images/A_Summer_Morning.jpg
A Summer Morning, a painting by Rupert Bunny (1864–1947).
മറ്റൊരു വാതിൽ
ഇ. ഹരികുമാർ

ആശുപത്രിയിൽ.

തളർന്നുറങ്ങുന്ന പെൺകുട്ടിയുടെ കിടക്കക്കരികെ അയാൾ കാത്തിരുന്നു. ഒന്നനങ്ങുമ്പോൾ സ്റ്റീൽ കസേരയുടെ കാലുകൾ നിലത്തുരഞ്ഞുണ്ടാകുന്ന ശബ്ദത്തിൽ അവൾ ഉണരുമോ എന്നയാൾ ഭയപ്പെട്ടു. ഉണരുമ്പോൾ അമ്മയെ കണ്ടില്ലെങ്കിൽ ബഹളം വയ്ക്കുമോ എന്നറിയില്ല. അവളുടെ അമ്മയും അച്ഛനും അര മണിക്കൂർമുമ്പു് വീട്ടിൽ പോയിരുന്നു. അമ്മയുള്ളപ്പോൾതന്നെ അവൾ ഭയപ്പെട്ടു കരയുന്നു. പേടിച്ചു് ചുറ്റും നോക്കുന്നു. അമ്മയുടെ കൈ മുറുകെ പിടിക്കുന്നു. മോളെ ആരും ഇനി ഉപദ്രവിക്കില്ലെന്നു ഷൈല പറയുന്നതവളെ ആശ്വസിപ്പിക്കുന്നില്ല.

ഈ യാതന സഹിക്കാൻ അവൾക്കാകട്ടെ എന്നയാൾ പ്രാർത്ഥിക്കുന്നു. വാതിലിന്റെ കർട്ടൻ മാറ്റി നഴ്സും ഡോക്ടറും അകത്തു കടന്നു. അയാൾ എഴുന്നേറ്റു. ഡോക്ടർ അവളെ പരിശോധിക്കുകയാണു്. അയാൾ ചോദിച്ചു. ‘ഡോക്ടർ ഇവൾക്ക്…’

ഡോക്ടർ പരിശോധന നിർത്തി അയാളെ നോക്കി.

‘കുഴപ്പമൊന്നുമില്ല, ജസ്റ്റ് ഏ ട്രാമ. ഷി വിൽ ഓവർകം ദാറ്റ് ഇൻ എ കപ്ൾ ഓഫ് ഡേയ്സ്. നിങ്ങൾ?’

‘എന്റെ പേരു് ഭാസ്കരൻ, ഞാൻ അയൽക്കാരനാണു്.’

‘ഒരയൽക്കാരൻതന്നെയാണു് ഈ കുട്ടിയെ…’ ഡോക്ടർ നിർത്തി.

‘അതെ.’ ഭാസ്കരൻ പറഞ്ഞു. ഒരയൽക്കാരനായതിൽ അയാൾ ലജ്ജിച്ചു.

‘അയാളെ അറസ്റ്റു ചെയ്തെന്നു കേട്ടല്ലൊ.’ ഡോക്ടർ പറഞ്ഞു.

‘അതെ.’

‘കഷ്ടം! അമ്പതു കഴിഞ്ഞ മനുഷ്യൻ…’

ഡോക്ടർ നഴ്സിനു് എന്തോ നിർദ്ദേശം കൊടുത്തുകൊണ്ടു് പുറത്തേയ്ക്കു പോയി. ഭാസ്കരൻ അവിടെ ഒറ്റയ്ക്കായി. ഒറ്റയ്ക്കല്ല. ഉറക്കമരുന്നു് കൊടുത്തു് ബോധമില്ലാതെ ഉറങ്ങുന്ന ഒരു പത്തു വയസ്സുകാരി കുട്ടിയുടെ ഒപ്പം. മനസ്സ് തേങ്ങി. മോളെ നിനക്കിതു് സംഭവിച്ചുവല്ലൊ. എട്ടു കൊല്ലമായി എന്നും രാവിലെയും വൈകുന്നേരവും ഈ പെൺകുട്ടി തങ്ങളുടെ വീടിന്റെ പടിവാതിൽ കടന്നു് വന്നു. രാവിലെ സ്കൂൾ സഞ്ചിയുമായി വരുന്നു. ശാരദ മേശപ്പുറത്തു് മൂന്നുപേർക്കുമുള്ള പ്രാതൽ തയ്യാറാക്കി വച്ചിട്ടുണ്ടാകും. അങ്കിളിന്റെയും ആന്റിയുടെയും ഒപ്പമിരുന്നു് അവൾ ദോശയോ ഇഡ്ഡലിയോ കഴിക്കുന്നു. അയാൾ ഇടയ്ക്കു് കളിയായി ചോദിക്കുന്നു. ‘നിനക്കു് നിന്റെ വീട്ടീന്നു് കഴിച്ചൂടെ?’

‘ഇതെന്റെ വീടാണു്.’ അവൾ ദ്വേഷ്യത്തോടെ പറയുന്നു.

