images/VanGogh-Irises.jpg
Irises, a painting by Vincent van Gogh (1853–1890).
ഒരു ഓണത്തിന്റെ കഥ
ഇ. ഹരികുമാർ

വിനിത അവളുടെ കൊച്ചു സൂട്ട്കേസ് ഒതുക്കുകയാണു്. കാര്യമായി ഉടുപ്പുകളാണു്, പിന്നെ കുറച്ചു സൗന്ദര്യം വർദ്ധിപ്പിക്കുന്ന വസ്തുക്കളും. നെയിൽ പോളിഷ്, പൗഡർ ടിൻ, കവിളുകളിൽ അരുണിമ പകരുന്ന റൂഷ്, ഒരു ചെറിയ കുപ്പി ഫ്രെഞ്ച് പെർഫ്യൂം. ഇതൊന്നുംതന്നെ കഴിഞ്ഞ കൊല്ലം കൊണ്ടുപോയിരുന്നില്ല. അവിടെ രജനിച്ചേച്ചിയുടെ അലമാറിയിൽ പൗഡറുണ്ടു്. മറ്റൊന്നുമില്ല. ചേച്ചിക്കു് അതിന്റെ തന്നെ ആവശ്യമില്ല. അത്ര ഭംഗിയുള്ള കുട്ടിയാണവൾ. തുടുത്ത നിറം, നീണ്ട തലമുടി, ഭംഗിയുള്ള വലിയ കണ്ണുകൾ. വിനിത ഏറെനേരം അവളെ നോക്കിയിരിക്കാറുണ്ടു്. തന്നെക്കാൾ മൂന്നു വയസ്സുകൂടും, പതിനാലു്.

തോർത്തെടുക്കാൻ അമ്മയാണു് ഓർമ്മിപ്പിച്ചതു്. എവിടെ പോകുകയാണെങ്കിലും സ്വന്തം തോർത്തെടുക്കണമെന്നു് അമ്മ പറയും. എല്ലാവർക്കും നമ്മുടെ മാതിരി വൃത്തിയുണ്ടായെന്നു വരില്ല. പക്ഷേ, രജനിച്ചേച്ചിയുടെ കാര്യത്തിൽ വൃത്തി ഒരു പ്രശ്നമേയല്ല. കൈ കഴുകിവേണം രജനിച്ചേച്ചിയെ തൊടാൻ.

അവൾ സൂട്ട്കേസ് എടുത്തു നോക്കി. ഉം, വലിയ ഭാരമില്ല. മുത്തച്ഛനു് പെട്ടിയൊന്നും ഏറ്റാൻ പറ്റില്ല. മുത്തച്ഛന്റെ ഒരു ജോടി ഷർട്ടും മുണ്ടുംകൂടി വേണമെങ്കിൽ ഇതിൽത്തന്നെ വെക്കാം. പാവം മുത്തച്ഛൻ. ആകെയുള്ളതു് രണ്ടു ജോഡി ഷർട്ടും മുണ്ടും മാത്രം. രണ്ടു ജോഡികൂടി വാങ്ങട്ടെ എന്നു് ചോദിച്ചാൽ അമ്മയോടു കയർക്കും.

മുത്തച്ഛൻ അമ്മയോടു കയർക്കുന്ന സന്ദർഭങ്ങളുണ്ടു്. ഒന്നു് അമ്മ തന്നെ കറമ്പി എന്നു വിളിക്കുമ്പോഴാണു്. മുത്തച്ഛൻ കേട്ടുവന്നാൽ പിന്നെ പൊടിപൂരമായി. തുടങ്ങും പറയാൻ. ‘നീ അവളെ കറമ്പിയെന്നു വിളിക്കരുതെന്നു് ഞാൻ കുറേ പ്രാവശ്യം പറഞ്ഞിട്ടുണ്ടു്. അവൾ കറമ്പിയൊന്നും അല്ല. നിറം കുറച്ചു് കുറവാണെന്നു മാത്രം. നിനക്കെന്തു് നെറാള്ളതു? അവള്ടെ അത്രേം നെറല്ല്യ. രാമചന്ദ്രനെവിടെ നെറം? നിങ്ങൾക്കു് രണ്ടാൾക്കുംല്ല്യാത്ത നെറം എങ്ങന്യാ അവൾക്കു് കിട്ടണതു?’

