അവൾ കുറേ നേരമായി അവരുടെ പിന്നാലെ നടക്കുകയായിരുന്നു. എപ്പോഴാണു് കൂടെ കൂടിയതെന്നറിയില്ല. ഒരു സാരിക്കടയിൽ നിന്നു് പുറത്തിറങ്ങിയപ്പോൾ അവൾ അടുത്തു വന്നു കൊണ്ടു് പറഞ്ഞു.
‘നല്ല സഞ്ചി.’
ഒരു പെൺകുട്ടി. ആറോ ഏഴോ വയസ്സു കാണും, നരച്ച ഫ്രോക്ക്, എണ്ണമയമില്ലാത്ത തലമുടി മുകളിൽ ഒരു ചരടു കൊണ്ടു് കെട്ടിവച്ചിരിക്കുന്നു.
എയർ കണ്ടീഷൺ ചെയ്ത കട യിൽ നിന്നു് പുറത്തിറങ്ങിയപ്പോൾ ചുടുകാറ്റു് മുഖത്തേയ്ക്കടിച്ചു. അവൾ പറഞ്ഞതു് ശരിയാണു്. സഞ്ചി നല്ല ഭംഗിയുണ്ടായിരുന്നു. ചുവപ്പു നിറത്തിൽ സാരിക്കടയുടെ പേർ വലുതായി എഴുതിയിട്ടുണ്ടു്. മറുഭാഗത്തു് സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രവും.
‘ഞാനിവളെ കൊറേ നേരായി ശ്രദ്ധിക്കുണു.’ രമണി പറഞ്ഞു. ‘നമ്മള് കാറീന്നു് പൊറത്തെറങ്ങ്യപ്പൊ തൊട്ടു് ഈ പെണ്ണു് പിന്നാലെണ്ടായിരുന്നു.’
അയാൾ ശ്രദ്ധിച്ചിരുന്നില്ല. കാർ ജോസ് ജങ്ക്ഷന്നടുത്തു് പാർക്ക് ചെയ്തു് അവർ നടക്കുകയായിരുന്നു. ആദ്യം രമണിക്കു് ഒരു വള വാങ്ങാനായി ആഭരണക്കടയിൽ കയറി. ശരിക്കു പറഞ്ഞാൽ മൂന്നു് ആഭരണക്കടയിൽ കയറിയ ശേഷമാണു് അവൾക്കു് ഇഷ്ടപ്പെട്ട വള കിട്ടിയതു്. അതു കഴിഞ്ഞു് മൂന്നു് സാരിക്കടകളിൽ കയറിക്കഴിഞ്ഞു. ഇതു് നാലാമത്തെ കടയാണു്. കണ്ടപ്പോൾ ഇഷ്ടപ്പെട്ട ഒരു സാരിയെടുത്തു എന്നല്ലാതെ നോക്കിക്കൊണ്ടിരുന്ന സാരി ഇപ്പോഴും കിട്ടിയിട്ടില്ല. നാലരയ്ക്കു തുടങ്ങിയ നടത്തമാണു്. അപ്പോൾ മുതൽ ഈ കുട്ടി തങ്ങളെ പിൻതുടരുകയായിരുന്നോ?
കൗതുകമുള്ള മുഖത്തു് അവിടവിടെ ചെളിയുണ്ടു്. കയ്യിൽ രണ്ടു കുപ്പിവളകൾ. കഴുത്തു് നഗ്നമാണു്. ചെരിപ്പില്ലാത്ത കാലിൽ പൊടി പിടിച്ചിരിക്കുന്നു. അയാൾ കീശയിൽ തപ്പി ഒരു രൂപയെടുത്തു് അവൾക്കു നേരെ നീട്ടി. അവൾ തലയാട്ടിക്കൊണ്ടു് പറഞ്ഞു
‘ഊം ഉം.’
‘വേണ്ടേ?’
‘ഊം ഉം.’
അയാൾ നാണയം തിരിച്ചു് പോക്കറ്റിലിട്ടു. അവർ അടുത്ത കടയിലേയ്ക്കു നടന്നു. ഉദ്ദേശിച്ച നിറമുള്ള സാരി കിട്ടാതെ നീനയുടെ കല്യാണത്തിനു് പോകുന്ന പ്രശ്നമേയില്ലെന്നു് രമണി പറഞ്ഞിരുന്നു. ‘നിന്റെ സ്വന്തം അനുജത്തിയുടെ മകളാണു് നീന.’ അയാൾ പറയുന്നു. അതു കൊണ്ടൊന്നും കാര്യമില്ല. ഒരു വാശിയുടെ കഥയാണു്. എവിടെയും കിട്ടാത്ത ആ നിറം തനിക്കും കിട്ടുമോ എന്നു നോക്കട്ടെ.
