അധികാരം പ്രദര്‍ശിപ്പിക്കുന്നവരാണു് ശരാശരിക്കാര്‍. തങ്ങൾക്കു് കീഴെയുള്ളവരെ ഇവർ അധികാരം കൊണ്ടു് ഞെരുക്കും. അതേസമയം തങ്ങൾക്കു് മുകളിലുള്ളവർ അധികാരം പ്രയോഗിക്കുമ്പോൾ ഇവർ അടിമകളാവുകയും അടിമത്തമാണു് ആനന്ദം എന്നു് ഉദ്ഘോഷിക്കുകയും ചെയ്യും. ഒരു ജിദ്ദു കൃഷ്ണമൂർത്തി യോ ഓഷോ രജനീഷോ ഇവരുടെ ജനുസ്സുകളിൽ നിന്നു് ഒരിക്കലും ഉടലെടുക്കുകയില്ല. ഇവർ തിരുവനന്തപുരത്തെത്തുമ്പോൾ പത്മനാഭ ദാസനും മലബാറിൽ വാഗ്ഭടാനന്ദ ശിഷ്യനുമാവും. ഒരു ദിവസമെങ്കിൽ ഒരു ദിവസം മുണ്ടുടുത്ത മോദിയാവണം എന്നതാണിവരുടെ സ്വപ്നവും അഭിലാഷവും.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊതു സമൂഹത്തിന്റെ കാഴ്ചയിൽ നിറഞ്ഞു നിന്ന രണ്ടു് ദൃശ്യങ്ങൾ നോക്കാം. കോൺഗ്രസ് നേതാവു് രാഹുൽ ഗാന്ധി മഴ നനഞ്ഞുകൊണ്ടു് പ്രസംഗിക്കുന്നതായിരുന്നു ഒരു ദൃശ്യം. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന ചിത്രമായിരുന്നു രണ്ടാമത്തേതു്. രണ്ടു് ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങൾ മാത്രമല്ല മുഖ്യധാരാ മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ചരിത്രം ഇതു് ദീര്‍ഘകാലം ഓര്‍മ്മിക്കും എന്നായിരുന്നു രാഹുലിന്റെ ചിത്രത്തിനുള്ള അടിക്കുറിപ്പു്. ഇത്രമാത്രം ഉള്ളുലഞ്ഞിരിക്കുന്ന പിണറായിയെ ഇതുവരെ കണ്ടിട്ടില്ലെന്നും കോടിയേരിയുടെ വേര്‍പാടു് പിണറായി അതിജീവിക്കുന്നതു് അദ്ദേഹം പിണറായി വിജയനാണു് എന്നതുകൊണ്ടാണെന്നും രണ്ടാമത്തെ ദൃശ്യത്തിനു് അപദാനങ്ങളും വ്യാഖ്യാനങ്ങളുമുണ്ടായി. ഈ രണ്ടു് ചിത്രങ്ങളുടെയും വ്യാഖ്യാനങ്ങൾ സൂചകങ്ങളും ലക്ഷണങ്ങളുമാണു്. നമ്മുടെ സമൂഹം ഇന്നിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തിന്റെയും പ്രതിസന്ധിയുടെയും ലക്ഷണങ്ങള്‍.
മഴ നനഞ്ഞു് പ്രസംഗിക്കുന്ന ഒരു രാഷ്ട്രീയ നേതാവു് ചരിത്രത്തിൽ ഇടം പിടിക്കുമെന്നൊക്കെ പറയുന്ന അവസ്ഥ ഇന്ത്യൻ രാഷ്ട്രീയം ഇന്നെത്തി നില്‍ക്കുന്നതു് എവിടെയാണെന്നു് വ്യക്തമായി നമ്മോടു് പറയുന്നുണ്ടു്. മഴയിലും വെയിലിലും പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിൽ എത്രയോ കാലമായി ഒരു സ്വാഭാവികതയായിരുന്നു. മഴയിൽ പ്രസംഗിക്കുന്ന നേതാവു് ചരിത്ര സംഭവമാവുകയാണെങ്കിൽ അതിന്റെയർത്ഥം ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറിമറിയുകയാണെന്നതാണു്. എല്ലാ അർത്ഥത്തിലും പിന്നിലേക്കുള്ള സഞ്ചാരമാണിതു്. ഇടത്തരം മനുഷ്യരുടെ ഇടത്തരം കാര്യങ്ങൾ വലുതായി ചിത്രീകരിക്കപ്പെടുന്നു. അടിയന്തരാവസ്ഥയിൽ കൊടിയ മര്‍ദ്ദനമേറ്റ ജോർജ് ഫെർണാണ്ടസ് എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ വേരുകൾ പടർന്നിട്ടുള്ള കർണ്ണാടകത്തിൽ നിന്നാണു് ഇത്തരമൊരു കാഴ്ച ഇന്ത്യൻ അന്തരീക്ഷത്തിലേക്കു് വിക്ഷേപിക്കപ്പെടുന്നതു്. അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയായ സ്നേഹലത റെഡ്ഡി യും ഇതേ മണ്ണിൽ നിന്നാണു് രൂപം കൊണ്ടതു്. ശരീരം ബലികൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണു് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്നതു്. അർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രമാണതു്. ആ വലിയ ചരിത്രത്തിനു മുന്നിൽ മഴ നനഞ്ഞു പ്രസംഗിക്കുന്ന രാഹുൽ ഒരു കൗതുകം പോലുമാവുന്നില്ലെന്നതാണു് വാസ്തവം.
