മഹാമാരിയുടെ കാലത്തെ ക്രിസ്തുമസ്സിനു മുമ്പു് ബ്രിട്ടനിൽ ഉണ്ടായിട്ടുള്ള ‘ഒരു തിരുപ്പിറവി’ ലോകമാകെ ഭീതിയിലാക്കിയിരിക്കയാണു്. ബ്രിട്ടനിൽ ലോക് ഡൌൺ വീണ്ടും തുടങ്ങിയിരിക്കയാണു്. ഒരു ഡസനിലധികം യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടണിൽ നിന്നുള്ള യാത്ര നിരോധിച്ചിരിക്കയാണു്. അറബ് രാജ്യങ്ങളും യാത്രകൾ നിരോധിച്ചിരിക്കയാണു്. എയർ പോർട്ടുകളിൽ അവിടെ നിന്നും വരുന്നവരെ എൻട്രി ടെസ്റ്റുകൾക്കു വിധേയമാക്കുന്നതാണു്. ഇന്ത്യയും ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ ഡിസംബർ 23 തൊട്ടു് 31-വരെ സസ്പെൻഡ് ചെയ്തിരിക്കയാണു്. നവംബർ 23-നു ശേഷം അവിടെ നിന്നു് ഇന്ത്യയിൽ എത്തിയിട്ടുള്ളവർ ജില്ലാ ആരോഗ്യ അധികൃതരെ അറിയിക്കാനും സ്വയം മോണിട്ടർ ചെയ്യാനും കേന്ദ്ര സർക്കാർ നിർദേശം നല്കിയിട്ടുണ്ടു്.
കോറോണ വൈറസ് ഒരു RNA വൈറസ് ആയതിനാൽ കൂടുതലായി മ്യൂട്ടേഷനുകൾക്കു സാധ്യതയുണ്ടു്. കോവിഡ് (VUI-202012/01) വൈറസ്സുകളുടെ ജനിതക ശ്രേണിയിലെ ചെറിയൊരു വ്യത്യാസമാണു് ഇപ്പോഴുണ്ടായിട്ടുള്ള മ്യൂട്ടേഷനുകൾ. ഇതിലൂടെ വൈറസിന്റെ അടിസ്ഥാന സ്വഭാവം മാറുന്നില്ല. മാസന്തോറും ഈ വൈറസിനു് ശരാശരി രണ്ടെങ്കിലും മ്യൂട്ടേഷനുകൾ ഉണ്ടായിട്ടുണ്ടു്. ഒരു സ്ട്രെയിൻ പരമാവധി 23-ഓളം മ്യൂട്ടേഷനുകൾക്കു് വിധേയമായിട്ടുണ്ടു്. അതിനർത്ഥം 2020 ജനുവരിയിൽ വൂഹാനിൽ ഉണ്ടായിരുന്ന പൂർവികരിൽ നിന്നും ഇന്നു് ലോകത്താകെ പടർന്ന വൈറസുകൾക്കു അനേകം ജനിതകമാറ്റങ്ങൾ ഉണ്ടായതാണു് എന്നാണു്.
കോവിഡ്-19 ജീനോമിക്സ് യു. കെ. കൺസോർഷ്യം ആണു് ഈ വ്യതിയാനം ഗവേഷണത്തിലൂടെ കണ്ടെത്തിയതു്. യു. കെ.-യിലെ നാലു പൊതുജനാരോഗ്യ ഏജൻസികൾ, സംഗേർ ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ 12 ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സംരംഭമായ ഈ കൺസോർഷ്യം ഇക്കഴിഞ്ഞ ഏപ്രിലിൽ സ്ഥാപിതമായതു മുതൽ നിരന്തരം റാൻഡം സാമ്പിളുകളിൽ ജനിതക പഠനങ്ങൾ നടത്തിപ്പോന്നിരുന്നു. ഏപ്രിൽ മുതൽ 140,000 വൈറസ് ജീനോമുകൾ പഠനവിധേയമാക്കിയിട്ടുണ്ടു്. വിദഗ്ദ്ധർ പറയുന്നതു്, 4000-ത്തോളം ജനിതക വ്യതിയാനങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ടെന്നാണു്. എന്നാൽ ഒട്ടു മിക്കവാറും വ്യതിയാനങ്ങൾ വൈറസിന്റെ ‘സ്വഭാവ സവിശേഷതകളിൽ’ പ്രസക്തമായ മാറ്റങ്ങളുണ്ടാക്കിയിട്ടില്ല.
ഏതായാലും കോവിഡ് വൈറസ് ഇടയ്ക്കിടെ വേഷം മാറി മാറി വ്യാപന ശക്തി കൂടി വരുന്നതിനാൽ നമ്മൾ ശാരീരിക അകലം പാലിക്കൽ, മാസ്ക് ഉപയോഗം, കൈകഴുകൽ, ശുചിത്വം ഇവ തുടർന്നും പാലിക്കുക.
