images/Joven_mendigo.jpg
The Young Beggar, a painting by Bartolomé Esteban Murillo (1617–1682).
ലോഡ്ജിൽ ഒരു ഞായറാഴ്ച
ഇ. ഹരികുമാർ

ലോഡ്ജിൽ ഞായറാഴ്ചയുടെ ബഹളങ്ങൾ, ഗന്ധങ്ങൾ. അന്തേവാസികളുടെ ഒരാഴ്ചത്തെ അലക്കു മുഴുവൻ അന്നാണു്. മുകളിൽനിന്നു് വെള്ളത്തിനുള്ള മുറവിളികൾ, ബക്കറ്റ് നിരക്കുന്ന ശബ്ദം. മണി മുകളിലേക്കും താഴേക്കും ഓടിനടന്നു് ഓർഡറുകൾ എടുത്തു.

ഞായറാഴ്ചയും തുറക്കുന്ന പെട്ടിക്കടയിൽനിന്നു് ബാർസോപ്പോ, സിഗരറ്റോ വാങ്ങാനോ, താഴത്തെ നിലയിലെ അടുക്കളയിൽനിന്നു് ചായ കൊണ്ടുവരാനോ ആയി ആ പന്ത്രണ്ടു വയസ്സുകാരൻ നിരന്തരം ഒരു എലവേറ്ററിന്റെ യാന്ത്രികതയോടെ ചലിച്ചു. പതിനാറു പേരുള്ള ലോഡ്ജിൽ പകുതി പേരും വെള്ളിയാഴ്ച വൈകുന്നേരം സ്ഥലം വിടും. ബാക്കിയുള്ളവരാണു് ഇത്രയും ബഹളമുണ്ടാക്കുന്നതു്. വാതിലിന്നടുത്തിട്ട മേശക്കു പിന്നിൽ ലോഡ്ജിന്റെ ഉടമസ്ഥൻ ഗോപാലമേനോൻ ഇരുന്നു. പത്തു മണിയാവുമ്പോഴേക്കു് ഓരോരുത്തരായി താഴേയ്ക്കിറങ്ങിവന്നു് അവരവരുടെ സ്ഥാനം പിടിക്കും. തലമുടി പറ്റേ വെട്ടിയ സുരേഷ് ജനലിന്നരികിൽ. അയാളുടെ കൂട്ടുകാർ അനിലും നാഥനും അയാൾക്കെതിരെ. മൂന്നാം നമ്പർ മുറിയിലെ ജോസഫും വിമലും മറുവശത്തു്. നാലിലെ ലക്ഷ്മണൻ ഒറ്റക്കു് വേറൊരു മേശക്കു പിന്നിൽ. ഞായറാഴ്ച രാവിലെ എപ്പോഴും പുട്ടും കടലയും ഇടിയപ്പവും മുട്ടക്കറിയും ആയിരിക്കും പ്രാതൽ. ഇതെല്ലാം പതിവുതെറ്റാതെ ഒരേ മട്ടിൽ ആവർത്തിച്ചു. ഒരു ഞായറാഴ്ചയും മറ്റൊരു ഞായറാഴ്ചയിൽനിന്നു് വ്യത്യസ്തമായിരുന്നില്ല.

മേനോൻസ് ലോഡ്ജിൽ ഞായറാഴ്ച പതിവുകാർ കുറവാണു്. ഒഴിവു ദിവസത്തിന്റെ ആലസ്യത്തിൽ പ്രാതൽ ഉണ്ടാക്കാൻ മെനക്കെടാത്ത കുടുംബിനികൾ സ്റ്റീൽ പാത്രങ്ങളും സഞ്ചികളുമായി പറഞ്ഞയക്കുന്ന കുട്ടികൾ, യാത്രക്കാരുടെ കയ്യിൽനിന്നു് ഭീഷണിപ്പെടുത്തി വാടകയിനത്തിൽ കൂടുതൽ വാങ്ങിയ പണംകൊണ്ടു് ചായ കുടിക്കാനെത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ, കള്ളതുലാസ് ഉപയോഗിച്ചു് രണ്ടുകിലോ വർത്തമാനക്കടലാസ് ഒരു കിലോ തൂക്കം കാണിച്ചു് വീട്ടമ്മമാരെ കബളിപ്പിക്കുന്ന കടലാസു കച്ചവടക്കാർ… അങ്ങനെ ഏതാനും പേർ മാത്രമേ വന്നിരുന്നുള്ളു.

ആവർത്തനവിരസത മുഖച്ഛായയാക്കി മാറ്റിയ ആ ലോഡ്ജിലേക്കു് ഒരു ഞായറാഴ്ച രാവിലെ പത്തുമണിക്കു് ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കടന്നുവന്നു. പാന്റ്സും നീണ്ട കയ്യുള്ള ഷർട്ട് തിരുകാതെ പാന്റിനു പുറത്തു് ഇട്ടതുമാണു് വേഷം. ഷർട്ടിന്റെ കൈ മടക്കിവെക്കാതെ ബട്ടനിട്ടിരിക്കുന്നു. ചെറുപ്പക്കാരി ഇരുനിറമാണു്. സൗന്ദര്യത്തിനും വൈരൂപ്യത്തിനും ഇടയിൽ ആപൽക്കരമായ തുലനം വെച്ചുപുലർത്തുന്ന പ്രകൃതം. തലയിൽ മുല്ലപ്പൂവു് ചൂടിയിട്ടുണ്ടു്. അവൾ ചെറുപ്പക്കാരനിൽനിന്നു് അൽപം മാറി സങ്കോചത്തോടെ നിന്നു. റസ്റ്റോറണ്ടിന്റെ അന്തരീക്ഷംതന്നെ നഗ്നയാക്കുമോ എന്നവൾ ഭയപ്പെടുന്നപോലെ.

