അയാൾ അവിടെ കാത്തു നിൽക്കാൻ തുടങ്ങിയിട്ടു് എത്ര നേരമായി എന്നറിയില്ല. ഞാൻ വാതിൽ തുറന്നു് പുറത്തു കടന്നപ്പോൾ അവിടെയുണ്ടു്. മതിലിന്നപ്പുറത്തു് വഴിയിൽ. എനിയ്ക്കയാളുടെ തല മാത്രമേ കാണാനുള്ളു. വിവശതയാർന്ന മുഖവും. എന്നെ കണ്ടപ്പോൾ അയാൾ കയ്യിലുള്ള ലോട്ടറി ടിക്കറ്റുകൾ ഉയർത്തിക്കാട്ടി.
സാർ, ഒരു ടിക്കറ്റെടുക്കൂ.
പരീക്ഷീണമെങ്കിലും പ്രതീക്ഷാനിർഭരമായ ശബ്ദം. ഞാൻ ലോട്ടറി ടിക്കറ്റെടുക്കാറില്ല. അതുകൊണ്ടു് പറഞ്ഞു.
എനിക്കു് വേണ്ട.
സാർ ഒരു ടിക്കറ്റെടുക്കൂ. അഞ്ചുറുപ്പികയെ ഉള്ളൂ. കിട്ടിയാൽ ഒമ്പതു ലക്ഷമാ സാർ.
ഇരുപത്തിനാലു മണിക്കൂറും കഠിനാദ്ധ്വാനം ചെയ്തു് രണ്ടുനേരം കഞ്ഞികുടിക്കാനാണു് ഞാൻ വിധിക്കപ്പെട്ടിട്ടുള്ളതു്. നീ ആ ടിക്കറ്റ് കൊണ്ടുപോയി വേറെ വല്ല ഭാഗ്യവാന്മാർക്കും കൊടുക്കു്.
അല്ല സാർ, ഭാഗ്യം വരണതു് എപ്പഴാന്നറിയില്ല്യ. സാർ ഒരു ടിക്കറ്റെടുത്തു് ഭാഗ്യം പരീക്ഷിച്ചു നോക്കു.
എനിക്കു വേണ്ട.
സാർ…
എനിക്കു വേണ്ടെന്നു പറഞ്ഞില്ലേ, താൻ പോകുന്നുണ്ടോ?
മതിലിന്നപ്പുറത്തെ മുഖം മങ്ങി. ടിക്കറ്റ് ഉയർത്തിപ്പിടിച്ച കൈ താഴ്ത്തി, അയാൾ പോകാനൊരുങ്ങി. അപ്പോഴാണു് ഞാനതു ശ്രദ്ധിച്ചതു്. അയാൾ ഊന്നുവടിയുടെ സഹായത്തോടെയാണു് നടക്കുന്നതു്. മതിലിന്നപ്പുറത്തൂകൂടെ അയാളുടെ തല താഴ്ന്നും പൊങ്ങിയും പോകുന്നതു് ഞാൻ നോക്കി. ഗെയ്റ്റിന്റെ അടുത്തു് എത്തിയപ്പോഴാണു് ശരിക്കു് കണ്ടതു്. അയാൾക്കു് ഒരു കാലില്ലായിരുന്നു. വലത്തെ കാൽ മുട്ടിനു താഴെയില്ല.
ഇതറിഞ്ഞില്ല. ഒരു ടിക്കറ്റെടുക്കാമായിരുന്നു. ഇപ്പോഴും വേണമെങ്കിലതു ചെയ്യാം. ഒന്നു് കൈകൊട്ടി വിളിച്ചാൽ അയാൾ നിൽക്കും. പക്ഷേ, ഞാനതിനു തുനിഞ്ഞില്ല. എന്റെ സ്വന്തം ഭാഗ്യദോഷങ്ങളുടെ നിരന്തര സഹവാസം മനസ്സിനെ നിർവ്വികാരമാക്കിയിരുന്നു. മനസ്സിലെ ആർദ്രതയുടെ ഉറവകളെല്ലാം വറ്റി വരണ്ടിരുന്നു. ബാക്കിയുള്ളതു് നിസ്സംഗതയുടെ മണൽത്തരികൾ മാത്രം.