കോടിയേരിയുടെ മൃതദേഹത്തിനരികിൽ ദുഃഖിതനായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അസാധാരണമായ ഒരു ഇമേജും നമുക്കു മുന്നിൽ ഉയർത്തുന്നില്ല. തീർത്തും സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണതു്. ഏറ്റവും പ്രിയപ്പെട്ടവർ ഇല്ലാതാവുമ്പോൾ മനുഷ്യർ ഉലഞ്ഞുപോവും. അതുകൊണ്ടുകൂടിയാണു് നമ്മൾ മനുഷ്യരാവുന്നതു്. പക്ഷേ, മുഖ്യമന്ത്രിയുടെ വ്യഥയും ദുഃഖവും പൊടുന്നനെ അസ്വാഭാവികവും അസാധാരണവുമായി ചിത്രീകരിക്കപ്പെടുന്നു. അതൊരു കാഴ്ചയും ആഘോഷവുമായി മാറുന്നു. മരിച്ചുകിടക്കുന്ന കോടിയേരി ബാലകൃഷ്ണൻ വിസ്മരിക്കപ്പെടുകയും ജീവിച്ചിരിക്കുന്ന നേതാവിന്റെ പ്രതികരണം സമൂഹത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുന്നു. എന്താരു ദുഃഖമാണിതെന്നു് അനുയായികളും ഭക്തരും അത്ഭുതപ്പെടുന്നു. പതിറ്റാണ്ടുകൾ സിപിഎം എന്ന വലിയ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഒരു നേതാവു് കടന്നുപോവുമ്പോൾ ബാക്കിയാവുന്ന ചിത്രം പിണറായി വിജയൻ എന്ന നേതാവിന്റെ ദുഃഖഭരിതമായ മുഖമാവുന്നു. തീര്‍ച്ചയായും അതൊരു ഫോട്ടോഗ്രഫിക് മൊമന്റ് ആണു്. പക്ഷേ, അതിനപ്പുറത്തേക്കു് അതിനെ പ്രതിഷ്ഠിക്കുകയും വിക്ഷേപിക്കുകയും ചെയ്യുമ്പോൾ അതു് ശരാശരിയുടെ ആറാട്ടും ആഘോഷവുമായി മാറുന്നു.
Mediocrity എന്ന ഇംഗ്ളിഷ് വാക്കിനെ ശരാശരി, ഇടത്തരം എന്നൊക്കെ മൊഴിമാറ്റാമെന്നു് കരുതുന്നു. ഇന്ത്യൻ സമൂഹത്തെ ഇന്നിപ്പോൾ അടയാളപ്പെടുത്തുന്ന ഒരു ഘടകം ശരാശരിയുടെ അതിപ്രസരമാണു്. ബിജെപി നയിക്കുന്ന കേന്ദ്ര ഭരണകൂടം നോക്കുക. ശരാശരിയാണു് അതിന്റെ മുഖവും മുദ്രയും. ഹാര്‍വേഡിനേക്കാൾ വലുതാണു് ഹാര്‍ഡ് വർക്ക് എന്നതാണു് അതിന്റെ മുദ്രാവാക്യം. കഠിനാദ്ധ്വാനമാണു് വിജയ രഹസ്യമെങ്കിൽ കഴുതകളായിരിക്കും ഈ ലോകത്തെ ഏറ്റവും വലിയ വിജയികള്‍. അദ്ധ്വാനം എങ്ങിനെ കുറയ്ക്കാം എന്നതാണു് മനുഷ്യപുരോഗതിയെ എക്കാലവും ഉത്തേജിപ്പിച്ചിട്ടുള്ള മൂല മന്ത്രം. ഹാര്‍ഡ് വർക്ക് അല്ല സ്മാർട്ട് വർക്കാണു് വേണ്ടതെന്നു് പറയുമ്പോൾ അതു് ശരാശരിക്കെതിരെയുള്ള ചെറുത്തു് നിൽപ്പാവുന്നു. ഇക്കഴിഞ്ഞ എട്ടുകൊല്ലങ്ങളിൽ ഇന്ത്യയെ കൂടുതൽ പ്രകാശഭരിതവും പ്രസന്നവുമാക്കിയ ഒരു നടപടി എടുത്തുകാണിക്കാൻ ശരാശരിയിൽ അഭിരമിക്കുന്ന കേന്ദ്ര ഭരണകൂടത്തിനുണ്ടെന്നു് തോന്നുന്നില്ല. ഞെട്ടിപ്പിക്കലാണു് ഈ ഭരണകൂടം മുഖ്യമായും ചെയ്യുന്നതു്. നോട്ടു് നിരോധനമായാലും പൗരത്വ ഭേദഗതി നിയമനമായാലും ജമ്മു-കാശ്മീരിനെ രണ്ടാക്കിയതായാലും പിൻവലിക്കപ്പെട്ട കാര്‍ഷിക നിയമങ്ങളായാലും ജനങ്ങളെ ഞെട്ടിപ്പിക്കുക എന്നതാണു് ഭരണകൂടത്തിന്റെ മുഖ്യലക്ഷ്യം. സര്‍ഗ്ഗാത്മകതയുടെ അഭാവമാണു് ശരാശരിക്കാരെ സൃഷ്ടിക്കുന്നതു്. ഗാന്ധിജിയും അംബദ്കറും നെഹ്രുവും ജയപ്രകാശ് നാരായണനും ചന്ദ്രശേഖറും ഈ വ്യവസ്ഥിതിക്കു് നിഷിദ്ധമാവുന്നു. ഇന്ത്യൻ ജനതയുടെ ഭാഗധേയം അടിസ്ഥാനപരമായി നവീകരിക്കാനും പുനഃസൃഷ്ടിക്കാനും കഴിയുന്ന ഒരു നടപടിയും ഈ ഭരണകൂടത്തിൽ നിന്നുണ്ടാവുന്നില്ലെന്നതു് കാണാതിരിക്കാനാവില്ല.
