തോളിലിട്ട സഞ്ചി നിലത്തിറക്കിവച്ചു് സിമന്റിട്ട ഉമ്മറത്തിണ്ണയിൽ നളിനി ഇരുന്നു. സ്റ്റേഷനിൽനിന്നുള്ള ഒന്നര കിലോമീറ്റർ നടത്തം അവളെ തളർത്തി. ഓട്ടോറിക്ഷക്കു വേണ്ടിയുള്ള കാത്തുനിൽപു് തന്നെ അവളെ ക്ഷീണിപ്പിച്ചിരുന്നു. ഒന്നര കിലോമീറ്റർ ഓടാൻ ഒരു റിക്ഷക്കാരനും തയ്യാറായില്ല.
അമ്മ പുറത്തേയ്ക്കു വന്നു, പിന്നാലെ ജ്യേഷ്ഠത്തിയമ്മയും. അനിത സ്കൂളിൽ പോയിട്ടുണ്ടാവും. മുറ്റത്തു് കാറില്ലെന്നതു് അവൾ ശ്രദ്ധിച്ചു. രാജേട്ടൻ പുറത്തു പോയിട്ടുണ്ടാവും.
‘കുട്ടീ, വണ്ടി സമയത്തിനുതന്നെ വന്നു അല്ലെ?’ ദേവി ചോദിച്ചു.
അവൾ മൂളി. ഒരു ചായ കുടിക്കണം. ചായ ചോദിച്ചാൽ ഫ്ളാസ്കിൽ ഒഴിച്ചുവച്ച ചായയെടുത്തു തരും. അതിന്റെ കെട്ട സ്വാദോർത്തപ്പോൾ അവൾ ചായ വേണ്ടെന്നു തീർച്ചയാക്കി.
‘രാജൻ അമ്പലത്തിലു് തൊഴാൻ പോയിരിക്ക്യാണു്, ഇപ്പോ വരും.’ അമ്മ പറഞ്ഞു.
‘കാറുമെടുത്തിട്ടോ?’
‘അതെ.’ മറുപടി പറഞ്ഞതു് ദേവിയായിരുന്നു.
പത്തു മിനുറ്റ് നടക്കാനുള്ള ദൂരമേയുള്ളു അമ്പലത്തിലേയ്ക്കു്. അതിനാണു് കാറുമെടുത്തു് ഇറങ്ങിയിരിക്കുന്നതു്. നളിനി ഓർത്തു. കുട്ടിക്കാലത്തു് എന്നും രാവിലെ തൊഴാൻ പോകാറുള്ളതാണു്. മെയിൻ റോഡിലൂടെ പോകാതെ ഇടവഴിയിലൂടെ നടന്നാൽ അഞ്ചുമിനുറ്റിൽ അമ്പലനടയിലെത്താം. താലത്തിൽ പൂക്കളുമായി അമ്മ പിന്നിൽ നടക്കും. രാവിലെ കാറ്റിൽ പൂക്കളുടെ മണമുണ്ടാവും. വീടുകൾക്കരികിലൂടെ നടക്കുമ്പോൾ പലഹാരങ്ങളുടെ മണം വരും. തിരുവാതിരക്കാലത്തു് വരണ്ട തണുത്ത കാറ്റു് അലോസരപ്പെടുത്തുന്നതോടൊപ്പം മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. അശാന്തി തന്റെ കൂടപ്പിറപ്പായിരുന്നു. അമ്മായിവീട്ടിൽ താമസമാക്കിയതിൽപ്പിന്നെ അവരും അമ്പലത്തിലേയ്ക്കുണ്ടാവും. അതോടെയാണു് അമ്പലത്തിൽ പോകാനുള്ള ആഗ്രഹം തന്നെ ഇല്ലാതായതു്. എല്ലാറ്റിനും എതിരു പറയുന്ന പ്രകൃതമായിരുന്നു അമ്മായിയുടേതു്. അവരുടെ ഒപ്പം അമ്പലത്തിൽ പോകാൻ താൽപര്യമില്ലാത്തതുകൊണ്ടു് പലപ്പോഴും പുറത്തായിയെന്നു് നുണ പറയാറുണ്ടു്. അമ്മായി പറയും. ‘ഈ പെണ്ണിനെന്താ മാസത്തിൽ നാലു പ്രാവശ്യാണോ വര്വാ.’
‘വാ ദോശ കഴിക്കാം.’ അകത്തേയ്ക്കു നടന്നുകൊണ്ടു് അമ്മ പറഞ്ഞു.
അവൾക്കു വിശക്കുന്നുണ്ടായിരുന്നു. നാലരമണിയ്ക്കു് വീട്ടിൽനിന്നിറങ്ങിയപ്പോൾ കാപ്പിയും ബിസ്കറ്റും മാത്രമേ കഴിച്ചുള്ളൂ. രവിയേട്ടൻ തന്നെ സ്കൂട്ടറിൽ സ്റ്റേഷനിൽ കൊണ്ടുപോയാക്കി, തിരിച്ചുപോയി ഇഡ്ഡലി പാത്രം അടുപ്പത്തു കേറ്റിയിട്ടുണ്ടാവും. പിന്നെ കുളിച്ചു കഴിഞ്ഞാൽ മക്കളെ വിളിച്ചുണർത്തും. ഇപ്പോൾ രണ്ടുപേരും സ്കൂളിൽ പോകാൻ തയ്യാറായി ബസ്സും കാത്തു നിൽക്കുന്നുണ്ടാവും.
നളിനി അമ്മയുടെ കൂടെ അകത്തേയ്ക്കു നടന്നു. തളത്തിലെത്തിയപ്പോഴാണവൾ കണ്ടതു്. തളത്തിൽനിന്നു് ഊൺമുറിയിലേയ്ക്കു് കടക്കുന്ന വാതിലിനു മുകൾഭാഗം ഒഴിഞ്ഞുകിടക്കുന്നു. രണ്ടുമാസം മുമ്പു് വന്നപ്പോഴും തന്റെ ഫോട്ടോ അവിടെ തൂങ്ങിയിരുന്നു. രണ്ടാം വയസ്സിൽ എടുത്ത ഫോട്ടോ. കയ്യിൽ കളിപ്പാവയുമായി തന്നേക്കാൾ വലിയൊരു ഫ്രോക്കും ധരിച്ചു് ഒരു സ്റ്റൂളിന്മേൽ സങ്കടത്തോടെ ഇരിക്കുന്ന ആ ഫോട്ടോ അവളെ സംബന്ധിച്ചേടത്തോളം ഒരു ഇതിഹാസമായിരുന്നു. ആ ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യങ്ങൾ, സ്റ്റുഡിയോവിൽ സറ്റൂളിൽ ഒറ്റക്കിരുത്തുമ്പോഴേല്ലാം താൻ വാവിട്ടു കരഞ്ഞതു്. ഒരു മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷവും വഴങ്ങാത്ത തന്നെ അച്ഛൻ പുറത്തു കൊണ്ടുപോയി പാവക്കുട്ടിയെ വാങ്ങിത്തന്നതു്. ഫോട്ടോ എടുക്കൽ കഴിഞ്ഞിട്ടും കരഞ്ഞുകൊണ്ടിരുന്ന തന്നെ പാർക്കിൽ കൊണ്ടു പോയതു്, അങ്ങിനെയങ്ങിനെ താനും അച്ഛനുമായി ഇഴുകിച്ചേർന്ന അടുപ്പത്തിന്റെ കഥകൾ കേട്ടുകേട്ടു് സ്വന്തം ഓർമ്മക്കുറിപ്പുകളെപ്പോലെയായിരിക്കുന്നു. അവളെ സംബന്ധിച്ചേടത്തോളം അവ അച്ഛന്റെ മേലുള്ള അവകാശത്തിന്റെ സാക്ഷിപത്രമായി മാറിയിരുന്നു. ഇപ്പോൾ അവിടെ തന്റെ ഫോട്ടോ കാണാതിരുന്നപ്പോൾ എന്തുകൊണ്ടോ വല്ലായ്മ തോന്നി. താൻ വാതിലിനു മുകളിലേയ്ക്കു് നോക്കുന്നതു് ദേവി കണ്ടിരുന്നു, പക്ഷേ, ഒന്നും പറഞ്ഞില്ല.
ദോശ തിന്നുമ്പോൾ മുറ്റത്തു് കാർ വന്നുനിന്ന ശബ്ദം കേട്ടു. ദേവി ഉമ്മറത്തേയ്ക്കു പോയി. അമ്മ ചോദിച്ചു.
