചി ഇതു? വൈകീട്ടു് കാണിക്കാംന്നല്ലേ പറഞ്ഞതു?’
‘അവരു് നമ്മടെ സെറ്റ് കാണാൻ വന്നതാടാ. ഒന്നു് കാണിച്ചു കൊടുക്കു്.’
അകത്തു കടന്ന സ്ത്രീകളും കുട്ടികളും കണ്ട ഇരിപ്പിടങ്ങളിലും നിലത്തും ഒക്കെയായി ഇരിപ്പുറപ്പിച്ചു കഴിഞ്ഞു. അവർ കുറച്ചു കാലമായി നേടിയെടുത്ത ഒരവകാശമായിരുന്നു അതു്. ത്രേസ്യാമ്മ അവരുടെ ആന്റിയാണു്. ആ വീട്ടിൽ കോളനിയിലെ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടു്, അവകാശവും.
ഒരിരുപതുകാരി ജോമോൻ ഇരിക്കുന്നതിന്റെ അടുത്തു് സോഫയിൽ വന്നിരുന്നു. പത്തുമുറിയിലെ നളിനിയായിരുന്നു അതു്. പിന്നേയും സ്ത്രീകൾ ഇരിക്കാൻ സ്ഥലമില്ലാതെ നിന്നപ്പോൾ അവൾ അവരേയും സോഫയിലേക്കു് ക്ഷണിച്ചു. അവൾ ജോമോന്റെ അടുത്തേയ്ക്കു് നീങ്ങി മറ്റുള്ളവർക്കു് സ്ഥലമുണ്ടാക്കിക്കൊടുത്തു.
‘നിനക്കു് നിലത്തിരിക്കാൻ പാടില്ലേ?’ ജോമോൻ ഒച്ചയെടുത്തു.
‘പിന്നേ, ഞാൻ നിലത്തിരിക്കാൻ വന്നതല്ലെ.’ നളിനി ഒന്നുകൂടി അവനോടു ചേർന്നിരുന്നു. ഒരു പൊട്ടിത്തെറിച്ച വിത്തായിരുന്നു അവൾ. കുട്ടിക്കാലം തൊട്ടേ അവൾ അവനൊരു കുരിശായിരുന്നു. അവളുമായുണ്ടാകുന്ന അടിപിടിയിൽ അവൻ ഓടി രക്ഷപ്പെടുകയാണു് പതിവു്.
‘നീ എന്നെ പുകച്ചു ചാടിക്കാൻ വന്നതാ, പിശാചു്.’ ജോമോൻ എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
‘മോനെ, ഇതൊന്നു കാണിച്ചുകൊടുക്കെടാ.’
പത്തുമിനുറ്റിന്നുള്ളിൽ ആ മുറി പൊട്ടിച്ചിരി നിറഞ്ഞ ഒരു മിനി സിനിമാഹാളായി മാറി. ജോമോൻ ഷർട്ടെടുത്തിട്ടു് പുറത്തേക്കു കടന്നു് രക്ഷപ്പെടുകയും ചെയ്തു.
കാണികളുടെ ആവേശം കണ്ടപ്പോൾ ത്രേസ്യാമ്മയുടെ കച്ചവടബുദ്ധി വീണ്ടും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. അവർ ആരും ശ്രദ്ധിക്കാതെ അവിടെ കൂടിയിരുന്നവരുടെ എണ്ണമെടുത്തു. ആദ്യത്തെ പ്രാവശ്യം എണ്ണിയതു് ശരിയായില്ല എന്നു തോന്നിയപ്പോൾ വിരലിൽ എണ്ണം പിടിച്ചുകൊണ്ടു് ഒരിക്കൽകൂടി എണ്ണി. ഇരുപത്തിരണ്ടു പേരുണ്ടു്. അതിൽ ദേവകിയുടെ മകൻ രണ്ടു പ്രാവശ്യം പെട്ടിട്ടുണ്ടോ എന്നു സംശയമായി. സാരമില്ല, ഏകദേശം കണക്കല്ലെ.
അപ്പോൾ ഓരോരുത്തരുടെ കയ്യിൽനിന്നും ഈരണ്ടു രൂപ വെച്ചു് വാങ്ങിയാൽ ദിവസത്തിൽ നാല്പത്തിനാലു രൂപ, മാസം…
ത്രേസ്യാമ്മ കണക്കു കൂട്ടൽ നിർത്തി. ചില മാസങ്ങൾക്കു് മുപ്പതു ദിവസവും, ചിലവയ്ക്കു് മുപ്പത്തിഒന്നു ദിവസവും, ഫെബ്രുവരിക്കു തന്നെ ഇരുപത്തെട്ടും ഇരുപത്തൊമ്പതും ദിവസങ്ങളും വരുന്നതു് ത്രേസ്യാമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്തായാലും നല്ലൊരു തുകയുണ്ടാവും എന്നവർ കരുതി. പിള്ളേരു് പോയിക്കഴിഞ്ഞു് കടലാസിൽ കൂട്ടിനോക്കാം.
ജോമോൻ ആറു കാസറ്റുകളാണു് കൊണ്ടുവന്നതു്. ഇനി കാസറ്റുകളൊന്നും സൗജന്യമായി കാണിക്കില്ലെന്നു് ത്രേസ്യാമ്മ തീർച്ചയാക്കിക്കഴിഞ്ഞു. അക്കാര്യം പറയുന്നതിനുമുമ്പു് കസ്റ്റമേഴ്സിനെ താൽപര്യമുള്ളവരാക്കാൻ അവർ അഞ്ചു കാസറ്റുകളും കൊണ്ടുവന്നു കാണിച്ചു. ഓരോ സിനിമയുടേയും പേരു് വിളിച്ചുപറഞ്ഞു. ഒപ്പം തന്നെ സദസ്യരിൽനിന്നു് പ്രതികരണവുമുണ്ടായി. മമ്മൂട്ടിയുടെ പടത്തിന്റെ പേർ പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ ആരാധകർ ആർത്തുവിളിച്ചു. മോഹൻലാലിന്റെ ആരാധകർ ലാലിന്റെ സിനിമയുടെ പേർ പറഞ്ഞപ്പോൾ ബഹളമിട്ടു. അവസാനത്തേതു് പ്രേംനസീറിന്റെ പടമായിരുന്നു.
‘ആയ്, നസീറിന്റെ പടം!’ എന്നു പറഞ്ഞതു് ദേവകിയായിരുന്നു. നാൽപ്പത്തഞ്ചു വയസ്സായ ദേവകിക്കു് നസീറിന്റെ പടങ്ങൾ അവളുടെ യൗവ്വനം തിരിച്ചുകൊടുത്തു. ദാമോദരനുമായി ഉണ്ടായിട്ടുള്ള മരംചുറ്റിക്കളി ഓർമ്മ വന്നു് അവൾ പുളകിതയായി.
‘നാളെത്തൊട്ടു് ഓരോ പടമായി കാണിച്ചുതരാം. എല്ലാവരും ഉച്ചതിരിഞ്ഞു് മൂന്നുമണിക്കു് വന്നാമതി.’
ത്രേസ്യാമ്മ പറഞ്ഞുകഴിഞ്ഞതും, സന്തോഷത്തിന്റെ ആരവം ഉയർന്നതും ഒന്നിച്ചായിരുന്നു. ശബ്ദം ഒന്നടങ്ങിയപ്പോൾ ത്രേസ്യാമ്മ ഇത്രയും കൂട്ടിച്ചേർത്തു.
‘വരുമ്പോ ഓരോരുത്തരും ഈരണ്ടു രൂപ കയ്യിലെടുത്തോ.’
പെട്ടെന്നവിടം നിശ്ശബ്ദമായി. പിന്നെ ഒരേ സമയം ആയിരം കണ്ഠങ്ങൾ ഒരുമിച്ചു് ഒരു കോറസ്സായി പാടി.
‘അതെന്തിനാ ആന്റീ?’
‘സിനിമ കാണാൻ ടിക്കറ്റെടുക്കേണ്ടെ?’
‘ആന്റീടെ വീട്ടിലു് സിനിമ കാണാൻ എന്തിനാ ടിക്കറ്റ്?’ ദേവകി ചോദിച്ചു.
‘നല്ല കാര്യായി. നിങ്ങള് ഹാളിലു് പോയി സിനിമ കാണുമ്പോ ടിക്കറ്റ് എടുക്കണ്ടെ? എന്താ ടിക്കറ്റിനൊക്കെ വില? എട്ടും പത്തും രൂപയില്ലെ? ഇവിടെ ഞാൻ രണ്ടു രൂപയല്ലെ ചാർജ്ചെയ്യുന്നുള്ളൂ?’
സദസ്സിൽ മുറുമുറുപ്പു് ഉയർന്നു. കാര്യം ചർച്ചക്കെടുക്കപ്പെട്ടു. ഒരു മണിക്കൂർ നേരത്തെ ചർച്ചക്കും അനുരഞ്ജനത്തിന്നും ശേഷം ഇങ്ങിനെ തീർച്ചയാക്കി. പതിനെട്ടു വയസ്സു കഴിഞ്ഞവർ രണ്ടു രൂപയും, താഴെയുള്ളവർ ഒരു രൂപയും കൊണ്ടുവരണം.
എല്ലാവരും പോയിക്കഴിഞ്ഞു, വാതിലടക്കാൻ പോയപ്പോഴാണു് നാരായണിയും മൂന്നു് മക്കളും പുറത്തു നിൽക്കുന്നതു് ത്രേസ്യാമ്മ കണ്ടതു്.
‘എന്താ കൊച്ചുനാരായണീ നീ നിക്കണതു?’
‘ഒന്നുംല്ല ആന്റി’, അവൾ പറഞ്ഞു, പിന്നെ മൂത്തവനായ മാധവനെ ഉന്തിക്കൊണ്ടു് അവൾ പറഞ്ഞു. ‘നീ പറ.’
മാധവൻ പിന്നോക്കം വെച്ചു.
‘അമ്മ പറ.’
‘എന്താ നാരായണി, കാര്യം പറ.’
‘ആന്റി, എന്റീം മക്കടീം കാര്യത്തിലു് പൈസ കുറച്ചു് കുറക്കണം. ഒരു രൂപാന്ന്ള്ളതു് അമ്പതു് പൈസ ആക്കിക്കൂടെ. എന്നാ മക്കൾക്കു് ആഴ്ചയിലു് ഒരു സിനിമേങ്കിലും കാണാൻ പറ്റും. എനിക്കു് കാണണംന്ന്ല്ല ്യ. കെട്ടിയോനു് ഇപ്പോ പണി കുറവാ ആന്റി.’
ത്രേസ്യാമ്മ കൊച്ചു നാരായണിയേയും അവളുടെ കുട്ടികളേയും നോക്കി. താഴെയുള്ള രണ്ടുപേരും പെൺകുട്ടികളാണു്. കൗതുകമുള്ള കുട്ടികൾ. കീറിയ ഉടുപ്പുകളാണു് ഇട്ടിരിക്കുന്നതു്. നാരായണി ജോലിയെടുക്കുന്ന ഏതെങ്കിലും വീട്ടിൽനിന്നു് ഇരന്നുവാങ്ങിയ ഉടുപ്പുകളായിരിക്കണം.
ത്രേസ്യാമ്മയുടെ മനസ്സിൽ സ്നേഹം നാമ്പിട്ടു. ഏറ്റവും താഴെയുള്ള കുട്ടിയുടെ കവിളിൽ തലോടിക്കൊണ്ടു് അവർ പറഞ്ഞു.
‘കൊച്ചു നാരായണി, നീയും മക്കളും രൂപ തരാതെത്തന്നെ വന്നുകണ്ടോ.’ അവർ നിർത്തി, നാലുപാടും നോക്കിക്കൊണ്ടു തുടർന്നു.’ പക്ഷേ, നീ ആരോടും പറയല്ലേ.’
‘ശരി ആന്റി.’
‘നീ ഇവിടെ നിൽക്കു്, ഞാനിപ്പോ വരാം.’
ത്രേസ്യാമ്മ അകത്തുപോയി ഒരു പത്തുരൂപ നോട്ടുമായി വന്നു. നോട്ട് കൊച്ചുനാരായണിയുടെ കയ്യിൽ വെച്ചുകൊണ്ടു് അവർ പറഞ്ഞു.
‘നീ മക്കൾക്കു് വല്ലതും തിന്നാൻ വാങ്ങിക്കൊടുക്കു്.’
ത്രേസ്യാമ്മ ഒരു നിയോ-കാപിറ്റലിസ്റ്റ് ആയുിരുന്നു. കാപിറ്റലിസ്റ്റ് വിത് എ ഹ്യൂമൻ ടച്ച്.
അടുത്ത അഞ്ചു ദിവസങ്ങളിലായി ജോമോൻ കൊണ്ടുവന്ന കാസറ്റുകളെല്ലാം പ്രദർശിക്കപ്പെട്ടു. മൂന്നു മണിയായാൽ ഓരോരുത്തരായി വരാൻ തുടങ്ങും. ഉടനെ ജോമോൻ ബൈക്കുമെടുത്തു് അവന്റെ സ്നേഹിതന്മാരുടെ അടുത്തേക്കു പോകും. അതുകൊണ്ടു് പിന്നീടുള്ള മൂന്നു മണിക്കൂർനേരം എന്താണു് സംഭവിക്കുന്നതെന്നു് അവനു മനസ്സിലായിരുന്നില്ല.
ശനിയാഴ്ച രാത്രി ഊണുകഴിഞ്ഞു് പാറുക്കുട്ടി മേശ വൃത്തിയാക്കി പോയപ്പോൾ ത്രേസ്യാമ്മ ഒരു ടിന്നെടുത്തു് മേശപ്പുറത്തു വെച്ചു.
‘എന്താ അമ്മച്ചി അതു?’
ജോമോൻ ചോദിച്ചു. ഇരുപത്താറു വയസ്സായിട്ടും, ജോലിയായി പുറത്തൊക്കെ പോയിരുന്നിട്ടും അവനിപ്പോഴും അമ്മയുണ്ടാക്കുന്ന മധുരപലഹാരങ്ങൾ ഇഷ്ടമായിരുന്നു. ത്രേസ്യാമ്മ ഒന്നും പറയാതെ മൂടി തുറന്നു് ടിൻ മേശമേൽ കമിഴ്ത്തി. കലപിലശബ്ദമുണ്ടാക്കിക്കൊണ്ടു് ടിന്നിൽനിന്നു് നാണയങ്ങൾ പുറത്തേക്കു ചാടി. കൂടെ നോട്ടുകളും.
‘ഇതെവിടുന്നു് കിട്ടീ അമ്മച്ചീ?’
ത്രേസ്യാമ്മ ഒന്നും പറയാതെ മേശപ്പുറത്തുനിന്നു് ഉരുണ്ടുപോയ ഒറ്റ രൂപ നാണയം പെറുക്കിയെടുത്തു് കസേലയിൽ ഇരുന്നു് എണ്ണാൻ തുടങ്ങി.
ജോമോൻ അപ്പുറത്തു് ചുക്കുവെള്ളവുമായി ഇരിക്കുന്ന അപ്പച്ചനെ നോക്കി.
‘അതു് അമ്മച്ചീടെ ബിസിനസ്സ് സമ്പാദ്യാടാ ജോമോനെ.’
അയാൾ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
‘ബിസിനസ്സോ?’ അമ്മച്ചി ഒരു കമ്പനി ഫ്ളോട്ടു ചെയ്തതായി അറിയില്ല. ഒരു പബ്ലിക്ക് ഇഷ്യുപോലുമുണ്ടായിട്ടില്ല. ത്രേസ്യാമ്മ പണം എണ്ണിക്കൊണ്ടിരിക്കേ ജോസഫേട്ടൻ മകനോടു് അമ്മച്ചിയുടെ ബിസിനസ്സിന്റെ വിവരങ്ങൾ പറഞ്ഞുകൊടുത്തു. ജോമോൻ വാ തുറന്നിരുന്നു.
അര മണിക്കൂർ നേരത്തെ പ്രയത്നത്തിനുശേഷം അവർ എഴുന്നേറ്റതു് ഒരു തുണ്ടു കടലാസ്സുമായാണു്. അതിൽ എഴുതിവെച്ചിരിക്കുന്ന കണക്കു് ജോസഫേട്ടനു നേരെ നീട്ടി അവർ പറഞ്ഞു.
‘ഇതൊന്നു് ശരിയാക്കിത്താ.’
ജോസഫേട്ടൻ അതു വാങ്ങിനോക്കി.
25 പൈസ… പതിനെട്ടു്
50 പൈസ… ഇരുപത്തിനാലു്
ഒറ്റരൂപ… നാല്പത്തിയെട്ടു്
ഒറ്റരൂപ നോട്ട്… ഇരുപത്തി ഒന്നു്
രണ്ടു രൂപ നോട്ട്… പതിനാറു്
അഞ്ചുരൂപ… മൂന്നു്
ജോസഫേട്ടൻ തല ചൊറിഞ്ഞു. ഇത്രയും സങ്കീർണമായൊരു കണക്കു് അദ്ദേഹം ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല.
കാസറ്റ് ലൈബ്രറികളെപ്പറ്റി ജോമോൻ തന്നെയാണു് പറഞ്ഞുകൊടുത്തതു്. എറണാകുളത്തു് ധാരാളം ലൈബ്രറികളുണ്ടു്, ഏതെങ്കിലും ഒന്നിൽ ചേർന്നാൽ മതി. ബിസിനസ്സ് വലിയ മോശമില്ലാതെ പുരോഗമിച്ചു. ചിലപ്പോൾ മോശം പ്രിന്റ് ആയിരിക്കും കിട്ടുക. ആ ദിവസം പിരിച്ചെടുത്ത പണം മുഴുവൻ തിരിച്ചു കൊടുക്കേണ്ടി വരും. എന്നാലും കുഴപ്പമില്ല.
ജോസഫേട്ടന്റെ അമ്മച്ചി ഇരുപത്തെട്ടാം തിയ്യതി വരുന്നുണ്ടെന്ന കത്തു കിട്ടി. അമ്മച്ചി ഒരോ ആൺ മക്കളുടെ ഒപ്പവും ഈരണ്ടു മാസം കൂടും. ഒന്നാം തിയ്യതികളിലാണു് കൂടുമാറ്റം. ഇപ്രാവശ്യം അതു തെറ്റിച്ചതു് പേരക്കുട്ടി ലീവിൽ വന്നുപോകുന്നതിനു മുമ്പു് രണ്ടു ദിവസം ഒപ്പം താമസിക്കാനാണു്. ജോമോൻ രണ്ടാം തിയ്യതിയാണു് തിരിച്ചു പോകുന്നതു്.
ത്രേസ്യാമ്മക്കു് അമ്മായിയമ്മയെ ഇഷ്ടമാണു്. അമ്മച്ചി ആരെക്കുറിച്ചും കുറ്റം പറഞ്ഞിരുന്നില്ല. മാത്രമല്ല ഒപ്പം താമസിക്കുന്ന മരുമകളെ വാനോളം പുകഴ്ത്തുകയും ചെയ്യും. ഈ രണ്ടു കാര്യങ്ങൾ അവരെ മരുമക്കളുടെ പ്രീതിക്കു പാത്രമാക്കി. മക്കളുടെ പേർ വിളിച്ചുകൊണ്ടാണവർ വീട്ടിലേക്കു കയറുന്നതുതന്നെ.
‘ത്രേസ്യേ, ജോസേ.’ പൗലോസിന്റെ അടുത്താണെങ്കിൽ ‘എന്റെ മേരിക്കുട്ടി, പൗലോസേ.’ അതു കഴിഞ്ഞാൽ കുട്ടികളുടെ കാര്യം അന്വേഷിക്കും.
‘പിള്ളാരു് എവിടെടീ?’
പക്ഷേ,… ഇപ്പോൾ താൻ പുതിയൊരു ബിസിനസ്സ് തുടങ്ങിവെച്ച സമയത്തു് അമ്മായിയമ്മയുടെ വരവു് എങ്ങിനെ ബാധിക്കുമെന്നറിയാതെ ത്രേസ്യാമ്മക്കു് കുറച്ചൊരു മനഃപ്രയാസമുണ്ടായി. എന്തായാലും പണം പിരിച്ചു് സിനിമ കാണിക്കുന്ന കാര്യം തല്ക്കാലം അമ്മായിയമ്മയെ അറിയിക്കേണ്ടെന്നു തീരുമാനിച്ചു.
ടിവിയും വിസിയാറും കണ്ടപ്പോൾ അമ്മച്ചിക്കു് സന്തോഷമായി. വിരൽത്തുമ്പിൽ സിനിമ എന്ന ആശയം അവർക്കിഷ്ടപ്പെട്ടു. അവർ ജോമോനോടു് പറഞ്ഞു.
‘എടാ ജോമോനെ, നീ അപ്പപ്പക്കും ഇതുപോലൊരെണ്ണം കൊണ്ടു കൊടുക്കണം.’
കോട്ടയത്തു് പൗലോസിന്റേ വീട്ടിൽ ടിവിയുണ്ടു്. ബാംഗളൂരുള്ള ഫ്രാൻസിസ്സിന്റെ വീട്ടിലും. അവന്നു് പിന്നെ ഇതിലൊന്നും താല്പര്യമില്ല. പിള്ളേരു് പഠിക്കത്തില്ല എന്നു പറഞ്ഞു് ടിവി തന്നെ വെക്കാറില്ല.
ജോമോന്റെ മുഖത്തു നോക്കിക്കൊണ്ടു മറിയാമ്മ പറഞ്ഞു.
‘നീയെന്താടാ ഒരു തൃപ്തില്ല്യാത്തപോലെ നിക്കണതു്. അപ്പപ്പ പണൊക്കെ തരും.’
അമ്മച്ചി രാവിലെത്തന്നെയിരുന്നു് ഒരു പടം കണ്ടു. സന്തോഷമായി. ഉച്ചക്കു് കോഴിക്കറിയും മാട്ടിറച്ചി വരട്ടിയതും കൂട്ടി നന്നായി ഊണു കഴിച്ചു. ഊണു കഴിഞ്ഞ ഉടനെ അമ്മായിയമ്മയെ കിടത്തിയുറക്കാനുള്ള ശ്രമത്തിലായി മരുമകൾ. അമ്മച്ചിയാണെങ്കിൽ സംസാരിക്കാനുള്ള മൂഡിലും. സിനിമ കാണാൻ ആൾക്കാർ വരുമ്പോഴേക്കു് അമ്മായിയമ്മയെ ഉറക്കി വാതിലടക്കണമെന്നുണ്ടായിരുന്നു. എന്തു പറഞ്ഞാലും തള്ള സമ്മതിക്കില്ല. കിടക്ക വിരിച്ചിട്ടുണ്ടെന്നും, കുടിക്കാൻ വെള്ളം മേശപ്പുറത്തു് അടച്ചുവെച്ചിട്ടുണ്ടെന്നും ഒക്കെ പറഞ്ഞുനോക്കി. ഒരു രക്ഷയുമില്ല. അവസാനം അവർ പറഞ്ഞു.
‘അമ്മച്ചി പോയി കിടന്നോ. ഊണു് കഴിഞ്ഞു് ഇങ്ങിനെയിരുന്നു് അരയ്ക്കു് നീർക്കെട്ടു വരണ്ട.’
അതു ഫലിച്ചു. അവർ വേഗം എഴുന്നേറ്റു. കഴിഞ്ഞ പ്രാവശ്യം നടുവെട്ടി കിടന്നതു് അവർ ഓർത്തു. അമ്മച്ചിയെ മുറിയിലാക്കി വാതിൽ ചാരി വന്നപ്പോഴേക്കു് കാണികൾ ഓരോരുത്തരായി വന്നുതുടങ്ങി. ത്രേസ്യാമ്മ ആശ്വാസത്തേടെ ദീർഘശ്വാസം വിട്ടു.
സിനിമ പകുതിയായപ്പോഴാണു് അപകടമുണ്ടായതു്. അമ്മച്ചി ഒരുറക്കം കഴിഞ്ഞു് കുളിമുറിയിൽപോയി തിരിച്ചുവന്നു് ഉറക്കത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു് പ്രവേശിക്കുമ്പോഴാണു് പുറത്തു് ഹാളിൽ ഉറക്കെ ചിരിയും ബഹളവും കേൾക്കുന്നതു്. അവർ എഴുന്നേറ്റു വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടതു് പത്തു മുപ്പതുപേർ ഹാളിലിരുന്നു് തലതല്ലിച്ചിരിക്കുന്നതാണു്. കാരണമറിയണമല്ലൊ. അവർ ഹാളിലേക്കു വന്നു.
‘അയ്യോ, അമ്മച്ചീടെ ഉറക്കം മുറിഞ്ഞുപോയോ?’ ത്രേസ്യാമ്മ ചോദിച്ചു.
‘ഇല്ലെടി, സാരംല്ല്യ. സിനിമ വെക്ക്ണ്ണ്ടെങ്കി എന്നീം വിളിക്കായിര്ന്നില്ലെ?’
എന്തായാലും പണം പിരിക്കുന്ന സമയത്തു് അമ്മച്ചിയില്ലാതിരുന്നതു് നന്നായി. പക്ഷേ, ഇതിനൊരു ശാശ്വത പരിഹാരം കണ്ടുപിടിക്കണമല്ലൊ.
സിനിമ കഴിഞ്ഞു് എല്ലാവരും പോയപ്പോൾ അമ്മച്ചി ചോദിച്ചു.
‘മോളെ നീ ഇക്കണ്ട നാട്ടുകാർക്കൊക്കെ എന്തിനാ സിനിമ കാണിച്ചു കൊടുക്കണതു?’
‘അവർക്കു് കാണണംന്നു് പറഞ്ഞു, അമ്മച്ചീ.’
‘അങ്ങിനെയാണെങ്കിലു് ഒരു കാര്യം ചെയ്താ മതി. ഓരോരുത്തര്ടെ കയ്യിൽനിന്നും ഈരണ്ടു രൂപ മേടിച്ചോ. അപ്പോ നിനക്കും ഒരു ഗുണായില്ലെ. വെറുതെ കാണിച്ചു കൊടുത്താൽ വെലണ്ടാവില്ല.’
ത്രേസ്യാമ്മ ദീർഘശ്വാസം വിട്ടു. ഇത്തവണ കുറച്ചധികം ദീർഘമായിത്തന്നെ. ജീവിതത്തിൽ ആദ്യമായി മറിയാമ്മയുടെ മരുമകളാവാൻ അർഹത നേടിയതായി അവർക്കു തോന്നി.
അമ്മച്ചിയെ ‘ടെൻ കമാന്റ്മെന്റ്സ്’ കാണിക്കണമെന്നു് ജോസഫേട്ടൻ കുറേ കാലമായി ആഗ്രഹിച്ചിരുന്നതാണു്. ത്രേസ്യയുടെ ഒപ്പം ആ സിനിമ കാണാൻ പോയപ്പോൾ രണ്ടു വയസ്സുള്ള ജോമോനെ നോക്കി അമ്മച്ചി വീട്ടിലിരിക്കയായിരുന്നു. അതു കഴിഞ്ഞു് അമ്മച്ചിയേയും കൊണ്ടു് പോകണമെന്നു കരുതിയപ്പോഴേക്കും സിനിമ മാറുകയും ചെയ്തു. പിന്നെ ആ സിനിമ വന്നതു് അപ്പച്ചൻ മരിച്ച കാലത്തായിരുന്നു. കാസറ്റ് ലൈബ്രറിയിലെ ഷെൽഫിൽ ഇന്നു് ആ പേരു കണ്ടപ്പോൾ ജോസഫേട്ടന്നു് സന്തോഷമായി. നാളെ ഞായറാഴ്ച്ച നല്ല ദിവസമായി അമ്മച്ചിയെ കാണിക്കാമല്ലൊ.
രാത്രി ഭക്ഷണസമയത്തു് ജോസഫേട്ടൻ പറഞ്ഞു.
‘അമ്മച്ചി, പത്തു കല്പനകൾ എന്ന സിനിമ കിട്ടിയിട്ടുണ്ടു്. നാളെ കാണിച്ചു തരാം.’
‘മോശക്കു് കിട്ടിയ കല്പനകളല്ലെ?’
അമ്മച്ചി പഴയ നിയമം ഒന്നും മറന്നിട്ടില്ല.
‘അതെ അമ്മച്ചി’, ത്രേസ്യാമ്മ പറഞ്ഞു. ‘ഞാനും അച്ചായനും കൂടി കണ്ട സിനിമയാ. അമ്മച്ചിക്കു് ഓർമ്മയില്ലെ, അമ്മച്ചി ജോമോനീം നോക്കി വീട്ടിലിരുന്നതു? മോനന്നു് രണ്ടു വയസ്സാ.’
മറിയാമ്മക്കു് വലിയ ഓർമ്മയൊന്നുമില്ല.
ഞായറാഴ്ച പരിപാടി രാവിലെ പത്തിനാകാമെന്നു തീർച്ചയാക്കി. ത്രേസ്യാമ്മ രാവിലെ പള്ളിയിൽ പോയി വന്ന ഉടനെ കോളനിയിൽ എല്ലാ വീടുകളിലും പോയി രാവിലെ പത്തു മണിക്കു തന്നെ സിനിമ കാണിക്കുന്നതാണെന്നു് വിളംബരം ചെയ്തു. ഇംഗ്ലിഷ് സിനിമയാണെന്നു കേട്ടപ്പോൾ പലരും മുഖം ചുളിച്ചെങ്കിലും ത്രേസ്യാമ്മയുടെ വിദഗ്ദമായ സേയ്ൽസ് ടാക്ക് എല്ലാവരേയും വീഴ്ത്തി.
മറിയാമ്മ പള്ളിയിൽ ഭർത്താവിന്റെ കുഴിമാടത്തിൽ പൂക്കൾ വെച്ചു് പ്രാർഥിച്ചു് തിരിച്ചുവന്നു. പത്തു മണിയോടെ അവരും തയ്യാറായി.
ഇംഗ്ലീഷ് സിനിമയായതുകൊണ്ടു് കഥയുടെ സാരാംശം പറഞ്ഞുകൊടുത്താലേ ആസ്വാദ്യത പൂർണമാവൂ എന്നതുകൊണ്ടു് ജോസഫേട്ടൻ പുറപ്പാടിന്റെ കഥ വളരെ ലഘുവായി പറഞ്ഞുകൊടുത്തു. യാക്കോബിന്റെ മക്കൾ എങ്ങിനെ ഈജിപ്തുകാരുടെ അടിമകളായെന്നും, മോശ അവരെ എങ്ങിനെ ഫറവോയുടെ കയ്യിൽനിന്നു രക്ഷിച്ചു് ചെങ്കടൽ കടത്തി വാഗ്നത്തഭൂമിയിൽ എത്തിച്ചുവെന്നും, സീനായ് മലമുകളിൽ വെച്ചു് ഒരു ഉടമ്പടിയിലൂടെ ദൈവം മോശക്കു് പത്തു കല്പനകൾ എങ്ങിനെ നൽകിയെന്നും മറ്റും അദ്ദേഹം അവതരണമെന്ന മട്ടിൽ പറഞ്ഞു കൊടുത്തു.
അദ്ഭുതങ്ങൾ കാണാനായി എല്ലാവരും ടിവി സക്രീനിൽ കണ്ണും നട്ടിരുന്നു. അമ്മച്ചിയുടെ കണ്ണിന്നു് കാഴ്ച കുറവായതിനാൽ മുമ്പിൽത്തന്നെയാണു് ഇരിക്കാറ്. വിസിയാർ ഓണാക്കി ത്രേസ്യാമ്മ ഏറ്റവും പിന്നിൽ സോഫയിൽ ഭർത്താവിന്റെ അടുത്തു ചെന്നിരുന്നു. പത്തിരുപതു വർഷങ്ങൾക്കു ശേഷം കാണുകയാണല്ലോ. ഒന്നു് നന്നായി കണ്ടുകളയാം.
ഒരു കൂക്കുവിളിയും വിസിലടിയും കേട്ടപ്പോൾ പെട്ടെന്നു് എന്താണെന്നു് മനസ്സിലായില്ല. കാണികൾക്കിടയിൽ ഉറക്കെ ചിരിയും ബഹളവും. പെട്ടെന്നു് സ്ക്രീനിൽ നോക്കിയപ്പോഴാണു് മനസ്സിലാവുന്നതു്. ത്രേസ്യാമ്മ റിമോട്ട് കണ്ട്റോൾ എടുക്കാനുംകൂടി മെനക്കെടാതെ ചാടിയെഴുന്നേറ്റതും ഓടിച്ചെന്നു് എങ്ങിനെയൊ സ്വിച്ച്ബോർഡിന്റെ അടുത്തെത്തിയതും സ്വിച്ച് ഓഫാക്കിയതും ഓർമ്മയുണ്ടു്. അതിനിടക്കു് അമ്മച്ചി പറയുന്നതും കേട്ടു:
‘ങാ, ഇതിലു് ഉൽപ്പത്തി തൊട്ടു് കാണിക്ക്ണ്ണ്ട്ന്നു് തോന്നുന്നു. ഇപ്പോ കണ്ടതു് ആദാമും ഹവ്വയുമല്ലെ? ങേ, എന്തേ നിർത്തിയതു് ത്രേസ്യേ?’
‘ഇവരു് നീലപ്പടാടീ കാണിക്കണതു്, ഞാൻ പോണു.’ സരളയാണു് അതു പറഞ്ഞതു്. അവൾ കൂട്ടത്തിൽ കുറച്ചു വിവരമുള്ളവളാണു്.
ഹാളിൽ ഇതിനകം ബഹളമായിരുന്നു. ത്രേസ്യാമ്മ പണമിട്ട മിട്ടായിടിന്നുമായി വന്നു, എല്ലാവരുടേയും പണം തിരിച്ചു കൊടുക്കുകയായിരുന്നു. തിരക്കിന്നിടയിൽ ചില വിരുതന്മാർ രണ്ടു കയ്യും നീട്ടി പണം വാങ്ങി. അവസാനം നോക്കുമ്പോൾ അഞ്ചുപേരുടെ പണം ഇനിയും കൊടുക്കാനുണ്ടു്. ടിന്നിൽ പണമൊന്നുമില്ലതാനും. അവർ അകത്തുപോയി പണം എടുത്തുകൊണ്ടുവന്നു.
രാത്രി ത്രേസ്യാമ്മക്കു് ഉറങ്ങാൻ പറ്റിയില്ല. കിടക്കയിൽ കിടന്നുകൊണ്ടു് അവർ ആലോചിച്ചു. ജോമോൻ തലേന്നുതന്നെ പോയതു ഭാഗ്യമായി. അവൻ കൂടിയുണ്ടായിരുന്നെങ്കിൽ എന്തു വഷളായേനെ. കട്ടിലിൽ തിരിഞ്ഞു കിടക്കുന്ന ജോസഫേട്ടന്റെ തോളിൽ കൈവെച്ചുകൊണ്ടു് ത്രേസ്യാമ്മ ചോദിച്ചു.
‘അപ്പളേയ്, ഇതെന്താ ഇങ്ങനെ പറ്റാൻ.’
‘എന്തു്, പെണ്ണേ?’
‘അല്ലാ നിങ്ങള് ടെൻ കമാന്റ്മെന്റ്സ് അല്ലെ എടുത്തതു്. അതിലു് ഇങ്ങനത്തെ ഒക്കെ വരാൻ എന്താ കാരണം? നീലപ്പടാന്നാ അവരൊക്കെ പറേണതു്.’
‘അങ്ങിനെയൊക്കെണ്ടാവും.’ ജോസഫേട്ടൻ പറഞ്ഞു. ‘ഇനിതൊട്ടു് കാസറ്റു കൊണ്ടുവന്നാൽ നമ്മള് ഒന്നു് ഓടിച്ചു നോക്കിയിട്ടുമതി പുറത്തു് കാണിക്കലു്.’
ഒന്നു് നിർത്തിയശേഷം അദ്ദേഹം തുടർന്നു. ‘ന്നു് വെച്ചാൽ ഇനി ആരെങ്കിലും സിനിമ കാണാൻ ഇവിടെ വര്വാണെങ്കിൽ.’
ത്രേസ്യാമ്മക്കു് വലിയ ഉറപ്പുണ്ടായിരുന്നില്ല.
അവർ കുറേ നേരം കണ്ണടച്ചു കിടന്നു. ഭർത്താവിന്റെ കൂർക്കംവലി തുടങ്ങിയിരുന്നു. രാത്രിയുടെ മദ്ധ്യത്തിലെപ്പോഴോ അവർ ആ ദിവ്യവെളിച്ചം കണ്ടു. മലമുകളിൽ ധ്യാനനിരതനായിരിക്കുന്ന മോശയുടെ മുഖത്തിനു് ആ വെളിച്ചം ഒരു ദിവ്യപരിവേഷം നൽകി.
‘കർത്താവേ ഞാനെന്താണു് കാണുന്നതു?’ ത്രേസ്യാമ്മ കുരിശു വരച്ചുകൊണ്ടു് പറഞ്ഞു. ആ ദൃശ്യം നോക്കിക്കൊണ്ടിരിക്കെ അവരുടെ ഹൃദയം ഭക്തിസാന്ദ്രമായി. സാവധാനത്തിൽ അവർക്കു മനസ്സിലായി മലമുകളിൽ ഇരിക്കുന്നതു് മോശയല്ല തന്റെ ഭർത്താവു തന്നെയാണെന്നു്. ജോസഫേട്ടൻ കണ്ണിമക്കാതെ അനക്കമില്ലാതെ എന്തോ നോക്കിയിരിക്കയാണു്. ഭക്തി അദ്ഭുതങ്ങൾക്കു് വഴിമാറിക്കൊടുത്തു. അച്ചായൻ ഇരിക്കുന്നതു് പക്ഷേ, മലമുകളിലല്ല സ്വീകരണമുറിയിലെ സോഫയിലാണെന്നു് മനസ്സിലാക്കാൻ പിന്നേയും സമയമെടുത്തു. അദ്ദേഹം പ്രതിമ കണക്കെ ഇരിക്കുകയാണു്. മുഖത്തു് ഒരദ്ഭുതവെളിച്ചം വന്നടിക്കുന്നു. ത്രേസ്യാമ്മ എഴുന്നേറ്റു ചെന്നു.
മുഖം തിരിക്കാതെത്തന്നെ ജോസഫേട്ടൻ പറഞ്ഞു.
‘ഇവിടെ വന്നിരുന്നു് കണ്ടോ പെണ്ണേ, നല്ല രസോംണ്ടു്.’
ടിവി സ്ക്രീൻ അവരുടെ ദൃഷ്ടിയിൽ പെടുന്നതു് അപ്പോഴാണു്.
‘എന്റെ കർത്താവേ.’
അവർ തലയിൽ കൈവെച്ചുകൊണ്ടു് പറഞ്ഞു.
കൂണുകൾപോലെ പൊന്തിവരുന്ന പ്ലേസ്കൂളുകളെപ്പറ്റി പറഞ്ഞു തന്നതു് മുട്ടക്കാരി എലിയുമ്മയായിരുന്നു. അവർ നഗരത്തിന്റെ നാനാഭാഗത്തും ചുറ്റിയിരുന്നതു് മുട്ട വിൽക്കാനല്ലാ, മറിച്ചു് നഗരവിശേഷങ്ങൾ സംഭരിച്ചു് തനിക്കു പകർന്നുതരാനാണെന്ന ഭാവമുണ്ടായിരുന്നു ത്രേസ്യാമ്മയ്ക്കു്. മറിച്ചാണെന്നു് എലിയുമ്മയും കാട്ടിയില്ല. എലിയുമ്മയുടെ വിജയവും അതായിരുന്നു. ഓരോ പതിവുകാർക്കും, അവർ എത്ര ചെറുതായിക്കോട്ടെ, താൻ അവർക്കുവേണ്ടി മാത്രമാണു് കച്ചവടം ചെയ്യുന്നതു് എന്ന ബോധമുണ്ടാക്കുന്നതിൽ അവർ വിജയിച്ചിരുന്നു.
‘വീട്ടിനു പൊറത്തു് പ്ലേസ്കൂൾ എന്നൊരു ബോർഡ് വെച്ചേച്ചാൽ മാത്രം മതി. എന്തോരം പിള്ളാരെയാണു് കിട്ടുക. പെമ്പറന്നോരും ജോലിക്കു് പോണ വീട്ടിലെ കൊച്ചുങ്ങളെയൊക്കെ കിട്ടും. രാവിലെത്തൊട്ടു് വൈകീട്ടു് അഞ്ചുമണിവരെ അതുങ്ങളെ നോക്കാൻ മുന്നൂറ് രൂപയാ ചാർജ്ജ്. ഒരു പത്തു പിള്ളാരെ കിട്ടിയാൽ പോരെ, രൂപ മൂവ്വായിരം പോന്നില്ലേ?’
മൂവ്വായിരം രൂപ! ത്രേസ്യാമ്മയുടെ കണ്ണു തള്ളിപ്പോയി. അവർക്കു് പെട്ടെന്നു് ഓർമ്മ വന്നതു് ശൈലജയുടെ കുട്ടിയെയാണു്. നാലുമാസം പ്രായമായ, വെളുത്തു് തുടുത്തു് പാവപോലുള്ള സുന്ദരി. കൊഞ്ചിക്കുമ്പോൾ കൈയ്യും കാലുമിട്ടടിക്കും, മലർക്കെ തൊണ്ണും കാട്ടിച്ചിരിക്കും. അവളെ രാവിലെ മുതൽ വൈകുന്നേരം വരെ കയ്യിൽ കിട്ടാൻ മുന്നൂറു രൂപ അങ്ങോട്ടു കൊടുക്കാൻ ത്രേസ്യാമ്മ തയ്യാറാണു്.
രണ്ടു ദിവസത്തേയ്ക്കു് ജോസഫേട്ടനു് ചെവിയിൽ മൂട്ട പോയതിനേക്കാൾ ശല്യമായിരുന്നു. വിഡിയോ ബിസിനസ്സിനെപ്പറ്റി അദ്ദേഹം ഓർമ്മപ്പിക്കാതെയല്ല. ഇപ്പോൾ ആഴ്ചയിൽ ഒന്നു് എന്ന മട്ടിൽ കുറഞ്ഞു വന്ന പ്രദർശനത്തിന്നു് കാണികളേയും കിട്ടാൻ ഞെരുക്കമായിരിക്കുന്നു. എന്തായാലും മൂന്നാം ദിവസം രാവിലെ പ്രാതൽ കഴിഞ്ഞു് ഇറങ്ങിയ അച്ചായൻ രണ്ടുമണിക്കു് തിരിച്ചു വന്നതു് ഒരു നെയിംപ്ലേയ്റ്റുമായാണു്.
മദർ മേരി പ്ലേ സ്കൂൾ.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ടു്. ഇനി ബിസിനസ്സു കിട്ടുന്നതിനു് ഭാഷ ഒരു പ്രതിബന്ധമാകേണ്ട. ‘മദർ’ എന്ന വാക്കു് ദ്വയാർഥത്തിൽ ഉപയോഗിച്ചതാണു്. തങ്ങളുടെ പിഞ്ചോമനകൾക്കു് അമ്മയുടെ പരിചരണവും വാത്സല്യവും തന്നെ കിട്ടുമെന്നു് മാതാപിതാക്കന്മാർക്കു് ഉറപ്പു നൽകാൻ കൂടിയായിരുന്നു മാതൃധ്വനിയുള്ള ആ പേരു്. ഒപ്പംതന്നെ വിശുദ്ധ മാതാവിന്റെ അനുഗ്രഹവുമുണ്ടാകട്ടെയെന്നു് ത്രേസ്യാമ്മ കരുതി.
ഞായറാഴ്ച അവർ ഫോർട്ടുകൊച്ചിയിൽ വിശുദ്ധ മാതാവിന്റെ പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ചുവെച്ചു പ്രാർഥിച്ചു.
‘മാതാവേ, ഞാനീ പ്ലേസ്കൂൾ തുടങ്ങുന്നതു് പിള്ളാരോടുള്ള ഇഷ്ടം കൊണ്ടാണു്, അല്ലാതെ ലാഭം നോക്കിയല്ല. പക്ഷേ, അതിനർഥം നീ എനിക്കു് ലാഭമൊന്നും തരണ്ടാ എന്നല്ല. പണം നമുക്കാവശ്യമാണല്ലോ. നല്ല ലാഭമുണ്ടായാൽ നിന്റെ പെരുന്നാളിന്നു് മെഴുകുതിരി കത്തിക്കാം.’ അവർ ഒന്നു നിർത്തി, പിന്നെ മാതാവിന്നു് ആശങ്കക്കവസരം കൊടുക്കേണ്ടെന്നു കരുതി, തുടർന്നു. ‘ലാഭമുണ്ടായില്ലെങ്കിൽ കത്തിക്കില്ലാ എന്നല്ലാ, പക്ഷേ, മെഴുകുതിരിയുടെ വലുപ്പം കുറഞ്ഞുപോയാൽ എന്നെ പറയരുതു്.’
അങ്ങിനെ പ്രലോഭനങ്ങളും താക്കീതുകളും കൊടുത്തു് തിരിച്ചു വീട്ടിലെത്തിയപ്പോൾ ശൈലജ കാത്തുനില്ക്കയാണു്. കണ്ട ഉടനെ അവൾ പരാതി പറയാൻ തുടങ്ങി.
‘പ്ലേസ്കൂൾ തുടങ്ങണ കാര്യം എന്തേ അമ്മച്ചി എന്നോടു് പറയാതിരുന്നതു?’
‘അതിനു് പെണ്ണേ, തുടങ്ങാൻ പോണല്ലെ ഉള്ളൂ.’
മാതാവു് ആദ്യത്തെ കസ്റ്റമറെ പറഞ്ഞയച്ചിരിക്കുന്നു. ത്രേസ്യാമ്മ നന്ദിയോടെ ഓർത്തു. അതിനർഥം മാതാവിനു് കാര്യങ്ങള് മനസ്സിലാവുന്നുണ്ടു് എന്നാണു്.
“എന്താ ഫീസ്?’
‘മുന്നൂറു് രൂപ. രാവിലെ എട്ടര തൊട്ടു് വൈകുന്നേരം അഞ്ചരവരെ.’
‘മുന്നൂറോ’
“അതേ…” സംഖ്യ കൂടിപ്പോയോ അതോ വല്ലാതെ കുറഞ്ഞുപോയോ എന്നറിയാതെ ത്രേസ്യാമ്മ സംശയിച്ചു. ശൈലജയെ ഇത്ര അടുത്തു പരിചയമുള്ള സ്ഥിതിക്കു് ആ സംശയം അസ്ഥാനത്തായിരുന്നു. ‘എറണാകുളത്തൊക്കെ മുന്നൂറ്റമ്പതും നാന്നൂറുമൊക്കെയാ ഫീസ്.’
‘അവിടുത്തെ വാടകയാണോ ഈ കാട്ടുമുക്കിലെ വാടക? ഇവിടെ അമ്മച്ചി വീട്ടിലിരുന്നോണ്ടു് ചെയ്യണതല്ലെ. ഞങ്ങള് മോളെ നോക്കാൻ വെച്ച ജോലിക്കാരിക്കു് ഇരുന്നൂറു് രൂപയാ കൊടുക്കണതു്. പകലു് ഞങ്ങളില്ലാത്തപ്പൊ അവള് കുട്ടിക്കു് പാലു് കൊടുക്കണ്ണ്ടോ എന്നൊന്നും നോക്കാൻ പറ്റില്ലല്ലോ. ഇവിടെ പിന്നെ അമ്മച്ചി കള്ളത്തരം കാണിച്ചാൽ കണ്ടുപിടിക്കാൻ പാറുകുട്ടിയുണ്ടല്ലോ.’
ശൈലജ പറഞ്ഞതു് തലയിൽ കയറാൻ ട്യുബ് ലൈറ്റിന്നു് കുറച്ചു സമയമെടുത്തു. അവർ ചിരിച്ചുകൊണ്ടു് പറഞ്ഞു.
‘വേണ്ടെടി കൊച്ചേ…’
തിങ്കളാഴ്ച രാവിലെ സഖറിയാസ് അച്ചൻ വന്നു് വെഞ്ചരിച്ചു. ഗെയ്റ്റിൽ വെച്ച നെയിം പ്ലേയ്റ്റിൽ വിശുദ്ധ ജലം തളിച്ചു ശുദ്ധീകരിച്ചു. പിന്നീടു് തളത്തിൽ എല്ലാവരും ചുറ്റിനിന്നു് പ്രാർഥനയായിരുന്നു.
‘കർത്താവേ അവിടുത്തെ ആശ്രിതയായ ത്രേസ്യാമ്മയുടെ പുതിയ സംരംഭമായ മദർ മേരി പ്ലേസ്കൂൾ അനുദിനം വളർന്നു് പുരോഗതി നേടുമാറാകണേ. ഇവിടെ വരുന്ന ശിശുക്കൾക്കു് ആരോഗ്യവും സൗഭാഗ്യവും പ്രദാനം ചെയ്യേണമേ…’
അച്ചന്റെ വാക്കുകൾ ഒന്നും വിടാതെ കാതോർത്തു് ധ്യാനനിരതയായി ത്രേസ്യാമ്മ കൈകൂപ്പി നിന്നു. അടുത്തുതന്നെ ജോസഫേട്ടനും പാറുക്കുട്ടിയും, ചടങ്ങിൽ പങ്കെടുക്കാനെത്തിയ അയൽക്കാരുമുണ്ടു്. അച്ചൻ പ്രാർഥന കഴിഞ്ഞു് എല്ലാവരെയും അനുഗ്രഹിച്ചു.
ചായസൽക്കാരത്തിനുശേഷം അച്ചനെ യാത്രയാക്കി ഗെയ്റ്റിൽ നിൽക്കുമ്പോഴാണു് ശൈലജ കുഞ്ഞിനേയും കൊണ്ടു വന്നതു്. കയ്യിലുള്ള സഞ്ചി പാറുക്കുട്ടിയുടെ കയ്യിൽ കൊടുത്തു് അവൾ കുട്ടിയെ ത്രേസ്യാമ്മയെ ഏൽപ്പിച്ചു; ഒപ്പം ഒരു തുണ്ടു് കടലാസും.
‘മോൾക്കു് പാലു്, കുറുക്കിയതു്, വെള്ളം ഒക്കെ കൊടുക്കേണ്ട സമയം ഇതിലെഴുതിയുിട്ടുണ്ടു്. അതേപോലെ കൊടുത്തോണം, ഒന്നും തെറ്റിക്കല്ലെ അമ്മച്ചി.’
‘നീ സമാധാനത്തോടെ പോ കൊച്ചേ.’ ത്രേസ്യാമ്മ പറഞ്ഞു.
‘അല്ലേലും അമ്മച്ചീടെ അടുത്തു് മോളെ ആക്കിയാൽ എനിക്കു് എന്തോന്നു് സമാധാനക്കേടാ? ഞാൻ പോട്ടെ, രവി സ്കൂട്ടർ സ്റ്റാർട്ടാക്കി നിൽക്ക്വാണു്.’
അവൾ കുട്ടിയുടെ കവിളിൽ ഉമ്മ വെച്ചു്, ടാറ്റ പറഞ്ഞു് ഓടിപ്പോയി. കുഞ്ഞു് ത്രേസ്യാമ്മയുടെ സമൃദ്ധമായ മാറിൽ ചവിട്ടിക്കുതിച്ചു. ഒരു പരിചയക്കേടുമില്ല. ഇത്രയും നല്ല ഒരു കസ്റ്റമറെത്തന്നെ ആദ്യം അയച്ചതിന്നു് അവർ മാതാവിന്നു് നന്ദി പറഞ്ഞു.
തന്റെ സ്ഥാപനത്തിന്നു് ‘മദർ മേരി’ എന്ന പേരിടുക വഴി ത്രേസ്യാമ്മ വിശുദ്ധമാതാവിന്നു് വളരെയധികം ഉത്തരവാദിത്വം കൊടുക്കുകയാണു് ചെയ്തിരിക്കുന്നതു്.
ഒമ്പതു മണിയായപ്പോഴേക്കും വേറേയും മൂന്നു് കുട്ടികൾ എത്തി. മൂന്നുപേരും കോളനിക്കു പുറത്തുള്ളവരായിരുന്നു. രണ്ടു, മൂന്നു വയസ്സു പ്രായം വരും. രണ്ടു് പെൺകുട്ടികളും ഒരാൺകുട്ടിയും. അച്ഛനമ്മമാർ പോയിക്കഴിഞ്ഞപ്പോൾ കുട്ടികൾ കരയാൻ തുടങ്ങി. ആദ്യം തുടങ്ങിവെച്ചതു് ആൺകുട്ടിയായിരുന്നു. അതു കണ്ടതോടെ മറ്റു രണ്ടുപേരും കരച്ചിൽ തുടങ്ങി. ശൈലജയുടെ മകൾ അത്ഭുതത്തോടെ നോക്കും, എന്താണിത്ര കരയാനെന്ന മട്ടിൽ. ജോസഫേട്ടൻ ക്രാന്തദർശിയായിരുന്നു. ഇങ്ങിനെ ഒരു സ്ഥിതിവിശേഷം മുൻകൂട്ടിക്കണ്ട അദ്ദേഹം മിട്ടായികൾ കരുതിയിരുന്നു. പൊതിയിലെ മിട്ടായികൾ കഴിഞ്ഞുവരുന്നതോടൊപ്പം കുട്ടികളുടെ കരച്ചിലും കുറഞ്ഞുവന്നു് ഇല്ലാതായി.
അടുത്ത അര മണിക്കൂർ നിർണായകമായിരുന്നു; അതായതു് മിട്ടായിപ്പൊതി ഒഴിഞ്ഞശേഷമുള്ള അര മണിക്കൂർ. ത്രേസ്യാമ്മ തന്റെ സ്കൂളിന്റെ നടത്തിപ്പിന്റെ ശൈലി വികസിപ്പിച്ചെടുത്തതു് ആ സമയത്തായിരുന്നു. കൊച്ചുവാവയെ കളിപ്പിച്ചു് കരയാതെ നോക്കേണ്ടതു് ചേട്ടന്റെയും ചേച്ചിമാരുടേയും പൗരധർമ്മമാണെന്നു് ത്രേസ്യാമ്മ അവരെ ബോധ്യമാക്കി. ഫലം അത്ഭുതകരമായിരുന്നു. മിട്ടായിപ്പൊതി ഒഴിഞ്ഞുകണ്ടു് രണ്ടാമതൊരു വട്ടം കരയാൻ പുറപ്പെട്ട കുട്ടികൾ പെട്ടെന്നു് കർത്തവ്യബോധം വന്നു് കർമ്മനിരതരായി, വാവയ്ക്കു ചുറ്റും ഇരുന്നു് അവളെ കളിപ്പിക്കാൻ തുടങ്ങി. പിന്നെയുണ്ടായ പ്രശ്നം അവരുടെ അമിതലാളനങ്ങളിൽ നിന്നു് കുഞ്ഞിനെ രക്ഷിക്കുക മാത്രമായിരുന്നു.
കുറച്ചു സമയം പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. ചേച്ചിമാരുടേയും ചേട്ടന്റെയും കയ്യിലുള്ള വിഭവങ്ങൾ പരിമിതങ്ങളായിരുന്നു. ക്രമേണ മോൾക്കു് ബോറടിച്ചു തുടങ്ങി. അവൾ കോട്ടുവായിട്ടു, സാവധാനത്തിൽ മുട്ടുകുത്തി ത്രേസ്യാമ്മയുടെ മടിയിൽ കയറി. അവർ കുഞ്ഞിനെ എടുത്തു ഉമ്മവെച്ചുകൊണ്ടു് ചോദിച്ചു.
‘അമ്മച്ചീടെ മോക്കു് എന്നാ വേണം?’
വേണ്ടതെന്താണെന്നു് അവൾ കാണിച്ചുകൊടുത്തു. ത്രേസ്യാമ്മയുടെ മാറിൽ കുഞ്ഞിക്കൈകൊണ്ടു് തപ്പിക്കൊണ്ടു് അവൾ തന്റെ വായക്കും ഭക്ഷണ സംഭരണിക്കുമിടക്കുള്ള പ്രതിബന്ധം മാറ്റാൻ ശ്രമിക്കുകയാണു്. തന്റെ കുത്തകാവകാശത്തിൽ കൈ കടത്തുന്നതു കണ്ടു് ചൊടിച്ച ജോസഫേട്ടൻ പറഞ്ഞു.
‘എടീ, കൊച്ചിനു് പാലു വേണംന്നു് തോന്നുന്നു.’
ആ കണ്ടുപിടുത്തം കുറേക്കൂടി ഗൗരവമായ സംഭവവികാസങ്ങളിലേയ്ക്കു് നയിച്ചു. ത്രേസ്യാമ്മ പാറുവിനെ വിളിച്ചു് ശൈലജ കൊണ്ടുവന്ന സഞ്ചി എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. സഞ്ചി, മറ്റു മൂന്നു കുട്ടികളും ചുറ്റും നോക്കിനില്ക്കെ ആർഭാടപൂർവം തുറക്കപ്പെട്ടു. അതിൽ നിറയെ കുഞ്ഞിന്റെ ഉടുപ്പുകൾ. പിന്നെ ഒരു പാൽക്കുപ്പിയും. നിപ്പ്ൾ ഇട്ടു തയ്യാറാക്കിയ കുപ്പി. പക്ഷേ, പാലില്ല.
‘എന്റെീശോ, ആ തെറിച്ച പെണ്ണു് പാലും പൊടീം ഒന്നും തന്നിട്ടില്ല.’
‘അപ്പോ നെനക്കു് അവളോടു് പറയായിരുന്നില്ലെ?’ ജോസഫേട്ടൻ ചോദിച്ചു.
‘അതിനു് ഞാനറിഞ്ഞില്ലല്ലോ. സഞ്ചി തന്നപ്പോൾ അതിൽ എല്ലാംണ്ടാവുംന്നു് കരുതി.’
തുറക്കാത്ത ബ്ലൗസ് കുഞ്ഞിക്കൈകൊണ്ടു് മാറ്റാൻ ശ്രമിച്ചു് പരാജയപ്പെട്ടപ്പോൾ മോൾ ബ്ലൗസിന്നു മീതെ കപ്പാൻ തുടങ്ങി. പാൽ കിട്ടുന്നില്ലെന്നു കണ്ടപ്പോൾ ദ്വേഷ്യം പിടിച്ചു് കരയാനും തുടങ്ങി.
‘നിങ്ങൾ പോയി ഒരു ടിന്ന് ബേബിഫുഡ് വാങ്ങിക്കൊണ്ടുവാ. വേഗം ആട്ടെ, പാവം കൊച്ചിനു് വെശക്ക്ണ്ണ്ട്ന്നു് തോന്നുന്നു.’
കുട്ടി അപ്പോഴേക്കും നിർത്താതെ കരച്ചിലായിരുന്നു. ജോസഫേട്ടൻ എഴുന്നേറ്റു് മുണ്ടു മുറുക്കി ഷർട്ട് എടുത്തിട്ടു് പുറത്തേക്കിറങ്ങി.
പതിനഞ്ചു മിനുറ്റു കഴിഞ്ഞു് വിയർത്തുകുളിച്ചു വന്ന ജോസഫേട്ടന്റെ കയ്യിൽ വലിയ ഒരു ടിൻ ബേബിഫുഡ്.
‘അപ്പോ, നിങ്ങൾക്കു് ചെറിയ ടിന്ന് വാങ്ങായിരുന്നില്ലെ? ഇതിനു് ഒത്തിരി കാശായിട്ടുണ്ടാകുമല്ലൊ.’
‘ഇല്ല’, ഷർട്ടഴിച്ചിട്ടു് ദേഹത്തെ വിയർപ്പു് വറ്റിക്കുന്നതിന്നിടയിൽ ജോസഫേട്ടൻ പറഞ്ഞു. ‘അവരു് വെറുതെ തന്നതാ.’
‘ഞാനതല്ല പറഞ്ഞതു്.’ ത്രേസ്യാമ്മ ദേഷ്യത്തേടെ പറഞ്ഞു. ‘ചെറിയ ടിന്ന് മത്യായിരുന്നുന്നു് മാത്രെ ഉദ്ദേശിച്ചുള്ളു.’
‘ചെറിയ ടിന്ന് ഇവിടുള്ള കടയിലില്ല. എറണാകുളത്തോട്ടു് പോണം.’
‘സാരല്ല്യ’.
‘നീ വേഗം പാലു് കൂട്ടി കൊച്ചിനു് കൊടുക്കു്. അതിരുന്നു് കരയുന്നതു കണ്ടില്ലെ.’
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു് അഞ്ചു മിനിറ്റിന്നകം പാറു പാൽ തയ്യാറാക്കി കുപ്പിയിലൊഴിച്ചു. കുട്ടി ആർത്തിയോടെ വലിച്ചുകുടിക്കുന്നതു കണ്ടപ്പോൾ ത്രേസ്യാമ്മ പറഞ്ഞു.
‘എന്റെ കർത്താവേ, അതിനു് നല്ലവണ്ണം വെശന്നിരുന്നു കേട്ടോ.’
അവർ വാത്സല്യത്തോടെ കുഞ്ഞിന്റെ തലയിൽ തടവി. അവളുടെ കണ്ണടഞ്ഞുവന്നു. കുപ്പിയിലെ പാൽ കഴിഞ്ഞപ്പോഴേക്കും അതുറക്കമായിരുന്നു. മോളെ അകത്തു കിടക്കയിൽ കൊണ്ടുപോയി കിടത്തി തടവിന്നായി തലയണയും വെച്ചു്, പ്രശ്നങ്ങളൊക്കെ തൃപ്തിയാംവണ്ണം പരിഹരിച്ചല്ലോ എന്ന സമാധാനത്തേടെ തിരിച്ചു വന്ന ത്രേസ്യാമ്മക്കു് നേരിടേണ്ടി വന്നതു് മൂന്നു് കൊച്ചു പ്രശ്നങ്ങളെയായിരുന്നു.
ആദ്യം പറഞ്ഞതു് ശാരദയുടെ മകൾ സുനിയായിരുന്നു. അവൾ ചുണ്ടും പിളർത്തിക്കൊണ്ടു് പറഞ്ഞു.
‘നിക്കും വേണം പാല്’.
ആദ്യം അതേറ്റു പറഞ്ഞതു് ലിസിയുടെ മകൾ റോസയായിരുന്നു.
‘നിക്കും വേണം പാല്’
ജോസഫേട്ടന്റെ അടുത്തിരുന്നു കളിക്കുന്ന സജി അതു കേൾക്കരുതേ എന്നു് ത്രേസ്യാമ്മ പ്രാർഥിക്കുമ്പോഴേക്കു് അവനും എഴുന്നേറ്റു വന്നു.
‘നിക്കും വേണം ചേച്ചിമാരു് തിന്നണതു്.’
ചേച്ചിമാരുടെ ആവശ്യം എന്തുതന്നെയായാലും അവനും അതിലൊരു പങ്കുവേണം; അത്രതന്നെ.
