images/jeevan-cognition-cover.jpg
Hieroglyphics on a funerary stela, a photograph by Thursby .
വായിക്കാനറിയാത്ത കുട്ടികൾക്കായി വായനയുടെ മസ്തിഷ്കശാസ്ത്രം
ജീവൻ ജോബ് തോമസ്

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ വളരെ സൂക്ഷ്മമായ ഒരു പ്രശ്നം അടുത്തകാലത്തായി ചർച്ചകൾക്ക് വിധേയമാകുന്നുണ്ടു്. കുട്ടികൾ ബഹുഭൂരിപക്ഷവും പരീക്ഷയിൽ ജയിക്കുകയും നല്ല മാർക്ക് വാങ്ങുകയുമൊക്കെ ചെയ്യുന്നു. എങ്കിലും വലിയ ഒരു വിഭാഗം കുട്ടികൾക്കും വായിക്കാനും എഴുതാനും ഉള്ള കഴിവു് വല്ലാതെ കുറഞ്ഞു വരുന്നതായി പറയപ്പെടുന്നു. ഇതു് പറയുന്നതു് മിക്കവാറും അദ്ധ്യാപകർ തന്നെയാണു്. സ്കൂൾ അദ്ധ്യാപകരോടു് സംസാരിച്ചാൽ ഒട്ടു മിക്കപേരും ആദ്യമേ പറയുന്ന ഒരു കാര്യവും അതു് തന്നെ. എഴുത്തിലും വായനയിലും ഒരു വലിയ വിഭാഗം കുട്ടികൾ സാരമായ പ്രതിസന്ധി നേരിടുന്നു.

ഈ പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണു് പൊതുവിദ്യാഭ്യാസ ഡയറക്ടർ സെപ്തംബർ 30-നു് (2014) കേരളത്തിലെ എല്ലാ സർക്കാർ പ്രൈമറി സ്കൂളുകളിലെയും പ്രധാന അദ്ധ്യാപകർക്കായി എഴുതിയ കത്തു്. നമ്മുടെ സ്കൂളുകളിലെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾ എല്ലാവരും നവംബർ ഒന്നിനകം ആ ക്ലാസുകളിൽ പഠിക്കുന്നവർക്ക് നിർവചിക്കപ്പെട്ടിട്ടുള്ള വിധത്തിൽ എഴുതാനും വായിക്കാനും ഉള്ള കഴിവു് ആർജ്ജിച്ചിരിക്കണം എന്നാണു് കത്തിൽ പറയുന്നതു്. വിദ്യാഭ്യാസ വ്യവസ്ഥയിലെ സൂക്ഷ്മമായ പ്രശ്നത്തെ ഇതു് പുറത്തു കൊണ്ടുവരുന്നു എന്ന തരത്തിൽ വിവിധ പത്രങ്ങൾ ഈ കത്തിനെ മുൻനിർത്തി വിശദമായ വാർത്തകൾ നൽകിയിരുന്നു.

2014-ൽ കാസർഗോഡ് ജില്ലയിൽ വലിയ വിഭാഗം കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ല എന്ന പരാതി ഉയർന്നപ്പോൾ ഡയറ്റ് ഒരു പഠനം നടത്തി. മൂന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 85,332 കുട്ടികളിൽ നടത്തിയ പഠനം പ്രകാരം 15,000 പേർക്കും അക്ഷരമറിയില്ല എന്നു് തിരിച്ചറിഞ്ഞു. പിന്നീടു് ആ പ്രശ്നത്തെ പരിഹരിക്കാൻ കാസർഗോഡ് ജില്ലയിൽ മാത്രമായി “സാക്ഷരം 2014” എന്ന പേരിൽ ഒരു പ്രത്യേക പദ്ധതി വിദ്യാഭ്യാസ വകുപ്പു് നടപ്പിലാക്കി.

ഈ പറയുന്ന തരത്തിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നറിയാൻ പരിചയമുള്ള ഭാഷാദ്ധ്യാപകരെ പലരെയും വിളിച്ചു സംസാരിച്ചു. അവരിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞതു് പുതിയ തലമുറയുടെ വായിക്കാനുള്ള കഴിവിൽ സംഭവിച്ചിരിക്കുന്ന സാരമായ പ്രശ്നമാണു്. എന്നെ പ്ലസ്ടു തലത്തിൽ മലയാളം പഠിപ്പിച്ച പുല്ലുവഴി ജയകേരളം സ്കൂളിലെ അദ്ധ്യാപിക മോളി എബ്രഹാം ടീച്ചർ സ്വന്തമായി നടത്തിയ അന്വേഷണത്തെ കുറിച്ചും പറഞ്ഞു. സ്കൂളിലെ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓണപ്പരീക്ഷയുടെ അവസാന ദിവസം പ്രത്യേകമായി പേപ്പർ കൊടുത്തു് മലയാളം അക്ഷരമാല എഴുതാൻ ആവശ്യപ്പെട്ടു. ആയിരത്തിഅഞ്ഞൂറോളം കുട്ടികളെ കൊണ്ടു് ഇങ്ങനെ മലയാളം അക്ഷരമാല പരീക്ഷാ അവസ്ഥയിൽ എഴുതിച്ചു. ആ കുട്ടികളിൽ മൂന്നു് ബംഗാളി കുട്ടികൾ ഒഴിച്ച് ബാക്കി എല്ലാവരും മലയാളികൾ തന്നെയാണു്. മലയാളം ചെറിയ ക്ലാസിൽ നിന്നും പഠിച്ചു വളർന്നവർ. ആ കുട്ടികളിൽ എൺപതു പേർ മാത്രമാണു് കൃത്യമായി അക്ഷരമാല തെറ്റു് കൂടാതെ എഴുതിയതു്.

മോളി ടീച്ചറുടെ പഠനം ഔദ്യോഗികമായ ഒരു കണക്കായി വിലവെയ്ക്കാനാവില്ലെങ്കിലും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഭാഷാദ്ധ്യാപകർ പറയുന്ന കാര്യമെന്താണു് എന്നു് മനസ്സിലാക്കാൻ സഹായിക്കുന്നതാണു്. സർവകലാശാലാ തലത്തിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന കുട്ടി തന്റെ പേരു് ചന്ദ്രക്കല ഒഴിവാക്കി എഴുതിയിരിക്കുന്നതു് കണ്ടു് വായിക്കാൻ കഴിയാതെ നിന്നതിനെ കുറിച്ച് പറഞ്ഞ അദ്ധ്യാപകനെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണു്. പരിചയമില്ലാത്ത പാഠഭാഗങ്ങൾ വായിക്കാൻ എഴുന്നേൽപ്പിച്ചു നിർത്തുമ്പോൾ കുട്ടികളുടെ മുഖത്തെ വലിഞ്ഞു മുറുകിയ ഭാവത്തെ കുറിച്ച് പറഞ്ഞതു് മനസ്സിലാക്കാൻ സഹായിക്കുന്നതാണു്.

എന്താണു് ആത്യന്തികമായ പ്രശ്നം? വായിക്കുന്നതിൽ എന്തുകൊണ്ടാണു് പുതിയ കാലത്തെ കുട്ടികൾ കൂടിയ അളവിൽ പരാജയപ്പെടുന്നതു്? ഈ ചോദ്യത്തിന്റെ ഉത്തരം തേടേണ്ടതു് മനുഷ്യർ എങ്ങനെയാണു് വായിക്കുന്നതു് എന്ന തലത്തിലാണു് എന്നു് തോന്നി. വായനയെ സംബന്ധിക്കുന്ന സൂക്ഷ്മമായ ചില കാഴ്ചപ്പാടുകളെ മുൻനിർത്തിക്കൊണ്ടാണു് നമ്മുടെ പഠന പദ്ധതിയിലെ ഭാഷാപഠനത്തിന്റെ രീതിശാസ്ത്രം മെനഞ്ഞെടുത്തിട്ടുള്ളതു്. ആ രീതിശാസ്ത്രം മനുഷ്യന്റെ വായനാ പ്രക്രിയയുമായി എത്രമാത്രം ഒത്തുപോകുന്നതാണു് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ടു്.