അടുത്ത സാരിക്കട കുറച്ചകലെയാണു്. തിരിച്ചു പോയി കാറെടുത്താലോ എന്നാലോചിച്ചു. കാറെടുക്കാൻ കുറച്ചു പിന്നിലേയ്ക്കു നടക്കണം. അതു കഴിഞ്ഞു് മുക്കാൽ കിലോമീറ്റർ ഓടിച്ചശേഷം അവിടെ പാർക്കു ചെയ്യാൻ സ്ഥലം കിട്ടുമോ എന്നൊന്നും അറിയില്ല. നടക്കാൻ തന്നെ തീർച്ചയാക്കി. നടന്നു പോകുമ്പോൾ ഏതെങ്കിലും കട കണ്ടാൽ കയറി നോക്കുകയും ചെയ്യാം. വലിയ കടകളിൽ മാത്രമല്ലല്ലൊ നല്ല സാരി കിട്ടുക.
സാരിക്കടയിൽ നിന്നു് പുറത്തിറങ്ങിയപ്പോഴാണു് കണ്ടതു്. ആ പെൺകുട്ടി. അവൾ നടപ്പാതയിൽ കാത്തു നിൽക്കുന്നു. അവരെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു. അവൾ ചോദിച്ചു.
‘വേറെ സാരി വാങ്ങീലേ?’
രമണിയുടെ കയ്യിൽ നേരത്തെ കണ്ട സഞ്ചി മാത്രമേ ഉള്ളൂ എന്നു് അവൾ ശ്രദ്ധിച്ചു.
അയാൾ വെറുതെ ചിരിച്ചു. അവൾ വീണ്ടും അവരുടെ പിന്നാലെ നടന്നപ്പോൾ അയാൾക്കു് ഒരു വല്ലായ്മയുണ്ടായി. എന്തിനാണു് ഒരു തെരുവുതെണ്ടി പെൺകുട്ടി അവരുടെ പിന്നാലെ കൂടിയിരിക്കുന്നതു? പക്ഷേ, രമണിയെ അതൊന്നും സ്പർശിച്ചിരുന്നില്ല. അവൾ കുറച്ചു വിഷമത്തിലായിരിക്കയാണു്. ഇവിടെ ആ നിറം കിട്ടിയില്ലെങ്കിൽ നമുക്കു് തൃശ്ശൂരും കൂടി ഒന്നു് അന്വേഷിക്കാം. അവിടെയും കിട്ടിയില്ലെങ്കിൽ കോയമ്പത്തൂരിൽ, അല്ലെങ്കിൽ ചെന്നൈയിൽത്തന്നെ പോകേണ്ടി വരും. ഒരാഴ്ചയെ ഉള്ളൂ കല്യാണത്തിനു്. അതിനിടക്കു് ബ്ലൗസ് തുന്നിക്കണം. ജോസഫിന്റെ അടുത്തു് കൊടുത്താൽ സമയത്തിനു് കിട്ടില്ല. അയാളുടെ ഫിറ്റിങ് നല്ലതാണു്. പക്ഷേ, നാളെത്തരാം നാളെത്തരാം എന്നു പറഞ്ഞു് ഇട്ടു കളിപ്പിക്കും…
അയാൾ തിരിഞ്ഞു നോക്കി. ആ പെൺകുട്ടി തന്നെ നോക്കി ചിരിക്കുന്നു. ദൈവമേ എന്താണവളുടെ ഉദ്ദേശ്യം?
‘നോക്കു ഈ കടയിലൊന്നു് കേറി നോക്കാം. കഴിഞ്ഞ കൊല്ലം ഓണത്തിനു് എന്റെ സ്കൈബ്ലൂ സാരിയെടുത്തതു് ഈ കടേന്നാ.’