ഇന്ത്യ ഒരൊറ്റ ഇന്ത്യയല്ലെന്നും എത്രയോ ഇന്ത്യകളാണെന്നുമുള്ള യാഥാർത്ഥ്യം ശരാശരിക്കാർക്കു് ഉൾക്കൊള്ളാനാവില്ല. അവർക്കു് ഒരു ദേശവും ഒരു നേതാവും ഒരു ഭാഷയും മതി. അതിനപ്പുറത്തുള്ള വൈവിദ്ധ്യങ്ങൾ അവരുടെ ചെറിയ മനസ്സുകൾക്കു് പിടിച്ചെടുക്കാനാവുന്നില്ല. ഫെഡറലിസം സര്‍ഗ്ഗാത്മകതയുടെ ആവിഷ്കരണമാണു്. ഫെഡറലിസത്തിന്റെ അൾത്താര അധികാരത്തിന്റെ ബലിയും വികേന്ദ്രീകരണവും ആവശ്യപ്പെടുന്നുണ്ടു്. കേരളത്തെ കേരളമായും തമിഴകത്തെ തമിഴകമായും കാണുന്ന ഇന്ത്യയാണതു്. യോജിപ്പുകൾ എന്നതിനേക്കാൾ വിയോജിപ്പുകളുടെ ഇന്ത്യ. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണു് ഫെഡറലിസത്തിന്റെ ആത്മാവു്. ഒരു തരത്തിലുള്ള ചോദ്യം ചെയ്യലും ശരാശരിക്കാർക്കു് സഹിക്കാനാവില്ല. അവർ ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കും, അർബൻ നക്സലുകൾ എന്നു് മുദ്ര കുത്തി തുറുങ്കിലടയ്ക്കും. സ്വാതന്ത്ര്യമാണു് ശരാശരിക്കാരെ ഭയപ്പെടുത്തുന്നതു്. ചോദ്യം ചെയ്യാനുള്ള, വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണു് ജനാധിപത്യത്തിന്റെ അടിത്തറ എന്ന സത്യം അവർ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ടു് മറച്ചുവെയ്ക്കും. ബിജെപിയ്ക്കുള്ളിൽ പ്രധാനമന്ത്രി മോദിയോടു് വിയോജിപ്പു് പ്രകടിപ്പിക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ അവസ്ഥ നോക്കുക. എല്‍കെ അദ്വാനിക്കു് മാര്‍ഗ്ഗ നിര്‍ദ്ദേശക മണ്ഡലിലെങ്കിലും സ്ഥാനം കിട്ടി. സ്വാമിക്കാണെങ്കിൽ അതു പോലുമില്ല. മറ്റു വഴിയൊന്നുമില്ലാത്തതുകൊണ്ടു് സ്വാമി ഇപ്പോഴും ബിജെപിയിൽ തുടരുന്നുവെന്നു മാത്രം. മോദി മന്ത്രിസഭയിൽ മോദിയോടു് എന്തെങ്കിലും കാര്യം നേർക്കുനേർ നിന്നു് പറയാൻ കെൽപ്പുണ്ടായിരുന്ന നിതിൻ ഗഡ്കരിയും ഒതുക്കപ്പെട്ടു. നേതാവു് ചീറ്റകൾക്കു് പേരിടാൻ പറഞ്ഞാൽ അതാവുന്നു ഏറ്റവും വലിയ രാജ്യ സേവനം.
ഈ പരിസരത്തിലാണു് നമ്മൾ വികെ ശ്രീരാമന്റെ കുഴിമന്തി നിരോധനം കാണേണ്ടതു്. മലയാള സാഹിത്യം ഇന്നിപ്പോൾ ശരാശരിക്കാരുടെ പിടിയിലാണു്. ശരാശരിയുടെ ആറാട്ടെന്നു് വിളിച്ചാൽ ഒട്ടും തന്നെ അതിശയോക്തിയുണ്ടാവില്ല. സംസാരിക്കേണ്ട സമയത്തു് നിശ്ശബ്ദത പാലിക്കുകയും ഒരു വാക്കുപയോഗിക്കേണ്ടിടത്തു് പത്തു് വാക്കുകൾ ഉപയോഗിക്കുകയുമാണു് ഈ ശരാശരിക്കാരുടെ രീതി. ഇവർ ഏറ്റവും കൂടുതൽ പറയുക ഇവരെക്കുറിച്ചു തന്നെയാവും. ആത്മരതിയാണു് ഇവരുടെ ദൈവവും മതവും. സ്വന്തം രചനകളായിരിക്കും ഇവർ സദാ ഉദ്ധരിക്കുക. മോദി ഭരണകൂടം ഞെട്ടിപ്പിക്കുന്നതുപോലെ ഞെട്ടിപ്പിക്കാൻ ആവില്ലെങ്കിലും മനുഷ്യരുടെ ലൈംഗികാവയങ്ങളുടെ പേരുകൾ നാഴികയ്ക്കു് നാല്‍പതുവട്ടം ഒരു കാര്യവുമില്ലാതെ വിളിച്ചുപറഞ്ഞു് വായനക്കാരെ ഞെട്ടിക്കാൻ നോക്കലാണു് ഇവരുടെ മുഖ്യവിനോദം. ഭരണകൂടം കുനിയാൻ പറഞ്ഞാൽ ഇവർ മുട്ടികുത്തി ഇഴയും. ഭരണകൂടത്തിനും നേതാവിനും കറുപ്പു് ഇഷ്ടമല്ലെങ്കിൽ ഇവർ കറുത്ത മാസ്കുകൾ കൂട്ടത്തോടെ കത്തിക്കും. ഭരണകൂടം കെ-റെയിലിനായി കളത്തിലിറങ്ങിയാൽ ഇവർ ജപ്പാനിലെയും ചൈനയിലെയും ബുള്ളറ്റ് ട്രെയിനുകളിൽ സഞ്ചരിച്ചു് സെല്‍ഫി എടുത്തു് സോഷ്യൽ മീഡിയയിൽ കസറും.
