images/Mother_from_Alvito.jpg
A mother from Alvito, a painting by August Riedel (1799–1883).
images/harikumar-pachapayyu.png

മുറ്റത്തെ പന്തലിൽ ആൾക്കാർ നിറഞ്ഞു. നടുവിൽ നിറപറയും തെങ്ങിൻ പൂക്കുലയും കൊണ്ടലങ്കരിച്ച മണ്ഡപം. അതിഥികൾ വരന്റെ പാർട്ടിക്കാർ വരുന്നതും കാത്തു് അക്ഷമരായി ഇരുന്നു. പന്തലിന്റെ ഒരറ്റത്തു് നാദസ്വരക്കാർ വാദ്യം തുടങ്ങാനുള്ള അടയാളത്തിനായി കാത്തിരുന്നു. മണ്ഡപത്തിനു മുമ്പിലിരുന്ന കുട്ടികളിൽ ഒരുവൾക്കു് മുഷിഞ്ഞു. അഞ്ചു വയസ്സു പ്രായമുള്ള അവൾ വധുവിന്റെ കൊച്ചനുജത്തിയായിരുന്നു. അവൾ തന്റെ കൂട്ടുകാരികളോടു പറഞ്ഞു.

“വാ, നമുക്കു് പച്ചപ്പയ്യിനെ പിടിക്കാം.”

പച്ചപ്പയ്യിനെപ്പറ്റി അവർ കേട്ടിട്ടില്ല. “എന്താണു് പച്ചപ്പയ്യെന്നു പറഞ്ഞാൽ?”

“വാ, ഞാൻ കാട്ടിത്തരാം.”

അവർ എഴുന്നേറ്റു പുറത്തേയ്ക്കു കടന്നു.

“എങ്ങോട്ടാ നാലു് കന്യകമാരുംകൂടി?” ഒരാൾ ചോദിച്ചു.

“ഞങ്ങള് പച്ചപ്പയ്യിനെ പിടിക്കാൻ പോവ്വാണു്.” ശാലിനി പറഞ്ഞു.

“പച്ചപ്പയ്യോ?” അയാൾ പരിഹസിച്ചുകൊണ്ടു് ചോദിച്ചു.

“അതേ.” അവൾ ഗൗരവത്തോടെ പറഞ്ഞു. പച്ചപ്പയ്യിനെ പിടിക്കുക എന്നതു് അത്ര ലഘുവായി തള്ളേണ്ട കാര്യമല്ല.

അടുത്ത പറമ്പായിരുന്നു ലക്ഷ്യം. മതിൽ പൊളിഞ്ഞുണ്ടായ വിടവിലൂടെ അവർ കടന്നു. വിശാലമായ ഒരു പറമ്പാണതു്. രണ്ടു മാവും കുറേ കുറ്റിച്ചെടികളും ഒഴിച്ചാൽ കാര്യമായൊന്നും ആ പറമ്പിലില്ല. ഒരു പഴയ തറവാടു് നിലംപൊത്തിയതിന്റെ അസ്ഥിമാടം നടുവിൽ അവശേഷിച്ചിരുന്നു. പറമ്പിന്റെ രണ്ടു വശത്തും കായലാണു്. അവർ വന്ന കാര്യം മറന്നു് കായലിന്റെ ഭംഗി നോക്കിനിന്നു. കല്യാണവീട്ടിലെ തിരക്കു് അകന്നുപോയി. മതിലിന്നപ്പുറത്തു് പന്തലിന്റെ മുകൾഭാഗം കാണാം. അവിടെനിന്നു് നോക്കുമ്പോൾ സ്വതവേ ചെറുതായ വീടു് കുറേക്കൂടി ചെറുതായപോലെ തോന്നി ശാലിനിക്കു്. എന്താണു് ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്ന ചേട്ടൻ വരാത്തതെന്നു് അവൾ ആലോചിച്ചു.

“എവിട്യാണു് പച്ചപ്പയ്യിനെ കിട്ട്വാ.” മിനി ചോദിച്ചു. ആ പറമ്പിലേയ്ക്കു വന്നതിന്റെ ഉദ്ദേശ്യം അപ്പോഴെ ശാലിനി ഓർത്തുള്ളു.

“ഇവിടെണ്ടാവും.” ചുറ്റും നോക്കിക്കൊണ്ടു് അവൾ പറഞ്ഞു. അവൾ തിരച്ചിൽ തുടങ്ങി. “ഞാനും ചേച്ചീം ഇവിട്യാണു് കളിക്കാൻ വര്വാ.”

രാവിലെ ചേച്ചിയാണു് അവളെ കുളിപ്പിച്ചു് പുതിയ ഉടുപ്പു് ഇട്ടുകൊടുത്തതു്. നെറ്റിമേലുള്ള കൊച്ചുപൊട്ടുകൂടി ചേച്ചിയാണു് തൊടീച്ചതു്. അവൾ നെറ്റിമേൽ തൊട്ടുനോക്കി. ഉണ്ടു്, അവിടെത്തന്നെയുണ്ടു്. പുറപ്പെടുവിക്കുമ്പോൾ ചേച്ചി പറഞ്ഞു.

images/harikumar-pachapayyu-01.jpg

“നാളെത്തൊട്ടു് മോള് സ്വന്തം കുളിക്ക്യേം സ്വന്തം ഉടുപ്പു് ഇട്വേം വേണം കേട്ടോ. ചേച്ചി കല്യാണം കഴിക്കാൻ വരണ ചേട്ടന്റെ കൂടെ പോവും.”

“അപ്പോ ആ ചേട്ടനു് നമ്മടെ ഒപ്പം താമസിച്ചൂടെ?”

