1999-ൽ രചന അവതരിപ്പിച്ച നാളുകളിൽത്തന്നെ മലയാളികളായ അക്ഷരകലാകാരന്മാരുടെ വരയിൽനിന്നു് മലയാളം ഫോണ്ടുകൾ രൂപകല്പന ചെയ്യണമെന്ന ആശയം മുന്നോട്ടുവെച്ചു. നാരായണഭട്ടതിരിയുടെ ‘കചടതപ’ ഫോണ്ടുകളാക്കി മാറ്റണമെന്ന ആഗ്രഹം അന്തരിച്ച സുന്ദർ[1] പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴാണതു് പ്രാവർത്തികമാവുന്നതു്.
[1] ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണു് രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി Sundar.ttf രൂപകല്പന ചെയ്തതു്.
‘എഴുത്തു്’ യൂണികോഡ് മലയാളത്തിലെ ആദ്യത്തെ കാലിഗ്രഫിൿ ഫോണ്ടാണു്. ‘സായാഹ്ന’യിൽ പ്രസിദ്ധീകരിച്ച സച്ചിദാനന്ദന്റെ ‘ബസവണ്ണയുടെ വചനങ്ങൾ’ക്കു് നാരായണൻ വരച്ച ചിത്രാക്ഷരങ്ങളാണു് ഇതിനു പ്രചോദനമായതു്. കേരള സർക്കാരിന്റെ ഐ. ടി. വകുപ്പിനു കീഴിൽ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചരണത്തിനായുള്ള ICFOSS എന്ന സംവിധാനത്തിനു മുമ്പിൽ ഈ ഫോണ്ടിന്റെ ഫണ്ടിംഗിനായി പ്രോജക്ട് സമർപ്പിച്ചിരുന്നു. പതിവുപോലെ ഒരു ഔദ്യോഗിക പ്രതികരണവും ഉണ്ടായില്ല. അതിനൊന്നും കാത്തുനില്ക്കാതെ കേരളപ്പിറവി ദിനത്തിൽ തന്നെ പ്രസാധനം ചെയ്യാനായി ഡിസൈനിങ് മുന്നോട്ടുപോയി.
SIL (Summer Institute of Language) സ്വതന്ത്ര ലൈസൻസിൽ ‘എഴുത്തു്’ ഇന്നു് നവമ്പർ ഒന്നിനു് റിലീസ് ചെയ്യുകയാണു്. മലയാളത്തിന്റെ ഡിജിറ്റൽ ചരിത്രത്തിലെ പ്രധാനപ്പെട്ട കാൽവെപ്പായി ‘എഴുത്തി’നെ പരിഗണിക്കാം. മലയാളശരീരത്തെ സൗന്ദര്യവല്ക്കരിക്കാനായി നാം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതു്. മലയാളത്തിൽ അലങ്കാര ഫോണ്ടുക (Ornamental/Decorative fonts) ളുടെ കുറവു് യൂണികോഡ് കാലത്തിനു മുമ്പും പിമ്പും അനുഭവപ്പെട്ടിട്ടുണ്ടു്. ആസ്കി കാലത്തു് ഡി. റ്റി. പി.-യ്ക്കായി ഉണ്ടായ അനേകം ഫോണ്ടുകൾ, പ്രത്യേകിച്ചു് പൂന സിഡാക്കിന്റെ ISM GIST ഫോണ്ടുകൾ മിക്കതും മലയാളത്തിന്റെ ലാവണ്യബോധത്തിനിണങ്ങുന്നവയായിരുന്നില്ല. അവയെല്ലാം പരിഷ്കരിച്ച ലിപിയായിരുന്നതിനാൽ തനതുലാവണ്യം വെളിപ്പെട്ടുമില്ല. കാലിഗ്രഫിയുമായുള്ള നേരിട്ടുള്ളൊരു ഗ്രാഫിൿ ബന്ധം ഇത്തരം ഫോണ്ടുകൾക്കില്ലായിരുന്നു.
ഇന്നിപ്പോൾ ‘എഴുത്തി’ലൂടെ മലയാളത്തിന്റെ ഡിജിറ്റൽ സൗന്ദര്യത്തിനു് അനേകം മാനങ്ങൾ കൈവരികയാണു്. സാങ്കേതികമായി അതു് ഫോണ്ടു നിർമ്മിതിയിൽ പുതിയ രീതിശാസ്ത്രങ്ങൾക്കു് തുടക്കം കുറിച്ചിരിക്കുന്നു. അനവധി പുത്തനാശയങ്ങൾ രൂപകല്പനയുമായി ബന്ധപ്പെട്ടു് നിർമ്മാണവേളയിൽ നമുക്കു് ലഭിച്ചിട്ടുണ്ടു്. ‘എഴുത്തു്’ സ്വതന്ത്രമാക്കുന്നതുപോലെ ഇതിന്റെ രീതിശാസ്ത്രം മറ്റു കലാകാരന്മാർക്കും ടൈപോഗ്രഫർമാർക്കും അധികം വൈകാതെ ‘തുറന്നു’ കൊടുക്കും. അതിനുവേണ്ടിയുള്ള ഡോക്യുമെന്റേഷൻ തുടങ്ങിക്കഴിഞ്ഞു. ഈയൊരു മേഖലയിൽ മലയാളത്തിലെ ആദ്യസംരംഭമായതിനാൽ അനേകം ആശയങ്ങൾ കൂട്ടിയിണക്കേണ്ടിയിരിക്കുന്നു—കാലിഗ്രാഫിയിലെ എണ്ണമറ്റ സ്വാതന്ത്ര്യം എങ്ങനെയാണു് ടൈപോഗ്രഫിയിൽ പരിമിതപ്പെടുന്നതു്? സൗന്ദര്യത്തിന്റെ ജ്യോമട്രി എങ്ങനെയാണു് കാലിഗ്രാഫിയിലും ടൈപോഗ്രഫിയിലും ഒരുമിക്കുന്നതും പിണങ്ങുന്നതും? കമ്പ്യൂട്ടർ ഗ്രാഫിക്സിലെ ആധുനിക സാദ്ധ്യതകൾ കാലിഗ്രാഫിയെ മെരുക്കാനും വിപുലപ്പെടുത്താനും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം? എന്നിങ്ങനെ പലതും ആലോചനാവിഷയമാക്കേണ്ടതുണ്ട്. ഒരൊറ്റ ഫോണ്ടിന്റെ നിർമ്മിതിയിൽ നിന്നുതന്നെ നമുക്കു് ഏറെ അറിവുകൾ ലഭിച്ചിരിക്കുന്നു.
ഒരു ദശകത്തിനുശേഷം 2016-ൽ സിവിആറിനെ വീണ്ടും കണ്ടുമുട്ടുകയും ടൈപ്പ്സെറ്റിംഗിൽ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ അറിയുകയും ചെയ്യുന്നതിന്റെ ആവേശത്തിലാണു് ഭാഷാപോഷിണിയിൽ ‘ഡിജിറ്റൽ കാലത്തെ മലയാള അക്ഷരങ്ങൾ’ എഴുതുന്നതു്. അപ്പോഴേക്കും സായാഹ്ന ആർക്കൈവിൽ ക്ലാസ്സിക് ഗ്രന്ഥങ്ങൾ നിറയാൻ തുടങ്ങിയിരുന്നു. മലയാളത്തിന്റെ അക്ഷരവിന്യാസത്തിൽ അതുവരെയില്ലാത്ത സൗന്ദര്യങ്ങളുടെ കാഴ്ചകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ‘രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി’ക്കു് അദ്ദേഹം തുടക്കം കുറിക്കുകയും വ്യത്യസ്ത ഫോണ്ടുകളുടെ നിർമ്മിതിക്കായി ഒറ്റയ്ക്കുതന്നെ ഫണ്ട് സ്വരൂപിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. സർക്കാരിനെ കാത്തുനിന്നാൽ കാലവും നമ്മുടെ ശേഷിയും ഒടുങ്ങിപ്പോവുമെന്നു് അദ്ദേഹം ഞങ്ങളെ നിരന്തരം ഓർമ്മപ്പെടുത്തി.