വായന എന്നതു് ഒരു മസ്തിഷ്ക പ്രവർത്തനമാണല്ലോ. മസ്തിഷ്ക പ്രവർത്തനങ്ങളെ സൂക്ഷ്മമായി അവലോകനം ചെയ്യാനുള്ള സാദ്ധ്യതകൾ സാങ്കേതികമായി വികസിച്ചു വന്നിട്ടു് കാലം അധികം ആയില്ല. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ വികസിച്ചു വന്ന സ്കാനിംഗ് സങ്കേതങ്ങളുടെ വികാസം ആണു് ന്യൂറോസയൻസിനെ കരുത്തുറ്റ ഒരു മേഖലയാക്കി വളർത്തിയതു്. ആ വഴികളിലൂടെ മനുഷ്യന്റെ വായന എന്ന പ്രക്രിയ എങ്ങനെയാണു് നടക്കുന്നതു് എന്നു് തിരിച്ചറിയപ്പെടുന്നതു് വളരെ അടുത്ത കാലത്താണു്. അങ്ങനെ തിരിച്ചറിയപ്പെട്ട അറിവുകളെ നമ്മുടെ സമകാലീന വിദ്യാഭ്യാസ വ്യവസ്ഥയിലെ വായനയെ സംബന്ധിക്കുന്ന തത്വശാസ്ത്രവുമായി താരതമ്യം നടത്തുക എന്ന വഴി നമുക്ക് സ്വീകരിക്കാവുന്നതാണു്.

നമ്മുടെ പൊതുവിദ്യാഭ്യാസ പദ്ധതിയിൽ വായനയെ സംബന്ധിക്കുന്ന കാഴ്ചപ്പാടിൽ വളരെ പ്രധാനപ്പെട്ട ഒരു വ്യതിയാനം തൊണ്ണൂറുകളുടെ അവസാനം സംഭവിച്ചിരുന്നു. ഡി. പി. ഇ. പി.-യുടെ ആരംഭത്തോടെ പഠനത്തെ സംബന്ധിക്കുന്ന തത്വചിന്ത തന്നെ പരിഷ്കരിക്കപ്പെട്ടു. പിന്നീടു് സർവ്വ ശിക്ഷാ അഭിയാൻ വന്നതോടെ ആ തത്വചിന്ത കൂടുതൽ വ്യക്തമായ ബോധത്തോടെ നടപ്പാക്കപ്പെടുകയായിരുന്നു. പഠനത്തെ കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതമാക്കുക എന്ന ആശയത്തെ മുൻനിർത്തിയാണു് ആ തത്വചിന്ത വികസിപ്പിച്ചിരുന്നതു്. മനഃശാസ്ത്രപരമായി കാലങ്ങളായി പലവിധത്തിലുള്ള ആശയങ്ങൾ പഠനത്തെ സംബന്ധിക്കുന്ന തത്വശാസ്ത്രത്തെ നിർണ്ണയിക്കുന്നതായി വികസിച്ചു വന്നിട്ടുണ്ടു്. ഡി. പി. ഇ. പി. ആരംഭിക്കുന്നതിനു മുൻപു് പാരമ്പര്യമായി ഇവിടെ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയെ ബീഹേവ്യറിസം (Behaviourism) എന്നു് വിളിക്കാവുന്ന മനഃശാസ്ത്ര സാദ്ധ്യതയുമായാണു് ഏറ്റവും അധികം ഇണക്കി ചേർക്കാവുന്നതു്. കുട്ടികളെ ശാരീരിക പീഡനം പോലും ഏൽപ്പിച്ചുകൊണ്ടു് അദ്ധ്യാപകർക്ക് അപ്രമാദിത്വമുള്ള അധികാരം നൽകിയിരുന്ന രീതിയായിരുന്നു അതു്. വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ഈ രീതിയെ കൺസ്ട്രക്റ്റിവിസം (Constructivism) എന്നു് വിളിക്കാവുന്ന ആശയ പദ്ധതി കൊണ്ടാണു് പകരംവച്ചതു്. പഠിതാവിനെ ഒരു സാമൂഹിക ജീവിയായി കണ്ടു് നിരന്തരം സാമൂഹിക ഇടപെടലിലൂടെ അറിവു് നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയായിട്ടാണു് ആ രീതിശാസ്ത്രം തിരിച്ചറിയുന്നതു്. അതുകൊണ്ടു് തന്നെ ക്ലാസ് മുറിയിലെ പഠനം വ്യക്തിയുടെ നൈസർഗ്ഗികമായ ജൈവചോദനയുടെ സ്വാഭാവികമായ വിപുലീകരണമായി കാണുന്നു. 2005-ൽ പുറത്തിറക്കിയ നാഷണൽ കരിക്കുലം ഫ്രേംവർക്കും (National Curriculam Framework) 2007-ൽ പുറത്തിറക്കിയ കേരള കരിക്കുലം ഫ്രേംവർക്കും സോഷ്യൽ കൺസ്ട്രക്റ്റിവിസത്തിൽ ഊന്നിയ പുതിയ പാഠ്യപദ്ധതിയെ വിശദമായി അവതരിപ്പിക്കുന്നു.

ഈ പാഠ്യപദ്ധതി വായനയെ സമീപിക്കുന്നതു് പരമ്പരാഗതമായി നിലനിന്നിരുന്ന രീതിയിൽനിന്നും വ്യത്യസ്തമായിട്ടാണു്. ഹോൾ ലാങ്ഗ്വേജ് അപ്രോച്ച് (Whole Language Approach) എന്ന പേരിൽ അറിയപ്പെടുന്ന ഭാഷാപഠന രീതിയാണു് ഇതു്. പരമ്പരാഗതമായി നമുക്കിടയിൽ നിലനിന്നിരുന്ന ഭാഷാപഠന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണു് ഈ രീതി. ഈ രീതികളിലെ വ്യത്യാസങ്ങളും അവ രണ്ടും നമ്മുടെ തലച്ചോറിൽ പ്രവർത്തിക്കുന്ന രീതിയും മനസ്സിലാക്കിയാൽ ഇന്നു് നിലനിൽക്കുന്ന പ്രശ്നത്തിന്റെ കാരണത്തിലേക്ക് നമുക്ക് ഒരു ചൂണ്ടുപലക കിട്ടും.

അക്ഷരങ്ങളിലൂടെയുള്ള ആശയ വിനിമയം ആരംഭിക്കുന്നതിനു മുൻപുതന്നെ രൂപംകൊണ്ടതാണു് എഴുത്തിലൂടെയുള്ള ആശയവിനിമയത്തിന്റെ രീതി. ചിത്രലേഖനത്തിന്റെ രീതിയായിരുന്നു അതു്. നമുക്ക് കണ്ടാൽ തിരിച്ചറിയാവുന്ന വസ്തുക്കളെയും പ്രവർത്തികളെയും വിവിധ ചിഹ്നചിത്രങ്ങളായി അടയാളപ്പെടുത്തി ഉപയോഗിക്കുകയായിരുന്നു ആ രീതി. എന്നാൽ നമുക്ക് പരിചിതമായ പല ആശയങ്ങളെയും ആ വിധത്തിൽ ചിത്രമാക്കുക ബുദ്ധിമുട്ടായിരിക്കും. ഉദാഹരണത്തിനു് ‘നല്ലതു്’, ‘ചീത്ത’, ‘നീതി’, ‘സ്വാതന്ത്ര്യം’ തുടങ്ങിയ ആശയങ്ങളെ ചിഹ്നവൽക്കരിക്കുമ്പോൾ അതു് എല്ലാവർക്കും ഒരുപോലെ മനസ്സിലാകണം എന്നില്ല. ആയിരക്കണക്കിനു് ചിഹ്നങ്ങൾ ഉള്ള ആശയലിപി രൂപം കൊണ്ടതു് ഇങ്ങനെയാണു്. പുരാതന ഈജിപ്തിലെ ഹീറോഗ്ലിഫ്സ് ഇത്തരത്തിലുള്ള എഴുത്തു് രീതിയാണു്. ഈ ആശയലിപി ആർക്കും എളുപ്പത്തിൽ വായിക്കാനാകില്ലായിരുന്നു. അതിനു സവിശേഷമായ പഠനപദ്ധതിയിലൂടെ തന്നെ കടന്നു പോകേണ്ടിയിരുന്നു. എഴുത്തും വായനയും സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ളവർക്കു് മാത്രമായി പരിമിതപെട്ടു നിന്നിരുന്നു. പുരാതന ചൈനീസ് സംസ്കാരം അതിന്റെ ആശയവിനിമയത്തിനായി അൻപതിനായിരത്തിലധികം ആശയചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നു. അതിൽ അയ്യായിരത്തോളം എണ്ണം ഇന്നും ആ ഭാഷയിൽ നിലനിൽക്കുന്നു. അതികഠിനമായ പ്രക്രിയയായിരുന്നു ഈ തരത്തിലുള്ള ആശയലിപി വഴിയുള്ള വായനയും എഴുത്തും അഭ്യസിക്കൽ.