ഗോപാലമേനോൻ ശ്രദ്ധിച്ചു. പുതുതായി കല്യാണം കഴിച്ചവരായിരിക്കണം. അങ്ങനെയുള്ളവർ ഉച്ചക്കു് ഊണുകഴിക്കാൻ വരാറുണ്ടെന്നല്ലാതെ രാവിലത്തെ ഭക്ഷണത്തിനായി വരാറില്ല. ഇനി വരികയാണെങ്കിൽതന്നെ വേഗം അകത്തുകയറി അൽപം മറവുള്ള മൂലയിൽ ഒരു സീറ്റ് കണ്ടുപിടിച്ചു് ഇരിക്കയാണു് പതിവു്. വഴി അന്വേഷിക്കാൻ കയറിയവരായിരിക്കണം അവർ. ചെറുപ്പക്കാരന്റെ മുഖം എവിടെയോവെച്ചു് കണ്ടുപരിചയമുള്ളപോലെ.

ഹാളിൽ പുട്ടും കടലയും കഴിച്ചുകൊണ്ടിരിക്കുന്നവരിൽ വളരെ അദ്ഭുതകരമായ പ്രതികരണങ്ങളാണുണ്ടായതു്. ജനലിന്നരികെ ഇരുന്നു് കടലയിൽ കുഴച്ച പുട്ടു് ഒരു വായ അകത്താക്കിയതിനു മീതെ ഒരു കവിൾ ചൂടുചായ ഒഴിച്ചതു് ഇറക്കാൻ പറ്റാതെ, ഗ്ലാസ് വായിൽനിന്നെടുക്കാൻ പറ്റാതെ സുരേഷ് വെറുങ്ങലിച്ചു് ഇരുന്നു. അയാൾക്കെതിരെ ഇരുന്ന അനിലും നാഥനും കൂട്ടുകാരന്റെ തള്ളിനിൽക്കുന്ന കണ്ണുകളിൽ ഉറച്ചുനിൽക്കുന്ന വസ്തു എന്താണെന്നറിയാൻ തിരിഞ്ഞുനോക്കുകയും ആ ക്രിയയിൽ സുരേഷിന്റെ അവസ്ഥയിൽത്തന്നെ എത്തിച്ചേരുകയും ചെയ്തു. ജോസഫും വിമലും ആ കാഴ്ച അൽപം തമാശയോടെ, ഇനി സംഭവിച്ചേക്കാൻ ഇടയുള്ള കാര്യങ്ങൾ ആസ്വദിക്കാൻ തയ്യാറായിരുന്നു. ലക്ഷ്മണനും അവിടെ സ്ഥിരം ചായകുടിക്കാൻ വരാറുള്ള ആട്ടോറിക്ഷാ ഡ്രൈവറും അതൊന്നും ശ്രദ്ധിക്കാതെ ഇടിയപ്പവും മുട്ടക്കറിയും ഭക്ഷിച്ചു.

ആരെയോ തെരയുകയായിരുന്ന ആ ചെറുപ്പക്കാരനോടു് ഗോപാലമേനോൻ ചോദിച്ചു.

എന്താ വേണ്ടതു?

ചെറുപ്പക്കാരന്റെ തെരച്ചിൽ അവസാനിച്ചിരുന്നു. അയാളുടെ കണ്ണുകൾ പ്രതിമയായി മാറിയ സുരേഷിൽ ഉടക്കിനിന്നു. ആ നിമിഷത്തിലാണു് ഗോപാലമേനോന്റെ ചോദ്യമുണ്ടായതു്.

എന്താ വേണ്ടതു?

അയാൾ ഉടനെ പ്രതിയുടെ നേർക്കു് വിരൽചൂണ്ടുന്ന വക്കീലിന്റെ നാടകീയതയോടെ, സുരേഷിനു നേരെ ചൂണ്ടിക്കൊണ്ടു് പറഞ്ഞു.

‘സുരേഷ്…’

ആഘാതത്താൽ സുരേഷിന്റെ വായിലെ പുട്ടും കടലയും ചായയും കൂടിയുള്ള മിശ്രിതം വയറ്റിലേക്കിറങ്ങിപ്പോയി.

ആ, സുരേഷിന്റെ ആളാണോ? ഗോപാലമേനോൻ പറഞ്ഞു. വരൂ ഇരിക്കൂ. സുരേഷ് എന്താണു് നോക്കിനിൽക്കണതു? തന്നെ അന്വേഷിച്ചു് ആൾ വന്നിരിക്കണതു് കണ്ടില്ലേ?

സുരേഷ് ഞെട്ടലിൽനിന്നു് മോചിതനായിരുന്നു. അയാൾ എഴുന്നേറ്റുവന്നു. അപ്പോഴും വല്ലായ്മയോടെ നിന്നിരുന്ന ചെറുപ്പക്കാരനോടു് ചോദിച്ചു.

‘താൻ എന്താണു് രാവിലെ വന്നതു? ഉച്ചതിരിഞ്ഞു് വരാന്നല്ലേ പറഞ്ഞിരുന്നതു?’

‘രാവിലത്തെ ബസ്സിനുവന്നു.’ അയാൾ പറഞ്ഞു.

‘എന്റെ പെങ്ങളും അളിയനുമാണു്.’ സുരേഷ്, ഗോപാലമേനോനു് പരിചയപ്പെടുത്തി.

‘ആ, എന്നിട്ടാണോ താൻ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്നിരുന്നതു? എടാ മണി, രണ്ടു് ചായ എടുക്കു്. തിന്നാൻ എന്താണു് വേണ്ടതു? പുട്ടും കടലയും ഉണ്ടു്, ഇടിയപ്പോം മുട്ടക്കറീംണ്ടു്.’