അദ്ദേഹം ഒരുക്കിയ ക്രിയാത്മക സംവിധാനങ്ങളാണു് ‘എഴുത്തു്’ എന്ന ഫോണ്ടിനു കളമൊരുക്കിയതു്. സായാഹ്നയുടെ വാട്സപ്പ് ഗ്രൂപ്പിനു ലഭിച്ച വമ്പിച്ച സ്വീകരണം ‘എഴുത്തി’ന്റെ നിർമ്മിതിക്കു് അളവറ്റ ഊർജ്ജം പകർന്നു. മലയാളം കാലിഗ്രാഫിയും ടൈപ്പോഗ്രഫിയും തമ്മിലുള്ള പാരസ്പര്യം ഇനിയും ഒട്ടേറെ മുന്നോട്ടു പോകാനുണ്ടു്. നീണ്ട ഇരുപതുവർഷമെടുത്തെങ്കിലും നാരായണ ഭട്ടതിരിയിൽനിന്നു തന്നെ നമുക്കു് തുടങ്ങാൻ സാധിച്ചിരിക്കുന്നു. ഇതിനു തുടർച്ചയായി കൊടുങ്ങല്ലൂരിലെ സുഹൃത്തു് ആർട്ടിസ്റ്റ് കുട്ടി വരച്ചുതന്ന അക്ഷരങ്ങളുടെ പണി വൈകാതെ പൂർത്തിയാവും. ‘എഴുത്തു്’ സാക്ഷാല്ക്കരിച്ച ആഹ്ലാദത്തിൽ രണ്ടുമൂന്നെണ്ണമെങ്കിലും ആ രീതിയിൽ ചെയ്യണമെന്നു് ഭട്ടതിരി പറഞ്ഞു തുടങ്ങിയിരിക്കുന്നു!
1999-ൽ രചന സമ്മേളനത്തിൽ പറഞ്ഞൊരു കാര്യം ‘മലയാളത്തിന്റെ യഥാർത്ഥ സൗന്ദര്യം അച്ചടിയിൽ ജനിക്കാനിരിക്കുന്നതേയുള്ളു’ എന്നാണു്. ശരിയാണു്, പക്ഷേ, വായനയും അച്ചടിയും കടലാസിൽനിന്നു് ഡിജിറ്റൽ പ്രതലത്തിലേക്കു് അതിവേഗം ചെക്കേറുകയാണു്. ഇതുവരെ പര്യവേഷണം ചെയ്യാൻ കഴിയാതിരുന്ന പലതും തുടങ്ങാവുന്ന വളക്കൂറുള്ള മണ്ണാണതു്. ഒരു വർഷത്തിനകം മാറിമറിയാൻ പോകുന്ന മലയാളം പബ്ലിഷിംഗിന്റെ ചരിത്രസന്ധിയിലാണു് ഭട്ടതിരിയുടെ കൈപ്പട പതിയുന്നതു്.
ഫ്ലോറൻസിലെ സാന്താക്രോസ് ബസിലിക്കയിലെ സെമിത്തേരിയിൽ അലഞ്ഞുനടക്കുമ്പോഴായിരുന്നു പ്രസിദ്ധ ടൈപ്പ് ഡിസൈനറായ ഹെർമ്മൻ സാഫിന്റെ കണ്ണിൽ ആ അക്ഷരങ്ങൾ വന്നുപെട്ടതു്. ഒരു ശവക്കല്ലറയുടെ മേലെ കൊത്തിവച്ച റോമൻ അക്ഷരങ്ങൾ സാധാരണയായി കാണപ്പെടുന്നപോലെ അക്ഷരങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തുന്ന കുനിപ്പുകൾ പേറുന്നവയായിരുന്നില്ല. എന്നാൽ ടൈംസ് റോമൻ അക്ഷരങ്ങളുടെ മെലിവും വണ്ണവും ദൃശ്യമായിരുന്നുതാനും. സ്കെച്ചു പുസ്തകത്തിലെ താളുകളെല്ലാം തീർന്നതിനാൽ പോക്കറ്റിലുണ്ടായിരുന്ന ഒരു ഇറ്റാലിയൻ കറൻസി (ലിറ) നോട്ടിലാണു് സാഫ് അതിന്റെ സ്കെച്ചുകൾ വരച്ചെടുത്തതു്. 1950-ലായിരുന്നു ഈ സംഭവം നടന്നതു്.
നീണ്ട പത്തുവർഷങ്ങളെടുത്തു ആ രൂപരേഖകൾ ആസ്പദമാക്കി ലോഹ അച്ചുകൾ രൂപം കൊള്ളാനും ലിനോടൈപ്പിന്റെ ഫൗണ്ടറിയിൽ പ്രസ്സുകാർക്കു് അതു് വ്യാപകമായി ലഭ്യമാകാനും. അത്രയും കാലം നീണ്ട അദ്ധ്വാനത്തിലൂടെ രൂപം കൊണ്ടതു് റോമൻ അക്ഷരലോകത്തെ അസാധാരണമായ ഒരു സൗന്ദര്യമാണു്—ഒപ്റ്റിമ എന്ന പേരിലറിയപ്പെടുന്ന ഫോണ്ട്.
ഇന്നു് ഡിജിറ്റൽ ടൈപ്പുകളായി ഡിടിപിക്കാർക്കു് അനായാസേന ലഭ്യമാകുന്ന ഓരോ റോമൻ അക്ഷരങ്ങളുടെ പിന്നിലും നൂറ്റാണ്ടുകളായി മനുഷ്യൻ നടത്തിയ സൗന്ദര്യോപാസനയുടെ ചരിത്രമുണ്ടു്. മൺമറഞ്ഞുപോയ അക്ഷരങ്ങൾ കണ്ടെത്താൻ നടത്തിയ ദീർഘയാത്രകളും അന്വേഷണങ്ങളുമുണ്ടു്. അവയിലെ രൂപവൈവിദ്ധ്യങ്ങളും വൈചിത്ര്യങ്ങളും വർഗ്ഗീകരിക്കാൻ നടത്തിയ ഗവേഷണയത്നങ്ങളുണ്ടു്. ലോഹ അച്ചുകളിൽ കൊത്തിയെടുക്കാനും ആധുനികകാലത്തു് ഡിജിറ്റൽ ടൈപോഗ്രഫിയിൽ പുനരാവിഷ്കരിക്കാനും നടത്തിയ വർഷങ്ങൾ നീണ്ട തപസ്യയുണ്ടു്.
ഇന്നു നാം കേരളീയർ പത്രങ്ങളിലും മാസികകളിലും പരസ്യങ്ങളിലും കൂറ്റൻ ഫ്ലക്സുകളിലും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന മലയാള അക്ഷരങ്ങൾക്കു് സൗന്ദര്യത്തിന്റെ ഇത്തരമൊരു ആവിഷ്കാരചരിത്രം ഇല്ല. പക്ഷേ, ഡിജിറ്റൽ അക്ഷരങ്ങളുടെ ആവിർഭാവത്തിനു മുമ്പു് ചുരുങ്ങിയതു് ഒരു നൂറ്റാണ്ടെങ്കിലും നീളുന്ന കാലയളവിൽ കേരളത്തിലെ കലാകാരന്മാർ മലയാളത്തിന്റെ അക്ഷരങ്ങളിൽ നടത്തിയ സൗന്ദര്യാവിഷ്കാരത്തിന്റെ മറ്റൊരു ചരിത്രമുണ്ടു്.
ഗ്രീക്ക്, റോമൻ, അറബിക്, ചൈനീസ്, ദേവനാഗരി ഭാഷകൾക്കു് കലിഗ്രഫിയുടെ നീണ്ടൊരു ചരിത്രം അവകാശപ്പെടാനുണ്ടു്. ലിപികൾ രൂപപ്പെട്ട കാലംതൊട്ടേ കലിഗ്രഫിയുടെ ചരിത്രവും ആരംഭിക്കുന്നു. വാമൊഴിയെ വരകളിലേക്കു് സംക്രമിപ്പിച്ച നാളുകളിൽ പല ഭാഷാസമൂഹങ്ങളും അക്ഷരങ്ങളെ കണ്ടതു് ദൈവദത്തമായ രൂപങ്ങളായാണു്. പല തലമുറകളിലൂടെ പതുക്കെപതുക്കെ രൂപംകൊണ്ട അക്ഷരങ്ങളിൽ മിത്തുകളും ദിവ്യത്വങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നു. ഇന്ത്യൻ ഭാഷകളിൽ ഇതേറ്റവും പ്രകടമാവുന്നതു് തമിഴ് ലിപികളെ കുറിച്ചുള്ള വിചാരങ്ങളിലാണു്. സൊറാസ്ട്രിയന്മാർ മനോഹരമായ എഴുത്തിനെ ആത്മഭാവത്തിന്റെ പ്രകാശനമായി പ്രകീർത്തിക്കാറുണ്ടു്.