ചേച്ചി പോയാലുണ്ടാവുന്ന ശൂന്യതയെപ്പറ്റിയൊന്നും ആലോചിക്കാനുള്ള കഴിവുണ്ടായിരുന്നില്ല അവൾക്കു്. അങ്ങിനെയൊക്കെ ആലോചിച്ചിരുന്നെങ്കിൽ അവൾക്കു് വിഷമമായേനേ. എപ്പോഴും അസുഖമായിക്കിടക്കുന്ന അമ്മ അവളെസ്സംബന്ധിച്ചേടത്തോളം ഒരു നിഴൽ മാത്രമായിരുന്നു. ചേച്ചിയാണവളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതു്. ചേച്ചിയുടെ മറുപടിയൊന്നും വന്നില്ല. ചേച്ചി അവളുടെ തലമുടി മെടഞ്ഞിടുകയാണു്. അവൾ ചോദ്യമാവർത്തിച്ചു. ഒരു ദീർഘനിശ്വാസം. അവൾ ചേച്ചിയെ നോക്കി. ചേച്ചിയുടെ കണ്ണിൽ വെള്ളമുണ്ടായിരുന്നു.

“നമ്മുടെ ഈ കൊച്ചു വീടൊന്നും ആ ചേട്ടനു് പിടിക്ക്യണ്ടാവില്ല.”

കൊച്ചു വീടും അതിന്റെ നിത്യശാപമായ ദാരിദ്ര്യവും എന്നാണു് ബിന്ദു പറയാൻ ഓങ്ങിയതു്. ദാരിദ്ര്യം അവൾക്കൊരിക്കലും വിഷമമുണ്ടാക്കിയിരുന്നില്ല. പക്ഷേ, അതിനോടൊപ്പം സ്നേഹമില്ലായ്മയും വരുമ്പോഴോ? അവൾക്കു് എങ്ങിനെയെങ്കിലും ആ വീട്ടിൽ നിന്നു് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു. സ്വാർത്ഥതയാണെന്നറിയാം. അവൾ രക്ഷപ്പെടാൻ മോഹിക്കുന്നതു് ദാരിദ്ര്യത്തിൽ നിന്നായിരുന്നില്ല, സ്നേഹരാഹിത്യത്തിൽനിന്നായിരുന്നു. കൊച്ചനുജത്തിയുടെ ഓമനമുഖം നോക്കിനിന്നപ്പോൾ അവൾക്കു് വിഷമമായി. അവൾ പറഞ്ഞു.

“മോള് വലുതായാൽ ഒരു ഭംഗിള്ള ചേട്ടൻ വന്നു് മോളേം കല്യാണം കഴിച്ചു കൊണ്ടുപോകും. അങ്ങിനെ മോൾക്കും ഇവിടുന്നു് രക്ഷപ്പെടാം.”

“എപ്പഴാ ആ ചേട്ടൻ വര്വാ?”

“മോള് വലുതാകുമ്പോ.”

അതൊരു സാന്ത്വനമരുളുന്ന അറിവായിരുന്നു. ആ അറിവിൽ അവൾ മയങ്ങിനിന്നു.

പച്ചപ്പയ്യുകൾ ഒളിച്ചിരിക്കയായിരുന്നു. ചേച്ചിയുടെ കല്യാണനിശ്ചയദിവസം രജനിയുടെ കൂടെ ആ പറമ്പിൽ നടക്കുമ്പോൾ എത്ര പച്ചപ്പയ്യുകളെയാണവൾ കണ്ടതു്. ഇന്നു് അവയൊക്കെ എവിടെപ്പോയി? മീനുവും മിനിയും സജിയും തിരയുകയാണു്. എന്താണു് തിരയുന്നതെന്നവർക്കറിയില്ല. എന്തെങ്കിലും ഒരു സാധനം അവർക്കു മുമ്പിൽ വന്നുപെടുമെന്ന പോലെ അവർ തിരഞ്ഞു. സജി ചോദിച്ചു.

“എത്ര വലുപ്പംണ്ടാവും പച്ചപ്പയ്യിനു്?”

“ഇതാ ഇത്ര.” ശാലിനി അവളുടെ കൊച്ചു ചൂണ്ടാണി വിരൽ കാണിച്ചു. “പച്ച നെറാ. പക്ഷേ, അതു പിടിച്ചാൽ ചാടും.”

ചൂണ്ടാണി വിരൽ നീളത്തിൽ പച്ച നിറവും പിടിച്ചാൽ ചാടുന്ന സ്വഭാവവുമുള്ള ഒരു ജന്തുവിനെ അന്വേഷിച്ചു് ആ പെൺകിടാങ്ങൾ വെയിലത്തു നടന്നു.

മിനി ചോദിച്ചു. “എന്തിനാണു് പച്ചപ്പയ്യിനെ പിടിക്കണതു്?”

“അതോ,” ശാലിനി പറഞ്ഞു. “പണംണ്ടാവാൻ. പച്ചപ്പയ്യിനെ പിടിച്ചു് വീട്ടിൽ കൊണ്ടുവന്നാൽ ധാരാളം പണംണ്ടാവും. ചേച്ചി പറഞ്ഞതാ”.

