ഭാരതത്തിലെയും വിദേശത്തെയും യുവജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോൾ സ്വാമി വിവേകാനന്ദൻ സദാ ആവർത്തിച്ചുപോന്ന ഒരുപനിഷന്മന്ത്രമുണ്ടു്. കഠോപനിഷത്തിലേതാണാ മന്ത്രം.
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത
(കഠം: 1.3.14)
(എഴുന്നേൽപ്പിൻ, ഉണരുവിൻ, ഗുരുക്കളെ (‘പ്രകൃഷ്ടരായ ആചാര്യരെ’ എന്നു ശങ്കരാചാര്യർ) നേടി ബോധമേല്ക്കുവിൻ. തർജ്ജമ: കുട്ടികൃഷ്ണമാരാര്)
പരമമായ ലക്ഷ്യപ്രാപ്തിയെ ആസ്പദമാക്കിയ യമ-നചികേതസംവാദത്തിന്റെ ഭാഗമാണീ ശ്ലോകം. സ്വാമി വിവേകാനന്ദൻ ഈ മന്ത്രം വ്യാഖ്യാനിച്ചതു് അല്പമൊരു ഭേദഗതിയോടെയാണു്. “Arise! Awake! and stop not till the goal is reached!—എഴുന്നേല്പിൻ, ഉണരുവിൻ, ലക്ഷ്യം പ്രാപിക്കുവോളം വിരമിക്കരുതു്!” ഗുരുക്കളെയോ, ആചാര്യരെയോ നേടണമെന്ന കാര്യം സ്വാമിജി പരാമർശിക്കുന്നില്ല. വ്യക്തമായ കാരണങ്ങളില്ലാതെ, ഉപനിഷന്മന്ത്രത്തിൽ ഇത്തരമൊരു വ്യതിയാനം സ്വാമിജി വരുത്തുകയില്ലല്ലോ.
‘നായമാത്മാ ബലഹീനേന ലഭ്യഃ’ (ഈ ആത്മാവു് ബലഹീനനാൽ ലഭിക്കാവതല്ല—മുണ്ഡകം: 3.2.4) എന്നതായിരുന്നു സ്വാമിജിയുടെ ജീവിതപ്രമാണം. ഈ ബലഹീനതയിലാകട്ടെ ശാരീരികവും ആത്മീയവുമായ ദൗർബ്ബല്യങ്ങൾ അദ്ദേഹം ഉൾക്കൊള്ളിച്ചിരുന്നു (7–155). ‘ഭയം’ എന്ന വികാരം മനുഷ്യമനസ്സുകളിൽ നിന്നു് ഉന്മൂലനം ചെയ്യാൻ ഇത്രയേറെ പരിശ്രമിച്ച മറ്റൊരു വ്യക്തിയും കാണുകയില്ല. മനുഷ്യനെ ദുർബ്ബലനാക്കുന്നതൊന്നും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അങ്ങനെയുള്ള സ്വാമിജി, താൻ ചവുട്ടിനില്ക്കുന്നതു് വഴുവഴുപ്പുള്ളനിലത്താണെന്നറിയാതെയല്ല ആ കഠോപനിഷന്മന്ത്രം സദാ ഉദ്ഘോഷിച്ചുപോന്നതു്. കാരണം ആ ശ്ലോകത്തിന്റെ രണ്ടാം പാദം തന്നെ.
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുർഗ്ഗം പഥസ്തത് കവയോ വദന്തി
(കത്തിവായ്ത്തല മൂർച്ചയുറ്റതും ചവുട്ടിപ്പോകരുതാത്തതുമാണു്. (നന്നെ സൂക്ഷിക്കണം) കഷ്ടപ്പാടുള്ള വഴിയാണതെന്നു കവികൾ പറയുന്നു. തർജ്ജമ: കുട്ടികൃഷ്ണമാരാര്)
ഉണരാനുള്ള ഉദ്ബോധനം കേട്ടു് ആവേശംകൊണ്ടവർ, തങ്ങൾ പോകേണ്ടവഴിയുടെ ഭീകരത മനസ്സിലാക്കുമ്പോൾ ദുർബ്ബലചിത്തരാകാതിരിക്കുമോ? സ്വാമിജിയാകട്ടെ ആ ദുർഘടയാത്രയിൽ ഒരു മാർഗ്ഗദർശിയുടെസഹായംപോലും നിഷേധിക്കുകയാണല്ലോ ചെയ്തതു്. സുഖേച്ഛുക്കളായ മനുഷ്യരിൽ എത്രപേർ, സ്വബലത്തിൽ മാത്രം വിശ്വാസമർപ്പിച്ചു്, ഒരു വഴികാട്ടിയുടെ പോലും സഹായമില്ലാതെ, ഈ വഴിയേ സഞ്ചരിക്കാൻ ധീരത കാട്ടും?