ബൈബിൾ പകർത്തിയെഴുതുന്ന പതിവു് യൂറോപ്പിലെ മൊണാസ്ട്രികളിൽ വ്യാപകമായിരുന്ന ക്രിസ്തുവിനു ശേഷമുള്ള നൂറ്റാണ്ടുകളിലാണു് റോമൻ കലിഗ്രഫിയുടെ സുവർണ്ണകാലം. അറബിക് കലിഗ്രഫി വികാസം പ്രാപിക്കുന്നതു് ഓട്ടോമാൻ സാമ്രാജ്യത്തിന്റെ പ്രതാപകാലത്താണു്. പിന്നീടതു് ഇസ്ലാമിക് ആർട്ടിന്റെ സ്വത്വത്തെ നിർണ്ണയിക്കുന്നിടംവരെ വളർന്നു. ഭൂട്ടാനിലും ഇന്തോനേഷ്യയിലും ദേവനാഗരി ലിപിയുടെ കലാവിഷ്കാരങ്ങളുണ്ടായി. ചൈനീസ് ലിപി ചിത്രാക്ഷരങ്ങളായി വികാസം പ്രാപിച്ചതിനാൽ എഴുത്തിലെ കലാവിഷ്കാരവും ഭാഷയും അഭേദങ്ങളായി നിലനില്ക്കുന്നു.
മലയാള അക്ഷരങ്ങളുടെ ആയിരത്തഞ്ഞൂറു വർഷത്തെ പഴക്കം പരിഗണിച്ചാണു് മലയാളം ക്ലാസ്സിക് പദവി നേടിയെടുക്കുന്നതു്. കല്ലിലും ലോഹഫലകങ്ങളിലും കൊത്തിവെക്കപ്പെട്ട അക്ഷരങ്ങൾ പിന്നീടു് പനയോലകളിലാണു് കാവ്യങ്ങളായും വസ്തുവ്യവഹാരപ്രമാണങ്ങളായും എഴുതപ്പെട്ടതു്. അക്ഷരങ്ങളുടെ വടിവുകൾക്കു് എഴുത്തോലയുടെ പ്രതലവും നാരായവും സഹായകരമായിരുന്നില്ല. ചുമർചിത്രങ്ങളിൽ അക്ഷരങ്ങൾ വരക്കപ്പെട്ടതുമില്ല. എഴുത്തച്ഛന്റെ കൃതികൾ വളരെയധികം പകർത്തപ്പെട്ടെങ്കിലും റോമൻ, അറബിക് അക്ഷരങ്ങൾക്കു ലഭിച്ച കലാവിഷ്കാരം ഉണ്ടാകാതിരുന്നതിന്റെ കാരണം എഴുത്തോലയുടെ വീതികുറവും എഴുത്താണിയുടെ ദാർഢ്യവുമായിരുന്നു. കടലാസും തുകലും മഷിയും തൂലികയും ബ്രഷും ഉപയോഗിക്കപ്പെടാതിരുന്നതു് മറ്റൊരു കാരണമാണു്. മലബാർ പ്രദേശത്താകട്ടെ മലയാളം എഴുതപ്പെട്ടതും പ്രചരിച്ചതും അറബി സ്ക്രിപ്റ്റിലായിരുന്നു. അറബിമലയാളത്തിനു് സ്വാഭാവികമായും അറബിക് കലിഗ്രഫിയുടെ പിന്തുടർച്ചയുണ്ടായിരുന്നു. അച്ചടി പ്രചരിക്കുന്നതിനും മുമ്പേ കടലാസ്സു് കേരളക്കരയിൽ ഉപയോഗത്തിലിരുന്നുവെങ്കിലും മലയാള അക്ഷരങ്ങളുടെ സൗന്ദര്യാവിഷ്കാരത്തിനായി കടലാസ്സും മഷിയും ഉപയോഗിച്ചതായി അറിയാൻ കഴിഞ്ഞിട്ടില്ല.
1824-ൽ ആണു് അച്ചടിയ്ക്കായി മലയാളത്തിന്റെ ലോഹ അച്ചുകൾ രൂപംകൊള്ളുന്നതു്. കേരളത്തിന്റെ തെക്കും വടക്കുമായി എഴുത്തിൽ പ്രചാരത്തിലുണ്ടായിരുന്ന നാനാതരം അക്ഷരരൂപങ്ങൾ ഇതര ഭാരതീയഭാഷകളുടെ ഘടനയുമായി പൊരുത്തപ്പെട്ടു് ബഞ്ചമിൻ ബെയ്ലി ഏകീകരിച്ചു. മലയാളത്തിൽ പുസ്തകങ്ങളുടെ മുദ്രണം ആരംഭിച്ചു. പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കാൻ തുടങ്ങി. മലയാളികൾ വ്യാപകമായി മാതൃഭാഷയുടെ അക്ഷരങ്ങൾ കാണാനും വായിക്കാനും എഴുതാനും ഇടയായി. ഒരു നൂറ്റാണ്ടു കഴിയുമ്പോഴേക്കും മറ്റു ഭാരതീയ ഭാഷകൾപോലെ ദൃഢതയാർന്ന അക്ഷരങ്ങളിൽ മലയാളഭാഷ വ്യവസ്ഥവൽക്കരിക്കപ്പെട്ടു.
ബെയ്ലിയുണ്ടാക്കിയ ലോഹ അച്ചുകളിലൂടെയാണു് മലയാളത്തിന്റെ വരമൊഴി നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെട്ടതും പ്രചരിച്ചതും. 1970-കളിൽ ടൈപ്പ്റൈറ്ററിനുവേണ്ടി മലയാളലിപി പരിഷ്കരിക്കുകയും പാഠപുസ്തകങ്ങളിലൂടെ പുതിയതലമുറ അഭ്യസിക്കാൻ ഇടവരികയും ചെയ്തു. രണ്ടുപതിറ്റാണ്ടുകൾക്കുശേഷം ടൈപ്പ്റൈറ്റർ പോയി മേശപ്പുറത്തു് കമ്പ്യൂട്ടർ വന്നെങ്കിലും ഇന്നും ടൈപ്പ്സെറ്റിംഗിനുവേണ്ടി ഉപയോഗിക്കുന്ന ‘ഡിടിപി ലിപി’ പരിഷ്കരിച്ച ലിപിയുടെ മറ്റൊരു രൂപം മാത്രമാണു്. 1999-ൽ ശ്രീ. ചിത്രജകുമാറിന്റെ (മലയാളം ലെക്സിക്കൺ) നേതൃത്വത്തിൽ ‘രചന അക്ഷരവേദി’ രൂപംകൊള്ളുകയും ലിപിപരിഷ്കരണംമൂലം നഷ്ടപ്പെട്ടുപോയ അക്ഷരങ്ങളെല്ലാം കണ്ടെടുത്തു് മലയാളം കമ്പ്യൂട്ടിംഗിനായി സമഗ്രലിപിസഞ്ചയം രൂപീകരിക്കുകയും ചെയ്തു. 2006-ൽ ‘സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്’ (SMC: Swathanthraa Malayalam Computing) രചനയുടെ യൂണികോഡ് ഫോണ്ട് സ്വതന്ത്രമായി പബ്ലിഷ് ചെയ്തതോടെ ആധുനിക മലയാളഭാഷാസാങ്കേതികതയുടെ വളർച്ചയുടെ അടിസ്ഥാനം തനതുലിപിയായിത്തീർന്നു.
മലയാളത്തിൽ വെബ് പ്രസാധനം വ്യാപകമായപ്പോൾ ഉപയോഗിക്കപ്പെട്ടതു് തനതു അക്ഷരങ്ങളിൽ അധിഷ്ഠിതമായ അഞ്ജലി, രചന, മീര എന്നീ യൂണികോഡ് ഫോണ്ടുകളാണു്. അച്ചടിയിൽ പക്ഷേ, ഇപ്പോഴും പരിഷ്കരിച്ച ഡിടിപി ലിപി തന്നെയാണു് തുടരുന്നതു്. അഡോബ് ഇൻഡിസൈൻ, കോറൽഡ്രോ എന്നീ ഡിടിപി പാക്കേജുകളുടെ പുതിയ പതിപ്പുകൾ യൂണികോഡിലധിഷ്ഠിതമായതിനാൽ ഇംഗ്ലീഷു പോലെ അനായാസമായി ടൈപ്പ്സെറ്റും ലേഔട്ടും ചെയ്യാൻ തനതുലിപി സജ്ജമായിരിക്കുന്നു. ഇതിന്റെ ഉജ്ജ്വലമായ മാതൃക ‘ടെക്ക് ടൈപ്പ്സെറ്റിംഗി’ലൂടെ അവതരിപ്പിച്ചിരിക്കുന്നതു് ‘സായാഹ്ന ഫൗണ്ടേഷൻ’ ആണു്.