ഓഫീസും ഗോഡൗണും ഒന്നു തന്നെയാണു്. ഗോഡൗണിന്റെ ഒരു മൂലയിൽ ഹാർഡ്ബോർഡ് കൊണ്ടു് മറച്ച ഒരു ചെറിയ കാബിനാണു് ഓഫീസ്. അതിൽ പൊടിപിടിച്ച മേശയ്ക്കു മുമ്പിൽ കടലാസ്സു കൂമ്പാരത്തിന്റെ നടുവിൽ ഞാൻ ഇരുന്നു. സഹായത്തിനു് ഒരു പ്യൂൺ മാത്രം ബോംബെയിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയുടെ മാനേജരായി എന്നെ എറണാകുളത്തേക്കു് മാറ്റിയപ്പോൾ ഉള്ള കാരാറാണതു്. ശമ്പളത്തിൽ മാറ്റമില്ല. സ്റ്റാഫിനെയൊന്നും നിയമിക്കില്ല. ബിസിനസ്സ് എങ്ങിനെയുണ്ടെന്നു് നോക്കിയശേഷം കൂട്ടാം. ഒരു സ്കൂട്ടർ വാങ്ങിത്തരാം. പിന്നെ ഒന്നുരണ്ടു ജോലിക്കാരേയും വെച്ചുതരാം. തൽക്കാലം അവിടെ പോയി ജോയിൻ ചെയ്യണം. ബീഹാറിലെ ആ ചെറിയ പട്ടണത്തിൽ കടലപ്പൊടി വറുത്തതു് കുഴച്ചതു് പച്ചമുളകു കൂട്ടിത്തിന്നുകയായിരുന്ന ഞാൻ പെട്ടെന്നു് സമ്മതിച്ചു. ഒന്നുമില്ലെങ്കിലും പിറന്ന നാട്ടിലാണല്ലോ. ബിസിനസ്സ് പിടിക്കാനും വലിയ വിഷമം കാണില്ല. ഒരു കൊല്ലംകൊണ്ടു് ഒരു മാതിരി നല്ല ബിസിനസ്സ് ഉണ്ടാക്കിയാൽ ഒരു ചെറിയ വീടു് വാടകക്കെടുക്കാം, വൈകിയെങ്കിലും ഒരു കല്ല്യാണം കഴിച്ചു് കൂടാം എന്നൊക്കെയായിരുന്നു എന്റെ കണക്കുകൂട്ടൽ.
കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്നു് ആറുമാസത്തിനുള്ളിൽ മനസ്സിലായി. ഇങ്ങിനെയൊരു കരാറിലാണു് മാറ്റം കിട്ടിയതെന്നു് കേട്ടവർ മൂക്കത്തു വിരൽ വെച്ചു. ഇവിടെയുള്ള ട്രാൻസ്പോർട്ട് കമ്പനികളുടെ ബ്രാഞ്ചുകൾ കൂടി പൂട്ടാൻ പോവുകയാണു്. വലിയ ബിസിനസ്സ്കൾ ഓരോന്നോരാന്നായി കേരളത്തിൽനിന്നു് പുറത്തുപോവുകയാണു്. ചായപ്പൊടി ബിസിനസ്സ് കണ്ടില്ലേ? ഇവിട്യാണെങ്കിൽ പുതിയ ഫാക്ടറിയൊന്നും വരിണില്ല്യ. കൊറച്ചു് ബിസിനസ്സ്ണ്ടു്. അതിനുവേണ്ടി എല്ലാ ട്രാൻസ്പോർട്ട് കമ്പനിക്കാരും കൂടി കടിപിട്യാണു്. പിന്ന്യൊക്കെ തടിമിടുക്കു് പോല്യാണു്. പിന്നാലെ നടന്നാൽ കുറച്ചു് ബിസിനസ്സ് കിട്ടും. അതൊക്കെ മത്യോ?
ഗോഡൗണിന്റെ വാടക, ടെലിഫോൺ, രണ്ടു ജോലിക്കാരുടെ ശമ്പളം, യാത്രാച്ചെലവു് ഒക്കെക്കൂടി മാസം ഏഴായിരം ഉറുപ്പിയിലധികം ചെലവു് വരുന്നുണ്ടു്. മാസം ഒരു ലക്ഷത്തിന്റെ ബിസിനസ്സ് കിട്ടിയാലേ ചക്രം തിരിയൂ.
മറ്റു ജോലിക്കാരില്ലാത്തതു കൊണ്ടു് ബുക്കിംഗ് തൊട്ടു് അട്ടിമറിവരെയുള്ള എല്ലാ കാര്യങ്ങളും ഞാൻ തന്നെ ശ്രദ്ധിക്കണം. ഇപ്പോൾ പ്യൂണിനെ ബുക്കിംഗ് പഠിപ്പിച്ചു. അതുകൊണ്ടു് കുറച്ചൊരാശ്വാസമുണ്ടു്. ആ സമയത്തു് ആരെയെങ്കിലും കണ്ടു് ബിസിനസ്സ് പിടിക്കാൻ ശ്രമിക്കാം. ലോറികൾ വരിക മിയ്ക്കവാറും രാത്രിയായിരിക്കും. ചിലപ്പോൾ അപ്പോൾ തന്നെ ഇറക്കുകയും വേണം. ആ രാത്രി ഉറക്കമില്ലെന്നർത്ഥം.
ഇതൊക്കെയാണു് എന്റെ ഭാഗ്യ വിശേഷങ്ങൾ. അതിനിടക്കാണു് ലോട്ടറിക്കാരൻ വന്നു് ഭാഗ്യക്കുറി ടിക്കറ്റ് പിടിപ്പിക്കാൻ നോക്കുന്നതു്. പക്ഷേ, ഒരു കാലില്ലാത്ത ആ മനുഷ്യന്റെ ദയനീയമുഖം എന്നെ തളർത്തുന്നു. അയാളും ഭാഗ്യദേവതയുടെ മടിയിലല്ല ഇരിക്കുന്നതെന്ന കാര്യം എനിക്കു മനസ്സിലാവുന്നു. അയാളുടെ ദൗർഭാഗ്യം എത്രത്തോളം മോശമാണെന്നതു് പക്ഷേ, അയാൾ പറഞ്ഞപ്പോഴേ എനിയ്ക്കു മനസ്സിലായുള്ളു. എന്റെ ഭാഗ്യദോഷം അയാളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ സൗഭാഗ്യമാണെന്നുവേണം പറയാൻ.