ഇവരിൽ വലിയൊരു വിഭാഗം ഇടതു പക്ഷക്കാരാണെന്നു് സ്വയം നടിക്കുന്നവരാണു്. പക്ഷേ, അങ്ങു് കേന്ദ്രത്തിൽ സംഘപരിവാറാണു് ഭരണകൂടത്തെ നിയന്ത്രിക്കുന്നതെന്നതിനാൽ കേരളത്തിലെ ശാഖകൾക്കു് മുന്നിലൂടെ മുണ്ടു മടക്കിക്കുത്തി നടക്കാൻ പോലും ഇക്കൂട്ടർക്കാവില്ല. ഹിന്ദുത്വയുടെ പേരിൽ നടക്കുന്ന അക്രമസംഭവങ്ങൾ ഈ വിഭാഗങ്ങൾ പൊതുവെ കാണാറില്ല. കെകെ ശൈലജയ്ക്കു് മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിലോ, മഗ്സസെ അവാര്‍ഡ് നിഷേധിക്കപ്പെടുന്നതിലോ, വിഎസ് അച്ച ്യുതാനന്ദനെ തമസ്കരിക്കുന്നതിലോ, നവകേരള വികസന രേഖയുടെ പേരിൽ ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരിക്കുന്നതിലോ ഇവർ ഒരന്യായവും കാണില്ല. ഇങ്ങോട്ടൊന്നും പറയാത്തവരുടെ മെക്കിട്ടുകയറുക, വീണുകിടക്കുന്നവരെ ചവിട്ടിക്കൂട്ടുക, നേതാവിന്റെ അപദാനങ്ങൾ വാഴ്ത്തുക എന്നതിലാണു് ഇവർ ആനന്ദം കണ്ടെത്തുന്നതു്. ഇടതു സർക്കാർ ഭരണത്തിലില്ലാത്തതാണു് പൊതുവെ ഇവർക്കു് സൗകര്യം. അപ്പോൾ പിന്നെ ഓരോ ദിവസവും ഇവർ കലാപങ്ങൾക്കു് പുതു പാഠങ്ങൾ ചമയ്ക്കും. ഇടതു് സർക്കാർ ഭരണമേറുകയും, പിണറായിയെപ്പോലൊരാൾ മുഖ്യമന്ത്രിയാവുകയും ചെയ്താൽ പിന്നെ ഇവർ പൊതുവെ മൗനികളാവുകയാണു് പതിവു്. സാമൂഹിക മാദ്ധ്യമങ്ങൾ വന്നതുകൊണ്ടു് രക്ഷപ്പെട്ട കൂട്ടർ കൂടിയാണിവര്‍. എന്തെഴുതിയാലും ഇപ്പോൾ പ്രസിദ്ധീകരിക്കാൻ വേറെയാരുടെയും സഹായം ആവശ്യമില്ല. സ്വന്തം ഫെയ്സ്ബുക്ക് പേജിൽ എന്തു് തോന്നിവാസവും എഴുതിയിടാം എന്നതാണു് ഇവരെ ഇപ്പോൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നതു്.
ഭരണകൂടത്തെ വിമര്‍ശിക്കണമെങ്കിൽ നട്ടെല്ലും സ്വഭാവ ദാർഢ്യവും വേണം. അതില്ലാതെ വരുമ്പോൾ മാവേലിയാണോ വാമനനാണോ വലുതു് എന്ന വിഷയത്തിൽ ഉപന്യാസമെഴുതാം. കേരളത്തിന്റെ പ്രാചീനതയും ശ്രീനാരായണ ഗുരുവും എന്ന തലക്കെട്ടിൽ ഒരെണ്ണം വെച്ചുകാച്ചിയാൽ എസ്എൻഡിപി യോഗങ്ങളിൽ ആസ്ഥാന പ്രാസംഗികനായി പ്രതിഷ്ഠിക്കപ്പെടും. എൻഎസ്എസ്സിലാണു് കയറിപ്പറ്റേണ്ടതെങ്കിൽ മന്നത്തു് പദ്മനാഭനും കേരള നവോത്ഥാനവും എന്നാവും സൃഷ്ടിയുടെ ശീര്‍ഷകം. തിരുവനന്തപുരത്തെത്തുമ്പോൾ പത്മനാഭ ദാസനും മലബാറിൽ വാഗ്ഭടാനന്ദ ശിഷ്യനുമാവും. ഭരണകൂടത്തെ വിമര്‍ശിക്കാനാവുന്നില്ല എന്നതാണു് അടുത്തിടെയായി ഇക്കൂട്ടർ നേരിടുന്ന വലിയൊരു പ്രതിസന്ധി. അങ്ങനെ വരുമ്പോൾ ഏറ്റവും എളുപ്പം കുഴിമന്തിയുടെ മെക്കിട്ടുകയറുക എന്നതാണു്. മെയ്യനങ്ങി ഒരു പണിയുമെടുക്കാത്തതുകൊണ്ടു് പൊതുവെ ഇക്കൂട്ടർക്കു് വിശപ്പു കുറവായിരിക്കും. അപ്പോൾ പിന്നെ നാടായ നാടു മുഴുവൻ കുഴിമന്തിക്കടകൾ ഉയർന്നുവരികയും ജനം യഥേഷ്ടം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതു് കാണുമ്പോൾ ഇവർ അസ്വസ്ഥരാവുകയും കുഴിമന്തിക്കെതിരെ കലാപം പ്രഖ്യാപിക്കുകയും ചെയ്യും. ആശയത്തെ ആശയം കൊണ്ടാണെതിർക്കേണ്ടതു് എന്നു് അധരവ്യായാമം നടത്തുന്ന ഇക്കൂട്ടർ ഉള്ളിന്റെയുള്ളിൽ ചിന്തിക്കുന്നതു് ഏകാധിപതിയാവുന്നതിനെക്കുറിച്ചും നിരോധനങ്ങളെക്കുറിച്ചുമാണു്. ഒരു ദിവസമെങ്കിൽ ഒരു ദിവസം മുണ്ടുടുത്ത മോദിയാവണം എന്നതാണിവരുടെ സ്വപ്നവും അഭിലാഷവും.