‘ഒന്നും വേണ്ട. അയാൾ പറഞ്ഞു. ഒരു ഗ്ലാസ്സ് വെള്ളം മാത്രം.’

‘എടോ സുരേഷ്, താൻ ഇവരെ തന്റെ മുറിയിലേക്കു് കൊണ്ടുപോകു. കഴിക്കാനുള്ളതൊക്കെ മണി അവിടെ കൊണ്ടുവന്നുതരും. യാത്രകഴിഞ്ഞ ക്ഷീണമുണ്ടാകും.’

സുരേഷ് ആശ്വാസത്തോടെ, കൃതജ്ഞതയോടെ മേനോനെ നോക്കി.

അവർ മുകളിലേക്കു് പോയിക്കഴിഞ്ഞപ്പോൾ മേനോൻ പറഞ്ഞു.

‘എന്തൊരു നാണാ ആ പഹയനു്. പെങ്ങൾവന്നതിനാണു്. ഇക്കണക്കിനു് അയാള് കല്യാണം കഴിച്ചു് കൊണ്ടരുമ്പൊ എന്തായിരിക്കും സ്ഥിതി?’

എല്ലാവരും ചിരിച്ചു. അനിലും നാഥനും പുട്ടു് കഴിഞ്ഞു് ഇടിയപ്പത്തിൻമേൽ കൈവെക്കുകയാണു്. ജോസഫ് സിഗരറ്റിനു തീകൊളുത്തി. എല്ലാം വീണ്ടും ശാന്തമായി. അപ്പോഴാണു് സുരേഷ് കോണിയിറങ്ങിവന്നതു്.

‘താനെന്തിനാടോ ഇപ്പൊ ഇറങ്ങിവന്നതു? മണിയെ വിളിച്ചു പറഞ്ഞാപ്പോരായിരുന്നോ? എന്താ തിന്നാൻ കൊടുത്തയക്കണ്ടതു്.’

‘അവര്ടെ രാവിലത്തെ ഭക്ഷണം കഴിഞ്ഞു. പുറത്തു് എവിടെനിന്നോ കഴിച്ചൂന്നു് പറഞ്ഞു. കുറച്ചുനേരം വിശ്രമിക്കണംത്രെ. രാവിലെ നേർത്തെ എണീറ്റ് ബസ് പിടിച്ചതല്ലെ.’

‘അതെയതെ.’ മേനോൻ കണ്ണിറുക്കി കാട്ടി. വിശ്രമിക്കട്ടെ. താൻ ഉപദ്രവിക്കാനൊന്നും പോണ്ട. അയാൾ ഒന്നുനിർത്തി. പിന്നെ ഓർമ്മയുടെ ചെല്ലപ്പെട്ടി തുറന്നു് വിസ്തരിച്ചു് മുറുക്കാനുള്ള ശ്രമമായി. ‘ഞാൻ മദിരാശിലായിരിക്കുമ്പോ ഇതുപോലെ…’

‘ചതിച്ചു.’ ജോസഫ് പറഞ്ഞു. മേനോൻ ഒരു കഥ പുറത്തെടുക്കുന്നു.

മേനോന്റെ കഥകൾ ഒരു ദുരന്തമായിരുന്നു. ജോസഫിന്റെ അഭിപ്രായത്തിൽ മേനോൻ കഥപറച്ചിൽ നിർത്തിയാൽ ലോഡ്ജിൽ ഇപ്പോഴുള്ളതിനേക്കാൾ ആൾക്കാർ താമസത്തിനു വരും. മാത്രമല്ല കുറച്ചു് ചാർജ് കൂട്ടിയാലും സസന്തോഷം കൊടുക്കാനും ആൾക്കാർ തയ്യാറാകും. താഴത്തെ റെസ്റ്റോറണ്ടിന്റെ കാര്യവും അതുതന്നെ. പക്ഷേ, മേനോൻ കഥപറച്ചിൽ നിർത്തുകയുണ്ടായില്ല. എല്ലാം മദിരാശിക്കഥകളാണു്. ജീവിതവസന്തത്തിൽ മദിരാശി നഗരത്തിൽവെച്ചുണ്ടായ അനുഭവങ്ങൾ. മധുരിക്കുന്നവ, കയ്പേറിയവ, എരിവും പുളിയും ഉള്ളവ. ആ ഓർമകളുടെ സാന്ത്വനത്തിൽ ആ അറുപതുകാരൻ ജീവിക്കുന്നു. മക്കളില്ല. തളർവാതം പിടിച്ച ഭാര്യ മാത്രം.

