വാതിൽക്കൽ മുട്ടു കേട്ടാൽ അതാരാണെന്നു് അയാൾക്കറിയാം. രാജി ബെല്ലടിക്കാറില്ല, പതിയെ വാതിലിന്മേൽ മുട്ടി ശബ്ദമുണ്ടാക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളായി അവളുടെ അമ്മ പ്രത്യേകം പറഞ്ഞു മനസ്സിലാക്കിയിട്ടുള്ളതാണതു്. ‘സാറ് ഒറങ്ങുമ്പോ ശല്യം ചെയ്യരുതു്, ഒട്ടും ശബ്ദമുണ്ടാക്കരുതു്.’ തന്റെ മകൾ സ്കൂൾ വിട്ടു വരുമ്പോൾ കുറച്ചു ഭക്ഷണം കൊടുക്കുന്നതു തന്നെ വലിയ കാര്യമായി എടുത്തിരിക്കയാണു് ആ പാവം സ്ത്രീ. അവൾ നിലം തുടച്ചുകൊണ്ടിരിക്കേ മകളോടു് പതിഞ്ഞ സ്വരത്തിൽ സ്കൂളിലെ വിശേഷങ്ങൾ ചോദിക്കും. രാജിയും ഒട്ടും ശബ്ദമുണ്ടാക്കാതെത്തന്നെ മറുപടി പറയും.
അയാൾ പക്ഷേ, കുറച്ചുകാലമായി ഉച്ചയ്ക്കു് ഉറങ്ങാറില്ല. റിട്ടയർ ചെയ്തു രണ്ടു മാസത്തോളം അയാൾ ഉച്ചയുറക്കം ഒരു കലയായി, ഒരനുഷ്ഠാനമായി കൊണ്ടുനടന്നു. ഹരം പിടിച്ച ഉറക്കം. ശരിക്കു പറഞ്ഞാൽ ഈ ഉച്ചയുറക്കത്തിന്നുവേണ്ടിയാണു് അയാൾ നീട്ടിക്കിട്ടിയ രണ്ടു കൊല്ലം വേണ്ടെന്നുവെച്ചു് അമ്പത്തെട്ടാമത്തെ വയസ്സിൽത്തന്നെ ജോലിയിൽനിന്നു് പിരിഞ്ഞതു്. പിന്നെ എന്തുകൊണ്ടോ പകലുറക്കം അയാളെ പിരിഞ്ഞുപോയി. ഇപ്പോൾ ഊണു കഴിഞ്ഞാൽ അയാൾ വെറുതെ കിടക്കുകമാത്രം ചെയ്യും. പക്ഷേ, രാജി വാതിൽക്കൽ മുട്ടുന്ന പഴയ ശീലംതന്നെ തുടർന്നു.
വാതിൽക്കൽ വീണ്ടും മുട്ടു് കേട്ടു. ഉറങ്ങിയിരുന്നില്ലെങ്കിലും താൻ ഒരു സ്വപ്നലോകത്തായിരുന്നുവെന്നു് അയാൾ മനസ്സിലാക്കി. താൻ വീട്ടിൽ ഒറ്റക്കാണെന്നും, അനിതയും ജോലിക്കാരിയും കൂടി പുറത്തു് എന്തോ വാങ്ങാൻ പോയിരിക്കയാണെന്നും ഓർത്തപ്പോൾ അയാൾ പിടഞ്ഞെഴുന്നേറ്റു് വാതിൽ തുറന്നു.
‘സാറ് ഒറങ്ങ്വായിരുന്നോ?’
രാജി ചോദിച്ചു. അവളുടെ സ്വരത്തിൽ ഭയമുണ്ടായിരുന്നു.
‘അല്ല.’
അവൾ തോളത്തുനിന്നു് സ്കൂൾ സഞ്ചിയെടുത്തു് നിലത്തു വെച്ചുകൊണ്ടു് ചോദിച്ചു.
‘അമ്മയില്ലെ?’
‘ഇല്ല.’
‘കൊച്ചമ്മയോ?’
‘അനിതയും കമലവും കൂടി പുറത്തുപോയിരിക്കയാണു്. ഇപ്പോ വരും.’
