പകൽ മുഴുവൻ മരുഭൂമിയിൽ നടക്കുകയായിരുന്ന അയാൾ, രാത്രി ശത്രുതയോടെ സമീപിച്ചപ്പോൾ, ഇലകൾകൊണ്ടുണ്ടാക്കിയ ഒരു കുടിലിൽ അഭയം കണ്ടെത്തി. കുടിലിൽ അവളുണ്ടായിരുന്നു; ഉടമസ്ഥ. അയാൾ അകത്തു കയറിയപ്പോൾ അവൾ ചോദിച്ചു:
നീ ആരാണു് ? എന്തിനിവിടെ വന്നു?
ഞാനൊരു യാത്രക്കാരൻ. അയാൾ പറഞ്ഞു. പുറത്തു വളരുന്ന ഇരുട്ടും, മണൽക്കാറ്റും എനിക്കെതിരാണു്. ഞാനീ രാത്രി ഇവിടെ താമസിക്കട്ടെ?
നീ ദുഃഖിക്കും. അവൾ പറഞ്ഞു. എനിക്കും ഈ കുടിലിന്നും ഇരുട്ടിലേ നിലനില്പുള്ളു. പകൽ, സൂര്യവെളിച്ചത്തിൽ ഞാൻ ഇല്ലാതാകും. ഈ കുടിലും. നീ കൂടുതൽ ഏകനാവും.
സാരമില്ല. ഞാൻ എന്നും ഏകനായിരുന്നു.
അവളുടെ ദേഹത്തിന്റെ ഊഷ്മാവു് തണുപ്പിനെ അകറ്റി. അവളുടെ ഹൃദയസ്പന്ദനം അയാളുടെ സംഗീതമായി. അവളുടെ നിശ്വാസം അയാൾക്കാശ്വാസമരുളി. പിന്നെ ഒരു ക്രൂരനിമിഷത്തിൽ സൂര്യൻ ഉദിക്കുകയും അതിന്റെ തീക്ഷ്ണജ്വാലകളിൽ അവളും, അയാൾക്കഭയമായിരുന്ന കുടിലും അലിഞ്ഞില്ലാതാവുകയും ചെയ്തപ്പോൾ അയാൾ വീണ്ടും ഏകനായി.
ഒരു നിമിഷം തന്റേതായിരുന്ന സ്വർഗ്ഗത്തിന്റെ മാസ്മരശക്തിയിൽ, ദുഃഖത്തിൽ, പകച്ചുനിന്നു. പിന്നെ മുന്നിൽ നീണ്ടുകിടക്കുന്ന മണലിൽ അടിവെച്ചു നീങ്ങുമ്പോൾ അയാൾ ഓർത്തു: എനിക്കു് വളരെ ദൂരം പോകാനുണ്ടു്.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.