അമ്മ ചിരിക്കും. അവൾ ആരും കാണാതെ കണ്ണാടിയുടെ മുമ്പിൽ പോയി നോക്കും. ശരിയാണു് അവൾ കറമ്പിതന്നെയാണു്. ഭംഗിയും കുറവാണു്. കണ്ണുകൾ രജനിച്ചേച്ചിയുടെ കണ്ണുകൾപോലെ വലുതല്ല. മൂക്കിനും ഭംഗി കുറവാണു്. വായ… അവൾ കണ്ണാടിയുടെ മുമ്പിൽനിന്നു് മാറും.

‘വലുതാവട്ടെ, എന്റെ കൊച്ചുമോള് ഒരു അപ്സരസ്സാവും. അവളെ കെട്ടാൻ രാജകുമാരന്മാരെപ്പോലത്തെ ചെറുപ്പക്കാരു് ക്യൂ നിൽക്കും. നീ കണ്ടോ.’ മുത്തച്ഛൻ പറഞ്ഞു.

ആ വാക്കുകൾ അവളെ കഴിഞ്ഞ ഓണത്തിലേയ്ക്കു നയിക്കും. രജനിച്ചേച്ചിയുടെ വീട്ടിൽ ചെലവഴിച്ച ഒഴിവുകാലം. അവളെ സുന്ദരിയെന്നു വിളിച്ച ചേട്ടൻ രജനിച്ചേച്ചിയുടെ അയൽ വീട്ടിലേതായിരുന്നു. രാജുച്ചേട്ടൻ. ഓണത്തിനു് പൂവറുക്കാൻ പറമ്പിലേയ്ക്കിറങ്ങിയതായിരുന്നു അവർ. ഒരു പൂമ്പാറ്റയുടെ ഭംഗിയിൽ ആകൃഷ്ടയായി നിൽക്കുകയായിരുന്നു വിനിത.

‘ഇങ്ങിനെ അനങ്ങാതെ നിന്നാൽ നീയൊരു സൂര്യകാന്തിപ്പൂവാന്നു കരുതി ഞാൻ അറുത്തുവെന്നു വരും.’

രാജു അടുത്തു വന്നു് പറഞ്ഞു. അവൾക്കു് ലജ്ജയായി. അവൾ തിരിഞ്ഞുനോക്കി. ഇല്ല രജനിച്ചേച്ചി കേട്ടിട്ടില്ല. അവൾ വേലിയുടെ മറുവശത്തു് കാടുപിടിച്ചു നിൽക്കുന്ന ചുവന്ന അരിപ്പൂ ചെടികളിൽനിന്നു് കയ്യെത്തിച്ചു് പൂക്കൾ വട്ടിയിലാക്കുകയാണു്. നിറച്ചുകഴിഞ്ഞാൽ പൂവട്ടി ശക്തിയോടെ ചുഴറ്റും. അപ്പോൾ പൂക്കളെല്ലാം അമർന്നു് വട്ടിയുടെ പകുതിയോളമെ കാണൂ. പിന്നേയും നിറക്കും, പിന്നേയും ചുഴറ്റും. ഒക്കെക്കഴിഞ്ഞു് വീട്ടിലെത്തി പൂക്കൾ പുറത്തെടുക്കുമ്പോൾ ഒരു വലിയ കൂമ്പാരമുണ്ടാകും. വിനിത ഒരിക്കൽ പൂവട്ടി ചുഴറ്റിയപ്പോൾ പൂക്കൾ പകുതിയും പുറത്തേയ്ക്കു പോകുകയാണുണ്ടായതു്. അതു കണ്ടുനിന്ന രാജുച്ചേട്ടൻ ചിരിച്ചുകൊണ്ടു് പറഞ്ഞു.

‘അറിയില്ലെങ്കിൽ വിവരമുള്ളവരോടു പഠിക്കുക. ഇങ്ങട്ടു തരൂ, ഞാൻ കാണിച്ചുതരാം.’