അയാൾ വീണ്ടും വന്നു. ബുധനാഴ്ച രാവിലെ ഞാൻ ഓഫീസിൽ പോകാനായി വാതിൽ തുറന്നതാണു്. അയാൾ മതിലിന്നപ്പുറത്തു് കാത്തു നിൽക്കുന്നു. എന്നെ കണ്ടപ്പോൾ അയാൾ ചിരി ച്ചു. ദയനീയമായ ഒരു ചിരി. സന്തോഷം കൊണ്ടുള്ള ചിരിയല്ല. വെറും പ്രത്യാശയുടെ തിളക്കം മാത്രം.
സർ ഒരു ടിക്കറ്റെടുക്കൂ. നാളെയാണു് നറുക്കെടുപ്പു്. കഴിഞ്ഞ ആഴ്ച ഞാൻ ആട്ടി പറഞ്ഞയച്ചതിന്റെ കറ അയാൾ സൂക്ഷിക്കുന്നില്ല.
അഞ്ചുറുപ്പിക കൊടുത്തു് അയാളെ സഹായിക്കാമെന്നു കരുതിയതാണു്. പക്ഷേ, പറഞ്ഞതു് മറിച്ചായിരുന്നു. പരുഷമായിത്തന്നെ.
എനിക്കു് ടിക്കറ്റ് വേണ്ടെന്നു പറഞ്ഞില്ലേ?
അയാളുടെ മുഖം മങ്ങി.
സർ ഒരു ടിക്കറ്റെടുത്തു് സഹായിക്കണം. സാറമ്മാരോടല്ലാതെ ആരോടാ ഞാൻ പറയ്വാ.
എടോ എനിയ്ക്കു് ഭാഗ്യം തീരെയില്ല. ഒന്നും കിട്ടില്ല്യാന്നു് അറിഞ്ഞു കൊണ്ടു് എന്തിനാ അഞ്ചുറുപ്പിക കളയണതു?
ഭാഗ്യം എപ്പഴാ നമ്മടെ വഴീലു് വര്വാന്നു് അറിയില്ല സാറെ. ഒരു ടിക്കറ്റെടുത്തു നോക്കു. മിനി ബംബറാണു്. പത്തുലക്ഷം ഉറുപ്പികീം മാരുതികാറും…
എനിക്കു വേണ്ട മാഷെ.
സാറെ, ഇതോണ്ടൊക്ക്യാണു് കഴീണതു്. സാറൊന്നു സഹായിക്കണം. പത്തു ടിക്കറ്റും കൂടിയേ ഉള്ളൂ.
ഞാൻ പുതിയൊരു കസ്റ്റമറെ കാണാൻ പുറപ്പെട്ടതാണു്. കിട്ടുകയാണെങ്കിൽ തരക്കേടില്ലാത്ത ബിസിനസ്സാണു്. നല്ലൊരു കാര്യത്തിനു് പുറപ്പെടുമ്പോൾ… എന്നിലെ ഉറങ്ങിക്കിടന്ന വിശ്വാസങ്ങൾ ഉണർന്നെഴുന്നേറ്റു. കീശയിൽ നിന്നു് ഒരഞ്ചുറുപ്പികയുടെ നോട്ടെടുത്തു് അയാൾക്കു നീട്ടി. അതു വാങ്ങി നെറ്റിമേൽ ചേർത്തുപിടിച്ചു് അയാൾ കണ്ണടച്ചു. പിന്നെ നോട്ടു് കീശയിലിട്ടശേഷം ഒരു ടിക്കറ്റെടുത്ത്എന്റെ നേരെ നീട്ടി.
ഇതിൽ ഏതെങ്കിലും ഒരു സമ്മാനം അടിക്കും സാറെ.
അയാൾ ഞൊണ്ടിക്കൊണ്ടു് നടന്നുപോയി.
പുതിയ കസ്റ്റമർ വളരെ പ്രതീക്ഷകൾ നൽകി. ഞാൻ എന്റെ ബ്രീഫ്കേസും നിലത്തുവെച്ചു് ഓഫീസിന്റെ സ്വീകരണമുറിയിൽ സോഫയിൽ ഇരുന്നു. എന്റെ കാർഡ് റിസപ്ഷനിസ്റ്റിന്റെ കയ്യിൽ കൊടുത്തിരുന്നു. കമേഴ്സ്യൽ മാനേജരെ കാണണമെന്നാണു് പറഞ്ഞിരുന്നതു്. എന്നാൽ എന്നെ വിളിപ്പിച്ചതു് മാനേജിംഗ് ഡയറക്ടർ തന്നെയായിരുന്നു. അതും രണ്ടു മിനിറ്റിനുള്ളിൽ.
ഇന്നു് അത്ഭുതങ്ങളുടെ ദിവസമാണെന്നു തോന്നുന്നു. സാധാരണ ഈ മാതിരി വലിയ കമ്പനികളിൽ പോയാൽ ഒരു ക്ലാർക്കിനെ കാണാൻ പോലും മണിക്കൂർ കാത്തു നിൽക്കേണ്ടി വരാറുണ്ടു്.
എനിക്കൊരു പ്രശ്നമുണ്ടു്. മാനേജിംഗ് ഡയറക്ടർ പറഞ്ഞു. അതിനുള്ള ഉത്തരം നിങ്ങളുടെ കയ്യിലാണു്.