മൂന്നു പ്രശ്നങ്ങളും മുമ്പിൽ ഭീഷണമായി നില്ക്കുമ്പോൾ സംഗതികളുടെ പോക്കു് അത്ര ഗുണത്തിനല്ലെന്നു് ത്രേസ്യാമ്മക്കു മനസ്സിലായി. ഒരു കുട്ടിയെ മാത്രമേ വളർത്തിക്കൊണ്ടുവന്നിട്ടുള്ളുവെങ്കിലും, ധാരാളം കുട്ടികളുണ്ടായിരുന്ന ഒരു തറവാട്ടിലാണു് അവർ വളർന്നുവന്നതു്. കുട്ടികളുടെ നിരുപദ്രവമെന്നു തോന്നുന്ന ആവശ്യങ്ങൾ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുമെന്നു് അവർക്കറിയാം. കുപ്പിയിൽ പാലു കുടിക്കണമെന്നായിരിക്കും അടുത്ത ആവശ്യം. അവരുടെ മനസ്സു വായിച്ചിട്ടാണെന്നു തോന്നുന്നു, സുനി പറഞ്ഞു.
‘ആന്റി നിക്കു് കുപ്പീലു് പാലു കുടിക്കണം.’
ത്രേസ്യാമ്മ റോസയുടേയും സജിയുടേയും മുഖത്തുനോക്കി. ഇല്ല, അവർക്കും സംശയമൊന്നുമില്ല.
‘നിക്കും വേണം കുപ്പീലു് പാല്’.
‘എനിക്കും.’
‘നീ ഒരു കാര്യം ചെയ്യ് കൊച്ചു ത്രേസ്യേ.’ ജോസഫേട്ടൻ പറഞ്ഞു. ‘പാറൂനോടു് കൊറച്ചു് പാലും വെള്ളം ഉണ്ടാക്കാൻ പറ.’
കുട്ടികളുടെ സ്വരം ഒന്നിച്ചാണു് പൊങ്ങിയതു്.
‘പാലു് വെള്ളം വേണ്ടാ.’
‘പിന്നെ എന്താണു് വേണ്ടതു?’ ത്രേസ്യാമ്മ മയത്തിൽ ചോദിച്ചു.
നിലത്തുവെച്ച ടിന്നിലേയ്ക്കു ചൂണ്ടിക്കാട്ടി അവർ മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.
‘ഈൗൗ പാല്’
അവർ തലയിൽ കൈവെച്ചു. ‘എന്റെ കർത്താവേ…’
തുടർന്നുണ്ടായ അനുരഞ്ജന സംഭാഷണത്തിൽ പാറുവും ജോസഫേട്ടനും പങ്കെടുത്തു. അര മണിക്കൂർ നേരത്തെ സന്ധിസംഭാഷണങ്ങൾക്കുശേഷം ഓരോ സ്പൂൺ പാൽപൊടിയിൽ സകല ഡിമാന്റുകളും ഒത്തുതീർക്കാമെന്നു് തീരുമാനമായി. ജോസഫേട്ടന്നു് വലിയ സമ്മതമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു.
‘ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഇതൊക്കെ ഓരോ ചീത്ത കീഴ്‌വഴക്കങ്ങള്ണ്ടാക്കലാണു്. ഇനി എന്നും പിള്ളേരു് ഇതാവശ്യപ്പെടും, നിനക്കു് കൊടുക്കേണ്ടതായും വരും.’
സമാധാനം, എന്തു വില കൊടുത്തും. അതായിരുന്നു ത്രേസ്യാമ്മയുടെ നയം.
പന്ത്രണ്ടുമണി കഴിഞ്ഞപ്പോഴാണു് കുട്ടികളുടെ ഭക്ഷണകാര്യം ഓർത്തതു്. അവർക്കുള്ള ഭക്ഷണം ഒപ്പം കൊണ്ടുവന്നിട്ടുണ്ടാകുമെന്നു് ത്രേസ്യാമ്മ കരുതി. നന്മയിൽ വിശ്വസിക്കുന്നവർക്കൊക്കെ പറ്റുന്ന അബദ്ധമാണതു്. നന്മയിൽ അത്രതന്നെ വിശ്വാസമില്ലാതിരുന്ന പാറുകുട്ടി അതിനു മുമ്പു തന്നെ കുട്ടികളുടെ സഞ്ചികൾ പരിശോധിച്ചിരുന്നു. അതുകൊണ്ടു് ത്രേസ്യാമ്മ ‘മോളേ, പിള്ളാര്ടെ സഞ്ചി നോക്കു്, ഭക്ഷണം വല്ലതും…’ എന്നു പറഞ്ഞപ്പോഴേക്കു് അവൾ ഇടയിൽ കയറി പറഞ്ഞു.
‘ഇല്ലമ്മച്ചീ, ഉടുപ്പു മാത്രെ ഉള്ളു.’
‘നീ നോക്കിയോ, പെണ്ണെ?’
‘നോക്കി അമ്മച്ചീ.’
‘എപ്പോ?’
‘വാവെടെ സഞ്ചി തൊറന്നു് നോക്കീല്ലെ, അപ്പോത്തന്നെ.’
‘എന്നിട്ടു് നീയെന്താ എന്നോടു് പറയാതിരുന്നതു?’
‘അമ്മച്ചീടെ മനസ്സമാധാനം കളയണ്ടാന്നു് കരുതി’.
ജോസഫേട്ടൻ തലയാട്ടി.
‘അവള് പറഞ്ഞതാ കാര്യം. കേൾക്കാൻ സുഖമില്ലാത്ത കാര്യങ്ങള് വൈകിക്കേൾക്കണതല്ലെ നല്ലതു? ആട്ടെ പിള്ളാർക്കു് കൊടുക്കാൻ എന്താണുള്ളതു?’
‘ചോറുണ്ടു്, ഇറച്ചിക്കറീണ്ടു്, മീൻ വറുത്തതുംണ്ടു്.’ പാറുകുട്ടി പറഞ്ഞു.
‘പിന്നെന്താ?’
കുട്ടികൾ നല്ല രുചിയോടെ ഭക്ഷണം കഴിക്കുന്നതു് ജോസഫേട്ടൻ നോക്കിയിരുന്നു. സജിക്കു മാത്രം കുഴച്ചു് വായിൽ കൊടുക്കേണ്ടി വന്നു. ത്രേസ്യാമ്മ നല്ല വാക്കുകൾ പറഞ്ഞു് ഉരുളയും ഇറച്ചിയും മീനും അവന്റെ വായിൽ കൊടുത്തു. എരിവു കാരണം അവന്റെ കണ്ണുകളിൽനിന്നു് വെള്ളം ചാടി. ജോസഫേട്ടൻ, ജോമോൻ കുട്ടിയായിരിക്കുമ്പോഴത്തെ കാര്യങ്ങൾ ഓർത്തു. നല്ല കാലങ്ങളെല്ലാം തിരിച്ചു വരുന്നപോലെ. കുട്ടികളുടെ ഭക്ഷണം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ വയർ നിറഞ്ഞിരുന്നു.
ശൈലജയുടെ മകൾ ഉണർന്നപ്പോൾ വീണ്ടും പാൽ കൂട്ടിക്കൊടുത്തു. ഒരു വാശിയുമില്ല കുറേനേരം ഇരുന്നു് കളിച്ചു. ഉറക്കം വരുന്നുണ്ടെന്നു് തോന്നിയപ്പോൾ ത്രേസ്യാമ്മ കാലിൽ കിടത്തി ആട്ടി ഉറക്കി.
കുട്ടികളും ഓരോരുത്തരായി ഉറക്കമായി. ദീവാനിൽ മലർന്നുകിടന്നു് കൂർക്കം വലിക്കുന്ന ജോസഫേട്ടനെ നോക്കി, ‘എന്താണു് അപ്പൂപ്പൻ ‘ഘ്രോം ഘ്രോം’ ന്നു് ശബ്ദം ഉണ്ടാക്കുന്നതെന്നു്’ ഭയത്തേടെ ചോദിച്ച സജിയും ഉറക്കമായപ്പോൾ ത്രേസ്യാമ്മ നടുനിവർത്താനായി കിടക്കയിൽ ചാഞ്ഞു.
അഞ്ചു മണിയോടെ ആദ്യത്തെ അമ്മ വന്നു.
‘മോള് ആന്റിയെ ശല്യം ചെയ്തതൊന്നുമില്ലല്ലോ.’
‘ഏയ്, ഒരു കുഴപ്പവുമില്ല, അവരു് നല്ല കൂട്ടായിരുന്നു.’
ആ സ്ത്രീ പോയിക്കഴിഞ്ഞപ്പോഴാണു് ത്രേസ്യാമ്മ ഓർത്തതു്, പിറ്റേന്നു് വരുമ്പോൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കൊണ്ടുവരണമെന്നു് പറയാൻ. രണ്ടാമത്തെ അമ്മ ഓഫീസിൽനിന്നു് ക്ഷീണിച്ചു വന്നപ്പോൾ അതു പറയാൻ ഓങ്ങിയതാണു്. പെട്ടെന്നു് ഉച്ചക്കു് മൂന്നു കുട്ടികളും ഒന്നിച്ചിരുന്നു് ഇറച്ചിയും മീനും കൂട്ടി സമൃദ്ധമായി ഊണു കഴിച്ചതു് ഓർമ്മ വന്നു. ഈ അമ്മമാർ രാവിലെ ഓഫീസുകളിൽ ജോലിക്കു പോകുന്ന തിരക്കിൽ ചോറും എന്തെങ്കിലും പച്ചക്കറിയും പേരിനു മാത്രം ഉണ്ടാക്കി എന്നു വരുത്തും. അതായിരിക്കും കുട്ടികൾക്കും കൊടുത്തയക്കുക. കുട്ടികൾ മുമ്പിലിരുന്നു് ആ തണുത്തു് വെറുങ്ങലിച്ച ഭക്ഷണം കഴിക്കുമ്പോൾ തനിക്കും ജോസഫേട്ടനും ഇറച്ചിയും മീനുമൊക്കെ കൂട്ടി സമൃദ്ധമായ ഊണു് കഴിക്കാൻ വിഷമമായിരിക്കും. പോരാത്തതിന്നു് ഭക്ഷണത്തിന്റെ കാര്യത്തിൽ നക്കാപിച്ച കണക്കു പറയാൻ സംസ്കാരം അവരെ അനുവദിച്ചതുമില്ല.
അഞ്ചരമണിയായിട്ടും ശൈലജയെ കണ്ടില്ല. ഇതെന്തൊരമ്മയാണു്! ത്രേസ്യാമ്മ ആലോചിച്ചു. രാവിലെ കൊണ്ടുവന്നു വിട്ടതാണു്, മുലകുടി മാറിയിട്ടില്ലാത്ത കുട്ടിയെ. കുട്ടിയാകട്ടെ ഇടക്കിടക്കു് ത്രേസ്യാമ്മയുടെ മാറിൽ തപ്പിനോക്കി. ആറു മണിയായപ്പോൾ ശൈലജ വന്നു.
‘അമ്മച്ചി, എന്റെ മോള്.’
‘മോളെപ്പറ്റി വിചാരംള്ള ഒരമ്മയും!’ ത്രേസ്യാമ്മ പരിഭവത്തേടെ പറഞ്ഞു. ‘എന്തേ ഇത്ര വൈകിയതു? പാവം അതിനു് കുടിക്കാൻ ധൃതിയായിരിക്കുന്നു.’
‘ഞാനേയ് അമ്മച്ചി ഓഫീസിൽനിന്നു് വന്നിട്ടു് ഒന്നു് മേൽകഴുകി. പിന്നെ കൂട്ടാനുള്ള കഷ്ണങ്ങളൊക്കെ നുറുക്കിവെച്ചു. ഈ പെണ്ണു് അതിനൊന്നും സമ്മതിക്കത്തില്ല.’
‘കഷ്ടം തന്നെ.’ അവർ മൂക്കത്തു് വിരൽവെച്ചുകൊണ്ടു് പറഞ്ഞു. ‘ഇങ്ങിനേയും അമ്മമാരുണ്ടല്ലോ.’
മോൾ അടുക്കള മുറ്റത്തായിരുന്നു. കൂട്ടിലേക്കു് ചേക്കേറാൻ പുറപ്പെടുന്ന കോഴിയെ കാണിച്ചു കൊടുത്തു് സമാധാനിപ്പിക്കുകയായിരുന്നു പാറു. ത്രേസ്യാമ്മ അവളെ പുറത്തേയ്ക്കു കൊണ്ടുവന്നു.
‘നോക്കു് മോളെ ആരാ വന്നിരിക്കണത്ന്നു്?’
അമ്മയെ കണ്ടപ്പേുാൾ അവൾ കയ്യും കാലുമിട്ടടിച്ചു് കുതിച്ചു. പക്ഷേ, ശൈലജ എടുക്കാൻ കൈ നീട്ടിയപ്പോൾ അവൾ പെട്ടെന്നു് തിരിഞ്ഞു് ത്രേസ്യാമ്മയുടെ ചുമലിലേക്കു തന്നെ ചാടി.
‘നോക്കു് പെണ്ണിന്റെ കാട്ടായങ്ങള്!’
കണ്ടുനിന്ന ജോസഫേട്ടൻ പറഞ്ഞു.
ശൈലജ പോയിക്കഴിഞ്ഞപ്പോഴാണു് ബേബിഫുഡ് വാങ്ങിയ കാര്യം പറഞ്ഞില്ലെന്നു് ത്രേസ്യാമ്മ ഓർത്തതു്. സാരമില്ല, ഒന്നിച്ചു കണക്കു പറയാം.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആ ദിവസത്തിന്റെ മുഴുവൻ ഒരു അവലോകനം നടത്തുക ത്രേസ്യാമ്മയുടെ പതിവായിരുന്നു. സംഭവിച്ച നല്ല കാര്യങ്ങൾക്കു് അവർ കർത്താവിന്നു് നന്ദി പറയും. ചീത്ത കാര്യങ്ങൾക്കു് വിധിയെ പഴിപറയും. അവലോകനം കുറച്ചു നീണ്ടുപോവുകയോ, ഉച്ചത്തിലാവുകയോ ചെയ്യുമ്പോൾ ഉറക്കം പിടിച്ചുതുടങ്ങിയ അച്ചായൻ ദേഷ്യപ്പെടും.
‘നീയൊന്നു് മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ കൊച്ചുത്രേസ്യേ?’
ഇന്നും അവർ കർത്താവിനു് നന്ദി പറഞ്ഞു. ജോമോൻ ഉണ്ടായതിൽപ്പിന്നെ ഇത്രയും നല്ല ഒരു കാര്യം സംഭവിക്കുന്നതു് ഇന്നാണു്. ആ കൊച്ചുങ്ങടെ മുഖം കാണുമ്പോൾ എന്തു സന്തോഷമാണു് ഉണ്ടാവുന്നതു്. കർത്താവേ ആ ചെറുതിന്റെ തുള്ളൽ കാണുകതന്നെ വേണം. ഒരു പഞ്ഞിക്കെട്ടുപോലത്തെ സാധനം. ഇപ്പോൾ അടുത്തു കിട്ടാൻ തോന്നുന്നു. ഇതെല്ലാം സാധിച്ചുതന്ന കർത്താവിനു് സ്തുതി…
‘കൊച്ചു ത്രേസ്യേ,” ജോസഫേട്ടൻ പറഞ്ഞു. ‘നീ മറ്റുള്ളവരുടെ ഉറക്കമാണു് കളയുന്നതു്.”
ത്രേസ്യാമ്മ വിളക്കണച്ചു ഒരിക്കൽ കൂടി കുരിശു വരച്ചു കിടന്നു.
രാവിലെ എട്ടരക്കു തന്നെ ശൈലജ കുട്ടിയുമായി എത്തി. കുട്ടിയെ ത്രേസ്യാമ്മയെ ഏൽപ്പിച്ചു സഞ്ചി പാറുക്കുട്ടിക്കു കൊടുത്തു ഓടാൻ തയ്യാറായി.
‘ശൈലജേ ഒരു മിനിറ്റ് നിക്കു്.’ ത്രേസ്യാമ്മ പെട്ടെന്നു് ഓർത്തുകൊണ്ടു് പറഞ്ഞു. ‘ഇന്നലെ ബേബിഫുഡ് വാങ്ങിയിട്ടുണ്ടു് കേട്ടൊ.’
‘ങാ, ഞാൻ ടിന്ന് മേശപ്പുറത്തിരിക്കുന്നതു കണ്ടു. അപ്പോ തോന്നി ജോസഫേട്ടൻ വാങ്ങിച്ചതായിരിക്കുംന്നു്. പിന്നെ, ഇന്നലെ മോക്കു് കുറുക്കിയതു് കൊടുത്തുവോ?’
‘ഇല്ല, നീയൊന്നും തന്നില്ലല്ലോ.’
‘ഇന്നു് കൊടുക്കണംട്ടോ. ജോസഫേട്ടനോടു് ഫാരക്സോ, സെറിലാക്കോ വാങ്ങാൻ പറയണം.’
അവൾ പോയിക്കഴിഞ്ഞു.
‘അമ്മച്ചീടെ മോള് വന്നല്ലോ.’ ത്രേസ്യാമ്മ കുട്ടിയെ കൊഞ്ചിച്ചു.
ഒരു മാസം എങ്ങിനെയാണു് പോയതെന്നറിഞ്ഞില്ല. വൈകുന്നേരം ശൈലജ വന്നപ്പോൾ നൂറിന്റെ രണ്ടു് നോട്ടുകൾ തന്നപ്പോഴാണു് അതു് മുപ്പത്തൊന്നാം തിയ്യതിയാണെന്നു് ത്രേസ്യാമ്മ ഓർത്തതു്.
‘നില്ലു് പെണ്ണെ’, അവർ പറഞ്ഞു. “കുറച്ചു കണക്കു് നോക്കാനുണ്ടു്.”
‘എന്തു കണക്കു്?’
‘കൊച്ചിനു് ബേബിഫുഡ് വാങ്ങിയ വക.’
ത്രേസ്യാമ്മ മേശവലിപ്പിൽനിന്നു് നോട്ടു പുസ്തകം പുറത്തെടുത്തു. ആദ്യത്തെ പേജിൽത്തന്നെ ഒന്നാം തിയ്യതിയിലേയും രണ്ടാം തിയ്യതിയിലേയും കണക്കായി 48 + 29 = 77 എന്നെഴുതിവെച്ചിരുന്നു.
‘അതെല്ലാം അമ്മച്ചി വാങ്ങി വെക്കേണ്ടതാണു്. പിന്നെന്തിനാ ഇരുന്നൂറു രൂപ വാങ്ങുന്നതു?’
‘അതു് എന്റെ ഫീസാ മോളെ, കുട്ടിയെ നോക്കുന്നതിനു്. ഭക്ഷണച്ചിലവു് വേറെയാ. എല്ലായിടത്തും അങ്ങനാ. നീ മൊട്ടക്കാരി എലിയുമ്മയോടു് ചോദിച്ചു നോക്കു്.’
‘എനിക്കു് വേറെ പൈസ തരാനൊന്നും സാധിക്കില്ല.’ ശൈലജ ചൊടിച്ചുകൊണ്ടു് പറഞ്ഞു.
‘എന്നാൽ എനിക്കു് നിന്റെ കുഞ്ഞിനെ നോക്കാനും പറ്റകേല കേട്ടോ.’ തേസ്യാമ്മയും ചൊടിച്ചു.
‘വേണ്ട, ഞാൻ വേറെ വഴി നോക്കിക്കൊള്ളാം.’
ശൈലജ കുട്ടിയേയും കൊണ്ടു പോയി.
ത്രേസ്യാമ്മ തളർന്നു് കസേരയിലിരുപ്പായി; അടുത്തുനിന്ന പാറുകുട്ടിയോടു് ചോദിച്ചു.
‘അവള് ചെയ്തതു ന്യായാണോ മോളെ, നീ പറ.’
‘അല്ലമ്മച്ചീ,’ പാറു പറഞ്ഞു. ‘ദുസ്സാമർഥ്യം തന്നെയാ.’
‘അല്ലേ… അവള് മോളെ കൊണ്ടുവരില്ലാന്നാ പറഞ്ഞതു്. പോട്ടെ അല്ലെ?’
‘അല്ലാതെന്താ അമ്മച്ചി, നമുക്കു് ഈ മാസം വേറീം കുട്ടികളെ കിട്ടും. മൂന്നു് പേരു് വന്നു് അനേഷിച്ചു പോയതല്ലെ. പോവ്വാച്ചാ പോട്ടെ. ഇങ്ങനെ നഷ്ടത്തിലെന്തിനാ നമ്മള് ജോലിയെടുക്കുന്നതു?’
ത്രേസ്യാമ്മ നിശ്ചേഷ്ടയായി ഇരുന്നു. ഒരഞ്ചു മിനിറ്റ കഴിഞ്ഞു കാണും, അവർ വിളിച്ചു.
‘പാറുകുട്ടീ…’
‘എന്നാ അമ്മച്ചീ?’
‘എനിക്കു് എന്തോ വല്ലാതൊക്കെ തോന്നുന്നു. ആ കൊച്ചിന്റെ കളി കണ്ണിന്റെ മുമ്പിലു് കാണ്വാ.’
‘കൊറച്ചു ദിവസം അങ്ങനെയൊക്കെണ്ടാവും അമ്മച്ചി, പിന്നെ അതങ്ങു ശരിയാവും.’
‘പാറൂ…’ ത്രേസ്യാമ്മയുടെ ശബ്ദം ഇടറി. ‘ഇതങ്ങനെയൊന്നും ശരിയാവുംന്നു് തോന്ന്ണില്ലാ കേട്ടോ.’
‘അമ്മച്ചിയൊന്നു് മിണ്ടാതിരിക്കു്.’ പാറു അവരുടെ പുറം തലോടി സമാശ്വസിപ്പിച്ചു.
ജോസഫേട്ടൻ പുറത്തു പോയിരിക്കയാണു്. സാധാരണ അഞ്ചര ആറുമണിക്കു് എത്താറുള്ളതാണു്. ഇന്നെവിടെ പോയി ആവോ. എപ്പോഴുമങ്ങിനെയാണു്. തനിക്കു് വൈകാരികമായി പ്രശ്നങ്ങളുണ്ടാവുമ്പോഴൊന്നും ആശ്വസിപ്പിക്കാൻ അച്ചായനെ കിട്ടില്ല.
രാത്രി ജോസഫേട്ടൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം പടിവാതിൽവരെ വന്നു് തിരിച്ചുപോകുന്ന പ്രതീതി. കിടത്തം ശരിയാവാഞ്ഞിട്ടാണോ. കണ്ണടക്കാതെത്തന്നെ അദ്ദേഹം തിരിഞ്ഞുകിടന്നു. പെട്ടെന്നാണു് ഉറക്കം വാതിൽകടന്നു് വരാത്തതിന്റെ കാരണം മനസ്സിലായതു്. അദ്ദേഹം കണ്ണു തുറന്നു. കട്ടിലിൽ മുട്ടുകുത്തി ഇരുന്നുകൊണ്ടു് ത്രേസ്യാമ്മ പ്രാർഥിക്കുകയാണു്. പരിദേവനങ്ങൾ, പ്രലോഭനങ്ങൾ, ഭീഷണികൾ, എല്ലാം കർത്താവിനോടുതന്നെ. ഒന്നും കർത്താവിന്റെ അടുത്തു് ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ കട്ടിലിൽ കിടന്നു് കരയാൻ തുടങ്ങി.
കാര്യമെന്തൊക്കെയായാലും ത്രേസ്യാമ്മ കരയുന്നതു കാണാൻ അച്ചായന്നു വയ്യ. അദ്ദേഹം അവരെ കെട്ടിപ്പിടിച്ചു പുറം തലോടി.
‘എന്തിനാ മോളേ കരയുന്നതു?’
തന്റെ മാറിൽ ചവിട്ടിക്കുതിക്കുന്ന രണ്ടു കൊച്ചു പാദങ്ങൾ ഓർമ്മയിൽ വന്നപ്പോൾ അവരുടെ കരച്ചിലിന്നു് ശക്തി കൂടി.
‘നീയൊരു കാര്യം ചെയ്യ്.’ ജോസഫേട്ടൻ സമാധാനിപ്പിച്ചു. ‘നാളെ രാവിലെ ശൈലജ ഓഫീസിൽ പോണതിന്റെ മുമ്പു് നീ ഒന്നു് പോയി നോക്കു്. എന്താണവളുടെ ഉദ്ദേശമെന്നു്. വേറെ എവിടെയെങ്കിലും കൊണ്ടെ ആക്ക്വാണെങ്കിൽ നീ പറ ഇവിടെത്തന്നെ മതീന്നു്. ഇതിലു് മാനത്തിന്റെ പ്രശ്നമൊന്നുമില്ല.’
ആ കൊച്ചു സുന്ദരിയെ ഇനി കിട്ടില്ലെന്ന കാര്യം തനിക്കും വിഷമമുണ്ടാക്കുന്നുണ്ടു് എന്ന കാര്യം ജോസഫേട്ടൻ അപ്പോഴാണു് മനസ്സിലാക്കുന്നതു്. ത്രേസ്യാമ്മ കരച്ചിൽ നിർത്തി. പെട്ടെന്നു് മുമ്പിലേയ്ക്കുള്ള വഴി തെളിഞ്ഞപോലെ. ഇരുട്ടിൽ ഒരായിരം ദീപങ്ങൾ ജ്വലിച്ചപോലെ. കനിവായി വഴി കാട്ടിത്തന്ന കർത്താവിനു് സ്തുതിയർപ്പിച്ചു് മനസ്സമാധാനത്തേടെ അവർ കിടന്നു.
അവർ എഴുന്നേറ്റപ്പോൾ ഏഴുമണിയായി.
‘എന്തുറക്കാണിതു് അമ്മച്ചി.’ പാറുക്കുട്ടി പറഞ്ഞു. ‘ഞാൻ നാലഞ്ചു തവണ വന്നുനോക്കി.’
‘നിനക്കെന്നെ ഒന്നു് വിളിക്കാൻ മേലാ?’
അവർ വിസ്തരിച്ചു് കുളിച്ചു. ധൃതിയിൽ ജോസഫേട്ടനു് ദോശയും ചായയും വിളമ്പി. കാലത്തു് അഞ്ചു മണിക്കു് എഴുന്നേൽക്കുന്ന ജോസഫേട്ടന്നു് നേരത്തെ വിശക്കും. രാവിലെത്തന്നെ രണ്ടുമൂന്നു് കിലോമീറ്റർ നടക്കും. തിരിച്ചുവന്നു് കുളി കഴിഞ്ഞാൽ ഉടനെ പ്രാതൽ വേണം. എല്ലാം പാറുക്കുട്ടി തയ്യാറാക്കുമെങ്കിലും ഭാര്യ ഒപ്പമിരുന്നു കഴിക്കണമെന്നു നിർബ്ബന്ധമുണ്ടു് ജോസഫേട്ടന്നു്. ഒപ്പമിരുന്നു കഴിച്ചില്ലെങ്കിലും വിളമ്പിത്തന്നു് ഒപ്പമിരിക്കയെങ്കിലും വേണം. ഇന്നു് അതിനൊന്നും മെനക്കെടാതെ അവർ പുറത്തേക്കിറങ്ങി. ശൈലജയുടെ ഗെയിറ്റിന്റെ അടുത്തുവരെ പോയി. പേട്ടെന്നവർ നിന്നു. ഒരു ജാള ്യത. എന്തു പറഞ്ഞിട്ടാണു് കയറുക? അവർ തിരിച്ചു നടന്നു. വീട്ടിലേക്കും കയറാൻ മനസ്സു വരാതെ അവർ നിരത്തിൽത്തന്നെ ചുറ്റിപ്പറ്റി നിന്നു.
അപ്പോഴാണു് ശൈലജ മോളെയും എടുത്തു് തനിക്കു് സുപരിചിതമായ സഞ്ചിയും തോളത്തിട്ടു് വരുന്നതു കണ്ടതു്. അപ്പോൾ, അവൾ ഇത്ര പെട്ടെന്നു് വേറെ സ്കൂൾ കണ്ടുപിടിച്ചുവോ? ത്രേസ്യാമ്മ ധൃതിയിൽ ശൈലജയുടെ അടുത്തുചെന്നു. ത്രേസ്യാമ്മയെക്കണ്ടതും മോൾ കുതിക്കാൻ തുടങ്ങി.
‘നീ എങ്ങോട്ടാണു് കൊച്ചിനേയും കൊണ്ടു്?’
‘ഞാൻ മോളെ പ്ലേസ്കൂളിൽ ആക്കാൻ കൊണ്ടുപോവ്വാണു്.’ ശൈലജ ഗൗരവത്തിൽ പറഞ്ഞു.
‘ഏതു് പ്ലേസ്കൂളിൽ?’
‘മദർമേരി പ്ലേസ്കൂളിൽ.’ ഗൗരവം വിടാതെത്തന്നെ അവൾ പറഞ്ഞു.
‘അപ്പോ നീ എന്താണു് ഞങ്ങടെ സ്കൂളിൽ വിടാത്തതു?’ ത്രേസ്യാമ്മയുടെ ശബ്ദം ഇടറി.
ശൈലജ കുസൃതിയോടെ ചോദിച്ചു. ‘അമ്മച്ചീടെ പ്ലേസ്കൂളിന്റെ പേരെന്താ?’
താനെന്തൊരു വിഡ്ഢിയാണെന്നു് ആശ്വാസത്തോടെ, ആഹ്ലാദത്തോടെ ത്രേസ്യാമ്മ മനസ്സിലാക്കി.
‘അമ്മച്ചി എന്തൊരു പാവാണു്. അമ്മച്ചിടെ അടുത്തല്ലാതെ വേറെ എവിടേങ്കിലും ഞാൻ മോളെ വിട്വോ?’
കുതിച്ചു ചാടുന്ന കുഞ്ഞിനെ അവർ വാരിയെടുത്തു് ഉമ്മ വെച്ചു.
‘ഇതാ അമ്മച്ചി സഞ്ചി.’
‘നീ അതു് പാറുക്കുട്ടിയെ ഏല്പിക്കു്. അമ്മച്ചിം മോളും കൂടി കോളനീലു് ടാറ്റ പോവ്വാ’.
‘അമ്മച്ചീ സഞ്ചീലു് രണ്ടു ടിന്നും വെച്ചിട്ടുണ്ടു് കേട്ടോ.’ ശൈലജ വിളിച്ചു പറഞ്ഞു. ദൂരത്തെത്തിയ ത്രേസ്യാമ്മ അതു കേൾക്കുകയുണ്ടായില്ല. ഇനി കേട്ടാലും വലിയ വ്യത്യാസമൊന്നുമുണ്ടാവാൻ പോകുന്നില്ല.
ഞായറാഴ്ച ഫോർട്ട് കൊച്ചിയിൽ വിശുദ്ധ മാതാവിന്റെ പള്ളിയിൽ പ്രാർഥിക്കുകയായിരുന്നു ത്രേസ്യാമ്മ.
‘മാതാവേ, കാര്യം പറയാലോ, വലിയ ലാഭം ഒന്നുമുണ്ടാവില്ല. മൂന്നു് പിള്ളേരു് നല്ലോണം തിന്നും. ഭക്ഷണം വെറുതെ കിട്ടുന്നതൊന്നും അല്ലല്ലോ.’ ത്രേസ്യാമ്മ സ്വരം താഴ്ത്തി. ‘അവരു് പക്ഷേ, മുന്നൂറു് വീതം തര്ണ്ണ്ടു് കേട്ടോ. പിന്നെന്താ അതുങ്ങളുടെ കളി കണ്ടിരുന്നാൽ നേരം പോണതറിയില്ല. ആ ചെറുതിന്റെ കാട്ടായങ്ങള് കണ്ടാ മതി. ഇപ്പോ തിരിച്ചു പോയാൽ അതിനെ എടുത്തുകൊണ്ടുവരാൻ പോവ്വാണു്. ഇനി ഞാൻ കൊണ്ടുവന്നില്ലെങ്കിൽത്തന്നെ അച്ചായൻ പറയും കൊണ്ടുവരാൻ. അത്രയ്ക്കു് ഇഷ്ടായിരിക്കുന്നു.’
ത്രേസ്യാമ്മ ചുറ്റും നോക്കി. അടുത്തു് ആരുമില്ല. അവർ സ്വരം താഴ്ത്തിക്കൊണ്ടു് പറഞ്ഞു.
‘പിന്നെ, ഞാൻ പറഞ്ഞ പ്രകാരം മെഴുകുതിരി കത്തിച്ചുവെച്ചിട്ടുണ്ടു്. ചെറുതല്ല വലുതുതന്നെ, ഒന്നല്ല, രണ്ടെണ്ണം.’
കുഞ്ഞിയേശുവിനെ കയ്യിലേന്തി നില്ക്കുന്ന വിശുദ്ധ മാതാവിന്റെ രൂപം നോക്കി നില്ക്കെ ത്രേസ്യാമ്മയുടെ കണ്ണിൽനിന്നു് നീരുറവ ചാടി.
ത്രേസ്യാമ്മ ആശയക്കുഴപ്പത്തിലായിരുന്നു. ഭയപ്പെട്ടിരുന്നു എന്നു പറയുന്നതാവും ശരി. മരിച്ചവർ എഴുന്നേറ്റു വരില്ലാ എന്നറിയാം. അതു് കർത്താവായ യേശുവിന്നു് മാത്രം ചെയ്യാൻ കഴിയുന്ന അദ്ഭുതമാണു്. ഗ്രേസിയെത്തന്നെയാണു് കണ്ടതു് എന്നും തീർച്ചയാണു്. അവളുടെ ഇടത്തെ കവിളിലെ കാക്കപ്പുള്ളി, ചുവന്ന കല്ലുള്ള മൂക്കുത്തി എല്ലാം അതേപോലെ. ധരിച്ചിരുന്ന എമ്പ്രോയിഡറിയുള്ള ചുവന്ന ചൂരിദാറുംകൂടി ത്രേസ്യാമ്മക്കു് അറിയാം.
‘നീ എവിടുന്നാണു് ഗ്രേസിയെ കണ്ടതു?’ ജോസഫേട്ടൻ ചോദിച്ചു.
“ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽവെച്ചു്. എന്റെ ഒപ്പം പാറുകുട്ടിയുമുണ്ടായിരുന്നു. ഞാനവൾക്കു് കാണിച്ചു കൊടുക്കുമ്പോഴേയ്ക്കു് ഗ്രേസി എങ്ങാണ്ടോ പോയി മറഞ്ഞു.”
“നീ കണ്ടതു് പ്രേതത്തെയായിരിക്കും”
“പട്ടാപ്പകൽ പ്രേതമോ?”
പ്രേതങ്ങളെപ്പറ്റിയെല്ലാം കണിശമായ ധാരണയുണ്ടു് ത്രേസ്യാമ്മക്കു്. പകലൊന്നും അവർ പുറത്തിറങ്ങില്ല. രാത്രി പന്ത്രണ്ടുമണി കഴിഞ്ഞാലാണു് അവരുടെ ദിവസം തുടങ്ങുന്നതു്, പുലർച്ചെ നാലു മണിവരെ. ആരെങ്കിലും നാലുമണിക്കു ശേഷം പ്രേതത്തെ കണ്ടു എന്നു പറഞ്ഞാൽ അതു് ഉണക്കാനിട്ടു് എടുക്കാൻ മറന്ന തുണികളോ, നേരത്തെ ഹോട്ടലുകളിൽ പാൽ എത്തിക്കാൻ ധൃതിപിടിച്ചു് പോകുന്ന പാൽക്കാരോ, രാത്രി മുഴുവൻ ശുഭാപ്തിവിശ്വാസത്തോടെ നടന്നു് ഒന്നും തരമാവാതെ വെറും കയ്യോടെ തിരിച്ചുപോകുന്ന ഭാഗ്യമില്ലാത്ത കള്ളന്മാരോ ആയിരിക്കും. പോരാത്തതിന്നു് പ്രേതങ്ങളുടെ വസ്ത്രത്തിന്നും പ്രത്യേകതയുണ്ടാവും. നേരിയ വെളുത്ത വസ്ത്രങ്ങൾ, അതിനിടയിലൂടെ കാണുന്ന അസ്ഥികൂടം. ചൂരിദാർ ധരിച്ച ഒരു പ്രേതത്തിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
“നിങ്ങള് കണ്ടതു് ഗ്രേസിയുടെ ശവമടക്കലായിരിക്കില്ല.” ത്രേസ്യാമ്മ പറഞ്ഞു.
“അതെങ്ങനാ നീ പറയുന്നതു?” അച്ചായൻ ചൂടായി. “പെട്ടി കുഴിയിലിറക്കണതു് എന്റെ കണ്ണുകൊണ്ടു് കണ്ടതല്ലെ. ജോർജ്ജുട്ടി കരയുന്നുണ്ടായിരുന്നു.”
ജോസഫേട്ടൻ ആ രംഗം ഒരിക്കൽകൂടി ഓർത്തു. നടക്കാൻ ഇറങ്ങിയതായിരുന്നു. പള്ളിവളപ്പിൽ ശവവണ്ടി നിൽക്കുന്നതു കണ്ടപ്പോൾ ആരാണു് ഭാഗ്യവാൻ എന്നറിയാൻ കയറിയതായിരുന്നു. അപ്പോഴാണു് വിശുദ്ധ പുസ്തകവും കൈയ്യിലേന്തിയ പാതിരിയുടെ അടുത്തു നിന്ന ജോർജ്ജുട്ടിയെ കണ്ടതു്. കുഴിക്കു ചുറ്റും പത്തിരുപതുപേർ വട്ടമിട്ടു നിന്നിരുന്നു. എല്ലാം കഴിയുന്നവരെ താൻ കാത്തുനിന്നു. അമ്മയായിരിക്കുമെന്നാണു് കരുതിയതു്. ഭാര്യയാണെന്നറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. ഗ്രേസിയെ അവിടെങ്ങും കണ്ടില്ലതാനും. അല്ല, ഗ്രേസിയെ പ്രതീക്ഷിക്കാനും വയ്യല്ലൊ.
ജോർജ്ജുട്ടിയുടെ ഭാര്യയുടെ ആരോഗ്യം മോശമാണെന്നു് ത്രേസ്യാമ്മക്കറിയാമായിരുന്നു. ഒരിക്കൽ ഗ്രേസി നഴ്സിങ്ങ്ഹോമിൽ കിടക്കുമ്പോഴാണു് അവരെ പരിചയപ്പെട്ടതു തന്നെ. ഗ്രേസി കിടന്നിരുന്നതിന്റെ തൊട്ടടുത്ത മുറിയിലായിരുന്നു ജോസഫേട്ടൻ കിടന്നിരുന്നതു്. ചെറിയ തോതിൽ ഒരു ഹാർട്ടറ്റാക്കുണ്ടായതായിരുന്നു.
രാത്രി എട്ടുമണിക്കു് നെഞ്ചുവേദനയുണ്ടായപ്പോൾ ഡോക്ടർ നായരെ കാണാൻ പോയി. ഡോക്ടർ പരിശോധിച്ചു, ഇ. സി. ജി. എടുത്തുനോക്കി, ഒരിഞ്ചക്ഷനും തന്നു. നഴ്സിങ്ങ് ഹോമിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടു.
“ത്രേസ്യാമ്മ പേടിക്കുകയൊന്നും വേണ്ട, ഒരു ചെക്കപ്പിനാണു്.” ഡോക്ടർ പറഞ്ഞു. “വയസ്സു് പത്തമ്പത്തേഴായില്ലെ? ഇനി ഇടക്കൊരു ചെക്കപ്പൊക്കെ ആവശ്യാണു്.”
ഡോക്ടർ സ്വന്തം കാറിൽ നഴ്സിങ്ങ്ഹോമിലേയ്ക്കു കൊണ്ടുപോയി. രാത്രി ത്രേസ്യാമ്മയും പാറുകുട്ടിയും ഉറക്കം നിന്നു കാത്തിരുന്നു. രാവിലെ ഡോക്ടർ വന്നപ്പോൾ കണ്ണു കലങ്ങി മുഖം ചീർത്ത ത്രേസ്യാമ്മയെയാണു് കണ്ടതു്.
“ത്രേസ്യാമ്മ ഇന്നലെ ഉറങ്ങിയില്ലെ?”
“എനിക്കു പേടിയായിരുന്നു ഡോക്ടർ”
“എന്തിനു പേടി? ഞാൻ പറഞ്ഞില്ലെ കുഴപ്പമൊന്നുമില്ല, വെറും ചെക്കപ്പിന്നുവേണ്ടി കിടത്തിയതാണെന്നു്.” സ്റ്റെത്ത് കഴുത്തിലിട്ടുകൊണ്ടു് ഡോക്ടർ പറഞ്ഞു. “ജോസഫേട്ടൻ പൂർണാരോഗ്യവാനായിരിക്കുന്നു. ഒന്നും പേടിക്കാനില്ല. ഒരാഴ്ച ഇവിടെ കിടക്കട്ടെ, ഒരു തറോ ചെക്കപ്പ് കഴിക്കാം.” തിരിഞ്ഞു് ജോസഫേട്ടനെനോക്കി കണ്ണിറുക്കിക്കൊണ്ടു് അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്കും നാലു കാശുണ്ടാക്കണ്ടെ?”
ഡോക്ടർ നായരെ നല്ലവണ്ണം അറിയുന്നതുകൊണ്ടു് ക്ഷീണിച്ചു കിടക്കുന്ന ആ അവസ്ഥയിലും ജോസഫേട്ടൻ ചിരിച്ചു.
പിന്നെ നഴ്സിങ്ങ് ഹോമിലെ ജീവിതം സുഖമായിരുന്നു. ഒരു പിക്നിക്കിന്നു പോയ പ്രതീതി. ഇന്റൻസീവ് കെയർ യൂനിറ്റിനു പുറത്തു സന്നിഗ്ദാവസ്ഥയിലുള്ള രോഗികളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടു് വിഷമമില്ലാതെ ജനറൽ വാർഡിലും മുറികളിലും നടന്നു് അന്വേഷിക്കാം. ത്രേസ്യാമ്മ ദിവസവും അതൊരു പതിവാക്കി. പകൽ മിക്കവാറും അനിയത്തി ക്ലാര വന്നിരിക്കും. അവൾക്കു് വീട്ടിൽ തൊഴിലൊന്നുമില്ലാതെ ഇരിക്കയാണു്. തനിക്കു് പ്ലേസ്കൂളിലെ കുട്ടികളെ നോക്കേണ്ടതുണ്ടു്. വൈകുന്നേരം ആറുമണിയോടെ അച്ചായന്നുള്ള ഭക്ഷണവുമായി നഴ്സിങ്ങ്ഹോമിലെത്തി ക്ലാരയെ പറഞ്ഞയക്കും. ജോസഫേട്ടന്നു് കാപ്പി കൊടുത്തു കഴിഞ്ഞാൽ പുറത്തിറങ്ങി ഓരോ രോഗികളുടേയും അടുത്തുചെന്നു് കുശലമന്വേഷിക്കും. അങ്ങിനെയാണു് ജോർജൂട്ടിയേയും ഗ്രേസിയേയും പരിചയപ്പെട്ടതു്. നല്ല സുന്ദരിയായ പെൺകൊച്ചു്. അതിനു് ഇങ്ങിനെയൊരു രോഗം ഉണ്ടെന്നാരും പറയില്ല. ഹൃദയത്തിന്റെ വാൾവിനു് തകരാറാണത്രെ. ജോർജൂട്ടിയും നല്ല സുന്ദരൻ. നല്ല ജോടിയാണു്. ഗ്രേസി അധികം സംസാരിക്കാത്ത പ്രകൃതമാണു്. ജോർജൂട്ടി നേരെ മറിച്ചും.
“ആരെങ്കിലും ഒരാൾ സംസാരിച്ചാൽ മതീന്നു് വെച്ചിട്ടാണു്” ഗ്രേസി ഒരിക്കൽ പറഞ്ഞു. ‘ജോർജൂട്ടിടെ സംസാരം തന്നെ പോരെ?’
ജോർജൂട്ടി ഇടക്കിടക്കു് ജോസഫേട്ടന്റെ മുറിയിൽ വരും, കുറേ നേരം സംസാരിച്ചിരിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവായിരുന്ന അയാൾ ഇടക്കിടക്കു് വിറ്റാമിൻ ഗുളികകളുടെ സാംബിൾ കൊണ്ടുവന്നു കൊടുക്കും. ഒരാഴ്ചക്കുള്ളിൽ ഒരായുഷ്ക്കാലത്തെ പരിചയം അയാൾ ഉണ്ടാക്കിയിരുന്നു.
ആശുപത്രി വിട്ടശേഷവും അവരെ ഇടയ്ക്കു് കാണാറുണ്ടു്. ഗ്രേസിയേ ബൈക്കിനു പുറകിലിരുത്തി ഓടിച്ചു പോവുകയോ, റെഡിമെയ്ഡ് ഷോപ്പുകളിൽ ചൂരിദാർ നോക്കിക്കൊണ്ടു നിൽക്കയോ ആയിരിക്കും. കണ്ടാൽ അടുത്തുവന്നു് ലോഗ്യം പറയും. ഒരു ദിവസം വീട്ടിൽ വരാമെന്നു് പറയും. പറച്ചിലല്ലാതെ ഇതുവരെ വീട്ടിൽ വന്നിട്ടൊന്നുമില്ല. ചോദിച്ചാൽ പറയും. “സമയം കിട്ടിയില്ല ആന്റി, ഒരു ദിവസം ഞങ്ങൾ ആന്റിയേയും അങ്കിളിനേയും സർപ്രൈസ് ചെയ്യും.”
ആ സർപ്രൈസാണു് സെമിത്തേരിയിലുണ്ടായതു്. അന്നു രാത്രി ത്രേസ്യാമ്മ കുറേ നേരം കരഞ്ഞു.
ഡിപ്പാർട്ടുമെന്റ് സ്റ്റോറിൽ ഗ്രേസിയെ ഒറ്റക്കു് കണ്ടശേഷം ഒരിക്കൽപോലും അവരെ രണ്ടുപേരേയും കാണുകയുണ്ടായില്ല. അതുകൊണ്ടു് ഗ്രേസിയെയായിരിക്കില്ല കണ്ടതെന്നു് ത്രേസ്യാമ്മ കരുതി. ഒരു തൽക്കാല വിഭ്രാന്തിയോ മറ്റോ ആയിരിക്കും അതു്.
“ഞാൻ പറഞ്ഞില്ലെ?” ജോസഫേട്ടൻ ആണയിട്ടു. “ഞാനെന്റെ കണ്ണുകൊണ്ടു് കണ്ടതാ.”
“ഒരു കാര്യം അദ്ഭുതമായിരിക്കുന്നു,” ത്രേസ്യാമ്മ പറഞ്ഞു. “അതിനുശേഷം ജോർജൂട്ടിയെ കണ്ടിട്ടേയില്ല. ഇപ്പോ അഞ്ചെട്ടു മാസായില്ലേ?”
“അവൻ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങിപ്പോയിട്ടുണ്ടാകും.”
“പോകുന്നതിനുമുമ്പു് നമ്മളെ ഒന്നു് വന്നു് കണ്ടില്ല.”
“ട്രാൻസ്ഫറായീന്നു് ഞാൻ ഊഹിച്ചതാണു് കേട്ടൊ ത്രേസ്യേ. പിന്നെ ഭാര്യ മരിച്ചതിന്റെ ശേഷം നമ്മളെ ഒക്കെ വന്നു് കാണാൻ അവനു് വിഷമമുണ്ടാകും. അതു് സാധാരണ്യല്ലെ?”
“ആയിരിക്കാം”, ത്രേസ്യാമ്മ മുഴുവൻ ദഹിക്കാത്ത മട്ടിൽ പറഞ്ഞു. എന്തൊക്കേയോ ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നതായി അവർക്കു തോന്നി. വല്ലാതെ വിഷമം തോന്നുന്ന രാത്രികളിൽ കിടക്കുമ്പോൾ അവർ പ്രാർഥിച്ചു.
“കർത്താവേ ഈ കുരിശു് എന്നിൽനിന്നു് എടുത്തു മാറ്റണേ. ഓരോ ദിവസം കൂടുംതോറും എനിക്കു് ഉറപ്പായി വരുന്നുണ്ടു്, ഞാൻ കണ്ടതു് ഗ്രേസിയെത്തന്നെയാണെന്നു്. ഗ്രേസിക്കെന്നേയും മനസ്സിലായിരിക്കുന്നു. നമ്മൾ ഒരാളെ നോക്കുമ്പോൾ അവൾക്കു് നമ്മെ പരിചയമുണ്ടെങ്കിൽ കണ്ണിൽ ഒരു പ്രത്യേക ഭാവമുണ്ടാവില്ലെ, ഒരു തിളക്കം. അതു ഞാൻ ഗ്രേസിയുടെ കണ്ണിൽ കണ്ടതാണു്. ഞാൻ പാറുകുട്ടിയെ വിളിക്കാൻ തിരിഞ്ഞപ്പോഴേയ്ക്കു് അവൾ എവിടെ പോയി മറഞ്ഞൂന്നു് അറിയില്ല. കർത്താവേ പ്രേതങ്ങള് ചൂരിദാറിട്ടു് നടക്കാറുണ്ടോ? അതും പട്ടാപ്പകൽ?”
കർത്താവു് മറുപടിയൊന്നും കൊടുത്തില്ല. അവർ വീണ്ടും പ്രാർഥിക്കാൻ തുടങ്ങിയപ്പോൾ അച്ചായൻ ഇടപെട്ടു.
“നീയൊന്നു് വിളക്കണച്ചു് കിടക്കാൻ നോക്കു് കൊച്ചുത്രേസ്യേ. കർത്താവിനും വേണ്ടേ കുറച്ചു് സ്വൈരം ഒക്കെ?’
ത്രേസ്യാമ്മ വിളക്കണച്ചു് കുരിശു വരച്ചു കിടന്നു, നെടുവീർപ്പിട്ടു.
ശനിയാഴ്ചകളിൽ വൈകുന്നേരം ത്രേസ്യാമ്മ എറണാകുളത്തു് പോകും. ശനിയാഴ്ചയായതുകൊണ്ടു് മൂന്നു മണിയാവുമ്പോഴേയ്ക്കു് അച്ഛനമ്മമാർ വന്നു് കുട്ടികളെ കൊണ്ടുപോകും. നാലു മണിയോടെ ത്രേസ്യാമ്മ പാറുകുട്ടിയുമായി പുറത്തിറങ്ങും. രാവിലെത്തന്നെ കോളനിയിൽ നടന്നു് എല്ലാവരോടും എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാനുണ്ടോ എന്നു് അന്വേഷിക്കും. എറണാകുളത്തു മാത്രം കിട്ടുന്ന സാധനങ്ങളുണ്ടു്, അല്ലെങ്കിൽ എറണാകുളത്തു് വില കുറഞ്ഞു കിട്ടുന്ന സാധനങ്ങൾ. ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയുണ്ടാക്കും. മുൻകൂറായി പണവും വാങ്ങും. ലാഭേഛയില്ലാതെ ചെയ്യുന്ന ഒരേയൊരു സേവനമാണു്. സാധനം വാങ്ങിക്കൊണ്ടു വന്നു കൊടുത്തശേഷം പണം പിന്നെത്തരാമെന്നോ, അയ്യോ ഇതല്ല ഞാനുദ്ദേശിച്ച സാധനം എന്നോ പറഞ്ഞാൽ ശരിയാവില്ല.
ഫാൻസി സ്റ്റോറിൽ പൊട്ടും, വളകളും, ഹെയർപിന്നും നോക്കിക്കൊണ്ടിരിക്കെയാണതുണ്ടായതു്. തൊട്ടടുത്തു് കൗണ്ടറിൽ വെച്ച കൈയ്യാണു് ആദ്യം കണ്ടതു്. വെളുത്തു നീണ്ട വിരലുകൾ, വളർത്തി ഭംഗിയായി കമാനത്തിൽ വെട്ടിനിർത്തിയ നഖങ്ങളിൽ ചുവന്ന പോളിഷ്. ഇത്ര ഭംഗിയുള്ള കയ്യിന്റെ ഉടമസ്ഥയെ നല്ലവണ്ണം ഒന്നു് കാണാമല്ലൊ എന്നു കരുതി നോക്കിയപ്പോൾ ത്രേസ്യാമ്മ ഞെട്ടിപ്പോയി. അപ്പോഴാണു് തന്റെ അടുത്തു് നിന്നിരുന്ന മദ്ധ്യവയസ്കയെ ആ പെൺകുട്ടിയും കണ്ടതു്. രണ്ടുപേരുടേയും കണ്ണുകളിടഞ്ഞു. ഒരു നിമിഷാർദ്ധം മാത്രം. പെട്ടെന്നവൾ തിരിഞ്ഞു് ഷോപ്പിൽനിന്നു് പുറത്തേയ്ക്കു് ധൃതിയിൽ നടന്നു.
ത്രേസ്യാമ്മ അനങ്ങാൻ പറ്റാതെ തരിച്ചുനിന്നു.
“ചേച്ചി ഏതു കളറാണു് വേണ്ടതു?” കൌണ്ടറിൽ നിന്ന പയ്യൻ ചോദിച്ചു. ത്രേസ്യാമ്മ ഒരിക്കൽക്കൂടി ഞെട്ടി.
“പാറുകുട്ടി നീ എന്നെ ഒന്നു് നുള്ളിയേ.”
“എന്തിനാ അമ്മച്ചീ?”
‘ഞാൻ ഒറങ്ങ്വാണോ അതോ ഉണർന്നിരിക്ക്യാണോന്നു് നോക്കാനാ.’
“അമ്മച്ചി ഉറങ്ങ്വൊന്നും അല്ല.”
“നീ കണ്ടോ പെണ്ണേ, ഇപ്പം പോയതു് ഗ്രേസി അല്ലായിരുന്നോ?”
പാറുകുട്ടി തിരിഞ്ഞുനോക്കി. അവൾ കൈ മലർത്തി. “ആ ഞാൻ കണ്ടില്ലമ്മച്ചീ.” അവൾ കൗണ്ടറിൽ നിരത്തിയ വർണപ്രപഞ്ചത്തിൽ മുഴുകിയിരിക്കുകയായിരുന്നു.
ത്രേസ്യാമ്മ ദീർഘശ്വാസമിട്ടു. രണ്ടാമത്തെ തവണയാണു് ഗ്രേസി കൈവിട്ടുപോകുന്നതു്. എന്താണവളെ ചൂഴ്‌ന്നുനിൽക്കുന്ന രഹസ്യം? എന്തെങ്കിലുമാവട്ടെ. അവർ കയ്യിലുള്ള പട്ടികയിൽ കണ്ണോടിച്ചു. ശ്യാമളക്കു് വേണ്ടതു് മറൂൺ കളറിലുള്ള വളകളാണു്. നാലുജോടി. അളവിനുള്ള വളയും തന്നിട്ടുണ്ടു്.
“ഇതു നാലുജോടി എടുക്കു്”, അവർ പയ്യനോടു പറഞ്ഞു.
അപ്പോഴാണു് അതുണ്ടായതു്. പതുപതുത്ത രണ്ടു കൈകൾ അവരുടെ കണ്ണുകളെ മൂടി.
“ആരാണെന്നു പറഞ്ഞാൽ ഒരു സമ്മാനം.” സുപരിചിതമായ മധുരസ്വരം.
“മോളെ ഗ്രേസി”, അവർ തിരിഞ്ഞു ഗ്രേസിയെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു.
“സമ്മാനം വേണ്ടെ?”, ഗ്രേസി കുസൃതിയോടെ ചോദിച്ചു. ‘അതാ സമ്മാനം.’
അവൾ ചൂണ്ടിക്കാട്ടിയ ഇടത്തേക്കു നോക്കിയപ്പോൾ ജോർജ്ജൂട്ടി നിൽക്കുന്നു, ചിരിച്ചുകൊണ്ടു്.
“ജോർജ്ജൂട്ടി!”
അയാൾ അടുത്തുവന്നു.
“ആന്റി അങ്കിൾ എന്തു പറയുന്നു?”
നീ കുറേയേറെ കാര്യങ്ങൾക്കു് ഉത്തരം പറയേണ്ടിയിരിക്കുന്നു എന്ന മട്ടിൽ ത്രേസ്യാമ്മ അവനെ നോക്കി.
“ആന്റി” ജോർജ്ജൂട്ടി പറഞ്ഞു. “ഞങ്ങൾക്കു് നാളെ ഞായറാഴ്ച ആന്റിയുടെയും അങ്കിളിന്റെയും അടുത്താണു് ഊണു്. ഞങ്ങൾ കൃത്യം പന്ത്രണ്ടുമണിക്കു് എത്തും. അപ്പോ കാണാം.”
അയാൾ ഗ്രേസിയുടെ കൈ പിടിച്ചു് നടന്നു. പിന്നെ ഒരു കാര്യം പറയാനായി തിരിച്ചു വന്നു.
“ഞങ്ങൾക്കു് ചില്ലിചിക്കൻ വേണം. ആന്റിയുടെ ചില്ലിചിക്കൻ കേമമാണെന്നു് ഗ്രേസി പറഞ്ഞിട്ടൊണ്ടു്.”
അവർ പോയി, ഒരു കൊടുങ്കാറ്റു് വന്നൊഴിഞ്ഞപോലെ. ത്രേസ്യാമ്മ കുറച്ചുനേരം ഒന്നും ചെയ്യാനാകാതെ നിന്നു. ഒരു മിനിറ്റു മുമ്പു് നടന്നതാണെങ്കിൽക്കൂടി, അതു് പണ്ടെങ്ങാനും നടന്നപോലെ അവർക്കു തോന്നി. ചില്ലിചിക്കന്റെ കാര്യം നഴ്സിങ്ങ്ഹോമിൽ കഴിഞ്ഞിരുന്നപ്പോൾ പറഞ്ഞിരുന്നതാണു്. എന്തായാലും ജോസഫേട്ടൻ മാർക്കറ്റിൽ പോകുമ്പോൾ നല്ല തുടമുള്ള കോഴിയിറച്ചി വാങ്ങാൻ പറയണം.
അവർ കൈയ്യിലുള്ള പട്ടികയിൽ നോക്കി.
“എടോ, നാലുജോടി മറൂൺ വളകളെടുത്തുവോ?”
ശൈലജ പൊട്ടുകൾ വാങ്ങാൻ പറഞ്ഞിട്ടുണ്ടു്. ആരാണു് ഹെയർപിൻ വാങ്ങാൻ എല്പിച്ചിട്ടുള്ളതു?…
വീട്ടിലെത്തി നടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ ജോസഫേട്ടൻ ചിന്താധീനനായി. കുറച്ചുനേരം അങ്ങിനെ ഇരുന്ന ശേഷം അദ്ദേഹം ചോദിച്ചു.
“അപ്പോ നെനക്കു് ചോദിക്കാൻ മേലായിരുന്നോ.”
“എന്തു?
“ഞാൻ അവന്റെ ഭാര്യടെ ശവമടക്കിനു് പോയ കാര്യം.”
“ഗ്രേസിയെ മുന്നിൽ വെച്ചുകൊണ്ടു് ഞാൻ എങ്ങനാ അതു ചോദിക്കണതു്. പിന്നെ പോരാത്തതിനു് അതിനൊന്നും സമയം കിട്ടിയതുമില്ല.”
“അതും ശരിയാ, നിന്നെയല്ലെ പള്ളീലു് അടക്കം ചെയ്യണതു് കണ്ടത്ന്നു് ഒരാളോടു് ചോദിക്കാൻ പറ്റ്വോ?”
ഒരു കൊടുങ്കാറ്റുപോലെയായിരുന്നു. ഗ്രേസി വന്നു് കണ്ണു പൊത്തിയതും, ജോർജ്ജൂട്ടി വന്നു് സംസാരിച്ചതുമെല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു. തെറ്റിയ താളം ഒപ്പിച്ചെടുക്കുമ്പോഴേയ്ക്കു് അവർ പോയിരുന്നു.
ഞായറാഴ്ച രാവിലെ ബൈക്കിന്റെ പിന്നിൽ ഗ്രേസിയെ ഇരുത്തി വന്ന ജോർജ്ജൂട്ടിക്കു് രഹസ്യങ്ങൾ അനാവരണം ചെയ്യാൻ വലിയ ധൃതിയൊന്നും കണ്ടില്ല. അവൻ പറയുകയും ചെയ്തു.
“എന്താണിത്ര ധൃതി, ആന്റീ? നിങ്ങളുടെ ഊണു് നശിപ്പിക്കണ്ട. ഊണു കഴിഞ്ഞു് സാവധാനം പറയാം പോരെ?”
“അവൻ സൂത്രക്കാരനാ കൊച്ചു ത്രേസ്യേ,” ജോസഫേട്ടൻ പറഞ്ഞു. “ഊണു കഴിഞ്ഞാ പെമ്പ്രന്നോരേം പൊക്കിയെടുത്തു് അവൻ പറക്കും.”
“ഇല്ല അങ്ക്ൾ, ഞാൻ വാക്കു തരാം.”
ആ ഉറപ്പിൽ ഊണു് വിളമ്പപ്പെട്ടു. ചില്ലിചിക്കൻ അപാരമായിരുന്നു.
ജോർജ്ജൂട്ടിയുടെ കഥ ദുഃഖമയമായിരുന്നു. ഒരു മണിക്കൂർ കേട്ടിരുന്നപ്പോൾ ത്രേസ്യാമ്മക്കു് അതു കേൾക്കേണ്ടിയിരുന്നില്ലെന്നു തോന്നി.
“എന്റെ ഭാര്യ തന്നെയാണു് മരിച്ചതു്. അങ്ക്ൾ കണ്ടതെല്ലാം ശരിയായിരുന്നു. ഒരു കൊല്ലായി ലിസി കിടപ്പിലായിരുന്നു. കല്യാണം കഴിഞ്ഞ ദിവസം തൊട്ടു്. സുഖമില്ലാത്ത ഒരു കുട്ടിയെ അവളുടെ അപ്പനും മൂന്നാനും കൂടി എന്റെ തലയിലിട്ടതായിരുന്നു. പിന്നീടാണെല്ലാമറിഞ്ഞതു്. അവൾ ഒരു നിത്യരോഗിയായിരുന്നു.
“ആദ്യത്തെ രാത്രിയിൽത്തന്നെ അവൾക്കൊരറ്റാക്കുണ്ടായി, ഒരു ഭാഗം തളരുകയും ചെയ്തു. വലിയ പ്രതീക്ഷകളോടെ മണിയറയിലേക്കു ചെന്ന ഞാൻ കണ്ടതു് വായിൽനിന്നു നുരയും പതയും വന്നു് തളർന്നു കിടക്കുന്ന നവവധുവിനെയാണു്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവളുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ആരും വന്നില്ല. അപ്പച്ചൻ ചൂടായി, അവളെ ഉടനെ വീട്ടിൽ കൊണ്ടുപോയാക്കണമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. സംഭവിക്കേണ്ടതു് സംഭവിച്ചു. അവളിപ്പോൾ രോഗിയാണു്. ഭേദമായശേഷം നമുക്കെന്തെങ്കിലും തീരുമാനിക്കാം. അവളുടെ അസുഖം പക്ഷേ, മാറുകയുണ്ടായില്ല. എട്ടുമാസം കിടന്നു. ആ എട്ടു മാസവും ഞാനവളെ ശുശ്രൂഷിച്ചു.”
“അപ്പോ ഗ്രേസി ആരാണു്?”
ത്രേസ്യാമ്മയും ജോസഫേട്ടനും ഏതാണ്ടു് ഒരേ സമയത്താണു് അതു ചോദിച്ചതു്.