‘ഒരു ദോശകൂടി എടുക്കട്ടെ?’
‘വേണ്ട.’
‘കുട്ടികൾക്കൊക്കെ സുഖല്ലെ?’
‘അതെ. രവിയേട്ടനും സുഖം തന്നെ.’ അമ്മയുടെ ചോദ്യങ്ങൾ കുറക്കാനായി അവൾ മുൻകൂറായി പറഞ്ഞു. അമ്മയ്ക്കതു മനസ്സിലായെന്നു തോന്നുന്നു. അവർ നിശ്ശബ്ദയായി.
‘കുട്ടി എത്തിയോ?’ രാജൻ അകത്തേയ്ക്കു കടന്നുകൊണ്ടു് ചോദിച്ചു.
‘എന്താ ഞാൻ വഴിതെറ്റിപ്പോകുമെന്നു് തോന്നിയോ.’
‘കുട്ടി എന്തിനാണു് ചൂടാവുന്നതു?’
രാജന്റെ നെറ്റിയിൽ ചന്ദനം, ചെവിയിൽ പൂക്കൾ. നളിനി അയാളെ ആകെയൊന്നു നോക്കി.
‘എന്താ തീരേ പിടിച്ചില്ലെന്നു തോന്നുന്നു.’ അയാൾ ചോദിച്ചു.
‘ഏയ്, സഖാവിന്റെ വേഷം! മാർക്സിസവും വേദാന്തവും ശ്രീകൃഷ്ണനും ഒക്കെക്കൂടി ഒരു ചമ്മന്തിയായതു കണ്ടപ്പോ നോക്കിയതാ.’
അയാൾ ഒന്നും പറയാതെ അവൾക്കെതിരായി ഇരുന്നു പ്ലേയ്റ്റ് മുമ്പിൽവച്ചു് ദോശ എടുത്തു.
‘ശ്രികൃഷ്ണൻ ഇപ്പോൾ അമ്പലത്തിലിരിക്കാറില്ലെന്നു കേട്ടല്ലൊ.’
‘എന്തേ?’ രാജൻ കാര്യമായിട്ടു തന്നെ ചോദിച്ചു. താനറിയാതെ വല്ല ദേവപ്രശ്നവും ഈയിടെ ഉണ്ടായോ എന്നയാൾ അദ്ഭുതപ്പെട്ടു.
‘അല്ല, കാണാൻ വരുന്നവരുടെ കോള് കണ്ടപ്പോൾ അവിടെ ഇരിക്ക്യാതിരിക്ക്യാ നല്ലത്ന്നു് ഭഗവാനു് തോന്നീട്ടുണ്ടാവും.’
ദേവിയുടെ മുഖം കറുക്കുന്നതു് നളിനി സംതൃപ്തിയോടെ നോക്കി. അമ്മയും ഒന്നും പറയുന്നില്ല. രാജൻ ദോശ തിന്നുകയാണു്. ഒന്നും പറയുന്നില്ല. കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല. മൗനം അസഹ്യമായിട്ടുണ്ടാകണം, രാജൻ ചോദിച്ചു.
‘കുട്ടി എന്നാണു് പോണതു?’
‘എന്താ ശല്യം എപ്പോൾ ഒഴിഞ്ഞുകിട്ടുമെന്നറിയാനാണോ?’
‘അതേ.’
‘ഞാൻ നാളെ രാവിലെ ബലിയിട്ട ഉടനെ പോവും.’
‘ഊണു കഴിച്ചിട്ടു് പോയാൽ പോരെ?’ അമ്മ ചോദിച്ചു. സ്നേഹപ്രകടനത്തിനു് കിട്ടുന്ന അപൂർവ്വം സന്ദർഭം കളയേണ്ടെന്നു് അമ്മ കരുതിക്കാണും.
‘പോര. ആദ്യത്തെ ശ്രാദ്ധമായതുകൊണ്ടാ വന്നതുതന്നെ. അടുത്തവർഷം എന്നെ കാക്കേണ്ട.’
‘അതു പറഞ്ഞാലൊന്നും പറ്റില്ല. അച്ഛന്റെ ശ്രാദ്ധത്തിനു് വരാതെ പറ്റില്ല.’ അമ്മ പറഞ്ഞു.
അവൾക്കു് ശ്രാദ്ധത്തിലൊന്നും വിശ്വാസമില്ല. മരിച്ചവർ മരിച്ചു. തനിക്കു് അച്ഛനോടുള്ള കടം സ്നേഹത്തിന്റേതു മാത്രമാണു്. അതു താൻ സ്നേഹം കൊണ്ടുതന്നെ വീട്ടിയിരിക്കുന്നു. മരിക്കുന്നതിനു് മുമ്പുള്ള രണ്ടു വർഷങ്ങൾ അച്ഛനു് തന്നോടുള്ള സ്നേഹത്തിനു് വളരെയധികം മങ്ങലേറ്റിട്ടുണ്ടായിരുന്നു എന്നവൾ ഓർത്തു.
‘സമയം എത്ര്യായി?’ രാജൻ ചോദിച്ചു.
‘ഒമ്പതു്.’ ദേവി പറഞ്ഞു.
‘ഞാനൊന്നു് സ്റ്റേഷനിലേയ്ക്കു് ഫോൺ ചെയ്യട്ടെ.’ അയാൾ എഴുന്നേറ്റു. നളിനി ചോദ്യത്തോടെ അമ്മയുടെ മുഖത്തു നോക്കി. ദേവി എഴുന്നേറ്റു പോയിരുന്നു. അവൾ ചോദിച്ചു.
‘എന്തിനാണു് സ്റ്റേഷനിലേയ്ക്കു് ഫോൺ ചെയ്യണതു?’
‘അതേയ്,’ അമ്മ മടിച്ചുകൊണ്ടു് പറഞ്ഞു. ‘പ്രേമ വര്ണ്ണ്ടു് കോഴിക്കോട്ട്ന്നു്. കാറുംകൊണ്ടു് സ്റ്റേഷനിലു് ചെല്ലാൻ ഫോൺ ചെയ്തിരുന്നു.’
‘എന്തിനാ അവള് വരണതു?’
‘അവൾക്കു് രാവുണ്ണിമ്മാന്റെ ശ്രാദ്ധത്തിനു് ബലിയിടണംത്രെ.’
‘ഓ അച്ഛന്റെ ശ്രാദ്ധത്തിനു് ബലിയിടാൻ മരുമകൾക്കാണു് കൂടുതൽ താൽപര്യം! അതും സ്വന്തം മരുമകളൊന്നുമല്ല. എവിടെനിന്നോ അച്ഛന്റെ വകയിൽപെട്ട പെങ്ങളാണെന്ന പേരും പറഞ്ഞു് വലിഞ്ഞുകയറിയ സ്ത്രീ. നാണുമ്മാമ കല്യാണം കഴിച്ചതോടുകൂടി ഈ വീട്ടിലെ ഭരണം മുഴുവൻ അവരുടെ കയ്യിലുമായി. ആ അമ്മായിയുടെ മകൾ മാത്രല്ലേ പ്രേമ? നാണുമ്മാമടെ ഭാഗ്യത്തിനു് മൂപ്പരു് നേരത്തെ തന്നെ പോയി. മരിച്ചുകഴിഞ്ഞിട്ടെങ്കിലും എന്റെ അച്ഛനു് സ്വൈരം കൊടുത്തുകൂടെ?’
അമ്മ ഒന്നും പറയുന്നില്ല. അമ്മായി കഴിഞ്ഞാൽ തന്റെ ജീവിതം ദുസ്സഹമാക്കിയ നാടകത്തിലെ ഒരു പ്രധാന കഥാപാത്രമാണു് അവരുടെ മകൾ പ്രേമ. അമ്മയ്ക്കതറിയാം. അല്ലെങ്കിൽ ഒട്ടും അപ്രധാനമല്ലാത്ത ഭാഗം അമ്മയും അഭിനയിച്ചതല്ലെ.
‘അവൾക്കെന്താ നടന്നു വരാൻ പറ്റില്ലേ?’ നളിനി ചോദിച്ചു.
‘കാറുംകൊണ്ടു് സ്റ്റേഷനീ ചെല്ലണംന്നു് അവള് ഫോൺ ചെയ്തു പറഞ്ഞിരിക്കുണു.’
