എഴുപതിലെത്തി എ. ഡി. ഹരിശർമ്മ യും. കടന്നുപോന്ന ജീവിതത്തിലേയ്ക്കു തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹത്തിനു കൃതാർത്ഥതയും സംതൃപ്തിയും ഉണ്ടാകാം. ദീർഘകാലത്തെ സാഹിതീസപര്യയുടെ സാഫല്യംമൂലം ഹരിശർമ്മ മലയാളത്തിൽ മഹനീയവും സ്മരണീയവുമായ ഒരു സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. എറണാകുളത്തെ പൗരാവലി അദ്ദേഹത്തിന്റെ സപ്തതി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ മിക്ക പത്രമാസികകളും പ്രശസ്തിപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. കൃത്രിമമായ ഒരു സംഘടിതോദ്ദ്യമം ഈ ആഘോഷത്തിന്റെ പിന്നിൽ ഉണ്ടായിരുന്നില്ലെന്നതാണു് ഇതിന്റെ ഒരു സവിശേഷത. എല്ലാ ചടങ്ങുകളും ഏറ്റവും ഹൃദ്യവും സ്വാഭാവികവുമായ രീതിയിലായിരുന്നു. മന്ത്രിമാരുടെ എഴുന്നള്ളിപ്പോ, സദ്യയുടെ ബഹളമോ ഒന്നും അവിടെ കണ്ടില്ല. സുഹൃത്തുക്കളുടേയും ശിഷ്യസമൂഹത്തിന്റേയും ഹൃദയത്തിൽനിന്നു സ്വയമേവാഗതമായ ഒരു പൂജ്യപൂജ എന്നു വേണം ഇതിനെ വിശേഷിപ്പിക്കാൻ. പൂജിതനായ വ്യക്തിയാകട്ടെ ഇതിൽ മിക്കവാറും നിസ്സംഗനായിരുന്നതേയുള്ളൂ. എത്രയോ മുമ്പുതന്നെ ശർമ്മ അർഹിച്ചിരുന്ന ഈ ബഹുമതി ഷഷ്ടിയും കഴിഞ്ഞു് സപ്തതിയിലെത്തിയപ്പോഴെങ്കിലും അദ്ദേഹത്തിനു ലഭിച്ചല്ലോ എന്നോർത്താണു് ഇതെഴുതുന്ന ആൾക്കു് അധികം സന്തോഷം തോന്നിയതു്. യാതൊരു ഒച്ചപ്പാടും ഉണ്ടാക്കാതെ ഒരു മൂലയിൽ ഒതുങ്ങിയിരുന്നു കൊണ്ടുതന്നെ ബഹുജനങ്ങളുടെ പ്രീത്യാദരങ്ങൾക്കു് പാത്രമാകാൻ ശർമ്മയെപ്പോലെ വളരെപ്പേർക്കു് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നിശ്ശബ്ദമായ സാഹിത്യസേവനം എത്രമാത്രം സമുത്കൃഷ്ടവും സമാദരണീയവുമാണെന്നു് ഈ സന്ദർഭത്തിൽ എല്ലാവർക്കും ബോദ്ധ്യമായി.
