തൂലികാചിത്രമെഴുതുന്നതിൽ തത്പരനായ ഒരു സ്നേഹിതൻ നാലഞ്ചു കൊല്ലംമുമ്പു് എന്റെ വസതിയിൽ വരുകയുണ്ടായി. പലതും ചോദിച്ചകൂട്ടത്തിൽ ജീവിതത്തെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം ജിജ്ഞാസ പ്രകടിപ്പിച്ചു. എന്തിനു ജീവിക്കുന്നു, അതിന്റെ ലക്ഷ്യമെന്തു്? മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നോ, എല്ലാവർക്കും സ്വീകാര്യമായ മാർഗ്ഗമോ തത്ത്വമോ മൂല്യങ്ങളോ ജീവിതത്തെ സംബന്ധിച്ചുണ്ടെന്നു പറയുക സാധ്യമോ? ഇത്യാദി പല ചോദ്യങ്ങളും സംഭാഷണത്തിൽ പൊന്തിവന്നു. ചിന്താശീലർക്കു് അമ്പരപ്പുളവാക്കുന്ന വിചിത്രസ്വഭാവവിശേഷങ്ങളും പരസ്പര വൈരുദ്ധ്യങ്ങളും നിറഞ്ഞ ഒന്നാണു് ജീവിതം. തത്സംബന്ധിയായ പരമസത്യമെന്തെന്നു് ആർക്കും തീർത്തു പറയുക വയ്യാ. മതസ്ഥാപകരും തത്ത്വ ജ്ഞാനികളും ഈ സത്യാന്വേഷണത്തിൽ പരാജയപ്പെട്ടിട്ടേയുള്ളൂ. ചില വിശ്വാസങ്ങളിലും സിദ്ധാന്തങ്ങളിലും ചെന്നുമുട്ടി ഗതിയടഞ്ഞു നിൽക്കുകയാണു് അവരുടെ അന്വേഷണം; മതവും തത്ത്വജ്ഞാനവും തോറ്റിടത്തു സയൻസ് വിജയിക്കുമോ എന്നിപ്പോൾ ചോദ്യം തൂടങ്ങിയിട്ടുണ്ടു്. അതിനെപ്പറ്റിയും നിശ്ചിതമായി പറയാറായിട്ടില്ല. എങ്കിലും സയൻസിന്റെ അദ്ഭുതാവാഹമായ പുരോഗതിയിൽ ഇതുവരെ നിലവിലിരുന്ന ഒട്ടേറെ ജീവിത സിദ്ധാന്തങ്ങൾക്കും സങ്കൽപ്പങ്ങൾക്കും യാതൊരടിസ്ഥാനവുമില്ലെന്നു തെളിഞ്ഞിട്ടുണ്ടു്.
