images/Swedish_painting_art.jpg
Swedish modern impressionist artwork, bird, oil pastel, a painting by Rolf Nerlöv (1940–2015).
images/kuruvi-jeyamohan.png

നാഗർകോവിലിൽ നിന്നു ഡിസ്ട്രിക്റ്റ് എഞ്ചിനീയർ എന്നെ വിളിച്ചതായി ശിവൻ പറഞ്ഞു. “ടി. ഇ. യോ? എന്തു പറഞ്ഞു?” ഞാൻ ചോദിച്ചു.

“അതെ, ഇവിടൊണ്ടോന്നു ചോദിച്ചു”.

“നീ എന്തു പറഞ്ഞു?”

“ചായ കുടിക്കാൻ പോയതാന്ന്”.

“ശരി, അതിനുള്ള വിവരം നിനക്കൊണ്ട്”

പരിഭ്രമമായി. എന്തിനു്? എന്തെങ്കിലും തകരാർ ഉണ്ടോ? എല്ലാ ലൈനും ശരിയായിത്തന്നെ ഇരുന്നിരുന്നു. എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല.

എന്റെ വെപ്രാളം കൂടിക്കൂടി വന്നതും ഫോൺ അടിച്ചു. എടുക്കുന്നതിനിടയിൽ ഉള്ളുണർവു് പറഞ്ഞു, ടി. ഇ. തന്നെ.

“സാർ ഗുഡ് മോണിങ്, അല്ല ഗുഡീവനിങ്”

“അറുമുഖമാണോ?”

“അതെ, സാർ”

“നമ്മുടെ മാടൻപിള്ള ഇപ്പോ എവിടൊണ്ട്?”

എനിക്കാശ്വാസമായി. “അവൻ അങ്ങനെ ദിവസവും വരാറില്ല സാർ. ഉള്ളതു പറഞ്ഞാൽ, അവൻ വരികേ വേണ്ട എന്നാണ് ഇവിടെ ജെ. ഇ. ഉൾപ്പെടെ എല്ലാരും പറഞ്ഞതു്”. ഞാൻ പറഞ്ഞു. “വന്നാൽ ബഹളമാകും വലിയ പുകിലാകും”.

“അവനെ പിടിക്കണം. ഉടനെ അവനെ കിട്ടണം. നാളെത്തന്നെ അവൻ നാഗർകോവിലിലെത്തണം”

“സാർ, ഉടനെ എന്നു പറഞ്ഞാലെങ്ങനാ?”

“ഞാൻ പറയിണതല്ല… ജി. എം. വിളിച്ചു പറഞ്ഞിട്ടുണ്ട്… അവൻ വേണം”.

ഞാൻ ഒന്നും പറയാതെ നിന്നു. എന്റെ ദേഷ്യം മനസ്സിലാക്കി അവർ വിശദീകരിച്ചു.

“ഓപ്ടിക്കൽ കേബിളിന് ഒരു നേഷണൽ പ്ലാൻ. കാഷ്മീർ ടു കന്യാകുമാരി. പ്ലാൻ കെ. കെ. ന്നു പേരുമിട്ടു. നാളെ സെൻട്രൽ കമ്യൂണിക്കേഷൻ മിനിസ്റ്റർ കന്യാകുമാരിയിൽ ആ പ്ലാൻ ഉദ്ഘാടനം ചെയ്യും”.

“അറിയാം” ഞാൻ പറഞ്ഞു.

“അതിനു വേണ്ട തിരക്കഥയൊക്കെ എഴുതിത്തയ്യാറാക്കീട്ടൊണ്ട്… ടെലിവിഷനിൽ കാണിക്കണ്ടേ? ആദ്യം റെയിൽവേ സ്റ്റേഷനിൽ വരവേല്പു്, ഓഫീസിൽ ഒരു ഉദ്ഘാടനം. ഇവിടുള്ള ഓഫീസർമാരുമായി ഒരു ഡിസ്കഷൻ. തൊഴിലാളികളുമായി ഒരു കൂടിക്കാഴ്ച്ച. എന്നാൽ ഒടുവിൽ ഒരൈറ്റമുണ്ടു്. കേബിൾ ഒരാൾ സ്പ്ലൈസ് ചെയ്യണം. അവിടെ മിനിസ്റ്റർ ചെന്നു നോക്കിക്കണ്ടു് അഭിപ്രായങ്ങൾ പറയും. അവര് പത്താം ക്ലാസുവരെ പഠിച്ചയാളാ. അവരു പറയിണ പോലെ അവൻ ചെയ്യണം”

“ശരി” എനിക്കു് അപ്പോഴും കാര്യം മുഴുവൻ മനസ്സിലായില്ല.

“ടി വിയിൽ ആ കേബിൾ കാണിക്കും. നാടു മുഴുവൻ. അതു ക്ലോസപ്പിൽ വരും.ഇവിടെ നമ്മുടെ പിള്ളേര് കേബിൾ കൂട്ടിയോജിപ്പിച്ചതു കണ്ടാൽ പെറ്റ അമ്മ സഹിക്കൂല്ല. എരുമ ചവച്ചിട്ട വൈക്കോലു മാതിരി ഇരിക്കും കേബിള്. നല്ല നീറ്റായി, കണ്ടാൽ ഭങ്ങി തോന്നുന്ന തരത്തിൽ ചെയ്യണമതു്”.

എനിക്കു മനസ്സിലായി.

“മാടൻപിള്ള ചെയ്യും. എന്നാൽ…”

“ദിവസം ഇല്ല. ഇനി ഒരു ദിവസം. ഇന്നു രാത്രി തൊടങ്ങണം. നാളെ രാവിലത്തേയ്ക്കു പണി തീരണം. നാളെ രാവിലെ പത്തുമണിക്കു് മിനിസ്റ്റർ കന്യാകുമാരിയിൽ ഇറങ്ങും”.

“ഇപ്പൊ പറഞ്ഞാ എങ്ങനാ?…”

“ഹേയ്, ഇപ്പൊഴാ ടി. ഇ. പോയി ആ കേബിൾ ജങ്ക്ഷൻ നോക്കിയതു്. അതു കാണിച്ചാ പിന്നെ ഇവിടെ നമ്മൾ ജീവിച്ചിരുന്നിട്ടു കാര്യമില്ലാന്നു പറഞ്ഞു. എന്തു ചെയ്തിട്ടായാലും ഇതു ശരിയാക്കണമെന്നു പറഞ്ഞു. ഇപ്പൊ ചെയ്തു വെച്ചതു മുഴുവൻ ആദ്യം അഴിക്കണം. പുതുതായിട്ടു ചെയ്യണം”.

ഞാൻ ദീർഘശ്വാസം വിട്ടു.

“എങ്ങനേലും അവനെ പിടിക്കണം… അവനു് ചെയ്യാൻ പറ്റും എന്നു തോന്നുന്നു”.

“ശരി സാർ”

“അല്ല, ഒരു രാത്രി കൊണ്ടു് വേറാർക്കെങ്കിലും ചെയ്യാൻ പറ്റുമോ?”

“സാർ, ഇതു് ഒറ്റൊരാൾക്കു ചെയ്യാനുള്ള പണി. നാലു ദിവസമെങ്കിലുമെടുക്കാതെ ഇതു ചെയ്യാൻ പറ്റുന്ന ആരും ഇവിടില്ല. ഒറ്റരാത്രി കൊണ്ടു് ചെയ്തു തീർക്കാൻ അവനൊരുത്തനു മാത്രമേ കഴിയൂ. അതു് അവനു് ദൈവം കൊടുത്ത സിദ്ധിയാ… മറ്റുള്ളോരു സ്പ്ലൈസ് ചെയ്താ കേബിൾ വർക്കാവും. എന്നാ ഭങ്ങിയുണ്ടാവില്ല”.