‘അല്ലല്ല ഇതു് ദിനേശ് ചേട്ടന്റെ വീടാണു്.’

അവൾക്കു് ആദ്യം ദ്വേഷ്യവും പിന്നെ സങ്കടവും വരുന്നു. അവളുടെ കണ്ണുകൾ നിറയും. അവൾ അയാളെ കുഞ്ഞിക്കൈകൊണ്ടു് ഇടിച്ചുകൊണ്ടു് പറയും.

‘ഞാനീ അങ്കിളിനോടു് മിണ്ടില്ല.’

കാര്യം ശരിയാണു്. ഒരിക്കൽ തീർപ്പു കല്പിച്ച കാര്യമാണതു്. പിന്നെ അങ്ക്ൾ മറിച്ചു പറയേണ്ട കാര്യമൊന്നുമില്ല. ദിനേശൻ വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നെത്തുന്നു. ഒരാഴ്ച മോനെ വിട്ടുനിന്ന സങ്കടം തീർക്കാൻ അമ്മ സ്വാദുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നു. വൈകുന്നേരം സ്കൂൾ വിട്ടു് വരുന്ന നീനമോൾ കാണുന്നതു് ആന്റി അടുക്കളയിൽ വിഭവങ്ങളുണ്ടാക്കുന്നതാണു്. അവൾക്കു് കാര്യം മനസ്സിലാവുന്നു. പിന്നെ ചോദ്യങ്ങളാണു്. എന്തിനാണു് ദിനേശ്ചേട്ടൻ എല്ലാ ആഴ്ചയും വരുന്നതു? ഹോസ്റ്റലിലിരുന്നു് വല്ലതും പഠിച്ചുകൂടെ? അങ്ങിനെ ഒരുപാടു ചോദ്യങ്ങൾ. ശാരദ പറയുന്നു.

‘ദിനേശ് ചേട്ടൻ ആന്റീടെ മോനല്ലെ. അപ്പോ അമ്മേ കാണണംന്ന്ണ്ടാവില്ലെ?’

അങ്ങിനെയൊക്കെ സാധാരണ പറയാറുള്ളതാണു്. അന്നു് എന്തുകൊണ്ടോ അവൾക്കതു് തീരെ ഇഷ്ടപ്പെട്ടില്ല. ഉമ്മറത്തിരുന്നു് വായിച്ചുകൊണ്ടിരുന്ന അയാൾ അടുക്കളയിൽ നടന്ന ഭൂകമ്പങ്ങളൊന്നും അറിഞ്ഞില്ല. അയാൾ എത്ര ശ്രമിച്ചിട്ടും നീനയുടെ സങ്കടം മാറ്റാൻ കഴിഞ്ഞില്ല. അവളുടെ അമ്മയും അച്ഛനും കരച്ചിൽ കേട്ടു് അന്വേഷിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച അവളെയും ഏറ്റി നടന്നു് അങ്ക്ൾ സമാധാനിപ്പിക്കുന്നതാണു്.

‘കെട്ടിച്ചുകൊടുക്കണ്ട പ്രായായി’. അവളുടെ അച്ഛൻ പറഞ്ഞു. ‘കണ്ടില്ലെ അവളുടെ കാലു് നെലത്തു് മുട്ടണതു?’

കാര്യം പറഞ്ഞപ്പോൾ അവർ ചിരിച്ചുകൊണ്ടു് തിരിച്ചുപോയി. ‘അത്രേള്ളൂ…’

അത്രേള്ളൂ എന്നു് അവർക്കു് പറയാം. പക്ഷേ, നീനയെ സംബന്ധിച്ചേടത്തോളം അതൊരു ജീവന്മരണ പ്രശ്നമാണു്. ദിനേശ് ചേട്ടൻ തോളിൽ സഞ്ചിയുമായി പടി കടന്നു വന്നപ്പോൾ കാണുന്ന കാഴ്ച അങ്ക്ളും മോളും കൂടി ഒരു സന്ധിസംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നതാണു്.

‘അച്ഛൻ അവളെ ഇങ്ങിനെ കൊഞ്ചിച്ചു വഷളാക്കിക്കൊള്ളൂ.’ അവൻ പറഞ്ഞു. അവൻ ഇല്ലാത്ത സമയങ്ങളിൽ ഈ പിറുങ്ങിപ്പെണ്ണു് അവന്റെ അച്ഛനുമമ്മയുമായി കൊഞ്ചുന്നതൊന്നും അവനു് ഇഷ്ടമല്ല. ഇത്ര പ്രായമായിട്ടും അവനും ഒരു അസൂയാലുവാണു്. അവൻ ചോദിച്ചു.

‘എന്താടീ നെനക്കു് നെന്റെ വീട്ടീ പോയിരുന്നൂടെ?’

