തറവാടിന്റെ മഹിമയെപ്പറ്റി എല്ലാവരും ബോധവാന്മാരാവുന്നതു് മൂത്ത ജ്യേഷ്ഠന്റെ ബംഗ്ലാവിൽ ഒത്തു ചേരുമ്പോഴാണു്. ഏഴു് സഹോദരന്മാർ, ഒരു സഹോദരി. ഏറ്റവും താഴെയുള്ളതാണു് സഹോദരി. കൊല്ലത്തിലൊരിക്കൽ ഉണ്ടാവുന്ന ഒത്തുചേരലിനു് എല്ലാവരും കുടുംബസമേതം എത്തിയിരിക്കയാണു്. എട്ടു കുടുംബങ്ങൾ. മൂത്ത ജ്യേഷ്ഠന്റെ പിറന്നാളാണു് അവസരം. അതു് സ്കൂളുകളും കോളേജുകളും അവധി വരുന്ന മെയ്മാസത്തിലായതിനാൽ എല്ലാവർക്കും എത്തിച്ചേരാൻ പറ്റും. രണ്ടാമത്തെ സഹോദരൻ ബോംബെയിൽ ബിസിനസ്സ് ചെയ്യുകയാണു്. അവസാനം എത്തിയതു് അദ്ദേഹവും കുടുംബവുമാണു്. മൂന്നാമത്തെ ആൾ ഏറ്റവും മൂത്ത ആളെപ്പോലെ ഡോക്ടറാണു്. മൂത്ത ആൾ എം. ഡി.യാണെങ്കിൽ ഇദ്ദേഹം എം. എസ്. ആണെന്നേ വ്യത്യാസമുള്ളൂ. നാലാമത്തെ ആൾ മാത്രം അല്പം മോശക്കാരനാണു്. വെല്ലിംഗ്ടൺ ഐലന്റിൽ ഒരു എക്സ്പോർട്ട് ഹൗസിൽ ക്ലാർക്കാണു്. കുടുംബത്തിന്റെ മാനം നശിപ്പിച്ച അയാളെപ്പറ്റി മറ്റുള്ളവർ ആരും പരാമർശിക്കാറില്ല. കുത്തിച്ചോദിച്ചാൽ ഇന്ന കമ്പിനിയിലാണെന്നു മാത്രം പറയും. അയാളുടെ ഭാര്യയും ഒരു സാധു സ്ത്രീയാണു്. അവർക്കു രണ്ടുപേർക്കും അവരുടെ ഒരേയൊരു മകനും ഈ ഗെറ്റുടുഗതർ പാർട്ടിക്കു് വരാൻ താൽപര്യമുണ്ടാവാറില്ല. പക്ഷേ, എല്ലാവരേയും ഒന്നിച്ചു കാണാൻ പറ്റുന്ന ഒരേ അവസരമാണു്. മാത്രമല്ല പോയില്ലെങ്കിൽ തന്റെ അഭാവംകൊണ്ടു് അയാൾ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടു് താൽപര്യമില്ലെങ്കിലും അവർ വരുന്നു, ഒരു മുക്കിൽ ഒതുങ്ങിക്കഴിയുന്നു.
അഞ്ചാമത്തെ ആൾ ഒരു ആർക്കിടെക്റ്റാണു്. സ്വന്തം ബിസിനസ്സാണു്. എം. ജി. റോഡിൽ രണ്ടായിരം സ്ക്വയർ ഫീറ്റ് ഏരിയയുള്ള ഒരു ഓഫീസുണ്ടു്. മൂന്നു് എഞ്ചിനീയർമാരടക്കം ഏഴു ജോലിക്കാരുണ്ടു്. ആറാമത്തെ ആൾ എച്ച്. എം. ടി.-യിൽ സീനിയർ എഞ്ചിനീയറാണു്. ഏഴാമത്തെ ആൾ അഡ്വക്കേറ്റാണു്. വളരെ തിരക്കുള്ള അഡ്വക്കേറ്റ്.
ഒരു വലിയ കേക്ക് സ്വീകരണ മുറിയിലേക്കു് കൊണ്ടുവന്നു. ഒരു ഇരുനിലകെട്ടിടത്തിന്റെ ആകൃതിയിലുണ്ടാക്കിയ കേക്ക്. എം. വി. ദേവൻ ഉണ്ടാക്കിയ മനോഹരമായ വീടുകളിലൊന്നിനെ അനുസ്മരിപ്പിക്കും.
ചുറ്റും പുൽത്തകിടികൾ, പൂച്ചെടികളുള്ള തോട്ടം, മുമ്പിൽത്തന്നെ രണ്ടു കാറുകൾ.
ഇതു് കുട്ടികൾക്കു് വേണ്ടിയാണു്. അവർക്കും എന്തെങ്കിലും എൻജോയ്മെന്റ് വേണ്ടെ?
മൂത്ത ജ്യേഷ്ഠൻ പറഞ്ഞു.
കഴിഞ്ഞ കൊല്ലം ഒരു പടുകൂറ്റൻ വിമാനമായിരുന്നു കേക്ക്. ചുരുങ്ങിയതു് അഞ്ചുകിലോ ഉണ്ടാവും.
കേക്കുവീടിന്റെ ടെറസ്സിൽ അഞ്ചു വലിയ മെഴുകുതിരികളും എട്ടു ചെറിയ മെഴുകുതിരികളും ഉറപ്പിച്ചു വെച്ചിട്ടുണ്ടു്. അമ്പത്തെട്ടു വർഷങ്ങളെ കാണിക്കാൻ. അമ്പത്തെട്ടു വിജയകരമായ വർഷങ്ങൾ.
ആന്റിക്കു് അങ്കിളിന്റെ വയസ്സ് ശരിക്കറിയില്ല. അയാൾ അനിയന്മാരുടെ കുട്ടികളോടു് തമാശ പറഞ്ഞു. കണ്ടില്ലേ എത്ര കാന്റിൽസാണു് കുത്തിനിർത്തിയിരിക്കുന്നതു? വലിയ അഞ്ചു കാന്റിൽസ് മാത്രമേ ആവശ്യമുള്ളൂ.
എല്ലാവരും ചിരിച്ചു.
മെഴുകുതിരികൾ കൊളുത്തപ്പെട്ടു. മൂത്ത ജ്യേഷ്ഠൻ ഒറ്റ ഊത്തിനു് എല്ലാ മെഴുകുതിരികളും കെടുത്തിയപ്പോൾ എല്ലാവരും കയ്യടിച്ചു. പിടിയിൽ ചുവന്ന റിബ്ബൺകെട്ടി അലങ്കരിച്ച വിദേശ നിർമ്മിതമായ കത്തികൊണ്ടു് അദ്ദേഹം ആ കേക്ക് മുറിച്ചു. കേക്ക് കഷണങ്ങളായി മുറിക്കേണ്ട ഭാരം രണ്ടാം സഹോദരന്റെ ഭാര്യ ഏറ്റെടുത്തു.
നാലാമത്തെ സഹോദരന്റെ മകൻ അരുൺ ഒന്നിലും ചേരാതെ ഒരു ഭാഗത്തിരുന്നു് കയ്യിൽ കിട്ടിയ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു. മകന്റെ ഇരുപ്പു് കണ്ടപ്പോൾ അയാൾക്കു വിഷമം തോന്നി. അയാൾ പതുക്കെ മോന്റെ അടുത്തുചെന്നു പറഞ്ഞു.
മോനെ നീ അങ്ങോട്ടു് ചെല്ലു്. അല്ലെങ്കിൽ കേക്ക് കിട്ടിയില്ലാന്നു വരും.
സാരല്ല്യ.
അവൻ പറഞ്ഞു. കഴിഞ്ഞ കൊല്ലത്തെ ഗെറ്റ്ടുഗതറിന്റെ സമയത്തുണ്ടായ ഒരു സംഭവം അവനെ വിഷമിപ്പിച്ചിരുന്നു.
ബോംബെ മാമ അവനെ കണ്ടപ്പോൾ അവനെ ആകെയൊന്നു് ഉഴിഞ്ഞുനോക്കി. മറ്റുകുട്ടികളുമായി നോക്കുമ്പോൾ അവന്റെ വസ്ത്രം തീരെ പഴഞ്ചനായിരുന്നു. അയാൾ ചോദിച്ചു.
നീ ഏതു ക്ലാസിലാണിപ്പോൾ?
പ്രീഡിഗ്രി. അവൻ മറുപടി പറഞ്ഞു.