2020 ഡിസംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ അവിടെ രോഗികളുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനവിനോടൊപ്പം യൂനിവേഴ്സിറ്റി ഓഫ് ബെർമിങ്ങ്ഹാമിലെ ജീനോമിസ്റ്റുകൾ ‘ഫൈലോജനിക്ക് ട്രീ’ അനാലിസിസിൽ ശാഖകൾ നിറയെ അപരിചിതമായ പൂക്കൾ പോലെ പുതിയ ജനിതക വ്യത്യാസങ്ങൾ കണ്ടു.
സെപതംബർ 20-നു് ആദ്യമായി കണ്ടെത്തിയ B.1.1.7 എന്ന പുതിയ തരം സ്ട്രെയിൻ വൈറസുകൾക്കാണു് ഈ മാറ്റമുണ്ടായിട്ടുള്ളതു്. സ്പെയിനിൽ പിറവി കൊണ്ട ഈ സ്ട്രെയിൻ 20 ശതമാനത്തിൽ നിന്നും ഇപ്പോൾ അവിടെയുള്ള കോവിഡ് വൈറസുകളിൽ 60 ശതമാനമായി വളർന്നു. ഇംഗ്ലണ്ടിനു തെക്കുകിഴക്കു ഭാഗത്തായിട്ടാണു് ഈ വൈറസ് സ്ട്രെയിൻ കൂടുതലായി കാണപ്പെടുന്നതു്. ലണ്ടൻ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ കേസുകളും ഇപ്പോൾ ഈ വൈറസ് മൂലമാണു്. ഇതിനെത്തുടർന്നു് യു. കെ.-യിലെ ചിലഭാഗങ്ങളിൽ കടുത്ത ലോക്ഡൗൺ നടപ്പാക്കിക്കഴിഞ്ഞു.
B.1.1.7-ൽ പ്രധാനപ്പെട്ട പതിനേഴോളം വ്യതിയാനങ്ങളാണു് ഉള്ളതായി സംശയിക്കപ്പെടുന്നതു് ഇതിൽ എട്ടെണ്ണം വൈറസിനു കോശങ്ങളുടെ ഉള്ളിലേക്കു കടക്കാനുള്ള താക്കോലായി പ്രവർത്തിക്കുന്ന സ്പൈക് പ്രോട്ടീന്റെ (Spike protein) മേലുള്ള വ്യതിയാനമാണു്. ഇതിൽത്തന്നെ രണ്ടെണ്ണം മാത്രമേ പ്രശ്നമുണ്ടാക്കുകയുള്ളൂ എന്നാണു് ശാസ്ത്രജ്ഞർ വിലയിരുത്തുന്നതു്. ഒന്നാമത്തേതു്, N501y എന്നറിയപ്പെടുന്ന ഈ പ്രോട്ടീന്റെ പ്രധാന വ്യതിയാനം ശ്വാസകോശത്തിലെ വൈറസ് ബാധിക്കുന്ന ACE 2 റിസപ്റ്റർ ഉള്ള ഭാഗങ്ങളിൽ ഒട്ടിപ്പിടിച്ചു് വൈറസിനെ കൂടുതൽ എളുപ്പത്തിൽ മനുഷ്യരിലേക്കു കടക്കാൻ സഹായിക്കാം എന്നു് സംശയിക്കപ്പെടുന്നു. പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നതു് സാധാരണ വൈറസിനെക്കാൾ എഴുപതു ശതമാനം കൂടുതൽ വേഗത്തിൽ പുതിയ സ്ട്രെയിനിനു പടർന്നുപിടിക്കാനാകും എന്നാണു്. ഇതു് മൂലം പകർച്ചാ സാധ്യത (R0) ഇപ്പോഴുള്ളതിൻ നിന്നും 0.4 അധികമാകാം.
രണ്ടാമത്തെ പ്രധാന വ്യതിയാനം 69-70del എന്നറിയപ്പെടുന്ന രണ്ടു് അമിനോ ആസിഡുകളുടെ മാറ്റമാണു്. ഇതു് രോഗബാധിതരിലെ കൊവിഡിനെതിരെയുള്ള പ്രതിരോധത്തെ ബാധിക്കുന്നതാണു്. ഇത്തരം വൈറസ് ബാധയുള്ളവരിലെ പ്ലാസ്മയിൽ ആന്റിബോഡിയുടെ അളവു് കുറഞ്ഞതായി കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ പഠനം കണ്ടെത്തിയിട്ടുണ്ടു്. പ്രതിരോധ ശക്തി കുറഞ്ഞവരെ ഇതു് ദോഷകരമായി ബാധിക്കാം എന്നു സംശയിക്കുന്നു.