മുപ്പതിൽപ്പരം വർഷങ്ങൾക്കുമുമ്പു ജീവിതവിമർശം എന്നപേരിൽ ഞാൻ ഒരു ലേഖനമെഴുതുകയുണ്ടായി. അതിന്റെ ഒരു മുഖവുരയായി അന്നെഴുതിയ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ; ജീവിതത്തെ ഒരു മഹാസമുദ്രമായി സങ്കൽപ്പിക്കുന്നപക്ഷം ജീവജാലങ്ങൾ അതിലെ ബുൽബുദങ്ങൾ മാത്രമാകും. അതിലൊന്നത്രേ മനുഷ്യൻ. അവൻ സ്വന്തം അവസ്ഥയെന്തെന്നറിയാൻ ആ മഹാസമുദ്രത്തിൽ നാലുപാടും നോക്കുന്നു. അതിലെ വിവിധങ്ങളായ തിരമാലകളും പ്രവാഹങ്ങളും കണ്ടു് അവൻ അമ്പരന്നുപോകുന്നു. തന്മൂലം അവയുടെ പരമാർത്ഥപ്രകൃതിയെപ്പറ്റിയുള്ള പരിശോധനയിൽ പല മിഥ്യാബോധങ്ങളും ഉണ്ടാകുക സാധാരണമാണു്. ഇതിൽ ഒട്ടും. അദ്ഭുതപ്പെടാനില്ല. ജീവിതത്തെപ്പറ്റി അവഗാഢമായി ആലോചിച്ച അഭിപ്രായം പുറപ്പെടുവിച്ചിട്ടുള്ള തത്ത്വജ്ഞാനികൾ വളരെയുണ്ടു്. എന്നാൽ സംശയമറ്റ ഒരു തീർപ്പുകൽപ്പിക്കാൻ ആർക്കും സാധിച്ചിട്ടില്ല. അങ്ങനെ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലാണു് നാം അദ്ഭുതപ്പെടേണ്ടതു്. മാത്രമല്ല, അതിൽ അവിശ്വസിക്കേണ്ടതായിട്ടും വരും. എന്തെന്നാൽ എത്ര വായിച്ചാലും അവസാനിക്കാത്തതും അസഖ്യം വ്യാഖ്യാനങ്ങൾക്കു വഴിയുള്ളതുമായ ഒരു മഹാഗ്രന്ഥമാകുന്നു ജീവിതം. മനുഷ്യൻ അതിൽ ഒരധ്യായം മാത്രമാകുന്നു. ഒരധ്യായം കൊണ്ടു് ഒരു ഗ്രന്ഥം മുഴുവൻ മനസ്സിലാക്കുകയെന്നതു് അസാധ്യമത്രേ. അതിനായി ഉദ്യമിക്കുന്നവർക്കുണ്ടാകുന്ന അനുഭവത്തെയാണു്
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം;
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാർക്കുമേ”
എന്ന കവിവാക്യം വെളിപ്പെടുത്തുന്നതു്. അറിയുന്തോറും അറിയാനുള്ളതു് അധികമായും അറിഞ്ഞതൊക്കെ അബദ്ധമായും തോന്നിക്കുന്ന ഒരു സ്വഭാവമാണു് ജീവിതത്തിനുള്ളതു്. അതിന്റെ അഭിവ്യക്തിയിൽ കാണുന്ന അനന്തതയും അവ്യക്തതയും അന്വേഷകരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടു് ഇതെഴുതിയ കാലത്തു് ഒരു വേദാന്തിയുടെ മനോഭാവമായിരുന്നു എന്നിൽ മുന്നിട്ടുനിന്നിരുന്നതു്. ജീവിതം ദുഃഖാത്മകമാണെന്നും സംസാര ബന്ധത്തിൽനിന്നുള്ള മോചനമാണു് പരമമായ ജീവിതലക്ഷ്യമെന്നും ഞാൻ വിശ്വസിച്ചിരുന്നു. പക്ഷേ, ഈ വിശ്വാസം തികച്ചും ബുദ്ധിപരമായിരുന്നില്ല. ജീവിതമല്ല, ജീവിതനിഷേധമാണു് ഇത്തരം വേദാന്തചിന്തയുടെ അടിസ്ഥാനം. ഒരു തരം ദോഷാനുദർശനം (Pessimism) അതിൽ സർവ്വത്ര നിഴലിക്കുന്നുണ്ടു്. എന്റെ നവീനചിന്താഗതിയുമായി അതു പൊരുത്തപ്പെടുന്നില്ല. എങ്കിലും ആ നിഴൽ ഇപ്പോഴും മനസ്സിന്റെ ഒരു ഭാഗത്തു തങ്ങിനിൽക്കുന്നുണ്ടു്. പെസിമിസ്റ്റായ ഒരു ജർമ്മൻ കവിയുടെ