അവൾ മുഖം കഴുകാനായി കുളിമുറിയിലേയ്ക്കു കയറി. അയാൾ സോഫയിലിരുന്നു് റിമോട്ടുകണ്ട്റോൾ ഉപയോഗിച്ചു് ടിവി പ്രവർത്തിപ്പിച്ചു. ചായ കുടിക്കാൻ ധൃതിയായി. എന്താണിവർ വരാത്തതു്. അര മണുക്കൂറിനുള്ളിൽ വരാമെന്നു പറഞ്ഞു് ഇറങ്ങിയതാണു്. ക്രമേണ അയാൾ ടിവിയുടെ വർണാഭയിൽ മുഴുകിപ്പോയി. എന്താണു് നടക്കുന്നതൊന്നും അയാൾ ശ്രദ്ധിച്ചില്ല. ചലിക്കുന്ന ചിത്രങ്ങൾ നോക്കി ഒഴിഞ്ഞ മനസ്സുമായി അയാളിരുന്നു. പെട്ടെന്നു് ചുമരിലെ ഇലക്ട്രോണിക് ക്ലോക്ക് സംഗീതം പൊഴിച്ചപ്പോൾ അയാൾക്കു് വീണ്ടും പരിസരബോധമുണ്ടായി. സമയം നാലുമണി. രാജി എന്തു ചെയ്യുകയായിരിക്കുമെന്നയാളോർത്തു. അയാൾ അടുക്കളയിലേക്കു് നടന്നു.
അവിടെ വെറും നിലത്തു് അവൾ കിടന്നുറങ്ങുകയായിരുന്നു. തലമുടി വീണു് അവളുടെ മുഖം പാതി മറഞ്ഞിരുന്നു. അവൾ തളർന്നുകിടന്നുറങ്ങുകയാണു്. അവൾ ഭക്ഷണം കഴിച്ചുവോ എന്നു പോലും താൻ അന്വേഷിച്ചില്ല. എന്തൊരു മനുഷ്യൻ! അയാൾ അടുക്കളയിൽ പരതി. ചോറിൻചെമ്പു കാണാനില്ല, അതുപോലെ കറികളും. അയാൾ ഫ്രിജ്ജ് തുറന്നുനോക്കി. ഇല്ല, ഒന്നുമില്ല. പാവം കുട്ടി, അവൾ ഒന്നും കഴിച്ചുകാണില്ല. രാവിലെ ഏഴുമണിക്കു് വീട്ടിൽനിന്നു് അമ്മയോടൊപ്പം തിരിക്കുമ്പോൾ വല്ലതും കഴിച്ചതായിരിക്കും. അയാൾ കുമ്പിട്ടിരുന്നു് വിളിച്ചു.
‘രാജീ.’
അവൾ അനങ്ങി, മലർന്നു കിടന്നു. അവളുടെ ഒട്ടിയ വയർ കണ്ടപ്പോൾ അയാൾക്കു് വിഷമമായി. അയാൾ അവളെ വീണ്ടും വിളിച്ചു. അവൾ ഞെട്ടിയുണർന്നു. തൊട്ടുമുമ്പിൽ സാറിനെ കണ്ടപ്പോൾ അവൾക്കു ഭയമായി. അവൾ പിടഞ്ഞെഴുന്നേറ്റു.
‘നീ വല്ലതും കഴിച്ചുവോ?’
‘ഇല്ല’ അവൾ പറഞ്ഞു, ‘കൊച്ചമ്മ ഒന്നുംണ്ടാക്കീട്ടില്ലാന്നു് തോന്നുന്നു.’
‘അപ്പോ നീയെന്തേ എന്നോടതു് പറയാതിരുന്നതു?’
‘സാറ് ടിവി കണ്ടോണ്ടിരിക്ക്യായിരുന്നു. ബുദ്ധിമുട്ടിക്കണ്ടാന്നു് കരുതി.’
‘എന്റെ മോളെ, അതുവിചാരിച്ചു് നീ പട്ടിണി കിടക്ക്വേ?’
പെട്ടെന്നാണയാൾ ആ സംഭാഷണം ഓർത്തതു്. അനിതയും കമലവും കൂടി പുറത്തിറങ്ങുമ്പോൾ പറഞ്ഞതായിരുന്നു. ‘രാജി വരുമ്പോഴേക്കു് എത്തണം, അവൾക്കു് കഴിക്കാൻ ഒന്നുംല്ല്യ, വന്നിട്ടു് എന്തെങ്കിലുംണ്ടാക്കണം.’ അവർ എപ്പോൾ വരുമെന്ന്വെച്ചാണു് കാത്തിരിക്കുന്നതു? അയാൾ പറഞ്ഞു.
‘വാ, നമുക്കു് പുറത്തുപോയി എന്തെങ്കിലും കഴിക്കാം.’
അയാൾ ഭാര്യയ്ക്കു് ഒരു കുറിപ്പു് എഴുതിവെച്ചു പുറത്തു കടന്നു. കാറിൽ അയാളോടൊപ്പം ഇരുന്നു് യാത്ര ചെയ്യുമ്പോൾ അവൾ വളരെ ഉല്ലാസവതിയായിരുന്നു.