“ഭങ്ങിയായിട്ടു ചെയ്യണം”. അവർ പറഞ്ഞു. “പൂ പോലിരിക്കണം”

images/jeyamohan-kuruvi-01.png

ഫോൺ വെച്ച ശേഷം ഞാൻ നേരെ ജൂനിയർ എഞ്ചിനീയരുടെ അടുത്തുചെന്നു. പുതിയ ജെ. ഇ. താണമ്മാൾ ഓഫീസ് മുറിയിലിരുന്നു് ഫോണിൽ സംസാരിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൾ ഫോണിൽ സംസാരിക്കാത്ത നേരം കുറവു്. അന്നേരം ദുഃഖഭാവത്തിലാവും.

“നമ്മടെ ടി. ഇ. വിളിച്ചിരുന്നു. ഒടനെ മാടൻപിള്ളേ വിളിച്ചു കൊണ്ടുവരണമെന്നു പറഞ്ഞു”

“അതെയോ?” അപ്പോഴും ഫോണിന്റെ വായ പൊത്തിപ്പിടിച്ചിരുന്നു.

“നിങ്ങളെ വിളിച്ചില്ലേ?”

“ഇല്ലല്ലോ”

“എങ്ങനെ വിളിക്കും. ഫോൺ താഴെ വെച്ചിട്ടു വേണ്ടേ”. ഞാൻ പറഞ്ഞു. “മാടൻപിള്ളയുടെ കോൺടാക്റ്റ് നമ്പറുണ്ടോ?”

“അറിയില്ല കേട്ടോ”

“അവൻ വരാറുണ്ടോ? എപ്പൊഴാ ഒടുവിൽ വന്നതു്?”

“അറിയില്ല”

“പിന്നെ നിങ്ങക്കെന്താ അറിയുക?” ഞാൻ ചോദിച്ചു. “ആദ്യം ആ ഫോൺ താഴെ വെയ്ക്കൂ… ശമ്പളം പറ്റുന്നുണ്ടല്ലോ”

താണമ്മാൾ ചുണ്ടു കോട്ടി കണ്ണീർ നിറച്ചു പറഞ്ഞു “എല്ലാം എന്നോടു തന്നെ ചോദിക്കണം… ഞാൻ രണ്ടു കൈക്കുഞ്ഞുങ്ങളെ വീട്ടിൽ വിട്ടിട്ടാ ഇവിടെ വരുന്നേ. എന്റമ്മയ്ക്കു ദേഹസുഖമില്ല…”

“ശരി ശരി, ഞാനൊന്നും ചോദിക്കണില്ല. എന്നാ ഒരു ചെറിയ കാര്യം ഓർമ്മയിരിക്കട്ടെ. ഈ ഓഫീസിന്റെ മുഴുവൻ ചുമതലയുള്ള ഓഫീസർ നിങ്ങളാ. ഞാൻ നിങ്ങടെ കീഴുദ്യോഗസ്ഥനാ”

“ഞാനെന്താ ചെയ്ക? എനിക്കൊന്നുമറിയില്ല. എല്ലാരുമെന്നെ കുറ്റം പറയിണു… എന്റെ കോരോയിൽ മുരുകാ… ഞാൻ മരിച്ചു പോകും. ഞാൻ മരിച്ചാ നിങ്ങക്കെല്ലാം സന്തോഷമാകുമല്ലോ ല്ലേ?”

ഞാൻ പുറത്തിറങ്ങി ക്ലർക്കുമാർ ഇരിക്കുന്നിടത്തെത്തി. രാമസ്സാമി ഉണ്ടായിരുന്നു അവിടെ.

“ഹേയ്, നമ്മടെ മാടൻപിള്ള ഇപ്പം എവിടുണ്ടാവും?”

“അവൻ സസ്പെൻഷനിലല്ലേ ഇപ്പം?”

“ഓ!” ഞാൻ ചോദിച്ചു “എന്തിന്?”

“എന്തിനു്! തണ്ണിയടിച്ചു വന്നു് അക്കൗണ്ട് ഓഫീസർ മാധവൻപിള്ളയുടെ മണ്ടയ്ക്കടിച്ചു. നാലു തുന്നലാ”

“അതു കഴിഞ്ഞിട്ടു് മൂന്നു മാസമായല്ലോ”

“അതെ. പക്ഷേ, അതിനു ശേഷം കോൺടാക്റ്റ് ഇല്ല. അയാളുടെ പെഴ്സണൽ ഫയല് ഇപ്പൊ എവിടെയാ ഇരിക്കുന്നെന്നറിയില്ല”.

“ഇപ്പൊ അയാളെ കോൺടാക്റ്റ് ചെയ്യാൻ എന്താ ഒരു വഴി?”

“താഴെ ലൈൻമേൻവർക്ക്ഷാപ്പില് ഡേനിയൽരാജൻ ന്ന് ഒരുത്തനുണ്ടു്. അവനാണു് ഇയാളുടെ ഒരേയൊരു കൂട്ടുകാരൻ”.

“ശരി” ഞാനെഴുന്നേറ്റു താഴേക്കു ചെന്നു.

ഡേനിയൽരാജൻ അവിടെയുണ്ടായിരുന്നു. ചെറിയ തരിപ്പിലാണു് ആളെന്നു് കവിൾ ഇറുക്കി കൂടെക്കൂടെ പല്ലു കടിക്കുന്നതിൽ നിന്നു് മനസ്സിലായി. വായനിറയെ നാറ്റമടിക്കുന്ന ഹാൻസ് വെച്ചിരുന്നു, മദ്യനാറ്റം മറയ്ക്കാൻ.

“ഏയ് ഡാനിയൽ, നിന്റെ കൂട്ടുകാരനല്ലേ മാടൻപിള്ള? അവൻ എവിടുണ്ടെന്നറിയുമോ?”

“അവനെ പോലീസു പിടിച്ചല്ലോ?”

“എപ്പം?”

“ഇന്നലെ” ചൂണ്ടുവിരൽ ഉയർത്തിക്കാട്ടി ഒരു നിമിഷം നിന്നാലോചിച്ചു പറഞ്ഞു “അല്ല, ഞായറാഴ്ച”

“ഇന്നലെയോ ഞായറാഴ്ച്ചയോ?”

“അറിയൂല. എന്നോടു് ഷൺമുഖം പറഞ്ഞതാ”

“നീയവിടെപ്പോയോ?”

“പോയാ എന്നേം പിടിച്ചു വയ്ക്കൂലേ”

“ഏതു പോലീസ് സ്റ്റേഷനിലാ?”

“ഇവിടെ മേട്ടുച്ചന്തയിൽത്തന്നെ”.

പോലീസ് സ്റ്റേഷനിലേക്കു ഫോൺ ചെയ്താലോ എന്നു ഞാൻ വിചാരിച്ചു. എന്നാൽ പൊതുവേ പോലീസുകാർ ഫോണിൽ പറഞ്ഞാൽ ഒന്നും കേൾക്കുകയില്ല. ഒരേ കാര്യം തന്നെ അലറിക്കൊണ്ടിരിക്കും.

എന്റെ ബൈക്കിൽ പോലീസ് സ്റ്റേഷനിൽ ചെന്നു. അതു കൊണ്ടുനിർത്തിയപ്പോൾ ഹേഡ് നാരായണപിള്ള ചിരിച്ചുകൊണ്ടു് എന്നെ നോക്കി വന്നു. “വരൂ വരൂ, എന്താ സങ്കതി? വല്ലോം കളവുപോയോ?”