“കർത്താവു പറഞ്ഞയച്ച മാലാഖ.” ജോർജ്ജൂട്ടി പറഞ്ഞു. “ആ എട്ടുമാസത്തെ നരകത്തിൽ എനിക്കു് ആകെയുണ്ടായിരുന്ന അഭയമായിരുന്നു ഗ്രേസി.”
ത്രേസ്യാമ്മ തലയിൽ കൈ വെച്ചിരുന്നുപോയി. എന്തൊക്കെയാണു് കർത്താവേ കേൾക്കുന്നതു്!
ജോർജ്ജൂട്ടി മേശമേൽ വെച്ചിരുന്ന കവറെടുത്തു് അതിൽ നിന്നു് ഒരു ക്ഷണക്കത്തെടുത്തു് ജോസഫേട്ടന്റെ നേരെ നീട്ടി.
‘ഞങ്ങളുടെ കല്യാണമാണു് വരുന്ന ഞായറാഴ്ച. സെന്റ് പോൾസ് ചർച്ചിൽവെച്ചു്. നിങ്ങൾ മൂന്നുപേരും വരണം.’
ജോസഫേട്ടൻ കണ്ണടയെടുത്തുവെച്ചു് ക്ഷണക്കത്തു വായിച്ചു. കത്തിന്റെ അവസാനഭാഗം ജോസഫേട്ടൻ ഉറക്കെ വായിച്ചു. “ദയവു ചെയ്തു് ഉപഹാരങ്ങൾ ഒന്നും കൊണ്ടുവരരുതു്.”
“അതു് അങ്ക്ൾ…” ജോർജ്ജൂട്ടി പറഞ്ഞു. “ആരെങ്കിലും പ്രസന്റേഷൻ കൊണ്ടുവരാൻ മറന്നെങ്കിലോ എന്നു കരുതി ഓർമ്മിപ്പിക്കാൻ എഴുതിച്ചേർത്തതാണു്.”
“ഇതു കണ്ടോ നാണമില്ലാതെ…” ഗ്രേസി പറഞ്ഞു.
എല്ലാവരും ചിരിച്ചു. ചിരിച്ചുകൊണ്ടിരുന്നപ്പോഴും ത്രേസ്യാമ്മ ആലോചിച്ചു കൊണ്ടിരുന്നതു് ഗ്രേസി ആശുപത്രിയിൽ കിടന്നിരുന്നതിനെപ്പറ്റിയായിരുന്നു. ത്രേസ്യാമ്മക്കു് ഒരു സംശയവും വെച്ചിരിക്കാൻ പറ്റില്ല; അതെങ്ങിനെയാണു് ചോദിക്കുക എന്ന വിഷമവും. അപ്പോഴാണു് ഭാഗ്യത്തിനു് ജോസഫേട്ടൻ ചോദിച്ചതു്.
“ഗ്രേസിയുടെ അസുഖം ഒക്കെ മാറിയില്ലെ?”
“എന്തസുഖം അങ്ക്ൾ?” ജോർജ്ജൂട്ടി ചോദിച്ചു.
“ഗ്രേസിയെ ആശുപത്രിയിൽ കിടത്തിയിരുന്നില്ലെ, ഹൃദയത്തിന്റെ വാൾവിനു് എന്തോ കുഴപ്പമുണ്ടെന്നു് പറഞ്ഞ്?”
ജോർജ്ജൂട്ടിയുടെ ചിരി പെട്ടെന്നു് മാഞ്ഞു. അയാളുടെ മുഖം ഗൗരവമായി. താഴ്‌ന്ന സ്വരത്തിൽ അയാൾ പറഞ്ഞുതുടങ്ങി.
“പറയാൻ കൊള്ളില്ല അങ്ക്ൾ, പക്ഷേ, അതു ഞങ്ങളുടെ മധുവിധുവായിരുന്നു.”
“മധുവിധു?”
“അതെ ഹണിമൂൺ. ഞങ്ങൾ രഹസ്യമായി കല്യാണം കഴിച്ചു. പള്ളിയിൽ പോയി കല്യാണം കഴിക്കണമെങ്കിൽ ഭാര്യയുടെ മരണശേഷമേ പറ്റൂ. അതിനു കാത്തു നിൽക്കാനുള്ള ക്ഷമയില്ലാതായി. ഹോട്ടൽ മുറികളൊന്നും അത്ര സുരക്ഷിതമല്ല. അപ്പോഴാണു് ഇങ്ങിനെ ഒരാശയം മനസ്സിൽ വന്നതു്. ഗ്രേസി സമ്മതിച്ചതേയില്ല. ഞാൻ നിർബ്ബന്ധിച്ചു കൊണ്ടുവന്നതാണു്.”
ഗ്രേസി തല താഴ്ത്തിയിരിക്കയാണു്. നാണം കൊണ്ടു് അവളുടെ മുഖം ചുവന്നിരുന്നു.
“പരിചയമുള്ള ഒരു ഡോക്ടറും നഴ്സും ഉള്ളതുകൊണ്ടാണതു് കഴിഞ്ഞതു്. ആശുപത്രി മണവും ശ്വസിച്ചു് രോഗികളുടേയും മരുന്നുകളുടേയും നടുവിൽ ഒരു മധുവിധു. അവസാനം പക്ഷേ, പ്രശ്നമായി. ഡോക്ടർ നായർ അറിഞ്ഞപ്പോൾ ആകെ ചൂടായി, കേസെടുക്കും എന്നൊക്കെ പറഞ്ഞു. ഒരു വിധം പറഞ്ഞു നിർത്തിയതാണു്.”
“അതൊക്കെയാണു് ആന്റി, ഞങ്ങളുടെ കഥ. ഇപ്പോൾ തോന്നുന്നുണ്ടാവും കേൾക്കേണ്ടിയിരുന്നില്ലാന്നു്, അല്ലേ?”
ത്രേസ്യാമ്മയും അതു തന്നെയാണു് ആലോചിച്ചുകൊണ്ടിരുന്നതു്.
അവർ പുറത്തിറങ്ങി. ബൈക്ക് സ്റ്റാർട്ടാക്കുന്നതിനു മുമ്പു് ജോർജ്ജൂട്ടി വിളിച്ചു പറഞ്ഞു.
“കല്യാണത്തിനു് വരണം കേട്ടോ. പിന്നെ പ്രസന്റേഷന്റെ കാര്യം മറക്കരുതേ.”
ജോസഫേട്ടന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ആദ്യം ശ്രദ്ധിച്ചതു് പാറുകുട്ടിയായിരുന്നു. പെരുമാറ്റത്തിലല്ല. രൂപത്തിലായിരുന്നു ആദ്യത്തെ മാറ്റം. പ്രാതലിനു മുമ്പു് രണ്ടു ചായ കുടിക്കുന്ന പതിവുണ്ടു് ജോസഫേട്ടന്നു്. ആദ്യത്തെ ചായ അകത്തു ചെന്നു് അനുകൂലമായ ഒരു പശ്ചാത്തലമൊരുക്കും. പിന്നെ അര മണിക്കൂർ കഴിഞ്ഞു് രണ്ടാമത്തെ ചായ കുടിക്കുമ്പോഴാണു് ഒരു കമ്പനാവസ്ഥയും തുടർന്നു് ഒരന്തർപ്രചോദനത്തിന്റെ സർഗ്ഗാത്മകമായ ബഹിർസ്ഫുരണവുമുണ്ടാകുക. ആദ്യത്തെ ചായ കൊണ്ടുപോയി കൊടുക്കുമ്പോൾ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. രണ്ടാമത്തെ ചായ കൊണ്ടുപോയി കൊടുക്കുമ്പോഴും പാറുകുട്ടി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. അല്ലാ, ഒന്നും പ്രതീക്ഷിക്കാനും വയ്യല്ലോ. ചായ കയ്യിൽ കൊടുത്തു മുഖത്തു നോക്കിയപ്പോഴാണതു കണ്ടതു്. പെട്ടെന്നുയർന്നു വന്ന ചിരി എങ്ങിനേയോ അമർത്തി അവൾ അടുക്കളയിലേക്കോടി.
“എന്താ പെണ്ണേ നിന്നെയാരെങ്കിലും കിക്കിളിയാക്കിയോ?”
ത്രേസ്യാമ്മ അല്പം നീരസത്തോടെ ചോദിച്ചു.
“ഇല്ലമ്മച്ചീ,” അവൾ ചിരിക്കിടയിൽ പറഞ്ഞു, “അമ്മച്ചിയൊന്നു പോയി നോക്കിയേ.”
ത്രേസ്യാമ്മ ഉമ്മറത്തുപോയി. അച്ചായൻ ദിനപത്രം മുമ്പിൽ വച്ചു് ചായഗ്ലാസു പിടിച്ചു് ഇരിക്കയാണു്. മുഖത്തു് എന്തോ ഒരു പന്തിയില്ലായ്മ. അവർ അകത്തുപോയി വെള്ളെഴുത്തുകണ്ണട വച്ചു വന്നു് ഒരിക്കൽക്കൂടി നോക്കി. “എന്റെ ഈശോയേ!”
ജോസഫേട്ടന്റെ മീശ കറുത്തിരിക്കുന്നു. എന്നുവെച്ചാൽ ചിരട്ടക്കരിപോലെ കറുപ്പു്. മുകളിൽ പുരികത്തിന്റെ രോമം വെളുത്തുതന്നെ. തലമുടിയും സാന്തക്ലോസിന്റെ പോലെ. ആദ്യത്തെ അമ്പരപ്പു് തമാശക്കു വഴിമാറിക്കൊടുക്കുമ്പോഴാണവർ ശ്രദ്ധിച്ചതു്. അച്ചായൻ ഇവിടെയൊന്നുമായിരുന്നില്ല. താൻ വന്നതും, മുഖത്തു സൂക്ഷിച്ചു നോക്കിയതുമൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ല. പത്രം വായിക്കുക പോയിട്ടു്, ചായ കുടിക്കുകകൂടി ചെയ്യാതെ അദ്ദേഹം എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. അതിനിടയിൽ ഒരു ചിരിയും. കർത്താവേ ഈയ്യാക്കു് എന്തു പറ്റി?
കനത്ത കാൽവെപ്പോടെ ത്രേസ്യാമ്മ അടുക്കളയിലേയ്ക്കു പോയി. ഷെർലോക് ഹോംസ് ഒമ്പതാം ക്ലാസ് സിലബസ്സിലുണ്ടായിരുന്നില്ലെങ്കിലും സാമാന്യം കുറ്റാന്വേഷണബുദ്ധിയുള്ള സ്ത്രീയായിരുന്നു അവർ. ജോസഫേട്ടന്നു് എന്തോ കാര്യമായി പറ്റിയിട്ടുണ്ടെന്നവർക്കു മനസ്സിലായി. അവർ അടുക്കളയിൽ നിലത്തു് കുഴഞ്ഞിരുന്നു. എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോഴാണു് ത്രേസ്യാമ്മ നിലത്തിരിക്കാറു്. അല്ലെങ്കിൽ കസേരയിലെ ഇരിക്കു. പാറുകുട്ടി ചോദിച്ചു.
“എന്തു പറ്റി അമ്മച്ചീ?”
“അതിയാനു് ഇപ്പോ ഇതിന്റെയൊക്കെ ആവശ്യമുണ്ടോടീ?”
“ഏതിന്റെ, അമ്മച്ചീ?”
“അല്ല, മീശേമ്മലു് ഇങ്ങനെ ഓരോന്നു് തേച്ചു് പിടിപ്പിച്ചു്…”
“നല്ല ഭംഗീണ്ടു് അല്ലെ അമ്മച്ചീ?”
“എന്തൂട്ടു് ഭംഗീ?” അച്ചായന്റെ അക്ഷോഭ്യനായുള്ള ഇരുത്തം ആലോചിക്കുകയായിരുന്നു അവർ. താൻ മുമ്പിൽ വന്നുനിന്നതൊന്നും അതിയാൻ അറിഞ്ഞിട്ടില്ല. എന്തോ കാര്യമായ ആലോചനയിലാണു്. അതിനിടക്കു് ഒരു ചിരിയും. എന്താണാ ചിരിയുടെ അർഥം?
അച്ചായൻ പ്രേമത്തിലാണെന്നു് അദ്ഭുതത്തോടെ, വ്യസനത്തോടെ അവർ മനസ്സിലാക്കി.
“പാറുകുട്ടീ…”
“എന്തോ”
“നമുക്കു് ഇതൊന്നറിയണം.”
“എന്തു് അമ്മച്ചീ?”
“അച്ചായൻ പ്രേമത്തിലാണ്ന്നാണു് തോന്നണതു്.”
“ജോസഫേട്ടനോ? ഈ വയസ്സു കാലത്തോ?”
“എന്തെടീ ജോസഫേട്ടനു് അത്രയൊന്നും വയസ്സായിട്ടില്ല. പോരാത്തതിനു് പ്രേമം എപ്പഴാണു് ഉണ്ടാകുക എന്നൊന്നും പറയാൻ പറ്റില്ലല്ലോ.”
പാറുകുട്ടി വാപൊളിച്ചു് നിന്നുപോയി. അങ്ങിനെയൊരു സാദ്ധ്യത അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ജോസഫേട്ടനെപ്പറ്റി അവൾ പലതും സങ്കല്പിക്കാറുണ്ടു്. ഒരു കച്ചവടക്കാരനായിട്ടു്, മന്ത്രിയായിട്ടു്, ഗുസ്തിക്കാരനായിട്ടു്, പക്ഷേ, ഒരു കാമുകനായിട്ടു് ഇതുവരെയില്ല. ആരോടായിരിക്കും ജോസഫേട്ടനു് പ്രേമം? ചുറ്റുവട്ടത്തു് കണക്കാക്കാൻ പറ്റുന്ന വേറൊരു സ്ഥാനാർഥിയെയും കാണാത്തതിനാൽ തന്നോടായിരിക്കുമോ അദ്ദേഹത്തിനു് പ്രേമമെന്നു് അവൾ സംശയിച്ചു. അവൾ ചോദിച്ചു.
“അമ്മച്ചീ വയസ്സായോർക്കു് ചെറുപ്പക്കാരികളോടു് പ്രേമം തോന്നുവോ?”
“ഊം, എന്താ തോന്നാതെ?”
“അപ്പോ…” അവൾ സംശയിച്ചുകൊണ്ടു് പറഞ്ഞു, “ജോസഫേട്ടനു് എന്നോടായിരിക്കുമോ പ്രേമം?”
“നിന്നോടോ?” ത്രേസ്യാമ്മ ഉറക്കെ ചോദിച്ചു. “എന്നിട്ടു് നീയെന്താണു് എന്നൊടൊന്നും പറയാതിരുന്നതു?”
“എനിക്കറിയില്ല അമ്മച്ചീ, ഞാൻ ചോദിച്ചതാ.”
സാധാരണഗതിയിൽ ത്രേസ്യാമ്മക്കു് ദേഷ്യംപിടിക്കേണ്ടതാണു്. പക്ഷേ, അപ്പോഴത്തെ മാനസികാവസ്ഥയിൽ ഒരു സാദ്ധ്യതയും തള്ളിക്കളയാനാവില്ലല്ലോ. അവർ പാറുകുട്ടിയെ ഒന്നുഴിഞ്ഞു നോക്കി. പ്രകൃതി ആ ഇരുപതു വയസ്സുകാരിയിൽ അവശ്യം വേണ്ട സമ്പത്തെല്ലാം ലോഭമന്ന്യേ നൽകിയിട്ടുണ്ടു്. ആർക്കെങ്കിലും അവളിൽ പ്രേമമുദിച്ചാൽ തെറ്റൊന്നും പറയാനില്ല. ഇനി ഇവൾ തന്നെയാണോ പ്രേമഭാജനമെന്നറിയാൻ എന്തു വഴി? അവർ ചോദിച്ചു.
“ജോസഫേട്ടൻ നിന്നെ നോക്കി ചിരിച്ചുവോ?”
“ഇന്നു് ചിരിച്ചതൊന്നുംല്ല്യ. പക്ഷേ, സാധാരണ ചിരിക്കാറ്ണ്ടു്.”
“ങേ!”
കുറച്ചുനേരത്തെ ആലോചനക്കുശേഷം അവർ പറഞ്ഞു. “പാറുകുട്ടി, നീയൊരു ചായകൂട്ടി ജോസഫേട്ടനു് കൊണ്ടുപോയികൊടുക്കു്. എന്തു പറയുന്നു എന്നു് നോക്കാം.” പാറുകുട്ടിയുമായുള്ള ജോസഫേട്ടന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും അപാകതയുണ്ടോ എന്നറിയാമല്ലൊ.
പാറുകുട്ടി ധൃതിയിൽ ഒരു ഗ്ലാസ് ചായയുണ്ടാക്കി. പെട്ടെന്നവൾക്കു് പരിഭ്രമമായി. ഗ്ലാസ് മേശപ്പുറത്തു് വച്ചു് അവൾ പറഞ്ഞു.
“അമ്മച്ചി ഞാനിപ്പോ വരാം.”
“നീ എങ്ങോട്ടാണു് പോണതു?” എന്നു ചോദിക്കുമ്പോഴേയ്ക്കു് അവൾ കുളിമുറിയിൽ കടന്നു കഴിഞ്ഞിരുന്നു. അവൾ കണ്ണാടിനോക്കി തലമുടി ഒതുക്കി, മുഖത്തെ എണ്ണമയം ഒരു തോർത്തെടുത്തു തുടച്ചു. പൗഡർഡപ്പിയെടുത്തു് കുറച്ചു പൗഡറും മുഖത്തിട്ടു. ജോസഫേട്ടനു് അങ്ങിനെയൊന്നുമില്ലായിരിക്കാം. ഇനി അഥവാ ഉണ്ടെങ്കിലോ?
കുളിമുറിയിൽനിന്നു പുറത്തുകടന്ന പാറുകുട്ടിയെ ത്രേസ്യാമ്മ സംശയത്തോടെ വീക്ഷിച്ചു. അവൾ ചായഗ്ലാസുമെടുത്തു് നടന്നപ്പോൾ അവർ പിന്നാലെ കൂടി, തളത്തിന്റെ ജനലിലൂടെ നോക്കി. അച്ചായൻ വർത്തമാനപത്രം പിടിച്ചു് കസേരയിലിരിക്കയാണു്. ഒന്നും വായിക്കുന്നില്ല. പാറുകുട്ടി കൊണ്ടുപോയികൊടുത്ത ഗ്ലാസ് അവളുടെ മുഖത്തേക്കു നോക്കുകപോലും ചെയ്യാതെ വാങ്ങി കുടിക്കാൻ തുടങ്ങി. ഒരു ചോദ്യം പോലുമുണ്ടായില്ല. ത്രേസ്യാമ്മ ആശയക്കുഴപ്പത്തിലായി.
അടുക്കളയിൽ തിരിച്ചെത്തിയപ്പോൾ കണ്ടതു് മേശക്കരികെ വാടിയ മുഖവുമായി നിൽക്കുന്ന പാറുകുട്ടിയേയാണു്.
‘നിനക്കെന്തു പറ്റി കൊച്ചേ?”
“ഒന്നുമില്ലമ്മച്ചീ.” അവൾ മുഖം തിരിച്ചു.
“നീ ശ്രദ്ധിച്ചോ പെണ്ണേ, അച്ചായൻ ആ ചായയും കുടിക്ക്യാണു്.” മൂന്നാമത്തെ ചായ പ്രാതലിന്റെ ഒപ്പമല്ലാതെ കുടിക്കാറില്ല ജോസഫേട്ടൻ. രണ്ടു ചായ അകത്താക്കിയ ബോധമില്ലാതെയാണു് മൂന്നാമത്തെ ചായയും കുടിക്കുന്നതു്. കാര്യം ഗൗരവം തന്നെയാണു്. പുള്ളിക്കാരൻ ആപാദചൂഢം പ്രേമത്തിൽ തന്നെയാണു്. ആരാണു് അപരയെന്നു കണ്ടുപിടിക്കാതെ ഇനി ഇരിപ്പുറക്കില്ല.
ജോസഫേട്ടൻ പുറപ്പെടുകയാണു്. അലമാറി തുറന്നു് നല്ലൊരു വരയൻ ഷർട്ടെടുത്തിട്ടു. ജോമോൻ ഗൾഫിൽനിന്നു കൊണ്ടുവന്നു കൊടുത്ത ഷർട്ടാണതു്. എന്താണു് ഒരുക്കമെന്നറിയാൻ ത്രേസ്യാമ്മ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ ചുറ്റിപ്പറ്റിനിന്നു. നല്ല വീതിയുള്ള കരയുള്ള ഡബ്ൾമുണ്ടുമുടുത്തശേഷം ജോസഫേട്ടൻ പറഞ്ഞു.
“ത്രേസ്യേ, ഞാനൊന്നു് ടൗണിലോട്ടു് പോയേച്ചു വരാം.”
എങ്ങോട്ടാണു് ഒരുമ്പെട്ടു പോകുന്നതെന്നു് ചോദിക്കാനാണു് നാവെടുത്തതു്. പക്ഷേ, ചോദിച്ചതു് ഇത്രമാത്രം.
“എന്തിന്നാ ഇത്രേം കാലത്തേ പോണു്?” അസാധാരണമായ ആ ചോദ്യത്തിനു മുമ്പിൽ ജോസഫേട്ടൻ ഒരു നിമിഷം പകച്ചു നിന്നു. അങ്ങിനത്തെ ചോദ്യങ്ങളൊന്നും പതിവില്ല; ഇന്നെന്താണു് പ്രത്യേകതയെന്ന മട്ടിൽ ജോസഫേട്ടൻ ഭാര്യയെ നോക്കി.
“കുറച്ചു കാര്യമുണ്ടായിരുന്നു.”
“അപ്പോ നെങ്ങക്കു് ഭക്ഷണം ഒന്നും വേണ്ടേ?”
പ്രാതൽ കഴിച്ചിട്ടില്ലെന്ന കാര്യം അപ്പോഴാണു് അച്ചായൻ ഓർത്തതു്.
“സാരല്യ.” അയാൾ പോകാനൊരുങ്ങി. പെട്ടെന്നു് എന്തോ ഓർത്തു് തിരിച്ചുവന്നു് ഇന്നലെ ഇട്ടു് ആണിമേൽ തൂക്കിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നു് ഒരു ഫോട്ടോ എടുത്തു് പോക്കറ്റിലിട്ടു് പുറത്തേയ്ക്കു കടന്നു.
“പോഴത്തായി.” ത്രേസ്യാമ്മ പാറുകുട്ടിയോടു് പറഞ്ഞു. “നമ്മള് ജോസഫേട്ടന്റെ പോക്കറ്റ് പരിശോധിക്കേണ്ടതായിരുന്നു.”
“അതിനു് അമ്മച്ചി, ജോസഫേട്ടൻ പോക്കറ്റിലു് പെൺപിള്ളാര്ടെ ഫോട്ടോ ഇട്ടോണ്ടു് നടക്ക്വാണ്ന്നു് നമ്മ ഓർത്തോ.”
“നീയെന്താണു് കൊച്ചേ അങ്ങനെ പറേണതു്.” ത്രേസ്യാമ്മ ദേഷ്യപ്പെട്ടു. “ആരടെ ഫോട്ടോ ആണെന്നൊന്നും ഞാങ്കണ്ടില്ല.”
ശരിക്കു പറഞ്ഞാൽ അവർ ഒരു നോട്ടം കണ്ടിരിക്കുന്നു. ഒരു പെൺകുട്ടിയുടേതാണു് ആ ഫോട്ടോ എന്നവർക്കു മനസ്സിലായിരിക്കുന്നു. പക്ഷേ, അതു പാറുകുട്ടിയോടു് പറയാൻ വിഷമം. ഇക്കാര്യത്തിൽ പാറുകുട്ടിയുടെ സഹായം തനിക്കാവശ്യമാണു്. പക്ഷേ, അവൾ എല്ലാമറിയുന്നതിൽ ഒരു ചമ്മൽ.
“പിന്നെ നീയൊരു കാര്യം ശ്രദ്ധിച്ചോ പെണ്ണേ, എട്ടുമണിക്കു് ചായേം പലഹാരോം കിട്ടിയില്ലെങ്കിലു് ബഹളണ്ടാക്കണ ആളാണു് ഇന്നു് ഭക്ഷണം കഴിക്കാൻ തന്നെ മറന്നതു്.”
“ശരിയാ അമ്മച്ചീ.”
ഒരു മണിക്കൂറിനകം ജോസഫേട്ടൻ തിരിച്ചുവന്നു. ഷർട്ട് ഊരിയശേഷം, പാറുകുട്ടി കൊണ്ടുവന്നുകൊടുത്ത വെള്ളം കുടിച്ചു് ഒരു ഭാഗത്തിരുന്നു ജോസഫേട്ടൻ. ത്രേസ്യാമ്മയുടെ കണ്ണുകൾ ഭർത്താവു് ഊരി കയ്യിൽ പിടിച്ചിരിക്കുന്ന ഷർട്ടിലായിരുന്നു. ഒന്നുരണ്ടു പ്രാവശ്യം അതു വാങ്ങാൻ അവർ ശ്രമിച്ചു. പക്ഷേ, അവർ അതു തൊടാൻ പോകുമ്പോഴേയ്ക്കു് ജോസഫേട്ടൻ അതു മറ്റെ കയ്യിലേക്കു മാറ്റും.
“ത്രേസ്യേ, എനിക്കെന്താണിന്നു് വല്ലാത്ത വിശപ്പു്.”
“ഇപ്പപ്പോഴായി ഭക്ഷണം കഴിക്കാനും കൂടി മറക്ക്ണ്ണ്ടു്.” ത്രേസ്യാമ്മ പറഞ്ഞു.
“എന്തേ, ഞാനിന്നു് ഒന്നും തിന്നില്ലേ?”
“ഇല്ല, അതിനു മുമ്പല്ലെ ധൃതിപിടിച്ചു് പോയതു? എങ്ങോട്ടാണു് രാവിലെത്തന്നെ പോയതു?”
അതിനു മറുപടി പറയാതെ ജോസഫേട്ടൻ ഷർട്ടെടുത്തു് ഭാര്യയുടെ കയ്യിൽ കൊടുത്തു. “നീ ഇതൊന്നു് വിരിച്ചിടു്. ആകെ വിയർത്തിരിക്കുന്നു. പാറുകുട്ടി ഒരു ചായയുണ്ടാക്കു്.”
ത്രേസ്യാമ്മ തെല്ലൊരദ്ഭുതത്തോടെ ആ ഷർട്ട് വാങ്ങി അർഥഗർഭമായി പാറുകുട്ടിയെ നോക്കി. ജോസഫേട്ടൻ കുളിമുറിയിൽ കയറുന്നതും കാത്തു് അവർ ചുറ്റിപ്പറ്റിനിന്നു. കുളിമുറിയുടെ വാതിലടഞ്ഞതും രണ്ടുപേരും കൂടി ഷർട്ടിന്റെ പോക്കറ്റ് പരിശോധന ആരംഭിച്ചു.
“നല്ല ഭംഗിള്ള കൊച്ചു്.” ഫോട്ടോവിൽ നോക്കിനിൽക്കേ ത്രേസ്യാമ്മയ്ക്കു പറയാതിരിക്കാൻ കഴിഞ്ഞില്ല. നല്ല കണ്ടുപരിചയവും. പെട്ടെന്നാണു് ആ പെൺകുട്ടിയും ജോസഫേട്ടനും കൂടി താൻ സംശയിക്കുന്ന ബന്ധത്തെപ്പറ്റീ അവർ ഓർത്തതു്. അവർ പെട്ടെന്നു് ഫോട്ടോ തിരിച്ചുവെച്ചു പാറുകുട്ടിയോടു് പറഞ്ഞു. “എടീ, നീയെന്താണു് നോക്കിനിക്കണതു്, പോയി ചായയുണ്ടാക്കു്.”
ജോസഫേട്ടന്റെ രുചിയെപ്പറ്റി പാറുകുട്ടിക്കു് നല്ല മതിപ്പുണ്ടായി. പക്ഷേ, മനസ്സിലെവിടേയോ ഒരു നീറ്റം.
ഉച്ചഭക്ഷണം കഴിഞ്ഞു് ജോസഫേട്ടൻ ഉറക്കമായപ്പോൾ ത്രേസ്യാമ്മ കുട്ടികളെ പാറുകുട്ടിയെ ഏല്പിച്ചു് ക്ലാരയുടെ വീട്ടിൽ പോയി. ജോസഫേട്ടനുമായി വൈകാരിക സംഘർഷമുണ്ടാകുമ്പോഴെല്ലാം സഹായത്തിനെത്തുക അനുജത്തിയാണു്. ക്ലാരയുടെ കയ്യിൽ ഇപ്പോഴത്തെ പ്രതിസന്ധിക്കും എന്തെങ്കിലും മരുന്നുണ്ടാകുമെന്നു് തേസ്യാമ്മക്കറിയാം. നെട്ടൂരു് താമസിക്കുന്ന അനുജത്തിയുടെ വീട്ടിലെത്തിയപ്പോഴേക്കും ത്രേസ്യാമ്മ ക്ഷീണിച്ചിരുന്നു. കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞപ്പോൾ ക്ലാര ക്ഷോഭിച്ചു.
“ഞാനല്ലാതെ വേറെയൊരു പ്രേമഭാജനോ ജോസഫേട്ടനു്. ഇയ്യാക്കടെ കുറുമ്പു് ഞാൻ മാറ്റിക്കൊടുക്കാം.”
“നീ കളി പറയല്ലെ എന്റെ ക്ലാരെ, എന്റെ മനസ്സാകെ തീയാണു്. അതിയാനു് ഈ വയസ്സുകാലത്തു് ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ.”
“ഞാൻ കളി പറയല്ല,” ക്ലാര പറഞ്ഞു, “ഞാനും ചേച്ചിയുമല്ലാതെ വേറെയാരും വേണ്ട അച്ചായനു്”.
ത്രേസ്യാമ്മ ചിരിച്ചു. ഒരു പഴയ കഥയാണു്. തന്റെ കല്യാണം കഴിയുമ്പോൾ ക്ലാരക്കു് എട്ടുവയസ്സാണു്. ജോസഫേട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ അവളായിരുന്നു സംസാരിച്ചതെല്ലാം. ഫ്രോക്കിട്ടു് ഓടിച്ചാടി നടന്നിരുന്ന ക്ലാരയെ അവർക്കൊക്കെ ഇഷ്ടമായി, പ്രത്യേകിച്ചു് ജോസഫേട്ടനു്. പെണ്ണുകാണാൻ വന്നവർ പോയിക്കഴിഞ്ഞപ്പോൾ അമ്മച്ചി അവളോടു് ചെക്കനെ ഇഷ്ടമായോ എന്നു് ചോദിച്ചപ്പോൾ ക്ലാരയാണു് പറഞ്ഞതു് അവൾക്കു് ഇഷ്ടമായി എന്നു്. മാത്രമല്ല ചേച്ചിയൊടൊപ്പം അവളും ജോസഫേട്ടനെ കല്യാണം കഴിക്കുമെന്നും.
കല്യാണം കഴിഞ്ഞു് മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവന്ന അന്നു് രാത്രിയിൽ എല്ലാവരും നവദമ്പതികളെ മണിയറയിൽ വിട്ടു് പുറത്തുകടന്നു വാതിലടച്ചു. ജോസഫേട്ടൻ അവളുടെ അടുത്തിരുന്നു് പതുക്കെ പ്രേമപ്രകടനങ്ങൾ നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ടു രാത്രികളിലും ത്രേസ്യാമ്മ ജോസഫേട്ടന്റെ മുന്നേറ്റത്തെ തടഞ്ഞുവച്ചിരുന്നു. തന്റെ വീട്ടിൽ ചെന്നിട്ടു് എല്ലാം സമ്മതിക്കാമെന്നു് ത്രേസ്യാമ്മ ഉറപ്പു കൊടുത്തിരുന്നു. ഇപ്പോൾ രാത്രി വളർന്ന സമയത്തു് അലങ്കരിച്ച മണിയറയിൽ സുരഭിലമായ അന്തരീക്ഷത്തിൽ അവർ പരസ്പരം ചേരാൻ തയ്യാറെടുത്തു. ജോസഫേട്ടൻ പതുക്കെ ത്രേസ്യാമ്മയെ തന്റെ കരവലയത്തിലാക്കി. പെട്ടെന്നാണു് ഒരു പോണിടെയിൽ കെട്ടിയ തല കട്ടിലിന്റെ അടിയിൽനിന്നു് പുറത്തേക്കു വന്നതു്. അവർ രണ്ടുപേരും ഞെട്ടിമാറി. ചാടി എഴുന്നേറ്റ ക്ലാര അവർക്കു നടുവിലിരുന്നു, ഇന്നു താൻ ജോസഫേട്ടന്റെ ഒപ്പമാണു് കിടക്കുന്നതെന്നു് പ്രഖ്യാപിക്കുകയും ചെയ്തു. ഒരനുനയത്തിനും അവളെ പിൻതിരിക്കാൻ പറ്റിയില്ല. അപ്പച്ചനും അമ്മച്ചിയും വന്നു് ആവുന്നതും ശ്രമിച്ചു. അവസാനം ജോസഫേട്ടൻ തന്നെയാണു് പറഞ്ഞതു്, ഇന്നു് അവൾ തങ്ങളുടെ ഒപ്പം കിടന്നോട്ടെയെന്നു്. തനിക്കും ജോസഫേട്ടനും നടുവിൽ ക്ലാരയുടെ കിടപ്പു് ഓർമ്മ വന്നപ്പോൾ ത്രേസ്യാമ്മ ഉറക്കെ ചിരിച്ചുപോയി. അവൾ ഉറങ്ങിയശേഷം രണ്ടുപേരും കട്ടിലിന്റെ അടിയിലേക്കു് നുണുകടക്കുകയാണു് ചെയ്തതു്. ആദ്യരാത്രി മുഴുവൻ ചെലവിട്ടതു് കട്ടിലിന്റെ അടിയിലായിരുന്നു.
“എന്താണ്ണ്ടായതു?” ക്ലാര ചോദിച്ചു.
“അതിയാനുണ്ടു് മീശയൊക്കെ കറുപ്പിച്ചിരിക്കുന്നു.”
“അതത്ര കാര്യമാക്കാനുണ്ടോ ചേച്ചി, ഞാൻ തന്നെ ചേട്ടനോടു് പറയാറുള്ളതാണതു്. എന്റെ ബോയ്ഫ്രണ്ടായി നടക്കണമെങ്കിൽ മുടീം മീശേം ഒക്കെ കറുപ്പിക്കണമെന്നു്.”
“നെനക്കു് കളിയാണു്,” തേസ്യാമ്മ ദേഷ്യത്തോടെ പറഞ്ഞു. “അച്ചായൻ ഏതോ പെങ്കൊച്ചിന്റെ ഫോട്ടോവും പോക്കറ്റിലിട്ടാ ഇപ്പം നടത്തം.’
“ഫോട്ടോവോ, പെങ്കൊച്ചിന്റെയോ?” ഇപ്പോൾ ചേച്ചി പറയുന്നതിൽ കാര്യമുണ്ടെന്നമട്ടിൽ ക്ലാര എഴുന്നേറ്റു.
“മാത്രല്ലെടീ, ജോസഫേട്ടൻ രാവിലെ പലഹാരം കഴിക്കാൻ കൂടി മറന്നു.”
കാര്യം ഗൗരവമാണെന്നു് ക്ലാരക്കു ബോധ്യമായി. അച്ചായൻ ശ്വാസം കഴിക്കാൻ മറന്നെന്നു വരും, പക്ഷേ, പ്രാതൽ കഴിക്കാൻ മറക്കില്ല.
“ചേച്ചി നിക്കു്, ഞാൻ വരാം. ജോസഫേട്ടനെ ഒന്നു് കാണട്ടെ.”
അവൾ ക്ഷണം പുറപ്പെട്ടു. ബസ്സിറങ്ങിയപ്പോഴാണു് കണ്ടതു്, മുമ്പിൽ എറണാകുളത്തേക്കുള്ള ബസ്സിൽ ജോസഫേട്ടൻ കയറുന്നു.
“നോക്കു് ക്ലാരേ അതു് ജോസഫേട്ടനല്ലെ?” ത്രേസ്യാമ്മ ചോദിച്ചു.
ക്ലാര അപ്പോഴാണു് തിരക്കിട്ട ബസ്സിൽ അള്ളിപ്പിടിച്ചു കയറുന്ന ആളെ ശ്രദ്ധിച്ചതു്. “അതേ ചേച്ചീ, അതു് ജോസഫേട്ടൻ തന്നാ. എനിക്കു് അച്ചായനെ പിന്നിലെ കൊച്ചു കഷണ്ടി കൊണ്ടു് തിരിച്ചറിയാം,” അവൾ പറഞ്ഞു.
“പോടി ജോസഫേട്ടനു് കഷണ്ടിയൊന്നുമില്ല. തലമുടി ചെറുതാക്കി വെട്ടുന്നതുകൊണ്ടാ.”
“വാ ചേച്ചി നമുക്കു് പിന്നാലെ പോവാം.”
അവർ ഒരു ഓട്ടോയിൽ കയറി പറഞ്ഞു. “ഈ ബസ്സിനു പുറകെ വിടു്.”
ഉദ്വേഗം നിറഞ്ഞ നീണ്ട ചേയ്സിന്റെ അവസാനത്തിൽ അവരെത്തിച്ചേർന്നതു് കലൂർ ബസ്സ്റ്റോപ്പിലായിരുന്നു. ബസ്സ്റ്റോപ്പിൽ ഓട്ടോ വിട്ടശേഷം അനുധാവനം കാൽനടയിലായി. അച്ചായൻ ഒരു പഴയ വീട്ടിന്റെ മുമ്പിലെത്തി വാതിലിൽ മുട്ടി. ആരാണു് വാതിൽ തുറന്നതെന്നു് മനസ്സിലായില്ല. ജോസഫേട്ടൻ അകത്തു കയറി, വാതിൽ അടയുകയും ചെയ്തു. ത്രേസ്യാമ്മയ്ക്കു് പെട്ടെന്നു് തോന്നിയതു് പോയി വാതിൽക്കൽ മുട്ടാനായിരുന്നു. പക്ഷേ, ക്ലാര സമ്മതിച്ചില്ല.
“എന്താണു് സംഭവമെന്നറിയട്ടെ ചേച്ചീ, അല്ലെങ്കിലു് നമ്മള് നാറിയെന്നു വരും.”
ഉദ്വേഗം നിറഞ്ഞ പതിനഞ്ചു മിനുറ്റുകൾക്കുശേഷം ജോസഫേട്ടൻ പുറത്തിറങ്ങി, ബസ്സ്റ്റോപ് ലക്ഷ്യമാക്കി നടന്നു. കെട്ടിടങ്ങളുടെ മറപിടിച്ചു് രണ്ടു് ഡിറ്റക്ടീവുകളും പിന്നാലെ നടന്നു. ജോസഫേട്ടൻ ബസ്സിൽ കയറിയപ്പോൾ അവർ ഓട്ടോ പിടിച്ചു് യാത്ര തിരിച്ചു. ഭാഗ്യത്തിനു് നല്ല ഓട്ടോ കിട്ടിയതുകൊണ്ടും ജോസഫേട്ടന്റെ ബസ്സ് മേനകവഴി വളഞ്ഞുപോയതുകൊണ്ടും അവർ ആദ്യംതന്നെ വീട്ടിലെത്തി.
ജോസഫേട്ടൻ വന്ന ഉടനെ ഷർട്ടഴിച്ചു് ഫാനിന്റെ കീഴിൽ വന്നുനിന്നു. അപ്പോഴാണു് വാതിൽക്കൽ തന്നെ ഉറ്റുനോക്കി നിന്നിരുന്ന ഭാര്യയെയും അനുജത്തിയേയും കണ്ടതു്.
“ആ നീ ഇവിടെയുണ്ടോ? കലൂരിലു് നിന്നെപ്പോലത്തെ ഒരു പെണ്ണിനെ കണ്ടു, നീയാണെന്നുതന്നെ വിചാരിച്ചു. ഒപ്പം ഒരു വയസ്സായ സ്ത്രീയുംണ്ടായിരുന്നു.”
വയസ്സായ സ്ത്രീ! ത്രേസ്യാമ്മ പല്ലു കടിച്ചു. വരട്ടെ കാണിച്ചുകൊടുക്കാം.
“ജോസഫേട്ടനെന്തിനാ കലൂരിലു് പോയതു?” ക്ലാര ഒന്നുമറിയാത്തപോലെ ചോദിച്ചു.
“ഒരു കാര്യം അന്വേഷിക്കാനാ പെണ്ണേ.” ജോസഫേട്ടൻ കീശയിൽ നിന്നു് ഒരു ഫോട്ടോ എടുത്തു മേശപ്പുറത്തുവെച്ചു. പിന്നെ ത്രേസ്യാമ്മയോടായി പറഞ്ഞു. “നിന്റെ ചിറ്റപ്പൻ എഴുതിയ കാര്യമില്ലെ കൊച്ചു ത്രേസ്യേ, അതു് നടക്കുന്നാണു് തോന്നണതു്. പെണ്ണു് ഭംഗിള്ള കാരണം അവരു് രണ്ടു ലക്ഷവും അമ്പതു് പവനും മാത്രം മതീന്നു് പറഞ്ഞു. നെന്റെ ചിറ്റപ്പനു് അത്രേം കൊടുത്തുകൂടെ?”
ചിറ്റപ്പന്റെ കത്തും ഒപ്പം വന്ന ജെൻസിയുടെ ഫോട്ടോവും ജോസഫേട്ടനു് കൊടുത്തു്, വന്ന ആലോചനയൊന്നു് അന്വേഷിക്കാൻ ആവശ്യപ്പെട്ട കാര്യം അപ്പോഴാണു് ത്രേസ്യാമ്മ ഓർത്തതു്.
“എന്റെ കർത്താവേ” അവർ തലയിൽ കൈ വച്ചുകൊണ്ടു് പറഞ്ഞു. “ഞാനെന്തൊക്കെയാണു് ആലോചിച്ചുണ്ടാക്കിയതു്!”
“നല്ല കുടുംബക്കാരാണു്. ബ്രോഡ്വേയില് സ്റ്റേഷനറിക്കടയാണു്. ഞാനതോണ്ടാ ഇത്രേം പെട്ടെന്നു് അന്വേഷിച്ചതു്. വിടണ്ടാന്നു് പറഞ്ഞോ ചിറ്റപ്പനോടു്.”
“ഇതെന്തോന്നാ മീശവെച്ചു് കാണിച്ചിരിക്കുന്നതു?” ക്ലാര ചോദിച്ചു.
“എന്തേ?” ജോസഫേട്ടൻ മീശ തടവിക്കൊണ്ടു ചോദിച്ചു.
“ഡൈചെയ്യാനറിയില്ലെങ്കിൽ, അറിയുന്ന ആളെ ഏല്പിക്ക്യാ. ഇങ്ങട്ടു വരു ഞാൻ ചെയ്തു തരാം.”
ക്ലാര ഡൈ എടുക്കാൻ കുളിമുറിയിലേക്കു പോയി. ത്രേസ്യാമ്മ അടുക്കളയിലേക്കും പോയി.
“എന്തു പോഴത്താ ഞാൻ ചെയ്തതു് പാറുകുട്ടീ.” ത്രേസ്യാമ്മ പറഞ്ഞു. “ഞാൻതന്നാ ജോസഫേട്ടനു് ചിറ്റപ്പന്റെ കത്തും ജെൻസിടെ ഫോട്ടോവും കൊടുത്തതു്. തരി ബോധം വേണ്ടേ?”
പാറുകുട്ടിയും ആലോചിച്ചിരുന്നതു് അതുതന്നെയായിരുന്നു.
ജോമോന്റെ മുറിയിൽ മരപ്പണി നടക്കുകയാണു്. രണ്ടു് അലമാറകൾ, ഒരു ഡ്രെസ്സിംഗ് ടേബ്ൾ, പിന്നെ അല്ലറചില്ലറ പണികൾ. അല്ല, ജോസഫേട്ടനല്ല; പുറമേനിന്നു് മരപ്പണിക്കാരെ വച്ചാണു് ചെയ്യിക്കുന്നതു്. ജോസും കൃഷ്ണനും. അവർ വന്നു, ചുമരിന്റെ അളവെടുത്തു. അലമാറിയ്ക്കും ഡ്രെസ്സിംഗ് ടേബിളിനും എത്ര വലുപ്പം വേണം, എന്തു മരമാണു് ഉദ്ദേശിക്കുന്നതു് മൈക്ക വേണോ എന്നെല്ലാം അന്വേഷിച്ചു. അവർ വിദഗ്ദരാണെന്നു് ത്രേസ്യാമ്മക്കു് ഒറ്റ നോട്ടത്തിൽ മനസ്സിലായി. ജോസഫേട്ടനു് പക്ഷേ, ആ അഭിപ്രായമുണ്ടായിരുന്നില്ല. ജോസ് ഇപ്പോൾ കൃഷ്ണനെ പുറത്തേയ്ക്കു വിളിപ്പിച്ചു് ഗൗരവമായ ചർച്ചയിലായിരുന്നു. കയ്യിൽ മുഷിഞ്ഞ ഒരു കടലാസും ഒന്നര ഇഞ്ചു് നീളം വരുന്ന ഒരു പെൻസിലും. ഇടക്കിടക്കു് ഓരോന്നു് കുത്തിക്കുറിക്കുന്നുണ്ടു്.
“കൊച്ചു ത്രേസ്യേ, ആ മെലിഞ്ഞു് ക്ഷയരോഗിയെപ്പോലെയുള്ളവൻ ഇല്ലേ, എന്താണയാക്കടെ പേരു്?”
“ജോസ്ന്നാ.”
“ആ അത്തന്നെ, അയാളാണു് മാസ്റ്ററ്. അയാക്കടെ കയ്യൊന്നു് നോക്കിയെ, എന്തോരം മെലിഞ്ഞിട്ടാണു്. അയാക്ക്ണ്ടോ ഉളി എടുത്തു് പെരുമാറാൻ പറ്റുണു?”
ത്രേസ്യാമ്മക്കു് പക്ഷേ, ഒരു സംശയവുമുണ്ടായിരുന്നില്ല. കാരണം ഉണ്ടാക്കാനുദ്ദേശിക്കുന്ന അലമാറിയുടെ സവിശേഷതകൾ ഓരോന്നായി ജോസ് പറഞ്ഞപ്പോഴും തന്റെ മനസ്സിലുണ്ടായിരുന്നതും തനിക്കു് പറഞ്ഞു കൊടുക്കാൻ കഴിയാതിരുന്നതുമായ കാര്യങ്ങളാണു് അയാളുടെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെട്ടിരുന്നതു്. അലമാറിക്കു് രണ്ടു വാതിലുകൾ അല്ലെ വേണ്ടതു് എന്നു ചോദിച്ചപ്പോഴേയ്ക്കു് ത്രേസ്യാമ്മ അലമാറി തുറന്നു കഴിഞ്ഞു. ഉള്ളിൽ നാലു കള്ളികളുണ്ടാകുമെന്നു പറഞ്ഞപ്പോഴേയ്ക്കു് അവർ ജോമോന്റേയും വിദൂരമല്ലാത്ത ഭാവിയിൽ തന്റെ വീടു് ദീപ്തമാക്കാനെത്തുന്ന മരുമകളുടേയും വസ്ത്രങ്ങൾ നിറച്ചു കഴിഞ്ഞു. നാലു കള്ളിയിൽ ഒരെണ്ണം വലുതായിരിക്കുമെന്നും, അവിടെ സാരിയും ഷർട്ടുമെല്ലാം തൂക്കിയിടാമെന്നും പറഞ്ഞപ്പോൾ, ഒതുക്കിവെച്ച ഷർട്ടുകളും സാരികളും മുഴുവനെടുത്തു് ഹാങ്ങറുകളിൽ തൂക്കിയിടേണ്ടി വന്നു!
ത്രേസ്യാമ്മയുടെ പ്രവചനങ്ങൾ ശരിയായിരുന്നു. ജോസ് ഒരു നല്ല പണിക്കാരനായിരുന്നു. ഉളിയുടെ തലക്കു് ചുറ്റികയെടുത്തു് ഓരോ അടി കൊടുക്കുമ്പോഴും മരത്തിന്റെ വലിയ ചീളുകൾ ആകാശത്തേയ്ക്കു് പറന്നു. ചിന്തേരെടുത്തു് നാലു പ്രാവശ്യം വലിക്കുമ്പോഴേക്കു് പരുപരുത്ത മരം ഒരു കൊച്ചുകുട്ടിയുടെ കവിൾപോലെ മിനുസപ്പെട്ടു. അവരുടെ കൺമുമ്പിൽവച്ചു് ഒരു കലാരൂപം ഉയിരെടുക്കുകയാണു്. പ്ലൈവുഡ് പലകകൾ തട്ടുകളായി മാറി, തട്ടുകൾ രണ്ടു ദിവസങ്ങൾക്കുള്ളിൽ ഒരു ഷെൽഫായി ചുമരരുകിൽ നിലകൊണ്ടു.
“രണ്ടു ദിവസം കൊണ്ടു് അവരു് ഇത്രേം ചെയ്തു അല്ലേ?”
“കൊച്ചു ത്രേസ്യേ, ഇനിയുള്ള പണിക്കാണു് സമയമെടുക്കുക. ഇത്രീം പണി ശരിക്കു പറഞ്ഞാൽ ഒരു ദിവസത്തേക്കേ ഉള്ളു, അവരു് വലിച്ചു് നീട്ടണതാ. ഇക്കണക്കിനു് പോയാൽ ഇനി ഒരു എട്ടു ദിവസത്തെ പണിയെങ്കിലുമുണ്ടാകും. പണിക്കാരു് മോശാ.”
ത്രേസ്യാമ്മയ്ക്കതു മുഴുവൻ ബോധ്യമായില്ല. മരപ്പണിക്കാർ ജോലി ചെയ്യാൻ തുടങ്ങിയ അന്നുമുതൽ ജോസഫേട്ടൻ ഒരു പ്രത്യേക മാനസികാവസ്ഥയിലാണെന്നു് അവർ കണ്ടു പിടിച്ചു. അദ്ദേഹം ഇടക്കിടക്കു് തന്റെ മാസ്റ്റർപീസായ കോഴിക്കൂടിന്റെ അടുത്തുപോയിനിൽക്കും. കൂടു് ഓരോ കോണിലും നോക്കി പഠിക്കും. അങ്ങിനെ നോക്കിനില്ക്കെ അദ്ദേഹം അതൃപ്തനാവും. ജോലിക്കാർ ചായ കുടിക്കാൻ പുറത്തുപോകുന്നതും കാത്തിരിക്കും. അവർ പടി കടന്നു എന്നുറപ്പായാൽ അവരുടെ പണിയായുധങ്ങളിൽ പരതി തനിക്കാവശ്യമുള്ള ഒന്നുരണ്ടായുധങ്ങൾ എടുത്തു് അടുക്കള മുറ്റത്തേക്കിറങ്ങും. അവിടെ ഒരുളിപ്രയോഗം, ഇവിടെ വാളെടുത്തു് ഒരു പലക നീളം കുറക്കൽ, അങ്ങിനെ സമയം പോകുന്നതറിയില്ല. കുറച്ചുകഴിഞ്ഞു് തലയുയർത്തി നോക്കുമ്പോൾ കാണുന്നതു് രണ്ടു ജോടി കണ്ണുകൾ തന്നെ പകച്ചു നോക്കുന്നതാണു്. ഒന്നു് ആ വീടിന്റെ ഉടമയായ കോഴിയുടെ, രണ്ടു് ആ കോഴിയുടെ ഉടമയായ ത്രേസ്യാമ്മയുടെ.
ആയുധങ്ങൾക്കുവേണ്ടി പരതിനടന്ന പണിക്കാർ വീടുചുറ്റി അടുക്കളമുറ്റത്തെത്തിയിരുന്നു. ജോസഫേട്ടന്റെ കലാശില്പത്തിനു മുമ്പിൽ അവരും തെല്ലുനേരം പകച്ചു നിന്നു.
“ഇതു് ചേട്ടൻണ്ടാക്കിയതാ?”
“അതേ ജോസെ, എങ്ങനെണ്ടു്?”
“ഞങ്ങളൊക്കെ ആയുധം വച്ചു് കീഴടങ്ങേണ്ടിവരുംന്നു് തോന്ന്ണു്.’ ജോസ് ചിരിച്ചുകൊണ്ടു് പറഞ്ഞു.
അവർ ആയുധങ്ങളെടുത്തു് പോയപ്പോൾ അച്ചായൻ പറഞ്ഞു. “അവരു് നല്ല പണിക്കാരാ കൊച്ചു ത്രേസ്യേ. നല്ല പണിക്കാർക്കു് നല്ല പണി പെട്ടെന്നു് മനസ്സിലാവും.”
കോഴി കഴുത്തു് വളച്ചു് ഒരു ശബ്ദമുണ്ടാക്കി. ജോസഫേട്ടൻ ശത്രുതയോടെ അതിനെ നോക്കി. “വേണ്ടെടീ.”
മരപ്പണി അവരുടെ, പ്രത്യേകിച്ചു് പ്ലേസ്കൂളിൽ വരുന്ന കുട്ടികളുടെ താളം തെറ്റിച്ചു. ആദ്യത്തെ രണ്ടുദിവസം അവർ പണിക്കാർ പണിയുന്നിടത്തു് വന്നുനിന്നു. അവർക്കതു് പുതുമയായിരുന്നു. മൂന്നാം ദിവസം തൊട്ടു് അവർക്കതു മടുത്തു. മാത്രമല്ല ചുറ്റിക കൊണ്ടുള്ള അടിയുടേയും, പലക അറുക്കുന്നതിന്റേയും ശബ്ദം അവരുടെ ഉച്ചയുറക്കത്തെ ബാധിച്ചു. ഒരു മൂന്നുമണിയാകുമ്പോഴേയ്ക്കു് അവരെല്ലാം വാശിക്കാരാകുകയും ചെയ്തു. ഇതു ശരിയാവില്ലെന്നു് ത്രേസ്യാമ്മക്കു തോന്നി. ബിസിനസ്സിനെ ബാധിക്കുന്ന കാര്യമാണു്. ഒരു നല്ല പ്ലേസ്കൂളെന്ന പേരുണ്ടാക്കിക്കൊണ്ടുവരികയാണു്. അതിനിടക്കു് അസംതൃപ്തരായ കസ്റ്റമേഴ്സ് എല്ലാ ഗുഡ്വില്ലും കളഞ്ഞു കുളിക്കും. നല്ല മൂഡിലല്ലെങ്കിൽ പിള്ളേരു് വീട്ടിൽ പോയി ഇല്ലാത്തതൊക്കെയാണു് പറഞ്ഞുകൊടുക്കുക. “ആന്റി പിച്ചി”, “ആന്റി വഴക്കു പറഞ്ഞു” എന്നോക്കെ പറഞ്ഞുകളയും.
“നമുക്കൊരു കാര്യം ചെയ്യാം കൊച്ചു ത്രേസ്യേ.” ജോസഫേട്ടൻ പറഞ്ഞു. “ഒരു അലമാറി ഏതായാലും ഉണ്ടാക്കിയില്ലേ. ഇനി മറ്റേ അലമാറിയും ഡ്രെസ്സിങ്ങ്ടേബ്ളും അവരു് വീട്ടീന്നു് ഉണ്ടാക്കിക്കൊണ്ടുവരട്ടെ.”
കാര്യം തരക്കേടില്ലെന്നു് ത്രേസ്യാമ്മക്കും തോന്നി. ഒരളമാറിയുണ്ടാക്കിയ സ്ഥിതിക്കു് രണ്ടാമതു് അതേപോലെ ഒരെണ്ണം ഉണ്ടാക്കാൻ വലിയ പ്രയാസമൊന്നുമില്ല. അളവിന്റെ കാര്യത്തിൽ വല്ല സംശയവുമുണ്ടെങ്കിൽ ഒന്നിത്രേടം വരുകയല്ലെ വേണ്ടു. പള്ളുരുത്തിയിൽ നിന്നു് ഇവിടെ വരാൻ എത്ര ദൂരമുണ്ടു്.
“അയാള്ടെ അഡ്രസ്സ് തന്നിട്ടുണ്ടോ?”
ജോസഫേട്ടൻ പോക്കറ്റിൽനിന്നു് ഒരു തുണ്ടു കടലാസു് പുറത്തെടുത്തു വായിച്ചു.
“മാഞ്ചുവട്ടിൽ ജോസ് വർഗീസ്, s. d. p. y.-ക്കു സമീപം. പള്ളുരുത്തി.”
“ഇങ്ങനെ ഒരഡ്രസ്സൊക്കെ മത്യോ? കണ്ട മാഞ്ചോട്ടിലൊക്കെ പോയാൽ ഇയ്യാളെ കാണാൻ പറ്റ്വോ?”
“മാഞ്ചോട്ടിൽന്നതു് ഇയ്യാക്കടെ വീട്ടുപേരാണു്. പിന്നെ മരപ്പണിക്കാരേം രാഷ്ട്രീയക്കാരേം എല്ലാരും അറിയും. എല്ലാരും തെരക്കിപോണ കൂട്ടരല്ലെ.”
ജോസ് പക്ഷേ, വലിയ താല്പര്യം കാണിച്ചില്ല.
“വീട്ടിലിരുന്നാലു് പണിയൊന്നും നടക്കില്ല.” ജോസ് പറഞ്ഞു. “ഒന്നാമതായി പെമ്പ്രന്നോരു് സൈ്വരം തരില്ല. പിന്നെ ആരെങ്കിലും ജോലിയെന്നു പറഞ്ഞു വരീം ചെയ്യും.”
കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോൾ അവസാനം ജോസ് സമ്മതിച്ചു. അയാൾ തന്റെ അസിസ്റ്റന്റിനെയും വിളിച്ചു തല ചൊറിഞ്ഞുകൊണ്ടു് സംസാരിച്ചു. ഒരു കുറിയ പെൻസിൽ ഉളികൊണ്ടു് മൂർച്ച കൂട്ടി പോക്കറ്റിൽനിന്നെടുത്ത അഴുക്കുപിടിച്ച കടലാസിൽ കണക്കുകൂട്ടാൻ തുടങ്ങി. ഇടക്കിടക്കു് ടേപ്പുമായി അകത്തേക്കു കയറി ചുമരിന്റേയും മറ്റും കണക്കെടുക്കും. മൂന്നുമണിക്കു തുടങ്ങിയ അഭ്യാസം നാലരയായപ്പോഴും തുടരുകതന്നെയായിരുന്നു. ജോസിന്റെ മാന്ത്രികവേലകളിൽ മയങ്ങിനിൽക്കുന്ന ത്രേസ്യാമ്മയെ ജോസഫേട്ടൻ വിളിച്ചു സ്വകാര്യമായി പറഞ്ഞു.
“കൊച്ചുത്രേസ്യേ, അവരു് ഇപ്പോ ചെയ്യണ പണിണ്ടല്ലോ, ഈ അളവെടുക്കലു്.”
“അതേ…”
“അതു് നമ്മടെ സമയത്താ ചെയ്യണതു്. നമ്മള് ദെവസക്കൂലി കൊടുക്കണതു് പണിയെടുക്കാനാ, അല്ലാതെ ടേപ്പെടുത്തു് അളന്നു് സമയം കളയാനല്ല. വീട്ടീക്കൊണ്ടോയി ചെയ്യണ കാര്യം നീ ഇപ്പോ പറയേണ്ടീര്ന്നില്ല.”
“പോഴത്തായി.” ആത്മസാക്ഷാത്ക്കാരം ത്രേസ്യാമ്മക്കു് എന്നും വൈകിയേ ഉണ്ടാകാറുള്ളു. ഉണ്ടാക്കിത്തുടങ്ങിയ അലമാറിയുടെ പണിതന്നെ മുഴുവനായിട്ടില്ല. എട്ടുദിവസമായി, ഇനി ശരിക്കു പറഞ്ഞാൽ രണ്ടു മണിക്കൂർ നേരത്തെ പണിയും കൂടിയേയുള്ളു. ആ രണ്ടുമണിക്കൂറാണു് ഇപ്പോൾ അളവെടുത്തു് നശിപ്പിച്ചതു്. ഇനി അതിന്നായി ഒരു ദിവസത്തെ കൂലി കൊടുക്കേണ്ടിവരും. പിന്നെയാണു് ഓർത്തതു്, ജോസ് നല്ല സംസാരപ്രിയനാണു്. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ മതി, അയാളുടനെ ഉളി നിലത്തുവയ്ക്കും, പിന്നെ ഒരു മണിക്കൂർ സംസാരമാണു്. തന്റെ അത്രതന്നെ വിരളമല്ലാത്ത സംശയങ്ങളുടെ നിവാരണങ്ങൾക്കായി മോശമല്ലാത്തൊരു വില കൊടുത്തിരുന്നുവെന്നു് ത്രേസ്യാമ്മക്കു് മനസ്സിലായി. “കർത്താവേ, അച്ചായൻ അതെങ്ങാനുമറിഞ്ഞാൽ!”
മരവും മൈക്കയും മറ്റും വാങ്ങാൻ രണ്ടായിരം രൂപ അച്ചാരവും കൊടുത്തു് മരപ്പണിക്കാരെ പറഞ്ഞയച്ചു. അവരുടെ അഭാവം കുട്ടികൾ ഉച്ചക്കാണു് മനസ്സിലാക്കിയതു്. ഉച്ചഭക്ഷണം കഴിഞ്ഞു് ഉറക്കാൻ കിടത്തിയ കുട്ടികൾ ഉറക്കും വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കിടത്തിയാൽ ഉടനെ ഉറങ്ങാറുള്ളതാണു് ശൈലജയുടെ മോൾ. അവൾകൂടി ഉറങ്ങാതെ കിടന്നു, മൂത്തവർ എഴുന്നേൽക്കുന്നതു കണ്ടു് എഴുന്നേറ്റിരുന്നു.
“എന്താ പിള്ളേരെ ഉറങ്ങാത്തതു?” ത്രേസ്യാമ്മ ചോദിച്ചു.
അവർ ഒന്നും പറയാതെ നടക്കാൻ തുടങ്ങി, ഉമ്മറത്തിന്റെ ചാരിയ വാതിൽ തുറന്നു് ഓരോരുത്തരായി മുറ്റത്തേയ്ക്കു് മാർച്ച് ചെയ്തു. മരപ്പണിക്കാർ തലേന്നുവരെ ജോലി ചെയ്തസ്ഥലത്തെത്തി അവർ നിന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. അവർ ചോദ്യഭാവത്തോടെ ത്രേസ്യാമ്മയെ നോക്കി. അവർ ഭയത്തോടെ ആ യാഥാർത്ഥ്യം മനസ്സിലാക്കി. പിള്ളേരു് ഇനി ഉറങ്ങണമെങ്കിൽ മരപ്പണിക്കാരുടെ ബഹളം കേൾക്കണം! ചുറ്റികയുടെയും അറക്കവാളിന്റെയും ശബ്ദം അവർക്കു് ശീലമായിരിക്കുന്നു.
ജോസഫേട്ടന്റെ അമ്മയെ പ്രഷർ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജോസഫേട്ടൻ പകുതി സമയവും ആശുപത്രിയിൽ കഴിച്ചുകൂട്ടി. അതിനോടു് എതിർപ്പുണ്ടായിരുന്നു ത്രേസ്യാമ്മയ്ക്കു്. ഇടയ്ക്കു് വീട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കാം. അമ്മച്ചിതന്നെ പറയും.