‘ഞാൻ ആദ്യായിട്ടാണു് ഒരു കാറിൽ പോണതു്.’
അവൾ പറഞ്ഞു. അവളുടെ വാക്കുകൾ എന്തുകൊണ്ടോ അയാളെ വേദനിപ്പിച്ചു. സാറിന്റെ കാറിൽ സാറിന്റെ ഒപ്പം ഒരു യാത്ര. അതവൾക്കു് എത്ര കാര്യമായിരുന്നു എന്നയാൾക്കു മനസ്സിലായി. അവൾ നോക്കിനിൽക്കെ സജീവൻ തന്റെ ഒപ്പം കാറിൽ പലേടത്തും പോകാറുണ്ടു്. അവളേക്കാൾ എട്ടു വയസ്സ് പ്രായം കൂടും സജീവനു്. അന്നെല്ലാം അവൾ നോക്കിനിന്നിരുന്നതിന്റെ അർഥം അയാൾക്കിപ്പോഴാണു് മനസ്സിലാവുന്നതു്. അവൾക്കും ഒപ്പം വരണമെന്നുണ്ടാവും. വിളിച്ചാൽ വരുമായിരുന്നു. പലതും ചെറിയ യാത്രകളായിരിക്കും. ജോസ് ജംഗ്ഷൻ വരേയോ, അല്ലെങ്കിൽ ബ്രോഡ്വേ വരേയോ. തനിക്കവളെ വിളിക്കാമായിരുന്നു.
റസ്റ്റോറണ്ടിന്റെ ഉള്ളിൽ കടന്നപ്പോൾ അവൾ അമ്പരന്നു പോയി. ഭംഗിയുള്ള വിളക്കുകൾ തൂങ്ങിക്കിടക്കുന്ന തട്ടിന്റെ ഉയരമാണവളെ അത്ഭുതപ്പെടുത്തിയതു്. ആകാശംമുട്ടുന്ന ഒരു കുടയ്ക്കുകീഴിൽ ഒരുറുമ്പെന്ന പോലെ അവൾക്കു തോന്നി. ചില്ലിട്ട വലിയ അലമാറകൾക്കുള്ളിൽ പലതരം മധുരപദാർഥങ്ങൾ, കേക്കുകൾ. അന്തരീക്ഷത്തിൽ ദോശയുടേയും അവൾ ജീവിതത്തിലൊരിക്കലും രുചിച്ചിട്ടുല്ലാത്ത വിഭവങ്ങളുടേയും വാസന. അവൾ മൂക്കു വിടർത്തി.
‘ഇവിടെയാണോ സജിച്ചേട്ടൻ വരാറ്?’
അയാൾ തലയാട്ടി. സജിച്ചേട്ടന്റെ ഭാഗ്യത്തെപ്പറ്റി ആലോചിട്ടാകണം അവൾ ഒരു നിമിഷം നിശ്ശബ്ദയായി.
‘അച്ഛൻ എന്നെ ഇങ്ങിനത്തെ ചായക്കടേലൊന്നും കൊണ്ടുപോകാറില്ല.’ അവൾ പറഞ്ഞു. അയാൾ ഒന്നും പറഞ്ഞില്ല.
‘ഇവിടെയൊക്കെ വരാൻ കൊറേ പണം വേണ്ടിവരും അല്ലേ?’
‘അതേ കുറേ പണം.’
അയാൾ സിങ്കപ്പൂർ നൂഡിൽസ് ഓർഡർ ചെയ്തു. അതു തയ്യാറാകുന്നവരെ കുടിക്കാൻ പഴച്ചാറും. പഴച്ചാറ് മൊത്തിക്കുടിച്ചുകൊണ്ടവൾ പറഞ്ഞു.
‘നല്ല സ്വാദുണ്ടു്’
അവൾ ഭക്ഷണം കഴിക്കുന്നതു് അയാൾ വാത്സല്യത്തോടെ നോക്കിയിരുന്നു. വഴുതിപ്പോകുന്ന നൂഡിൽസ് ഫോർക്കുകൊണ്ടു് എങ്ങിനെ ചുരുട്ടിയെടുക്കാമെന്നു് അയാൾ കാണിച്ചുകൊടുത്തു. നൂഡിൽസ് കഴിഞ്ഞപ്പോഴേക്കും അവളുടെ കൊച്ചു വയർ നിറഞ്ഞിരുന്നു. അയാൾ ഐസ്ക്രീം കൗണ്ടറിൽ പോയി കോക്ടെയ്ൽ ഐസ്ക്രീം കൊണ്ടുവന്നപ്പോൾ അവൾ വയറിൽ കൈ വെച്ചു.