‘താനൊരു രസം കൊല്ലിയാണു് ജോസഫെ.’ മേനോൻ പറഞ്ഞു. ‘തനിക്കു് നല്ല കഥ ആസ്വദിക്കാൻ കഴിയില്ല.’ നിസ്സഹായരായി നിൽക്കുന്ന മറ്റുള്ളവരെ നോക്കി അയാൾ തുടർന്നു. ഞാനിതുപോലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഒപ്പം ഒരു സ്നേഹിതനുമുണ്ടു്. ഫിഫ്റ്റി ഫൈവ് ഫിഫ്റ്റി സിക്സിലാണു്. ആ കാലത്താണു് പെങ്ങളുടെ കല്യാണം കഴിഞ്ഞതു്. വരൻ മദ്രാസിൽത്തന്നെയായിരുന്നു. ട്രഷറിയിൽ ജോലി. അവരുടെ ഒറ്റ മുറി വീടായിരുന്നു. മദിരാശി നഗരത്തിൽ അന്നൊക്കെ അത്രയൊക്കെ പറ്റൂ. അളിയന്റെ അച്ഛനും അമ്മയും ചെറിയ പെങ്ങളുമുണ്ടു് ഒപ്പം. ഞാനവരുടെ വീട്ടിലു് പോയിട്ടുണ്ടു്. ഒറ്റമുറ്യാന്നൊക്കൊ മനസ്സിലാക്കീട്ടുണ്ടു്. ന്നാലും അതോണ്ട്ള്ള വെഷമം എന്താന്നു് മനസ്സിലാക്കീട്ടില്ല. എനിക്കത്രേല്ലെ പ്രായള്ളൂ. ചെലദിവസം വൈകുന്നേരം അവരു് ലോഡ്ജിലു് എന്റെ മുറീലു് വരും. കുറച്ചുന്നേരം ഇരുന്നു് തിരിച്ചുപോവും. എന്നാലും ആകപ്പാടെ ഒരു മൂഡില്ലാത്തപോലെ. ഞാൻ തമാശ പറയുമ്പോ രണ്ടുപേരും ചിരിക്കുംന്നു് മാത്രം.’

ജോസഫ് എഴുന്നേറ്റു, കോട്ടുവായിട്ടുകൊണ്ടു് പറഞ്ഞു.

‘ഞാൻ പോണു്.’

‘താനവിടെ ഇരിക്കെടോ,’ മേനോൻ ആജ്ഞാപിച്ചു. ‘താനിനി മുകളിൽ പോയി അവരെ ശല്യം ചെയ്യണ്ട.’

ജോസഫ് മണിയോടു് ഒരു സിഗരറ്റ് കൂടി വാങ്ങാൻ പറഞ്ഞു്, ഇരുന്നു.

‘അപ്പൊ ഞാൻ പറഞ്ഞുവന്നതു് എന്താന്നുവച്ചാൽ, ങ്ങാ, പെങ്ങളുടെയും അളിയന്റെയും മുഖത്തു് സന്തോഷം ഇല്ലാത്തതിന്റെ കാരണം എന്റെ കൂട്ടുകാരൻ പറഞ്ഞപ്പോഴാ മനസ്സിലായതു്. എനിക്കുതന്നെ മനസ്സിലാക്കാമായിരുന്നു. പക്ഷേ, ഞാൻ വങ്കൻ അതൊന്നും ഓർത്തില്ല. ഒറ്റ മുറിയിൽ അച്ഛനും അമ്മയും പെങ്ങളും അപ്പുറത്തു് കിടക്കുമ്പോൾ പുതുതായി കല്യാണം കഴിഞ്ഞ ഇവർ ഇപ്പുറത്തു് കിടന്നു് എന്തു ചെയ്യാനാണു്. കാര്യം കഷ്ടം തന്ന്യാണു്. ഞാനും കൂട്ടുകാരനും കുറെ നേരം ആലോചിച്ചു് ഒരു സൂത്രം കണ്ടുപിടിച്ചു. അടുത്ത പ്രാവശ്യം അവർ വന്നപ്പോൾ ഞങ്ങൾ സിനിമക്കു് ബുക്ക് ചെയ്തിട്ടുണ്ടു് പോവാണ്ന്നു് പറഞ്ഞു. ഞങ്ങൾ വരുന്നതുവരെ അവിടെ ഇരിക്കണമെന്നും പറഞ്ഞു് സ്ഥലം വിട്ടു. തിരിച്ചു് ഒമ്പതു മണിക്കു് വന്നപ്പോൾ രണ്ടു പേരുടെ മുഖത്തും ഒരു കള്ളച്ചിരി.’

‘മേനോന്റെ കഥയിലപ്പടി നീലയാണല്ലോ.’ ജോസഫ് പറഞ്ഞു.

‘ആഴ്ചയിലൊരിക്കൽ മാത്രം വന്നിരുന്നവർ ആഴ്ചയിൽ രണ്ടുപ്രാവശ്യമായി. പിന്നെ മൂന്നുപ്രാവശ്യം. അവർ വന്നാൽ ഞങ്ങൾ അഞ്ചുമിനിറ്റ് നേരം സംസാരിച്ചിരിക്കും. പിന്നെ എന്തെങ്കിലും കാരണം പറഞ്ഞു് പുറത്തിറങ്ങും. പലപ്പോഴും ബീച്ചിൽ പോയി ഇരിക്കയാണു് പതിവു്. എന്നും സിനിമക്കു് പോകാനുള്ള പണമൊന്നുമില്ല അന്നു്.’

മേനോൻ നിർത്തി. അയാൾ ആലോചിക്കുകയായിരുന്നു. തന്റെ പെങ്ങളെപ്പറ്റി, അളിയനെപ്പറ്റി, അവർ പോയാൽ കിടക്കയിൽ വീണുകിടക്കാറുള്ള ചതഞ്ഞ മുല്ലപ്പൂക്കളെപ്പറ്റി. ആ പൂക്കൾ വലിച്ചെറിയാൻ കഴിയാതെ അയാൾ ഒരു സ്ഫടികപ്പാത്രത്തിലിട്ടു വെച്ചിരുന്നു. അവർ എവിടെയാണിപ്പോൾ എന്നു് മേനോനറിയില്ല. തമിഴു്നാട്ടിലെവിടെയോ ആണു്. ഒരു പക്ഷേ, അളിയൻ മരിച്ചിട്ടുണ്ടാകാം. വളരെ വിചിത്രമായ വിധത്തിൽ താൻ കുടുംബവുമായി വേർപെട്ടുപോകുകയാണുണ്ടായതു്.

