images/Winter_landscape_with_dead_tree.jpg
Winter landscape with dead tree, a painting by Jacob van Ruisdael (1628/1629–1682).
ഉണക്കമരങ്ങൾ
ഇ. ഹരികുമാർ

അവൾ മുപ്പത്തിയൊന്നു വയസ്സായിട്ടും അവിവാഹിതയായിത്തന്നെ ഇരുന്നു. അസുഖകരമായ ഈ യാഥാർത്ഥ്യം ഓർക്കാതിരിക്കാൻ അവൾ പകലെല്ലാം കഠിനമായി ജോലി ചെയ്തു. അടുക്കളപ്പണിക്കു പുറമേ ചെറിയമ്മയുടെ കുട്ടികളെ കുളിപ്പിക്കുക, അവരുടെ ഉടുപ്പുകൾ തിരുമ്പുക എന്നീ ജോലികളെല്ലാം ചെയ്തു. എന്നിട്ടും ഉച്ചയ്ക്കു് ഊണു കഴിഞ്ഞാൽ കുറച്ചു സമയം ഒഴിഞ്ഞു തന്നെ കിടന്നു. പകൽ ഉറക്കം വരാത്തതിനാൽ, ഈ സമയങ്ങളിൽ അവൾ കുട്ടികളുടെ ഉടുപ്പുകളുടെ നിറങ്ങളെക്കുറിച്ചും, വൈകുന്നേരം ഉണ്ടാക്കേണ്ട പലഹാരങ്ങളെക്കുറിച്ചും ആലോചിച്ചുകൊണ്ടിരുന്നു. രാത്രി ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോവുകയും ചെയ്യും.

പക്ഷേ, ഉറക്കമാണു് അവളെ സംബന്ധിച്ചിടത്തോളം അസഹനീയമായതു്. അവൾ സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരുന്നു. അലസിപ്പിരിഞ്ഞ വിവാഹാലോചനകളെപ്പറ്റി, നടക്കാത്ത വിവാഹങ്ങളെപ്പറ്റി, എല്ലാം.

അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണു് അവൾ നാഗസ്വരത്തിന്റേയും തകിലിന്റേയും ശബ്ദം കേട്ടതു്. ജനലിലൂടെ നോക്കിയപ്പോൾ കണ്ടതെന്താണു്! മുറ്റത്തു് പന്തലിട്ടു് അലങ്കരിച്ചിരിക്കുന്നു. പന്തലിൽ നിറയെ ആളുകൾ.

ഈ ഒരുക്കങ്ങളെല്ലാം എന്തിനാണു്? അവൾ ആലോചിച്ചു. ഓ, ഒരു വിവാഹമാണു്. നിറപറയുടെ പിന്നിൽ വരൻ അണിഞ്ഞൊരുങ്ങി ഇരിക്കുന്നു.

ഇത്രയൊക്കെ ഒരുക്കങ്ങളും തിരക്കുമുണ്ടായിട്ടും താൻ ഇതൊന്നും അറിഞ്ഞില്ലല്ലോ! ആരുടെ വിവാഹമാണിതു? ആരാണു് വധു?

അവൾ ആകെ വിഷമിച്ചിരിക്കുമ്പോഴാണു് ചെറിയമ്മ കടന്നു വന്നതു്.

‘നാണീ, നീയെന്താ അങ്ങോട്ടു ചെല്ലാത്തതു? അവർ നിന്നെ കാത്തിരിക്കയാണു്. ഇന്നു നിന്റെ കല്യാണല്ലേ?’

അവളാകെ അന്തം വിട്ടു നിന്നുപോയി. എന്തോ ചോദിക്കാൻ പുറപ്പെട്ടപ്പോഴേക്കും ചെറിയമ്മ പോവുകയും ചെയ്തു.

തന്റെ കല്യാണമാണു്. അവൾക്കു നാണം തോന്നി. അവൾ വല്ലാതെ പരിഭ്രമിച്ചിരുന്നു. എന്തൊക്കെ ഒരുക്കാനുണ്ടു്? എന്തേ അവർ തന്നെ നേരത്തെ അറിയിക്കാതിരുന്നതു?

അവൾ മേലാകെ കണ്ണോടിച്ചു. അയ്യയ്യേ! എങ്ങനെയാണു് ഈ വേഷത്തിൽ കല്യാണമണ്ഡപത്തിലേക്കു പോകുക? ആകെ കരിപുരണ്ടു മുഷിഞ്ഞിരിക്കുന്നു. സാരിയെങ്കിലും മാറ്റാതെ വയ്യ.

പുറത്തു നിന്നു നാഗസ്വരം ഉച്ചത്തിൽ കേട്ടു. വരൻ തന്നെ അക്ഷമനായി കാത്തിരിക്കുന്നുണ്ടാകും, അവൾ ഓർത്തു. പീടികയിൽ പോയി സാരി മേടിച്ചാലോ?

