അയാൾ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ഇന്റർനെറ്റ് മട്രിമോണിയലിൽ രണ്ടാമത്തെ പേജിൽ ആദ്യത്തേതു തന്നെയാണു്. അഞ്ജലി മാധവൻ, ഉത്രാടം നക്ഷത്രം, 23 വയസ്സ്, അഞ്ചടി നാലിഞ്ചുയരം, വീറ്റിഷ് കോംപ്ലക്ഷൻ, ബി. ടെക്, ബാംഗളൂരിൽ എം. എൻ. സി.-യിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ. വലതുവശത്തു് ഫോട്ടോ. മുഖം മാത്രം. ഫോട്ടോവിനു മീതെ ക്ലിക് ചെയ്തപ്പോൾ രണ്ടു വലിയ ഫോട്ടോ, ഇടതും വലതുമായി കൊടുത്ത പേജിലെത്തി. ഒന്നു് ഇരിക്കുന്നതു്, മുകൾഭാഗം മാത്രം. മറ്റേതു് ചൂരിദാർ വേഷത്തിൽ നിൽക്കുന്നതു്.
അയാൾ തിരിച്ചു് മാസ്റ്റർ പേജിലേയ്ക്കു വന്നു. അവിടെ ഒരു കള്ളിയിൽ അവളുടെ ഡിമാൻഡ്സ് എഴുതിയിട്ടുണ്ടു്. ‘നാടു് ഒറ്റപ്പാലം. ബാംഗളൂരിൽത്തന്നെ നല്ല നിലയിൽ ജോലിയുള്ള സൽസ്വഭാവികളായ നായർ യുവാക്കളിൽനിന്നു് പ്രൊപോസലുകൾ ക്ഷണിക്കുന്നു.’
ഇക്കാലത്തു് സൽസ്വഭാവികളായ ചെറുപ്പക്കാരെ എവിടുന്നു കിട്ടാനാണു്. തനിക്കുവേണ്ടി എഴുതിവച്ചപോലെയുണ്ടു്. അയാൾ ഫോട്ടോ ഒന്നുകൂടി ക്രിട്ടിക്കലായി നോക്കി. തരക്കേടില്ല. നാലു വയസ്സിന്റെ വ്യത്യാസം. ഉം, സാരമില്ല. നല്ല പരിചയമുള്ള മുഖം. പെട്ടെന്നാണു് അയാളിൽ ഭൂതോദയമുണ്ടായതു്. പേരു് അഞ്ജലി. ഇതു് തന്റെ കമ്പനിയിൽ അതേ ഫ്ളോറിൽത്തന്നെ അഞ്ചു് ക്യൂബിക്ക്ൾ അപ്പുറത്തു് ജോലിയെടുക്കുന്ന കുട്ടിയാണല്ലോ. എന്നും കാണാറുള്ളതാണു്. എന്നിട്ടും ഫോട്ടോവിന്റെ രൂപത്തിൽ ഇന്റർനെറ്റിൽ വന്നപ്പോൾ തിരിച്ചറിഞ്ഞില്ല.
അമ്മയുടെ കത്താണു് അന്വേഷണത്തിന്റെ ആരംഭം. ഇരുപത്തേഴു വയസ്സല്ലേ ആയിട്ടുള്ളു എന്നു പറഞ്ഞാലൊന്നും അമ്മ കേൾക്കില്ല. അമ്മ എഴുതിയിരിക്കയാണു്. ‘വല്ല്യ പണക്കാരൊന്നും വേണ്ട. വല്ല്യ സൗന്ദര്യൊന്നും വേണംന്ന്ല്യ, നല്ല സ്വഭാവം ആയിരിക്കണംന്നു് മാത്രം.’ സൗന്ദര്യം വേണ്ടെ? നല്ല കാര്യായി. അമ്മയാണല്ലൊ അതു് തീർച്ചയാക്കേണ്ടതു്. ‘നീ കല്യാണം കഴിച്ചാൽ എനിക്കവിടെ വന്നു് ഒപ്പം താമസിക്കാലോ.’ ഉം. ഉം… നടക്കണ കാര്യം വല്ലതുംണ്ടെങ്കിൽ പറയൂ. അമ്മയുടെ ജീവിതരീതിയും തന്റെ ജീവിതരീതിയുമായി ഒരിക്കലും യോജിക്കില്ല. സീരിയലുകൾ കാണലും, അമ്പലത്തിൽ പോക്കും, മത്തങ്ങ കൊണ്ടുള്ള പുളിങ്കറി കൂട്ടി ഊണും. നടക്കണ കാര്യല്ല അമ്മേ, അവിടെത്തന്നെ ഇരുന്നാൽ മതി. തന്റെ പരിപാടികളൊന്നും അമ്മയുണ്ടെങ്കിൽ നടക്കില്ല. ഇത്ര മണിയ്ക്കു് കുളിക്കണം, ഇന്ന സമയത്തു് ഭക്ഷണം കഴിക്കണം എന്നൊക്കെ പറയാൻ തൽക്കാലം ഇവിടെ ആരുമില്ല. സ്നേഹിതൻ ജോസഫ് ഒരു കാര്യത്തിലും ഇടപെടില്ല. അഞ്ചുകൊല്ലം മുമ്പു് അച്ഛൻ മരിച്ചശേഷം പാവം അമ്മ ഒറ്റയ്ക്കാണു്. അതൊക്കെ ശരിതന്നെ. പക്ഷേ, അമ്മ വന്നു് ഒപ്പം താമസിക്കലൊന്നും നടക്കില്ല.
സുഭാഷ് കമ്പ്യൂട്ടർ ഓഫാക്കി. സമയം പന്ത്രണ്ടു മണി. ജോസഫ് നിലത്തു വിരിച്ച കിടക്കയിൽ കിടന്നുറക്കമായിരിക്കുന്നു. തലയ്ക്കൽ ഭാഗത്തുവെച്ച അവന്റെ കമ്പ്യൂട്ടർ ഓഫാക്കിയിട്ടില്ല. സുഭാഷ് കമ്പ്യൂട്ടർ ഓഫാക്കി. പാന്റ്സും ടിഷർട്ടും ധരിച്ചു കിടക്കുന്ന ജോസഫിനെ അയാൾ കുറച്ചുനേരം നോക്കിനിന്നു. അതയാളുടെ സ്ഥിരം വേഷമാണു്. കുളിക്കുമ്പോൾ മാത്രമേ അതഴിച്ചുവയ്ക്കൂ. അയാൾ ലൈറ്റ് ഓഫാക്കി അപ്പുറത്തു വിരിച്ചിട്ട കിടയ്ക്കയിൽ കിടന്നു, ഒരു മിനുറ്റിനുള്ളിൽ ഉറക്കമാവുകയും ചെയ്തു.
അഞ്ജലി, 23 വയസ്സ്, ഉത്രാടം നക്ഷത്രം… അല്ല, സുഭാഷിന്റെ സ്വപ്നം വിവരിക്കുകയല്ല. അയാൾ നേരത്തെ പറഞ്ഞപോലെ കിടന്ന ഉടനെ ഉറക്കമായിരിക്കുന്നു. ഇവിടെ നോവലിസ്റ്റിന്റെ ഇടപെടൽ ആവശ്യമായി വന്നിരിക്കുന്നു. ഈ നോവലിൽ ഒരു നായകനുണ്ടു്, സ്വാഭാവികമായും ഒരു നായികയും. (ആരൊക്കെയെന്നു് നിങ്ങൾ ഇതിനകം ഊഹിച്ചിട്ടുണ്ടാവും.) ഇനി നായികയെ പരിചയപ്പെടുത്താം.
അഞ്ജലിയുടെ ദിവസം തുടങ്ങുന്നതു് ആറര മണിയ്ക്കു് ബെല്ലടി കേട്ടു് ഞെട്ടിക്കൊണ്ടാണു്. ഉണർന്നാൽ വാതില്ക്കൽ തുടർച്ചയായി മുട്ടു കേൾക്കാം. കമല എന്നും അങ്ങിനെയാണു്. ബെല്ലടിച്ചശേഷം വാതിൽ തുറക്കുന്നതുവരെ മുട്ടിക്കൊണ്ടിരിക്കും. അച്ഛനുമമ്മയുമുണ്ടായിരുന്നപ്പോൾ സുഖമായിരുന്നു. അവർ വാതിൽ തുറന്നു കൊടുക്കും. തനിയ്ക്കു് ഏഴുമണിവരെ ഉറങ്ങാമായിരുന്നു. രാത്രി പതിനൊന്നു മണിവരെ ലാപ്ടോപ്പും മടിയിൽവച്ചു് ഓഫിസ് ജോലി ഹോംവർക്ക് തന്നതു് ചെയ്തശേഷം കിടക്കുന്നതാണു്. അവർക്കു് തിരിച്ചു് നാട്ടിലേയ്ക്കു് ഇത്ര ധൃതിപിടിച്ചു് ഓടേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. എന്തോ എടുത്തുവച്ചപോലെ. നാട്ടിൽ ഞങ്ങൾ ചെന്നാലെ ശരിയാവൂ. അല്ലെങ്കിൽ വീടും പറമ്പും നാനാവിധമാവും. ഒരു വീടും പറമ്പും! അടയിരുന്നോട്ടെ.
‘നാസ്ത ക്യാ ബനാവൂം?’ കമല ചോദിക്കുന്നു. അവളുടെ കയ്യിൽ വാതിലിനു പുറത്തു് സെക്യൂരിറ്റിക്കാർ കൊണ്ടുവന്നിട്ട പത്രമുണ്ടാവും. അതു് സോഫമേൽ കൊണ്ടുവന്നുവച്ചു് തലേന്നത്തെ പത്രം, അതു് നിവർത്തിയിട്ടു കൂടിയുണ്ടാവില്ല, എടുത്തുകൊണ്ടുപോയി സ്റ്റോറൂമിലെ റാക്കിൽ വയ്ക്കും. പത്രം വായിക്കാൻ മേംസാബിനു് സമയമില്ല എന്നവൾക്കറിയാം. പിന്നെ എന്തിന്നതു വരുത്തുന്നു. വലിയവരുടെ ജീവിതരീതികൾ അവൾക്കു് ഒരിക്കലും മനസ്സിലാവാറില്ല. അവൾ അടുക്കളയിലേയ്ക്കു കടക്കും. പിന്നാലെ വരുന്ന അഞ്ജലിയോടു വീണ്ടും ചോദിക്കും.
‘മേംസാബ്, നാസ്ത ക്യാ ബനാവൂം?’
എന്താണുണ്ടാക്കേണ്ടതെന്നു് കമലയ്ക്കു് നിർദ്ദേശം കൊടുത്തു് അവൾ കുളിക്കാൻ പോകും.
എട്ടു മണിയ്ക്കു് കുളിച്ചു് സുന്ദരിയായി അവൾ പുറപ്പെടും. ചൂരിദാറിനുമീതെ കഴുത്തിലൂടെ തൂക്കിയിട്ട ഐ. ഡി. കാർഡും ആക്സസ് കാർഡും. മറ്റൊരു മാലയിൽ കോർത്തിട്ട സെൽ ഫോൺ. ലാപ്ടോപ്പിന്റെ സഞ്ചി ഇടത്തെ ചുമലിൽ വിലങ്ങനെ വലത്തോട്ടു് തൂക്കിയിട്ടു്, ഹാന്റ്ബാഗ് വലത്തെ ചുമലിലും തൂക്കി സർവ്വാഭരണഭൂഷയായി അഞ്ജലി പുറത്തിറങ്ങുന്നു. കമ്പനിയുടെ പിക്കപ്പ് ബസ്സ് നിർത്തുന്നിടംവരെ പത്തു മിനുറ്റിന്റെ നടത്തമുണ്ടു്. അവസാനത്തെ ബസ്സ് എട്ടരമണിയ്ക്കാണു്.
ലിഫ്റ്റിന്റെ ബട്ടനമർത്തി അവൾ കാത്തു നിന്നു. ലിഫ്റ്റ് എട്ടാം നിലയിൽനിന്നു് താഴോട്ടു വരികയാണു്. വാതിൽ തുറന്നപ്പോൾ അതിൽ ഒരു ചെറുപ്പക്കാരിയും മൂന്നു വയസ്സുള്ള മകളുമുണ്ടു്. അഞ്ജലി ചിരിച്ചു. അവളും ചിരിച്ചു. അവൾക്കൊരു ഇരുപത്തഞ്ചു് ഇരുപത്തെട്ടു വയസ്സായിട്ടുണ്ടാവും. അവളും ലാപ്ടോപ്പ് ചുമലിലിട്ടിട്ടുണ്ടു്. ഇങ്ങിനെ വല്ലപ്പോഴും ലിഫ്റ്റിലോ താഴെ ലോബിയിലോ കാണുമ്പോൾ അന്യോന്യം പരിചയം കാണിക്കും. കെട്ടിടത്തിലെ അറുപത്തഞ്ചു ഫ്ളാറ്റിൽ വളരെക്കുറച്ചു പേരെ മാത്രമേ അഞ്ജലിയ്ക്കു പരിചയമുള്ളു. അതും പുറമെനിന്നു കാണുമ്പോഴുള്ള ചിരിയിൽ ഒതുങ്ങിക്കൂടുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽത്തന്നെ അതു നിലനിർത്താൻ അവൾക്കു സമയമില്ല. അവർക്കുമുണ്ടാവില്ല. ഒരു പഞ്ചാബി സ്ത്രീ മാത്രമുണ്ടു് ഇതിനൊരപവാദം. വിധവയായ അവരെ വെള്ള സാരി തലയിലൂടെ ഇട്ടു് ഇടയ്ക്കിടയ്ക്കു കാണാറുണ്ടു്. കാണുമ്പോഴൊക്കെ ചോദിക്കും.
‘തും അകേലി രഹ്തിഹോ നാ?’
ആയിരത്തഞ്ഞൂറു ചതുരശ്ര അടി ഫ്ളാറ്റിൽ കല്യാണം കഴിയാത്ത ഒരു പെൺകുട്ടി ഒറ്റയ്ക്കു താമസിക്കുന്നതിൽ ആ വയസ്സിയ്ക്കു വിഷമം. അവൾ മുമ്പിലുള്ള ചെറുപ്പക്കാരിയെ നോക്കി. അവളും തന്നെപ്പോലെ സോഫ്റ്റ്വെയർ പ്രൊഫഷണലാണെന്നു തോന്നുന്നു. രാവിലെ മകളെ കെ. ജി.-യിൽ കൊണ്ടുപോയാക്കി, കമ്പനിയുടെ പിക്കപ്പ് ബസ്സ് വരുന്ന സ്ഥലം വരെ അഞ്ചു കിലോ ഭാരമുള്ള ലാപ്ടോപ്പും താങ്ങി നടക്കുന്നു. പാവം.
പാവം എന്നു മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണു് അതുണ്ടായതു്. ലിഫ്റ്റിന്റെ വാതിൽ തുറന്നു, ആ സ്ത്രീ കുട്ടിയുമായി ആദ്യം പുറത്തു കടന്നു, പുറത്തു കാത്തു നിന്നിരുന്ന ആയയുടെ കയ്യിൽ മകളെ ഏല്പിച്ചു് ലോബിയിൽ കാർ പാർക്കിൽ നാലാമതായി പാർക്കു ചെയ്ത കാറിൽ കയറി അഞ്ജലിയുടെ മുമ്പിലൂടെ ഓടിച്ചുപോയി.
ഓ…
രാവിലെത്തന്നെ ഉണ്ടായ കാര്യങ്ങൾ നോക്കുമ്പോൾ ഇനി എന്തൊക്കെയാണു് തനിക്കു കിട്ടാൻ പോകുന്നതെന്നു് ആലോചിച്ചുകൊണ്ടു് അവൾ ബസ്സ് സ്റ്റോപ്പിലേയ്ക്കു നടന്നു.
ബ്രേക്ഫാസ്റ്റിന്റെ കാര്യം ജോസഫാണു് ഏറ്റെടുത്തിരിക്കുന്നതു്. ബുൾസൈയും ബ്രഡും ബട്ടറും. മീതെ കോൺഫ്ളേക്സ് കൊണ്ടു് പാൽക്കഞ്ഞിയും. ഇത്രയും നല്ല പ്രാതൽ കഴിച്ചു് മനസ്സ് കേടുവരുത്തുന്നതിനേക്കാൾ വെറും വയറ്റിൽ ഓഫീസിൽ പോയി കാന്റീനിൽനിന്നു് വല്ലതും കഴിക്കുന്നതായിരിക്കും നല്ലതെന്നു കരുതി സുഭാഷ് പുറത്തിറങ്ങുകയാണു് പതിവു്.
പുറത്തിറങ്ങിയപ്പോൾ സുഭാഷിനെ പെട്ടെന്നാകർഷിച്ചതു് തെളിഞ്ഞു നിൽക്കുന്ന നീലാകാശമാണു്. ‘ഹായ് എന്തു നീലാകാശം’ എന്നു പറയാൻ ഓങ്ങിയതാണു്. അപ്പോഴാണു് അയാൾ ഓർത്തതു് താൻ ഏതു കാല്പനിക ചെളിക്കുണ്ടിൽ ആഴ്ന്നുനിന്നാണു് ചിന്തിക്കുന്നതെന്നു്. അതോടെ നീലാകാശത്തേയും ശുഭ്രനിറത്തിലുള്ള മേഘക്കീറുകളേയും അതിനടുത്തു പറക്കുന്ന നാലു പക്ഷികളേയും ഡിലീറ്റ് ചെയ്തു. അതേ കാരണംകൊണ്ടു് അയൽക്കാരുടെ പൂന്തോട്ടത്തിലെ റോസാപ്പൂക്കളും റീസൈക്ക്ൾ ബിന്നിലേയ്ക്കു തട്ടി. പക്ഷേ, തോട്ടത്തിൽ നനച്ചുകൊണ്ടിരിക്കുന്ന അയൽക്കാരിയെ മനസ്സിന്റെ ഹാർഡ് ഡിസ്കിൽ ഈറോടിക് പിക്ചേഴ്സെന്ന ഡയറക്ടറിയിൽ സ്റ്റോർ ചെയ്തുവച്ചു. എപ്പോഴെങ്കിലും തനിക്കാവശ്യമാവും.
മൂന്നാമത്തെ പിക്കപ്പ് ബസ്സ് വന്നു നിന്നപ്പോഴാണു് താൻ തിരക്കില്ലാത്ത ആദ്യത്തെ രണ്ടു ബസ്സുകളും വന്നപ്പോൾ മൂന്നാംതരം മദനചിന്തകളുമായി വാപൊളിച്ചു നിൽക്കുകയായിരുന്നുവെന്നു് മനസ്സിലാക്കിയതു്. അതവസാനത്തെ ബസ്സാണു്. അയാൾ തിരക്കിട്ടു് അതിൽ പൊത്തിപ്പിടിച്ചു കയറി.
കാന്റീനിൽനിന്നു് അടുത്ത രണ്ടു മണിക്കൂർ അതിജീവിക്കാൻ മാത്രം വിഭവങ്ങൾ അകത്താക്കി സുഭാഷ് തന്റെ മേശക്കുമുമ്പിൽ വന്നിരുന്നു. ഷിറ്റ്! വീണ്ടും പാസ്വേഡ് മറന്നുപോയി. അയാൾ ഇന്റർകോമെടുത്തു് 347 ഡയൽ ചെയ്തു. നാലു ക്യൂബിക്കിൾ അപ്പുറത്തു് അതടിക്കുന്നതു് കേട്ടു. ലതിക ഫോണെടുത്തു് ക്യൂബിക്കിളിന്റെ പാർട്ടീഷനിലൂടെ സുഭാഷിനെ നോക്കി.
‘ഐ ഫോർഗോട്ട് ദ ബ്ലസ്സഡ് പാസ്സ്വേഡ്.’
‘ഏസ് യുഷ്വൽ. അദ്ഭുതമൊന്നുമില്ല. അത്ര വിഷമം പിടിച്ച പാസ് വേഡാണു് സെറ്റ് ചെയ്തിരിക്കുന്നതു്.’
‘എന്താണു് ?’
‘മാനേജരുടെ ഭാര്യയുടെ പേരു്.’
‘ഓ…’
‘നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന സോഫ്റ്റ്വെയർ ആരും ചോർത്തിയെടുക്കാതെ കമ്പനിയെ ദൈവം രക്ഷിക്കട്ടെ!’
സുഭാഷ് മെഷിൻ ബൂട്ടു ചെയ്തു.
പെട്ടെന്നാണു് അയാൾ അഞ്ജലിയെപ്പറ്റി ഓർത്തതു്. അയാൾ മറുവശത്തു് അഞ്ചു് ക്യൂബിക്ക്ൾ അകലെ ഇരിക്കുന്ന അഞ്ജലിയെ നോക്കി. അവളുടെ പിൻഭാഗം അല്പം കാണാം. അയാൾ കമ്പ്യൂട്ടറിൽ അവളുടെ മെഷിന്റെ ഐ. ഡി.-യ്ക്കുവേണ്ടി പരതി. കോം 485. അയാൾ ഓഫീസ് നെറ്റ്വർക്കിൽ അവളോടു് ബന്ധപ്പെട്ടു.
‘ഐ ഏം സുഭാഷ് ഹിയർ. വുഡ് ലൈക് ടു ഓഫർ മൈ കാന്റിഡേച്ചർ.’
അഞ്ജലി പിന്നിലേയ്ക്കു് ചാഞ്ഞു് സുഭാഷിനെ നോക്കി, വീണ്ടും മുമ്പിലേയ്ക്കു് നീങ്ങി കമ്പ്യൂട്ടറിൽ എഴുതാൻ തുടങ്ങി.
‘ഐ ഡോണ്ട് ഗെറ്റ് യു.’ എനിക്കു് നിങ്ങൾ പറഞ്ഞതു് മനസ്സിലായില്ല.
സുഭാഷ് ആശയക്കുഴപ്പത്തിലായി. എന്താണിവളുടെ കളി? അയാൾ അത്രതന്നെ ഉറപ്പില്ലാതെ കീബോർഡിലേയ്ക്കു തിരിഞ്ഞു.
‘ഞാനൊരു മേര്യേജ് പ്രൊപോസലുമായി വന്നതായിരുന്നു.?’
‘എനിക്കോ?’
‘അതേ…’
‘ആരു പറഞ്ഞു ഞാൻ കല്യാണം കഴിക്കാൻ തയ്യാറായിരിക്കയാണെന്നു്?’
‘പിന്നെ എന്തിനാണു് നിങ്ങൾ ഇന്റർനെറ്റ് മട്രിമോണിയലിൽ പ്രൊഫൈൽ കൊടുത്തതു?’
‘ഇൻർനെറ്റിലോ? ആർ യു ജോകിങ്?’
‘ഒരു മിനുറ്റ്…’
അയാൾ തിരിഞ്ഞു് ഇന്റർനെറ്റിൽ മട്രിമോണിയലിന്റെ പേജെടുത്തു. രണ്ടാമത്തെ പേജിൽ ആദ്യത്തേതു് അഞ്ജലിയുടേതാണു്. അതേ, അവൾ തന്നെ.
അയാൾ കീബോർഡിൽ വിരലുകളമർത്തി.
‘നിങ്ങൾക്കു് ഒന്നിവിടംവരെ വരാമോ. ഞാനൊരു കാര്യം കാണിച്ചുതരാം.’
അഞ്ജലി അവളുടെ റിവോൾവിങ് ചെയർ പിന്നിലേയ്ക്കു നീക്കി എഴുന്നേറ്റു വന്നു. സുഭാഷ് മോണിറ്റർ അവളുടെ നേർക്കു തിരിച്ചുവച്ചു.
‘എന്റെ ദൈവമേ!’ അവൾ തലയിൽ കൈവച്ചുകൊണ്ടു് പറഞ്ഞു. ‘ഇതു ഞാനാണല്ലോ.’ അവൾ വായിക്കുകയാണു്. ഫോട്ടോവിൽ ക്ലിക് ചെയ്തപ്പോൾ മറ്റൊരു പേജ് വന്നു. അതിൽ അവളുടെതന്നെ രണ്ടു് ഫോട്ടോകൾ വലുതാക്കി കൊടുത്തിരിക്കുന്നു. ഒന്നു് ആദ്യത്തെ പേജിലേ ഫോട്ടോ തന്നെയാണു്. മറ്റേതു് നില്ക്കുന്ന പോസിൽ.
‘നോ ടെക്നിക്കൽ ഫ്ളോ.’ അവൾ പറയുന്നു. ‘ഇതു് അമ്മ അച്ഛന്റെ സഹായത്തോടെ ചെയ്തതാണു്, എന്നെ അറിയിക്കാതെ. അമ്മയ്ക്കു് ഇ-മെയിൽ അയക്കുന്നതിനപ്പുറമൊന്നും ചെയ്യാനറിയില്ല. അച്ഛനാകട്ടെ അമ്മ ആവശ്യപ്പെടാതെ ഇങ്ങിനെ ഒരു സാഹസം ചെയ്യുകയുമില്ല.’
സുഭാഷ് അവളെ നോക്കിയിരിക്കയായിരുന്നു.
‘ഐ ഏം സോറി.’ അഞ്ജലി പറഞ്ഞു. ‘ഞാൻ ഇങ്ങിനെ ഒരു കാര്യം അറിഞ്ഞിട്ടേയില്ല. ക്ഷമിക്കണം.’
‘ക്ഷമിച്ചു.’
അവൾ ഒന്നും പറയാതെ തിരിച്ചുപോയി.
സുഭാഷ് കീബോർഡിൽ കൈവച്ചിരിക്കയാണു്. എന്താണിനി ചെയ്യേണ്ടതു്? അഞ്ചു മിനുറ്റു നേരത്തെ ചിന്തയ്ക്കു ശേഷം അയാൾ ടൈപ്പു ചെയ്യാൻ തുടങ്ങി.
‘ഇപ്പോൾ നിങ്ങൾ പറ്റിയ ഒരു മാച്ചിനെ കണ്ടുപിടിച്ച സ്ഥിതിയ്ക്കു് മട്രിമോണിയലിലെ പ്രൊഫൈൽ പിൻവലിച്ചുകൂടെ?’
‘പറ്റിയ മാച്ചോ? ആരാണയാൾ?’ അഞ്ജലിയുടെ മറുപടി മോണിറ്ററിൽ തെളിഞ്ഞുവന്നു.
‘യു വേർ ജസ്റ്റ് ചാറ്റിങ് ടു ദാറ്റ് ഗ്രെയ്റ്റ് മാൻ.’
‘അത്ര ഉറപ്പാക്കണ്ട.’ അവൾ കണക്ഷൻ വിഛേദിച്ചു.
‘ഒരു സെൻസ് ഓഫ് ഹ്യൂമറില്ലാത്ത പെണ്ണു്.’ സുഭാഷിനു ദേഷ്യം പിടിച്ചു. തന്റെ മുഖത്തു് വാതിലടച്ച പോലെയാണു് അവൾ മെസ്സഞ്ചർ ഓഫാക്കിയതു്.
അയാൾ തന്റെ കമ്പ്യൂട്ടറിലേയ്ക്കു തിരിഞ്ഞു, പ്രോഗ്രാമിന്റെ മോഡ്യൂൾ സ്ക്രാൾ ചെയ്തു നോക്കി. എവിടെ എത്തി? തലേന്നു് രാത്രി വീട്ടിൽവച്ചു് ചെയ്തതു് കമ്പ്യൂട്ടറിൽ എത്തിയതയാൾ പരതി. ഡീബഗ്ഗ് ചെയ്യണം. മറ്റന്നാൾ രാത്രി ഒമ്പതു മണിയ്ക്കാണു് ലാബിൽ സമയം കിട്ടിയിട്ടുള്ളതു്. അതിനുള്ളിൽ ഈ മോഡ്യൂൾ തീർക്കണം.
ഗ്രൗണ്ട് ഫ്ളോറിൽ രണ്ടു കാന്റീനുകളാണുള്ളതു്. രണ്ടും അടുത്തടുത്തുതന്നെ. സസ്യഭോജനം, സസ്യേതരം. സസ്യഭോജികളുടെ പവിത്രതയും ശുദ്ധിയും കാത്തുസൂക്ഷിക്കുവാനും, ഒരു പരിധിവരെ പ്രലോഭനങ്ങളിൽനിന്നവരെ രക്ഷിക്കാനും ഇടയിൽ അരവരെ ഉയരമുള്ള ഒരു അലുമിനിയം റെയിലിങ് ഉണ്ടെന്നു മാത്രം. പക്ഷേ, രണ്ടു ഭക്ഷണവും ഒരടുക്കളയിൽനിന്നാണു് ജനിച്ചു പുറത്തു വരുന്നതെന്ന കാര്യം സസ്യഭോജികൾ സൗകര്യപൂർവ്വം മറക്കുന്നു. സുഭാഷ് നൂറു ശതമാനം സസ്യേതരനാണു്. പക്ഷേ, ഇന്നു് സസ്യഭക്ഷണം കഴിക്കാമെന്നു് തീരുമാനിച്ചു. ഒരു ട്രേയിൽ പ്ലെയ്റ്റും വച്ചു് അയാൾ ക്യൂനിന്നു. വെജിറ്റബ്ൾ ഫ്രൈഡ് റൈസും ക്വാളിഫ്ളവർകൊണ്ടു് മഞ്ചൂര എന്നവകാശപ്പെടുന്ന കറിയും ഒരു ഗ്ലാസ്സ് ഫ്രെഷ് ലൈംജൂസും എടുത്തു് ഹാളിലേയ്ക്കു് നടന്നു. രണ്ടു പേർക്കിരിക്കാവുന്ന ഒരു മേശമേൽ സ്ഥലമുണ്ടെന്നു കണ്ടു് അയാൾ അങ്ങോട്ടു തിരിഞ്ഞു. ഇരിക്കാൻവേണ്ടി കുനിഞ്ഞപ്പോഴാണു് എതിർവശത്തിരിക്കുന്ന കക്ഷിയെ കണ്ടതു്. അതോടെ അയാൾ ഇരിക്കാതെ വേറെ അത്രതന്നെ അപകടമില്ലാത്ത സ്ഥലമന്വേഷിക്കാനായി തിരിഞ്ഞു. അപ്പോഴാണു് പിന്നിൽനിന്നു് അശരീരി കേട്ടതു്.
‘ഇവിടെ രണ്ടു പേർക്കിരിക്കാനുള്ള സ്ഥലമുണ്ടല്ലൊ.’
സുഭാഷ് തിരിഞ്ഞു് ട്രേ മേശമേൽ വച്ചു് ഇരുന്നു. അഞ്ജലി ഒരു ട്രെയിൽ നിറയെ വിഭവങ്ങൾക്കു മുമ്പിൽ ഇരിക്കുകയാണു്. സുഭാഷിന്റെ ട്രെയിലെ തുഛമായ വിഭവങ്ങൾ അവൾ സാനുകമ്പം നോക്കി. അയാൾ അപ്പോഴും അവളുടെ മുമ്പിലെ ട്രെയിലുള്ള കൂമ്പാരം നോക്കിക്കൊണ്ടിരിക്കയാണു്.