എന്നാൽ, സ്വബലത്തിൽ മാത്രം വിശ്വാസമർപ്പിച്ചു മുന്നേറുന്ന ഒരുവനു സംഭവിക്കാവുന്ന പാകപ്പിഴകളെക്കാൾ ഗുരുതരമായിരിക്കുമോ നേർവഴി കാട്ടേണ്ട ഗുരുക്കളുടെ അജ്ഞതയാൽ വരുന്ന വീഴ്ചകൾ? ഇതേക്കുറിച്ചു് സ്വാമിജിക്കു നല്ല ബോധ്യമുണ്ടായിരുന്നു.
“(അദ്ധ്യാത്മ)പാതയിൽ വലിയ ചില അപായങ്ങളുണ്ടു്… ഇതിലും വലുതാകുന്നു വഴികാട്ടിയുടെ— ഗുരുവിന്റെ—കാര്യത്തിലുണ്ടാകാവുന്ന അപകടങ്ങൾ. അജ്ഞാനത്തിൽ മുഴുകിയവരെങ്കിലും, ഔദ്ധത്യത്താൽ തങ്ങൾ സർവ്വജ്ഞരെന്നു കരുതി, അതിലും നില്ക്കാതെ അന്യരെ തോളിലേറ്റിക്കൊണ്ടുപോകാമെന്നേറ്റു്, അന്ധനെ അന്ധൻ വഴിനടത്തുന്നതു പോലെ, ഇരുവരും ചളിക്കുണ്ടിൽ ചെന്നു വീഴുന്ന തരത്തിലുള്ളവരും ഏറെയുണ്ടു്.
അവിദ്യായാമന്തരേ വർത്തമാനാഃ
സ്വയം ധീരാഃ പണ്ഡിതം മന്യമാനാഃ
ജംഘന്യമാനാഃ പരിയന്തി മൂഢാഃ
അന്ധേനൈവ നീയമാനാ യഥാന്ധാഃ
(മുണ്ഡകം: 1.2.8, കഠം: 1.2.5)
(അന്ധകാരത്തിൽ വർത്തിക്കുന്ന മൂഢന്മാർ തങ്ങൾ ധീരന്മാരും പണ്ഡിതരുമാണെന്നഭിമാനിച്ചു് ഉദ്ധതരായി കുരുടരെ നയിക്കുന്ന കുരുടരെപ്പോലെ തപ്പിതടഞ്ഞു് ഇടറിനടന്നു് ചുറ്റിത്തിരിയുന്നു).
അങ്ങനെയുള്ളവരെക്കൊണ്ടു് ലോകം നിറഞ്ഞിരിക്കുന്നു. എല്ലാവരും ഗുരുവായിരിക്കാൻ ആഗ്രഹിക്കുന്നു. ലക്ഷക്കണക്കിൽ ദാനം ചെയ്യാൻ ഏതു യാചകനും ആഗ്രഹിക്കുന്നു. ഈ യാചകൻ എത്രതന്നെ പരിഹാസ്യനോ, അത്രതന്നെ പരിഹാസ്യരാണീ ഗുരുക്കന്മാരും (3–47)).”
അപ്പോൾ, ലോകത്തിലെ നിരവധിയായ ഗുരുക്കന്മാരുടെ അവസ്ഥ അറിഞ്ഞാവണം, സ്വാമിജി ആ കഠോപനിഷന്മന്ത്രം ഇപ്രകാരമൊന്നുഭേദപ്പെടുത്തി വ്യാഖ്യാനിച്ചതു്.