അതേ അതാണു നല്ലതു്. അവൾ പിന്നെ സമയം കളഞ്ഞില്ല. അടുക്കള വാതിലിലൂടെ പുറത്തു കടന്നു്, വീട്ടിന്റെ പിന്നിലുള്ള വഴിയിലൂടെ ഓടി. ഒരു നാഴികയിലധികം ദൂരമുണ്ടാകും പീടികയിലേക്കു്. വേഗം പോയി വരണം. ഈ അവസരം പാഴാക്കിക്കൂടാ.

വഴി വീതി കൂടിയതായിരുന്നു. പക്ഷേ, പിന്നെപ്പിന്നെ കല്ലുകളും മുള്ളുകളും നിറഞ്ഞു വീതി ചുരുങ്ങിച്ചുരുങ്ങി വന്നു. കാലിൽ തറച്ചു നില്ക്കുന്ന മുള്ളുകൾ എടുത്തു കളയാൻ മിനക്കെടാതെ അവൾ ഓടി. തീരെ സമയം കളഞ്ഞുകൂടാ.

നാഗസ്വരത്തിന്റെയും തകിലിന്റെയും ശബ്ദം അകന്നകന്നു പോയി. അവൾക്കു സങ്കടം തോന്നി. പക്ഷേ, ഈ വേഷത്തിൽ എന്തായാലും പോകാൻ വയ്യ.

ഓടിക്കൊണ്ടിരിക്കുമ്പോൾ അവൾക്കു സംശയം തോന്നി: വഴി തെറ്റിയോ? നിരത്തിന്റെ രണ്ടു വശത്തും ഉണങ്ങി തൊലിയടർന്നു പോയ മരങ്ങൾ നിന്നിരുന്നു. താൻ മുമ്പു പല പ്രാവശ്യം നടന്നിരുന്ന വഴി തന്നെയാണോ ഇതു? അവൾ ഓരോ ഉണക്കമരത്തേയും പിന്നിട്ടുകൊണ്ടു് ഓടി.

സാവധാനത്തിൽ വെളിച്ചം കുറഞ്ഞു വന്നു. സൂര്യൻ അസ്തമിക്കുകയാണു്. ഇരുട്ടു നിറഞ്ഞു തുടങ്ങിയപ്പോൾ അവൾക്കു് ആശ്വാസമായി. വെളുത്തു പ്രേതങ്ങളെപ്പോലെ നില്ക്കുന്ന ഈ ഉണക്ക വൃക്ഷങ്ങൾ ഇനി കാണില്ലല്ലോ.

ഓട്ടത്തിന്റെ ഗതിവേഗം കാരണം കാറ്റു മുഖത്തുവന്നടിച്ചു് അവൾക്കു ശ്വാസം മുട്ടിത്തുടങ്ങി. കാറ്റു് അവളുടെ മുലകളിലും കൈകളിലും കിക്കിളിയുണ്ടാക്കി.

അപ്പോഴേക്കും, എന്തിനാണു് ഓടിയിരുന്നതെന്നു് അവൾ മറന്നു കഴിഞ്ഞിരുന്നു. തനിക്കു് ഇനി എന്നും ഓടിക്കൊണ്ടേ ഇരിക്കേണ്ടി വരുമെന്നു് അവൾ ഭയപ്പെട്ടു. നില്ക്കാൻ കഴിയില്ല. നിന്നാൽ മരണമാണു്. അവൾ ഉണക്ക മരങ്ങളെക്കുറിച്ചോർത്തു. അവ ഓരോന്നും ഓരോ മരണമാണു്. അവൾ മരണം ഇഷ്ടപ്പെട്ടില്ല. അവൾക്കു ജീവിക്കണം. അതുകൊണ്ടു കാലുകൾ കുഴഞ്ഞു തുടങ്ങിയിട്ടും അവൾ ഓടിക്കൊണ്ടേയിരുന്നു.

കാറ്റു കാരണം അവളുടെ വസ്ത്രങ്ങൾ അഴിഞ്ഞു പറക്കാൻ തുടങ്ങി. ഒരു നിമിഷത്തിനുള്ളിൽ താൻ നഗ്നയാണെന്നു് അവൾ കണ്ടു. അയ്യോ! ഇനി എന്താണുചെയ്യുക? തന്നെ ആരും കാണാതിരുന്നെങ്കിൽ! ഇല്ല, ഈ ഇരുട്ടിൽ ആരും കാണില്ല.