‘എന്താണു് ഇവിടെ ഇരിക്കാതെ തിരിഞ്ഞുനടന്നതു? എന്നെ കണ്ടു പേടിച്ചിട്ടാണോ, അതോ മുമ്പിലുള്ള ട്രേ കണ്ടു പേടിച്ചിട്ടോ.?’
‘ഇത്രയും സാധനങ്ങൾ! ഇതെന്നും കഴിക്കാറുള്ളതാണോ?’
‘എപ്പോഴുമൊന്നുമില്ല. ചിലപ്പോൾ ഞാൻ വല്ലാതെ ഡിപ്രസ്സ്ഡ് ആവും.’
‘അപ്പോൾ കുറച്ചേ കഴിക്കുകയുണ്ടാവൂ അല്ലേ?’ സുഭാഷ് ആശ്വാസത്തോടെ ചോദിച്ചു.
‘അങ്ങിന്യല്ലാ, അപ്പോൾ ഞാൻ മൂന്നു നേരം എന്നതിനു പകരം നാലും അഞ്ചും തവണ ഭക്ഷണം കഴിക്കും.’
‘ഓ…’
‘ഇപ്പൊ മനസ്സിലായില്ലേ അമ്മ പ്രൊപ്പാസലിൽ സത്യം മുഴുവൻ എഴുതിയിട്ടില്ല എന്നു്.’
‘അല്ലെങ്കിലും ഞാൻ വിവാഹ പരസ്യമൊന്നും മുഴുവൻ വിശ്വസിക്കാറില്ല. വീറ്റിഷ് കോംപ്ലക്ഷൻ എന്നൊക്കെ എഴുതും. നേരിട്ടു് കാണുമ്പോഴാണു് മനസ്സിലാവുക, പഞ്ചാബി ഗോതമ്പിന്റെയല്ല, നാടൻ മുട്ടിഗോതമ്പിന്റെ നിറമാണെന്നു്.’
‘നാടൻ മുട്ടിഗോതമ്പിന്റെ നിറമെന്താണു്?’
‘ഇരുണ്ട ബ്രൗൺ നിറം.’
അവൾ സ്വന്തം കൈയ്യിലേയ്ക്കു് നോക്കി. പിന്നെ അത്രതന്നെ ആത്മവിശ്വാസമില്ലാതെ ചോദിച്ചു.
‘എന്റെ നിറം ഏതു വകുപ്പിൽ പെടുത്താം?’
അയാൾ അഞ്ജലിയുടെ നീട്ടിക്കാട്ടിയ കയ്യിലേയ്ക്കു നോക്കി.
‘ഞാൻ നേരത്തെ പറഞ്ഞതുപോലത്തെ വീറ്റിഷ്, അതായതു് നാടൻ മുട്ടിഗോതമ്പിന്റെ നിറം.’
അവൾ കൈ പിൻവലിച്ചു.
‘പാവം, എന്റെ അമ്മടെ വിചാരം എനിയ്ക്കു് വീറ്റിഷ് കോംപ്ലക്ഷനാണെന്നാണു്.’
‘അമ്മ നെറള്ള പെൺകുട്ടികളെ കണ്ടിട്ടുണ്ടാവില്ല. അതാണു്.’ സുഭാഷ് പറഞ്ഞു.
‘നമുക്കു് വേറെ വല്ലതും സംസാരിക്കാം.’ അഞ്ജലി പറഞ്ഞു.
അഞ്ജലിയുടെ പ്ലെയ്റ്റുകൾ പകുതിയും കാലിയായിരുന്നു. സംസാരിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കാൻ അവൾക്കൊരു മിടുക്കുണ്ടു്. താൻ തുടങ്ങിയിട്ടുപോലുമില്ല. സുഭാഷ് സ്പൂണുകൊണ്ടു് വെജിറ്റബ്ൾ ഫ്രൈഡ്റൈസ് കഴിക്കാൻ തുടങ്ങി.
അഞ്ജലി വീട്ടിലെത്തിയപ്പോൾ സാധാരണമട്ടിൽ എട്ടരയായി. വീട്ടിലെത്തിയ ഉടനെ അവൾ കുളിമുറിയിൽക്കയറി. രാത്രിയേ കുളി നടക്കു. രാവിലെ തിരക്കിൽ മേൽക്കഴുകൽ മാത്രം. കുളി കഴിഞ്ഞ ഉടനെ അവൾ ഫോണെടുത്തു വീട്ടിലേയ്ക്കു ഡയൽ ചെയ്തു. അമ്മയാണു് ഫോണെടുത്തതു്.
‘എന്താ മോളെ?’
അവരുടെ സ്വരത്തിൽ പരിഭ്രമം. സാധാരണ ഒമ്പതു മണിയ്ക്കൊന്നും വിളിക്കാറില്ല.
‘അച്ഛനില്ലേ?’
‘ഊണു കഴിഞ്ഞു് മിറ്റത്തു നടക്കാനിറങ്ങിയിരിക്ക്യാണു്. എന്തേ?’
‘ഒന്നുല്ല്യ. അമ്മ ചെയ്തതു് ഭംഗിയായിട്ട്ണ്ട്ന്നു് പറയാൻ വിളിച്ചതാ.’
‘എന്തേ?’ മകളുടെ ശബ്ദത്തിൽ രോഷമുള്ളതു് അവർ കണ്ടുപിടിച്ചു.
‘ഇന്റർനെറ്റ് മട്രിമോണിയലിൽ എന്റെ ഫോട്ടോവും വിവരങ്ങളും കൊടുക്കണ കാര്യം എന്നോടൊന്നു പറയായിരുന്നു.’
‘അതേയ്, ഒന്നു രണ്ടു് പ്രൊപോസല് കിട്ടിക്കഴിഞ്ഞിട്ടു് പറയാംന്നു് വിചാരിച്ചു.’
‘എനിക്കിപ്പൊ കല്യാണം വേണംന്നു് ഞാൻ പറഞ്ഞോ?’
‘അങ്ങിന്യല്ല മോളെ. നിനക്കിപ്പൊ 23 ആയില്ലേ? എല്ലാരും പറയ്യാണു് പെൺകുട്ടികള്ടെ കല്യാണം നേരത്തെ കഴിയ്യാണു് നല്ലത്ന്നു്.’
‘ഇപ്പൊ എന്തേണ്ടായതു?’ അഞ്ജലിയുടെ ശബ്ദം ഉയർന്നിരുന്നു. ‘ഞങ്ങടെ ഓഫീസിലു്, എന്റെ ഫ്ളോറിൽ ത്തന്നെള്ള ഒരു നല്ല പയ്യനെ പിണക്കേണ്ടി വന്നു.’
‘അതെന്തേ?’
‘അതെന്തേന്നോ. അയാള് പ്രൊപോസലുമായി വന്നപ്പോൾ ഞാൻ ഒരാട്ടു വച്ചുകൊടുത്തു അതു് തന്നെ. ഞാനറിഞ്ഞില്ല അയാള് ഇന്റർനെറ്റിലു് ഇതു് കണ്ടിട്ടാണു് ചോദിക്കണത്ന്നു്. എന്നെ കളിപ്പിക്ക്യാണ്ന്നു് കരുതി ഞാൻ.’
‘അയ്യോ, നല്ല ബോയ് ആയിരുന്നോ?’
‘അതെ നല്ല ‘ബോയ്’ തന്നെ.’ അമ്മയുടെ ബോയ് പ്രയോഗം കളിയാക്കിക്കൊണ്ടു് അവൾ മറുപടി പറഞ്ഞു. ‘നല്ല പയ്യൻ, 27, 28 വയസ്സ്. എന്നേക്കാൾ നാലോ അഞ്ചോ ഇഞ്ച് ഉയരം കൂടും. ടീം ലീഡറാണു്. ഞാനിരിക്കണതിന്റെ അഞ്ചാറ് ക്യൂബിക്ക്ൾ അപ്പുറത്താണയാൾ ഇരിക്കണതു്. പാവം പയ്യനാണു്. ആള് വല്ലാതെയായി. എനിക്കിനി അയാള്ടെ മുഖത്തു് നോക്കാൻ പറ്റില്ല.’
‘അയ്യോ…’ ഫോണിന്റെ മറുഭാഗത്തുനിന്നു് ശബ്ദമൊന്നുമില്ല. ഒരു വിടവിനു ശേഷം അമ്മ പറഞ്ഞു തുടങ്ങി. ‘നീയൊരു കാര്യം ചെയ്യ്. നാളെത്തന്നെ…’
അഞ്ജലി ഫോൺ ഡിസ്കണക്ട് ചെയ്തു് ഓഫാക്കിയിട്ടു. അമ്മ രാത്രി മുഴുവൻ വിളിക്കുമെന്നറിയാം. തന്റെ വിലപിടിച്ച ഉറക്കമാണു് അവതാളത്തിലാവുക. അവൾ അടുക്കളയിൽ കടന്നു. ഫ്രിജ്ജിൽനിന്നു് ചപ്പാത്തിയ്ക്കു വേണ്ട കൂട്ടാൻ എടുത്തു ചൂടാക്കാൻ തുടങ്ങി. എല്ലാം മേശപ്പുറത്തു് കൊണ്ടുവന്നുവച്ചപ്പോൾ അവൾക്കു് വിഷമമായി. പാവം അമ്മ. പക്ഷേ, അതു വേണം. തന്നോടൊന്നു് പറയാമായിരുന്നു. അല്ലെങ്കിൽ ആഴ്ചയിൽ നാലും അഞ്ചും പ്രാവശ്യം ഫോൺ ചെയ്യുന്നതാണു്. ഇ-മെയിൽ അയക്കാറുള്ളതാണു്. തന്നോടു പറഞ്ഞിട്ടു മതിയായിരുന്നു ഇന്റർനെറ്റിലെ അഭ്യാസം.
ഭക്ഷണം കഴിഞ്ഞ ഉടനെ അവൾ ഹോംവർക്കിനായി ലാപ്ടോപ് എടുത്തു സോഫയിൽ പോയി ഇരുന്നു. ഹോംവർക്ക് എന്നു് അച്ഛൻ ഇട്ട പേരാണു്. എന്താണിതിനൊക്കെ അർത്ഥം? അഞ്ജലി ആലോചിച്ചു. രാവിലെ ഒമ്പതു്, ഒമ്പതരയ്ക്കു് തുടങ്ങുന്ന ജോലി തുടർച്ചയായി രാത്രി എട്ടു മണിവരെ. പോരാത്തതിനു് വീട്ടിൽ വന്നിട്ടും അതിന്റെ ബാക്കി. ശനിയാഴ്ച ഒഴിവുദിനമാണെന്നാണു് വെപ്പു്. ചിലപ്പോൾ അന്നും പോകേണ്ടിവരും. താൻ കല്യാണം കഴിച്ചിട്ടെന്തു കാര്യം? എങ്ങിനെയാണു് തനിക്കൊരു കുടുംബജീവിതം ഉണ്ടാവുന്നതു്?
വലിയ കാര്യങ്ങളെക്കുറിച്ചാലോചിച്ചു് തല പുണ്ണാക്കേണ്ട. പിന്നെ, ഇതു് തന്റെ മാത്രം പ്രശ്നമല്ല. അവൾ ഉറങ്ങാൻ കിടന്നു. കിടന്നപ്പോൾ അവൾ സുഭാഷിനെ ഓർത്തു. നല്ല പയ്യൻ. കുറച്ചുകൂടി നന്നായി പെരുമാറാമായിരുന്നു. ‘ശരി, നന്നായിപ്പോയി!’ അവൾ ദേഷ്യം പിടിച്ചു് കട്ടിലിന്റെ തലയ്ക്കലുള്ള വിളക്കു് ഒരു ശബ്ദത്തോടെ ഓഫാക്കി.
രാവിലെ എഴുന്നേറ്റ ഉടനെ അഞ്ജലി ഫോൺ ഓണാക്കി. വിചാരിച്ചതുപോലെ അമ്മ എട്ടു പ്രാവശ്യം വിളിച്ചിരുന്നു. അവൾ വാതിൽ തുറന്നു. കമല പത്രവുംകൊണ്ടു് അകത്തേയ്ക്കു കടന്നു. അമ്മയെ അപ്പോൾ വിളിക്കണോ? വേണ്ട, വിളിച്ചാൽ അമ്മ അടുത്തൊന്നും നിർത്തില്ല.
അവൾ കമലയുടെ പിന്നാലെ അടുക്കളയിലേയ്ക്കു ചെന്നു. പെട്ടെന്നു് ഫോണടിച്ചു.
‘അച്ഛനാണു് മോളെ.’
‘എന്താ അച്ഛാ?’
‘മോൾക്കു് വിഷമം ആയോ? നിനക്കറിയില്ല്യേ അമ്മയെ. അവള് അങ്ങിനെയൊന്നും ആലോചിക്കില്ല. എന്നോടു് പറഞ്ഞു ഒന്നു് ചെയ്തുതരണംന്നു്. ഞാനതു് ചെയ്യും ചെയ്തു. എന്നാൽ എനിക്കെങ്കിലും നിന്നോടൊന്നു് സംസാരിച്ചാൽ മത്യായിരുന്നു. അതുംണ്ടായില്ല. നിനക്കിതിനെപ്പറ്റി ഒന്നും അറീല്യാന്നു് എനിക്കും ധാരണണ്ടായിര്ന്നില്ല. പോട്ടെ മോളെ, ക്ഷമിയ്ക്കു്.’
‘സാരല്യ അച്ഛാ.’
‘നല്ല ചെറുപ്പക്കാരനാണോ മോളെ അയാള്?’
‘അതെ അച്ഛാ, പക്ഷേ, സാരല്യ.’
‘നീയൊരു കാര്യം ചെയ്യ്. അയാളോടു് കയർത്തതിനു് മാപ്പു പറയൂ. ചെലപ്പൊ നെന്റെ സ്വഭാവള്ള കുട്ടിയെയായിരിക്കും അയാൾ ഇഷ്ടപ്പെടുക.’
‘അതു കണക്ക്തന്നെ അച്ഛാ. അച്ഛനു് ഇപ്പഴത്തെ ചെറുപ്പക്കാരെപ്പറ്റി അറിയാഞ്ഞിട്ടാ. സാരല്യ. ഒരാളല്ലെങ്കിൽ വേറെ ആള് വരും. ഞാൻ കല്യാണത്തിനു് തയ്യാറാവണംന്ന്ള്ളതാണു് ഏറെ പ്രധാനം. തല്ക്കാലം തയ്യാറല്ല. നോക്കട്ടെ.’
‘നാലഞ്ച് പ്രൊപോസലു് ഇന്നത്തെ ഇ-മെയ്ലിലു് വന്നിട്ട്ണ്ടു്. രണ്ടെണ്ണം ബാംഗളൂരിൽനിന്നാണു്. രണ്ടെണ്ണം ചെന്നൈയിൽനിന്നും. എല്ലാം ഐ. ടി. ഫീൽഡിലാണു്. ബാംഗളൂരിൽ നിന്ന്ള്ളതു് നോക്ക്യാ മതി അല്ലെ?’
‘അച്ഛൻ പറഞ്ഞു് പറഞ്ഞു് എന്നെ ട്രിക്ക് ചെയ്യാണു്.’
അച്ഛൻ ഉറക്കെ ചിരിക്കുന്ന ശബ്ദം അവൾക്കു കേൾക്കാം.
‘ബാംഗളൂരിൽനിന്നുള്ള പ്രൊപോസലുകാരുടെ ജാതകം നോക്കണം. പറ്റുമെങ്കിൽ ആ ചെറുപ്പക്കാരനോടു് അയാളുടെ ജാതകക്കുറിപ്പു് അയച്ചുതരാൻ പറയു.’
‘എന്നെക്കൊണ്ടു് അതിനൊന്നും പറ്റില്ല. അയാള് വേണ്ടാന്നാ എന്റെ അഭിപ്രായം.’
‘അതെന്താ മോളെ?’
‘ഞാൻ അയാളോടു് ഇങ്ങിന്യൊക്കെ പെരുമാറീട്ടു് ഇനി അതു് ശരിയാവില്ല.’
‘നോക്കു് മോളെ.’
‘അച്ഛാ, എനിക്കു് ഓഫീസിൽ പോണം.’ അവൾ ഫോൺ വെച്ചു കുളിമുറിയിലേയ്ക്കു നടന്നു.
ഇപ്പോൾ അമ്മ വന്നു് അച്ഛനെ ശല്യം ചെയ്യുന്നുണ്ടാവും. അഞ്ജലി ആലോചിച്ചു. മോളെന്തേ പറഞ്ഞതു്? എന്നെപ്പറ്റി അന്വേഷിച്ചോ…
അഞ്ജലി ആലോചിച്ചപോലെത്തന്നെയാണു് അവളുടെ അച്ഛനും അമ്മയും സംസാരിച്ചിരുന്നതു്. ഭർത്താവു് മകളോടു് സംസാരിക്കുമ്പോൾ എന്തോ ജോലിയെടുക്കുകയാണെന്ന ഭാവത്തിൽ അവിടെ ചുറ്റിപ്പറ്റി നിന്ന ഭാര്യ ഭർത്താവു് ഫോൺ വെയ്ക്കാൻ കാത്തുനിൽക്കുകയായിരുന്നു. താൻ അപ്പോൾ ഇടപെട്ടാൽ എല്ലാം അലമ്പാവും എന്നറിയാവുന്ന അവർ ക്ഷമയോടുകൂടി കാത്തുനിന്നു. അച്ഛനു് മകളുടെ മൂഡ് നന്നാക്കാൻ കഴിയുമെന്നു് അവർക്കറിയാം. അദ്ദേഹം വളരെ തന്ത്രപൂർവ്വം പെരുമാറും. തനിയ്ക്കതു കഴിയില്ല.
‘അവള് അമ്മയെപ്പറ്റി ഒന്നും അന്വേഷിച്ചില്ല. പക്ഷേ, ആള് കുറേ തണുത്തിട്ട്ണ്ടു്. നീയിനി അതും ഇതും പറഞ്ഞു് അവള്ടെ മൂഡ് കേടുവരുത്തണ്ട.’
‘ഏയ്, ഞാനൊന്നും പറയ്ണില്ല. എന്തേ അവള് പറഞ്ഞതു്. അവസാനം സമ്മതിച്ചോ?’
‘എന്തിനു്?’
‘ഇപ്പൊ കല്യാണം ആവാംന്നു്?’
‘അവള് ഒന്നും പറഞ്ഞില്ല. ഇപ്പൊ വേണ്ടാന്നും പറഞ്ഞില്ല.’
‘അതിനർത്ഥം അവള് തയ്യാറാന്നല്ലെ?’
‘അല്ല, അവൾക്കു് രാവിലെ ഓഫീസിൽ പോവാനുണ്ടു്, ഇപ്പൊ സംസാരിക്കാൻ നേരല്ല്യാന്നു് മാത്രം.’
‘ഞാനീ കുട്ടിയെക്കൊണ്ടു് തോറ്റു.’
‘അല്ല ലക്ഷ്മി, ഒരു കാര്യം ചോദിക്കട്ടെ?’
‘എന്താ?’
‘നീ അവളോടു് കല്യാണക്കാര്യം സംസാരിച്ചിട്ടേ ഇല്ല അല്ലെ?’
‘അല്ലാന്നേയ്, നമ്മടെ മാലതിയേടത്തി പറയ്യാണു് പെൺകുട്ടികള്ടെ കല്യാണം വേഗം നടത്ത്വാണു് നല്ലത്ന്നു്. ഇപ്പ ബോയും ഗേളും തമ്മിലു് നാലു്, കൂടിയാൽ അഞ്ചു് വയസ്സ് വ്യത്യാസേണ്ടാവാറുള്ളു. ആൺകുട്ടികളാണെങ്കിൽ ഇരുപത്തേഴു് ഇരുപത്തെട്ടു വയസ്സിനുള്ളിലു് കല്യാണം കഴിക്കും ചെയ്യും. അപ്പൊ നോക്കു അഞ്ജലിയ്ക്കു് അന്വേഷിക്കണ്ട സമയായില്ലേ?’
‘അങ്ങിന്യൊന്നും ഇല്ല. ഞാൻ അറിയണ എത്ര ആൺകുട്ടികള് ഇരുപത്തൊമ്പതിലും മുപ്പതിലും ഒക്കെ കല്യാണം കഴിച്ചിട്ട്ണ്ടു്.’
‘ഇപ്പഴത്തെ പെൺകുട്ടികളെ അറിയാഞ്ഞിട്ടാ. ആൺകുട്ടികൾക്കു് ഇരുപത്തൊമ്പതോ മുപ്പതോ ആയാൽ അയാൾ വയസ്സനായീന്നാ പറേണതു?’
‘എന്റെ ദൈവമേ!’ മാധവൻ തലയിൽ കൈവച്ചുകൊണ്ടു് പറഞ്ഞു. ‘മുപ്പതു വയസ്സിൽ ഒരാൾ വയസ്സനായിട്ട്ണ്ടെങ്കിൽ ഈ അമ്പത്തെട്ടാം വയസ്സിൽ എന്റെ സ്ഥിതി എന്താണു്?’
‘മറിച്ചാണു് സ്ഥിതി.’ മാധവൻ തുടർന്നു. ‘പെൺകുട്ടികൾക്കു് വേഗം വയസ്സു തോന്നിയ്ക്കും. ഒരു അഞ്ചു കൊല്ലം കഴിഞ്ഞു് നോക്കിയാൽ അറിയാം. മുപ്പത്തഞ്ചാം വയസ്സിലും ഭർത്താവു് നല്ല പയ്യനായി ഇരിക്ക്ണ്ണ്ടാവും. മറിച്ചു് ഭാര്യ ഒരു പ്രസവം കഴിഞ്ഞാൽ തടിച്ചു് ഒരമ്മച്ചിയാവും. പയ്യന്റെ ചേച്ചിയാണെന്നേ തോന്നു. ഇപ്പ നമ്മടെ കാര്യംതന്നെ നോക്കിയാൽ മതി.’
‘ഓ…’
‘ഗുഡ് മോണിങ്.’
സുഭാഷ് കീബോർഡിൽ എഴുതി മറുപടിയും പ്രതീക്ഷിച്ചുകൊണ്ടു് മോണിറ്ററിൽ നോക്കി. മറുപടി പെട്ടെന്നുതന്നെ വന്നു.
‘ഈസിറ്റ് ?’
‘എന്തേ?’
‘എന്റെ പ്രാതൽ മോശായിരുന്നു. ഐ ഹാഡെ ബാഡ് ബ്രെയ്ക്ഫാസ്റ്റ്.’
‘വാട്ടെ പിറ്റി…’
‘താങ്ക്സ്.’
സുഭാഷ് കണക്ഷൻ വിഛേദിച്ചു. ഈ പെണ്ണിനോടു് ചാറ്റ് ചെയ്തിരുന്നാൽ തന്റെ ജോലിയൊന്നും നടക്കില്ല. രാവിലെ പത്തരയ്ക്കു് ടീമിന്റെ മീറ്റിങ്ങുണ്ടു്. അതിനുള്ള തയ്യാറെടുപ്പു് വേണം. അതൊരു പ്രഹസനമാണു്. എങ്കിലും തയ്യാറെടുത്തേ പറ്റൂ. അയാൾ തന്റെ ടീമിലുള്ളവരുടെ പ്രോഗ്രസ്സ് നോക്കി. ആരും മോശമില്ല. താനാണു് താരതമ്യേന പിന്നിൽ. രണ്ടു ദിവസത്തെ ഡിബഗ്ഗിങ് തന്നെ പിടിച്ചു് പിന്നിലാക്കിയിരിക്കയാണു്. ഷിറ്റ്.
മീറ്റിങ് കഴിഞ്ഞപ്പോൾ സമയം പന്ത്രണ്ടര. ഇനി ലഞ്ചു കഴിഞ്ഞു വന്നിട്ടു് ജോലി തുടങ്ങാം. സുഭാഷ് ഗ്രൗണ്ട് ഫ്ളോറിലേയ്ക്കു പോയി. ഇന്നു് സസ്യേതരനാവാം. ക്യൂ നിന്നു് ട്രേയിൽ ചിക്കൻ കറിയും തണ്ടൂരിറൊട്ടിയും സാലഡുമെടുത്തു് അയാൾ സ്ഥലമന്വേഷിച്ചു നടന്നു. ആൾക്കാർ വന്നുതുടങ്ങുന്നേയുള്ളൂ. ഒരൊഴിഞ്ഞ മേശ ലാക്കാക്കി നടക്കുമ്പോഴാണു് ഇടതുവശത്തുനിന്നു് വിളിയുണ്ടായതു്. ‘ഹായ്.’
അവൾതന്നെ. ശരിയ്ക്കു പറഞ്ഞാൽ സുഭാഷ് അഞ്ജലിയെ സസ്യേതരവിഭാഗത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. അവൾ സസ്യഭുക്കാണെന്ന തോന്നലാണുണ്ടായിരുന്നതു്. അവൾ രണ്ടുപേർക്കിരിക്കാവുന്ന മേശയ്ക്കു പിന്നിൽ…
‘നീയൊരു മാംസഭുക്കാണെന്നു് ഞാൻ കരുതിയിരുന്നില്ല.’
‘അദ്ഭുതങ്ങൾ സംഭവിക്കുന്നു അല്ലെ?’
‘വലിയ അദ്ഭുതമൊന്നുമില്ല.’ സ്വന്തം ട്രേ മേശമേൽ വച്ചുകൊണ്ടു് സുഭാഷ് പറഞ്ഞു. ‘ഞാനതു് ഇന്നലെത്തന്നെ മനസ്സിലാക്കേണ്ടതായിരുന്നു.’
‘എങ്ങിനെ?’
‘യു വേർ ലുക്കിങ് ലൈക്കെ ഫിഷ് ഔട്ടാ വാട്ടർ ഇൻ ദ വെജിറ്റേറിയൻ ഹാൾ.’
‘ഡിഡ്യു സേ ഫിഷ്?’ അവൾ അവളുടെ ട്രേ പരതുകയായിരുന്നു. ‘ഞാനൊരു ഫിഷ് ഫ്രൈ എടുത്തിരുന്നു. എവിടെപ്പോയി അതു?’
‘മുമ്പിലുള്ള കാട്ടിൽനിന്നു് ഒരു ചെറിയ സാധനം കിട്ടാൻ കുറച്ചു പാടുപെടും.’
‘കിട്ടി.’ അവൾ ഒരു മീൻ വറുത്തതിന്റെ വട്ടത്തിലുള്ള കഷ്ണം എടുത്തു പൊന്തിച്ചു കാണിച്ചു.
‘ഇന്നലെ ഞാൻ അമ്മയോടു് സംസാരിച്ചു. ഐ ഗേവ് ഹേർ എ പീസോഫ് മൈ മൈന്റ്.’
‘എന്തിനു്?’
‘എന്നോടു ചോദിക്കാതെ മട്രിമോണിയലിൽ കൊടുത്തതിനു്.’
‘ഓ…’
‘ഇന്നു രാവിലെ അച്ഛന്റെ ഫോണുണ്ടായിരുന്നു. കുറേ പ്രൊപോസലുണ്ടായിരുന്നെന്നു്.’
‘എന്റെ പ്രൊപോസലുണ്ടാവാൻ വഴിയില്ല, കാരണം ഞാൻ അയച്ചിട്ടില്ല.’
‘ഞാൻ പ്രതീക്ഷിക്കുന്നുമില്ല.’
അഞ്ജലി നേരത്തെ വീട്ടിലെത്തി. അവൾക്കു് അമ്മയോടു് ദേഷ്യം പിടിച്ചിരുന്നു. എല്ലാ കുഴപ്പവും തുടങ്ങിവച്ചു് നാട്ടിൽ സുഖമായി ഇരിക്കുന്നു. ഏഴുമണിയ്ക്കു് ആദ്യത്തെ പിക്കപ്പ് ബസ്സിൽ വീട്ടിൽ എത്തിയപ്പോൾ ചെറിയചെറിയ ജോലികളൊക്കെ തീർക്കാമെന്നു കരുതി. ജോലിദിവസങ്ങളിൽ ഇങ്ങിനെ കിട്ടുന്ന സമയങ്ങളിൽ ആ വക ജോലി തീർത്താൽ ശനിയും ഞായറും കൂടുതൽ സമയം പാട്ടുകേട്ടു് ആസ്വദിക്കാം. അല്ലെങ്കിൽ വെറുതെ കിടന്നു് ഉറങ്ങുകയെങ്കിലും ചെയ്യാം. പക്ഷേ, വീട്ടിലെത്തിയപ്പോൾ അതിനുള്ള മൂഡൊന്നുമുണ്ടായില്ല. അവൾക്കു് സുഭാഷിനോടും ദേഷ്യം തോന്നി. പക്ഷേ, ദേഷ്യം പെട്ടെന്നുതന്നെ തണുത്തു. പാവം മനുഷ്യൻ. അമ്മ പറഞ്ഞതുകൊണ്ടാണു് ഇന്റർനെറ്റിൽ പോയി പരതിയതു്. അവിടെ ഇങ്ങിനെ അപകടം പതിയിരിക്കുന്നുണ്ടാവും എന്നൊന്നും കരുതിയിട്ടുണ്ടാവില്ല. ഒരുപക്ഷേ, ഇതോടെ കല്യാണാലോചനകളെല്ലാം തൽക്കാലം നിർത്തിവെച്ചിട്ടുമുണ്ടാവും. വീട്ടിൽ ആരൊക്കെയുണ്ടു് എന്നു ചോദിച്ചതിനു് പറഞ്ഞ മറുപടി ഇതായിരുന്നു.
‘ഒരാൾ മാത്രം. അമ്മ. അമ്മയ്ക്കു് ഞാനും.’
‘അച്ഛൻ?’
‘അച്ഛൻ മരിച്ചു. അഞ്ചുകൊല്ലം മുമ്പു്. എന്നെ ഒരു സ്ഥിതിയിലാക്കാനുള്ള അദ്ധ്വാനം കാരണമാവണം മൂപ്പരു് നേരത്തെ മരിച്ചതു്. വല്ലാത്ത അദ്ധ്വാനം തന്നെയായിരുന്നു.’
അയാൾ കുറേ നേരം എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. അഞ്ജലി പറഞ്ഞു.
‘നിങ്ങൾ ഭക്ഷണം മറന്നുപോയോ?’
ലാന്റ്ഫോണിന്റെ സംഗീതം കേട്ടപ്പോൾ അഞ്ജലി വീണ്ടും അവളുടെ ഫ്ളാറ്റിൽ തിരിച്ചെത്തി. വീട്ടിലെ നമ്പർ തന്നെയാണു്. അമ്മയാവാനെ തരമുള്ളു. അച്ഛൻ അങ്ങിനെ വിളിക്കാറില്ല. താൻ വീട്ടിലെത്തിയിട്ടുണ്ടെങ്കിൽ സംസാരിക്കാമെന്നു വച്ചു് വിളിക്കുന്നതായിരിക്കും.
‘മോളെ, അമ്മയാണു്?’
‘അത്യോ?’ അവൾ അദ്ഭുതം പ്രകടിപ്പിച്ചു.
‘എന്നെ കളിപ്പിക്ക്യാണല്ലെ. ഇപ്പഴും നെനക്കു് ദേഷ്യംണ്ടോ എന്നോടു്? നീ വീട്ടിലെത്തിയോ?’