‘ഞാനും വരുന്ന വിവരത്തിനു് ഫോൺ ചെയ്തതല്ലെ? എന്നിട്ടു് കാറും കൊണ്ടു് സ്റ്റേഷനിൽ വന്നോ രാജേട്ടൻ?’
‘നീ ആവശ്യപ്പെട്ടിട്ടുണ്ടാവില്ല.’
‘ആവശ്യപ്പെടണം അല്ലെ? കാൽക്കൽ വീണു് കെഞ്ചണം അല്ലെ?’ അവളുടെ ശബ്ദം ഉയർന്നു. ‘പ്രേമ ആവശ്യപ്പെട്ടില്ലെങ്കിലും രാജേട്ടൻ സ്റ്റേഷനിൽ പോയി കൊണ്ടുവരില്ലേ?’
പ്രേമ വരുമ്പോൾ അമ്മയുണ്ടാക്കാറുള്ള വെപ്രാളം അവൾക്കറിയാം. പ്രേമയെ കൂട്ടാൻ പോകാൻ രാജേട്ടനെ ഓർമ്മിപ്പിക്കേണ്ട ആവശ്യമില്ലെങ്കിലും മണിക്കൂറിൽ നാലു പ്രാവശ്യം അമ്മ പറയും. ‘പ്രേമ ഒറ്റയ്ക്കാണ്ട്ടോ വരണതു്, കാറും കൊണ്ടു് സ്റ്റേഷനിൽ പോണം. മറക്കണ്ട.’ ഇവിടെ സ്വന്തം മകൾ ഒറ്റയ്ക്കു് വരുമ്പോൾ അമ്മയ്ക്കു് വിഷമമൊന്നുമില്ല. താൻ കുട്ടികളുമായി ഒറ്റയ്ക്കു് മദ്രാസിൽനിന്നു് വരുമ്പോഴും രാജേട്ടൻ സ്റ്റേഷനിൽ വന്നിരുന്നതൊന്നുമില്ല. ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ രവിയേട്ടൻ പറയാറുണ്ടു്. ‘നിന്റെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടാണങ്ങിനെ’ അമ്മയ്ക്കു് തന്നോടുള്ള സ്നേഹം പണ്ടേ നഷ്ടപ്പെട്ടിരുന്നു. വളരെ മുമ്പായിരിക്കണം, കാരണം തനിക്കു് ഓർമ്മ വച്ച കാലം തൊട്ടേ ഇങ്ങിനെയാണു്. അച്ഛന്റെ കുറഞ്ഞുകുറഞ്ഞു വരുന്ന സ്നേഹം ഒന്നുകൊണ്ടു മാത്രമാണു് താൻ പിടിച്ചുനിന്നതു്. അവസാനം അതും തീരെ നഷ്ടപ്പെട്ടു.
‘നീ ഒന്നു് മിണ്ടാതിരിക്കു്.’ അമ്മ ഭയത്തോടെ പറഞ്ഞു.
‘ഞാൻ മിണ്ടാതിരിക്ക്യൊന്നും ഇല്ല.’ അവൾ ഉറക്കെ പറഞ്ഞു. എങ്കിലും അവൾ നിശ്ശബ്ദയായി. ഉള്ളിൽ കൊടുങ്കാറ്റിന്റെ ആരവമായിരുന്നു.
രാജേട്ടൻ സ്റ്റേഷനിലേയ്ക്കു പോയിരുന്നു. ഇനി പ്രേമയുടെ വരവുണ്ടാവും, അതിനോടനുബന്ധിച്ചുള്ള കാട്ടിക്കൂട്ടലുകളും. എന്തുകൊണ്ടോ വരേണ്ടിയിരുന്നില്ലെന്നു തോന്നി നളിനിക്കു്. ഈ വീട്ടിൽ താനൊരധികപ്പറ്റാണെന്ന തോന്നൽ ഓരോ നിമിഷവും അവളെ വിഷമിപ്പിച്ചിരുന്നു. അച്ഛന്റെ സ്നേഹം കിട്ടിയിരുന്ന സമയത്തുപോലും അതു മുഴുവൻ അനുഭവിക്കുന്നതിൽനിന്നു് തന്നെ വിലക്കിയിരുന്ന അമ്മായി മരിച്ചുപോയപ്പോൾ എല്ലാം ശരിയാവുമെന്ന തന്റെ കണക്കുകൂട്ടലുകൾ വീണ്ടും തകിടം മറിഞ്ഞു. അമ്മായിയുടെ ഭരണം പുതിയ തലമുറ ഏറ്റെടുത്തു എന്നു മാത്രം.
ദേവി കുളിക്കാൻ പോയപ്പോൾ അമ്മ പറഞ്ഞു.
‘ഇനി പ്രേമ വന്നാൽ നീ ഒന്നും കാണിക്ക്യൊന്നും അരുത്ട്ടോ.’
അമ്മയ്ക്കു് ഇപ്പോഴെ വേവലാതി തുടങ്ങി.
‘ആ നിലവിളക്കും താലോം എവിടമ്മേ?’
‘എന്തിനാ?’
‘ഒന്നു് തൊടച്ചു വെയ്ക്കാം. പ്രേമ വരുമ്പോ പിടിക്കാനാ.’
ആ സ്ത്രീ, മകളെ പേടിച്ചു. അവളുടെ ഓരോ വാക്കുകളും ചാണമേലിട്ടു മൂർച്ചകൂട്ടിയതാണു്. അതവരെ എവിടെയൊക്കേയോ മുറിപ്പെടുത്തി.
‘ആദ്യം അമ്മായിയും പിന്നെ പ്രേമയും ഈ അമ്മയും ഒക്കെക്കൂടിയാണു് എന്റെ അച്ഛനെ എന്നിൽനിന്നു് അകറ്റിയതു്, നശിപ്പിച്ചതു്. അച്ഛൻ അങ്ങിനെയൊന്നുമായിരുന്നില്ല.’
‘പഴേ കാര്യങ്ങളൊക്കെ ഇപ്പോ പറഞ്ഞിട്ടെന്താ.’
‘നമ്മൾ അതൊക്കെ മറക്കാതിരിക്കാൻ.’ നളിനിയുടെ ശബ്ദം ഉയർന്നിരുന്നു.
പ്രേമ ഓരോ തവണ കോഴിക്കോട്ടുനിന്നു് വന്നുപോവുമ്പോളും അച്ഛൻ കൂടുതൽ കൂടുതൽ തന്നിൽനിന്നു് അകന്നുപോയിരുന്നു.
‘പ്രേമ അച്ഛന്നു് കുപ്പികൾ കൊണ്ടുവന്നു കൊടുത്തിരുന്നതു് അമ്മയ്ക്കു് ഓർമ്മയുണ്ടോ?’
അമ്മ മിണ്ടുന്നില്ല.
‘അറുപത്തിരണ്ടു വയസ്സുവരെ കുടിച്ചിട്ടില്ലാത്ത മനുഷ്യനെ കുടിപ്പിച്ചിട്ടു് അവൾ എന്തു നേടി?’
അമ്മ മിണ്ടുന്നില്ല.
‘ആ വയസ്സൻ നിന്നു് ആഭാസത്തരം കാട്ടുമ്പോൾ അവൾക്കു് ആനന്ദമൂർഛയുണ്ടായിട്ടുണ്ടാവും അല്ലേ?’
അവർ നാട്ടിൽ സ്ഥിരമായി താമസിക്കാൻ മദ്രാസിൽനിന്നു് വരുന്നതിനു മുമ്പുതന്നെ അച്ഛന്നു് ഈ സ്വഭാവം തുടങ്ങിയിരുന്നു. മദ്രാസിൽനിന്നു് വന്നു് രണ്ടാം ദിവസം രാത്രിയാണു് അച്ഛന്റെ കുടിയെപ്പറ്റി നളിനി അറിഞ്ഞതു്. അച്ഛൻ സംസാരം വളരെ കുറച്ചിരുന്നു. ഒരു വിധത്തിലതു നന്നായി, കാരണം സംസാരം എപ്പോഴും എത്തിപ്പെടുന്നതു് സുഖകരമല്ലാത്ത സ്ഥിതിവിശേഷങ്ങളിലാണു്. പക്ഷേ, രാത്രി ഊണു കഴിക്കാനിരുന്നപ്പോൾ അച്ഛന്റെ മുഖഭാവം അത്ര പന്തിയല്ലെന്നു് നളിനിക്കു് തോന്നി. കണ്ണുകൾ ചുവന്നിരുന്നു. അമ്മയോടു് എന്തെല്ലാമോ പറഞ്ഞു് കയർക്കുന്നുമുണ്ടായിരുന്നു. ആരേയോ കൊള്ളിച്ചുള്ള വർത്തമാനം. നാവു കുഴയുന്നുമുണ്ടായിരുന്നു. രവിയേട്ടൻ ഒരു വിധം ഭക്ഷണം കഴിച്ചുവെന്നു് വരുത്തി മുകളിലേയ്ക്കു് പോയി. കുട്ടികൾ നേരത്തെ ഭക്ഷണം കഴിച്ചു് പോയിരുന്നു.