“Sweet is sleep, death is better
Best of all is never to be born”
(മധുരമാണു് ഉറക്കം, മരണം അതിനേക്കാൾ നല്ലതു്. ഏറ്റവും ഉത്തമം ഒരിക്കലും ജനിക്കാതിരിക്കുകയാണു്) എന്ന കവിത വായിച്ചപ്പോൾ എനിക്കു് അതിലെ ആശയം ഏറ്റവും ഹൃദ്യമായിത്തോന്നി. ഇപ്പോഴും ഞാൻ അതു് ഇടയ്ക്കിടയ്ക്കു് ചൊല്ലി രസിക്കാറുണ്ടു്. നേരത്തെ വേരുറച്ച വൈദാന്തിക മനോഭാവത്തിന്റെ ഒരവശിഷ്ടമാകാം ഇതു് എന്നാൽ നൈയായികമായ ചിന്തയിലും (Logical thinking) ശാസ്ത്രദൃഷ്ടിയിലും ഇതിനു സാധുത്വം കൽപ്പിച്ചുകൂടാ. ബുദ്ധിപരമായും വൈകാരികമായും രണ്ടുതരം ആശയങ്ങൾ നമ്മളിൽ കരുപ്പിടിക്കാറുണ്ടു്. രണ്ടാമത്തേതു ശീലം, വിശ്വാസം, അനുഭവം മുതലായവയിൽനിന്നു സദ്യോജാതമാകുന്ന പ്രതികരണംകൊണ്ടുണ്ടാകുന്നതാണു്. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തോടു് അതു പൊരുത്തപ്പെടാതിരിക്കാം. ജീവിതം ജീവിക്കാനുള്ളതാണു്. തള്ളിക്കളയാനുള്ളതല്ല. അതു നിഴലോ, സ്വപ്നമോ, മായയോ ഒന്നുമല്ല; നാം അഭിമുഖീകരിക്കേണ്ട കടുത്ത യാഥാർത്ഥ്യമാണു് എന്നതത്രേ എന്റെ ഇന്നത്തെ ചിന്താഗതി. ഇത്രയും പശ്ചാത്തലമായി പറഞ്ഞുകൊണ്ടു് ഞാൻ സ്നേഹിതന്റെ ചോദ്യങ്ങൾക്കു കൊടുത്ത മറുപടി ഇവിടെ കുറിക്കട്ടെ.
ഞാൻ ഇപ്പോഴും എന്നെത്തന്നെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയാണു്. ജീവിതത്തെപ്പറ്റി പ്രത്യേകിച്ചൊരു ഫിലോസഫിയും ഞാൻ കെട്ടിപ്പടുത്തിട്ടില്ല. തത്ത്വപരമായ ഒരു സിദ്ധാന്തവും എന്റെ ബുദ്ധിയെ ബദ്ധമാക്കിയിട്ടില്ല. ഒരു തത്ത്വസംഹിതയുടേയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാത്ത ഒന്നാണു് ജീവിതം. പരസ്പരവിരുദ്ധങ്ങളായ വിശ്വാസങ്ങൾക്കും വിചാരപദ്ധതികൾക്കും വഴങ്ങിക്കൊടുക്കത്തക്കവിധം അതു സങ്കീർണ്ണ സ്വഭാവത്തോടുകൂടിയിരിക്കുന്നു. ജീവിതത്തെപ്പറ്റി ഇതുവരെ സിദ്ധിച്ച അറിവും അനുഭവവുംവെച്ചുകൊണ്ടു് യുക്തിസഹമായ ഒരഭിപ്രായം പറയാമെങ്കിൽ അതു് ഇതാണു്.