ഇങ്ങനെയൊരു ഉള്‍വിളിയിലായിരിക്കണം ശ്രീരാമൻ കുഴിമന്തിയ്ക്കെതിരെ പടപ്പുറപ്പാടു് നടത്തിയതു്. സാധാരണ സംഗതികളെ പുച്ഛിക്കുന്നവരാണു് ശരാശരിക്കാർ എന്നു് റഷ്യൻ എഴുത്തുകാരൻ പാസ്റ്റര്‍നാക്ക് ഒരു ലേഖനത്തിൽ പറയുന്നുണ്ടു്. കുഴിമന്തി ഇപ്പോൾ ഒരു സാധാരണ കേരള ഭക്ഷ്യവിഭവം പോലെയൊണു്. സാമ്പാറും പൊറോട്ടയും പോലെ കുഴിമന്തിയും നമ്മുടെ നിത്യേനയുള്ള ജിവിത വ്യവഹാരങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. സ്വാഭാവികതയുടെ തിരസ്കരണമാണു് ശരാശരിക്കാരുടെ വിനോദം. സ്വാഭാവികതകളിൽ അല്ല നാട്യങ്ങളിലാണു് ശരാശരിക്കാർക്കു കമ്പം. ഈ നാട്യങ്ങളാണു് കുഴിമന്തി നിരോധിക്കപ്പെടേണ്ട പേരാണു് എന്ന ചിന്തയുടെ ഉറവിടം. സാധാരണഗതിയിൽ ചായക്കോപ്പയിൽ (ശ്രീരാമന്റെ ഫെയ്സ്ബുക്ക് പേജിൽ) ഒതുങ്ങുകയും ഒടുങ്ങുകയും ചെയ്യേണ്ട മൈനർ ലഹളയായിരുന്നു ഇതു്. പക്ഷേ, നമ്മുടെ നാട്ടിലെ സാംസ്കാരിക ഇടനിലക്കാരുടെ വിചാരം ഈ ലോകത്തുള്ള എല്ലാ സംഭവങ്ങളിലും അവരുടെ പ്രതികരണത്തിനായി നാടും നാട്ടുകാരും കാതോർക്കുന്നുണ്ടെന്നാണു്. ഈ വികാരം പതഞ്ഞുയരുമ്പോൾ തെക്കും വടക്കും നടുക്കുമുള്ള സാംസ്കാരിക പുരുഷുക്കളും വനിതാ രത്നങ്ങളും കുഴിമന്തിയെ നാലു പറഞ്ഞിട്ടുതന്നെ എന്നു് ബാക്കികാര്യം എന്നു് തീരുമാനിക്കുന്നു. ആദ്യത്തെ അടി ആരാണു് കൊടുക്കുന്നതെന്നതാണു് സംഗതി വൈറലാക്കുക. അപ്പോൾ പിന്നെ ആദ്യം അടിക്കുക, പിന്നീടു് ചിന്തിക്കുക എന്നതാണു് രീതി. അങ്ങിനെയാണു് ആദ്യത്തെ പ്രതികരണങ്ങൾ പാളം തെറ്റുന്നതും മാപ്പു് ചോദിക്കലിലും കൂട്ടക്കരച്ചിലിലും കലാശിക്കുന്നതും. എനിക്കു് പിടിക്കാത്ത ഒരു വാക്കുണ്ടെങ്കിൽ അതു് മാപ്പാണെന്നു് വിജയകാന്തിന്റെ ഒരു കഥാപാത്രം ഒരു തമിഴ് സിനിമയിൽ പറയുന്നതു് ഇക്കൂട്ടരെ മുൻകൂട്ടിക്കണ്ടുകൊണ്ടായിരിക്കണം.