images/sfn-EgyptHieroglyph.jpg
ഈജിപ്ഷ്യൻ ഹീറോഗ്ലിഫ്സ്

ഇതു് 2000 ബിസിയ്ക്ക് മുൻപുള്ള കാര്യം. പുരാതന ഈജിപ്തിലെ ഫിനീഷ്യ എന്ന സ്ഥലത്തു് നിന്നുമാണു് കൂടുതൽ നൂതനമായ ഭാഷയെ സംബന്ധിച്ച ആശയം ഉത്ഭവിച്ചതു്. ആരാണു് ആദ്യമായി ഇതു് കണ്ടെത്തിയതു് എന്നൊന്നും അറിയില്ല. പക്ഷെ, കണ്ടെത്തിയാൽ മനസ്സിലാക്കാവുന്നതു് സംസാരഭാഷയുടെ അതിവിശിഷ്ടമായ ഒരു സ്വഭാവമാണു്. നമ്മൾ പറയുന്ന ഓരോ ശബ്ദത്തെയും ചെറിയ ചെറിയ യൂണിറ്റുകളായി തരംതിരിക്കാമെന്നും അടിസ്ഥാനപരമായി നിലനിൽക്കുന്ന കുറെ യൂണിറ്റുകളുടെ അനേകായിരം വ്യത്യസ്തതരം വിന്യാസങ്ങൾ ആണു് നമ്മൾ സംസാരിക്കുന്ന ഭാഷ എന്നതുമായിരുന്നു ആ കണ്ടെത്തൽ. ആ അടിസ്ഥാന യൂണിറ്റുകളെ സൂചിപ്പിക്കാൻ പാകത്തിനുള്ള ചിഹ്നങ്ങളെ നിർവചിക്കുകയായിരുന്നു ആ കണ്ടെത്തലിന്റെ ഏറ്റവും അടിസ്ഥാനഭാഗം. കേൾക്കുന്ന ശബ്ദത്തിൽ നിന്നും എഴുതുന്ന ഭാഷയിലേക്കും എല്ലാവർക്കും ഒരുപോലെ വായിക്കാനാകുന്ന ഭാഷയിലേക്കും ഉള്ള പരിണാമം സംഭവിച്ചതു് അങ്ങനെയാണു്. അക്ഷരമാലയാണു് ഈ കണ്ടെത്തൽ. ഒരു പക്ഷെ, മനുഷ്യചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ കണ്ടെത്തൽ അക്ഷരമാലയുടെ കണ്ടെത്തലായിരിക്കും. ആശയലിപിയിൽ നിന്നും അക്ഷരമാലയിലേയ്ക്കുള്ള പരിണാമമാണു് മനുഷ്യന്റെ ബൗദ്ധിക പുരോഗതിയുടെ വേഗത വർധിപ്പിച്ചതു്. ഒരു വലിയ ജനസംഖ്യയിലുള്ള എല്ലാവർക്കും വായിക്കാനും എഴുതാനും പാകത്തിനുള്ള സാഹചര്യം ഒരുക്കിയതു് അക്ഷരമാലയിലുള്ള എഴുത്തു് രീതിയാണു്.

images/sfn-chomsky.png
നോം ചോംസ്കി

ഈ അക്ഷരമാലാക്രമത്തെ അടിസ്ഥാനപ്പെടുത്തിയാണു് പാരമ്പര്യമായി തന്നെ എല്ലാ സംസ്കാരങ്ങളിലെയും വായനയുടെയും എഴുത്തിന്റെയും പഠനസംസ്കാരം വികസിച്ചതു്. അക്ഷരമാല പറഞ്ഞും എഴുതിയും പഠിച്ചു തലച്ചോറിൽ ആഴത്തിൽ പതിഞ്ഞ ശേഷം ആ അക്ഷരങ്ങൾകൊണ്ടു് നിർമ്മിക്കുന്ന വാക്കുകളെ പഠിക്കുകയും അതിനു ശേഷം അവയെ കൊണ്ടു് വരികളെ നിർമ്മിക്കുന്ന വിദ്യയെ പഠിക്കുകയുമാണു് ചെയ്തിരുന്നതു്. ഈ രീതിക്കാണു് ഫോണിക്സ് (Phonics) രീതി എന്നു് പറയുന്നതു്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഈ രീതിയിൽനിന്നും വ്യത്യസ്തമായ ഭാഷാപഠന ആശയങ്ങൾ വികസിച്ചു വരുകയുണ്ടായി. അതിൽ ഏറ്റവും പ്രാമുഖ്യം നേടിയ ആശയം നോം ചോംസ്കി യുടെ ഭാഷാസിദ്ധാന്തത്തെ മുൻനിർത്തി വികസിപ്പിക്കപ്പെട്ടതാണു്. 1955-ലാണു് ചോംസ്കിയുടെ Logical Stucture of Lingustic Theory പുറത്തു വരുന്നതു്. ഭാഷാപഠനം എന്നതു് മനുഷ്യന്റെ ഏറ്റവും സ്വാഭാവികമായ ജൈവപ്രക്രിയാണു് എന്നു് ആ സിദ്ധാന്തത്തിൽ അദ്ദേഹം സമർത്ഥിച്ചു. അരിസോണ സർവകലാശാലയിലെ കെന്നത്തു് ഗുഡ്മാൻ എന്ന ഭാഷാശാസ്ത്രജ്ഞൻ ഈ ആശയത്തെ മുൻനിർത്തിയാണു് ഹോൾ ലാഗ്വേജ് അപ്രോച്ച് (Whole language approach) എന്ന ആശയം അവതരിപ്പിച്ചതു്. രണ്ടു പതിറ്റാണ്ടായി അമേരിക്കയിൽ സൈറ്റ് ബൈസ്ഡ് ലേണിങ്ങ് (Sight Based Learning) എന്ന പേരിൽ നിലനിന്നിരുന്ന ആശയത്തെ മറ്റൊരു തരത്തിലേക്കു് മാറ്റി അവതരിപ്പിക്കുകയായിരുന്നു അതു്. സംസാരഭാഷ പോലെ തന്നെ സ്വാഭാവികമായി നമ്മുടെ ഉള്ളിൽ നിലനിൽക്കുന്ന സാദ്ധ്യതയാണു് എഴുത്തും എന്നാണു് ലളിതവൽകരിച്ച രീതിയിൽ പറഞ്ഞാൽ ഹോൾ ലാഗ്വേജ് അപ്രോച്ച്. നിരന്തരം ശബ്ദങ്ങളുമായുള്ള ഇടപഴകലാണു് നമ്മളിൽ സംസാരഭാഷ വികസിപ്പിക്കുന്നതു്. അതിനു കാരണം ജനിതകമായി തന്നെ നമ്മിൽ നിലനിൽക്കുന്ന സംസാരത്തിന്റെ സാദ്ധ്യതയാണു്. എഴുത്തിന്റെ സാദ്ധ്യതയും അങ്ങനെ നിലനിൽക്കുന്നുണ്ടെങ്കിൽ നിരന്തരം എഴുതിയ ലിപികളുമായുള്ള ഇടപഴകൽ വായിക്കാനുള്ള ശേഷി നമ്മളിൽ വികസിച്ചു വരും എന്നാണു് ഈ സിദ്ധാന്തം പറയുന്നതു്. അതുകൊണ്ടു തന്നെ ഹോൾ ലാഗ്വേജ് അപ്രോച്ച് ഫോണിക്സ് അപ്രോച്ചിനെ പൂർണ്ണമായും തള്ളിക്കളയുന്നു. ഫോണിക്സ് അപ്രോച്ചിന്റെ സൂക്ഷ്മതലത്തിൽ നിന്നും സ്ഥൂലതലത്തിലേയ്ക്കുള്ള പഠനപ്രക്രിയയെ അതു് തള്ളികളയുന്നു. പകരം മനുഷ്യർ ഭാഷ പഠിക്കുന്നതു് വാക്കുകളെ മുഴുവനായും ഒരുമിച്ചു മനസ്സിലാക്കുന്ന രീതിയിലാണു് എന്നും പിന്നീടു് അതിന്റെ ഘടകങ്ങളെ സൂക്ഷ്മമായി തിരിച്ചറിയുകയുമാണു് ചെയ്യുന്നതു് എന്നും അതു് സമർത്ഥിക്കുന്നു. അക്ഷരമാലയുടെ പരിണാമപ്രക്രിയ മനസ്സിലാക്കിയാൽ മനുഷ്യചരിത്രം അങ്ങനെ തന്നെയാണു് അക്ഷരമാലയെ തിരിച്ചറിഞ്ഞതു് എന്നു് കാണാനാകും. എന്നാൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഫോണിക്സ് രീതിയിലുള്ള വിദ്യാഭ്യാസം അതിന്റെ തലതിരിഞ്ഞുള്ള രീതിയിലൂടെയാണു് കുട്ടികളെ അഭ്യസിച്ചു വളർത്തിയിരുന്നതു് എന്നു് കെന്നത്ത് ഗുഡ്മാനെപ്പോലെയുള്ളവർ അവതരിപ്പിച്ചു. ആ കാഴ്ച്ചപ്പാടിന്റെ പിൻബലത്തിലാണു് സോഷ്യൽ കൺസ്ട്രക്റ്റിവിസത്തിന്റെ ഭാഷാശാസ്ത്ര കാഴ്ചപ്പാടു് വികസിച്ചതു്.