പ്രാദേശികമായി അനേക രൂപങ്ങളായി എഴുതപ്പെട്ടു്, നൂറ്റാണ്ടുകളിലൂടെ വികാസം പ്രാപിച്ച ലോക ഭാഷകളിലെ അക്ഷരങ്ങൾ മാനകീകരിക്കപ്പെട്ടതു് അച്ചടിയുടെ വരവോടെയാണു്. അക്ഷരരൂപങ്ങളിൽ മനുഷ്യർ നടത്തിയ മൂവായിരം വർഷത്തെ പരീക്ഷണോന്മുഖതയാണു് അച്ചടിയോടെ നിശ്ചലമായതു്. ലോഹ അച്ചുകൾ രൂപംകൊണ്ട ഭാഷകളിലെല്ലാം ഇതു സംഭവിച്ചുകൊണ്ടിരുന്നു. പ്രാചീനമായ ആശയങ്ങൾ അവ എഴുതപ്പെട്ട അക്ഷരങ്ങളുടെ മാറ്റാൻ കഴിയാത്ത ദാർഢ്യത്തിലൂടെയാണു് ഇന്നും നിലനില്ക്കുന്നതും സംസ്കാരത്തിന്റെ നൈരന്തര്യം സാദ്ധ്യമാകുന്നതും. രൂപങ്ങളുടെ മാറ്റമില്ലായ്മയും ദൃഢതയും ശാസ്ത്രസാങ്കേതിക വിജ്ഞാനങ്ങളുടെ നിലനില്പിനും അത്യന്താപേക്ഷിതമാണു്. വാമൊഴിയായി മാത്രം നിലനിൽക്കുന്ന ആറായിരത്തോളം ഭാഷകൾ വംശനാശഭീഷണി നേരിടുന്നതു് അക്ഷരങ്ങളില്ലാത്തതു മൂലമാണു്. അച്ചടി പ്രചരിച്ച അഞ്ചു നൂറ്റാണ്ടുകൾക്കിപ്പുറം പുതിയൊരു ഭാഷയും ലോകത്തുണ്ടായിട്ടില്ല. സാംസ്കാരിക ചരിത്രത്തിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളായി മനുഷ്യനാകെയുള്ളതു് എഴുന്നൂറുലിപികൾമാത്രം. “നമ്മുടെ അക്ഷരങ്ങൾ കണ്ണിലുണ്ണി പോലെ സംരക്ഷിക്കാൻ നാം ബാദ്ധ്യസ്ഥരാണു്” എന്നു് മരണത്തിനു് എതാനും നാൾമുമ്പു് ഒരു സ്വകാര്യ സംഭാഷണത്തിൽ നിത്യചൈതന്യയതി ഓർമ്മപ്പെടുത്തുകയുണ്ടായി. ഈയൊരു ദർശനത്തെ പിൻപറ്റിയാണു് ‘രചന’ കഴിഞ്ഞ ഇരുപതുവർഷങ്ങളായി യത്നിച്ചതു്.
അക്ഷരങ്ങളുടെ സൗന്ദര്യാവിഷ്കാരമാണു് കലിഗ്രഫി. ഒരേ അക്ഷരങ്ങൾ ഒരു പ്രതലത്തിൽ കാഴ്ചയിൽ വ്യത്യസ്തമാക്കാനുളള ശേഷി കലിഗ്രഫിക്കുണ്ടു്. വാക്കുകൾ പ്രക്ഷേപിക്കുന്ന ആശയങ്ങൾക്കനുസരിച്ചു്, വരക്കുന്ന പ്രതലത്തിന്റെ വിസ്താരത്തിനനുസരിച്ചു്, കാഴ്ചയുടെ അനുഭവത്തെ എങ്ങനെ നിർണ്ണയിക്കണമെന്ന കലാകാരന്റെ ഉദ്ദേശ്യമനുസരിച്ചു്, വരയുമ്പോഴുള്ള കലാകാരന്റെ മനോനിലയനുസരിച്ചു് കലിഗ്രഫിയിൽ അക്ഷരങ്ങൾ നിരന്തരം ഇംപ്രോവൈസേഷനു വിധേയമാകുന്നു. രൂപങ്ങൾ ഒന്നായിരിക്കെ കയ്യെഴുത്തിൽ അക്ഷരങ്ങളുടെ വലിപ്പവും വടിവും വ്യത്യാസപ്പെടുന്നതിനു സമാനമായി കൂടുതൽ കലാത്മകമായ പ്രകടന രൂപങ്ങളാണു് കലിഗ്രഫിയിൽ പ്രത്യക്ഷപ്പെടുന്നതു്. അടുത്ത കാലത്തു് നാരായണ ഭട്ടതിരിയുടെ ‘കചടതപ’ എന്ന പേരിൽ പ്രസിദ്ധമായ എക്സിബിഷനിൽ പ്രദർശിപ്പിച്ച അക്ഷരങ്ങളും വാക്കുകളും മലയാളം കലിഗ്രഫിയുടെ ആധുനിക മുഖം അനാവരണം ചെയ്യുന്നു. മഴ എന്ന വാക്കു് കാണുമ്പോൾ മഴ പെയ്യുന്ന അനുഭവം കാഴ്ചക്കാരനുണ്ടാവുന്നു. മഴ ഒരു വാക്കല്ല, ഒരു ചിത്രമാണിവിടെ. ‘മലർന്നു പറക്കുന്ന കാക്ക’യിൽ വാക്കുകൾ മലർന്നു് ചിറകടിക്കുകയാണു്. മലയാളത്തിൽ കലിഗ്രഫി വ്യാപകമായി പ്രത്യക്ഷപ്പെടുന്നതു് സിനിമാ പോസ്റ്ററുകളിലും പുസ്തക ചട്ടകളിലും മാഗസിനുകളിലെ കഥ-കവിതകളുടെ ടൈറ്റിലുകളിലുമാണു്. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസാധനം ചെയ്ത പുസ്തക കവറുകളിൽ വാസുപ്രദീപിന്റെയും മറ്റും കലിഗ്രഫികൾ ഇന്നും മരിക്കാതെ കിടക്കുന്നു. ഗ്രന്ഥശീർഷകങ്ങളുടെ കലാവിഷ്കാരം ഇന്നും മാഗസിനുകളിൽ തുടരുന്നു. ചുരുക്കം കൂട്ടക്ഷരങ്ങൾ മാത്രം ലഭ്യമായ ഡിടിപി ഫോണ്ടുകളുപയോഗിച്ചു് പുസ്തകചട്ടകളും പോസ്റ്ററുകളും ഡിസൈൻ ചെയ്യുന്ന പുതിയ തലമുറയിലെ ഗ്രാഫിക്സ് കലാകാരന്മാർ അവസരം കിട്ടുമ്പോഴൊക്കെ കോറൽ ഡ്രോ, അഡോബ് ഇല്ലസ്ട്രേറ്റർ മുതലായ പ്രോഗ്രാമുകളുപയോഗിച്ചു് അക്ഷരങ്ങളുടെ വക്രവും വണ്ണവും കോണും മാത്രമല്ല, അക്ഷര സംയോജനങ്ങളും കലാത്മകമായി മാറ്റിമറിക്കുന്നു.