“ജോസേ നീ ഇവിടെ നിക്ക്വാണെങ്കിലു് എന്റെ പ്ലഷറ് മാറുകേല കേട്ടോ.”
ജോസഫേട്ടൻ പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കും. ഓർമ്മിക്കാൻ സുഖമുള്ള കാര്യങ്ങളായിരിക്കണമെന്നില്ല അവ. എന്നിട്ടു് ചോദിക്കുകയും ചെയ്യും. “അമ്മച്ചിക്കു് ഓർമ്മണ്ടോ?” അതോടെ അവരുടെ രക്തസമ്മർദ്ദം കൂടുകയും ചെയ്യും.
ആശുപത്രിക്കും വീട്ടിനുമിടയിലുള്ള ജീവിതത്തിനുള്ളിൽ മരപ്പണിക്കാരുടെ കാര്യം തീരെ വിട്ടുപോയി. ഇടക്കു് ഓർമ്മ വരുമ്പോൾ വിചാരിക്കും, മരപ്പണിയല്ലെ, സമയമെടുക്കും. ആവുമ്പോൾ കൊണ്ടുവന്നുതരും. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായതവർ അറിഞ്ഞില്ല. ഒരു ദിവസം കലണ്ടറെടുത്തുനോക്കുമ്പോഴാണു് മനസ്സിലാവുന്നതു് മരപ്പണിക്കാർ അച്ചാരവും വാങ്ങിപ്പോയിട്ടു് മാസം രണ്ടായെന്നു്.
“അവരു് നമ്മളെ വച്ചു പോയതായിരിക്ക്യോ?” ത്രേസ്യാമ്മ സംശയം പറഞ്ഞു.
“ഏയ്, അങ്ങനൊന്നും ചെയ്യില്ല,” ജോസഫേട്ടൻ പറഞ്ഞു. “ആയാക്കു് വേറെ എന്തെങ്കിലും പണി കിട്ടിയിട്ടുണ്ടാവും.”
“എന്നാലും അയാൾക്കു് ഒന്നിവിടംവരെ വന്നു് പറയരുതോ.”
അതു ശരിയാണെന്നു് ജോസഫേട്ടനു് തോന്നിയിരുന്നു. അങ്ങിനെയാണു് കത്തുകളുടെ പ്രവാഹം തുടങ്ങിയതു്. ഒരു വഴിക്കുമാത്രം. മറുപടിയൊന്നുമില്ല. ആദ്യത്തെ കത്തിലെ മൃദുവായ സ്വരം പിന്നീടുള്ള കത്തുകളിൽ ക്രമേണ പരുഷമായി. അവസാനത്തെ കത്തു് തികച്ചും ഭീഷണമായിരുന്നു. അച്ചാരമായി തന്ന രണ്ടായിരം രൂപ മൂന്നു മാസത്തെ ഇരുപതു ശതമാനം തോതിൽ പലിശയായിവന്ന നൂറ്റയ്മ്പതുരൂപയടക്കം റൊക്കം രണ്ടായിരത്തി ഒരുനൂറ്റയ്മ്പതു രൂപ ഇന്നേയ്ക്കു് പത്തു ദിവസത്തിന്നുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ നിങ്ങൾക്കെതിരായി വഞ്ചനാക്കേസെടുക്കുമെന്നു് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. എന്നു് വിധേയൻ ജോസഫ് കെ. വഞ്ചിക്കാടൻ. താഴെ ഒരു പി. എസ്. കൂടി എഴുതിച്ചേർക്കാൻ അദ്ദേഹം മറന്നില്ല. “കേസ് കൊടുത്താൽ പോലീസുവന്നു് നിങ്ങളെ തല്ലിച്ചതച്ചാൽ അതിനു് ഞാൻ ഉത്തരവാദിയല്ലെന്നുകൂടി പറഞ്ഞുകൊള്ളുന്നു.”
കത്തു് ത്രേസ്യാമ്മയ്ക്കു് വായിച്ചുകേൾപ്പിച്ചു. ഓരോ വാചകം കഴിയുമ്പോഴും അവർ ശരിയെന്ന മട്ടിൽ തലയാട്ടി. അവസാനം പി. എസ്. വായിച്ചുകേട്ടപ്പോൾ അവർ ചോദിച്ചു.
“കേസു കൊടുത്താലു് പോലീസൊക്കെ വന്നു് തല്ലിച്ചതക്കുമോ?”
“ഏയ്, ഒന്നു വെരട്ടാൻവേണ്ടി എഴുതിയതല്ലെ.”
“തീർച്ചയല്ലേ?”
ഈ കത്തിന്നും മറുപടി കിട്ടിയില്ലെങ്കിൽ കേസുകൊടുക്കണമെന്നു് അദ്ദേഹം തീർച്ചയാക്കി.
“അയാൾ വല്ല ഗൾഫിലും പോയിട്ട്ണ്ടെങ്കിൽ അയാക്കടെ ഫാര്യയില്ലെ, ആ പെമ്പ്രന്നോർക്കു് ഒരു കാർഡ് എഴുതിയിടായിര്ന്നില്ലെ?”
ജോസഫേട്ടന്റെ ചോദ്യം ന്യായമായിരുന്നു. അതുകൊണ്ടു് കത്തയച്ചതിന്റെ എട്ടാംദിവസം രാവിലെ പ്രാതൽ കഴിഞ്ഞു് അലക്കിത്തേച്ച മുണ്ടും ഷർട്ടും ധരിച്ചു്, “കൊച്ചുത്രേസ്യേ, ഞാൻ വക്കിലിന്റോടെ പോയേച്ചു വരാം” എന്നു പറഞ്ഞു് ഇറങ്ങിയപ്പോൾ, അവർ ഒന്നും പറയാനാവാതെ നിന്നു. പോലീസുകാർ ജീപ്പിൽ വന്നു് ചാടിയിറങ്ങുന്നതും പുരയ്ക്കകത്തു് ഒളിച്ചിരിക്കുന്ന മെലിഞ്ഞ മനുഷ്യനെ പുറത്തെടുത്തു് ഇടിക്കുന്നതും തൂക്കി ജീപ്പിലേക്കെറിയുന്നതും ഒരു ടിവി സ്ക്രീനിലെന്നപോലെ കണ്ടപ്പോൾ അവർ കർത്താവിനെ വിളിച്ചു.
“കർത്താവേ, ഞാൻ ടിവി കാണുന്നതു് കുറച്ചു കൂടുതലാവുന്നുണ്ട്ന്നു് തോന്നുന്നു. പോലീസുകാരു് ഇങ്ങനെയാക്കെ ഇടിക്കുമോ?”
കുരിശിന്മേൽ തറയ്ക്കപ്പെട്ടു് ഷോകേസിനു മുകളിൽ നിലകൊണ്ട യേശു ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ ആ കിടപ്പു് അധികാരത്തിന്റെ ദാർഷ്ട്യത്തിന്നു് ഏതുവരെ പോകാമെന്നതിന്റെ മൂകസാക്ഷിപത്രമായിരുന്നു. ത്രേസ്യാമ്മയ്ക്കു് പെട്ടെന്നു് ഭയമായി. ഇനി അഥവാ ജോസ് വീട്ടിലില്ലെങ്കിലോ? പാവം പെമ്പ്രന്നോരെ അവർ എന്തെങ്കിലും ചെയ്യുമോ? ത്രേസ്യാമ്മ ഉമ്മറത്തേക്കോടി. ഭാഗ്യത്തിനു് ജോസഫേട്ടൻ പടിക്കൽതന്നെയുണ്ടായിരുന്നു. എട്ടുപത്തു വയസ്സു പ്രായമുള്ള ഒരു മെലിഞ്ഞുണങ്ങിയ ചെറുക്കനുമായി സംസാരിച്ചു നില്ക്കുകയായിരുന്നു അദ്ദേഹം.
“ചെക്കാ, നിന്റെ മൊഖത്തു് എന്തോ കള്ളത്തരംണ്ടല്ലോടാ.”
എന്തോ പ്രശ്നമായിരിക്കയാണു്. ത്രേസ്യാമ്മ മനസ്സിൽ കരുതി. സ്വന്തം ക്ഷമയെപ്പറ്റി ജോസഫേട്ടനുള്ള അഭിപ്രായമായിരുന്നില്ല ത്രേസ്യാമ്മക്കു്. അവർ ചോദിച്ചു.
“എന്താടാ മോനെ നെന്റെ പേരു്?”
“പീറ്റർ.” അവൻ ഭയത്തോടെ പറഞ്ഞു.
“നിനക്കെന്നാ വേണം?”
കുറച്ചു ധൈര്യം കിട്ടിയപ്പോൾ അവൻ പറഞ്ഞു. “എനക്കു് ജോസഫ് മൊതലാളീനെ കാണണം.”
അപ്പോൾ അതാണു് സംഗതി. അവൻ തന്നെ കാണാൻ വന്നിരിക്കയാണു്. മുതലാളി എന്ന മാന്ത്രികപദം അദ്ദേഹത്തിന്റെ വീക്നസ്സായിരുന്നു. അദ്ദേഹം ചോദിച്ചു. “നീയെവിടുന്നാ വരണേ?”
“പള്ളുരുത്തീന്നാ.”
“പള്ളുരുത്തീന്നോ?” ചോദിച്ചതു് ത്രേസ്യാമ്മയായിരുന്നു.
“അതെ, ഞാൻ മരപ്പണിക്കാരൻ ജോസിന്റെ മകനാ.”
“അപ്പനെവിടെ?” ജോസഫേട്ടൻ ചോദിച്ചു. “രണ്ടായിരം രൂപേംകൊണ്ടു് പോയതാ.”
അവന്റെ ഭയന്ന മുഖം കൂടുതൽ ഇരുണ്ടു. ചുണ്ടുകൾ വിറക്കാൻ തുടങ്ങി. കണ്ണിൽ ഊറിവന്നജലം കീറിയ ഷർട്ടിന്റെ കയ്യിൽ തുടച്ചുകൊണ്ടു് അവൻ ട്രൗസറിന്റെ പോക്കറ്റിനു മീതെ തിരുപ്പിടിക്കാൻ തുടങ്ങി. പെട്ടെന്നു് അവനെ ഭയം ഗ്രസിച്ചു. അവൻ കരഞ്ഞുകൊണ്ടു് പറയാൻ തുടങ്ങി.
“മൊതലാളീ, അമ്മച്ചീനെ പോലീസിനെക്കൊണ്ടു് പിടിപ്പിക്കല്ലെ. പണം കൊണ്ടന്ന്ട്ട്ണ്ടു്.”
“അമ്മച്ചീനെ പോലീസിനെക്കൊണ്ടു് പിടിപ്പിക്ക്യേ? നെന്റെ അപ്പനെവിടെ?”
“അപ്പൻ ചത്തൂ.” അവന്റെ കരച്ചിൽ ഉറക്കെയായി. ട്രൗസറിന്റെ പോക്കറ്റിനുമേൽ കുത്തിയ പിൻ അഴിക്കാൻ ശ്രമിക്കയായിരുന്ന ആ മെലിഞ്ഞിരുണ്ട കുട്ടിയെ നോക്കിനിന്നപ്പോൾ ത്രേസ്യാമ്മക്കു് വിഷമമായി. അവർ അവന്റെ അടുത്തുചെന്നു് അവന്റെ തോളിൽ കയ്യിട്ടു.
“നീ കരയാതെ മോനെ. അപ്പൻ എങ്ങനാ മരിച്ചതു?”
“അപ്പൻ ആശുപത്രീന്നാ മരിച്ചതു്.”
“നിയെന്തിനാ പോക്കറ്റിലു് പിന്നു് കുത്തിയിരിക്കണതു?”
“അതു് അമ്മച്ചി കുത്തിത്തന്നതാ, പണം പോവാണ്ടിരിക്കാൻ.”
ത്രേസ്യാമ്മ കുമ്പിട്ടിരുന്നു് ആ പിൻ അഴിച്ചു. അവൻ പോക്കറ്റിൽനിന്നു് ഒരു കടലാസുപൊതിയെടുത്തു ത്രേസ്യാമ്മക്കു കൊടുത്തു. “ആയിരം രൂപണ്ടു്, ബാക്കി ആയിരം രൂപേം പലിശേം കൊറച്ചു് ദെവസത്തിനുള്ളിലു് തരാന്നു് പറഞ്ഞു അമ്മച്ചി. കേസ് കൊടുക്കല്ലെ മൊതലാളീ.”
ജോസഫേട്ടൻ കടലാസുപൊതി തുറന്നു. നൂറിന്റെ പത്തു നോട്ടുകൾ.
“എങ്ങനാ ഇത്രേം രൂപണ്ടാക്കീതു?” ജോസഫട്ടൻ ചോദിച്ചു.
“അമ്മച്ചീടെ ചെയിൻ ബാങ്കിലു് കൊടുത്തു് കിട്ടീതാ.”
ത്രേസ്യാമ്മ ഒന്നും പറയാനാവാതെ നിന്നു. കെട്ടുതാലി ബാങ്കിൽ പണയം വച്ചു് കിട്ടിയ പണം മകന്റെ പോക്കറ്റിലിട്ടു്, അതു നഷ്ടപ്പെടാതിരിക്കാൻ ഒരു പിന്നും കുത്തിക്കൊടുത്തു് വലിയവരുടെ ദയയും പ്രതീക്ഷിച്ചു് മകനെ പറഞ്ഞയക്കുന്ന മെലിഞ്ഞുണങ്ങിയ ഒരമ്മയെ അവർ മനസ്സിൽ കണ്ടു. ജോസഫേട്ടൻ വക്കീലിനെ കാണാൻ പോകുന്നതിനുമുമ്പുതന്നെ അവനെ എത്തിച്ച കർത്താവിനു് അവർ നന്ദി പറഞ്ഞു. തലനാരിഴയുടെ ഇടകൊണ്ടു് ഒരു മഹാപാപത്തിൽനിന്നു് ദൈവം തന്നെയും കുടുംബത്തേയും രക്ഷിച്ചിരിക്കുന്നു.
“നീ എങ്ങിനെയാണു് വന്നതു?” ജോസഫേട്ടൻ ചോദിച്ചു.
“ഞാന്നടന്നിട്ടാ വന്നതു്.”
എട്ടു കിലോമീറ്റർ ദൂരം! എന്താണു് ബസ്സുപിടിച്ചു വരാഞ്ഞതെന്ന ചോദ്യത്തിനു് പ്രസക്തിയില്ല. ജോസഫേട്ടൻ വല്ലാതായി. ഇങ്ങനെയൊക്കെയാണു് കാര്യങ്ങളുടെ കിടപ്പു് എന്നു് അറിഞ്ഞിരുന്നുവെങ്കിൽ?
വയറു നിറച്ചു് ഭക്ഷണം കൊടുത്തു് അവൻ കൊണ്ടുവന്ന പണം പൊതിഞ്ഞു് പോക്കറ്റിലിട്ടു് പിന്നുകുത്തിക്കൊടുത്തു് ഷർട്ടിന്റെ പോക്കറ്റിൽ അമ്പതുരൂപയും ബസ്സുകൂലിക്കുള്ള ചില്ലറയും ഇട്ടു് ആ പത്തുവയസ്സുകാരനെ പറഞ്ഞയച്ചശേഷം ത്രേസ്യാമ്മ അകത്തു് കർത്താവിന്റെ രൂപത്തിനുമുമ്പിൽ പോയി മുട്ടുകുത്തിനിന്നു. കണ്ണീർ ധാരയായി ഒഴുകി.
ഒരു കുഞ്ഞിക്കൈയ്യിന്റെ സ്പർശമനുഭവപ്പെട്ടപ്പോഴാണു് അവർ ഉണർന്നതു്. ശൈലജയുടെ മോൾ മുട്ടുകുത്തി വന്നിരിക്കുന്നു. അവൾ അമ്മച്ചിയെ കാണാതെ അന്വേഷിച്ചുവന്നിരിക്കയാണു്.
“അമ്മച്ചീടെ മോള് വന്നല്ലോ” അവർ മോളെ വാരിയെടുത്തു.
മുന്തിരിക്കാരന്റെ വരവു് കോളനിവാസികൾക്കു് ഒരുത്സവമായതിൽ അദ്ഭുതപ്പെടാനില്ല. മുട്ടക്കാരി ഉമ്മയുടെ ആഴ്ചയിലൊരിക്കലുള്ള സന്ദർശനം മാത്രമാണു് ആ കോളനിയെ വഴിപോക്കവാണിഭലോകവുമായി ബന്ധപ്പെടുത്തുന്നതു്. പിന്നെ വല്ലപ്പോഴും ചുറ്റുവട്ടത്തു് താമസിക്കുന്നവർ പറമ്പിലെ കപ്പ കിളച്ചാലോ, ഞാലിപ്പൂവൻ കുല പഴുത്താലോ, വിൽക്കാനായി അതുമേറ്റി അധികം ദൂരം നടക്കേണ്ടല്ലോ എന്നു കരുതി തലച്ചുമടുമായി കോളനിയിലേയ്ക്കു കടക്കും. രണ്ടു മണിക്കൂർ കോളനി മുഴുവൻ ചുറ്റിയാൽ തലച്ചുമടു കുറഞ്ഞു കിട്ടുമെന്നല്ലാതെ കീശയുടെ കനം കാര്യമായി കൂടില്ല. പിശകലിന്റെ ശക്തി കാരണം തിരിച്ചുള്ള യാത്ര ഏകദേശം ഓട്ടത്തിന്റെ അടുത്തെത്തുകയും ചെയ്യും. ഇനി വീട്ടിലൊരു കുല കായയുണ്ടായാൽ അതു് കിളികൾ തിന്നുപോയാലും വേണ്ടില്ല, ഈ കോളനിയിലേയ്ക്കു് വില്ക്കാൻ കൊണ്ടുവരില്ലെന്നു് അന്തോണിയോസ് പുണ്യാളനേയോ, കൊടുങ്ങല്ലൂരമ്മയേയോ പിടിച്ചു് ആണയിടുകയും ചെയ്യും.
മുന്തിരിക്കാരന്റെ സാഹസികത ഈ പശ്ചാത്തലത്തിലാണു് കാണേണ്ടതു്. അയാൾ നാലു ചക്രമുള്ള ഒരു പുത്തൻ വണ്ടിയുന്തിക്കൊണ്ടാണു് വന്നതു്. മഞ്ഞച്ചായമടിച്ച വണ്ടിയുടെ മേൽ പച്ച മുന്തിരിക്കുലകളുടെ ചിത്രം വരച്ചിരുന്നു. മാർക്കറ്റിൽ അന്നന്നു കിട്ടുന്നതിൽവച്ചു് വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ വാങ്ങി വിറ്റു് അമിതലാഭമെടുക്കുന്ന അലവലാതി കച്ചോടക്കാരനല്ല, ഒരു പ്രൊഫഷണൽ തന്നെയാണു് അയാളെന്നു് വ്യക്തം. ചെറുപ്പക്കാരൻ, ഏറിയാൽ മുപ്പതു് മുപ്പത്തിരണ്ടു് വയസ്സു കാണും. പാന്റും ഷർട്ടുമാണു് വേഷം. തലയിൽ ഉറുമാലുകൊണ്ടു് ഒരു കെട്ടുണ്ടു്. അയാളുടെ വണ്ടിയിൽ ഘടിപ്പിച്ച മണിയുടെ നാദമാണു് എല്ലാവരേയും ആകർഷിച്ചതു്. ഒരുപറ്റം കാളകൾ വഴിയിലൂടെ നടന്നുപോവുകയാണെന്നു കരുതിയിരുന്നവരെ അദ്ഭുതപ്പെടുത്തിക്കൊണ്ടു് കച്ചവടക്കാരെന്റ ശബ്ദം കേട്ടു. ‘നല്ല മുന്തിരി, കുരുവില്ലാത്ത പച്ച മുന്തിരി…’ മുമ്പു് വണ്ടിക്കച്ചവടക്കാർ വന്നിരുന്ന കാലത്തു് അവരുടെ മണിയൊച്ച കോളനിവാസികൾക്കു് ഒരു ഭീഷണിയായിരുന്നു. ഐസ്ക്രീം കൊണ്ടു വന്നിരുന്നവൻ ഒരു ഇരുമ്പുദണ്ഡ് എടുത്തു് സൈക്കിളിന്റെ തണ്ടിന്മേൽ അടിക്കകയായിരുന്നു പതിവു്. വല്ലാത്തൊരു ശബ്ദം! ഉച്ചയുറക്കത്തിൽനിന്നു് ഞെട്ടിയുണർന്നവർ അയാളെ പിരാകി. അവസാനം അയാളുടെ കയ്യിൽനിന്നു് ഒന്നും വാങ്ങരുതെന്നു് കോളനിവാസികൾ തീർച്ചയാക്കി. മാത്രമല്ല ഇനി ഇത്തരത്തിൽ ശബ്ദമുണ്ടാക്കിയാൽ ആ ഇരുമ്പുദണ്ഡ് അയാളുടെ തലയിൽ പ്രയോഗിക്കുമെന്നും അറിയിച്ചു. ആ പരീക്ഷണത്തിൽ താല്പര്യമില്ലാതിരുന്നതുകൊണ്ടോ കൂടുതൽ പച്ചപ്പുള്ളിടത്തേയ്ക്കു പോകാമെന്നു തീരുമാനിച്ചതുകൊണ്ടോ ഐസ്ക്രീംകാരൻ സ്ഥലം വിട്ടു. കോളനിയിൽ ഉപഭോക്തപ്രതിരോധ പ്രസ്ഥാനത്തിന്റെ വിത്തുകൾ പാകിയതു് അന്നായിരുന്നു.
ശ്രുതിമധുരമായ ഈ മണിയടി, കച്ചവടക്കാരനെ കോളനിവാസികൾ പെട്ടെന്നു് അംഗീകരിക്കാൻ സഹായിച്ചു. വണ്ടിക്കു മാത്രമായിരുന്നില്ല, അയാളുടെ വാക്കുകളിലുമുണ്ടായിരുന്നു മണിയടി. ആൾക്കാർ അയാളുടെ സംസാരത്തിൽ മയങ്ങിനിന്നുപോയി. കുട്ടികളുടെ ബഹളം കേട്ടപ്പോഴാണു് ത്രേസ്യാമ്മ നോക്കിയതു്. വണ്ടിക്കാരൻ ഗേയ്റ്റിനു മുമ്പിൽത്തന്നെ വണ്ടി നിർത്തിയിരിക്കയാണു്. ഗേയ്റ്റിനു പിന്നിൽ കച്ചവടച്ചരക്കു് നോക്കി ആസ്വദിച്ചുകൊണ്ടു് അര ഡസൻ പിള്ളേരും. അയാളാകട്ടെ ഒരു കുലമുന്തിരിങ്ങയിൽനിന്നു് കുറച്ചെണ്ണം എടുത്തു് തുടച്ചു് ഗേയ്റ്റിന്നുള്ളിലൂടെ നീട്ടുന്ന കുഞ്ഞികൈകളിൽ ഒരോന്നു വച്ചുകൊടുത്തു. ത്രേസ്യാമ്മ വന്നപ്പോൾ എല്ലാവരും കോറസ്സായി പറഞ്ഞു. “ഞങ്ങക്കു് മുന്തിരിങ്ങ വേണം.”
“എന്തടോ മുന്തിരിങ്ങ വെല?”
“വെലയൊന്നും നോക്കണ്ട ചേച്ചീ, ഒരു രണ്ടു കിലോ എടുക്കട്ടെ?”
“പുളിണ്ടോ?”
“ഇല്ല ചേച്ചി, വേണങ്കീ പുളീള്ളതു് നാളെ കൊണ്ടെത്തരാം.”
തനിക്കിനി പിടിച്ചു നില്ക്കാനാവില്ലെന്നു് ത്രേസ്യാമ്മയ്ക്കു മനസ്സിലായി. അവർ പറഞ്ഞു. “ഒരു കിലൊ എടുക്കു്, തൂക്കത്തിലൊന്നും കള്ളത്തരം കാണിക്കല്ലേ. പിന്നെ, ഇരുപതുരൂപയിലും ഒറ്റ പൈസ കൂടുതൽ തരില്ല.”
അയാൾ പുരാതനമായ ഒരു തുലാസു് എടുത്തു തട്ടുകൾ ശരിയാക്കി മുന്തിരിക്കുലകൾ എടുത്തു തൂക്കാൻ തുടങ്ങി.
“താൻ തമാശക്കാരനാണല്ലോ. ആട്ടെ വെല പറാ.”
“വെല കൊറവാ ചേച്ചീ, 400 ഗ്രാമിനു് പത്തുറുപ്പിക മാത്രം.”
വില പറച്ചിലാണു്? ഒരു കിലോവിനു് എന്തുവരുമെന്നാണു് അറിയേണ്ടതു്. ചോദിക്കാനൊട്ടു നിവൃത്തിയുമില്ല. അവർ പറഞ്ഞു.
“മാർക്കറ്റിലൊക്കെ വില കൊറവാണു്.”
“മാർക്കറ്റിലു് കുരുള്ള മുന്തിരിക്കു് ഇരുപത്തഞ്ചാണു് ചേച്ചി വില. ഞാൻ കുരുവില്ലാത്ത അസ്സലു് മധുരംള്ള മുന്തിരിയാണു് ഇരുപത്തഞ്ചിനു് തരുന്നതു്.” ബഹളം കൂട്ടുന്ന പിള്ളരെ നോക്കി അയാൾ തുടർന്നു. “പേരക്കിടാങ്ങൾക്കൊക്കെ വാങ്ങിക്കൊടുക്കു് ചേച്ചി.”
“ഈയ്യാക്കു് എന്തിന്റെ കേടാ. ഇതൊന്നും എന്റെ പേരക്കിടാങ്ങളല്ല.”
“അല്ലേ? പിന്നെവിടുന്നു് കിട്ടി കുറെ എണ്ണത്തിനെ?”
“തനിക്കു് വായിക്കാനറിയ്യ്വോ, ഒന്നു് മുകളിൽ നോക്കിയേ.”
മുകളിൽ വച്ച ബോർഡ് അയാൾ അപ്പോഴാണു് കാണുന്നതു്. “ഓ, പ്ലേസ്കൂളാണല്ലെ? അങ്ങനെയാണെങ്കിൽ ഇനിയും കുറെയെണ്ണം അകത്തും കാണുമല്ലൊ. ചേച്ചീ ഒരു നാലു കിലോ വാങ്ങ്.”
“എന്താടോ തന്റെ പേരു്?”
“നാസർ.”
“ഓ, കാക്കയാണല്ലെ? എവിടാ തന്റെ നാടു്?”
“ചാവക്കാട്ടാണു് ചേച്ചി.”
“ഇയ്യാള് പറക്ക്വോ, ആന്റീ?” സജി ചോദിച്ചു.
“പിന്നേ,” നാസർ പറഞ്ഞു. “ഞാൻ ചാവക്കാട്ട്ന്നു് പറന്നു് വര്വല്ലേ?”പണം കൊടുത്തു് പൊതിയുമായി പിള്ളേരുടെ അകമ്പടിയോടെ അകത്തു വന്നപ്പോൾ ത്രേസ്യാമ്മക്കു് സംശയമായി. തൂക്കുന്ന സമയത്തു് മുന്തിരിവെച്ച തട്ടു് വല്ലാതെ താഴ്‌ന്നു നിന്നതായി അവർ ശ്രദ്ധിച്ചിരുന്നു. അവരുടെ മതിപ്പിൽ ഒരു ഒന്നര കിലോവെങ്കിലും തൂക്കം കാണും. ഒരു കിലോവിന്റെ പണം വാങ്ങി ഒന്നര കിലോ തരാൻ മാത്രം പരോപകാരതല്പരനാണോ ഇയ്യാള്? പെട്ടെന്നാണു് അവർക്കു് ജോമോൻ ഗൾഫിൽനിന്നു് വന്നപ്പോൾ കൊണ്ടുവന്ന തുലാസിന്റെ കാര്യം ഓർമ്മ വന്നതു്. അവർ അകത്തുപോയി അലമാറിയിൽനിന്നു് ആ തുലാസു് എടുത്തുകൊണ്ടുവന്നു, പൊതി തട്ടിൽ വച്ചു. സത്യസന്ധമായ സൂചി 900 എന്നെഴുതിയതിന്നെതിരെ വന്നുനിന്നു.
“എന്റീശോയേ!” അവർ തലയിൽ കൈവച്ചു. “ഇയ്യാള് എനിക്കിട്ടു വെച്ചതാ.”
അവർ ഓടി ഗേയ്റ്റിന്നു പുറത്തേയ്ക്കു പോയി നോക്കി. വണ്ടിക്കാരൻ അടുത്ത വീട്ടിന്റെ ഗേയ്റ്റിൽ എത്തിയിട്ടേയുള്ളൂ. അവർ വിളിച്ചു. “ഏയ്, ഒന്നിങ്ങോട്ടു വന്നേ.”
“എന്താ ചേച്ചീ” അയാൾ വണ്ടി ഉന്തിക്കൊണ്ടു തിരിച്ചുവന്നു.
“താൻ ഇതൊന്നു് നോക്കു്.”
അയാൾ ഗേയ്റ്റുകടന്നു വന്നു് ത്രേസ്യാമ്മ ചൂണ്ടിക്കാട്ടിയ സ്ഥലത്തേയ്ക്കു നോക്കി. അവിടെ ചുവപ്പു നിറത്തിൽ ഒരു കൊച്ചു സുന്ദരി ഇരിക്കുന്നു, തലയിൽ താൻ നേരത്തെ പൊതിഞ്ഞുകൊടുത്ത പൊതിയുമായി.
“ഒരു കിലോ എന്നു പറഞ്ഞു് താനെനിക്കു് 900 ഗ്രാമാണു് തന്നതു്.”
അയാൾ ഒരു വിദഗ്ദനെപ്പോലെ തുലാസിന്റെ ഡയൽ പരിശോധിച്ചു. പെട്ടെന്നു് കാര്യം പിടികിട്ടിയെന്ന മട്ടിൽ അയാൾ നിവർന്നുനിന്നു.
“ഇതു് ഫോറിനാണല്ലെ ചേച്ചീ?”
“അതേ…?”
“അതാണു് കാര്യം. ഫോറിൻ ത്ലാസും നമ്മടെ ത്ലാസുമായി നൂറു ഗ്രാമിന്റെ വ്യത്യാസമുണ്ടു്. അതു് അവിട്ത്തെ കാലാവസ്ഥയും നമ്മടെ കാലാവസ്ഥയും തമ്മില്ള്ള വ്യത്യാസം കാരണാണു്. അവിട്യൊക്കെ നല്ല തണുപ്പല്ലെ. ഇതാ ഇതിൽത്തന്നെ എഴുതീട്ട്ണ്ടല്ലോ, ചേച്ചീ നോക്കു്.”
ത്രേസ്യാമ്മ നോക്കി. ഡയലിന്റെ മേൽ എന്തോ എഴുതിവച്ചിട്ടുണ്ടു്, അതിനുശേഷം 100 gms എന്നും. അപ്പോൾ അവൻ പറഞ്ഞതുതന്നെയായിരിക്കുമോ കാര്യം? 100 ഗ്രാമിന്റെ വ്യത്യാസമുണ്ടാകുമെന്നാണോ? അവരുടെ മനസ്സു വായിച്ചിട്ടെന്നപോലെ അയാൾ പറഞ്ഞു.
“അതുതന്നെയാണു് ചേച്ചീ.”
രാത്രി ഉറങ്ങാൻ നേരത്തു് അവർ മുട്ടുകുത്തി പ്രാർഥിച്ചു. “കർത്താവേ, അപ്പച്ചൻ എന്നെ മലയാളം മീഡിയം സ്കൂളിൽ പഠിപ്പിക്കുന്നതിനു പകരം ഇംഗ്ലീഷു മീഡിയത്തിൽ പഠിപ്പിച്ചിരുന്നെങ്കിൽ എനിക്കിന്നു് ഈ പോഴത്തം പറ്റില്ലായിരുന്നു. ഒരു കാര്യവുമില്ലാതെ ഞാൻ ആ സാധു മനുഷ്യനെ തെറ്റിദ്ധരിച്ചു…”
“എന്തു പറ്റീ കൊച്ചു ത്രേസ്യേ?”
“ഒന്നുമില്ല കർത്താവേ, അയാൾ…” ഇത്രയും പറഞ്ഞപ്പോഴാണു് അവർ കടക്കൺകോണിലൂടെ അച്ചായനെ കണ്ടതു്. ജോസഫേട്ടൻ കിടക്കയിൽ എഴുന്നേറ്റിരിക്കയാണു്. അപ്പോൾ “എന്തു പറ്റീ…” എന്നു് ചോദിച്ചതു് കർത്താവായിരുന്നില്ല. ജോസഫേട്ടൻ ഉറങ്ങിയെന്നാണു് വിചാരിച്ചിരുന്നതു്. ഒരു വികാരിയച്ചൻ കുമ്പസാരം ഏറ്റുവാങ്ങുന്നപോലെ ജോസഫേട്ടൻ ഭാര്യയിൽനിന്നു് എന്താണുണ്ടായതെന്നു് ചോദിച്ചറിഞ്ഞു. എല്ലാം കേട്ടപ്പോൾ അദ്ദേഹം ചിരിക്കാൻ തുടങ്ങി.
ഭർത്താവിന്റെ തലക്കിട്ടു് ഒന്നു് കൊടുക്കുവാനുള്ള ആഗ്രഹം അമർത്തിപ്പിടിച്ചു് അവർ ചോദിച്ചു. “നെങ്ങ എന്തിനാ ചിരിക്കണേ?”
“എന്റെ കൊച്ചുത്രേസ്യേ, ആ ചാവക്കാട്ടുകാരൻ നിനക്കിട്ടു പാരവെച്ചതാ.”
“എന്റീശോയേ!”
“നൂറു ഗ്രാം എന്നെഴുതിയതു് ഡയലീമ്മലത്തെ ഓരോ വരയെത്രയാന്നാ. എന്നുവച്ചാ ഒരുകിലോവിൽ പത്തു വരയുണ്ടാവും. ഓരോ വര കൂടുമ്പോഴും നൂറു ഗ്രാം കൂടും എന്നർഥം.”
എന്റെ കർത്താവേ, ആ ചാവക്കാട്ടുകാരൻ ഇങ്ങട്ടു വരട്ടെ നാളെ.
അതിനുശേഷം കർത്താവിനു് കാര്യമായി നന്ദി പറയാൻ ഒന്നും കാണാഞ്ഞു് ആ സാധ്വി കുരിശു വരച്ചു കിടന്നു.
പിറ്റേന്നു് രാവിലെ ത്രേസ്യാമ്മ ആദ്യം ചെയ്ത കാര്യം മുന്തിരിക്കാരന്റെ തൂക്കക്കുറവിനെപ്പറ്റി കോളനിവാസികളെ മുഴുവൻ അറിയിക്കലായിരുന്നു. കിലോവിൽ ഇരുന്നൂറു ഗ്രാം കുറവുണ്ടെന്നു് അവർ പറഞ്ഞു. മുന്തിരിക്കാരന്നു് നൂറു ഗ്രാം കുറക്കാമെങ്കിൽ തന്റേതായി ഒരു നൂറു ഗ്രാം കൂടി കുറക്കുന്നതിൽ തെറ്റൊന്നുമില്ലെന്നവർ കണക്കാക്കി. വാർത്ത കാട്ടുതീ പോലെ പടർന്നു പിടിച്ചു. ത്രേസ്യാമ്മ ഓരോ വീട്ടിലെത്തുന്നതിനു മുമ്പുതന്നെ വാർത്ത അവിടെ എത്തിയിരുന്നു. ഉപഭോക്തപ്രതിരോധത്തിന്റെ പാരമ്പര്യമുണ്ടായിരുന്നതുകൊണ്ടു് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഇനി മുതൽ അയാളുടെ പക്കൽനിന്നു് മുന്തിരി വാങ്ങരുതെന്നു് എല്ലാവരും തീർച്ചയാക്കി.
രാവിലെ നടന്ന കാര്യങ്ങളൊന്നുമറിയാതെ, തലേന്നത്തെ കച്ചവടത്തിന്റെ മധുരസ്മരണകളുമയവിറക്കി നാസർ വണ്ടിയുന്തി നടന്നു. നേരിയ മണികളുടെ നാദത്തിനു് പ്രതികരണമൊന്നും കാണാതായപ്പോൾ അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. “മുന്തിരി… നല്ല കുരുവില്ലാ മുന്തിരി.”
ഗേയ്റ്റുകൾ അടഞ്ഞുകിടന്നു. വാതിലുകൾ അടഞ്ഞുകിടന്നു. ഒരു ദിവസത്തെ പരിചയമുള്ള മുഖങ്ങൾ തികച്ചും അപരിചിതങ്ങളായി. കണ്ണുകൾ കണ്ണുകളുമായി ഇടയാതെ തെന്നിമാറി. ഒരു രാത്രികൊണ്ടു് ഈ ദേശക്കാർക്കു് എന്തുപറ്റിയെന്നറിയാതെ നാസർ വിഷമിച്ചു. കോളനി മുഴുവൻ വണ്ടിയുന്തി നടന്ന ശേഷം അയാൾ ഒരു സോഡ കുടിക്കാനായി നാരായണന്റെ പെട്ടിക്കടക്കു മുമ്പിൽ നിർത്തി. നാസറുടെ മുഖത്തെ അമ്പരപ്പു് കണ്ടിട്ടാവണം അയാൾ ചോദിച്ചു.
“എന്താ മാഷെ ഒന്നും ചെലവായില്ലെ?”
നാസർ തലയാട്ടി. അയാൾ തുടർന്നു. “ഇവിടെ ഇതൊന്നും പോവില്ല മാഷെ. വല്ല ചക്കയൊ മാങ്ങയൊ ഒക്കെയാണെങ്കി ചെലവാവും. മുന്തിരിയൊന്നും ഇവിടെ ആർക്കും ദഹിക്കൂല.”
നാരായണൻ കോളനിക്കാരനല്ലായിരുന്നു. അതൊന്നുമല്ല കാര്യമെന്നു് നാസർ ഊഹിച്ചു. ഏതായാലും വണ്ടി അവിടെവെച്ചു് കോളനിയിൽ ഒന്നു കറങ്ങാമെന്നു് അയാൾ തീർച്ചയാക്കി. തന്റെ നേവൽ ബ്ലോകേയ്ഡ് എങ്ങിനെ ഫലിക്കുന്നു എന്നറിയാൻ ത്രേസ്യാമ്മ പുറത്തിറങ്ങിയതും അതേ സമയത്തായിരുന്നു. രണ്ടുപേരും മുഖത്തോടുമുഖം നോക്കി. അയാൾ ചോദിച്ചു. “എന്താ ചേച്ചീ മുന്തിരി വേണ്ടേ?”
“താൻ എന്നെ പറ്റിച്ചു അല്ലെ?”
“എന്താ ചേച്ചീ അങ്ങനെ പറയണതു?”
തുടർന്നുണ്ടായ പത്തുമിനിറ്റ് ഡയലോഗിൽ, താൻ നാസറേയും, അതുപോലുള്ള മറ്റു വണ്ടിക്കച്ചവടക്കാരേയും എങ്ങിനെ കണക്കാക്കുന്നു എന്നതിനേപ്പറ്റി ഏകദേശമൊരു രൂപം കൊടുക്കാൻ ത്രേസ്യാമ്മ ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തുവെന്നു് നാസറുടെ മുഖഭാവം വ്യക്തമാക്കി. പോകുന്ന പോക്കിൽ ഇത്രയും കൂടി കൂട്ടിച്ചേർക്കാനും അവർ മറന്നില്ല.
“ഈ കോളനീന്നു് ഒരാളും ഇനി തന്റെ മുന്തിരി വാങ്ങുകേലാ കേട്ടോ.’
പകൽ ഇടക്കിടയ്ക്കു് ത്രേസ്യാമ്മ ജനലിലൂടെ നോക്കുമ്പോൾ നാസറുടെ വണ്ടി നാരായണന്റെ സി-ക്ലാസ് കടക്കടുത്തു് ഇട്ടിരിക്കുന്നതായും നാസർ അതിനടുത്തു് ഒരിക്കലും വന്നുചേരാനിടയില്ലാത്ത പതിവുകാർക്കായി കാത്തുനില്ക്കുന്നതായും കാണും. അവർ സംതൃപ്തയാകും. ഇടയ്ക്കു് വണ്ടി മാത്രമേ ഉണ്ടാവു, നാസർ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും.
ചില ദിവസങ്ങളിൽ ഉച്ചയ്ക്കു് പിള്ളേരെ ഉറക്കിക്കിടത്തിയാൽ പാറുകുട്ടിയെ ഏല്പ്പിച്ചു് പുറത്തിറങ്ങാറുണ്ടു് ത്രേസ്യാമ്മ. കോളനിയിലെ കുടുംബസന്ദർശനമാണു് ലക്ഷ്യം. ഭവാനിയുടെ വീട്ടിലാണു് ആദ്യം കയറിയതു്. രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്നു് മുന്തിരിക്കാരന്നെതിരെയുള്ള പ്രതിരോധത്തിന്റെ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കാൻ. രണ്ടാമതായി അവളുടെ അമ്മായിയമ്മയ്ക്കു് അസുഖമാണെന്നു് പറഞ്ഞിരുന്നു. ഒരു ചിന്നൻ പിടിച്ച തള്ളയാണതു്. ഇന്നു പറയുന്നതല്ല നാളെ പറയുക. മരുമകളുമായി എന്നും വഴക്കാണു്. ശരിക്കു പറഞ്ഞാൽ മരുമകളും ഒട്ടും മോശക്കാരിയല്ലെന്നു് ത്രേസ്യാമ്മക്കറിയാം.
ത്രേസ്യാമ്മ വാതിൽക്കലെത്തിയ ഉടനെ സോഫയിൽ ഇരുന്നിരുന്ന ഭവാനി അഴിച്ചുകൊണ്ടിരുന്ന ഒരു പൊതി ധൃതിയിൽ കെട്ടി അകത്തേയ്ക്കു പോയി. അതോടെ അവളുടെ മകൾ ശാഠ്യം പിടിക്കാനും തുടങ്ങി. ഭവാനി തിരിച്ചു വന്നപ്പോൾ ത്രേസ്യാമ്മ ചോദിച്ചു. “എന്തിനാ മോള് കരേണതു?”
“അതിനു് വേറെ പണിയൊന്നുമില്ല.”
“നിക്കു് മുന്തിഞ്ഞ മേണം.” ആ മൂന്നു വയസ്സുകാരി കണ്ണും തിരുമ്മിക്കരഞ്ഞുകൊണ്ടു് പറയുകയാണു്.
“ഇവിടെ മുന്തിരിങ്ങയൊന്നുമില്ല.”
ത്രേസ്യാമ്മയ്ക്കു വിഷമമായി. താനാണു് മുന്തിരി ഉപരോധം കൊണ്ടുവന്നതു്. അതു് ഒരു കൊച്ചുകുട്ടിയെ ഇത്തരത്തിൽ ബാധിക്കുമെന്നോർത്തില്ല. ഏതായാലും കോളനിക്കാരുടെ പൊതുഗുണത്തിന്നായി ഉപരോധം തുടരുകതന്നെ വേണം. അപ്പോഴാണു് കുഞ്ഞു് പറഞ്ഞതു്.
“മുന്തീഞ്ഞ പൊതീല്ണ്ടു്…”
“പൊതീലോ?” ത്രേസ്യാമ്മയാണു് ചോദിച്ചതു്.
“അതേ, അടുക്കളേലു് പൊതീല്ണ്ടു്.”
സംഗതി വളരെ വ്യക്തമായിരുന്നു. താൻ വന്നപ്പോൾ ഭവാനി ധൃതിയിൽ അകത്തേയ്ക്കു കൊണ്ടുപോയിവെച്ച പൊതിയിൽ മുന്തിരിങ്ങയായിരുന്നു.
“അപ്പോ നീ അയാക്കടെ കയ്യീന്നു് മുന്തിരിങ്ങ വാങ്ങിയോ ഭവാനീ?”
ഭവാനി ഒന്നും പറയാതെ നില്ക്കുകയാണു്. അകത്തുനിന്നു് തള്ളയുടെ ശബ്ദം കേൾക്കാനുണ്ടു്. “അയ്യാള് കൊണ്ടുവന്നു് കൊടുത്തതാ. ഓരോരുത്തരെ വിളിച്ചു കേറ്റും അശ്രീകരം. ശേഖരൻ ഇങ്ങട്ടു് വരട്ടെ…”
ത്രേസ്യാമ്മ പുറത്തിറങ്ങി. പിന്നിൽനിന്നു് ഒരടിയുടെ ശബ്ദവും തുടർന്നു് കുട്ടിയുടെ കരച്ചിലും ഉറക്കെ കേട്ടു. ഒരു വളവു് കടന്നാൽ പത്തുമുറി വീടുകളാണു്. നളിനിയുടെ വീട്ടിൽ പോകാൻവേണ്ടി തിരിഞ്ഞപ്പോഴാണു് കണ്ടതു്. നാസർ അവളുടെ ഗെയ്റ്റിന്നു മുമ്പിൽ പരുങ്ങുന്നു. ത്രേസ്യാമ്മയെ കണ്ടപ്പോൾ കയ്യിലുള്ള പൊതി മറച്ചുവെക്കാൻ അയാൾ ശ്രമിച്ചു. ത്രേസ്യാമ്മയുടെ സാന്നിദ്ധ്യം അറിയാതെ നളിനി വാതിൽ തുറന്നു് ഒരു നോട്ട് നീട്ടി, പൊതി വാങ്ങാനായി മറ്റെ കൈ നീട്ടി. അപ്പോഴാണു് അവൾ ത്രേസ്യാമ്മയെ കാണുന്നതു്. അവൾ ഒരു നിമിഷത്തേയ്ക്കു് വല്ലാതായി. അപ്പോൾ അതാണു് കാര്യം. നാസർ വീടായവീടൊക്കെ സന്ദർശിച്ചു് ഓർഡർ പിടിച്ചു് അതു കൊണ്ടുപോയിക്കൊടുക്കുകയായിരുന്നു. താൻ പ്രഖ്യാപിച്ച ഉപരോധമൊക്കെ കാറ്റിൽ പറപ്പിച്ചുകൊണ്ടു് കോളനിവാസികൾ ഒന്നടങ്കം മുന്തിരി വാങ്ങിത്തിന്നിരിക്കുന്നു! ത്രേസ്യാമ്മ കോളനിയിലെ ഓരോ വീടുകളിലായി കയറിയിറങ്ങി. ഓരോ വീടുകളിലും മുന്തിരിങ്ങ വാങ്ങിയിട്ടുണ്ടു്. അതു് ആ വീട്ടുകാരുടെ പെരുമാറ്റത്തിൽ നിന്നു്, കുട്ടികളുടെ സംസാരത്തിൽനിന്നു് ഒക്കെ അവർക്കു മനസ്സിലായി. താൻ തോറ്റുപോയെന്നു് അവർ ഖേദത്തോടെ മനസ്സിലാക്കി. നാസറുടെ വണ്ടി ദൂരെ കിടന്നിരുന്നു. രാവിലെ കൂമ്പാരമായി കിടന്നിരുന്ന മുന്തിരിക്കുലകളിൽ വളരെക്കുറച്ചു മാത്രമേ ഇനി ബാക്കിയുള്ളു. അയാൾ ഇന്നു് നല്ല കച്ചവടം നടത്തിയിട്ടുണ്ടെന്നർഥം. ഇടിഞ്ഞ മനസ്സുമായി ത്രേസ്യാമ്മ വീട്ടിലേയ്ക്കു തിരിച്ചു.
തളത്തിൽ ആരുമുണ്ടായിരുന്നില്ല. എവിടെപ്പോയി ജോസഫേട്ടൻ? എവിടെപ്പോയി പിള്ളേരു്? അവർ അടുക്കളയിൽ പോയി നോക്കി. പാറുകുട്ടിയേയും കാണാനില്ല. അടുക്കള മുറ്റത്തും ആരേയും കണ്ടില്ല എന്നു വന്നപ്പോൾ അവർക്കു് പരിഭ്രമമായി. പിള്ളേർക്കു് വല്ലതും പറ്റിയോ? ഒരു ശബ്ദവും കേൾക്കാനുമില്ല. അവർ ഓരോ മുറികളിലായി പോയിനോക്കി. പെട്ടെന്നു് ആരോ “ആന്റി”യെന്നു വിളിച്ചപോലെ തോന്നി. കിടപ്പറയിൽ നിന്നാണോ. അവിടെ ഒരിക്കൽ നോക്കിയതു തന്നെയാണു്, ആരേയും കണ്ടിരുന്നില്ല. അവർ വീണ്ടും പോയിനോക്കി. അപ്പോഴാണവർ കണ്ടതു്. കട്ടിലിന്റെ പിറകിൽ ഒരു നരച്ച തല, പിന്നെ കുറെ കുഞ്ഞിത്തലകൾ. ഇപ്പുറത്തു് പാറുകുട്ടിയുടെ ഇളിച്ചുകൊണ്ടുള്ള മോന്തയും.
“നിങ്ങ ഇവ്ടെ എന്തൂട്ടാ ചെയ്യണതു?”
“ഞങ്ങള് മുന്തിരിങ്ങ കട്ടുതിന്നുവാ.” ശാരദയുടെ മകൾ സുനിയാണു് പറഞ്ഞതു്. ത്രേസ്യാമ്മ കട്ടിൽചുറ്റി അടുത്തു ചെന്നു.
“എന്റീശോയേ!”
ശൈലജയുടെ മകൾ മിനിക്കുട്ടി ജോസഫേട്ടന്റെ മടിയിൽ രാജകീയമായി ഇരിക്കുന്നു. അദ്ദേഹം കുഞ്ഞിമോൾക്കു് മുന്തിരി തോലു കളഞ്ഞു് കൊടുക്കുകയാണു്. മുമ്പിൽ വന്ന രണ്ടു കീരിപ്പല്ലുകൊണ്ടു് മുന്തിരിങ്ങ കടിച്ചു തിന്നുന്ന ആ കൊച്ചു സുന്ദരിക്കു് അമ്മച്ചിയെ കണ്ട ഭാവമേയില്ല. മറ്റു കുട്ടികൾ മുമ്പിൽവച്ച സ്റ്റീൽ പാത്രത്തിൽനിന്നു് മുന്തിരിങ്ങ വാരിയെടുത്തു തിന്നുകയാണു്. മുഖത്തുനിറയെ മുന്തിരിച്ചാറ് ഒലിക്കുന്നു.
ത്രേസ്യാമ്മയുടെ പിണക്കം മാറ്റാൻ ജോസഫേട്ടനു് കുറച്ചധികം അദ്ധ്വാനിക്കേണ്ടി വന്നു. “കോളനിക്കാരെല്ലാം എന്നെ പറ്റിച്ചു. സാരമില്ല, പക്ഷേ, നിങ്ങളും…” എന്നാണു് അവർ പറയുന്നതു്.
“കൊച്ചു ത്രേസ്യേ, അവൻ എന്നോടു സംസാരിച്ചു. അവൻ പറയുന്നതുകൂടി നീ കേൾക്കു്. ഈ മുന്തിരിയൊക്കെ വരണതു് ഉത്തരേന്ത്യയീന്നാ. അവിട്ന്ന്ള്ള യാത്രക്കൂലീം ടാക്സും കൂലിക്കാരടെ ചാർജ്ജും ഒക്കെ കൂട്ടിയാൽ ഇവർക്കു വരും കിലോവിന്നു് പതിനഞ്ചു്, പതിനെട്ടു് രൂപ. ആ സാധനം കിലോവിന്നു് ഇരുപത്തഞ്ചായി കൊടുത്താ കിലോവിലു് അഞ്ചെട്ടുരൂപ തടയും. അങ്ങനെ പത്തിരുപതു് കിലോ വിറ്റാൽ എന്തു കിട്ടും. അതോണ്ടൊന്നും അയാള് പണക്കാരനാവില്ല. പിന്നെ കിലോവിനു് ഇരുപത്തഞ്ചൊന്നും ആരും കൊടുക്കില്ല. നീ കൊടുത്തോ? ഇല്ലല്ലോ. അപ്പൊപ്പിന്നെ ആയാളെന്താ ചെയ്യ്വാ? നൂറു ഗ്രാം തുക്കം കൊറച്ചാലും ആയാക്കു് ഇരുപത്തഞ്ചൊന്നും കിട്ടുകേല. സാധനങ്ങടെ വെലേലു് പെശങ്ങണതും, തൂക്കം കൊറക്കണമാതിരിത്തന്നെ ചീത്ത്യാണു് കൊച്ചു ത്രേസ്യേ. പലപ്പോഴും നമ്മള് അവരടെ വെല കൊറക്കുമ്പഴാണു് അവരു് തൂക്കോം കൊറക്കണതു്. അതു നീ മനസ്സിലാക്കു്.”
ഒരു പുതിയ ലോകം തുറന്നു കിട്ടിയ മാതിരി തോന്നി ത്രേസ്യാമ്മയ്ക്കു്. ജോസഫേട്ടൻ തുടർന്നു.
“അയാക്കടെ പെമ്പ്രന്നോരും നാലു മക്കളുംണ്ടു് നാട്ടിലു്. അയാള് നാലു കാശുണ്ടാക്കീട്ടു വേണം ആ പാവങ്ങൾക്കു് കഞ്ഞി കുടിക്കാൻ. പാവങ്ങള് എങ്ങനേങ്കിലും പെഴച്ചുപോട്ടെ കൊച്ചു ത്രേസ്യേ.”
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ത്രേസ്യാമ്മ പ്രാർഥിച്ചു.
“കർത്താവേ വല്ലാത്തൊരു ദെവസായി ഇന്നത്തെതു്. എന്തിനാണു് എന്നെക്കൊണ്ടു് ഇങ്ങനത്തെ വിഡ്ഢി വേഷം കെട്ടിക്കണതു്. അയാള് നൂറു ഗ്രാം കൊറച്ചതിനല്ല എനിക്കു ദ്വേഷ്യം പിടിച്ചതു്. ജോമോൻ കൊണ്ടുവന്ന തുലാസു് ശരിയല്ലെന്നു പറഞ്ഞു് എന്നെ പറ്റിച്ചതിലാണു്. ഇപ്പോ ഞാൻ എവിടെയുമല്ലാത്ത പരുവത്തിലായി. ഞാനിനി കോളനീല്ത്തെ പിള്ളാര്ടെ മൊകത്തു് എങ്ങിനെ നോക്കും?”
“അതൊന്നും സാര്യംല്ല്യ കൊച്ചുത്രേസ്യേ, ഞാൻ അതിലുമധികം അപമാനം സഹിച്ചവനല്ലെ?”
അച്ചായനു് അങ്ങിനെയൊക്കെ പറയാം. ത്രേസ്യാമ്മ വിചാരിച്ചു.
“അവർ മുൾക്കിരീടം മെടഞ്ഞു് എന്നെ അണിയിച്ചു് ‘യഹൂദരുടെ രാജാവേ, സ്വസ്തി!’ എന്നു പറഞ്ഞു. അവർ എന്റെ മേൽ തുപ്പി…”
ത്രേസ്യാമ്മ ഞെട്ടി. ഇതൊന്നും അച്ചായന്റെ അനുഭവങ്ങളല്ല. അച്ചായന്റെ തലയിൽ മുൾക്കിരീടം പോയിട്ടു് ഒരു ഗാന്ധിത്തൊപ്പികൂടി ആരും അണിയിച്ചിട്ടില്ല. അച്ചായന്നു് അങ്ങിനത്തെ പീഡാനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. അവർ തിരിഞ്ഞുനോക്കി; ജോസഫേട്ടൻ ശാന്തമായി കൂർക്കം വലിച്ചു് കിടന്നുറങ്ങുകയായിരുന്നു. ത്രേസ്യാമ്മ മുട്ടുകുത്തി കുരിശുവരച്ചു.
“രാജാക്കന്മാരുടെ രാജാവേ, അവിടുത്തേയ്ക്കു് സ്തുതി.”
രാവിലെ തുടങ്ങിയ നടത്തമാണു്. മാസത്തിലെ ആദ്യത്തെ ആഴ്ച എപ്പോഴും അങ്ങിനെയാണു്. ശമ്പളം കിട്ടിയ ചൂടിൽ എല്ലാവരും പണം കൊണ്ടുവന്നു തരും. കോളനിവാസികളുടെ ഷോപ്പിംഗ് എജന്റാവുക എന്നതു് എളുപ്പമുള്ള കാര്യമല്ല. ലിസ്റ്റുകൾ താരതമ്യേന വലുതായിരിക്കും പലപ്പോഴും സങ്കീർണവും. തലേന്നുതന്നെ എല്ലാവരും പണവും ലിസ്റ്റും ഏല്പിച്ചിട്ടുണ്ടാകും. ഏതു വിഷയത്തെക്കുറിച്ചും വിദഗ്ദാഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും പുറമെ ലാഭേഛയില്ലാതെ ത്രേസ്യാമ്മ ചെയ്യുന്ന ഒരേയൊരു സേവനം എറണാകുളത്തു പോകുമ്പോൾ മറ്റുള്ളവർക്കുവേണ്ടി സാധനങ്ങൾ വാങ്ങിക്കൊണ്ടുവരലാണു്. അതിലവർ ആനന്ദം കണ്ടു. ഷോപ്പിംഗ് അവർക്കെന്നും ഹരമായിരുന്നു.
സാരിക്കടയിലാണു് സമയമത്രയും പോയതു്. സാരിയെടുത്തു കാണിച്ചിരുന്ന പെൺകുട്ടിയെ ത്രേസ്യാമ്മക്കു് തീരെ ഇഷ്ടപ്പെട്ടില്ല.
“എന്തൊരു ഭാവമാണു് ആ പെൺകൊച്ചിന്നു്.” ത്രേസ്യാമ്മ പറഞ്ഞു. “ഒരു സാരിയെടുത്തു കാണിക്കാൻ പറഞ്ഞാൽ അതിന്റെ ഭാവമൊന്നു കാണണം. മോന്തക്കിട്ടു് ഒന്നു കൊടുക്കാൻ തോന്നും.”
“ശരിയാ അമ്മച്ചീ. എന്തൊരു ഭാവാ.” പാറുകുട്ടിക്കും അവളെ ഇഷ്ടപ്പെട്ടിരുന്നില്ല.
“ഞാനീ ചട്ടയ്ക്കു പകരം ഒരു പട്ടുസാരിയും ഉടുത്തു് മൊഖത്തു് ചായോം തേച്ചു് ചെന്നാൽ അവള് ഷാപ്പില്ത്തെ സാരികള് മുഴുവൻ നമ്മടെ മുമ്പിലു് വാരിയിടും.”
“ശരിയാ അമ്മച്ചീ, നമ്മള് സാരി നോക്ക്യോണ്ടിരിക്കുമ്പൊ ഒരു പൊങ്ങച്ചക്കാരി വന്നപ്പൊ എന്തായിരുന്നു അവള്ടെ വെപ്രാളം!”
“അല്ലേ? എടീ പണക്കാരെ മാത്രെ ആൾക്കാരു് വെലവെക്കു. അവരവരെപ്പോലെള്ളോരെ ആർക്കും വെലല്ല്യ.”
“അമ്മച്ചിക്കു് എന്നതാ പണംല്ല്യാഞ്ഞിട്ടാ.”
“അല്ല പെണ്ണെ, പണംണ്ടാവ്വല്ല കാര്യം. പണംണ്ട്ന്നു് മറ്റുള്ളവരെ ബോദ്ധ്യപ്പെട്ത്ത്വാണു് വേണ്ടതു്. നീ നോക്ക്യോ, ആ പെമ്പ്രന്നോരു് അവ്ട്ന്നു് ഒരൊറ്റ സാരി എടുത്തില്ല. എല്ലാറ്റന്റീം വെല നോക്കി പോയി, അത്രതന്നെ. ഇനി വല്ല വല്ല്യ ഷാപ്പിലു് പോയി ഒരു സാരിയും എടുത്തു് അയൽക്കാരോടൊക്കെ വീമ്പും പറയും. ഈ ഷാപ്പീന്നൊക്കെ വാങ്ങീന്നു് പറഞ്ഞാൽ അവർക്കു് മാനക്കെടല്ലെ?”
“ശര്യാ അമ്മച്ചീ.”
“സമയം എത്ര്യായി പെണ്ണേ?”
“പന്ത്രണ്ടു് നാല്പ്പത്തിയാറ്, അമ്മച്ചീ.” ജോമോൻ കൊണ്ടുവന്നു കൊടുത്ത ഡിജിറ്റൽ വാച്ചു കെട്ടാൻ തുടങ്ങിയ ശേഷം പാറുകുട്ടി സമയം പറയുന്ന കാര്യത്തിൽ വളരെ കണിശമായിരുന്നു. ചിലപ്പോൾ സെക്കന്റുകൂടി പറഞ്ഞുപോകും.
“ഇനി എന്തോരം സാധനങ്ങള് വാങ്ങാൻ കെടക്കുന്നു. അപ്പോ നമ്മക്കു് ഭക്ഷണം കഴിക്കേണ്ടേ?”
“വേണം അമ്മച്ചീ.” പാറുകുട്ടി ഉടനെ പറഞ്ഞു.
“ഞാൻ നിന്നെ ഒരു നല്ല ഹോട്ടലിലു് കൊണ്ടോവാം.” ത്രേസ്യാമ്മ പറഞ്ഞു. സാരിക്കടയിൽ ചവിട്ടിത്തേയ്ക്കപ്പെട്ട ആത്മാഭിമാനം ഒരു വലിയ റസ്റ്റോറണ്ടിൽ മുന്തിയ ഭക്ഷണം കൊണ്ടു് നന്നാക്കിയെടുക്കാമെന്നു് ത്രേസ്യാമ്മ കരുതി. പറഞ്ഞു കഴിഞ്ഞപ്പോഴാണു് അതിന്റെ ധാർമ്മികവും സാമ്പത്തികവുമായ വശങ്ങളെപ്പറ്റി ഓർത്തതു്. ത്രേസ്യാമ്മയ്ക്കു് വലിയ റസ്റ്റോറണ്ടുകളിൽ കയറി ശീലമില്ല. സ്വതവേ പിശുക്കനായ ജോസഫേട്ടൻ വലിയ ഹോട്ടലുകളിൽ കയറുകയില്ല. കല്യാണം കഴിഞ്ഞ കാലത്തു് ഒരിക്കൽ ഭാര്യയേയുംകൊണ്ടു് പോയിട്ടില്ലെന്നില്ല. ഭക്ഷണം കഴിഞ്ഞു് പുറത്തിറങ്ങിയപ്പോൾ അങ്ങിനെ ഒരു സ്ഥലത്തു് കയറേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായി ത്രേസ്യാമ്മക്കു്. മുമ്പിൽ നിവർത്തിവച്ച പുസ്തകത്തിൽ ഓരോ വിഭവങ്ങൾക്കും നേരെ എഴുതിവച്ച വില നോക്കി പകച്ചിരിക്കുന്ന അച്ചായന്റെ മുഖം ത്രേസ്യാമ്മയുടെ മനസ്സിൽ ഇപ്പോഴുമുണ്ടു്.
“അന്നൊക്കെ അച്ചായനെ കാണാൻ നല്ല ഭംഗിണ്ടായിരുന്നു.”
“എന്താ അമ്മച്ചീ?” ഒപ്പം നടക്കുന്ന പാറുകുട്ടി ചോദിച്ചു.