ഏതു ഗ്രൂപ്പാണെടുത്തിരിക്കുന്നതു?
ഫോർത്ത് ഗ്രൂപ്പ്.
ബീകോം പാസ്സായി, പറ്റുമെങ്കിൽ എം. കോമിനുപോയി വല്ല ബാങ്കിലും കയറണമെന്നാണവനു്.
ഫോർത്ത് ഗ്രൂപ്പൊക്കെ എടുത്തിട്ടു് എന്താകാനാ? അയാൾ ചോദിച്ചു. പിന്നെ ഒരു ചോദ്യവും.
നീ അച്ഛനെപ്പോലെ ബീഡിവലിയൊക്കെ തുടങ്ങിയോ?
മറുപടിയൊന്നും പ്രതീക്ഷിക്കാതെ അയാൾ എല്ലാവരോടുമായി തുടർന്നു.
ബാബുവിനു് സിഗരറ്റ് വലിക്കേണ്ടി വരും ന്നാ പറഞ്ഞതു്. ഈ ഡെഡ് ബോഡിയൊക്കെ കീറിമുറിക്കലല്ലെ. ഈ മാസം മുതൽ നൂറുറുപ്പിക അധികം അയച്ചു കൊടുക്കണമെന്നാണു് പറയുന്നതു്; സിഗരറ്റ് വാങ്ങാൻ…
സ്വയം ചെറുതാവുന്ന അനുഭവം തീരെ സഹിക്കാൻ പറ്റാത്തതാണു്. ഒപ്പം മുമ്പിലുള്ള ആൾ വലുതാവുക കൂടി ചെയ്താൽ. കഴിഞ്ഞ കൊല്ലത്തെ അരുചികരമായ അനുഭവം ഉണ്ടാക്കിയ പോറൽ ഇപ്പോഴും അരുണിന്റെ മനസ്സിൽ ഉണ്ടെന്നു തോന്നുന്നു. അവൻ പറഞ്ഞു.
എനിയ്ക്കു് താൽപര്യല്ല്യച്ഛാ.
അയാൾ പിന്നെ നിർബ്ബന്ധിച്ചില്ല.
ഡിന്നർ മഹത്തായ ഒരു സംഭവമായിരുന്നു. മുറ്റത്തു് പുൽത്തകിടിയിൽ നാലു മേശകളിട്ടു് വിരി വിരിച്ചു് അതിന്മേലായിരുന്നു വിഭവങ്ങൾ നിരത്തിയിരുന്നതു്. ഫൈവ്സ്റ്റാർ ഹോട്ടലിലെ ഗ്രേഡ് വൺ റസ്റ്റോറണ്ടിൽ ഏൽപ്പിച്ചിരിക്കയായിരുന്നു സദ്യ. അപൂർവ്വമായി കിട്ടുന്ന വിഭവങ്ങൾ. കോഴിയിറച്ചി, ആട്ടിറച്ചി, വലിയ ചെമ്മീൻ, ആവോലി ഇവയെല്ലാം കൊണ്ടു് പലതരം വിഭവങ്ങൾ. പത്തുപന്ത്രണ്ടു് വിഭവങ്ങൾ നിരത്തിയിരിക്കുന്നു. ബുഫെ ഡിന്നർ.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണു് അളിയൻ പറഞ്ഞതു്.
മാലിനിക്കു് ഒരു ചെറിയ ഓപ്പറേഷൻ വേണം.
ഓപ്പറേഷനോ? ആറു് സഹോദരന്മാർ ഒപ്പം ചോദിച്ചു.
അതെ, ചെറിയ ഓപ്പറേഷനാണു്. അപ്പെന്റിസൈറ്റിസ്.
അപ്പെന്റിസൈറ്റിസ് ചെറിയ ഓപ്പറേഷനോ?
മൂത്ത ജ്യേഷ്ഠൻ ഉറക്കെ പറഞ്ഞു.
നല്ല കഥ്യായി. മേജർ ഓപ്പറേഷനാണു്.