ഊണു കഴിച്ചു് എഴുന്നേറ്റപ്പോൾ അച്ഛന്റെ കാലുകളിടറി. ചെന്നു പിടിക്കാനാഞ്ഞ അമ്മയെ തട്ടിമാറ്റി അച്ഛൻ ആടിയാടി നടന്നു.
അച്ഛൻ കൈകഴുകി പോയപ്പോൾ നളിനി അമ്മയോടു് ചോദിച്ചു.
‘ഇതെപ്പോഴാണു് തുടങ്ങിയതു?’
‘അതേയ്,’ അമ്മ പറയാൻ തുടങ്ങി. ഭർത്താവിന്റെ അത്ര പന്തിയല്ലാത്ത പ്രകടനം മരുമകൻ കണ്ടതിൽ അവർക്കു് ജാള ്യതയുണ്ടായിരുന്നു. ‘അച്ഛനേയ് ഒരു ദിവസം നെഞ്ചിൽ വേദനണ്ടായി. അന്നു് പ്രേമണ്ടായിരുന്നു ഇവിടെ. അവളും രാഘവനുംകൂടി പോയി ഒരു കുപ്പി വാങ്ങിക്കൊണ്ടന്നു കൊടുത്തു. അതു കഴിച്ചപ്പോ നല്ല സുഖംണ്ടായി. അന്നു തൊടങ്ങീതാ. ഇപ്പൊത്തൊട്ടു് കൊറച്ചു് കൂടീട്ടുംണ്ടു്. രാവിലെത്തൊട്ടന്നെണ്ടു്. നിങ്ങള് വന്നതോണ്ടാ രണ്ടീസായിട്ടു് കുപ്പി തൊറക്കാതിരുന്നതു്.’
‘കഷ്ടം.’ നളിനി മൂക്കത്തു വിരൽവച്ചുകൊണ്ടു് പറഞ്ഞു. ‘പുതു വിശ്വാസിയല്ലേ, അപ്പോ കുറച്ചു് കൂടുതലും കാണിക്കും. എത്ര കാലായി ഇതു തൊടങ്ങീട്ടു്?’
‘ഒരു കൊല്ലായി.’
‘അപ്പൊ അമ്മയ്ക്കു് പറഞ്ഞു് നിർത്തായിര്ന്നില്ലെ?’
‘അതോണ്ടു് കൊഴപ്പം ഒന്നുംല്ല്യ. ഡോക്ടർ നാരായണൻകുട്ട്യേ കാട്ട്യേപ്പോ പറഞ്ഞു ഹൃദയത്തിനു് നല്ലതാ കൊറച്ചു കുടിക്കണത്ന്നു്. ഒരു ഡോക്ടറ് പറേമ്പോ പിന്നെ…’
അച്ഛന്റെ വ്യക്തിത്വത്തിനു വന്ന മാറ്റം അന്വേഷിച്ചു് അധികം ദൂരമൊന്നും അലയേണ്ടല്ലോ.
പടിഞ്ഞാറേതിലെ എട്ടു സെന്റ് പറമ്പു് പ്രേമയുടെ പേരിലെഴുതിവച്ചുവെന്നറിഞ്ഞതു് അച്ഛൻ മരിച്ച ശേഷമാണു്. ആ പറമ്പിനെപ്പറ്റി അച്ഛൻ പറയാറുണ്ടു്. എന്റെ മോൾക്കു് ഞാനൊരു രണ്ടുനില മാളിക ഉണ്ടാക്കും അവിടെ. അച്ഛൻ ഉണ്ടാക്കിത്തരാൻ പോകുന്ന മാളികയെപ്പറ്റയുള്ള സങ്കൽപ്പങ്ങൾ കുറെക്കാലം അവളുടെ സ്വപ്നങ്ങൾക്കു് ചാരുത പകർന്നിരുന്നു. അച്ഛന്റെ കാലശേഷം മകന്റെ ഒപ്പമാണു് താമസിക്കുകയെന്നു് അമ്മ വളരെ മുമ്പേ തീർച്ചയാക്കിയിരുന്നു. ‘ആൺമക്കളുടെ ഒപ്പം താമസിക്ക്യന്ന്യാണു് അന്തസ്സ്.’ എന്നു് അമ്മ ഇടക്കിടയ്ക്കു് വല്ല്യമ്മയോടു് പറയാറുമുണ്ടു്. അപ്പോൾ ഇപ്പോഴുള്ള വീടു് രാജന്നായിരിക്കും. അതിലും വലിയ വീടാണു് താൻ നളിനിക്കു് ഉണ്ടാക്കാൻ പോകുന്നതെന്നു് അച്ഛൻ പറയാറുണ്ടു്. ആ സ്ഥലമാണു് തന്നെ അറിയിക്കുകകൂടി ചെയ്യാതെ പ്രേമയുടെ പേരിൽ എഴുതിവച്ചിരിക്കുന്നതു്. ഒരു കുപ്പി കള്ളും മനസ്സാക്ഷിയില്ലാത്ത ഹൃദയവുമുണ്ടെങ്കിൽ പലതും നേടിയെടുക്കാം. തനിക്കു് ആ കഴിവില്ലാത്തതുകൊണ്ടു് അഞ്ചു സെന്റ് സ്ഥലം വാങ്ങാൻ പോലും തികയാത്ത ഭാഗിച്ചുകിട്ടിയ സംഖ്യയും കൊണ്ടു് മുറുമുറുപ്പില്ലാതെ ഒതുങ്ങേണ്ടിവന്നു. ആ പറമ്പു കിട്ടിയിരുന്നെങ്കിൽ എങ്ങിനെയെങ്കിലും ഒരു ബാങ്ക് ലോൺ സംഘടിപ്പിച്ചു് വീടുണ്ടാക്കാമായിരുന്നു. ഇപ്പോൾ വീടിനെപ്പറ്റിയുള്ള സ്വപ്നങ്ങൾ മാത്രം ബാക്കിയായി.
മുറ്റത്തു് കാറിന്റെ വാതിലടക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മ എഴുന്നേറ്റു. പ്രേമയുടെ വരവാണു്. നളിനി എഴുന്നേറ്റില്ല. ഉമ്മറത്തു് പ്രേമയുടെ പൊട്ടിച്ചിരികൾ, രാജേട്ടന്റെ ഉറക്കെയുള്ള സംസാരം. വീട്ടിനുള്ളിലെ മൂകത ഒരു കൊടുങ്കാറ്റിൽ മുറ്റത്തെ കരിയിലകൾ പോലെ പറന്നുപോയി. പ്രേമയുടെ എയർബാഗും തൂക്കിപ്പിടിച്ചു് രാജേട്ടൻ അകത്തേയ്ക്കു കടന്നു, പിന്നാലെ തൊട്ടുരുമ്മിക്കൊണ്ടു് പ്രേമയും. അകത്തു് നളിനിയെ കണ്ടപ്പോൾ പ്രേമ നിന്നു.
‘ആ, താങ്കളെത്തിയോ? രാജേട്ടനൊന്നും പറഞ്ഞില്ലല്ലോ.’
‘നീ ചോദിച്ചിട്ടുണ്ടാവില്ല.’
‘ചോദിക്ക്യേ?’
‘ങും, എല്ലാറ്റിനും പ്രത്യേകം ആവശ്യപ്പെടണം. അതാണിവിടെ നിയമം.’
അമ്മ അവളെ തുറിച്ചു നോക്കി.
‘അതു പോട്ടെ…’ പ്രേമ പറഞ്ഞു. ‘താങ്കൾ കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ. എന്താണതിന്റെ രഹസ്യം?’
‘കോഴിക്കോട്ടൊക്കെ പഞ്ചസാരയ്ക്കു് വില കുറവാണല്ലെ.’