എയർകണ്ടീഷൻ ചെയ്ത മുറിയിൽ ചുമർതൊട്ടു് ചുമർവരെ കാർപ്പെറ്റുണ്ടു്.
ദിവസേന മൂന്നു് ലോഡ് ബോംബെയ്ക്കു പോകണം, ഡയറക്റ്റ്. നോ ട്രാൻഷിപ്പ്മെന്റ്. കെമിക്കൽസാണു്. എന്തൊക്കെയാണു് നിങ്ങളുടെ ടേംസ്?
ഞാൻ വിവരിക്കുകയായിരുന്നു. അതൊക്കെ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്ന അദ്ദേഹം ഒന്നും കുറിച്ചുവെച്ചില്ല. പക്ഷേ, എല്ലാം മനസ്സിൽ പതിഞ്ഞിട്ടുണ്ടെന്നതിന്റെ സൂചന സംഭാഷണത്തിൽ വന്നു. അയാൾ സംതൃപ്തനായിരുന്നു.
എന്റെ ഭാഗ്യം തെളിയുകയാണോ? ദിവസേന മൂന്നു് ട്രക്ക് ലോഡ് നല്ല ബിസിനസ്സാണു്. അതും ബോംബെയ്ക്കു്. തിരിച്ചും ലോഡുണ്ടാക്കുക കാരണം നല്ല ലാഭകരമാണതു്. ഞാൻ, എന്തോ, ആ ലോട്ടറിക്കാരനെ ഓർമ്മിച്ചു; അയാളാണോ എനിയ്ക്കു് ഭാഗ്യം കൊണ്ടുവന്നതു്.
വെള്ളിയാഴ്ച പേപ്പർ കിട്ടിയപ്പോൾ ആദ്യം നോക്കിയതു് ലോട്ടറി ഫലമാണു്. ഇല്ല. സമ്മാനമൊന്നുമില്ല അഞ്ചു റുപ്പികപോലും.
ബുധനാഴ്ച അയാൾ വീണ്ടും വന്നു. മതിലിന്നപ്പുറത്തു് അതേ സ്ഥാനത്തു് നിന്നു.
സാർ ഒരു ടിക്കറ്റെടുക്കൂ.
വേണ്ട മാഷെ. കഴിഞ്ഞ തവണ അഞ്ചുറുപ്പികയുടെ സമ്മാനം പോലും കിട്ടിയില്ല.
സാറെ ഇപ്രാവശ്യം കിട്ടും.
പരിക്ഷീണമായ സ്വരം.
വേണ്ട എന്നു പറയാൻ ഒരുങ്ങിയതാണു്. അപ്പോഴാണു് അന്നു് പുതിയ കസ്റ്റമറെ വീണ്ടും കാണേണ്ട ദിവസമാണെന്നോർത്തതു്.
പുതിയ കസ്റ്റമറുടെ ഓർഡർ കയ്യിൽ കിട്ടിയപ്പോൾ ഞാൻ ആലോചിച്ചു. ഭാഗ്യം നന്നാവുക തന്നെയാണു്. എത്ര എളുപ്പമാണു് കാര്യങ്ങൾ നടന്നുകിട്ടിയതു്. നിസ്സാരമായ ഓർഡറുകളുടെ പിന്നാലെ ദിവസങ്ങളും മാസങ്ങളും പാഴാക്കി നിരാശനാവേണ്ടി വന്നിട്ടുണ്ടു്. ഇവിടെ ഇതാ നല്ലൊരു ബിസിനസ്സ് രണ്ടേ രണ്ടു സന്ദർശനത്തിൽത്തന്നെ തരമായിരിക്കുന്നു.
ലോട്ടറി റിസൽട്ടിൽ എന്റെ നമ്പറില്ലായിരുന്നു. ഭാഗ്യക്കുറി എനിയ്ക്കു വിധിച്ചതല്ല എന്നു തോന്നുന്നു. പക്ഷേ, ലോട്ടറിക്കാരന്റെ വരവു് എനിക്കു ഭാഗ്യം കൊണ്ടുവരുന്നുണ്ടെന്ന തോന്നൽ. പൗരാണിക നാവികന്റെ ആൽബർ ട്രോസ് പക്ഷിപോലെ അയാൾ എനിക്കു് ഭാഗ്യം കൊണ്ടു വരികയാണോ? ഞാൻ ഓരോ ആഴ്ചയും ടിക്കറ്റെടുത്തു. സമയം കിട്ടുമ്പോൾ അയാൾ എന്നോടു് സംസാരിക്കും. മതിലിന്നപ്പുറത്തു നിന്നുകൊണ്ടയാൾ അയാളുടെ കഥ എന്നെ കേൾപ്പിക്കും. പതുക്കെപ്പതുക്കെ ആ മനുഷ്യന്റെ ദൗർഭാഗ്യത്തിന്റെ കഥകൾ ഓരോന്നായി എന്നെ ദുഃഖിതനാക്കിക്കൊണ്ടു് പുറത്തുവന്നു.
