images/The_Cock_Sparrow_by_George_Edwards.jpg
The Cock Sparrow, a painting by George Edwards (1694–1773).
ഭാരതപര്യടനത്തിലൂടെ
ജോസ് വി. മാത്യു

കുട്ടികൃഷ്ണമാരാരുടെ 125-ാം ജന്മവാർഷിക വർഷമാണല്ലോ ഇതു്! അതോടൊപ്പം, അദ്ദേഹത്തിന്റെ പ്രഖ്യാത കൃതിയായ ‘ഭാരതപര്യടനം’ 75 വർഷം പിന്നിടുകയും ചെയ്തിരിക്കുന്നു. “ധർമ്മസ്യതത്ത്വം നിഹിതം ഗുഹായാം”, എന്നതു് മഹാഭാരതത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു വിചാരമാണു്. ഈ ധർമ്മരഹസ്യം തേടിയുള്ള ശ്രീ. കുട്ടികൃഷ്ണമാരാരുടെ യാത്രയാണു് കേൾവികേട്ട ‘ഭാരതപര്യടനം’. മുക്കാൽ നൂറ്റാണ്ടു മുമ്പു് മഹാഭാരതമെന്ന ഉത്തുംഗശിഖരത്തിൽ നിന്നും അടർത്തിയെടുത്ത ശിലാപാളികൾ കൊണ്ടു് മാരാര് പടുത്തുയർത്തിയ ആ കോട്ടകൊത്തളങ്ങൾ രൂപഭംഗിയ്ക്കും ശില്പചാതുര്യത്തിനും തന്ത്രസ്ഥാനങ്ങൾക്കും യാതൊരൂനതയും സംഭവിയ്ക്കാതെ ഇന്നും മലയാളസാഹിത്യസാമ്രാജ്യത്തിൽ നിലകൊള്ളുന്നു. നല്ലൊരു അനുവാചകനു്, ആ ശില്പചാതുര്യത്തിൽ നിന്നും അനേകം അസുലഭ ദൃശ്യങ്ങൾ ഒപ്പിയെടുക്കാനാവും. ‘രണ്ടാമൂഴ’കാരനും, ‘ഇനി ഞാനുറങ്ങട്ടെ’യുടെ കർത്താവും, മഹാഭാരത വിവർത്തകനായ വിദ്വാൻ കെ. പ്രകാശവുമൊക്കെ തങ്ങളുടെ സൃഷ്ടിചോദനകൾ മാരാരുടെ ഭാരതപര്യടനത്തിലാണു് ആരോപിച്ചിരിക്കുന്നതു്. എന്നാൽ, ഏതൊരു പ്രതിയോഗിയ്ക്കും ഭേദിയ്ക്കാനാവാത്ത ദാർഢ്യവും അതിനുണ്ടു്. എം പി ശങ്കുണ്ണിനായർ മുതൽ എം ലീലാവതി വരെ എത്രയോ നിപുണ നിരൂപകർ മാരാരുടെ ഭാരതപര്യടനത്തിലെ ധർമ്മാധർമ്മ വീക്ഷണങ്ങളെ ഖണ്ഡിയ്ക്കാൻ നോക്കിയെങ്കിലും അതിന്നും അധൃഷ്യമായി നിലകൊള്ളുന്നു. സുകുമാർ അഴീക്കോടു് പറയുന്നു: “വ്യാസസാഹിതിയോടുള്ള കടപ്പാടു് ലോകത്തിലെ ഏതെങ്കിലും ഭാഷ തീർത്തിട്ടുണ്ടെങ്കിൽ അതു മലയാളമാണെന്നു് അഹങ്കരിക്കൂ! അതേ, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ തർജ്ജമ കൊണ്ടും; കുട്ടികൃഷ്ണമാരാരുടെ ഈ പഠനം കൊണ്ടും.” ഇതിഹാസത്തിന്റെ നവവാഖ്യാനങ്ങളിലൂടെ ഋഷികവിഹൃദയത്തിലേക്കു് അനുവാചകനെ കൈ പിടിച്ചു നടത്തുന്ന മാരാരുടെ ഈ ഗ്രന്ഥത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമാണു് ഇവിടെ ഉദ്ദേശിക്കുന്നതു്.