വിനിത പൂവട്ടി വിവരമുള്ള ആൾക്കു കൊടുത്തു. രാജുച്ചേട്ടൻ അതെടുത്തു് ഒരു ചുഴറ്റൽ, പിന്നെ രണ്ടാമതൊന്നു്. അതിൽ ബാക്കിയുള്ള പൂക്കൾകൂടി പുറത്തേയ്ക്കു തെറിച്ചുപോയി.

തലയിലും മുഖത്തും പൂഷ്പാഭിഷേകം നടത്തി നിൽക്കുന്ന വിദഗ്ദനെ നോക്കിക്കൊണ്ടു് അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി.

‘ഓ,’ ഒഴിഞ്ഞ പൂവട്ടി പരിശോധിച്ചുകൊണ്ടു് രാജുച്ചേട്ടൻ പറഞ്ഞു. ‘ചിരിക്കേണ്ട കാര്യമല്ല ഇതു്. സാങ്കേതികതയുടെ പ്രശ്നമാണു്, കാര്യമാക്കേണ്ട. പൂവട്ടി നിറഞ്ഞു നിൽക്കുമ്പോഴെ ചുഴറ്റാൻ പാടൂ. ഇതും കുട്ടിക്കുള്ള പാഠങ്ങളിൽ ഒന്നായിയെടുത്താൽ മതി.’

പിന്നെ മൂക്കിനു മുകളിൽ തങ്ങിനിന്ന ഒരു പൂവെടുത്തു് പരിതാപകരമായ മുഖഭാവത്തോടെ അതിനെ നോക്കി പൂവട്ടിയിൽ നിക്ഷേപിച്ചു് വട്ടി തിരിച്ചുതന്നു.

പാവം രാജുച്ചേട്ടൻ, ഒരിക്കൽപ്പോലും സ്വന്തം പൂവട്ടി ചുഴറ്റേണ്ടി വന്നിട്ടില്ല. ഒരു പൂവറുത്താൽ പിന്നെ ഒരു മണിക്കൂർ സംസാരമാണു്. വൈകുന്നേരംവരെ പറമ്പിൽ നടന്നാലും മുക്കാൽ പൂവട്ടി പൂവേ കിട്ടൂ. അതു കൊണ്ടുപോയി പപ്പടത്തിന്റെ വട്ടത്തിൽ ഒരു പൂക്കളമുണ്ടാക്കും. പൂക്കളം കാണാൻ വിനിത പോയാൽ എന്തോ മഹത്തായ കാര്യം നേടിയിരിക്കുകയാണെന്ന മട്ടിൽ അതു കാണിച്ചു തരികയും ചെയ്യും.

‘എന്താ നീ സ്വപ്നം കാണ്വാണോ?’ അമ്മ ഇടപെട്ടു. ‘നിന്റെ സാധനങ്ങളൊക്കെ എടുത്തുവെച്ച്വോ?’

അമ്മ എപ്പോഴും അങ്ങിനെയാണു്. തന്റെ സ്വപ്നങ്ങളിൽ വളരെ കർക്കശമായി ഇടപെടും. പക്ഷേ, അതവളെ കൂടുതൽ ഓർമ്മകളിലേയ്ക്കു കൊണ്ടുപോയി. കഴിഞ്ഞ ഓണദിവസമാണു് രാജുച്ചേട്ടൻ ചോദിച്ചതു?

‘വിനിത എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?’