images/sfn-ken-goodman.jpg
കെൻ ഗുഡ്മാൻ

അങ്ങനെയാണു് നമ്മുടെ പൊതുവിദ്യാഭ്യാസ പദ്ധതിയിൽ ഭാഷ പഠിക്കുന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി നിലവിലിരുന്ന രീതിശാസ്ത്രത്തെ പിന്തള്ളി പുതിയ കാഴ്ചപ്പാടു് മുന്നോട്ടു വരുന്നതു്. ആ രീതിക്കനുസരിച്ച് അക്ഷരമാല അടിയുറച്ച് വാക്കുകളിലേക്കും, വാക്കുകൾ അടിയുറച്ച് വായനയിലേക്കും എഴുത്തിലേക്കും എത്തുന്നതിനു പകരം വാക്കുകൾ ആദ്യം കുട്ടിയുടെ മുന്നിലേക്കു് ആശയങ്ങളായി എത്തുകയാണു്. ‘മഴ’ എന്നു് എഴുതി പഠിക്കുന്നതിനു പകരം മഴയെ സംബന്ധിച്ച വിവരങ്ങൾ അനുഭവങ്ങൾ ഒക്കെ ക്ലാസിൽ ചർച്ചയ്ക്ക് വരുകയും ആ ആശയത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നമായി ‘മഴ’ എന്ന വാക്ക് കുട്ടിയുടെ മസ്തിഷ്കത്തിൽ ആഴത്തിൽ പതിയുകയും ചെയ്യും എന്നാണു് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നതു്. ടെലിവിഷനിൽ ഒരു കുട്ടി കൊക്കൊകോളയുടെ പരസ്യം കാണുന്നു എന്നിരിക്കട്ടെ. നിരന്തരം പരസ്യം കാണുന്നതിലൂടെ കൊക്കൊകോള എന്ന ആശയത്തിലൂടെ ആ വാക്കുകളെ തിരിച്ചറിയുന്നു. ഇങ്ങനെ വാക്കുകൾ പഠിക്കുന്നതിലൂടെ വാക്കുകളുടെ കൂട്ടമായ വരികൾ വായിക്കാൻ കുട്ടികൾ പ്രാപ്തമാകുന്ന പദ്ധതിയാണു് ഹോൾ ലാഗ്വേജ് അപ്രോച്ചിലൂടെ നമ്മുടെ പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചതു്.

images/sfn-dehaene.jpg
ദെഹെയ്ൻ

ഈ രണ്ടു സാദ്ധ്യതകളെയും അവയുടെ കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയണമെങ്കിൽ വായന എന്ന പ്രക്രിയ നമ്മുടെ തലച്ചോറിൽ എങ്ങനെയാണു് നടക്കുന്നതു് എന്നു് സൂക്ഷ്മമായി തിരിച്ചറിയണം. ഒരു കുട്ടി എങ്ങനെയാണു് അക്ഷരങ്ങളെ തിരിച്ചറിയുന്നത് എന്നും, പഠനത്തിന്റെ യഥാർത്ഥ മസ്തിഷ്ക വഴികൾ എന്താണു് എന്നും തിരിച്ചറിയാനുള്ള സാഹചര്യം ഇന്നു് നിലവിലുണ്ടു്. പ്രമുഖ ഫ്രഞ്ച് കോഗ്നിറ്റീവ് സയന്റിസ്റ്റ് (Cognitive scientist) ആയ സ്റ്റാനിസ്ലാസ് ദെഹെയ്ൻ (Stanislas Dehaene) ന്യൂറോഇമെജിങ്ങിന്റെ ആരംഭകാലം മുതൽ തന്നെ ഈ മേഖലയിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ആളാണു്. വായന മസ്തിഷ്കത്തിൽ നടക്കുന്നതു് എങ്ങനെ എന്നതിനെ കുറിച്ച് വിവിധങ്ങളായ ന്യൂറോഇമേജിംഗ് സങ്കേതങ്ങളിലൂടെ അദ്ദേഹം അനേകം പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. 2009-ൽ ആ ആശയങ്ങളെ മുഴുവനും വിശദമായി ക്രോഡീകരിച്ച Reading in the Brain എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. Reading in Brain ഏറ്റവും സൂക്ഷ്മമായ തലത്തിൽ വായന എന്ന പ്രക്രിയ മനുഷ്യമസ്തിഷ്കത്തിൽ എങ്ങനെയാണു് നടക്കുന്നതു് എന്നു് വിശദമായി അവതരിപ്പിക്കുന്നു.

images/sfn-reading-in-brain.jpg

ന്യൂറോശാസ്ത്രകാരന്മാർ മുഴുവനും പറയുന്നതു് വായനയ്ക്കും എഴുത്തിനും ആയി പ്രത്യേകമായി നമ്മുടെ മസ്തിഷ്കത്തിൽ ഇടങ്ങൾ ഒന്നും വികസിച്ചു വന്നിട്ടില്ല എന്നാണു്. കാരണം മനുഷ്യപരിണാമത്തിൽ വളരെ ചെറിയ കാലയളവേ ആയിട്ടുള്ളൂ ഈ കഴിവുകൾ നമ്മൾ വികസിപ്പിച്ചെടുത്തിട്ടു്. ഭൂമിയിലൂടെ ചുറ്റിസഞ്ചരിച്ചിരുന്ന കാലത്തു് യാത്രാപഥങ്ങളെയും സ്ഥലങ്ങളെയും സമയത്തെയും വസ്തുക്കളെയും വസ്തുതകളെയും ശബ്ദങ്ങളെയും ശബ്ദവ്യത്യാസങ്ങളെയും എല്ലാം ഓർമ്മിച്ചു വെയ്ക്കാനായി നമ്മുടെ തലച്ചോറിന്റെ വിവിധഭാഗങ്ങൾ അതിസൂക്ഷ്മമായ തരത്തിൽ വികസിച്ചുവന്നിരുന്നു. ആ മസ്തിഷ്കഭാഗങ്ങളെ വായനയും എഴുത്തും പോലെയുള്ള കഴിവു് വികസിച്ചതോടെ റീസൈക്കിൾ ചെയ്തു് ഉപയോഗിക്കുകയായിരുന്നു മനുഷ്യൻ ചെയ്തതു്. മസ്തിഷ്കത്തിലെ ഈ സവിശേഷഭാഗങ്ങൾക്ക് തകരാറുകൾ സംഭവിച്ചാൽ വായനക്കും എഴുത്തിനുമെല്ലാമുള്ള കഴിവുകളിൽ വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ നേരിടുകയും ചെയ്യും.