‘ഇല്ല, ഞാൻ ലാന്റ്ഫോണുംകൊണ്ടാണു് ഓഫീസിൽ പോണതു്.’
‘നെന്നോടു് ഒന്നും സംസാരിക്കാൻ വയ്യാന്നായിരിക്കുണു. അതു പോട്ടെ. ഇന്നലെ വന്ന ജാതകങ്ങളിലു് രണ്ടെണ്ണം നന്നായി ചേര്ണ്ണ്ടു്.’
‘ഇനിയെന്താണു് വേണ്ടതു? കല്യാണം ഒറപ്പിക്ക്യന്ന്യല്ലെ?’
‘ഔ ഈ പെണ്ണിന്റെ ദേഷ്യം മാറാൻ ഞാനെന്താണു് വേണ്ടതു? ആ പയ്യനെ കാണാറുണ്ടോ?’
‘അമ്മേ ആ പയ്യന്റെ കാര്യം ഇനി ഒന്നും പറയണ്ട. ഞാനതു് ഉപേക്ഷിച്ചു.’
‘കഷ്ടായി…’
‘അമ്മേ ഞാനിപ്പൊ എത്തിയിട്ടേ ഉള്ളു. ഒന്നു് കുളിക്കണം, കുറച്ചു ജോലിയെടുക്കണം. ആദ്യംതന്നെ ഒരു ചായ കുടിക്കണം…’
‘ശരി, നീ അതൊക്കെ ചെയ്യ്, ഞാൻ വെറുതെ വിളിച്ചതാ.’
ടാപ്പിൽ വരുന്ന വെള്ളത്തിനു് നേരിയ ചൂടുണ്ടു്. പകൽ മുഴുവൻ ടെറസ്സിലുള്ള ടാങ്കുകൾ പൊള്ളുന്ന വെയിലത്താവും. വിന്ററിൽ ഈ ചൂടു കിട്ടിയാൽ ഗെയ്സർ ഓണാക്കാതെ കഴിക്കാം. പക്ഷേ, തണുപ്പുകാലത്തു് വെള്ളം ഇങ്ങിനെ ചൂടാവുകയുമില്ല.
ഒമ്പതു മണിയ്ക്കു് ചപ്പാത്തിയും കുറുമയും കഴിച്ചു്, സി. ഡി. പ്ലെയറിന്റെ ഫോണുകൾ ചെവിയിൽ തിരുകി സൈമൻ ഏന്റ് ഗാർഫങ്കലിന്റെ ബ്രിഡ്ജ് ഓവർ ട്രബ്ൾഡ് വാട്ടേഴ്സ് കേട്ടുകൊണ്ടു് അവൾ ലാപ്ടോപ്പുമെടുത്തു് കിടയ്ക്കയിൽ ഇരുന്നു. ജോലി തുടങ്ങുന്നതിനു മുമ്പു് മെയിൽ ചെക് ചെയ്യാം. ഭാഗ്യത്തിനു് ഡിലീറ്റ് ചെയ്തു കളയേണ്ട ജങ്ക് മെയിൽ ഒന്നുംതന്നെ ഇല്ല, അമ്മയുടെ കത്തുകളൊഴികെ. അവ വായിക്കാൻ മെനക്കെടാതെ ഡിലീറ്റു ചെയ്യാൻ നോക്കുമ്പോഴാണു് കണ്ടതു്, അതിനോടൊപ്പം അറ്റാച്ച്മെന്റുമുണ്ടു്. ജിജ്ഞാസ ഒതുക്കാനാവാതെ അവൾ ആ കത്തു് തുറന്നു.
രാവിലെ കിട്ടിയ രണ്ടു ആലോചനകളുടെ വിവരങ്ങളാണു്. ചെന്നൈയ്യിൽനിന്നുള്ള ആലോചന നോക്കുന്നില്ല. രണ്ടു പയ്യന്മാരുടെയും ഫോട്ടോ ഒപ്പം അയയ്ക്കുന്നു. അഭിപ്രായം അറിയിക്കൂ. രണ്ടു് പേര്ടേം ജാതകം നന്നായി ചേര്ണ്ണ്ടു്.
അഞ്ജലി അറ്റാച്ച്മെന്റ് തുറന്നു. രണ്ടു ഫോട്ടോകൾ. നല്ല പയ്യന്മാർ. ഒരാൾക്കു് മീശയുണ്ടു്. സാരമില്ല, അതെടുത്തുകളയാൻ പറയാം. രണ്ടുപേരും സുഭാഷിനെക്കാൾ സുന്ദരന്മാരാണു്. സൗന്ദര്യം ഒട്ടും ചോർന്നുപോകാതിരിക്കാൻ വളരെ സൂക്ഷിച്ചാണു് രണ്ടുപേരും ക്യാമറയുടെ മുമ്പിൽ നില്ക്കുന്നതു്. നന്നായി വസ്ത്രം ധരിച്ചു് ഇല്ലാത്ത ചിരി ഉണ്ടാക്കുന്ന തിരക്കിൽ അല്പം നെർവ്വസ്സായി രണ്ടും നിൽക്കുന്നു. ഇവരുമായി നോക്കുമ്പോൾ സുഭാഷിന്റെ വസ്ത്രധാരണം വളരെ അശ്രദ്ധമായിട്ടാണു്. താൻ ധരിക്കുന്ന വസ്ത്രത്തെപ്പറ്റി അയാൾ തീരെ ബോധവാനല്ല എന്നു തോന്നും. അമേരിക്കൻ കമ്പനിയിൽ ഇതു നടക്കുമായിരിക്കും.
അവൾ രണ്ടു കത്തുകളും മുഴുവൻ വായിക്കുകകൂടി ചെയ്യാതെ ഡിലീറ്റുചെയ്തു. ഇനി ജോലി തുടങ്ങാം.
ഓഫീസിൽ പോകുന്നതു് നല്ല ലഞ്ചു കഴിക്കാനാണെന്ന ബോധം അഞ്ജലിയ്ക്കുണ്ടു്. അവൾ ആദ്യത്തെ കമ്പനി മാറാനുള്ള കാരണംതന്നെ അതാണു്. ഒന്നാമതു് അവിടെ കാന്റീനുണ്ടായിരുന്നില്ല. രണ്ടാമതു് ശനിയാഴ്ച ഒഴിവുദിനമല്ല. ഇതു രണ്ടും തന്റെ ജീവിതരീതിയുമായി പൊരുത്തപ്പെടുന്നതല്ല. ഇത്ര സമയം കൃത്യമായി ജോലി ചെയ്യണമെന്നൊന്നും ആരും പറയുന്നില്ല. നേരത്തെ പോകണമെങ്കിൽ പോകാം. പക്ഷേ, നിങ്ങളുടെ ജോലി നിങ്ങൾതന്നെ തീർക്കേണ്ടതുകൊണ്ടു് പിന്നെ കഷ്ടപ്പെടാതിരിക്കണമെങ്കിൽ ജോലിയെടുത്തേ തീരൂ. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതു് ഒരു വലിയ സോഫ്റ്റ്വെയറിന്റെ ചെറിയൊരു ഭാഗം മാത്രമാണു്. പക്ഷേ, നിസ്സാരമെന്നു തോന്നുന്ന ആ ഭാഗംകൂടി കിട്ടാതെ ആ സോഫ്റ്റ്വെയർ പൂർണ്ണമാകുന്നില്ല. വലിയൊരു ചങ്ങലയുടെ ഏറ്റവും ബലഹീനമായ കണ്ണിയാവാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കും. മറ്റൊരു കാര്യമുള്ളതു് ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിർത്താൻ പറ്റില്ലെന്നതാണു്. ഒരുവരി കഴിഞ്ഞാൽ അടുത്തതു് സ്വാഭാവികമായും വരുന്നു. അതിനിടയിൽ ജോലി നിർത്താനും കമ്പ്യൂട്ടർ ഓഫാക്കാനൊന്നും ഓർമ്മയുണ്ടാവില്ല. ഇടയ്ക്കു് പ്രശ്നങ്ങളുണ്ടായാൽ കഴിഞ്ഞു. പിന്നെ അതിന്റെ പിന്നാലെയായി. സമയം പോകുന്നതറിയില്ല. സമയം എട്ടായിയെന്നു് ആരെങ്കിലും പറയുമ്പോഴാണു് മോണിറ്ററിൽനിന്നു് മുഖമുയർത്തുക. പെട്ടെന്നു് എല്ലാം ഓഫാക്കി എഴുന്നേൽക്കും. വൈകിയതൊന്നും കൂസാതെ അപ്പോഴും ജോലിയെടുക്കുന്ന മററുള്ളവരുടെ ഇടയിലൂടെ, ലിഫ്റ്റിനുവേണ്ടി ഓടുന്നു. അവസാനത്തെ ബസ്സ് സ്റ്റാർട്ടാക്കി നിർത്തിയിട്ടുണ്ടാവും.
സുഭാഷിനെ കണ്ടിട്ടു് നാലഞ്ചു ദിവസമായി, അതായതു് കാന്റീനിൽ. ഓഫീസിൽ വല്ലപ്പോഴും കാണും. അയാൾക്കു് ഓരോ മണിക്കൂർകൂടുമ്പോൾ കാപ്പി കുടിക്കാനൊരു പോക്കുണ്ടു്. ഓരോ ഫ്ളോറിലും ഒരു കോഫിവെന്റിങ് മെഷിനും പെപ്സി വെന്റിങ് മെഷിനുമുണ്ടു്. കമ്പനിവക സൗജന്യമാണു്. കാപ്പി തന്റെ ഇഷ്ടപാനീയമല്ല. കാപ്പിക്കു പകരം താൻ പോകാറ് മറുവശത്തുള്ള പെപ്സി കുടിക്കാനാണു്. അതുകൊണ്ടു് ആ നേരത്തും സുഭാഷിനെ കാണാൻ വഴിയില്ല. അല്ലെങ്കിൽ കണ്ടിട്ടെന്തു വേണം?
സുഭാഷും ചിന്തിച്ചിരുന്നതു് ഇതേ മട്ടിലായിരുന്നു. ഇന്നലെയും അമ്മയുടെ കത്തുണ്ടായിരുന്നു. എന്തായി നിന്റെ അന്വേഷണം? ഞാനിവിടെ ഒറ്റയ്ക്കാണു്. ആകെള്ളതു് ഒരമ്മാവനാണു്. എട്ടന്റെ മകളെ കല്യാണം കഴിക്കാൻ നിനക്കു് താല്പര്യല്ല എന്നറിഞ്ഞതിൽപ്പിന്നെ മൂപ്പരും അങ്ങിനെ തിരിഞ്ഞുനോക്കാറൊന്നുമില്ല. അങ്ങിനത്തെ ഒരാളോടു് എങ്ങിന്യാ ഈ കാര്യം പറയ്യാ? അപ്പൊ നീതന്നെ അന്വേഷിക്കണം. വല്ല ജാതകും കിട്ട്യാലു് എനിക്കയച്ചുതന്നാ മതി. നമ്മടെ കുട്ടികൃഷ്ണപ്പണിക്കരോടു് ചോദിക്കാം…
ഇന്റർനെറ്റിൽ രജിസ്റ്റർ ചെയ്തിട്ടാലോ? സുഭാഷ് നാരായണൻ. 27 വയസ്സ്. 5 അടി 10 ഇഞ്ച് ഉയരം. രോഹിണി നക്ഷത്രം. വടക്കാഞ്ചേരി ദേശം. ബാംഗളൂരിൽ എം. എൻ.-സിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ. ഒരു ഫോട്ടോ കൊടുക്കാം. അതുതന്നെ വലുതാക്കാനുള്ള ലിങ്ക് കൊടുക്കുകയും ചെയ്യാം. തന്റെ വെബ് ക്യാമറകൊണ്ടു് നല്ലൊരു ഫോട്ടോ എടുക്കണം. ഇഷ്ടാനിഷ്ടങ്ങളുടെ കോളത്തിൽ എന്തൊക്കെയാണു് എഴുതേണ്ടതു?
- ഒന്നു്:
- പെണ്ണു് തൊട്ടാവാടിയാകരുതു്.
- രണ്ടു്:
- കാര്യങ്ങളൊക്കെ സ്വന്തം ചെയ്യാൻ കഴിവുള്ളവളായിരിക്കണം. (എന്തിനും ഭർത്താവിനെ ആശ്രയിക്കരുതു് എന്നർത്ഥം.)
- മൂന്നു്:
- ജോലി വേണം, കഴിയുന്നതും സോഫ്റ്റ്വെയർ രംഗത്തുതന്നെ. (ജോലിയില്ലെങ്കിൽ വീട്ടിനുള്ളിലിരുന്നു് ഓരോന്നു് ആലോചിച്ചുണ്ടാക്കും. ക്രമേണ അയൽക്കാരികളുമായി ചേർന്നു് പരദൂഷണം തൊഴിലാക്കും. നല്ല ജോലിയായിരിക്കണം, കാരണം നമ്മുടെ സമയം മറ്റൊരാൾക്കുവേണ്ടി ചെലവാക്കുമ്പോൾ അതിനു് കിട്ടാവുന്നതിൽ പരമാവധി പ്രതിഫലവും വേണം.)
സുഭാഷ് ചിരിച്ചു. ഇങ്ങിനെയൊക്കെ നിബന്ധനകൾ വെച്ചാൽ പെൺകുട്ടികളെ കിട്ടിയില്ലെന്നേ വരൂ. കിട്ടിയില്ലെങ്കിൽ വേണ്ട, കല്യാണം കഴിക്കണമെന്നു് ആർക്കാണു് ഇത്ര നിർബ്ബന്ധം?
ഉച്ചയ്ക്കു് കാന്റീനിൽവച്ചു് അഞ്ജലിയെ കണ്ടു. അവൾ താനിരിക്കുന്നിടത്തേയ്ക്കു് വരികയാണുണ്ടായതു്.
‘ഇത്ര ദിവസം എവിടെയായിരുന്നു?’ ട്രേ മേശപ്പുറത്തു് വെച്ചുകൊണ്ടു് അവൾ ചോദിച്ചു. സുഭാഷ് ചിരിച്ചു.
‘രണ്ടു ദിവസം മീറ്റിങ്ങുണ്ടായിരുന്നു. മാനേജരുടെ വകയായിരുന്നു ലഞ്ച്. മൂന്നാം ദിവസവും മീറ്റിങ്ങുണ്ടായിരുന്നു. പക്ഷേ, പിശുക്കൻ തന്ത്രപൂർവ്വം മീറ്റിങ്ങ് ഒന്നേകാലിനു നിർത്തി, ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞു് ഒഴിവായി. ഇവിടെ എത്തിയപ്പോഴേയ്ക്കു് കാന്റീനിലെ വിഭവങ്ങളൊക്കെ തീർന്നിരിക്കുന്നു.’
‘അയ്യോ പാവം.’
‘എന്താ ചെയ്യാ? ആദ്യം വന്നു് തട്ടുന്നവർക്കു് ഇനിയും ആളുകൾ കഴിക്കാനുണ്ടെന്ന ബോധം ഇല്ലെങ്കിൽ?’
‘എന്നിട്ടു്, ഒന്നും കഴിച്ചില്ല്യേ?’
‘ഹേയ്, ഞാൻ പുറത്തുപോയി ഇന്റിജോവിൽനിന്നു് ബുഫെ ലഞ്ച് കഴിച്ചു.’
‘അതു് ശരി, വില്ലൻ!’
അഞ്ജലി ഒന്നും പറയാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പക്ഷേ, അവളുടെ മുഖം വാടിയിരുന്നു. സുഭാഷ് ചോദിച്ചു.
‘എന്താണു് പെട്ടെന്നു് മൂഡോഫായതു?’
‘ഒന്നുംല്ല്യ.’ അവൾ പ്ലെയ്റ്റിൽനിന്നു് സ്പൂൺകൊണ്ടു് ചിക്കൻ മയോനീസ് കഴിക്കുകയാണു്.
ചിക്കൻ മയോനീസ് അവളുടെ മൂഡ് അല്പം നന്നാക്കിയെന്നു തോന്നുന്നു. സ്പൂൺ പ്ലെയ്റ്റിൽ വച്ചു് അവൾ പറഞ്ഞു.
‘അച്ഛനുള്ളപ്പോൾ ഞങ്ങൾ മൂന്നു തവണ ഇന്റിജോവിൽ പോയിട്ട്ണ്ടു്.’
‘അച്ഛനെ ഓർമ്മ വന്നതുകൊണ്ടാണോ മൂഡോഫായതു?’
‘അല്ല അന്നെല്ലാം കഴിച്ച സാധനങ്ങൾ ഇനി അടുത്തൊന്നും കിട്ടില്ലല്ലോന്നു് ഓർത്തിട്ടു്.’
ഇവൾ ആള് കൊള്ളാമല്ലൊ. സുഭാഷ് ആലോചിക്കുകയാണു്. ഇന്റർനെറ്റിൽ കല്യാണക്കുറിപ്പു കൊടുക്കുമ്പോൾ ഇഷ്ടാനിഷ്ടങ്ങളുടെ കോളത്തിൽ നാലാമതൊരിനംകൂടി കൊടുക്കണമെന്നയാൾ തീർച്ചയാക്കി.
- 4.
- പെൺകുട്ടി തീറ്റപ്പണ്ടാരമാവരുതു്.
‘അഞ്ജലിയുടെ ഹോബികൾ എന്തൊക്കെയാണു്?… ഐ മീൻ അപാർട് ഫ്രം ഗ്ലട്ടണി.’
‘ആർ യു സീരിയസ് എബൗട്ട് മൈ ഈറ്റിങ്? എന്റെ ഹോബികൾ… ഞാൻ പാട്ടു കേൾക്കാറുണ്ടു്.’
‘ഏതൊക്കെ?’
‘പഴയ ഇംഗ്ലീഷു പാട്ടുകൾ. സൈമൺ ആന്റ് ഗാർഫങ്കൽ…’
‘ഉം, പിന്നെ?’
‘പിന്നെ ഒന്നുമില്ല. ഈ സി. ഡി. എന്റെ ഒരു ഫ്രന്റ് ബർത്ഡേ ഗിഫ്റ്റായി തന്നതാണു്.’
‘വേറെ ഒന്നുംല്യേ?’
‘ഉം, ഉം…’ അല്പം വല്ലായ്മയോടെ അഞ്ജലി പറഞ്ഞു.
‘ഗാർഫങ്കൽ അറുപതു്, എഴുപതുകളിൽ പാടിയിട്ടുള്ളതാണു്. ഒപ്പമുള്ളവരാണു് ടോം ജോൺസ്, എങ്കൽബർട്ട് ഹംബർഡിങ്ക്ട്, കാർപന്റേഴ്സ്, ബീജീസ്, നീൽ ഡയമണ്ട്… അവരുടെ പാട്ടുകളൊന്നും?…’
അവൾ നിശ്ശബ്ദയായി. ഇവൾ ഒരു ഭയങ്കര തട്ടിപ്പുകാരിയാണു്. സുഭാഷ് മനസ്സിൽ കരുതി. പാട്ടു കേൾക്കലാണു് അവളുടെ ഹോബി എന്നു പറയുന്നു. ആകെ കേൾക്കുന്നതു് സൈമൺ ഏന്റ് ഗാർഫങ്കലിന്റെ ഒരു സി. ഡി. മാത്രം. മറ്റൊരു പാട്ടുകാരനെപ്പറ്റിയും അവൾ കേട്ടിട്ടുപോലുമില്ല.
ഫ്ളാറ്റിന്റെ വാതിൽ തുറന്നു് അകത്തുകടന്നപ്പോൾ മനസ്സിലായി ജോസഫ് എത്തിയിരിക്കുന്നു എന്നു്. അയാൾ കിടയ്ക്കയിലിരുന്നു് കീബോർഡ് മടിയിൽവച്ചു് കാർ റേസിങ്ങാണു്.
‘നിനക്കു് ചായ വേണോ?’ സുഭാഷ് ചോദിച്ചു.
‘ഞാനാണു് ഉണ്ടാക്കേണ്ടതു് എങ്കിൽ വേണ്ട.’
‘ചായ ഞാനുണ്ടാക്കാം. നീയൊന്നു് എഴുന്നേറ്റു വാ, എനിക്കു നിന്നെക്കൊണ്ടു് കുറച്ചാവശ്യമുണ്ടു്.’
ജോസഫ് ഗെയിമിനു പോസ് വച്ചു് എഴുന്നേറ്റു വന്നു.
‘ഇതാ ഞാൻ ചായയ്ക്കു വെള്ളം വെച്ചു. നീ ആ കപ്പുകള് ഒന്നു് കഴുകിയെടുക്കു്.’
‘ഇതിനാണോ എന്നെക്കൊണ്ടു് ആവശ്യംണ്ടെന്നു് പറഞ്ഞതു്. ഞാനെന്റെ ഫെരാരിയുടെ അടുത്തു് പോവ്വാണു്. അതു് തല്ക്കാലം ബ്രെയ്ക്കിട്ടു നിർത്തിവച്ചിരിക്ക്യാണു്.’
‘അല്ലല്ല.’ സുഭാഷ് പറഞ്ഞു. ‘കപ്പുകള് ഞാൻതന്നെ കഴുകാം. നീ ഒരു കപ്പ് നല്ല ചായയുമായി എന്റെ ഒപ്പം കമ്പ്യൂട്ടറിലു് വന്നിരിക്കണം. എനിക്കു് ഇന്റർനെറ്റ് മട്രിമോണിയലിൽ പേരു് രജിസ്റ്റർ ചെയ്യണം. എന്തൊക്കെയാണു് എഴുതേണ്ടത്ന്നു് പറഞ്ഞുതരണം.’
‘ആദ്യത്തേതു്, പെൺകുട്ടിയ്ക്കു് നല്ല സാമർത്ഥ്യം വേണംന്നാണു്. അല്ലെങ്കിൽ നിന്റെ ഒപ്പം ജീവിച്ചുപോവാൻ പറ്റില്ല.’
‘നീ ആരുടെ വക്കീലാണു്? വരന്റെയോ വധുവിന്റെയോ?’
വെബ് ക്യാമറയിൽ രണ്ടു തരത്തിൽ ഫോട്ടോ എടുത്തു. അതു് ജോസഫ് രണ്ടു വലുപ്പത്തിലാക്കിത്തന്നു. അതുപോലെ അമ്മ അയച്ചുതന്നിരുന്ന തലക്കുറി ഓഫീസിൽ കൊണ്ടുപോയി സ്കാൻ ചെയ്തതും ശരിയാക്കിയെടുത്തു. അവൻ ഗ്രാഫിക്സിന്റെ ആശാനാണു്. അര മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷം വ്യക്തിവിവരങ്ങളും ചെറുതും വലുതുമായി മൂന്നു് ഫോട്ടോകളും ഇന്റർനെറ്റ് പേജിൽ വന്നപ്പോൾ, അതു കണ്ടു് തന്റെ വാതിൽക്കൽ ക്യൂ നിന്നേയ്ക്കാവുന്ന പെൺകുട്ടികളെ സുഭാഷ് ഭാവനയിൽ കണ്ടു. കൊള്ളാം.
ഇനി അമ്മയ്ക്കു് ഒരെഴുത്തെഴുതണം. എന്റെ കല്യാണം ഉടനെ നടത്താം, പക്ഷേ, അമ്മ നാട്ടിൽത്തന്നെ താമസിക്കുമെന്ന നിബന്ധനയിൽ മാത്രം. അമ്മ ഇവിടെ വന്നു് ഒരമ്മായിയമ്മപ്പോരു് സംഘടിപ്പിച്ചാൽ ശരിയാവില്ല. അമ്മയ്ക്കവിടെ ഒറ്റയ്ക്കു താമസിക്കാൻ വിഷമമുണ്ടെങ്കിൽ ഒരു ഫുൾടൈം ജോലിക്കാരിയെ വച്ചാൽ മതി. എത്ര പണം ആവശ്യം വരുംന്നു് പറഞ്ഞാൽ മതി. അയച്ചുതരാം.
സുഭാഷ് അച്ഛനെ ഓർത്തു. കുറെക്കാലംകൂടി ജീവിച്ചിരുന്നശേഷം പോയാൽ മതിയായിരുന്നു. തനിയ്ക്കൊരു നല്ല ജോലി കിട്ടി അതു കാണാൻപോലും ഭാഗ്യമുണ്ടായില്ല. ജീവിതം അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം വല്ലാത്തൊരു സമരമായിരുന്നു. വിധിയോടുള്ള സമരം. അതിൽ അവസാനം അദ്ദേഹം ദയനീയമായി പരാജയപ്പെടുന്നതു് കാണേണ്ടി വന്നു. അന്ത്യ നിമിഷങ്ങളിൽ ഏക മകൻ അടുത്തില്ലാതെയും പോയി. ബാംഗളൂരിൽ ഇന്റർവ്യൂവിനു വന്ന സമയത്താണതുണ്ടായതു്. അങ്ങിനെയൊക്കയാണു് ജീവിതം.
മെയിൽബോക്സെടുത്തു് തുറന്നപ്പോൾ അഞ്ജലിയുടെ കണ്ണുതള്ളിപ്പോയി. ആറു കത്തുകൾ അമ്മയുടെ മാത്രം. പോരാത്തതിനു് സ്ഥിരം ജങ്ക്മെയിലും. ആദ്യം തോന്നിയതു് എല്ലാം ഒന്നായി ട്രാഷ്ബോക്സിലേയ്ക്കു തട്ടാനാണു്. അമ്മയുടെ എല്ലാ കത്തുകൾക്കും അറ്റാച്ച്മെന്റുകളുണ്ടു്. പയ്യന്മാരുടെ ഫോട്ടോകളാവണം. അമ്മയോടു് പറയണം ഇനി മുതൽ എത്ര പ്രൊപ്പോസലുകളുണ്ടായാലും അതിന്റെയെല്ലാം ലിങ്കുകൾ ഒരു കത്തിൽ തന്നാൽ മതിയെന്നു്. തനിക്കു് വേണമെങ്കിൽ ലിങ്കിൽ പോയി പേജുകൾ കാണാമല്ലൊ. തന്റെ മെയിൽബോക്സുകൾ ഇത്ര തിങ്ങിനിറയില്ല. അമ്മയ്ക്കതിനൊക്കെ അറിയുമോ ആവോ?
അവൾ ഓരോന്നായി കത്തുകൾ തുറക്കാൻ തുടങ്ങി. ആദ്യത്തെ കത്തു തുറന്നപ്പോഴാണു് മനസ്സിലായതു് ആ പ്രൊപ്പോസലുകളൊന്നുംതന്നെ അവളുടെ ഇൻസ്ർഷനു മറുപടിയായി വന്നതല്ലെന്നും മറിച്ചു് അമ്മ പയ്യന്മാരുടെ പേജുകളിൽനിന്നു് തപ്പിയെടുത്തതാണെന്നും. ആദ്യദിവസം വന്ന നാലു് ആലോചനകൾ മാത്രമേയുള്ളൂ എന്നു തോന്നുന്നു അവൾക്കായി വന്നതു്. അവൾക്കു് നിരാശയായി. ഇത്ര കുറച്ചു് പേർക്കെ ഒരു മൾട്ടിനാഷനലിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലിയെടുക്കുന്ന സുന്ദരിയും സുശീലയുമായ പെൺകുട്ടിയിൽ താല്പര്യമുള്ളൂ? അവൾ ഓരോ കത്തുകളായി വായിച്ചുനോക്കി, ചിലതിന്റെ മാത്രം അറ്റാച്ച്മെന്റും ഡൗൺലോഡ് ചെയ്തു നോക്കി. അവളുടെ മനസ്സിനു പിടിച്ച ഒന്നും കണ്ടില്ല. അവൾ കത്തുകൾ ഓരോന്നായി വായിക്കുന്ന മുറയിൽ ഡിലീറ്റ് ചെയ്തു. എന്തായാലും അമ്മയെ മെസ്സഞ്ചറിൽ ബന്ധപ്പെടാൻ തീർച്ചയാക്കി. ഭാഗ്യത്തിനു് അവിടെ കമ്പ്യൂട്ടർ ഓണാണു്. അമ്മയുണ്ടായിരുന്നു.
‘മോം, കത്തുകളിൽ പറഞ്ഞ കോൺടാക്ടുകളെല്ലാം നോക്കി. എനിക്കിഷ്ടപ്പെട്ട ഒന്നും കണ്ടില്ല. ഇനി ഇങ്ങിനെ അയച്ചു തരണ്ട ആവശ്യമില്ല. ഞാൻതന്നെ നേരിട്ടു് ഇന്റർനെറ്റിൽ പോയി പരതാം. എനിക്കിഷ്ടപ്പെട്ട വല്ലതും കണ്ടാൽ ഞാൻ അറിയിക്കാം. അവരുടെ മാത്രം ജാതകം ഒത്തുനോക്കി അറിയിച്ചാൽ മതി. പിന്നെ അമ്മ ബയോഡാറ്റയിൽ കൊടുത്ത ‘വീറ്റിഷ്’ പ്രയോഗം എടുത്തുകളയണം, ഉടനെ. ഫെയർ എന്നെഴുതിക്കോളു. അതുതന്നെ അർദ്ധസത്യമാണു്.’
മറുപടി ഉടനെയുണ്ടായി. മെസ്സഞ്ചറിന്റെ ബോക്സിൽ വാക്കുകൾ ഉതിർന്നു വീഴുന്നതിന്റെ വേഗത കണ്ടപ്പോൾ അഞ്ജലിയ്ക്കു മനസ്സിലായി അച്ഛനാണു് കീബോർഡിലിരിക്കുന്നതെന്നു്. ഇത്രയും വേഗത്തിൽ അമ്മയ്ക്കു് ടൈപ്പുചെയ്യാൻ കഴിയില്ല. ഇനി അച്ഛൻ തന്നെയാണോ ഇതിന്റെയൊക്കെ മാസ്റ്റർമൈന്റ്? കള്ളൻ, എന്നെ നല്ല വാക്കു പറഞ്ഞു് കെണിയിൽ പെടുത്തിയിരിക്കയാണു്.
‘മോളെ, നീ പറയുന്നപോലെ ചെയ്യാം. ജാതകാണു് ഒരു കടമ്പ. നിന്റെ ജാതകത്തിൽ രണ്ടേകാൽ പാപമുണ്ടു്. പയ്യന്റെ ജാതകത്തിൽ അതിലും കൂടുതലുണ്ടെങ്കിലേ ചേരു. ആൺകുട്ടികളുടെ ശുദ്ധജാതകൊന്നും ചേരില്ലാന്നർത്ഥം.’
‘അപ്പൊ ഞാനാരു പാപിയാണു് എന്നാണോ പറയണതു?’
‘ഓ, അങ്ങിനെയല്ല മോളെ, പാപജാതകള്ളോരു് പാപികളൊന്നും അല്ല. ഇതെല്ലാം ഗ്രഹങ്ങള്ടെ കാര്യം പറയുമ്പോ കണക്കാക്ക്ണതാണു്. പാപസാമ്യം കണക്കാക്കുക എന്നു് പറയും. ഞങ്ങടെ മോള് പാപിയൊന്നും അല്ല.’