“നിങ്ങളാ ഭാഗത്തേക്കേ വരാറില്ലല്ലോ. പിന്നെങ്ങനെ കളവുപോവും?” പിന്നെ ഞാൻ വന്ന കാര്യം പറഞ്ഞു. “ഇവിടെ വന്നിട്ടുണ്ടോന്നറിയണം… അഡ്രസ് ഇവിടെ കാണുമല്ലോ?”

“അപ്പ നിങ്ങടെ കയ്യിൽ അഡ്രസ്സില്ലേ?”

“അതയാളുടെ വീട്ടഡ്രസ്… അയാൾക്കും അതിനും തമ്മിൽ ഒരു ബന്ധവുമില്ല”.

“നല്ല പാർട്ടി” നാരായണപിള്ള പറഞ്ഞു. “വരൂ”

ഞാൻ മുകളിൽ ചെന്നു മുറിയിൽ കയറിയതും മാടൻപിള്ളയെ കണ്ടു. “ഇതാ ഇതുതന്നെ ആള്”.

images/jeyamohan-kuruvi-03.png

അയാളെ വിലങ്ങു വെച്ചു് ഒരു ജനൽക്കമ്പിയോടു ചേർത്തു കെട്ടിയിരുന്നു. മുടിയിഴകൾ മുഖത്തു വീഴുമാറ് കുനിഞ്ഞിരുന്ന് ഉറങ്ങിക്കൊണ്ടിരുന്നു.

“ഇവനാ? ഇവൻ നാലു ദിവസമായി ഇവിടെ അകത്തു കിടക്കുകയാ”.

“എന്തിന്?”

“എന്തിനെന്നോ? നട്ടുച്ച നേരത്തു് തണ്ണിയടിച്ചു ബസ് സ്റ്റാന്റിൽ പോയി ബസ്സു മറിച്ചു് ലഹളയുണ്ടാക്കി. പിടിക്കാൻ ചെന്ന പോലീസുകാരന്റെ മുഖത്തു തുപ്പി”.

മാടൻപിള്ളയുടെ ദേഹം മുഴുവൻ മുറിവുകളുണ്ടായിരുന്നു.

“നല്ലോം ചാർത്തിയ പോലുണ്ടല്ലോ”

“അതു പിന്നെ കോർട്ടിലേക്കു കൊണ്ടു പോകുന്നില്ലേൽ അടിക്കും”

“എന്താ കേസെടുക്കാത്തു്?”

“ഐ. ഡി കാർഡു കാണിച്ചു. സർക്കാർ എംപ്ലോയിയാണു്. അതിന്റെ പ്രൊസീജർ എഴുതിയെടുക്കുന്നതു് കൊഴഞ്ഞ പണിയാ. അതു കൊണ്ടാ നാലു ദിവസം അകത്തിട്ടു ചാർത്തിയതു്” നാരായണപിള്ള പറഞ്ഞു. “ഏയ് ആശീർവാദം, അവനെ വിടെടോ”

വിലങ്ങഴിച്ചതും മാടൻപിള്ള കൺമിഴിച്ചു് എഴുന്നേറ്റു് എന്നെ നോക്കി.

“ഏയ് ഹേഡ്… നോക്കിൻ ആരാ വന്നിരിക്കണതെന്നു്. ഞങ്ങടെ സീനിയർ സൂപ്രണ്ടാ. ങ്ഹാ, അതാണു്. കേന്ദ്ര സർക്കാരാ, വിവരമറീം. മയിരാണെന്നാടോ കരുതിയേ? തൊപ്പി തെറിക്കും നോക്കിക്കോ” പിന്നെ എന്നോടു്: “സാർ, ഇവമ്മാരടെ തൊപ്പി പോകണം… തെറിപ്പിക്കണം”.

“നോക്കാം. നീ വാടേ”

“ഞാൻ വരുന്നുണ്ടെടേയ് ഹേഡേ… പിന്നെ വന്നു് തന്നോടു പറേണൊണ്ട്”.

പുറത്തു വന്നതും ഞാൻ “എന്തിനാ ഇങ്ങനെ കെടന്നു നശിക്കുന്നതു്?” എന്നു ചോദിച്ചു.

“കേരളം നമുക്കു വെളളം തരൂല്ലല്ലോ? അതുകൊണ്ടാ കേരളാ ബസ്സ് മറിച്ചിട്ടതു്… അവമ്മാരിവിടെ വരണ്ടാ… കണ്ടീഷനാ വരണ്ടാ, അത്ര തന്നെ”.

“എപ്പഴാ വെള്ളം തരാത്തതു്?”

“മേയ് മാസത്തില്”

“ഓഹോ, ഇതു ഡിസംബറല്ലേ?”

“അതെ, എന്നാ ഇപ്പൊഴല്ലേ എനിക്കു് ഓർമ്മ വന്നതു്!”

“ശരി, വാ, നിന്നോടൊരു കാര്യം പറയാനുണ്ടു്”.

“ഒരിരുപത്തെട്ടു രൂപാ തരണം”

“ഡേയ്, നീ മര്യാദക്കിരിക്കണം… ഞാനാ പറയുന്ന്, നോക്കിക്കോ”

“മര്യാദക്കിരിക്കണേങ്കീ സാധനം ഉള്ളിലെത്തണം… കണ്ടോ കയ്യു വെറയ്ക്കിണതു്…?”

ഞാൻ പണം കൊടുത്തു. “അപ്പൊ നാലു ദിവസം ലോക്കപ്പില് എങ്ങനെ ഇരുന്നു?”

“അതു് പിന്നെ, ദിവസം രണ്ടു നേരം വെച്ചു് അവരടിക്കുമല്ലോ? അടി കിട്ടിയാ ഒരു ഹാഫടിച്ച കിക്കൊണ്ടു്”.

“ഇവിടെ നിൽക്കൂ” എന്നു പറഞ്ഞു് അവനങ്ങു മറഞ്ഞു.

ഞാൻ കാത്തു നിന്നു. ആ വഴിക്കു പൊയ്ക്കളയുമോ?

എന്നാൽ അവൻ തിരിച്ചു വന്നു. ഇപ്പോൾ ശരിക്കും മര്യാദക്കാരൻ.

“എന്താ കാര്യം?” അവൻ ചോദിച്ചു.

ഞാൻ സംഗതിയെല്ലാം പറഞ്ഞു. “മാടൻ പിള്ളേ, നീ ചെന്നതു് ചെയ്തു കൊടുക്കണം… ഇതു് നമ്മടെ ഡിപ്പാർട്ടുമെന്റിന്റെ അഭിമാനമാ”

“അപ്പൊ എന്റെ മാനമോ? എന്റെ മാനമൊക്കെ പോയേ. എന്തിനാ ഞാനിവിടെ പോലീസിന്റെ അടി കൊണ്ടു കെടന്ന് ? കൈയില് പൈശയില്ലാത്തതോണ്ട്. എന്തുകൊണ്ടാ പൈശയില്ലാത്തതു്? ഞാൻ സസ്പെന്റ്”

“നീ അക്കൗണ്ടന്റിനെ അടിച്ചിട്ടല്ലേ?”

“അതെ, എന്തിനാ അടിച്ചേ? അവര് എന്റെ ശമ്പളം തടഞ്ഞുവെച്ചു”.

“അതെന്തിനാ?”

“അതിനു മുന്നേ സസ്പെൻഷനിലിരുന്നതു് പിൻവലിക്കാത്തതോണ്ട്”

“സസ്പെൻഷനിലിരിക്കുന്നയാളെ എങ്ങനാ പിന്നേം സസ്പെന്റ് ചെയ്യുക?”

“അതു് താണമ്മാളോടു പോയി ചോദിക്ക്”

“ശരി, വിടു. ഇതെനിക്കറിയില്ല. വലിയ പ്രയാസത്തിലാണിപ്പൊ. വിഷയത്തിലേക്കു വരാം. എന്തായാലും ശരി ഡിപാർട്ടുമെന്റ് നമ്മുടെ അപ്പൻ മാതിരി. വിട്ടുകൊടുക്കാൻ കഴിയൂല”.

“ഞാൻ എന്റെ അപ്പനെയാ ആദ്യം ചെരുപ്പെടുത്തടിച്ചതു്”.

“ശരി, എന്നാ നമ്മടെ അമ്മ”

“അവളെ ഞാൻ എന്നും തേവിടിച്ചീന്നാ വിളിക്കാറ്”

“ശരി ടേ, എങ്കീ ദൈവം. നമുക്കു വേണ്ടതെല്ലാം തരുന്ന ദൈവം”.

“കഴിഞ്ഞ കൊല്ലം എന്നെ എന്തിനാ അറസ്റ്റു ചെയ്തതു് എന്നറിയാമോ? പറയാം, കേക്കിൻ. കുമാരകോയിൽ മുരുകനെ തെറി വിളിച്ചു മുണ്ടു പൊക്കിക്കാട്ടിയതിനാ. ആ പിച്ചക്കാരൻ നായയല്ലേ എന്നെ കുടിയനാക്കി കണ്ണിക്കണ്ട നായ്ക്കളുടെ വായീന്ന് അഡ്വൈസ് കേപ്പിച്ചോണ്ടിരുന്നതു്?”

ഞാൻ അയാളുടെ തോളിൽ പിടിച്ചു. “ഇവിടെ നോക്കൂ. നീ ആരാ? നീയൊരു ആർട്ടിസ്റ്റ്. മറ്റുള്ളോരെപ്പോലെ പണത്തിനു ജോലി ചെയ്യണോനല്ല. ജോലി ചെയ്താ അതു് ചെയ്ത മാതിരി ഇരിക്കും… അതോണ്ടാ നിന്നെ വിളിക്കിണതു്. ഇപ്പ നോക്കു്, നിന്റെ കഴിവു് ഇവിടെ ചിലർക്കു മാത്രമേ അറിയൂ. ഇനി നിന്റെ കഴിവു് ടീ വിയിൽ ലോകം മുഴുവൻ കാണാൻ പോവുകയാ. കാലാകാലം അതിരിക്കും… ടി വിയിൽ ഇനി എപ്പൊ ഓപ്റ്റിക്കൽ കേബിൾ കാണിക്കുമ്പോഴും അതാണു കാട്ടുക. ഹേയ്, ശുചീന്ദ്രം ക്ഷേത്രം പോലെ തലമുറ താണ്ടി നിക്കൂല്ലേ? ഒരാർട്ടിസ്റ്റിന് അതിലപ്പുറം എന്തു വേണം? പറയൂ…” ഞാൻ പറഞ്ഞു.

അവൻ ഒന്നു തണുത്തതുപോലെ തോന്നി.

“വാടേ” ഞാൻ വിളിച്ചു.

“ഇല്ല” എന്നു പറഞ്ഞപ്പോൾ അവനിൽ ഒരു തെളിച്ചം ഉണ്ടായി വന്നു. “ഇല്ല. ഞാൻ വരൂല്ല. നീ പോയിപ്പറ”

“ടേയ് ”

“ഞാമ്പറഞ്ഞല്ലോ” അവൻ തുടർന്നു. “ശരിയാ. ഞാൻ ആർട്ടിസ്റ്റാ. ഞാൻ ചെയ്യിണതു ശുചീന്ദ്രം ശില്പം പോലാവും. അതു് ആയിരം പേരു കാണണം. തലമുറ താണ്ടി നിക്കണം. എന്നാ അതിനായി ഞാൻ താഴെയിറങ്ങുകേല. എനിക്കു് ഞാൻ ചെയ്യിണ ജോലി തന്നെ മുഖ്യം. അതു കഴിഞ്ഞാ ഞാൻ തന്നെയാ മുഖ്യം. ഇപ്പൊ താൻവന്നു വിളിച്ചല്ലോ. ആ ജോലി എന്താ? അതു് ഞാൻ തന്നെയാ. എന്റെ മനസ്സാ അതു്. ആത്മാവാ. അതു് വിട്ടിട്ടു് ഒരു പേരും പെരുമയും എനിക്കു വേണ്ട”.

അവൻ പറഞ്ഞു കൊണ്ടിരുന്നു. “ഈ പണി പത്താളു കാണണംന്നു പറഞ്ഞു് ഞാനെന്നെ വിട്ടു കൊടുത്താപ്പിന്നെ എനിക്കു ജോലിയേ ചെയ്യാനാവൂല്ല. ജോലി ചെയ്യൂല്ലെങ്കിൽ മാടൻപിള്ള പിന്നാര്? ചത്ത ശവം. കള്ളുകുടിയൻ തായോളി… ഒന്നു പോവിൻ“

“നീ പറേണതെനിക്കു മനസ്സിലാവണൊണ്ട്, മക്കാ”. ഞാൻ പറഞ്ഞു.

“മറ്റവൻ ചെയ്യണ ജോലിക്കും ഞാൻ ചെയ്യണതിനും എന്താ വ്യത്യാസം? അവരുക്ക് കയ്യും കണ്ണും ഒന്നായിച്ചേരൂല്ല. കണക്കറിയാവുന്നോന് കണക്കിനപ്പുറമൊള്ള ഒരുമ അറിയൂല്ല. അതു് ജീവന്റെ ഒരുമയാ. എല, പൂവു്, പക്ഷിടെ ചെറകു്, മൃഗത്തിന്റെ രോമം എല്ലാത്തിലുമുള്ളതു് ജീവന്റെ ഒരുമയാ. അതാണു് എന്റെ കയ്യു കൊണ്ടു് ഞാൻ ചെയ്യിണതു്. മറ്റവൻ ചെയ്താ അതു വരൂല്ല”. മാടൻപിള്ള പറഞ്ഞു.

അയാൾ സംസാരിച്ചുകൊണ്ടു നടന്നു. “ഞാൻ ജോലി തൊടങ്ങിയാ പിന്നെ ഞാൻ തന്നെയാ ആ ജോലി. ഇതാ ഇങ്ങനെ നിക്കണ മാടൻപിള്ള പിന്നെ ഇല്ല. ജോലി ഞാനായിത്തന്നെ മാറും. ഞാൻ വയറായിട്ടു് ഈയമായിട്ടു് തീയായിട്ടു മാറും. പിഞ്ഞിച്ചേർത്തു പിഞ്ഞിച്ചേർത്തു് അതു് അതിന്റെ രൂപത്തിലെത്തും. പണി ചെയ്തു തീർത്തു് ഞാൻ നോക്കും. സാമി എറങ്ങിയ മാതിരി ഇരിക്കും. കണ്ണിന്റെ മുന്നിലതങ്ങനെ നിൽക്കും. വാഴക്കന്ന് കൂമ്പി മുളച്ചു നിക്കൂല്ലേ, അതുപോലെ. അയ്യോ ഇത്ര നേരം ഇതു് എവിടെയായിരുന്നു എന്നു തോന്നൂലേ? അതു മാതിരി… അങ്ങനെ നിക്കുമത്. നോക്കി മനസ്സോണ്ടു കുമ്പിടും. ഓർത്തോർത്തു കണ്ണീരു വരും…”

എന്നെ പിടിച്ചു കുലുക്കി അവൻ പറഞ്ഞു. “ഹേയ്, ഞാൻ ആരു്? ഞാൻ ആർട്ടിസ്റ്റാ. ഒരുത്തൻ പടം വരയ്ക്കിണു. ഞാൻ ഇതു ചെയ്യിണു. എനിക്കിതു് ചെറിയ പ്രായത്തിലേ അറിയാം. എനിക്കറിയാവുന്ന ഒന്നു് ഇതു മാത്രമാ. എന്റെ അപ്പൻ ഞാൻ പടം വരയ്ക്കുന്നതു കണ്ടാ അടിക്കും. ആശാരിയല്ലെടാ നീയെന്നു ചോദിച്ച് അലറും. എന്നെ കെട്ടിയിട്ടു് അടിക്കും. ചൂടുവെച്ചിട്ടുമൊണ്ടു്. ചോറു തരാതെ ഇരുട്ടറയിൽ ഇട്ടടച്ചിട്ടൊണ്ടു്. വെഷം വെച്ചു കൊന്നുകളയുമെന്നു പറഞ്ഞിട്ടൊണ്ടു്”.

“പതിനൊന്നാം ക്ലാസു തോറ്റപ്പോ ഇനി നിനക്കിവിടെ ചോറില്ല, പോടാ ന്നു പറഞ്ഞു… അപ്പത്തൊടങ്ങിയ അലച്ചിലാ. വയറ്റുപ്പെഴപ്പിനാ ഈ ജോലിക്കു വന്നത്. ലൈൻ വലിച്ചു. കേബിളിന് കുഴി വെട്ടി. അപ്പഴാ ചന്ദ്രൻ മാസ്റ്റർ എന്നെ കണ്ടുപിടിച്ചതു്. അവര് സോൾഡറിങ് ചെയ്യുന്നതിൽ മാസ്റ്ററാ. വയറ് ചേർത്തുവെച്ചു് ഈയത്തുള്ളി ഇറ്റിക്കും. ഒരു തുള്ളി… ഓരോ തുള്ളിക്കും ഒരേ അളവു്. മണി മണിയായിട്ടു്. മണികൾ ചേർത്തുവെച്ച മാതിരി… അവര് സോൾഡറിങ് ചെയ്ത വയറ് കണ്ടാ ഏതോ ചെടീടെ വെത മാതിരിയുണ്ടാവും. ഞാനതു പഠിച്ചു. ഒറ്റ മാസം കൊണ്ടു്. അവര് എന്റെ കൈയ്യെടുത്തു് കണ്ണിൽ ചേർത്തുവെച്ചു പറഞ്ഞു, മക്കളേ ഞാൻ നല്ലൊരു പണിക്കാരൻ, നീ ആർട്ടിസ്റ്റ് ന്ന്… ആദ്യം അങ്ങനെ പറഞ്ഞയാള് അവരാ. അതീപ്പിന്നെ ഇപ്പോ ഇതാ താൻ പറയിണു”

“ശരി ടേ” ഞാൻ പറഞ്ഞു.

“എന്നാല് താൻ ഇതുവരെ എന്നോടിതു പറഞ്ഞിട്ടില്ല. ഇപ്പൊ എന്നെക്കൊണ്ടൊരാവശ്യം വന്നതുകൊണ്ടാ പറഞ്ഞതു് ”.

“അങ്ങനെയല്ല”.

“പറഞ്ഞില്ലല്ലോ? ഇതുവരെ മനസ്സറിഞ്ഞു പറഞ്ഞില്ലല്ലോ? ഈ ലോകത്തു് എല്ലാരും എന്നോടെന്താ പറഞ്ഞതു് ? ദെവസോം കുളിക്കു്, പല്ലുതേയ്ക്കു്, കാലത്തു് ദോശ തിന്ന്, ഉച്ചയ്ക്കു ചോറു തിന്ന്, വൈന്നാരം ടി വി കാണ്, പെൺജാതിക്കുമേലേ കേറ്, പിള്ളേരെ ഒണ്ടാക്കി അതുങ്ങക്കു വേണ്ടി സൊത്തു സമ്പാദിക്കു്, ഞങ്ങളെപ്പോലെ മരിച്ചു മണ്ണായിപ്പോ… അതല്ലേ? ഏയ്, ഞാൻ ചോദിക്കട്ടെ, ഈ ലോകത്തു് എന്നോടു് അഡ്വൈസ് മയിര് പറയാത്ത ഏതെങ്കിലും തായോളി ഒണ്ടോ? എന്റപ്പന്റെ രൂപമാ എല്ലാരുക്കും. പറഞ്ഞല്ലോ, ഡിപ്പാർട്ടുമെന്റ് ന്ന്. അതു് അപ്പന്റേം അപ്പൻ. അതിനകത്തു് ഓരോരുത്തരും അപ്പൻ”.

“ആപ്പീസറെ പേടി. കാശുള്ളോനെ പേടി. കൈയ്യൂക്കുള്ളോനെ പേടി. എന്നാ ആർട്ടിസ്റ്റിനെ മാത്രം നന്നാക്കി എടുത്തേ അടങ്ങൂ എല്ലാരും. പുതിയൊരാളാക്കാം ന്നാ വിചാരം. കഴിഞ്ഞയാഴ്ച നമ്മടാപ്പീസില് തൂത്തുവാരണ കോരൻ പറഞ്ഞു, ടോ മാടൻപിള്ളേ മനുഷ്യനായിട്ടു് ജീവിച്ചൂടേന്ന്. എല്ലാ തായോളികൾക്കും പറയാൻ ഒന്നേ ഒള്ളൂ. മനുഷ്യനായിട്ടു ജീവിക്ക്…”

അവൻ ശബ്ദമുയർത്തിപ്പറഞ്ഞു. “ഡോ… ഞാൻ മനുഷ്യനല്ല. ഞാൻ ആർട്ടിസ്റ്റ്. ഞാൻ മനുഷ്യനല്ലെന്നേ. ഞാൻ പാപി. ഞാൻ കെട്ടു നാറിയ കുടിയൻ നായി. ഞാൻ വൃത്തികെട്ട മൃഗം… പന്നി. ഞാൻ പുഴുവാ. തീട്ടത്തിൽ നൊഴയ്ക്കിണ പുഴു. ഞാൻ സാത്താനാ പിശാശാ. ചങ്കു കടിച്ച് ചോര കുടിക്കിണ മാടനാ. എന്തു മയിരായാലും നിങ്ങളേം നിങ്ങടാളുകളേം മാതിരി മണ്ണായിപ്പോണ മനുഷ്യനായി ഇരിക്കൂലാ ഞാൻ”

അവന്റെ തൊണ്ട ഞരമ്പുകൾ വീർത്തു നിന്നു. “ഇപ്പൊ വിളിച്ചല്ലോ തന്റെ ടി. ഇ. അവൻ എന്താ പറഞ്ഞ് എന്റടുത്തു് ? പോയി ചോദിക്കു്. കേട്ടിട്ടു വാ… അല്ല ഞാമ്പറയാം. അവൻ പറഞ്ഞു, അവന്റെ റൂമില് എന്നെ വിളിച്ചു് പറഞ്ഞു. എന്നോടു് ഇരിക്കാൻ പറഞ്ഞില്ല, ഞാൻ ടെക്നീഷ്യനാണല്ലോ. അവൻ ആപ്പീസറ്. ഹേ, അവൻ ആര്? ഒരു പരീക്ഷയെഴുതി ജയിച്ചാപ്പിന്നെ അവൻ ദൈവമാ? ഞാൻ ഇരിക്കിണതു ബ്രമ്മാവിന്റെ കസേരയിലാ. ആ കസേരടെ കാലിൽ തൊടാൻ അവന് യോഗ്യതേണ്ടോ? അവൻ എന്നോടു പറയുകാ, നീ വല്യ ആർട്ടിസ്റ്റ് ന്നു പറഞ്ഞല്ലോ, ആദ്യം ഒരു മനുഷ്യനായിട്ടു് ഇരിക്കു്, അതാ മുഖ്യം ന്ന്. മനുഷ്യൻ ആയില്ലെങ്കീ നീ പിന്നെന്തായാലും അതുകൊണ്ടു പ്രയോജനമില്ലാന്ന്. ഇപ്പം അവന് അവൻ പറയിണ നല്ല മനുഷ്യനെ വേണ്ടാതായോ? അളിഞ്ഞു നാറിക്കെടക്കണ മാടൻപിള്ളയേയാ അവനു വേണ്ടതു്?”