കോവിഡ് രോഗികളുടെ ശരീരത്തിൻ ദീർഘകാലം വൈറസുകൾ ഇങ്ങനെ നിൽക്കുമ്പോൾ അവ തമ്മിൽ അതിജീവനത്തിനുള്ള മത്സരമുണ്ടാകുന്നതു് കൊണ്ടാണു് ഇങ്ങനെ ജനിതക വ്യതിയാനം ഉണ്ടാക്കുന്നതു എന്നതാണു ശാസ്ത്രം. ഇങ്ങനെ സംഭവിക്കുമ്പോൾ വ്യതിയാനം ഉണ്ടായ വൈറസുകൾക്കു് മറ്റുള്ളവയെ മറികടന്നു് കൂടുതൽ ആളുകളിലേക്കു് കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ പറ്റുന്നു. ഇങ്ങനെ ഉണ്ടാകുമ്പോൾ അവയുടെ infectivity കൂടുകയല്ലാതെ മാരകതീവ്രത കൂടാൻ സാധ്യതകൾ, പരിണാമ സിദ്ധന്തപ്രകാരം, ഇല്ല. വേഗം പടർന്നു പിടിക്കാൻ കഴിവുണ്ടായാൽ പോലും കൂടുതൽ അപകടകാരിയാവണം എന്നില്ല. ഇതിനു തെളിവു് D614G എന്ന പേരിൽ അറിയപ്പെടുന്ന വ്യതിയാനം വന്ന കോവിഡ് വൈറസ് ആണു് കേരളത്തിലും ഉള്ളതു്. ഇതു് വേഗം പടർന്നു പിടിക്കുമെങ്കിലും കൂടിയ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ല എന്നതു് അറിയാവുന്ന കാര്യമാണു്. സാധാരണ നോവൽ കൊറോണ വൈറസിനെ അപേക്ഷിച്ചു് കൂടുതൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ ഈ സ്ട്രെയിനിനു കഴിവില്ല എന്ന കാര്യത്തിൽ നിലവിലുള്ള അറിവു വെച്ചു എല്ലാവരും യോജിക്കുന്നു. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളിലും കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നു് പ്രതീക്ഷിക്കുന്നു.
നിലവിൽ നാം നിർമ്മിച്ചിരിക്കുന്ന ഭൂരിഭാഗം വാക്സിനുകളും വൈറസിന്റെ മുഴുവൻ സ്പൈക് പ്രോട്ടീൻ കേന്ദ്രങ്ങൾക്കും എതിരെയാണു് പ്രവർത്തിക്കുന്നതു്. അതുകൊണ്ടുതന്നെ വൈറസ് അതിന്റെ സ്പൈക് പ്രോട്ടീനിൽ ഒരു കേന്ദ്രത്തിൽ മാത്രം വ്യതിയാനം വരുത്തിയാൽ വാക്സിൻ പ്രവർത്തിക്കാതിരിക്കില്ല. വൈറസ് സാവധാനം സ്പൈക് പ്രോട്ടീന്റെ ഘടനയിൽ വ്യത്യാസം വരുത്തുന്നുണ്ടു് എങ്കിലും വാക്സിന്റെ ഫലം പൂർണമായും തടയാൻ നിലവിലുള്ള വ്യതിയാനങ്ങൾ മതിയാകില്ല.
പുതിയ വർഷത്തെ വരവേൽക്കാൻ ഒരുങ്ങിയും കോവിഡിനു് എതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തി എന്നു ലോകം ആശ്വസിച്ചും നിൽക്കുമ്പോഴാണു് ഈ വാർത്തകൾ പുറത്തു വരുന്നതു്. വൈറസിന്റെ മേലുള്ള പ്രോട്ടീനുകളിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആന്റിബോഡികളും പ്രതിരോധ സെല്ലുകളും നിർമ്മിക്കാൻ ശരീരത്തെ പ്രേരിപ്പിച്ചു കൊണ്ടാണു് വാക്സിൻ പ്രവർത്തിക്കുന്നതു്. നിലവിൽ നാം നിർമ്മിച്ചിരിക്കുന്ന ഭൂരിഭാഗം വാക്സിനുകളും വൈറസിന്റെ മുഴുവൻ സ്പൈക് പ്രോട്ടീൻ കേന്ദ്രങ്ങൾക്കും എതിരെയാണു് പ്രവർത്തിക്കുന്നതു്. അതുകൊണ്ടുതന്നെ വൈറസ് അതിന്റെ സ്പൈക് പ്രോട്ടീനിൽ ഒരു കേന്ദ്രത്തിൽ മാത്രം വ്യതിയാനം വരുത്തിയാൽ വാക്സിൻ പ്രവർത്തിക്കാതിരിക്കില്ല. വൈറസ് സാവധാനം സ്പൈക് പ്രോട്ടീന്റെ ഘടനയിൽ വ്യത്യാസം വരുത്തുന്നുണ്ടു് എങ്കിലും വാക്സിന്റെ ഫലം പൂർണമായും തടയാൻ നിലവിലുള്ള വ്യതിയാനങ്ങൾ മതിയാകില്ല. എന്നാൽ ഇത്തരത്തിൽ സ്പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനങ്ങൾ തുടർന്നാൽ ഭാവിയിൽ ചില വാക്സിനുകളുടെ ഫലം കുറഞ്ഞേക്കാം. പക്ഷേ, നാം ഇപ്പോൾ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന വാക്സിനുകൾ (RNA, Vector) ചെറിയ വ്യത്യാസങ്ങളൊക്കെ വരുത്താൻ പറ്റുന്നവയാണു്. ഭാവിയിൽ വൈറസ് വാക്സിനെതിരെ പ്രതിരോധം നേടിയാലും അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പുതിയ വാക്സിൻ ഇറക്കാൻ അധികം സമയമെടുത്തേക്കില്ല.