വായന അഭ്യസിക്കുന്നതിലൂടെ നാം ചെയ്യുന്നതു് നമ്മുടെ വാചിക ഭാഷയെ കാഴ്ച എന്ന കഴിവുകൊണ്ടു് മനസ്സിലാക്കുകയാണു്. ശരിക്കും പരിണാമചരിത്രത്തിലെ തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയാണു് അതു്. വാചികഭാഷയെ കാഴ്ചകൊണ്ടു് മനസ്സിലാക്കേണ്ട ഗതി മറ്റൊരു പരിണാമസാഹചര്യത്തിലും ഒരു ജീവിക്കും ഉണ്ടായിട്ടില്ല. ശബ്ദങ്ങളെ ചിഹ്നഘടകങ്ങൾ ആയി എഴുതി വച്ചിരിക്കുന്നതു് ഡീകോഡ് ചെയ്യുക എന്നതാണു് വായനയുടെ പ്രക്രിയ. ആ സമയത്തു് നമ്മുടെ തലച്ചോറിലെ വിഷ്വൽ പ്രോസസിംഗ് ഇടങ്ങളെ കുറച്ചു നേരത്തേയ്ക്ക് ഭാഷയുടെ പ്രോസസിംഗ് ഭാഗങ്ങളുമായി നമ്മൾ ഇന്റർഫേസിംഗ് നടത്തുന്നുണ്ടു്. നമ്മുടെ തലച്ചോറിന്റെ ഇടതുപകുതിയിലെ കോർട്ടിക്കൽ ഭാഗത്താണു് പ്രധാനമായും വായിക്കുമ്പോഴും വായിക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോഴും സജീവമായിരിക്കുന്നതു്. അവയെല്ലാം വായനയ്ക്ക് മാത്രമായി സജീവമാകുന്ന ഭാഗമല്ല. നമ്മുടെ സംസാരഭാഷയുടെയും കാഴ്ചയുടെയും കാര്യങ്ങൾ സാദ്ധ്യമാക്കുന്ന ഇടങ്ങൾ കൂടിയാണു് അവ. രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞ് തന്റെ അമ്മയുടെ സംഭാഷണം കേട്ടു തുടങ്ങുമ്പോൾ മുതൽ ഈ മസ്തിഷ്ക ഭാഗങ്ങൾ സജീവമായി തുടങ്ങും എന്നു് കണ്ടെത്തിയിട്ടുണ്ടു്. കുട്ടികൾ എഴുത്തും വായനയും പഠിക്കാനായി സ്കൂളിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ അവരുടെ തലച്ചോറിൽ ഭാഷയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഘടകങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കും. വാക്കുകളെയും, ഭാഷയുടെ രൂപശാസ്ത്രം, ഛന്ദസ്സു്, വാക്യഘടന, വാക്കുകളുടെ അത്ഥം ഇത്യാതി കാര്യങ്ങളെയും മനസ്സിലാക്കാനായി കാര്യങ്ങൾ പ്രോസസ് ചെയ്യുന്ന മസ്തിഷ്ക വഴികൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കും. പിന്നീടു് വേണ്ടത് കാഴ്ചകൊണ്ടു് ലഭ്യമാകുന്ന അക്ഷരങ്ങൾ എന്ന ചിഹ്നങ്ങളെ ഈ പറഞ്ഞ വ്യവസ്ഥകളുമായി കൂട്ടിയിണക്കുക എന്നതാണു്.

വായനയുമായി ബന്ധപ്പെട്ട ന്യൂറോഇമേജിംഗ് പഠനങ്ങളിൽനിന്നും ഉരുത്തിരിഞ്ഞ ഒരു പ്രധാന ഫലം ഒരു വാക്കിനെ പ്രോസസ് ചെയ്യാനായി മസ്തിഷ്കം ഉപയോഗിക്കുന്ന പ്രദേശം കണ്ടെത്തി എന്നതാണു്. ദെഹെയ്നും കൂട്ടരും 2000-ത്തിൽ “ബ്രെയ്ൻ” ജേർണലിൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിലാണു് വിഷ്വൽ വേഡ് ഫോം ഏരിയ (Visual Word Form Area (vwfa)) എന്ന പേരിൽ തലച്ചോറിലെ ഇടതുഅർദ്ധഗോളത്തിലുള്ള വെൻട്രൽ വിഷ്വൽ കോർട്ടക്സിലെ ഭാഗത്തെ അടയാളപ്പെടുത്തി അവതരിപ്പിച്ചതു്. വായന അഭ്യസിക്കാത്ത ആളിലും കൃത്യമായി കാഴ്ചയുടെ സാദ്ധ്യതകൊണ്ടു് സജീവമായി പ്രവർത്തിക്കുന്ന ഒരു മേഖലയാണിതു്. അക്ഷരങ്ങളുടെ ഒരു കൂട്ടം, അഥവാ വാക്ക്, കണ്ടാൽ ഈ മേഖലയിൽ പ്രവർത്തനം നടക്കും. ആ വാക്കിനു് പ്രത്യേകിച്ച് അർത്ഥം ഇല്ലെങ്കിൽ പോലും ഈ പ്രവർത്തനം നടക്കും. അക്ഷരാഭ്യാസം ഇല്ലാത്തവരുടെ തലച്ചോറിലും അക്ഷരാഭ്യാസമുള്ളവരുടെ തലച്ചോറിലെ vwfa ഭാഗത്തിനു് സാരമായ തകരാറുകൾ പറ്റിയാൽ അവർക്കു് വാക്കുകളെ വായിക്കാൻ ആകുകയുമില്ല. ഒരു വ്യക്തി അക്ഷരാഭ്യാസം നേടുന്നതോടെ തലച്ചോറിലെ ഈ ഭാഗം കൂടുതൽ സ്പെഷ്യലൈസ് ചെയ്യുന്നതായി പിന്നീടു് അതേ ഗവേഷകർ തന്നെ കണ്ടെത്തുകയുണ്ടായി. അതായതു് അക്ഷരാഭ്യാസം ഉള്ളവരുടെ തലച്ചോറിലെ vwfa ഭാഗം പരിചയിച്ച ഭാഷയിലെ വാക്കുകൾ കാണുമ്പോഴും പരിചയമില്ലാത്തെ ഭാഷയിലെ വാക്കുകൾ കാണുമ്പോഴും വ്യത്യസ്തമായിട്ടാണു് പ്രവർത്തിക്കുക. പരിചയമുള്ള ഭാഷയിലെ വാക്കുകൾ കാണുമ്പോൾ അവ കൂടുതൽ ആക്ടീവ് ആയി പ്രതികരിക്കുകയും ചെയ്യും.

images/sfn-vwfa.jpg
വിഷ്വൽ വേഡ് ഫോം ഏരിയ

vwfa ഭാഗത്തിന്റെ വികാസം വായനയുടെ കഴിവു് ആർജിക്കുന്നതിനു പിന്നിൽ വളരെ പ്രധാനപ്പെട്ട പങ്ക് പരിണാമപരമായി വഹിക്കുന്ന ഒന്നാണു് എന്നു് സ്റ്റാനിസ്ലാസ് ദെഹെയ്നും കൂട്ടരും സമർത്ഥിക്കുന്നു. പ്രൈമേറ്റ് പരിണാമത്തിന്റെ കാലഘട്ടത്തിൽ നമ്മുടെ തലച്ചോറു് ആർജിച്ച മൂന്നു് വിവിധ ഗുണങ്ങൾകൊണ്ടാണു് തലച്ചോറിലെ ഈ ഭാഗത്തിനു് ഈ സവിശേഷ സിദ്ധി ആർജിക്കാനായതു് എന്നാണു് അവരുടെ സിദ്ധാന്തം. അതിൽ ആദ്യത്തേതു് കണ്ണിലെ റെറ്റിനയിലെ ഏറ്റവും വിശ്ലേഷണം കൂടിയ ഭാഗമായ ഫോവിയ എന്ന പ്രദേശത്തിന്റെ വികാസമാണു്. സൂക്ഷ്മമായി അക്ഷരങ്ങളെ തിരിച്ചറിയാൻ സഹായകമായതു് ഈ ശേഷിയാണു്. മറ്റൊന്നു് കോർട്ടെക്സിന്റെ ഒരു ഭാഗത്തുള്ള ഫ്യൂസിഫോം ജൈറസ് എന്നു് വിളിക്കുന്ന ഭാഗത്തിന്റെ സവിശേഷ പരിണാമം ആണു്. ആ ഭാഗം കൂടുതൽ സവിശേഷമായി പരിണമിച്ചതു് കൊണ്ടാണു് നമുക്ക് t, y, l, f പോലെയുള്ള അക്ഷരരൂപങ്ങളെ തിരിച്ചറിയാനാകുന്നതു്. വരകൾ പരസ്പരം ചേരുന്ന ജോയിന്റ് നിലനിൽക്കുന്ന രൂപങ്ങളെ സൂക്ഷ്മമായി തിരിച്ചറിയാൻ സഹായിക്കുന്നതു് ഫ്യൂസിഫോം ജൈറസ് vwfa-യുമായി ഒത്തുചേർന്നു് പ്രവർത്തിക്കുന്നതു് കൊണ്ടാണു്. ലോകത്തെ എല്ലാ അക്ഷരമാലകളിലും ഇത്തരത്തിലുള്ള രൂപങ്ങൾ ഉണ്ടു് എന്നതു് ശ്രദ്ധേയമാണു്. vwfa-യെ സവിശേഷമായി പരിണമിപ്പിച്ച മൂന്നാമത്തെ ഘടകം ശബ്ദത്തെ പ്രോസസ് ചെയ്യുന്ന ഭാഗവുമായി അതിനുള്ള ബന്ധം രൂപപെട്ടു വന്നതാണു്.