എന്തൊരു ചോദ്യമെന്ന മട്ടിൽ അവൾ അയാളെ നോക്കി. നല്ല ഭംഗിയുള്ള മുഖമാണു്. മീശ കുരുത്തു വരുന്നേയുള്ളു. അയാളുടെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉറ്റുനോക്കുകയാണു്. അവർ പറമ്പിൽ ഒരു മൂലയിലായിരുന്നു. അവർക്കും വീടിനുമിടയിൽ സർപ്പക്കാവു് ഇടതൂർന്നു നിന്നു. രജനിച്ചേച്ചി ഓണസദ്യയുണ്ടു് മയങ്ങാൻ കിടന്നു. വിനിതക്കു് ഉറക്കം വരാഞ്ഞതുകൊണ്ടു് അവൾ പറമ്പിലേയ്ക്കിറങ്ങി നടന്നു. അപ്പോഴാണു് രാജുചേട്ടൻ ഇങ്ങിനെയൊരു ചോദ്യവുമായി വന്നതു്. വേലി പൊളിഞ്ഞു വഴിയായ സ്ഥലത്തുകൂടെ വരാതെ അയാൾ പെട്ടെന്നു് എത്താനായി അതിരിലുള്ള മാവിന്റെ മേൽ കയറി ഇപ്പുറത്തേയ്ക്കു് ചാടുകയാണു് ചെയ്തതു്. എന്തിനാണു് അങ്ങിനെ ചെയ്തതെന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു.

‘സ്നേഹത്തിനു വേണ്ടി യുദ്ധംതന്നെ ചെയ്തവരുണ്ടു്. അതു നോക്കുമ്പോൾ ഇതെത്ര നിസ്സാരം?’

പിന്നെയാണു് അയാൾ മുഖത്തുറ്റുനോക്കിക്കൊണ്ടു് ആ അദ്ഭുതചോദ്യം തൊടുത്തു വിട്ടതു്. ‘വിനിത എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?’

‘ഞാനെന്നും സ്വപ്നം കാണാറുണ്ടല്ലോ.’

‘ഉറക്കത്തിൽ?’

‘അതെ…’

‘അതിനെ സ്വപ്നമെന്നു വിളിക്കാൻ പറ്റില്ല. അതല്ല ഞാനുദ്ദേശിച്ചതു്.’ പിന്നെ ഒന്നു നിർത്തി വീണ്ടും അവളുടെ കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ടു് അയാൾ തുടർന്നു. ‘കുട്ടിക്കു് എത്ര വയസ്സായി?’

‘പതിനൊന്നു്.’

‘അതാണു് പ്രശ്നം.’ രാജുച്ചേട്ടൻ ഒരു ദാർശനികനെപ്പോലെ പറഞ്ഞു. ‘കുട്ടിക്കു് ഈ പതിനൊന്നിനു പകരം പതിനെട്ടാണെന്നു കരുതു. കാര്യങ്ങളെല്ലാം വളരെ വ്യത്യസ്ഥമായിരിക്കും. ഇനി ഏഴു വർഷങ്ങൾ കഴിഞ്ഞു് ഈ സന്ദർഭം ഓർത്താൽ കുട്ടിക്കു് എന്റെ ചോദ്യത്തിന്റെ പ്രസക്തിയും വ്യാപ്തിയും മനസ്സിലാവും.’

അവൾക്കു് പതിനൊന്നു വയസ്സു മാത്രമായതുകൊണ്ടു് അയാൾ പറയുന്നതു് മനസ്സിലായില്ല. അവൾ നിരന്തരം സ്വപ്നം കാണാറുണ്ടു്. ചിലപ്പോൾ നല്ല സ്വപ്നങ്ങൾ, മിക്കവാറും ചീത്ത സ്വപ്നങ്ങൾ. ഒരിക്കൽ വല്ലാതെ ചീത്ത സ്വപ്നം കണ്ടുണർന്നു് ബഹളമുണ്ടാക്കി. പിറ്റേന്നു് മുത്തച്ഛൻ ഒരു ചരടു് ഊതിച്ചുകൊണ്ടുവന്നു് അവളുടെ കയ്യിൽ കെട്ടി. ക്ലാസ്സിലെ കുട്ടികൾ വല്ലാതെ കളിയാക്കാൻ തുടങ്ങിയപ്പോൾ അവൾ അതൂരിയെറിയുകയാണുണ്ടായതു്.