ശരിയാണു്. മറ്റു അഞ്ചു സഹോദരന്മാരും ഒരു കോറസ്സായി പറഞ്ഞു. നാലാമത്തെ ആൾ മാത്രം ഒന്നും പറഞ്ഞില്ല. അയാൾ പെങ്ങൾക്കു വന്നു ചേർന്ന ഭാഗ്യക്കേടിൽ വ്യസനിച്ചു. അളിയൻ ബാങ്കിൽ ഓഫീസറാണു്. വലിയ കുഴപ്പമില്ലാതെ പോകുകയാണെങ്കിൽ ഒരു മാതിരി നന്നായി ജീവിക്കാൻ പറ്റും. ഒരു സ്ഥലം വാങ്ങി വീടു പണിയാൻ ശ്രമിച്ചു. കുറെ കടമായിപ്പോയി. അതിനിടയ്ക്കാണു് ഈ ഓപ്പറേഷൻ. കഴിഞ്ഞ ഞായറാഴ്ച അവിടെ പോയപ്പോൾ അളിയൻ ഇതിനെപ്പറ്റിയെല്ലാം പറഞ്ഞതാണു്.
ആട്ടെ എവിടെവെച്ചാണു് ഓപ്പറേഷൻ?
ഒരു സഹോദരൻ ചോദിച്ചു.
ഗവർമ്മേണ്ട് ആശുപത്രിയിൽ വെച്ചു്.
അളിയൻ പറഞ്ഞു.
എന്തു് ഗവർമ്മേണ്ട് ആശുപത്രിയോ?
അഞ്ചാമത്തെ സഹോദരനാണു് പറഞ്ഞതു്.
എല്ലാവരും അയാളെ നോക്കി.
നമ്മൾ ഇത്ര കേമന്മാരായ ഏഴു് ബ്രദേഴ്സ് ഇരിക്കുമ്പോൾ നമ്മടെ അനുജത്തിയെ ഗവർമ്മേണ്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയോ?
ശരിയാണു്. മൂത്ത ജ്യേഷ്ഠൻ പറഞ്ഞു. നമ്മുടെ തറവാട്ടിൽ നടാടെയാണു് ഒരു പെൺകുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നതു്. നമുക്കതു സെലബ്രേറ്റ് ചെയ്യണം.
അതെയതെ സെലബ്രേറ്റ് ചെയ്യണം.
രണ്ടാമത്തെ ആളാണു് ബോംബെ സഹോദരൻ. അയാൾ തുടർന്നു.
ഇവിടെ ഏറ്റവും നല്ല ഹോസ്പിറ്റൽ ഏതാണു്? ബോംബെയിലാണെങ്കിൽ ബ്രീച്ച് കാൻഡി ഹോസ്പിറ്റലുണ്ടു്. നമ്മുടെ വിനോദിന്റെ ടോൺസിൽസ് അവിടെയാണു് റിമൂവ് ചെയ്തതു്. എയർകണ്ടീഷൻ ചെയ്ത മുറിയാണു്. രണ്ടു ദിവസം ഉണ്ടായിരുന്നു. വളരെ റീസണബ്ൾ ചാർജ്. ഏയ്റ്റ് തൗസന്റുമാത്രം.
വെരി റീസണബ്ൾ. അഞ്ചാമത്തെ സഹോദരൻ പറഞ്ഞു.
ശരിയായി. നാലാമത്തെ സഹോദരൻ മനസ്സിൽ കരുതി. ഒരു ടോൺസെൽസ് ഓപ്പറേഷനു് എണ്ണായിരം ഉറുപ്പിക. അതുപോലത്തെ ആശുപത്രികൾ ഇവിടെ ഇല്ലാതിരിക്കട്ടെ.
നമുക്കു് മാലിനിയെ നല്ല ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം.
മൂത്ത ജ്യേഷ്ഠൻ പറഞ്ഞു. നമ്മളൊക്കെയില്ലേ?
ഇവിടെ ഏറ്റവും നല്ല സർജൻ ആരാണു്?
ബോംബെ ജ്യേഷ്ഠൻ ചോദിച്ചു.
പിന്നെ അഭിപ്രായങ്ങളുടെ ഒരു പ്രളയമായിരുന്നു. ഒരു മണിക്കൂർ നേരത്തെ ചർച്ചക്കും നാലു തരം മധുര പലഹാരങ്ങൾക്കും മൂന്നുതരം ഐസ്ക്രീമുകൾക്കും ശേഷം അനുജത്തിയെ കാണിക്കേണ്ട ഡോക്ടർ, അഡ്മിറ്റ് ചെയ്യേണ്ട ആശുപത്രി എന്നിവയെപ്പറ്റി ഒരു അന്തിമതീരുമാനം ഉണ്ടായി. എയർകണ്ടീഷൻഡ് റൂം എടുക്കണമെന്നും തീരുമാനിച്ചു.