മലയാളസാഹിത്യത്തിലെ ഒരസാധാരണവ്യക്തിയാണു് ഹരിശർമ്മ. അദ്ദേഹത്തിന്റെ ഇന്നുവരെയുള്ള ജീവിതകഥ ശരിയായി അറിയുന്നവർ ഈ അഭിപ്രായത്തോടു യോജിക്കാതിരിക്കില്ല. മാമൂൽപ്രിയരായ മാതാപിതാക്കൾ, പള്ളിക്കൂടം കാണാത്ത ബാല്യകാലം, പുരോഗതിയെ തടഞ്ഞുനിർത്തുന്ന സാഹചര്യങ്ങൾ, സ്വന്തമായൊരു സാഹിത്യമില്ലാത്ത മാതൃഭാഷ, നിർവേദജനകമായ നിർദ്ധനത, ഈവക ദുർഘടങ്ങൾ അനന്യശരണനായി തരണം ചെയ്തു മറ്റൊരു ഭാഷയിലും സാഹിത്യത്തിലും ആചാര്യപദവിവരെ ചെന്നെത്തുകയും അനേകം സത്ഗ്രന്ഥങ്ങളുടെ രചയിതാവുകയും ചെയ്യുക എന്നതു് ഒരസാമാന്യവിജയം തന്നെയല്ലേ? ഈയവസരത്തിൽ മഹാകവി ഉള്ളൂർ ഓർമ്മയിൽവരുന്നു. രണ്ടു പേർക്കും തമ്മിൽ സാമ്യത്തെക്കാൾ കൂടുതൽ വ്യത്യസ്തതയാണുള്ളതു്. ഉള്ളൂരിനു മുന്നോട്ടുപോകാൻ പരിതഃസ്ഥിതികൾ പ്രതിബന്ധമായിരുന്നില്ല. മലയാളവുമായി സ്വസൃബന്ധവും വിപുലമായ സാഹിത്യവും ഉള്ള തമിഴായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷ. അതിൽനിന്നു മലയാളത്തിലേയ്ക്കു് കടന്നു് സാഹിത്യനൈപുണ്യം നേടാൻ പ്രയാസമില്ല. ശർമ്മയുടെ മാതൃഭാഷയോ? രണ്ടിനും തമ്മിൽ എന്തന്തരം!

ഒരിക്കൽ തിരുവനന്തപുരത്തുവച്ചു് ഉള്ളൂർ ‘എനിക്കൊരു സമുദായമില്ല കൃഷ്ണപിള്ളേ’ എന്നു് അൽപ്പം സങ്കടത്തോടെ എന്നോടു പറയുകയുണ്ടായി. ആ വാക്യം എന്റെ ഉള്ളിൽ തട്ടി. അദ്ദേഹം അങ്ങനെ പറഞ്ഞതു് വെറുതെയല്ല. ഖേദകരമായ ഒരു സത്യം അതിലുണ്ടു്. നമ്മുടെ നാട്ടിൽ സമുദായത്തിന്റെ മേൽവിലാസത്തിലാണല്ലോ എന്തും വിലമതിക്കപ്പെടുന്നതു്. ഇതര രംഗങ്ങളിലെന്നപോലെ സാഹിത്യത്തിലും സമുദായത്തിന്റെ പിൻബലം ഇവിടെ പലരുടേയും മുന്നേറ്റത്തിനു സഹായിച്ചിട്ടുണ്ടു്. ഇക്കാര്യത്തിൽ ഉള്ളൂരിന്റെ അനുഭവംതന്നെയാണു് ശർമ്മയ്ക്കും ഉള്ളതു്. സമുദായമോ സർക്കാരോ മറ്റാരെങ്കിലുമോ ഈ പ്രയത്നശാലിയെ കൈ കൊടുത്തുയർത്തുവാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹം തന്നത്താൻ ഉയർന്നു. അചഞ്ചലമായ ആത്മവിശ്വാസത്തോടെ ശർമ്മ ഏകനായി, ലക്ഷ്യത്തിൽ ഏക താനനായി തന്റെ ജീവിതയാത്ര തുടർന്നു. സ്വാശ്രയശീലം, സ്ഥിരപരിശ്രമം. വിജ്ഞാനതൃഷ്ണ ഈ മൂന്നുമാണു് അദ്ദേഹത്തെ ലക്ഷ്യത്തിലെത്തിച്ചതു്. സുഖലോലുപരും അസ്ഥിരോത്സാഹരും ആയ ഇന്നത്തെ വിദ്യാർത്ഥികൾക്കു് ഈ സാഹിത്യനായകന്റെ ജീവിതചരിത്രം ഒരു പാഠ്യപുസ്തകമാകേണ്ടതാണു്. പക്ഷേ, അതിനു് ഒരു കുറവേ ഉള്ളൂ. ആരും അതെഴുതിയിട്ടില്ലെന്നതുതന്നെ. ശർമ്മതന്നെ ആ കുറവു് പരിഹരിച്ചാൽ അതായേക്കാം അദ്ദേഹത്തിന്റെ തൂലികയുടെ നേട്ടങ്ങളിൽ ഏറ്റവും മെച്ചപ്പെട്ടതു്. അദ്ദേഹത്തിനു ജന്മസിദ്ധമായിട്ടുള്ള ചരിത്രകൗതുകം ആത്മകഥാകഥനത്തിലേയ്ക്കും പ്രസരിക്കേണ്ടതു് ഒരാവശ്യമാണെന്നു് തമ്മിൽക്കാണുമ്പോഴൊക്കെ ഞാൻ പറയാറുണ്ടു്.