‘ഞാൻ പറയുന്നതു് ജീവിതത്തെപ്പറ്റിയാണു്.’ രാജുച്ചേട്ടൻ വീണ്ടും പറഞ്ഞു. ‘ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. സുന്ദരിയായ പെൺകുട്ടി… അവർ ഒന്നിച്ചു് സ്വപ്നം കാണുന്നു…’

അയാൾ പെട്ടെന്നു് നിശ്ശബ്ദനായി. അയാൾ ആലോചനയിലായിരുന്നു. ഇനി എന്താണു് പറയാൻ പോകുന്നതെന്നറിയാൻ വിനിത വീർപ്പടക്കി നിന്നു. അവൾക്കയാളുടെ സംസാരം ഇഷ്ടുമാവുന്നുണ്ടു്. എന്തോ ഒരാകർഷണം. രണ്ടുപേർ ഒന്നിച്ചു സ്വപ്നം കാണുക എങ്ങിനെയാണെന്നൊന്നും മുഴുവൻ പിടികിട്ടിയില്ലെങ്കിലും ഒരേകദേശ രൂപം അവൾക്കു കിട്ടുന്നുണ്ടായിരുന്നു. പെട്ടെന്നു് രാജുച്ചേട്ടൻ ധ്യാനത്തിൽനിന്നുണർന്നു.

‘വിനിത ഒരു സുന്ദരിയാണെന്നു് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?’

വിനിത ഓർത്തു നോക്കി. ഓർക്കാൻ അധികമൊന്നുമില്ലെങ്കിലും. ആരും അവൾ സുന്ദരിയാണെന്നു പറഞ്ഞിട്ടില്ല. മറിച്ചു് പറഞ്ഞിട്ടുമുണ്ടു്. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

‘എങ്കിൽ…’ അയാൾ സാവധാനത്തിൽ, പക്ഷേ, ഉറപ്പിച്ചുകൊണ്ടു് പറഞ്ഞു. ‘വിനിത സുന്ദരിയാണെന്നു കണ്ടുപിടിക്കുകയും അതു് ആദ്യമായി പറയുകയും ചെയ്തുവെന്ന പദവി എനിക്കുതന്നെ. ഇതു് വിനിതയുടെ ജീവിതത്തിന്റെ താളുകളിൽ തങ്കലിപികളിൽ എഴുതിവച്ചോളൂ.’

അവൾ അലിയുകയായിരുന്നു. ഇങ്ങിനെയൊന്നും ആരും അവളോടു് സംസാരിച്ചിട്ടില്ല.

‘ഇന്നു വൈകുന്നേരം അമ്മ എന്നെ പിടിച്ചു് വീട്ടിൽനിന്നു പുറത്താക്കും. എന്റെ സഞ്ചിയും, ഉടുപ്പുകളും, എന്റെ പ്രിയപ്പെട്ട ഷൂസും എല്ലാംകൂടി മുറ്റത്തേയ്ക്കു്… ഒരു സ്വകാര്യം പറയട്ടേ? വിനിതയെക്കഴിഞ്ഞാൽ എനിക്കിഷ്ടം എന്റെ രണ്ടായിരം ഉറുപ്പിക വിലയുള്ള ഷൂസുകളാണു്. ആ ഷൂസുകൾ കെട്ടിപ്പിടിച്ചാണു് ഞാൻ ഉറങ്ങാറ്. ആരോടും പറയരുതേ. അപ്പോൾ ഞാനെന്താ പറഞ്ഞുവന്നതു? ങാ, അമ്മ എന്നെ പിടിച്ചു് പുറത്താക്കാൻ പോവ്വാണു്, വീട്ടിൽനിന്നു്.’

‘ഔ…’ വിനിതയ്ക്കു് വിഷമമായി. ‘എന്താ കാരണം?’

‘ഊഹിച്ചുനോക്കു.’

‘അമ്മയ്ക്കിഷ്ടല്ല്യാത്തു് വല്ലൂം പറഞ്ഞോ?’

‘ഇല്ല.’

‘പിന്നെ?’

‘ഒരു ഊഹംകൂടി തന്നിരിക്കുന്നു. ലാസ്റ്റ് ചാൻസ്.’

‘രാജുച്ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തുവോ?’

‘ഊംഉം. തോറ്റു. ഈ കാര്യത്തിനൊന്നും അമ്മ എന്നെ വീട്ടിൽ നിന്നു് പുറത്താക്കില്ല.’