രാഷ്ട്രീയം, സാഹിത്യം, കല, മാദ്ധ്യമങ്ങൾ എന്നിങ്ങനെ സമസ്ത മേഖലകളിലും ഇന്നിപ്പോൾ വികെ ശ്രീരാമന്മാരുടെ കലാപമാണു്. തല്ലുമാല എന്ന സിനിമ എടുക്കുക. ഒരു ശരാശരി സിനിമയ്ക്കപ്പുറത്തു് പുതുതായി ഒന്നും മുന്നോട്ടുവെയ്ക്കാനില്ലാത്ത കലാപരിപാടിയാണിതു്. ശ്രീരാമൻ കുഴിമന്തിയുടെ മെക്കിട്ടാണു് കയറിയതെങ്കിൽ ഈ സിനിമ കശാപ്പു് ചെയ്യുന്നതു് സാമാന്യ യുക്തിയാണു്. തല്ലുമാലയും കടുവയുമൊക്കെ കാണുമ്പോഴാണു് അടൂർ ഗോപാലകൃഷ്ണൻ ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനായി തുടരുന്നതെന്തുകൊണ്ടാണെന്നും എലിപ്പത്തായം ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച സിനിമയായി തുടരുന്നതു് എന്തുകൊണ്ടാണെന്നും മനസ്സിലാവുന്നതു്. ഹോളിവുഡ്ഡ് സംവിധായകൻ ക്വന്റ ിൻ ടറാന്റിനോയുടെ സിനിമകൾ കാണുന്നതുവരെ മാത്രമേ തല്ലുമാലയുടെ വ്യാകരണം നമ്മളെ ഭ്രമിപ്പിക്കുകയുള്ളു. ഇംഗ്ളിഷ് കവി കോളറിഡ്ജിനെക്കുറിച്ചു് ഉയർന്ന ഒരു ആക്ഷേപം അദ്ദേഹത്തിനു് ഒറിജിനലും അനുകരണവും തിരിച്ചറിയാനാവാതായി എന്നതായിരുന്നു. വലിയ ചിന്തകൾ എന്ന നിലയിൽ കോളറിഡ്ജ് അവതരിപ്പിച്ചിരുന്ന ആശയങ്ങൾ പലതും ജര്‍മ്മൻ തത്ത്വ ചിന്തകരുടേതായിരുന്നു. നമ്മുടെ സിനിമാക്കാരിൽ ഭൂരിപക്ഷവും ഇപ്പോൾ ഇത്തരത്തിൽ അനുകരണങ്ങളുടെ അനുകരണങ്ങളാണു്. ഹോളിവുഡ് സംവിധായകൻ ഫ്രാൻസിസ് ഫോഡ് കപ്പോളയുടെ ഗോഡ്ഫാദറിനെ അനുകരിക്കാത്ത ഒരു മാഫിയ സിനിമയും ഈ ഭൂമി മലയാളത്തിൽ ഇറങ്ങിയിട്ടില്ല.
അടൂരിന്റെയും സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സിനിമകൾ കാണുക എന്നതാണു് തല്ലുമാലക്കാരും കടുവക്കാരുമൊക്കെ ചെയ്യേണ്ടതു്. സാഹിത്യം നന്നാവണമെങ്കിൽ എംപി നാരായണപിള്ളയെ വായിക്കുക എന്നതാണു് പെട്ടെന്നു ചെയ്യാവുന്ന കാര്യം. സാമൂഹ്യ ശാസ്ത്രജ്ഞനായ പ്രൊഫസർ എം കുഞ്ഞാമന്റെ ‘എതിരു് ’ എന്നു് പേരുള്ള ആത്മകഥ വായിച്ചാലും മീഡിയൊക്രിറ്റിയെ മറികടക്കുന്നതിനുള്ള രാസവിദ്യകൾ പിടികിട്ടും. കേരള രാഷ്ട്രീയത്തിൽ മീഡിയൊക്രിറ്റി മറികടന്നവരെക്കുറിച്ചു് പറയാൻ പറഞ്ഞാൽ ഓര്‍മ്മയിലേക്കു കയറി വരുന്ന രണ്ടു പേരുകൾ കെ ദാമോദരന്റേതും വിഎസ് അച്ച ്യുതാനന്ദന്റേതുമാണു്. പാർട്ടിക്കുള്ളിൽ ഉയർത്തിയ വിയോജിപ്പുകളും കലാപവുമാണു് ഇരുവരെയും ശരാശരിയിൽ നിന്നു് മുകളിലേക്കുയർത്തുന്ന മുഖ്യ ഘടകം. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്തു് 1958 ജൂലായ് 26 നു് കൊല്ലത്തിനടുത്തു് ചന്ദനത്തോപ്പിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിക്കുനേരെ പോലിസ് നടത്തിയ വെടിവെയ്പിൽ രണ്ടു് പേർ കൊല്ലപ്പെട്ടു. തിരുവനന്തപുരത്തു് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി (1964-ലാണു് കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിരിഞ്ഞതു്) ആസ്ഥാനത്തു് പാർട്ടിയുടെ സംസ്ഥാന സമിതി യോഗം നടക്കുന്നതിനിടയിലാണു് ഈ വാർത്ത എത്തിയതെന്നു് ദാമോദരൻ ഇടതു് ചിന്തകനും എഴുത്തുകാരനുമായ താരിഖ് അലിക്ക് നല്‍കിയ അഭിമുഖത്തിൽ പറയുന്നുണ്ടു്.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭരിക്കുമ്പോൾ തൊഴിലാളികളെ പോലിസ് വെടിവെച്ചു കൊല്ലുന്നുവെന്നതു് ഞെട്ടലോടെയാണു് സഖാക്കൾ കേട്ടതെന്നു് ദാമോരൻ പറയുന്നു. പോലിസ് വെടിവെയ്പു് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നായിരുന്നു സംസ്ഥാന സമിതി ആദ്യമെടുത്ത നിലപാടു്. പക്ഷേ, ചര്‍ച്ച മുറുകിയതോടെ നിലപാടു് മാറിമറിഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ വിമോചന സമരം നടക്കുന്ന സമയമായിരുന്നു അതു്. ഈ ഘട്ടത്തിൽ പോലിസിന്റെ മനോവീര്യം കെടുത്തിയാൽ അതു് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ബാധിക്കുമെന്നും അതുകൊണ്ടു് സമരം നടത്തിയ ആർഎസ്പിക്കെതിരെയാണു് സിപിഐ വിമർശനമുയർതേണ്ടതെന്നും ചർച്ചയ്ക്കൊടുവിൽ പാർട്ടി തീരുമാനിച്ചു. ചന്ദനത്തോപ്പിലെത്തി ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതിനു് പാർട്ടി അന്നു നിയോഗിച്ചതു് കെ ദാമോദരനെയാണു്. പാർട്ടിയുടെ നിലപാടിനോടു് യോജിക്കാനാവില്ലെന്നും അതുകൊണ്ടു തന്നെ ആ നിലപാടു് ന്യായീകരിച്ചു് പ്രസംഗിക്കാനാവില്ലെന്നും ദാമോദരൻ നേതൃത്വത്തോടു് പറഞ്ഞു. പക്ഷേ, പാർട്ടി നിലപാടു് കടുപ്പിച്ചതോടെ ദാമോദരൻ വഴങ്ങി. അടുത്ത ദിവസം ചന്ദനത്തോപ്പിലെത്തി ആർഎസ്പിയെ വിമര്‍ശിച്ചു് സംസാരിച്ചു. അന്നു് രാത്രി തനിക്കുറങ്ങാൻ കഴിഞ്ഞില്ലെന്നും ഒരു കാരണവുമില്ലാതെ ഭാര്യയോടു് തട്ടിക്കയറിയെന്നും ദാമോദരൻ വ്യക്തമാക്കുന്നു. അടുത്ത ദിവസം മറ്റു സ്ഥലങ്ങളിലും പ്രസംഗിക്കണമെന്ന പാർട്ടി ആവശ്യപ്പെട്ടപ്പോൾ ദാമോദരൻ നിരസിച്ചു. പാർട്ടി നിലപാടിനോടു് യോജിക്കാനാവില്ലെന്നു് തറപ്പിച്ചു് പറഞ്ഞതോടെ പാർട്ടി ദാമോദരനെ പിന്നീടു് നിര്‍ബ്ബന്ധിച്ചില്ല.