‘എന്താണു് നളിനിച്ചേച്ചി പെട്ടെന്നു് അങ്ങാടി നിലവാരത്തെപ്പറ്റി ചോദിക്കണതു?’
‘അല്ലാ, സാധനം ഏറ്റവും വില കുറവാണെങ്കിലേ നീ വാങ്ങി വായിലിട്ടു നടക്കൂ. അത്രയ്ക്കു് പിശുക്കിയല്ലേ.’
‘നോക്കൂ, രാഘവേട്ടനും എന്നെ പിശുക്കീന്നാ വിളിക്ക്യാ. എനിക്കു് തീരെ ഇഷ്ടല്ല്യാത്ത പേരാണ്ട്ടോ അതു? ദേവൂട്ടി എനിക്കു് ചായ വേണം. പിന്നെ ഫ്ളാസ്കിലെ ചായയൊന്നും തരല്ലേ. കഴിക്കാൻ എന്താണുള്ളതു്. ഇഡ്ഡലിയായിരിക്കും. എനിക്കു് രണ്ടു ദോശയുണ്ടാക്കിത്തരൂ, അമ്മായി. അനിത ഉച്ചയ്ക്കു് വര്വോ?’
അമ്മ അടുക്കളയിലേയ്ക്കു പോയി, പിന്നാലെ ദേവിയും. രാജൻ പ്രേമയുടെ സഞ്ചി കിടപ്പറയിൽ കൊണ്ടുപോയിവച്ചു് തിരിച്ചുവന്നു് അവളുടെ അടുത്തുതന്നെ ഇരുന്നു.
‘രവിയേട്ടനെന്തു പറയുന്നു?’ പ്രേമ ചോദിച്ചു. ‘ഉണ്ണീം ലതയും സ്കൂളിൽ പോയിട്ടുണ്ടാവും അല്ലേ?’
അവൾക്കു് ചോദ്യങ്ങൾ മാത്രമേയുള്ളൂ. ഒന്നിനും മറുപടി കിട്ടണമെന്ന നിർബ്ബന്ധമില്ല. അവൾ രാജന്റെ നേരെ തിരിഞ്ഞു. ‘രാജേട്ടൻ ഇന്നു് ലീവല്ലെ?’
‘അല്ലാ,’ രാജൻ പറഞ്ഞു. ‘എന്താ ലീവെടുക്കണോ?’
‘എടുക്കൂന്നേ.’ അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു.
ദോശയും ചായയും എത്തി. ദോശകഴിച്ചുകൊണ്ടിരിക്കേ പ്രേമ സംസാരിച്ചുകൊണ്ടിരുന്നു. അമ്മ പ്രേമയുടെ മകനെപ്പറ്റി വിശദമായി ചോദിക്കുന്നതു് അല്പം ഈർഷ്യയോടെ നളിനി ശ്രദ്ധിച്ചു. ക്രമേണ താനും തന്റെ കുടുംബവും ഇതിന്റെയൊന്നും ഭാഗമല്ലെന്നു് അവൾക്കു മനസ്സിലായി. അവൾ എഴുന്നേറ്റു് മുകളിലേയ്ക്കു പോയി.
‘ഇതു് എന്റെ മുറിയായിരുന്നു’. മുറിയിൽ കടന്നുകൊണ്ടു് അവൾ ആലോചിച്ചു. അഞ്ചു വയസ്സുമുതൽ കല്യാണം കഴിയുംവരെ അതു് അവളുടെ മുറിയായിരുന്നു. ഒരു കൊച്ചുകുട്ടിയായി വീണ്ടും ഈ മുറിയിൽ ഉറങ്ങാൻ അവൾക്കു തോന്നി. അവളുടെ മണിയറയായിരുന്നതും ഈ മുറിതന്നെയാണു്. ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ലെന്നു് തോന്നി. കിടക്കവിരി മുഷിഞ്ഞിരുന്നു. കോണിക്കു് എതിർവശത്തുള്ള മുറിയാണു് അനിത ഉപയോഗിക്കുന്നതു്.
പെട്ടെന്നവൾക്കു് അനിതയെ കാണാൻ തോന്നി. മെലിഞ്ഞതെങ്കിലും സുന്ദരിയായിരുന്നു അവൾ. വളരെ ശാന്തമായ പ്രകൃതം. അവൾ എപ്പോഴും പറയാറുണ്ടു്. ‘ഞാനും അച്ചൻപെങ്ങളെപ്പോലെയാവുംന്നാ തോന്നണതു്.’
അവളുടെ വാക്കുകളിൽ വളരെയധികം അർത്ഥം ഒളിച്ചിരിക്കുന്നുണ്ടെന്നു് നളിനിക്കറിയാം. തന്റെ ഛായയാണവൾക്കു കിട്ടിയിരിക്കുന്നതു്. അതു മാത്രമല്ല അവളെ ഇഷ്ടമാവാൻ കാരണം. തന്റെ കൂടപ്പിറപ്പായ ഭാഗ്യമില്ലായ്മയും അവൾക്കു കിട്ടിയിട്ടുണ്ടെന്നു് നളിനിക്കു തോന്നാറുണ്ടു്. അവളും താൻ കുട്ടിക്കാലത്തു് ചെയ്തപോലെ ജനൽക്കൽ നിന്നു് പുറത്തേയ്ക്കു നോക്കി കരഞ്ഞിട്ടുണ്ടാവണം. എന്തിനെന്നറിയാതെ.
താഴെ ഉറക്കെ സംസാരം, പൊട്ടിച്ചിരികൾ. അതു വേറെ ലോകമാണു്. ആ വീട്ടിൽ താഴെയുള്ള അന്തരീക്ഷമല്ല മുകളിലെ നിലയിലെന്നു് നളിനിക്കെപ്പോഴും തോന്നിയിട്ടുണ്ടു്. ഇവിടെ അന്തരീക്ഷം എപ്പോഴും കനത്തുനിന്നു. മിഥുനസന്ധ്യകൾ പോലെ. അവൾ കുറേ നേരം ജനലിന്റെ അഴികൾ പിടിച്ചുനിന്നു. ‘അച്ഛൻപെങ്ങളിവിട്യാണോ, ഞാൻ എവിടെയൊക്കെ അന്വേഷിച്ചു’ എന്ന പരിചിതമായ, സ്വീകാര്യമായ ശബ്ദം കേൾക്കുംവരെ.
‘നീ സ്കൂളിൽനിന്നു് നേരത്തെ വന്നോ?’ അവൾ ചോദിച്ചു.
‘ഞാൻ അച്ചൻപെങ്ങള് വര്ണതു് പ്രമാണിച്ചു് നേരത്തെ വന്നതാ.’ യൂനിഫോം അഴിച്ചുമാറ്റുന്നതിനിടയിൽ അനിത പറഞ്ഞു. യൂനിഫോം അഴിച്ചുമാറ്റി വെറും ഷിമ്മീസുമായി അവൾ നിന്നു. ഷിമ്മീസിന്നടിയിൽ അവളുടെ മാറിടം തുടുത്തു വരുന്നുണ്ടായിരുന്നു. നളിനി നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ടു് യൂനിഫോം എടുത്തു് മാറുമറച്ചു് അവളുടെ മുറിയിലേയ്ക്കു് ഓടിപ്പോയി. ഒരു നിമിഷം നളിനി സ്വന്തം കുട്ടിക്കാലത്തെത്തി. സമ്പന്നതയുടെ നടുവിൽ ദുരിതപൂർണമായ, അസന്തുഷ്ടമായ കുട്ടിക്കാലം. അനിതയെക്കാണുമ്പോഴൊക്കെ കാലത്തിന്റെ കവലയിൽ വച്ച കണ്ണാടിയിൽ നോക്കുന്നപോലെ. കണ്ടു മറന്ന നിറങ്ങളും മങ്ങിയ ചിത്രങ്ങളും തെളിഞ്ഞുവരുന്നു. അതിൽ സ്നേഹത്തിനുള്ള ദാഹമുണ്ടു്, പകയുണ്ടു്.