‘പിന്നെ?’

‘നാളെ കോളേജ് തുറക്കുന്നു.’

‘ഓാാ…’

‘അപ്പോൾ ഇനി വിനിതയെ കാണുക അടുത്ത ഓണത്തിനു മാത്രം, കാരണം വിനിത ഒരു ഓണപ്പക്ഷിയല്ലേ. ഓണപ്പൂക്കൾ വിരിയുമ്പോൾ മാത്രം പറന്നുവരുന്ന ദേശാടനക്കിളി?’

വിനിതയ്ക്കു പെട്ടെന്നു സങ്കടമായി. അവൾക്കു് രാജുച്ചേട്ടനെ ഇഷ്ടമായി വരികയായിരുന്നു.

‘സുന്ദരിയായ ഓണപ്പക്ഷി.’

അയാൾ നിർത്തി ചുറ്റും നോക്കി, സ്വകാര്യമായി പറഞ്ഞു.

‘ഞാനൊരു സാഹസം ചെയ്യാൻ പോകുന്നു.’

അവൾ ചോദ്യത്തോടെ അയാളെ നോക്കി.

‘വൈകുന്നേരം ഞാൻ പോകുന്നതിനുമുമ്പു് നമ്മൾ ഇനിയും കണ്ടേക്കാം. പക്ഷേ, നമ്മെ സംബന്ധിച്ചേടത്തോളം ഇതാണു് വിടപറയൽ. അതുകൊണ്ടാണു് ഞാനീ സാഹസം ചെയ്യാൻ ഒരുമ്പെടുന്നതു്. എന്റെ പ്രായത്തിൽ ലോകത്തു് അധികം പേരും ഒരുമ്പെട്ടിട്ടില്ലാത്ത സാഹസമാണതു്.’

വിനിതയ്ക്കു് അല്പം പേടിയായി. നേരത്തെ മാവിൻകൊമ്പത്തു കയറി താഴേയ്ക്കു ചാടിയപ്പോൾ തന്നെ അവൾ പേടിച്ചിരുന്നു. ഇനിയെന്തു സാഹസമാണാവോ ചെയ്യാൻ പോകുന്നതു്. ചുറ്റുമുള്ള, ചാടാൻ സാധ്യതയുള്ള, ഉയർന്ന മരങ്ങൾ നോക്കി അവൾ ഭയത്തോടെ ചോദിച്ചു.

‘എന്തു സാഹസം?’

‘പേടിയാവുന്നുണ്ടെങ്കിൽ കണ്ണടച്ചുകൊള്ളൂ.’ രാജു പറഞ്ഞു.

അവൾക്കു ശരിക്കും പേടിയായിരുന്നു. അവൾ കണ്ണുകൾ ഇറുകിയടച്ചു.

‘പെണ്ണേ, നീയൊന്നു് എണീറ്റ് കുളിക്കാൻ നോക്കു്.’ അമ്മയുടെ ശബ്ദം സാധാരണപോലെ അവളുടെ സ്വപ്നാടനം തകർത്തു. അമ്മ പോയിക്കഴിഞ്ഞു. അതെപ്പോഴും അങ്ങിനെയാണു്. കുന്നിന്മേൽനിന്നു് ഒരു പാറ ഉരുണ്ടിറങ്ങുന്നപോലെയാണതു്. എല്ലാം തകർത്ത പാറ താഴ്‌വാരത്തിലേയ്ക്കു പോകുന്നു, അതു തകർത്ത വസ്തുക്കളെ തിരിഞ്ഞുനോക്കുന്നില്ല.

അവൾക്കു് സ്വപ്നം കാണാൻ ഇനിയും സമയമുണ്ടു്. ഉച്ചയ്ക്കു് ഒന്നരക്കാണു് വണ്ടി. ഒരുമണിക്കു് പുറപ്പെട്ടാൽ മതി. ഇപ്പോൾ 10 മണിയായിട്ടേയുള്ളൂ. കുറച്ചുനേരം കൂടി സ്വപ്നം കണ്ടാൽ കുഴപ്പമൊന്നുമില്ല, പ്രത്യേകിച്ചു് രാജുച്ചേട്ടനെക്കുറിച്ചു്. അവൾ സുന്ദരിയാണെന്നു പറഞ്ഞ ഏകവ്യക്തിയെക്കുറിച്ചു്. അയാൾ പറഞ്ഞു. ‘കണ്ണടച്ചു നിന്നോളൂ.’