സിനിമാ പോസ്റ്ററുകൾ ആദ്യകാലം മുതലേ മലയാളം കലിഗ്രഫിയുടെ ഇഷ്ടപ്പെട്ട ഇടമായിരുന്നു. 1950-കളിലും 1960-കളിലും കെ. പി. ശങ്കരൻകുട്ടിയും എസ്. കൊന്നനാട്ടും എസ്. എ. നായരും പി. എൻ. മേനോനും സിനിമാ പോസ്റ്ററുകളിൽ നൂതനമായ പരീക്ഷണങ്ങളിലേർപ്പെട്ടു. നടീനടന്മാരെപ്പോലെ അക്ഷരങ്ങളും ചിത്രങ്ങളായി മാറാൻ തുടങ്ങി. പിന്നീടു് ഭരതനും മാർട്ടിനുമൊക്കെ ഇതു് മുന്നോട്ടു കൊണ്ടുപോയി. മലയാളം കലിഗ്രഫിയുടെ സമകാലീനമായ പ്രസന്നത ഇന്നു് തെളിയുന്നതും സിനിമാ പോസ്റ്ററുകളിലാണു്. ബ്രഷിനു പകരം മൗസ് ഉപയോഗിച്ചു് വരഞ്ഞെടുത്ത ചിത്രങ്ങളാണെന്ന വ്യത്യാസമുണ്ടെന്നു മാത്രം. ഇതു് ഡിസൈൻ ചെയ്യുന്നവരും വായിക്കുന്നവരും പുതിയ തലമുറക്കാരാണെങ്കിലും മിക്കവാറും സിനിമാ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നതു് പഴയ ലിപിയാണെന്നുള്ളതു് ചില കാര്യങ്ങൾ അസന്ദിഗ്ദ്ധമായി വെളിവാക്കുന്നു: മലയാളത്തിന്റെ അക്ഷരസൗന്ദര്യം കിടക്കുന്നതു് ‘പഴയ’ അക്ഷരങ്ങളിലാണു്. നൂറുകണക്കിനു വരുന്ന സമ്പന്നമായ കൂട്ടക്ഷരങ്ങളും വ്യഞ്ജനത്തോടു ചേർന്നു നിൽക്കുന്ന ഉകാരങ്ങളും ഋകാരങ്ങളും മറ്റും ആവിഷ്കാരത്തിന്റ അനന്തസാദ്ധ്യതകൾ തുറന്നിടുന്നു. പഴയ ലിപി എഴുതാനും വായിക്കാനും പുതിയ തലമുറക്കാവില്ലെന്ന വാദം സിനിമാ പോസ്റ്ററുകളിൽ പൊളിയുന്നു.
പോസ്റ്ററുകൾ, പുറംചട്ടകൾ, ശീർഷകങ്ങൾ ഇവയിൽ നിന്നും വ്യത്യസ്തമായി മലയാളം കലിഗ്രഫി ആവിഷ്കരിക്കപ്പെട്ട മറ്റു രണ്ടിടങ്ങൾ പരസ്യപ്പലകകളും (സൈൻ ബോർഡ്സ്) ചുമരുകളുമാണു്. ഈ രണ്ടിടങ്ങളിലും ഒരേ അക്ഷരങ്ങൾ നിയതമായ രൂപങ്ങളിൽ ആവർത്തിക്കപ്പെടേണ്ടതുണ്ടായിരുന്നു. അലങ്കാര രൂപങ്ങളിൽ വരക്കപ്പെടുമ്പൊഴും കൃത്യമായൊരു ജ്യാമിതി പിൻതുടരേണ്ടതുണ്ടായിരുന്നു. കലിഗ്രഫി ഇവിടെ ഒർതൊഗ്രഫിയ്ക്കു (Orthography) വഴി മാറുന്നു. അക്ഷരാവിഷ്കാരങ്ങളുടെ കലാപരതയിൽ ജ്യാമിതി സന്നിവേശിക്കപ്പെടുമ്പോഴാണു് ഒർതൊഗ്രഫി രൂപംകൊള്ളുന്നതു്. പ്രിന്റിംഗിനും കമ്പ്യൂട്ടർ സ്ക്രീനിനും ആവശ്യമായ ടൈപോഗ്രഫിയുടെ ജ്യാമിതി നിർണ്ണയിക്കുന്നതു് ഒർതൊഗ്രഫിയാണു്. ഒരു മലയാളം ഫോണ്ടിലെ കൂട്ടക്ഷരങ്ങളിൽ ആവർത്തിക്കുന്ന ഘടകാക്ഷരങ്ങൾ വ്യത്യസ്തമാകാനുള്ള അവസരം ഒർതൊഗ്രഫി നല്കുന്നില്ല. കലിഗ്രഫിയെ പരിമിതപ്പെടുത്തുന്ന ഒന്നാണു് ഒർതൊഗ്രഫിയെങ്കിലും ഫോണ്ടുകളുടെ നിർമ്മാണത്തെ നിർണ്ണയപ്പെടുത്തുന്ന ആന്തരികഘടനയായി അതു് വിപുലപ്പെടുന്നു.
കഴിഞ്ഞ ഒന്നര ദശാബ്ദക്കാലത്തു് സൈൻബോർഡുകൾ വ്യാപകമായി കമ്പ്യൂട്ടറൈസ്ഡ് ടൈപ്പ്സെറ്റിംഗിനു് വിധേയമായി. അഡോബ് പേജ്മേക്കറും ഇല്ലസ്ട്രേറ്ററും കോറൽഡ്രോയും ഉപയോഗിച്ചുണ്ടാക്കിയ ഫ്ലക്സുകളിലൂടെ ഡിടിപി-യിലുപയോഗിച്ച അതേ മലയാളം ഫോണ്ടുകൾ വലിയ വലിപ്പത്തിൽ മലയാളിയുടെ കാഴ്ചയിൽ നിറഞ്ഞു. ഈ ഫോണ്ടുകളുടെ നിർമ്മാണം, വിശേഷിച്ചു് ഡിടിപി പ്രചരിച്ച ആദ്യകാലങ്ങളിൽ, നടന്നതു് കേരളക്കരയിലല്ല, പുനെയിലും ചെന്നെയിലും ബാംഗ്ലൂരിലും മറ്റുമായിരുന്നു. ഇന്ത്യൻ ഭാഷകളിൽ ലോഹ അച്ചുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കു വഹിച്ച പൂനയിലെ ITR (Institute of Typographical Research) എന്ന സ്ഥാപനം ഡിടിപി വ്യാപകമാകാൻ തുടങ്ങിയ എൺപതുകളിൽ ഡിജിറ്റൽ ഫോണ്ടുകളുടെ നിർമ്മാണത്തിലേക്കു കടന്നു. വളർന്നു വരുന്ന ഡിടിപി വ്യവസായത്തിനാവശ്യമായ ഇന്ത്യൻ ഭാഷകളിലെ ഫോണ്ടു നിർമ്മാണം പ്രധാനമായും നടന്നതു് ഐടിആറിൽ ആണു്. അര നൂറ്റാണ്ടുകാലത്തെ ലോഹ അച്ചുകൾ നിർമ്മിച്ച പരിചയത്തിൽ നിന്നും ലഭിച്ച ഭാരതീയ ഭാഷകളുടെ അക്ഷരങ്ങളെക്കുറിച്ചുളള പരിജ്ഞാനമാണു് ഐടിആർ ഫോണ്ടുകളുടെ നിർമ്മിതിക്കു തുണയായതു്.