കാറിൽ തിരിച്ചുപോകുമ്പോൾ അവൾ പറഞ്ഞു.
‘വലുതായാൽ ഞാൻ കൊറെ പണംള്ള ആളെ കല്യാണം കഴിക്കും. അപ്പോ എനിക്കു് ഇടക്കിടക്കു് ഇവിട്യൊക്കെ വന്നു് ഭക്ഷണം കഴിക്കാലോ.’
അങ്ങിനെ സംഭവിക്കട്ടെ എന്നയാൾ മനസ്സിൽ പ്രാർഥിച്ചു.
ആ പത്തു വയസ്സുകാരിയെ ഒരു പുതിയ കണ്ണോടെ നോക്കാൻ അന്നു മുതൽ അയാൾ പഠിച്ചു. അവൾക്കു് അവളുടേതായ ഒരു ലോകമുണ്ടു്, അഭിലാഷങ്ങളുണ്ടു്, ഭാവനയുണ്ടു് എന്നെല്ലാം അയാൾക്കു മനസ്സിലായി. ഇതു മനസ്സിലാക്കാൻ മൂന്നു കൊല്ലമെടുത്തുവെന്നതു് അയാളെ ലജ്ജിപ്പിച്ചു. അയാളെ സംബന്ധിച്ചേടത്തോളം അവൾ വേലക്കാരിയുടെ മകൾ മാത്രമായിരുന്നു. ഉച്ചയ്ക്കു് വരുന്നു, ഉള്ള ഭക്ഷണം കഴിക്കുന്നു, അമ്മയെ ജോലിയിൽ സഹായിക്കുന്നു. നാലോ അഞ്ചോ മണിയോടെ അമ്മയുടെ ഒപ്പം വീട്ടിലേയ്ക്കു പോകുന്നു. അത്ര മാത്രം.
പിറ്റേന്നു് ഉച്ചയ്ക്കു് കിടന്നു് എഴുന്നേറ്റപ്പോൾ അയാൾ കണ്ടതു് യൂനിഫോം അഴിച്ചുവെച്ചു് പൂക്കളുള്ള ഉടുപ്പിട്ടു് നിൽക്കുന്ന രാജിയേയാണു്. അയാൾ അത്ഭുതത്തോടെ നോക്കിനില്ക്കുന്നതു കണ്ടപ്പോൾ അവൾക്കു നാണമായി. അവളുടെ അമ്മ പറഞ്ഞു.
‘ഇന്നലെ ഇവിടുന്നു് പോയിട്ടു് ഉറങ്ങണവരെ സാറിന്റെ ഒപ്പം ഹോട്ടലീപ്പോയ കഥ്യായിരുന്നു. ഇന്നു് രാവിലെ വീട്ടീന്നു് പുറപ്പെടുമ്പോ സ്കൂളീന്നു് വന്നാ മാറാനുള്ള ഉടുപ്പു് എടുക്കാൻ വാശിപിടിക്ക്യായിരുന്നു.’
ഇന്നലെ റസ്റ്റാറണ്ടിൽ പോയപ്പോൾ നല്ല ഉടുപ്പിട്ട ധാരാളം പെൺകുട്ടികളെ കണ്ടിരുന്നു. പകൽ മുഴുവൻ ഇട്ടു് മുഷിഞ്ഞ യൂനിഫോം അവൾക്കു് അപകർഷതാബോധമുണ്ടാക്കിയിരിക്കണം. പക്ഷേ, അവൾ ഒന്നും പുറത്തു കാട്ടുകയുണ്ടായില്ല. പക്ഷേ, കുറച്ചു കൂടി വൃത്തിയായും ഭംഗിയായും നടക്കാൻ അതവളെ പ്രേരിപ്പിച്ചിട്ടുണ്ടാകും.
റെസ്റ്റോറണ്ടിലേക്കുള്ള യാത്ര അവളുടെ ജീവിതവീക്ഷണം തന്നെ മാറ്റിയിരിക്കുന്നുവെന്നു് അയാൾക്കു് താമസിയാതെ മനസ്സിലായി. തന്നെ കണ്ടാൽ ഭയത്തോടെ നോക്കിയിരുന്ന അവൾ ഇപ്പോൾ അടുത്തു് വന്നു് സംസാരിക്കുന്നു. സ്കൂളിലെ വിശേഷങ്ങൾ, അവളുടെ വീട്ടിലെ കാര്യങ്ങൾ, അവളുടെ അയൽക്കാരുടെയും സ്നേഹിതരുടേയും കാര്യങ്ങൾ.