അവർ കടയിലേയ്ക്കു് തിരിഞ്ഞു. വാതിൽ കടക്കുന്നതിനു മുമ്പു് അയാൾ തിരിഞ്ഞു നോക്കി. ആ പെൺകുട്ടി നടപ്പാതയിൽ ഇരുമ്പഴികൊണ്ടുണ്ടാക്കിയ ഗ്രില്ലിന്മേൽ പിടിച്ചു് ചിരിച്ചുകൊണ്ടു് അവരെ നോക്കി നിൽക്കുകയാണു്. എന്താണവളുടെ മനസ്സിൽ? കടയിൽ നിറങ്ങളുടെ തുടിപ്പിൽ അയാൾ അവളെ മറന്നു. പട്ടു സാരികളുടെ പളപളപ്പു്, അതെടുത്തു് ഒരു ചീനവല എറിയുന്നപോലെ നമ്മുടെ മുമ്പിലേക്കിടുന്ന സുന്ദരികളായ ചെറുപ്പക്കാരികളുടെ പ്രസരിപ്പു്, എല്ലാം അയാൾക്കിഷ്ടമായിരുന്നു. അവരുടെ വില്പന തന്ത്രങ്ങളും നോക്കിനിൽക്കുക രസകരമായിരുന്നു. ‘നോക്കു ഈ സാരി ചേച്ചിക്കു് എന്തു മാച്ചാണു്, അല്ലെടീ ബീനേ…’
പെട്ടെന്നു് അയാൾക്കു് പുറത്തു് നടപ്പാതയുടെ ഗ്രില്ലിൽ പിടിച്ചു് നോക്കി നിൽക്കുന്ന പെൺകുട്ടിയെ ഓർമ്മ വന്നു. അയാൾ എഴുന്നേറ്റു.
‘നീ നോക്കിയെടുക്കു്.’ അയാൾ പറഞ്ഞു. ‘ഞാനൊന്നു് പുറത്തിറങ്ങി നിൽക്കട്ടെ.’
കടയിൽ ചൂടായിരുന്നു. ഉടുത്തിരുന്ന സാരിയുടെ അറ്റമെടുത്തു് വീശിക്കൊണ്ടു് രമണി പറഞ്ഞു.
‘ശരി, എന്തൊരു ചൂടു്.’
അയാൾ പുറത്തിറങ്ങി. അയാളെ കണ്ടതോടെ ആ പെൺകുട്ടി അനങ്ങി. അവൾ ഇനിയും പുറത്തേയ്ക്കു് വരാനിരിക്കുന്ന രമണിയെ അന്വേഷിക്കുകയായിരുന്നു. അയാൾ അവളുടെ അടുത്തു ചെന്നു. അവൾ അല്പം ലജ്ജയോടെ അയാളെ നോക്കി.
‘എന്താ നിന്റെ പേരു്?’
‘റാണി.’ കടയുടെ വാതില്ക്കലേയ്ക്കും അയാളുടെ മുഖത്തേയ്ക്കും മാറിമാറി നോക്കിക്കൊണ്ടു് അവൾ പറഞ്ഞു.
‘നിന്റെ വീടു് എവിട്യാണു്?’
‘എനിക്കു് വീടില്ല്യ.’ അവൾ ചിരിച്ചു കൊണ്ടു് പറഞ്ഞു. അയാൾ വല്ലാതായി. തെണ്ടിനടക്കുന്ന ഒരു കുട്ടിയോടാണു് അവളുടെ വീടിനെപ്പറ്റി ചോദിക്കുന്നതു്. വീടു് എന്ന സങ്കല്പത്തിൽ സ്വയം കെട്ടിയിടപ്പെട്ടതിൽ അയാൾക്കു് വിഷമമുണ്ടായി. ഒരു പക്ഷേ, അവൾ ഒരിക്കലും ഒരു വീട്ടിൽ താമസിച്ചിട്ടുണ്ടാവില്ല. തെരുവായിരിക്കണം അവളുടെ വീടു്. അവളുടെ അച്ഛൻ, അമ്മ?
‘നിന്റെ അച്ഛനും അമ്മയും എവിട്യാണു്?’
‘അച്ഛൻ ഇല്ല്യ.’
‘അമ്മ?’
‘മെരിച്ചു, രണ്ടീസം മുമ്പെ.’