ലോഹ അച്ചുകളുടെ നിർമ്മാണത്തിനു് കലിഗ്രാഫർമാർ വരച്ചുണ്ടാക്കുന്ന അക്ഷരങ്ങൾ അത്യന്താപേക്ഷിതമായിരുന്നു. അക്കാലത്തു് പരസ്യകലകളിൽ അക്ഷരസൗന്ദര്യം വിരിയിച്ച കലാകാരന്മാർ ആർക്കും തന്നെ പിന്നീടു് പ്രചാരത്തിലായ മലയാളം ഫോണ്ടുകളുടെ ഡിസൈനിംഗ് രംഗത്തെത്താൻ കഴിഞ്ഞില്ല. ആധുനിക കാലത്തെ ഡിജിറ്റൽ ഫോണ്ടുകളുടെ രൂപകല്പനയിൽ മലയാളികലാകാരന്മാർ ആവിഷ്കരിച്ച സൗന്ദര്യവും വൈവിദ്ധ്യവും സമന്വയിക്കപ്പെടാതിരുന്നതിന്റെ കാരണമിതാണു്. അക്ഷരസൗന്ദര്യത്തിന്റെ ഒരു നൂറ്റാണ്ടിന്റെ അനുഭവത്തെ സ്വാംശീകരിക്കാൻ കഴിയാതെപോയ ഡിടിപി ഫോണ്ടുകൾ അച്ചടിയിലും സൈൻ ബോർഡുകളിലും ഫ്ലക്സുകളിലും വ്യാപകമായി പ്രചരിച്ചു. മലയാള അക്ഷരങ്ങളുടെ രൂപത്തിന്റേയും സൗന്ദര്യത്തിന്റേയും പാരമ്യം ISM GIST (പൂന) ഫോണ്ടുകളാണെന്നു് കരുതിന്നിടം വരെ കാര്യങ്ങളെത്തി. അക്ഷരകലാകാരന്മാരിൽ പലരും ബ്രഷിന്റെ കാലം പോയതോടെ ഉപജീവനത്തിനായി ഫ്ലക്സ് വലിച്ചു കെട്ടുന്ന തൊഴിലിലേക്കും വീടുകൾ പെയിന്റു ചെയ്യുന്ന പണിയിലേക്കും ചേക്കേറി. കാൽനൂറ്റാണ്ടു മുമ്പു് മദ്ധ്യകേരളത്തിൽ അറിയപ്പെടുന്ന ചുമരെഴുത്തുകാരനായിരുന്ന സാജൻ ചെറായി ചുരുക്കമായെങ്കിലും കമ്പ്യൂട്ടറിൽ പരസ്യങ്ങളും ഫ്ലക്സുകളും ഇപ്പോഴും ചെയ്യാറുണ്ടു്. “പല ഫോണ്ടുകളും കാണുമ്പോൾ അക്ഷരങ്ങളുടെ വടിവിനെയോർത്തു് ഖേദം തോന്നാറുണ്ടു്, നേരെയാക്കാൻ കൈ തരിക്കാറുണ്ടു്. എന്തു ചെയ്യാം?” എന്ന നിസ്സഹായാവസ്ഥ സാജൻ പ്രകടിപ്പിക്കുമ്പോൾ മലയാളത്തിലെ നഷ്ടസൗന്ദര്യം വീണ്ടടുക്കാനുള്ള കാലവും ആവേശവും തീർത്തും അറ്റു പോയിട്ടില്ല എന്നു് നാം മനസ്സിലാക്കാനിടവരുന്നു. സാജൻ ഇന്നു് ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ക്ലാർക്കാണു്. മറ്റൊരു കലാകാരനായ അനിലൻ ഇന്നു് ബാർബറാണു്. അക്ഷര വൈവിദ്ധ്യത്തിന്റ അക്ഷയഖനി കൈമുതലായ നാരായണ ഭട്ടതിരി ഡിടിപി ചെയ്തു് കുടുംബം പുലർത്തുന്നു. പഴയ പ്രസിദ്ധനായ അക്ഷര കലാകാരൻ രാധാകൃഷ്ണൻ തണ്ടാശ്ശേരി പതിനേഴു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തി കുറച്ചു ഫോണ്ടുകൾ ഡിസൈൻ ചെയ്താൽ കൊള്ളാം എന്ന ആഗ്രഹവുമായി ഒതുങ്ങി കഴിയുന്നു. വാസുപ്രദീപുമൊത്തു് അക്ഷരങ്ങൾ വരച്ച രചന രാംദാസ് കോഴിക്കോട്ടെ പഴയൊരു കെട്ടിടത്തിന്റെ ചായ്പിൽ മകനുമൊത്തു് ഡിടിപി ചെയ്യുന്നു. മറ്റൊരാൾ, വീരാൻകുട്ടി മാത്രമാണു് ഡിജിറ്റൽ ടൈപോഗ്രഫിയിൽ തന്റെ അക്ഷരതൊഴിൽ ഇന്നും തുടരുന്നതു്. നിലമ്പൂരിലെ തന്റെ കൂരയിൽ പഴയൊരു കമ്പ്യൂട്ടറിൽ പുതിയ ലിപിയിലുള്ള ഏതാനും ഫോണ്ടുകളുണ്ടാക്കി വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാൻ കഴിയാതെ കിട്ടുന്നതു വാങ്ങി അദ്ദേഹം ഉപജീവനം കഴിക്കുന്നു.
മതിലുകളിൽ, പരസ്യബോർഡുകളിൽ, വലിച്ചുകെട്ടിയ തുണികളിൽ അക്ഷരങ്ങളുടെ മലയാളസൗന്ദര്യം വിരിയിച്ചെടുത്ത ഇങ്ങനെയുള്ള ആയിരക്കണക്കിനു കലാകാരന്മാർ ഇന്നും ജീവിച്ചിരിക്കുന്നു. വാസുപ്രദീപ്, എസ്. എ. നായർ, പി. എൻ. മേനോൻ, സി. എൻ. കരുണാകരൻ എന്നിങ്ങനെ പല പ്രമുഖരും മണ്മറഞ്ഞു.
പരിഷ്കരിച്ച ലിപിയിലുള്ള തുടർച്ച ഇനി മലയാളഭാഷാസാങ്കേതികതയ്ക്കു് സാദ്ധ്യമല്ല. ഇന്നു് ഡിടിപി രംഗത്തുള്ള ISM GIST-ന്റെ നൂറോളം വരുന്ന ‘പുതിയ’ ലിപിയിലുള്ള ഫോണ്ടുകൾ ഉപയോഗിക്കാൻ കൊള്ളാതായിക്കഴിഞ്ഞിരിക്കുന്നു. സമഗ്രലിപിസഞ്ചയത്തെ അടിസ്ഥാനമാക്കി അനേകം യൂണികോഡ് ഫോണ്ടുകളുടെ നിർമ്മിതി അടിയന്തരമായി നടക്കേണ്ടതുണ്ടു്. കലിഗ്രഫിക്–ഒർതൊഗ്രഫിക് പാരമ്പര്യങ്ങളെ അലസമായി ഉൾക്കൊണ്ട ഇരുപത്തഞ്ചു വർഷത്തെ മലയാളം ഫോണ്ടുകളെ അതിവർത്തിക്കാനുള്ള അസുലഭാവസരമാണു് ഇപ്പോൾ കൈവന്നിരിക്കുന്നതു്. അക്ഷരങ്ങളുടെ ആധുനികവൽക്കരണത്തിനു വേണ്ടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടു്. ഈയൊരു ദിശയിൽ പുതിയ ശ്രമങ്ങൾക്കു് നേതൃത്വം നൽകുന്നതു്
ആഗോളപ്രശസ്ത ‘ടെക്ക്’ ടൈപ്പ്സെറ്റിംഗ് സ്ഥാപനമായ ‘റിവർവാലി’യുടെ മേധാവി സി. വി. രാധാകൃഷ്ണനാണു്. സ്വതന്ത്ര സോഫ്റ്റ്വെയർ കൂട്ടായ്മകളിൽ ‘സിവിആർ’ എന്നു് പ്രിയങ്കരനായി അറിയപ്പെടുന്ന ഇദ്ദേഹമാണു് ‘രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രാഫി’ (rachana.org.in)-യുടെ മേൽനോട്ടം വഹിക്കുന്നതു്. ഇതിലൂടെ ലക്ഷ്യമിടുന്നതു് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയത്തിലധിഷ്ഠിതമായ യൂണികോഡ് ഫോണ്ടുകളുടെ നിർമ്മിതിയാണു്. പ്രിന്റിംഗിനായി മികച്ച ആലങ്കാരിക ഫോണ്ടുകൾ (Ornamental fonts) യൂണികോഡിൽ അടിയന്തിരമായി ഡിസൈൻ ചെയ്യേണ്ടതുണ്ടു്. പ്രധാനമായും മൂന്നു മേഖലകൾ കേന്ദ്രീകരിച്ചു് ഇൻസ്റ്റിറ്റ്യൂട്ട് കർമ്മപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു.
- ഒന്നു്:
- ആധുനിക ഡിജിറ്റൽ ടൈപോഗ്രഫിയിൽ അക്ഷരകലാകാരന്മാർക്കു് പരിശീലനം നൽകുക.
- രണ്ടു്:
- റോമൻ ഫോണ്ടുകളുടെ നിർമ്മിതിയിൽ ചെലുത്തപ്പെടുന്ന സൂക്ഷ്മതയും ഒർതൊഗ്രഫിയും മലയാളത്തിനു് ഇന്നും അന്യമാണു്. ബ്രഷുകൊണ്ടു് വരച്ചെടുക്കുന്ന അക്ഷരങ്ങളിൽ നിന്നു് ഫോണ്ടുകൾ രൂപപ്പെടുത്താനാവശ്യമായ മെതഡോളജി ഇന്നു് മലയാള അക്ഷര സാങ്കേതികതയിൽ നിലവിലില്ല. ഇതു് കണ്ടെത്തുക മലയാളം ടൈപോഗ്രഫിയുടെ പ്രാഥമിക ആവശ്യമായി മാറുന്നു. പുതിയ ഫോണ്ടുകളുടെ നിർമ്മാണത്തോടൊപ്പം പുതിയ രീതിശാസ്ത്രവും ഉരുത്തിരിച്ചെടുക്കണം. ലോഹ അച്ചുകളുടേതിൽ നിന്നു് വിഭിന്നമായി, ഡിജിറ്റൽ ടൈപോഗ്രഫിയിൽ വക്രങ്ങൾ ഘടകീകരിക്കാനും വർഗ്ഗീകരിക്കാനും കൂട്ടിച്ചേർക്കാനുമുള്ള സാദ്ധ്യതകൾ ആരാഞ്ഞുകൊണ്ടുള്ള രീതിശാസ്ത്രത്തിനാണു് മുൻഗണന കൊടുക്കുന്നതു്. ഇതിലൊരു കൃത്യത കൈവരിക്കാൻ കഴിഞ്ഞാൽ മാത്രമേ മലയാളം ടൈപോഗ്രഫി ശാസ്ത്രീയമായും കലാപരമായും മുന്നേറൂ.