“ഒന്നുമില്ലെടീ, ഞാനൊന്നും പറഞ്ഞില്ലല്ലാ.”
ത്രേസ്യാമ്മ ആലോചിക്കുകയായിരുന്നു. വില നോക്കിക്കൊണ്ടിരിക്കെ അച്ചായന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു. മുമ്പിൽ കൊണ്ടുവച്ചിരുന്ന ഗ്ലാസിൽനിന്നു് അല്പം വെള്ളം കുടിച്ചശേഷം പുസ്തകത്തിൽനിന്നു് ഏറ്റവും വില കുറഞ്ഞ ഒന്നുരണ്ടു സാധനങ്ങൾ ഓർഡർ ചെയ്തു. ഓർഡർ എടുത്ത വെയ്റ്ററുടെ മുഖത്തു് അപ്പോഴുണ്ടായ ഭാവരസങ്ങൾ കാണേണ്ടതുതന്നെയായിരുന്നു. ആ മുഖഭാവങ്ങളാണു് തന്നെയും കുടുംബത്തേയും കാൽ നൂറ്റാണ്ടു് ഇത്തരം ഹോട്ടലുകളിൽനിന്നു് മാറ്റി നിർത്തിയതു്. ഇത്രയും ധാർമ്മികമായ വശങ്ങൾ. ഇനി സാമ്പത്തികം. സാമ്പത്തികനില ഭദ്രമായിരുന്നു. ഒന്നുമില്ലെങ്കിൽ മറ്റുള്ളവരുടെ പണം കയ്യിലുണ്ടല്ലോ. ഇനി വാങ്ങാനുള്ളതെല്ലാം ചെറിയ സാധനങ്ങളായിരുന്നു.
“ജോമോൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോ എന്റെ കണ്ണു് പരിശോധിക്കാൻ ഡോക്ടറ്ടെ അടുത്തു കൊണ്ടു പോയില്ലേ?”
“ആ അമ്മച്ചീ. എന്നിട്ടു് അമ്മച്ചിയോടു് കണ്ണട വെക്കണംന്നു് പറഞ്ഞു്.”
“ഇല്ലെടി, കണ്ണട വെക്കാനൊന്നും ആയിട്ടില്ലാന്നാ പറഞ്ഞതു്. അന്നു് അവൻ എന്നെ ഒരു ഹോട്ടലിലു് കൊണ്ടുപോയിരുന്നു. അവ്ടെ എങ്ങിന്യാച്ചാ നമ്മള് ആദ്യം പണം കൊടുത്തു് ബില്ല് വാങ്ങണം. എന്നിട്ടു് ആ ബില്ലുംകൊണ്ടു് അവര്ടെ അടുക്കളേപ്പോണം. അവിടെ തലേലു് വെള്ള തൊപ്പിവച്ച കുശ്നിക്കാര്ണ്ടാവും. സാധനങ്ങള് അപ്പപ്പണ്ടാക്കിത്തരും. എന്തോരം സ്വാദാ.”
“അവിട്യൊന്നും നമക്കു് പോണ്ടാ അമ്മച്ചീ.” പാറുകുട്ടി പറഞ്ഞു. അവൾക്കു് തൊപ്പിവച്ചവരെ ഭയമായിരുന്നു. മുമ്പൊരിക്കൽ തൊപ്പിവച്ച ഒരാൾ കുറച്ചുകാലം അവളുടെ പിന്നാലെ നടന്നിരുന്നു. ഒരിക്കൽ അയാളിൽനിന്നു് രക്ഷപ്പെടാൻ അവൾക്കു് ഓടേണ്ടിവന്നിട്ടുണ്ടു്. “നമുക്കു് വല്ല ചെറിയ ഹോട്ടലീലു് പോവാം.”
“നില്ലു് പെണ്ണെ.”
റസ്റ്റോറണ്ട് അവിടെ അടുത്തുതന്നെയായിരുന്നു. മാർബിളിന്റെ വിശാലമായ പടികൾ ഒരു കൊച്ചുകുട്ടി സ്വന്തം വീടിന്റെ പടികൾ കയറുന്ന ലാഘവത്തോടെ ത്രേസ്യാമ്മ കയറുന്നതു് പാറുകുട്ടി ഭയത്തോടെ, ആരാധനയോടെ നോക്കിനിന്നു. ഒരു കാര്യം ത്രേസ്യാമ്മ വളരെ മുമ്പു് പഠിച്ചുവച്ചിരുന്നു. എന്തുചെയ്യുകയാണെങ്കിലും അതു കയ്യറപ്പില്ലാതെ ധൈര്യമായി ചെയ്യണം. കോഴിയുടെ കഴുത്തറക്കുകയാണെങ്കിലും ഒരു കൊച്ചുകുട്ടിയെ കുളിപ്പിക്കുകയാണെങ്കിലും. ഇങ്ങിനെയുള്ള ഹോട്ടലുകളിലൊക്കെ പോകുമ്പോൾ പരിചയമില്ലെന്നു കരുതി സംശയിച്ചു നിന്നാൽ ശരിയാവില്ല. അതുകൊണ്ടു് ദിവസവും നാലുനേരം അവിടെക്കയറിയാണു് ഭക്ഷണം കഴിക്കാറു് എന്ന മട്ടിൽ അവർ നടന്നു. ഭയം കൂറുന്ന വിടർന്ന കണ്ണുകളോടെ പാറുകുട്ടി അവരെ പിന്തുടർന്നു.
കാഷ്കൗണ്ടറിന്റെ അടുത്തെത്തിയപ്പോഴേയ്ക്കു് പക്ഷേ, ത്രേസ്യാമ്മ അല്പം പതറി. ജോമോന്റെ ഒപ്പം വന്നപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ സ്വാദു് ഇപ്പോഴും നാക്കിലുണ്ടു്. അതിന്റെ പേരെന്താണെന്നു് ഓർമ്മയില്ല. “അമ്മച്ചിക്കു് ഞാൻ ഒരുഗ്രൻ സാധനം വാങ്ങിച്ചുതരാം.” എന്നു പറഞ്ഞാണു് അവൻ അതു വാങ്ങിത്തന്നതു്. ഉഗ്രൻ സാധനം എന്നൊക്കെ പറഞ്ഞാൽ അവർക്കു മനസ്സിലാകുമോ. പെട്ടെന്നു് എന്താണു് വേണ്ടതെന്ന ചോദ്യം കേട്ടപ്പോഴാണു് താൻ ക്യൂവിന്റെ മുമ്പിലെത്തിയെന്നു് ത്രേസ്യാമ്മ മനസ്സിലാക്കിയതു്. അവർ പറഞ്ഞു.
“ഈ ഞാഞ്ഞൂലിനെപ്പോലത്തെ ഒരു സാധനം ഇല്ലെ. അതാ വേണ്ടതു?”
“ഞാഞ്ഞൂലോ?” അയാൾ കുറച്ചുറക്കെയാണു് ചോദിച്ചതു്.
പെട്ടെന്നു് തൊട്ടടുത്ത മേശക്കുമുമ്പിലിരുന്നു് നൂഡ്ൽസ് ആസ്വദിച്ചുകഴിച്ചിരുന്ന ഒരു ചെറുപ്പക്കാരി വായും പൊത്തി എഴുന്നേറ്റു് വാഷ്ബേസിനെ ലക്ഷ്യമാക്കി ഓടി. പിന്നാലെ പരിഭ്രാന്തനായ ഭർത്താവും.
ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അജ്ഞയായ ത്രേസ്യാമ്മ വീണ്ടും പറഞ്ഞു.
“അതെ, മണ്ണിര. അതുപോലത്തെ ഒരു പലഹാരംല്ല്യേ, അതാ വേണ്ടതു്.”
“ശരി, ശരി, മനസ്സിലായി. നിങ്ങൾക്കു് വേണ്ടതു് നൂഡ്ൽസാണു്. എത്ര പ്ലെയ്റ്റ് വേണം?”
“രണ്ടു്.”
അയാൾ കാഷ് രജിസ്റ്ററിൽ തിരുപ്പിടിച്ചു, അരമിനുറ്റിനകം യന്ത്രത്തിന്റെ പുറകുവശത്തു് പൊന്തിവന്ന തുണ്ടു് കടലാസു് ചീന്തിയെടുത്തു് ത്രേസ്യാമ്മയ്ക്കു കൊടുത്തു.
“അമ്പത്താറു രൂപ.”
വയറ്റിനുള്ളിൽ പൊന്തിവന്ന ആന്തൽ അമർത്തി അവർ പഴ്സു തുറന്നു പണം എണ്ണിക്കൊടുത്തു.
ബില്ല് പാറുകുട്ടിയുടെ കയ്യിൽ കൊടുത്തുകൊണ്ടു് അവർ പറഞ്ഞു.
“എടീ, നീ ഇതൊന്നു് നോക്കിയേ, എത്ര രൂപയായി എന്നു്.”
“അമ്മച്ചിക്കു് നോക്കാൻ പാട്ലാ?”
“എന്തോരം ചെറുതാ, നീ വായിക്കു്.”
“അമ്മച്ചീ, ഇതു് ഇംഗ്ലീഷാ.”
“എടീ അതിലു് അവസാനം എഴുതിയ തുക പറഞ്ഞാമതി.”
“അമ്പത്താറ് ശരിയാ അമ്മച്ചീ.”
“എന്റീശോയേ!”
പത്തു മിനിറ്റിന്നുള്ളിൽ നൂഡ്ൽസ് തയ്യാറായി. അതും താങ്ങി അവർ ഇരിക്കാനൊരു സ്ഥലവും അന്വേഷിച്ചു നടന്നു. അവസാനം ഒരു ചെറുപ്പക്കാരിയും ഭർത്താവും ഇരിക്കുന്നിടത്തേയ്ക്കുപോയി, നൂഡ്ൽസിന്റെ പ്ലെയ്റ്റ് മേശപ്പുറത്തുവച്ചു് അവർക്കെതിരായി ഇരുന്നു. പ്ലെയ്റ്റ് മുമ്പിൽ കണ്ടതും ചെറുപ്പക്കാരി വായപൊത്തി എഴുന്നേറ്റു് വാഷ്ബേസിനിലേയ്ക്കു് ഓടിയതും ഒപ്പം കഴിഞ്ഞു.
“ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല.” എന്നു പറഞ്ഞു് ഭർത്താവും ഒപ്പം എഴുന്നേറ്റുപോയി.
“ആ കൊച്ചിന്നു് എന്തോ പറ്റിയിട്ടുണ്ടു്, പാറുകുട്ടി.” ത്രേസ്യാമ്മ പറഞ്ഞു.
“ആ അമ്മച്ചീ, നേരത്തെ നമ്മള് ബില്ല് വാങ്ങുമ്പളും ഉണ്ടായി.”
നൂഡ്ൽസ് അപാരമായിരുന്നു. അതു കഴിച്ചുകൊണ്ടിരുന്നപ്പോഴാണു് അടുത്തൊരു മേശമേൽ വെച്ച ഐസ്ക്രീം ത്രേസ്യാമ്മയുടെ കണ്ണിൽപ്പെടുന്നതു്. സ്വാഭാവികമായും തന്റെ അടുത്ത ഇനം അതായിരിക്കണമെന്നു് അവർ തീർച്ചയാക്കി. ഒരിക്കൽ തുടങ്ങിവെച്ചാൽ പിന്നെ തിരിച്ചുപോക്കില്ല ത്രേസ്യാമ്മക്കു് പണ്ടും.
ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണു് ത്രേസ്യാമ്മയുണ്ടാക്കിയിരുന്ന ബഹളങ്ങൾ ആദ്യം തൊട്ടേ ശ്രദ്ധിച്ചിരുന്ന രണ്ടു പെൺകുട്ടികൾ, ഭക്ഷണവും കഴിഞ്ഞു് പോകുന്ന വഴി ത്രേസ്യാമ്മ ഇരിക്കുന്നിടത്തേയ്ക്കു വന്നതു്. ഒരുവൾ കുനിഞ്ഞു നിന്നുകൊണ്ടു് ചോദിച്ചു.
“ആന്റി ഏതു കോളേജിലാണു് പഠിക്കുന്നതു?”
“കോളേജിലോ, ഞാനോ?” ത്രേസ്യാമ്മ ചോദിച്ചു. പെൺകുട്ടികൾ കുലുങ്ങിച്ചിരിച്ചുകൊണ്ടു് പോവുകയും ചെയ്തു.
“എന്നെ കണ്ടാൽ അങ്ങിനെയൊക്കെ തോന്ന്വോ പാറുകുട്ടി?” ചിരിയടക്കാൻ പാടുപെടുന്ന പാറുകുട്ടിയോടു് ത്രേസ്യാമ്മ ചോദിച്ചു.
“അമ്മച്ചി ശരിക്കുള്ള മറുപടിയാണു് കൊടുത്തതു്.” അവൾ പറഞ്ഞു.
“ഊം, എന്തേ?”
“അമ്മച്ചി, ടിവീലു് സിനിമടെ എടേലു് പരസ്യം വരുമ്പോ എണീറ്റു പോവാറില്ലേ. അതോണ്ടു് പറ്റണതാ.”
“എന്തെക്കെയാണു് പെണ്ണെ നീ പറേണതു?”
മുമ്പിൽ വന്നിരുന്ന ഒരു സ്ത്രീയേയും നാലഞ്ചു വയസ്സുള്ള മകളേയും അപ്പോഴാണു് ത്രേസ്യാമ്മ കാണുന്നതു്. ഒരു പാവം സ്ത്രീ. കോട്ടന്റെ വെറും സാധാരണ സാരിയാണു് വേഷം. കഴുത്തിൽ വണ്ണം കുറഞ്ഞ മാല. മകളെയും അത്ര മികച്ച വേഷമൊന്നുമല്ല ധരിപ്പിച്ചിരിക്കുന്നതു്.
“മോള് ഇവിടിരിക്കു്.” അവർ പറഞ്ഞു. “അമ്മ പോയി ദോശയെടുത്തു കൊണ്ടുവരാം.”
അമ്മ പോയപ്പോൾ മകൾ ഒരു ഉഷാറില്ലാതെ താടിക്കു കൈകൊടുത്തു് ഇരുന്നു. ത്രേസ്യാമ്മ ചോദിച്ചു. “മോള്ടെ പേരെന്താ.”
“ശാലിനി.”
“പാവങ്ങളാന്നു് തോന്നുന്നു.” ത്രേസ്യാമ്മ പാറുകുട്ടിയോടു് സ്വകാര്യം പറഞ്ഞു. ആ സ്ത്രീ അപ്പോഴേക്കും ഒരു പ്ലെയ്റ്റിൽ ദോശയുമായി എത്തി. ദോശ കിട്ടിയതും മോൾ തിന്നാൻ തുടങ്ങി. നല്ല വിശപ്പുണ്ടു് പാവത്തിനു്, ത്രേസ്യാമ്മ മനസ്സിൽ കരുതി. അവർ ആ സ്ത്രീയെ നോക്കി ചിരിച്ചു.
“സ്കൂളിൽനിന്നു് വന്നപ്പോ തൊടങ്ങീതാ ദോശ വേണംന്നു് പറഞ്ഞു് വാശി.” അവർ ചിരിച്ചുകൊണ്ടു് പറഞ്ഞു. “ഞാനെവിട്ന്നു് ദോശ കൊടുക്കാനാ. വീട്ടിലു് മാവൊന്നുംല്ല്യ.”
ത്രേസ്യാമ്മയ്ക്കു വിഷമമായി. പാവപ്പെട്ടവരുടെ ജീവിതത്തിലേയ്ക്കു് ഇടയ്ക്കൊന്നെത്തിനോക്കുമ്പോൾ മനസ്സിന്റെ അടിത്തട്ടിൽനിന്നു് ഒരു തേങ്ങൽ ഉയർന്നു വരികയാണു്. നുണഞ്ഞുകൊണ്ടിരുന്ന ഐസ്ക്രീം തൊണ്ടയിൽ തടഞ്ഞപോലെ. മോൾ ദോശ മുക്കാലും തിന്നു തീർത്തിരുന്നു. ത്രേസ്യാമ്മ ചോദിച്ചു. “മോൾക്കു് ഐസ്ക്രീം വേണോ?”
വേണമെന്നവൾ തലയാട്ടി. അവർ പാറുകുട്ടിയോടു് പറഞ്ഞു. “പെണ്ണേ നീ പോയി ഒരു ഐസ്ക്രീം കൂടി വാങ്ങിക്കൊണ്ടുവാ.”
“അയ്യോ, ഞാൻ വാങ്ങിക്കൊടുക്കാം.” ആ സ്ത്രീ പറഞ്ഞു.
“വേണ്ട, ഇന്നു് ഈ ആന്റിയുടെ വകയായിക്കോട്ടെ ഐസ്ക്രീം.”
പാറുകുട്ടി ഇതിനകം പണവും വാങ്ങി പോയിക്കഴിഞ്ഞിരുന്നു. ഈ കാര്യത്തിലെല്ലാം അവൾ മിടുക്കിയായിരുന്നു. എന്തു കാര്യവും വാങ്ങുന്നതിനെപ്പറ്റി പറയുമ്പോഴേക്കു് അവൾ സാധനവുമായി എത്തിയിരിക്കും. മുമ്പിലിരിക്കുന്ന കുഞ്ഞു് സ്വാദോടെ ഐസ്ക്രീം നുണഞ്ഞിരിക്കുമ്പോൾ ത്രേസ്യാമ്മയുടെ മനസ്സു് നിറയുകയായിരുന്നു.
റസ്റ്റോറണ്ടിൽനിന്നു പുറത്തിറങ്ങിയ ത്രേസ്യാമ്മക്കു് ഷോപ്പിങ്ങിനായി അലയാനുള്ള മൂഡുണ്ടായിരുന്നില്ല. വയർ നിറഞ്ഞിരുന്നു. ഇനി ഒരു ഓട്ടോ പിടിച്ചു് വേഗം വീട്ടിൽപോയി ഒന്നു് നടുനിവർത്തണം.
ഓട്ടോവിനു് കാത്തുനിൽക്കുമ്പോൾ അവർ വരുന്നതു കണ്ടു. ഹോട്ടലിൽവച്ചു കണ്ട അമ്മയും മകളും.
“ദേണ്ടേ ആ പെൺകൊച്ചും അമ്മയും വര്ണു്.” പാറുകുട്ടി പറഞ്ഞു.
“അവരു് എങ്ങോട്ടാണു് പോണതു്. നമ്മള് പോണ വഴിയിലാണെങ്കിലു് അവരീം കൂട്ടായിരുന്നു.” ത്രേസ്യാമ്മ പറഞ്ഞു. അവർ പക്ഷേ, ത്രേസ്യാമ്മയെ കാണാതെ റോഡിന്റെ മറുവശത്തേയ്ക്കു കുറുകെ കടക്കുകയായിരുന്നു.
പെട്ടെന്നു് എന്തോ ഭൂതോദയം ഉണ്ടായ ത്രേസ്യാമ്മ പഴ്സ് തുറന്നുനോക്കി. വഴിയെപ്പോകുന്ന ഒരു ഒഴിഞ്ഞ ഓട്ടോവിനു് കൈകാണിക്കുന്ന പാറുകുട്ടിയെ പിടിച്ചുവലിച്ചുകൊണ്ടു് അവർ പറഞ്ഞു.
“പാറുകുട്ടീ, നില്ലു്, ഓട്ടോ വിളിക്കാൻ വരട്ടെ. നീ ഈ സഞ്ചിയൊന്നു് പിടിക്കു്.”
സാരികളുടെ സഞ്ചി പാറുകുട്ടിയുടെ കൈയ്യിൽ കൊടുത്തു് അവർ പഴ്സിലെ പണം മുഴുവൻ പുറത്തെടുത്തു് എണ്ണാൻ തുടങ്ങി. രണ്ടു രൂപയുടെ നോട്ടുകൾ രണ്ടെണ്ണം. ഒരെണ്ണം നടുവേ കീറിയതാണു്. രണ്ടു് അമ്പതു പൈസ നാണ്യങ്ങൾ. പിന്നെ കുറെ പത്തു പൈസ ഇരുപതു പൈസ നാണ്യങ്ങളും.
“പാറുകുട്ടി, ഒരു കാര്യം പറഞ്ഞാൽ നെനക്കു് വെഷമാവ്വോ.”
“എന്താ അമ്മച്ചീ?”
“ആ കൊച്ചിനു് വേണ്ടി ഐസ്ക്രീം വാങ്ങാൻ നെന്റെ കയ്യിൽ തന്നില്ലേ ഒരു ഇരുപതിന്റെ നോട്ട്?”
“ആ അമ്മച്ചീ?”
“അതു് അവസാനത്തെതായിരുന്നു. വേഗം ബസ് സ്റ്റോപ്പിലേയ്ക്കു നടന്നോ. നന്നായി ആ പെമ്പ്രന്നോരേം കൊച്ചിനീം വിളിക്കാതിരുന്നതു്.”
കർത്താവു മാനം കാത്തു. ത്രേസ്യാമ്മ മനസ്സിൽ നന്ദി പറഞ്ഞു. ഓട്ടോവിനു് പോകാൻ പറ്റിയില്ലെങ്കിലും സാരമില്ല. ഒരു പാവപ്പെട്ട വീട്ടിലെ കൊച്ചിനു് ഐസ്ക്രീം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞല്ലോ. അങ്ങിനെ സ്വർഗ്ഗത്തിൽ ഒരു സീറ്റ് ഒരുമാതിരി ഉറപ്പുവരുത്തി തിരക്കിട്ട ബസ്സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോഴാണു് ആ അത്യാഹിതമുണ്ടായതു്. ആദ്യം കണ്ടതു് പാറുകുട്ടിയായിരുന്നു. അവൾ ത്രേസ്യാമ്മയുടെ കൈപിടിച്ചു വലിച്ചുകൊണ്ടു് പറഞ്ഞു.
“ദേണ്ടേ, അമ്മച്ചി നോക്കു്.”
പാറുകുട്ടി ചൂണ്ടിക്കാണിച്ച സ്ഥലത്തേയ്ക്കു് അവർ നോക്കി. അവർ അക്ഷരാർഥത്തിൽ വാ പൊളിച്ചു നിന്നുപോയി. ആ ‘പാവപ്പെട്ട സ്ത്രീ’ ഒരു തിളങ്ങുന്ന പുത്തൻ സീലോ കാറിനടുത്തു നില്ക്കുകയാണു്. കൈസഞ്ചിയിൽനിന്നു് താക്കോലെടുത്തു് വാതിൽ തുറന്നു് അവർ കാറിനകത്തു കയറി ഇതിനകം മറുവശത്തെത്തിയ മകൾക്കു് കയറാൻ വാതിൽ തുറന്നുകൊടുത്തു. ഒരു നിമിഷത്തിനുള്ളിൽ അവർ കാർ സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയും ചെയ്തു.”
“നീ എന്നെ ഒന്നു് നുള്ള് പാറുകുട്ടി.” ത്രേസ്യാമ്മ പറഞ്ഞു.
“അമ്മച്ചിയെ നുള്ള്വല്ല വേണ്ടതു്, ഇടിക്കുവാ.” തിരക്കുള്ള ബസ്സിൽ സഞ്ചികളുമൊക്കെയായി സഞ്ചരിക്കാൻ തീരെ താൽപര്യമില്ലാതിരുന്ന പാറുകുട്ടി പറഞ്ഞു.
അവർ ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു
മതിലിന്നപ്പുറത്തു് ഒരു കുമ്പളങ്ങ കണ്ടപ്പോൾ ത്രേസ്യാമ്മ ഓർത്തതു് രണ്ടു വിത്തു് തനിക്കും കുഴിച്ചിടാമായിരുന്നുവെന്നാണു്. മാർക്കറ്റിൽ പോയി പച്ചക്കറിയുടെ വില കേൾക്കുമ്പോൾ അരിശം കയറും. പക്ഷേ, ഭവാനി എപ്പോഴാണു് കുമ്പളം കുത്തിയിട്ടതു്. ഇതിനുമുമ്പു് അവിടെ കുമ്പളവള്ളിയൊന്നും കണ്ടിരുന്നില്ലല്ലോ. ഒന്നുപോയി നോക്കിക്കളയാമെന്നു് ത്രേസ്യാമ്മ കരുതി. മുറ്റത്തിന്റെ നടുവിലെത്തിയപ്പോഴാണു് ആരോ വിളിക്കുന്നതു് കേട്ടതു്. “കൊച്ചു ത്രേസ്യേ…”. ഒരശരീരിപോലെ. സ്ത്രീശബ്ദമാണു്. കുമ്പളങ്ങ സംസാരിക്കുകയാണോ? അടുക്കും തോറും ശബ്ദം വരുന്നതു് കുമ്പളങ്ങയിൽനിന്നുതന്നെയാണെന്നു ബോധ്യമായി. കുമ്പളങ്ങയ്ക്കു് രണ്ടു കണ്ണുകളും, താഴെ മൂക്കും വായയുമുണ്ടെന്നും അതു് ഭവാനിയുടെ അമ്മായിയമ്മയുടെ തലയാണെന്നും മനസ്സിലാക്കാൻ കുറച്ചുകൂടി അടുത്തു പോകേണ്ടിവന്നു.
“എന്റെ കണ്ണു്!” ത്രേസ്യാമ്മ മനസ്സിൽ പറഞ്ഞു. “ഇത്തവണ ജോമോൻ വന്നാൽ എന്തായാലും കണ്ണട വെക്കണം.”
“എന്താ കല്യാണിച്ചേച്ചീ, ഇവിടെ മതിലിന്റെ പിന്നിൽ?”
“നീയിങ്ങ് അടുത്തുവാ, ഒരു കാര്യം പറയാണ്ടു്, ഭവാനി അമ്പലത്തിലേയ്ക്കു് പോയിരിക്ക്യാണു്.”
“എന്താ ചേച്ചീ?”
“നീയൊന്നു് വീട്ടിലോട്ടു വാ, ഞാമ്പറയാം. വെക്കം വരണം കേട്ടോ കൊച്ചു ത്രേസ്യേ.”
വീടു് തൊട്ടടുത്തു തന്നെയാണെങ്കിലും അങ്ങോട്ടു പോകണമെങ്കിൽ വളഞ്ഞു പോകണം. ത്രേസ്യാമ്മ പറഞ്ഞു. “ചേച്ചി ഇപ്പോത്തന്നെ പറ.”
അവർ സംശയിച്ചു, ചുറ്റും നോക്കിക്കൊണ്ടു് പറയാൻ തുടങ്ങി.
“ഞാമ്പറയാറില്ലെ ഒരാളെപ്പറ്റി? ഒരു ടെയ്ലറ്? അയാള് ഇപ്പൊ എടക്കെടക്കു് വര്ണ്ണ്ടു്, ശേഖരൻ ഇല്ലാത്തപ്പൊ. ഞാൻ അറീണില്ല്യാന്നാ വിചാരം. ഞാൻ ഒക്കെ അറീണ്ണ്ടു് ന്റെ കൊച്ചു ത്രേസ്യേ.”
“അയാള് എന്തിനാ വര്ണതു?”
“എന്തിനാച്ചാ പ്പൊ ഞാനെന്താ പറയ്വാ.” ത്രേസ്യാമ്മയുടെ അറിവുകേടിൽ അവർക്കു് ഈർഷ്യയുണ്ടായി. “അവള് വിളിച്ചുവര്ത്തണതല്ലെ.”
“വല്ലതും തുന്നാൻ കൊടുക്കാനായിരിക്കും ചേച്ചീ.”
“അതൊന്നും അല്ല, എന്നും ഉച്ചതിരിഞ്ഞാൽ തുന്നാൻ കൊടുക്കാൻ എന്താള്ളതു?”
“ഭവാനി അങ്ങിനെയൊക്കെ ചെയ്യ്വോ?”
“അവള് ഒരുമ്പെട്ടോളാ, അതും അതിലപ്പുറും ചെയ്യും. എന്റെ മോനറിഞ്ഞാൽ എന്തൊക്ക്യാണ്ണ്ടാവ്വാന്നറിയില്ല.”
“ഇനിയിപ്പോ എന്താ ചെയ്യ്വാ?” ത്രേസ്യാമ്മ ചോദിച്ചു.
“എന്റെ മോനറീം മുമ്പെ എന്തെങ്കിലും ചെയ്യണം. അവനറിഞ്ഞാലത്തെ കാര്യം എനിക്കാലോചിക്കാനും കൂടി വയ്യ.”
സാമൂഹ്യസേവനത്തിന്നു് ഇങ്ങിനെ ഒരു വശംകൂടിയുണ്ടു്. നമുക്കു് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽകൂടി ഇടപെടേണ്ടിവരും. തള്ളയെയും വിശ്വസിക്കാൻ കൊള്ളില്ല. പരസ്പരബന്ധമില്ലാതെയാണു് സംസാരിക്കാറ്. ഇപ്പോൾ വളരെ ഭംഗിയായാണു് സംസാരിച്ചതൊക്കെ, ശരി. പക്ഷേ, നാളെ കാണുമ്പോൾ ഇതൊന്നുമായിരിക്കില്ല പറയുക. ത്രേസ്യാമ്മ ചോദിച്ചു.
“ഞാൻ എന്താ ചെയ്യേണ്ടതു് കല്യാണിച്ചേച്ചീ?’
“എന്താണു് ചെയ്യേണ്ടതു് എന്നു് എനിക്കും അറിയില്ല. എനിക്കു് കൊച്ചുത്രേസ്യോടല്ലാതെ വേറെ ആരോടും പറയാനില്ല. നീയിതു് ആരോടും പറയല്ലെ മോളെ”
“ഇല്ലാ ചേച്ചീ.”
ആ ‘മോളെ’ വിളിയിൽ ത്രേസ്യാമ്മ ആകെ തളർന്നുപോയി. മീനമാസത്തിൽ ആലിപ്പഴവർഷമുണ്ടായപോലെ, ആകെപ്പാടെ ഒരു സുഖം. അവർ ഒരു സ്വപ്നാവസ്ഥയിൽ ജോസഫേട്ടന്റെ അടുത്തു ചെന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ജോസഫേട്ടൻ പറഞ്ഞു.
“എന്റെ അഭിപ്രായം നീയിതിലു് എടപെടേണ്ടാന്നാണു്. ഒരു ചിന്നൻ പിടിച്ച തള്ളയാണു്. അവരു് പറേണതു് മുഴുവൻ വിശ്വസിക്കാൻ വയ്യ. ഇനി അതൊക്കെ ശര്യാണെങ്കീത്തന്നെ നെനക്കെന്തു ചെയ്യാൻ കഴിയും?”
“എന്തെങ്കിലും ചെയ്യേണ്ടേ? നമ്മടെ തൊട്ട അയൽപക്കമല്ലെ?”
“അതൊക്കെ ശര്യാണു്. പക്ഷേ, ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലെ, അതിലൊക്കെ നമ്മള് എടപെട്ടാ ശര്യാവ്വോ?”
“അങ്ങിന്യല്ലാ. നമ്മക്കും ഒരു മോനുള്ളതല്ലെ. അവൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന പെണ്ണു് ഇങ്ങനൊക്കെ ചെയ്യാൻ തൊടങ്ങ്യാലോ?”
അതു ഫലിച്ചു. ജോസഫേട്ടൻ നിവർന്നിരുന്നു. “അങ്ങിന്യാച്ചാൽ നീ ഒരു കാര്യം ചെയ്യ്. ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കു്. എന്നിട്ടു് നമുക്കു് വേണ്ടതെന്താച്ചാൽ ചെയ്യാം.”
ത്രേസ്യാമ്മയ്ക്കു് ആ സമീപനം ഇഷ്ടപ്പെട്ടു. അതിൽ ശാസ്ത്രപരതയുണ്ടു്, വിശകലനത്തിനുള്ള സാദ്ധ്യതകളുണ്ടു്. ത്രില്ലുണ്ടു്. ത്രേസ്യാമ്മയുടെ ഉള്ളിലെ ഷെർലോക് ഹോംസ് ഉണർന്നു. അവർ വാട്സനെ വിളിക്കുവാൻ അടുക്കളയിലേയ്ക്കു് പോയി.
അടുക്കളയിൽ മീൻ നേരെയാക്കിക്കൊണ്ടിരുന്ന വാട്സന്നു് പക്ഷേ, വലിയ ഉത്സാഹമൊന്നും കണ്ടില്ല. അവൾ പറഞ്ഞു.
“അമ്മച്ചീ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഈ കോളനീലു് അമ്മച്ചി ഇടപെട്ടിട്ടുള്ള ഒരു കാര്യോം കുഴപ്പത്തിലല്ലാതെ എത്തിയിട്ടില്ല. ഇനി ഇപ്പോ ഈ കാര്യം മാത്രം ശരിയാവുംന്നു് എന്താണുറപ്പു്? അമ്മച്ചി ഒരു ഭാഗത്തു് ഇരുന്നോ.”
“നീയെന്താ പെണ്ണേ അങ്ങനെ പറയണതു?”
“അമ്മച്ചി പറ ഏതു കാര്യാണു് അലമ്പല്ലാതായിട്ടുള്ളതു?”
അവർ ആലോചിച്ചു. പാറുകുട്ടി പറയുന്നതു് ശരിയായിരിക്കാം. പക്ഷേ, അതും വിചാരിച്ചു് അടങ്ങിയിരുന്നാൽ പറ്റുമോ? ഒരു ശുഭാപ്തി വിശ്വാസമൊക്കെ വേണ്ടേ മനുഷ്യന്മാർക്കു്?
“ഉച്ച തിരിഞ്ഞ സമയത്താത്രെ അയാള് വരാറ്. നമുക്കു് ഒരു മൂന്നു മണി നേരത്തു് ഒന്നത്രേടം പോയി നോക്കാം. ഭവാനി എന്തു ചെയ്വാന്നു് നോക്കാലോ.”
മൂന്നു മണിക്കു് പ്ലേസ്കൂളിന്റെ ഉത്തരവാദിത്വം ജോസഫേട്ടന്റെ അവിദഗ്ദ കരങ്ങളിൽ തത്ക്കാലം ഏല്പിച്ചു് ത്രേസ്യാമ്മയും അസിസ്റ്റന്റും പുറത്തിറങ്ങി. നിരത്തു് വിജനമായിരുന്നു. എവിടേയോ ഒരു പട്ടി ഓരിയിട്ടു. ഒരു കറുത്ത പൂച്ച അവരെ തുറിച്ചുനോക്കി ഓടിപ്പോയി. എവിടേയും ഒരു ഭീകരത തളം കെട്ടിക്കിടന്നു. രണ്ടു ഡിറ്റക്ടീവുകൾ പതറാതെ അടിവെച്ചു് അടിവെച്ചു് നീങ്ങി. ഭവാനിയുടെ വീടെത്താറായപ്പോൾ ത്രേസ്യാമ്മ പറഞ്ഞു.
“നീ മുമ്പിൽ നടക്കു് പാറുകുട്ടി.”
“വേണ്ടമ്മച്ചീ,” മുമ്പിൽ നടന്നു പരിചയമില്ലാത്ത പാറുകുട്ടി പറഞ്ഞു. “അമ്മച്ചി മുമ്പീ നടന്നാ മതി. ഞാൻ പിന്നാലെ വരാം”
ഗെയ്റ്റു കടന്നതോടെ ത്രേസ്യാമ്മയ്ക്കു് വരേണ്ടിയിരുന്നില്ലാ എന്നായി. ആകെ നിശ്ശബ്ദത. ഭവാനിയുടെ വീട്ടിൽ ഒരനക്കവുമില്ല. അടഞ്ഞുകിടന്ന കതകിനു മുമ്പിൽ അവർ സംശയിച്ചു നിന്നു. തിരിച്ചു പോയാലോ? അവസാനം ധൈര്യം സംഭരിച്ചു് വാതിൽക്കൽ മുട്ടാൻ തീരുമാനിച്ചു. കൈ പൊന്തിച്ചു് മുട്ടാൻ തയ്യാറെടുക്കുമ്പോഴാണതുണ്ടായതു്. വാതിൽ പെട്ടെന്നു തുറന്നു, മുമ്പിൽ കല്യാണിചേച്ചി നിൽക്കുന്നു, തലമുടിയെല്ലാം അലങ്കോലപ്പെട്ടു് ഒരു ഭ്രാന്തിയെപ്പോലെ. മുട്ടാതെത്തന്നെ തുറക്കുമെന്ന പ്രതീക്ഷയില്ലാത്തതുകൊണ്ടു് തിരിഞ്ഞോടാനായി ശ്രമിച്ച ത്രേസ്യാമ്മക്കു് അടിതെറ്റി. പിന്നിൽ പാറുകുട്ടി പിടിക്കാനുണ്ടായതുകൊണ്ടു് വീണില്ല എന്നു മാത്രം.
“കൊച്ചു ത്രേസ്യേ വാ, അവൻ വന്നിട്ടൊണ്ടു്.” അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഞാൻ ഉറങ്ങ്വാണ്ന്നു് കരുതി അവള്ടെ മുറീക്കേറീട്ട്ണ്ടു്, നീ പോയി നോക്കു്.”
ഇതുവരെ ഒക്കെ ശരി. മറ്റുള്ളവരുടെ മുറിയിൽ, പ്രത്യേകിച്ചും അവിടെ ഒരവിഹിതബന്ധം നടക്കുന്നുണ്ടെന്ന സംശയമുള്ളപ്പോൾ കയറിച്ചെല്ലുന്നതു് ആലോചിച്ചിട്ടു ചെയ്യേണ്ട ഒന്നാണു്. കയ്യിൽ ഒരു തോക്കില്ലാതെ പോയതു് കഷ്ടായി. ഒന്നും തീർച്ചയാക്കാനാവാതെ അവർ ഒരു കസേരയിലിരുന്നു. തൊട്ടടുത്തുതന്നെയിട്ട സോഫയിൽ ഭവാനിയുടെ മകൾ കിടന്നുറങ്ങുകയാണു്. മകളേയും അമ്മായിയമ്മയേയും ഉറക്കിക്കിടത്തി അവൾ കാമുകനുമായി രമിക്കുകയാണു് ! ത്രേസ്യാമ്മയുടെ സദാചാരബോധം ഉണർന്നു. ഒപ്പം തന്നെ ഭവാനിയുടെ ധൈര്യത്തിൽ കുറച്ചസൂയയും. അവർ എഴുന്നേൽക്കാൻ തുനിഞ്ഞു. അപ്പോഴാണു് പാറുകുട്ടി അവരുടെ ചെവിയിൽ മന്ത്രിച്ചതു്.
“അമ്മച്ചീ നമുക്കൊറ്റക്കു പോണ്ട. ഒന്നു രണ്ടു പെണ്ണുങ്ങളേം കൂടി കൂട്ടിപ്പോവാം. നമുക്കൊരു സാക്ഷിയാവൂലോ.”
ഒരിരുപതു വയസ്സുകാരിയിൽ നിന്നു് ഇത്രയും പക്വത ആരും പ്രതീക്ഷിക്കില്ല. എന്നാൽ അതെല്ലാം ഇപ്പോഴത്തെ ടി. വി. സംസ്കാരത്തിന്റെ ഒരു നല്ല വശമായി കാണണം. ത്രേസ്യാമ്മക്കു് എന്തായാലും നല്ല മതിപ്പായി. കുറ്റാന്വേഷണത്തിൽ ഒപ്പം കൊണ്ടു നടക്കാൻ പറ്റിയ ആൾ തന്നെ.
“നമുക്ക്ന്നാൽ പത്തുമുറീലെ നളിനീം, ദേവകീം വിളിക്കാം.”
അവർ പുറത്തിറങ്ങി. ത്രേസ്യാമ്മ ചോദിച്ചു.
“നീയിതു് ഏതു സീരിയലിയാണു് കണ്ടതു് പാറുകുട്ടീ?”
“ഏതു്, അമ്മച്ചീ?”
“ഈ സാക്ഷികളെണ്ടാക്കണംന്നൊക്കെ.”
“ഒരു സിനിമേലു് കണ്ടതാ.”
“അപ്പോ ഞാനെന്താ അതു് കാണാതിരുന്നതു?”
“ഉച്ചക്കാണു്, അമ്മച്ചി ഒറങ്ങ്വായിരുന്നു.”
അപ്പോൾ താൻ ഉറങ്ങുന്ന സമയത്തൊക്കെ ഈ കൊച്ചു് തന്റെ അറിവിന്റെ സീമ വർദ്ധിപ്പിക്കയായിരുന്നു.
പത്തു മിനിറ്റിന്നുള്ളിൽ അവർ തിരിച്ചു വന്നപ്പോൾ ഒപ്പമുണ്ടായിരുന്നതു് നളിനിയും ദേവകിയും മാത്രമല്ല ആ കോളനിയിൽ പകൽ സമയത്തു് അവശേഷിക്കാറുള്ള സകല സ്ത്രീജനങ്ങളുമായിരുന്നു. ഒരു സ്ത്രീയുടെ പേരു് നശിപ്പിക്കാൻ ജീവിതത്തിൽ അപൂർവം കിട്ടുന്ന സന്ദർഭമാണു്. അവർ ഒരു ജാഥയായി ഗെയ്റ്റു കടന്നു വന്നു.
ഇത്രയും ജനങ്ങളെ തള്ളയും പ്രതീക്ഷിച്ചിരുന്നില്ല. അവർ ഇരച്ചു കയറിയപ്പോൾ തള്ള പരിഭ്രമിച്ചു. അവർ പറഞ്ഞു.
“ഇതെന്താണു് കൊച്ചുത്രേസ്യേ ഇത്രീം പേരെ കൊണ്ടുവന്നിരിക്കണതു?”
“ചേച്ചീ, അവൻ പോയോ?” ത്രേസ്യാമ്മ ചോദിച്ചു.
“ആരു്?”
“അവനേയ്, ആ തുന്നക്കാരൻ?”
“അവൻ പോയി.”
“ഏതു വഴിക്കാണു് പോയതു് ചേച്ചീ?” ത്രേസ്യാമ്മയുടെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു.
“അവൻ ജനലിക്കൂടെ വന്നു, ജനലിക്കൂടെ പറന്നുപോയി.” അതും പറഞ്ഞു് അവർ ചിരിക്കാൻ തുടങ്ങി. അവർ ചൂണ്ടിക്കാട്ടിയ ജനൽ ഗ്രില്ലുള്ളതാണു്, മനുഷ്യനു പോയിട്ടു് ഒരു പൂച്ചക്കു് കഷ്ടിച്ചു കടക്കാൻ പറ്റും. കൂടിയിരുന്ന സ്ത്രീജനങ്ങളെല്ലാം മുഖത്തോടു മുഖം നോക്കി. നളിനിയാണു് ആദ്യം പറഞ്ഞതു്.
“എന്റെ ആന്റീ, ഈ ചിന്നൻ പിടിച്ച തള്ള പറഞ്ഞതു കേട്ടു് ആന്റിയല്ലാതെ ഈ പരാക്രമൊക്കെ കാണിക്ക്യോ?”
തുടർന്നു് ഓരോരുത്തരായി ത്രേസ്യാമ്മയെ കുത്താൻ തുടങ്ങി. എല്ലാവരും കൂടി ശബ്ദിക്കുന്ന ബഹളം കേട്ടു് ഭവാനി അകത്തുനിന്നു് തളത്തിലേയ്ക്കു് കടന്നു വന്നു. ഇത്രയും പേരെ ഒന്നിച്ചു കണ്ടപ്പോൾ അവൾ പരിഭ്രമിച്ചു. അവൾ ചോദിച്ചു. “എന്തു പറ്റീ?”
ത്രേസ്യാമ്മ ഭവാനിയെ പഠിക്കുകയായിരുന്നു. തലമുടി ഉലഞ്ഞിട്ടാണു്. ബ്ലൗസിന്റെ കുടുക്കുകൾ പലതും വിട്ടുകിടക്കുന്നു. സാരി ധൃതിയിൽ വാരിവലിച്ചു കയറ്റിയതാണെന്നു് വ്യക്തം. പ്രതി കുറ്റം നടന്ന സ്ഥലത്തുനിന്നു നേരിട്ടു വരികയാണെന്നു് അവരുടെ അപസർപ്പക ഹൃദയം മന്ത്രിച്ചു.
“എന്തു പറ്റീ?” ഭവാനി വീണ്ടും ചോദിച്ചു.
“ഈ ചിന്നൻ തള്ള പറേണ കേട്ടിട്ടു് ഓരോരുത്തരു് എറങ്ങും…”
അതു തുടക്കം മാത്രമായിരുന്നു. പിന്നെ ഓരോരുത്തരായി ത്രേസ്യാമ്മയെ കുറ്റപ്പെടുത്തുവാൻ തുടങ്ങി. ഭവാനി ത്രേസ്യാമ്മയുടെ അടുത്തുവന്നു ചോദിച്ചു.
“ആന്റി ഈ തള്ള പറേണതൊക്കെ വിശ്വസിച്ചുവോ?”
ത്രേസ്യാമ്മ ഒന്നും പറഞ്ഞില്ല.
“അമ്മ അല്ലെങ്കിലും കുറച്ചു കാലായിട്ടു് അങ്ങനാ. ഒരോ കാലത്തു് ഓരോരുത്തരുടെ പേരു് കൂട്ടി എന്നെ കുറ്റം പറയും. ആദ്യമൊക്കെ ഒരു തുണിക്കച്ചോടക്കാരനായിരുന്നു. പിന്നെ അതു മാറി ഒരു ഡോക്ടറായി. ഇപ്പോ കൊറച്ചു ദെവസായിട്ടു് ഒരു തയ്യൽക്കാരന്റെ കാര്യം പറഞ്ഞോണ്ടാ വരുന്നേ. എന്റെ നിർഭാഗ്യത്തിനു് കഴിഞ്ഞ ആഴ്ച തയ്യൽക്കാരൻ തയ്ച ബ്ലൗസ് കൊണ്ടുതരാൻ വന്നിരുന്നു. നാലു പ്രാവശ്യം എന്നെ നടത്തീതാ അയാള്. ഇനി അതിനുവേണ്ടി അയാള്ടെ കടേലു് പോവില്ലാന്നു് പറഞ്ഞതാ. അതോണ്ടാ അയാള് ഇവിടെ കൊണ്ടവന്നു തന്നതു്. അമ്മ പറേണതൊക്കെ ചേട്ടൻ അറിഞ്ഞാൽ ശരിയായി. തള്ളേടെ ചിന്നൻ തൊടങ്ങീട്ടു് കൊറച്ചു കാലായി. ഞാനെന്താ ചെയ്യാ?”
ജനക്കൂട്ടത്തിൽ നിന്നു് അനുകമ്പയുടെയും ആർദ്രതയുടേയും ശബ്ദങ്ങൾ പൊങ്ങി. ഇപ്പോൾ എല്ലാ കണ്ണുകളും കുറ്റത്തിന്റെ മൂർച്ചയുള്ള ആയുധങ്ങളായി ത്രേസ്യാമ്മയുടെ നേർക്കു നീണ്ടു.
“ഞാൻ ഉച്ചക്കു് ഒന്നു് നടു നീർത്തീതാ. അപ്പോഴാണു് ഇങ്ങോട്ടു് വലിച്ചു കൊണ്ടുവന്നതു്.” ആരോ പറഞ്ഞു. എന്റീശോയേ! ത്രേസ്യാമ്മ അദ്ഭുതപ്പെട്ടു. താൻ നളിനിയേയും ദേവകിയേയും മാത്രമേ വിളിച്ചുള്ളു. മറ്റുള്ളവരെല്ലാം നടക്കാൻ പോകുന്ന മാമാങ്കം കണ്ടു് രസിക്കാൻ എത്തിയവരായിരുന്നു. അവരെല്ലാം നിരാശരായിരിക്കുന്നു.
“ആന്റിക്കു് സംശയമുണ്ടെങ്കിൽ എന്റെ മുറീലു് പോയിനോക്കു്.”
ഇതിനകം നളിനിയും പാറുകുട്ടിയും പറയാതെത്തന്നെ ഭവാനിയുടെ കിടപ്പറയിൽ പോയിനോക്കി തിരിച്ചു വന്നിരുന്നു.
“നമുക്കു് പോവാം.” ആരോ പറഞ്ഞു. ഓരോരുത്തരായി പോകാൻ തുടങ്ങി. ഭവാനി ത്രേസ്യാമ്മയോടു പറഞ്ഞു.
“ആന്റി ചായകുടിച്ചിട്ടു പോവാം.”
“വേണ്ട ഭവാനി, ചായയുടെ നേരായിട്ടില്ല. ഞങ്ങള് ഇറങ്ങട്ടെ. നീയ് ഒന്നും വിചാരിക്കരുതു് കേട്ടൊ.”
“ഏയ്, എന്താ ആന്റി അങ്ങിനെ പറേണതു?”
ത്രേസ്യാമ്മ പോകാനായി തിരിഞ്ഞു. അപ്പോഴും തള്ള പറയുകയാണു്. “ഞാങ്കണ്ടതാ, അയാള് ജനലീക്കൂടെ വന്നു, ജനലീക്കൂടെ പോയി…”
തിരിഞ്ഞുനിന്നു് നാലു വാക്കു പറയാൻ തുടങ്ങിയ ത്രേസ്യാമ്മയെ പിടിച്ചു വലിച്ചുകൊണ്ടു് പാറുകുട്ടി പുറത്തുകടന്നു. നിരത്തിൽ അപ്പോഴും സ്ത്രീജനങ്ങൾ കൂട്ടമായി നിന്നിരുന്നു. തന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്ന സ്ത്രീജനത്തെ നേരിടാൻ വയ്യാതെ ത്രേസ്യാമ്മ തലയും താഴ്ത്തി നടന്നു. സ്വന്തം വീടെത്താറായപ്പോൾ അവർ പറഞ്ഞു. “പാറുകുട്ടീ, തിരിഞ്ഞു നോക്കണ്ട, അവരു് അവ്ടെത്തന്നെയൊണ്ടു്.”
ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ജോസഫേട്ടൻ പറഞ്ഞു.
“ഞാൻ ആദ്യമേ പറഞ്ഞില്ലേ, ഇതിനൊന്നും പോണ്ടാന്നു്.”
കർത്താവേ, ഇതിയാൻ പറയുന്നതു കേട്ടാ. എന്നോടു് പോയി അന്വേഷിക്കാനാ അച്ചായൻ പറഞ്ഞതു്. ഇപ്പോ കാര്യങ്ങള് നല്ല പന്തിയല്ലാന്നു് കണ്ടപ്പോ പറേണതു് കേട്ടില്ലേ.
അച്ചായൻ അങ്ങിനെത്തന്നെയായിരുന്നു. ഒരു ബ്രാൽ മീനിനെപ്പോലെയാണു്. പിടിക്കാൻ കിട്ടില്ല, തെന്നിത്തെന്നി മാറും. അവർ ഒരു കസേരയിൽ ഇരുന്നു. “പാറുകുട്ടീ, എനിക്കു കുറച്ചു വെള്ളം കുടിക്കാൻ കൊണ്ടുവാ.”
വെള്ളം കുടിച്ചുകൊണ്ടിരിക്കെയാണു് അച്ചായന്റെ കണ്ണട ത്രേസ്യാമ്മയുടെ കണ്ണിൽ പെടുന്നതു്. അവർ പറഞ്ഞു.
“എന്റെ കണ്ണു് ടെസ്റ്റ് ചെയ്യാൻ നാളെത്തന്നെ പോണം. കണ്ണു് വല്ലാതെ മോശായിരിക്കുന്നു. ജോമോൻ വരണവര്യൊന്നും കാത്തിരിക്കാൻ വയ്യ.”
“നെന്റെ കണ്ണു് മോശാന്നു് ഞാൻ പണ്ടേ പറയാറില്ലേ കൊച്ചു ത്രേസ്യ. എന്നെ കല്യാണം കഴിച്ചപ്പോഴേ എനിക്കറിയായിരുന്നു. നീ സമ്മതിച്ചുതരാത്തതല്ലെ. നാളെത്തന്നെ ഡോക്ടറുടെ അടുത്തുപോവാം.”
ത്രേസ്യാമ്മ ജോസഫേട്ടന്റെ കണ്ണടയെടുത്തു വെച്ചുനോക്കി. പെട്ടെന്നു് അവർക്കു് അവരുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ല. ദൂരെയുള്ള വസ്തുക്കളെല്ലാം വളരെ വ്യക്തമായി, തെളിമയോടെ കാണുന്നു. വാതിലിനു പുറത്തു് തോട്ടത്തിൽ വിരിഞ്ഞു നില്ക്കുന്ന കാശിത്തുമ്പപ്പൂക്കളിൽ വന്നിരുന്നു് തേൻ ആസ്വദിച്ചു കുടിക്കുന്ന പൂമ്പാറ്റയുടെ ചിറകിലെ ചിത്രപ്പണികൾകൂടി വ്യക്തം. അപ്പോൾ താൻ കാണുന്നതൊന്നുമായിരുന്നില്ല ലോകം. അവർ ഖേദത്തോടെ പറഞ്ഞുപോയി. അവർ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. ലോകം ഒരു പുതിയ കണ്ണുകളിൽക്കൂടി നോക്കിക്കാണുകയാണു്. നടന്നു് നടന്നു് അവർ വീടിന്റെ പിന്നിലെത്തി. കോഴിക്കൂടിന്നടുത്തു് മദ്ധ്യാഹ്നച്ചൂടിൽ ഉറക്കം തൂങ്ങുന്ന കോഴി എന്തു ഭംഗിയാണു്! ത്രേസ്യാമ്മയെ കണ്ടപ്പോൾ കോഴി എഴുന്നേറ്റു് പരിചയമില്ലാത്തപോലെ നോക്കി.
പെട്ടെന്നു് അവരുടെ കണ്ണുകൾ അയൽ വീട്ടിലേക്കുപോയി. ഭവാനിയുടെ വീട്ടിന്റെ ടെറസ്സിൽ ആൾപ്പെരുമാറ്റം കണ്ടപോലെ തോന്നി. നോക്കുമ്പോൾ അവിടെ ഭവാനി നില്ക്കുന്നുണ്ടു്. നില്ക്കുകയല്ല കുനിഞ്ഞുനിന്നു് ടെറസ്സിലെ മുറിയുടെ പൂട്ടു് തുറക്കുകയോ അടക്കുകയോ ആണു്. ആ മുറിയിൽ അല്ലറചില്ലറ സാധനങ്ങളാണു് വെക്കാറ്. പൂട്ടു തുറന്നപ്പോൾ തുറന്ന മുറിയിൽ നിന്നു് ഒരാൾ പുറത്തുവന്നു, ഭവാനിയോടു് എന്തോ അടക്കിപ്പറഞ്ഞു് ധൃതിയിൽ മറുഭാഗത്തു് പോയിമറഞ്ഞു.
ആ തുന്നക്കാരനെ ത്രേസ്യാമ്മയ്ക്കു് അറിയാമായിരുന്നു. അവർ തരിച്ചുനിന്നു. ഭവാനിയുടെ വീട്ടിൽവെച്ചും, തിരിച്ചു വരുമ്പോൾ വഴിയിൽവച്ചും ഉണ്ടായ അപമാനങ്ങൾ ഇരട്ടി ശക്തിയോടെ അവർക്കു് വീണ്ടും അനുഭവപ്പെട്ടു. അവർ കണ്ണട ഊരിയെടുത്തു, സാവധാനത്തിൽ ഉമ്മറത്തേയ്ക്കു നടന്നു. ജോസഫേട്ടൻ ടി. വി.-യിൽ പരിപാടി കാണുകയാണു്. കണ്ണട കൊടുത്തു് ത്രേസ്യാമ്മ ഒരു കസേരയിലിരുന്നു. കണ്ണട വാങ്ങി മൂക്കിൽ ഫിറ്റു ചെയ്തു് ടിവി സ്ക്രീനിലേയ്ക്കു തിരിയുമ്പോഴാണു് അദ്ദേഹം ഭാര്യയുടെ പരവശമായ മുഖം കാണുന്നതു്. ജോസഫേട്ടൻ ചോദിച്ചു.
“എന്തു പറ്റീ കൊച്ചു ത്രേസ്യേ?”
“ഒന്നുംല്യ.” അവർ ശാന്തയായി പറഞ്ഞു. “ഞാൻ നാളെ ഡോക്ടറുടെ അടുത്തേയ്ക്കു് വരുന്നില്ല. എനിക്കു് തല്ക്കാലം കണ്ണട വേണ്ട.”
അവർ എഴുന്നേറ്റു് അകത്തേയ്ക്കുപോയി. കുരിശിൽ തറയ്ക്കപ്പെട്ട ദൈവപുത്രന്റെ മുമ്പിൽ അവർ മുട്ടുകുത്തി.
“കർത്താവേ ഇതു കാണാനായിരുന്നോ എനിക്കു് അച്ചായന്റെ കണ്ണട ഇടാൻ തോന്നിച്ചതു?”
ഒരു നല്ല പുൽത്തകിടിയുണ്ടാക്കാൻ ഒരു നൂറ്റാണ്ടു് വേണമെന്നു് ജോസഫേട്ടൻ എവിടെയൊ വായിച്ചിട്ടുണ്ടു്. ശരിയായിരിക്കാം. പക്ഷേ, താൻ ഒരു പുൽത്തകിടിയുണ്ടാക്കാൻ പോകുന്നു. ഈ വിവരം ജോസഫേട്ടൻ പ്രഖ്യാപിച്ചു.
പ്രാതലിന്റെ സമയമാണു്. തെളിഞ്ഞ പ്രഭാതം. ഇടിയപ്പവും മുട്ടക്കറിയുമാണു് മേശപ്പുറത്തു്. ജോസഫേട്ടനു് വളരെ ഇഷ്ടമുള്ള ഭക്ഷണസാധനമാണു്. ഒരുവിധ പരാതിക്കും ഇടയില്ല. പിന്നെ ഇതു പറയാൻ മാത്രം എന്തു് പ്രകോപനമാണു് താനുണ്ടാക്കിയതെന്നു് ത്രേസ്യാമ്മ ആലോചിച്ചു.
“മുറ്റത്തു് രണ്ടു വശത്തുമായി ഓരോ പുൽത്തകിടി. ഇംഗ്ലീഷിൽ ലാണെന്നു് പറയും. അതിനു ചുറ്റും തോട്ടച്ചീരകൊണ്ടു് ബോർഡറിട്ടാൽ നന്നായിരിക്കും.”
സംഗതി മുഴുവൻ പിടികിട്ടിയില്ലെങ്കിലും ജോസഫേട്ടൻ പറയുന്നതു കേട്ടപ്പോൾ നന്നായിരിക്കുമെന്നു് ത്രേസ്യാമ്മയ്ക്കു തോന്നി. പക്ഷേ, ഐഡിയ ജോസഫേട്ടന്റേതായതുകൊണ്ടു് എതിർക്കാതിരിക്കാൻ വയ്യ. മൂപ്പത്തിയാർ അങ്ങിനെയാണു്. ജോസഫേട്ടൻ പറയുന്നതെല്ലാം എതിർക്കുക. താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അതേപടി നടപ്പിലാക്കുക. അവർ പറഞ്ഞു.
“അതൊന്നും വേണ്ട. മുറ്റത്തു് അല്ലെങ്കിലേ സ്ഥലല്യ. ഇനി ഇങ്ങനെ ഒരോന്നൂടെ കൊണ്ടുവച്ചാൽ ശര്യാവില്യ.”
ജോസഫേട്ടന്റെ മനസ്സിൽ രാവിലെ നടക്കാൻ പോകുമ്പോൾ കണ്ട ദൃശ്യം പച്ചപിടിച്ചു് നിൽക്കുകയാണു്. കുറെക്കാലത്തിനു ശേഷം ഇന്നാണു് വഴിവക്കത്തുള്ള ആ ബങ്കളാവിന്റെ ഗെയ്റ്റ്തുറന്നു കണ്ടതു്. ഗെയ്റ്റ് കടന്ന ഉടനെ കാറു പോകാനുള്ള വഴിക്കു് ഇരുവശവും ഇളംപച്ച കാർപെറ്റു വിരിച്ചിട്ടപോലെ പുൽത്തകിടി. സമനിരപ്പല്ല. കൊച്ചു കുന്നുകളും താഴ്‌വരകളും സമതലപ്രദേശങ്ങളും. ഒരഞ്ചുമിനിറ്റുനേരം, തോട്ടക്കാരൻ വന്നു് എന്താണു് കാര്യമെന്നന്വേഷിക്കുന്നവരെ, അന്തം വിട്ടു് നിന്നുപോയി ജോസഫേട്ടൻ.
അത്രയൊന്നും വേണ്ട. അതിന്റെ ഒരു ചെറിയ പതിപ്പെങ്കിലും ഉണ്ടാക്കണം. തോട്ടക്കാരനിൽ നിന്നു് പുൽത്തകിടിയുണ്ടാക്കാനുള്ള ടെക്നോളജി പഠിച്ചു വച്ചിരുന്നു ജോസഫേട്ടൻ. അദ്ദേഹത്തിന്റെ മനസ്സിൽ മുറ്റത്തു് ഇരുവശത്തുമായി ഒരു പുൽത്തകിടി ഉണ്ടായിക്കഴിഞ്ഞിരുന്നു. കൊച്ചു കുട്ടികൾ അതിൽ ഓടിക്കളിക്കുന്നതും തലകുത്തിമറയുന്നതും കണ്ടു. ഉച്ച കഴിഞ്ഞാൽ പടിക്കലുള്ള മൂവാണ്ടൻമാവിന്റെ തണലുമുണ്ടാകും.
“പുല്ലു് നഴ്സറീലു് കിട്ടും. ഇന്നു തന്നെ പോയി വാങ്ങണം.”
“ഇനി അതിനുകൂട്യേ പണം ചെലവാക്കേണ്ടു. നിങ്ങ ഒരു ഭാഗത്തിരി.”
മനുഷ്യരായാൽ കുറച്ചെങ്കിലും ഭാവന വേണം. ജോസഫേട്ടൻ കരുതി.
“നടുവിലായി ഒരു ചെറിയ ഫൗണ്ടൻ വെക്കണം. നല്ല രസംണ്ടാവും.”
“ഇനി അത്മ്മലായി. ഞാൻ പറഞ്ഞേക്കാം, ഇങ്ങിനെ അതിനും ഇതിനും ഒന്നും പണം ചെലവാക്കല്ലെ. നല്ല ഒരു മുണ്ടു് വാങ്ങാൻ പറഞ്ഞാൽ കേക്കില്ല. കീറിയതു് ഇട്ടോണ്ടു് നടക്കും. ഇങ്ങിനെ ഒരോ കാര്യത്തിനു് എത്രയാ ചെലവാക്ക്വാ.”
കുറച്ചെങ്കിലും ഭാവന. ജോസഫേട്ടൻ വിചാരിച്ചു അതു് ഈ സ്ത്രീയുടെ മനസ്സിൽ വിരിയില്ല.
“ഇനി വല്ലതും പറഞ്ഞാൽ എനിക്കു് ഭാവനയില്ല എന്നൊക്കെ പറയും” ത്രേസ്യാമ്മ പറഞ്ഞു.
“അതിനു് കൊച്ചുത്രേസ്യേ ഞാനൊന്നും പറഞ്ഞില്ലല്ലൊ.”
ജോസഫേട്ടൻ ഒന്നും പറഞ്ഞിരുന്നില്ല. ത്രേസ്യാമ്മയുടെ മുൻകൂർ ജാമ്യം തേടലായിരുന്നു അതു്.