“അവൻ പറഞ്ഞോണ്ടിരുന്നു… എങ്ങനെ? സിമ്മാസനത്തിലിരിക്കിണ രാജാവു മാതിരി. അവൻ ലോകം ജയിച്ചോനാവും. ഞാൻ തോറ്റു തുന്നം പാടിയോനുമാവും… അവൻ പറഞ്ഞതൊക്കെ ഞാൻ നിന്നു കേട്ടു. അവന്റെ ഉപദേശം മുഴുവൻ കേട്ടു. ഈ ലോകം കൂടി എന്നോടു പറഞ്ഞു. മനുഷ്യനായിരിക്ക് ന്ന്. മനുഷ്യനാക്കാൻ എന്നെ വടികൊണ്ടടിച്ചു. എന്നെ ചൂടുവെച്ചു. ഇരുട്ടറയിൽ അന്നം വെളളമില്ലാതെ അടച്ചിട്ടു… ആവൂല്ലാന്നും പറഞ്ഞ് ഞാൻ കള്ളുകുടിയനായി. ഞാൻ മനുഷ്യനാവൂല്ലെടോ. ഇനീം താഴത്തേക്കു പോവും”

“ചത്തു കെടക്കും ഞാൻ. ഇതാ ഈ റോട്ടില് തെരുവുനായായി ചത്തു കെടക്കും ഞാൻ… എനിക്കൊരു മയിരും അതിൽ കുറവു വരാനില്ല. മേലേ പോയാ ദൈവത്തോടു പറയും പോടാ മയിരാണ്ടീന്ന്… ഞാൻ സന്തോഷമായിട്ടിരുന്നു. ഞാൻ ജീവിച്ചു. ഞാൻ നെറവോടെ ഇരുന്നു. ഒരു ജോലി ചെയ്തു തീർത്തു നിവർന്നു നോക്കുമ്പോ നീയും ഞാനും ഒന്നുതന്നേടോ ന്നു പറയും. ആകാശം മുഴുക്കെ നീ കൈയ്യില് വെച്ചു. എന്റെ കയ്യിൽ ഇരുന്നതു് ഈ സോൾഡർറാഡു മാത്രം. അതുകൊണ്ടു്, നിന്നേക്കാൾ മേലെയാ ഞാൻ. നീ എന്റെ പൊറങ്കാലിലെ മയിര്… അതെ, അങ്ങനെത്തന്നെ ഞാൻ പറേം”.

അവൻ ശ്വാസമെടുത്തു് ഉടനെ പുഞ്ചിരിച്ചു. “സൂപ്പർ ഡയലോഗ്, അല്ലിയോ?… കഴിച്ചതെറങ്ങിപ്പോയി. ഏയ്, ഒരിരുപത്തെട്ടു രൂപാ തന്നേ”

“തരാം. നീ ചോദിച്ചതു വാങ്ങിത്തരാം. എന്റെ കൂടെ വാ”

“ഞാൻ വരാം. എന്നാൽ ഒരു കണ്ടീഷൻ”

“പറ”

“അവൻ, ആ ടി. ഇ. എന്നോടു മാപ്പു പറേണം… ചുമ്മാ പറഞ്ഞാപ്പോരാ. അത്രേം സ്റ്റാഫിന്റെ മുന്നിലുവെച്ചു പറേണം. കുമ്പിട്ടു പറയണം. അറിയാതെ പറഞ്ഞതാ മാടൻ പിള്ളേ, നീ ആർട്ടിസ്റ്റ്, ഞാൻ വെറും മനുഷ്യൻ ന്നു പറയണം. പറയുമോ അവൻ?പറഞ്ഞാ ഞാൻ ചെയ്യാം”.

“ടേയ്, പറയണതിനൊരു ന്യായം വേണം”

“എന്റെ ന്യായം ഇതാടോ. ഒരു ദിവസമെങ്കിലും ഞാൻ ജയിക്കണം. പറയുമോ അവൻ?”

“അതെങ്ങനെ?”

“അപ്പ പോയി നൊട്ടട്ടെ”.

“നിനക്കു് പേരും പ്രശസ്തീം…”

“ഒരു മയിരും വേണ്ട, പോകാമ്പറ”

ഞാൻ സമ്മതിച്ചു. “ശരി, ഞാൻ പറയാം, പറഞ്ഞു നോക്കാം, നീ വാ”

“പറഞ്ഞ് പിന്നാക്കം പോവൂല്ല. അവൻ എന്റടുത്തു മാപ്പു ചോദിക്കണം… മാപ്പു ചോദിച്ചിട്ടു ബാക്കി”.

“വാടേ, ഞാൻ പറഞ്ഞു നോക്കാം”.

ഓട്ടോ പിടിച്ചു് ഞാനവനെ ഓഫീസിലേക്കു കൂട്ടി വന്നു. ഓഫീസ് മുറിയിൽ ഇരുത്തി.

അടുത്ത മുറിയിൽ ചെന്ന് ടി. ഇ. യോടു സംസാരിച്ചു.

“ഞാൻ മാപ്പു ചോദിക്കണോ? ഹേയ്, ഞാനവന് നല്ലതിനാ പറഞ്ഞത്. ഇങ്ങനെ ചീഞ്ഞളിയണോന്നാ ചോദിച്ചതു് ”

“അതെ, എന്നാ അവനതു പിടിച്ചിട്ടില്ല”.

“ടേയ്, അവനെന്തെടേ അങ്ങനൊരഹങ്കാരം? അവനാര്? വെറുമൊരു ടെക്നീഷ്യൻ”.

“ശരി, ആയ്ക്കോട്ടെ, ഇപ്പ നമുക്കവനെ ആവശ്യമല്ലേ?”

“അതിന് ?”

“അവനോടു ഫോണില് മാപ്പു ചോദിക്കൂ”

“പബ്ലിക്കായി ചോദിക്കണം ന്നല്ലേ അവൻ പറഞ്ഞതു്”

“വേണ്ട. അതു ഞാൻ പറഞ്ഞ് ശരിയാക്കാം. നിങ്ങള് ഒറ്റ വായിലൊരു മാപ്പങ്ങു പറഞ്ഞോണ്ടാ മതി”.

“സോൾഡറിങ് അടിക്കിണ നായിയ്ക്ക് ഇത്രക്കഹങ്കാരമോ? ശരി, ചോദിക്കാം. എന്നാ പണി ചെയ്തു തീർത്താ ഒടനെ അവനിട്ടു് ഞാൻ ആപ്പു വെയ്ക്കും”

“ഇനി അവനെ എന്തു ചെയ്യാനാ? ഇപ്പൊഴേ സസ്പെൻഷനാ”

“ഡിസ്മിസ് ചെയ്യും ഞാൻ”

“അതും അവനൊരു കാര്യമല്ല. റോട്ടിൽ നിന്ന് പഴകിയതാ” ഞാൻ പറഞ്ഞു. “മാത്രോല്ല, അതോടെ ഇങ്ങനൊരാവശ്യം വന്നാ നമുക്കു വേറെ ആളില്ലാണ്ടാവും”

“ശരി, ഒരു വാക്കല്ലേ, ഞാൻ ചോദിക്കാം”.