ചേച്ചിക്കു് ഈ അറിവു് കുറച്ചുകൂടി മുമ്പെ പറഞ്ഞുതന്നാൽ മതിയായിരുന്നു. കഴിഞ്ഞ പ്രാവശ്യം എത്ര പച്ചപ്പയ്യിനെയാണവൾ എണ്ണിയതു്. സ്നേഹിതകൾക്കു മതിപ്പായെന്നു് ശാലിനിക്കു മനസ്സിലായി. പണമുണ്ടാക്കാമെന്നുണ്ടെങ്കിൽ കുറച്ചുനേരം അദ്ധ്വാനിച്ചാലും വിഷമമില്ല. അവരുടെ വീട്ടിലും ദാരിദ്ര്യത്തിന്റെ അശ്ലീല സാന്നിദ്ധ്യവും കുടിക്കുന്ന അച്ഛന്മാരും ഉണ്ടു്. കുറേ സമയം തിരഞ്ഞിട്ടും ഒരൊറ്റ പച്ചപ്പയ്യിനേയും കാണാൻ കഴിയാഞ്ഞപ്പോൾ മറ്റു മൂന്നു പെൺകുട്ടികൾക്കും മുഷിഞ്ഞെന്നു തോന്നുന്നു. അവർ പറഞ്ഞു.

“നമുക്കു് തിരിച്ചു പോവ്വാ.”

“കൊറച്ചുനേരം കൂടി നോക്കീട്ടു പോവാം.” അവൾ പറഞ്ഞു. “നമുക്കു് കിട്ടാതിരിക്കില്ല.”

ശാലിനിക്കു് കൂട്ടുകാരെ എങ്ങിനെയെങ്കിലും പിടിച്ചുനിർത്തണമെന്നുണ്ടു്. പച്ചപ്പയ്യിനെ പിടിക്കാൻ സഹായം ആവശ്യമാണു്. പിടിക്കാതെ തിരിച്ചുപോകാൻ അവൾക്കു താല്പര്യമുണ്ടായിരുന്നില്ല.

അകത്തു് ബിന്ദു ഗുരുക്കളെ വന്ദിക്കുന്ന കർമ്മത്തിലായിരുന്നു. വെറ്റിലയിൽ നാണ്യം വെച്ചു് ദക്ഷിണ കൊടുത്തു് ഓരോരുത്തരുടെ കാൽക്കൽ വീഴുകയാണവൾ. ഗുരുജനങ്ങൾ നിരന്നു നിന്നിരുന്നു. വല്ല്യച്ഛനായിരുന്നു ആദ്യം. ഓരോരുത്തരുടേയും കാല്ക്കൽ വീഴുമ്പോൾ അവരെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സിൽ വന്നു നിറയുകയായിരുന്നു. അച്ഛന്റെ പ്രാരാബ്ധങ്ങളുടെ തുടക്കം ഈ മനുഷ്യനിൽ നിന്നായിരുന്നു എന്നു് അവൾ ഓർത്തു. വയസ്സായ അമ്മയെയും അച്ഛനേയും നോക്കാമെന്നു പറഞ്ഞു് തറവാടും സ്വത്തിന്റെ തൊണ്ണൂറു ശതമാനവും അടിച്ചെടുത്ത മനുഷ്യൻ. അവസാനം ആർക്കും വേണ്ടാതെ കിടന്നിരുന്ന ഈ സ്ഥലം പോലും അർഹതപ്പെട്ടതല്ലെങ്കിലും ദാനമായി തരുന്നു എന്ന മട്ടിൽ വീതിച്ചു കിട്ടിയതുകൊണ്ടു് സംതൃപ്തനാകേണ്ടിവന്നു അച്ഛന്നു്. രണ്ടു ചിരട്ട കുഴിച്ചാൽ ഓരുവെള്ളം കിനിയുന്ന ഈ പറമ്പിൽ അവൾ ഒരു കള്ളിച്ചെടിപോലെ വളർന്നു.

രണ്ടാമതു് നിന്നിരുന്നതു് അമ്മാവനായിരുന്നു. അമ്മയുടെ അനിയൻ. അയാൾ പുതിയ പാന്റും ഷർട്ടും ധരിച്ചു് ഷൂസുപോലും അഴിക്കാതെ അവളുടെ മുമ്പിൽ നിന്നു. തൊട്ടടുത്തു നിന്നിരുന്ന അമ്മായിയും ധരിച്ചിരുന്നതു് പുതിയ കാഞ്ചീപുരം സാരിയായിരുന്നു. നാലായിരം രൂപ വിലയുള്ള സാരി. ആ സാരിയെപ്പറ്റി അവർ പറഞ്ഞിരുന്നു. “എന്നോടു് ആറായിരത്തിന്റെ സാരി വാങ്ങിക്കോളാൻ ചേട്ടൻ പറഞ്ഞതാ. എനിക്കു് പക്ഷേ, ഇഷ്ടായതു് ഇതാണു്. അപ്പോ ചേട്ടൻ പറഞ്ഞു ബാക്കി രണ്ടായിരം കൊണ്ടു് നീയൊരു കമ്മലെടുത്തോന്നു്. എനിക്കിപ്പോ കമ്മലൊന്നും വേണ്ട. എട്ടുജോടി കമ്മലുതന്നെ ഇടാൻ നേരം വേണ്ടേ? ഞാൻ പറഞ്ഞു കുറച്ചുകൂടി ചേർത്തു് രജനിക്കു് ഒരു വള വാങ്ങാംന്നു്… ”

ബിന്ദു എല്ലാം കേട്ടിരുന്നു. എന്തിനാണു് ഇവരെല്ലാം എന്റെ മനഃസ്വാസ്ഥ്യം നശിപ്പിക്കാനായി വരുന്നതു്? അവളുടെ കല്യാണപ്പുടവയ്ക്കു് ആയിരത്തിൽ താഴേയേ വിലയുള്ളു. അവൾക്കിഷ്ടമായതു് രണ്ടായിരത്തഞ്ഞൂറിന്റെ ഒരു സാരിയായിരുന്നു. കുങ്കുമ നിറത്തിൽ കസവു ബോർഡറും ഭംഗിയുള്ള മുന്താണിയുമുള്ള സാരി. അവൾ കുറേ നേരം കടയിൽ ആ സാരിയും കയ്യിൽപിടിച്ചു കൊണ്ടിരുന്നു, വാങ്ങാൻ പറ്റില്ലെന്നു മനസ്സിലായിട്ടും.