‘ഇതു് എന്റെ വീടാണു്.’ പുതുതായി അങ്കിളിന്റെ അടുത്തുനിന്നു കിട്ടിയ ഉറപ്പിൽ അവൾ തിരിച്ചു് പോരാടാൻ തന്നെയാണു് തീർച്ചയാക്കിയിരിക്കുന്നതു്. അതുവരെയുണ്ടായിരുന്ന സങ്കടമെല്ലാം അവൾ തല്ക്കാലത്തേയ്ക്കു് മാറ്റിവച്ചു. സങ്കടം പിന്നേയുമാവാലോ.

‘ഇതു് നെന്റെ വീടോ? പള്ളീ പറഞ്ഞാമതി.’

‘പള്ളീലു് ദിനേശ് ചേട്ടൻ പറഞ്ഞാമതി.’ പിന്നെ അവൾ ഒരു പടികൂടി കയറി. അങ്കിളിനെ കെട്ടിപ്പിടിച്ചുകൊണ്ടു് അവൾ പറഞ്ഞു. ‘ഇതു് എന്റെ അച്ഛനാണു്.’

കാര്യം കുലുമാലായെന്ന മട്ടിൽ ദിനേശൻ സഞ്ചി നിലത്തുവച്ചു് കസേലയിൽ ഇരുന്നു. ഒരൊറ്റ മലക്കം മറിച്ചിലിൽ അവനു് നഷ്ടമാകുന്നതു് അവന്റെ അച്ഛനാണു്. രണ്ടാലൊന്നു് തീർച്ചയാക്കിയിട്ടു മതി ഇനി കാര്യങ്ങൾ എന്ന മട്ടിൽ പോർവിളിയോടെ അവളും. ദിനേശൻ പറഞ്ഞു.

‘അച്ഛാ ഞാനിനി കോളേജിലൊന്നും പോണില്ല. ഇവിടെ വീട്ടിലിരിക്കാൻ പോവ്വാണു്. ഇക്കണക്കിനു് പോയാൽ എനിക്കു് അമ്മേംണ്ടാവില്ല, അച്ഛനുംണ്ടാവില്ല, ഈ വീടുംണ്ടാവില്ല. ഒക്കെ ഈ പെണ്ണു് അടിച്ചെടുക്കും.

ദിനേശ് ചേട്ടൻ ഇനി കോളേജിൽ പോകുന്നില്ലെന്നതു് അവളെയും ഭയപ്പെടുത്തി. അല്ലെങ്കിൽത്തന്നെ അവനില്ലാത്തപ്പോൾ അവന്റെ കട്ടിലിൽ കയറി കിടക്കുമ്പോൾ, അവൻ പണ്ടേ ഉപേക്ഷിച്ചിട്ട കളിപ്പാട്ടങ്ങൾ എടുക്കുമ്പോൾ, എല്ലാം അവളുടെ മുഖത്തു് ഒരു കള്ളമുണ്ടു്. അങ്കിളിനും ആന്റിക്കും പ്രശ്നമില്ലെന്നവൾക്കറിയാം. ദിനേശ് ചേട്ടനെങ്ങാൻ അറിഞ്ഞാലോ എന്ന ഭയം. കാര്യങ്ങളുടെ സ്ഥിതി അങ്ങിനെയായിരിക്കുമ്പോൾ ദിനേശ് ചേട്ടൻ സ്ഥിരമായി വീട്ടിലിരിക്കുകയെന്നതു് അത്ര സുഖമുള്ള കാര്യമല്ല. അതവളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തലാവും.

പെട്ടെന്നു് എന്തോ ആലോചിച്ചുറച്ചപോലെ അവൾ നിവർന്നിരുന്നു. പിന്നെ ദിനേശ് ചേട്ടനെ ശരിക്കും വീഴ്ത്തിയ ഒരു പ്രസ്താവന ഇറക്കുകയും ചെയ്തു.

‘അങ്ങന്യാണെങ്കിലു് ഞാൻ ദിനേശ് ചേട്ടനെ കല്യാണം കഴിക്കും.’

‘പെണ്ണു് കൊള്ളാമല്ലോ. നീ എന്നെ കല്യാണം കഴിക്കുകയോ?’ അവൻ ചോദിച്ചു. ‘കാര്യായിട്ടാണോ പറേണതു? അതോ ഭീഷണിപ്പെടുത്താൻ പറയ്യാണോ?’

‘അല്ല.’ പിന്നെ എന്തോ സംശയം തോന്നി അവൾ അങ്കിളിനോടു് ചോദിച്ചു. ‘അങ്ക്ൾ, എന്താ എനിക്കു് ദിനേശ് ചേട്ടനെ കല്യാണം കഴിച്ചൂടെ?’