മാരാര് ഏറ്റവുമധികം പുകഴ്ത്തപ്പെട്ടതും ഇകഴ്ത്തപ്പെട്ടതും ഭാരതപര്യടനത്തിലെ ധർമ്മവിചാരത്തിന്റെ പേരിലാണു്. മഹാഭാരതത്തിലെ ധർമ്മചിന്തയുടെ മർമ്മം മാരാര് നിർദ്ധാരണം ചെയ്യുന്നതു് “നേശേ ബലസ്യേതി ചരേദധർമ്മം” എന്ന ശ്ലോകപാദ വ്യാഖ്യാനത്തിലൂടെയാണു്. പാണ്ഡവരുടെ വനവാസകാലത്തു് അവരെ സന്ദർശിക്കാനെത്തിയ മാർക്കണ്ഡേയ മുനി, പുഞ്ചിരി തൂകിക്കൊണ്ടു് യുധിഷ്ഠിരനോടു് ആവർത്തിക്കുന്നതാണിതു്. “ബലസ്യ ഈശേ ഇതി അധർമ്മം ന ചരേൽ”—താൻ ബലത്തിനാളാണെന്നു വെച്ചു് അധർമ്മം ചെയ്യരുതു്—എന്നതാണു് ഈ ശ്ലോകപാദത്തിനു് പൊതുവേ എടുത്തിരുന്ന അർത്ഥം. എന്നാൽ മാരാര് “ബലസ്യ ന ഈശേ ഇതി അധർമ്മം ചരേൽ”—താൻ ബലത്തിനാളല്ലെന്നു വന്നാൽ അധർമ്മം ചെയ്യാം—എന്നു് അന്വയിച്ചു, ‘താൻ ബലത്തിനാളല്ലെന്നു വെച്ചു ചെയ്യുന്നതു് അധർമ്മമാണു് ’ എന്ന സന്ദർഭാനുസാരിയായ അർത്ഥാന്തരത്തിലേയ്ക്കെത്തി. “ഇങ്ങനെ ഒരു അർത്ഥമെടുക്കാനുള്ള മുഖ്യോപപത്തി മാർക്കണ്ഡേയന്റെ ആ ചിരി തന്നെ. ചിരിച്ചു കൊണ്ടു് പറഞ്ഞ വാക്കിനു് ഒരിക്കലും വാച്യാർത്ഥത്തിലല്ലല്ലോ താല്പര്യം” എന്നു മാരാര്. കൂടാതെ, താതാജ്ഞപ്രകാരം വനവാസിയായ രാമന്റെയും, ധാതാവിന്റെ വരുതിക്കു നില്ക്കുന്ന വാനിലെ സപ്തർഷിമാരുടെയും, താഴെയുള്ള ആനകളുടെയും മറ്റും ഉദാഹരണങ്ങൾ മാർക്കണ്ഡേയൻ നിരത്തുന്നുണ്ടു്. “ആനയുടെ കീഴടക്കത്തിൽ താൻ ബലത്തിനാളല്ല എന്ന ബോധമാണുള്ളതെന്നും, അതിൽ ഒരു ധർമ്മാനുഷ്ഠനവുമില്ലെന്നു” മനസ്സിലാവുമ്പോൾ, രാജ്യം വാഴുക സ്വധർമ്മമായുള്ള യുധിഷ്ഠിരൻ ചൂതുകളിയിലൂടെ രാജ്യം കളഞ്ഞുകുളിച്ചു് ഭാര്യാ-സഹോദരന്മാരോടുകൂടി കാട്ടിൽ വസിക്കുന്നതിൽ ബലവത്താബോധമില്ലെന്നും അതിനാൽ തന്നെ അതു് അധർമ്മമാണെന്നും മാരാര് വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനം മലയാള സാഹിത്യത്തിൽ വളരെയേറേ ചർച്ചകൾക്കു വഴി തുറന്നതാണു്. തുടർന്നു്, തന്റെ ബലവത്താബോധ സിദ്ധാന്തത്തെ വേദാന്ത പശ്ചാത്തലത്തിൽ വിപുലീകരിച്ചു് ‘അഭയം വൈ ബ്രഹ്മ’ എന്നൊരു പ്രൗഢഗംഭീര ലേഖനം (‘പതിനഞ്ചുപന്യാസം’ എന്ന സമാഹാരം) മാരാര് എഴുതി. അദ്ദേഹത്തിന്റെ വിമർശകർ സൗകര്യപൂർവ്വം വിസ്മരിയ്ക്കുന്ന ഒരു പഠനമാണതു്. കുറച്ചു വർഷങ്ങൾക്കു ശേഷം, വിവേകാനന്ദ സാഹിത്യസർവ്വസ്വത്തിന്റെ പരിശോധകനായ വേളയിൽ, “ബലം ബലം അതാണു് ഓരോ പുറത്തുനിന്നും ഉപനിഷത്തുകൾ എനിക്കു പറഞ്ഞു തരുന്നതു്. ഓർമ്മിക്കേണ്ട ഒരേയൊരു സംഗതി ഇതാണു്. ജീവിതത്തിൽ ഞാൻ പഠിച്ച ഒരേയൊരു പാഠവും ഇതാണു്. ബലം, ബലം. മനുഷ്യാ നീ ദുർബ്ബലനാകരുതു്” എന്നു് സ്വാമിജി ശക്തമായ ഭാഷയിൽ ബല സിദ്ധാന്തം ഊട്ടിയുറപ്പിക്കുന്നതു് കണ്ടപ്പോൾ മാരാർക്കുണ്ടായിരിക്കാവുന്ന സന്തോഷം ഊഹിക്കാവുന്നതേ ഉള്ളു.

ഈ ധർമ്മ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണു് മഹാഭാരതത്തിലെ ഏറ്റവും വിശ്രുതമായ ഒരു ധർമ്മപ്രശ്നത്തെ മാരാര് വിശകലനം ചെയ്യുന്നതു്. കുരുശ്രേഷ്ഠന്മാരുടെ മദ്ധ്യേ ദുശ്ശാസനാൽ അപമാനിതയായ ദ്രൗപദിയുടെ ചോദ്യമാണതു്. ധർമ്മരാജാവിന്റെ ശ്രേഷ്ഠ പത്നിയായ തന്നെ പണയം വയ്ക്കാൻ, സ്വയം പണയമായ യുധിഷ്ഠിരനു് എന്തധികാരം? ഇതിനു മറുപടിയായി ഭീഷ്മർ പറയുന്നതു്; “ലോകത്തിൽ ബലവാനായ പുരുഷൻ ധർമ്മത്തെ ഏതു നിലയിൽ കാണുന്നുവോ, അതു തന്നെയാണു് ധർമ്മമെന്നും ധർമ്മചിന്തയിൽ, മറ്റുള്ളവരും പറയുന്നു… യുധിഷ്ഠിരനാണു് ഈ ചോദ്യത്തിനു് പ്രമാണമെന്നു ഞാൻ വിചാരിക്കുന്നു. നീ പണയപ്പെട്ടുവോ ഇല്ലയോ എന്നു് അദ്ദേഹമാണു് പറയേണ്ടതു്”. ഈ ഭീഷ്മവാക്യങ്ങളിൽ മാർക്കണ്ഡേയ പല്ലവിയുടെ പ്രതിധ്വനി ദർശിക്കുന്നു മാരാര്. തന്റേടത്തോടെ യുധിഷ്ഠിരനെടുക്കുന്ന ഏതു തീരുമാനവും ധാർമ്മികമാകുമെന്നു സാരം. എന്നാൽ യുധിഷ്ഠിരൻ ഒരു തീരുമാനത്തിലുമെത്തിയില്ല. മാരാര് പറയുമ്പോലെ “സർവ്വസംഹാരിയായ ആ യുദ്ധവൈശസം വന്നതു ധാർത്തരാഷ്ട്രരുടെ ലോഭപരായണതകൊണ്ടെന്ന പോലെ, പാണ്ഡവരുടെ മോഹപരായണതകൊണ്ടു്—അകർമ്മണ്യതകൊണ്ടു്—അവ്യവസായിതകൊണ്ടു—കൂടിയാണെന്നു വരും.”