“അല്ല നിങ്ങളിനി പറയാൻ പോണതു് അതല്ലെ?”
“നീയെന്തു പറഞ്ഞാലും ശരി, ഞാനത്ണ്ടാക്കാൻ തീർച്ചയാക്കിക്കഴിഞ്ഞു.” ജോസഫേട്ടൻ എഴുന്നേറ്റു.
ത്രേസ്യാമ്മ ഒഴിഞ്ഞ ചായപ്പാത്രവുമായി അടുക്കളയിലേക്കു് പോയി.
“നീ കേട്ടോടി പാറുക്കുട്ടി, അതിയാൻ മുറ്റത്തു് ഏതാണ്ടൊക്കെണ്ടാക്കാൻ പോണു. വല്ല കാര്യംണ്ടോ? ഞാൻ പറഞ്ഞാൽ ഒരു വെലേംല്ല്യ. ഇനി അതിനും കുറെ പണം ചെലവാക്കും.”
ഭാര്യയും ഭർത്താവും കൂടിയുള്ള ഡയലോഗ് പാറുക്കുട്ടിയും ശ്രദ്ധിച്ചിരുന്നു. അവൾ പറഞ്ഞു.
“അമ്മച്ചീടെ പ്രശ്നം എന്താന്നറിയോ. ക്ഷമല്ല്യായ. ജോസഫേട്ടൻ എന്തെങ്കിലും പറേമ്പോഴേക്കും അമ്മച്ചി എതിരു പറയും. അപ്പൊ ജോസഫേട്ടനു് വാശി കയറും. അതല്ലെങ്കി ജോസഫേട്ടൻ അതൊന്നും ചെയ്യണ്ടാവില്ല്യ.”
പാറുക്കുട്ടി പറഞ്ഞതു് ശരിയായിരുന്നു. ജോസഫേട്ടൻ എന്തെങ്കിലും പറയുമ്പോൾ അതിനോടു് അനുകൂലമായി പ്രതികരിച്ചാൽ മതി. അതിനെപ്പറ്റി വിശദമായി താൽപര്യത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കെ പോരായ്മകളെപ്പറ്റി, ചതിക്കുഴികളെപ്പറ്റി, ജോസഫേട്ടനുതന്നെ ബോദ്ധ്യമാവും. മിക്കവാറും ആ പരിപാടി വേണ്ടെന്നു് സ്വയം തീരുമാനിക്കുകയും ചെയ്യും. മറിച്ചു് ത്രേസ്യാമ്മയുടെ എതിർപ്പു് വരുമ്പോഴേ വാശി കയറുകയും അതോടെ യുക്തി തട്ടിൻപുറത്തു് കയറുകയും ചെയ്യും. ചെയ്യണമെന്നു് വലിയ നിർബന്ധമില്ലാത്ത കാര്യങ്ങൾ കൂടി ചെയ്യുകയും ചെയ്യും. കാര്യമെന്തായാലും ശരി, ഉമ്മറത്തു വന്നു നോക്കിയ ത്രേസ്യാമ്മ കണ്ടതു് തൂമ്പയുമേന്തി വരണ്ടമണ്ണിൽ പൊരുതുന്ന ജോസഫേട്ടനെയാണു്. ഉച്ചയോടെ മുറ്റത്തിന്റെ രണ്ടു ഭാഗത്തും മണ്ണു് നിരപ്പാക്കി തടമുണ്ടാക്കി. ഉച്ചയ്ക്കു് ഊണുകഴിഞ്ഞ ഉടനെ പുറത്തിറങ്ങിയ ജോസഫേട്ടൻ തിരിച്ചുവന്നതു് നാലുമണിയോടെയാണു്. കൈയിലുണ്ടായിരുന്ന ചാക്കു് നിലത്തുവെച്ചു് അദ്ദേഹം ചുറ്റും നോക്കി. ഉണ്ടു് എല്ലാവരും ഉണ്ടു്. ചാക്കു് അഴിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും വലിയ പ്രതീക്ഷകളോടെ അടുത്തുകൂടി. ത്രേസ്യാമ്മ, പാറുക്കുട്ടി, ഉറക്കം കഴിഞ്ഞെഴുന്നേറ്റ കൊച്ചു കുട്ടികൾ, പോരാത്തതിനു് ത്രേസ്യാമ്മയുടെ കോഴിയും. ഒരു മാന്ത്രികൻ തൊപ്പിയിൽ നിന്നു് മുയലിനെ എടുക്കുന്ന ലാഘവത്തോടെ അദ്ദേഹം ആ ചാക്കു് മുറ്റത്തു് കൊട്ടി. എന്തോ അത്ഭുതം കാണാനായി നിന്ന കാണികളുടെ മുഖം മങ്ങി. കുറേ പുല്ലു മാത്രം. വേരുകളും മണ്ണും കലർന്ന പുല്ലിന്റെ ഒരുണ്ട. പരവതാനി പോലെ എന്തോ ഒരു സാധനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു ത്രേസ്യാമ്മ.
“ഇതെന്താ അപ്പൂപ്പൻ കൊറെ പുല്ലും മണ്ണും കൊണ്ടന്നിരിക്കണതു?” കുട്ടികളിലാരോ പറഞ്ഞു.
ആർക്കും ബോധിച്ചിട്ടില്ലെന്നു് ജോസഫേട്ടനു് മനസ്സിലായി. അദ്ദേഹം പറഞ്ഞു
“നൂറ്റിയിരുപത്തഞ്ചു രൂപേടെ മൊതലാ ഇക്കെടക്കണതു്.”
ആർക്കും ഒരു മതിപ്പുണ്ടായില്ല. ഓരോരുത്തരായി സ്ഥലം വിടുകയാണു്.
“എനിക്കു് അടുക്കളേലു് ജോലീണ്ടു്.” ത്രേസ്യാമ്മ നടന്നുകൊണ്ടു് പറഞ്ഞു.
“അയ്യോ ഞാൻ അടുപ്പത്തു് പാലു് വെച്ചിട്ടുണ്ടു്.” പാറുക്കുട്ടി ഓടിപ്പോയി.
കുട്ടികളും കളിക്കാനായി ഓടിപ്പോയി. കോഴി മാത്രം മുന്നോട്ട് വന്നു് കാലുകൊണ്ടു് ചിക്കി വല്ല മണ്ണിരയും ഉണ്ടോ എന്നു് കുറച്ചുനേരം പരതിനോക്കി. അവസാനം അതും നിരാശയോടെ തല വെട്ടിച്ചു് നടന്നകന്നു. താനും മുമ്പിലെ പുല്ലുണ്ടയും ചുറ്റുമുള്ള ഏകാന്തതയും മാത്രം. ജോസഫേട്ടൻ ജോലി ചെയ്യാനിറങ്ങി.
“നീ കണ്ടോടി വാങ്ങിച്ചുകൊണ്ടോന്നിരിക്കണതു? നൂറ്റിരുപത്തഞ്ചു രൂപേയ്.” ത്രേസ്യാമ്മ മൂക്കത്തു് വിരൽ വെച്ചുകൊണ്ടു് പറഞ്ഞു.
“ആ അമ്മച്ചീ, ഒരഞ്ചു രൂപ തന്നാൽ ഞാൻ ഇതിലുമധികം പുല്ലു് വെട്ടിക്കൊണ്ടു വരാം.”
“ഞാൻ പറഞ്ഞാൽ കേക്കുമോ അച്ചായൻ? ഇനി എത്ര രൂപയാ തൊലക്ക്യാന്നു് കണ്ടറിയണം.”
“ശര്യാ അമ്മച്ചി.” ജോസഫേട്ടന്റെ പെർഫോമൻസിൽ അവൾക്കുണ്ടായ ഇച്ഛാഭംഗം ആ ശബ്ദത്തിൽ നിഴലിച്ചിരുന്നു. പൊതുവേ വലിയ കുഴപ്പമില്ലാത്ത ആളായിരുന്നു. ഇന്നെന്തു പറ്റിയാവോ. ആരോ ജോസഫേട്ടനിട്ടു വെച്ചതാണെന്നു തോന്നുന്നു.
വൈകുന്നേരമായപ്പോഴേക്കും എല്ലാം നട്ടു കഴിഞ്ഞിരുന്നു. വാടി ഉണങ്ങിയ പുല്ലിൻതുമ്പുകൾ നനഞ്ഞ മണ്ണിൽ ഒട്ടിക്കിടക്കുന്നതു് ത്രേസ്യാമ്മ അതിലും വാടിയ മുഖത്തോടെ നോക്കിനിന്നു. പാവം അച്ചായനു് എന്തോ തെറ്റു പറ്റിയതുതന്നെയാണു്. അച്ചായന്റെ പല വകതിരിവില്ലായ്മകളിലൊന്നായി അവർ ഇതിനേയും തള്ളി. ജോസഫേട്ടൻ വളരെ കൃത്യമായി രണ്ടു നേരം ഹോസെടുത്തു് നനയ്ക്കും. ത്രേസ്യാമ്മ നോക്കുമ്പോൾ തടത്തിലൊന്നും കാണില്ല. ഉള്ള പുല്ലെല്ലാം ഉണങ്ങിപ്പോയിരിക്കുന്നു. അവർ അടുക്കളയിലേക്കോടി പാറുക്കുട്ടിയോടു് പറയും.
“അതിയാൻ ഹോസെടുത്തു് നനക്കുന്നുണ്ടു്. തടത്തിലൊന്നും കാണുന്നില്ല. എന്താണ്ടു് പൊട്ടിമുളച്ചു വരുംന്ന്ള്ള മട്ടിലാണു് നന.”
ജോസഫേട്ടന്റെ ബുദ്ധിശൂന്യതയിൽ രണ്ടുപേരും പരിതപിക്കും. അങ്ങിനെ ഒരു പത്തു ദിവസം കഴിഞ്ഞു കാണും. അച്ചായൻ എന്നും രണ്ടു നേരം നനയ്ക്കും. ഇടയ്ക്കു് വളർന്നുവരുന്ന മുത്തങ്ങപ്പുല്ലുകളും മറ്റു കളകളും പിഴുതെറിയും. ഒരു ദിവസം മുറ്റത്തു നടക്കുമ്പോൾ ത്രേസ്യാമ്മയുടെ കണ്ണുകൾ ഈർപ്പമുള്ള തടത്തിൽ ചെന്നു പെട്ടു. തടത്തിൽ നിറയെ എന്തോ ജന്തുക്കൾ ഇഴയുന്നപോലെ തോന്നി നോക്കിയതാണു്. അടുത്തു ചെന്നു നോക്കി. തേളിനെപ്പോലെ എന്തോ ജന്തുക്കൾ. കുറച്ചുകൂടി അടുത്തുചെന്നു നോക്കിയപ്പോഴാണു് മനസ്സിലായതു്, അവ ജന്തുക്കളല്ല പുല്ലിന്റെ മുളകളാണെന്നു്. നിറയെ മുളകൾ വന്നിരിക്കുന്നു. അവർ കൌതുകപൂർവം, വാൽസല്യപൂർവം ആ മുളകളെ നോക്കി. ഉണങ്ങിയെന്നു കരുതിയിരുന്ന പുൽത്തണ്ടുകൾ മഞ്ഞച്ചു കിടന്നു. അവയുടെ ഏണുകളിൽ നിന്നു് ശക്തിയായ മുളകൾ പൊട്ടിവരുന്നു, കൊച്ചുകിടാങ്ങളെപ്പോലെ. ജീവന്റെ ശക്തമായ കുതിപ്പു്. മുന്നേറ്റം. അതു ത്രേസ്യാമ്മയെ കീഴടക്കി. അതിൽപ്പിന്നെ മുറ്റത്തിറങ്ങുമ്പോഴെല്ലാം അവർ തടങ്ങൾക്കരികിൽ കുറച്ചുനേരം ഇരിയ്ക്കുക പതിവായി. അവർ പാറുക്കുട്ടിയെ വിളിച്ചു് കാണിച്ചുകൊടുക്കുകയയും ചെയ്തു.
ഇതിനിടയിൽ ജോസഫേട്ടൻ പുൽത്തകിടിയിലെ ഒരു കൊച്ചു കുന്നിന്മേൽ ഒരു ചെറിയ ജലധാരയും ഉണ്ടാക്കിയിരുന്നു. ജലധാരയിൽനിന്നുള്ള വെള്ളം കുന്നിന്റെ ഓരത്തുകൂടെ കൊച്ചരുവിയായി താഴോട്ടൊഴുകിവരുന്നു. ത്രേസ്യാമ്മയുടേയും പാറുകുട്ടിയുടേയും കണ്ണു തള്ളിപ്പോയി. അച്ചായന്റെ കൈയിൽ കോപ്പുണ്ടെന്നു് അവർ സമ്മതിച്ചു. നോക്കിക്കൊണ്ടിരിക്കെ പുൽത്തലപ്പുകൾ പടർന്നു. ഇളംപച്ച നിറത്തിൽ ഒരു പരവതാനിയൊരുക്കുവാൻ ഏറെ ദിവസങ്ങൾ വേണ്ടിവന്നില്ല. വൈകുന്നേരങ്ങളിൽ കുട്ടികൾക്കു് അതിനുമേൽ വെറുതെ നടക്കാനുള്ള അനുവാദം കൊടുത്തു ജോസഫേട്ടൻ. കളിക്കാറായിട്ടില്ല, ഒന്നുകൂടി ഉറയ്ക്കണം.
കുറച്ചു ദിവസത്തേക്കു് ജോസഫേട്ടന്നു് നല്ല കാലമായിരുന്നു. ത്രേസ്യാമ്മ അദ്ദേഹത്തെ പ്രേമത്തോടെ കടാക്ഷിച്ചു. പാറുക്കുട്ടി പോലും ജോസഫേട്ടനെ അദ്ഭുതം കലർന്ന പ്രശംസയോടെ നോക്കി. ചായയിൽ ത്രേസ്യാമ്മ അറിയാതെ കൂടുതൽ മധുരം ഇട്ടുകൊടുത്തു. ജോസഫേട്ടനുള്ള ചായയിൽ അര സ്പൂൺ പഞ്ചസാരയേ ഇടാവു എന്നു് പ്രത്യേകം പറഞ്ഞിട്ടുള്ളതായിരുന്നു ത്രേസ്യാമ്മ. ചായയിൽ മധുരം കുറവാണെന്ന പരാതി കേൾക്കാതായപ്പോൾ ത്രേസ്യാമ്മ പറഞ്ഞു
“നോക്കു് പെണ്ണെ, അച്ചായനു് ഇപ്പോ മധുരം കൊറച്ചിട്ടു് പരിചയായിരിക്കുന്നു. ഇനി തൊട്ടു് കാൽ സ്പൂൺ പഞ്ചസാര ഇട്ടാൽ മതി.”
പാറുക്കുട്ടി ചിരിച്ചു. മനസ്സിൽ വിചാരിക്കുകയും ചെയ്തു. വല്യമ്മച്ചി വന്നാലാണു് ജോസഫേട്ടന്റെ കഷ്ടകാലം തുടങ്ങുക. പ്രഷർ കൂടി ആശുപത്രിയിൽ കിടന്ന ശേഷം വല്ല്യമ്മച്ചിയുടെ ഭക്ഷണക്രമങ്ങളെല്ലാം വളരെ കണിശമാക്കിയിരുന്നു. രാത്രി ഉപ്പിടാത്ത ഗോതമ്പുകഞ്ഞി മാത്രം. ത്രേസ്യാമ്മയാകട്ടെ ചെറിയ തോതിലൊരു ഹാർട്ടറ്റാക്കുണ്ടായ ജോസഫേട്ടനേയും ഭക്ഷണക്കാര്യത്തിൽ അമ്മച്ചിയോടൊപ്പം കൂട്ടും. അതുകൊണ്ടു് അമ്മച്ചി വന്നാൽ പോകുന്നവരെ ഭക്ഷണമേശക്കു മുമ്പിൽ നിരന്തര കലഹമായിരിക്കും. അമ്മച്ചി വരേണ്ട സമയമടുത്തിരിക്കുന്നു.
അമ്മച്ചി ഇപ്രാവശ്യം ഒന്നാംതിയതി തന്നെ എത്തി. വൈകിട്ടു് ഓട്ടോവിൽ വന്നിറങ്ങിയ മറിയാമ്മ ചോദിച്ചു. “എത്രയായെടോ?”
“പതിനഞ്ചു രൂപ.”
“സൌത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നു് ഇത്രേടംവരാൻ പതിനഞ്ചു രൂപയോ? ഞാൻ തന്റെ ഓട്ടോവിന്റെ വിലയല്ല ചോദിച്ചതു്, വാടകയാ.” പത്തു രൂപയെടുത്തു് കൊടുത്തു് മറിയാമ്മ പറഞ്ഞു.
“പെട്രോളിന്റെ വില കൂടിയതൊന്നും വല്ല്യമ്മ അറിഞ്ഞില്ലായിരിക്കും.”
“ആട്ടെ തനിക്കിനി എത്ര വേണം?”
“ഒരു രണ്ടു രൂപ കൂടി എടുക്കു് വല്ല്യമ്മേ.” പൊക്കണസഞ്ചിയിൽ നിന്നു് രണ്ടു രൂപ കൂടി എടുത്തുകൊടുത്തു് അവർ ഗെയ്റ്റു കടന്നു.
“കൊച്ചുത്രേസ്യേ, ജോസേ…”
കൊച്ചുത്രേസ്യയും ജോസും സ്ഥലത്തുണ്ടായിരുന്നില്ല. ശബ്ദം കേട്ടു് പാറുക്കുട്ടി പുറത്തേക്കു് വന്നു.
“വല്ല്യമ്മച്ചി വന്നാ?”
“എടി ജോസെവിടെ? കൊച്ചുത്രേസ്യേം.”
“അവർ ഒരു വൗത്തീസിനു് പോയിരിക്ക്യാണു് വല്ല്യമ്മച്ചി.”
“ആരടെ വൗത്തീസാടി കൊച്ചേ?”
“ആഹ് അറിയാമ്പാട്ല്ല. അമ്മച്ചീടെ വല്ല്യപ്പച്ചന്റെ മോക്കടെ… ആ, ആർക്കറിയാം. ഒരു കൊച്ചിന്റേതാ.”
“ആഹാ, വൗത്തീസ് ഒരു കൊച്ചിന്റേതാണല്ലേടി.” മറിയാമ്മ പറഞ്ഞു “നീ പോയി ഒരു ചായ ഇട്ടോണ്ടു വാ.”
പാറുക്കുട്ടി തിരിഞ്ഞപ്പോൾ അവർ വിളിച്ചു പറഞ്ഞു. “ചായേലു് നല്ല മധുരം ഇട്ടോ പെണ്ണേ. നീ കേക്ക്ണ്ണ്ടോ? പിന്നേയ് നീയിതു് കൊച്ചുത്രേസ്യയോടൊന്നും വിളിച്ചു കൂകല്ലേ.”
ചായ കുടിച്ച ശേഷം അവർ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയിൽ നിന്നു് കുറെ ചെടിത്തൈകൾ പുറത്തെടുത്തു. വഴുതിന, വെണ്ട, പച്ചമുളകു് തുടങ്ങിയ പല തരം പച്ചക്കറികളുടെ തൈകൾ. അവയുടെ കഴുത്തുകൾ വാടി കുഴഞ്ഞിരുന്നു.
“പൗലോസിന്റവിടുന്നു് പറിച്ചെടുത്തതാണു്.” മറിയാമ്മ പറഞ്ഞു. “അവൻ എല്ലാതരം പച്ചക്കറികളും വീട്ടുപറമ്പിൽത്തന്നെയുണ്ടാക്കും. പച്ചക്കറിക്കെല്ലാം ഇപ്പൊ എന്നാ വെല്യാ?” പിന്നെ ശബ്ദം താഴ്ത്തി സ്വകാര്യമായി പറഞ്ഞു. “ജോസിനു് പണ്ടും അതൊന്നും വയ്യ. അവനു് മെക്കാനിക്ക് പണിയൊക്കെ വശാണു്. കൃഷി ചെയ്യാൻ കൊള്ളൂലാ.”
“കൊച്ചുത്രേസ്യും ജോസും വൗത്തീസിനു് എങ്ങാട്ടാ പോയതു്…?”
“പെരുമ്പാവൂരാ വല്ല്യമ്മച്ചി രാത്ര്യാവും എത്താൻന്നു് പറഞ്ഞിരിക്ക്ണു്.”
“ന്നാ പത്രോസിന്റെ മോന്റെ മോക്കടെ മാമൂദീസ്യായിരിക്കും.” അവർ എഴുന്നേറ്റുകൊണ്ടു് പറഞ്ഞു. “എടീ കൊച്ചേ നീ ആ തൂമ്പയൊന്നു് എടുത്തു താ. ഞാനീ ചെടികളൊക്കെ ഒന്നു നടട്ടെ.”
“അയ്യോ വേണ്ട വല്ല്യമ്മച്ചി, ഞാൻ ചെയ്തോളാം. വല്ല്യമ്മച്ചി ഈ വയസ്സുകാലത്തു് തൂമ്പയെടുത്തു് കെളക്കാനൊന്നും നിൽക്കണ്ട.” വല്ല്യമ്മച്ചിക്കു് വയസ്സൊന്നു ആയിട്ടില്ലെടീ. പൗലോസിന്റെവിടെ ഞാൻ തന്ന്യാ പച്ചക്കറിയൊക്കെ കൃഷി ചെയ്യണതു്. അവനു് എവിടാ നേരം ഏതു സമയവും റബ്ബറിന്റെ പിന്നാലെയല്ലെ.” അവൾ തൂമ്പയെടുത്തു കൊടുത്തു.
“വല്ല്യമ്മച്ചി ഞാനൊന്നു് അടുക്കളയിലോട്ടു് പോട്ടെ. ജോലീണ്ടു്. ഉച്ചക്കു് ആരുംല്ല്യാത്തോണ്ടു് ഒറങ്ങിപ്പോയി.”
“ഉച്ചക്കു് ഒറങ്ങണ്ട പെണ്ണെ, തടിക്കും” അവളുടെ തുടുത്ത ദേഹം ആകെയൊന്നു് ഉഴിഞ്ഞുനോക്കിക്കൊണ്ടു് മറിയാമ്മ പറഞ്ഞു.
അവർ നടീൽത്തയ്യുകൾ ഇട്ട പ്ലാസ്റ്റിക്ക് സഞ്ചിയും തൂമ്പയുമായി മുറ്റത്തേക്കിറങ്ങി. പാറുക്കുട്ടി അടുക്കളയിലേക്കും. വൈകിട്ടത്തേക്കു് ജോസഫേട്ടനും വല്ല്യമ്മച്ചിക്കും ഗോതമ്പുറവകൊണ്ടു് കഞ്ഞിയുണ്ടാക്കണം. തനിക്കും ത്രേസ്യാമ്മക്കും സാമ്പാറും മെഴുക്കുപെരട്ടിയുമുണ്ടാക്കണം. ത്രേസ്യാമ്മ രാത്രി മത്സ്യമാംസാദികൾ കഴിക്കാറില്ല. ഓരോ ജോലികൾ ചെയ്തു് സമയം പോയതറിഞ്ഞില്ല. വല്ല്യമ്മച്ചി ജോലിയൊക്കെ കഴിഞ്ഞു വന്നു് “എടീ മോളെ എനിക്കിത്തിരി ചായ കൂട്ടിത്താ” എന്നു പറഞ്ഞപ്പോഴാണു് സമയബോധമുണ്ടായതു്. ഇരുട്ടിത്തുടങ്ങിയിരുന്നു.
“ആ ഞാൻ വല്ല്യമ്മച്ചീടെ കാര്യം തന്നെ മറന്നു” അവൾ പറഞ്ഞു.
“നെനക്കു് അല്ലേലും വല്ല്യമ്മച്ചീടെ കാര്യം അത്രക്കേള്ളുന്നു് വല്ല്യമ്മച്ചിക്കും അറിയാമെടീ കൊച്ചേ.”
“അയ്യോ അങ്ങിനല്ല അമ്മച്ചീ…”
“ഞാൻ ചുമ്മാ പറഞ്ഞതല്ലെടീ. നീ ഒരു കാര്യം ചെയ്യ്. എന്റെ സഞ്ചീലു് പിണ്ണത്തെലംണ്ടു്. അതെടുത്തു് കൊണ്ടുവാ. എന്നിട്ടു് എന്റെ കയ്യേലു് ഒന്നുഴിഞ്ഞു താ.”
“എന്തു പറ്റീ വല്ല്യമ്മച്ചീ”
“ഒന്നും പറ്റീല്ലെടി. ഒരു കടച്ചിലു്. വയസ്സായില്ലേ. ഇപ്പോ മുമ്പത്തെപ്പോലൊന്നും ജോലിയെടുക്കാൻ മേല.”
“അതു് തന്നല്ലെ വല്ല്യമ്മച്ചി ഞാൻ പറഞ്ഞതു് ഞാൻ നടാംന്നു്.”
“സാരംല്ല്യ എന്റെ കൊച്ചേ. നീയിതൊന്നും കൊച്ചുത്രേസ്യോടു് പറയല്ലെ കേട്ടോ.”
ചുളിവു വീണ കൈയിൽ തൈലം പുരട്ടി ഉഴിയുമ്പോൾ പാറുക്കുട്ടിക്കു വ്യസനമായി. പാവം തള്ള. അവർ ഒരു മാസം മുഴുവൻ ഈ ചെടികളെ ശുശ്രൂഷിക്കും. അവ പൂവും കായുമാകുമ്പോഴേക്കും മറ്റു മക്കളുടെ അടുത്തേക്കു് പോകുകയും ചെയ്യും. പിന്നെ രണ്ടു മാസം കഴിഞ്ഞാണു് തിരിച്ചെത്തുക. ഈ ചെടികളിൽ ഉണ്ടാകുന്ന പച്ചക്കറികളെല്ലാം അനുഭവിക്കുന്നതു് ഇവിടെയുള്ളവരാണു്. മറ്റുള്ളവർക്കു വേണ്ടിയാണു് തള്ള ഈ കഷ്ടപ്പാടൊക്കെ അനുഭവിക്കുന്നതു്.
ജോസഫേട്ടനും ത്രേസ്യാമ്മയും എത്തിയപ്പോൾ രാത്രി എട്ടുമണിയായി.
“അമ്മച്ചി എപ്പോഴാ വന്നേ?” രണ്ടുപേരും ഒരുമിച്ചു ചോദിച്ചു.
“ഞാൻ വൈകിട്ടെത്തി ജോസേ. വൗത്തീസൊക്കെ എങ്ങനെണ്ടാർന്നു?”
“ഗംഭീരമായി അമ്മച്ചി. നമ്മടെ മാതിര്യാണോ, പണംള്ള പാർട്ടിയല്ലെ, പിന്നെന്താ.”
“നെണക്കെന്താടാ മോശം?” മറിയാമ്മ ചോദിച്ചു.
“നമുക്കെന്താള്ളതു് അമ്മച്ചീ?” ജോസഫേട്ടന്റെ ശബ്ദത്തിൽ പല ദുഃസൂചനകളുമുണ്ടായിരുന്നു. അപ്പച്ചനു് കുറേക്കുടി പണം ഉണ്ടാക്കി വെക്കാമായിരുന്നില്ലേ? എങ്കിൽ മക്കളുടെ ജീവിതം കുറേക്കൂടി എളുപ്പമായിരുന്നില്ലേ? എന്നെല്ലാം. സംഗതികളുടെ പോക്കു് എവിടേക്കാണെന്നു് അറിയുന്ന ത്രേസ്യാമ്മ വിഷയം മാറ്റി.
“അമ്മച്ചി ഓട്ടോവിൽത്തന്നെയല്ലെ വന്നതു?”
“അതേ കൊച്ചുത്രേസ്യേ.”
രാത്രി കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ മറിയാമ്മ പറഞ്ഞു. “പൗലോസിന്റോടന്നു് കുറേ തയ്യുകള് കൊണ്ടുവന്നിട്ടുണ്ടു്. വഴുതിനീം വെണ്ടീം പാവക്കീം ഒക്കെണ്ടു്. എല്ലാം നട്ടിട്ടൊണ്ടു്.”
“അയ്യോ അമ്മച്ചി തന്നെ എല്ലാം നട്ടുവോ? ഞങ്ങള് വന്നിട്ടു് നട്വായിർന്നു്.” ത്രേസ്യാമ്മ പറഞ്ഞു. “അപ്പോ പാറുക്കുട്ടി നെനക്കൊന്നു് സഹായിക്കായിര്ന്നില്ലെ?”
“ഞാൻ നടാംന്നു് പറഞ്ഞു അമ്മച്ചി, പക്ഷേ, കേൾക്കണ്ടെ? ഇപ്പൊ ഇതാ ഇവിടെ വേദന, അവിടെ വേദനാന്നൊക്കെ പറേണ്ണ്ടു്.”
“ഇല്ലെടി കൊച്ചെ, അവള് വെറുതെ പറയണതാ. നനഞ്ഞ മണ്ണിലു് വെട്ടാൻ ഇത്ര പണീണ്ടോ?”
നനഞ്ഞ മണ്ണു് എവിടെ? ഈ കുംഭമാസത്തിൽ മണ്ണു് പാറ പോലെയാണു്. ജോസഫേട്ടൻ ആലോചിച്ചു. പാവം നല്ലവണ്ണം കഷ്ടപ്പെട്ടിട്ടുണ്ടാവും.
“മുറ്റത്തെന്താ, കൊറേ കാടും പടലും പുല്ലും ഒക്കെ?” മറിയാമ്മ ചോദിച്ചു.
“അതോ അതിന്റെ ഭംഗി നാളെ അമ്മച്ചിക്കു കാണിച്ചുതരാം.” ജോസഫേട്ടൻ ചിരിച്ചുകൊണ്ടു് പറഞ്ഞു. അയാൾ വീണ്ടും ഒരു കുട്ടിയായി. സ്ക്കൂളിൽ നിന്നു് ക്രാഫ്റ്റിനു് ഓരോന്നുണ്ടാക്കിക്കൊണ്ടുവരും. അതു് പിന്നിൽ ഒളിപ്പിച്ചുവെച്ചു് അവൻ അമ്മച്ചിയോടു് ചോദിക്കും. “അമ്മച്ചിക്കു് ഒരു സാധനം കാണണോ?”
മറിയാമ്മക്കു് അതെല്ലാം ഓർമ്മയുണ്ടു്. അവർ ചോദിക്കും. “അമ്മച്ചീടെ മുത്തു് ഇന്നെന്താണുണ്ടാക്കീരിക്കണതു? നോക്കട്ടെ.” അവർ ഓർമ്മയിൽ ചിരിച്ചു. പെട്ടെന്നു് അവർ വർത്തമാനകാലത്തിലേക്കു് തിരിച്ചുവന്നു.
“എടാ ജോസേ ഒരു കാര്യം പറഞ്ഞാൽ നീയ് വഴക്കു പറയ്വോ?”
“എന്താ അമ്മച്ചീ?”
“ഞാനില്ലേ, ഞാനാ പുല്ലൊക്കെ…”
“പുല്ലൊക്കെ?” ഉദ്വേഗം കൊണ്ടു് പകുതി എഴുന്നേറ്റുപോയ ജോസഫേട്ടൻ ചോദിച്ചു.
“ഞാനേയ്, ഞാനതൊക്കെ ചെത്തിക്കളഞ്ഞു. അവിടാ തൈകള് നട്ടതു്. നല്ല നനവുണ്ടായിരുന്നു അവടെ.”
“ചതിച്ചോ!” എന്നു പറയലും ചാടി എഴുന്നേൽക്കലും ഒരുമിച്ചു കഴിഞ്ഞു. അയാൾ അടച്ചിട്ട ഉമ്മറവാതിൽ തുറന്നു് ലൈറ്റിട്ടു് മുറ്റത്തേക്കു് ചാടിയിറങ്ങി. എല്ലാം പോയിരിക്കുന്നു. പുല്ലു് മുഴുവൻ ചെത്തിയെടുത്തു് തടമുണ്ടാക്കി തൈകൾ നട്ടിരിക്കയാണു്.
“എന്റെ കർത്താവേ.”
അകത്തിരുന്നുകൊണ്ടു് ത്രേസ്യാമ്മ എല്ലാം കേൾക്കുന്നുണ്ടു്. പൊട്ടലുകൾ, ചീറ്റലുകൾ, ഇടിവെട്ടലുകൾ, ശകാരവർഷം. മറിയാമ്മ സ്വസ്ഥമായിരുന്നു് കഞ്ഞി കുടിക്കുകയാണു്. ഒരു നേരിയ ചിരിയോടെ, വാത്സല്യത്തോടെ, അവർ മകൻ പറയുന്നതു മുഴുവൻ കേൾക്കുന്നുണ്ടു്. നിസ്സഹായയായി നോക്കിനിൽക്കുന്ന ത്രേസ്യാമ്മയോടു് അവർ പറഞ്ഞു.
“നീ പോയി ജോസിനോടു് കഞ്ഞി കുടിക്കാൻ വരാൻ പറ.”
ത്രേസ്യാമ്മ അനങ്ങാതിരിക്കയാണു്. ജോസഫേട്ടന്റെ അടുത്തു പോകാൻ ഭയം. മറിയാമ്മ തുടർന്നു.
“കൊച്ചായിരിക്കുമ്പഴും അവൻ അങ്ങനാ. കണ്ട പുല്ലും കാട്ടുചെടികളും കൊണ്ടുവന്നു് നടും. പൗലോസ് നേരെ മറിച്ചാണു്. അവൻ അന്നും ആവശ്യമുള്ള ചെടികളെ നടു. ചേട്ടൻ നട്ട പാഴ്ച്ചെടികള് അവൻ പറിച്ചു് ദൂരെക്കളയും. എന്നും വഴക്കായിരുന്നു വീട്ടിലു്. കൊറച്ചു് കഴിഞ്ഞാൽ അവൻ ശരിയായിക്കൊള്ളും. നീ ഊണു കഴിച്ചോ കൊച്ചുത്രേസ്യേ.”
കിടക്കാൻ നേരത്തു് ജോസഫേട്ടൻ കുറച്ചു് തണുത്തിരുന്നു. അദ്ദേഹം പറഞ്ഞു. “അമ്മച്ചിക്കു് എന്നോടൊന്നു് ചോദിക്കായിരുന്നു.”
“സാരംല്ല്യ നമുക്കു് വേണ്ടിയല്ലെ അമ്മച്ചി അതൊക്കെണ്ടാക്കണതു്. അത്രയൊന്നും ആലോചിച്ചിട്ട്ണ്ടാവില്ല. വയസ്സായില്ല്യേ. കെളയ്ക്കാൻ എളുപ്പംള്ള സ്ഥലം കണ്ടപ്പോ കെളച്ചതാ. എന്നിട്ടു് തന്നെ കയ്യിനു് വേദനാന്നു് പറഞ്ഞു് പാറുക്കുട്ടീനെക്കൊണ്ടു് തൈലം പെരട്ടി ഉഴിയിക്ക്യായിരുന്നു. വേദനടെ കാര്യം നമ്മളോടൊന്നും പറയല്ലേന്നു് പാറുക്കുട്ടിയോടു് പ്രത്യേകം പറഞ്ഞേല്പിച്ചിരിക്ക്യാണു്, പാവം. ഇങ്ങനത്തെ ഒരമ്മേനെ കാണാൻ കിട്ട്വോ? സാധാരണ അമ്മമാർക്കൊക്കെ ഈ പ്രായമായാൽ പരാതി മാത്രല്ലെണ്ടാവൂ.”
ജോസഫേട്ടൻ ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ടു് കിടന്നു. തന്റെ ഡയലോഗ് കുറിക്കു കൊണ്ടിട്ടുണ്ടോ എന്നു നോക്കി ത്രേസ്യാമ്മ പ്രാർത്ഥിക്കാനായി മുട്ടു കുത്തി. ജോസഫേട്ടൻ സാവധാനത്തിൽ എഴുന്നേറ്റു പോകുന്നതു് അവർ കൺകോണിലൂടെ കണ്ടു.
“കർത്താവേ ഞാൻ പറയാറില്ലേ, അച്ചായനു് അത്രയേയുള്ളു. ആദ്യം ഒരെടുത്തുചാട്ടം. അതു കഴിഞ്ഞാൽ കഴിഞ്ഞു. ഇനി അമ്മ കെടക്കണേടത്തു് പോയി അമ്മയെ കൊഞ്ചിക്കും. എനിക്കു് ഒരു പ്രാർത്ഥനയേയുള്ളു. എന്റെ മോനും എന്നോടു് ഇതേ പോലെ സ്നേഹംണ്ടാവണേന്നു് മാത്രം.
ത്രേസ്യാമ്മ പറഞ്ഞതു് ശരിയായിരുന്നു. ജോസഫേട്ടൻ അമ്മ കിടക്കുന്നിടത്തു് ചെന്നു. ലൈറ്റിട്ടപ്പോൾ അവർ തിരിഞ്ഞുകൊണ്ടു് ചോദിച്ചു. “എന്താടാ ജോസേ നീ ഒറങ്ങീലെ?”
“അമ്മച്ചീടെ ഏതു് കയ്യിനാ വേദന?”
“വലത്തെ കയ്യിനായിരുന്നു. അതു മാറിയെടാ.” ജോസഫേട്ടൻ കട്ടിലിലിരുന്നു് അമ്മച്ചിയുടെ കൈയെടുത്തു് മടിയിൽ വെച്ചു് തലോടി.
അതിരാവിലെ മുറ്റമടിക്കാൻ ചൂലുമായി വീടിന്റെ പുറകുവശത്തുനിന്നു വന്ന പാറുക്കുട്ടി ഒരു രസകരമായ ദൃശ്യം കണ്ടു. അവൾ ചൂലു് നിലത്തിട്ടു് അകത്തേക്കോടി ഉറങ്ങുകയായിരുന്ന ത്രേസ്യാമ്മയെ വിളിച്ചുണർത്തി.
“അമ്മച്ചീ ഒരു തമാശ കാണണേൽ വാ.”
അവർ കണ്ട കാഴ്ച ഇതായിരുന്നു. ഒരമ്മയും മോനും കൂടി മുറ്റത്തു് ജോലിയെടുക്കുന്നു. തലേന്നു് ചെത്തിക്കളഞ്ഞ പുല്ലെല്ലാം പറമ്പിൽ നിന്നു് എടുത്തു് കൂമ്പാരമായി കൂട്ടിയിട്ടുണ്ടു്. ഇന്നലെ നട്ട ചെടികൾക്കു് കൊച്ചുതടങ്ങളുണ്ടാക്കി ബാക്കിയുള്ള സ്ഥലത്തെല്ലാം പുല്ലു് വെച്ചു പിടിപ്പിക്കുകയാണു്.
ത്രേസ്യാമ്മ എന്തു കൊണ്ടോ ജോമോനെപ്പറ്റി ആലോചിച്ചുപോയി.
ത്രേസ്യാമ്മ പകച്ചിരുന്നു പോയി. ശരിയാണോ ഇതെല്ലാം? താനറിയാതെ ഒരു മഹാമാരി തന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. വായിച്ചുകൊണ്ടിരുന്ന… ഏയ് പേടിക്കണ്ട, വായനയെന്ന ദുശ്ശീലമൊന്നുമില്ല. പഞ്ചസാര പൊതിഞ്ഞുകൊണ്ടുവന്ന കടലാസിൽ അബദ്ധത്തിൽ കണ്ണോടിച്ചപ്പോഴാണു് കണ്ടതു്. വലുതായിട്ടെഴുതിയിരിക്കുന്നു.
നിങ്ങൾ മനോരോഗിയാണോ എന്നറിയാൻ പത്തു ചോദ്യങ്ങൾ!
ഈ, പത്തു ചോദ്യങ്ങൾ, പത്തു കല്പനകൾ എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോഴായി അടിവയറിൽ നിന്നൊരു ആന്തൽ. ആ പേജു മുഴുവൻ ഒറ്റയിരിപ്പിനു് വായിച്ചുതീർക്കാൻ കാരണവും അതായിരുന്നു. മനശ്ശാസ്ത്ര മാസികയുടെ ഒരു പേജ്.
വിവാഹിതരായവരാണു് മനശ്ശാസ്ത്രജ്ഞന്റെ ലക്ഷ്യം. ചോദ്യങ്ങൾക്കെതിരെ രണ്ടു ചതുരങ്ങളുണ്ടു്. ഒന്നു് ‘ഉണ്ടു്/അതെ’ എന്നും മറ്റേതു് ‘ഇല്ല/അല്ല’ എന്നും അടയാളപ്പെടുത്താനാണു്. വായിച്ചു പോകുന്നതിനനുസരിച്ചു് ശരിയായ കള്ളിയിൽ അടയാളപ്പെടുത്തണം. താൻ അടയാളപ്പെടുത്തിയതു് അവർ ഒരിക്കൽക്കൂടി വായിച്ചുനോക്കി.
(ആദ്യം ഇല്ല എന്നു് അടയാളപ്പെടുത്തിയതായിരുന്നു. പിന്നീടു് ഓരോ സംഭവങ്ങൾ മനസ്സിലേയ്ക്കു് തള്ളിവന്നു് അവരുടെ കണ്ണിൽ വെള്ളം നിറഞ്ഞപ്പോൾ ആദ്യം അടയാളപ്പെടുത്തിയതു് വെട്ടിത്തിരുത്തി.)
എല്ലാം അടയാളപ്പെടുത്തിയപ്പോഴാണു് അടിയിൽ കൊടുത്ത വാചകം ശ്രദ്ധിച്ചതു്.
(നിങ്ങളുടെ മാനസികാരോഗ്യം സ്വയം അളന്നുനോക്കാൻ താഴെ കൊടുത്ത സൂചിക നോക്കക.)
‘അതെ/ഉണ്ടു്’ എന്ന കള്ളിയിൽ അടയാളപ്പെടുത്തിയതു്,
10-ൽ 2 എണ്ണമാണെങ്കിൽ… വലിയ കുഴപ്പമില്ല.
10-ൽ 3 എണ്ണമാണെങ്കിൽ… മനോരോഗം വരാൻ സാധ്യതയുണ്ടു്, ശ്രദ്ധിക്കണം.
10-ൽ 4 എണ്ണമാണെങ്കിൽ… അടുത്ത ഭാവിയിൽത്തന്നെ രോഗം വരും. മനോരോഗവിദഗ്ദനെ കാണുക.
10-ൽ 5 മുതൽ 7 വരെ… നിങ്ങൾ മനോരോഗിയാണു്, ഉടനെ മനോരോഗ വിദഗ്ദനെ സമീപിക്കണം.
ഏഴിലധികം… നിങ്ങൾക്കു കടുത്ത രോഗമാണു്. അടുത്ത ബസ്സിൽത്തന്നെ മനോരോഗവിദഗ്ദന്റെ അടുത്തു പോകുക.
‘കർത്താവേ,’ ത്രേസ്യാമ്മ തലയിൽ കൈവച്ചു പറഞ്ഞു. ‘എനിക്കപ്പോൾ മുഴുഭ്രാന്തു തന്നെയാണു്!’
ആദ്യത്തെ ഷോക്ക് ഒന്നടങ്ങിയപ്പോൾ അവർക്കു് ആലോചിക്കാനുള്ള ആയാസമുണ്ടായി. ചോദ്യങ്ങൾ ഒന്നുകൂടി വായിച്ചുനോക്കട്ടെ. ഒരു പക്ഷേ, ചില മാറ്റങ്ങളൊക്കെ വരുത്തി ‘ഉണ്ടു്/അതെ’ എന്നതിന്റെ എണ്ണം കുറയ്ക്കാൻ പറ്റുമായിരിക്കും. മുഴുഭ്രാന്തിൽ നിന്നു് പകുതിയിലെത്തിയാൽത്തന്നെ മെച്ചമല്ലെ. പക്ഷേ, രണ്ടാം വായന കൂടുതൽ അപകടമുണ്ടാക്കുകയാണു് ചെയ്തതു്. ആദ്യം ‘ഉണ്ടു്/അതെ’ എന്നടയാളപ്പെടുത്തിയതു് മാറ്റാൻ പറ്റിയില്ലെന്നു മാത്രമല്ല ‘ഇല്ല/അല്ല’ എന്നു് അടയാളപ്പെടുത്തിയ രണ്ടു ചോദ്യങ്ങൾ കൂടി മറുചേരിയിലാണെന്നു് മനസ്സാക്ഷിയെ വഞ്ചിക്കാതെ ആലോചിച്ചപ്പോൾ മനസ്സിലായി.
കൊച്ചുനാരായണിയുടെ വീട്ടിൽനിന്നു് പാൽ വാങ്ങി തിരിച്ചെത്തിയ പാറുകുട്ടി കണ്ടതു് തലയ്ക്കു് കൈയുംവച്ചു് അവശയായി ഇരിക്കുന്ന ത്രേസ്യാമ്മയെയാണു്.
“എന്തു പറ്റീ അമ്മച്ചീ?”
അവർ തലയുയർത്തി. പറയണോ വേണ്ടേ എന്നു് ഒരു നിമിഷം സംശയിച്ചു. പക്ഷേ, തനിക്കു് അവളുടെ സഹായം വേണ്ടിവരും. അവർ പറഞ്ഞു.
“എടീ, നീ ജോസഫേട്ടനോടു് പറയ്വോ?”
“ഇല്ല അമ്മച്ചീ, എന്തേ?”
“എനിക്കു് ഭ്രാന്താന്നാ തോന്നണതു്.”
“അമ്മച്ചിക്കു് തോന്നലായിട്ടേ ഉള്ളോ, എനിക്കതു് പണ്ടേ അറിയായിര്ന്നു്.”
“എന്നിട്ടു് നീയെന്താ എന്നോടൊന്നും പറയാതിരുന്നതു?”
“അമ്മച്ചിക്കറിയാംന്നു് വിചാരിച്ചു് ഞാൻ.”
“എന്റീശോയേ!”
അവർ തളർന്നിരുന്നു. ഭ്രാന്താശുപത്രികളുടെ വരാന്തകൾ അവരുടെ മനസ്സിൽ കടന്നു പോയി. അവർ ഒരു ഭ്രാന്താശുപത്രി കണ്ടിട്ടില്ലെങ്കിലും അതെങ്ങിനെയായിരിക്കുമെന്നു് ഒരു രൂപമുണ്ടു്. അവിടെ അഴികൾക്കു പിന്നിൽ പാറിപ്പറന്ന തലമുടിയുമായി…!
ചായയുമായി വന്ന പാറുകുട്ടി കണ്ടതു് നിലത്തു് ചുമരും ചാരി ഇരിക്കുന്ന ത്രേസ്യാമ്മയെയാണു്.
“എന്തു പറ്റീ അമ്മച്ചീ?”
“നീയാ മേശപ്പുറത്തിരിക്കണ കടലാസൊന്നു് വായിച്ചു നോക്കു് പെണ്ണേ.”
“എന്തു കടലാസാ അമ്മച്ചീ?”
“ഒരു മനശ്ശാസ്ത്ര മാസികടെ ഏടാണു്. അതു പ്രകാരം എനിക്കു് മുഴുഭ്രാന്താണെടീ.”
പാറുകുട്ടി ആ പേജെടുത്തു വായിക്കാൻ തുടങ്ങി. കല്യാണം കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടു് ആദ്യത്തെ മൂന്നു ചോദ്യങ്ങൾക്കും അവളെ സംബന്ധിച്ചേടത്തോളം പ്രസക്തിയില്ല. “ആരെങ്കിലും പിൻതുടരുന്നതായി തോന്നാറുണ്ടോ” എന്ന നാലാമത്തെ ചോദ്യം വളരെ പ്രധാനപ്പെട്ടതാണു്. തോന്നലല്ല, ഏതാനും ദിവസങ്ങളായി ഒരാൾ അവളെ പിൻതുടരാറുണ്ടു്. ഇപ്പോൾ പാൽ വാങ്ങി വരുമ്പോഴും അയാളുണ്ടായിരുന്നു. അവൾ ശ്രദ്ധിക്കാൻ പോകാറില്ല. പക്ഷേ, അതുകൊണ്ടൊക്കെ പിൻതുടരുന്ന ആൾക്കു് ഭ്രാന്തുണ്ടെന്നല്ലാതെ തനിക്കു് ഭ്രാന്താണെന്നു പറയാമോ? അഞ്ചാമത്തെ ചോദ്യം ഗൂഢാലോചനയുണ്ടോ എന്നാണു്. ഗൂഢാലോചന പോയിട്ടു് ഒരുതരം ആലോചനയും തല്ക്കാലം വരുന്നില്ല. മാസത്തിലൊരിക്കൽ അച്ഛന്റെ കത്തുണ്ടാവും. തല്ക്കാലം ആലോചനകളൊന്നുമില്ലെന്നു് പറഞ്ഞുകൊണ്ടു്. ആലോചനകളൊന്നുമില്ലെങ്കിൽ അത്രയും നല്ലതു്. സ്വസ്ഥമായി ഇരിക്കാമല്ലോ.
ചോദ്യങ്ങൾക്കു് താഴെ കൊടുത്ത കുറിപ്പു് അപ്പോഴാണവളുടെ കണ്ണിൽ പെട്ടതു്. അതു പ്രകാരം… അതു പ്രകാരം? അവൾ നിലത്തു് കുഴഞ്ഞിരിക്കുന്ന ത്രേസ്യാമ്മയെ അനുകമ്പയോടെ നോക്കി. അവൾ അവരുടെ അടുത്തു ചെന്നിരുന്നു. എങ്ങിനെയാണു് ആശ്വസിപ്പിക്കേണ്ടതു? സാധാരണ രോഗമൊന്നുമല്ല. അവൾ ത്രേസ്യാമ്മയുടെ പുറം തലോടിക്കൊടുത്തു. “സാരംല്ല്യ അമ്മച്ചീ നമുക്കു് എന്തെങ്കിലും ചെയ്യാം.”
രാവിലത്തെ നടത്തം കഴിഞ്ഞു് തിരിച്ചെത്തിയ അച്ചായൻ കണ്ടതു് ആകെ വിഷമിച്ചിരിക്കുന്ന ഭാര്യയേയും ആശ്വസിപ്പിക്കുന്ന സഹായിയേയുമായിരുന്നു.
“എന്തു പറ്റീ കൊച്ചുത്രേസ്യേ?”
“എനിക്കു്…”
“അമ്മച്ചിക്കു് വയറു വേദനയാ.” പാറുകുട്ടി ചാടിക്കേറി പറഞ്ഞു. അവർ പാറുകുട്ടിയെ നന്ദിപൂർവ്വം നോക്കി. എന്തൊക്കെ കള്ളത്തരമുണ്ടായാലും ഭർത്താവിന്റെ മുഖത്തു നോക്കി കള്ളം പറയാൻ അവർക്കു് വിഷമമാണു്.
“നീ ഇന്നലെ ആ കക്ക പൊരിച്ചതു് തിന്നുന്നതു കണ്ടപ്പോഴേ എനിക്കു തോന്നിയതാ.”
പൊരിച്ച കക്ക ത്രേസ്യാമ്മയുടെ വീക്നസ്സായിരുന്നു. കുറച്ചു് ആർത്തിയോടുകൂടിയാണതു തിന്നതും. എങ്കിലും അതൊക്കെ ഇങ്ങനെ വിളിച്ചു കൂകേണ്ട ആവശ്യമെന്തു്. ത്രേസ്യാമ്മയ്ക്കു് അച്ചായനോടു് കടുത്ത ദ്വേഷ്യം തോന്നി.
“ഈ പറയണ ആൾക്കു് കക്ക കണ്ടാൽ പിടിക്കൂലല്ലൊ. ഇന്നലെ ഒട്ടും തിന്നില്ലല്ലാ?”
“വയറ് വേദനാന്നു പറഞ്ഞു് കെടക്കണതു് ഞാനല്ല കൊച്ചുത്രേസ്യേ.”
കാര്യം ശരിയാണു്. അവർക്കു് പാറുകുട്ടിയോടു് ദേഷ്യം തോന്നി. അവൾക്കു് വയറ്റിൽ വേദനക്കു പകരം വേറെ എന്തെങ്കിലും വേദന പറയാമായിരുന്നില്ലെ. തലവേദന? വേണ്ട, തലയുമായി ബന്ധപ്പെട്ട ഒന്നും വേണ്ട. കാൽമുട്ടിനു് വേദന എന്നു പറയാമായിരുന്നു. അതു് തനിക്കു് ഇടക്കിടക്കു് ഉണ്ടാകാറുള്ളതുമാണു്. പക്ഷേ, അവളുടെ തക്ക സമയത്തുണ്ടായ മറുപടി വലിയ സഹായമായിരുന്നു. അവർ മനസാ നന്ദി പറഞ്ഞു.
“അമ്മച്ചീ, നമുക്കൊരു കാര്യം ചെയ്യാം.” ജോസഫേട്ടൻ പോയി എന്നുറപ്പായപ്പോൾ പാറുകുട്ടി പറഞ്ഞു. “അസുഖംണ്ടോന്നു് ഒരു ഡോക്ടറെ കണ്ടു് ചോദിക്കാം.”
അസുഖം ഉണ്ടോ എന്ന ചോദ്യമാവശ്യമൊന്നുമില്ല, ഡോക്ടർതന്നെ പറയുന്നതാണു്. ലേഖനത്തിൽ ഡോക്ടറുടെ വിലാസമുണ്ടെന്നു് അവർ പെട്ടെന്നോർത്തു; എഴുന്നേറ്റു, മേശപ്പുറത്തിരുന്ന കടലാസു് എടുത്തു നോക്കി. ഉണ്ടു്, എറണാകുളത്തു തന്നെയാണു്.
“എടീ ഡോക്ടറ് എറണാകുളത്തു തന്നാ, നമുക്കു് ഉച്ചകഴിഞ്ഞു് പോവാം.”
പാറുകുട്ടി രക്ഷക്കെത്തിയതിന്റെ അനന്തരഫലം ഊണു കഴിക്കുമ്പോഴാണു് ത്രേസ്യാമ്മ അനുഭവിച്ചതു്. ഇന്നലെ രാത്രിയുണ്ടാക്കിയ കക്ക പൊരിച്ചതു് ബാക്കി വന്നതു് മധുരസ്മരണകളോടെ എടുത്തുവച്ചിരുന്നു. ചോറു വിളമ്പിയശേഷം ഭക്തിപുരസ്സരം കക്ക പൊരിച്ചതുവച്ച പാത്രം അടുത്തേയ്ക്കു നീക്കയപ്പോഴാണു് ജോസഫേട്ടൻ പറഞ്ഞതു്.
“അതിനി തിന്നണ്ട കൊച്ചു ത്രേസ്യേ, വയറിന്റെ അസുഖം മാറിയിട്ടു മതി.”
അതും പറഞ്ഞു് അച്ചായൻ ആ പാത്രം തന്റെ അടുത്തേയ്ക്കു നീക്കി. അച്ചായൻ പാത്രത്തിൽനിന്നു് ഒരു കൂമ്പാരമായി കക്ക പൊരിച്ചതു് എടുക്കുന്നതു് ദയനീയമായി നോക്കിയിരുന്നു ത്രേസ്യാമ്മ.
ഡോ: പുഷ്പബാണന്റെ കൺസൾട്ടിംഗ് റൂമിന്നു പുറത്തു് രോഗികൾക്കിരിക്കാനുള്ള കസേരകളിൽ ത്രേസ്യാമ്മയും പാറുകുട്ടിയും ഇരുന്നു. മുറിയുടെ ഒരു മൂലയിൽ ഉണ്ടാക്കിയ കൗണ്ടറിനു പിന്നിൽ ആരുമില്ല. ആരെങ്കിലും വരുമെന്ന പ്രതീക്ഷ അവസാനിച്ചപ്പോൾ ത്രേസ്യാമ്മ പറഞ്ഞു. “നമുക്കു് ആ വാതിലിൽ മുട്ടിനോക്കാം.”
അവർ എഴുന്നേറ്റു. പെട്ടെന്നു് വേറൊരു വാതിൽ കടന്നു് ഒരു സ്ത്രീ പുറത്തുവന്നു, കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. “എന്താ വേണ്ടതു?’
“ഡോക്ടറെ കാണാൻ വന്നതാണു്” കുറച്ചു ഭവ്യതയോടെ ത്രേസ്യാമ്മ പറഞ്ഞു.
“നിങ്ങൾക്കു് വട്ടുണ്ടോ?” അവർ ദേഷ്യത്തോടെ ചോദിച്ചു.
“ഇല്ലാ…” ത്രേസ്യാമ്മ പറഞ്ഞു, ഉടനെ തിരുത്തുകയും ചെയ്തു, “അല്ലാ, ഉണ്ടു്”.
“ഡോക്ടറെ അടുത്തൊന്നും കാണാൻ കഴിയില്ല, അങ്ങേരു് വളരെ ബിസിയാണു്.”
“അയ്യോ, ഇതൊരത്യാവശ്യ കാര്യത്തിനാ.”
“പറ്റില്ലെന്നു പറഞ്ഞില്ലേ?” അവർ കൗണ്ടറിനു പിന്നിൽ പോയി ഏതോ കടലാസെടുത്തു വായിക്കാൻ തുടങ്ങി.
പെട്ടെന്നു് ചേമ്പറിന്റെ വാതിൽ പതുക്കെ തുറന്നു് ഒരാൾ തല പുറത്തേക്കിട്ടു നോക്കി, ഭയത്തോടെ കൗണ്ടറിലിരിക്കുന്ന സ്ത്രീയെ നോക്കി. നരച്ചു തുടങ്ങിയ താടിയും സ്വർണഫ്രെയിമിട്ട കണ്ണടയും ധരിച്ച ആ മനുഷ്യനായിരിക്കണം ഡോക്ടർ. അയാൾ തല പിൻവലിച്ചു് ഉള്ളിലേയ്ക്കു് മാറിയ ശേഷം അവരെ മാടി വിളിച്ചു, ശബ്ദമുണ്ടാക്കാതെ വരാൻ ആംഗ്യം കാണിച്ചു. പുറത്തിരുന്ന സ്ത്രീ അത്ര പന്തിയല്ലാ എന്നു് ത്രേസ്യാമ്മയ്ക്കു മനസ്സിലായി. അവർ പാറുകുട്ടിയേയും കൂട്ടി ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു ചേമ്പറിൽ കടന്നു. ചേമ്പർ എയർ കണ്ടീഷൻ ചെയ്തതാണു്. വലിയ മേശക്കു പിന്നിലിട്ട കസേലകളിൽ ത്രേസ്യാമ്മയും പാറുകുട്ടിയും ഇരുന്നു. ഡോക്ടർ പാറുകുട്ടിയെ അഭിനന്ദനപൂർവ്വം നോക്കി.
“ഒറ്റ നോട്ടത്തിൽ എനിക്കു മനസ്സിലാവും, നിങ്ങളുടെ മനോരോഗം വളരെ അഡ്വാൻസ്ഡ് സ്റ്റേജിലെത്തിയെന്നു്. പെട്ടെന്നു് ചികിത്സ തുടങ്ങണം.”
അയാൾ എഴുന്നേറ്റു രണ്ടു ചാൽ അങ്ങോട്ടും ഇങ്ങോട്ടും ആലോചിച്ചു നടന്നു. പെട്ടെന്നു് പാറുകുട്ടിയുടെ മുമ്പിൽ വന്നുനിന്നുകൊണ്ടു് ചോദിച്ചു. “എന്താണു് പേരു്?”
“പാറുകുട്ടി.”
ഡോക്ടർ വീണ്ടും രണ്ടു ചാൽ നടന്നശേഷം അവളുടെ അടുത്തു വന്നുനിന്നു കൊണ്ടു് ചോദിച്ചു. “എപ്പോഴാണു് പാറുകുട്ടിയുടെ അസുഖം തുടങ്ങിയതു?”
“എനിക്കു് അസുഖൊന്നുല്ല്യ.” അവൾ പറഞ്ഞു.
“ങാ, അതുതന്നെ ഒരു ലക്ഷണമാണു്. തനിക്കു് അസുഖമൊന്നുമില്ലെന്നു് രോഗി വിശ്വസിക്കുന്നു.”
ഡോക്ടർ അലമാറിയിൽനിന്നു് ഒരു തടിച്ച പുസ്തകം എടുത്തു നിവർത്തി വായന തുടങ്ങി. ത്രേസ്യാമ്മയും പാറുകുട്ടിയും മുഖത്തോടുമുഖം നോക്കി. ഡോക്ടർ തല്ക്കാലം വായന നിർത്തി കണ്ണട മൂക്കിന്മേൽ താഴ്ത്തിവച്ചു് പാറുകുട്ടിയെ സസൂക്ഷ്മം വീക്ഷിച്ചു. അവൾക്കു് വിഷമമായിത്തുടങ്ങിയിരുന്നു. ഡോക്ടർ എഴുന്നേറ്റു ചേമ്പറിന്റെ ചുമരരുകിൽ വച്ച ബെഞ്ചിനരുകിലേയ്ക്കു നടന്നു.
“ഇവിടെ വന്നു കിടക്കു.”
പാറുകുട്ടി അനങ്ങിയില്ല. ഡോക്ടർ അവളുടെ അടുത്തേയ്ക്കു് ചെന്നു് അവളുടെ കൈ പിടിച്ചു. ത്രേസ്യാമ്മ എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
“ഡോക്ടർ, അവൾക്കല്ല, എനിക്കാണു് അസുഖം.”
“ങാ, രണ്ടു രോഗികൾ! അദ്യം ഒരാൾ വരട്ടെ.” അയാൾ പാറുകുട്ടിയുടെ കൈ പിടിച്ചു വലിച്ചു. അവൾ കുതറിക്കൊണ്ടു് പറഞ്ഞു. “ഡോക്ടർ എനിക്കല്ല അസുഖം.”
“ങും, വയലന്റായിരിക്കുന്നു.” ഡോക്ടർ പറഞ്ഞു. “ഞാനൊരു ഇഞ്ചക്ഷൻ തരാം.” അയാൾ അവളെ ബലമായി പിടിച്ചുകൊണ്ടുവന്നു് ബഞ്ചിന്മേൽ കിടത്തി. മേശപ്പുറത്തുനിന്നു് സിറിഞ്ചെടുത്തു. അവൾ ദയനീയയായി ത്രേസ്യാമ്മയെ നോക്കി.
“അമ്മച്ചീ ഈയ്യാക്കു് എന്തിന്റെ കേടാ, ഒന്നു് പറ അമ്മച്ചീ.’
ത്രേസ്യാമ്മ എഴുന്നേറ്റു ഡോക്ടറുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിക്കയാണു്. ആ നിമിഷത്തിലാണു് കൗണ്ടറിൽ നിന്നിരുന്ന സ്ത്രീ അകത്തേയ്ക്കു വന്നതു്. അവർ ഒരു നിമിഷം നിർവികാരയായി രംഗം വീക്ഷിച്ചു, പിന്നെ യാതൊരു മുന്നറിയിപ്പും കൂടാതെ കയ്യിലുണ്ടായിരുന്ന ഫയൽ ഡോക്ടറെ നോക്കി എറിഞ്ഞു. ഡോക്ടർ വിദഗ്ദമായി മാറിയതു കാരണം ഫയൽ മേൽ കൊണ്ടില്ല. പിന്നെ വന്നതു് തുരുതുരെ ബാണങ്ങളായിരുന്നു. കയ്യിൽ കണ്ട എന്തുമെടുത്തു് ആ സ്ത്രീ എറിയാൻ തുടങ്ങി. ചിലതെല്ലാം ഡോക്ടറുടെ മേൽ കൊണ്ടു. ഒരൊഴിവു കിട്ടിയപ്പോൾ അയാൾ ത്രേസ്യാമ്മയെ നോക്കി പറഞ്ഞു.