‘സാറിനെന്തായാലും നല്ല ശല്യായി.’ കമലം പറയും. ‘ഞാനവളോടു് എന്നും പറയ്ണ്ണ്ടു് സാറിനെ ശല്യപ്പെടുത്തര്ത്ന്നു്.’
‘എനിക്കെന്താണു് ശല്യം?’
പുറത്തിറങ്ങുമ്പോൾ രാജിക്കു് മിട്ടായി വാങ്ങുന്നതു് അയാളുടെ പതിവായി. സജീവൻ കുട്ടിയായിരിക്കുമ്പോൾ അയാൾ മിട്ടായി വാങ്ങിക്കൊണ്ടുവന്നിരുന്നു. പിന്നെ അവൻ വലുതായി ഹൈസ്കൂളിലെത്തിയപ്പോൾ അയാൾ അതു നിർത്തി. അവൻ കോളേജിൽ ചേർന്നു് ദൂരെ പോയപ്പോൾ, വീട്ടിലേക്കു് വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരുന്ന സ്വഭാവംതന്നെ അയാൾക്കു് തീരെയില്ലാതായി. ഇപ്പോൾ വേറൊരു കുട്ടിക്കുവേണ്ടി അയാൾ മിട്ടായി ഓർമ്മിച്ചു വാങ്ങുന്ന സ്വഭാവമുണ്ടാക്കി.
മാസത്തിലൊരിക്കൽ അലമാറികളൊക്കെ ഒതുക്കുന്ന ഏർപ്പാടുണ്ടു് അനിതയ്ക്കു്. ഒരു ഭീകരസംഭവമാണതു്. ആദ്യം അലമാറിയിൽനിന്നു് തുണികളെല്ലാം വലിച്ചു് താഴെയിടുന്നു. മുറി നിറയെ കുന്നുകുന്നായി വസ്ത്രങ്ങൾ. പിന്നെ കമലത്തിന്റെ സഹായത്തോടെ ഓരോന്നായി മടക്കി തിരിച്ചുവെക്കുന്നു. കമലത്തിന്നു് ഉത്സാഹമാണു്, കാരണം അന്നു വൈകുന്നേരം പോകുമ്പോൾ വലിയ കേടുപാടുകളൊന്നുമില്ലാത്ത കുറേ തുണിത്തരങ്ങൾ കിട്ടും. അവൾ പറയാറുണ്ടു്.
‘ചേച്ചീടെ അടുത്തു് ജോലി ചെയ്യാൻ തുടങ്ങിയ ശേഷം ഞാൻ തുണിയൊന്നും കാശുകൊടുത്തു വാങ്ങിയിട്ടില്ല. ചേച്ചിക്കു് സജീവനു പകരം ഒരു പെൺകുട്ടിയായിരുന്നെങ്കിൽ രാജിയ്ക്കും ഒന്നും കാശുകൊടുത്തു വാങ്ങേണ്ടിവരില്ലായിരുന്നു.’
അന്നു വൈകുന്നേരം പോകുമ്പോൾ കമലത്തിന്റെ കയ്യിൽ സാമാന്യം വലിയ ഒരു കെട്ടുണ്ടായിരുന്നു. അലമാറിയൊതുക്കിയ ദിവസം അതു സാധാരണമായതിനാൽ അയാൾ അനിതയോടു് ഒന്നും ചോദിച്ചില്ല. എന്നാൽ പിറ്റേന്നും അതേപോലെ വലിയ കെട്ടു കണ്ടപ്പോൾ അയാൾക്കു് ജിജ്ഞാസ അടക്കാൻ പറ്റിയില്ല. കമലവും രാജിയും പോയി വാതിലടച്ചപ്പോൾ അയാൾ ചോദിച്ചു.
‘എന്താണു് ഇത്ര വലിയ കെട്ടു്?’
‘അതു് നമ്മുടെ പഴയ കർട്ടനുകളാണു്. രാജിക്കു് ഇപ്പോ വീടൊക്കെ നന്നാക്കി വെക്കണംത്രേ. അവള് ആളാകെ മാറിയിരിക്കുന്നു. ഇപ്പോ വീട്ടിലെത്തിയാൽ വീടു് വൃത്തിയാക്കലാണത്രെ പണി. അച്ഛനോടു് ജനലൊക്കെ ചായം തേക്കാൻ ഉത്തരവിട്ടിരിക്കയാണവൾ. നമ്മുടെ ജനലിന്റെ നിറംതന്നെ വേണത്രെ. അതുപോലെ ഇപ്പോ സ്റ്റീലിന്റെ പ്ലേയ്റ്റിലൊന്നും അവൾ ഭക്ഷണം കഴിക്കില്ല. കുപ്പി പ്ലേയ്റ്റ് തന്നെ വേണംന്നു്.’