സഹോദരന്മാർ തമ്മിൽ നടന്ന മഹായുദ്ധമായ മഹാഭാരതത്തിൽ, പാണ്ഡവർ ധർമ്മിഷ്ഠരും കൗരവർ അധർമ്മിഷ്ഠരുമാണെന്ന ചിത്രമാണു് സാമാന്യ വായനക്കാർക്കുണ്ടാവുക. പക്ഷേ ഇതു, “സാമാന്യദൃഷ്ടികൾക്കു പാകപ്പെടുത്തിവെച്ചിട്ടുള്ള ഒരു ബാഹ്യചിത്രം മാത്രമായിരിക്കുന്നതും, വാസ്തവത്തിൽ ആ ധർമ്മാധർമ്മങ്ങളുടെ പിന്നിലുള്ള ബലാബലങ്ങളെ നോക്കുമ്പോൾ ഈ ചിത്രത്തിലെ നിഴലും വെളിച്ചവും മാറി വീഴുമെന്നു കവി സൂചിപ്പിക്കുന്നു…” എന്നാണു് മാരാരുടെ നിരീക്ഷണം. പാണ്ഡവരുടെയും കൗരവരുടെയും പ്രവൃത്തികളിൽ ഈ നിഴലും വെളിച്ചവും മാറി മാറി വരുന്ന സന്ദർഭങ്ങൾ ഭാരതപര്യടനത്തിൽ എടുത്തുദാഹരിക്കുന്നുണ്ടു്. “പാണ്ഡവസമുദായത്തെ ഒറ്റ വ്യക്തിയായിഗ്ഗണിച്ചാൽ ആ വ്യക്തിയുടെ ഹൃദയത്തിൽ ആദ്യമുദിക്കുന്ന പ്രാകൃതചിത്തവൃത്തിക്കു ഭീമസേനനും, ഉത്തരക്ഷണത്തിൽ അതിനെ തടയുന്ന ധർമ്മബോധത്തിനു യുധിഷ്ഠിരനും, ഉടനെ ധർമ്മാനുകൂലമായുണ്ടാകുന്ന ഉദ്യമത്തിനു് അർജ്ജുനനും പ്രതിനിധീഭവിക്കുന്നു”. എന്നാൽ കൗരവപക്ഷത്താകട്ടെ പ്രാകൃതചിത്തവൃത്തിയുടെ വക്താവായ ദുര്യോധനൻ (ദുര്യോധനനെ മിക്കപ്പോഴും ഭീമനോടാണല്ലോ തിട്ടിക്കുക. രണ്ടു പേരുടെയും പോരാട്ടമുറകളും സമാനം.) തീരുമാനങ്ങളിൽ മുൻകൈ നേടുന്നു. അവിടെ ധർമ്മബോധിയായ യുധിഷ്ഠിരനേയോ, പ്രയോഗികവാദിയായ അർജ്ജുനനേയോ പോലെ ദുര്യോധനനെ പ്രഭാവിതനാക്കാൻ ആരുമില്ല. എന്നാൽ ദുര്യോധനൻ എല്ലായ്പോഴും ദുഃയോധനൻ അല്ല. പലപ്പോഴും സുഃയോധനൻ കൂടിയാണെന്നു് മാരാര് ഓർമ്മിപ്പിക്കുന്നുണ്ടു്. പാണ്ഡവപക്ഷത്തു് ഭീമന്റെ പ്രാകൃതത്വത്തെ യുധിഷ്ഠിരന്റെ ധർമ്മബോധം കീഴടക്കുന്ന ഒരുരംഗം മാരാര് ‘ഘോഷയാത്ര’ എന്ന ലേഖനത്തിൽ ചിത്രീകരിക്കുന്നു. ചിത്രസേനൻ എന്ന ഗന്ധർവരാജാവു് കൗരവരെ ബന്ദികളാക്കിയപ്പോൾ അവരെ സഹായിക്കാൻ ഭീമന്റെ ന്യായവാദങ്ങളെ മറികടന്നു് തീരുമാനിച്ച യുധിഷ്ഠിരൻ ധർമ്മബോധത്തിന്റെ വെളിച്ചത്തിൽ വിളങ്ങി നിൽക്കുന്നു. എന്നാൽ ഇതേ യുധിഷ്ഠിരൻ തന്നെ, കർണ്ണശരമേറ്റു് വശംകെട്ടു പിന്തിരിഞ്ഞോടി വന്നു് തന്റെ നൈരാശ്യമെല്ലാം അർജ്ജുനന്റെ നേർക്കു് ശകാരവർഷമായി ചൊരിയുമ്പോൾ (‘സഹോദരന്മാർ തമ്മിൽ’ എന്ന ലേഖനം) പ്രാകൃതത്വത്തിന്റെ നിഴലിൽ നില്ക്കുന്ന യുധിഷ്ഠിരനെ നമുക്കു കാണാം. ഇതിഹാസങ്ങളും മഹാകാവ്യങ്ങളും തമ്മിലുള്ള വ്യത്യാസം മാരാര് ഇവിടെ വിവരിക്കുന്നു. സാഹിത്യശാസ്ത്രാനുസാരികളായ മഹാകാവ്യങ്ങളിൽ നായക കഥാപാത്രങ്ങളിൽ വ്യക്തി ന്യൂനത ആരോപിക്കുന്നതു് അനൗചിത്യമായി ഗണിച്ചേക്കാം. എന്നാൽ ഋഷിപ്രോക്തങ്ങളായ ഇതിഹാസങ്ങൾ മനുഷ്യകഥാനുഗായികളാണു്. മാരാര് പറയുന്നു: “…യുധിഷ്ഠിരൻ മുതലായ ഇതിഹാസ കഥനായകന്മാർ യാതൊരോപ്പക്കേടും പറ്റാതെ ചില്ലളമാറിയിൽ സൂക്ഷിച്ച പ്രദർശനവസ്തുക്കളാണെന്നും അവരിൽ വല്ല കുറ്റവും കുറവും ഉണ്ടാവാമെന്നു ശങ്കിക്കുന്നതേ പാപമാണെന്നും വിശ്വസിക്കുന്ന ആളുകളുടെ പൊക്കണങ്ങളിൽ ഇതിനു ചില സമാധാനങ്ങളുണ്ടാവാം; അവർ അതുകൊണ്ടു് സംതൃപ്തി കൊള്ളട്ടെ. എന്നാൽ വല്മീകി വ്യാസാദികൾ ഈശ്വര കഥാനുഗായികളെന്നതിലധികം മനുഷ്യകഥാനുഗായികളാണെന്നു—അവർ എടുത്തു പെരുമാറിയ ദേവന്മാരും ദേവാവതാരങ്ങളും തിര്യക്കുകളുമെല്ലാം വിചിത്രങ്ങളായ മനുഷ്യഭാവങ്ങളുടെ പ്രതിരൂപങ്ങളാണെന്നു—വിചാരിക്കുന്നവർക്കു് ആ സമാധാനങ്ങൾ ആവശ്യമില്ല. അവരുടെ വഴി തന്നെ വേറെയാണു്. പൂർണാൽ പൂർണനായ മനുഷ്യനിൽ പോലും അയാളീ മനുഷ്യലോകത്തിരിക്കുന്ന കാലത്തോളം, മാനുഷികങ്ങളായ പ്രാകൃതഭാവങ്ങൾ ഒളിഞ്ഞിരിക്കുമെന്നും, ചില ആത്യന്തികഘട്ടങ്ങളിൽ അവ പിടിവിട്ടു പുറത്തുചാടിക്കളയുമെന്നും അവർക്കറിയാം. അവരുടെ ദൃഷ്ടിയിൽ ഇതു പഴി പറയേണ്ട അനൗചത്യമല്ല, പ്രത്യുത യുധിഷ്ഠിരാദി മഹാപുരുഷന്മാർക്കു പോലും അത്തരം ആത്യന്തികഘട്ടങ്ങൾ നേരിടുമെന്നു കാണിക്കുന്ന കലാവൈദഗ്ദ്ധ്യമത്രേ.”