ഞാൻ മടങ്ങി എന്റെ മുറിയിൽ കേറിയപ്പോൾ മാടൻപിള്ള പാതിമയക്കത്തിലിരുപ്പാണ്. എന്റെ കാലൊച്ച കേട്ടു കണ്ണു മിഴിച്ചു.

“എന്തു പറഞ്ഞു”

“ഞാൻ പറഞ്ഞിട്ടുണ്ടു്. കടുംപിടുത്തം പിടിക്കരുതു്. അങ്ങോർക്കു് നിന്നേക്കാളുമൊക്കെ വയസ്സുണ്ടു്, കേട്ടോ”

“അതെനിക്കു വിഷയല്ല”

“ശരി, എന്നാ…”

“ഒരെന്നാലുമില്ല. പബ്ലിക്കായി മാപ്പ്. വേറൊന്നും പറയണ്ട”

“മാപ്പു ചോദിക്കും… എന്നാ…”

“പബ്ലിക്കായി ചോദിക്കൂല്ലാന്ന്… പബ്ലിക്കായി ചോദിക്കാത്തതെന്താ? അപ്പൊ പിന്നെ അവന്റെ വാക്കിൽ അവൻ നിക്കാൻ പോകണില്ല. പണി തീർന്നാ എനിക്കിട്ടവൻ ആപ്പുവെയ്ക്കും. ആ ജോലിയേ വേണ്ട. പബ്ലിക്കായിത്തന്നെ മാപ്പു ചോദിക്കണം”.

ശിവൻ എത്തിനോക്കി. “രാജപ്പൻ വന്നിട്ടൊണ്ട്… കാരമല ലൈൻ നോക്കണവൻ”.

“അവനിപ്പം എന്താ വേണ്ടതു്? നാളെ വരാൻ പറയൂ”.

“എന്തോ പ്രധാന കാര്യം പറയാനുണ്ടെന്ന്”

“എന്തു പ്രധാന കാര്യം?… ഇവിടെ നല്ല പണിയിലാ”

“എന്തോ കാണിക്കണമെന്ന്”

“എന്തു്?”

“കൊണ്ടുവരാൻ പറയൂ” മാടൻപിള്ള പറഞ്ഞു. “നാടൻ വാറ്റോ കഞ്ചാവോ എന്തെങ്കിലുമാവും”.

രാജപ്പൻ അകത്തു വന്നു. കൈയിൽ ഒരു തുണി സഞ്ചി.

“കോനാരേ, ഒരു സാധനം ഞാൻ കണ്ടുപിടിച്ചു. അതോണ്ടെന്തു പ്രയോജനം എന്നറികേല. നല്ല ചന്തമൊണ്ട്. കാട്ടീട്ടു പോവാംന്നു കരുതി വന്നതാ”.

“എന്താ അതു്?”

“ഇതു് കാട്ടിലൊരു മരത്തീന്നു കിട്ടിയതാ”.

“പ്ലാസ്റ്റിക് കൂടല്ലേ?”

മാടൻപിള്ള എഴുന്നേറ്റ് അതു വാങ്ങി. “ഹേയ്, എന്തായിതു്… അയ്യോ തൂക്കണാങ്കുരുവിക്കൂടല്ലേ?”

“അതെ”

“അതു പ്ലാസ്റ്റിക് മാതിരിയല്ലേ ഇരിയ്ക്കുന്ന്?”

“ഇതെവിടുന്നു കിട്ടി?” മാടൻപിള്ള ചോദിച്ചു.

“അണൈഞ്ചപെരുമാൾ കോവിലിനു പുറത്തു് ആ വലിയ ആൽമരത്തിനടീന്ന്”.

“ഇതു് ഞാൻ മുറിച്ചിട്ട ബാക്കി വയറാ”. മാടൻപിള്ള എന്നോടു പറഞ്ഞു. “രണ്ടു മാസം മുമ്പ് ഞാനവിടെ കേബിൾ പണി ചെയ്തിരുന്നു.ഞാൻ മുറിച്ചിട്ട വയർക്കഷണങ്ങൾ കൊണ്ടുപോയി തൂക്കണാങ്കുരുവി കൂടുകെട്ടിയിരിക്കയാ”

അപ്പോഴാണു് ഞാനതു നന്നായി നോക്കിയതു്. തൂക്കണാങ്കുരുവിയുടെ കൂടുതന്നെ. എന്നാൽ അതു മുഴുവനായും നീല, പച്ച, മഞ്ഞ, ചോപ്പ് വയർ കഷ്ണങ്ങൾ ചേർത്തുണ്ടാക്കിയതു്.

images/jeyamohan-kuruvi-02.png

“നല്ല രസമായിട്ടുണ്ടല്ലോ” ഞാനതു തിരിച്ചും മറിച്ചും നോക്കി.

മാടൻപിള്ള അതു വാങ്ങിയപ്പോൾ കൈകൾ വിറച്ചു. അയാളതു തിരിച്ചും മറിച്ചും നോക്കി. “എന്തൊരു പണി ഇതു്… ഹമ്മ! എന്നെക്കൊണ്ടു പറ്റൂല്ല. എന്തൊരു പണിയാ ഇതു്… ഇതു് എന്തൊരു പണി…”

“എന്തെടോ?” ഞാൻ ചോദിച്ചു.

“എന്തൊരു ഒരുമ… എങ്ങനെ ചേർത്തു തുന്നിയിരിക്കിണു! രണ്ടു് അടുക്കുത്തുന്നൽ. വക്കു് മടക്കി മടക്കി. താഴേ നിന്നു് അകത്തേക്കു കേറാൻ വഴി. ഉള്ളിലിരിക്കിണ മുട്ട പുറത്തു വീഴാത്ത തരത്തിൽ ചുറ്റുവഴി… ഹമ്പ!… എങ്ങനുണ്ടു്?”

“കുരുവിക്കൂടു് അങ്ങനെയാ കെട്ടുക” ഞാൻ പറഞ്ഞു.

“ഹേ, ഇതു വയറ്… തുന്നിയാ നിക്കൂല. അതുകൊണ്ടാ രണ്ടെണ്ണം പെണച്ചുപിന്നി വെച്ചിരിക്കുന്നതു്”.

“ഓഹോ”

“എങ്ങനുണ്ടു്… എന്തൊരു പണിയാ” അതു തിരിച്ചും മറിച്ചും പരിശോധിച്ചു് കുഴഞ്ഞുതാഴ്‌ന്ന ശബ്ദത്തിൽ മാടൻപിള്ള പറഞ്ഞു. “ഇതു കൂടല്ലെന്നേ. ആ കുരുവി തന്നെ. അതു് ഇങ്ങനെ കൂടായിട്ടു മാറി ചേർത്തു പിന്നിയിരിക്കയാ… തന്നത്താനേ പെണച്ചുകെട്ടിയിരിക്കിണു… എങ്ങനുണ്ട്?”

“പല നെറം കലർത്തിക്കെട്ടിയിരിക്കിണു” ഞാൻ പറഞ്ഞു.

“അതിനു നെറമറിയില്ലാന്നാ പറയുന്നേ” രാജപ്പൻ പറഞ്ഞു.

“അതെ, നമ്മടെ മാതിരി നെറം അതിനറിയൂല്ല. അതിന്റെ നെറം വേറെ. നെറം വെച്ചു നോക്കിയാ കണ്ടപടി കൂട്ടിക്കലർത്തിവെച്ച പോലിരിക്കും. എന്നാ വേറൊരു ഒരുമ ഇതിനുണ്ടു്… വേറൊന്നു്…” മാടൻപിള്ള പറഞ്ഞു. “നോക്കുന്തോറും അതു് തെളിഞ്ഞു വരിണു. കൊറച്ച് അറിയിണുണ്ട്. ബാക്കി ആകാശം മാതിരിയാ. അമ്മേ, ഹൗ, ന്റമ്മേ!”