ഓടിത്തളർന്നു് അവസാനം അവൾ നിരത്തു വക്കിൽ കുഴഞ്ഞു വീണു. അപ്പോഴേക്കും അവളെ ഒരാൾ വാരിയെടുത്തു. അവൾ സന്തോഷത്തോടെ കണ്ണുമടച്ചു പറഞ്ഞു:

‘ഞാൻ ഇതിനായിരുന്നു ഇത്ര ദൂരവും ഓടിവന്നതു്. ഇതിന്നു വേണ്ടി മാത്രം.’

അയാൾ ഒന്നും പറഞ്ഞില്ല. അവൾ അയാളെ ചുംബിച്ചുകൊണ്ടു പറഞ്ഞു:

‘ഇതിനു വേണ്ടി മാത്രം!’

പക്ഷേ, കണ്ണു തുറന്നപ്പോൾ അവൾ നടുങ്ങിപ്പോയി. താൻ ആലിംഗനം ചെയ്തിരുന്നതു് ഒരു ഉണക്കമരമായിരുന്നു. വെളുത്തു പ്രേതത്തെപ്പോലെ നില്ക്കുന്ന മരം.

അവൾ ഞെട്ടിയുണർന്നു. ഓ, സ്വപ്നമായിരുന്നു. അവൾ മേലെല്ലാം തപ്പിനോക്കി. വസ്ത്രങ്ങളെല്ലാമുണ്ടു്. സ്വപ്നം തന്നെയായിരുന്നു. എന്തൊരു സ്വപ്നം! അവൾ പുതപ്പുകൊണ്ടു നന്നായി പുതച്ചു. മറുപുറം തിരിഞ്ഞു കിടന്നു.

ആ ചോരപ്പൈതലിനെ അവൾ മാറോടണച്ചു് ഉമ്മവെച്ചു കൊണ്ടിരുന്നു. കുറച്ചു നിമിഷങ്ങൾക്കു മുമ്പു് അതിനെ കൊണ്ടു വന്നു തന്ന ചെറുപ്പക്കാരന്റെ മുഖം അവൾ മറന്നു കഴിഞ്ഞിരുന്നു.

അതു സാരമില്ല. അവൾ സമാധാനിച്ചു. എനിക്കു് ഈ കുട്ടിയെ കിട്ടിയല്ലോ. അതു മതി. എന്തു ഭംഗിയുള്ള കുട്ടി!

അവൾ അതിനെ വീണ്ടും വീണ്ടും ഉമ്മവെച്ചു.

പെട്ടെന്നു കുട്ടി കരയാൻ തുടങ്ങി. വിശന്നിട്ടായിരിക്കും, അവൾ വിചാരിച്ചു. ബ്ലൗസിന്റെ കുടുക്കുകളഴിച്ചു് അവൾ കുട്ടിക്കു മുല കൊടുത്തു. നേരിയ കിക്കിളി തോന്നി. അവൾ കണ്ണടച്ചിരുന്നു.

അപ്പോഴാണു്, കുട്ടി ആണോ, പെണ്ണോ എന്നു നോക്കിയില്ലെന്നു് അവൾക്കു് ഓർമ്മ വന്നതു്. എന്തൊരു വിഡ്ഢിയാണു താൻ. പക്ഷേ, കുട്ടിയെ നോക്കിയപ്പോൾ അവൾ ഞെട്ടിപ്പോയി. അതു് ഒരു നായ്ക്കുട്ടിയായിരുന്നു. കണ്ണുകളിൽ പീളയടിഞ്ഞ വൃത്തികെട്ട നായ്ക്കുട്ടി. അവൾ, നിരാശയിൽ നിന്നുളവായ വെറുപ്പോടെ അതിനെ നിലത്തേക്കു വലിച്ചെറിഞ്ഞു. നായ്ക്കുട്ടി ദേഷ്യത്തോടെ അവളുടെ നേരെ കുരച്ചു ചാടിക്കൊണ്ടിരുന്നു. അവൾക്കു ഭയമായി. അതു ചാടി തന്നെ കടിച്ചു എന്നായപ്പോഴേക്കും അവൾ വീണ്ടും ഞെട്ടിയുണർന്നു.

സ്വപ്നം. അവൾ വിചാരിച്ചു. ഒരു നിമിഷം അവൾ കിടപ്പുമുറിയുടെ നിശ്ശബ്ദമായ, ശൂന്യമായ സംഗീതം ശ്രദ്ധിച്ചു കൊണ്ടിരുന്നു. പിന്നെ വീണ്ടും സാവധാനത്തിൽ ഇരുട്ടിന്റെ തണുത്ത അഗാധതലങ്ങളിലേക്കു് ഊർന്നിറങ്ങി.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Unakkamarangal (ml: ഉണക്കമരങ്ങൾ).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Unakkamarangal, ഇ ഹരികുമാർ, ഉണക്കമരങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: May 19, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Winter landscape with dead tree, a painting by Jacob van Ruisdael (1628/1629–1682). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.