മനസ്സിൽ എവിടെയോ ഒക്കെ മുറിവുകളുണ്ടാവുകയാണു്. അച്ഛൻ ഇല്ല എന്നാണവൾ പറഞ്ഞതു്. ഒരു പക്ഷേ, അവൾ അച്ഛനെ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ അച്ഛനാരാണെന്നു് അവളുടെ അമ്മക്കു പോലും അറിവുണ്ടാവില്ല. അമ്മ മരിച്ചു. രണ്ടു ദിവസം മുമ്പെ.
‘അമ്മ എവിടുന്നാണു് മരിച്ചതു?’
‘ആശുപത്രീന്നു്.’
‘അപ്പൊ നെന്റെ ചേട്ടനും ചേച്ചീം ഇല്ലെ?’
‘ഇല്ല്യ.’
‘വേറെ ആരും ഇല്ലെ?’
‘ഊം ഉം.’
‘അപ്പൊ നീ കഴിഞ്ഞ രണ്ടു ദിവസം എവിട്യാണു് ഒറങ്ങീതു?’
‘ഒരു കടേടെ മുമ്പിലു്.’ എന്താ ഇത്ര ചോദിക്കാനുള്ളതു് എന്ന മട്ടിൽ അവൾ പറഞ്ഞു. ‘ഞാൻ അമ്മേടെ ഒപ്പം അവിട്യാ കെടക്കാറ്.’
‘ഒറ്റയ്ക്കു് പേടിയാവില്ലെ?’
അവൾ ഒന്നും പറഞ്ഞില്ല. എന്തോ ഓർത്തു് അവളുടെ കണ്ണുകളിൽ ഭീതി നിറയുന്നതു് അയാൾ കണ്ടു. അതു ചോദിക്കേണ്ടിയിരുന്നില്ലെന്നു് അയാൾക്കു തോന്നി. രാത്രിയെപ്പറ്റി ഓർക്കാതിരിക്കാൻ ശ്രമിക്കയാവും അവൾ. ആരുമില്ലാത്ത ആറു വയസ്സായ ഒരു കുട്ടി, രാത്രി ഒറ്റയ്ക്കു് ഏതെങ്കിലും കടയുടെ ചായ്പിൽ ചുരുണ്ടു കൂടി ഉറങ്ങുന്നു. അവൾക്കു് ഭക്ഷണം എവിടെനിന്നു കിട്ടുന്നു?
‘നീ എന്തിനാണു് ഞങ്ങടെ പിന്നാലെ നടക്കണതു? വെശക്ക്ണ്ണ്ടോ?’
‘ഊം ഉം.’
‘പിന്നെ?’
അവൾ ഒന്നും പറഞ്ഞില്ല. മനസ്സിലെ മുറിവിൽ നിന്നു് രക്തം ചിന്തുകയാണു്. എന്തിനാണു് ഇങ്ങനെ ഒരു കുട്ടിയെ തന്റെ മുമ്പിൽ എത്തിച്ചതു?
കടയുടെ വാതിൽ തുറന്നു് രമണി അയാളെ വിളിച്ചു.
‘നോക്കു, എനിക്കു് അതേ കളറ് സാരി കിട്ടി കേട്ടോ.’
രമണിയുടെ മുഖത്തു് സന്തോഷം. അയാൾ അകത്തേയ്ക്കു പോയി.
രണ്ടായിരത്തി എണ്ണൂറു രൂപ. സാരമില്ല. എവിടെയും കിട്ടാത്ത നിറമാണു്.
‘ഞാൻ പറഞ്ഞില്ലെ, ഇങ്ങനത്തെ ഷോപ്പിലാണു് എപ്പഴും നമുക്കാവശ്യള്ള കളറ് കിട്ട്വാ.’ രമണിക്കു് സന്തോഷമായി. ‘ഇനി നമുക്കു് തിരിച്ചു പോവാം.’
അവർ പുറത്തു കടന്നു.
‘ഈ പെണ്ണിനു് വേറെ പണിയൊന്നും ഇല്ലേ. ഇപ്പഴും നമ്മളെ കാത്തു നിൽക്ക്വാണോ?’
‘അവള്ടെ അമ്മ രണ്ടു ദിവസം മുമ്പു് മരിച്ചു. ഇപ്പോ അവൾക്കു് ആരുംല്ല്യ.’
‘അയ്യോ പാവം.’
റാണി ചിരിക്കുകയായിരുന്നു. അവർ നടന്നപ്പോൾ അവളും പിന്നാലെ നടന്നു.
‘നമുക്കെന്തങ്കിലും തണുത്തതു് കുടിക്കാം.’ രമണി പറഞ്ഞു.