പാവം കുട്ടി. അവളുടെ വീടു് വളരെ ചെറുതാണു്. രണ്ടു കൊച്ചുമുറികൾ, അടുക്കള, വരാന്ത. കഴിഞ്ഞു ആ ഓടിട്ട വീട്ടിലെ സൗകര്യങ്ങൾ. ചുറ്റുപാടുമുള്ള വീടുകളെ അപേക്ഷിച്ചു് ആ വീടു് മെച്ചമാണെന്നു പറയാം. വീടു് ഒരുവിധം നന്നാക്കിയെടുക്കാമെന്നു് രാജിക്കു തോന്നാൻ കാരണവും അതായിരിക്കണം.
‘നീ എപ്പോഴാണു് ഞാൻ തരുന്ന മിട്ടായികളൊക്കെ തിന്നുന്നതു?’
അയാൾ ഒരിക്കൽ ചോദിച്ചു. മിട്ടായി കൊടുത്താൽ അതുടനെ അവളുടെ സ്കുൾ സഞ്ചിയിൽ കൊണ്ടുപോയി നിക്ഷേപിക്കുകയാണു് പതിവു്.
‘ഞാൻ അതൊന്നും ഇപ്പോ തിന്നില്ല. എല്ലാം ഒരു കുപ്പീലാക്കി വെച്ചിരിക്ക്യാണു്.’ അവൾ കുറച്ചുനേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു പിന്നെ കാര്യമായിത്തന്നെ പറഞ്ഞു. ‘ഞങ്ങളുടെ വീടു് ഇപ്പോ ഏകദേശം സാറിന്റെ വീടു മാതിരിയായിട്ടുണ്ടു്. ഒരു കുപ്പീലു് നിറയെ മിട്ടായി. ഒരു കുപ്പീലു് നിറയെ പഞ്ചസാര, ഒരു കുപ്പീലു് പരിപ്പു്, അങ്ങിനെ എല്ലാം നിരത്തിവെച്ചിരിക്ക്യാണു്.’
അയാൾക്കു് ഒന്നും പറയാൻ കിട്ടിയില്ല. അവൾ ആഗ്രഹിക്കുന്നതു് ഒരു രക്ഷപ്പെടലിനു വേണ്ടിയാണു്. അവളുടെ ഇന്നത്തെ നിലയിൽനിന്നുള്ള രക്ഷപ്പെടൽ. അവൾ ചെയ്യുന്ന കർമ്മങ്ങളിലൂടെ അതു സാധ്യമാകുമെന്നവൾ കരുതുന്നു. ഏറ്റവും ഇഷ്ടമുള്ള മിട്ടായികൂടി തിന്നാതെ അവൾ ആ ലക്ഷ്യത്തിലെത്താൻ ത്യാഗമനുഷ്ഠിക്കുന്നു.
‘സാറെന്നാണു് എന്റെ വീട്ടിലു് വരണതു?’
‘ഒരു ദിവസം വരാം.’
‘സാറ് കാറിലു് വരണം.’
‘അതെന്തിനാണു്?’
അവളുടെ വീട്ടിലേക്കു് കാറിൽ പോവുകയാണെങ്കിൽ എട്ടു കിലോമീറ്റർ ചുറ്റണം. മറിച്ചു് റെയിൽപ്പാലത്തിലൂടെ പുഴ കടന്നാൽ പത്തു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു. അതുകൊണ്ടു് ആദ്യത്തെ പ്രാവശ്യം നടന്നാണു് പോയതു്. അതു് രാജിക്കു് വലിയ ക്ഷീണമായി. സാറിനു് കാറുണ്ടു് എന്നു് അവളുടെ കൂട്ടുകാരോടെല്ലാം അവൾ വീമ്പു പറഞ്ഞിരുന്നു. അങ്ങിനെയിരിക്കുമ്പോളാണു് സാറും കൊച്ചമ്മയും കൂടി ഒരു ദിവസം വിയർത്തൊലിച്ചു് നടന്നുവരുന്നതു്. അവൾ നുണ പറഞ്ഞുവെന്നു് കൂട്ടുകാരെല്ലാം പറഞ്ഞു. ആ ക്ഷീണം തീർക്കണമെങ്കിൽ സാറും കൊച്ചമ്മയും കൂടി ഒരു ദിവസം കാറിൽ വരണം.
അവൾ അയാളിരിക്കുന്ന സോഫയുടെ കയ്യിലിരുന്നു. പിന്നെ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പായപ്പോൾ ചോദിച്ചു.