‘ആചാര്യദേവോ ഭവ’, ‘മാതാപിതാഗുരുർ ദൈവം’ തുടങ്ങിയ മഹത്തായ ദർശനങ്ങൾ ഉരുത്തിരിഞ്ഞ ഭാരതത്തിൽ ഇത്തരമൊരു ചിന്താരീതി എങ്ങനെ കടന്നുവന്നെന്നൊന്നു് പരിശോധിക്കാം.
വേദം പഠിപ്പിച്ചു കഴിഞ്ഞ ശേഷം ആചാര്യൻ ശിഷ്യനെ ഉപദേശിക്കുന്നു.
മാതൃദേവോ ഭവ; പിതൃദേവോ ഭവ;
ആചാര്യദേവോ ഭവ; അതിഥിദേവോ ഭവ;
(തൈത്തിരീയം 1.11)
ആചാര്യശിഷ്യബന്ധത്തിന്റെ പരിപാവനത്വമാണല്ലോ ‘ആചാര്യദേവോ ഭവ’യിലൂടെ നിഷ്കർഷിക്കപ്പെടുന്നതു്. എന്നാൽ, ആചാര്യനെ അന്ധമായി പിൻചൊല്ലണമെന്നാണോ ഈ ശ്ലോകം അനുശാസിക്കുന്നതു? അല്ല! എന്നുത്തരം.
അതു് ആ ആചാര്യൻ തന്നെ ശിഷ്യനു് പറഞ്ഞു കൊടുക്കുന്നുമുണ്ടു്.
യാന്യസ്മാകം സുചരിതാനി, താനി ത്വയോപാസ്യാനി നോ ഇതരാണി.
(തൈത്തിരീയം 1.11)
(ഞങ്ങളുടെ ശോഭനങ്ങളായ പ്രവൃത്തികൾ നിന്നാൽ അനുഷ്ഠിക്കപ്പെടേണ്ടവയാകുന്നു. മറ്റുള്ളവ അനുഷ്ഠിക്കപ്പെടേണ്ടവയല്ല. തർജ്ജമ: മൃഡാനന്ദസ്വാമി, സ്വാമി സർവ്വാനന്ദ)
ഈ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ മൃഡാനന്ദസ്വാമി പറയുന്നു. “സാധാരണ മഹാത്മാക്കൾ ചെയ്യുന്നതിനെ പ്രമാണമായി സ്വീകരിച്ചു് അതിനെ അനുസരിക്കുകയാണു് ലോകത്തിന്റെ പതിവു്. (‘സ യത് പ്രമാണം കുരുതേ ലോകസ്തദനുവർത്തതേ’—ഗീത 3.21). അതു ശരിയല്ലെന്നാണു് ഇവിടെ പറയുന്നതു്. മഹാന്മാരായാലും ആചാര്യന്മാരായാലും അവർ ചെയ്യുന്ന നല്ലപ്രവൃത്തികൾ മാത്രമേ പ്രമാണമായി സ്വീകരിക്കാവൂ.”
അപ്പോൾ, ഉപനിഷത്ത്കാലത്തു തന്നെ ആചാര്യനു് അപ്രമാദിത്വം നല്കപ്പെട്ടിരുന്നില്ലെന്നു് കാണാം.
തുടർന്നു്, ഇതിഹാസങ്ങളിലേക്കു് വന്നാൽ; മനുഷ്യഹൃദയത്തിലെ വികാരവിചാരങ്ങളുടെ ഊടും പാവും ഹൃദിസ്ഥമാക്കിയ വ്യാസനും, വാല്മീകിയുമൊക്കെ പൊട്ടാറായ ചിലയിഴകൾ ശ്രദ്ധിക്കാതിരുന്നിട്ടില്ല.
മഹാഭാരതത്തിൽ, ഭീഷ്മർ തന്റെ ആചാര്യനായ പരശുരാമനോടു് എതിരിടുന്നതിനു് കണ്ടെത്തുന്ന സമാധാനം (മരുത്തവചനം) ഇതാണു്.