മുകളിൽനിന്നു് സുരേഷിന്റെ അളിയൻ ഇറങ്ങിവന്നു. താൻ മേനോന്റെ ജീവിതകഥയിലെ ഒരു കഥാപാത്രത്തിൽ വേഷമണിയുകയാണെന്നറിയാതെ അയാൾ അരങ്ങിലേക്കു് അവരുടെ ഇടയിലേക്കു് കടന്നുവന്നു. ഭയപ്പെടുത്തുന്ന നിശ്ശബ്ദത അവരെ ചുഴുന്നു. സ്വയം അറിയാതെത്തന്നെ അയാൾ അഭിനയം തുടങ്ങുകയാണു്.

‘ഇപ്പൊ ഒരു ചായ ആവാം അല്ലെ?’ മേനോൻ ചോദിച്ചു.

‘ആവാം.’ അയാൾ മറുപടി പറഞ്ഞു.

‘മണി ഒരു സ്പെഷൽ ചായ എടുക്കു്. മേനോൻ ഉത്തരവിട്ടു.’

സുരേഷ് കോണിമേലെത്തിയിരുന്നു. അയാൾ മേനോനെ ശ്രദ്ധിച്ചുകൊണ്ടു് പതുക്കെ കയറുകയാണു്.

‘പെങ്ങളുടെ അടുത്തേക്കു് പോണ്ണ്ടു്.’ മേനോൻ പറഞ്ഞു. ‘വെടിപറഞ്ഞിരിക്കാനാണു്. കുറേ ദിവസം കഴിഞ്ഞു് കാണുന്നതല്ലെ. നാട്ടുവർത്താനങ്ങൾ ശ്ശി കാണും.’

കഥാപാത്രം തലയാട്ടി. അയാൾ മുമ്പിൽ കണ്ട കസേരയിൽ കയറിയിരുന്നു. മുമ്പിലുള്ള മേശ ഒരു പ്രതിരോധമായി അയാൾക്കു തോന്നി. പിന്നിൽ ചുമരാണു്. അയാൾ അനിലിനേയും നാഥനേയും നോക്കി ചിരിച്ചു. അവർ ചായകുടി കഴിഞ്ഞു് വെറുതെ ഇരിക്കുകയാണു്.

‘എന്താ പേര്ന്നാ പറഞ്ഞതു?’

‘രാഘവൻ.’ അയാൾ നുണ പറഞ്ഞു. അതും അയാളുടെ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു.

‘എന്താ ജോലി?’

‘റവന്യൂ ഡിപ്പാർട്ടുമെന്റിലാ.’ വീണ്ടും നുണ. ഇതുപക്ഷേ, തുടരാൻ അയാൾ ഭയപ്പെട്ടു. തന്റെ പൊയ്മുഖം അഴിച്ചുമാറ്റപ്പെടുന്നതയാൾ ഇഷ്ടപ്പെട്ടില്ല. അയാൾ ആക്രമണത്തിലേക്കു് കടന്നു.

‘എങ്ങിനെയുണ്ടു് ബിസിനസ്സ്?’

‘ഒക്കെ അങ്ങനെ പോകുന്നു.’ മേനോൻ പറഞ്ഞു. ‘കുറച്ചു് നല്ല ആൾക്കാരു് താമസിക്കാനുണ്ടു്. കുറെ വെടിപറഞ്ഞിരിക്കും.

വീട്ടിൽ ഇരിക്കുന്നതിനേക്കാൾ ഭേദം ഇവിടെ ഇരിക്ക്യാണു്. അല്ലാതെ വലിയ ലാഭം ഒന്നും ഉണ്ടാവാറില്ല.’

മണി ചായ കൊണ്ടുവന്നു വച്ചു.

‘ചായ കുടിക്കൂ.’ മേനോൻ പറഞ്ഞു. ഞാനൊന്നു് അടുക്കളേലു് പോയി നോക്കട്ടെ.

അയാൾ മേശയുടെ വലിപ്പടച്ചു് പൂട്ടി താക്കോൽ കീശയിലിട്ടു് എഴുന്നേറ്റു് നടന്നു. ഇടയ്ക്കൊരു നോട്ടം ഉണ്ടാവുന്നതു് നല്ലതാണു്. അത്യാവശ്യം പേടിയും ഉണ്ടാവും. അല്ലെങ്കിൽ സാധനങ്ങൾ നാശമാക്കിക്കളയും.

പത്തുമിനിറ്റ് നേരത്തെ ചുറ്റലിനുശേഷം മേനോൻ തിരിച്ചുവന്നപ്പോൾ സുരേഷ് താഴത്തെത്തിയിരിക്കുന്നു.

‘എന്താടോ നാട്ടുവർത്തമാനം ഒക്കെ കഴിഞ്ഞുവോ?’

സുരേഷ് ചിരിച്ചു. അപ്പോഴാണു് നാഥൻ സ്ഥലംവിട്ടിരിക്കുന്നു എന്നു് മേനോൻ മനസ്സിലാക്കിയതു്.

‘നാഥനെവിടെ?’

‘ഇവിടെയെവിടെയെങ്കിലും കാണും.’ സുരേഷ് പറഞ്ഞു.