‘ഞാൻ സാറിനെ കല്യാണം കഴിക്കട്ടേ?’
അയാൾ ചിരിച്ചില്ല. അറുപതാം വയസ്സിൽ വന്ന കല്യാണാലോചന അയാൾ ശ്രദ്ധാപൂർവം പഠിച്ചു. അവൾ വളരെ കാര്യമായിട്ടുതന്നെയാണു് ചോദിച്ചതു്. രണ്ടു മിനുറ്റ് നേരം അവളെ അനിശ്ചിതാവസ്ഥയിലിട്ടശേഷം അയാൾ ചോദിച്ചു.
‘അതുകൊണ്ടു് എനിക്കെന്തു ഗുണം?’
തെല്ലിട ആലോചിച്ചശേഷം അവൾ പറഞ്ഞു.
‘സാറിനു് ഗുണൊന്നുല്ല്യ.’
അവളുടെ സ്വരത്തിൽ വ്യസനമുണ്ടായിരുന്നു. അയാൾ അവൾ മുമ്പൊരിക്കൽ പറഞ്ഞിരുന്നതോർത്തു. ‘ഞാൻ ഒരു പണക്കാരനെയാണു് കല്യാണം കഴിക്കുക, എന്നാൽ എനിക്കു് ഇടക്കിടക്കു് വല്യ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാലോ.’ അലസിപ്പോയ കല്യാണാലോചനയുടെ വ്യഥയോടെ അവൾ നടന്നുപോയി.
ഒരു ശനിയാഴ്ചയായിരുന്നു അവളുടെ വീട്ടിലേക്കുള്ള യാത്ര. തലേന്നുതന്നെ ആസൂത്രണം ചെയ്തതുകാരണം അവൾ മാറാനായി കഴിഞ്ഞ ഓണത്തിനു വാങ്ങിയ ഉടുപ്പു് കൊണ്ടു വന്നിരുന്നു. കാറിൽ യാത്രചെയ്യുമ്പോൾ സ്റ്റൈലിൽതന്നെയാവണമെന്നവൾ തീർച്ചയാക്കിയിരുന്നു. അവൾ അനിതക്കു കയറാൻ അവസരം കിട്ടുന്നതിനു മുമ്പു് മുൻസീറ്റിൽ അയാൾക്കരികെ ഇരിപ്പുറപ്പിച്ചു. പിൻസീറ്റിലേക്കുവരാൻ കമലം ആവശ്യപ്പെട്ടതൊന്നും അവൾ കേട്ടില്ല. അനിതയ്ക്കു് പിൻസീറ്റിൽ കമലത്തിന്റെ ഒപ്പം ഇരുന്നു് തൃപ്തിയടയേണ്ടി വന്നു.
‘ഇതു വല്ലാത്തൊരു സാധനായിരിക്കുന്നു.’ കമലം പറഞ്ഞു. ‘സാറിനേയും ചേച്ചിയേയും വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ടു്. എന്തു കാണിക്കാനാവോ അവള് സാറിനെ കൊണ്ടു പോണതു്.’
‘അവൾ കുട്ടിയല്ലെ,’ അനിത പറഞ്ഞു. ‘അങ്ങിനെയൊക്കെണ്ടാവും. പോരാത്തതിനു് അവളിപ്പോൾ സാറിനെ സ്വന്താക്കി വെച്ചിരിക്ക്യല്ലെ.’
രാജി മുൻസീറ്റിലിരുന്നതുകൊണ്ടുള്ള ഗുണം അയാൾക്കു താമസിയാതെ മനസ്സിലായി. വഴി വളരെ ദുർഘടം പിടിച്ചതായിരുന്നു. ഓരോ കവലയിലും അവൾ വഴി പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. അവസാനിക്കില്ലെന്നു തോന്നിയ യാത്രക്കു ശേഷം അയാൾ ഒരു ചെറിയ വീട്ടിന്റെ മുമ്പിൽ കാർ നിർത്തി.
അയാളുടെ മനസ്സിടിഞ്ഞു. രണ്ടുകൊല്ലം മുമ്പു് കണ്ടതായിരുന്നുവെങ്കിലും അയാൾക്കു് ആ വീടു് ഓർമ്മയിലുണ്ടായിരുന്നില്ല. അയാളുടെ മനസ്സിലുള്ളതു് രാജി വരച്ചുതന്ന ചിത്രങ്ങൾ മാത്രമായിരുന്നു. അതാകട്ടെ വളരെ വർണ്ണശബളവുമായിരുന്നു. തന്റെ മുരടിച്ച, ശുഷ്കമായ ഭാവനക്കുകൂടി നിറം പിടിപ്പിക്കാൻ ആ ചിത്രകാരിക്കു കഴിഞ്ഞു!