തൊട്ടടുത്തു തന്നെ ഒരു ഐസ്ക്രീം പാർളറുണ്ടായിരുന്നു.
‘നമുക്കു് ഇവിടെ കയറാം.’
അവർ പാർളറിലേയ്ക്കു തിരിഞ്ഞു. പെട്ടെന്നു് ആ കുട്ടിയെ ഓർത്തപ്പോൾ അയാൾ തിരിഞ്ഞു നോക്കി. അവൾ അവരേയും നോക്കി നിൽക്കുകയാണു്. അയാൾ ചോദിച്ചു.
‘നീ വരുന്നോ? ഐസ്ക്രീം തിന്നാം.’
അവൾ നരച്ചു മുഷിഞ്ഞ സ്വന്തം ഉടുപ്പിലേയ്ക്കു നോക്കി. മുമ്പിലുള്ള കറുത്ത ചില്ലു വാതിലിലെ സ്വർണ്ണ നിറത്തിലുള്ള ചിത്രപ്പണികളിലേയ്ക്കും. പിന്നെ വേണ്ടെന്നു തലയാട്ടി. താൻ നിൽക്കേണ്ടതു് എവിടെയാണെന്നറിയുന്ന പോലെ.
‘അതിനെയൊന്നും വിളിക്കണ്ട.’ രമണി പറഞ്ഞു. ‘നമ്മളേം കൂടി കേറ്റില്ല. നമുക്കു് വരുമ്പോ എന്തെങ്കിലും വാങ്ങിക്കൊടുക്കാം.’ ഉദ്ദേശിച്ച നിറത്തിലുള്ള സാരി കിട്ടിയപ്പോൾ രമണി കുറച്ചു് ഉദാരമനസ്കയായിരിക്കുന്നു.
അയാൾ രമണിയുടെ പിന്നാലെ പാർളറിലേയ്ക്കു കയറി. അവൾക്കു് വേണ്ടി എന്തെങ്കിലും വാങ്ങുമെന്നു് റാണിയോടു് പറയാമായിരുന്നു. ഇനി അവൾ കാത്തു നിൽക്കാതെ പോയാലോ? കോക്ടെയിൽ ഫ്രൂട്ട് ജൂസ് ഐസ്ക്രീം ഇട്ടു് കുടിക്കുന്നതിന്നിടയിൽ അയാൾ എഴുന്നേറ്റു ചില്ലുഭിത്തിയിലൂടെ പുറത്തേയ്ക്കു നോക്കി. അവൾ അവിടെത്തന്നെ നിൽക്കുകയാണു്. അവൾ തലതിരിക്കുമ്പോൾ തലയിൽ കെട്ടിയ മുടി ആടി. മരിക്കുന്നതിനു മുമ്പു് അമ്മ കെട്ടിക്കൊടുത്തതായിരിക്കും. ആ കുട്ടിക്കു് അങ്ങിനെയൊരു കെട്ടു് കെട്ടാൻ എന്തായാലും സാധ്യമല്ല. അവസാനത്തെ തവണയാണു് മകളുടെ മുടി കെട്ടുന്നതെന്നു് ആ അമ്മ അറിഞ്ഞിട്ടുണ്ടാവുമോ? മനസ്സിലെ മുറിവുകൾ വീണ്ടും തുറക്കുകയാണു്. എന്തിനാണു് ഈ കുട്ടി പിന്നാലെ നടക്കുന്നതു?
കോൺ ഐസ്ക്രീം കിട്ടിയപ്പോൾ അവൾക്കു് സന്തോഷമായി. പൊതിഞ്ഞ ഗിൽട്ടു കടലാസ് പൊളിച്ചു് ഐസ്ക്രീം തിന്നുകൊണ്ടു് അവൾ അവരുടെ പിന്നാലെ നടന്നു. അയാൾ പറഞ്ഞു.
‘മോൾ ഇനി പൊയ്ക്കോ, എന്തിനാണു് ഞങ്ങളുടെ പിന്നാലെ വരണതു?’