‘അത്ര ഉറപ്പാക്കണ്ട… ശരി, ബൈ, ഞാൻ വീണ്ടും എഴുതാം…’
അഞ്ജലി മട്രിമോണിയൽ സൈറ്റിലേയ്ക്കു പോയി. ദൈവമേ, എത്ര ആൺപിള്ളേരാണു്. എന്നിട്ടു് എനിക്കിഷ്ടപ്പെട്ട ഒരു പയ്യനെ കിട്ടാൻ ഇത്ര വിഷമമോ? പേജുകൾ മറിച്ചു. ഒരു ഫോട്ടോവും വിശദമായി, വലുതാക്കി നോക്കാൻതന്നെ തോന്നുന്നില്ല. നാലാമത്തെ പേജെത്തിയപ്പോൾ അവൾ നിന്നു. പരിചയമുള്ള മുഖം. സുഭാഷ് നാരായണൻ, 27 വയസ്സ്, 5 അടി 10 ഇഞ്ച് ഉയരം, ബാംഗളൂർ എം. എൻ. സി.-യിൽ സോഫ്റ്റ്വെയർ എഞ്ചീനീയർ. അച്ഛൻ, ഇല്ല. സഹോദരീസഹോദരന്മാർ, ഇല്ല. അവൾ ഫോട്ടോവിൽ ക്ലിക് ചെയ്തു. മറ്റൊരു പേജിൽ രണ്ടു വലിയ ഫോട്ടോകൾ. വളരെ സാധാരണ വേഷത്തിൽ ഇരിക്കുന്ന പോസിലാണു് രണ്ടും. ഷർട്ടിന്റെ മുകളിലെ ബട്ടൻ തുറന്നു കിടക്കുന്നു. ക്യാമറയിലേയ്ക്കാണു് നോക്കുന്നതു്. തലമുടിപോലും മര്യാദയ്ക്കു് ചീകിവച്ചിട്ടില്ല. ഇതയാൾ വെബ് ക്യാമറയിൽ ഒപ്പിച്ചെടുത്തതാണു്. അഞ്ജലി ഉറക്കെ ചിരിക്കാൻ തുടങ്ങി. ഈ ഫോട്ടോ കണ്ടു് വല്ല പെൺകുട്ടികളും വന്നതുതന്നെ!
സുഭാഷിന്റെ ഇ-മെയിൽവിലാസം കൊടുത്തിട്ടുണ്ടു്. അവൾ കത്തെഴുതാൻ തുടങ്ങി.
‘ഇഫ് യു റിയലി വാണ്ട് ടു ഗെറ്റ് എ ബ്രൈഡ്, യു ഹാഡ് ബെറ്റർ ചേഞ്ച് യുവർ ഫോട്ടോസ് ബിഫോർ ഫർദർ ഡാമേജ് ഈസ് ഡൺ. കല്യാണ പരസ്യങ്ങളുടെ കൺസൾട്ടൻസിക്കു് സമീപിക്കുക. അഞ്ജലി മാധവൻ.’
‘എനിയ്ക്കു് നിന്റെ സ്കൂട്ടർ വേണം, ഇന്നു്.’ ജോസഫ് പറഞ്ഞു.
‘എന്തിനാണു്?’
‘എന്റെ ഗേൾഫ്രന്റിനെ ഉച്ചയ്ക്കു് ലഞ്ചിനു കൊണ്ടുപോണം.’
‘ഗേൾഫ്രന്റോ, നിനക്കോ?’ സുഭാഷിനു് ശരിക്കും അദ്ഭുതമായി.
‘എന്തേ?’
‘നിനക്കു് 24 വയസ്സേ ആയിട്ടുള്ളു. എനിയ്ക്കു് 27 വയസ്സായിട്ടും ഞാൻ അങ്ങിനെ ഒരു സാഹസം ഇതുവരെ ചെയ്തിട്ടില്ല. പോട്ടെ അപ്പൻ ഉണ്ടാക്കിയ മൊതലു് നശിപ്പിക്കാൻ ആരെങ്കിലും വേണ്ടെ അല്ലെ?’
‘പെട്രോള്ണ്ടല്ലൊ?’
‘അതാന്നും എനിക്കറിയില്ല. തിരിച്ചുവയ്ക്കുമ്പോൾ ഫുൾ ടാങ്ക് അടിക്കണം.’
‘ഫുൾ ടാങ്കോ. ഇതെന്താ പിടിച്ചുപറിയാണോ?’
‘സ്കൂട്ടർ വേണെങ്കിലു് മതി.’
‘ശരി, പകുതി അടിക്കാം. മറ്റൊന്നും ചെയ്യില്ല, പിശുക്കൻ. കഴുത്തറപ്പൻ.’
‘നീ പോവുമ്പോ എന്നെ ഓഫീസിലു് ഡ്രോപ് ചെയ്യണം. എത്ര മണിയ്ക്കാണു് പോണതു?’
‘ഒമ്പതു മണിയ്ക്കു്.’
ജോസഫിന്റെ പിന്നിൽ സ്കൂട്ടറിൽ ഇരുന്നു് പുറത്തിറങ്ങുമ്പോൾ സുഭാഷ് ചുറ്റും നോക്കി. താൻ പ്രകൃതി ഭംഗി ആസ്വദിച്ചിട്ടു് കുറേ ദിവസമായല്ലൊ. അയൽപക്കത്തു് തോട്ടത്തിൽ നനയ്ക്കുന്ന അയൽക്കാരി സ്ഥിരം പോസിൽ അവിടെത്തന്നെയുണ്ടു്. ഞാനുദ്ദേശിക്കുന്നതു് അയൽപക്കത്തെ തോട്ടം അതേപോലെ ഭംഗിയിൽ നിൽക്കുന്നുണ്ടെന്നാണു്. സുഭാഷ് സ്വയം തിരുത്തി. പിന്നീടു് തിരുത്താൻ മറന്നെന്നു വരും. കുറച്ചപ്പുറത്തെ വീട്ടിലെ അല്പം പച്ചപ്പു്…
സ്കൂട്ടർ പെട്ടെന്നു് ബ്രെയ്ക്കിടേണ്ടിവന്നു. ആ കുലുക്കത്തിൽ സുഭാഷിന്റെ പ്രകൃതിനിരീക്ഷണവും തടയപ്പെട്ടു.
‘എന്തു പറ്റീ?’
‘ഞാനേയ് ഒരു കാഴ്ച കണ്ടപ്പോൾ നോക്കിയതാ.’ ജോസഫ് പറഞ്ഞു.
‘അല്പം പച്ചപ്പു് കണ്ടപ്പോൾ അതു നോക്കി അല്ലെ? അതെല്ലാം പില്ല്യൻ റൈഡേഴ്സിനു വിധിച്ചിട്ടുള്ളതാണു്. നീ നിന്റെ ഗേൾഫ്രന്റിനെ എവിടെയും കൊണ്ടുപോയി ഇടിയ്ക്കല്ലെ. നേരെ നോക്കി ഓടിയ്ക്കു്.’
ഓഫീസിലെത്തിയപ്പോൾ അയാൾ ആദ്യം ചെയ്തതു് അഞ്ജലി വന്നിട്ടുണ്ടോ എന്നു നോക്കുകയായിരുന്നു. ഉണ്ടു്. അയാൾ നെറ്റ്വർക്കിൽ അവളുമായി ബന്ധപ്പെട്ടു.
‘താങ്ക്സ് ഫോർ ദ കൺസൾട്ടൻസി…’
‘സോ, യു ഹാവ് റെഡ് മൈ ലെറ്റർ.’
‘ഞാൻ നിന്നെ എന്റെ കൺസൾട്ടന്റായി നിയമിക്കുന്നു.’
‘എന്തിന്റെ? കല്യാണപരസ്യം കൊടുക്കാനോ?’
‘അല്ല ഫോർ ദ എന്റൈർ ഓപ്പറേഷൻ.’
‘എന്നുവച്ചാൽ?’
‘എനിക്കൊരു വധുവിനെ തേടിപ്പിടിക്കാൻ.’
‘ഞാൻ ചാർജ്ജ് ചെയ്യും.’
‘ആയിക്കോട്ടെ.’ സുഭാഷ് ടൈപ്പ് ചെയ്തു. ‘ആർ യു ഫ്രീ ദിസ് സാറ്റർഡേ?’
‘എന്തേ?’
‘ഞാൻ നിന്നെ ഒരു ട്രീറ്റിനു കൊണ്ടുപോകാം.’
‘ട്രീറ്റിനോ, എവിടെ?’
‘ഇന്റിജോവിൽ.’
‘വൗ! ഒരു മിനുറ്റ്. ഞാൻ വല്ല ബോയ്ഫ്രന്റ്സിനും ഡേറ്റ് കൊടുത്തിട്ടുണ്ടോ എന്നു ഡയറി നോക്കണം.’
‘എന്നാൽ നമുക്കിതു് കാൻസൽ ചെയ്യാം.’
‘അയ്യോ വേണ്ട ഞാൻ മറ്റെല്ലാ അപ്പോയ്ന്റ്മെന്റ്സും ഇതാ റദ്ദാക്കുന്നു. എന്തെക്കൗണ്ടിലാണു് ട്രീറ്റ്?’
‘ഇതുവരെ ചെയ്ത കൺസൾട്ടൻസിയ്ക്കു്.’
‘ഓ, അതു വളരെ കൂടുതലാണു്. സാരല്യ.’
ഉച്ചയ്ക്കു് ഭക്ഷണം കഴിക്കുമ്പോൾ അവൾ നല്ല സന്തോഷത്തിലായിരുന്നു.
‘നിങ്ങളുടെ ഫോട്ടോ ഒരെണ്ണം സ്റ്റുഡിയോവിൽ പോയി എടുക്കണം?’ അഞ്ജലിയുടെ കൺസൾട്ടൻസി തുടരുകയാണു്.
‘ഇപ്പോൾ കൊടുത്തിട്ടുള്ളതു് വലിയൊരു പ്രൊഫഷനൽ ഫോട്ടോഗ്രാഫർ എടുത്തതാണു്.’
‘ആരാണതു് ?’
‘സുഭാഷ് നാരായണൻ.’
‘ഓ… ഞാനുദ്ദേശിക്കുന്നതു് അത്രതന്നെ സൂപ്പർപ്രൊഫഷനല്ലാത്ത വല്ലോരെക്കൊണ്ടെങ്കിലുമാണു്. ഏതെങ്കിലും സ്റ്റുഡിയോവിൽനിന്നു്.’
‘ഇപ്പോഴത്തെ ഫോട്ടോവിനു് എന്താണു് തരക്കേടു്?’
‘പെൺകുട്ടികൾക്കു് വേറൊരു ടൈപ്പ് ഫോട്ടോവാണു് ഇഷ്ടമാവുക?’
‘അഞ്ജലിയ്ക്കു് ആ ഫോട്ടോ ഇഷ്ടമായില്ലേ?’
‘എന്റെ കാര്യമല്ലല്ലൊ പ്രധാനം. ആ ഫോട്ടോ കാണുന്ന പെൺകുട്ടികൾക്കു് ഇഷ്ടമാവണ്ടെ?’
‘ആ ഫോട്ടോ ഇഷ്ടപ്പെടുന്ന പെൺകുട്ടി വന്നാൽ മതി.’
രാത്രി ഭക്ഷണമുണ്ടാക്കുന്നതു് ഒരു കൂട്ടുകൃഷിയാണു്. എന്നുവച്ചാൽ ഉണ്ടാക്കുന്നതു് ജോസഫും അതെല്ലാം മേശമേൽ എത്തിയ്ക്കുന്നതും തിന്നുതീർക്കാൻ സഹായിക്കുന്നതും സുഭാഷും. ജോസഫിനു് പാചകം ഇഷ്ടമായതുകൊണ്ടു് ഈ സംവിധാനം വലിയ കുഴപ്പമില്ലാതെ കൊണ്ടുനടക്കുന്നു. ചില ദിവസങ്ങളിൽ അവൻ വരാൻ വൈകിയാൽ അന്നു് റസ്റ്റോറണ്ടിൽനിന്നു് ഫോൺ ചെയ്തു് വല്ലതും വരുത്തുന്നു. ഇന്നു് അങ്ങിനെയുള്ള ഒരു ദിവസമായിരുന്നു. ഓഫിസിൽനിന്നു് എട്ടുമണിയ്ക്കു് എത്തി കുളി കഴിഞ്ഞപ്പോഴാണു് ജോസഫ് എത്തിയതു്.
അവന്റെ ക്ഷീണിച്ച മുഖം നോക്കി സുഭാഷ് പറഞ്ഞു.
‘മോൻ ക്ഷീണിച്ചിട്ടുണ്ടല്ലോ.’
അവൻ ഒരു കസേലയിൽ ഇരുന്നു് ഷൂസഴിച്ചുകൊണ്ടു് പറഞ്ഞു.
‘ഇതിൽ എന്തോ ഒരു ആന്തരാർത്ഥമുണ്ടല്ലോ.’
‘ഏയ്. ആട്ടെ എങ്ങിനെയുണ്ടായിരുന്നു നിന്റെ ഡേയ്റ്റ്?’
‘ലഞ്ചു കഴിച്ചപ്പോൾ ഞാൻ അവളുടെ ഗൈഡും ഡ്രൈവറുമായി സ്ഥലങ്ങൾ കാണാൻ പോയി. അത്രതന്നെ.’
സുഭാഷ് ഫോണെടുത്തു.
‘ഞാൻ ഭക്ഷണം ഓർഡർ ചെയ്യാൻ പോകുന്നു. നിനക്കെന്താണു് വേണ്ടതു?…’
ഓഫീസിൽനിന്നു് എത്താൻ താമസമില്ല, ലാന്റ് ഫോൺ അടിച്ചു. അഞ്ജലി ഫോണെടുത്തു.
‘മോളെ ഇതു് അമ്മയാണു്.’
‘അത്യോ?’
‘കളിപ്പിയ്ക്കല്ലെ മോളെ. നീയെന്താ മൊബൈൽ ഓഫാക്കിയിട്ടിരിക്ക്യാണോ?’
സെൽഫോൺ ഓഫാക്കിയിട്ടതു് അപ്പോഴാണു് അവൾ ഓർത്തതു്. ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കാൻ അവൾക്കിഷ്ടമല്ല. പ്രത്യേകിച്ചു് അമ്മ വിളിക്കുമ്പോൾ. അവൾ ഹാന്റ്ബാഗിൽനിന്നു് ഫോണെടുത്തു് ഓണാക്കിവച്ചു. ഇല്ലെങ്കിൽ പിന്നെ മറക്കും.
‘എന്താ നീ ഇതുവരെ ഇന്റർനെറ്റിൽ നോക്കീലെ?’
‘എന്തു? മട്രിമോണിയലോ? നോക്കി. എനിക്കിഷ്ടപ്പെട്ട ഒരൊറ്റ മോന്തയും കണ്ടില്ല.’
‘അതെന്തേ?’
‘നല്ലതു് വല്ലും വേണ്ടെ?’
‘നെറയെ നല്ല പയ്യന്മാര്ണ്ടല്ലോ. എന്തേ നിനക്കു് ഒന്നും പിടിക്കാതിര്ന്നതു?’
‘എന്റെ ടേസ്റ്റിനു പറ്റിയ ആരുംല്യമ്മേ. ഞാൻ ഇടയ്ക്കിടയ്ക്കു് നോക്കാം. വല്ലതും കണ്ടാൽ അറിയിക്കാം.’
‘എല്ലാരും പറയ്യാണു് പെൺകുട്ടികള്ടെ കല്യാണം വൈകിക്കാതിരിക്ക്യാണു് നല്ലത്ന്നു്.’
‘ആരാണീ എല്ലാരും?’
‘മാലതി വല്യമ്മീം ഒക്കെ.’
‘മാലതി വല്യമ്മ്യോടു് ഒരു ഭാഗത്തു് മിണ്ടാതിരിക്കാൻ പറയൂ. അച്ഛനെന്തു പറയുണൂ?’
‘അച്ഛനിതാ ഇവിട്യൊക്കെ നടക്ക്ണ്ണ്ടു്.’
‘ശരി…’ അഞ്ജലി ഫോൺ വെച്ചു.
കുളിക്കണം. അതിനുമുമ്പു് അവൾ ഫ്രിജ്ജ് തുറന്നു് നോക്കി. രാവിലെ കമല എന്തു കറിയാണു് ഉണ്ടാക്കിയതെന്നവൾ മറന്നിരുന്നു. പാത്രമെടുത്തപ്പോൾ മനസ്സിലായി തന്റെ അറിവു് ഫ്രിജ്ജ് തുറക്കുന്നതിനു മുമ്പേക്കാൾ ഒട്ടും കൂടിയിട്ടില്ലെന്നു്. പാത്രത്തിൽ കിടക്കുന്നതു് എന്താണെന്നു് അവൾക്കു മനസ്സിലായില്ല. അവൾ അതെടുത്തു പുറത്തു വച്ചു. മയോനീസിന്റെ കുപ്പിയും കുറച്ചു കാരറ്റും ഗ്രീൻപീസിന്റെ പാക്കറ്റും പുറത്തേയ്ക്കെടുത്തു. ഒരു ഉരുളക്കിഴങ്ങും ചേർക്കാം.
കാരറ്റും ഉരുളക്കിഴങ്ങും തോലുകളഞ്ഞു് ചെറിയ ചതുരൻ കഷ്ണങ്ങളാക്കി നുറുക്കുമ്പോൾ അവൾ ആലോചിച്ചു. മറ്റന്നാളത്തെ ലഞ്ചാണു് തന്റെ മനസ്സിൽ സാലഡ് മുതലായ അവിശുദ്ധ ചിന്തകൾ ഉണ്ടാക്കിത്തീർത്തതു്. സാധാരണ കമലയുണ്ടാക്കുന്ന കറിയും ചപ്പാത്തിയും കഴിച്ചു് തൃപ്തിപ്പെടാറുള്ള താൻ ഇന്നു്…
കുളികഴിഞ്ഞു് ചപ്പാത്തിയും കഴിച്ചപ്പോൾ അവൾക്കു് അച്ഛനെ ഫോൺ ചെയ്യാൻ തോന്നി.
അമ്മയാണു് ഫോണെടുത്തതു്.
‘അച്ഛനില്ലേ?’
‘ഉണ്ടു്, എന്തേ?’ അവരുടെ സ്വരത്തിൽ പരിഭ്രമം.
‘ഒന്നുംല്യമ്മേ, വെറുതേ സംസാരിക്കാനാ.’
ദേ മോള് വിളിക്ക്ണ്ണ്ടു്. അമ്മ അച്ഛനോടു് വിളിച്ചു പറയുന്നതവൾ കേട്ടു.
‘എന്താ മോളെ?’ പാവം ഓടിവന്നതാണെന്നു തോന്നുന്നു. കിതയ്ക്കുന്നുണ്ടു്.
‘ഒന്നുംല്യച്ഛാ. വെറ്തെ വിളിച്ചതാ. അച്ഛന്റെ ആരോഗ്യം എങ്ങിനെണ്ടു്? ഇപ്പോ നടക്കാൻ പോവാറില്ലേ?’
‘ഉണ്ടു് മോളെ. പണ്ടു് കുഞ്ചൻനമ്പ്യാരു് പാടിയ മാതിരി. നീ കേട്ടിട്ടില്ലേ. നായർ വിശന്നുവലഞ്ഞു വരുമ്പോൾ… ഇതു് മറിച്ചാണു്. നടന്നു് നല്ലോണം വെശന്നാലെ അമ്മ നായരെ വിളിക്കു. അതുവരെ പുരയുടെ ചുറ്റും മണ്ടിനടത്തംതന്നെ.’ അച്ഛൻ ഉറക്കെ ചിരിക്കാൻ തുടങ്ങി. അച്ഛന്റെ കുലുങ്ങിച്ചിരി അവൾ മനസ്സിൽ കണ്ടു.
‘ഇപ്പൊ നടക്ക്വായിരുന്നോ?’
‘അതേ.’
‘എന്നാൽ പോയി നടക്കൂ. മരുന്നൊക്കെ കഴിക്ക്ണ്ണ്ടല്ലോ. മറക്കണ്ട.’
‘ഇല്ല മോളെ, മോള്ടെ വർത്തമാനം എന്തൊക്ക്യാണു്?…’
അഞ്ജലി ലാപ്ടോപ്പ് പുറത്തെടുത്തു് കട്ടിലിന്മേൽ പോയി ഇരുന്നു. സി. ഡി. പ്ലെയറിന്റെ ഹെഡ്ഫോണുകൾ ചെവിയിൽ തിരുകി. ‘ഓ സെസീല്യാ…’ സൈമൺ ഏന്റ് ഗാർഫങ്കൽ. അവൾ സി. ഡി. പ്ലെയർ ഓഫാക്കി. കുറച്ചുകൂടി സി. ഡി.-കൾ വാങ്ങണം. എന്തൊക്കെയാണു് വാങ്ങേണ്ടതെന്നു് അവൾക്കു് യാതൊരു രൂപവുമില്ല. തന്റെ മ്യൂസിക് കൺസൾട്ടന്റായി സുഭാഷിനെ നിയമിക്കേണ്ടിവരുമെന്നാണു് തോന്നുന്നതു്. ഒരു സി. ഡി.-യും ഒരു പാട്ടുകാരനും മാത്രമായുള്ള ജീവിതം ദുഷ്കരംതന്നെ. ഇന്റർനെറ്റിൽനിന്നു് പഴയ പാട്ടുകൾ ഡൗൺലോഡ് ചെയ്യാം. പക്ഷേ, ഏതു സൈറ്റിലാണു് അതൊക്കെയുള്ളതു് എന്നും അവൾക്കറിയില്ല. സുഭാഷിന്നറിയുമായിരിക്കും.
സുഭാഷ് ഇന്നു് അത്ര നല്ല മൂഡിലല്ലാ എന്നു് തോന്നി. എന്തെങ്കിലും പ്രശ്നമുണ്ടാവും. അഞ്ജലി അയാളെ കാന്റീനിന്റെ പുറത്തുനിന്നുതന്നെ കണ്ടിരുന്നു? അവൾ ചോദിച്ചു.
‘വെജ് ഓർ നോൺവെജ്?’
‘എന്തു വേണമെങ്കിലും ആവാം.’
‘എന്നാൽ വെജിറ്റേറിയനായിക്കോട്ടെ.’ അവൾ പറഞ്ഞു. നാളത്തെ ബുഫെ ലഞ്ചിനോടു് നീതി പുലർത്തണമെങ്കിൽ ഇന്നുതൊട്ടേ അല്പം സംയമം ഉണ്ടാവുകയാണു് നല്ലതു്.
അഞ്ജലിയുടെ ട്രേ കണ്ടു് സുഭാഷ് അദ്ഭുതപ്പെട്ടു. ഇതു് സംഭാവ്യമാണോ? രണ്ടു റൊട്ടിയും പീസ്കറിയും മാത്രം. ഒരാൾക്കു് ഇത്രയും താണുപോകാൻ പറ്റുമോ? അയാളുടെ അമ്പരപ്പു് അഞ്ജലിയ്ക്കു മനസ്സിലായെന്നു തോന്നുന്നു. അവൾ പറഞ്ഞു.
‘ഞാൻ നാളത്തെ ലഞ്ചിനു വേദിയൊരുക്കുകയാണു്.’
‘എന്താണു് വിശേഷം?’
‘നാളത്തെ ബുഫെയുടെ കാര്യം മറന്നോ?’ അവളുടെ മുഖം മങ്ങി.
‘ഓ… ബുഫെ ലഞ്ച്. ഞാനാക്കാര്യം മറന്നുപോയി.’
‘അപ്പോൾ സീരിയസ്സായി പറഞ്ഞതല്ലാ അല്ലേ?’
‘അല്ല അല്ല, അതെ അതെ, ഞാൻ മറന്നു പോയതാണു്. നാളെ നമുക്കു് ഇന്റിജോവിൽ ലഞ്ചുണ്ടു്. ഞാൻ മറ്റു ചില കാര്യങ്ങൾ ഓർത്തിരിക്കയായിരുന്നു.’
‘എന്താണതു?’
‘ലുക്, നീ എന്റെ കൺസൾട്ടന്റും ഞാൻ നിന്റെ ക്ലയന്റുമാണു്. അത്രമാത്രം. മറ്റു കാര്യങ്ങളൊന്നും നീ അറിയണ്ട.’
‘സോറി.’ ഇതെന്തൊരു സാധനാണു്. അഞ്ജലി ആലോചിക്കുകയാണു്. ഇതിന്റെ മനസ്സിൽ ഒരുപാടു കാര്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ടു്. എല്ലാം ഒളിപ്പിച്ചുവയ്ക്കാൻ മിടുക്കനാണു്.
‘എനിക്കും ഒരു കൺസൾട്ടന്റിനെ ആവശ്യമുണ്ടു്?’ അവൾ പറഞ്ഞു.
‘എന്തിനു്?’
‘മ്യൂസിക് സെലക്ഷനു്.’
‘സോ യു നീഡെ മ്യൂസിക് കൺസൾട്ടന്റ്, റൈറ്റ്?’
‘യെസ്. കുറച്ചു സി. ഡി.-കൾ വാങ്ങണം. പഴയ പാട്ടുകൾ.’
‘മാഡം, അയാം അറ്റ് യുവർ ഡിസ്പോസൽ. നാളെ വാങ്ങാം. ലഞ്ചു കഴിഞ്ഞു് മ്യൂസിക് ഷോപ്പിൽ പോയി നോക്കാം. അവിടെ അടുത്താണു്.’
‘സുഭാഷിനു് എങ്ങിനെയാണു് പാട്ടിൽ, പ്രത്യേകിച്ചും പഴയ പാട്ടുകളിൽ താല്പര്യണ്ടായതു?’
സുഭാഷ് കുറച്ചുനേരം ആലോചനയിലായിരുന്നു. ഒരുപക്ഷേ, യാദൃച്ഛികമാവാം. ഇന്നു് അച്ഛൻ മരിച്ച ദിവസമാണു്.
‘എന്റെ അച്ഛൻ നല്ലൊരു മനുഷ്യനായിരുന്നു. സംഗീതത്തിലും സാഹിത്യത്തിലും ഒക്കെ താല്പര്യണ്ടായിരുന്നു. നല്ല വായനക്കാരനായിരുന്നു. സ്വന്തമായി ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. പഴയ പാട്ടുകള് ഇഷ്ടായിരുന്നു. അതിന്റെ കുറേ സിംഗ്ൾസ് ഉണ്ടായിരുന്നു. ഞാൻ കുട്ടിക്കാലത്തു് ആ പാട്ടുകളെല്ലാം വെയ്ക്കാറുണ്ടു്. പിന്നെ എല്ലാം നിന്നു. അച്ഛനു് കുറേ കടം വന്നുചേർന്നു. എല്ലാം നഷ്ടായി. അപ്പോഴും സംഗീതത്തിന്റെ ശേഖരം മാത്രം കൈയ്യിൽനിന്നു് പോവാൻ അനുവദിച്ചില്ല.’
അയാൾ കുറെനേരം മൗനത്തിലായി. അഞ്ജലി ഒന്നും പറയാതെ ഭക്ഷണം കഴിച്ചു.
‘ഇന്നു് അച്ഛന്റെ ചരമദിനാണു്. നല്ല മനുഷ്യനായിരുന്നു. നല്ലൊരച്ഛനും.’
അഞ്ജലി ഒന്നും പറയുന്നില്ല. ഒരഞ്ചു മിനുറ്റുനേരത്തെ ഇടവേളയ്ക്കുശേഷം സുഭാഷ് ചോദിച്ചു.
‘നീ എങ്ങിനെയാണു് റെസ്റ്റോറണ്ടിൽ എത്തുക? നേരിട്ടു് വരാൻ പറ്റുമോ? എന്റെ വീട്ടിൽ വരാൻ ഞാൻ ആവശ്യപ്പെടില്ല. അവിടെ ഞാനും ജോസഫും മാത്രേള്ളൂ.’
‘ഞാൻ റെസ്റ്റൊറണ്ടിൽ എത്തിക്കൊള്ളാം. നിങ്ങൾ രണ്ടുപേരും മാത്രേള്ളൂ എന്നതോണ്ടു് എനിക്കു് വരാൻ വിഷമമൊന്നുംല്യ. പക്ഷേ, സുഭാഷിന്റെ സ്ഥലം ഉച്ചനേരത്തു് പരതി കണ്ടുപിടിക്കാൻ മെനക്കെടാണു്.’
‘വേണങ്കിൽ ഞാൻ അവിടെവന്നു് അഞ്ജലിയെ പിക്കപ്പ് ചെയ്യാം.’
‘വേണ്ടാന്നേയ്. ദൂരം കൊറേണ്ടു്. അത്രേം ദൂരം മറുവശത്തേയ്ക്കാണു് വരണ്ടതു്. ഞാനവിടെ എത്തിക്കൊള്ളാം.’
‘അപ്പൊ അങ്ങിനെയായിക്കോട്ടെ. ഞാനവിടെ പന്ത്രണ്ടരയ്ക്കു് എത്തും. പുറത്തു് കാത്തുനിൽക്കാം.’
‘മറക്കില്ലല്ലോ.’
‘മറക്കില്ല.’ അയാൾ ചിരിച്ചു.
‘ഇവൾക്കെന്തു പറ്റീ?’ ലക്ഷ്മി ഭർത്താവിനോടു ചോദിച്ചു. ‘കുറേക്കാലത്തിനു് ശേഷാണു് അവൾ ഇങ്ങിനെ നന്നായി സംസാരിക്കണതു്.’
‘നീയിപ്പൊ അവള്ടെ മൂഡ് കേടുവരുത്ത്ണില്ല. അതു് തന്നെ. അവൾക്കു് കല്യാണം വേണംന്നു് തോന്നുമ്പോ നമുക്കു് അന്വേഷിക്കാം.’
‘അല്ല ഇതിപ്പൊ രണ്ടാമത്തെ ദിവസല്ലെ അവള് വിളിക്കുണു. മറ്റതു് ഫോൺ ഓഫാക്കിയിട്വല്ലെ ചെയ്യാറ്.’
‘എന്തായാലും ഇനി അതുമിതും പറഞ്ഞിട്ടു് അവള്ടെ മൂഡ് കേടുവരുത്തണ്ട.’
‘അപ്പൊ ജാതകം ചേർന്ന മൂന്നു് പ്രൊപോസലുകള് എന്താ ചെയ്യാ?’
‘അതു് വെറുതെ അവൾക്കു് ഇ-മെയ്ലായി അയച്ചുകൊടുത്തേയ്ക്കു്. നിന്റെ കമന്റ്സൊന്നുംല്ല്യാതെ. ജാതകം ഒത്തിട്ട്ണ്ട്ന്നു് മാത്രം പറഞ്ഞാൽ മതി. ഇനി മുന്നോട്ടു് പോണോന്നും ചോദിക്ക്യ.’
നാളെയാണു് ഡി-ഡേ. അച്ഛനമ്മമാരുടെ അഭിപ്രായപ്രകടനങ്ങളിൽ നിന്നകന്നു് ബാംഗളൂരിൽ ഫ്ളാറ്റിന്റെ ഏകാന്തതയിൽ ഇരുന്നു് അഞ്ജലി ആലോചിച്ചു. ഏതു് ഡ്രസ്സാണു് ഉടുക്കേണ്ടതു? ചൂരിദാർ വേണ്ടെന്നു് തീർച്ചയാക്കി. ജീൻസും ടോപ്പുമായാലോ? ആരോടും ചോദിക്കാനില്ല. അതുകൊണ്ടു് ചോദ്യവും മറുപടിയും തന്നോടുതന്നെ വേണം. അവൾ ജീൻസും അവൾക്കിഷ്ടപ്പെട്ട ടോപ്പും മാറ്റിവച്ചു.