ഓരോ വാക്കിനെയും പ്രോസസ് ചെയ്യുന്ന vwfa ഭാഗത്തെ സംബന്ധിക്കുന്ന പഠനം നമുക്കു് വളരെ ആഴത്തിലുള്ള ചില അറിവുകൾ പകർന്നു തരുന്നുണ്ടു്. ഒറ്റ ഒരു വാക്കിന്റെ മാത്രം വായനയിൽ ഇടപെടുന്നതു് ശ്രേണീബദ്ധമായി ചിട്ടപ്പെടുത്തിയിട്ടുള്ള ലക്ഷക്കണക്കിനു് ന്യൂറോണുകൾ ബന്ധപ്പെട്ടുകൊണ്ടാണു്. അതിസങ്കീർണ്ണമായ ഒരു ആർക്കിടെക്ചറിലൂടെയാണു് നമുക്ക് വാക്കിന്റെ കാഴ്ചയെ ശബ്ദത്തിന്റെ വ്യവസ്ഥയുമായി കൂട്ടിയിണക്കി വായന സാദ്ധ്യമാകുന്നതു്. പക്ഷെ, അതിവേഗത്തിൽ നടക്കുന്ന ആ പ്രക്രിയ പലപ്പോഴും ഒരു അബദ്ധധാരണ ഉണ്ടാക്കാൻ പര്യാപ്തമാണു് എന്നതാണു് സത്യം. നമ്മൾ വായിക്കുന്ന വാക്കിനകത്തെ ഒരോ അക്ഷരത്തെയും പ്രത്യേകം പ്രത്യേകമായി തിരിച്ചറിഞ്ഞു കൊണ്ടല്ല, മറിച്ച് വാക്കിനെ ഒന്നിച്ചാണു് എന്നതാണു് ആ അബദ്ധധാരണ. അക്ഷരത്തെ ശബ്ദമായി ഡീക്കോഡ് ചെയ്തുകൊണ്ടു് വാക്കിനെ വായിച്ചെടുക്കുന്ന രീതിയെ കേവലമായ നോട്ടത്തിലൂടെ തിരിച്ചറിയുക വളരെ പ്രയാസമാണു്. കാരണം നമ്മുടെ ചിന്തയുടെ വേഗതയുടെ ഏറ്റവും ഉന്നതമായ അവസ്ഥയാണതു്. സൂക്ഷ്മമായ ന്യൂറോസാങ്കേതിക പഠനങ്ങളിലൂടെ മാത്രമേ നമുക്ക് അതിനെ തിരിച്ചറിയാനാകൂ. അതായത് ഹോൾ വേഡ് അപ്രോച്ചിലൂടെയാണു് നമ്മൾ വായിക്കുന്നതു് എന്ന കാഴ്ചപ്പാടിനെ കോഗ്നിറ്റീവ് ന്യൂറോസയൻസിന്റെ വഴികളിലൂടെയുള്ള അന്വേഷണങ്ങൾ പാടെ തള്ളിക്കളയുന്നു.

ബ്രെയിൻ ഇമേജിംഗ് പഠനങ്ങൾ നമ്മുടെ തലച്ചോറിലെ കോർട്ടെക്സിലെ വിവിധ ഭാഗങ്ങൾ അക്ഷരാഭ്യാസം നേടുമ്പോൾ എങ്ങനെയൊക്കെയാണു് മാറുന്നതു് എന്നു് സൂക്ഷ്മമായി തിരിച്ചറിയുന്നുണ്ടു്. നമ്മുടെ തലച്ചോറിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകതയായ പ്ലാസ്റ്റിസിറ്റി (neuroplasticity) എന്ന ഗുണം കൊണ്ടാണു് നമുക്ക് വായന സാദ്ധ്യമാകുന്നതു്. സാക്ഷരനായ ഒരാളുടെ തലച്ചോറും നിരക്ഷരനായ ഒരാളുടെ തലച്ചോറും തമ്മിൽ ഈ പറഞ്ഞ വാക്കുകളെ പ്രോസസ് ചെയ്യുന്ന ഭാഗങ്ങളിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ടു്. vwfa നിലനിൽക്കുന്ന വ്യാപ്തം തന്നെ വ്യത്യാസം വരുന്നതായി കണ്ടെത്തിയിരിക്കുന്നു. വാക്കിനെ ഭാഷകൊണ്ടു് തിരിച്ചറിയുന്നിടത്തുനിന്നും കാഴ്ചകൊണ്ടു് തിരിച്ചറിയുന്നിടം വരെയുള്ള മസ്തിഷ്ക ആർക്കിടെക്ചറിൽ തന്നെ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടു്. പഠനപ്രവർത്തങ്ങൾ കൊണ്ടു് സംഭവിക്കുന്ന മസ്തിഷ്ക മാറ്റങ്ങളാണു് അവ. ബ്രെയിൻ ഇമേജിംഗ് പഠനങ്ങളുടെ ഒരു വലിയ നിരതന്നെ ഇതിനെ വിശദമാക്കാനായി നമുക്കു് കണ്ടെത്താനാകും.

വായന ആത്യന്തികമായി ഒരു ജൈവിക പ്രക്രിയയല്ല എന്നു് ആ പഠനങ്ങൾ അസന്ദിഗ്ദ്ധമായി സ്ഥാപിക്കുന്നുണ്ടു്. കുട്ടികൾ ഭാഷ സംസാരിക്കാൻ പഠിക്കുമ്പോലെ സ്വാഭാവികമായി എഴുതാനും വായിക്കാനും പഠിക്കും എന്ന ചിന്ത ഒരു മിഥ്യയാണു്. വളരെ സമീപകാലത്തു് മാത്രം രൂപപ്പെട്ട പ്രക്രിയയായ വായനയ്ക്കും എഴുത്തിനും വേണ്ട സവിശേഷ ന്യൂറൽ വ്യവസ്ഥകൾ നമുക്കില്ല. മറ്റുള്ള വ്യവസ്ഥകളെ അതിനായി പരിണമിപ്പിക്കുകയാണു് തലച്ചോറു് ചെയ്യുന്നതു്. അതു് ബോധപൂർവ്വമായ ഒരു പ്രക്രിയയാണു്. വായനയെ സാദ്ധ്യമാക്കിയെടുക്കാൻ ഓരോ കുട്ടിയുടെയും തലച്ചോറിൽ വളരെ വലിയ അളവിലുള്ള മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ടു്. സ്റ്റാനിസ്ലാസ് ദെഹെയ്നും കൂട്ടരും അവതരിപ്പിക്കുന്ന പഠനങ്ങളിൽ ഒരിടത്തു് “rat” “brat” “car” എന്നിങ്ങനെയുള്ള വാക്കുകൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള സ്വാഭാവിക സാഹചര്യം നിരക്ഷരനായ ഒരാളുടെ തലച്ചോറിനില്ല എന്നു് കണ്ടെത്തിയിട്ടുണ്ടു്. അക്ഷരാഭ്യാസം അതിന്റെ ഏറ്റവും പ്രാഥമിക തലത്തിൽ നടത്തിയാൽ മാത്രമേ ആ വ്യത്യാസം സൂക്ഷ്മതലത്തിൽ ഗ്രഹിക്കാനുള്ള സാദ്ധ്യത മസ്തിഷ്കത്തിനു് കരഗതമാകൂ എന്നു് ബ്രെയിൻ ഇമെജിങ്ങിന്റെ പിൻബലത്തിൽ തെളിയിക്കപ്പെടുന്നു. അക്ഷരങ്ങളെയും അവയെ ബന്ധിപ്പിക്കുന്ന ഘടകങ്ങളെയും ഏറ്റവും സൂക്ഷ്മമായ തലത്തിൽ തന്നെ കുട്ടികളിലേയ്ക്കു് ബോധപൂർവം അഭ്യസിപ്പിച്ചാൽ മാത്രമേ നമ്മുടെ തലച്ചോറിനു അതിനെ ഉൾക്കൊള്ളാനാകൂ എന്നു് ഈ പഠനങ്ങൾ സമർത്ഥിക്കുന്നു.