അവൾ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞു് തിരിഞ്ഞു നോക്കിയപ്പോൾ അവൾ പിന്നിൽത്തന്നെയുണ്ടു്. ഐസ്ക്രീം തീരാറായിരിക്കുന്നു. തെരുവിൽ വെളിച്ചം കുറഞ്ഞു വന്നു. നിരത്തിന്റെ നടുവിലുള്ള സോഡിയം വേപ്പർ ലാമ്പുകൾ മടിച്ചുകൊണ്ടു് കണ്ണു തുറന്നു. ഇരുവശത്തുമുള്ള കടകളിൽ വിളക്കുകൾ തെളിഞ്ഞു. അലങ്കരിച്ച ചില്ലു ഷോകേസുകൾ ശക്തിയുള്ള വിളക്കുകളാൽ പ്രകാശിച്ചു. രാത്രി വരികയാണു്. രാത്രി, നിരവധി അലങ്കാര വിളക്കുകളുടെ വർണ്ണപ്പകിട്ടോടെ എഴുന്നള്ളി വരുമ്പോൾ ഇവിടെ ഒരു ആറു വയസ്സുകാരി, ഏകയായി അതിനെ നേരിടാൻ പോകുകയാണു്. ഒരു രാത്രി കൂടി. ഇരുണ്ട ജീവിതത്തിൽ ആശയുടെ മങ്ങിയ വിളക്കുകൾ മാത്രമുള്ള ഒരു രാത്രി കൂടി.
അയാൾ കാറിന്റെ വാതിൽ തുറന്നു് കയറി മറുവശത്തു് രമണിക്കു് കയറാൻ തുറന്നു കൊടുത്തു. തുറന്നിട്ട വാതിലിന്നരികെ റാണി നിന്നു. അയാൾ പറഞ്ഞു.
‘മോളിനി പൊയ്ക്കോ.’
അവൾ ചോദിച്ചു. ‘എന്നേം കൊണ്ടു പോവ്വോ?’
‘എങ്ങോട്ടു്?’
‘നിങ്ങടെ വീട്ടീക്കു്?’
‘ഞങ്ങടെ വീട്ടിലേയ്ക്കോ?’
അവൾ തലയാട്ടി. അയാൾ ഭാര്യയുടെ മുഖത്തു നോക്കി.
‘നോക്കു, അവളെ എന്തെങ്കിലും കൊടുത്തു് പറഞ്ഞയക്കു. പിന്നെ ശല്ല്യാവും.’ രമണി പറഞ്ഞു.
‘അവൾക്കാരുംല്ല്യ.’ അയാൾ പറഞ്ഞു.
‘അതിനു് നമ്മളെന്താ ചെയ്യ്യാ?’
അയാൾ റാണിയെ നോക്കി. അവൾ പ്രതീക്ഷയോടെ നിൽക്കുകയാണു്. അയാൾ പറഞ്ഞു.
‘അതൊന്നും പറ്റില്ല മോളെ. മോള് മാറി നിൽക്കു്.’
അവൾ മാറി നിന്നു. അയാൾ വാതിലടച്ചു് കാർ സ്റ്റാർട്ടാക്കി. അവളുടെ മുഖം വാടിയിരുന്നു. അയാൾ പഴ്സ് തുറന്നു് ഒരു പത്തുരൂപ നോട്ടെടുത്തു് അവൾക്കു നേരെ നീട്ടി. അവൾ വേണ്ടെന്നു് തലയാട്ടി. കാറെടുക്കാൻ സൗകര്യപ്പെടുമാറ് കുറച്ചുകൂടി മാറിനിന്നു കൊണ്ടു് അവൾ അയാളെ നോക്കി. അയാൾ ചിരിക്കാൻ ശ്രമിച്ചു.
കാറോടിച്ചുകൊണ്ടിരിക്കേ അയാൾ പറഞ്ഞു.
‘നമുക്കവളെ ഒപ്പം കൂട്ടാമായിരുന്നു.’
‘ഇനി അതും കൂടിയേ വേണ്ടൂ. ബാക്കിയൊക്കെയായി.’ അവൾ കുറച്ചു കാർക്കശ്യത്തോടെ പറഞ്ഞു.