കുട്ടിക്കാലത്തു് ഉമ്മയും ബാപ്പയും നഷ്ടപ്പെട്ടു. അനാഥാലയത്തിൽ കുറച്ചുകാലം കഴിച്ചുകൂട്ടി. അതിലും ഭോദം പുറത്തെ ലോകമാണെന്നു തോന്നിയപ്പോൾ അവിടെ നിന്നു രക്ഷപ്പെട്ടു. പട്ടിണയുടെ നാളുകൾ. സ്വതന്ത്രനാണെന്ന ആശ്വാസം മാത്രം. അവസാനം ഒരു ഫാക്ടറിയിൽ ചെറിയൊരു ജോലി കിട്ടുന്ന. ഒന്നു് പച്ചപിടിച്ചുവെന്നു കരുതുമ്പോഴേയ്ക്കു് ഒരപകടം. ഒരു കാൽ നഷ്ടപ്പെട്ടു. പിന്നെ ചെയ്യാൻ പറ്റിയതു് ഇരക്കൽ മാത്രം. നഷ്ടപ്പെട്ട കാലിന്റെ പകുതി കാണിച്ചു് ജനങ്ങളുടെ അനുകമ്പ സമ്പാദിക്കുക. കിട്ടുന്ന നാണയങ്ങൾ പെറുക്കിക്കൂട്ടുക. അങ്ങിനെയിരിക്കുമ്പോഴാണു് ലോട്ടറി ടിക്കറ്റ് വിൽക്കുക എന്ന ആശയം മനസ്സിൽ വന്നതു്. അഞ്ചുറുപ്പികയുടെ ഒരു ടിക്കറ്റ് വിറ്റാൽ ഒരു രൂപ കമ്മീഷൻ കിട്ടും. ഒരു പത്തു ടിക്കറ്റു വിറ്റാൽ അന്നത്തേക്കു വേണ്ട ചെലവിനായി.
സാറെ കഴിഞ്ഞ ആഴ്ച ആറു മാസമായി പട്ടിണി അറിഞ്ഞിട്ടില്ല. ഇങ്ങിനെ പോയാൽ ഒരു രണ്ടു കൊല്ലം കൊണ്ടു് ഒരു മുച്ചക്ര സൈക്കിൾ വാങ്ങാം. കൈകൊണ്ടു് തിരിക്കണ സൈക്കിള്. അപ്പൊ ഈ നടത്തം ഒഴിവാക്കാം. ബാങ്ക്കാരു് പണം കടം തരാംന്നു് പറഞ്ഞിട്ടുണ്ടു്. എന്റെ വകയായിട്ടു് അഞ്ഞൂറു രൂപയെങ്കിലും വേണമത്രെ.
നന്നാവട്ടെ. ഞാൻ പറഞ്ഞു. ഒരു ടിക്കറ്റ് വാങ്ങുകയും ചെയ്തു. സമ്മാനമൊന്നും കിട്ടില്ലെന്ന അറിവോടെത്തന്നെ.
എന്റെ പ്രൊമോഷൻ മിയ്ക്കവാറും തീർച്ചയായിക്കഴിഞ്ഞിരുന്നു. ബിസിനസ്സ് നല്ലവണ്ണം കൂടിയിട്ടുണ്ടു്. വീട്ടുവാടക തരാമെന്നു് കമ്പനി ഏറ്റിട്ടുണ്ടു് ഒരു വീടു് കണ്ടു പിടിക്കണം. ഈ ഒറ്റമുറിയിൽനിന്നു് മാറണം. ഞാനും ലോട്ടറിക്കാരന്റെ പോലെ പച്ചപിടിച്ചു വരികയാണു്.
കേരളത്തിന്റേതല്ലാത്ത ലോട്ടറിടിക്കറ്റുകൾ കേരളത്തിൽ വിൽക്കുന്നതു് നിരോധിച്ചു കൊണ്ടുള്ള ഉത്തരവു് വന്നതു് പെട്ടെന്നൊരു ദിവസമാണു്. റിപ്പോർട്ട് വായിച്ചപ്പോൾ ഞാൻ അറിയാതെ ഓർത്തു. അയാളെ ഈ നിരോധം ബാധിക്കുമെന്നതു് തീർച്ചയാണു്. അവന്റെ കയ്യിൽ എല്ലാ സംസ്ഥാനങ്ങളുടെയും ടിക്കറ്റുണ്ടാവാറുണ്ടു്. ഞാൻ അവയൊന്നും എടുക്കാറില്ലെന്നേയുള്ളു. അവനെ സഹായിക്കാനും, നിഗൂഢമായി, അവൻ വഴി എന്റെ ജോലി സ്ഥലത്തു് ഭാഗ്യം വരുന്നുണ്ടെന്ന അന്ധവിശ്വാസം കാരണമായും ആണു് ഞാൻ കേരളലോട്ടറിയുടെ ഒരു ടിക്കറ്റെടുക്കുന്നതു്. മറ്റു ടിക്കറ്റുകൾ പക്ഷേ, ധാരാളം ചെലവാവുന്നുണ്ടെന്നാണു് അവൻ പറയുന്നതു്. അപ്പോൾ അതെല്ലാം നിരോധിച്ചാൽ അവന്റെ സ്ഥിതി എന്താവും. അവനെപ്പോലുള്ള പതിനായിരങ്ങളുടെ സ്ഥിതി? ലോട്ടറി പ്രചാരത്തിൽ വന്നശേഷം ഒരു ഗുണമുണ്ടായിട്ടുണ്ടു്, യാചകരുടെ എണ്ണം വളരെ കുറിഞ്ഞിട്ടുണ്ടു്. ട്രെയിനിലും ബസ് സ്റ്റാൻഡിലും മറ്റും ഇരന്നു നടന്നിരുന്നവർ ഇപ്പോൾ ലോട്ടറിടിക്കറ്റ് വിറ്റു നടക്കുകയാണു്. ഒരു ടിക്കറ്റു വിറ്റാൽ ഒരു രൂപയുണ്ടാക്കാം. മാന്യമായ തൊഴിലാണുതാനും. മറിച്ചു് ഒരു രൂപയുണ്ടാക്കാൻ എത്ര ആൾക്കാരുടെ മുമ്പിൽ ഇരക്കണം?