ഇത്രയധികം പണം ചെലവാക്കുന്നതിൽ അളിയനു് ആദ്യം എതിർപ്പുണ്ടായിരുന്നു. പക്ഷേ, ജ്യേഷ്ഠന്മാർ വിടുമോ? നമ്മൾ നായന്മാരാണു്. നായർ തറവാടിൽ പെങ്ങളാണു് വലുതു്. മനസ്സിലായില്ലേ? അപ്പോ നമുക്കു് നായർമാഗ്നാനിമിറ്റി കാട്ടണം.
എല്ലാ സഹോദരന്മാരും സമ്മതിച്ചു.
ഭാര്യമാർ മാത്രം അന്യോന്യം നോക്കി മുറുമുറുത്തു. നായർ മാഗ്നാനിമിറ്റിയിൽ അവർക്കു വലിയ ഉത്സാഹമില്ലാത്ത പോലെ തോന്നി. വർദ്ധിച്ച ചെലവുകളെപ്പറ്റി അവർ പറഞ്ഞുതുടങ്ങി.
ദിലീപിനു് മണിപ്പാലിലു് മെഡിസിനു് അഡ്മിഷൻ കിട്ടാൻ രണ്ടുലക്ഷം വേണം. കയ്യിലാകെ ഒന്നേ കാൽ ലക്ഷേള്ളൂ. എഴുപത്തഞ്ചിനു് ഇനി എവിടെപ്പോണംന്നറിയില്ല്യ.
മോൾടെ കല്ല്യാണം അടുത്ത മെയ്ല്ണ്ടാവുന്നു് തീർച്ച ്യാണു്. നാലു ലക്ഷെങ്കിലും ചെലവു വരും. എവിടുന്നുണ്ടാക്കാനാണ്…
നാലാമത്തെ സഹോദരനും ഭാര്യയും എല്ലാം കേട്ടു. എല്ലാം കണ്ടു. അവർ അഭിപ്രായമൊന്നും പറഞ്ഞില്ല. അഭിപ്രായമില്ലാഞ്ഞിട്ടല്ല. അവരുടെ അഭിപ്രായങ്ങൾക്കു് വേണ്ടത്ര കനമുണ്ടാവില്ലെന്നവർക്കറിയാം. അവർ മുറ്റത്തിനരുകിൽ ആൾക്കൂട്ടത്തിന്നകലെ കൊണ്ടു പോയി ഇട്ട കസേരകളിൽ പോയിരുന്നു. തൽക്കാലം ഒരു പ്രശ്നമുണ്ടായിരിക്കയാണു്. മറ്റു സഹോദരന്മാരെല്ലാം കയ്യഴിച്ചു് ചെലവും ചെയ്യും, പെങ്ങളുടെ ഓപ്പറേഷനു വേണ്ടി. അപ്പോൾ തങ്ങളും എന്തെങ്കിലും കൊടുക്കേണ്ടേ? സർക്കാർ ആശുപത്രിയിലാണെങ്കിൽ അളിയനു് ഒറ്റയ്ക്കു തന്നെ താങ്ങാവുന്ന ചെലവേ വരു.
നമുക്കു് കുറച്ചു പണം കരുതാം. ആവശ്യമായി വന്നാൽ മാത്രം കൊടുത്താൽ മതി. ഭാര്യ പറഞ്ഞു.
അവരെല്ലാം പണമുള്ള പാർട്ടികളാണു്. നമുക്കു് ഒരു ആയിരം ഉറുപ്പികയുണ്ടാക്കണമെങ്കിൽ വള പണയം വെക്ക്യന്നെ വേണ്ടിവരും.
ഓപ്പറേഷന്റെ തലേന്നു് അയാൾ ഭാര്യയുടെ വള പണയംവെച്ചു് ആയിരം ഉറുപ്പിക കയ്യിൽ കരുതി.
അളിയൻ ആയിരം ഉറുപ്പിക കരുതിയിരുന്നു. ആ സംഖ്യ മുഴുവൻ ആശുപത്രിയിൽ അഡ്വാൻസായി കൊടുക്കേണ്ടിവന്നു.