ഹോൾ ലാംഗ്വേജ് അപ്രോച്ചിനെ അപേക്ഷിച്ച് ഫോണിക്സ് അപ്രോച്ച് തന്നെയാണു് ഭാഷാപഠനത്തിന്റെ ശരിയായ രീതി എന്നു് ഈ മസ്തിഷ്ക പഠനങ്ങൾ തെളിയിക്കുന്നുണ്ടു്. ഇതിനെ രണ്ടിനെയും താരതമ്യപെടുത്തിക്കൊണ്ടു് തന്നെ നടത്തിയ സ്റ്റാനിസ്ലാസ് ദെഹെയ്ന്റെ പഠനങ്ങളും ഇതിനു തെളിവായി മുന്നോട്ടു വയ്ക്കാവുന്നതാണു്. നമ്മുടെ തലച്ചോറിലെ vwfa ഭാഗത്തെ ആവശ്യത്തിനു് മാറ്റങ്ങൾ ഉണ്ടാക്കാൻ ഹോൾ ലാംഗ്വേജ് അപ്രോച്ചിനു സാധിക്കുന്നില്ല എന്നു് ഈ താരതമ്യ പഠനം വ്യക്തമാക്കുന്നുണ്ടു്. അതേപോലെ തന്നെ ഫോണിക്സ് അപ്രോച്ചിലൂടെ പഠിച്ചവർ നേടുന്ന വേഗത്തിൽ വായനയിൽ ഉള്ള കാര്യക്ഷമത ഹോൾ ലാങ്വേജ് അപ്രോച്ചിലൂടെ അഭ്യസിച്ചവർ ആർജിക്കുന്നില്ല എന്നും തെളിയിക്കപ്പെടുന്നു.

അതായതു് ഹോൾ ലാംഗ്വേജ് അപ്രോച്ച് എന്ന ആശയം തന്നെ പൂർണ്ണമായും ഒരു മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണു് രൂപപ്പെട്ടിരിക്കുന്നതു്. അങ്ങനെ രൂപപ്പെട്ട ഒരു പഠനവ്യവസ്ഥയിലൂടെ വായന അഭ്യസിക്കുന്നതു് വായനയിൽ സ്വാഭാവികമായും വളരെ പ്രശ്നങ്ങൾ ഉണ്ടാക്കും. ആ പ്രശ്നങ്ങൾ ആണു് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തു് കുട്ടികളുടെ വായനാശേഷിയുടെ കുറവുകൊണ്ടു് വെളിവാക്കപ്പെടുന്നതു്.

നമ്മൾ ഇന്നു് എഴുതുകയും വായിക്കുകയും ചെയ്യുന്ന ലിപിവ്യവസ്ഥ രൂപംകൊണ്ടതു് ശബ്ദങ്ങളെ സൂക്ഷ്മഘടകങ്ങളായ അക്ഷരങ്ങളാക്കി വിഘടിപ്പിച്ചുകൊണ്ടാണു്. ആ സൂക്ഷ്മതലത്തിൽ നിന്നും സ്ഥൂലതലത്തിലേക്കുള്ള വളർച്ചയിലൂടെ നടത്തുന്ന വായനാഭ്യസനത്തിന്റെ ചരിത്രം ആയിരക്കണക്കിനു് വർഷങ്ങളുടെ പാരമ്പര്യമുള്ളതാണു്. ആ അഭ്യസന രീതിയുടെ സവിശേഷതയെ ഒഴിവാക്കുന്നതു് വളരെ വലിയ വില നൽകേണ്ടിവരുന്ന അനുഭവങ്ങളെയാവും സൃഷ്ടിക്കുക എന്നു് നമ്മൾ തിരിച്ചറിയേണ്ടതുണ്ടു്. അത്തരം ഒരു അനുഭവസാക്ഷ്യം ലോകത്തിനു മുന്നിൽ നിലനിൽക്കുന്നുമുണ്ടു്.

images/sfn-orton.jpg
ഓർട്ടൺ

വായനയിൽ കുട്ടികൾ പരാജയപ്പെടുന്ന അവസ്ഥയെ ഡിസ്ലക്സിയ എന്നു് വിളിക്കും. ഡിസ്ലക്സിയ ശരിക്കും മസ്തിഷ്കത്തിലെ തകരാറുകൾ കൊണ്ടാണു് ഉണ്ടാവുക. എന്നാൽ അമേരിക്കയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വലിയ അളവിൽ കുട്ടികളിൽ വായനാശേഷി നശിച്ചിരിക്കുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. ലക്ഷക്കണക്കിനു് കുട്ടികളിൽ ഡിസ്ലക്സിയ പരക്കുന്നതിനെ കുറിച്ച് വ്യാപകമായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ കാലത്തു് തന്റെ മുന്നിലെത്തിയ അനേകം ഡിസ്ലക്സിയ രോഗികളായ കുട്ടികളെ പരിശോധിച്ചതിൽനിന്നും ഇയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ന്യൂറോളജിസ്റ്റായിരുന്ന സാമുവൽ ടി ഓർട്ടൺ നടത്തിയ ഒരു നിഗമനം അക്കാലത്തു് ആരും കാര്യമായി ശ്രദ്ധിക്കാതെ കിടന്നിരുന്നു. 1929 അദ്ദേഹം ജേർണൽ ഓഫ് എജ്യുക്കേഷൻ സൈക്കോളജിയിൽ തന്റെ കണ്ടെത്തൽ പ്രബന്ധമായി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തൽ ആ കുട്ടികളുടെ വായനാശേഷിയിലെ തകരാറു് ഒരു രോഗമായിരുന്നില്ല, മറിച്ച് അക്കാലത്തു് അമേരിക്കയിൽ തുടക്കം കുറിച്ച പുതിയ വിദ്യാഭ്യാസ പദ്ധതിയാണു് അതിന്റെ കാരണം എന്നായിരുന്നു. അമേരിക്കയിൽ ആ കാലത്താണു് ആദ്യമായി അക്ഷരമാലയിലും ഫോണിക്സ് രീതിയിലും അധിഷ്ഠിതമല്ലാതെ സൈറ്റ് ബേസ്ഡ് റീഡിംഗ് (Sight based reading) എന്ന പേരിൽ പുതിയ ഭാഷാപഠനരീതി ആരംഭിച്ചതു്. സൈറ്റ് ബേസ്ഡ് റീഡിംഗ് ആത്യന്തികമായി ഹോൾ ലാംഗ്വേജ് അപ്രോച്ച് തന്നെയാണു്. വാക്കുകളെയാണു് നമ്മൾ കാണുന്നതു് അക്ഷരങ്ങളെയല്ല എന്ന ആശയത്തിന്റെ പിൻബലത്തിൽ തന്നെ രൂപംകൊണ്ട പഠനപദ്ധതി. പക്ഷെ, ആ പഠനപദ്ധതി വിദ്യാസമ്പന്നരായ അനേകം നിരക്ഷരരെ സൃഷ്ടിച്ചതിന്റെ ചരിത്രം ലോകത്തിനു മുന്നിൽ സാമുവൽ ഓർട്ടൺ അവതരിപ്പിച്ചു.