ഈ വീട്ടിൽ അങ്കിളിന്റെയും ആന്റിയുടെയും മകളായി കൂടാൻ ഒരു കുറുക്കുവഴി തേടുകയാണവൾ. അതിനായി ദിനേശ് ചേട്ടനെന്ന ആജന്മശത്രുവിനെ കല്യാണം കഴിക്കാനുംകൂടി അവൾ തയ്യാറാണു്. ദിനേശ് ചേട്ടൻ പഠിക്കുകയാണെന്നും, അതു കഴിഞ്ഞു് ഒരു ജോലി കിട്ടിയ ശേഷമേ കല്യാണം കഴിക്കുകയുണ്ടാവൂ എന്നെല്ലാം അയാൾ പറഞ്ഞു നോക്കി. സാരമില്ല, കാത്തിരിക്കാൻ അവൾ തയ്യാർ.

‘ആട്ടെ, നിനക്കെത്ര വയസ്സായി?’ അവൻ ചോദിച്ചു. ‘നീ പറയണ്ട. എനിക്കറിയാം. അഞ്ചു് തികഞ്ഞിട്ടേ ഉള്ളൂ. എനിക്കു് ഇരുപത്തിഒന്നു്. എന്നുവച്ചാൽ നീ പ്രായപൂർത്തിയായി നിന്നെ കെട്ടുമ്പോഴേയ്ക്കു് എനിക്കു് റിട്ടയർമെന്റാവും. ഞാൻ വേറെ പെൺകുട്ടിയെ കിട്ടുമോ എന്നു നോക്കട്ടെ.’

അവൾക്കു് വീണ്ടും സങ്കടമായി. വാതിലുകൾ ഓരോന്നോരോന്നായി അടയുകയാണു്. അവൾ തേങ്ങിക്കരയാൻ തുടങ്ങി. അതിന്റെ അവസാനത്തിലാണു് ആ ഒത്തുതീർപ്പുണ്ടായതു്. ദിനേശ് ചേട്ടൻ അങ്കിളിന്റെ മകനാണു്, നീ മകളും. ഒരു വകയിൽ അവൾക്കും തുല്യാവകാശം കൊടുത്ത ആ ഉറപ്പു് അവൾക്കു് ആശ്വാസം നൽകി. അതിനു ശേഷം ഇപ്പോൾ ഇതു് ദിനേശ് ചേട്ടന്റെ വീടാണെന്നു് പറഞ്ഞു് അങ്കിളിനവളെ ദ്വേഷ്യം പിടിപ്പിക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല.

പഴയ കഥകളുടെ ഓർമ്മയിൽ അയാൾ ചിരിച്ചു. പെട്ടെന്നുതന്നെ ആശുപത്രിമുറിയുടെ കറുത്ത യാഥാർത്ഥ്യത്തിലേയ്ക്കു് തിരിച്ചുവരികയും ചെയ്തു.

ശാരദ എന്താണു് വരാത്തതു്. വൈകുന്നേരത്തെ ഭക്ഷണം പാകം ചെയ്തുകഴിഞ്ഞ ഉടനെ വീട്ടിൽനിന്നിറങ്ങാമെന്നു് പറഞ്ഞതായിരുന്നു. അവൾ രാവിലെ കുറേനേരം കരഞ്ഞു. ഓർമ്മകൾ അവളെ വല്ലാതെ പീഡിപ്പിച്ചു. ഒരു കുട്ടി സ്വന്തം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു് മറ്റൊരച്ഛനെയും അമ്മയെയും സ്വീകരിക്കാൻ ശ്രമിക്കുക. അതിനു് കഴിയാതിരിക്കുക. അതൊരു വല്ലാത്ത അനുഭവമാണു്. എന്താണു് അതിനു കഴിയാതിരുന്നതു? അവളുടെ അച്ഛനും അമ്മയും ജോലിക്കാരാണു്. വൈകുന്നേരം നീന സ്കൂൾ വിട്ടു വരുമ്പോൾ അവരെത്തിയിട്ടുണ്ടാവില്ല. അപ്പോൾ മകൾക്കു് ഒരഭയസ്ഥാനം കിട്ടുന്നതു് അവർക്കു് ആശ്വാസമാണു്. പിന്നെ മകൾ അവരുമായി കൂടുതൽ അടുക്കുന്നു എന്നതു മാത്രമാണു്. സ്നേഹം കാരണമാണതു്, അതിനവരെന്തു പറയാൻ? പല രാത്രികളിലും അവൾ തിരിച്ചു് വീട്ടിൽ പോകാൻ മടി കാണിക്കും. അവളുടെ അച്ഛൻ ടോർച്ചുമായി അന്വേഷിച്ചു വരും. അങ്കിളിന്റെയും ആന്റിയുടെയും ഒപ്പം ഭക്ഷണം കഴിച്ചു് അവരുടെ ഒപ്പം കിടന്നുറങ്ങാനുള്ള പദ്ധതിയുമായി നടക്കുകയായിരിക്കും നീന. അര മണിക്കൂർ നേരത്തെ വ്യർത്ഥമായ അനുനയശ്രമത്തിനു ശേഷം ഒറ്റയ്ക്കു് തിരിച്ചു പോകുമ്പോൾ ആ മനുഷ്യന്റെ മുഖത്തു് ചിരിയായിരിക്കും. ഇങ്ങിനെയുമുണ്ടോ കുട്ടികൾ? അന്നു രാത്രി അവൾ അങ്കിളിന്റെയും ആന്റിയുടെയും നടുവിൽ അവകാശങ്ങൾ ഉറപ്പിക്കാനെന്നപോലെ കിടന്നുറങ്ങുന്നു.