മൺമറഞ്ഞുപോയ സാഹിത്യകാരന്മാരുടേയും നിന്നുപോയ പത്രമാസികകളുടേയും ചരിത്രത്തെസംബന്ധിച്ചു് ശർമ്മയോളം സൂക്ഷ്മബോധമുള്ളവർ ഇന്നെത്ര പേരുണ്ടു്? ഏതദ്വിഷയത്തിൽ ഒരു വിജ്ഞാന കോശം തന്നെയാണദ്ദേഹം. എവിടേയെങ്കിലും ഒരു തീയതിയോ മറ്റോ തെറ്റിയെഴുതിക്കണ്ടാൽമതി പിന്നെ അതു തിരുത്താതെ ഈ സൂക്ഷ്മദർശിക്കു മനസ്സമാധാനമുണ്ടാവില്ല. ശർമ്മ ചരിത്രമെഴുതുന്നതു് തത്ക്കാലത്തേയ്ക്കുമാത്രമല്ല. ഭാവി തലമുറയ്ക്കുവേണ്ടിയാണു്. ഈവക കാര്യങ്ങളിൽ അദ്ദേഹം കാണിക്കുന്ന ബുദ്ധിപരമായ സത്യസന്ധത സത്യാന്വേഷികളായ ഏവർക്കും അനുകരണീയമാകുന്നു. മറ്റെങ്ങും കണ്ടുകിട്ടാത്ത പ്രാചീനരേഖകൾ അദ്ദേഹത്തിന്റെ ഈടുവയ്പിൽ കാണും. എനിക്കുണ്ടായ ഒരനുഭവംതന്നെ ഉദാഹരണമായി ഇവിടെ വിവരിക്കട്ടെ. കേരളവർമ്മത്തമ്പുരാൻ എഴുതിയ ഒരു കിട്ടുവിന്റെകഥയുള്ള ബാലപാഠപുസ്തകമാണു് ഞാൻ പ്രൈമറിസ്ക്കൂളിൽ രണ്ടാംക്ലാസ്സിലോ മൂന്നാംക്ലാസ്സിലോ പഠിച്ചതു്. അക്കാലം കഴിഞ്ഞിട്ടു് അര നൂറ്റാണ്ടിലധികമായി. ഈ വയസ്സുകാലത്തു ആ പുസ്തകമൊന്നു കാണാനും കിട്ടുവിന്റെ കഥ വായിക്കാനും ഉള്ള കൗതുകം മൂലം ഞാൻ അതു പല സ്ഥലത്തും അന്വേഷിച്ചു. എവിടെ കിട്ടാനാണു്. ആർക്കും ഒരു വിവരവുമില്ല. പ്രൈമറിസ്ക്കൂളിൽ പഠിക്കാത്ത ശർമ്മയോടു ചോദിച്ചിട്ടു് ഫലമില്ലല്ലോ എന്നു വിചാരിച്ചിരുന്നു. എങ്കിലും ഒരു തവണ അദ്ദേഹത്തിന്റെ വസതിയിൽവെച്ചു് ഇക്കാര്യം ഞാൻ എടുത്തിട്ടു. ഇഷ്ടൻ ഒന്നും മിണ്ടാതെ ഉടൻ ചെന്നു് അലമാരികളിലെല്ലാം തപ്പി ആ പഴഞ്ചൻ പുസ്തകം എടുത്തുകൊണ്ടു വന്നിരിക്കുന്നു! ഞാൻ അമ്പരന്നുപോയി. അമ്പതുവർഷത്തിലധികം പഴക്കം ചെന്ന ഒരു ബാലപാഠപുസ്തകംപോലും ഇത്ര കരുതലോടെ സൂക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിക്കുന്ന മറ്റൊരു പുസ്തകപ്രേമിയെ ഇക്കേരളക്കരയിൽ കാണാൻ കഴിയുമോ എന്തോ? സ്തുത്യർഹവും സുദുർല്ലഭവുമായ ഈ സ്വഭാവവിശേഷത്തിൽ ശർമ്മയുടെ ചരിത്രജിജ്ഞാസയും ഗവേഷണ വ്യഗ്രതയും ആണു് പ്രതിഫലിക്കുന്നതു്. എത്രയോ വർഷങ്ങളായി അദ്ദേഹം തുടർന്നുപോരുന്ന ഗ്രന്ഥസംഭരണം ഒരു സാമൂഹിക സേവനമാണെന്നു് പറയാം. എന്തെന്നാൽ സാഹിത്യചരിത്രത്തിൽ ജിജ്ഞാസുക്കളായവരുടെ ഒരു ‘റഫറൻസ് ലൈബ്രറി’യായിത്തീർന്നിട്ടുണ്ടു് അദ്ദേഹത്തിന്റെ ഭവനം.

വ്യാഖ്യാതാവു്, ചരിത്രകാരൻ, ഗവേഷകൻ, നിരൂപകൻ, അദ്ധ്യാപകൻ, എന്നീ വിവിധ നിലകളിൽ ശർമ്മ പ്രശസ്തിയാർജ്ജിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിലെ നിരൂപകനാണു് എന്നെ ഏറ്റവുമധികം ആകർഷിച്ചിട്ടുള്ളതു്. മലയാളസാഹിത്യത്തിലെ നിരൂപണസരണിയിൽ അത്യുന്നതമായ ഒരുമാതൃക സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടു്. അതിൽ അദ്ദേഹത്തെ അതിശയിക്കുന്നവരുണ്ടെന്നു തോന്നുന്നില്ല. മിതവും ഹിതവുമായ പ്രതിപാദനം, പ്രതിപക്ഷബഹുമാനം, യുക്തിയും തെളിവും സമഞ്ജസമായി സംഘടിപ്പിച്ചുകൊണ്ടുള്ള ധീരോദാത്തമായ വാദരീതി, വിനയവുമായി കൈകോർത്തുപിടിച്ചു നിൽക്കുന്ന പചേളിമമായ പാണ്ഡിത്യം, എതിരാളിയിൽപ്പോലും ബഹുമതിയുളവാക്കുന്ന സാമ്യഭാവം, തെറ്റുപറ്റിയാൽ അതു് ഏറ്റു പറയാനുള്ള സന്നദ്ധത, അയത്നലളിതമായ ഭാഷാശൈലി ഇങ്ങനെ എത്രയോ ഗുണങ്ങൾ എടുത്തുപറയേണ്ടിയിരിക്കുന്നു. അന്യാദൃശവും അഭിജാതവുമായ ഒരു ശുചിത്വമുണ്ടു് ശർമ്മയുടെ നിരൂപണങ്ങൾക്കു് ഇസ്സംഗ്ഗതിയിൽ ഇതരനിരൂപകർ അദ്ദേഹത്തെ കണ്ടുപഠിച്ചാൽ നന്നായിരിക്കും. നിരൂപണമെഴുതുമ്പോൾ ഹരിശർമ്മയെപ്പോലെ സമചിത്തത പാലിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ടു്. സ്വതേ ശാന്തനും സൗമ്യനും ഉദാരനുമാണെങ്കിലും അദ്ദേഹം മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ല. എത്ര വമ്പനായ പ്രതിയോഗിയേയും