- മൂന്നു്:
- പഴയ-പുതിയ തലമുറയിൽപെട്ട അക്ഷരകലാകാരന്മാരുടെ സംഗമങ്ങളും ചർച്ചകളും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഭാഷാസാങ്കേതികതയുടെ സമകാലീനാവസ്ഥകളും ടൈപോഗ്രഫിയിൽ കലാകാരന്മാരുടെ പങ്കും ഇത്തരം കൂടിച്ചേരലുകളിൽ ബോദ്ധ്യപ്പെടുത്താനാകും. ഫോണ്ടു നിർമ്മാണത്തിന്റെ സാങ്കേതികതയും രീതിശാസ്ത്രവും അവരുടെ മുമ്പിൽ അവതരിപ്പിക്കേണ്ടതുണ്ടു്. ടൈപോഗ്രഫിയിൽ പുതിയതലമുറയുടെ സാന്നിദ്ധ്യം ഫൈൻ ആർട്സ് വിദ്യാർത്ഥികളിലൂടെ ഉറപ്പിക്കാനാകും. മലയാളംടൈപോഗ്രഫിയുടെ രീതിശാസ്ത്രത്തിന്റെ വിപുലീകരണം ഈ സംഗമങ്ങളുടെ പ്രധാനപ്പെട്ടൊരു ലക്ഷ്യമായിരിക്കും.
ആസ്കി ഫോണ്ടുകൾ ഒരിക്കൽ നിർമ്മിച്ചു കഴിഞ്ഞാൽ പിന്നീടവ മാറ്റങ്ങളൊന്നും കൂടാതെ പകർത്താനും ഉപയോഗിക്കാനും കഴിയുമായിരുന്നു. യൂണികോഡ് ഫോണ്ടുകളുടെ സ്ഥിതി വ്യത്യസ്തമാണു്. ഗ്ലിഫുകളുടെ രൂപകല്പനയും ഫോണ്ടുകളുടെ നിർമ്മിതിയും മാത്രമല്ല, നിരന്തര പരിപാലനവും ടൈപ്പോഗ്രഫിയുടെ അവിഭാജ്യഘടകമായിത്തീർന്നിരിക്കുന്നു. സ്വതന്ത്ര കമ്പ്യൂട്ടിങ്ങിന്റെ പ്രവർത്തനങ്ങളിൽ വലിയൊരു പങ്കു് നീക്കിവച്ചതു് സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ മലയാളഭാഷയുടെ ചിത്രീകരണം (Rendering/shaping) മെച്ചപ്പെടുത്തുന്നതിനും മലയാളം ഫോണ്ടുകളുടെ സാങ്കേതികാടിത്തറ മെച്ചപ്പെടുത്തുന്നതിനുമാണു്. ചിത്രീകരണ സംവിധാനങ്ങളുടെ സങ്കീർണ്ണത, കാലപ്പഴക്കം, സ്റ്റാൻഡേർഡുകളുടെ മാറ്റം എന്നിവ തുടർച്ചയായി വെല്ലുവിളികളുയുർത്തുന്ന സാങ്കേതിക പ്രശ്നങ്ങളാണു്. രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫിയിലെ ഫോണ്ട് എൻജിനീയറായ രജീഷ് കെ. നമ്പ്യാര്‍ മലയാളം റെന്‍ഡറിംഗ് കുറ്റമറ്റതാക്കുന്നതില്‍ കൈവരിച്ച നേട്ടം മലയാള അതിജീവനത്തിന്റെ മൂലാധാരമായി മാറിയിരിക്കുന്നു.
മലയാളം ഫോണ്ടുകളുടെ ഭാവിനിർമ്മിതിയിൽ കലാകാരന്മാരുടെ വർദ്ധിച്ച പങ്കാളിത്തത്തിനായി പദ്ധതികളിടുമ്പോൾ കലിഗ്രഫി-ഒർതൊഗ്രഫിയുടെ അദ്ധ്വാനമൂല്യത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നു. അക്ഷരകലാകാരന്മാരുടേയും ടൈപ്പോഗ്രാഫർമാരുടെയും സർഗ്ഗാത്മകത ഫോണ്ടാക്കി മാറ്റാൻ സാമ്പത്തിക മുതൽമുടക്കുകൾ ആവശ്യമാണു്. അക്ഷരങ്ങളില്ലാതെ ഒരുതരത്തിലുള്ള പ്രസാധനവും സാദ്ധ്യമല്ലെന്നിരിക്കെ, ഫോണ്ട് നിർമ്മിതിയോടു് പ്രസാധകർ അനുവർത്തിച്ചുപോരുന്ന ഉദാസീനതയും അലംഭാവവും വെടിയേണ്ടതു് അവരുടെ നിലനില്പിനു് അത്യന്താപേക്ഷിതമാണു്. ഈയൊരു തിരിച്ചറിവു് സാംസ്കാരികം മാത്രമല്ല സാങ്കേതികവും വ്യാവസായികവും കൂടിയാണു്. സ്റ്റാൻഡേർഡൈസേഷൻ ബോഡികളും സ്റ്റാൻഡേർഡ് നിർമ്മാണവും പരിപാലനവും അവയ്ക്കിടയിലെ പൊരുത്തക്കേടുകളും കമ്പനികളുടെ ഇടപെടലും ഒക്കെച്ചേർന്നു സൃഷ്ടിക്കപ്പെടുന്ന സാങ്കേതികപരിസരത്തിൽ വ്യക്തമായ കാഴ്ചപ്പാടോടെയുള്ള സാങ്കേതിക, രാഷ്ട്രീയ ജാഗ്രതയും ഇടപെടലുകളും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.