അനന്തകോടി ഗോളങ്ങളിൽ കൃശപരിമാണമായ ഒന്നായി ചുറ്റിക്കറങ്ങുന്ന ഈ ഭൂമിയിൽ ജീവസ്ഫുരണം സംഭവിച്ചതു യാദൃച്ഛികമായിട്ടാണു്. പ്രകൃതി ഗുണപരിണാമത്തിലുണ്ടായ രാസപ്രയോഗപ്രകിയയിൽനിന്നാണു് അതു സംഭവിച്ചതു്. അണുപ്രാണി മുതൽ മർത്ത്യപദംവരെ ബഹുകോടിരൂപങ്ങളിൽ ജീവൻ അഭിവ്യക്തിയെ പ്രാപിച്ചു് ഒരു മഹാപ്രവാഹമായി അനവരതു പരിണാമഗതി പൂണ്ടിരിക്കുന്നു. കാര്യകാരണബന്ധത്തോടെ ഒരു വൃത്തത്തിനു തുല്യം ഈ പ്രപഞ്ചചക്രം സ്വയം കർത്തൃകമായി തിരിഞ്ഞുകൊണ്ടിരിക്കുന്നുവെന്നു സാമാന്യമായിപ്പറയാം. ആദിയോ അന്തമോ ഇല്ലാത്ത ഒരവസ്ഥാവിശേഷമാണു് അതിനുള്ളതു്. കേവലം കാരണാവസ്ഥയിൽ ഒന്നിനും സ്ഥിരതയില്ല. പ്രപഞ്ചബാഹ്യമായ ഒരു ശക്തിയെ ആദികാരണമായി കൽപ്പിക്കുന്നതു യുക്തിക്കും ശാസ്ത്രബോധത്തിനും വിരുദ്ധമാകുന്നു. ഈ ലോകത്തെ ബോധപൂർവ്വം നിയന്ത്രിക്കുകയും ഭരിക്കയും ചെയുന്ന ഒരു ശക്തിയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. ബോധപൂർവ്വം എന്ന വിശേഷണം പ്രത്യേകം ഓർമ്മിക്കേണ്ടതാണു്. ആത്മാവു്, ഈശ്വരൻ, മരണാനന്തരജീവിതം ഇതിലൊന്നിലും ഈ വയസ്സുകാലത്തും എനിക്കു വിശ്വാസംവരുന്നില്ല.
ജനിച്ചതുകൊണ്ടു ജീവിക്കുന്നു എന്നേ പറയാനുള്ളൂ. എന്തിനു് എന്ന ചോദ്യം ഒരിടത്തും അവസാനിക്കാത്ത ഒന്നാണു്. ആത്യന്തികമായ ഒരു സമാധാനം അതിനില്ല. എന്തിനു ജീവിക്കുന്നു എന്ന ചോദ്യത്തിനു് എന്തുത്തരം പറഞ്ഞാലും അവിടെ പിന്നേയും എന്തിനു് എന്ന ചോദ്യം തൊടുത്തു വിടാമല്ലോ. സയൻസിന്റെ മാർഗ്ഗം “എങ്ങനെ” എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കലാണു്. പരദ്രോഹം ചെയ്യാതെയെങ്കിലും ജീവിച്ചാൽ അത്രയും നന്നു്. പരനുപകാരമാകത്തക്കവണ്ണം ജീവിക്കുന്നതു് അത്യുത്തമം. മാനവ വ്യക്തിത്വത്തിന്റെ വികാസവും സഹക്ഷേമവും ജീവിതലക്ഷ്യമാകണം. മനുഷ്യത്വം ഏതുനിലയിലും അങ്ങേയറ്റം മാനിക്കപ്പെടുന്ന സംസ്ക്കാരം എല്ലാ രാജ്യങ്ങളിലും എല്ലാ കാര്യങ്ങളിലും വന്നു ചേർന്നാൽ ജീവിതം സുശോഭനമാകും. ഇത്രയുമാണു് ചുരുക്കത്തിൽ ഞാൻ ആ സ്നേഹിതനോടു പറഞ്ഞതു്. ഈ മറുപടി അദ്ദേഹത്തിനെ എത്രമാത്രം തൃപ്തിപ്പെടുത്തിയെന്നറിഞ്ഞുകൂടാ.
—സ്മരണമഞ്ജരി.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971