1956-ൽ സോവിയറ്റ് യൂണിയൻ സന്ദര്‍ശിച്ചപ്പോൾ അന്നത്തെ സോവിയറ്റ് യൂണിയനിലെ പരമോന്നത നേതാവു് ക്രൂഷ്ചേവുമായി നടത്തിയ സംഭാഷണവും മീഡിയൊക്രിറ്റിയെ കെ ദാമോദരൻ എങ്ങിനെയാണു് മറികടക്കുന്നതെന്നു് വ്യക്തമാക്കും. താഷ്കെന്റിൽ ഒരു ബാലെ കാണാൻ എത്തിയപ്പോൾ ദാമോദരന്റെ തൊട്ടടുത്ത കസേരയിൽ വന്നിരുന്നതു് ക്രൂഷ്ചേവായിരുന്നു. മനസ്സിലുണ്ടായിരുന്ന ചില സംശയങ്ങൾ ദൂരീകരിക്കാൻ ഇതു തന്നെയാണു് അവസരം എന്നു കരുതി ദാമോദരൻ ക്രൂഷ്ചേവിനോടു് സംഭാഷണം തുടങ്ങി. ബോറിസ് പാസ്റ്റര്‍നാക്കി ന്റെ നോവല്‍, ഡോക്ടർ ഷിവാഗൊ, സോവിയറ്റ് ഭരണകൂടം നിരോധിച്ചതു് എങ്ങിനെ ന്യായീകരിക്കാനാവും എന്നാണു് ദാമോദരൻ ക്രൂഷ്ചേവിനോടു് ചോദിച്ചതു്. വിപ്ലവം കഴിഞ്ഞു് നാലു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരു നോവലിനെ എന്തിനാണു് പേടിക്കുന്നതെന്നും ദാമോദരൻ ചോദിച്ചു. പാസ്റ്റര്‍നാക്ക് മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തോടു് വിയോജിപ്പുള്ളപ്പോൾ തന്നെ നിരോധനം അംഗീകരിക്കാനാവില്ലെന്നായിരുന്നു ദാമോദരന്റെ നിലപാടു്. ദാമോദരൻ ഉയർത്തിയ ചോദ്യങ്ങൾക്കു മുന്നിൽ കൃത്യമായ ഉത്തരമില്ലാതെ വന്നപ്പോൾ ക്രൂഷ്ചേവ് ഒടുവിൽ തടിയൂരിയതു് നമുക്കു് ബാലെ കാണുന്നതിൽ ശ്രദ്ധിക്കാം എന്നു പറഞ്ഞുകൊണ്ടാണു്.
2015 ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നു് ഇറങ്ങിപ്പോയ വിഎസ്സും അധികാരത്തിനും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരെ കൃത്യമായ നിലപാടെടുക്കുകയായിരുന്നു. പാർട്ടിക്കെതിരെ കലാപമുയർത്തിയ വിമത നേതാവു് ടിപി ചന്ദ്രശേഖരന്റെ വധം ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെയായിരുന്നു വിഎസ്സിന്റെ പടപ്പുറപ്പാടു്. പാർട്ടി അച്ചടക്കവും അധികാരവും ഈ വിധത്തിൽ വെല്ലുവിളക്കപ്പെട്ട മറ്റൊരു നടപടി സിപിഎമ്മിന്റെ ചരിത്രത്തിൽ അധികമുണ്ടാവില്ല. ന്യായമെന്നുറപ്പുള്ള ഒരു കാര്യത്തിൽ ഭൂരിപക്ഷത്തിനെതിരെ നീങ്ങാൻ ശരാശരിക്കാർക്കു് ഒരിക്കലും ആവില്ല. ഇവിടെയാണു് കെ ദാമോദരനും വിഎസ്സും ശരശാരിയുടെ കൊത്തളങ്ങൾ പൊളിച്ചുമാറ്റുന്നതു്. ഇത്തരം വിയോജിപ്പുകൾ ഇപ്പോൾ ഒരിടത്തും കാണാനില്ല. അന്യായമായ നിയമങ്ങൾ ലംഘിക്കുക തന്നെ വേണമെന്നതിൽ ഗാന്ധിജിക്കു് തരിമ്പും സംശയമുണ്ടായിരുന്നില്ല. പക്ഷേ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു ചെറുവിരൽ പോലും ഉയർത്താൻ ബിജെപിക്കുള്ളിൽ ആരുമുണ്ടാവില്ല. പാർട്ടികൾ ആൾക്കൂട്ടമായി ചുരുങ്ങുകയും മീഡിയൊക്രിറ്റിയുടെ ഉപാസകരായി മാറുകയും ചെയ്യുമ്പോൾ ദാമോദരന്മാരും വിഎസ്സുമാരും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാവുന്നു.