ആ കുട്ടിയാണു് ഇവിടെ, ആശുപത്രിയിൽ അവശയായി കിടക്കുന്നതു്. അയാൾ നെടുവീർപ്പിട്ടു. വാതിൽ കടന്നു് ശാരദ വന്നു. കയ്യിലെ സഞ്ചിയിൽ തൂക്കുപാത്രവും കുപ്പിയിൽ കുടിക്കാനുള്ള വെള്ളവുമുണ്ടു്. സഞ്ചി മേശപ്പുറത്തു് വെച്ചു് അവൾ ചോദിച്ചു.

‘മോൾക്കു് എങ്ങിനെയുണ്ടു്?’

‘ഞാൻ വന്നതിന്റെ ശേഷം ബോധം വന്നിട്ടില്ല. അവർ സെഡേറ്റീവ് കൊടുത്തിരിക്ക്യാണു്. രാമചന്ദ്രനും ഷൈലയുമുള്ളപ്പോൾ രണ്ടുവട്ടം ബോധം വന്നൂത്രെ. അവൾ പേടിച്ചു നിലവിളിക്ക്യായിരുന്നൂന്നു്.’

‘കഷ്ടം.’

‘കുഴപ്പൊന്നുംല്ല്യാന്നാ ഡോക്ടറ് പറേണതു്.’

ശാരദ കട്ടിലിലിരുന്നു് നീനയുടെ നെറ്റിയിൽ തലോടി. ‘ഉറക്കം തന്നെയാണു്. ഉറങ്ങട്ടെ.’

‘എനിക്കു് ഇപ്പോ ഒരു കുറ്റബോധം തോന്ന്വാണു്.’ അയാൾ പറഞ്ഞു.

ശാരദ ചോദ്യഭാവത്തിൽ അയാളെ നോക്കി.

‘നമ്മള് അവളെ വേണ്ടത്ര ശ്രദ്ധിച്ചില്ലേന്നു്.’

‘ഇതിനപ്രം എങ്ങിന്യാ ശ്രദ്ധിക്ക്യാ? നമ്മടെ കൺവെട്ടത്തീന്നു് പുറത്തു് വിടാറില്ല അവളെ.’

ഭാസ്കരൻ ഒന്നും പറഞ്ഞില്ല. അയാൾക്കു് പലപ്പോഴും മുൻവിധികളുണ്ടാകാറുണ്ടു്, ആളുകളെപ്പറ്റി, സന്ദർഭങ്ങളെപ്പറ്റി. അവ മിക്കവാറും ശരിയാകാറുമുണ്ടു്. അയൽക്കാരനെപ്പറ്റി അങ്ങിനെയാണു് മുൻവിധിയുണ്ടായതു്. അയൽക്കാരൻ ആ വീട്ടിൽ താമസമാക്കിയിട്ടു് ആറു മാസമായെങ്കിലും ആരുമായും അടുപ്പമുണ്ടായിരുന്നില്ല. എന്തുകൊണ്ടോ അങ്ങോട്ടു പോയി പരിചയപ്പെടാൻ ഭാസ്കരന്നും താൽപര്യമുണ്ടായില്ല. അടുക്കാൻ കൊള്ളില്ലെന്ന ബോധം.

‘ആ നിലയ്ക്കല്ല ഞാൻ പറഞ്ഞതു്.’ അയാൾ പറഞ്ഞു. ‘എങ്ങിനെയാണു് അതു പറയ്യാന്നു് എനിക്കറീല്ല്യ. നിനക്കോർമ്മണ്ടോ അവള് എന്നെ അച്ഛാന്നു് വിളിക്കാൻ തൊടങ്ങീതു?’

ശാരദയ്ക്കു് ഓർമ്മയുണ്ടു്. രണ്ടുമൂന്നുകൊല്ലം മുമ്പാണു്. ഒരു ദിവസം അവൾ അടുക്കളയിൽ ദോശയുണ്ടാക്കുമ്പോഴാണു് നീന വന്നു പറഞ്ഞതു്.

‘അമ്മേ, അച്ഛനു് ദോശ വേണ്ടാന്നു് പറഞ്ഞു.’

ശാരദക്കു് പെട്ടെന്നു് ആശയക്കുഴപ്പമുണ്ടായി. തന്നെ അവൾ അമ്മയെന്നു് ഇടക്കിടക്കു് വിളിക്കാറുണ്ടു്. പക്ഷേ, അങ്കിളിനെ അങ്കിൾ എന്നുതന്നെയാണു് വിളിക്കാറ്. നീനക്കതു മനസ്സിലായെന്നു തോന്നുന്നു. അവൾ കൂട്ടിച്ചേർത്തു. ‘എന്റെ ഇവിടത്തെ അച്ഛൻ!’