ബിന്ദു കല്യാണനിശ്ചയദിവസം ഓർത്തു. അന്നു വൈകുന്നേരം അച്ഛന്റെ വക കുടി പാർട്ടിയായിരുന്നു. വല്ല്യച്ചനും ഈ അമ്മാവനും രണ്ടുനാലു കൂട്ടുകാരും ചേർന്നു് രാത്രി വൈകുംവരെ കുടിയായിരുന്നു. അമ്മാവൻ കുടിക്കിടയിൽ എഴുന്നേറ്റു നിന്നുകൊണ്ടു് പ്രഖ്യാപിച്ചു.

“എന്റെ മരുമകളുടെ കല്യാണം ഈ ഞാൻ നടത്തിക്കൊടുക്കും. ഈ ഞാൻ”. നെഞ്ചിൽ ഉറക്കെ അടിച്ചുകൊണ്ടു് കുഴഞ്ഞു തുടങ്ങിയ നാവുമായി അയാൾ പ്രഖ്യാപനം ആവർത്തിച്ചു. അച്ഛന്നു് സന്തോഷമായി. അളിയനു് ഒരു പെഗ്ഗുകൂടി ഒഴിച്ചുകൊടുത്തു. വല്ല്യച്ചനും നല്ല ഫോമിലായിരുന്നു. അയാൾ പ്രഖ്യാപിച്ചു. “കല്യാണ സദ്യ എന്റെ വകയാണു്. വേറെ ആരും അതന്വേഷിക്കണ്ട.” ഇനിയെന്താണു് വേണ്ടതു്?

രാത്രി മൂന്നു മണിയോടെ എല്ലാവരും ഒരു വിധം ഉറക്കമായി. ബിന്ദു അവളുടെ മുറിയിൽ നിലത്തു് പായവിരിച്ചു എവിടേയോ തളർന്നുറങ്ങിയ കൊച്ചനുജത്തിയേയുമെടുത്തു് ഒപ്പം കിടത്തി. തന്റെ കട്ടിൽ നേരത്തെത്തന്നെ അമ്മായി കയ്യേറിയിരുന്നു. അവൾ ഉറങ്ങിയില്ല. ഇന്നു് തന്റെ കല്യാണനിശ്ചയമായിരുന്നു. തന്റെ ദിവസം. അവൾ രാത്രി രണ്ടുമണിവരെ മറ്റുള്ളവർ ഭക്ഷണം കഴിച്ചിട്ട പാത്രങ്ങൾ കഴുകിയും കുടിക്കുന്നവർക്കു് ചൂടോടെ മീൻ പൊരിച്ചു കൊടുത്തും, ഒരുത്തൻ ഛർദ്ദിച്ചതു് കോരിക്കളഞ്ഞും തളർന്നു. അതിനിടക്കു് ഓരോരുത്തർക്കു് കിടക്കാൻ വേണ്ടി കിടക്കയും പായയും തേടിക്കൊടുത്തു. പൊള്ളയായ വാഗ്ദാനങ്ങളും പൊങ്ങച്ചങ്ങളും നിശ്ശബ്ദമായി. ഉച്ചയ്ക്കു നടന്ന ചടങ്ങിൽ തന്റെ വിരലിൽ മോതിരമണിയിച്ച ചെറുപ്പക്കാരനെ അവൾ ഓർത്തു. പ്രകാശത്തിന്റെ ചെറിയൊരു നാളം. അവൾക്കു് ഉറക്കെ കരയാൻ തോന്നി.

പന്തലിൽ ബഹളം തുടങ്ങിയിരുന്നു. അതിനിടയ്ക്കു് നാദസ്വരത്തിന്റെ ശബ്ദം കേട്ടു.

“കല്യാണം തൊടങ്ങീന്നു തോന്നുണു.” മിനി പറഞ്ഞു.

“അപ്പോ നമക്കു് പോണ്ടെ?” സജി ചോദിച്ചു. അവൾക്കു് പരിഭ്രമം തുടങ്ങിയിരുന്നു. “അമ്മന്നെ നോക്ക്ണ്ണ്ടാവും”

“ഞാൻ പോവ്വാണു്.” മീനു പറഞ്ഞു.

images/harikumar-pachapayyu-03.jpg

മൂന്നു കൂട്ടുകാരും സാവധാനത്തിൽ വീടിനെ ലക്ഷ്യമാക്കി നടന്നു പോകുന്നതു് ശാലിനി സങ്കടത്തോടെ നോക്കി നിന്നു. പച്ചപ്പയ്യിനെ പിടിക്കാതെ അവൾക്കു പോകാൻ തോന്നിയില്ല. ഒരാഴ്ച മുമ്പാണതുണ്ടായതു്. സന്ധ്യക്കു വിളക്കു വച്ചു നാമം ചെല്ലിക്കൊണ്ടിരിക്കെയാണതു വന്നതു്. പച്ച നിറത്തിൽ നീണ്ട കാലുകളുള്ള ഒരു ജന്തു. അവൾ ആ ജന്തുവിനെ ഓടിക്കാൻ നോക്കി. മുമ്പൊരിക്കൽ അതുപോലൊരു ജന്തു അവളുടെ ഉടുപ്പിനുള്ളിൽ കയറി പ്രശ്നമുണ്ടാക്കിയതാണു്. ഒരു ഈർക്കിലെടുത്തു് അതിനെ ചാടിക്കാൻ നോക്കിയപ്പോഴാണു് ചേച്ചി പറഞ്ഞതു്.