ഓപ്പറേഷൻ ‘സെലിബ്രേറ്റ്’ ചെയ്യാൻ എല്ലാ സഹോദരന്മാരും എത്തിയിരുന്നു. അവർ ഓപ്പറേഷൻ കഴിയുന്നതു വരെ ആശുപത്രിയുടെ സിറ്റിംഗ് റൂമിൽ ഇരുന്നു് ലക്ഷങ്ങളുടെ കഥകൾ പറഞ്ഞു. എം. എസ്. ഡോക്ടറായ മൂന്നാമത്തെ ജ്യേഷ്ഠനെ ഓപ്പറേഷൻ തിയറ്ററിൽ കടത്തിയിരുന്നു. വെറുതെ, സ്വന്തം ആൾ അടുത്തുണ്ടാവുന്നതു് പെങ്ങൾക്കു് ഒരു ധൈര്യമാവുമല്ലോ. അളിയനു് സമാധാനമായി. കേമന്മാരായ അളിയന്മാരുണ്ടായാൽ കാര്യങ്ങൾ അതിന്റെ മുറയ്ക്കു് നടന്നുകൊള്ളും. ആങ്ങളമാർ ഉച്ചയ്ക്കുള്ള കുറച്ചു സമയം മാത്രം അവരവരുടെ വീടുകളിലേക്കു് പോയി. വീണ്ടും നാലുമണിയോടെ തിരിച്ചുവന്നു.
ബോധം വന്നപ്പോൾ എല്ലാ ജ്യേഷ്ഠന്മാരും കിടക്കയ്ക്കു ചുറ്റുമുണ്ടു്. മാലിനിക്കു സന്തോഷമായി. കരുത്തുള്ള ഏഴു ജ്യേഷ്ഠന്മാർ ചുറ്റുമുള്ളപ്പോൾ പെങ്ങൾക്കു് എന്തു പേടിയ്ക്കാൻ.
ഡോക്ടർ വന്നു് രോഗിയെ പരിശോധിച്ചു. ഡോക്ടർമാരായ രണ്ടു ജ്യേഷ്ഠന്മാരുമായി സംസാരിച്ചു.
എവ്രിതിംഗ് ഈസ് ഓകേ. നാലു ദിവസത്തിനകം ആശുപത്രി വിടാം.
എയർ കണ്ടിഷൻഡ് മുറി സുഖമായിരുന്നു. അല്ലലില്ല. അലട്ടുമില്ല. ആശുപത്രിയിലാണു് കിടക്കുന്നതു് എന്നുതന്നെ തോന്നില്ല. പിറ്റെ ദിവസവും എല്ലാ ജ്യേഷ്ഠന്മാരും എത്തി. അനുജത്തി ഉല്ലാസവതിയാണെന്നു കണ്ടു് സംതൃപ്തിയടഞ്ഞു.
രണ്ടാമത്തെ ജ്യേഷ്ഠനു് പക്ഷേ, പെട്ടെന്നു് ബോംബെയ്ക്കു് മടങ്ങണം. അയാൾ പറഞ്ഞു.
സീറ്റ് കിട്ടുമോ എന്നു നോക്കി. നാളത്തേക്കു് വെയ്റ്റിംഗ് ലിസ്റ്റാണു്. പക്ഷേ, കിട്ടാതിരിക്കില്ല. ലീലയും കുട്ടികളും രണ്ടാഴ്ചകൂടി ഇവിടെയുണ്ടാകും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ലീലയോടു് പറഞ്ഞാൽ മതി.
നാലാം ദിവസം മൂത്ത ജ്യേഷ്ഠനു് പുറത്തെവിടെയോ പോകേണ്ടതു കൊണ്ടു് വരാൻ പറ്റിയില്ല. മൂന്നാമത്തെ ജ്യേഷ്ഠനു് ഓപ്പറേഷൻ ദിവസമായിരുന്നു. അഞ്ചാമത്തേയും ആറാമത്തേയും സഹോദരന്മാർ കൊടൈക്കനാൽ കാണാൻ കുടുംബസമേതം പോയിരിക്കയാണു്. എന്നാണു് തിരിച്ചുവരുന്നതെന്നറിയില്ല. ഏഴാമത്തെ ആളുടെ വിവരമൊന്നുമില്ല.