അതിനു ശേഷം കുറച്ചു കാലം അവൾ രണ്ടുപേരെയും അച്ഛൻ, അമ്മ എന്നുതന്നെയാണു് വിളിക്കാറ്. ദിനേശ് ചേട്ടനുമായി ഒരു തുല്യാവസ്ഥയുണ്ടായതിൽ അവൾ സന്തോഷിച്ചു. അവളുടെ പാവക്കുട്ടികൾ മിക്കവയും പല ദിവസങ്ങളിലായി ഈ വീട്ടിൽ ചേക്കേറി. ഉടുപ്പുകളും യൂനിഫോമും അലമാറിയിൽ ആന്റിയുടെ സാരികൾക്കിടയിൽ തൂങ്ങിക്കിടന്നു. രാത്രി തങ്ങലിന്റെ ആവർത്തി കൂടിവന്നു. ശനിയാഴ്ച രാത്രി ദിനേശ് ചേട്ടൻ ഉണ്ടെങ്കിലും അവൾ അവിടെ അവരുടെ നടുവിൽ കിടന്നുറങ്ങി. ഒരുതരം കൂസലില്ലായ്മയോടെ. ഉറങ്ങാനായി സ്വന്തം മുറിയിലേയ്ക്കു നടക്കുന്ന അവനെ പ്രകോപിപ്പിക്കാനായി പറയുകയും ചെയ്യും. ‘ഇതു് എന്റെ അച്ഛനാണു്.’

അവൻ അവളെ കൗതുകത്തോടെ നോക്കിക്കൊണ്ടു് പറയും. ‘കഷ്ടം, ഇതിന്റെ തലയിലു് ഒന്നുല്ല്യാന്നാ തോന്നണതു്.’

‘ഇതാ നെറയെ മുടിണ്ടു്.’ അവൾ അവളുടെ സമൃദ്ധമായ മുടി ഉയർത്തിക്കാണിച്ചുകൊണ്ടു് പറയും.

‘ണ്ടു്, അതേ സാധനംതന്നെ തലേടെ ഉള്ളിലും ആയതാ കഷ്ടംന്നു് പറഞ്ഞതു്.’ അവൻ പറയും. പിന്നെ അവിടെ യുദ്ധമാണു്.

അയാൾ അതെല്ലാം ആലോചിച്ചുകൊണ്ടു് ചിരിച്ചു. ശാരദയും ആലോചിക്കുകയായിരുന്നു. ഒരുപാടു് ആലോചിക്കാനുണ്ടു്. അതിന്റെ അന്ത്യമാകട്ടെ ഇവിടെ ആശുപത്രികിടക്കയിൽ അവശയായി കിടക്കുന്ന കുട്ടിയിലെത്തി വഴിമുട്ടി നിൽക്കുന്നു. ഓർമ്മകൾ സാന്ത്വനമാകുന്നില്ല. ഒരു ദീർഘശ്വാസം തേങ്ങലിനോടടുത്തെത്തുന്നു.

അയാൾ ആലോചിച്ചു. നീനയുടെ ‘അച്ഛൻ’ വിളി അധികകാലം നിലനിന്നില്ല. ആദ്യമുണ്ടായ എതിർപ്പു് അവളുടെ അമ്മയുടെ പക്ഷത്തുനിന്നുമായിരുന്നു. അമ്മയെന്നു വിളിക്കുന്നതു് കുഴപ്പമില്ല, പക്ഷേ, അച്ഛൻ എന്നു മറ്റൊരാളെ വിളിക്കണതു് അത്ര ശര്യാണോ? പിന്നീടാണു് മനസ്സിലായതു് എതിർപ്പു് അവളുടെ അമ്മയിൽ നിന്നല്ല ഉണ്ടായിട്ടുള്ളതു്, മറിച്ചു് മറ്റയൽപക്കക്കാരുടെ പക്ഷത്തുനിന്നുമാണെന്നു്. മന്ഥരമാർ. അവർ ഒറ്റക്കൊറ്റക്കു് വന്നു് ഷൈലയുമായി കുശുകുശുത്തു. ഒരപവാദത്തിലേയ്ക്കു് നീങ്ങുമെന്നായപ്പോൾ മാത്രമാണു് ഷൈല പറഞ്ഞതു്. ‘ഒന്നും തോന്നര്തു്. മോളെക്കൊണ്ടു് അങ്കിളെന്നുതന്നെ വിളിപ്പിച്ചാ മതി. അച്ഛനെന്നു വിളിക്കണ്ടാന്നു് പറയണം അവളോടു്.’

ഈ തരത്തിലുള്ള സ്നേഹബന്ധങ്ങൾ പൊതുജനത്തിനു് മനസ്സിലാവില്ല. അവർക്കാവശ്യം വൈകൃതമായ ബന്ധങ്ങളാണു്. അശ്ലീലകഥകൾ നെയ്തെടുക്കാൻ കഴിയുന്ന തരം ബന്ധങ്ങൾ.