അഞ്ചുപത്തു വയസ്സാകുന്നതുവരെ രാജേട്ടനും അനിതയെ വളരെയധികം സ്നേഹിക്കുകയും കൊഞ്ചിക്കുകയും ചെയ്തിരുന്നെന്നു് നളിനിക്കറിയാം. ആ സ്നേഹവും ക്രമേണ കുറഞ്ഞുവന്നുവെന്നാണു് നളിനിക്കു് തോന്നിയിട്ടുള്ളതു്. അവളിപ്പോൾ അച്ഛനോടു് മുമ്പത്തേപ്പോലെ സംസാരിക്കാറില്ല. പറയാനുള്ളതു് അമ്മയോടു പറയുകയാണു് പതിവു്. അതു് വളർച്ചയുടെ സ്വാഭാവികമായ ഒരു ഘട്ടമായിട്ടേ മറ്റുള്ളവർ എടുത്തിട്ടുള്ളൂ. പക്ഷേ, നളിനിക്കു് അനിതയുടെ ഉള്ളിലെ കൊടുങ്കാറ്ററിയാം.
അനിത തിരിച്ചുവന്നു.
‘അച്ചൻപെങ്ങളെന്താ ഇവിടെ ഒറ്റയ്ക്കു് നിൽക്കണതു്. താഴെ വരു. അവിടെ ജാട എത്തീട്ടുണ്ടു്.’
അവർ കോണിയിറങ്ങി. തളത്തിലൂടെ ഉമ്മറത്തേയ്ക്കു് നടക്കുമ്പോൾ കിടപ്പുമുറിയിൽ നിന്നു് പ്രേമ വിളിച്ചു.
‘എടീ നീയെന്താണു് എന്നെ കണ്ട ഭാവം നടിക്കാതെ മോളിലേയ്ക്കു് പോയതു?’ അവൾ കട്ടിലിൽ കിടക്കുന്ന രാജന്റെ അടുത്തിരുന്നു് സംസാരിക്കുകയാണു്.
‘എടീന്നു് താങ്കള് മടീലിരുത്തി ഇട്ട പേരായിരിക്കും.’ അനിത ചൊടിച്ചു.
‘ഓ, ഇനി തന്നെ എന്താണു് വിളിക്കണ്ടതു?’
‘എനിക്കു് അച്ഛനിട്ട പേര്ണ്ടു്, അനിതാന്നു്.’
പ്രേമയ്ക്കു് കുഴപ്പമൊന്നുമില്ല. അത്ര എളുപ്പത്തിലൊന്നും വാടുന്ന പ്രകൃതമല്ല അവളുടെ. അവൾ വീണ്ടും രാജനുമായി സംസാരം തുടർന്നു. അനിത നളിനിയോടു പറഞ്ഞു.
‘വരു ഞാനൊരു പുതിയ ചെടി കാണിച്ചുതരാം.’
അവർ മുറ്റത്തേയ്ക്കിറങ്ങി. നടന്നുകൊണ്ടിരിക്കേ അനിത സ്വയം പറഞ്ഞുകൊണ്ടിരുന്നു. ‘എനിക്കു് ചില കാര്യങ്ങളൊന്നും ഇഷ്ടല്ല…’
‘നീയെന്താണു് പിറുപിറുത്തുകൊണ്ടിരിക്കണതു?’
‘ഒന്നുംല്ല്യ.’
അനിതയുടെ തോട്ടം നന്നായിരുന്നു. തന്റെ കുട്ടിക്കാലത്തു് ആ തോട്ടത്തിൽ നിറയെ പനിനീർപ്പൂക്കളുണ്ടായിരുന്നു. പല നിറങ്ങളിലുള്ളവ. അച്ഛൻ ബാങ്കളൂരിൽ പോവുമ്പോൾ കൊണ്ടുവരുന്നതാണു്. അവൾ നന്നായി ശുശ്രൂഷിച്ചു വളർത്തിയ ചെടികൾ. പിന്നെ അവൾ ഒരു കൊല്ലം കോൺവെന്റിൽ താമസിച്ചു തിരിച്ചു വന്നപ്പോഴേയ്ക്കു് എല്ലാം നശിച്ചു. തോട്ടത്തിൽ പൂച്ചെടികൾക്കു പകരം അമ്മായി ചീരയും മത്തനും കൃഷിചെയ്തു. മത്തനും ചീരയും കൃഷിചെയ്യാൻ പറമ്പിൽ സ്ഥലമില്ലാഞ്ഞിട്ടല്ല. പനിനീർപോലത്തെ ‘കാട്ടുചെടികൾ’ക്കു പകരം ചീര നട്ടതിന്റെ പിന്നിലുള്ള ഉദ്ദേശത്തെ അവൾ ചോദ്യം ചെയ്തു. പക്ഷേ, അമ്മയും പിന്നീടു് അച്ഛനും അവൾക്കെതിരായി നിന്നപ്പോൾ അവൾക്കു പിടിച്ചു നിൽക്കാനായില്ല. അതിൽ പിന്നെ അവൾ തോട്ടമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ അനിത അവൾ നട്ടു പിടിപ്പിച്ച ചെടികൾ താലോലിക്കുന്നതു കണ്ടപ്പോൾ നളിനി എല്ലാം ഓർത്തുപോയി.
പ്രേമ പുറത്തു വന്നു. മുറ്റത്തേയ്ക്കിറങ്ങിക്കൊണ്ടു് അവൾ പറഞ്ഞു.
‘ഞാൻ നിന്റെ തോട്ടം കണ്ടു് ആസ്വദിക്കട്ടെ.’
അവൾ അനിതയുമായി സേവ കൂടാനുള്ള ശ്രമത്തിലാണു്. അനിത പക്ഷേ, ശ്രദ്ധിക്കുന്നില്ല. പ്രേമ തോട്ടത്തിലൂടെ നടന്നു.
‘നല്ല ഭംഗിയുണ്ടു് നിന്റെ തോട്ടം.’
‘പ്രേമച്ചേച്ചി വല്ല്യ കാര്യൊന്നും പറേണ്ട. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അമ്മയോടു് എന്താണു് പറഞ്ഞത്ന്നു് എനിക്കറിയാം.’
‘ഞാനെന്താ പറഞ്ഞതു?’
‘ഈ കാട്ടു ചെടിയൊക്കെ പറിച്ചുകളഞ്ഞു് വല്ല വെണ്ടയും നടാൻ പറയൂ അനിതയോട്ന്നു്.’
‘നിനക്കു് വട്ടാ.’ പ്രേമ ചൊടിച്ചുകൊണ്ടു് പോയി.
ഉച്ചയ്ക്കു് ഊണു കഴിഞ്ഞപ്പോൾ നളിനി അനിതയുടെ ഒപ്പം മുകളിൽ പോയി. താഴെ കിടപ്പുമുറിയിൽ ടിവി ഓണാക്കിയിരുന്നു. അമ്മ നടുനിവർത്താൻ പോയി. ദേവിയും പ്രേമയും കട്ടിലിന്മേലിരുന്നു് ടിവി കാണുന്നു. പ്രേമ രാജന്റെ തോളിൽ കയ്യിട്ടു് തൊട്ടുപിന്നിൽത്തന്നെ ഇരിക്കുകയാണു്. ആ കാഴ്ച കാണാൻ കഴിയില്ലെന്നു വിചാരിച്ചാണു് നളിനി മുകളിലേയ്ക്കു പോയതു്.
അനിത അവളുടെ സ്നേഹിതകളെപ്പറ്റി സംസാരിക്കുകയായിരുന്നു. അനിത പറഞ്ഞു് അവളുടെ സ്നേഹിതകളെ മാത്രമല്ല അവരുടെ കുടുംബപ്രശ്നങ്ങൾ കൂടി നളിനിക്കു് നല്ലവണ്ണം അറിയാമായിരുന്നു. അനിതയുടെ സംസാരം കേട്ടുകൊണ്ടു് അവൾ ഉറങ്ങിപ്പോയി.
രാത്രി ഒരിക്കലായിരുന്നു. എന്നുവച്ചാൽ ചോറുണ്ണാൻ പാടില്ല എന്നു മാത്രം. പലഹാരം എന്തുമാവാം. മസാലദോശയോ പൂരി മസാലയോ എന്തും. ദൈവങ്ങളെ തോൽപ്പിക്കുന്ന ഈ വക കലാപരിപാടികൾ വീട്ടിൽ ഏതുകാലത്തുമുണ്ടായിരുന്നു. മുപ്പട്ടു ദിവസങ്ങളിൽ രാത്രി പലഹാരം, ചൊവ്വയും വെള്ളിയും ഒതുക്കുകൾ കഴുകുക തുടങ്ങിയവ. കഴുകലൊന്നുമല്ല, കുറച്ചു വെള്ളം തൂകും അത്രമാത്രം. വൃത്തിയാവലല്ല പ്രശ്നം, ദൈവകോപം വരാതിരിക്കാനുള്ള മുൻകരുതലുകൾ മാത്രം.