അലി സാധാരണത്തേതിലും നേർത്തെ വന്നു. മതിലിനപ്പുറത്തു് അവൻ ക്ഷമയോടെ കാത്തു നിന്നു.
സാർ ഒരു ടിക്കറ്റ് തരട്ടെ?
ഈ ആഴ്ച നേർത്തെയാണല്ലൊ, അലി?
അതെ സാർ. സാർ പേപ്പറ് വായിച്ചില്ലെ? ഇപ്രാവശ്യം ടിക്കറ്റുകൾ ഒന്നും ചെലവാവ്ണില്ല്യ.
അവൻ കൈ ഉയർത്തിയപ്പോൾ നിറയെ വിൽക്കാൻ ടിക്കറ്റുകൾ. പല സംസ്ഥാനങ്ങളിലെ ടിക്കറ്റുകൾ ഉണ്ടു്.
ആരും വാങ്ങിണില്ല്യ സാറെ. ഒക്കെ കള്ളടിക്കറ്റുകളാന്നു് പറഞ്ഞു് ഒഴിവാക്ക്വാണു്. കേരളത്തിന്റെ ടിക്കറ്റുകൂടി ആരും എടുക്കിണില്ല്യ. ഇതിലൊരൊറ്റ എണ്ണം കള്ള ടിക്കറ്റില്ല സാർ. എല്ലാം ഓരോ സംസ്ഥാനഗവർമ്മെണ്ടു് നടത്തണ ടിക്കറ്റണു്.
ഈ ടിക്കറ്റൊക്കെ നീ എന്താണു് ചെയ്യാൻ പോകുന്നതു?
വിൽക്കാൻ നോക്ക്വാണു് സർ. വിറ്റില്ലെങ്കിൽ ഭയങ്കരനഷ്ടായിരിക്കും. ഇതാ ഇതു് അഞ്ഞൂറ്റി എഴുപത്തഞ്ചുറുപ്പികയുടെ ടിക്കറ്റാ. വിറ്റില്ലെങ്കിൽ അത്രയും നഷ്ടാവും. കേരള നൂറുറുപ്പികയുടെ ടിക്കറ്റേ വരു. ബാക്കിയൊക്കെ മറ്റു സംസ്ഥാനങ്ങളുടേതാണു്.
അപ്പൊ, ഈ ഉത്തരവിനെപ്പറ്റി നിങ്ങൾക്കു് ആദ്യം അറിവൊന്നും കിട്ടിയില്ലേ?
എവിടെ സാർ? ഒരു ദിവസം രാവിലെ അവർ ഉത്തരവു് പാസ്സാക്കി. മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി കേരളത്തിൽ ചെലവാക്കാൻ പാടില്ല്യാന്നു്. അപ്പോൾ ആ ടിക്കറ്റുകൾ വാങ്ങിവെച്ച പാവങ്ങളുടെ പണം നഷ്ടപ്പെട്ടു. അത്ര തന്നെ. ആയിരക്കണക്കിനു് ടിക്കറ്റുകൾ വാങ്ങി വെച്ച കച്ചവടക്കാരുംണ്ടാവില്ലെ സർ. അവർക്കൊക്കെ നഷ്ടം തന്നെ.
ആയിരക്കണക്കിനല്ല. ലക്ഷക്കണക്കിനു തന്നെയായിരിക്കും. അവർക്കു് പക്ഷേ, നഷ്ടം താങ്ങാൻ കഴിഞ്ഞേയ്ക്കും. പക്ഷേ, അലിയെപ്പോലുള്ളവർക്കോ? അവർ തകർന്നെന്നു വരും.
അവരെന്താണു് ഇങ്ങിനെ ചെയ്യുന്നതു? ഞാൻ ചോദിച്ചു. ആദ്യം തന്നെ മുന്നറിയിപ്പു് നൽകണ്ടേ? അതുപോലെ നിരോധനം ഏർപ്പെടുത്താൻ ഒരു സമയപരിധിയും തരണ്ടേ? എന്നാൽ പിന്നെ അലിയെപ്പോലെയുള്ളവർക്കു് ആ ടിക്കറ്റുകൾ എടുക്കണ്ട എന്നു വെക്കാലൊ. അല്ലെങ്കിൽ കയ്യിലുള്ള ടിക്കറ്റ് വേഗം വിറ്റഴിക്കുകയെങ്കിലും ചെയ്യാമല്ലോ.
അങ്ങിനെയൊക്കെയാണോ സർ കാര്യങ്ങൾ നടക്കണതു്.
എനിക്കീപ്രാവശ്യം മറ്റു സംസ്ഥാനങ്ങളുടെ ഏതെങ്കിലും ഒരു ടിക്കറ്റു തന്നാൽ മതി. ഞാൻ പറഞ്ഞു.
കേരള ടിക്കറ്റുകൾ വിൽക്കാൻ അവനു് ഇനിയും കഴിഞ്ഞേക്കും.