“എന്റെ ഭാര്യയാണു്, മൈ വൈഫ്.” പിന്നെ തലക്കു് മീതെ ചൂണ്ടാണി വിരൽ ചുഴറ്റികാട്ടി അവരുടെ അസുഖം എന്താണെന്നു് ആംഗ്യം വഴി അറിയിക്കയും ചെയ്തു.
ത്രേസ്യാമ്മ പാറുകുട്ടിയെ എഴുന്നേൽപ്പിച്ചു് കൈപിടിച്ചുകൊണ്ടു് വാതിൽ തുറന്നു് പുറത്തു ചാടി ഓടി. ഗെയിറ്റിലെത്തിയിട്ടുണ്ടാകണം, ഡോക്ടർ പിന്നിൽ നിന്നു വിളിച്ചു പറഞ്ഞു.
“എന്റെ ഫീസ്… ഫീസ് തന്നിട്ടു പോ.”
“തിരിഞ്ഞു നോക്കല്ലെ പെണ്ണേ, അയാള് പിന്നിൽത്തന്നെണ്ടു്, ആ പെമ്പ്രന്നോരും, ഓടിക്കോ.”
അവർ റോഡു മുറിച്ചുകടന്നു് ഓടി. അപ്പോഴും ഡോക്ടറുടെ ശബ്ദം കേൾക്കാനുണ്ടു്. “എന്റെ ഫീസ്…”
ആ വഴി വന്ന ഓട്ടോവിൽ ചാടിക്കയറിക്കൊണ്ടു് ത്രേസ്യാമ്മ പറഞ്ഞു. “എടോ, വേഗം വിട്ടോ, തിരിഞ്ഞു നോക്കല്ലെ.”
ഓട്ടോക്കാരൻ വണ്ടി വിട്ടപ്പോൾ ത്രേസ്യാമ്മ ആശ്വാസത്തോടെ ചാരിയിരുന്നു. “കൊച്ചെ, നീ നോക്കിയോ മുഴുപ്രാന്താണു് അയാക്കു്.”
“അതെയമ്മച്ചീ, അയാക്കടെ ഒരു നോട്ടൂം ഭാവൂം.”
“എടീ കൊച്ചേ, എനിക്കു് പ്രാന്തുണ്ടോന്നു് സംശയേണ്ടായിരുന്നുള്ളു. ഇപ്പോ ഒറപ്പായി, അയാളെപ്പോലത്തെ ഒരു മുഴുപ്രാന്തന്റെ അടുത്തു് പോയ എനിക്കു് നട്ടപ്രാന്താണ്ന്നു്.”
“അതെ അമ്മച്ചീ”.
“അല്ലേ?”
ഡയലോഗ് ആസ്വദിച്ചുകൊണ്ടിരുന്ന ഓട്ടോക്കാരൻ ചോദിച്ചു. “ചേച്ചി ആ ഡോക്ടറെ കാണാൻ പോയിരുന്നാ?”
“പോയിരുന്നു്.”
“ആരാ ചേച്ചീനെ അയാളടെ അടുത്തു് പറഞ്ഞു വിട്ടതു? അയാക്കു് മുഴുത്ത ഭ്രാന്താ, ആരും ഇപ്പോ അവിടെ പോവാറില്ല. ആ പെമ്പ്രന്നോർക്കും ഭ്രാന്താ.”
“എന്റീശോയേ!”
തിരിച്ചു വീട്ടിലെത്തിയപ്പോൾ ത്രേസ്യാമ്മക്കു് ഏതാണ്ടു് സുരക്ഷിതബോധമുണ്ടായി. ചായയുണ്ടാക്കാൻ പാറുകുട്ടിയെ ഏല്പിച്ചു് അവർ ഉമ്മറത്തിരുന്നു. കുട്ടികൾ ഉച്ചയുറക്കം കഴിഞ്ഞു് കളിക്കാൻ തുടങ്ങിയിരുന്നു. ജോസഫേട്ടൻ അവർക്കു് പാലെല്ലാം കൊടുത്തു് സന്തോഷിപ്പിച്ചിരുന്നു. നല്ല കുട്ടികളായിരുന്നതിനു് കൈക്കൂലിയായി മിട്ടായിയും വാങ്ങിക്കൊടുത്തിരുന്നു. പക്ഷേ, ജോസഫേട്ടനെവിടെ? അവർ അകത്തു പോയി നോക്കി. കിടപ്പറയിൽ കട്ടിലിന്മേൽ വിവർണനായി കിടക്കുന്ന ജോസഫേട്ടനെയാണു് ത്രേസ്യാമ്മ കണ്ടതു്. എന്തു പറ്റി ആവോ?
“കൊച്ചു ത്രേസ്യേ,” ജോസഫേട്ടൻ പറഞ്ഞു. “ആകെ കുഴപ്പായി.”
ത്രേസ്യാമ്മ ഞെട്ടി. താനും പാറുകുട്ടിയും കൂടി പോയതു് എങ്ങോട്ടാണെന്നെങ്ങാൻ അച്ചായൻ ഊഹിച്ചോ. അവർ ചോദിച്ചു. “എന്തേ?”
“നീ പാറുകുട്ടിയോടൊന്നും പറയണ്ട. എനിക്കു് ഒരു ഡോക്ടറെ കാണണം.”
“എന്തു പറ്റീ?”
“എന്റെ മനസ്സിനു് നല്ല സുഖമില്ലാന്നു് തോന്നുന്നു.”
“മനസ്സിനോ?”
“അതെ, എനിക്കേയ്, എനിക്കു് തലയ്ക്കു സുഖംല്ലാന്നാ തോന്നേണ.”
ജോസഫേട്ടൻ കൈയിൽ പിടിച്ച കടലാസു് അപ്പോഴാണു് ത്രേസ്യാമ്മ കാണുന്നതു്. മനശ്ശാസ്ത്ര മാസികയുടെ താൻ അടയാളപ്പെടുത്തിയ ഏടായിരുന്നു അതു്.
“എന്റെ കർത്താവെ!”
പാറുകുട്ടി തിരിഞ്ഞു നോക്കിയില്ല. അയാൾ പിന്നിൽത്തന്നെയുണ്ടെന്നവൾക്കു മനസ്സിലായി. ഒരു ശ് ശ് ശബ്ദം, ഒരു ചൂളം വിളി. ദൈവമേ ഈയ്യാക്കു് എന്തിന്റെ കേടാ? സാധാരണ നിലയിൽ ഒരാൾ ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം പിന്നാലെ നടന്നു നോക്കും, എന്നിട്ടും പ്രതികരണമൊന്നുമില്ലെങ്കിൽ നഷ്ടപ്പെട്ട രണ്ടോ മൂന്നോ ദിവസങ്ങൾ എഴുതിത്തള്ളി സ്ഥലം വിടുകയും ചെയ്യും. അങ്ങിനെയാണു് പതിവു്. ഈയ്യാളാകട്ടെ വിജയകരമായ രണ്ടാം വാരത്തിലേയ്ക്കു് കടക്കുകയാണു്. ഒരു സൈക്കിളിലാണു് നായകന്റെ യാത്ര. അവളെ വീടുവരെ അനുഗമിച്ച ശേഷം കുറച്ചുനേരം കൂടി അവിടെനിന്നു് നായിക തന്നെ തിരിഞ്ഞുനോക്കുന്നുണ്ടോ എന്നു് നോക്കി നിരാശനായി തിരിച്ചു പോകും. പാറുകുട്ടി തിരിഞ്ഞുനോക്കാറില്ല, മറിച്ചു് അടുക്കളയുടെ ജനലിലൂടെ നോക്കും. വീട്ടിലേയ്ക്കു നോക്കി നില്ക്കുന്ന പയ്യനെ ശ്രദ്ധിച്ചു പഠിക്കും. പുറത്തുനിന്നു് നോക്കാൻ പറ്റില്ലല്ലോ. പയ്യൻ തരക്കേടൊന്നുമില്ല. ഒരു ചെത്തു് പയ്യനാണു്. നിറം കുറവാണു്, പക്ഷേ, സ്റ്റൈലൻ ജീൻസും ടീഷർട്ടുമാണു് ധരിക്കുന്നതു്. തലമുടി പിന്നിൽ നീട്ടിയിട്ടുണ്ടു്, കട്ടിയുള്ള മീശയുമുണ്ടു്.
“നീയെന്താണു നോക്കിനിക്കണതു് കൊച്ചേ?” അടുക്കളയിലേയ്ക്കു വന്ന ത്രേസ്യാമ്മ ചോദിച്ചു.
“ഒന്നുംല്യ അമ്മച്ചീ”.
“പാലടുപ്പത്തു് വെച്ചോ പെണ്ണേ?”
“ഇല്ലമ്മച്ചീ’ അവൾ പരിഭ്രമത്തിൽ പറഞ്ഞു.
“എന്താ പെണ്ണേ നിന്റെ മൊഖത്തൊരു കള്ളത്തരം? പാലു് വേഗം അടുപ്പത്തു വെച്ചോ, അച്ചായൻ ഇപ്പോ നടത്തം കഴിഞ്ഞു് എത്തും.”
പാൽ അടുപ്പത്തുവെച്ചു രാവിലത്തെ ചായക്കു വട്ടം കൂട്ടുമ്പോൾ പാറുകുട്ടി ആലോചിച്ചു. അമ്മച്ചിയോടു് പറയുകയല്ലേ നല്ലതു്. നാട്ടിൽ അച്ഛൻ ഓരോരോ ആലോചനകൾക്കായി ശ്രമിക്കുന്നുണ്ടു്. അതിനിടയ്ക്കു ഇങ്ങനെ ഓരോ പൊക്കണക്കേടുകൾ പിന്നാലെ നടന്നാൽ ശരിയാവില്ല. അമ്മച്ചിയോടു പറഞ്ഞാൽ അതും പൊല്ലാപ്പാണു്. ഏതു കാര്യത്തിലും ചാടിവീണു് അലമ്പാക്കുന്ന സ്വഭാവമുള്ള അവരോടു് പറയുമ്പോൾ രണ്ടു തവണ ആലോചിക്കണം. തൽക്കാലം പറയേണ്ട. വല്ല പ്രശ്നവുമുണ്ടാകട്ടെ. അപ്പോൾ നോക്കാം.
പ്രശ്നം പ്രതീക്ഷിച്ചതിനും നേരത്തെ വരുന്ന മട്ടാണു്. ഇതുവരെ പിന്നിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞ പയ്യൻ ഇപ്പോൾ മുമ്പിലും പ്രത്യക്ഷപ്പെട്ടു എന്നു മാത്രമല്ല പാറുകുട്ടിയുടെ ശ്രദ്ധയാകർഷിക്കാനായി പൊടിവേലകളൊക്കെ ചെയ്യാനും തുടങ്ങി.
രാവിലെ നാരായണിയുടെ വീട്ടിൽനിന്നു് പാലുമായി വരുമ്പോൾ പിന്നിൽ ആരുമുണ്ടായിരുന്നില്ല. പയ്യൻ നിരാശനായി ഒഴിവായിപ്പോയി എന്നു വിചാരിച്ചു് അവൾ സമാധാനിച്ചു. ഒപ്പം ഒരു വല്ലായ്മയും. അവൾ ചുറ്റും നോക്കി. ഇല്ല ആരുമില്ല. ഈയ്യാക്കു് എന്തു പറ്റീ എന്നു് ആലോചിക്കുമ്പോഴാണു് മുമ്പിൽനിന്നു് സൈക്കിളിന്റെ ബെൽ കേട്ടതു്. പയ്യൻ സൈക്കിളിൽ വരുന്നു. പാറുകുട്ടി നോക്കുന്നതു കണ്ടപ്പോൾ അവൻ രണ്ടു കൈയും ഹാന്റിൽബാറിൽ നിന്നെടുത്തു് അവളുടെ നേരെ വീശി. അടുത്ത നിമിഷത്തിൽ പാറുകുട്ടി കണ്ടതു് സൈക്കിളും പയ്യനും കൂടി നിലത്തെത്തുന്നതാണു്. കാഴ്ച ആരിലും കൗതുകമുണർത്തുംവിധം രസകരമായിരുന്നു. പാറുകുട്ടി പൊട്ടിച്ചിരിച്ചു; നടന്നുപോവുകയും ചെയ്തു. വീട്ടിന്റെ പടിക്കലെത്തി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് പയ്യൻ സൈക്കിളിന്റെ തിരിഞ്ഞുപോയ ഹാന്റിൽബാർ ശരിയാക്കുന്നതാണു്.
“എന്താടീ നെന്റെ മൊഖത്തൊരു ചിരി?” ത്രേസ്യാമ്മ ചോദിച്ചു.
“അതേയ് അമ്മച്ചീ, ഞാനൊരാള് സൈക്കിളീന്നു് വീഴണതു് കണ്ടു.”
“അതിനു് ചിരിക്ക്യാ വേണ്ടതു?”
“അല്ല, അമ്മച്ചീ…” പെട്ടെന്നവൾ നിർത്തി. അയാൾ പിന്നാലെ നടക്കുന്നതിനെപ്പറ്റി പറയാനോങ്ങിയതു് അവൾ വേണ്ടെന്നു വെച്ചു.
പാറുകുട്ടിയുടെ അച്ഛൻ വന്നതു് തികച്ചും യാദൃശ്ചികമായിരുന്നു. അയാൾ എപ്പൊഴും അങ്ങിനെയാണു്. പെട്ടെന്നൊരു ദിവസം കയറിവരും, നാട്ടിൽനിന്നു ചുമന്നു കൊണ്ടുവന്ന ചാക്കു് വീടിന്റെ പിന്നിലൂടെ പോയി അടുക്കളവരാന്തയിലിറക്കി വെച്ചു് ഉമ്മറത്തേയ്ക്കു തന്നെ ചെല്ലും. ചാക്കിൽ വീട്ടുവളപ്പിലുണ്ടാക്കിയ സാധനങ്ങളായിരിക്കും. ചക്ക, മാങ്ങ, കാച്ചിൽ തുടങ്ങിയവ. ഉമ്മറത്തു് ജോസഫേട്ടൻ ഇരിക്കുന്ന കസേലയുടെ എതിർവശത്തിട്ട സ്റ്റൂളിൽ ഇരിക്കും, എന്നിട്ടു് താൻ കൊണ്ടുവന്ന സാധനങ്ങളിൽ സ്പെഷലായി വല്ലതുമുണ്ടെങ്കിൽ പറയും.
“നല്ല കൊടമ്പുളി കൊണ്ടുവന്നിട്ടുണ്ടു്, ഒന്നുംകൂടി ഒണങ്ങണം…”
ചായ കുടിച്ചശേഷം അയാൾ വന്നതു് ഒരു പ്രത്യേക കാര്യത്തിനാണെന്നു പറഞ്ഞു. “നമ്മടെ പാറുകുട്ടിക്കു് ഒരാലോചന വന്നിട്ടുണ്ടു്.”
കാര്യങ്ങൾ പറഞ്ഞശേഷം അയാൾ പോയി. ജോസഫേട്ടൻ വിളിച്ചു. ‘കൊച്ചുത്രേസ്യേ…”
“എന്തോ?”
“പാറുകുട്ടിക്കു് ഒരാലോചന വന്നിട്ട്ണ്ടു്.”
“എവിട്ന്നാ?” ത്രേസ്യാമ്മ ചോദിച്ചു.
“നാട്ടീന്നൊന്ന്വല്ല, ഇവിടെ അട്ത്ത്ന്നാ. മരടീന്നാ.”
“അതു നന്നായി.”
“ഒരു കൊഴപ്പേള്ളൂ, അവർക്കു് ഇവിട്ന്നു് പെണ്ണുകാണണംത്രെ.”
“അതോണ്ടെന്താ?”
“അപ്പോ ചെക്കനും വീട്ടുകാരും നമ്മടെ വീട്ടിലേയ്ക്കാണു് വരുക പെണ്ണുകാണാൻ.”
പെട്ടെന്നു് കാര്യങ്ങൾ സങ്കീർണമായി തോന്നി ത്രേസ്യാമ്മയ്ക്കു്. ഒരു പാടു സംശയങ്ങൾ. അതു ചോദിക്കാൻ പറ്റിയ ആളല്ല മുമ്പിലിരിക്കന്നതു്. അച്ചായൻ ഒരു കൂസലുമില്ലാതെ ഇരിക്കയാണു്, കാര്യങ്ങളുടെ കിടപ്പിനെപ്പറ്റി ഒരു പിടിപാടുമില്ലെന്നു് വ്യക്തം. വേറെ ആരോടും ചോദിക്കാനുമില്ല. പിന്നെ ഭേദം പാറുകുട്ടിയാണു്. ഇതാകട്ടെ അവളേയും ബാധിക്കുന്ന കാര്യമായതുകൊണ്ടു് അവളോടു് ചോദിക്കാൻ പറ്റുമോ? അവസാനം ജോസഫേട്ടനോടുതന്നെ ചോദിക്കാൻ തീരുമാനിച്ചു.
“അപ്പളേയ്…”
“ഊം”
“ഞാനൊരു കാര്യം ചോദിച്ചോട്ടെ?”
“നിക്കു്, ഞാനെന്റെ ഇയർഫോണെടുക്കട്ടെ.”
ഇതാണു് ഞാൻ പറയുന്നതു്, ത്രേസ്യാമ്മ ആത്മഗതം നടത്തി. ഗൗരവമുള്ള ഒരു കാര്യം പറയാൻ പോകുകയാണു്, അപ്പോഴും അതിയാനു് തമാശയാണു്.
“ഇപ്പോ അവരു് നമ്മടെ വീട്ടിലു് വന്നു കണ്ടാ ഇതു് അവളടെ വീടാണെന്നു് വിചാരിച്ചാലോ?”
“നമക്കു് ഈ വീടൊഴിഞ്ഞുകൊടുക്കേണ്ടി വരും.”
“അതല്ല ഞാൻ ഉദ്ദേശിച്ചതു്,” ത്രേസ്യാമ്മ ദേഷ്യത്തോടെ പറഞ്ഞു. “ഈ വീടു് അവളടെയാണെന്നു് വിചാരിച്ചു് കല്യാണം ഒറപ്പിച്ചശേഷം ഇതു് അവളടെ അല്ലാന്നു് മനസ്സിലാവുമ്പൊ മനഃപ്രയാസംണ്ടാവില്ലെ?”
“അങ്ങിനെയൊന്നുംണ്ടാവില്ല എന്റെ കൊച്ചുത്രേസ്യേ. ശങ്കരൻ എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ടാവും.”
ത്രേസ്യാമ്മയ്ക്കു് മുഴുവൻ ബോധിച്ചില്ല. അവർ ഈ വിവരം പാറുകുട്ടിയോടു പറയാൻ അടുക്കളയിലേയ്ക്കു് പോയി.
തന്നെ കാണാൻ ഒരാൾ ഇങ്ങോട്ടു വരുന്നുണ്ടെന്നു കേട്ടപ്പോൾ പാറുകുട്ടിക്കു് വലിയ ത്രില്ലൊന്നുമുണ്ടായില്ല, മറിച്ചു് അല്പം പരിഭ്രമമുണ്ടാകയും ചെയ്തു. ഇപ്പോൾ പിന്നാലെ നടക്കുന്ന പയ്യനെ എങ്ങിനെയാണു് കൈകാര്യം ചെയ്യേണ്ടതു? അതു തന്നത്താൻ ഒഴിഞ്ഞുപോകുന്ന വട്ടമൊന്നുമില്ല.
പിറ്റേന്നും രാവിലെ പാൽ വാങ്ങിക്കൊണ്ടുവരുമ്പോൾ പയ്യൻ സൈക്കിളിൽ എതിർവശത്തുനിന്നു വരുന്നു. മുഖത്തു് ചിരിയുണ്ടു്, നെറ്റിമേൽ ബാന്റേജും. ഇന്നലത്തെ വീഴ്ചയിൽ കിട്ടിയതായിരിക്കണം നെറ്റിമേലെ സമ്പാദ്യം. ചിരി ഇന്നത്തേതുതന്നെയാണു്. പാറുകുട്ടി ചിരിയടക്കിക്കൊണ്ടു് മുഖം തിരിച്ചു. പയ്യൻ വിടാനുള്ള ഭാവമൊന്നുമില്ല. ആൾ തിരിച്ചു വന്നു മുമ്പോട്ടു് ഓടിച്ചുപോയി, അവൾക്കെതിരായി ഓടിച്ചു വന്നു. ഇപ്രാവശ്യം തന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ തന്നെയാണെന്നു തോന്നുന്നു, അയാൾ രണ്ടു കൈയുംവിട്ടു് സൈക്കിളിൽ എഴുന്നേറ്റു നിന്നു. ശ്രദ്ധ റോഡിൽനിന്നു പാറുകുട്ടിയിലേയ്ക്കു തിരിഞ്ഞതും, ഒരു കല്ലിൽത്തട്ടി സൈക്കിൾ മറിഞ്ഞതും ഒപ്പം കഴിഞ്ഞു. പാറുകുട്ടിക്കു പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് നടുറോഡിൽ ചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്ന സൈക്കിളും അരികത്തായി തന്നെ നോക്കി അദ്ഭുതത്തോടെ നോക്കിക്കിടക്കുന്ന പയ്യനും. എന്തെങ്കിലും പറ്റിയോ ആവോ.
ഇനിയും അമ്മച്ചിയോടു് പറഞ്ഞില്ലെങ്കിൽ പ്രശ്നമാകുമെന്നു് പാറുകുട്ടിക്കു തോന്നി. ഒന്നാമതായി താൻ വേറൊരാളുടെ വീട്ടിൽ താമസിച്ചു ജോലിചെയ്യുകയാണു്, രണ്ടാമതായി തന്നെ കാണാൻ ഒരു കൂട്ടർ മൂന്നു ദിവസങ്ങൾക്കുള്ളിൽ ഇങ്ങോട്ടു വരുന്നുമുണ്ടു്. അതിനിടക്കു് ഇങ്ങിനെ ഒരലവലാതി പിന്നാലെ കൂടിയാൽ ശരിയാവില്ല.
“അമ്മച്ചീ, ഞാനിന്നലെ പറഞ്ഞില്ലേ ഒരാള് സൈക്കിളീന്നു് വീണൂന്നു്.”
“അതേ.”
“അയാള് ഇന്നും സൈക്കിളീന്നു് വിണു.”
“അയാള് സൈക്കിള് പഠിക്ക്യാണോ?”
“അല്ലമ്മച്ചീ, അഭ്യാസം കാട്ടീട്ടാ.”
“എന്തിനാണു് അയാള് അഭ്യാസം കാട്ടണതു?”
“ആ, ആർക്കറിയാം? അയാക്കടെ ഓരോ വേഷങ്ങള്.”
“എന്നിട്ടു് അയാക്കു് വല്ലതും പറ്റിയോ?”
“ആ, അറിയില്ലമ്മച്ചീ. പിന്നേയ്, അയാള് കൊറച്ചു ദെവസായി എന്റെ പിന്നാലെ നടക്കുന്നു.”
“എന്നിട്ടു് നീയെന്താണു് എന്നോടു് പറയാഞ്ഞതു?”
പാറുകുട്ടി ഒന്നും പറഞ്ഞില്ല.
“നെന്നെ കാണാൻ ആൾക്കാരു് വര്ണ്ണ്ടു്. കൊഴപ്പത്തിനൊന്നും നിൽക്കണ്ട പെണ്ണേ. ഇനീം ഇങ്ങനെ വല്ലതുംണ്ടായാൽ പറേണം കേട്ടോടീ?”
“ആ അമ്മച്ചീ.”
അയാൾക്കു് വല്ലതും പറ്റിയിട്ടുണ്ടോ എന്നറിയാൻ ഇരുപത്തിനാലു മണിക്കൂറെ വേണ്ടിവന്നുള്ളു. പിറ്റേന്നും അയാൾ സൈക്കിളിൽ ഹാജരായി. ദൂരെനിന്നേ അയാൾ വരുന്നതു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോഴാണു് കണ്ടതു് വലത്തെ കൈകൊണ്ടാണു് ഹാന്റിൽബാർ പിടിച്ചിരിക്കുന്നതു്. പ്ലാസ്റ്ററിട്ട ഇടത്തെ കൈ ഒരു തുണികൊണ്ടു് കെട്ടി കഴുത്തിലൂടെ തൂക്കിയിട്ടിരിക്കയാണു്. മുഖത്തു ചിരിയില്ല. അയാളുടെ വരവിൽ, അല്ല അയാളെ സംബന്ധിക്കുന്ന എന്തിലും ഒരു കോമാളിത്തമുണ്ടായിരുന്നു. അവൾ ചിരിക്കാൻ ഭാവിച്ചതാണു്. പെട്ടെന്നാണു് അയാളുടെ മുഖം പാറുകുട്ടി ശ്രദ്ധിച്ചതു്. അതിൽ വിഷാദമുണ്ടായിരുന്നു. അവളുടെ മുഖത്തു വിടരാൻ പോയ ചിരി വാടിപ്പോയി, അവൾ മുഖം താഴ്ത്തി.
“ഇന്നു് ആ സൈക്കിള്കാരനെ കണ്ടോ?” ത്രേസ്യാമ്മ ചോദിച്ചു.
“ഇല്ലമ്മച്ചീ, അല്ലമ്മച്ചീ കണ്ടു…” പാറുകുട്ടി വിക്കിക്കൊണ്ടു പറഞ്ഞു.
“നീയെന്താണു് പറയുന്നതു്. കണ്ടൂന്നോ കണ്ടില്ലാന്നോ.”
“അല്ലമ്മച്ചീ, ഇന്നു് അയാള് സൈക്കിളീന്നു് വീണതൊന്നുംല്ല്യ.”
“അതു നന്നായി.” അതു കഷ്ടമായി എന്ന സ്വരത്തിലവർ പറഞ്ഞു. “അതോണ്ടാണോ നെന്റെ മൊഖത്തു് ചിരിയില്ലാതായതു?”
പാറുകുട്ടി അടുക്കള ജനലിലൂടെ നോക്കുകയായിരുന്നു. ഇല്ല പടിക്കൽ അയാളില്ല. അവൾക്കു് ആശ്വാസം തോന്നി. അയാൾക്കു് മടുത്തിട്ടുണ്ടാവും. നന്നായി. പെണ്ണുകാണാൻ നാളെയാണു് ആൾക്കാർ വരുന്നതു്. അതിനുമുമ്പുതന്നെ ദുരന്തകഥയിലെ നായകൻ പിൻവാങ്ങിയതു നന്നായി. പക്ഷേ, മനസ്സിന്റെ ഏതോ കോണിൽ ഒരു നീറൽപോലെ. അയാൾ തന്നിൽ മതിപ്പുണ്ടാക്കാനാണു് ഈ അഭ്യാസങ്ങളൊക്കെ കാണിച്ചതും വീണു് കയ്യൊടിഞ്ഞതും. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു് അയാൾ വലിയ സാഹസത്തോടെ പറയുകയായിരുന്നു.
പിറ്റേന്നു് പാൽ വാങ്ങി വരുമ്പോൾ അവൾ ഇടക്കിടയ്ക്കു് തിരിഞ്ഞുനോക്കി. ഇല്ല ആരുമില്ല. ഒഴിഞ്ഞുകിടക്കുന്ന റോഡ്. അവൾക്കു വിഷമമായി. സൈക്കിളില്ല, ബെല്ലടിയില്ല. നീണ്ടു് ഒഴിഞ്ഞുകിടക്കുന്ന നിരത്തുമാത്രം. ഏകാന്തതയുടെ തേങ്ങൽ മാത്രം.
വരൻ വന്നതു് പല്ലക്കിലായിരുന്നില്ല. അവർ വന്നപ്പോൾ പാറുകുട്ടി അകത്തെ മുറിയിലായിരുന്നു. ത്രേസ്യാമ്മ അവളെ ഉടുത്തൊരുക്കുകയാണു്. ഒരമ്മ മകളെയെന്നപോലെ. പന്ത്രണ്ടാംവയസ്സിൽ ഒരു കൊച്ചു പാവാടക്കാരിയായി വന്നതാണവൾ; കണ്ണുകളിൽ ഭയവും മനസ്സിൽ നിറയെ കൗതുകവുമായി. ഒരു ജോലിക്കാരിയായിട്ടാണവൾ വന്നതെങ്കിലും ഇന്നവൾ ആ വീട്ടിലെ അംഗമാണു്. ഉമ്മറത്തിരിക്കുന്ന പയ്യനെപ്പറ്റി ത്രേസ്യാമ്മ ആലോചിച്ചു. അവനു് ഇവളെ ഇഷ്ടമായാൽ കല്യാണം നടക്കും, ഇവൾ പോകുകയും ചെയ്യും. എട്ടുകൊല്ലം കൊണ്ടു് കരുപ്പിടിച്ച മമത ഒരു തേങ്ങലായി ഉയർന്നപ്പോൾ നിറഞ്ഞ കണ്ണുകൾ തുടക്കാൻ അവർ മുഖം തിരിച്ചു.
“നീ പുറപ്പെട്ടു കഴിഞ്ഞു് അടുക്കളേലിക്കു് വാ പെണ്ണേ, ഞാൻ ചായണ്ടാക്കി വെക്കാം.”
“ഞാൻണ്ടാക്കാം അമ്മച്ചീ.”
“വേണ്ട പെണ്ണേ, നീയിങ്ങനെ ഉടുത്തൊരുങ്ങീട്ടു് അടുക്കളേലൊന്നും പോയി വെരകേണ്ട.”
പാറുകുട്ടി മുത്തുകൾ പതിച്ച പൊട്ടെടുത്തു തൊട്ടു കണ്ണാടിയിൽ നോക്കി. സുന്ദരിയായിരിക്കുന്നു. പയ്യനു് ബോധിച്ചില്ലെങ്കിൽ വേണ്ട. ഇടനാഴികയിലൂടെ അടുക്കളയിലേയ്ക്കു നടക്കുമ്പോൾ കിളിവാതിലിലൂടെ അവൾ ഉമ്മറത്തേയ്ക്കു നോക്കി. അവിടെ ജോസഫേട്ടന്റെ മുമ്പിൽ സോഫയിൽ രണ്ടു സ്ത്രീകളും ഒരു വയസ്സായ മനുഷ്യനും പിന്നെ പയ്യനും. പയ്യനും? അവൾ ഒന്നുകൂടി കണ്ണുതുടച്ചു നോക്കി, അതെ പയ്യനും! അവൾ അടുക്കളയിലേക്കോടി.
“അമ്മച്ചീ, അതു് അയാളാണു്.”
“ഏതു്, ആരു് പെണ്ണേ?”
“ഇപ്പോ കാണാൻ വന്ന ആളില്ലേ അമ്മച്ചീ, അതയാളാണു്, ആ സൈക്കിളുകാരൻ.”
“എന്റെ കർത്താവേ!” അവർ തലയിൽ കൈവച്ചു. “ഇനിയെന്താ ചെയ്യ്വാ.”
“നമുക്കയാക്കടെ കുറുമ്പു് മാറ്റിക്കൊടുക്കാം അമ്മച്ചീ.”
“നീയെന്തൊക്കെയാണു് പറയണതു?”
അഞ്ചു കപ്പുകളിൽ ചായ പകർന്നുവെച്ചിരുന്നു. പാറുകുട്ടി മുളകുപൊടിയുടെ പാത്രം തുറന്നു് ഒരു സ്പൂൺ പൊടിയെടുത്തു് ഒരു കപ്പ് ചായയിലിട്ടു് ഇളക്കുന്നതു് അവർ ഭയംകൂറുന്ന കണ്ണുകളോടെ നോക്കിനിന്നു. അവൾ ചായയുടെ ട്രേ എടുത്തു പുറപ്പെട്ടപ്പോൾ കുഴലപ്പവും അച്ചപ്പവുമുള്ള ട്രേയുമായി ത്രേസ്യാമ്മയും നടന്നു.
പയ്യന്റെ കൈയിലെ പ്ലാസ്റ്ററിനെപ്പറ്റി ചോദിക്കുകയായിരുന്നു ജോസഫേട്ടൻ.
“സൈക്കിളീന്നു് വീണതാ.” അയാൾ പറഞ്ഞു മുഖം തിരിച്ചതും പാറുകുട്ടി ചായയുമായി മുമ്പിലെത്തിയതും ഒപ്പമായിരുന്നു. അയാൾ ചിരിച്ചു, ഒരു ചമ്മിയ ചിരി. പാറുകുട്ടി ട്രേയിലെ കപ്പുകൾ ഒരഭ്യാസിയുടെ പാടവത്തോടെ ഓരോരുത്തർക്കായി കൊടുക്കുകയാണു്. അവസാനമാണു് പയ്യനുള്ള പ്രത്യേക ചായ കയ്യിൽ ഒരു ചിരിയോടെ കൊടുത്തതു്. ചിരിയുടെ അർഥം പിടികിട്ടാൻ അയാൾക്കു് അധികം താമസിക്കേണ്ടി വന്നില്ല. ത്രേസ്യാമ്മ നെഞ്ചിനുള്ളിൽ പിടക്കുന്ന ഹൃദയത്തോടെ നോക്കിനില്ക്കേ അയാൾ ചായക്കപ്പ് ചുണ്ടോടടുപ്പിച്ചു.
“ഇതു് ചെറുക്കന്റെ മാമനാണു്, ഇതു് ചേച്ചിയും അമ്മായിയുമാണു്.” ജോസഫേട്ടൻ അവരെ പരിചയപ്പെടുത്തി.
“നല്ല ചായ.” മാമൻ പറഞ്ഞു.
“പാറുകുട്ടിയുണ്ടാക്കിയതാണു്”. ത്രേസ്യാമ്മ ധൃതിയിൽ പറഞ്ഞു. ഈ ചായനിർമ്മാണത്തിൽ, പ്രത്യേകിച്ചും പയ്യൻ കുടിക്കാൻ പോകുന്ന ചായയുടെ കാര്യത്തിൽ ഒരുവിധ പ്രശംസയും തനിക്കു വേണ്ട.
“ഔ” ഒരിറക്കു ചായ കുടിച്ചപ്പോൾ പയ്യന്റെ വായിൽനിന്നു് അറിയാതെവന്ന ശബ്ദമായിരുന്നു അതു്. അയാൾ പാറുകുട്ടിയെ ദയനീയമായി നോക്കി വീണ്ടും കപ്പ് ചുണ്ടോടടുപ്പിച്ചു.
“എന്റെ കർത്താവേ, ഈ കൊച്ചു പെണ്ണിനോടു് ക്ഷമിക്കണേ.” ത്രേസ്യാമ്മ മനസ്സിൽ കുരിശുവരച്ചു പ്രാർഥിച്ചു.
പയ്യന്റെ കണ്ണിൽനിന്നു് വെള്ളം ചാടുന്നുണ്ടായിരുന്നു, അയാൾ പാന്റിന്റെ പോക്കറ്റിൽനിന്നു് കർച്ചീഫെടുത്തു് കണ്ണുതുടച്ചു.
“എന്തു പറ്റീ” ജോസഫേട്ടൻ ചോദിച്ചു.
“ഒന്നുമില്ല, പെട്ടെന്നൊരു ജലദോഷം.” അയാൾ വീണ്ടും കപ്പ് ചുണ്ടോടടുപ്പിച്ചു.
പാറുകുട്ടി അകത്തേയ്ക്കു പോയി. ജോസഫേട്ടൻ ബിസിനസ്സിലേയ്ക്കു കടന്നു. തന്നെയാണു്, പാറുകുട്ടിയുടെ അച്ഛൻ കാര്യങ്ങളെല്ലാം ഏല്പിച്ചിരിക്കുന്നതു്. ആ സാധുമനുഷ്യനു് ഒന്നും ചെയ്യാൻ പറ്റില്ല. കാര്യങ്ങളെല്ലാം സംസാരിച്ചശേഷം ജോസഫേട്ടൻ ത്രേസ്യാമ്മയെ അകത്തു വിളിച്ചു.
“ചെറുക്കൻ തരക്കേടില്ലാന്നാ തോന്നണതു് ഒരു പാവാണു്, ചായപ്പൊടിക്കമ്പനീലു് സൂപ്പർവൈസറാണു്. വീട്ടുകാരും മോശല്ല്യാന്നു് തോന്നുണു. നമുക്കു് ഒന്നു് അന്വേഷിക്കാം. പിന്നെ ചെറുക്കനു് പെണ്ണിനെ നല്ല ഇഷ്ടായിരിക്കുന്നു. അവൾക്കു് അവനെ ഇഷ്ടായോന്നു് ചോദിക്കാൻ പറഞ്ഞിരിക്കുന്നു. അവൻ തന്നെയാണു് പറഞ്ഞതു്. അതറിഞ്ഞിട്ടു മതി ബാക്കി കാര്യങ്ങളൊക്കെ നോക്കാൻന്നാണു് പറേണതു്. നീ ഒന്നു ചോദിച്ചുനോക്കു്.”
“അവൾക്കിഷ്ടമാവാതെ എന്താ…” എന്നു പറഞ്ഞപ്പോഴാണു് അവരതിന്റെ അപകടസാധ്യതയോർത്തതു്. “അല്ലെങ്കിൽ ഞാൻ ചോദിച്ചു വരാം.”
അടുക്കളയിൽ പാറുകുട്ടിയുണ്ടായിരുന്നില്ല. അവർ അവളുടെ മുറിയിൽ പോയിനോക്കി. അവിടെ വെറും നിലത്തു് ഇരുന്നു് അവൾ കരയുകയായിരുന്നു. ത്രേസ്യാമ്മയെ കണ്ടപ്പോൾ അവൾ തേങ്ങിത്തേങ്ങി കരയാൻ തുടങ്ങി. അവർ ആദ്യമൊന്നു് അന്ധാളിച്ചു. കരച്ചിലിന്നിടയിൽ അവൾ പറഞ്ഞു. “അയാള് ചായ മുഴുവൻ കുടിച്ചു അമ്മച്ചീ…”
അവർക്കു കാര്യം മനസ്സിലായി. അവരും ഒരു കാലത്തു് പെൺകുട്ടിയായിരുന്നു.
“എന്തിനാ മണ്ടി കരേണതു്. പോയി മുഖം കഴുകി പൗഡറിട്ടു വാ. അവരിപ്പോ പോവും. നെനക്കു് അവനെ ഇഷ്ടായോന്നു് അന്വേഷിക്കാൻ പറഞ്ഞു് വന്നതാ ഞാൻ. ഇപ്പോ എനിക്കു മനസ്സിലായി. മണ്ടി.”
അവർ ഉമ്മറത്തേയ്ക്കു് തിരിച്ചുപോയി. അവരുടെ മുഖത്തുനിന്നു് എല്ലാവരും കാര്യം മനസ്സിലാക്കിയിരുന്നു. അവർ പയ്യനോടു പറഞ്ഞു.
“മോനിനി അവളെ കാണിക്കാനായി സൈക്കിളിമ്മലു് അഭ്യാസൊന്നും ചെയ്യണ്ടാന്നു് പാറുകുട്ടി പറഞ്ഞിരിക്കുന്നു.”
വാ പൊളിച്ചു നില്ക്കുന്നവരോടായി അവർ തുടർന്നു. “അല്ല, കല്യാണാവുമ്പോഴേയ്ക്കു് ഒരു കയ്യെങ്കിലും സ്വാധിനത്തിലു് വേണ്ടേ?”
എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ടാവും. ത്രേസ്യാമ്മ ഓർത്തു. പാറുകുട്ടി തന്റെ സ്വഭാവമായി മാറിയിരുന്നെന്നു് ഇപ്പോഴാണു് മനസ്സിലാവുന്നതു്. എട്ടുകൊല്ലം കൊണ്ടു് അവൾ തൻെ ആറാം ഇന്ദ്രിയമായി വളർന്നിരുന്നു. ഇപ്പോൾ, അവൾ പോയപ്പോൾ താൻ അനങ്ങാൻ വയ്യാതെ നില്ക്കയാണു്. ഞായറാഴ്ച അവളും ഭർത്താവും കൂടി വന്നു, ബിരിയാണി സദ്യ ഒരുക്കിക്കൊടുത്തു. വളരെ സന്തോഷത്തോടെയാണു് പോയതു്. അവൾ പോയപ്പോഴാണു് ത്രേസ്യാമ്മയ്ക്കു് വിഷമമായതു്. അവർ അടുക്കളയിൽ ഒറ്റക്കിരുന്നുകൊണ്ടു് പലതും ആലോചിച്ചു. ആലോചിച്ചുകൊണ്ടിരിക്കെ മനസ്സിൽ വേദന വളർന്നുവന്നു. കണ്ണു് ഈറനായി. അപ്പോൾ അവർ ആലോചിച്ചുകൊണ്ടിരുന്നതു്, “എന്തു പറ്റീ അമ്മച്ചീ” എന്നു പറഞ്ഞു് ആശ്വസിപ്പിക്കാൻ എന്താണു് പാറുകുട്ടി വരാത്തതെന്നായിരുന്നു. അവർ പാറുകുട്ടിക്കുവേണ്ടി ചുറ്റും നോക്കി. പെട്ടെന്നാണു് ഇനി ആ വിളിയോടെ ആരും തന്നെ ആശ്വസിപ്പിക്കാൻ വരില്ലെന്ന ക്രൂരമായ യാഥാർത്ഥ്യം അവരിൽ ഉദിച്ചതു്. ഉയർന്നു വന്ന തേങ്ങലടക്കാൻ അവർ പാടുപെട്ടു.
പിറ്റേന്നാണു് ജോമോന്റെ കത്തു കിട്ടുന്നതു്. കത്തു വായിച്ചുകൊണ്ടു് ജോസഫേട്ടൻ പറഞ്ഞു.
“കൊച്ചു ത്രേസ്യേ, അവൻ ഇരുപത്തഞ്ചാന്തി വര്ണൂ.”
“ആരു്?”
“നമ്മടെ ജോമോൻ.”
“അവൻ വന്നു് പോയിട്ടു് എട്ടു് മാസല്ലെ ആയിട്ടുള്ളൂ?” അവൻ വരുന്നതിലുള്ള സന്തോഷം മറച്ചുവച്ചു് ത്രേസ്യാമ്മ ചോദിച്ചു.
“ഈസ്റ്ററ് കാണക്കാക്കിയിട്ടാണു് വരവു്. പോരാത്തതിനു് കല്യാണോം വേണംത്രെ.’
“കല്യാണോ, അത്രക്കൊക്കെ പ്രായായോ അവനു്?”
“ഇരുപത്താറു തികഞ്ഞില്ലെ.”
“കർത്താവേ എന്റെ മോൻ വലുതായിരിക്കുന്നു!”
“അവന്റെ ഒരു ഫ്രണ്ടും ഒപ്പം വരുന്നുണ്ടത്രെ. ഒപ്പം ജോലിയെടുക്കുന്ന ആളാണു്.’
“അയാള് എന്തിനാണു് വരുന്നതു?” ത്രേസ്യാമ്മ ചോദിച്ചു. മകന്റെ ഒപ്പം ഒരാൾ വരുന്നതു് അവർക്കത്ര തൃപ്തിയായില്ല. വർഷത്തിലൊരിക്കൽ വരുമ്പോൾ മകനെ തനിക്കായികിട്ടണം. അതിന്റെ ഇടയിൽ വേറൊരാൾ, അതവന്റെ സ്നേഹിതനാണെങ്കിലും ശരിയാവില്ല.
“ഇനി അയാള് നമ്മടെ വീട്ടിലായിരിക്ക്യോ താമസിക്കുക?” ത്രേസ്യാമ്മ ചോദിച്ചു.
“അല്ലാതെ എവിടെ താമസിക്കാനാ, ഹോട്ടലിലോ?”
“അതേ.”
“അവൻ അവന്റെ സ്നേഹിതനെ കൊണ്ടുവരുമ്പോൾ അമ്മച്ചീടെ പാചകൊക്കെ വർണ്ണിച്ചിട്ടുണ്ടാവും. ഇവിടെ വന്നു് ഭക്ഷണം കഴിച്ചുനോക്കിയാലല്ലെ മനസ്സിലാവൂ. ഇതുവരെയൊക്കെ ചെയ്തിരുന്നതു് പാറുകുട്ടിയായതു കൊണ്ടു് കുഴപ്പമില്ലായിരുന്നു. ഇപ്പോ അതല്ലല്ലോ സ്ഥിതി.”
“എന്റെ പാചകത്തിനു് എന്താ ഒരു ദൂഷ്യം?”
“ദൂഷ്യണ്ടെന്നു് ഞാൻ പറഞ്ഞില്ലല്ലോ കൊച്ചുത്രേസ്യേ. കഴിച്ചുനോക്ക്യാലല്ലെ മനസ്സിലാവൂന്നു് പറഞ്ഞതാ.”
ജോസഫേട്ടൻ പറഞ്ഞതിൽ എന്തെങ്കിലും അപാകതയുണ്ടോ എന്നു് ത്രേസ്യാമ്മ കുറച്ചുനേരം ആലോചിച്ചു നോക്കി. ഒരടിപിടിക്കു് അവസരമുണ്ടോ എന്നു നോക്കുകയായിരുന്നു അവർ. ഇല്ല കുഴപ്പമൊന്നും കാണുന്നില്ല. കഴിച്ചുനോക്കിയാൽത്തന്നെയല്ലെ അറിയൂ സാധനങ്ങളുടെ ഗുണം?
രണ്ടു ദിവസത്തിന്നുള്ളിൽ ജോമോനു് ആദ്യത്തെ കല്യാണാലോചന വന്നു. ജോസഫേട്ടൻ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിനു് ത്രേസ്യാമ്മയുടെ പേരിൽ മതിപ്പുണ്ടായി.
“കൊച്ചു ത്രേസ്യേ,” അദ്ദേഹം വിളിച്ചു ചോദിച്ചു. “ജോമോൻ വരുന്ന കാര്യം നീ റേഡിയോവിലോ ടീവീലോ പരസ്യം കൊടുത്തതു?”
“ഞാൻ പരസ്യൊന്നും കൊടുത്തിട്ടില്ലല്ലോ?’ അവർ അദ്ഭുതം പ്രകടിപ്പിച്ചു.
“പിന്നെങ്ങനാ അവൻ വരണ കാര്യത്തിനു് ഇത്ര പരസ്യം കിട്ടീതു?”
“അതു്, ഞാനേയ്, ഈ കോളനീലെ പിള്ളാരോടു് പറഞ്ഞൂ.”
“പോരെ, ഇനിയെന്തിനാ ടീവീലൊക്കെ പരസ്യം ചെയ്യണതു്. ഇതാ അന്വേഷിച്ചു് മൂന്നാൻ എത്തിയിരിക്കുന്നു.”
മുമ്പിലിട്ട കസേരയിൽ ചടഞ്ഞുകൂടിയ മെലിഞ്ഞ മനുഷ്യനെ അപ്പോഴാണവർ ശ്രദ്ധിക്കുന്നതു്.
“നല്ല ആലോചന്യാ കൊച്ചുത്രേസ്യേ.” ജോസഫേട്ടൻ പറഞ്ഞു. ആറേക്കർ റബ്ബർതോട്ടംണ്ടു്, ടൌണീത്തന്നെ എട്ടു് കെട്ടിടങ്ങളുണ്ടു്, പിന്നെ കണ്ടമാനം സ്വത്തുക്കള് വേറേംണ്ടു്. ഈ ആറേക്കർ റബ്ബർതോട്ടും, എട്ടു് കെട്ടിടത്തിലു് മൂന്നു് നെലള്ള നാലു് കെട്ടിടവും ജോമോന്റെ ഭാര്യടെ പേരിലു് എഴുതിത്തരും. പിന്നെ അഞ്ചുലക്ഷം വേറീം തരും. ഒരുമാതിരി കഴിയാനുള്ള വകയായില്ലേ?”
“അതെയതെ.” മൂന്നാൻ ഉത്സാഹത്തോടെ തലയാട്ടി. ജോസഫേട്ടൻ തുടർന്നു. “ഇതൊക്കെ മേടിച്ചുവെച്ചാൽ പെണ്ണിനെ വീട്ടിലു് കൊണ്ടുവരണംന്നു് നിർബ്ബന്ധവുംണ്ടാവില്ല അല്ലെ?”
മൂന്നാൻ തലയാട്ടി. പെട്ടെന്നാണു് അവസാനഭാഗത്തു് എന്തോ ഒരു പന്തികേടു് മൂന്നാനു് അനുഭവപ്പെട്ടതു്. അയാൾ വിശദീകരണം ചോദിച്ചു.
“ചേട്ടൻ എന്താ പറഞ്ഞതു?”
“അല്ല, ഇതൊക്കെ കിട്ടിയാൽ പിന്നെ പെണ്ണിന്റെ ആവശ്യം എന്താണ്ന്നു് ചോദിച്ചതാ.”
മൂന്നാൻ തലയാട്ടൽ നിർത്തി. തലയാട്ടിക്കൊണ്ടിരുന്നാലത്തെ ഭവിഷ്യത്തുകൾ അയാൾക്കു് മനസ്സിലായി.
പിന്നെ ആലോചനകളുടെ ബഹളമായിരുന്നു. ജോസഫേട്ടനു് വിവാഹദല്ലാളമ്മാരെ പൊതുവേ ഇഷ്ടമല്ലായിരുന്നു. അവർ വന്നാൽ ജോസഫേട്ടന്റെ മൂഡ് പോകും.
“നിങ്ങളെന്തിനാണു് അവരോടൊക്കെ ഇങ്ങനെ കയർക്കണതു?” ത്രേസ്യാമ്മ ചോദിക്കും.
“ഒരു മൂന്നാൻ കാരണമാണു് ഇരുപത്തെട്ടു കൊല്ലം ഞാൻ കഷ്ടപ്പെടേണ്ടി വന്നതു്. അതറിയ്വോ നെനക്കു്?”
ത്രേസ്യാമ്മയ്ക്കു് അതിന്റെ പൊരുൾ മനസ്സിലായില്ല. വല്ല മൂന്നാൻമാരും ജോസഫേട്ടനെ വെച്ചു പോയിട്ടുണ്ടാകും. അതിനെപ്പറ്റി അധികം ആലോചിച്ചു് തല പുണ്ണാക്കാൻ അവർ ശ്രമിച്ചില്ല. വിവാഹദല്ലാളന്മാർ അവശ്യം വേണ്ട ഉപദ്രവമാണെന്നവർ വിശ്വസിച്ചു. ഒരു വീട്ടിൽ കല്യാണത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുന്നതിൽ അവർക്കു് നല്ലൊരു പങ്കുണ്ടു്.
“നമുക്കു് നേരിട്ടു് എവിടെനിന്നെങ്കിലും ആലോചിക്കാം.” ജോസഫേട്ടൻ പറഞ്ഞു. “പോരാത്തതിനു് ജോമോൻ എഴുതിയിട്ടുമുണ്ടു്, അവൻ വന്ന ശേഷം തുടങ്ങിയാ മതി ആലോചനാന്നു്. നമ്മള് വിചാരിക്കണതാവില്ല അവനു താല്പര്യം.”
കാര്യമെന്തൊക്കെയായാലും മൂന്നാന്മാർ വരുമ്പോൾ ജോസഫേട്ടൻ ഉണ്ടാവണമെന്നുണ്ടു് ത്രേസ്യാമ്മയ്ക്കു്. പിന്നിൽ ഒരു ബലത്തിന്നു്. കാര്യങ്ങളെല്ലാം ത്രേസ്യാമ്മ തന്നെ പറയുമെങ്കിലും ആണൊരുത്തൻ ഒപ്പമുണ്ടാവുന്നതല്ലെ നല്ലതു? ഞായറാഴ്ച പള്ളിയിൽ പോയി വരുമ്പോഴേയ്ക്കും രണ്ടു പേർ പടിക്കൽതന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതെ മൂന്നാന്മാർതന്നെ. വിവരങ്ങളെല്ലാം ശേഖരിച്ചുവെച്ചു് അവരെ പറഞ്ഞയച്ചു. ഉച്ചയ്ക്കു് ഊണുകഴിഞ്ഞു് ജോസഫേട്ടൻ പുറത്തിറങ്ങി. ഒന്നു് നടുനീർത്താമെന്നു കരുതി ത്രേസ്യാമ്മ അതിനുള്ള ഒരുക്കങ്ങൾ ചെയ്തു. പാറുകുട്ടി പോയതിനുശേഷം ഉച്ചക്കുള്ള കിടത്തവും നിന്നിരുന്നു. പിള്ളാരെ കയറൂരിവിട്ടു് കിടന്നാൽ സമാധാനമില്ല. അപ്പോൾ ഞായറാഴ്ചയേ ഉച്ചയുറക്കം പറ്റൂ. ഉമ്മറത്തെ വാതിലടക്കാൻ നിൽക്കുമ്പോഴാണു് ഒരാൾ പടികടന്നു വരുന്നതു് കണ്ടതു്. ഒറ്റ നോട്ടത്തിൻ അതൊരു മൂന്നാനാണെന്നു് ത്രേസ്യാമ്മയ്ക്കു മനസ്സിലായി. മൂന്നാന്മാരെ ഇപ്പോൾ ഒരു നാഴിക ദൂരെവച്ചു കണ്ടാൽപോലും ത്രേസ്യാമ്മയ്ക്കു മനസ്സിലാവും.
പത്തറുപതു വയസ്സു പ്രായമായിട്ടുണ്ടാകും അയാൾക്കു്. നരയും കഷണ്ടിയും കയറിയ തല. അയാൾ അകത്തു കയറിയിരുന്നു് കയ്യിലുള്ള തുകൽസഞ്ചി അടുത്തുതന്നെ വെച്ചു, അതിന്മേൽ സ്നേഹത്തോടെ തൊട്ടുതലോടി.
“ഞാനൊരു ആലോചനയുംകൊണ്ടു് വന്നതാണു്.” അയാൾ ചിരിച്ചുകൊണ്ടു് പറഞ്ഞു.
“എനിക്കു മനസ്സിലായി.” ത്രേസ്യാമ്മ പറഞ്ഞു. അവതരണമൊന്നുമില്ലാതെ കാര്യം പറഞ്ഞു പൊയ്ക്കൂടെ എന്നാണു് അവർ ആലോചിച്ചിരുന്നതു്.
“എങ്ങിനെ മനസ്സിലായി? കത്തുണ്ടായിരുന്നോ?”
“അല്ലാ, ഇന്നു് രാവിലെത്തൊട്ടു് വരുന്ന മൂന്നാമത്തെ മൂന്നാനാണു് നിങ്ങള്. ജോമോന്റെ കത്തു കിട്ടിയശേഷം ആലോചനകള് കൊറച്ചൊന്നുമല്ല വരുന്നതു്.”
മൂന്നാമത്തെ മൂന്നാൻ! ആ പ്രയോഗം അയാൾക്കിഷ്ടമായി.
“നല്ല പയ്യനല്ലെ? എഞ്ചിനീയറാണു്, ഗൾഫിലു് നല്ല ജോലീം. അപ്പോപ്പിന്നെ ആലോചനകള് വരാണ്ടിരിക്ക്വോ?” അയാൾ പറഞ്ഞു.
“ജോസഫേട്ടൻ പൊറത്തു പോയിരിക്ക്യാണു്. വിവരങ്ങളൊക്കെ തന്നു് പൊയ്ക്കോളു. ഞങ്ങള് അറിയിക്കാം, താല്പര്യണ്ടെങ്കിലു്. ഒന്നുരണ്ടു് ആലോചനകള് കാര്യായിട്ട്തന്നെണ്ടു്. അതിലൊന്നു് മിക്കവാറും ഒറപ്പിക്കും.”
“അപ്പോ ഞാൻ വൈകിയോ വരാൻ?”
അയാൾ സഞ്ചിതുറന്നു് ഒരു ഫോട്ടോ എടുത്തു ത്രേസ്യാമ്മയുടെ കൈയിൽ കൊടുത്തു.
“ഇതാണു് കുട്ടി.” അയാൾ പറഞ്ഞു.
ത്രേസ്യാമ്മ നോക്കി. തരക്കേടില്ല. സൂക്ഷ്മമായി നോക്കണമെങ്കിൽ ജോസഫേട്ടന്റെ കണ്ണട വേണം. പിന്നീടു് നോക്കാം. അവർ ചോദിച്ചു.
“അപ്പോ എവിട്യാണു് പെണ്ണിന്റെ വീടു്?”
“തിരുവല്ലായിലാണു്.”
“തിരുവല്ലായിലോ?” ത്രേസ്യാമ്മ കുറച്ചുറക്കെത്തന്നെ പറഞ്ഞു. “ഇത്ര ദൂരത്തൊന്നും പോകാൻ താല്പര്യല്ല്യ. ഞാനിവിടെ അടുത്തെങ്ങാനുമാണെന്നു കരുതിയാ സംസാരിച്ചതു്.”
“സാരംല്ല്യ.” അയാൾ പറഞ്ഞു. “ഞാൻ വിവരങ്ങളൊക്കെ ഒരു കടലാസിൽ എഴുതിത്തരാം. ചേട്ടൻ വരുമ്പോൾ കൊടുക്കൂ. താല്പര്യംണ്ടാവുംന്നു് തന്ന്യാ എനിക്കു തോന്നണതു്. ദൂരൊക്കെ ഇക്കാലത്തു് ഒരു പ്രശ്നാണോ?”
അയാൾ ഒരു കടലാസിൽ വിവരങ്ങളൊക്കെ കുറിച്ചു് കൊടുത്തു.
“എന്നാൽ ഞാനിറങ്ങട്ടെ. ഞാനിനിയും വരും.”
അയാൾ ഇറങ്ങിപ്പോയപ്പോൾ ത്രേസ്യാമ്മയ്ക്കു വിഷമമായി. ഒരു ഗ്ലാസു പച്ചവെള്ളം പോലും കൊടുത്തില്ല. പാവം അയാളുടെ തൊഴിലാണതു്. പെണ്ണിന്റെ വീട്ടുകാർ കൊടുക്കുന്ന കമ്മീഷൻ കൊണ്ടാണയാൾ ജീവിക്കുന്നതു്. അതിനു വേണ്ടിയാണു് തിരുവല്ലായിൽനിന്നു് ഇതുവരെ യാത്ര ചെയ്തു വന്നതു്. വണ്ടിക്കൂലിക്കു് എന്തെങ്കിലും ചില്ലറ കൊടുക്കാമായിരുന്നു.
മൂന്നാനോടുണ്ടായ അനുതാപം പക്ഷേ, ആ ആലോചന സ്വീകരിക്കുന്നതിൽ ത്രേസ്യാമ്മ കാണിച്ചില്ല. അനുതാപം വേറെ. മകന്റെ ഭാവി വേറെ. രണ്ടും കൂട്ടിക്കുഴച്ചാൽ ശരിയാവില്ല. ഈ ആലോചന ജോസഫേട്ടനെ കാണിക്കേണ്ടെന്നു തീരുമാനിച്ചു.
മൂന്നാന്മാരുടേയും മൂന്നാത്തികളുടേയും തിരക്കിൽ ത്രേസ്യാമ്മ തിരുവല്ലക്കാരന്റെ കാര്യം മറന്നുപോയി.
ജോമോൻ എത്തിയപ്പോൾ രാത്രി ഒമ്പതുമണിയായിരുന്നു. ടാക്സിയുടെ ശബ്ദം കേട്ടു പുറത്തുവന്ന ത്രേസ്യാമ്മ മകൻ രണ്ടു പെട്ടികൾ ഏറ്റി പടി കടന്നു വരുന്നതു കണ്ടു. പിന്നാലെ അവന്റെ സ്നേഹിതനുമുണ്ടായിരുന്നു. അടുത്തു വന്നപ്പോഴാണു് മനസ്സിലായതു് അതു് ആണല്ല, ചൂരിദാർ ധരിച്ച ഒരു പെൺകുട്ടിയാണെന്നു്. അവർ അന്തംവിട്ടു നിന്നുപോയി. പെട്ടികൾ ഉമ്മറത്തേയ്ക്കു് കയറ്റിവെച്ചശേഷം അപ്പോഴും വാപൊളിച്ചു നില്ക്കുന്ന ത്രേസ്യാമ്മയോടു് ജോമോൻ പറഞ്ഞു.
“അമ്മച്ചീ, എന്റെ ഫ്രണ്ട്!”
“അപ്പോ നെന്റെകൂടെ ഒരു ഫ്രണ്ടുണ്ടാവുംന്നല്ലെ എഴുതിയിര്ന്നതു?”
“അതെ അമ്മച്ചീ, ഇതു് എന്റെ ഫ്രണ്ടാണു്. അല്ലെ ജെസ്സീ?”
അവൾ ചിരിച്ചുകൊണ്ടു് തല കുലുക്കി.
ജോസഫേട്ടൻ പുറത്തേയ്ക്കുവന്നു. ത്രേസ്യാമ്മയ്ക്കു് സമാധാനമായി. സാധാരണഗതിയിൽ പ്രശ്നങ്ങളെല്ലാം തീർന്നശേഷമേ അച്ചായന്റെ എഴുന്നള്ളത്തുണ്ടാകാറുള്ളൂ. പക്ഷേ, അച്ചായന്റെ മുഖത്തു് വലിയ ഭാവഭേദമൊന്നും കണ്ടില്ല. അങ്ങിനെയാണെങ്കിൽ അങ്ങിനെയെന്ന മട്ടിൽ.
“നീയാ കൊച്ചിനെ അകത്തേയ്ക്കു് വിളിക്കു് കൊച്ചുത്രേസ്യേ.”
ത്രേസ്യാമ്മ അനങ്ങിയില്ല. അച്ചായനു് അങ്ങിനെ ഒരു കുഴപ്പമുണ്ടു്. പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാവാനുള്ള വിഷമം. അന്തംല്ല്യായ എന്നു പറയില്ലേ. അതുതന്നെ. എന്തൊക്കെ പ്രശ്നങ്ങളാണു് ജോമോൻ ഉണ്ടാക്കിവച്ചിരിക്കുന്നതു? രാത്രി ഒമ്പതുമണിക്കു് ഒരു പെൺകൊച്ചുമായി വന്നിരിക്കുന്നു. ഇനി ഇവരുടെ കല്യാണംതന്നെ കഴിഞ്ഞുവോ എന്നും സംശയമുണ്ടു്. പെണ്ണുകാണൽ ചടങ്ങു മാത്രം ബാക്കിനിർത്തി ഒരുക്കിവച്ച ആലോചനകളുണ്ടു്. ഇനി അവരോടൊക്കെ എന്തു പറയും? ഇതിനെപ്പറ്റിയൊന്നും ബോധമില്ലാതെ അച്ചായൻ ഇളിച്ചുകൊണ്ടു് നില്ക്കയാണു്.
“നീ നാളെ വരുംന്നല്ലെ എഴുതിയതു?” ജോസഫേട്ടൻ ചോദിച്ചു.
“ഞങ്ങള് ശരിക്കു പറഞ്ഞാൽ ഇന്നലെ രാത്രി ബോംബേയിലെത്തി. ജെസ്സിക്കു് കുറച്ചു ഷോപ്പിങ്ങുണ്ടായിരുന്നു. ഇന്നുച്ചക്കുണ്ടായിരുന്ന ഫ്ളൈറ്റ് വൈകി.”