വീടിന്റെ പുറത്തുള്ള ചുമരെല്ലാം അടർന്നു് വൃത്തികേടായിരുന്നു. പ്രധാന വാതിൽ തന്നെ പൊളിഞ്ഞു് പീഞ്ഞപ്പലക വെച്ചടിച്ചിരുന്നു. അവൾ അയാളുടെ കൈ പിടിച്ചു് അകത്തേക്കു കൊണ്ടു പോയി, ഒരു കസേരയിലിരുത്തി. അയാൾ ചുറ്റും നോക്കി. എല്ലാ വാതിലുകൾക്കും ജനലുകൾക്കും കർട്ടനിട്ടിരിക്കുന്നു. ആ കർട്ടനുകൾ അയാൾ തിരിച്ചറിഞ്ഞു. കർട്ടനുകളെല്ലാം ചാക്കുചരടു കൊണ്ടു് കെട്ടിയിട്ടിരിക്കയാണു്. അയാൾ നേുാക്കുന്നതു കണ്ടപ്പോൾ കമലം ചിരിക്കാൻ തുടങ്ങി.
‘രാജിടെ അച്ഛൻ കമ്പി കൊണ്ടന്നിട്ടു് കർട്ടനിടാംന്നു് പറഞ്ഞതായിരുന്നു. ഇവൾക്കു് ക്ഷമ വേണ്ടെ. സാറ് വരുമ്പളേയ്ക്കു് കർട്ടനിടണംന്നു് പറഞ്ഞിട്ടു് സ്വന്തം ഇട്ടതാ.’
കമലം അകത്തുപോയപ്പോൾ രാജി അയാളുടെ അടുത്തുവന്നു് സ്വകാര്യം പറഞ്ഞു.
‘ഞാൻ പറഞ്ഞില്ലെ, ഞങ്ങടെ വീടു് ഇപ്പോ സാറിന്റെ വീടുമാതിരിണ്ട്ന്നു്.’
പെട്ടെന്നു് എന്തോ ഓർത്തുകൊണ്ടവൾ അകത്തേക്കോടി.
അകത്തുനിന്നു് ഒരു കരച്ചിൽ കേട്ടു് അയാൾ ചാടിയെഴുന്നേറ്റു. എന്താണു് സംഭവിച്ചതെന്നറിയാതെ വിഷമിക്കുമ്പോഴേക്കു് രാജി കരഞ്ഞുകൊണ്ടു് ഓടിവന്നു. അവളുടെ കയ്യിൽ ഒരു ഒഴിഞ്ഞ ഹോർലിക്സ് കുപ്പിയുമുണ്ടായിരുന്നു. അവൾ ഒന്നും പറയാതെ അതും പിടിച്ചു് കരയുകയാണു്. പുറത്തുവന്ന കമലമാണു് കാര്യമെന്താണെന്നു പറഞ്ഞതു്.
‘സാറ് കൊടുക്കണ മിട്ടായിയൊക്കെ അവള് തിന്നാതെ ഈ കുപ്പീലു് സൂക്ഷിച്ചിരിക്ക്യായിരുന്നു. സാറ് വന്നാൽ കാണിക്കണംന്നു് പറഞ്ഞു് വെച്ചതാ. ഇന്നു് രാവിലെ ചേട്ടന്റെ മക്കള് വന്നു. മൂന്നുപേരുണ്ടു്. കൊച്ചുങ്ങളല്ലെ, എന്റെ അമ്മ കുറച്ചൊക്കെ പറഞ്ഞുനോക്കിത്രെ. അവറ്റിങ്ങള് സമ്മതിക്ക്യോ. അതു മുഴുവൻ അവരു് തിന്നുതീർത്തു.’
രാജി നിലത്തു് കുഴഞ്ഞിരുന്നു. അയാൾ ഒന്നും പറയാനാവാതെ ഇരുന്നു. അവൾക്കു നഷ്ടമായതു് ഒരുകുപ്പി മിട്ടായി മാത്രമല്ലെന്നു് അയാൾക്കറിയാമായിരുന്നു. ഒരുകുപ്പിക്കു പകരം രണ്ടു കുപ്പി മിട്ടായി വാങ്ങാമെന്നു് പറഞ്ഞു് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാം. പക്ഷേ, ഒന്നും പറയാനാവാതെ അയാൾ ആണിപോയി ഇളകുന്ന കസേരയിൽ തരിച്ചിരുന്നു.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.