അധികാരം പ്രദര്‍ശിപ്പിക്കുന്നവരാണു് ശരാശരിക്കാര്‍. തങ്ങൾക്കു് കീഴെയുള്ളവരെ ഇവർ അധികാരം കൊണ്ടു് ഞെരുക്കും. അതേസമയം തങ്ങൾക്കു് മുകളിലുള്ളവർ അധികാരം പ്രയോഗിക്കുമ്പോൾ ഇവർ അടിമകളാവുകയും അടിമത്തമാണു് ആനന്ദം എന്നു് ഉദ്ഘോഷിക്കുകയും ചെയ്യും. ഒരു ജിദ്ദു കൃഷ്ണമൂർത്തിയോ ഓഷോ രജനീഷോ ഇവരുടെ ജനുസ്സുകളിൽ നിന്നു് ഉടലെടുക്കുകയില്ല. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു് ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയുണ്ടെന്നറിഞ്ഞാൽ ആ നിമിഷം ഇവർ ആ സ്ഥാനാർത്ഥിക്കു് ജയ് വിളിക്കുകയും എതിരാളിയെ അപഹസിക്കുകയും ചെയ്യും. വ്യവസ്ഥിതിക്കെതിരെയുള്ള ഒരു കലാപവും ചെറുത്തുനില്‍പും ഇവരുടെ നിഘണ്ടുവിൽ കണ്ടെത്താനാവില്ല. കഴിഞ്ഞയാഴ്ച ഐഐടി മദ്രാസിൽ വിദ്യാർത്ഥികളുമായി സംവദിക്കവെ ശശി തരൂർ പങ്കുവെച്ച ഒരു കഥയോടെയാവട്ടെ ഈ കുറിപ്പിന്റെ സമാപനം. ഒരു പ്രൊഫസർ ഒരു കുളത്തിനടുത്തുകൂടെ നടന്നുപോവുമ്പോൾ ഒരു ശബ്ദം കേട്ടു. “ഇങ്ങോട്ടു് വരൂ.” പ്രൊഫസർ നോക്കിയപ്പോൾ ആരെയും കണ്ടില്ല. അപ്പോൾ ശബ്ദം വീണ്ടുമുയർന്നു: “ഇവിടെ, ഇവിടേക്കു് നോക്കു.” ശബ്ദം കേട്ടിടത്തേക്കു് നോക്കിയപ്പോൾ പ്രൊഫസർ കണ്ടതു് ഒരു തവളയെയാണു്. “ഞാൻ തന്നെയാണു് സംസാരിക്കുന്നത്,” തവള പറഞ്ഞു: എന്നെ ചുംബിച്ചാൽ ഞാൻ ഒരു സുന്ദരിയായ യുവതിയാവും. താങ്കളുടെ ഗേള്‍ഫ്രണ്ടായി കൂടെ കഴിയും.” പ്രൊഫസർ തവളയെ കൈയ്യിലെടുത്തു, എന്നിട്ടു് ജുബ്ബയുടെ കീശയിലേക്കിട്ടു. “താങ്കൾ എന്താണു് എന്നെ ചുംബിക്കാത്തതു്? ഒന്നു് ചുംബിക്കൂ, സുന്ദരിയായ കാമുകിയെയാണു് താങ്കൾക്കു് കിട്ടുക!” അപ്പോൾ പ്രൊഫസറുടെ മറുപടി ആലോചനാമൃതമായിരുന്നു: “ഈ പ്രായത്തിൽ എനിക്കു് ഒരു ചെറുപ്പക്കാരിയായ കാമുകിയുടെ ആവശ്യമില്ല. അങ്ങിനെയൊരാൾ എത്രനാൾ എന്റെ കൂടെയുണ്ടാവും എന്നൊരുറപ്പുമില്ല. പക്ഷേ, സംസാരിക്കുന്ന തവള എന്നും എനിക്കൊരു നിധിയായിരിക്കും.”
നമ്മുടെ ശരാശരിക്കാർക്കു് ഈ പ്രൊഫസറെ മനസ്സിലാവില്ല. അവർ ആദ്യം കിട്ടുന്ന അവസരത്തിൽ തന്നെ തവളയെ ചുംബിക്കും. കുഴിമന്തിക്കെതിരെയുള്ള കലാപവും തല്ലുമാല പോലുള്ള തട്ടുപൊളിപ്പൻ സിനിമകളും രാഹുലിന്റെയും പിണറായിയുടെയും ഭക്തർ ഉയർത്തുന്ന അപദാനങ്ങളും ഈ ചുംബനങ്ങളുടെ ബാക്കിപത്രമാണു്. 1882-ൽ ന്യൂയോർക്ക് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഐറിഷ് എഴുത്തുകാരൻ ഓസ്കർ വൈല്‍ഡ് കസ്റ്റംസ് അധികൃതരോടു് പറഞ്ഞതു് വെളിപ്പെടുത്താനായി (ഡിക്ലയർ ചെയ്യാൻ) തന്റെ കൈയ്യിൽ ആകെയുള്ളതു് ‘ജീനിയസ് ’ മാത്രമാണെന്നാണു്. ഇന്നിപ്പോൾ നമ്മുടെ ശരാശരിക്കാർക്കു് വെളിപ്പെടുത്താൻ കൈയ്യിലില്ലാത്തതും ‘ജീനിയസ് ’ മാത്രമായിരിക്കും.