“ഗുരോരപ്യവലിപ്തസ്യ കാര്യാകാര്യമജാനതഃ
ഉൽപഥപ്രതിപന്നസ്യ കാര്യം ഭവതി ശാസനം”
(ഉദ്യോഗപർവം 178. 24)
(ഗുരുവായാലും കാര്യാകാര്യമറിയാതെ ഗർവ്വിച്ചു വഴിതെറ്റിവെച്ചാൽ അദ്ദേഹത്തെ ശാസിക്കേണ്ടിവരും. തർജ്ജമ: കുട്ടികൃഷ്ണമാരാര്)
കാര്യാകാര്യമറിയാതെ ഗർവ്വിച്ചു വന്ന മഹാവീരനായ ഗുരുവിനെ ഭീഷ്മർ യുദ്ധത്തിൽ തോല്പിച്ചു നാണം കെടുത്തി വിടുന്നുണ്ടു്.
രാമായണത്തിൽ, ലക്ഷ്മണവാക്യമായും ഇതേ ശ്ലോകം കാണാം
(അയോധ്യാകാണ്ഡം 21. 13).
വീണ്ടും നമ്മൾ കാണുന്നു, ഒരു ദ്രോണാചാര്യരെ; തന്റെ ബാല്യകാലസുഹൃത്തിനോടുള്ള പകതീർക്കാൻ കൗരവസദസ്സിലെ ആചാര്യനായ ഈ വ്യക്തി, ആചാര്യശബ്ദത്തിനു് കളങ്കം വരുത്തിവച്ചയാളാണു്. ആ കാപട്യത്തിന്റെ മൂർദ്ധന്യം സ്വന്തം മകന്റെ ചിരഞ്ജീവിത്വത്തിലെത്തി നില്ക്കുന്നു. ശ്രേഷ്ഠ ആചാര്യനെന്നു് പ്രകീർത്തിക്കപ്പെട്ട ഈ ദ്രോണരുടെ പിൻതലമുറയെന്നഭിമാനിക്കുന്നവരാണല്ലോ ഇന്നത്തെ ആചാര്യർ.
ശങ്കരാചാര്യരുടെ വിവേകചൂഡാമണിയിലെ, ഉപനിഷദ്ദർശനം (ശ്വേതാശ്വതരം 6.19) ഉൾക്കൊള്ളുന്ന ഒരു ശ്ലോകം ആധാരമാക്കിയാണു് സ്വാമി വിവേകാനന്ദൻ ഗുരുവിന്റെ ഗുണഗണങ്ങൾ വിവരിച്ചിരുന്നതു്.
ശ്രോത്രിയോവൃജിനോകാമഹതോ യോ ബ്രഹ്മ വിത്തമഃ
(വിവേകചൂഡാമണി 33)
(ഗുരു) വേദസാരമറിയുന്നവനും; പാപരഹിതനും; സ്വർണ്ണത്തിനോ, ധനത്തിനോ മറ്റേതു സ്വാർത്ഥത്തിനായോ ഉപദേശം നല്കാത്തവനും ആണു്. അഹേതുകമാണു് അദ്ദേഹത്തിന്റെ കരുണ… (വ്യാഖ്യാനം: സ്വാമി വിവേകാനന്ദൻ)
പരശുരാമന്റെയും, ദ്രോണാചാര്യരുടെയുമൊക്കെ ന്യൂനതകൾ ഈ ശ്ലോകത്തിന്റെ വെളിച്ചത്തിൽ വ്യക്തമാവുന്നുണ്ടല്ലോ.
എന്നാൽ, ആത്മബലത്തിൽ മാത്രം വിശ്വാസമർപ്പിച്ചു, ജ്ഞാനസമ്പാദനത്തിനായി ഇറങ്ങിത്തിരിക്കാനുള്ള പ്രചോദനം ഒരുവന്നു് എവിടെ നിന്നാണു പ്രാപ്തമാവുക?