അനിത വേഗം ഉറക്കമായി. അനിതയുടെ മുറി പ്രേമ കയ്യേറിയിരിക്കുന്നു. അല്ലെങ്കിലും താൻ വന്നാൽ അനിത തന്റെ ഒപ്പമാണു് ഉറങ്ങാറ്. വർത്തമാനം പറഞ്ഞുകൊണ്ടു് അവൾ ഉറങ്ങും. നളിനി ഉറക്കമില്ലാതെ കിടന്നു. തൊട്ടടുത്ത മുറിയിൽ രാജേട്ടൻ കിടക്കുകയാണു്. കോണിക്കു മറുവശത്തുള്ള മുറിയിൽ പ്രേമയും. താഴെ നിലയിലെ കിടപ്പുമുറിയിൽ അമ്മയും ദേവിയും. മാസമുറയുടെ ദിവസങ്ങളിൽ ദേവി രാജന്റെ ഒപ്പം കിടക്കാറില്ല. ദൈവകോപംതന്നെ പ്രശ്നം. അവരുടെ കിടപ്പറയിൽ ചുമരിലുള്ള പൊത്തിൽ സീറോവാട്ടിന്റെ പ്രഭയിൽ കുളിച്ചു നിൽക്കുന്ന കായാമ്പുവർണന്റെ പ്രതിമയുണ്ടു്. കിടക്കാൻ പോവുമ്പോൾ തൊഴാനും ഉണർന്നെഴുന്നേൽക്കുമ്പോൾ കണികാണാനുമാണു്. പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതിരിക്കുന്നതല്ലെ ഭംഗി? നളിനി മനസ്സിൽ ചിരിച്ചു.
രാത്രി എല്ലാവരും ഉറങ്ങുകയാണു്, അഹന്തയും അല്പത്വവും മാറ്റിവച്ചു് എല്ലാവരും ഉറങ്ങുകയാണു്. സ്നേഹരാഹിത്യവും അമിതസ്നേഹപ്രകടനങ്ങളും ഉറക്കമായി. നളിനി കണ്ണും മിഴിച്ചു കിടന്നു. താൻ എന്തിനാണു് ഈ വീട്ടിലേയ്ക്കു് വന്നതെന്നോർക്കുകയായിരുന്നു അവൾ. പെട്ടെന്നവളുടെ മനസ്സിലേയ്ക്കു് രാവിലെ കണ്ട ഒരു കാഴ്ച തള്ളിവന്നു. തന്റെ ഉറക്കം നഷ്ടപ്പെടാനുള്ള കാരണം മനസ്സിലാവുകയും ചെയ്തു. രാജേട്ടന്റെ തോളിൽ കയ്യിട്ടു് തൊട്ടുരുമ്മി ഇരിക്കുന്ന പ്രേമ. അച്ഛന്റെ മരുമകൾ സ്വന്തം പെങ്ങളെപ്പോലെയാണു്, ശരി. പക്ഷേ, നായർ തറവാടുകളിൽ അവൾ മുറപ്പെണ്ണുമാണല്ലൊ. അതും കണ്ടുകൊണ്ടു് ഭാവവ്യത്യാസമൊന്നുമില്ലാതെയുള്ള ദേവിയുടെ ഇരിപ്പു് നളിനിയുടെ മനസ്സിൽ വിഷമമുണ്ടാക്കി. അവൾ സ്വന്തം അമ്മയെ ഓർത്തു.
ഉറക്കത്തിലേയ്ക്കു് വഴുതി വീഴുമ്പോഴാണവൾ കണ്ടതു്. ഒരു നിഴൽ നീങ്ങുന്നപോലെ. അവൾ പെട്ടെന്നു് എഴുന്നേറ്റു. വെറും തോന്നലായിരിക്കാമെന്നു കരുതി വീണ്ടും കിടക്കാൻ ആഞ്ഞപ്പോഴാണു് എവിടേയോ ഒരു വാതിൽ സാക്ഷയിടുന്ന ശബ്ദം കേട്ടതു്. വളരെ നേരിയ ശബ്ദമാണെങ്കിലും രാത്രിയുടെ നിശ്ശബ്ദതയിൽ ആ ശബ്ദം മുഴച്ചു നിന്നു. അവളുടെ ഉറക്കം നഷ്ടമായി. അവൾ എഴുന്നേറ്റു വാതിലിനു പുറത്തു വന്നുനോക്കി. രാജേട്ടന്റെ വാതിൽ അടഞ്ഞുകിടക്കുകയാണു്. അവൾ തിരിച്ചുപോയി ചുമരിലുള്ള ചെറിയ ചില്ലലമാറിക്കുമുമ്പിൽ സംശയിച്ചുനിന്നു. താൻ ചെയ്യുന്നതു് ശരിയാണോ? പക്ഷേ, സംശയങ്ങൾ തീർക്കുകതന്നെ വേണം. അനിത നല്ല ഉറക്കമാണു്. അവൾ ശബ്ദമുണ്ടാക്കാതെ ചില്ലലമാറി തുറന്നു് അതിൽ തൂക്കിയിട്ട ഗുരുവായൂരപ്പന്റെ ചിത്രം പുറത്തെടുത്തു. ചിത്രത്തിനു പിന്നിൽ ആ വിടവു് അപ്പോഴും ഉണ്ടായിരുന്നു. ഒരു കുട്ടിയായിരിക്കുമ്പോൾ കണ്ടുപിടിച്ചതും രഹസ്യമായി സൂക്ഷിച്ചുവച്ചതുമായ സൂത്രോട്ട.
അവൾ വിടവിലൂടെ നോക്കി. ശ്രീ കൃഷ്ണന്റെ പിൻഭാഗമാണു് ആദ്യം കണ്ടതു്. അടുത്തെന്നോ അതു് പുതുതായി ചായം തേച്ചിരുന്നു. അതിന്റെ അടുത്തുതന്നെ ചെറിയൊരു നിലവിളക്കു് തിരികെടുത്തിവച്ചിരിക്കുന്നു. അതിനും പിന്നിൽ സീറോവാട്ട് ബൾബിന്റെ വെളിച്ചത്തിൽ കട്ടിലിൽ… അവളുടെ ശ്വാസം ഒരു നിമിഷനേരത്തേയ്ക്കു് നിലച്ചു.
നീണ്ട തലമുടി ഉലഞ്ഞുകിടക്കുന്ന വെളുത്തു നഗ്നമായ പുറത്തു് പിണച്ചുവച്ചിരിക്കുന്ന ഇരുണ്ട ഒരു ജോഡി കൈകൾ. പെട്ടെന്നവൾക്കു് സ്ഥലകാലഭ്രമമുണ്ടായി. വർഷങ്ങൾ വേലിയിറക്കത്തിലെ തിരകൾപോലെ പിറകോട്ടുമാറി. ഒരു പന്ത്രണ്ടു വയസ്സുകാരിയായി അവൾ ആ കാഴ്ച നോക്കിനിന്നു.
അന്നു് അവൾ താഴെ പോയി കുറേ നേരം കരഞ്ഞു. ഇന്നു്, ഇരുപതു വർഷങ്ങൾക്കുശേഷം, കാലം ഒരു തലമുറയുടെ അനീതിയും വിശ്വാസലംഘനവും വളരെ കണിശമായി സത്യസന്ധമായി ആവർത്തിച്ചുകാണിച്ചപ്പോൾ അവൾക്കു കരയാൻ തോന്നിയില്ല. കിടക്കയിൽ സ്വസ്ഥമായി ഉറങ്ങുന്ന അനിതയെ അവൾ സഹതാപത്തോടെ നോക്കി. എല്ലാവർക്കും അവനവന്റേതായ പ്രാരാബ്ധക്കെട്ടുണ്ടു്. അനിത അവളുടെ ഭാണ്ഡവും ചുമക്കട്ടെ.
രാവിലെ അനിത നേരത്തെ കുളിച്ചു തല തോർത്തി നളിനിയുടെ മുമ്പിൽ വന്നുനിന്നു. അതവളുടെ പതിവാണു്. അച്ചൻപെങ്ങളുണ്ടെങ്കിൽ അവളുടെ തലമുടി കെട്ടലും കണ്ണെഴുതിക്കലുമെല്ലാം അവരുടെ ചുമതലയാണു്. കട്ടിലിൽ ഇരുന്നുകൊണ്ടു് തല വേർപെടുത്തുമ്പോൾ അനിത ചോദിച്ചു.