അവൾ കണ്ണടച്ചു നിന്നു. കവിളിൽ സ്പർശം അനുഭവപ്പെട്ടപ്പോഴാണവൾ കണ്ണു തുറന്നതു്. രാജുച്ചേട്ടൻ വളരെ അടുത്തായിരുന്നു. അയാൾ അവളുടെ കവിളിൽ മൃദുവായി ഉമ്മവെയ്ക്കുകയാണു്. അവൾക്കു് നാണത്തേക്കാൾ ചിരിയാണു് വന്നതു്. ഇതാണോ ഇത്ര വലിയ സാഹസം?

ഇന്നവൾ കുറച്ചുകൂടി വലുതായി. ആൺകുട്ടിയിൽനിന്നു് ഒരു ഉമ്മകിട്ടുക എന്നതിന്റെ അർത്ഥം അവൾ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. അവൾ ചാടിയെഴുന്നേറ്റു. വല്ല്യമ്മയുടെ വീട്ടിൽ പോകാൻ അവൾക്കു ധൃതിയായി. കുളിക്കണം. കുളിമുറിയിൽ ഷവറിനുതാഴെ കുറെയേറെ നേരം അവൾ നിന്നു. കുളികഴിഞ്ഞു തോർത്തുമ്പോൾ അവൾ കണ്ണാടിയിൽ അവളുടെ മുഖം ശ്രദ്ധിച്ചു. ചെറിയ കണ്ണുകൾ, ഭംഗിയില്ലാത്ത മൂക്കു്, വലിയ വായ, ഇരുണ്ട നിറം. ഒരു നിമിഷം അവൾ രജനിച്ചേച്ചിയുമായി അവളെ താരതമ്യപ്പെടുത്തി.

കട്ടിലിൽ എന്തോ ആലോചിച്ചിരിക്കുന്ന മകളെ കുറേക്കഴിഞ്ഞേ അമ്മ കണ്ടുള്ളൂ. അവർ ചോദിച്ചു.

‘എന്താ നീ പുറപ്പെടാതെ ആലോചിച്ചുകൊണ്ടിരിക്കണതു?’

അവൾ മറ്റൊരു ലോകത്തായിരുന്നു. വല്ല്യമ്മയുടെ വീട്ടിലെ പറമ്പിന്റെ അതിരിൽ ഇടതൂർന്നു വളർന്നു പൂത്തുനിൽക്കുന്ന അരിപ്പൂച്ചെടികൾ, മഴയിൽ കഴുകിവൃത്തിയാക്കിയ കടുംപച്ച ഇലകളിൽ വന്നിരുന്നു് വെയിലു കായുന്ന ഓണത്തുമ്പികൾ, സർപ്പക്കാവിലെ ഇടതൂർന്ന മരങ്ങൾ, പിന്നെ അതിരിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മാവിന്റെ കൊമ്പിൽനിന്നു് ചാടിവന്ന…

‘എണീറ്റ് പുറപ്പെട്’ അമ്മ വീണ്ടും പറഞ്ഞു.

‘അമ്മേ,’ അവൾ പറഞ്ഞു. ‘ഞാൻ പോണില്ല്യാ വല്ല്യമ്മടെ വീട്ടിലേയ്ക്കു്. മുത്തച്ഛൻ തനിയെ പൊയ്ക്കോട്ടെ.’

കണ്ണിൽ നിറഞ്ഞ വെള്ളം അമ്മ കാണാതിരിക്കാൻ അവൾ തിരിഞ്ഞിരുന്നു.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Oru Onaththinte Kadha (ml: ഒരു ഓണത്തിന്റെ കഥ).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Oru Onaththinte Kadha, ഇ ഹരികുമാർ, ഒരു ഓണത്തിന്റെ കഥ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: November 4, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Irises, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.