കിടക്കുന്നതിനുമുമ്പു് അവൾ ഇ-മെയ്ൽ എടുത്തുനോക്കി. അതിൽ അമ്മയുടെ കത്തും ഒപ്പം നിറയെ അറ്റാച്ച്മെന്റ്സുമാണു്. ഒന്നും വായിച്ചുനോക്കുകകൂടി ചെയ്യാതെ അവൾ ട്രാഷ് ബിന്നിലേയ്ക്കു് ഡിലീറ്റുചെയ്തു.
ജീവിതത്തിലാദ്യമായി ഒരു പയ്യന്റെ ഒപ്പം ലഞ്ചിനു പോകുന്നു. അഞ്ജലി ഓർത്തു. അതിന്റെ മാധുര്യത്തിൽ അവൾ ഉറക്കമായി.
ശനിയാഴ്ചയാണു് അവൾ അടുക്കളയിലേയ്ക്കു വേണ്ട സാധനങ്ങൾ വാങ്ങുക. മാർക്കറ്റിൽ പോയി പച്ചക്കറികൾ വാങ്ങും. കമല ആവശ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റുനോക്കി വേണ്ട പലചരക്കുകൾ ഓർഡർ ചെയ്യും. ഭാഗ്യത്തിനു് പലചരക്കുകൾ കടയിൽ പോയി ഓർഡർ ചെയ്താൽ വീട്ടിലെത്തിച്ചുതരും. ഇസ്തിരിക്കാരിയുടെ വരവും അന്നുതന്നെ. അതിനിടയ്ക്കു് കമലയുണ്ടാക്കിയ പ്രാതൽ കഴിച്ചെന്നു വരുത്തും. ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിഭക്ഷണത്തിനു പുറമെ ഉച്ചഭക്ഷണവും ഉണ്ടാക്കാറുണ്ടു്. ഇന്നു് ഉച്ചയ്ക്കു് ഭക്ഷണം വേണ്ടെന്നു് കമലയോടു പറഞ്ഞു. അവൾക്കതിന്റെ കാരണം അറിയണം. പൊട്ട സ്വഭാവാണു്. എവിടെയാണു് കുത്തിയിട്ടതു്, എവിടെയാണു് മുളച്ചതു് എന്നൊക്കെ അറിയണം. അവൾ പറഞ്ഞു.
‘എനിക്കിന്നു് ഓഫീസിൽ ജോലിണ്ടു്.’
എല്ലാം കഴിഞ്ഞു് കമലയെ ആട്ടിപ്പുറത്താക്കി കുളികഴിഞ്ഞു നോക്കിയപ്പോൾ സമയം പതിനൊന്നേമുക്കാലു്. ദൈവമേ, ആ മനുഷ്യൻ പന്ത്രണ്ടരയ്ക്കു എത്താമെന്നാണു് പറഞ്ഞിരിക്കണതു്. അവൾ ധൃതിയിൽ പുറപ്പെട്ടു.
പുറപ്പെട്ടു് താഴത്തെത്തിയപ്പോൾ സമയം പന്ത്രണ്ടേകാൽ. ഭാഗ്യത്തിനു് ഗെയ്റ്റിനു പുറത്തുതന്നെ ഓട്ടോ ഉണ്ടായിരുന്നു. റെസ്റ്റോറണ്ടിനു മുമ്പിൽത്തന്നെ സുഭാഷ് കാത്തുനിന്നിരുന്നു. അവൾ വാച്ചുനോക്കി. പന്ത്രണ്ടു് മുപ്പത്തഞ്ചു്.
അഞ്ജലി ഓട്ടോവിൽനിന്നു് ഇറങ്ങുന്നതു് ശ്രദ്ധിക്കുകയായിരുന്നു സുഭാഷ്. ജീൻസ്, ടോപ്പ് വേഷം. ചൂരിദാറിടുമ്പോൾ അവളുടെ ശരിക്കുള്ള തടി അറിയുന്നില്ല.
‘കുറേ നേരമായോ എത്തിയിട്ടു്?’
‘ഞാൻ പന്ത്രണ്ടര എന്നല്ലേ പറഞ്ഞതു? ഇപ്പോൾ മുപ്പത്തഞ്ചായി എന്നു മാത്രം. സാരല്യ.’
യുനിഫോമിട്ട ഡോർമാൻ തുറന്നുതന്ന വാതിലിലൂടെ അവർ അകത്തു കടന്നു. അകത്തു് സ്വാദിഷ്ടവിഭവങ്ങളെല്ലാം ചേർന്നുണ്ടാകുന്ന ആ പ്രത്യേക വാസന ആസ്വദിച്ചുകൊണ്ടു് അഞ്ജലി പറഞ്ഞു.
‘ഹായ്, ഓർമ്മകൾ എന്നെ ക്ഷണിക്കുന്നു.’
റെസ്റ്റോറണ്ടിൽ തിരക്കു് കുറവാണു്. ഇനി ഒരു മണി കഴിഞ്ഞാലാണു് തിരക്കുണ്ടാവുക.
‘നമ്മൾ നേരത്തെ വന്ന കിളികളാണു്.’ സുഭാഷ് പറഞ്ഞു.
‘നമ്മള് വല്ലാത്ത ആർത്തിപ്പണ്ടാരങ്ങളാണെന്നു് അവർ കരുത്വോ?’
‘കരുതിയാലും തെറ്റില്ലല്ലോ.’
അവർ ഓരോ പ്ലെയ്റ്റുകളും പിടിച്ചു് നിരത്തിവച്ച വിഭവങ്ങൾക്കു മുമ്പിലൂടെ നീങ്ങി. അഞ്ജലി എല്ലാ വിഭവങ്ങളും വാരിവലിച്ചു് എടുക്കുന്നതു് കണ്ടപ്പോൾ സുഭാഷ് സ്വകാര്യമായി പറഞ്ഞു.
‘ഇതെല്ലാം വെറും സാലഡുകളാണു്. നമ്മുടെ വയറ് നിറയ്ക്കാനായി അവർ ആദ്യം കൊണ്ടുവച്ചിരിക്കയാണു്. അതൊന്നും എടുക്കാതെ മുമ്പിലേയ്ക്കു നടന്നോളു. അവിടെ സ്വാദിഷ്ട വിഭവങ്ങൾ നിന്നെ കാത്തിരിക്കുന്നുണ്ടു്.’
സുഭാഷ് പറഞ്ഞതു് ശരിയാണെന്നു് അഞ്ജലിയ്ക്കു് വഴിയെ മനസ്സിലായി. പ്ലെയ്റ്റു നിറയെ സാധനങ്ങളെടുത്തു് അവർ ശാന്തമായൊരു മൂലയിൽ ചെന്നിരുന്നു. എതിർവശത്തിരിക്കുന്ന അഞ്ജലിയെ നോക്കി സുഭാഷ് ചോദിച്ചു.
‘എന്താണു് നിന്റെ വെയ്റ്റ്?’
‘അതേയ്, ഞാനൊരിക്കലു് റെയിൽവേ പ്ലാറ്റ്ഫോമിൽനിന്നു് നോക്കി. എന്നിട്ടു് പുറത്തുകടന്നു് മറ്റൊരു സ്ഥലത്തു് നോക്കി. രണ്ടും രണ്ടു് വെയ്റ്റാണു്. ഈ വെയിങ്സ്കെയിലൊന്നും വിശ്വസിക്കാൻ കൊള്ളില്ല.’
അവളുടെ അടുത്തുനിന്നു് ശരിക്കുള്ള ഉത്തരം കിട്ടില്ലെന്നു് സുഭാഷിന്നറിയാമായിരുന്നു. അയാൾ പറഞ്ഞു. ‘ഞാൻ പറയട്ടെ? അറുപത്തിരണ്ടു്? റൈറ്റ്?’
അവൾ അദ്ഭുതത്തോടെ അയാളെ നോക്കി.
‘യുവാറെ സ്പോയിൽസ്പോർട്. ഇത്രയും വിഭവങ്ങളുടെ മുമ്പിൽ വെച്ചു് പറയേണ്ട കാര്യമാണോ അതു?’
സുഭാഷ് ചിരിച്ചു. ഇന്റർനെറ്റിൽ തന്റെ വിവാഹപരസ്യത്തിൽ കൂട്ടിച്ചേർക്കേണ്ട ഒരു ഇനമായി അയാൾ ഇതു് മനസ്സിൽ കുറിച്ചു. ‘പെൺകുട്ടിയുടെ തൂക്കം അറുപതിൽ കൂടരുതു്.’
‘എന്താണു് ചിരിക്കണതു്kern1pt?’ അഞ്ജലി ചോദിച്ചു.
‘ഒന്നുംല്യ. ഞാനെന്റെ മട്രിമോണിയൽ ഇൻസർഷൻ കൊടുത്തിട്ടുള്ളതു് ഒന്നുകൂടി എഡിറ്റ് ചെയ്യണതിനെപ്പറ്റി ആലോചിക്ക്യായിരുന്നു. കുറച്ചുകൂടി കണ്ടീഷൻസ് ചേർക്കാനുണ്ടു്.’
എന്താണു് കണ്ടീഷൻസ് എന്നവൾ ചോദിച്ചില്ല. നല്ലൊരു ലഞ്ച് നശിപ്പിക്കുന്നതെന്തിനാണു്. അവൾ കൂടുതൽ വിഭവങ്ങളെടുക്കാനായി പ്ലെയ്റ്റുമായി എഴുന്നേറ്റു. സുഭാഷ് അപ്പോഴും ആദ്യമെടുത്ത വിഭവങ്ങളുമായി മല്ലിടുകയായിരുന്നു.
റെസ്റ്റോറണ്ടിൽ തൃപ്തികരമായ ഒന്നര മണിക്കൂർ ചെലവിട്ടു് പുറത്തിറങ്ങിയപ്പോൾ അഞ്ജലി പറഞ്ഞു.
‘താങ്ക്സ് ഫോർ ദ ലഞ്ച്.’
‘വെൽക്കം.’
‘ഇനി എനിയ്ക്കു് കുറച്ചു സി. ഡി. വാങ്ങാൻ സഹായിക്കണം.’
‘വരൂ.’ സുഭാഷ് സ്കൂട്ടർ പാർക് ചെയ്തിടത്തേയ്ക്കു് നടന്നു.
‘സുഭാഷ് സ്കൂട്ടർ ഉപയോഗിക്കുന്നുണ്ട്ന്നു് എനിക്കറിയില്ലായിരുന്നു.’
‘എങ്ങിനെ അറിയാനാണു്. ഞാൻ പറഞ്ഞിട്ടില്ല. ഞാനാണെങ്കിൽ ഈ സാധനം ഓഫീസിൽ കൊണ്ടുവരാറുമില്ല. എന്തേ എനിയ്ക്കെത്ര പരിചയമുണ്ടെന്നു് നോക്കാനാണോ, കയറിയിരിക്കണതിന്റെ മുമ്പേ?’
‘അങ്ങിന്യല്ല…’
‘ഞാനിതു് അഞ്ചു കൊല്ലംമുമ്പു് വാങ്ങിയതാണു്. ആദ്യം ജോലിയെടുത്തിരുന്ന കമ്പനിയിലു് പിക്കപ്പ് ബസ്സുണ്ടായിരുന്നില്ല. സിറ്റിബസ്സിൽ കയറി അവിടെ എത്തിപ്പെടാനും ബുദ്ധിമുട്ടായിരുന്നു.’
സി. ഡി. സ്റ്റോറിന്നുള്ളിൽ സുഖകരമായ അന്തരീക്ഷമായിരുന്നു. റാക്കുകളിൽ നിറയെ സി. ഡി.-കളും കാസറ്റുകളും. മറച്ചുവച്ച സ്പീക്കറുകളിൽനിന്നു് നേരിയ ശബ്ദത്തിൽ സൗമ്യമായ സംഗീതം ഒഴുകി. ഒരു സേയ്ൽസ്മാൻ വന്നു ചോദിച്ചു.
‘കാനൈ ഹെല്പ് യു സേർ?’
‘നോ താങ്ക് യു.’
‘നിനക്കു് എന്തുതരം പാട്ടുകളാണു് വേണ്ടതു്. റോക്ക്, റെഗ്ഗെ, ജാസ്, കണ്ട്റി? പഴയതോ പുതിയതോ?’ സുഭാഷ് ചോദിച്ചു.
‘പഴയ പാട്ടുകൾ മതി.’
‘അപ്പോൾ എന്നോടാണു് മത്സരം അല്ലെ?’
സുഭാഷ് അവളെ പഴയ ഗാനങ്ങളുടെ ശേഖരത്തിലേയ്ക്കു് കൊണ്ടുപോയി. ഓരോ പാട്ടുകാരെയും ഗ്രൂപ്പുകളെയും പരിചയപ്പെടുത്തി.
‘എനിക്കു് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടുകാരും പാട്ടുകളുമാണിതൊക്കെ. നിനക്കിഷ്ടമാവുമോ എന്നൊന്നും അറിയില്ല.’
‘എനിക്കിഷ്ടമാവും.’
‘നീയെനിയ്ക്കു് ബ്ലാങ്ക് ചെക്കാണു് തരുന്നതു്.’
ബീറ്റിൽസും കാർപന്റേഴ്സും അടക്കം നാലു സി. ഡി.-കളും മനസ്സിൽ ഒരുപാടു് സന്ദേഹങ്ങളും കൊണ്ടു് അവൾ പുറത്തിറങ്ങി.
‘ഇനി?’ സുഭാഷ് ചോദിച്ചു. ‘എങ്ങോട്ടെങ്കിലും പോകാൻ ഉദ്ദേശംണ്ടോ?’
‘എനിക്കു് നിങ്ങൾ താമസിക്കണ സ്ഥലം കാണണം.’
‘അതു വേണോ?’
സുഭാഷ് ഫോണെടുത്തു് ജോസഫിനെ വിളിച്ചു.
‘ഞാൻ എന്റെ ഒരു ഫ്രെന്റുമായി വരുന്നു. നീയവിടെ ഉണ്ടാവില്ലെ?’
‘ഞാൻ എങ്ങോട്ടെങ്കിലും പോണോ.’
‘ശ്ശെടാ ഞാനങ്ങിനെയൊന്നും പറഞ്ഞില്ലല്ലൊ.’
‘ഞാൻ എന്റെ അപ്പനുമായി രണ്ടുമൂന്നു് വാചകങ്ങള് കൈമാറിയതിന്റെ രോഷത്തിലാണു്.’
‘അപ്പനുമായിട്ടോ?’
‘അതെ, അപ്പനു് വേറൊന്നും പറയാനില്ല.’
‘ശരി, ഞാൻ നിന്റെ രോഷമൊക്കെ മാറ്റിത്തരാം. ഞങ്ങൾ പതിനഞ്ചു മിനുറ്റുകൊണ്ടു് അവിടെ എത്തും.’
‘ശരി, ഞാൻ ഉറക്കമായില്ലെങ്കിൽ സ്വീകരിക്കാൻ മാലയൊക്കെയായി വാതിൽക്കൽ നിൽക്കാം. ഉറങ്ങിപ്പോയാൽ എന്നെ വിളിച്ചുണർത്തരുതു്.’
സുഭാഷ് ഫോൺ ഓഫാക്കി.
‘എന്താ എന്നെ പേടിയുണ്ടോ?’ അഞ്ജലി ചോദിച്ചു.
‘എന്തേ?’
‘ഫ്രെന്റിനോടു് അവിടെയില്ലേ എന്നറിയാൻ വിളിച്ചു ചോദിച്ചതു?’
‘അവൻ കുറച്ചു നീറ്റായി നിന്നോട്ടെ എന്നുവച്ചിട്ടാണു്. ആഴ്ചയിലൊരിക്കലേ കുളിയുള്ളു. ഒരു പെൺകുട്ടി വരുമ്പോഴെങ്കിലും കുറച്ചു് ഗ്ലാമറോടെ നിന്നോട്ടെ എന്നുവച്ചിട്ടാണു്?’
‘ആൾ നല്ല മൂഡിലല്ല എന്നു തോന്നുന്നു?’
‘അവനെ നല്ല മൂഡിൽ കഴിയാൻ അവന്റെ അപ്പൻ വിടില്ല. നല്ല പയ്യനാണു്. 24 വയസ്സ്. ബി. ടെക്. ക്യാമ്പസ് ഇന്റർവ്യൂവിൽ കിട്ടിയ ജോലിയാണു്. ഇൻഫോസിസിൽ. ശമ്പളം എന്തുകിട്ടുമെന്നു് നിനക്കറിയാമല്ലൊ. അപ്പൻ വിടില്ല. അയാൾ ഒരു പണച്ചാക്കാണു്. എം. ബി. എ.-യ്ക്കു പോണം. ചേട്ടനെപ്പോലെ സ്റ്റേറ്റ്സിൽ പോണം. അങ്ങിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അവനാണെങ്കിൽ തുടർന്നു് പഠിക്കാൻ താല്പര്യുല്ല ്യ. മനുഷ്യന്റെ അമ്പിഷനും ഒരു പരിധിയൊക്കെ വേണ്ടെ? പാവം പയ്യൻ. മിടുക്കനാണു്. നല്ല സ്വഭാവാണു്. അപ്പോൾ കർത്താവു് ഇട്ടുകൊടുത്തതാണ്ന്നു് തോന്നുണു ഇങ്ങിനെ ഒരപ്പനെ.’
‘പാവം.’
പാർക്കു ചെയ്തിടത്തു് വെയിലായതുകൊണ്ടു് സ്കൂട്ടറിന്റെ സീറ്റ് നല്ലവണ്ണം ചൂടായിരുന്നു. വഴിയിൽ ഒരു ഷോപ്പിങ് കോംപ്ലക്സിനു മുമ്പിലെത്തിയപ്പോൾ അഞ്ജലി പറഞ്ഞു.
‘ഒരു മിനുറ്റ് നിർത്താമോ?’
‘എന്തേ?’ സ്കൂട്ടർ ഒരരുകിൽ നിർത്തിക്കൊണ്ടു് സുഭാഷ് ചോദിച്ചു.
‘ഞാൻ ജോസഫിനു് ഒരു ചോക്കളേറ്റ് ബാർ വാങ്ങിയിട്ടു് വരാം.’
‘നിനക്കു് നല്ല ഭാവനണ്ടു്. എങ്ങിനെ മനസ്സിലായി അവനു് ചോക്കളേറ്റ് ഇഷ്ടാണെന്നു്?’
അവൾ ഓടിപ്പോയി ഒരു മിനുറ്റുകൊണ്ടു് തിരിച്ചുവന്നു. സുഭാഷ് സ്കൂട്ടർ കുറച്ചു മുന്നിൽ തണലത്തേയ്ക്കെടുത്തിരുന്നു.
ഒരു നാലുനില കെട്ടിടത്തിനുമുമ്പിൽ സ്കൂട്ടർനിർത്തി.
‘ഇതാണു് സ്ഥലം.’
സ്കൂട്ടറിൽനിന്നിറങ്ങി അഞ്ജലി നോക്കി. ഒരു സാധാരണ കെട്ടിടം. കുറച്ചു പഴക്കമുണ്ടു്.
‘രണ്ടാം നിലയിലാണു്. കോണി കയറണം.’
ആദ്യത്തെ ലാന്റിങ്ങിലെത്തിയപ്പോൾ അവൾക്കു് മനസ്സിലായി ഓരോ നിലയിലും മൂന്നു ഫ്ളാറ്റുകളാണുള്ളതെന്നു്. കെട്ടിടത്തിന്റെ വലുപ്പം നോക്കുമ്പോൾ ഫ്ളാറ്റുകൾക്കു് അത്ര വലുപ്പമൊന്നും ഉണ്ടാവാൻ വഴിയില്ല. സുഭാഷ് ബെല്ലടിച്ചു.
വാതിൽ തുറക്കപ്പെട്ടു. സുന്ദരനായ ഒരു പയ്യൻ. നല്ല നിറം. ചെറുതാക്കി വെട്ടിയ മുടി. ജീൻസും ടി-ഷർട്ടും. ഒരു പെൺകുട്ടിയെ അവൻ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു.
‘ഇതു് അഞ്ജലി, എന്റെ കൊളീഗ്. ഇതു് ജോസഫ്.’
ജോസഫ് ചിരിച്ചു. ‘ഒരു ഗേൾഫ്രന്റാണെന്നു് എന്തേ പറയാതിരുന്നതു്. ഞാനൊരു കാൺഫിഡൻസ് ഷേവുകൂടി നടത്തുമായിരുന്നു.’ താടിയിൽ വളർന്ന കുറ്റിരോമങ്ങൾ തലോടിക്കൊണ്ടു് അയാൾ പറഞ്ഞു.
‘ഇനിതൊട്ടു് ഗേൾഫ്രന്റ്സൊക്കെ ഉണ്ടായീന്നു് വരും.’ സുഭാഷ് പറഞ്ഞു.
‘നീ ഇങ്ങിന്യൊന്നും ആയിരുന്നില്ലല്ലൊ. നല്ലോരു പയ്യനായിരുന്നൂലോ.’
അഞ്ജലി ചിരിച്ചുകൊണ്ടു് നിൽക്കുകയാണു്.
‘ഇവിടെ ഇരിക്കാം.’ മേശയ്ക്കുമുമ്പിലെ കസേല നീക്കിയിട്ടുകൊണ്ടു് ജോസഫ് പറഞ്ഞു.
അവൾ ചുറ്റും നോക്കി. രണ്ടുമുറി ഫ്ളാറ്റാണെന്നു തോന്നുന്നു. ആ മേശയും ചുറ്റുമുള്ള നാലു കസേലകളും മാത്രമാണു് മുറിയിലെ ഫർണിച്ചർ. ആ മേശയുടെ ഒരറ്റത്തു് ഒരു കമ്പ്യൂട്ടർ വച്ചിട്ടുണ്ടു്. ബാക്കി സ്ഥലം ഭക്ഷണം കഴിക്കാൻ ഒഴിവാക്കിയിട്ടിരിക്കയാണെന്നു തോന്നുന്നു. അവൾ ഇരുന്നശേഷം സഞ്ചി തുറന്നു് ചോക്കളേറ്റ് ബാറെടുത്തു് ജോസഫിനു നീട്ടി.
ആർത്തിപൂണ്ടു് ഒരു വീണ്ടുവിചാരമില്ലാതെ അയാൾ അതു തട്ടിപ്പറിച്ചുവാങ്ങി പോക്കറ്റിലിട്ടു.
‘താങ്ക്യു പറേ. ആരെങ്കിലും എന്തെങ്കിലും തന്നാൽ താങ്ക്യു പറയണംന്നു് ഞാൻ പഠിപ്പിച്ചിട്ടില്ലേ?’ സുഭാഷ് ശാസിച്ചു.
‘താങ്ക്യു ആന്റീ…’
അഞ്ജലി ഉറക്കെ ചിരിക്കാൻ തുടങ്ങി.
‘എന്തെക്കൗണ്ടിലാണീ ചോക്കളേറ്റ്?’ ജോസഫ് ചോദിച്ചു.
‘സുഭാഷ് എനിക്കൊരു നല്ല ലഞ്ച് വാങ്ങിത്തന്നു.’
ജോസഫ് അദ്ഭുതത്തോടെ സുഭാഷിനെ നോക്കി. തിരിഞ്ഞു് അഞ്ജലിയോടു ചോദിച്ചു.
‘ഇതെങ്ങിനെ ഒപ്പിച്ചെടുത്തു? ഞാൻ കഴിഞ്ഞ രണ്ടുകൊല്ലായിട്ടു് ഈ പിശുക്കന്റെ വക ഒരു ലഞ്ച് തരമാക്കാൻ തലകുത്തിമറിയുന്നു. ഇതുവരെ കഴിഞ്ഞിട്ടില്ല.’
‘വരു, ഇതാണു് ഞങ്ങൾ താമസിക്കുന്ന കൊട്ടാരം.’
അവൾ എഴുന്നേറ്റ് സുഭാഷിന്റെ ഒപ്പം നടന്നു. കിടപ്പറ വളരെ ശോചനീയമായിരുന്നു. നിലത്തു് രണ്ടു കിടക്കകൾ നിവർത്തിയിട്ടിട്ടുണ്ടു്. അതിലെ വിരിയെല്ലാം ചുളിഞ്ഞുകിടക്കുന്നു. ഒരു കിടക്കയുടെ തലയ്ക്കൽഭാഗത്തു് ഒരു കമ്പ്യൂട്ടർ. മറ്റെ കിടക്കയിൽ ഒരു ലാപ്ടോപ് അടഞ്ഞുകിടക്കുന്നു. ഇങ്ങിനെയൊക്കെയായിരിക്കാം അവിവാഹിതരായ ചെറുപ്പക്കാർ താമസിക്കുന്നതു്. അഞ്ജലി കരുതി. അവളുടെ കണ്ണുകളിലെ അദ്ഭുതഭാവം കണ്ടപ്പോൾ സുഭാഷ് പറഞ്ഞു.
‘ഇതാണു് രണ്ടു ദരിദ്ര സോഫ്റ്റ്വെയ്ർ എഞ്ചിനീയർമാർ താമസിക്കുന്ന സ്ഥലം. ഞങ്ങളുടെ ബെഡ്റൂം. ജീവിതത്തിൽ ഇങ്ങിനെ ഓരോ കാഴ്ചകള് കാണേണ്ടിവരുംന്നു് നിന്റെ തലേലു് എഴുതിയിട്ടുണ്ടാവും. എന്താ ചെയ്യാ?’
‘പാവം.’ കളിയാക്കിക്കൊണ്ടു് അവൾ പറഞ്ഞു. ‘ദരിദ്രർക്കും എങ്ങിനെയെങ്കിലും ജീവിക്കണ്ടെ?’
ഹാളിലേയ്ക്കു നടന്നുകൊണ്ടു് അവൾ ചോദിച്ചു.
‘സുഭാഷിന്റെ മ്യൂസിക് കലക്ഷനൊക്കെ എവിടെ?’
മേശയ്ക്കു പിന്നിലുള്ള ഒരു കൊച്ചലമാറി അയാൾ തുറന്നു. അതിൽ നിറയെ സി. ഡി.-കളായിരുന്നു. അഞ്ജലിയുടെ കണ്ണുതള്ളിപ്പോയി. ഓരോ വരിയിലും ഏകദേശം അമ്പതെണ്ണമുണ്ടാവും. അങ്ങിനത്തെ നാലു വരി. ഏകദേശം ഇരുനൂറ് സി. ഡി. താൻ ഇന്നു് നാലു സി. ഡി. വാങ്ങിയതിനുതന്നെ ആയിരത്തിലധികമായി. ആ കണക്കിനു് ഈ അലമാറിയിൽ പത്തമ്പതിനായിരം രൂപയുടെ മുതലുണ്ടാവും.
‘ബാക്കിയൊക്കെ എന്റെ കമ്പ്യൂട്ടറിലാണു്. അതിൽ ഏകദേശം പത്തുനൂറ് സി. ഡി.-യുടെ പാട്ടുകളുണ്ടാവും.’
അഞ്ജലി തളർന്നു് അലമാറിയ്ക്കു മുമ്പിലിരുന്നു.
‘ഞാനിതൊക്കെ ഒന്നു് നോക്കുന്നതിൽ വിരോധമില്ലല്ലോ?’
‘സന്തോഷമേയുള്ളൂ.’ സുഭാഷ് അവളുടെ അടുത്തിരുന്നു് ഓരോ ഗ്രൂപ്പിനെപ്പറ്റിയും പാട്ടുകാരെപ്പറ്റിയും പറഞ്ഞുകൊടുത്തു.
‘കോഫി റെഡി.’
ജോസഫാണു്.
‘നമുക്കു് കാപ്പി കുടിയ്ക്കാം.’
‘ശരി, എനിക്കും പോണ്ട സമയമായി.’
മേശപ്പുറത്തു് മൂന്നു കപ്പ് കാപ്പിയും ഒരു പ്ലെയ്റ്റിൽ ബിസ്കറ്റും വച്ചിരുന്നു.
‘അപ്പോൾ നിങ്ങളിവിടെ കുക്കിങ്ങൊക്കെണ്ടോ?’
‘ബ്രെയ്ക്ഫാസ്റ്റും രാത്രി ഭക്ഷണവും മാത്രം.’ ജോസഫ് പറഞ്ഞു.
കാപ്പി കുടിച്ച കപ്പ് കഴുകിവെയ്ക്കാൻ അവൾ അടുക്കളയിൽ പോയി. കപ്പ് കഴുകി വെച്ചശേഷം അവൾ അടുക്കളയിലാകെ കണ്ണോടിച്ചു. ഒരു പ്രഷർസ്റ്റൗ ഇരിക്കുന്നുണ്ടു്. ചുറ്റും അതിന്റെ മക്കളെപ്പോലെ നാലഞ്ച് ചെറിയ പാത്രങ്ങളും. വളരെ പരിമിതമായ അടുക്കള.
സ്കൂട്ടറിൽ കയറുമ്പോൾ അവൾ പറഞ്ഞു.
‘എന്നെ ഏതെങ്കിലും ബസ്സ് സ്റ്റോപ്പിൽ വിട്ടാൽ മതി.’
വീട്ടിലെത്തിയ ഉടനെ അവൾ അലമാറിയുടെ വാതിലിൽ ഘടിപ്പിച്ച കണ്ണാടിയിൽ നോക്കി. എന്റെ ദൈവമേ, ഞാനൊരു തടിച്ചിയായിട്ട്ണ്ടു്. ഇങ്ങിനെ പോയാൽ ശരിയാവില്ല. നാളെതൊട്ടു് ഡയറ്റിങ് തുടങ്ങണം. ഏറ്റവും നല്ലതു് ഉച്ചഭക്ഷണം വീട്ടിൽനിന്നു കൊണ്ടുപോകയാണു്. അപ്പോൾ ഒരു നിയന്ത്രണമുണ്ടാവും. കാന്റീനിൽനിന്നാവുമ്പോൾ എത്രയായാലും വിചാരിച്ച മാതിരി നിർത്താൻ പറ്റില്ല. ഒന്നെടുത്തുകഴിയുമ്പോഴായിരിക്കും അതിലും നല്ലതു് അപ്പുറത്തു് വച്ചിരിക്കുന്നതു് കാണുക. അപ്പോൾ അതും എടുക്കും.
നിറത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? തോന്നുന്നില്ല. എല്ലാവരും നല്ല നിറമുള്ളവരായിട്ടല്ലല്ലൊ ജീവിക്കുന്നതു്. ആർക്കെങ്കിലും എന്നെ പിടിച്ചില്ലെങ്കിൽ വേണ്ട. പക്ഷേ, തടിയുടെ കാര്യത്തിൽ താൻ വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റും.
സമയം അഞ്ചുമണി. വീട്ടിലേയ്ക്കു് വിളിക്കാം. അവൾ ഫോണെടുത്തു.