images/sfn-why-johny-cant-read.jpg

സാമുവൽ ഓർട്ടൺ നടത്തിയ നിഗമനങ്ങൾ പക്ഷെ അന്നു് ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. നാസി കാലത്തു് ആസ്ട്രിയയിൽനിന്നും പാലായനം ചെയ്തു് അമേരിക്കയിലെത്തി കൊളംബിയ സർവ്വകലാശാലയിൽനിന്നും ഡോക്ട്രേറ്റ് എടുത്തു് ഭാഷാപഠനത്തിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്തിയ റുഡോൾഫ് ഫ്ലച്ച് ഇക്കാര്യം 1955-ൽ അവതരിപ്പിച്ചപ്പോൾ ആണു് അമേരിക്ക ഇക്കാര്യം കൂടുതൽ ഗൗരവത്തോടെ കേട്ടതു്. ഫ്ലച്ച് എഴുതിയ “Why Johny can’t read? ” എന്ന പുസ്തകം അമേരിക്കയിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ടു. ആ പുസ്തകം സൈറ്റ് ബേസ്ഡ് റീഡിംഗ് എങ്ങനെയാണു് കുട്ടികളെ വായിക്കാൻ കഴിയാത്തവരാക്കി മാറ്റുന്നതു് എന്നതിന്റെ വസ്തുതകൾ നിരത്തി. ഫോണിക്സ് രീതിയെ ഒഴിവാക്കി കാഴ്ച്ചയുടെ അടിസ്ഥാനത്തിലുള്ള രീതിയെ പകരം വെയ്ക്കുന്നതു്, നൂറ്റാണ്ടുകൾക്കപ്പുറത്തു് ആധുനിക എഴുത്തിന്റെയും വായനയുടെ രീതി വികസിക്കും മുൻപു് നിലവിലിരുന്ന രീതിയെ പുനസ്ഥാപിക്കാൻ ശ്രമിക്കുന്നതാണു് എന്നു് ഫ്ലച്ച് കൃത്യമായി അവതരിപ്പിച്ചു. ചൈനീസ് വായിക്കുന്ന രീതിയിൽ ഇംഗ്ലീഷ് വായിക്കാൻ പഠിപ്പിക്കുന്നതു് വലിയ വിഭാഗം കുട്ടികളിലും വായനയുടെ പ്രതിസന്ധി സൃഷ്ടിക്കുണ്ടു് എന്നു് അദ്ദേഹം വിശകലനം ചെയ്തു.

ഇത്തരം വസ്തുതകളെ കണ്ടുകൊണ്ടു് വേണം നമ്മൾ കേരളത്തിലെ കുട്ടികൾ വായനയിൽ പിന്നോക്കം പോകുന്നു എന്ന കാര്യത്തെ സമീപിക്കേണ്ടതു്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു തനതായ അക്ഷരാഭ്യാസ സംസ്കാരം ഉള്ള സമൂഹമാണു് നമ്മുടേതു്. അതിനു പലതരത്തിലുള്ള കുറവുകളും ഉണ്ടാകാം. പക്ഷെ, കാലങ്ങളിലൂടെ പരിഷ്കരിക്കപ്പെട്ട കാര്യശേഷിയുടെ കരുത്തു് കൂടി അതിനുണ്ടു് എന്നതു് നമുക്ക് വിസ്മരിക്കാനാകില്ല. ഇന്നു് കാണുന്ന തരത്തിലുള്ള മാനവസംസ്കാരം ആരംഭിക്കുന്ന കാലത്തു് തുടങ്ങിയ വിദ്യാഭ്യാസന രീതിയാണു് അതു്. ലിപികൾ ഉണ്ടാക്കിയ വിദ്യ തന്നെയാണു് പുതിയ തലമുറയിലേക്ക് അതിനെ പകർന്നു നൽകാനും ഉള്ള രീതി നിർവചിച്ചതു്. അതു് കൊണ്ടാണു് അതു് ഫോണിക്സ് രീതിയിൽ രൂപപ്പെട്ടു വന്നതു്. ആധുനിക മസ്തിഷ്ക പഠനങ്ങളും ആ രീതിയെ ശരിവെയ്ക്കുന്നതിന്റെ കാരണം മനുഷ്യന്റെ സ്വാഭാവിക പരിണാമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ രീതിയാണു് അതു് എന്നതു് കൊണ്ടാണു്. അതിനെ തികച്ചും വ്യത്യസ്തമായ ഒരു പുതിയ രീതികൊണ്ടു് പകരം വയ്ക്കുമ്പോൾ ഉണ്ടാകാവുന്ന വലിയ അപകടത്തിന്റെ ചെറിയ സൂചനകളാണു് ഇന്നു നാം കാണുന്ന വായനാശേഷിയിലുള്ള ഇടിവു്. കുട്ടികളിൽ വായനയുടെ ശേഷിയിൽ കുറവു വരുന്നതിന്റെ ഒരു പ്രവണത നിലനിൽക്കുന്നതു് യാഥാർത്ഥ്യമാണു് എങ്കിൽ അതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ട, പരിഷ്കരിക്കപ്പെട്ട പഠനരീതിയുടെ കുറവുകളെ സത്യസന്ധമായി വിലയിരുത്താൻ നമ്മുടെ സമൂഹം തയ്യാറായാൽ മാത്രം മതി. പിഴവുകളെ യാഥാർത്ഥ്യബോധത്തോടെ തിരിച്ചറിഞ്ഞു് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഒരുപക്ഷെ, ഭാവിയിൽ നമ്മുടെ സമൂഹത്തിൽ വലിയ വിഭാഗം വായിക്കാനറിയാത്ത സാക്ഷരർ ഉള്ള ഒരു സമൂഹമായിട്ടായിരിക്കും പരിണമിക്കപ്പെടുക.

(മാതൃഭൂമി വാരിക, 2015 നവംബർ 22–28 ലക്കത്തിൽ “വെള്ളച്ചാട്ടം അറിയാം, ‘വെള്ളച്ചാട്ടം’ എന്നു് വായിക്കാനറിയില്ല” എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനം.)

ജീവൻ ജോബ് തോമസ്

images/sfn-jeevan-job-thomas.jpg

എറണാകുളം ജില്ലയിലെ വെങ്ങോലയിൽ 1979-ൽ ജനനം. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നു് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയശേഷം കോഴിക്കോടു് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജിൽ രണ്ടുകൊല്ലക്കാലം അദ്ധ്യാപനവൃത്തി. ഇപ്പോൾ പഠനത്തിലും എഴുത്തിലും വ്യാപൃതൻ.

വിവിധ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ 2006 മുതൽ ലേഖനങ്ങളെഴുതി വരുന്നു. 2013-ൽ പ്രസിദ്ധീകരിച്ച “രതിരഹസ്യം” എന്ന കൃതി മനുഷ്യന്റെ ലൈംഗികതയെക്കുറിച്ചു് മറ്റു ശാസ്തമാനവിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ജീവൻ തോമസ് നടത്തിയ അതിഗഹനമായ പഠനമാണു്. “നിദ്രാമോഷണം” എന്ന നോവൽ മനശാസ്ത്രപരമായ തില്ലർ ആണു്. 2016-ൽ പ്രസിദ്ധീകരിച്ച “മരണത്തിന്റെ ആയിരം മുഖങ്ങൾ” മരണാനുബന്ധിയായ പഠനമാണു്. അദ്ദേഹത്തിന്റെ പ്രധാനകൃതികൾ ചുവടെ ചേർക്കുന്നു:

  1. വിശ്വാസത്തിന്റെ ശരീരശാസ്ത്രം (ലേഖനങ്ങൾ)
  2. പരിണാമസിദ്ധാന്തം—പുതിയ വഴികൾ, കണ്ടെത്തലുകൾ (ലേഖനസമാഹാരം)
  3. പ്രപഞ്ചവും മനുഷനും തമ്മിലെന്തു്? (ലേഖനസമാഹാരം)
  4. രതിരഹസ്യം
  5. നിദ്രാമോഷണം (നോവൽ)
  6. മരണത്തിന്റെ ആയിരം മുഖങ്ങൾ
  7. ഒരു കുപ്രസിദ്ധ പയ്യൻ (തിരക്കഥ)
  8. തേനീച്ചറാണി (നോവൽ)
  9. സർഗോന്മാദം (പഠനം)

വിക്കിപ്പീഡിയ പേജ്

Colophon

Title: Vāyikkānaṛiyāttavaṛkāayi vāyanayuṭe masttiṣkaśāstṛam (ml: വായിക്കാനറിയാത്ത കുട്ടികൾക്കായി വായനയുടെ മസ്തിഷ്കശാസ്ത്രം).

Author(s): Jeeva Job Thomas.

First publication details: Mathrubhumi Weekly; Calicut, Kerala; 2015-11-15.

Deafult language: ml, Malayalam.

Keywords: Article, Jeevan Job Thomas, Vayikkanarityathavarkayi vayanayude masthishkasasthram, ജീവൻ ജോബ് തോമസ്, വായിക്കാനറിയാത്ത കുട്ടികൾക്കായി വായനയുടെ മസ്തിഷ്കശാസ്ത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 30, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hieroglyphics on a funerary stela, a photograph by Thursby . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Jeevan Job Thomas; Typesetter: CV Radhakrishnan; Editor: K H Hussain; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.