“മോളെ അതിനെ ഓടിക്കാൻ പാടില്ല.”

“എന്താ കാരണം?”

“അതേയ്, അതു് പച്ചപ്പയ്യാണു്. അതു് വന്നാൽ വന്ന വീട്ടിലു് ധാരാളം പണംണ്ടാവും.”

കഷ്ടിച്ചു രക്ഷപ്പെട്ടു. ചേച്ചി അതു പറയാൻ കുറച്ചുകൂടി താമസിച്ചിരുന്നെങ്കിൽ കുഴപ്പമായേനെ. ചെമ്പോത്തിന്റെ കാര്യവും പറഞ്ഞുതന്നതു് ചേച്ചിയാണു്. ചെമ്പോത്തിനെ കാണുന്നതു് ഭാഗ്യമാണു്, പക്ഷേ, കണ്ട കാര്യം ആരോടും പറയരുതു്. പറഞ്ഞാൽ ഭാഗ്യം മുഴുവൻ പോകും.

പച്ചപ്പയ്യ് പക്ഷേ, എന്തുകൊണ്ടോ ചാടിപ്പോയി, പണമൊന്നും കൊണ്ടുവരാതെത്തന്നെ. ചേച്ചി അച്ഛനോടു് വഴക്കിലായിരുന്നു. ഒരു മാങ്ങാമാലയ്ക്കു വേണ്ടി.

“ഞാനൊന്നും ചോദിക്കിണില്ല, ഒരു മാങ്ങാമാല മാത്രം. അതെങ്കിലും കല്യാണത്തിനു് വാങ്ങിത്തരാൻ വയ്യേ അച്ഛനു്?”

തേങ്ങലുകൾ, പരിഭവങ്ങൾ.

“ഞാനെങ്ങനാ ഈ ഒറ്റമാല മാത്രം ഇട്ടുകൊണ്ടു് പന്തലിലു് എല്ലാരടേം മുമ്പിലിരിക്കണതു്? വരന്റെ വീട്ടുകാരു് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാന്നു വച്ചു് ഒന്നും വാങ്ങേണ്ടേ?”

“എനിക്കു് ഇനിയും ഒരു പെൺകുട്ടിയെ കെട്ടിച്ചുകൊടുക്കാനുണ്ട്ന്നു് നീയോർക്കണം.”

“ഇനി പതിനഞ്ചുകൊല്ലം കഴിഞ്ഞുള്ള കാര്യമാണു് അച്ഛൻ പറേണതു്. അതോണ്ടൊന്നും അല്ല. അച്ഛനു് എന്നെ സ്നേഹല്ല്യാ, അതുതന്നെ.”

അമ്മ ഒന്നും മിണ്ടാതെ നില്ക്കും. അമ്മ എന്തെങ്കിലും പറയുമെന്നു് ശാലിനി ആശിക്കും. ചേച്ചിക്കുവേണ്ടി. ചേച്ചിയെ സമാധാനിപ്പിക്കാനെങ്കിലും. ഒന്നുമുണ്ടാവില്ല. ഒരു വാടിയ ചെടി പോലെ ചേച്ചി കുഴഞ്ഞിരിക്കുന്നതു് അവൾ നോക്കിനില്ക്കും.

നിശ്ചയത്തിന്റെ ദിവസം ഉണ്ടായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നേരം പുലർന്നതോടെ ലഹരിയോടൊപ്പം അലിഞ്ഞില്ലാതായി. പണസ്സഞ്ചിയുമായി മരുമകളുടെ കല്യാണം നടത്തിക്കാൻ വരുന്ന അളിയന്റേയും അനുജന്റെ മകളുടെ കല്യാണസ്സദ്യക്കുള്ള പണവുമായി വരുന്ന ചേട്ടന്റേയും വരവു കാത്തു് അച്ഛൻ ഇരുന്നു. കാത്തിരിപ്പു് വെറുതെയാണെന്നു മനസ്സിലായപ്പോൾ അച്ഛൻ പണത്തിനുവേണ്ടി നെട്ടോട്ടമോടാൻ തുടങ്ങി.

ചേച്ചി അമ്മയോടു് വക്കാലത്തിനു പോകാറില്ല. കാര്യമില്ലെന്നറിയാം. അതു് ശാലിനിക്കും അറിയാം. അതുകൊണ്ടു് അച്ഛന്റെ കയ്യിൽനിന്നു നേരിടുന്ന അനീതികൾ അവളും കണ്ണടച്ചു സഹിച്ചു. രാത്രി വൈകിവരുന്ന അച്ഛന്റെ ചുവന്ന കണ്ണുകൾ നേരിടാനാവാതെ അവൾ ഒളിച്ചിരുന്നു. ഇടറിയ കാലുകളോടെ അച്ഛൻ നടന്നു വരുന്നതു കണ്ടാൽ അവൾ കിടക്കയിൽ പോയി കിടക്കും. അമ്മ വലിവു കാരണം നേരത്തെത്തന്നെ കിടക്കും. ചേച്ചി അച്ഛനു ചോറു വിളമ്പിക്കൊടുക്കും, ചീത്തകൾ കേട്ടുകൊണ്ടു തന്നെ. മഴക്കാലത്തു് നിരന്തരം കേൾക്കാറുള്ള തവളകളുടെ മൊരത്ത ശബ്ദം പോലെ ചേച്ചിയ്ക്കതു സ്വീകാര്യമായിരിക്കുന്നു.