മുകളിൽ വാതിലടയുന്ന ശബ്ദം കേട്ടു. മേനോൻ പെട്ടെന്നു് അസ്വസ്ഥനായി. നാഥൻ മുകളിലേക്കു് തന്നെയാണു് പോയതെന്നു് മേനോനു് മനസ്സിലായി. അയാളുടെ വേഷം ലുങ്കിയും ബനിയനുമായിരുന്നു. ആ വേഷത്തിൽ നാഥൻ പുറത്തുപോവില്ല. പുതുതായി കല്യാണം കഴിച്ച ഒരു നാടൻ പെൺകുട്ടി മുകളിൽ ഒറ്റക്കാണെന്നറിഞ്ഞുകൊണ്ടു് മറ്റൊരു ചെറുപ്പക്കാരൻ മുകളിൽ കയറിപ്പോയതു് മേനോന്റെ ധാർമികതക്കു്, ഔചിത്യബോധത്തിനു് പോറലേൽപ്പിച്ചു. അവളുടെ ഭർത്താവും സഹോദരനും അതു കണ്ടില്ലെന്ന ഭാവത്തിൽ താഴെ ഇരിക്കുന്നതും അയാളെ അദ്ഭുതപ്പെടുത്തി. ഈ ചെറുപ്പക്കാരുടെ പെരുമാറ്റം ഒക്കെ ഒരു വിശേഷവിധിയാണു്.

സുരേഷും രാഘവനും അടക്കം പറഞ്ഞു് സംസാരിക്കുകയാണു്. രണ്ടു പേരുടെയും മുഖം ഗൗരവപൂർണമാണു്. ഇപ്പോൾ അനിലും അവരോടു കൂടിയിരിക്കുന്നു. അയാളുടെ മുഖവും അത്ര പ്രസന്നമല്ല. എന്തോ ഒരു വലിയ വിപത്തു് വന്നുപെട്ടാലെന്നപോലെ.

‘എന്താ അളിയനും അളിയനും കുശുകുശുക്കണതു?’ മേനോൻ വിളിച്ചു ചോദിച്ചു.

ചെടിച്ചട്ടികൾ തലയിലേറ്റി വിൽക്കാൻ നടക്കുന്ന വയസ്സൻ തലച്ചുമടു് ഇറക്കിവെച്ചു് നെറുകയിൽ തിരുമ്മിക്കൊണ്ടു് ഉള്ളിലേക്കു് വന്നു്, ഫാനിന്റെ ചുവട്ടിലായി ഒരു മേശക്കരികിൽ സ്ഥലം പിടിച്ചു.

‘ഒരു ചായ എടുക്കു്. ഹൗ എന്തൊരു ചൂടു്. ആർക്കും വേണ്ടാത്ത ഈ സാധനം തലയിലേറ്റി നടന്നു ക്ഷീണിച്ചു.’

‘എന്തേ ഒന്നും വിറ്റില്ലെ?’

‘ആർക്കും വേണ്ട. രാവിലെ ഏഴുമണിക്കുതൊട്ടു് തൊടങ്ങ്യ നടത്താ.’

‘ഇപ്പോൾ ആർക്കും പൂക്കൾ വേണ്ട, പൂച്ചെടികളും.’ മേനോൻ പറഞ്ഞു. ‘ആളുകളുടെ അഭിരുചി മാറിയിരിക്കുന്നു. അവർക്കു് ടിവിയും വീഡിയോയും ഒക്കെ മതി. ഇരുപത്തിനാലു മണിക്കൂറും അതിനു മുമ്പിൽത്തന്നെ.’

അതിനിടെ നാഥൻ ഇറങ്ങി വരുന്നതും അനിൽ അരിച്ചരിച്ചു് കോണിച്ചുവട്ടിലേക്കു് നടക്കുന്നതും മേനോൻ ശ്രദ്ധിച്ചു. അയാൾ പറഞ്ഞു.

‘നിങ്ങളെല്ലാവരും കൂടി ആ പെൺകുട്ടിയുടെ ഉറക്കം കളയും.’

‘സാരമില്ല മേനോൻ. അവൾ ഉറങ്ങുകയല്ല.’

രാഘവനാണു്. അയാൾ അവിടെ വന്നതിനുശേഷം ആദ്യത്തെ സത്യം പറഞ്ഞു.

അവൾ ഉറങ്ങുകയായിരുന്നില്ല. അവളുടെ ഉറക്കം എന്നേ നഷ്ടപ്പെട്ടിരുന്നു. വൈകുന്നേരങ്ങളിൽ കുടിച്ചുവന്നു് അവളെ ഭേദ്യം ചെയ്യുന്ന ഭർത്താവിനും നിരന്തരം പനിയും ചുമയും വന്നു് എല്ലു മാത്രമായി മാറിയ രണ്ടു കുട്ടികൾക്കുമിടയിൽ അവളുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ അവൾ ആലോചിച്ചിരുന്നതു് പണത്തെപ്പറ്റിയായിരുന്നു. കുട്ടികൾക്കു് രണ്ടുപേർക്കും തലേന്നു് രാത്രി നല്ല പനിയായിരുന്നു. ഇന്നു് എന്തായാലും ഡോക്ടറെ കാണിക്കണം. അതിനുള്ള പണം താൻതന്നെയുണ്ടാക്കണം. ഇതെത്രാമത്തെ ആളാണു്. അവൾക്കു് എണ്ണം നഷ്ടപ്പെട്ടിരുന്നു. മൂന്നു പേരുണ്ടാവുമെന്നാണു് വീതികുറഞ്ഞ നിരത്തിൽ അടച്ചുപൂട്ടിയ പാൽ ബൂത്തിന്റെ മറവിൽ വൈറ്റ് പട്രോളിനെ പേടിച്ചു് വിലപേശിക്കൊണ്ടിരുന്നപ്പോൾ തന്നെ വാടകക്കെടുത്ത ആൾ പറഞ്ഞതു്. അവൾ എണ്ണാൻ ശ്രമിച്ചു. ആദ്യം തന്നെ ആ ഹോട്ടലിലേക്കു് കൊണ്ടുവന്ന ആൾ. പിന്നെ കറുത്തു തടിച്ചു് തലമുടി പറ്റേ വെട്ടിയ ആൾ പിന്നെ… ഓരോ പ്രാവശ്യവും വേദനകൊണ്ടവൾ പുളഞ്ഞു. മൂർച്ചയില്ലാത്ത കത്തി ദേഹത്തിലിറക്കുന്നപോലെ. തുടക്കത്തിൽ മാത്രം. പിന്നെ മർദനത്തിന്നിരയായ ഒരു ആദർശവാദിയുടെ ആത്മസംയമനത്തോടെ അവൾ സ്വയം വേദനയിൽനിന്നു് മുക്തിനേടി. അവൾക്കു് വേദനയേക്കാളേറെ ഭയമായിരുന്നു. ഇനി തനിക്കു് സ്വന്തം ഡോക്ടറെ കാണാനുള്ള പണവും ഉണ്ടാക്കണം. കഴിയുന്നതും വേഗം ഡോക്ടറെ കണ്ടില്ലെങ്കിൽ ഈ തൊഴിലും ചെയ്യാൻ പറ്റാത്ത ഒരു ഘട്ടം വരും. അങ്ങനെ വന്നാൽ…