ഭാസ്കരനു് വിഷമം തോന്നി. ഒരു കൊച്ചുകുട്ടിയുടെ ആഗ്രഹമാണു്. അതിലെന്തിനാണു് മുതിർന്നവരുടെ വിഷലിപ്തമായ മനസ്സ് ഇടപെടുന്നതു്. അതിനു ശേഷം നീന അയാളെ മറ്റുള്ളവരുടെ മുമ്പിൽവച്ചു് അച്ഛാ എന്നു വിളിച്ചില്ല. ഒറ്റയ്ക്കു് കിട്ടുമ്പോൾ അവൾ ചെവിയിൽ മന്ത്രിക്കും. ‘അച്ഛാ…’.

ഒരിക്കൽ അയൽക്കാരന്റെ വീട്ടിൽ നിന്നു് നീന വരുന്നതു കണ്ടു. എന്തുകൊണ്ടോ അയാൾക്കതിഷ്ടമായില്ല. അയാൾ ചോദിച്ചു. ‘മോൾ എന്തിനാണു് അവിടെ പോയതു?’

അവൾ കൈ തുറന്നു കാണിച്ചു. മിട്ടായികൾ.

‘ആ അങ്കിൾ തന്നതാണോ?’

അവൾ തലയാട്ടി. അന്നു തൊട്ടാണയാൾ ശ്രദ്ധിക്കാൻ തുടങ്ങിയതു്. നീന അയൽക്കാരനുമായി വളരെ ലോഗ്യത്തിലായിരുന്നു. ഇടക്കിടക്കു് അങ്ങോട്ടോടി പോകുന്നതു കാണാം.

ശാരദയുടെ മുഖത്തു് ചിരിയുണ്ടായിരുന്നു. അവളും നീനയെപ്പറ്റി ഓർക്കുകയായിരിക്കണം. നീനയെപ്പറ്റി ചിരിയോടെയല്ലാതെ ഓർക്കാൻ പറ്റുന്നില്ല. മധുരമുളളതല്ലാതെ കൈപ്പുള്ള ഒരനുഭവവും അവളിൽനിന്നുണ്ടായിട്ടില്ല. എന്നിട്ടെന്തേ അവൾക്കു് ഇങ്ങിനെ പറ്റാൻ?

‘ഇവളെ ഉപദ്രവിച്ച അയൽക്കാരനില്ലേ?’ അയാൾ ശാരദയോടു പറഞ്ഞു. ‘അയാളെ ഇവൾ എന്താണു് വിളിച്ചിരുന്നതെന്നറിയ്യോ?’

‘ഉം?’

‘അച്ഛനെന്നു്.’

‘അത്യോ?’ ശാരദ അദ്ഭുതത്തോടെ ചോദിച്ചു.

‘ഒരു വാതിലടഞ്ഞപ്പോൾ അവൾ മറ്റൊരു വാതിൽ തുറന്നുനോക്കിയതാണു്. എന്നെ അച്ഛനെന്നു വിളിക്കണ്ടാന്നു് പറഞ്ഞപ്പോ അവൾ മറ്റൊരാളെ അവിടെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചു.’

അര മണിക്കൂർ അനുനയത്തിൽ ചോദ്യം ചെയ്തപ്പോഴാണു് നീന ആ രഹസ്യം പുറത്തുവിട്ടതു്. അച്ഛനെന്നു വിളിക്കട്ടെ എന്നു ചോദിച്ചപ്പോൾ അയാൾ ഉടനെ സമ്മതിച്ചത്രെ. ആ മനുഷ്യനാണു് വീട്ടിൽ ആരുമില്ലാത്ത സമയത്തു് ആ പത്തു വയസ്സുകാരി അച്ഛാ എന്നു വിളിച്ചു ചെന്നപ്പോൾ ഉപദ്രവിച്ചതു്. മനുഷ്യനു് ഇത്രയും നീചനാകാമോ? ഭാഗ്യത്തിനു് അവൾക്കു് ഓടി അവരുടെ അടുത്തേയ്ക്കു് വരാൻ പറ്റി. അങ്ങിനെ രക്ഷപ്പെടാൻ പറ്റിയിരുന്നില്ലെങ്കിൽ അയാൾ അവളുടെ കഥ കഴിച്ചേനെ. സാധാരണ അങ്ങിനെയാണു് പതിവു്. പേരു് പുറത്തുവരുമോ എന്നു് സംശയം തോന്നിയാൽ കുറ്റവാളികൾ ഇരയെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കും.

ശാരദ തരിച്ചിരിക്കയാണു്. ഒരു തേങ്ങൽ അവളുടെ നെഞ്ചിൽ കൂടുകൂട്ടി. അതു് പുറത്തേയ്ക്കു വരാൻ വെമ്പുകയാണു്. അടുത്ത നിമിഷം അവൾ മുഖം പൊത്തി തേങ്ങിതേങ്ങി കരയാൻ തുടങ്ങി.