“ഇന്നെന്തായാലും എനിക്കു് മാങ്ങാമാല വാങ്ങണം.” ബിന്ദു പറഞ്ഞു.

അച്ഛൻ ഒന്നും പറയാതെ പുറത്തേക്കിറങ്ങി. കല്യാണത്തിനു് ഒരാഴ്ചയേയുള്ളു. എവിടെനിന്നെങ്കിലും പണമുണ്ടാക്കുമെന്നും നെക്ലേസ് വാങ്ങുമെന്നും പ്രതീക്ഷിച്ചു് അവൾ കാത്തിരുന്നു. രാത്രി വൈകുംതോറും മങ്ങലേറ്റ പ്രതീക്ഷകൾ അച്ഛന്റെ വരവോടെ അവൾ കുഴിച്ചുമൂടി. അയാൾ നല്ലവണ്ണം കുടിച്ചിട്ടായിരുന്നു വന്നതു്. ചോറു വിളമ്പിക്കൊടുക്കുമ്പോൾ അച്ഛൻ എന്തെങ്കിലും പറയുമെന്നവൾ ആശിച്ചു. ഇല്ല, ഒന്നും പറഞ്ഞില്ല. അവൾ ചോദിച്ചു.

“അച്ഛൻ മാങ്ങാമാല വാങ്ങിയില്ല അല്ലേ?”

“തേങ്ങാമാലയാണു്, എന്നെക്കൊണ്ടു് പറയിക്കണ്ട.” അയാൾ പറഞ്ഞു.

“അച്ഛന്നു് കുടിക്കാനും കുടിപ്പിക്കാനും പണമുണ്ടല്ലോ, എനിക്കുവേണ്ടി എന്തെങ്കിലും വാങ്ങാൻ മാത്രേ പണംല്ല്യായള്ളു.”

“എന്താടീ നീ പറഞ്ഞതു്?” അയാൾ ക്രുദ്ധനായി ചോദിച്ചു.

“ഞാൻ പറഞ്ഞതു് ശരിയല്ലെ? നിശ്ചയത്തിന്റന്നു് കുടിച്ചുതുലച്ച പണമുണ്ടെങ്കിൽ എനിക്കു് കുറച്ചുകൂടി നല്ല സാരി വാങ്ങായിരുന്നില്ലെ? ഇപ്പോ അച്ഛന്റെ അളിയനും ചേട്ടനുമെവിടെ? അവരാരെങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടോ? അന്നു കുടിപ്പിച്ചു വിട്ടതല്ലെ?”

അച്ഛൻ അടുത്തു വന്നതും കനത്ത കൈ തന്റെ മേൽ വീഴുന്നതും മാത്രമേ അവൾ അറിഞ്ഞുള്ളു. തല എവിടേയോ പോയി ഇടിച്ച ഓർമ്മയുണ്ടു്. ഓർമ്മ വന്നപ്പോൾ അവൾ നിലത്തു കിടക്കയാണു്. നെറ്റിമേൽ വേദനയുള്ള സ്ഥലത്തു് തൊട്ടപ്പോൾ ചോരയുടെ നനവു്. കൈ കഴുകാൻ കൂടി മെനക്കെടാതെ അവൾ കുറേ നേരം ഇരുന്നു. രാവിലെ നെറ്റിമേലുള്ള മുറിവിനെപ്പറ്റി ആരും അന്വേഷിച്ചില്ല. കുളിപ്പിക്കുന്ന സമയത്താണു് ശാലിനി ചേച്ചിയുടെ നെറ്റിയിലെ മുറിവു കാണുന്നതു്. അവൾ ചോദിച്ചു.

“എന്താ ചേച്ചീടെ നെറ്റീമ്മലു് മുറി?”

“അതോ, അതു് അച്ഛൻ ചേച്ചിക്കു് തന്ന കല്യാണസമ്മാനാണു്.”

ശാലിനിക്കു് വിഷമമായി. അവളുടെ ചുണ്ടുകൾ വിറച്ചു. അവൾ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. അവൾ ചേച്ചിയെ കെട്ടിപ്പിടിച്ചു് മുഖത്തു് ഉമ്മവച്ചുകൊണ്ടു് ചോദിച്ചു.

“ചേച്ചിക്കു് വേദനിച്ചോ?”