“എഴുന്നേൽപ്പിൻ, ഉണരുവിൻ; ലക്ഷ്യം പ്രാപിക്കുവോളം വിരമിക്കരുതു്”, എന്നു സദാ ഉദ്ബോധിപ്പിച്ചുപോന്ന സ്വാമിജി, ഈ ലക്ഷ്യം പ്രാപിച്ച ഒരു സത്യകാമന്റെ കഥ (ഛാന്ദോഗ്യം 4.4-10) ഉദ്ധരിക്കാറുണ്ടായിരുന്നു. ഗുരുവിന്റെ ആജ്ഞപ്രകാരം കുറെ വർഷം കാട്ടിൽ കഴിഞ്ഞ ശേഷം തിരിച്ചെത്തിയ സത്യകാമനോടു് ഗുരു ചോദിക്കുന്നു. ‘സത്യകാമാ, നിന്റെ മുഖം ബ്രഹ്മത്തെ അറിഞ്ഞവനെ പോലെ പ്രശോഭിക്കുന്നു. ആരാണു് നിനക്കതു് പകർന്നുതന്നതു?’ സത്യകാമൻ പറഞ്ഞു. ‘മനുഷ്യരല്ലാതുള്ളവർ’. സത്യകാമനു് ജ്ഞാനം ഉപദേശിച്ചതു് കാളയും, പക്ഷികളും, അഗ്നിയുമൊക്കെയായിരുന്നു. ഇവിടെ സത്യകാമനു് ഗുരുവായി ഭവിച്ചതാരാണു്? തീർച്ചയായും, ആ ചരാചരങ്ങൾ തന്നെ. ഇതുപോലെ തന്നെ, സത്യകാമന്റെ ശിഷ്യനായ ഉപകോസലനു് ബ്രഹ്മജ്ഞാനം ഉപദേശിക്കുന്നതു് അഗ്നിയാണു്. ഇവിടെ, സ്വന്തം ആചാര്യന്റെ അപൂർണ്ണതയാലല്ല സത്യകാമന്നും ഉപകോസലന്നും ആ ചരാചരങ്ങൾ ഗുരുക്കന്മാരായി ഭവിച്ചതു്. (സത്യകാമനു്, ചരാചരങ്ങൾ പകർന്നു നല്കിയ അറിവു തന്നെ പിന്നീടു്, ഗുരുവും ഉപദേശിക്കുന്നുണ്ടു്.) മറിച്ചു് സ്വയം അന്വേഷണത്തിന്റെ പാതയിൽ അവർക്കുണ്ടായ വെളിപാടുകളുടെ പ്രതീകാത്മക ഉറവിടങ്ങളാണവ.
ഈയൊരു ചിന്തയിൽനിന്നാവണം, ആത്മബലത്തിൽ വിശ്വാസമർപ്പിച്ചു്, ജ്ഞാനസമ്പാദനത്തിനായി സ്വയം ഇറങ്ങിത്തിരിക്കാൻ സ്വാമിജി ഉദ്ഘോഷിച്ചുപോന്നതു് (3–236, 7–227).
“Arise, awake” എന്ന ഭയരഹിതസന്ദേശം ഉദ്ഘോഷിക്കാനാണു് താൻ ജന്മമെടുത്തതെന്നു് സ്വാമി വിവേകാനന്ദൻ ഉറച്ചുവിശ്വസിച്ചിരുന്നു. കൂടാതെ, ഈ സന്ദേശം രാജ്യത്തെ ഗ്രാമങ്ങളായ ഗ്രാമങ്ങളിൽ ചെന്നു് പ്രഘോഷിക്കാൻ തന്റെ ശിഷ്യരെ ഉദ്ബോധിപ്പിക്കുന്നുമുണ്ടു് (7–182).
എന്താണു് ഈ സന്ദേശത്തിന്റെ പ്രാധാന്യം?
‘എഴുന്നേല്ക്കുക, ഉണരുക,’ എന്നിവ, ലക്ഷ്യപ്രാപ്തിക്കായുള്ള തയ്യാറെടുപ്പുകളാണു്. മറ്റൊരുതരത്തിൽ പറഞ്ഞാൽ തയ്യാറെടുപ്പിന്റെ മികവാണു് ഫലപ്രാപ്തിക്കു മാനദണ്ഡമായിരിക്കുന്നതു്. ‘ഇച്ഛ’യാണു് എഴുന്നേല്പിക്കുന്നതു്; ‘അനുസന്ധാനത്വര’യാണു് ഉണർത്തുന്നതു്. ഇവയാകട്ടെ സ്വയം പ്രേരിതമാവണം താനും. ഉപനിഷത്തു പറയുന്നു.