പുതിയൊരു കർമ്മപദ്ധതിക്കായി വർഷങ്ങൾക്കു ശേഷം അക്ഷരകലാകാരന്മാർ കണ്ടുമുട്ടുമ്പോഴുള്ള സംസാരങ്ങൾക്കു് സാക്ഷിയാകുന്നതു് വിസ്മയാവഹമായൊരനുഭവമാണു്. പലരും ഇന്നു് വൃദ്ധരാണു്. ചുമരുകളിൽനിന്നു് ചുമരുകളിലേക്കുള്ള യാത്രക്കിടയിൽ പങ്കിട്ട സൗഹൃദങ്ങളും അദ്ധ്വാനവും ഇന്നും അവരുടെ ഓർമ്മകളിൽ പച്ചപിടിച്ചു നിൽക്കുന്നു. ഗ്രാമങ്ങളുടെ പാതയോരങ്ങളിലും നഗരത്തിലെ സൈൻ ബോർഡുകളിലും മാത്രം കണ്ണുനട്ടു് ചുറ്റുമുള്ള തിരക്കും ആരവങ്ങളും ശ്രദ്ധിക്കാതെ കേരളത്തിലങ്ങോളമിങ്ങോളം അവരെത്ര അലഞ്ഞിരിക്കുന്നു. കാഴ്ചയിൽ പൊടുന്നനെ വന്നു പെടുന്ന ഇതുവരെ കണ്ടിട്ടില്ലാത്ത അക്ഷരരൂപം മനസ്സിൽ ഒപ്പിയെടുത്തു് (അന്നു് മൊബൈൽ കാമറയുമൊന്നുമില്ല) വീട്ടിലെത്തുമ്പോൾ മറന്നുപോകും മുമ്പെ അവയെ പകർത്തിവെക്കാനായി അവരെന്നും ക്ഷീണവും വിശപ്പും മറന്നു. അക്ഷരത്തണ്ടുകളുടെ വണ്ണവും വളവും നേർത്ത കുനിപ്പുകളും ഇരിപ്പും പരതി അവരുടെ സൂക്ഷ്മദൃഷ്ടികൾ സഞ്ചരിച്ചു. അക്ഷരങ്ങൾ രൂപപ്പെടുമ്പോഴുണ്ടാകുന്ന കറുപ്പിന്റെയും വെളുപ്പിന്റെയും അനുപാതങ്ങളിൽ അവരുടെ രാത്രികളും പകലുകളും നഷ്ടപ്പെട്ടു. പ്രതലത്തിന്റെ വിസ്താരത്തിനും ഉൾക്കൊള്ളിക്കേണ്ട വാക്കുകൾക്കും അനുസൃതമായി അക്ഷരവലിപ്പവും ഒതുക്കവും വിസ്തൃതിയും അവർ ഓരോ നിമിഷവും ഗണിച്ചെടുത്തുകൊണ്ടിരുന്നു. ആദ്യാക്ഷരം മുതൽ അവസാനാക്ഷരം വരെ പിന്തുടരേണ്ട ജ്യാമതിയുടെയും ശൈലിയുടെയും കാലേകൂട്ടിയുള്ള ഗണന അബോധമായൊരു പ്രക്രിയയായിരുന്നു അവർക്കു്. നിശ്ചയിച്ചുറപ്പിച്ച ഓർതോഗ്രഫിക്കനുസൃതമായി ബ്രഷുകൾ ചലിക്കുമ്പോഴുണ്ടാകുന്ന കോണുകളും ചെരിവും മർദ്ദവും അവരുടെ ഏകാഗ്രതയായിരുന്നു. മതിലുകളിൽ പടർന്നു കിടക്കുന്ന അക്ഷരങ്ങളുടെ കറുപ്പും വര്‍ണ്ണവും ജീവിതത്തിന്റെ തെളിച്ചമായിരുന്നു. വാഹനങ്ങളിൽ ഓടിമറയുന്ന കാഴ്ചക്കാരിൽ സൃഷ്ടിക്കേണ്ട വായനയുടെ ഫോക്കസ്സും ഒഴുക്കും തൊഴിലിന്റെ പരമമായ ലക്ഷ്യമായി അവർ കരുതി. എണ്ണിയാലൊടുങ്ങാത്ത സൂക്ഷ്മതകളിലേക്കും സ്മൃതികളിലേക്കും അവരുടെ സംഭാഷണങ്ങൾ അങ്ങനെ നീണ്ടുപോകുന്നു. പഴയ കാലങ്ങൾ ഓർമ്മിച്ചെടുക്കാനുള്ള അവരുടെ വ്യഗ്രതയിൽ മലയാളത്തിന്റെ സൗന്ദര്യത്തിന്റെ ഒടുങ്ങാത്ത കൈപ്പാടുകളുണ്ടു്. വാസുപ്രദീപും എസ്. എ. നായരും പി. എൻ. മേനോനും അവർക്കു ചുറ്റുമിരുന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നതുപോലെ തോന്നിപ്പോകുന്ന ഒരനുഭവമാണതു്. ഇരുപതുവർഷങ്ങൾക്കപ്പുറം കേരളീയന്റെ കാഴ്ചയിൽ വിടർന്നുനിന്നിരുന്ന സൗഭാഗ്യം ഡിജിറ്റൽ കാലത്തെ ടൈപ്പുകളിൽ കാണാനാകുന്നില്ലല്ലോ എന്നോർത്തുള്ള അവരുടെ നെടുവീർപ്പുകൾ വെറും വൈയക്തികമല്ല, മാതൃഭാഷയുടേതാണെന്നറിയുക. ഇങ്ങിനി വരാതവണ്ണം മറഞ്ഞുപോയ ആ കാലവും കർമ്മവും അക്ഷരങ്ങളിൽ പുനരാവാഹിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ലെന്നു് അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുമ്പോള്‍ അവരുടെ കണ്ണുകളിൽ ആദ്യം തെളിയുന്ന അവിശ്വാസവും പിന്നീടുള്ള തിളക്കങ്ങളും ഭാഷാസാങ്കേതികതയ്ക്കു് എങ്ങനെ കണ്ടില്ലെന്നു നടിക്കാൻ കഴിയും?
1999-ൽ തിരുവനന്തപുരം വി. ജെ. ടി. ഹാളിൽ വെച്ചു നടന്ന സമർപ്പണസമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ ലഘുലേഖയിലവതരിപ്പിച്ച ആശയങ്ങൾ അക്ഷരസൗന്ദര്യത്തെക്കുറിച്ചുള്ള ‘രചന’യുടെ ദീർഘദർശനം വെളിവാക്കുന്നു. “… ലിപികളുടെ സൗന്ദര്യവും വടിവും ഒരു പൈതൃകത്തിന്റെ സംസ്കാരസാരമാണു് ഉൾക്കൊള്ളുന്നതു്. അതു് സൗകര്യാനുസരണം മാറ്റിമറിക്കുമ്പോൾ മുറിവേൽക്കുന്നതു് നമ്മുടെ സൗന്ദര്യബോധത്തിനു തന്നെയാണു്… സമഗ്രമായ ലിപിസഞ്ചയത്തിന്റെ കലിഗ്രഫിയും ടൈപോഗ്രഫിയും മലയാളികളായ കലാകാരന്മാരും സാങ്കേതികവിദഗ്ദ്ധരും ഏറ്റെടുക്കണം. മലയാള അക്ഷരങ്ങളുടെ സൗന്ദര്യത്തിനനുഗുണമായ പുതിയ അനുപാതങ്ങളും വക്രങ്ങളും ഡിജിറ്റൽ ടൈപോഗ്രഫിയിൽ മലയാളി തന്നെ കണ്ടെത്തേണ്ടതുണ്ടു്. മുദ്രണത്തിൽ മലയാളത്തിന്റെ യഥാർത്ഥ സൗന്ദര്യം ജനിക്കാനിരിക്കുന്നതേയുള്ളു.”
- അനൂപ് രാമകൃഷ്ണൻ: മലയാളത്തിന്റെ ശരീരം, മാതൃഭൂമി ആഴ്ചപ്പതിപ്പു് 89 (6), 2011 ജൂൺ 29.
- അനിവർ അരവിന്ദ്: Discussions, http://www.smc.org.
- സാനു, എം. കെ.: “ലിപികളുടെ സൗന്ദര്യം… ” (കുറിപ്പു്)/ഹുസൈൻ, കെ. എച്ച്.: മലയാളം ഡി. റ്റി. പി., രചന ലഘുലേഖ, 1999 ജൂലൈ.
- ഹുസൈൻ, കെ. എച്ച്.: മലയാളം ടൈപ്പോഗ്രഫി. കേരള പഠന കോൺഗ്രസ്സ് 2015.
- Timothy Donaldson: Shapes for sounds (cowhouse). Mark Batty Publisher, 2008.
- Celluloid Calligraphy: https://malayalamfilmtitles.wordpress. com/ and http://annyas.com/.
രചന, മീര, കേരളീയം, ഉറൂബ്, സുന്ദർ, ടിയെൻജോയ്, എഴുത്തു് എന്നീ സ്വതന്ത്ര ഫോണ്ടുകളുടെ ഡിസൈനറാണു് ലേഖകൻ.
തൃശൂർ ജില്ലയിൽ, കൊടുങ്ങല്ലൂരിൽ 1952-ൽ ജനനം. സ്കൂൾ വിദ്യാഭ്യാസം ഏറിയാടു് കേരളവർമ്മ ഹൈസ്കൂളിൽ; ഗണിതശാസ്ത്രം ഐച്ഛികമായി ആലുവ യുസി കോളേജിൽ നിന്നും ബിരുദം; കേരള സർവകലാശാലയിൽ നിന്നും ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം; മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പിഎച്ഡി. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രറി ആന്റ് ഇൻഫർമേഷൻ വിഭാഗത്തിൽ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിച്ചു. ഭാഷാസാങ്കേതികത, ലിപി രൂപകല്പന, വികസനം എന്നീ മേഖലകളിൽ കഴിഞ്ഞ മൂന്നു ദശാബ്ദമായി പ്രവർത്തിച്ചു വരുന്നു. രചന, മീര, കേരളീയം, ഉറൂബ്, സുന്ദർ, ജനയുഗം, ടിഎൻ ജോയ്, സുഗതൻ, മീര ഇനിമൈ (തമിഴ്), ഉണ്ണി (ഇംഗ്ലീഷ്) എന്നീ സ്വതന്ത്ര ഫോണ്ടുകളുടെ ഡിസൈനറാണു് ലേഖകൻ. രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണു്. ജനയുഗം പത്രത്തിന്റെ ഉല്പാദനം സ്വതന്ത്ര സോഫ്റ്റ് വേറിലേയ്ക്കുള്ള പരിവർത്തനത്തിൽ നിർണ്ണായക പങ്കു വഹിച്ചു.
വിവാഹിതനാണു്. രാജമ്മ ജീവിതപങ്കാളിയും മീര മകളുമാണു്.