ബാക്കിയൊക്കെ എന്നു പറയുന്നതു് എന്തൊക്കെയാണെന്നയാൾക്കു മനസ്സിലായില്ല. അയാൾ ഈ അറുപതാം വയസ്സിലും മാസം പന്തീരായിരം രൂപയുണ്ടാക്കുന്നുണ്ടു്. ബോംബെയിലുള്ള മകന്റെ ശമ്പളം എത്രയാണെന്നു് അയാൾക്കറിയില്ല. അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിൽ ആണെന്നയാൾ ഊഹിച്ചിരുന്നു. ഒരു കൊച്ചു കുട്ടിയുടെ ചിലവു് എന്തു വരും? വീട്ടിൽ താമസിപ്പിക്കാൻ പറ്റില്ലെങ്കിൽ അവളെ ഏതെങ്കിലും അനാഥാലയത്തിൽ ചേർക്കാമായിരുന്നു. ചെലവു കൊടുത്താൽ മതിയല്ലോ. താൻ ഒന്നും ചെയ്തില്ല. കൊണ്ടു പോകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ആ പാവത്തിനു്. ഒരു പക്ഷേ, കഴിഞ്ഞ രണ്ടു ദിവസങ്ങളായി അവൾ ഓരോരുത്തരുടെ പിന്നാലെ നടന്നിട്ടുണ്ടാവും, ഒപ്പം കൊണ്ടു പോകുമെന്ന പ്രതീക്ഷയിൽ. ആരും കൊണ്ടു പോകാതിരുന്നപ്പോൾ രാത്രിയിൽ അവൾ പ്രാർത്ഥിച്ചിട്ടുണ്ടാവും, നാളെ ആരെങ്കിലും കൊണ്ടു പോണേ. വീണ്ടും ഒറ്റയ്ക്കു് ഒരു രാത്രി. ഇന്നു് താനും അവളുടെ പ്രതീക്ഷകളെ തട്ടിമാറ്റി. ഇപ്പോൾ ഇരുട്ടിൽ പരുക്കൻ തെരുവിന്റെ ക്രൂരതയിൽ അവൾ വീണ്ടും ഒറ്റപ്പെട്ടിരിക്കയാണു്.
അയാൾ അവളുടെ അമ്മയെ ഓർത്തു. ആശുപത്രിയിൽ വച്ചു് മരിച്ചു എന്നാണു് റാണി പറഞ്ഞതു്. എന്തായിരിക്കും അസുഖം. ഇനി വല്ല അപകടവുമാണോ? മരിക്കുന്നതിനു മുമ്പു് മകളെ ആരെയും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ ആരെ ഏല്പിക്കാനാണു്? അമ്മ ഇനി ഉണ്ടാവില്ലെന്ന യാഥാർത്ഥ്യം മനസ്സിലായപ്പോൾ അവൾ ഒറ്റയ്ക്കു് ആശുപത്രിയിൽ നിന്നു് പുറത്തിറങ്ങിയതായിരിക്കണം.
ഗെയ്റ്റിനു മുമ്പിൽ അയാൾ കാർ നിർത്തി. രമണി ഇറങ്ങി ഗെയ്റ്റ് തുറന്നു. കാർ അകത്തു കടന്ന ശേഷം അവൾ ഗെയ്റ്റടച്ചു കുറ്റിയിട്ടു. അവൾ കൈസഞ്ചിയിൽ നിന്നു് താക്കോൽ എടുത്തു് വാതിൽ തുറക്കുന്നതു് അയാൾ കാറിൽ ഇരുന്നുകൊണ്ടു് നോക്കി. അയാൾക്കു് ഇറങ്ങാൻ തോന്നിയില്ല. അയാൾ ആലോചിക്കുകയായിരുന്നു. കുട്ടിക്കാലത്തു്, നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ ഒരു ദിവസം സ്കൂളിൽ നിന്നു വരുമ്പോൾ ഒരു പൂച്ചക്കുട്ടി പിന്നാലെ കൂടി. വെള്ളയിൽ കറുപ്പു പാണ്ടുകളുള്ള കൗതുകമുള്ള ഒരു പൂച്ചക്കുട്ടി. ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ വിളിച്ചെങ്കിലും അതു് തന്റെ പിന്നിൽ നിന്നു് ഒഴിഞ്ഞില്ല. പക്ഷേ, വീട്ടിൽ എത്തിയപ്പോൾ പൂച്ചയെ വളർത്തുന്നതിനോടു് ആർക്കും യോജിപ്പുണ്ടായിരുന്നില്ല. തന്റെ പ്രതിഷേധം വകവെയ്ക്കാതെ അവർ അതിനെ എവിടെയോ കൊണ്ടുപോയി വിട്ടു. പിന്നെ അവൻ അതിനെ കാണുന്നതു് ഏതോ വാഹനത്തിന്നടിയിൽ പെട്ടു് ചതഞ്ഞ മട്ടിലാണു്.