“ഇവിടെ നോക്കു് മാടൻപിള്ളേ, എല്ലാ തൂക്കണാങ്കുരുവീം കൂടുണ്ടാക്കും. അമ്മക്കുരുവി കുരുവിക്കുഞ്ഞിന് പറഞ്ഞു കൊടുക്കുന്നതല്ല. മുട്ടയ്ക്കുള്ളീ വെച്ചുതന്നെ അതെല്ലാം പഠിച്ചിട്ടാകും വരുന്നതു്. ഇതു് ഒരു കുരുവി കെട്ടിയ കൂടല്ല. ഈ ലോകത്തിലെ മുഴുവൻ കുരുവികളും ചേർന്നു കെട്ടിയ കൂടാ”.

“അതെ, അതെ” എന്നു പറഞ്ഞു മാടൻപിള്ള തേങ്ങിക്കരയാൻ തുടങ്ങി.

“ടേയ്, എന്തെടേ ഇതു്? ഇവിടെ നോക്ക്. ഇവനു തലക്ക് തരിപ്പു പിടിച്ചെന്നാ തോന്നുന്ന്”

അവൻ വിതുമ്പിക്കരഞ്ഞു് ആ കൂടു മാറോടണച്ചു കൊണ്ടു് തലകുനിച്ചു് ഉടൽ കുറുക്കി ഇരുന്നു.

“നീ പൊയ്ക്കോ. ഞാൻ ഓഫീസറോടു പറഞ്ഞ് എന്തെങ്കിലും കാശു വാങ്ങിത്തരാം”. രാജപ്പനോടു ഞാൻ പറഞ്ഞു.

“ശരി” രാജപ്പൻ പറഞ്ഞു.

“ശരിടേ, വിട്, നീ ഒന്നും മനസ്സിൽ വയ്ക്കാതെ”.

“ചെറിയ കുരുവി… ഒരു ചെറിയ കുരുവി…” മാടൻപിള്ള പറഞ്ഞു.

“അതെ, എന്നാ അവറ്റ ലക്ഷക്കണക്കിനുണ്ട്. അവയെല്ലാം ചേർന്നാ ഒറ്റക്കുരുവി പോലെയാവും”.

“അതെ”

“ഞാൻ പറഞ്ഞു നോക്കാം. ടി. ഇ. യോടു് ഒരു തവണ കൂടി പറയാം” ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.

“വേണ്ട” മാടൻപിള്ള പറഞ്ഞു. “ആരോടും പറേണ്ട. എന്നോടാരും മാപ്പും പറയണ്ട. ജോലി ഞാൻ ചെയ്യാം”

“അതു വേണ്ട”

“ആരുമില്ല. ഞാൻ പറയാൻ ഇവിടെ ആരുമില്ല. എന്നോടാരും പറയുകേം വേണ്ട”

“നീ അതു ചെയ്യ്. നിനക്കു ഞാൻ നല്ല പ്രൈസ് ഒന്നു തരാൻ പറയണൊണ്ട്. മന്ത്രിടെ കൈകൊണ്ട്…”

“ഒന്നും വേണ്ട… എനിക്കൊന്നും വേണ്ട”. മാടൻപിള്ള പറഞ്ഞു. “ഈ കുരുവിക്കൂടു് നാളെ മന്ത്രിക്കു് സമ്മാനമായി കൊടുക്കണം. മഡ്രാസില് രാജീവ് ഗാന്ധി സെന്ററില് അതുകൊണ്ടു പോയി വെയ്ക്കണം. ഇതവിടെ ഇരിക്കണം. അവിടെ വരിണ എല്ലാ ടെക്നീഷ്യന്മാരും എഞ്ചിനീയർമാരും ഇതു കാണണം”.

“നമുക്കു പറയാം” ഞാൻ പറഞ്ഞു.

“എന്റമ്മോ! എന്റമ്മോ!” നെഞ്ചിൽ കൈവെച്ചു് അവൻ വീണ്ടും വിതുമ്പി.

“ശെരി ടേ മക്കാ. വിട്… നീ മനുഷ്യനല്ല. കുരുവിയാ”

അവൻ തിരിഞ്ഞു് കണ്ണീരോടെ എന്നെ നോക്കി.

“അതെ, കുരുവിയാ. സത്യമായിട്ടും”. ഞാൻ പറഞ്ഞു.

മാടൻപിള്ള പുഞ്ചിരിച്ചു.

ബി. ജെയമോഹൻ
images/Jeyamohan.jpg

കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 4-നു് ജനിച്ചു. അച്ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്സിൽ ബിരുദമെടുത്തിട്ടുണ്ടു്. നാല് നോവലുകളും മൂന്നു് ചെറുകഥാ സമാഹാരങ്ങളും മൂന്നു് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം. ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാട് വരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ ‘തർക്കാല മലയാള കവിതകൾ’ എന്ന പേരിൽ തമിഴിൽ പുസ്തകമാക്കിയിട്ടുണ്ടു്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകൾ ‘ഇൻറൈയ മലയാളകവിതകൾ’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1991-ലെ ചെറുകഥയ്ക്കുളള കഥാപുരസ്കാരം, 1992-ലെ സംസ്കൃതി സമ്മാൻ പുരസ്കാരം എന്നിവ ലഭിച്ചു. ‘ചൊൽപുതിത്’ എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺവീനറുമാണു്. ‘ഗുരുനിത്യാ ആയ്വരങ്കം’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്റ്റഡിസർക്കിളിന്റെ കൺവീനറും. തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ നിരവധി ചലച്ചിത്രങ്ങൾക്കു് തിരക്കഥ എഴുതിയിട്ടുണ്ടു്.

ഭാര്യ: എസ്. അരുണമൊഴിനാങ്കൈ

കൃതികൾ
  • വിഷ്ണുപുരം
  • ഇരവ്
  • റബ്ബർ
  • പിൻ തൊടരും നഴലിൻ കുറൽ
  • കൊറ്റവൈ
  • കാട്
  • നവീന തമിഴ് ഇലക്കിയ അറിമുഖം
  • ‘നൂറുസിംഹാസനങ്ങൾ’ (മലയാള നോവൽ)
  • വെൺമുരശ്
  • ആനഡോക്ടർ നോവൽ
പുരസ്കാരങ്ങൾ
  • അഖിലൻ സ്മൃതി പുരസ്കാരം (1990)
  • കഥാ സമ്മാൻ (1992)
  • സംസ്കൃതി സമ്മാൻ (1994)
  • പാവലർ വരദരാജൻ അവാർഡ് (2008)
  • കന്നട ഇലക്കിയ തോട്ടം അവാർഡ് (2010)

ജയമോഹൻ ഈ ലോക് ഡൗൺ കാലത്ത് എഴുതി തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 69 ചെറുകഥകളിൽ ഒന്നാണ് ഇത്. ദിവസവും ഒരു കഥ വീതം ജയമോഹൻ ഇക്കഴിഞ്ഞ ദിവസം വരെയും വെബ്സൈറ്റിലൂടെ പ്രകാശിപ്പിച്ചിരുന്നു.

(വിവരങ്ങൾക്കും ചിത്രത്തിനും വിക്കിപ്പീഡിയയോട് കടപ്പാടു്.)

Colophon

Title: Kuruvi (ml: കുരുവി).

Author(s): B. Jeyamohan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-12.

Deafult language: ml, Malayalam.

Keywords: Short Story, B. Jeyamohan, Kuruvi, ബി. ജെയമോഹൻ, പരിഭാഷ: പി. രാമൻ, കുരുവി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Swedish modern impressionist artwork, bird, oil pastel, a painting by Rolf Nerlöv (1940–2015). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.