പച്ചപ്പയ്യുകൾ തന്നെ കബളിപ്പിക്കുകയാണെന്നു് ശാലിനിക്കു് മനസ്സിലായി. അല്ലെങ്കിൽ ഇത്ര പെട്ടെന്നു് അവ അപ്രത്യക്ഷമാകാൻ കാരണമെന്തു്? അവൾ തിരച്ചിൽ തുടർന്നു. പുല്ലുകൾക്കിടയിൽ, ചെടികളുടെ ചില്ലമേൽ എല്ലാം അവളുടെ സൂക്ഷ്മമായ കണ്ണുകൾ പരതി. അവൾ വീട്ടിൽനിന്നും വളരെ അകന്നുപോയിരുന്നു. അതവളെ വേദനിപ്പിച്ചു. ചേച്ചിയുടെ കല്യാണസമയത്തു് അവിടെയുണ്ടാകണമെന്നുണ്ടായിരുന്നു അവൾക്കു്. പക്ഷേ, പച്ചപ്പയ്യിനെ പിടിക്കാതെ എങ്ങിനെയാണു്? അവസാനം ഒരു തുമ്പച്ചെടിയുടെ ഇലയുടെ മേലെ അവൾ ഒരു കൊച്ചു പച്ചപ്പയ്യിനെ കണ്ടെത്തി. ചെറുതാണെങ്കിലും പച്ചപ്പയ്യ് അതിന്റെ ധർമ്മം നിർവ്വഹിക്കുമെന്നവൾ ആശിച്ചു. ഇനി അതിനെ പിടിക്കുകയാണാവശ്യം. കൂട്ടുകാരികളുടെ അഭാവം അവളെ തളർത്തി. മൂന്നുപേരും ഉണ്ടായിരുന്നെങ്കിൽ സംഗതി എളുപ്പമായിരുന്നു. അവൾ സാവധാനത്തിൽ ശബ്ദമുണ്ടാക്കാതെ പച്ചപ്പയ്യനെ സമീപിച്ചു, അവളുടെ കൊച്ചു വിരലുകൾ കൊണ്ടു് അതിന്റെ വാലിൽ പിടിച്ചു. അവൾ ഉറക്കെ ശബ്ദമുണ്ടാക്കി ചാടി, കാരണം പച്ചപ്പയ്യ് വിരൽസ്പർശമേറ്റ ഉടനെ ഒരു ചാട്ടം ചാടിയതു് അവളുടെ മുഖത്തേക്കായിരുന്നു. ഒരു നിമിഷം അവിടെ തങ്ങിനിന്നു് അതു് നിലത്തേയ്ക്കു തന്നെ ചാടി.

പച്ചപ്പയ്യിനെ പിടിക്കുക എന്നതു് അപകടം പിടിച്ച ജോലിയായിരുന്നു. താൻ അതിനു തയ്യാറെടുത്തിട്ടല്ല വന്നതു് എന്നവൾക്കു മനസ്സിലായി. ഒരു വലപോലെ എന്തെങ്കിലും വേണം, പിന്നെ പിടിച്ചാൽ ഇട്ടുവെക്കാൻ ഒരു ഉറ. ഇതൊന്നുമില്ലാതെ വിഷമം തന്നെ. പിന്നെയുണ്ടായ അഭ്യാസത്തിൽ പച്ചപ്പയ്യ് ആ അഞ്ചു വയസ്സുകാരിയെ ഇട്ടു വട്ടം കറക്കി. പതിനഞ്ചുമിനിറ്റു നീണ്ടുനിന്ന വേട്ടയിൽ ശാലിനി ക്ഷീണിച്ചു. അവസാനം ഒരു കുതിക്കൽ കഴിഞ്ഞു് നോക്കുമ്പോൾ പച്ചപ്പയ്യ് അപ്രത്യക്ഷമായിരുന്നു. അവൾ ക്ഷീണിച്ചു് ഒരു മാവിൻ ചുവട്ടിൽ പോയിരുന്നു. കായലിൽ നിന്നുള്ള കാറ്റു് തണുത്തതാണു്.

കല്യാണമണ്ഡപത്തിൽ വരനൊരുമിച്ചിരിക്കുമ്പോൾ ബിന്ദു കൊച്ചനുജത്തിക്കുവേണ്ടി ചുറ്റും നോക്കി. അവളുടെ സ്നേഹിതകളെ പലരേയും കണ്ടെങ്കിലും അവളെ മാത്രം കണ്ടില്ല.

എവിടേയെങ്കിലും ഇരിക്കുന്നുണ്ടാവും അല്ലെങ്കിൽ ഓടിക്കളിക്കുന്നുണ്ടാവും. മോതിരം മാറി, മാലയിട്ടു. എല്ലാം യാന്ത്രികമായി നടക്കുന്നു. അവളുടെ മനസ്സു് വളരെ അകലെയായിരുന്നു. അതിനിടക്കു് വരൻ എന്തോ ചോദിച്ചതു് അവൾ കേട്ടില്ല. അയാൾ ചിരിച്ചുകൊണ്ടു് ചോദിച്ചു. “നീ എവിട്യാണു്?”

“എന്നോടെന്തെങ്കിലും ചോദിച്ചുവോ?”

“നീ എവിട്യാണ്ന്നു്?”

“ഞാൻ മോളെ അന്വേഷിക്കുകയായിരുന്നു. ചേച്ചീടെ കല്യാണം കാണണംന്നു് പറഞ്ഞു് മുമ്പിൽത്തന്നെയിരിക്കുമെന്നു് പറഞ്ഞതായിരുന്നു. കാണാനില്ല.”

“എഴുന്നേൽക്കു രണ്ടു പേരും… എന്നിട്ടു് വരൻ വധുവിന്റെ കൈപിടിച്ചു് പ്രദക്ഷിണം വയ്ക്ക്യാ… അതെ അങ്ങനെ… ആ പെൺകുട്ടികള് വെളക്കും പിടിച്ചു മുമ്പിലു് നടക്ക്വാ.”

ഊണുകഴിക്കാനിരുന്നപ്പോൾ ബിന്ദു വീണ്ടും ശാലിനിയുടെ കാര്യം ഓർത്തു. ആരോടാണു് ചോദിക്കുക എന്നാലോചിക്കുമ്പോഴേക്കു് മിനിയേയും മീനുവിനേയും കണ്ടു.

“ശാലിനി എവിടെ?” അവൾ ചോദിച്ചു.

“ആ, ഞങ്ങക്കറിയില്ല.”

“അപ്പോ നിങ്ങള് നാലുപേരും കൂടീട്ടല്ലെ പുറത്തേയ്ക്കു പോണതു് കണ്ടതു്?” ഒരാൾ ചോദിച്ചു. നാലു കന്യകമാരുടെ പര്യടനത്തിനു ദൃൿസാക്ഷിയായിരുന്നു അയാൾ.