‘എനിക്കിപ്പോൾ കുറ്റബോധം തോന്ന്വാണു്.’ അയാൾ പറഞ്ഞു. ‘മറ്റുള്ളോരു് എന്തു വേണങ്കിലും പറഞ്ഞോട്ടെ; അവളെ തടയണ്ടായിരുന്നു. ഒരു കൊച്ചുകുട്ടി അച്ഛാന്നു് വിളിച്ചാൽ ആകാശം ഇടിഞ്ഞു പൊളിഞ്ഞു പോക്വൊന്നുംല്ല്യ.’

‘നമുക്കിനി അങ്ങിനെ വിളിപ്പിക്കാം.’ ശാരദ തേങ്ങലിനിടയിൽ പറഞ്ഞു.

നീന ഒന്നനങ്ങി. അവൾ ഉണരാനുള്ള ശ്രമമാണു്. ശാരദ കണ്ണുതുടച്ചു കഴിയുന്നത്ര പ്രസന്നയാവാൻ ശ്രമിച്ചു. അവൾ നീനയുടെ തലയിൽ പതുക്കെ തലോടി. അവൾ കണ്ണുമിഴിച്ചു. ശാരദയെ കണ്ടപ്പോൾ സമാധാനമായി എന്നു തോന്നുന്നു. അവൾ വിളിച്ചു. ‘അമ്മേ…’

‘എന്താ മോളെ?’

‘അമ്മ എന്റെ ഒപ്പം കിടക്കൂ.’

ഭാസ്കരൻ എഴുന്നേറ്റു നിന്നു. നീന അയാളെ ഒന്നു നോക്കി, എന്തുകൊണ്ടോ വലിയ പ്രതികരണമൊന്നുമുണ്ടായില്ല. ശാരദ അവളുടെ ഒപ്പം കിടന്നു് അവളെ കെട്ടിപ്പിടിച്ചു. നീന അവളുടെ കൊച്ചുകൈകൾ ശാരദയുടെ കഴുത്തിലിട്ടു. അവൾ വീണ്ടും ഉറങ്ങാനുള്ള ഭാവമാണു്. ശാരദ പറഞ്ഞു. ‘മോള് ഇനി ഒറങ്ങണ്ട.’

അവൾ കണ്ണുമിഴിച്ചു. ഭാസ്കരൻ കട്ടിലിൽ ഇരുന്നു് നീനയുടെ തലയിൽ തലോടി. ആ സ്പർശം അസഹ്യമാണെന്ന മട്ടിൽ അവൾ തല ചെരിച്ചു. ഏതോ ഭീകരജീവി നെറ്റിമേൽ അരിക്കുന്നപോലെ അവൾ ഭയത്തോടെ അയാളുടെ വിരലുകൾ നോക്കി. സ്വന്തം കൈ ഒരു കൂറ്റൻ എട്ടുകാലിയെപ്പോലെയും വിരലുകൾ അതിന്റെ ഇഴയുന്ന കാലുകൾ പോലെയും അയാൾക്കു തോന്നി. അയാൾ ഞെട്ടി കൈ പിൻവലിച്ചു. അയാൾ പതുക്കെ വിളിച്ചു. ‘മോൾ…’

അവൾ ‘അച്ഛാ’ എന്നു വിളിക്കുമെന്നയാൾ ആശിച്ചു. അവൾ ഒന്നുംതന്നെ വിളിക്കുകയുണ്ടായില്ല. ശാരദ അവളുടെ നെറ്റിമേൽ തലോടിക്കൊണ്ടു് പറഞ്ഞു.

‘മോളിനി അങ്കിളിനെ അച്ഛനെന്നുതന്നെ വിളിച്ചാ മതീട്ടോ. മോളടെ മാത്രം അച്ഛനാണ്ട്ടോ.’

നീന അയാളെ തണുത്ത കണ്ണുകളോടെ നോക്കി, പിന്നെ തലതിരിച്ചുകൊണ്ടു് പറഞ്ഞു.

‘വേണ്ട.’

ഭാസ്കരൻ എഴുന്നേറ്റു മുറിക്കു പറത്തു കടന്നു. അയാൾക്കു് ഉറക്കെ കരയണമെന്നുണ്ടു്. നെഞ്ചിൽ തേങ്ങൽ വന്നു് ശ്വാസം മുട്ടിക്കുകയാണു്. മുറിക്കു പുറത്തു് ഇടനാഴികയിൽ നിരത്തിയിട്ട കസേരകളിലൊന്നിൽ അയാൾ പോയി വീണു, പിന്നെ ആരെങ്കിലും ശ്രദ്ധിക്കുമെന്ന വിചാരമില്ലാതെ ഉറക്കെ കരയാൻ തുടങ്ങി.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Mattoru Vathil (ml: മറ്റൊരു വാതിൽ).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Mattoru Vathil, ഇ ഹരികുമാർ, മറ്റൊരു വാതിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: November 21, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Summer Morning, a painting by Rupert Bunny (1864–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.