‘പിന്നേയ്, ഞാൻ ഒരു കാര്യം പറയട്ടേ?’
‘എന്താ ഇത്ര സമ്മതം ചോദിക്കാനുള്ളതു?’
‘എടുത്ത സാധനങ്ങളൊക്കെ എടുത്തയിടത്തുതന്നെ വയ്ക്കണംന്നറിയില്ലേ.’
‘എന്തു സാധനം?’
‘രാത്രി വല്ലതും എടുത്തിട്ടുണ്ടോ എന്നു് ആലോചിച്ചു നോക്കൂ.’
നളിനി അക്ഷരാർത്ഥത്തിൽ ഞെട്ടി. അവൾ തിരിഞ്ഞു നോക്കി. ചിത്രം അതിന്റെ സ്ഥാനത്തു തന്നെയുണ്ടു്. താൻ ഒരു പ്രക്ഷുബ്ധാവസ്ഥയിലായിരുന്നതു കൊണ്ടു് അതു തിരിച്ചുവെക്കാൻ മറന്നുപോയിരിക്കും. അനിതയായിരിക്കണം അതു തിരിച്ചു വച്ചതു്. അനിത അച്ഛൻപെങ്ങളെത്തന്നെ നോക്കിയിരിക്കയാണു്. അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.
അവൾ കരയുകയായിരുന്നു. നളിനി അവളുടെ മുഖം തന്റെ മാറിൽ അടുപ്പിച്ചു. അവളുടെ മുലകൾ അനിതയുടെ കണ്ണീരുകൊണ്ടു് നനഞ്ഞു.
മുറ്റത്തു്—എമ്പ്രാന്തിരി യാന്ത്രികമായി ഉരുവിട്ടുകൊണ്ടിരുന്നു.
‘ബലിച്ചോറ് മൂന്നാക്കി പകുത്തു് ഓരോരുത്തരും എടുക്ക്വാ. മരിച്ചുപോയ അച്ഛനെ ഓർത്തു് ഉരുളയായി ഉരുട്ടി ഇലയുടെ നടുക്കു് വെയ്ക്ക്വാ…’
തന്റെ ഇടത്തു വശത്തായി രാജേട്ടനും അതിനുമപ്പുറത്തു് പ്രേമയും ഇരുന്നു. നളിനി ചോറ് എടുത്തു് ഒരു വലിയ ഉരുളയ്ക്കു പകരം ചെറിയ മൂന്നു് ഉരുളകളുണ്ടാക്കി.
വളരെ കുട്ടിക്കാലത്താണു്. മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. ഒരു ദിവസം സ്കൂളിൽ പോവാൻ മടികാണിച്ച തന്നെ അമ്മായി വടിയെടുത്തു് പൊതിരെ തല്ലി. അച്ഛൻ അമ്പലത്തിൽനിന്നു് വന്നപ്പോഴാണു് അതറിയുന്നതു്. വിങ്ങിക്കരഞ്ഞുകൊണ്ടു് സ്കൂൾ യൂനിഫോം ധരിക്കുന്ന അവളെ അദ്ദേഹം എടുത്തു സമാധാനിപ്പിച്ചു. യൂനിഫോം അഴിച്ചുവച്ചു് അടികൊണ്ട പാടുകളിൽ തലോടിക്കൊണ്ടു് അച്ഛൻ ഒരുപാടു നേരം അവളെ എടുത്തു നടന്നു. ആ അച്ഛനുവേണ്ടി അവൾ ഒരുരുള ഇലയിൽ വച്ചു.
തന്നോടു് ഒരിക്കലെങ്കിലും സ്നേഹത്തോടെ പെരുമാറാൻ കഴിഞ്ഞിട്ടില്ലാത്ത അമ്മ. ഓർമ്മകൾ രൂപംവയ്ക്കുന്നതിനും മുമ്പു് തനിക്കു് മുലപ്പാൽ തരുമ്പോൾ ഒരിക്കലെങ്കിലും തന്നെ സ്നേഹത്തോടെ, വാത്സല്യത്തോടെ നോക്കിയിട്ടുണ്ടാവില്ലെ അമ്മ? ആ അമ്മയ്ക്കു വേണ്ടി അവൾ രണ്ടാമത്തെ ഉരുള ഇലയിൽ വച്ചു.
കുട്ടിക്കാലത്തു് തന്നെ സ്നേഹിക്കുകയും തനിക്കുവേണ്ടി അമ്മായിയോടു് നിരന്തരം പൊരുതുകയും അതിനുള്ള ശിക്ഷ കാലാകാലങ്ങളിൽ വാങ്ങിവയ്ക്കുകയും ചെയ്ത രാജേട്ടനു വേണ്ടി അവൾ മൂന്നാമത്തെ ഉരുളയും ഇലയിൽ വച്ചു.
രാജൻ നോക്കുകയായിരുന്നു. എന്താണു് കാര്യമെന്നു് അയാൾ കണ്ണുകൊണ്ടു് ചോദിച്ചു. എമ്പ്രാന്തിരി അപ്പോഴാണതു കാണുന്നതു്.
‘എന്തിനാ കുട്ടീ മൂന്നുരുളകൾ? ആ, ആയിക്കോട്ടെ അച്ഛനു് കൊടുക്കുമ്പോൾ മറ്റു് കാരണവന്മാർക്കും അപ്രീതി തോന്നണ്ടല്ലോ.’
‘എള്ളും പൂവും എടുത്തു് അച്ഛനെ മനസ്സിൽ ധ്യാനിച്ചു് ഒരു നീരു കൊടുക്ക്വാ. ചന്ദനവും പൂവും എടുത്തു്…’
കാക്കകൾ വന്നു് ബലിച്ചോറ് കൊത്താനൊന്നും അവൾ കാത്തുനിന്നില്ല. മുകളിൽ കുളിമുറിയിൽ പോയി കുളിച്ചു് അവൾ വസ്ത്രം ധരിച്ചു താഴെ ഇറങ്ങിവന്നു. എല്ലാവരും അപ്പോഴും മുറ്റത്തുതന്നെയായിരുന്നു. പ്രേമയും രാജേട്ടനും അവരിൽ ആരുടെ ചോറാണു് കാക്കകൾ ആദ്യം കൊത്തിയതെന്നു് ശണ്ഠ കൂടുകയായിരുന്നു. സംഭവം പൈങ്കിളിയായതുകൊണ്ടു് അവൾ ശ്രദ്ധിക്കാൻ പോയില്ല. പരേതനു് ഇഷ്ടമുള്ളവരുടെ ചോറാണു് അവരുടെ ആത്മാവായി വരുന്ന ബലിക്കാക്കകൾ ആദ്യം കൊത്തുക എന്നാണു് വിശ്വാസം. തന്റേതാവില്ലെന്നു് നളിനിക്കുറപ്പായിരുന്നു.
‘എന്താ നീ പോവ്വാണോ?’ അമ്മ ചോദിച്ചു. ‘ചായേം ദോശേം കഴിക്കാണ്ടെ?’
‘വേണ്ട,’ അവൾ മുറ്റത്തേയ്ക്കിറങ്ങിക്കൊണ്ടു പറഞ്ഞു. ‘ഇപ്പോൾ പോയാൽ ഏതെങ്കിലും ട്രെയിൻ കിട്ടും.’
അവളുടെ കയ്യിലുള്ള പൊതി നോക്കി രാജൻ ചിരിച്ചുകൊണ്ടു് ചോദിച്ചു.
‘എന്താണു് അടിച്ചുകൊണ്ടു പോണതു?’
‘ഇതോ,’ പൊതി ഉയർത്തിക്കാട്ടി അവൾ പറഞ്ഞു, ‘ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ ഒരു പഴയ ഫോട്ടോ.’
പെട്ടെന്നവിടം നിശ്ശബ്ദമായി.
അവൾ അനിതയ്ക്കു വേണ്ടി നോക്കി. അവൾ അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഗെയ്റ്റു കടന്നശേഷം നളിനി ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി. മുകളിലെ നിലയിൽ ജനലിലൂടെ അനിത കൈ വീശുന്നു. അവൾ ചിരിച്ചുകൊണ്ടു് നടന്നു. തന്റെ മനസ്സു് ശാന്തമാണെന്നു് അവൾ കണ്ടു.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.