വാതിൽ തുറന്നു് ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. ഒപ്പമുണ്ടായിരുന്ന ആൾ എഴുന്നേറ്റു പോയി എന്നു് അപ്പോഴാണു് മനസ്സിലാക്കിയതു്. അവൾ തളർന്നിരുന്നു. എഴുന്നേറ്റു്, കുളിമുറിയിലേക്കു് നടന്നു.

ചെടിച്ചട്ടിക്കാരൻ ചായയുടെ പണം കൊടുത്തു് പുറത്തേക്കിറങ്ങി. രണ്ടു് ഓട്ടോറിക്ഷാക്കാർ പുതുതായി വന്നിരുന്നു. ജോസഫും കൂട്ടുകാരനും മുകളിലേക്കുപോയി. ലക്ഷ്മണൻ വർത്തമാനപത്രം വായിച്ചിരിക്കയാണു്. സുരേഷും അളിയനും അപ്പോഴും സംസാരത്തിൽത്തന്നെ നാഥനും അനിലും പുറത്തിറങ്ങി നിൽക്കുകയാണു്. മേനോൻ അടുക്കളയിലേക്കു നടന്നു. ഉച്ചത്തെ ഊണിന്റെ കാര്യങ്ങൾ നോക്കണം. താൻ ഇടക്കൊന്നു് പോയിനോക്കിയാൽ മതി. കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുകൊള്ളും.

ഒരു സ്ത്രീ ബഹളം കൂട്ടുന്ന ശബ്ദം കേട്ടപ്പോൾ മേനോൻ വിചാരിച്ചതു് കഴിഞ്ഞആഴ്ച വന്നു് ശല്യപ്പെടുത്തിയ ഭ്രാന്തി വീണ്ടും വന്നു എന്നായിരുന്നു. ഞായറാഴ്ച തന്നെയാണു് അവൾ വന്നതു്. റസ്റ്റോറന്റിലേക്കു് കടന്നുവന്നു കുറേ പുലഭ്യം പറഞ്ഞു. അവസാനം ഒഴിവാക്കാൻ ഒരു പ്ലെയ്റ്റ് പുട്ടും കടലയും പൊതിഞ്ഞു കൊടുക്കേണ്ടിവന്നു.

‘ആ ഭ്രാന്തി വീണ്ടും വന്നിട്ടുണ്ടെന്നു് തോന്നുന്നു.’ മേനോൻ വെപ്പുകാരനോടു് പറഞ്ഞു.

വെപ്പുകാരൻ സവോള അരിയുന്നതു നിർത്തി മേനോനെ സഹാനുഭൂതിയോടെ നോക്കി.

‘മേനോൻ സാർ ഇങ്ങനെ ശുദ്ധനായല്ലോ. അതു് ഭ്രാന്തിയൊന്നും അല്ല. അതു് രണ്ടാം നമ്പറിലെ സുരേഷിന്റെ കൂട്ടുകാരൻ കൊണ്ടുവന്ന പെണ്ണാ.’

‘സുരേഷിന്റെ പെങ്ങളോ?’

‘പെങ്ങൾ, കുന്താ. സാറ് ഒന്നു് പോയി നോക്കു്.’

മേനോൻ പുറത്തു കടന്നു. ബഹളം മുകളിൽനിന്നു തന്നെയാണു്. ഒന്നും വ്യക്തമല്ല. അയാൾ കോണി കയറി. രണ്ടാം നമ്പർമുറിയുടെ വാതിൽ തുറന്നുകിടക്കുന്നു. മുറിയുടെ നടുവിൽ അവൾ നിന്നിരുന്നു. ആകെ ഉലഞ്ഞ വേഷം. സാരി ധിറുതിപിടിച്ചു് ഉടുത്തതാണു്. തലമുടി അഴിഞ്ഞുലഞ്ഞിരുന്നു. ബ്ലൗസിന്റെ കുടുക്കുകൾ രണ്ടെണ്ണം ഇട്ടിരുന്നില്ല. അതിലൂടെ അവളുടെ മുഷിഞ്ഞ ബ്രേസിയർ കാണുന്നു. മേനോൻ കണ്ണുതിരിച്ചു. സുരേഷും രാഘവനും ജോസഫും അനങ്ങാതെ നിൽക്കുകയാണു്.

‘എന്താ ഇവിടെ ബഹളം?’

ചോദിച്ചതു് സുരേഷിനോടായിരുന്നു. പക്ഷേ, മറുപടി വന്നതു് ആ സ്ത്രീയിൽ നിന്നാണു്.