അമ്മയാണു് ഫോണെടുത്തതു്.
‘അമ്മേ, അച്ഛൻ എന്തു ചെയ്യുണു?’
‘ഒറങ്ങാണു് മോളെ.’
‘അഞ്ചു മണ്യായി. വിളിച്ചൊണർത്തു. മതി ഒറങ്ങീത്ന്നു് പറയൂ.’
‘വിളിക്കാം. നിന്റെ വിശേഷൊക്കെ പറേ.’
‘അമ്മേ ഞാൻ ഡയറ്റിങ് തൊടങ്ങ്വാണു്. 62 കിലോണ്ടു്. കഴിഞ്ഞ ആഴ്ച അട്ത്ത്ള്ള മെഡിക്കൽ ഷോപ്പിലു് നോക്കീതാ. അവിടെ വെയിങ് സ്കെയ്ല്ണ്ടല്ലൊ. 62 കിലോ അധികല്ലേ അമ്മേ?’
‘അത്ര അധികൊന്നും അല്ല. പെൺകുട്ട്യോള്ക്കു് കൊറച്ചു് തടിയില്ലെങ്കിലു് കാണാൻ വൃത്തിണ്ടാവില്ല.’
‘ന്നാലും 62 കൂട്തലാ. കൊറച്ചു് കൊറക്കണം.’
‘വല്ലാതെ കൊറക്ക്യൊന്നും ചെയ്യല്ലേ. ഇതാ അച്ഛൻ എണീറ്റു് വന്നിട്ട്ണ്ടു്. ഞാൻ അച്ഛനു് കൊടുക്കാം.’
‘അച്ഛാ. അച്ഛൻ ഒറങ്ങ്വായിരുന്നോ?’
‘ഒറങ്ങ്വായിരുന്നു. ഒരമ്മേം മോളും കൂടി ഇങ്ങനെ ബഹളംണ്ടാക്ക്യാ മനുഷ്യന്മാർക്കു് ഒറങ്ങാൻ പറ്റ്വോ?’
അച്ഛന്റെ കുലുങ്ങിച്ചിരി അവൾ കേട്ടു…
അവൾ സഞ്ചി തുറന്നു് സി. ഡി.-കൾ പുറത്തെടുത്തു. ഏതു് ആദ്യം കേൾക്കണം. അവളെ സംബന്ധിച്ചേടത്തോളം എല്ലാം ഒരേപോലെയാണു്. അവൾ ആദ്യം ബീജീസിന്റെ സി. ഡി. തുറന്നു. ബീജീസിന്റെ സൗമ്യമായ ശബ്ദവും കേട്ടുകൊണ്ടു് അഞ്ജലി ഉറങ്ങിപ്പോയി.
രാത്രി ചപ്പാത്തിയ്ക്കുള്ള കറി ഫ്രിജ്ജിൽനിന്നെടുത്തു ചൂടാക്കുമ്പാൾ തോന്നി ഒരു സാലഡ് ഉണ്ടാക്കാമെന്നു്. അവൾ ഫ്രിജ്ജിൽനിന്നു് മയോനീസിന്റെ കുപ്പി പുറത്തേയ്ക്കെടുത്തു. പെട്ടെന്നവൾക്കു് കണ്ണാടിയിൽ കണ്ട പ്രതിഛായ ഓർമ്മ വന്നു. ഡയറ്റിങ് തുടങ്ങുമെന്ന പ്രതിജ്ഞയും. അവൾ കുപ്പി അതേപോലെ തിരിച്ചുവച്ചു് അടുക്കളയിലേയ്ക്കു നടന്നു. ഉണക്കച്ചപ്പാത്തി, സ്വാദെന്താണെന്നു് മനസ്സിലാവാത്ത കറികൂട്ടി കഴിക്കുമ്പോൾ അവൾക്കു മനസ്സിലായി ഡയറ്റിങ്ങിനു് താൻ നല്ലൊരു വില കൊടുക്കേണ്ടിവരുമെന്നു്.
തിങ്കളാഴ്ച ഓഫീസിൽ പോകുമ്പോൾ സാധാരണ എടുക്കാറുള്ള സാധനങ്ങളോടൊപ്പം ഒരു ചെറിയ ലഞ്ചുബോക്സും ഉണ്ടായിരുന്നു.
സുഭാഷ് എത്തിയിട്ടുണ്ടു്. അവൾ നെറ്റ്വർക്കിൽ അയാളുമായി ബന്ധപ്പെട്ടു.
‘ഇതു ഞാനാണു്, അഞ്ജലി.’
‘ഇന്നു് വൈകിയോ?’
‘കുറച്ചു്. ഞങ്ങളുടെ ബസ്സ് ട്രാഫിക് ജാമിൽ പെട്ടുപോയി. പിന്നെ, മിനിഞ്ഞാന്നത്തെ ആതിഥ്യത്തിനു് നന്ദി.’
‘നീ എന്തു കൺസൾട്ടന്റാണു്? ഫീസ് അഡ്വാൻസായി മേടിച്ചു് എനിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതുവരെ ഒരൊറ്റ പ്രൊപോസലും കണ്ടുപിടിച്ചു തന്നില്ലല്ലൊ.’
‘ഇന്നു് കുറച്ചു പ്രൊപോസലുകൾ ഫിൽട്ടർ ചെയ്തു് തരാം. നല്ല പെൺകുട്ടികളെ കിട്ടുക എളുപ്പമാണെന്നു വിചാരിച്ചോ. സമയമെടുക്കും.’
‘സി. ഡി.-കൾ കേട്ടോ?’
‘കേട്ടു. ഓരോ സി. ഡി.-യും രണ്ടു പാട്ടു കഴിയുമ്പോഴേയ്ക്കു് ഞാൻ ഉറക്കമായി. ഇതെന്താണു് താരാട്ടുപാട്ടുകളാണോ?’
‘ഏതാണു് കൂടുതൽ ഇഷ്ടമായതു?’
‘കാർപെന്റേഴ്സ്. അതിലെ യെസ്റ്റർഡേ വൺസ് മോർ.’
‘യു ഹാവ് ഗുഡ് ടേയ്സ്റ്റ്.’
‘താങ്ക്സ് ആന്റ് ബൈ… ഒരു മിനുറ്റ്. ഞാൻ ഡയറ്റിങ് തുടങ്ങി. അതുകൊണ്ടു് ഇനി ഭക്ഷണം വീട്ടിൽനിന്നു കൊണ്ടുവരികയാണു്.’
സുഭാഷിന്റെ ഭാഗത്തുനിന്നു് മറുപടിയൊന്നുമില്ല.
‘ഹലോ…നിങ്ങൾ അവിടെത്തന്നെയുണ്ടോ?’
‘ഉണ്ടു്. ഞാൻ ചിന്തിക്കുകയായിരുന്നു. ങാ, ഒന്നുമില്ല.’
അയാൾ കണക്ഷൻ വിഛേദിച്ചു. ഇന്നു് ടെലികോൺഫറൻസുള്ള ദിവസമാണു്. രാത്രി എട്ടുമണിയ്ക്കാണതു്. എങ്കിലും അതിനുള്ളിൽ ആവുന്നത്ര ജോലി തീർക്കണം.
ശനിയാഴ്ച അമ്മയുടെ കത്തുണ്ടായിരുന്നു. എന്തായി ആലോചനകൾ. വല്ലതും ശരിയാവുന്നുണ്ടോ? അറിയിക്കൂ. വേഗം നടന്നുകാണണംന്ന്ണ്ടു്. ഞാനും അച്ഛന്റെ പിന്നാലെ വല്യേ താമസല്യാതെ പോണ മട്ടാണു്. അതിനുമുമ്പു്…
താൻ കാര്യമായി ശ്രമിക്കുന്നില്ല എന്നതാണു് വാസ്തവം. ഇന്നു് എന്തായാലും സമയംണ്ടാവില്ല. നാളെ വൈകുന്നേരം ഇന്റർനെറ്റിലൊന്നു് പരതണം. അയാൾ ജോലിയിൽ മുഴുകി.
ഒറ്റയ്ക്കിരുന്നു് ഭക്ഷണം കഴിക്കുന്നതു് അത്ര സുഖമുള്ള കാര്യമല്ല എന്നു് അഞ്ജലി മനസ്സിലാക്കി. രാത്രിതന്നെ അങ്ങിനെയാണു്. ഉച്ചയ്ക്കു് രണ്ടായിരം പേരുടെ ഇടയിൽ ഒറ്റയ്ക്കാവുന്നതു് സഹിക്കാൻ പറ്റുന്നില്ല. കാന്റീനിൽ പോയി കഴിക്കാമായിരിക്കും. പക്ഷേ, തന്റെ ഈ സദ്യ ആരും പ്രത്യേകിച്ചു് സുഭാഷ് കാണുന്നതവൾ ഇഷ്ടപ്പെട്ടില്ല. താഴെ കാന്റീനിൽ ഇപ്പോൾ തിരക്കായിരിക്കും. സുഭാഷ് ഒറ്റയ്ക്കു് ഏതെങ്കിലും മേശയ്ക്കരികെ ഇരുന്നു് നിശ്ശബ്ദനായി ഭക്ഷണം കഴിക്കുന്നുണ്ടാവും. അയാൾക്കെതിരെ ആരെങ്കിലും ഇരിക്കുന്നുണ്ടാവുമോ? പെൺകുട്ടി?
അവൾ ഊണു നിർത്തി. വയ്യ ഈ ഉണക്കച്ചോറും തണുത്ത സാമ്പാറും കൂട്ടിയുള്ള ഊണു്. നാളെ മുതൽ കാന്റീനിൽത്തന്നെ പോകണം. തനിക്കു് നാവിനു് നിയന്ത്രണമുണ്ടാവുകയാണു് വേണ്ടതു്. വിശപ്പു് കഷ്ടിച്ചു മാറാനുള്ള ഭക്ഷണം മാത്രം എടുക്കുക. പ്രലോഭനങ്ങളിൽനിന്നു് നടന്നുമാറുക. യാഥാർത്ഥ്യങ്ങളിൽനിന്നു് ഓടിപ്പോവുകയല്ല വേണ്ടതു്, അഭിമുഖീകരിക്കുകയാണു്. ഇത്തരം ഉയർന്ന ചിന്തകൾ തന്റെ വയർ നിറയ്ക്കുന്നില്ലെന്നു് അഞ്ജലി മനസ്സിലാക്കി. വയറ്റിന്റെ അടിയിൽനിന്നു് ഒരു വിയോജനക്കുറിപ്പു് പൊന്തിവരികയാണു്. എന്തു വന്നാലും ഇന്നിനി കാന്റീനിൽ പോകുന്ന പ്രശ്നമേയില്ല. അവൾ ഇന്റർനെറ്റിൽ മട്രിമോണിയലിൽ പരതാൻ തുടങ്ങി.
പെൺകുട്ടികൾക്കു വേണ്ടിയാണവൾ നോക്കിയിരുന്നതു്. ഒരു നാലഞ്ചു പ്രൊപ്പോസലുകളെങ്കിലും കണ്ടുപിടിച്ചു കൊടുക്കണം. എന്താണു് സുഭാഷിന്റെ മനസ്സിൽ. അയാൾ സ്വന്തം മനസ്സിനു മുമ്പിൽ ഒരു മറയിടുകയാണു്. തനിക്കതു മാറ്റിനോക്കാൻ പറ്റുന്നില്ല. ഇന്റർനെറ്റിൽ ധാരാളം പെൺകുട്ടികളുണ്ടു്. ഒരുമാതിരി എല്ലാവരും സുന്ദരികളാണു്. വെരി ഫെയർ എന്നാണു് എഴുതിയിരിക്കുന്നതു്. അവരുടെ ഫോട്ടോ കണ്ടാൽ അറിയാൻ കഴിയും. ഭംഗിയുള്ള മുഖങ്ങൾ. നല്ല ജോലി. അധികവും ഐ. ടി.-യിൽത്തന്നെ. ഇതിൽ ബാംഗളൂരിൽ ജോലിയുള്ളവർ തന്നെ ധാരാളമുണ്ടു്. അര മണിക്കൂർ പരതിയശേഷം അഞ്ചു പ്രൊപ്പോസലുകൾ അവൾ എടുത്തുവച്ചു. അതെല്ലാം ഇ-മെയ്ലായി സുഭാഷിനു് അയച്ചുകൊടുത്തു. താല്പര്യമുണ്ടെങ്കിൽ നോക്കിക്കോട്ടെ. അവൾക്കു് പെട്ടെന്നു് ദേഷ്യം പിടിച്ചു.
നെറ്റ്വർക്കിൽ സുഭാഷിന്റെ സന്ദേശം ഓരോ വാക്കുകളായി വന്നു.
‘ലഞ്ച് വാസ് ഗുഡ്, എക്സെപ്റ്റ് ദാറ്റ് ഐ വാസ് മിസ്സിങ് എ ഗുർമെ.’
‘ഇങ്ങിനെ വിഷമ സന്ധികളിൽ എന്നെ ഓർത്തതിനു നന്ദി. കമല പാക്ക് ചെയ്തു തരുന്ന ലഞ്ച് കൊണ്ടുവന്നാൽ തടി കുറയുന്നതിനു പകരം ഞാൻ ഹോസ്പിറ്റലിൽ എത്തുകയാണുണ്ടാവുക.’
‘എന്തു പറ്റീ?’
‘ഇറ്റ് വാസ് ലൗസി. ഞാനതു് കച്ചറഡബ്ബയിൽ കൊണ്ടുപോയി തട്ടി.’
‘ഹൗ സാഡ്…’
‘നാളെ മുതൽ ഒരു പരിചയമുള്ള സുന്ദരിയുടെ മുഖം കാന്റീനിൽ വീണ്ടും കാണും.’
‘ആരാണതു?’
‘എന്നെ ദേഷ്യം പിടിപ്പിക്കണ്ട. ഞാൻ അഞ്ചു പ്രൊപ്പോസലുകൾ സുഭാഷിനു് ഇ-മെയിലായി അയച്ചിട്ടുണ്ടു്. എന്റെ വിശന്ന അര മണിക്കൂർ ചെലവാക്കിയാണു് ഞാൻ അതെല്ലാം ഫിൽട്ടർ ചെയ്തെടുത്തതു്. സൗകര്യമുള്ളപ്പോൾ നോക്കു.’
‘ഇന്നു രാത്രി നോക്കാം. ഇന്നു് ടെലികോൺഫറൻസുള്ള ദിവസമാണു്. എത്ര മണിയ്ക്കു് വീട്ടിലെത്തുമെന്നു് പറയാൻ പറ്റില്ല. എന്തായാലും നോക്കാം. നന്ദി.’
രാത്രി വീട്ടിലെത്തിയപ്പോൾ പത്തര മണിയായി. ജോസഫ് ഭക്ഷണം കഴിച്ചിരുന്നു. സുഭാഷ് ഒരു പ്ലെയ്റ്റിൽ ചോറും കറികളും വിളമ്പിയെടുത്തു കമ്പ്യൂട്ടറിനു മുമ്പിൽ പോയി ഇരുന്നു. കളിക്കാൻ തുടങ്ങിയപ്പോഴാണു് ഓർത്തതു് അഞ്ജലി അയച്ചെന്നു പറഞ്ഞ മെയ്ൽ. ദൈവമേ അതു നോക്കാഞ്ഞാൽ ആ പെണ്ണു് എന്നെ ജീവനോടെ വിടില്ല.
അയാൾ പ്രൊപ്പോസലുകൾ ഡൗൺലോഡ് ചെയ്തു. എല്ലാം നല്ല കുട്ടികൾ. സുന്ദരികൾ, ബാംഗളൂരിൽ ഐ. ടി. രംഗത്തുതന്നെ ജോലി. പാവം, നൂറു കണക്കിനു് പ്രൊഫൈലുകളിൽനിന്നു് ഈ അഞ്ചെണ്ണം മാത്രം തെരഞ്ഞെടുക്കാൻ നല്ലവണ്ണം അദ്ധ്വാനിച്ചിട്ടുണ്ടാവണം. ഇനി ഈ അഞ്ചെണ്ണത്തിൽനിന്നു് താൻ രണ്ടെണ്ണമെങ്കിലും തിരഞ്ഞടുത്തു് അവർക്കു് ഇ-മെയ്ലയക്കണം. നോക്കട്ടെ. അയാൾ ജോസഫിനെ വിളിച്ചു. അവൻ കമ്പ്യൂട്ടറിൽ പോസ് വെച്ചു് എഴുന്നേറ്റുവന്നു. സ്ക്രീനിൽ സുന്ദരികളുടെ ഫോട്ടോ കണ്ടപ്പോൾ അവനു് താല്പര്യം വന്നു.
‘ഇതെല്ലാം എവിടെനിന്നു് ഒപ്പിച്ചെടുത്തു?’
‘ഒപ്പിച്ചെടുക്കുകയോ? നല്ല കോളായി. ഇതെല്ലാം മട്രിമോണിയലിൽ വന്നവരാണു്? ഇതിൽ ഏതെങ്കിലും രണ്ടെണ്ണത്തിനെ തെരഞ്ഞടുക്കാൻ നീയെന്നെ സഹായിക്കണം.’
‘നീ എപ്പോഴാണു് ഇതൊക്കെ ഡൗൺലോഡ് ചെയ്തതു?’
‘ഇതെല്ലാം എന്റെ മാര്യേജ് കൺസൾട്ടന്റ് നൂറുകണക്കിനു് പ്രൊപ്പോസലുകള് പഠിച്ചു് ഫിൽട്ടർ ചെയ്തുതന്നതാണു്.’
‘ആരാണയാൾ? ആരായാലും നല്ല ടേയ്സ്റ്റുണ്ടു്.’
‘അഞ്ജലി.’
‘അഞ്ജലി?’
‘അതെ, അവളാണു് എന്റെ മാര്യേജ് കൺസൾട്ടന്റ്.’
അവൾക്കു് വട്ടാണെന്ന മട്ടിൽ ജോസഫ് ഒരാംഗ്യം കാണിച്ചു. രണ്ടുപേരും കൂടി ഇരുന്നു് രണ്ടു പെൺകുട്ടികളെ തെരഞ്ഞെടുത്തു. ഒന്നു് തൃശ്ശൂർകാരി ആതിര, മറ്റേതു് കോഴിക്കോട്ടുകാരി വന്ദന. പേരുകളും കുഴപ്പമില്ല. അവർക്കു് രണ്ടുപേർക്കും ഇ-മെയ്ലയക്കുകയും ചെയ്തു. ഇ-മെയ്ലിൽ സുഭാഷിന്റെ രജിസ്റ്റ്രേഷൻ ഐ. ഡി. കൊടുക്കുക മാത്രമേ വേണ്ടിയിരുന്നുളളു. താല്പര്യമുണ്ടെങ്കിൽ സമീപിക്കുക.
രണ്ടുപേർക്കും താല്പര്യമുണ്ടായിരുന്നു. നല്ലൊരുറക്കത്തിനു ശേഷം രാവിലെ കമ്പ്യൂട്ടർ തുറന്നു് ഇ-മെയ്ൽ നോക്കിയപ്പോൾ രണ്ടുപേരുടെയും മറുപടി വന്നുകിടക്കുന്നു. താല്പര്യമുണ്ടു്. നിങ്ങളുടെ ഓഫീസിന്റെ പേരും മറ്റു വിവരങ്ങളും അറിയിക്കു. കഴിയുമെങ്കിൽ ഫോൺ നമ്പർ തരിക. അല്ലെങ്കിൽ തിരിച്ചു് ഫോൺ ചെയ്യു. ആതിര അവളെ സംബന്ധിച്ച എല്ലാ വിവരങ്ങളും തന്നിട്ടുണ്ടു്. ജോലി ചെയ്യുന്ന കമ്പനി, അവർ പറഞ്ഞയച്ചു് സ്റ്റേറ്റ്സിൽ ആറു മാസത്തെ പരിശിലനത്തിനു പോയ കാര്യം, അവളുടെ താല്പര്യങ്ങൾ തുടങ്ങിയവ. സംഗീതത്തിലും വായനയിലുമാണു് താല്പര്യം. ആൺകുട്ടിയ്ക്കും ഇതിലൊക്കെ താല്പര്യമുണ്ടെങ്കിൽ നന്നായിരുന്നു. നിർബ്ബന്ധമൊന്നുമില്ല. അവൾ കുറേക്കൂടി തുറന്ന മനസ്സോടെയാണു് എഴുതിയിരിക്കുന്നതു്. അവളുടെ രുചികൾ ആരിലും അടിച്ചേൽപിക്കുന്നില്ല. അതു് സുഭാഷിനു് ഇഷ്ടമായി. അവർ രണ്ടുപേരും ഫോൺ നമ്പറും തന്നിട്ടുണ്ടു്. വളരെ പെട്ടെന്നുള്ള മറുപടി.
സമയം എട്ടു മണിയായി. വേഗം രണ്ടുപേരെയും ഒന്നു് വിളിച്ചു നോക്കാം. അയാൾ ഫോണെടുത്തു.
ഓഫീസിൽ കമ്പ്യൂട്ടർ ബൂട്ടു ചെയ്ത ഉടനെ അഞ്ജലിയുടെ സന്ദേശമുണ്ടായിരുന്നു.
‘എങ്ങിനെയുണ്ടു് ഞാൻ തെരഞ്ഞെടുത്ത പ്രൊപോസലുകൾ?’
‘എല്ലാം നല്ലതായിരുന്നു. തെരഞ്ഞെടുപ്പു് വിഷമമായിരുന്നു. അവസാനം രാത്രിയുടെ മധ്യത്തിലെപ്പോഴൊ രണ്ടുപേരെ തെരഞ്ഞെടുത്തു. ജോസഫിന്റെ സഹായമുണ്ടായിരുന്നു.’
‘എന്താണവരുടെ പേരുകൾ?’
‘തൃശ്ശൂർകാരി ആതിര, കോഴിക്കോട്കാരി വന്ദന.’
‘ഇനി?’
‘അവരുമായി ഫോണിൽ സംസാരിച്ചു’
‘ഇത്ര വേഗം? എന്നോടു് കൺസൾട്ട് ചെയ്യാണ്ട്യോ? എന്നിട്ടു്?’
‘ആതിരയാണു് കുറേക്കൂടി നന്നായി തോന്നുന്നതു്. നമുക്കു് കാന്റീനിൽ വച്ചു് സംസാരിക്കാം. ഇന്നു് ലഞ്ച് കൊണ്ടുവന്നിട്ടുണ്ടോ?’
‘ഇല്ല.’
‘ഞാൻ ഊഹിച്ച പോലെത്തന്നെ.’
‘കളിപ്പിക്കണ്ട. ഞാനിപ്പോഴും ഡയറ്റിങ്ങിലാണു്. നിങ്ങൾക്കതു് ഒരാഴ്ചകൊണ്ടു് മനസ്സിലാവും.’
‘ശരി…’
അഞ്ജലി പറഞ്ഞതു് ശരിയായിരുന്നു. അവളുടെ പ്ലെയ്റ്റിലെ വിഭവങ്ങൾ കണ്ടപ്പോൾ സുഭാഷിനു വിഷമമായി. രണ്ടു ചെറിയ ചപ്പാത്തിയും ഡാൾഫ്രൈയും കുറച്ചു് വെജിറ്റബ്ൾ സാലഡും മാത്രം.
‘നീ തടി കുറയ്ക്കാനാണോ ആത്മഹത്യയ്ക്കാണോ ശ്രമിക്കണതു?’
‘സുഭാഷ് ആതിരയെപ്പറ്റി പറയു. അവളുമായി അടിമുതൽ മുടിവരെ പ്രേമത്തിലായെന്നു തോന്നുന്നു.’
‘അവൾ നല്ല പെൺകുട്ടിയാണു്. നല്ല അഭിരുചികളാണു്. പാട്ടുകൾ ഇഷ്ടാണു്, വായനയുണ്ടു്…’
‘ഓ… ഏതൊക്കെ പാട്ടുകളാണു് അവൾക്കിഷ്ടം?’
‘അതൊക്കെ ചോദിക്കാനല്ലെ ഒരു റെസ്റ്റോറണ്ടിൽ കാണാമെന്നു പറഞ്ഞതു?’
‘എന്നാണു് പോകുന്നതു?’
‘തീർച്ചയാക്കിയിട്ടില്ല. ധൃതിയൊന്നുമില്ലല്ലൊ.’
അഞ്ജലിയുടെ ചപ്പാത്തിയും പരിപ്പും കഴിഞ്ഞിരുന്നു. ഇപ്പോൾ അവൾ സാലഡിന്റെ കഷ്ണങ്ങൾ വായിലിട്ടു ചവച്ചുകൊണ്ടിരുന്നു. ഒരു സ്വാദുമില്ലാത്ത അതു തിന്നുമ്പോൾ അവളുടെ കണ്ണുകൾ ആർത്തിയോടെ സുഭാഷിന്റെ പ്ലെയ്റ്റിലെ വിഭവങ്ങളിൽ തങ്ങിനിൽക്കുകയാണു്. അതിൽ രണ്ടു് വലിയ കട്ലറ്റുകളുണ്ടായിരുന്നു. സുഭാഷ് പറഞ്ഞു.
‘ഒരു കഷ്ണം എടുത്തോളു.’
തന്റെ കണ്ണുകളുടെ അപഥസഞ്ചാരം സുഭാഷ് കണ്ടുപിടിച്ചതിൽ അവൾക്കു ലജ്ജ തോന്നി. അവൾ പറഞ്ഞു.
‘ഏയ് എന്റെ വയർ നിറഞ്ഞു.’
സുഭാഷ് രണ്ടു കട്ലറ്റുകളിൽ ഒരെണ്ണം അവളുടെ പ്ലെയ്റ്റിലേയ്ക്കിട്ടു.
‘ഒരു കട്ലറ്റ് കഴിച്ചതുകൊണ്ടു് തടി കൂടാനൊന്നും പോകുന്നില്ല. പിന്നെ ആരു പറഞ്ഞു അഞ്ജലിയ്ക്കു് തടി കൂടുതലാണെന്നു് ?’
‘എന്റെ ക്ലയന്റ്.’
‘ഏയ് ഞാൻ തുക്കമെത്രയാണെന്നു് വെറുതെ ചോദിച്ചു എന്നേയുള്ളു.’
അവൾ മേശപ്പുറത്തുനിന്നു് സോസിന്റെ കുപ്പിയെടുത്തു തുറന്നു.
വൈകുന്നേരം വീട്ടിലെത്തി ചായയുണ്ടാക്കി കുടിച്ചു് കുളിക്കാൻ പോകുമ്പോൾ അമ്മയുടെ ഫോൺ വന്നു.
‘വെറ്തെ വിളിച്ചതാണു്. വിശേഷൊന്നുംല്ല്യല്ലോ.’
‘ഒന്നുംല്ല്യമ്മേ. ഞാൻ ഇന്നലെതൊട്ടു് ഡയറ്റിങ് തൊടങ്ങി. പക്ഷേ, എത്രത്തോളം വിജയിക്കുംന്നൊന്നും അറീല്ല.’
‘അതെന്തേ?’
‘അതിനെതിരായിട്ടുള്ള ശക്തികള്ണ്ടു് ഇവിടെ.’
‘ന്നു് വെച്ചാൽ?’
‘ഒന്നുംല്ല്യമ്മേ. ഞാൻ തമാശ പറഞ്ഞതാ. അച്ഛൻ എന്തു ചെയ്യുണു?’
‘ഇവിടെ ഇതാ കമ്പ്യൂട്ടറിൽ എന്തോ ചെയ്യ്ണ്ണ്ടു്.’
‘അച്ഛനോടു് കമ്പ്യൂട്ടറിന്റെ മുമ്പിലു് അധികം ചടഞ്ഞിരിക്കണ്ടാന്നു് പറയൂ.’
‘പറഞ്ഞോണ്ടൊന്നും കാര്യല്ല. മൂപ്പരു് വിചാരിച്ചതല്ലെ നടക്കൂ. പിന്നീം നീ പറഞ്ഞാലെ വല്ലതും കേൾക്കൂ. അച്ഛന്റെ പുന്നാരമോളല്ലേ?’
‘അമ്മെടീം.’
‘ഓ… ആട്ടെ നീയ് പ്രൊപോസല് പിന്നെ വല്ലതും നോക്ക്യോ?’
‘ഇല്ലമ്മേ, എന്താ ധൃതി?’
റെസ്റ്റോറണ്ടിൽവച്ചോ ഐസ്ക്രീം പാർലറിൽവച്ചോ കാണാമെന്നു് ആതിര പറഞ്ഞു. പാർക്കുകളിൽ വച്ചു കാണാൻ അവൾക്കും താല്പര്യമുണ്ടായിരുന്നില്ല.
‘എനിക്കു് ഞായറാഴ്ച മാത്രേ പുറത്തു് വരാൻ പറ്റൂ. മറ്റു ദിവസങ്ങളിൽ ഹോസ്റ്റലിൽനിന്നു് പറഞ്ഞയക്കില്ല. അപ്പോൾ ഏതെങ്കിലും ഞായറാഴ്ച കാണാം.’
‘ഈ ഞായറാഴ്ചതന്നെയായാലോ?’
‘ആയിക്കോട്ടെ. എവിടെയാണു്?’
‘ഇന്റിജോവിൽ.’
യുദ്ധം എപ്പോഴും അറിയുന്ന നിലത്താണു് നല്ലതു്. വിജയസാദ്ധ്യത കൂടും. ഏറ്റവും കൂടുതൽ പോയിട്ടുള്ളതു് അവിടെയാണു്. അതെവിടെയാണെന്നു് ആതിരയ്ക്കു പറഞ്ഞു കൊടുക്കേണ്ടി വന്നു. എത്ര മണിയ്ക്കാണു് അവിടെ എത്തേണ്ടതെന്നും. പന്ത്രണ്ടരതന്നെ ആയിക്കോട്ടെ. നേരത്തെ ഒഴിവായാൽ വീട്ടിൽ വന്നു് സ്ഥിരം പതിവുള്ള ഞായറാഴ്ച ഉറക്കം നടത്തുകയും ചെയ്യാം. ഈ ലഞ്ചിനെപ്പറ്റി തല്ക്കാലം അഞ്ജലിയോടു് പറയണ്ട. ലഞ്ചിന്റെ ഫലമെന്താണെന്നറിഞ്ഞശേഷം പറയാം. ഇറ്റ്സ് എ ഡൂബിയെസ് ബാറ്റ്ൽ.
ആതിര പന്ത്രണ്ടരയ്ക്കു മുമ്പുതന്നെ എത്തി. ഓട്ടോവിൽനിന്നിറങ്ങി എങ്ങാട്ടാണു് പോകേണ്ടതെന്നു് സംശയിച്ചു നിൽക്കുന്ന അവളുടെ അടുത്തേയ്ക്കു് സുഭാഷ് ചെന്നു.
‘ആതിര?’
‘അതെ.’ അവൾ ചിരിച്ചുകൊണ്ടു് പറഞ്ഞു.
‘ഞാൻ സുഭാഷ്.’
‘എനിയ്ക്കു മനസ്സിലായി.’
അവർ അകത്തേയ്ക്കു നടന്നു.
‘വെജിറ്റേറിയനാണോ?’ സുഭാഷ് ചോദിച്ചു.