“ആ,” മിനിക്കു് ഓർമ്മ വന്നു. അവൾ പറഞ്ഞു. “ശാലിനി പച്ചപ്പയ്യിനെ പിടിക്കാൻ പോയിരിക്ക്യാ.”

“പച്ചപ്പയ്യിന്യോ?”

“അതെ. അടുത്ത പറമ്പില്ണ്ടു്”

പെട്ടെന്നുയർന്നു വന്ന തേങ്ങലടക്കാൻ ബിന്ദു പാടുപെട്ടു. ഇവിടെ ചേച്ചിയുടെ കല്യാണം നടന്നു കൊണ്ടിരിക്കുമ്പോൾ ശാലിനി പച്ചപ്പയ്യിനെ പിടിക്കാൻ പോയിരിക്കയാണു്. എന്തിനാണവൾ അതു ചെയ്യുന്നതെന്ന അറിവു് ബിന്ദുവിനെ വേദനിപ്പിച്ചു. അവൾ എഴുന്നേറ്റു നടന്നു. വരനും ഒപ്പം കൂടി. അടുത്ത പറമ്പിൽ ഒരു മാവിൻ ചുവട്ടിൽ അവർ അവളെ കണ്ടു.

ചുരുണ്ടുകൂടി കിടക്കുകയാണവൾ. നല്ല ഉറക്കത്തിലാണു്. കായലിൽനിന്നുള്ള തണുത്ത കാറ്റിൽ അവളുടെ അളകങ്ങൾ ചാഞ്ചാടി. ഉറക്കത്തിലവൾ പച്ചപ്പയ്യുകളെ സ്വപ്നം കാണുകയായിരുന്നു. ധാരാളം പച്ചപ്പയ്യുകൾ. കോരിയെടുക്കാം. അത്രയധികം പച്ചപ്പയ്യുകൾ നിലത്തു നിറയെ.

images/harikumar-pachapayyu-02.jpg

ബിന്ദു കുറച്ചുനേരം കൊച്ചനുജത്തിയെ നോക്കിനിന്നു. അപ്പോഴാണവൾ കണ്ടതു്. ശാലിനിയുടെ മുഖം ഉറ്റുനോക്കിക്കൊണ്ടെന്നപോലെ ഒരു ചെറിയ പച്ചപ്പയ്യ് നിന്നിരുന്നു. അവൾ ശാലിനിയെ കോരിയെടുത്തു. അവൾ കണ്ണുതുറന്നു.

“മോള് എന്തെടുക്കുവായിരുന്നു ഇവിടെ?”

“ഞാനോ… ” അവൾ പകച്ചുകൊണ്ടു ചുറ്റും നോക്കി. “ഞാൻ പച്ചപ്പയ്യിനെ പിടിക്കാൻ വന്നതാ. ചേച്ചീടെ കല്യാണം കഴിഞ്ഞ്വോ?” അവൾ കുണ്ഠിതത്തോടെ ചോദിച്ചു.

“ഇതാ നിന്നെക്കാത്തു് ഒരുത്തൻ നിൽക്കുന്നു.” അവൾ പച്ചപ്പയ്യിനെ കാണിച്ചുകൊടുത്തുകൊണ്ടു് പറഞ്ഞു. ശാലിനി ചിരിച്ചു. എന്നെ കുറേ നേരം ഇട്ടോടിച്ചിട്ടു് താൻ കിടന്നുറങ്ങി അല്ലേ എന്നു ചോദിക്കുകയായിരുന്നു അതു്. അവൾ ചേട്ടനെ അപ്പോഴാണു് കണ്ടതു്. അവൾക്കു് അയാളെ ഇഷ്ടമായി. അവൾ പറഞ്ഞു.

“എനിക്കു് ഈ ചേട്ടനെ നല്ല ഇഷ്ടംണ്ടു്.”

വരൻ അവളെ എടുക്കാൻ കൈനീട്ടി.

ശാലിനി അയാളുടെ കയ്യിലേയ്ക്കു് ചാടി.

“നോക്കു ബിന്ദു.” അയാൾ പറഞ്ഞു. “നമുക്കു് ഇവളെ കൊണ്ടുപോയി നമ്മുടെ ഒപ്പം താമസിപ്പിക്കാം എന്താ? അവിടെ ധാരാളം പച്ചപ്പയ്യുകളുണ്ടു്. പിടിക്കാൻ ആളില്ലാതെ കിടക്ക്വാണു്.” അയാൾ ശാലിനിയോടു് ചോദിച്ചു. “എന്താ ഈ ചേട്ടന്റെ കൂടെ വരുന്നോ?”

അവൾ എന്നേ തയ്യാറായിരുന്നു.

ബിന്ദുവിന്റെ കണ്ണുകൾ വികസിച്ചു. രണ്ടു വിധത്തിലും അയാൾ പറഞ്ഞതു് ശരിയാവുകയാണെങ്കിലെന്നു് അവൾ ആശിച്ചു. ശാലിനിയെ ഒപ്പം താമസിപ്പിക്കാമെന്നതും അവിടെ ധാരാളം പച്ചപ്പയ്യുകളുണ്ടെന്നതും.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Pachappayyine Pidikkan (ml: പച്ചപ്പയ്യിനെ പിടിക്കാൻ).

Author(s): E. Harikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-02.

Deafult language: ml, Malayalam.

Keywords: Short story, E. Harikumar, Pachappayyine Pidikkan, ഇ. ഹരികുമാർ, പച്ചപ്പയ്യിനെ പിടിക്കാൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 9, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A mother from Alvito, a painting by August Riedel (1799–1883). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.