‘സാറെ രണ്ടുപേർ എക്സ്ട്രാ ഉണ്ടാവുമെന്നു് പറഞ്ഞിട്ടാണു് എന്നെ കൂട്ടിക്കൊണ്ടുവന്നതു്. അമ്പതിനു് ഞാൻ സമ്മതിക്കുകയും ചെയ്തു. ഇവിടെ വന്നപ്പൊ എത്ര പേരാ. ഒരു എട്ടു പേരെങ്കിലും കാണും. അപ്പൊ കുറച്ചു് എക്സ്ട്രാ വേണംന്നു് പറഞ്ഞതാ. ഇവരു് സമ്മതിക്കില്ല്യ. ഞാൻ ബഹളം കൂട്ടും. ആൾക്കാരെ ഒക്കെ വരുത്തും. നേരും നെറിയും ഇല്ലാത്ത ആളുകൾ.’

‘മിണ്ടരുതു്.’ മേനോൻ പറഞ്ഞു. ‘നീ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട. ഞാനിപ്പോൾ പോലിസിനെ വിളിക്കും. കാര്യമെന്താച്ചാൽ അതു് മര്യാദക്കു പറ.’

പെട്ടെന്നവൾ കരയാൻ തുടങ്ങി.

‘സാറെ, ഒരു നിവൃത്തിയില്ല്യാഞ്ഞിട്ടാ ഈ പണിക്കു് പോണതു്. അല്ലെങ്കിലു് രണ്ടു മക്കളും പട്ടിണ്യാവും. രണ്ടു പേർക്കും പന്യാണു്. ഡോക്ടറെ കാണിക്കാൻ പണം ആവശ്യാ സാറെ. അതോണ്ടു് പറയണതാണു്. രാവിലെ ഒരിറക്കു് വെള്ളം കുടിക്കാതെയാണു് ഇതിനെറങ്ങിത്തിരിച്ചതു്. സാറ് പോലിസിനെയൊന്നും വിളിക്കല്ലെ. ഞാൻ പൊയ്ക്കൊള്ളാം.’

അവൾ തേങ്ങിക്കൊണ്ടു് മുറിയുടെ ഒരു മൂലയിൽ പോയി പകുതി കുത്തഴിഞ്ഞ സാരി ഉടുക്കാൻ തുടങ്ങി.

അപ്പോൾ അയാൾ കണ്ടു, ചുളിഞ്ഞ കിടക്കവിരിയിൽ വാരിയിട്ടപോലെ വാടിയ മുല്ലപ്പൂക്കൾ. ഇതളുകളിൽ തവിട്ടുനിറം ബാധിച്ച ചതഞ്ഞ പൂക്കൾ. അയാളുടെ നെഞ്ചിൽ ഒരു തേങ്ങൽ ഉരുണ്ടുകൂടി. അയാൾ മുറിക്കു പുറത്തുകടന്നു് കോണിയിറങ്ങി. കസേരയിൽ തന്റെ സ്ഥാനത്തു് പോയിരുന്നു. അയാൾ തളർന്നിരുന്നു. താൻ സ്വന്തം ഭാവനയാൽ കബളിക്കപ്പെട്ടിരിക്കുന്നു. തേങ്ങുന്ന ഒരു മുഖം അയാളുടെ മനസ്സിൽ വന്നു. കുത്തഴിഞ്ഞ സാരിയുടെ ഇടയിൽകൂടി കണ്ട നിറം മങ്ങി കീറിയ അടിപ്പാവാടയും. താൻ ഒരു പുരുഷനായതിൽ മേനോനു് ലജ്ജ തോന്നി. അവളുടെ മക്കളുടെ കാര്യം പറഞ്ഞതു് സത്യമായിരിക്കണം. തകർച്ചയുടെ വക്കിലെത്തിയ ഒരാൾ സത്യമേ പറയൂ. അവൾക്കിനി നഷ്ടപ്പെടാനൊന്നുമില്ല.

മേനോൻ മണിയെ വിളിച്ചു് രണ്ടു പ്ലേറ്റ് പുട്ടും കടലയും പൊതിഞ്ഞുകൊണ്ടുവരാൻ പറഞ്ഞു. ഓരോ പടിയും അളന്നു തിട്ടപ്പെടുത്തുന്നതുപോലെ, വളരെ സാവധാനത്തിൽ അവൾ കോണിയിറങ്ങി വന്നു. അവൾക്കു് നടക്കാൻ വിഷമമുണ്ടു്.

‘ഇവിടെ വാ.’ മേനോൻ വിളിച്ചു.

‘ഇതാ, ഇതു കൊണ്ടുപോയി മക്കളുടെ ഒപ്പം തിന്നു്.’

അയാൾ മേശവലിപ്പു് തുറന്നു. അന്നത്തെ വരവു് ഏകദേശം നാൽപത്തഞ്ചു രൂപയുണ്ടു്. ആ നോട്ടുകൾ വാരിയെടുത്തു് അയാൾ അവളുടെ നേരെ നീട്ടി.

അവൾ രണ്ടും വാങ്ങിയില്ല. നീട്ടിയ കൈകളും തേങ്ങുന്ന ഹൃദയവുമായി ഗോപാലമേനോൻ ഇരിക്കെ പുറത്തെ വെയിലിന്റെ അനിശ്ചിതത്വത്തിലേക്കു്, ക്രൂരതയിലേക്കു് അവൾ ഇറങ്ങിപ്പോയി.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Lodgil Oru Njayarazhcha (ml: ലോഡ്ജിൽ ഒരു ഞായറാഴ്ച).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Lodgil Oru Njayarazhcha, ഇ ഹരികുമാർ, ലോഡ്ജിൽ ഒരു ഞായറാഴ്ച, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: October 25, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Young Beggar, a painting by Bartolomé Esteban Murillo (1617–1682). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.