അവർ ഇന്നലെ രാത്രി ബോബെയിലെത്തിയിരിക്കുന്നു. ത്രേസ്യാമ്മ വിചാരിച്ചു. പ്രശ്നങ്ങൾ കൂടുതൽ ആഴത്തിലേക്കു് പതിക്കുകയാണു്. അവർ ചോദിച്ചു.
“നിങ്ങള് ബോംബെയിലു് എവിടാ താമസിച്ചതു?”
“സെന്റോർ ഹോട്ടലിലാ അമ്മച്ചീ. എയർലൈൻസ് ഏർപ്പാടു ചെയ്യണതാ.”
“ഒരേ ഹോട്ടലിലാ?”
“അതേ…?”
ത്രേസ്യാമ്മയ്ക്കു് ഒരുപാടു സംശയങ്ങളുണ്ടായി. അവർ ഒരു മുറിയിലായിരിക്കുമോ താമസിച്ചിട്ടുണ്ടാവുക? ഈ ആൺപിള്ളാരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല. എങ്ങിനെയാണതു ചോദിക്കുക.
ജോസഫേട്ടൻ ജോമോനോടു് ജെസ്സിയുടെയും വീട്ടുകാരുടേയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയാണു്. എന്താണു് അവന്റെ ഉദ്ദേശ്യങ്ങളെന്നും.
“നീയെന്താടാ ഞങ്ങളോടൊന്നും പറയാതിരുന്നതു?” ത്രേസ്യാമ്മ ചോദിച്ചു.
“എന്തു്, അമ്മച്ചീ?”
“നെനക്കു് ഇങ്ങനെ ഒരു പ്രേമംണ്ട്ന്നു്.”
“അതിനു് എനിക്കു പ്രേമൊന്നുംല്ല്യല്ലൊ, അമ്മച്ചീ.”
“അപ്പോ ഈ പെൺകൊച്ചൊ?
“അതെന്റെ ഫ്രണ്ടാമ്മച്ചീ.” അവൻ തിരിഞ്ഞു് ജെസ്സിയോടു് ചോദിച്ചു. “ജെസ്സിക്കെന്നോടു് പ്രേമണ്ടോ?”
ഇല്ലെന്നവൾ തലയാട്ടി. ജോമോൻ തുടർന്നു.
“ഞങ്ങൾ ഒപ്പം ഒരേ ഡിപ്പാർട്ട്മെന്റിൽ ജോലിയെടുക്കുന്നു. രണ്ടുപേർക്കും കല്യാണം വേണം. അപ്പോ ഇങ്ങിനെയായിക്കൂടെ എന്നു് തോന്നി.”
ത്രേസ്യാമ്മയ്ക്കു് സമാധാനമായി. പ്രേമം ഒന്നുമില്ല. അതാണു് നല്ലതു്. കല്യാണം കഴിച്ചിട്ടു് മതി പ്രേമമൊക്കെ.
ജോസഫേട്ടന്റെ വിദഗ്ദനയനങ്ങൾ പക്ഷേ, കൂടുതൽ മനസ്സിലാക്കിയിരുന്നു.
ഭക്ഷണം കഴിഞ്ഞു് ഉറങ്ങാനുള്ള ശ്രമങ്ങളായി. ജോസഫേട്ടൻ കിടപ്പുമുറിയിൽനിന്നു് നിഷ്കാസിതനായി. മകന്റെ ഒപ്പം കിടക്കാൻ താല്പര്യമില്ലാത്തതുകൊണ്ടു് അദ്ദേഹം തളത്തിൽ തന്റെ ഉച്ചയുറക്കത്തിന്റെ സ്ഥാനത്തു് കിടന്നു. ഉറങ്ങാനുള്ള ഉദ്ദേശമൊന്നുമില്ലാതെ സംസാരിച്ചുനിന്ന ജോമോനെ അവന്റെ മുറിയിലേക്കോടിച്ചിട്ടു് ത്രേസ്യാമ്മ ജെസ്സിയുമായി കിടക്കാനൊരുങ്ങി. ജെസ്സിയോടു് കിടന്നുകൊള്ളാൻ പറഞ്ഞു് ത്രേസ്യാമ്മ കിടക്കയിൽ മുട്ടുകുത്തി പ്രാർഥിക്കാൻ തുടങ്ങി.
“കർത്താവേ, ഇങ്ങനൊക്ക്യാ സംഭവിച്ചതു്. എല്ലാം നല്ലതിനു് തന്നെയായിരിക്കുംന്നു് സമാധാനിക്കുന്നു. അവൻ പറേണതിലും കാര്യംണ്ടു്. അവളും എഞ്ചിനീയറാണു്. ഒരേ ഡിപ്പാർട്ട്മെന്റിലാണു്. ശമ്പളവും ഏകദേശം ഒപ്പാത്രെ. രണ്ടുപേരുംകൂടി കാശു കൊറച്ചുണ്ടാക്കുന്നുണ്ടു്. പ്രേമം ഒന്നുല്ല്യാന്നു് പറഞ്ഞു. അതു നന്നായി. കല്യാണം കഴിച്ചിട്ടു് പ്രേമൊക്കെ ആയിക്കോട്ടെ. എന്റേം അച്ചായന്റേം പോലെ. ഞങ്ങക്കെന്താപ്പൊ ഒരു മോശം പറ്റീതു? കൊച്ചു് തരക്കേടില്ലകേട്ടൊ. നല്ല സൊഭാവാന്നാ തോന്നണതു്…”
കടിഞ്ഞാണിടാൻ ജോസഫേട്ടനില്ലാത്തതു കാരണം പ്രാർഥന നീണ്ടുപോയി. ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകും, കർത്താവിനു് മുഷിഞ്ഞിട്ടുണ്ടാകണം, അദ്ദേഹം അവർക്കു് പരിസരബോധം വരുത്തി. കർത്താവിനു് ഒരിക്കൽക്കൂടി സ്തുതി പറഞ്ഞു് അവർ കിടന്നു. അപ്പോഴാണു് കിടക്കയിൽ ജെസ്സിയില്ലെന്നു് അവർ മനസ്സിലാക്കിയതു്. കുളിമുറിയിൽ പോയിട്ടുണ്ടാകുമെന്നാണു് കരുതിയതു്. പക്ഷേ, കുളിമുറിയിൽ വെളിച്ചമില്ലല്ലോ. അവർ എഴുന്നേറ്റു ലൈറ്റിട്ടു പതുക്കെ വിളിച്ചു. “ജെസ്സീ…”
“ആന്റീ…” അവൾ ധൃതിയിൽ ഓടിവന്നു. ജോമോന്റെ മുറിയിലായിരുന്നു അവൾ എന്നു് ത്രേസ്യാമ്മയ്ക്കു് മനസ്സിലായി.
“നീയെന്തെടുക്കുവാ അവിടെ?”
“ആന്റീ,” അവൾ കിതച്ചുകൊണ്ടു് പറഞ്ഞു. “ഞാൻ ഒരു കാര്യം നോക്കാൻ പോയതാ… എന്റെ പാസ്പോർട്ട്, അതു് എയർപോർട്ടീന്നു് എടുത്തുവോന്നു് സംശയായി.”
“അപ്പോ നെനക്കു് ലൈറ്റിട്ടു് നോക്കായിരുന്നില്ലേ?”
“അതു്, ജോമോൻ ഒറങ്ങ്വല്ലേന്നു് കരുതീട്ടാ.”
“അതെല്ലാം നാളെ നോക്കാം, നീ ഒറങ്ങാൻ നോക്കു്.”
ത്രേസ്യാമ്മ തിരിഞ്ഞ സമയത്തു് അവൾ ജോമോന്റെ മുറിയിലേക്കു നോക്കി ദീർഘശ്വാസമിട്ടു് കുരിശ് വരച്ചു.
“ബോംബേലു് നിങ്ങള് ഹോട്ടലിലു് ഒരു മുറിയിലാ താമസിച്ചതു?” ത്രേസ്യാമ്മ മയത്തിൽ ചോദിച്ചു.
“അയ്യേ, അല്ല ആന്റീ, ഞങ്ങള് രണ്ടു മുറീലാ താമസിച്ചതു്.”
ത്രേസ്യാമ്മയ്ക്കു് സമാധാനമായി. “പിന്നെ പെണ്ണേ, നീയെന്നെ ആന്റിയെന്നൊന്നും വിളിക്കണ്ടകേട്ടൊ. അമ്മച്ചീന്നു് തന്നെ വിളിച്ചാ മതി.”
“ശരി അമ്മച്ചീ…”
ത്രേസ്യാമ്മ അവളെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ടു് സംസാരിച്ചു. രാത്രി രണ്ടുമണിവരെ കിടപ്പറയുടെ വാതിൽക്കൽ വന്നു് ജെസ്സിയോടു് ആംഗ്യഭാഷയിൽ സംസാരിച്ച ജോമോനും രക്ഷയില്ലെന്നു മനസ്സിലാക്കി പോയി കിടന്നു. ജെസ്സി ജോമോന്റെ കോമാളിത്തം കണ്ടു് ചിരിക്കുമ്പോൾ ത്രേസ്യാമ്മ ചോദിക്കും “എന്തിനാ നീ ചിരിക്കണതു് മോളെ?”
“ഒന്നുല്ല്യ അമ്മച്ചീ”, അവൾ പറയും. “ജോമോൻ ഓരോ തമാശ കാണിക്കണതു് കണ്ടു്… അല്ല പറേണതു് ഓർത്തു ചിരിച്ചതാ.”
ജെസ്സിയുടെ അപ്പനും അമ്മാവനും രാവിലെത്തന്നെ അവളെ കൊണ്ടുപോകാൻ എത്തി. അപ്പനു് പത്തയ്മ്പതു വയസ്സേ ആയിട്ടുള്ളൂ. അമ്മാവനു് കുറച്ചുകൂടി വയസ്സായിരിക്കുന്നു. കഷണ്ടി കയറിയ തല. അയാളെ എവിടേയോ വച്ചു് കണ്ടപോലെ തോന്നി ത്രേസ്യാമ്മയ്ക്കു്. ചായ കൊണ്ടുപോയി കൊടുക്കുമ്പോഴും അവർ അയാളെ നല്ലപോലെ നോക്കി. അയാൾ ചിരിച്ചുകൊണ്ടു് ചോദിച്ചു.
“എന്താ പരിചയമുണ്ടോ?”
ത്രേസ്യാമ്മ ആലോചിക്കുകയാണു്. ഓർമ്മ കിട്ടുന്നില്ല.
“തിരുവല്ലായിൽനിന്നു് ഒരു മൂന്നാൻ വന്നതു് ഓർമ്മയുണ്ടോ?”
ത്രേസ്യാമ്മക്കു് പെട്ടെന്നു് ആളെ മനസ്സിലായി.
“ചേട്ടൻ ഉണ്ടായിരുന്നില്ല. ഞാൻ ഫോട്ടോവും മറ്റു വിവരങ്ങളും ഇവിടെ ഏല്പിച്ചുപോയി.”
“അയ്യോ അതു പെണ്ണിന്റെ അച്ചയായിരുന്നൂന്നു് അറിഞ്ഞില്യാട്ടോ. മൂന്നാനാണെന്നാണു് ഞാൻ കരുതീതു്.” ത്രേസ്യാമ്മ തലയിൽ കൈവച്ചുകൊണ്ടു് പറഞ്ഞു.
“ഞാൻ മൂന്നാന്റെ വേഷമിട്ടുതന്നെയാ അന്നു വന്നതു്.” അയാൾ ചിരിച്ചുകൊണ്ടു് പറഞ്ഞു.
ത്രേസ്യാമ്മ കർത്താവിനു് നന്ദി പറയുകയായിരുന്നു, കൂടുതൽ വിഡ്ഢിത്തമൊന്നും തന്നെക്കൊണ്ടു് അന്നു കാണിപ്പിക്കാത്തതിനു്. വണ്ടിക്കൂലി കൊടുക്കാനൊന്നും മെനക്കെടാത്തതു നന്നായി!
“നീയെന്നോടു് ഒന്നും പറഞ്ഞില്ലല്ലോ കൊച്ചുത്രേസ്യേ?” ജോസഫേട്ടൻ നീരസത്തോടെ ചോദിച്ചു.
എങ്ങിനെ പറയാനാണു്. തിരുവല്ലായിൽനിന്നാണു്, പോരാത്തതിനു് പെണ്ണിനു് ജോലിയുമുണ്ടു് എന്നും പറഞ്ഞപ്പോൾത്തന്നെ അവർ ആ ആലോചന വേണ്ടെന്നു വച്ചിരുന്നു. ജോലിയുള്ള കുട്ടിയൊന്നും വേണ്ട ജോമോനെന്നു് അവർ ആദ്യമേ തീർച്ചയാക്കിയിരുന്നു. താൻ ആ കടലാസും ഒപ്പമുണ്ടായിരുന്ന ഫോട്ടോവും എവിടെയാണു് വെച്ചതു് എന്നോർക്കുകയായിരുന്നു ത്രേസ്യാമ്മ.
“ഞാനതു് വിട്ടുപോയി” അവർ പറഞ്ഞു. അച്ചായനു് അപ്പോൾ അതു ചോദിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. ഇവരൊക്കെ പോയിട്ടു് എഴുന്നള്ളിച്ചാൽ മതിയായിരുന്നില്ലേ?
പെണ്ണുകാണാൻ പോകുന്ന ദിവസം തീർച്ചയാക്കപ്പെട്ടു. അവർ ജെസ്സിയേയുംകൊണ്ടു് പോയി. ത്രേസ്യാമ്മ മേശവലിപ്പുതുറന്നു് ആ ഫോട്ടോവിനുവേണ്ടി പരതി. തള്ളിക്കളഞ്ഞ പല ആലോചനകൾക്കൊപ്പം ആ കവറും ഉണ്ടായിരുന്നു. ജെസ്സിയുടെ ഫോട്ടോ അവർ വെളിച്ചത്തു കൊണ്ടുവന്നു് നോക്കി. നന്നായിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന കടലാസു് അവർ ജോസഫേട്ടനെ ഏല്പിച്ചു.
“കൊച്ചു ത്രേസ്യേ, അവള് ജോമോന്റെ കമ്പനീലാണു് ജോലിയെടുക്കണത്ന്നു് ഇതിലുണ്ടു്. നീ ഇതെന്നെ കാണിച്ചിരുന്നെങ്കിൽ ഈ പങ്കപ്പാടൊന്നുംണ്ടായിര്ന്നില്ല. ഒരേ ഒരു മകളാ. ധാരാളം സ്വത്തുള്ളവരാണു്. നെന്റെ മോനു് മോശൊന്നും പറ്റീട്ടില്ല.”
സദുദ്ദേശത്തോടുകൂടിയാണു് ത്രേസ്യാമ്മ അതു് ജോസഫേട്ടനെ കാണിക്കാതിരുന്നതു്. നല്ല ആലോചനകൾ മാത്രം കാണിച്ചാൽ മതിയല്ലൊ എന്നു കരുതി. അല്ലെങ്കിൽ സ്വതവേ വകതിരിവു കുറഞ്ഞ അച്ചായൻ അനാവശ്യമായി ഓരോന്നിന്റെ പിന്നാലെ പോയി സമയം കളയും. അത്പ്പോ ഇങ്ങിനെയൊക്കെ ആകുമെന്നു് ആരു കരുതി?
ജോമോൻ അവരെ വണ്ടികയറ്റി തിരിച്ചുവന്നു. അവൻ ചോദിച്ചു.
“അമ്മച്ചിക്കും അപ്പച്ചനും ഇഷ്ടായോ ജെസ്സിയെ?”
“ഞങ്ങൾക്കല്ലല്ലോ, നിനക്കല്ലേ ഇഷ്ടമാവേണ്ടതു?” ത്രേസ്യാമ്മ ചോദിച്ചു. അവരുടെ സ്വരത്തിൽ പരിഭവമുണ്ടായിരുന്നു. “പക്ഷേ, നിനക്കു് ഇതു് ഞങ്ങളോടു് ആദ്യമേ പറയായിരുന്നു. പോട്ടെ സാരംല്ല്യ. നല്ല കുട്ടിയാണു്.”
അവർ അടുക്കളയിലേക്കു് പോയി. ജോസഫേട്ടൻ മകനു് അമ്മച്ചിയുടെ ബിസിനസ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. ഓരോ ബിസിനസ്സും എങ്ങിനെ തുടങ്ങിയെന്നും, എങ്ങിനെ അവസാനിച്ചുവെന്നും.
“മുട്ടക്കച്ചവടത്തിലാ തുടക്കം. ഒരു കോഴീനിംവച്ചു്, അതും മാവിൻകൊമ്പിലു് കയറി മുട്ടയിടണ കോഴി, ഒരു കോളനീലു് ആവശ്യംള്ള മുട്ട മുഴുവൻ കൊടുക്കാൻ നോക്കീതാ. കർത്താവു് പണ്ടു് ഒരപ്പംകൊണ്ടു് അയ്യായിരം പേരെ തീറ്റിയിട്ടുണ്ടു്. നിന്റെ അമ്മച്ചി വിചാരിച്ചാൽ നടക്കുമോ അതു? പിന്നെ തൊടങ്ങീതു് വീഡിയോ ബിസിനസ്സാ, അതും പൊളിഞ്ഞു.”
വീഡിയോ ബിസിനസ്സ് എങ്ങിനെ പൊളിഞ്ഞുവെന്നു് ജോസഫേട്ടൻ വ്യക്തമാക്കിയില്ല. അതു പൊളിയാനുള്ള കാരണങ്ങൾ മകനു് പറഞ്ഞുകൊടുക്കാൻ പറ്റില്ല. ചമ്മലുണ്ടാക്കുന്ന കാര്യമാണു്.
“പിന്നെ തൊടങ്ങീതാ പ്ലേസ്കൂൾ. അതു് വലിയ കൊഴപ്പം ഇല്ലാതെ കൊണ്ടു നടന്നിരുന്നതാ. ലാഭൊന്നുംല്ല്യ. പിന്നെ പകലു് പിള്ളാര്ടെ കളി കണ്ടു് സമയം പോണതറിയില്ല. ഇപ്പോ പാറുകുട്ടി പോയപ്പോ അതും നിർത്തേണ്ടിവന്നിരിക്ക്യാണു്. അടുത്ത മാസം നിർത്തും. ഞാൻ പറയ്ണ്ണ്ടു് ഇനി ഒരു ബിസിനസ്സും തൊടങ്ങണ്ടാന്നു്. ഇനി ഒന്നിനുംല്ല്യാന്നൊക്കെ ഇപ്പോ പറയ്ണ്ണ്ടു്. എത്രകാലം ഒതുങ്ങിയിരിക്കുംന്നു് കർത്താവിനറിയാം.”
അവസാനം പറഞ്ഞതു് കേട്ടുകൊണ്ടാണു് ത്രേസ്യാമ്മ വന്നതു്.
“ഇല്ലില്ല. ഇനി ബിസിനസ്സിനൊന്നും ഞാനില്ല. എനിക്കേയ് വയസ്സായിത്തൊടങ്ങീരിക്കുണു.” അവർ പറഞ്ഞു. “ഇനി ഒരു ഭാഗത്തു് ഇരിക്കാമ്പോവ്വാ. ബിസിനസ്സിന്ന്നു് മാത്രല്ല, മറ്റുള്ളോരടെ കാര്യത്തിലൊന്നും ഞാനിനി തലയിടാൻ പോണില്ല. പോയേടത്തൊക്കെ പ്രശ്നങ്ങളുണ്ടായിട്ട്ണ്ടു്.”
വൈകി വന്ന ഒരു കുമ്പസാരമായിരുന്നു അതു്. ജോസഫേട്ടൻ കുരിശു വരച്ചു, കർത്താവിനു് നന്ദി പറഞ്ഞു.
ജോമോൻ അകത്തുപോയി ഒരു ഉപകരണം എടുത്തുകൊണ്ടുവന്നു, അതുംകൊണ്ടു് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. ഇടയ്ക്കു് അതെടുത്തു് കണ്ണിനുനേരെ പിടിക്കും. അപ്പോൾ അതിൽനിന്നു് ഒരു വെളിച്ചം വന്നിരുന്നു. അതെന്താണെന്ന ത്രേസ്യാമ്മയുടെ ചോദ്യത്തിനു് മറുപടിയുണ്ടായില്ല. ഒരു പത്തു മിനുറ്റുനേരം അങ്ങിനെ നടന്നശേഷം അവൻ ടി. വി. ഓണാക്കി വിസിയാറിൽ ഒരു കാസറ്റിട്ടു. ത്രേസ്യാമ്മയുടെ അദ്ഭുതത്തിന്നു് അതിരില്ലായിരുന്നു. കാരണം സ്ക്രീനിൽ വന്നതു് തന്റെയും ജോസഫേട്ടന്റെയും ചിത്രങ്ങളായിരുന്നു, ഒപ്പം സംസാരവും. ജോമോൻ കൊണ്ടുവന്നതു് ഒരു ഹാന്റികാമായിരുന്നു. ത്രേസ്യാമ്മ ആ കാമറ തിരിച്ചും മറിച്ചും നോക്കി.
“ഇതോണ്ടു് കല്യാണങ്ങളൊക്കെ എടുക്കാൻ പറ്റില്ലേ?” അവർ ജോമോനോടു് ചോദിച്ചു.
“വേണെങ്കിലെടുക്കാം.”
ജോസഫേട്ടൻ ടിവിയിൽ നോക്കിയിരിക്കയാണു്. തന്റെ നരച്ച തലമുടിയെല്ലാം പാറിപ്പറന്നിരിക്കുന്നു. ഇവൻ ഫോട്ടോ എടുക്കുകയാണെന്നറിഞ്ഞെങ്കിൽ തലമുടി നേരെയാക്കി, ഷർട്ടും മാറ്റി ഇരിക്കാമായിരുന്നു.
“എടാ ജോമോനേ നീയ് ഒരു കാര്യം ചെയ്യണം.”
“എന്തു കാര്യം അമ്മച്ചീ?”
“നീയ് എനിക്കു് ഈ സാധനം ഒന്നു് പഠിപ്പിച്ചു തരണം.”
“എന്തിനാ അമ്മച്ചീ ഇതു പഠിക്കണതു?”
“കോളനീലു് ഒന്നു രണ്ടു കല്യാണങ്ങള് അടുത്തു വര്ണ്ണ്ടു്. ഞാനിതൊരു ബിസിനസ്സാക്കാൻ പോവ്വ്വാണു്.”
“എന്റെ കർത്താവേ…” ജോസഫേട്ടൻ തലയിൽ കൈവച്ചു.
(‘ഒരു കുടുംബപുരാണം’ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതിനുശേഷം എഴുതിയ രണ്ടു് കഥകൾ അനുബന്ധമായി ചേർത്തതു്)
ജോമോൻ ഇടയ്ക്കിടയ്ക്കു് കണ്ണുരുട്ടുന്നുണ്ടു്. അപ്പോഴൊക്കെ ത്രേസ്യാമ്മ വഴിപിഴച്ചുപോകുന്ന തന്റെ വിരലുകളെ മനസ്സിൽ ശാസിച്ചു് പ്ലെയ്റ്റിൽ നിന്നു് വിരലുകൾ മാത്രമുപയോഗിച്ചു് കുഴയ്ക്കാത്ത ചോറ് പ്ലെയ്റ്റിലേയ്ക്കോ നിലത്തേയ്ക്കോ ഉതിർന്നു വീഴാതെ ശ്രദ്ധിച്ചു് വായ അല്പം മാത്രം തുറന്നു് അകത്തേയ്ക്കാക്കും. മുമ്പിലിരിക്കുന്നതു് മകന്റെ വരാൻപോകുന്ന അമ്മായിയമ്മയാണു്. അവർ കുഴയ്ക്കാതെ ഭംഗിയായി ഭക്ഷണം കഴിക്കുന്നതു് അല്പം അസൂയയോടെ നോക്കും. കല്യാണം കഴിഞ്ഞു് ജോലി ഉപേക്ഷിച്ചു പോയ പാറുകുട്ടി ഇന്നത്തെ സദ്യ ഒരുക്കാനായി വന്നു് സ്വാദോടെ ഉണ്ടാക്കിയ ഇറച്ചിക്കറിയും ചെമ്മീൻ വരട്ടിയതും നെയ്മീൻ പൊള്ളിച്ചതും പ്ലെയ്റ്റിൽ അനാഥരായി കിടക്കുന്നതു് സങ്കടത്തോടെ നോക്കി. അതൊക്കെ ഒന്നു് സ്വാദറിഞ്ഞു് തിന്നാൻ കൊതിയാവുന്നു. എന്നും താൻതന്നെ ഉണ്ടാക്കുന്ന കറികൾ കൂട്ടി ഊണുകഴിച്ചു് ഇന്നു് കുറേക്കാലത്തിനുശേഷം പാറുകുട്ടിയുടെ വെപ്പിന്റെ സ്വാദു് വീണ്ടും അറിയുകയാണു്. സാരല്യ, ഇവരൊക്കെ പോകുമല്ലൊ. രാത്രി ഇതിനൊക്കെ പകരം വീട്ടാം.
ജെസ്സിയും ജോമോനും മേശയുടെ എതിർവശത്താണിരിക്കുന്നതു്. ജെസ്സിയ്ക്കും അവളുടെ അമ്മച്ചിയ്ക്കും ഇടയിലാണു് അവളുടെ അപ്പൻ. ഒരു സാധു മനുഷ്യനാണെന്നു തോന്നുന്നു. തന്റെ ഇടതുവശത്താണു് ജോസഫേട്ടൻ. അദ്ദേഹം സാധാരണ മട്ടിൽ ചോറ് കുഴച്ചു് ഇറച്ചിക്കറിയും ചില്ലിചിക്കനും ഒക്കെ കൂട്ടി ഉണ്ണുന്നതു് അസൂയയോടെ നോക്കി. അങ്ങേര്ക്കു് മകന്റെ ശാസനയൊന്നും ബാധകമല്ല. ജോമോൻ അപ്പന്റെ കാര്യത്തിൽ ഇടപെടാറുമില്ല. പിന്നെ എന്നെ മാത്രം എന്തിനാണു് ചെക്കൻ ഉപദ്രവിക്കുന്നതു?
‘ജോമോന്റെ അമ്മച്ചിയ്ക്കു് നല്ല കൈപ്പുണ്യണ്ടു്.’ ജെസ്സിയുടെ അപ്പൻ പറഞ്ഞു. ‘ജെസ്സീടെ അമ്മച്ചി ഇത്രേം നന്നായിട്ടു് ഉണ്ടാക്ക്വൊന്നുംല്ല്യ.’
‘ഏയ്.’ ജോസഫേട്ടൻ പറഞ്ഞു. മേശയുടെ അരികിലായി ഇറച്ചിക്കറിയുടെ പാത്രവും പിടിച്ചു് നിൽക്കുന്ന പാറുക്കുട്ടിയെ ചൂണ്ടി അദ്ദേഹം തുടർന്നു. ‘ഇതു് കൊച്ചുത്രേസ്സ്യണ്ടാക്ക്യതൊന്നും അല്ല. ഇതു് ദാ പാറുകുട്ടി ഉണ്ടാക്കണതാ. ഞങ്ങടെ ഒപ്പംണ്ടായിരുന്ന കൊച്ചാ. കല്യാണം കഴിഞ്ഞു് പോയതാ. ഇപ്പ നിങ്ങളൊക്കെ വര്ണതോണ്ടു് അവളോടു് വരാൻ പറഞ്ഞതാ. ഔ…’
ജോസഫേട്ടൻ കുനിഞ്ഞു് കാൽപ്പടം തടവാൻ തുടങ്ങി. മറുവശത്തു് ജെസ്സിയുടെ അപ്പനും തന്റെ ഇടതുകാൽ തടവുന്നുണ്ടായിരുന്നു. കാൽ കേടുവരുത്തുന്ന എന്തോ ഒന്നു് രണ്ടു് അപ്പന്മാരുടെയും അഭിപ്രായപ്രകടനങ്ങളിലുണ്ടായിരുന്നു. പാറുകുട്ടി പാത്രം കൊണ്ടുവന്നു് ജോസഫേട്ടനു് കുറച്ചുകൂടി ചെമ്മീൻ വരട്ടിയതു് വിളമ്പി. അതൊരു തുറന്ന കൃതജ്ഞതാപ്രകടനമായിരുന്നു.
‘മതിയെടി ജോസഫേട്ടനു് വിളമ്പീതു്. പ്രഷറൊക്കെള്ള ആളാ.’
‘അല്ലാ, കൊച്ചുത്രേസ്സ്യേം നല്ല വെപ്പു് വെയ്ക്കും.’ ജോസഫേട്ടൻ പറഞ്ഞു. എല്ലാവരും ചിരിക്കാൻ തുടങ്ങി, ഒരാളൊഴികെ.
ത്രേസ്സ്യാമ്മ അഞ്ചു വിരലുകൾ കൊണ്ടുള്ള അഭ്യാസം തുടർന്നു. കർത്താവെ, ഇത്രയും നല്ല വിഭവങ്ങള് മുമ്പിൽ വച്ചു് അതൊന്നു് മര്യാദയ്ക്കു കഴിക്കാനും പറ്റുന്നില്ലല്ലൊ. ഒരാഴ്ചമുമ്പു് തുടങ്ങിയതാണു് ജോമോന്റെ താക്കീതുകളും ശിക്ഷണവും.
‘അമ്മച്ചീ, അവരൊക്കെ നല്ല ഹൈ പാർട്ടികളാണു് കേട്ടോ.’
‘നമുക്കെന്താണു് കൊറവു് ജോമോനെ?’ ത്രേസ്സ്യാമ്മ ചോദിക്കും.
‘അങ്ങിന്യല്ല. അമ്മച്ചി ചോറ് തിന്നുമ്പൊ കറപറാന്നു് വാരിവലിച്ചു് തിന്നും. അതൊന്നും പാടില്ല. ഇതാ, ഇങ്ങിനെ വേണം ഭക്ഷണംകഴിക്കാൻ.’ അവൻ കയ്യിന്റെ അഞ്ചു വിരലുകൾ മാത്രമുപയോഗിച്ചു് കാണിച്ചുകൊടുത്തു.
‘ഇങ്ങനെ തിന്നാൽ എന്തു സ്വാദാടാ മോനെണ്ടാവ്വാ? നല്ലോണം കൂട്ടിക്കൊഴച്ചു് തിന്നാൽത്തന്നെയെ ഊണു കഴിച്ചപോലെ തോന്നൂ.’
‘പക്ഷേ, അമ്മച്ചീ അങ്ങനെ തിന്നാൽ അതു് ടേബ്ൾ മാനേഴ്സാവില്ല. കൂട്ടിക്കൊഴച്ചു് കയ്യിന്റെ ഉള്ളിലും പൊറത്തും ഒക്കെ ചോറും കറികളും ആക്കി, ചുണ്ടിന്റെ പൊറത്തും വറ്റു് ഒട്ടിച്ചു് വച്ച മാതിരി കഴിക്കണതു് മോശാ. പറ്റ്വെങ്കിലു് സ്പൂണോണ്ടാ കഴിക്കണ്ടതു്. ജെസ്സിടെ അമ്മച്ചി നല്ല സൊസൈറ്റിലേഡിയാ. അവരു് അവിട്ത്തെ സ്ത്രീസമാജം പ്രസിഡണ്ടാ അമ്മച്ചീ. എന്നെ നാണം കെടുത്തല്ലെ. അതുപോലെ വായ വല്ലാതെ തൊറക്കര്തു്. ചവയ്ക്കുമ്പോൾ വായ അടച്ചു പിടിക്കണം. ഇതാ ഇങ്ങനെ.’
‘എന്റെ കർത്താവെ, സ്പൂണോണ്ടു് കഴിക്ക്യാ, വായ അടച്ചുപിടിച്ചു് തിന്ന്വോ, എന്നെക്കൊണ്ടു് മേലാ ഇതിനൊന്നും.’
‘ഞായറാഴ്ച അവരു് വിര്ന്നിനു് വരണ അന്നെങ്കിലും അമ്മച്ചി ഇതൊക്കെ ചെയ്തേ തീരു.’
അന്നു തുടങ്ങിയതാണു് കടുത്ത ശിക്ഷണം. അബദ്ധത്തിലെങ്ങാൻ ചോറു് കുഴച്ചാൽ, വായ തുറന്നു് ചവച്ചാൽ ഉടനെ മേശയുടെ മറുഭാഗത്തുനിന്നു് ജോമോന്റെ വിളി കേൾക്കാം. ‘അമ്മച്ചീ…’
ജോസഫേട്ടനു് ഇതൊന്നും ബാധകമല്ല. അങ്ങേരു് നിർബാധം കറികളെടുത്തു് കൂട്ടിക്കുഴച്ചു് വലിയ ഉരുളകളായി വായ മുഴുവൻ തുറന്നു് ചവച്ചരച്ചു് തിന്നുന്നു. കൈപ്പടത്തിന്റെ അകത്തും പുറത്തും ചോറും കറികളും നിറഞ്ഞു നിൽക്കുന്നു. ജോമോൻ അങ്ങോട്ടു നോക്കുന്നതേയില്ല. ഇതെന്തു അനീതിയാണു്. ഇതിനാണോ സ്ത്രീപുരുഷ സമത്വമെന്നൊക്കെ പറയുന്നതു?
നാലാം ദിവസം രാത്രി കിടക്കുമ്പോൾ പ്രാർത്ഥനയ്ക്കിടയ്ക്കു് അവർ തന്റെ പ്രാരാബ്ധങ്ങൾ കർത്താവിനോടു പറഞ്ഞു. അച്ചായൻ മൂടിപ്പുതച്ചു് ഉറക്കമായിരിക്കുന്നു.
‘കർത്താവെ ജെസ്സിയുടെ അമ്മയെപ്പോലെള്ള ഒരു കുരിശിനെ എന്തിനാണു് എന്റെ അടുത്തേയ്ക്കു് പറഞ്ഞയച്ചതു? വേറെ എത്ര സ്ത്രീകളുണ്ടു് ഈ ലോകത്തു? ഒരു പ്രശ്നവുമില്ലാത്ത സ്ത്രീകൾ. പെണ്ണുകാണാൻ പോയപ്പോൾ കുഴപ്പൊന്നും തോന്നിയില്ല. സൊസൈറ്റിലേഡിയാണു്, ഹൈ സൊസൈറ്റിയാണ്ന്നൊക്കെ ജോമോൻ പറഞ്ഞപ്പൊ പേടിയായിരുന്നു. തലമുടി ബോബ് ചെയ്തു് ചുണ്ടിൽ ചായൊക്കെ തേച്ചു് ഇംഗ്ലീഷ് മാത്രം സംസാരിക്കണ സ്ത്രീയാവുംന്നേ കരുതീതു്. കണ്ടപ്പൊ അങ്ങനൊന്നും അല്ല. ഒരു നാടൻ സ്ത്രീ. പക്ഷേ, ജോമോൻ അതും ഇതും പറഞ്ഞു് എന്നെ പേടിപ്പിക്ക്യാണു്. മര്യാദയ്ക്കൊന്നു് ഭക്ഷണം കഴിച്ചിട്ടു് ദിവസം നാലായി…’
പരാതികൾ നീണ്ടുപോയപ്പോൾ ജോസഫേട്ടൻ കണ്ണു തുറന്നു നോക്കി. തന്റെ ഉറക്കം ഒരു ലവലിനു താഴെ പോകാത്തതിന്റെ കാരണമെന്താണെന്നു മനസ്സിലായപ്പോൾ അദ്ദേഹം പറഞ്ഞു.
‘കൊച്ചുത്രേസ്സ്യേ, കർത്താവിനു് നീ പറേണതു് കേക്കണംന്നേണ്ടാവൂ, നെന്റെ മോന്ത കാണണംന്നു് മോഹണ്ടാവില്ല. നീ ആ വെളക്കു് അണയ്ക്കു്.’
എഴുന്നേറ്റു് വിളക്കണച്ചു് കിടയ്ക്കയിൽ വീണ്ടും കുമ്പിട്ടു നിൽക്കുമ്പോഴാണു് അവർക്കു മനസ്സിലായതു്. ചുമരരുകിൽ മേശപ്പുറത്തു സ്ഥിതി ചെയ്യുന്ന കർത്താവിന്റെ രൂപം നേരിട്ടു കാണാതെ തനിയ്ക്കു് സംസാരിക്കാൻ വയ്യ. അവർക്കു് കർത്താവിനോടു് ദേഷ്യം തോന്നി. എന്തിനാണു് ഇങ്ങനെ ഒരു പീഡനം എനിക്കായി തരുന്നതു?
ഇപ്പോൾ ജെസ്സിയുടെ അമ്മ ഒരു വശത്തും കണ്ണുരുട്ടിക്കൊണ്ടു് ജോമോൻ മറ്റൊരു വശത്തും ഇരിക്കുമ്പോൾ അവർക്കു് വീണ്ടും കർത്താവിന്റെ വിധിന്യായത്തിനുള്ള കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടു.
വരട്ടെ, കർത്താവു് വെറുതെ ഇരിക്കുകയല്ല.
ജോമോൻ എഴുന്നേറ്റു, ഒപ്പംതന്നെ ജെസ്സിയും.
‘അമ്മമാരു് വർത്താനം പറഞ്ഞു് പതുക്കെ ഇരുന്നാൽ മതി.’ ജോമോൻ പറഞ്ഞു. ‘നിങ്ങടെ ഒപ്പം ഇരുന്നാൽ അടീലു് വേരു് മൊളയ്ക്കും.’
ജോസഫേട്ടൻ അവസാനഘട്ടത്തിലെത്തിയിരിക്കയാണു്. എന്തൊക്കെയോ വാരിത്തിന്നുന്നുണ്ടു്. അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ത്രേസ്സ്യാമ്മ. അപ്പോഴാണു് കർത്താവു് വെറുതെ ഇരിക്കുകയല്ല എന്നു് അവർക്കു മനസ്സിലായതു്. മക്കൾ മുറികടന്നു് പോയി എന്നു കണ്ടപ്പോൾ ജെസ്സിയുടെ അമ്മ ഒന്നു് നിവർന്നുകൊണ്ടു് പറഞ്ഞു.
‘ആവൂ ഇനി ഒന്നു് മര്യാദയ്ക്കു് ഭക്ഷണം കഴിക്കാലോ. ചോറ് കൊഴയ്ക്കാതെ കഴിക്കാൻ വല്ല രസോംണ്ടോ ത്രേസ്യാമ്മേ?’ ചോറും ഇറച്ചിക്കറിയുടെ ചാറും കൂട്ടി നന്നായി കുഴച്ചു് വായിലേയ്ക്കു കൊണ്ടുപോകുന്നതിനിടയിൽ അവർ തുടർന്നു. ‘ഒരാഴ്ച്യായി ജെസ്സി എന്നെ പേടിപ്പിച്ചു് വച്ചിരിക്ക്യാണു്. ജോമോന്റെ അമ്മ ഒരു സൊസൈറ്റി ലേഡിയാണ്ന്നൊക്കെ പറഞ്ഞു്. അതോണ്ടെന്താ മര്യാദയ്ക്കു് ഭക്ഷണം കഴിക്കണ്ടെ, അല്ലെ ത്രേസ്സ്യാമ്മേ?’ തിരിഞ്ഞു് പാറുകുട്ടിയോടു പറഞ്ഞു. ‘ആ നെയ്മീൻ പൊരിച്ചതു് ഒരു കഷ്ണം ഇടു് മോളെ.’
തുറന്ന വായ അടയ്ക്കാൻകൂടി മറന്നു് ത്രേസ്സ്യാമ്മ മുമ്പിൽ കാണുന്ന അദ്ഭുതവും കണ്ടുകൊണ്ടിരിക്കുകയാണു്. ജോസഫേട്ടൻ കൈ നക്കിത്തുടച്ചു് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചു് ഏമ്പക്കമിട്ടു് നോക്കുമ്പോൾ കാണുന്നതു് ഈ കാഴ്ചയാണു്. അദ്ദേഹം ഭാര്യയെ തോണ്ടി വിളിച്ചു.
‘കൊച്ചുത്രേസ്സ്യേ എന്താ ഊണു കഴിക്കാൻ മറന്നോ?’
അവർ ധൃതിയിൽ കൈ പ്ലെയ്റ്റിലേയ്ക്കു കൊണ്ടുപോയി. പിന്നെ ഉണ്ടായതു് ചരിത്രത്തിന്റെ സുവർണ്ണത്താളുകളിൽ കൊത്തിവെയ്ക്കേണ്ട ഒരൂണാണു്. രണ്ടു ഭർത്താക്കന്മാരും എഴുന്നേറ്റുപോയിരുന്നു. മേശപ്പുറം രണ്ടു സ്ത്രീകൾക്കു മാത്രമായി ഒഴിഞ്ഞുകിടക്കുകയാണു്. ഒരാഴ്ച കെട്ടിനിർത്തിയ ധാർമ്മികരോഷമെല്ലാം കരകവിഞ്ഞൊഴുകുകയാണു്.
ജോമോനും ജെസ്സിയും കൈകഴുകി തോർത്തുമുണ്ടിൽ മുഖംതുടച്ചു് ഡൈനിങ്റൂമിൽ എത്തിയപ്പോൾ കണ്ട കാഴ്ച…
‘എന്റെ കർത്താവേ!…’
ജോസഫേട്ടന്റെ കിടപ്പു് തുലോം പരിതാപകരമായിരുന്നു. നാലു ദിവസം കൊണ്ടു് വല്ലാതെ ക്ഷീണിച്ചിരുന്നു. ആ കിടത്തം കണ്ടപ്പോൾ ത്രേസ്സ്യാമ്മയ്ക്കു് വിഷമമായി. എന്തൊക്കെയായാലും അച്ചായനെ ഈ നിലയ്ക്കു് കാണാൻ വയ്യ.
‘ഇതു് രണ്ടാമത്തെ അറ്റാക്കാണു്’ ഡോക്ടർ നായർ പറഞ്ഞു. ‘അതിനർത്ഥം ഞാൻ പറഞ്ഞ മരുന്നൊന്നും കണിശമായി കഴിക്ക്ണില്ല്യാന്നാണു്. അതുപോലെ കണ്ട അതുമിതും വാരിത്തിന്ന്ണ്ണ്ടാവും. അല്ലെ?’
ത്രേസ്സ്യാമ്മ ഒന്നും പറഞ്ഞില്ല. തന്റെ അറിവിന്റെ സീമയ്ക്കപ്പുറത്തുള്ളതൊന്നും ആധികാരികമായി പറയാൻ അവർ തയ്യാറല്ല. ജോസഫേട്ടൻ പുറത്തു പോയി വല്ലതും വാരിവലിച്ചു തിന്നുന്നുണ്ടോ എന്നു് താനെങ്ങിനെ അറിയാനാണു് ? വീട്ടിൽ കൊടുക്കുന്ന ഭക്ഷണം വളരെ ലഘുവാണു്. രാവിലെ രണ്ടു ദോശയും ചട്ടിണിയും, ഉച്ചയ്ക്കു് കുറച്ചു ചോറും അധികം ഉപ്പു ചേർക്കാത്ത തോരനും മീൻകറിയും, രാത്രി ഉപ്പിടാത്ത ഗോതമ്പു കഞ്ഞിയും സ്വല്പം ഉപ്പു കാണിച്ച ചെറുപയറും. ഇതു് ആദ്യത്തെ അറ്റാക്കുണ്ടായപ്പോൾ പാറുകുട്ടി അവരുടെ ഒപ്പം ജോലിയെടുത്തിരുന്ന കാലത്തു് ഉണ്ടാക്കിയ ഭക്ഷണക്രമമാണു്. ഇത്രയും കാര്യക്ഷമമായ ഒരു ഡയറ്റ് ഉണ്ടാക്കിയതിനു് ജോസഫേട്ടൻ അവൾക്കു് ഇപ്പോഴും മാപ്പു് കൊടുത്തിട്ടില്ല. ഇപ്പോഴും അവൾ ഒന്നര വയസ്സുള്ള കൊച്ചുമായി വരുമ്പോഴൊക്കെ ജോസഫേട്ടൻ ചോദിക്കും. ‘എന്നെ പട്ടിണിക്കിട്ടതു് ഓർമ്മണ്ടോടീ?’ ഇത്രയും കുറച്ചു ഭക്ഷണം കൊണ്ടു് അതിയാൻ എങ്ങിനെ ജീവൻ നിലനിർത്തുന്നു എന്നതു് ത്രേസ്സ്യാമ്മയെ സംബന്ധിച്ചേടത്തോളം ഒരു സമസ്യയാണു്. മരുന്നുകളുടെ കാര്യത്തിലാണെങ്കിൽ എല്ലാം കഴിച്ചുവെന്നു് പറയും. വിശ്വസിക്കയല്ലാതെ എന്തു ചെയ്യും.
എന്തായാലും ഇന്റൻസീവ് കെയർ യൂനിറ്റിൽ നിന്നു് മുറിയിലേയ്ക്കു കൊണ്ടുവന്ന അന്നുതന്നെ ചോദിക്കാൻ പറ്റിയ വിഷയങ്ങളല്ല അവയൊന്നും.
‘ഉറങ്ങിക്കോട്ടെ, ധാരാളം വിശ്രമം ആവശ്യാണു്.’ ഡോക്ടർ തുടർന്നു. ‘നാളെ ഞാൻ വരുമ്പോഴേയ്ക്കു് ജോസഫ് ആള് ജോറായിട്ടുണ്ടാവും. അമ്മച്ചിയോടു് പറഞ്ഞുവോ ജോസഫിന്റെ അസുഖത്തെപ്പറ്റി?’
‘ഇല്ല്യ, പുള്ളിക്കാരി പൗലോസ് ചേട്ടന്റെ അടുത്താ. ഇന്നു് ക്ലാര വന്നാൽ ഫോൺ ചെയ്തു് അറീക്കാൻ പറയാം.’ തന്റെ കയ്യിലുണ്ടായ ഈയൊരു വീഴ്ചയിൽ വിഷമിച്ചുകൊണ്ടു് ത്രേസ്സ്യാമ്മ പറഞ്ഞു.
‘വേണ്ടാ.’ ഡോക്ടർ ഉടനെ പറഞ്ഞു. ‘വേണ്ടാന്നു് പറയാൻ പോവ്വായിരുന്നു ഞാൻ. ആ അമ്മച്ചി ഇപ്പൊ വന്നാൽ ശരിയാവില്ല. അമ്മീം മോനും കൂടി നാലു് ഡയലോഗ് കഴിഞ്ഞാൽ രണ്ടിനീം ഐ. സി. യു.-വിലു് കേറ്റേണ്ടി വരും. അവിടെ ഒട്ടും സ്ഥലല്ല്യ. ത്രേസ്സ്യയ്ക്കു് ഓർമ്മണ്ടോ കഴിഞ്ഞ പ്രാവശ്യം എന്താ സംഭവിച്ചത്ന്നു്?’
ത്രേസ്യാമ്മയ്ക്കു് നല്ല ഓർമ്മയുണ്ടു്. തറവാട്ടുവക ഏതോ പറമ്പിന്റെ കാര്യം പറഞ്ഞു് തുടങ്ങിയതാണു് അമ്മയും മോനും. സംസാരം മൂത്തു് പതിനഞ്ചു മിനുറ്റിന്നുള്ളിൽ ജോസഫേട്ടൻ തിരിച്ചു് ഐ. സി. യു.-വിലും നല്ല ആരോഗ്യത്തോടെ മകന്റെ ആരോഗ്യസ്ഥിതി അറിയാൻ വന്ന അമ്മ ഡ്രിപ്പുമായി കാർഡിയാക് വാർഡിലുമെത്തി.
അച്ചായൻ ശാന്തനായി ഉറങ്ങുകയാണു്. മരുന്നു കൊടുക്കാൻ വന്ന നഴ്സ് രണ്ടുവട്ടം വന്നുനോക്കി പോയി. വിളിച്ചുണർത്തി കൊടുക്കേണ്ട എന്നു പറഞ്ഞു. രാവിലെ രണ്ടിഡ്ഡലി കഴിച്ചു മരുന്നുകളും കഴിച്ചശേഷം തുടങ്ങിയതാണു് ഉറക്കം. ഇനി ഉണരുമ്പോൾ എന്തു മൂഡിലായിരിക്കുമെന്നു് കർത്താവിന്നറിയാം.
കഴിഞ്ഞ പ്രാവശ്യം അസുഖം വന്നപ്പോൾ ഡോക്ടർ പറഞ്ഞതാണു്.
വയസ്സു് കൊറച്ചായില്ലേ ജോസഫേ, ഇനി ഭാരിച്ച ജോലിയൊന്നും എടുക്കരുതു്. വീട്ടിലെ മരാമത്തുപണിയൊക്കെ ജോലിക്കാരെ വിളിപ്പിച്ചു് ചെയ്യിക്കു്. ത്രേസ്സ്യയും കേൾക്ക്ണ്ണ്ടല്ലോ ഞാൻ പറയണതു? ഭാരംള്ള ഒന്നും എടുത്തു് പൊക്കരുതു്. സൂക്ഷിച്ചാൽ കുഴപ്പമില്ല. ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരും.
അതുതന്നെയാണു് സംഭവിച്ചതു്. നാലു ദിവസം മുമ്പു് രാവിലെത്തൊട്ടുള്ള ജോലിയായിരുന്നു. തട്ടിൻപുറത്തു കയറലും, എന്തൊക്കെയോ മരസാമാനങ്ങൾ ഇറക്കലും, ഈർച്ചവാളും ഉളിയും ചുറ്റികയും എടുത്തു് തട്ടലും മുട്ടലും. രാത്രി കിടക്കാൻ നേരത്തു് നെഞ്ചുവേദന തുടങ്ങി. ഗ്യാസാണെന്നു പറഞ്ഞു് എന്തൊക്കെയോ പ്രയോഗങ്ങൾ നടത്തി. ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോഴാണു് രാത്രി മൂന്നു മണിയ്ക്കു് ഡോക്ടർ നായരെ ഫോൺ ചെയ്തതു്.
‘താൻ ഈ വയസ്സനെ ഒറങ്ങാൻ സമ്മതിക്കില്ല്യ അല്ലേ ജോസഫേ? ഞാനിതാ വന്നു. അതിനിടയ്ക്കു് വീട്ടിലു് വല്ല മരാമത്തു പണികളും ബാക്കിണ്ടെങ്കിൽ അതൊക്കെ കഴിച്ചുവയ്ക്കു്. കൊറച്ചു് ദെവസം നഴ്സിങ്ഹോമിലു് കെടക്കേണ്ടിവരും, എന്താ?’
ആ വേദനക്കിടയിലും ജോസഫേട്ടൻ ചിരിച്ചു. ഡോക്ടർ നായർ ഉടനെ എത്തി. ഇഞ്ചക്ഷൻ കൊടുത്തു, കാറിൽ കയറ്റി നഴ്സിങ്ഹോമിൽ കൊണ്ടുപോയി.
ജോസഫേട്ടൻ ഉണർന്നു.
‘കൊച്ചുത്രേസ്സ്യേ…’
ത്രേസ്സ്യോമ്മ എഴുന്നേറ്റുചെന്നു. ‘എന്തോ?’
‘എന്താ നെന്റെ മൊഖൊക്കെ ഒരു വല്ലാത്ത മട്ടു് കൊച്ചുത്രേസ്സ്യേ?’
എന്തൊരു ചോദ്യം എന്നാണു് മനസ്സിൽ തോന്നിയതു്. നാലു ദിവസായി മര്യാദയ്ക്കു് ഒന്നു് ഉറങ്ങീട്ടു്. എന്നിട്ടു് അച്ചായൻ ചോദിക്കുന്നു എന്താ ഒരു വല്ലാത്ത മട്ടു് എന്നു്.
ജോസഫേട്ടന്റ ക്ഷീണം വളരെ വേഗം മാറി. രണ്ടുദിവസങ്ങൾക്കുള്ളിൽ ആൾ എഴുന്നേറ്റു് നടക്കാൻ തുടങ്ങി. പരസഹായമില്ലാതെ കക്കൂസിലും മറ്റും പോയി. രണ്ടു ദിവസംകൂടി കഴിഞ്ഞാൽ ഡിസ്ചാർജ്ജ് ചെയ്യാമെന്നു് ഡോക്ടർ പറഞ്ഞു. ക്ഷീണം മാറിയതോടെ ആ മുറിയുടെ ഭരണം അച്ചായൻ തന്നെ ഏറ്റെടുത്തു. കിടയ്ക്കയുടെ തലയ്ക്കൽഭാഗത്തു് ഇട്ട ബൾബ്ബ് മാറ്റാൻ ആവശ്യപ്പെട്ടു. ഈ വെളിച്ചത്തിൽ എങ്ങനാ വായിക്കുക? ഡോക്ടറുടെ സ്നേഹിതൻ എന്ന നിലയ്ക്കു് ജോസഫേട്ടന്റെ ആജ്ഞകൾ ഉടനടി അനുസരിക്കപ്പെട്ടു. പോരാത്തതിനു് ത്രേസ്സ്യാമ്മയുടെ വിജയകരമായ പബ്ലിക് റിലേഷൻസ് നഴ്സിങ്ഹോം ജീവനക്കാരെ മുഴുവൻ ചാക്കിലാക്കിയിരിക്കുന്നു.
ഡിസ്ചാർജ്ജ് ചെയ്യുന്നതിന്റെ തലേന്നാണു് ജോസഫേട്ടൻ പറഞ്ഞതു്.
‘കൊച്ചുത്രേസ്സ്യേ നീയാ നഴ്സിനോടു് പറഞ്ഞിട്ടു് ആ പ്ലമ്പറെ പറഞ്ഞയക്കാൻ ഏർപ്പാടു് ചെയ്യ്.’
‘എന്തിനാ?’ ഒരാജ്ഞയും ചോദ്യംചെയ്യാതെ സ്വീകരിക്കില്ലെന്നതു് ത്രേസ്സ്യാമ്മയുടെ സ്വഭാവമായിരുന്നു. അതറിയാവുന്നതുകൊണ്ടു് കാലതാമസം ഒഴിവാക്കാനായി ജോസഫേട്ടൻ പറഞ്ഞു.
‘എടീ, ബാത്ത്റൂമിലു് വാഷ്ബേസിന്റെ ടാപ്പ് ലീക്ക് ചെയ്യ്ണ്ണ്ടു്. അതൊന്നു് നേരെയാക്കാൻ പറ.’
ശരിയാണു്. വാഷ്ബേസിന്റെ ടാപ്പ് ലീക്ക് ചെയ്യുന്നുണ്ടു്. അതിൽനിന്നു് വെള്ളം സദാസമയവും വീണുകൊണ്ടിരിക്കുകയാണു്. കൈകഴുകാൻ പോയാൽ മുട്ടിനു താഴെ വെള്ളം തെറിച്ചു് നനയും. പക്ഷേ, ഈ നാലഞ്ചു ദിവസം സഹിച്ച ബുദ്ധിമുട്ടു് ഡിസ്ചാർജ്ജ് ചെയ്യുന്നതിന്റെ തലേന്നു് ശരിയാക്കേണ്ട വല്ല കാര്യവുമുണ്ടോ? ഇപ്പോൾ വിളിച്ചു പറഞ്ഞാൽ അവന്മാരു് എത്തും. ഉച്ചയ്ക്കു് ഉറങ്ങുന്ന സമയത്തായിരിക്കും തട്ടലും മുട്ടലും. അവർ മയത്തോടെ ചോദിച്ചു.
‘ദേ, നമ്മള് നാളെ പോവ്വ്വല്ലേ. അതു കഴിഞ്ഞിട്ടു് അവരെന്താന്ന്വച്ചാ ചെയ്തോട്ടെ. അതു പോരെ?’
പോരാ കൊച്ചുത്രേസ്സ്യേ, ഒരു കാര്യവും നാളേയ്ക്കു് മാറ്റിവയ്ക്കാൻ പാടില്ലാന്നാ എന്റെ അപ്പച്ചൻ പഠിപ്പിച്ചിട്ട്ള്ളതു്…’
‘ശരി, ഞാനിപ്പത്തന്നെ പറയാം…’
ത്രേസ്സ്യാമ്മ പറഞ്ഞു. ഇനി അപ്പച്ചന്റെ കാര്യം തൊടങ്ങിയാൽപ്പിന്നെ ഇപ്പഴൊന്നും നിർത്തില്ല.
അര മണിക്കൂറിനുള്ളിൽ രണ്ടു ചെറുപ്പക്കാർ ആയുധങ്ങളടങ്ങിയ സഞ്ചിയുമായി എത്തി പണി തുടങ്ങി. സമയം പന്ത്രണ്ടരയായി. ജോസഫേട്ടനു് ഭക്ഷണം കൊടുക്കേണ്ട സമയമായി. ത്രേസ്സ്യാമ്മ സഞ്ചിയിൽ നിന്നു് ടിഫിൻ കാരിയർ പുറത്തെടുത്തു. മറ്റെന്തു കാര്യത്തിൽ കാത്തുനിൽക്കേണ്ടി വന്നാലും ജോസഫേട്ടൻ കാത്തുനിൽക്കും. പക്ഷേ, ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം അതിയാനു് ക്ഷമയില്ല. പന്ത്രണ്ടരയ്ക്കുതന്നെ കിട്ടണം. പ്ലെയ്റ്റ് കഴുകാനായി കുളിമുറിയിൽ പോയപ്പോഴാണു് ഒരു സംഗതി മനസ്സിലായതു്. രണ്ടോ മൂന്നോ മണിക്കൂർ നേരത്തേയ്ക്കു് കുളിമുറി ഉപയോഗിക്കാൻ പറ്റില്ല. വാഷ്ബേസിൻ ചുമരിൽനിന്നു് അടർത്തിയെടുത്തു് നിലത്തു വച്ചിരിക്കയാണു്. നിലത്താകെ ജോലിക്കാരുടെ ആയുധങ്ങൾ.
‘ചേച്ചി, കുറച്ചു സമയമെടുക്കും കേട്ടൊ. ആകെ മാറ്റാനുണ്ടു്…’
അടുത്ത മുറിയിൽ പോയി പ്ലെയ്റ്റ് കഴുകി വരുമ്പോൾ ത്രേസ്സ്യാമ്മ ആലോചിച്ചിരുന്നതു് മകനെ കൃത്യനിഷ്ഠ പഠിപ്പിച്ച ജോസഫേട്ടന്റെ അപ്പച്ചനെപ്പറ്റിയായിരുന്നു. മിടുക്കൻ!
ജോസഫേട്ടൻ ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ജോലിക്കാർ കുളിമുറിയിൽനിന്നു് പുറത്തുകടന്നു.
‘ചേച്ചി, ഞങ്ങള് ഊണു കഴിച്ചിട്ടു് വരാം. ഇതിമ്മലു് കുറച്ചധികം പണിണ്ടു്.’
അവർ പോയപ്പോൾ ജോസഫേട്ടൻ പറഞ്ഞു.
‘ഊണു കഴിച്ചിട്ട്ന്നൊക്കെ പറയും. ഇനി അവന്മാരെ കാണണെങ്കീ നാലു മണിയാവണം, നീ കണ്ടോ.’
ത്രേസ്സ്യാമ്മ ഒന്നും പറഞ്ഞില്ല. ജോസഫേട്ടനു് ഊണു കഴിഞ്ഞാൽ ഒരുറക്കമുണ്ടു്. തനിക്കും കറച്ചുനേരം ഒന്നു് മയങ്ങണം. ഈ ജോലിക്കാരു് വന്നു് ജോലിയെടുക്ക്വാണെങ്കിലു് എങ്ങിനെ അതിനൊക്കെ പറ്റും? ത്രേസ്സ്യാമ്മയ്ക്കു് അച്ചായനോടു് ദേഷ്യം തോന്നി.
ഊണു കഴിഞ്ഞു് നഴ്സ് വന്നു് കൊടുത്ത മരുന്നുകളും കഴിച്ചു് ജോസഫേട്ടൻ ഉറക്കമായി. ഊണു കഴിച്ചപ്പോൾ ത്രേസ്സ്യാമ്മയുടെ കണ്ണുകൾ അടഞ്ഞുതുടങ്ങി. കുറേ ദിവസത്തെ ഉറക്കം ബാക്കിയാണു്. ജോസഫേട്ടൻ പറഞ്ഞപോലെ ജോലിക്കാർ നാലുമണിയ്ക്കു് വന്നാൽ മതിയായിരുന്നു. പത്തുപതിനഞ്ചു മിനിറ്റ് അവർക്കുവേണ്ടി കാത്തിരുന്നശേഷം ത്രേസ്സ്യാമ്മ കിടന്നു, അറിയാതെ ഉറങ്ങിപ്പോവുകയും ചെയ്തു.
വാതിൽക്കൽ മുട്ടു കേട്ടപ്പോൾ ത്രേസ്സ്യാമ്മ ഞെട്ടിയുണർന്നു. ഓടിപ്പോയി വാതിൽ തുറന്നു. ജോലിക്കാരായിരിക്കുമെന്നാണു് കരുതിയതു്. നോക്കുമ്പോൾ ഡോക്ടർ നായരും പിന്നിൽ രണ്ടു നഴ്സുമാരും. ഡോക്ടർ റൗണ്ട്സിനു വന്നിരിക്കയാണു്.
‘നന്നായി ഒറങ്ങി, അല്ലെ?’ ത്രേസ്സ്യാമ്മയുടെ ചീർത്ത മുഖത്തു നോക്കിക്കൊണ്ടു് ഡോക്ടർ ചോദിച്ചു. ‘എവിടെ നമ്മടെ രോഗി?’
ജോസഫേട്ടൻ കട്ടിലിലില്ലെന്നു് അപ്പോഴാണു് ത്രേസ്സ്യാമ്മ മനസ്സിലാക്കുന്നതു്. കുളിമുറിയിൽനിന്നു എന്തോ ശബ്ദം കേട്ടു് ഡോക്ടർ അങ്ങോട്ടു നടന്നു. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒന്നു് മുട്ടിയശേഷം ഡോക്ടർ വാതിൽ തള്ളിത്തുറന്നു.
അവിടെ ജോസഫേട്ടൻ വാഷ്ബേസിനും താങ്ങിപ്പിടിച്ചുകൊണ്ടു് നിൽക്കുകയാണു്. വാഷ് ബേസിൻ ചുവരിൽ ഘടിപ്പിച്ച ബ്രാക്കറ്റിന്മേൽ വച്ചശേഷം അദ്ദേഹം പറഞ്ഞു.
‘എല്ലാം ശരിയാക്കിയിട്ട്ണ്ടു്. ഇനി ഇതവിടെ ഒറപ്പിക്ക്യേ വേണ്ടു.’
വിശ്വസിക്കാൻ പ്രയാസമായ പോലെ ഡോക്ടർ ഒരു നിമിഷം പകച്ചുനിന്നു. പിന്നെ തിരിഞ്ഞു് നഴ്സിനോടു് പറഞ്ഞു.
‘ഉടനെ ഒരു കാമ്പോസ് ഇഞ്ചക്ഷൻ തയ്യാറാക്കൂ.’
‘ശരി ഡോക്ടർ’ നഴ്സ് തിരിഞ്ഞു് ത്രേസ്സ്യാമ്മയോടു പറഞ്ഞു. ‘പേഷ്യന്റിനെ പിടിച്ചു കിടത്തൂ.’
‘അയാൾക്കല്ല സിസ്റ്റർ,’ ഡോക്ടർ അവരെ തിരുത്തി. ‘ഇഞ്ചക്ഷൻ എനിക്കാണു്.’
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.