അയാൾക്കു് വീട്ടിന്നുള്ളിൽ കയറാൻ തോന്നിയില്ല. അയാൾ കാറിൽ നിന്നിറങ്ങി ഗെയ്റ്റ് തുറന്നു. രമണി പുറത്തേയ്ക്കു വന്നു.
‘എന്തേ?’
‘ഞാൻ കുറച്ചു പെട്രോളടിച്ചിട്ടു വരാം.’
അയാൾ കാർ പുറത്തേയ്ക്കെടുത്തു.
നേരത്തെ പാർക്ക് ചെയ്ത സ്ഥലത്തു് കാറുകളൊന്നുമുണ്ടായിരുന്നില്ല. കാറിനുള്ളിൽ ഇരുന്നു കൊണ്ടു് അയാൾ ചുറ്റും നോക്കി. നഗരം നേരത്തെ ഉറങ്ങുന്നു. നടപ്പാത ഒരു മാതിരി ഒഴിഞ്ഞു കിടക്കുകയാണു്. നരച്ച ഫ്രോക്കും ഉച്ചിയിൽ ചരടു കൊണ്ടു് കെട്ടി വച്ച തലമുടിയും ചെളി പിടിച്ചതെങ്കിലും ചൈതന്യമുള്ള മുഖത്തു് തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു കുട്ടിക്കു വേണ്ടി അയാൾ ചുറ്റും നോക്കി. കുറച്ചകലെ ഷട്ടർ താഴ്ത്തിയ ഒരു കടയുടെ ഒതുക്കു കല്ലിൽ അവൾ ചുരുണ്ടു കിടക്കുന്നു. ഉറക്കമാണു്. അയാൾ പുറത്തേയ്ക്കു് ഇറങ്ങാനായി വാതിൽ തുറന്നു. അപ്പോഴാണയാൾ കണ്ടതു്. ഒരച്ഛനും അമ്മയും മകനും കൂടി നടന്നു വരുന്നു. പാവപ്പെട്ടവർ. കൂലിവേല ചെയ്തു ജീവിക്കുന്നവരായിരിക്കണം. തൊട്ടുമുമ്പു് അവർ, കച്ചവടം മതിയാക്കി പോകാനായി ഒരുങ്ങുന്ന ഒരു വഴിവാണിഭക്കാരന്റെ കയ്യിൽ നിന്നു് മകന്നുള്ള ഒരു ഷർട്ട് പിശകി വാങ്ങുന്നതു് അയാൾ കണ്ടിരുന്നു. അമ്മയുടെ കൈ പിടിച്ചു നടക്കുന്ന മകനു് ഏഴെട്ടു വയസ്സായിട്ടുണ്ടാവും. അവർ റാണി കിടക്കുന്നിടത്തെത്തിയപ്പോൾ പെട്ടെന്നു നിന്നു. രണ്ടുപേരും കൂടി അടുത്തു ചെന്നു് അവളെ നോക്കി എന്തോ സംസാരിക്കുകയാണു്. പുരുഷൻ അവൾ കിടക്കുന്നിടത്തു് മുട്ടുകുത്തി ഇരുന്നു് അവളെ വിളിച്ചുണർത്തി. അവൾ ഉറക്കച്ചടവോടെ എഴുന്നേറ്റിരുന്നു് അവരുടെ ചോദ്യങ്ങൾക്കു് മറുപടി പറഞ്ഞു. പിന്നെ എഴുന്നേറ്റു് അയാളുടെ കൈ പിടിച്ചു് ഒപ്പം നടന്നു പോയി. തെരുവിന്റെ ഒരറ്റത്തെത്തിയപ്പോൾ അയാൾ അവളെ എടുത്തു നടക്കുകയായിരുന്നു. അവൾ അവളുടെ കൊച്ചു കൈ അയാളുടെ കഴുത്തിലൂടെ ഇട്ടിരുന്നു.
അയാൾ കാറിന്റെ വാതിലടച്ചു. കുറേ നേരം സ്റ്റീയറിങ് വീലിന്മേൽ കൈ വച്ചു് അനങ്ങാനാവാതെ ഇരുന്നു. അയാൾക്കു് എന്തൊക്കെയോ നഷ്ടപ്പെട്ടിരുന്നു.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.