അവൻ മേഘാലയയുടെ ഒരു ടിക്കറ്റെടുത്തു എനിയ്ക്കു നീട്ടി.
പത്രങ്ങളിൽ ലോട്ടറിടിക്കറ്റുകാരെ പൊതുജനം പീഡിപ്പിക്കുന്നതിനെപ്പറ്റി വാർത്തകളുണ്ടായിരുന്നു. അലിയെ അവർ ഒന്നും ചെയ്യരുതേ എന്നു് ഞാൻ പ്രാർത്ഥിച്ചു. നടക്കാൻകൂടി വയ്യാത്ത ആ സാധുമനുഷ്യനെ ആരും ഉപദ്രവിക്കില്ലായിരിക്കും. മനുഷ്യൻ അത്ര ചീത്തയായിട്ടില്ല എന്ന വിശ്വാസം.
എന്റെ വിശ്വാസം അലിയെ രക്ഷിച്ചില്ല.
പിറ്റേന്നു രാവിലെ അലി വീണ്ടും വന്നു. മതിലിന്നപ്പുറത്തു കണ്ട അവന്റെ തലയിൽ ഒരു വലിയ ബാന്റേജുണ്ടായിരുന്നു. ബാന്റേജ് നെറ്റിയുടെ ഇടതുഭാഗവും മറച്ചിരുന്നു. സ്വതവേ വിളറിയ മുഖം ഒന്നുകൂടി വിളറിയിരുന്നു.
എന്തു പറ്റി അലി.
അവൻ ഒന്നും പറയാതെ കുറച്ചുനേരം എന്നെ നോക്കി നിന്നു. കണ്ണീർ ധാരയായി ഒഴുകി.
അവർ എന്നെ തല്ലി സർ. ഏങ്ങലിന്നടിയിൽ അവൻ പറഞ്ഞു. എന്നെ തല്ലി. ഒരു കാലില്ലാത്ത എന്നെ. ഓടാനും കൂടി വയ്യാത്ത എന്നെ.
ഇതാദ്യമായാണു് അവൻ തന്റെ അംഗഭംഗത്തെ ഒരു അവശതയായി എന്നോടു് പറയുന്നതു്. അപകടത്തിൽ പെട്ടു് കാലുപോയി എന്നു പറഞ്ഞപ്പോഴും ഒരുതരം നിർവ്വികാരതയായിരുന്നു അവന്റെ മുഖത്തു്. ഇന്നു് പക്ഷേ, അവന്റെ മനസ്സ് അത്രയധികം വേദനിച്ചിരിക്കുന്നു.
കള്ളടിക്കറ്റുകൾ കൊണ്ടു നടക്കുകയാണെന്നു് പറഞ്ഞു് അവർ തല്ലി. എന്റെ കയ്യിൽ കള്ളടിക്കറ്റുകളൊന്നുമുണ്ടായിരുന്നില്ല. സംസ്ഥാനഗവർമ്മെണ്ടുകൾ നടത്തുന്ന ടിക്കറ്റുകൾ മാത്രം. എന്നിട്ടും അവർ തല്ലി. എന്റെ ടിക്കറ്റുകൾ ചീന്തിക്കളഞ്ഞു സർ. അഞ്ഞൂറുറുപ്പികയുടെ ടിക്കറ്റുകൾ അവർ ചീന്തിക്കളഞ്ഞു.
പാവം അലി. അവൻ ഒന്നു് പച്ചപിടിച്ചു വരികയായിരുന്നു. ഞാൻ പരിചയപ്പെട്ട കാലത്തു് അവന്റെ കയ്യിൽ നൂറുറുപ്പികക്കു താഴെയുള്ള ടിക്കറ്റുകളാണുണ്ടായിരുന്നതു്. ക്രമേണ അവൻ കിട്ടുന്ന പണം വീണ്ടും മുതലിറക്കി കച്ചവടം നന്നാക്കിക്കൊണ്ടുവരികയായിരുന്നു. ഒരു മുച്ചക്രസൈക്കിൾ വാങ്ങണം, പിന്നെ ഒരു പെട്ടി പീടിക ഇടണം, അങ്ങിനെയൊക്കെയായിരുന്നു അവന്റെ ആഗ്രഹം. കടയ്ക്കു് അലി ലക്കി സെന്റർ എന്നു് പേരിടണമെന്നൊക്കെയാണു് അവൻ പറഞ്ഞിരുന്നതു്.
നെറ്റിമ്മലും, തലേലും സ്റ്റിച്ചുണ്ടു് സർ.
അവൻ തൊട്ടുകാണിച്ചു ബാന്റേജിനു മുകളിൽ ഒരു സ്ഥലത്തു് ചോര കിനിഞ്ഞ പാടുണ്ടു്.
സാറിനെപ്പോലെ ദയയുള്ള ഒരാൾ കാറിൽ വന്നു് എന്നെ രക്ഷിച്ചതാ. അല്ലെങ്കിൽ അവൻ എന്റെ പണി കഴിച്ചേനെ. ആ സാറിന്റെ കാറിന്റെ ചില്ലു് അവർ എറിഞ്ഞൊടിച്ചു.
എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതെല്ലാം മനുഷ്യനു് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണോ! സഹജീവിയോടുള്ള ഈ ക്രൂരത? അതും അംഗവൈകല്യമുള്ള ഒരു സഹജീവിയോടു്?