‘അല്ല. നിങ്ങളോ?’
‘അല്ല, നമ്മൾ തമ്മിൽ ആ കാര്യത്തിൽ യോജിപ്പുണ്ടു്.’
പ്ലെയ്റ്റിൽ ഭക്ഷണസാധനങ്ങളെടുത്തു് ഒരു മേശക്കിരുവശത്തും ഇരുന്നപ്പോൾ അയാൾ അവളെ നോക്കിപ്പഠിച്ചു. ഭംഗിയുള്ള പ്രസന്നമുഖം. പാകത്തിനുള്ള തടിയേയുള്ളൂ.
‘എന്തൊക്കെ പാട്ടുകളാണു് കേൾക്കാറ്?’
‘ഒരു വിധം എല്ലാ പാട്ടുകളും. പഴയ ഹിന്ദി പാട്ടുകൾ ഇഷ്ടാണു്. ഇംഗ്ലീഷ് പാട്ടുകളും കേൾക്കാനിഷ്ടാണു്. പക്ഷേ, എന്റെ അടുത്തു് അധികവും റാഫീടേം ലതടേം പാട്ടുകളാണു്.’
‘എങ്ങിനെയാണു് പഴയ പാട്ടുകളിൽ താല്പര്യം വന്നതു? ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ പുതിയ പാട്ടുകളോടാണു് കമ്പം.’
‘അച്ഛനു് ദില്ലിയിലായിരുന്നു ജോലി. പാട്ടുകളോടു് വല്യേ ഇഷ്ടായിരുന്നു. അതു കേട്ടു് വളർന്നതാണു്. സുഭാഷിനെങ്ങിനെയാണു്. പാട്ടുകൾ ഇഷ്ടാണോ?’
‘അതെ, പ്രത്യേകിച്ചു് പഴയ ഇംഗ്ലീഷ് പാട്ടുകളോടു്.’
അവൾ ഓരോ വിഭവവും വളരെ കുറച്ചു മാത്രമേ എടുത്തിട്ടുള്ളു. ഒന്നുകിൽ ഡയറ്റിങ്ങിന്റെ ഭാഗമായി, അല്ലെങ്കിൽ പയ്യനെ വിരട്ടി ഓടിക്കേണ്ട എന്നു വച്ചിട്ടു്.
‘വീട്ടിൽ ആരൊക്കെണ്ടു്?’ സുഭാഷ് ചോദിച്ചു.
‘അച്ഛൻ, അമ്മ, അനിയൻ, അമ്മമ്മ. അനിയൻ എഞ്ചിനീയറിങ്ങ് ഫൈനൽ ഇയറിനു പഠിക്ക്യാണു്. അച്ഛനു് ബാങ്കിലാണു് ജോലി.’
‘എനിക്കു് അമ്മ മാത്രെള്ളു. അച്ഛൻ അഞ്ചു കൊല്ലം മുമ്പു് ഹാർട്ടറ്റാക്കായി മരിച്ചു. അമ്മ ഒറ്റയ്ക്കാണു്.’
രണ്ടുമണിയ്ക്കു് അവളെ ഓട്ടോവിൽ കയറ്റി അയച്ചപ്പോൾ സുഭാഷ് ആലോചിച്ചിരുന്നതു് ആതിരയുമായി സംസാരിക്കുക കൂടുതൽ എളുപ്പമായിരുന്നുവെന്നാണു്. അവളുടെ സംസാരത്തിൽ ഹൃദയം തുറക്കുന്ന എന്തോ ഉണ്ടു്. അവളുടെ സ്വപ്നങ്ങൾ, ഭയങ്ങൾ. ഒരു പെൺകുട്ടിയ്ക്കു് ഇത്രയേറെ സ്വപനങ്ങൾ ഉണ്ടെന്നു് അന്നാണയാൾ മനസ്സിലാക്കുന്നതു്. സ്വപ്നങ്ങളുടെ കാലം കഴിഞ്ഞുപോയെന്നാണു് അയാൾ കരുതിയിരുന്നതു്. അതയാളെക്കൊണ്ടും സംസാരിപ്പിച്ചു.
വീട്ടിലെത്തി ഒരുറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ അഞ്ജലിയോടു് സംസാരിച്ചാലോ എന്നാലോചിച്ചു. ഫോണെടുത്തപ്പോൾ തോന്നി. വേണ്ട, നാളെ നേരിട്ടു് കാണുമ്പോൾ പറയാം.
ജോസഫ് എഴുന്നേറ്റതു് ആറു മണിയ്ക്കാണു്. താൻ വരുമ്പോൾ അയാൾ നല്ല ഉറക്കത്തിലായിരുന്നു. കുംഭകർണ്ണൻ.
‘നീ ഉച്ചയ്ക്കു് എവിട്യായിരുന്നു?’ അവൻ ചോദിച്ചു.
‘അതറിഞ്ഞിട്ടു് നിനക്കെന്തു കാര്യം?’
‘ഞാനാണു് നിന്റെ സദാചാരത്തിന്റെ സൂക്ഷിപ്പുകാരൻ. കഴിഞ്ഞ ആഴ്ചയിലെ നിന്റെ അപഥസഞ്ചാരം ഞാൻ കണ്ടു. ഈ ആഴ്ചയിലും അങ്ങിനെ വല്ലതും സംഭവിച്ചുവോ എന്നറിയണം.’
‘സംഭവിച്ചു.’
‘അഞ്ജലി?’
‘അല്ല, ആതിര. നമ്മള് മിനിഞ്ഞാന്നു് സെലക്ട് ചെയ്തതിൽ തൃശ്ശൂർകാരി.’
‘എന്നിട്ടു്?’
‘ഞങ്ങൾ ആശയവിനിമയം നടത്തി. ഒന്നും തീർച്ചയാക്കിയിട്ടില്ല.’
‘ഒരു കാര്യം ചോദിക്കട്ടെ?’ ജോസഫ് പറഞ്ഞു. ‘ആരാണീ അഞ്ജലി? അവളും നീയുമായുള്ള ബന്ധം?’
എന്താണു് അഞ്ജലിയും താനുമായുള്ള ബന്ധം? സുഭാഷ് ആലോചിച്ചു. തനിക്കിനിയും മനസ്സിലായിട്ടില്ലാത്ത ഒരു കാര്യമാണതു്. അയാൾ പറഞ്ഞു.
‘അവളെന്റെ കൺസൾട്ടന്റാണു്.’
ഓഫീസിലെത്തി, കമ്പ്യൂട്ടർ തുറക്കാനിടയില്ല, അഞ്ജലിയുടെ സന്ദേശം ഒഴുകി വന്നു.
‘ഇന്നലെ എന്തു ചെയ്തു, ആരെയെങ്കിലും കണ്ടുവോ?’
‘കണ്ടു, ആതിരയെ.’
‘ഓ, തൃശ്ശൂർകാരി. എന്തു സംസാരിച്ചു?’
‘ഉച്ചയ്ക്കു് കാണുമ്പോൾ പറയാം.’
‘എവിടെവച്ചാണു് സംസാരിച്ചതു്? ലഞ്ചിനു കൊണ്ടുപോയൊ?’
‘കൊണ്ടുപോയി.’
‘എവിടേയ്ക്കു് എന്നു പറയുന്നതിൽ വിരോധമില്ലെങ്കിൽ കേൾക്കാൻ ആഗ്രഹമുണ്ടു്.’
‘ഇന്റിജോവിൽ.’
‘ഇന്റിജോവിൽ?’
‘അതെ.’
‘എന്തിനാണു് അവിടെ കൊണ്ടുപോയതു്?’
അവൾ പെട്ടെന്നു് നെറ്റ്വർക് കണക്ഷൻ വിച്ഛേദിച്ചു.
താൻ ആതിരയെ ആ റെസ്റ്റോറണ്ടിൽ കൊണ്ടുപോയതു് ഇഷ്ടമായില്ല എന്നു സ്പഷ്ടം. അതാണു് മറ്റു വിവരങ്ങളൊന്നും അന്വേഷിക്കാതിരുന്നതു്. എന്തിനാണു് അവിടെ കൊണ്ടുപോയതു് എന്നാണു് ചോദിച്ചതു്. വേറെ ഏതെങ്കിലും റെസ്റ്റോറണ്ടിലായിരുന്നെങ്കിൽ അവൾക്കു് വിഷമമുണ്ടാവില്ലായിരുന്നു. സാരമില്ല ഉച്ചയ്ക്കു് കാന്റീനിൽവച്ചു കാണുമ്പോൾ സംസാരിക്കാം.
ഉച്ചയ്ക്കു് പക്ഷേ, അഞ്ജലി കാന്റീനിൽ വരികയുണ്ടായില്ല. സുഭാഷ് കാന്റീനു പുറത്തു് കുറച്ചുനേരം കാത്തുനിന്നു. പത്തു മിനുറ്റോളം നിന്നിട്ടും അവളെ കണ്ടില്ലെന്നു കണ്ടപ്പോൾ അയാൾ ഉള്ളിൽ പോയി പരതി. അവൾ രണ്ടു ഹാളിലും ഇല്ല. അയാൾ ഒറ്റയ്ക്കു് ഭക്ഷണം കഴിക്കാൻ തീർച്ചയാക്കി. തിരിച്ചു് ഓഫീസിൽ എത്തിയപ്പോൾ അഞ്ജലി ജോലിയെടുക്കുന്നതാണു് കണ്ടതു്. അയാൾക്കു് വേണമെങ്കിൽ അവളുടെ അടുത്തു് ചെന്നു് വിവരങ്ങളന്വേഷിക്കാം. സുഭാഷ് പക്ഷേ, അതിഷ്ടപ്പെട്ടില്ല.
അയാൾ നെറ്റ്വർക്കിലൂടെ അവളുമായി ബന്ധപ്പെട്ടു. ഭാഗ്യത്തിനു് അവൾ നെറ്റ്വർക്ക് മെസഞ്ചർ ഓഫാക്കിയിട്ടിട്ടില്ല.
‘ഇതു് സുഭാഷാണു്.’
‘ശരി.’
‘എന്താണു് ഇന്നു് തിന്നാവൂനെ കാന്റീനിൽ കണ്ടില്ലല്ലൊ.’
‘ഇതു ചോദിക്കാനാണോ വിളിച്ചതു?’
‘അതെ.’
‘എന്റെ മറുപടി ശരിക്കും പ്രതീക്ഷിക്കുന്നുണ്ടോ?’
‘മറുപടി പ്രതീക്ഷിക്കാതെ ഞാൻ ചോദ്യങ്ങൾ ചോദിക്കാറില്ല.’
‘ശരി, എന്തിനാണു് ആതിരയെ ഇന്റിജോവിൽത്തന്നെ കൊണ്ടുപോയതു?’
‘എന്തിനാണു് ആതിരയെ ഇന്റിജോവിൽ കൊണ്ടുപോയതു് എന്നതിനു് ഒരു വിശദീകരണത്തിന്റെ ആവശ്യമുണ്ടോ എന്നെനിക്കറിയില്ല. എന്നാലും ഞാനെന്റെ ഭാഗം വ്യക്തമാക്കുകയാണു്. എനിക്കാ സ്ഥലം നല്ലവണ്ണം അറിയാം. അറിയുന്ന നിലത്തു് യുദ്ധം ചെയ്യാനാണു് ഞാൻ ഇഷ്ടപ്പെടുന്നതു്. ഒരു നല്ല കാപ്റ്റന്റെ ലക്ഷണമാണതു്. ‘
‘യു മേ ബി എ ഗ്രെയ്റ്റ്, കാപ്റ്റൻ, ബട്ട് എ ലൗസി ലവർ.’
അവൾ നെറ്റ്വർക്ക് മെസഞ്ചർ ഓഫാക്കി. സുഭാഷ് ആകെ ആശയക്കുഴപ്പത്തിലായി. എന്താണവളുടെ മനസ്സിൽ? അയാൾ ഫോണെടുത്തു് അവളുടെ നമ്പർ ഡയൽ ചെയ്തു. അവൾ ഫോണും ഓഫാക്കിയിട്ടിരിക്കയാണു്. തന്റേതല്ലാത്ത തെറ്റിനു് ക്രൂശിക്കപ്പെടുന്നതയാളിഷ്ടപ്പെട്ടില്ല. അയാൾക്കു് വല്ലാതെ ദേഷ്യം പിടിച്ചിരുന്നു.
‘എന്താണാവോ മോള് ഫോൺ ഓഫാക്കി ഇട്ടിരിക്ക്യാണു്. ഞാൻ എട്ടുമണിതൊട്ടു് ശ്രമിക്കണതാണു്.’ ലക്ഷ്മി പറഞ്ഞു.
‘ചെലപ്പൊ ഓഫീസീന്നു് ഓഫാക്കീട്ട്ണ്ടാവും, പിന്നെ ഓണാക്കാൻ മറന്നിട്ട്ണ്ടാവും.’ മാധവൻ പറഞ്ഞു. ‘നീയൊരു മെയ്ലയച്ചുനോക്കു്.’
‘ഒരര മണിക്കൂറു കഴിഞ്ഞിട്ടു് ഒന്നുകൂടി നോക്കട്ടെ. ഇല്ലെങ്കിൽ മെയ്ലയക്കാം.’
‘കത്തെഴുതുമ്പോൾ പരിഭ്രമിച്ച മാതിരിയൊന്നും എഴുതല്ലെ. അവൾക്കു് ദേഷ്യം പിടിക്കും.’
‘ഏയ് ഇല്ല, ഞാൻ നിങ്ങടെ മോളെ ദേഷ്യം പിടിപ്പിക്കിണില്ല.’
ഫ്ളാറ്റിന്റെ ഏകാന്തതയിലിരുന്നു് അഞ്ജലി ആലോചിച്ചു. കുളികഴിഞ്ഞു് പുറത്തു വന്നപ്പോൾ അവൾക്കു് നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചയ്ക്കു് വാശിപിടിച്ചു് ഒന്നും കഴിക്കാതിരുന്നു. വൈകുന്നേരം വന്ന ഉടനെ ഒരു ചായയുണ്ടാക്കിക്കുടിച്ചതാണു്. കമലയുണ്ടാക്കിവച്ച ചപ്പാത്തിയിൽനിന്നു് ഒരെണ്ണം മാത്രമെടുത്തു് കൂട്ടാനുംകൂട്ടി കഴിച്ചു. സാധാരണ മൂന്നു ചപ്പാത്തി കഴിക്കാറുള്ളതാണു്. അത്രമതി. ഭക്ഷണം കഴിഞ്ഞശേഷം അഞ്ജലി ഫോണെടുത്തു നോക്കി. പ്രതീക്ഷിച്ച പോലെത്തന്നെ. വീട്ടിൽനിന്നു് നാലു പ്രാവശ്യം വിളിച്ചിട്ടുണ്ടു്. സുഭാഷിന്റെ രണ്ടു കാളുകളും. ഒരെണ്ണം അയാൾ ഓഫീസിൽനിന്നുതന്നെ വിളിച്ചതാണു്. മറ്റേതു് എട്ടരമണിയ്ക്കാണു്. ഒരുപക്ഷേ, അയാൾ അപ്പോഴും ഓഫീസിൽതന്നെയായിരിക്കണം. അവൾ വീണ്ടും ഫോൺ ഓഫാക്കിയിട്ടു. ലാപ്ടോപ് എടുത്തു മെയ്ൽ നോക്കിയപ്പോൾ അമ്മയുടെ കത്തുകണ്ടു.
‘ഫോൺ ഓഫാക്കിയിട്ടിരിക്കയായിരുന്നു അല്ലെ. വെറുതെ വിളിച്ചതാണു്. വിശേഷൊന്നുംല്യല്ലൊ. മറുപടി അയയ്ക്കു…’
കത്തിൽ അമ്മ മുഴുവൻ പരിഭ്രമവും കാട്ടുന്നില്ലെന്നേയുള്ളു. പക്ഷേ, ഇപ്പോൾ അച്ഛനും അമ്മയും കലശലായി പരിഭ്രമിച്ചിരിക്കയായിരിക്കുമെന്നു് അവൾക്കറിയാം. പരിഭ്രമിയ്ക്കട്ടെ. ഞാനിനി ഇങ്ങിനെയൊക്കെയേ പെരുമാറു. ആർക്കും ന്നെ ഇഷ്ടല്ല്യ. അവൾ മറുപടി അയച്ചില്ല.
സമയം എട്ടരയായി. സുഭാഷ് കമ്പ്യൂട്ടറിൽനിന്നു് തലയുയർത്തി. മൂന്നാം സ്ഥാനത്തു് ചെന്നു നിൽക്കുന്ന തന്റെ ഫോർഡ് ജി. ടി. 90 കാർ അയാൾ പരിതാപകരമായി നോക്കി. തന്റെ മനസ്സു് അമേരിക്കൻ റേസ് ട്രാക്കിലൊന്നുമല്ല. പക്ഷേ, സാധാരണയായി റേസിൽ രണ്ടാമതായി ഫിനിഷ് ചെയ്താൽകൂടി റീപ്ലേ നടത്തി തോൽവിയ്ക്കുള്ള കാരണം കണ്ടുപിടിയ്ക്കാറുള്ള സുഭാഷ് അന്നു് ക്ഷമാപണത്തോടെ, തന്നെ നോക്കിനിൽക്കുന്ന റേസ് കാർ നിർവികാരനായി നോക്കി കളി നിർത്തി. ജോസഫ് വന്നിട്ടില്ല. അതിനർത്ഥം ഭക്ഷണമൊന്നും കിട്ടാൻ പോകുന്നില്ല എന്നാണു്. എന്തെങ്കിലും ഓർഡർ ചെയ്യാനായി അയാൾ ഫോണെടുത്തു. പക്ഷേ, റെസ്റ്റോറണ്ടിലേയ്ക്കു ഡയൽ ചെയ്യുന്നതിനു പകരം അയാൾ ഡയൽ ചെയ്തതു് അഞ്ജലിയുടെ നമ്പറാണു്. അരമിനുറ്റുനേരത്തെ സംഗീതത്തിനുശേഷം ഫോണിലെ സുന്ദരിയുടെ ശബ്ദം കേട്ടു. ‘നിങ്ങൾ വിളിച്ച നമ്പർ തല്ക്കാലം സ്വിച്ച് ഓഫ് ചെയ്തിരിക്കയാണു്. ദയവു ചെയ്തു് കുറച്ചു സമയം കഴിഞ്ഞു് വിളിക്കൂ…’
അവൾക്കു് എന്താണു് പറ്റിയതു്? അയാൾ ഫോൺ വെച്ചു് അടുക്കളയിലേയ്ക്കു കടന്നു. ഇന്നു് ഒന്നും ഓർഡർ ചെയ്യാനുള്ള മൂഡില്ല. എന്തെങ്കിലും ഉണ്ടാക്കാം, അതൊരു വലിയ സാഹസമാവുമെന്നു് അറിയുമെങ്കിലും. ജോസഫിനു് സൂത്രപ്പണികൾ അറിയാം. തനിക്കതു പറ്റില്ല. ഒരു ചെറിയ രാത്രിഭക്ഷണമുണ്ടാക്കാൻ തുനിഞ്ഞാൽ മതി അതൊരു വലിയ ഫുൾകോഴ്സ് ഡിന്നറായി മാറും. ഇന്നു് അതിനൊന്നുമുള്ള മൂഡില്ല. അയാൾ പച്ചക്കറികൾ എടുത്തു് കഴുകി മുറിക്കാൻ തുടങ്ങി.
ഒമ്പതരയ്ക്കു് ജോസഫ് വന്നപ്പോൾ മൂക്കു വിടർത്തിക്കൊണ്ടു് അയാൾ ഫ്ളാറ്റിനുള്ളിലെ മണം ആസ്വദിച്ചുകൊണ്ടു് പറഞ്ഞു.
‘ഇന്നു് നീ നല്ലതെന്തൊക്കെയോ ഓർഡർ ചെയ്തിട്ടുണ്ടല്ലോ.’
സുഭാഷ് വിനയത്തോടെ തലയാട്ടി. അപ്പോഴാണു് ഫ്ളാറ്റിൽ നിറഞ്ഞുനിൽക്കുന്ന പുക കാണുന്നതു്. ജോസഫ് അടുക്കളയിലേയ്ക്കു പോയിനോക്കി. അടുക്കളയിൽനിന്നാണു് പുക.
‘നീ എക്സോസ്റ്റ് ഫാൻ ഓണാക്കാതെയാണു് കുക്കിങ് ചെയ്തതു് അല്ലെ?’ അയാൾ ജനലിനു മുകളിലുള്ള എക്സോസ്റ്റ് ഫാൻ ഓണാക്കി.
‘മണൊക്കെ വന്നപ്പൊ ഞാൻ വിചാരിച്ചു നീ ടാജിൽനിന്നു് എന്തോ ഓർഡർ ചെയ്തിട്ടുണ്ടാവുംന്നു്.’
അവൻ വാഷ്ബേസിനിൽ കൈകഴുകി നേരെ ഊൺമേശയിലേയ്ക്കു പോയി ഇരുന്നു. സുഭാഷിന്റെ പാചക വൈദഗ്ദ്യത്തെ പുകഴ്ത്തി അയാളെ സ്ഥിരം പാചകക്കാരനാക്കി ജോസഫ് നിയമിച്ചു. സുഭാഷ് വേറെ ഏതോ ലോകത്താണെന്നു് അയാൾ കണ്ടുപിടിച്ചു.
‘നിനക്കിന്നെന്തു പറ്റീ?’ ജോസഫ് ചോദിച്ചു. ‘ഇത്ര നല്ല വിറ്റ് ഞാൻ ഇറക്കിയിട്ടും നിന്റെ മുഖത്തു് ഒരു ചിരിപോലുമില്ല?’
‘എന്റെ കൺസൾഡട്ടന്റ് രാജി വച്ചു.’
‘എന്തു പറ്റീ?’
സുഭാഷ് പറയാൻ തുടങ്ങി. അര മണിക്കൂർ നേരത്തെ സംസാരത്തിനുശേഷം ജോസഫ് ഇത്രമാത്രം പറഞ്ഞു.
‘അതിനു് വട്ടാണു്.’
‘അതൊരു പാവാണു്.’
‘നിന്റെ ഒപ്പം റെസ്റ്റോറണ്ടിൽ ലഞ്ചിനു് വര്വാ, എന്നും നിന്റെ ഒപ്പം കാന്റീനിൽ ഭക്ഷണം കഴിക്ക്യാ, നിന്റെ വീട്ടിലു് വര്വാ, ഓഫീസ് നെറ്റ്വർക്കിൽ ഇടയ്ക്കിടയ്ക്കു് ചാറ്റ് ചെയ്യാ. ഇതൊക്കെ ചെയ്യുമ്പോത്തന്നെ നിനക്കു് വേണ്ടി വധുവിനെ അന്വേഷിക്കും ചെയ്യാ. അതും നല്ല കുട്ടികള്. അവള് പറഞ്ഞുതന്ന അഞ്ചുപേരും അവളെക്കാൾ സുന്ദരികളാണു്. സാധാരണ ഒരു പെൺകുട്ടിയും ചെയ്യാറില്ല. കയ്യിൽ കിട്ടിയ പയ്യനെ എങ്ങിനെയെങ്കിലും സ്വന്താക്കണംന്നേണ്ടാവൂ.’
സുഭാഷ് ഒന്നും പറയുന്നില്ല. ജോസഫ് തുടർന്നു.
‘എനിക്കു തോന്നുന്നതു് അവൾ നീയുമായി അഗാധപ്രേമത്തിലാണെന്നാണു്. പക്ഷേ, പിന്നെ എന്തിനാണവൾ ഇങ്ങിനെ…’
സുഭാഷ് അഞ്ജലി പറഞ്ഞതോർത്തു. ‘നീയൊരു മഹാനായ പടനായകനായിരിക്കാം, പക്ഷേ, വളരെ മോശം കാമുകനാണു്.’ അതൊരു വലിയ സമസ്യയായി സുഭാഷിനെ അലട്ടി. ഭക്ഷണം കഴിഞ്ഞ ഉടനെ അയാൾ ഒരിക്കൽക്കൂടി അഞ്ജലിയുടെ ഫോൺ ഡയൽ ചെയ്തു. ഒരേ ഉത്തരം. ‘നിങ്ങൾ വിളിച്ച നമ്പർ തല്ക്കാലം സ്വിച്ച് ഓഫ്…’
രാവിലെ ഫോൺ കുറച്ചുനേരം ഓണാക്കിയിട്ടപ്പോഴേയ്ക്കു് അമ്മ വിളിച്ചു. അവൾ ഹലോ പറഞ്ഞു.
‘എന്താ മോളെ നീയിങ്ങനെ ഫോൺ ഓഫാക്കിയിട്ടിട്ടുള്ളതു?’
‘ഞാൻ കുറച്ചു തിരക്കിലാണമ്മെ, പിന്നെ വിളിയ്ക്കു.’ അമ്മയ്ക്കൊന്നുംതന്നെ പറയാൻ അവസരം കൊടുക്കാതെ അവൾ ഫോൺ വീണ്ടും ഓഫാക്കിയിട്ടു.
‘എന്തായാലും അവൾക്കു് അസുഖൊന്നുംല്യ. അതു് തന്നെ ആശ്വാസം.’ ലക്ഷ്മി പറഞ്ഞു.
‘അതെ. പക്ഷേ, എന്താണവൾ ഇങ്ങിനെ പെരുമാറണതു? വളരെയധികം ജോലിത്തിരക്കുള്ളപ്പോൾ കൂടി അവൾ ഇതിലധികം നേരം സംസാരിക്കാറുണ്ടു്. അവൾക്കു് എന്തോ വെഷമംണ്ടു്. അതെന്താണ്ന്നാണറിയേണ്ടതു്.’ മാധവൻ പറഞ്ഞു.
‘നമുക്കൊന്നു് പോയിനോക്കിയാലോ?’ ലക്ഷ്മി പറഞ്ഞു.
‘രണ്ടു ദിവസം കഴിയട്ടെ. എന്തായാലും അസുഖൊന്നുംല്യാന്നു് മനസ്സിലായല്ലൊ.’
ഓഫീസിൽ പോകുന്നതിനുമുമ്പു് അവൾ ഫോണെടുത്തു നോക്കി. രണ്ടു കാളുകൾ വീണ്ടും വന്നിട്ടുണ്ടു്. രണ്ടും സുഭാഷിന്റെ. ഒന്നു് തലേന്നു് രാത്രി ഒമ്പതു മണിയ്ക്കു്, ഒന്നു് ഇന്നു രാവിലെ ഏഴുമണിയ്ക്കു്.
നന്നായിപ്പോയി!
അവൾ അന്നു് ഓഫീസിലേയ്ക്കു് ലഞ്ച് കൊണ്ടുപോയില്ല.
ഉച്ചയ്ക്കു് സുഭാഷ് കാന്റീനിൽ അഞ്ജലിയെ പ്രതീക്ഷിച്ചില്ല. പുതിയ നടപ്പുപ്രകാരം വീട്ടിൽ നിന്നു ഭക്ഷണം കൊണ്ടുവരികയായിരിക്കുമെന്നു കരുതി. പക്ഷേ, ട്രേയിൽ ഭക്ഷണമെടുത്തു് ഹാളിൽ എത്തിയ സുഭാഷ് കണ്ടതു് അവൾ ഭക്ഷണം കഴിക്കുന്നതാണു്, അയാൾക്കു് പരിചയമില്ലാത്ത ഏതോ പെൺകുട്ടിയുടെ ഒപ്പമിരുന്നു്. ധാരാളം മേശകൾ ഒഴിഞ്ഞു കിടന്നിരുന്നു. എന്നിട്ടും അതിലൊന്നും ഇരിക്കാതെ പരിചയമില്ലാത്ത ഒരു കുട്ടിയുടെ ഒപ്പമിരുന്നതു് തന്നെ ഒഴിവാക്കാൻതന്നെയാണെന്നു് സുഭാഷിനു മനസ്സിലായി. തന്നെ കണ്ട ഭാവം നടിക്കാതെ അവൾ ഒപ്പമിരിക്കുന്ന കുട്ടിയുമായി സംസാരിക്കുകയായിരുന്നു. സുഭാഷ് വളരെ അകലെയല്ലാതെ ഒരു മേശമേൽ ട്രേ വച്ചു് ഇരുന്നു. അഞ്ജലി ഭക്ഷണം വളരെ ചുരുക്കിയിട്ടുണ്ടെന്നു തോന്നി. അവളുടെ പ്ലെയ്റ്റിൽ അധികമൊന്നും വിഭവങ്ങൾ കണ്ടില്ല. തന്റെ ഭക്ഷണം പകുതിയായപ്പോഴേയ്ക്കും അവൾ എഴുന്നേറ്റു കഴിഞ്ഞു. അവൾ ഒറ്റയ്ക്കു് ട്രെയുമെടുത്തു് തന്റെ മുമ്പിലൂടെ നടന്നുപോയി, തന്നെ ശ്രദ്ധിക്കാതെത്തന്നെ.
ആതിരയോടു് പിന്നീടൊന്നും സംസാരിച്ചിട്ടില്ല. രണ്ടു ദിവസത്തിനുള്ളിൽ ഫോൺ ചെയ്യാമെന്നാണു് പറഞ്ഞിരുന്നതു്. ഇനി വന്ദനയെ കാണണോ? ഇനിയും പെൺകുട്ടികളെ ബുദ്ധിമുട്ടിയ്ക്കാൻ സുഭാഷ് ഇഷ്ടപ്പെട്ടില്ല. ഒരു കുട്ടിയെ ഇഷ്ടപ്പെട്ടെങ്കിൽ അവളോടു് വീണ്ടും സംസാരിക്കുക. അവൾക്കും പരിപൂർണ്ണ സമ്മതമാണോ എന്നു നോക്കുക. അതോടെ മതിയാക്കുക. അഞ്ജലി ഇങ്ങിനെ ഇടഞ്ഞുനിൽക്കുമ്പോൾ അതിനൊന്നുമുള്ള മനസ്സുവരുന്നില്ല. എന്താണവൾ ഇങ്ങിനെ പിണങ്ങാൻ കാരണം? അവൾ പറഞ്ഞിട്ടാണു് ആതിരയോടു് സംസാരിച്ചതു്. അവളെ ആ റെസ്റ്റോറണ്ടിൽത്തന്നെ കൊണ്ടുപോയി എന്നതു് ഇത്ര വലിയ തെറ്റാണോ? ഒരുപക്ഷേ, ജീവിതത്തിൽ അങ്ങിനെയുള്ള നനുത്ത വികാരങ്ങൾക്കൊന്നും സ്ഥാനം കൊടുക്കാത്തതുകൊണ്ടു് തനിയ്ക്കതു മനസ്സിലാവാത്തതായിരിക്കും. അവൾ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ സാധാരണ മട്ടിലാവുമെന്നു കരുതിയതാണു്. അങ്ങിനെയൊന്നും സംഭവിക്കുന്നില്ലെന്നു മാത്രമല്ല, അവളുടെ ഉറച്ച നില ഓരോ നിമിഷവും തന്നെ കാണിക്കണമെന്നുമുണ്ടു് അവൾക്കു്. കാന്റീനിൽ ഭക്ഷണം കഴിഞ്ഞു് പോകാൻ മറ്റു വഴികളുണ്ടായിട്ടും ആ വഴിയ്ക്കൊന്നും പോകാതെ തന്റെ മുമ്പിലൂടെത്തന്നെ പോയി, തന്നെ പാടെ അവഗണിച്ചുകൊണ്ടു്. എന്തിനാണവൾ ബാലിശമായ ഈ കളി കളിക്കുന്നതു? സുഭാഷ് ആശയക്കുഴപ്പത്തിലായി. നോക്കാം. ഈ വക പ്രശ്നങ്ങൾ സ്വയം പരിഹരിക്കപ്പെടുമെന്നാണു് സുഭാഷിന്റെ അറിവു്. ഏതു് ഇടപെടലും സഹായിക്കുന്നതിനു പകരം പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളു.