ലോകത്തു് എവിടേയും കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും അനേകം പേരെ പെട്ടെന്നു രോഗികളാക്കുകയും അങ്ങനെ ആരോഗ്യ സംവിധാനത്തിന്റെ ഭാരം കൂട്ടുകയും ചെയ്യാൻ പെട്ടെന്നു് പടർന്നു പിടിക്കുന്ന ഈ വൈറസിനു കഴിയുമെന്നതാണു് പ്രസക്തമായ കാര്യം. പ്രാദേശികമായ അടച്ചിടലുകളും വിമാനയാത്രകൾ റദ്ദാക്കലും താൽകാലികമായ മുൻകരുതലുകൾ നടപടി മാത്രമാണു്. ഇതു കൊണ്ടു് വ്യാപനത്തിന്റെ വേഗത കുറക്കാൻ പറ്റിയേക്കും. ഇതു് കഴിഞ്ഞാൽ എങ്ങിനേയും വൈറസുകൾ മറ്റു മാർഗ്ഗങ്ങൾ തേടി മനുഷ്യരിലൂടെ പ്രതിരോധം ഇല്ലാത്തവരിലെത്തും. ആയതിനാൽ പല രാജ്യങ്ങളിലെ അധികാരികളും പുതിയ ഇനം വൈറസ് കൂടുതൽ പടരാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തിയിരിക്കുന്നതു്. കൂടുതൽ വെളിച്ചം വീശുന്ന തരത്തിലുള്ള ഗവേഷണ ഫലങ്ങൾ വരും ദിവസങ്ങളിലേ അറിയാൻ കഴിയൂ.
ലോകത്തെ മിക്കവാറും രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരാർദ്ധഗോളത്തിൽ ശൈത്യകാലവും കൂടെ ക്രിസ്തുമസ് ആഘോഷവേളയും ആയതിനാൽ അടഞ്ഞ മുറികൾക്കുള്ളിൽ ജനങ്ങൾ കൂടുതൽ അടുത്തിടപഴകുന്ന സാഹചര്യമാണു് വരാൻ പോവുന്നതു്. ഇതു് ഇവിടേയും എത്തിയോ എന്നു് നമ്മൾക്കറിയില്ല. ഏതായാലും കോവിഡ് വൈറസ് ഇടയ്ക്കിടെ വേഷം മാറി മാറി വ്യാപന ശക്തി കൂടി വരുന്നതിനാൽ നമ്മൾ ശാരീരിക അകലം പാലിക്കൽ, മാസ്ക് ഉപയോഗം, കൈകഴുകൽ, ശുചിത്വം ഇവ തുടർന്നും പാലിക്കുക. അമേരിക്കയിലെ സ്ക്രിപ്സ് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞൻ അൻഡേഴ്സൺ-ന്റെ അഭിപ്രായത്തിൽ വൈറസിനെ സൂക്ഷ്മമായി പരിശോധിച്ചു് നേരത്തെ തന്നെ വ്യതിയാനങ്ങൾ കണ്ടെത്തി തുടർച്ചയായി അതിന്റെ പരിണിത ഫലങ്ങൾ എന്താണെന്നു് തുടരന്വേഷണങ്ങളിലൂടെ പഠിക്കേണ്ടതുണ്ടു്.

പ്രൊഫെസ്സർ, കമ്മ്യൂണിറ്റി മെഡിസിൻ ആന്റ് എപിഡിമിയോളജി വിദഗ്ദ്ധൻ. ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോടു്.