നാലാമത്തെ സഹോദരൻ മാത്രം ഓഫീസ് വിട്ടു് വൈകുന്നേരം അഞ്ചര മണിക്കു് എത്തി. അദ്ദേഹം വളരെ പരിതാപകരമായ ഒരു ദൃശ്യമാണു് കണ്ടതു്. അളിയൻ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടുന്നു.
അവരു് ഡിസ്ചാർജ് ചെയ്തു് കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞു. മാലിനി പറഞ്ഞു. അവൾ കരയുകയായിരുന്നെന്നു തോന്നുന്നു. കണ്ണുകൾ കലങ്ങിയിട്ടുണ്ടു്.
ഏട്ടന്മാരെ ആരേം കാണാനില്ല. ബില്ലാണെങ്കിലു് വളരെയധികം വന്നിട്ടുംണ്ടു്. ഇന്നു് ഡിസ്ചാർജ് ചെയ്തില്ലെങ്കിലു് വേറൊരു അഞ്ഞൂറുറുപ്പിക കൂടി കൂടുംന്നാ പറഞ്ഞതു്.
ഇപ്പൊ എത്ര്യായി ബില്ല്?
നാലായിരത്തിൽ ചില്ല്വാനം ആയിട്ട്ണ്ട്ത്രെ. ചേട്ടന്റെ കയ്യിലാണെങ്കിലു് പത്തഞ്ഞൂറുറുപ്പികയേ ഉള്ളൂ. ഇപ്പൊ ഒക്കെക്കഴിഞ്ഞു് എന്നെ ചീത്ത പറ്യാണു്. സർക്കാർ ആശുപത്രീലായിരുന്നെങ്കിൽ ഒരു ആയിരത്തഞ്ഞൂറിനു് എല്ലാം നടന്നുകിട്ടിയേനെ. ഏട്ടന്മാരു് പറഞ്ഞിട്ടേ ഈ ആശുപത്രീലു് അഡ്മിറ്റ് ചെയ്തതും എയർകണ്ടീഷൻ ഡ്റൂം എടുത്തതും ഒക്കെ.
അയാൾ അളിയനെ തേടി നടന്നു. അളിയൻ ഓഫീസിനു മുമ്പിൽ വിഷണ്ണനായി നിൽക്കുകയാണു്.
എന്റെ കയ്യിൽ ആയിരം ഉറുപ്പികയുണ്ടു്. അയാൾ അളിയനോടു പറഞ്ഞു. ബാക്കിക്കു് എന്താ ചെയ്യാ?
അതാ ഞാൻ ആലോചിക്കണതു്. ഈ വൈകിയ സമയത്തു്. നാളെയാണെങ്കിൽ വല്ല പണ്ടം പണയം വെച്ചെങ്കിലും സംഖ്യ ഒപ്പിക്കാമായിരുന്നു.
ഈ ആയിരം വള പണയം വെച്ചു് കിട്ടീതാ… ഇനി വേണമെങ്കിൽ വേറെ മാലയും പണയംവെച്ചാ കുറച്ചു കൂടിണ്ടാക്കാം.
വേണ്ട. അളിയൻ പറഞ്ഞു. ഇനി നാളെയല്ലേ എന്തായാലും പറ്റൂ. മാലിനിയുടെ വല്ല പണ്ടങ്ങളും പണയം വെക്കാം. ഏതായാലും കയ്യിലുള്ള ആയിരം തരൂ.
ഉറങ്ങാൻ കിടക്കുമ്പോൾ നായർ മാഗ്നാനിമിറ്റിയെപ്പറ്റി നാലാം സഹോദരൻ ഭാര്യയോടു പറഞ്ഞപ്പോൾ അവൾ കുറെ നേരം ചിരിച്ചു. ഒടുവിൽ പറയുകയും ചെയ്തു.
വിജയത്തിന്റെ രഹസ്യമെന്താണെന്നറിയുമോ? എപ്പോൾ മുന്നേറണം, എപ്പോൾ പിന്മാറണം എന്നതറിയുക. നമുക്കറിയാത്ത കാര്യവും അതു തന്നെ. നമ്മൾ വിജയിക്കാത്തതിന്റെ കാരണം ഇനിയെങ്കിലും മനസ്സിലായില്ലേ.
അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി. ഒരു കറയുമില്ലാത്ത ഹൃദയം തുറന്ന ചിരി.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.