നായമാത്മാ പ്രവചനേന ലഭ്യോ
ന മേധയാ ന ബഹുനാ ശ്രുതേന
യമേവൈഷ വൃണുതേ തേന ലഭ്യ
സ്തസ്യൈഷ ആത്മാ വിവൃണുതേ തനൂം സ്വാം
(മുണ്ഡകം: 3.2.3, കഠം: 1.2.23)
ഈ ആത്മാവു്, വേദാദ്ധ്യായനം, മികച്ചമേധാശക്തി, ആഴമേറിയപഠിപ്പു്; ഇവ കൊണ്ടൊന്നും പ്രാപിക്കാവുന്നതല്ല. ഈ ആൾ, ഏതൊരു പരമാത്മാവിനെയാണോ പ്രാപിക്കുവാൻ ഇച്ഛിക്കുന്നതു്, അനുസന്ധാനത്താൽ (വേറെ യാതൊരു മാർഗ്ഗത്താലുമല്ല), ആ പരമാത്മാവിനെ അവനു് പ്രാപിക്കാൻ കഴിയുന്നതാകുന്നു. ഈ സാധകനു് ആത്മാവു് തന്റെ പരമാർത്ഥ സ്വരൂപത്തെ വെളിപ്പെടുത്തിക്കൊടുക്കുന്നു (ശങ്കരഭാഷ്യം തർജ്ജമ: സി. സീതാരാമ ശാസ്ത്രി, പി. കെ. നാരായണപിള്ള).
ശേഷിയും ശേമുഷിയുമുണ്ടെങ്കിലും; ഇച്ഛയും, അന്വേഷണത്വരയുമില്ലെങ്കിൽ ലക്ഷ്യപ്രാപ്തി കൈവരില്ലന്നാണല്ലോ ഉപനിഷത്തു പറയുന്നതു്. ഇവ രണ്ടും തികഞ്ഞ ഒരു സാധകനായാണു് സത്യകാമനെ ഉപനിഷത്തുക്കൾ അവതരിപ്പിക്കുന്നതു്. ‘സത്യകാമൻ’ എന്ന പേരു തന്നെ അവന്റെ ഉള്ളിലെ തൃഷ്ണയെ പ്രതിഫലിപ്പിക്കുന്നുണ്ടല്ലോ.
സത്യകാമനെ പോലെ, ഏതൊരുവനും, തന്റെ ഗുരുവിനെ കണ്ടെത്താനാവും. അതൊരുപക്ഷേ, സർവ്വോത്തമനായ ഒരു ആചാര്യനായിട്ടായിരിക്കും. അല്ലെങ്കിൽ, ഒരു ഉന്തുവണ്ടിക്കാരന്റെ (രൈക്വൻ— ഛാന്ദോഗ്യം, 4:1–3) രൂപത്തിലുമാകാം. സൂക്ഷ്മമായി പറഞ്ഞാൽ ഏതു ചരാചരവും ഒരുവനു് ഗുരുവായി ഭവിക്കാം (‘ഗുരു’ ഒരു ‘സമസ്ത’പദമാണല്ലോ). പക്ഷേ, ഒന്നുണ്ടു്; തയ്യാറെടുപ്പിന്റെ പൂർണതയിലേ യഥാർത്ഥ ഗുരുവിനെ കണ്ടെത്താനാവൂ. അതുവരെ യഥാർത്ഥ ഗുരുവെന്നുകരുതി പിന്തുടരുന്നതു ലൗകിക ഗുരുക്കന്മാരെയായിരിക്കും. ഇവിടെയാണു് ‘ഉത്തിഷ്ഠത ജാഗ്രത’ എന്ന ആഹ്വാനത്തിന്റെ പ്രസക്തി.
- The complete works of Swami Vivekananda, 7th reprint of subsidized edition, 1997
- www.sreyas.in
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി. ഐ. ഐ. റ്റി. കാൺപൂരിൽ നിന്നു് ഭൗതികശാസ്ത്രത്തിൽ ഡോക്റേറ്റു് നേടി. ഇപ്പോൾ മുംബൈ, ഭാഭാ ആറ്റമിക്ക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനാണു്.