നാട്ടിലുള്ളവർക്കു് പക്ഷേ, അങ്ങിനെ ആശ്വസിക്കാൻ കഴിഞ്ഞില്ല. അവർ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല. മിക്കവാറും എപ്പോഴും അഞ്ജലിയുടെ ഫോണുകൾ ഓഫായി കിടക്കുകയാണു്. ഇ-മെയ്ലിനും മറുപടി കിട്ടുന്നില്ല. എന്തൊരു കുട്ടിയാണിതു്?
ശനിയും ഞായറും കമല വൈകിയിട്ടേ വരാറുള്ളു. അന്നു് ഓഫീസിൽ പോകണ്ടല്ലോ. അഞ്ജലിയ്ക്കു് രാവിലെ ഉറങ്ങാൻ കഴിയുന്ന ദിവസങ്ങളാണവ. അതുകൊണ്ടു് ശനിയാഴ്ച നേരത്തെ ബെല്ലടിച്ചപ്പോൾ അവൾ കമലയെ ശപിക്കുകയാണുണ്ടായതു്. കമലതന്നെയാണു് ബെല്ലടിച്ചതെന്ന ഉറപ്പുകാരണം അവൾ പീപ്ഹോളിലൂടെ നോക്കാതെത്തന്നെ വാതിൽ തുറന്നു.
അച്ഛനും അമ്മയും!
‘എന്താതു്, അറിയിക്കാണ്ടെ?’ മറുപടിയൊന്നും കിട്ടാഞ്ഞപ്പോൾ അവൾ പറഞ്ഞു. ‘നിങ്ങളെന്റെ ശനിയുറക്കം കളഞ്ഞു.’
‘സാരല്യ.’ അമ്മ പറഞ്ഞു ‘ഞങ്ങള് ഒരാഴ്ച്യായി മര്യാദയ്ക്കു് ഒറങ്ങീട്ടു്.’
‘എന്തു കാര്യത്തിനു്?’ അവൾ സൂട്ട്കേസെടുത്തു് അകത്തേയ്ക്കു നടന്നു.
‘നിനക്കെന്താണു് പറ്റീതു? സുഖംല്ല്യെ, വല്ലാത്ത കോലായിട്ട്ണ്ടല്ലോ.’ അമ്മ ചോദിച്ചു.
അഞ്ജലി ഒന്നും പറയുന്നില്ല. അച്ഛനും ഒന്നും മിണ്ടാതെ നിൽക്കുകയാണു്. എന്തുകൊണ്ടോ അവൾക്കു് അച്ഛന്റെ കാര്യത്തിൽ വിഷമം തോന്നി. അവർ ഇത്ര ധൃതിയിൽ ഓടിവരുമെന്നൊന്നും അവൾ കരുതിയിരുന്നില്ല. അച്ഛന്റെ ആരോഗ്യം അത്ര മെച്ചമൊന്നുമല്ല. യാത്ര അദ്ദേഹത്തെ ക്ഷീണിപ്പിച്ചിട്ടുണ്ടു്. പക്ഷേ, അതൊന്നും കാണിക്കാതെ അച്ഛൻ വെറുതെ ചിരിച്ചുകൊണ്ടു് നിൽക്കുകയാണു്.
‘ഞാൻ ചായണ്ടാക്കട്ടെ.’ അഞ്ജലി അടുക്കളയിലേയ്ക്കു പോയി. അവൾ അച്ഛന്റെയും അമ്മയുടെയും നോട്ടത്തിൽനിന്നു് ഒഴിവാകുകയായിരുന്നു. അച്ഛൻ സോഫയിലിരുന്നു് പത്രവായന തുടങ്ങി. പക്ഷേ, അമ്മ അവളുടെ പിന്നാലെ അടുക്കളയിലേയ്ക്കു പോയി. ഇനി അമ്മയുടെ വക കുത്തുന്ന ചോദ്യങ്ങളായിരിക്കും. അച്ഛനു് വരാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. അച്ഛൻ ഒപ്പം വന്നാൽ അഞ്ജലി മനസ്സു മുഴുവൻ തുറക്കില്ലെന്നദ്ദേഹത്തിന്നറിയാം. സംസാരം കഴിഞ്ഞാൽ അമ്മ അച്ഛന്റെ അടുത്തുപോയി കാര്യങ്ങളെപ്പറ്റി വളരെ വിശദമായ റിപ്പോർട്ടു കൊടുക്കും. അതുകൊണ്ടാണു് അച്ഛൻ ശാന്തനായി പത്രപാരായണം നടത്തുന്നതെന്നു് അവൾക്കറിയാം.
‘എന്താ മോളെ നിനക്കു് പറ്റീതു? പറേ. കഴിഞ്ഞ ആഴ്ചവരെ സംസാരിച്ച ആളേ അല്ലല്ലൊ ഇപ്പൊ നീ. നെനക്കു് എന്തു പ്രശ്നംണ്ടായാലും ഞങ്ങളോടല്ലെ പറേണ്ടതു?’
കണ്ണിന്റെ ഉറവ തുറക്കാതിരിക്കാൻ അഞ്ജലി ശ്രമിച്ചു. അവൾ പറഞ്ഞു.
‘എനിക്കൊരു പ്രശ്നുംല്യമ്മേ. ജോലി കൂടുതലാന്നു് മാത്രം.’
മകൾ നുണ പറയുകയാണെന്നു് ലക്ഷ്മിയ്ക്കു് മനസ്സിലായി. പെറ്റുവീണ അന്നുമുതൽ കാണാൻ തുടങ്ങിയതാണു്. അവൾ ഒരു വിരലനക്കുമ്പോൾ അതെന്തിനാണെന്നു് അവർക്കറിയാം.
‘ഞങ്ങള് മര്യാദയ്ക്കൊന്നു് ഒറങ്ങീട്ടു് ദിവസങ്ങളായി. അച്ഛന്റെ കാര്യാ കഷ്ടം. അച്ഛൻ കണ്ടില്ലേ വല്ലാതെ ക്ഷീണിച്ചിരിക്കുണു.’
‘യാത്രാക്ഷീണായിരിക്കുംന്നാ ഞാൻ കരുതീതു്.’
‘അല്ലല്ല, അച്ഛനു് ഇപ്പ യാത്ര ചെയ്താലു് ക്ഷീണൊന്നും കാണാറില്ല.’ മകളുടെ അച്ഛനോടുള്ള അനുതാപത്തിൽനിന്നു് മുതലെടുക്കാമെന്നവർ കരുതി.
ബെല്ലടിച്ചു.
‘അമ്മ പോയി വാതിൽ തുറക്കൂ. കമല വന്നതാണു്. ഇനി അവള്ടെ മുമ്പിലു് വെച്ചിട്ടു് അമ്മ ഒന്നും പറയല്ലേ. അതിനു് അത്യാവശ്യം മലയാളം അറിയാം. വല്ലാത്ത സാധനാ അതു്.’
‘ഞാനൊന്നും പറയ്ണില്ല.’ അവർ വാതിൽ തുറക്കാൻ പോയി. അഞ്ജലി ചായയുമെടുത്തു് സിറ്റിങ്റൂമിലേയ്ക്കു നടന്നു.
കമലയുടെ ശബ്ദം ഉറക്കെ കേൾക്കുകയാണു്. അഞ്ജലിയുടെ അച്ഛനുമമ്മയും വന്ന സന്തോഷത്തിലാണവൾ. എട്ടുമണിയ്ക്കുതന്നെ പണി നിർത്താനായി ഇനി പിടഞ്ഞു ജോലിയെടുക്കേണ്ട.
‘ഈ പെണ്ണിനൊരു വോള ്യം കണ്ട്രോൾ പിടിപ്പിക്കണം.’ അച്ഛൻ പറഞ്ഞു. ‘വാതിലിനു പുറത്തുവച്ചുതന്നെ വോള ്യം കുറയ്ക്കാൻ പറയണം.’
അച്ഛൻ കുടിച്ചുകഴിഞ്ഞ ചായകപ്പുമായി അടുക്കളയിലേയ്ക്കു ചെന്ന അഞ്ജലി കാണുന്നതു് അമ്മയും കമലയുമായി താഴ്ന്ന സ്വരത്തിൽ എന്തോ സംസാരിക്കുന്നതാണു്. അവൾ അമ്മയെ രൂക്ഷമായി നോക്കി. അമ്മ വേഗം ചായക്കപ്പുമായി പുറത്തേയ്ക്കു പോയി. പ്രാതൽ എന്താണുണ്ടാക്കേണ്ടതെന്നു് കമലയോടു് പറഞ്ഞു് അഞ്ജലി പുറത്തു കടന്നു. അമ്മ അച്ഛന്റെ അടുത്തിരുന്നു് എന്തോ സംസാരിക്കുകയാണു്. കമലയിൽനിന്നു കിട്ടിയ വിവരങ്ങൾ അച്ഛനു് റിപ്പോർട്ടു കൊടുക്കുകയാണു്.
‘നോക്കു്, ഞാനൊന്നും ചോദിച്ചില്ല.’ അമ്മ പറഞ്ഞു. അവർ മുൻകൂർ ജാമ്യമെടുക്കുകയാണു്. ‘കമല ഇങ്ങട്ടു് പറയ്യേ ചെയ്തതു്.’
‘എന്തു?’ അഞ്ജലിയുടെ ശബ്ദം കുറച്ചുയർന്നിരുന്നു.
‘അല്ല അവള് പറയാണു് നീ ഭക്ഷണൊക്കെ നല്ലോണം ചുരുക്കീട്ട്ണ്ട്ന്നു്. രാവിലെ രണ്ടു് ഇഡ്ഡലി മാത്രേ കഴിക്കാറുള്ളു. രാത്രിയ്ക്കു് ഒരു ചപ്പാത്തി മതീന്നു് പറയും ചെയ്യുംന്നു്.’
‘ഞാൻ ഡയറ്റിങ്ങിലാണു്.’
‘ഇങ്ങനെ ഡയറ്റിങ് തൊടങ്ങ്യാലു് ആള്തന്നെ ഇല്ലാണ്ടാവില്ലെ?’
‘ഇല്ലാണ്ടായ്ക്കോട്ടെ, ആർക്കാ നഷ്ടം?’ അവൾ എഴുന്നേറ്റുപോയി.
അവർ രണ്ടുപേരും പകച്ചുനോക്കി. പിന്നെ മാധവൻ പറഞ്ഞു.
‘നീ ധൃതിപ്പെടണ്ട. നമുക്കു് സാവധാനം എല്ലാം ചോദിച്ചു മനസ്സിലാക്കാം. ജോലിക്കാരി ഒന്നു് പൊയ്ക്കോട്ടെ.’
കമല ഒമ്പതു മണിയ്ക്കു് പോയി. പിന്നാലെ അഞ്ജലി കുളിമുറിയിൽ കയറി. കുളിക്കാൻ കയറുമ്പോൾ അവൾ കുളിമുറി മാത്രമല്ല, അവളുടെ മുറിയും അകത്തുനിന്നു് അടച്ചു കുറ്റിയിടാറുണ്ടു്. അവളുടെ പഴയ ശീലമാണതു്. കുളി കഴിഞ്ഞു് പുറത്തുവന്നപ്പോൾ അവൾ പറഞ്ഞു.
‘ഞാൻ പച്ചക്കറിയൊക്കെ വാങ്ങി വരാം. കുറച്ചു് സമയം എടുക്കും, വേറെം കുറെ സാധനങ്ങള് ഓർഡർ ചെയ്യാന്ണ്ടു്.’
അവൾ സഞ്ചിയുമെടുത്തു് പുറത്തിറങ്ങിയപ്പോൾ മാധവനും ലക്ഷ്മിയും അന്യോന്യം നോക്കി. അവർ വന്നിട്ടു് നാലു മണിക്കൂറായി, പക്ഷേ, ഇപ്പോഴും മകളുടെ പ്രശ്നത്തെപ്പറ്റി വരുമ്പോഴുണ്ടായിരുന്ന അറിവേയുള്ളു. എന്തു സംസാരിച്ചാലാണു് അവളുടെ മനസ്സു തുറക്കാൻ പറ്റുക?
സെൽഫോണടിച്ചു.
‘ഇതു് മോളടെ ഫോണാണല്ലൊ, അവളതു് കൊണ്ടുപോയിട്ടില്ലെ?’
‘നീ നോക്കു്. ചെലപ്പൊ അവള്തന്നെയാണു് വിളിക്കണ്തെങ്കിലോ?’
ലക്ഷ്മി അകത്തുപോയി ഫോണെടുത്തു കൊണ്ടുവന്നു.
‘ഒരു സുഭാഷാണു്.’
‘ആരായാലും നീ സംസാരിക്കു്.’
അവർ ഹലോ എന്നു പറഞ്ഞ ഉടനെ അയാൾ പറഞ്ഞു.
‘അഞ്ജലി, ഇതു് സുഭാഷ്.’
‘ഇതു് അഞ്ജലിയല്ല. അവളുടെ അമ്മയാണു്.’
‘അത്യോ? ഞാൻ അഞ്ജലിടെ ഒപ്പം ജോലിയെടുക്കണ ആളാണു്. അഞ്ജലി ഇല്ല്യേ?’
‘അവള് പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങിയിരിക്ക്യാണു്. വന്നാൽ തിരിച്ചു് വിളിക്കാൻ പറയണോ?’
‘തിരിച്ചു് വിളിക്കാൻ പറയു.’ അയാൾ ഫോൺ നിർത്തി.
മാധവൻ ഭാര്യയെ നോക്കി.
‘അതെയ്, ഒരു സുഭാഷാണു്. മോളടെ ഒപ്പം ജോലിയെടുക്കണ ആളാത്രെ.’
ലക്ഷ്മി വെറുതെ ഫോണിൽ പരതുകയായിരുന്നു.
‘കഴിഞ്ഞ ഒരാഴ്ചയായി മിസ്സ്ഡ് കാൾസിൽ ഇയ്യാള്ടെ നമ്പർ അഞ്ചെട്ടു പ്രാവശ്യം വന്നിട്ട്ണ്ടു്. ഈ നമ്പറും നമ്മടെ നമ്പറും മാത്രെ മിസ്സ്ഡ് കാൾസിലുള്ളൂ. അവള് നമ്മളെപ്പോലെത്തന്നെ ഇയ്യാളേം ഒഴിവാക്ക്വായിരുന്നുന്നു് തോന്നുണു.’
‘ആ ഫോൺ ഇങ്ങട്ടു തരു.’
മാധവൻ സുഭാഷിന്റെ നമ്പർ ഡയൽ ചെയ്തു.
‘ഇതു് അഞ്ജലിടെ അച്ഛനാണു്.’
‘ഹലോ അങ്ക്ൾ.’
‘സുഭാഷ് മോള്ടെ അതേ കമ്പനീലാണെന്നല്ലെ പറഞ്ഞതു്. ഒരു കാര്യം അറിയാനാണു്. അതേ ഫ്ളോറിലാണോ.’
‘അതെ, നാലഞ്ചു ക്യൂബിക്ക്ൾ അപ്പുറത്തുമിപ്പുറത്തുമാണെന്നേയുള്ളു.’
‘സുഭാഷിനു് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നിതുവരെ വരാമോ?’
‘വരാം അങ്ക്ൾ. എനിക്കു് സ്ഥലം പറഞ്ഞുതന്നാൽ മതി.’
താൻ ചെയ്തതിന്റെ ശരിയും തെറ്റും അയാൾ കുറച്ചുനേരം ആലോചിച്ചു. എന്തുവന്നാലും ശരി, അഞ്ജലിയുടെ ഇപ്പോഴത്തെ നില മാറ്റിയെടുക്കുകതന്നെ വേണം.
അര മണിക്കൂറിനുള്ളിൽ സുഭാഷ് എത്തി.
നല്ല ചെറുപ്പക്കാരൻ.
തന്റെ അടുത്തുതന്നെ സോഫയിൽ ഇരുത്തിയശേഷം മാധവൻ സുഭാഷിന്റെ വീട്ടുവിവരങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞു.
‘ഒരു കാര്യം ചോദിക്കട്ടെ.’
‘ഒന്നല്ല അങ്ക്ൾ എത്രവേണമെങ്കിലും ചോദിക്കാലോ.’
‘ഞങ്ങൾ ഇന്റർനെറ്റ് മട്രിമോണിയലിൽ മോൾക്കു് വേണ്ടി ഒരു ഇൻസർഷൻ കൊടുത്തിരുന്നു. അതവളെ മുൻകൂട്ടി അറിയിച്ചില്ല. അതുകണ്ടു് ഓഫീസിൽത്തന്നെള്ള ഒരു ചെറുപ്പക്കാരൻ അവളെ സമീപിച്ചപ്പോൾ അവള് പെട്ടെന്നു് ദേഷ്യം പിടിച്ചു് അയാളോടു് മോശമായി പെരുമാറി. പിന്നെ അവൾക്ക്തന്നെ വിഷമമായി. ശരിക്കും പറഞ്ഞാൽ മുൻകൂട്ടി അറിയിക്കാത്തതുകൊണ്ടു് അവൾക്കു് ഞങ്ങളോടാണു് ദേഷ്യം പിടിച്ചതു്. ആ ചെറുപ്പക്കാരൻ നിങ്ങളാണോ?’
‘അതെ അങ്ക്ൾ. പക്ഷേ, അതു കഴിഞ്ഞു് അന്നുതന്നെ കാന്റീനിൽ വച്ചു് അവൾതന്നെ എന്റെ അടുത്തു് വന്നിരുന്നു് സംസാരിച്ചു ലോഗ്യായി. അതിനുശേഷം ഞാനും അവളും തമ്മിൽ നല്ല ഫ്രെന്റ്ഷിപ്പായിരുന്നു…’
സുഭാഷ് ഉണ്ടായ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു.
‘അവളാണു് എന്റെ മാര്യേജ് കൺസൾട്ടന്റ്ന്നു് പറയാറുണ്ടു്. കൺസൾട്ടൻസിയ്ക്കു് ഫീസായി ട്രീറ്റ് കൊടുക്കാംന്നു് പറഞ്ഞു് ഞാനവളെ ഒരു റെസ്റ്റാറണ്ടിൽ കൊണ്ടുപോയി. അവളതു് നല്ലോണം ആസ്വദിക്കുകയും ചെയ്തു. നല്ല സന്തോഷത്തിലും ആയിരുന്നു. തെറ്റാൻ കാരണം ഞാൻ മറ്റൊരു പെൺകുട്ടിയെ അതേ റസ്റ്റോറണ്ടിൽ കൊണ്ടുപോയി എന്നതാണു് എന്നു് ഞാനൂഹിക്കുണു. പക്ഷേ, അഞ്ജലിതന്നെയാണു് മറ്റു് അഞ്ചു് പേരുടെ ഒപ്പം ഈ പെൺകുട്ടിടെ പേരു് നിർദ്ദേശിച്ചതും. ഈ അഞ്ചു പേരുകളും അവൾതന്നെ ഇന്റർനെറ്റിൽനിന്നു് തപ്പിയെടുത്തു് തന്ന പ്രൊപ്പോസൽസാണു്.’
‘സുഭാഷ്…’ മാധവൻ സ്വകാര്യമായി പറഞ്ഞു. ‘പെൺകുട്ടികളുടെ മനസ്സറിയുക എളുപ്പമല്ല. ഞാൻ കഴിഞ്ഞ ഇരുപത്തെട്ടു് കൊല്ലായി ഒരു പെണ്ണിന്റെ മനസ്സറിയാൻ ശ്രമിച്ചിട്ടു്, ഇതുവരെ പറ്റിയിട്ടില്ല.’
ആ മനുഷ്യൻ കുലുങ്ങിച്ചിരിച്ചു.
‘എന്താ, എന്നെക്കുറിച്ചു് എന്തോ പറയ്യാണു് അല്ലെ?’ ലക്ഷ്മി ചോദിച്ചു.
‘ആട്ടെ,’ മാധവൻ തുടർന്നു. ‘സുഭാഷിനു് അവളെ ഇഷ്ടാണോ?’
‘അതെ അങ്ക്ൾ ഇഷ്ടംതന്ന്യാണു്. പക്ഷേ, അവൾക്കു് എന്നെ കല്യാണം കഴിക്കാൻ താല്പര്യല്ലാന്നാണു് ഞാൻ വിചാരിച്ചിരുന്നതു്. അവൾക്കു് താല്പര്യണ്ടെങ്കിൽ മറ്റു പെൺകുട്ടികളെ ചൂണ്ടിക്കാട്ടില്ലല്ലോ. അതുകൊണ്ടാണു് ഞാൻ ഈ കാര്യത്തെപ്പറ്റി പിന്നെ അവളോടൊന്നും സംസാരിക്കാഞ്ഞതു്. അവളും നിങ്ങളോടു് ഈ കാര്യം പറഞ്ഞിട്ടില്ലാന്നാണു് ഞാൻ ഊഹിക്കണതു്. ഇപ്പഴും, അവൾക്കെന്നെ സ്നേഹാണെന്നു് ഉറപ്പുംണ്ടെങ്കിൽ മാത്രെ കല്യാണം കഴിക്കാൻ താല്പര്യള്ളു.’
‘മതി.’ അയാളുടെ മുഖം പ്രസന്നമായി. ‘എന്താണിതു്, സുഭാഷ് വന്നിട്ടു് അര മണിക്കൂറായി. ഇതുവരെ ഒരു ചായപോലും കൊടുത്തില്ലല്ലൊ.’
‘ഇതാ, ഞാൻ ഇപ്പൊണ്ടാക്കാം.’ ലക്ഷ്മി എഴുന്നേറ്റു.
ചായയുണ്ടാക്കി കൊണ്ടുവന്നപ്പോഴേയ്ക്കു് ബെല്ലടിച്ചു. അഞ്ജലിയാണു്. അവൾ ഒരു സഞ്ചിയിൽ പച്ചക്കറിയുമായി അകത്തേയ്ക്കു കടന്നു. അച്ഛന്റെ ഒപ്പം ഇരിക്കുന്ന ശത്രുവിനെ കണ്ടപ്പോൾ അവൾ തലയുംതാഴ്ത്തി അടുക്കളയിലേയ്ക്കു പോയി.
‘മോളെ വേഗം വാ, നിന്നെ കാണാനാണു് സുഭാഷ് വന്നിട്ടുള്ളതു്.’ അച്ഛൻ വിളിച്ചുപറഞ്ഞു.
ലക്ഷ്മി അവളുടെ ഒപ്പം നടന്നു.
‘ഇതൊക്കെ പിന്നെ എടുത്തു് വെയ്ക്കാം. മോളെ നീയങ്ങ്ട്ടു് ചെല്ലു്.’
‘ഞാൻ പോണില്ല്യ.’
‘എന്താ നീ ഇങ്ങിന്യൊക്കെ പറേണതു്. നീയിങ്ങട്ടു് വാ.’
അഞ്ജലി വരുന്നതു കണ്ടപ്പോൾ അച്ഛൻ എഴുന്നേറ്റുകൊണ്ടു് പറഞ്ഞു.
‘നീ ഇവിടെ ഇരിക്കു്. വല്ല തെറ്റിദ്ധാരണേംണ്ടങ്കിൽ അതങ്ങട്ടു് പറഞ്ഞുതീർക്കു. ഞങ്ങള് അപ്പറത്തു് ഇരിക്കാം.’
അവൾ സോഫയുടെ അറ്റത്തു് ഒതുങ്ങിയിരുന്നു. അവളുടെ മുഖത്തെ ജാള ്യം കണ്ടപ്പോൾ സുഭാഷിനു് ചിരിവന്നു.
രണ്ടു മിനുറ്റ് നേരം മുഖം കുനിച്ചിരുന്നപ്പോൾ അവൾക്കു് സുഭാഷിനെ നേരെ നോക്കാമെന്നായി.
‘ഇനി സംസാരിക്കാമോ?’ സുഭാഷ് ചോദിച്ചു.
അഞ്ജലി തലയാട്ടി. അവൾ വല്ലാതെ ഒതുങ്ങിയ മട്ടുണ്ടു്.
‘നമ്മൾ തമ്മിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടോ?’
അവൾ ഇല്ലെന്നു തലയാട്ടി.
‘അങ്ങിനെയാണെങ്കിൽ പിന്നെ എന്താണു് ഇങ്ങിനെ പെരുമാറണതെന്നു് പറഞ്ഞുതരണ്ട ഉത്തരവാദിത്വമില്ലേ അഞ്ജലിയ്ക്കു്?’
‘എന്റെ മനസ്സിലുള്ളതൊക്കെ ഞാൻ മറ്റുള്ളവരോടു് പറയണോ?’
‘എന്നെ മറ്റുള്ളവർ എന്ന വകുപ്പിലാണോ പെടുത്തിയിരിക്കണതു?’ സുഭാഷ് ചോദിച്ചു. ‘അങ്ങിനെയാണെങ്കിൽ ഞാനിവിടെ ഇരിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല.’
ഹാളിന്റെ മറ്റെ അറ്റത്തിട്ട ഊൺമേശയ്ക്കരികിലിരുന്നു് അവരെ ശ്രദ്ധിക്കുന്ന മാധവനും ലക്ഷ്മിയും മുഖത്തോടുമുഖം നോക്കി.
അഞ്ജലി ഒന്നും പറയാതെ ഇരിക്കുന്നു. സുഭാഷ് പറഞ്ഞു. ‘പറയൂ.’
അഞ്ജലിയുടെ മുഖം കനക്കുകയാണു്. സുഭാഷ് തുടർന്നു.
‘ഞാൻ ആകെ ചെയ്ത തെറ്റു് ഒരു മട്രിമോണിയൽ പരസ്യത്തിൽ താല്പര്യം കാണിച്ചു എന്നതു മാത്രല്ലെ? ഒരേ കമ്പനിയിലു്, അടുത്തടുത്തിരുന്നു് ജോലിയെടുക്കുന്നവർ എന്ന നില്യ്ക്കു് ഞാൻ അല്പം തമാശ കൂട്ടിച്ചേർത്തു എന്നു മാത്രം. ഓർമ്മണ്ടാവും ഇല്ലെ. അതിനു് അഞ്ജലി തന്ന മറുപടി എല്ലാ വാതിലുകളും അടക്കുന്നതായിരുന്നു. അത്ര ഉറപ്പാക്കേണ്ട എന്നു്. അഞ്ജലിയ്ക്കു് ഓർമ്മണ്ടോ?’
അവൾ തലയാട്ടി. ‘എന്നോടു പറയാതെ ഇന്റർനെറ്റിൽ ഇൻസർഷൻ കൊടുത്തതിനു് ഞാൻ അമ്മ്യോടും അച്ഛനോടും ദേഷ്യം പിടിച്ചിരിക്ക്യായിരുന്നു.’
കുറച്ചകലെ ഇരുന്നുകൊണ്ടു് എല്ലാം കേട്ടിരുന്ന അച്ഛനമ്മമാർ മുഖത്തോടുമുഖം നോക്കി.
‘ശരി. അതോടെ ഞാനാ കാര്യമേ വേണ്ടെന്നു വച്ചു. പിന്നെ അഞ്ജലിതന്നെയാണു് കാന്റീനിൽ വച്ചു് എന്നെ നിന്റെ മേശേലേയ്ക്കു് ക്ഷണിച്ചതും എന്നോടു് വളരെ ലോഗ്യായതും. അല്ലെ.’
അഞ്ജലി തലയാട്ടി.
‘പിന്നെ എന്താണുണ്ടായതു? എല്ലാം ഓർമ്മല്ല്യേ? വെബ്ബിൽ പോയി എനിക്കു വേണ്ടി പെൺകുട്ടികളെ പരതി. അതോടെ എനിക്കുറപ്പായി അഞ്ജലിയ്ക്കു് എന്നെ ഒരു ഭർത്താവായി കിട്ടാൻ താല്പര്യല്ല്യാന്നു്. ഞാൻ ആതിരയെ അതേ റസ്റ്റോറണ്ടിൽ കൊണ്ടുപോയി എന്നതിനാണു് അഞ്ജലി ഇത്ര ക്ഷോഭിക്കണതു? അതെന്തിനാണെന്നു് പറയൂ.’
‘എനിക്കു് എന്നോടുതന്നെ ദേഷ്യം പിടിച്ചു.’ അഞ്ജലി ശബ്ദം താഴ്ത്തിക്കൊണ്ടു് പറഞ്ഞു.
‘ഇങ്ങിനെ ഓരോരുത്തരോടു് ദേഷ്യം പിടിച്ചു് ജീവിതം മുഴുവൻ തുലയ്ക്കാനാണു് ഭാവമെങ്കിൽ നമുക്കു് ഇവിടെത്തന്നെ പിരിയാം. അഞ്ജലിയ്ക്കു് വേണ്ടത്ര നർമ്മംണ്ടു്. അതു് വേണ്ടിടത്തു് ഉപയോഗിക്കുന്നില്ലെന്നേയുള്ളു…’
അഞ്ജലി സംസാരിക്കുകയാണു്. ശബ്ദം ചുരുക്കിക്കൊണ്ടു്. ഊൺ മേശക്കരികിലിരുന്നു് രണ്ടുപേർ അതു ശ്രദ്ധിക്കാൻ ശ്രമിക്കുകയാണു്. പിന്നെപ്പിന്നെ ഒട്ടും കേൾക്കാതായി. അവൾ ഇപ്പോൾ സുഭാഷിനോടു് കുറച്ചുകൂടി അടുത്തിരുന്നു സംസാരിക്കുകയാണു്. അമ്മയും അച്ഛനും അവിടെനിന്നു് എഴുന്നേറ്റു ബാൽക്കണിയിലേയ്ക്കു പോയി.
ഒരു പതിനഞ്ചു മിനുറ്റ് കഴിഞ്ഞിട്ടു് അവർ തിരിച്ചു ഹാളിലേയ്ക്കു വന്നു. അപ്പോഴാണു് അതു സംഭവിച്ചതു്. അഞ്ജലി പെട്ടെന്നു് സുഭാഷിന്റെ അടുത്തേയ്ക്കു് നീങ്ങിയിരിക്കുകയും അയാളെ കെട്ടിപ്പിടിച്ചു് ഉമ്മവെയ്ക്കുകയും ചെയ്തു.
‘അയ്യേ, നാണല്ല്യാത്ത പെണ്ണു്.’ മുഖം പൊത്തിക്കൊണ്ടു് ലക്ഷ്മി പറഞ്ഞു.
അച്ഛൻ കുലുങ്ങികുലുങ്ങി ചിരിക്കുകയാണു്.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.