ഇനി നീ എന്താണു് ചെയ്യാൻ പോകുന്നതു? ഞാൻ അന്വേഷിച്ചു.
എന്തെങ്കിലും ചെയ്യും സാർ. അവൻ മുകളിലേക്കു നോക്കിക്കൊണ്ടു് പറഞ്ഞു. അള്ളാ ഉണ്ടു് സർ. എന്തെങ്കിലും വഴി കാട്ടിത്തരും.
അവൻ പോകാൻ തിരിഞ്ഞു.
അലി നിൽക്കു, ഞാൻ കുറച്ചു് പണം തരാം. ഞാൻ പറഞ്ഞു.
വേണ്ട സർ. സാറിന്റെ ദയ തന്നെ ധാരാളമാണു്. എന്നെ ഒരു മനുഷ്യനായി കണക്കാക്ക്ണ്ണ്ടല്ലൊ. അതുമതി.
അലി നിൽക്കൂ.
ഞാൻ പണം എടുക്കാനായി അകത്തേക്കു പോയി. നൂറുറുപ്പികയുടെ ഒരു നോട്ടെടുത്തു് പുറത്തേക്കു വന്നപ്പോഴേക്കും അലി പോയ്ക്കഴിഞ്ഞിരുന്നു. ഗെയ്റ്റിനുമപ്പുറത്തു് അവന്റെ ഊന്നുവടിയുടെ അറ്റം അപ്രത്യക്ഷമായി.
ഞാനവനെ പിന്നീടു് കണ്ടില്ല, മാത്രമല്ല ജോലിത്തിരക്കിൽ മറക്കുകയും ചെയ്തു. ബിസിനസ്സ് നന്നായി വരുന്നുണ്ടായിരുന്നു. മാനേജ്മെന്റ് അവരുടെ വാഗ്ദാനങ്ങൾ നിറവേറ്റി. ഒരു വീടു് എടുത്തു തന്നു. ശമ്പളം കൂട്ടി. എനിക്കിനി ഒരു കല്ല്യാണം കഴിക്കാം വലിയ കുഴപ്പമില്ലാതെ ജീവിക്കാം. അതിനിടയ്ക്കു് എനിക്കു് ഭാഗ്യം കൊണ്ടു വന്നു തന്ന അലിയെ ഓർക്കാൻ കാരണം അവനെപ്പോലെ ഒരാളെ ഞാൻ കണ്ടതുകൊണ്ടാണു്. ഒരു കാലില്ല. ഊന്നുവടികളിൽ താങ്ങി നിൽക്കുകയായിരുന്നു. പുറം തിരിഞ്ഞാണു് നിന്നിരുന്നതു്. ഞാൻ സ്കൂട്ടർ ഓടിച്ചു പോവുകയായിരുന്നു.
അതു് അലിതന്നെയായിരുന്നു. ഞാൻ അവനെ വീണ്ടും കണ്ടു. ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ പുറപ്പെടാറായ ബസ്സിൽ ഒരരുകിൽ ഞാൻ ഇരിക്കുകയായിരുന്നു. പെട്ടെന്നാണു് ബസ്സിന്റെ പുറത്തു നിന്നു് ആ ശബ്ദം കേട്ടതു്.
സാറമ്മാരെ കാലില്ലാത്തവനാണേ. എന്തെങ്കിലും സഹായിക്കണേ.
എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അല്ല, അതു് അലിയാവാൻ വയ്യ. ഞാൻ തിരിഞ്ഞുനോക്കാൻ ഭയപ്പെട്ടു. അതേ ശബ്ദം തന്നെ. എനിക്കു് തിരിഞ്ഞുനോക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവൻ ബസ്സിനു പുറത്തു് ഓരോരുത്തരുടേയും മുമ്പിൽ കൈ നീട്ടുന്നതു് മനസ്സിൽ കണ്ടു. വയ്യ. അതിനെപ്പറ്റി ആലോചിക്കാൻ വയ്യ. ഞാൻ കണ്ണടച്ചിരുന്നു. അലി അടുത്തേയ്ക്കു വരുന്നുണ്ടായിരുന്നു. ഞാൻ ഇരിക്കുന്ന വരിയിലെത്തി അവൻ പറഞ്ഞു കൊണ്ടിരുന്നു.
സാറെ കാലില്ലാത്തവനാണേ…
ഞാൻ കീശയിൽ തപ്പി ഒരു നോട്ടെടുത്തു. പത്തുറുപ്പികയാണു് കിട്ടിയതു്. അതു് അവന്റെ നേരെ നീട്ടി.
അപ്പോഴാണു് അവൻ എന്റെ മുഖം കണ്ടതു്. ഞാൻ അവന്റെയും. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു. അവൻ തരിച്ചുനിന്നു. ഒരു നിമിഷം മാത്രം. അവന്റെ കണ്ണുകളിൽ കണ്ണീർ ഉറഞ്ഞുകൂടി. ഞാൻ നീട്ടിയ നോട്ടു് വാങ്ങാതെ, ഒരക്ഷരം പറയാതെ അവൻ തിരിഞ്ഞു നടന്നു. ഊന്നുവടി അമർത്തിവെച്ചു് വേഗത്തിൽ അവൻ നടന്നു. ഞാൻ വിളിച്ചു.
അലി…
അവൻ തിരിഞ്ഞു നോക്കിയില്ല.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.