അദ്ദേഹം തന്റെ ചോദ്യശരങ്ങൾക്കു് ശരവ്യനാക്കും. കുമാരനാശാന്റെ കരുണയ്ക്കു്, സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള എഴുതിയ നിരൂപണം ശർമ്മയുടെ ഖണ്ഡനത്തിനു വിഷയമായതു് ഇതിനൊരുദാഹരണമാണു്. പഞ്ചാനനന്റെ നിരൂപണത്തിലുള്ള അനുകരണാരോപണത്തിനു് ഒരടിസ്ഥാനമോ യുക്തിയോ ഇല്ലെന്നു ശർമ്മ നിഷ്പ്രയാസം സമർത്ഥിച്ചു. ഉത്തരംമുട്ടിയമട്ടിൽ അതിനൊരു മറുപടി പുറപ്പെട്ടതും അദ്ദേഹം വെറുതെ വിട്ടില്ല.

ഈ സാത്വികന്റെ ശാന്തപ്രകൃതികണ്ടു്, പാവം എന്തുപറഞ്ഞാലും കേട്ടുകൊള്ളുമെന്നു തെറ്റിദ്ധരിച്ചു് ചില ദോഷഗവേഷകർ അദ്ദേഹത്തിന്റെ മെക്കിട്ടുകയറാൻ ഒരുമ്പെട്ടിട്ടുണ്ടു്. അക്കൂട്ടർക്കു ചുട്ടമറുപടികൊടുത്തു് അവരെ മര്യാദപഠിപ്പിക്കാനും അദ്ദേഹം മടിച്ചിട്ടില്ല. ഈ നിരൂപണനിപുണന്റെ തൂലികയ്ക്കു് നിർമ്മാണശക്തിമാത്രമല്ല വേണ്ടിവന്നാൽ സംഹാര ശക്തിയുമുണ്ടാകുമെന്നു് ഈദൃശാവസരങ്ങളിൽ വെളിപ്പെട്ടിട്ടുണ്ടു്. ഉദ്ധതന്മാരായ സാഹിത്യദുർവിദഗ്ദ്ധന്മാരുടെ നേരെ അദ്ദേഹം തികച്ചും നിർദ്ദയനായിത്തന്നെ പ്രത്യക്ഷപ്പെടുന്നു. അതു വേണ്ടതാണുതാനും.
കേരളീയർക്കു പൊതുവേയും കേരളത്തിലെ ഗൗഡസാരസ്വത സമുദായത്തിനു പ്രതേകിച്ചും അഭിമാനം കൊള്ളാവുന്ന ഈ സാഹിത്യാചാര്യൻ ഇവിടത്തെ അക്കാദമികളിൽ അവയുടെ ആരംഭംമുതൽക്കു തന്നെ അംഗമാകേണ്ടതായിരുന്നു. എന്നാൽ സകലകാര്യങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും സമുദായപ്രാതിനിധ്യം പാലിക്കുന്ന നമ്മുടെ ഗവൺമെന്റിനു് ഇക്കാര്യത്തിൽ മാത്രം കണ്ണുണ്ടായില്ല. സാഹിത്യ തറവാട്ടിലെ ഒരു കാരണവരോടു കാണിക്കുന്ന അക്ഷമണീയമായ ഈ അനീതിയും അനാദരവും ഇനിയെങ്കിലും നീക്കംചെയ്യപ്പെടുമെന്നു വിശ്വസിക്കട്ടെ.
—വിമർശനവും വീക്ഷണവും.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971