കൗരവപക്ഷത്തു് പാണ്ഡവർ ഏറ്റവുമധികം വെറുത്തിരുന്നതു് കർണ്ണനെയായിരുന്നു. വെറുമൊരു സൂതപുത്രൻ തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയായി കുരുപക്ഷത്തുള്ളതു് പാണ്ഡവർക്കു് ദഹിക്കാനായിട്ടില്ല. എല്ലാ വില്ലാളികളിലും കവിഞ്ഞു നിൽക്കുന്ന കർണ്ണന്റെ കൈമിടുക്കോർത്തിട്ടു തനിയ്ക്കുറക്കം വരുന്നില്ലെന്നു് യുധിഷ്ഠിരൻ വിലപിക്കുന്നുണ്ടു്. കർണ്ണൻ കൊല്ലപ്പെട്ടു എന്നു കേട്ടപ്പോൾ യുധിഷ്ഠിരൻ, കൃഷ്ണാർജ്ജുനന്മാരെ കൂട്ടി യുദ്ധക്കളത്തിലെത്തി, മരിച്ചു കിടക്കുന്ന കർണ്ണനെ കണ്ടിട്ടു്, “പതിമൂന്നുകൊല്ലം ഉറക്കമില്ലാതെ നന്നേ കഷ്ടപ്പെട്ട ഞങ്ങൾക്കു് ഇന്നു രാത്രി, ഹേ, മഹാഭുജാ, അങ്ങയുടെ പ്രസാദത്താൽ സുഖമായുറങ്ങാറായി” എന്നാഹ്ലാദിക്കുന്നുണ്ടു്. എന്നാൽ ഈ പകയുടെ അന്ത്യം ഇതിഹാസകാരൻ ചിത്രീകരിക്കുന്നതു് എത്ര ഹൃദയവർജ്ജകമായാണു്. മാരാരുടെ വാക്കുകൾ: “യുദ്ധാനന്തരം കൊല്ലപ്പെട്ട ജ്ഞാതികൾക്കു നിവാപക്രിയ ചെയ്യാൻ തുടങ്ങവേ, കുന്തി ചെന്നു യുധിഷ്ഠിരനോടു പറഞ്ഞു. യുദ്ധത്തിൽ പിന്തിരിയാത്തവനും സത്യസന്ധനുമായ കർണ്ണനു നിങ്ങൾ ഉദകം നൽകണം. അവൻ നിങ്ങളുടെ ജ്യേഷ്ഠനാണു്. എനിക്കു സൂര്യനിൽ നിന്നുണ്ടായ ആദ്യത്തെ മകനാണു്.” തുടർന്നു്, യുദ്ധം തുടങ്ങുന്നതിനു മുമ്പു് കുന്തിചെന്നപേക്ഷിച്ചതിൻ വണ്ണം ആ ജ്യേഷ്ഠഭ്രാതാവു തങ്ങളിൽ അർജ്ജുനനെയൊഴികെ മറ്റാരെയും കൊല്ലില്ലെന്നു് ഏറ്റിരുന്നുവെന്നും മറ്റും യുധിഷ്ഠിരൻ മനസ്സിലാക്കുന്നു. അപ്പോൾ, മുമ്പു ദ്യൂതസഭയിൽവെച്ചു തനിക്കു തള്ളി വന്ന ക്രോധം കർണ്ണനെ നോക്കുമ്പോൾ അടങ്ങിയിരുന്നുവെന്നും, കർണ്ണന്റെ കാലടി കുന്തിയുടേതുപോലിരിക്കുന്നു എന്നു കണ്ടു തന്റെ ഉള്ളലിഞ്ഞിട്ടുണ്ടെന്നും യുധിഷ്ഠിരനു ഓർമ്മ വന്നു. കുന്തി ഇക്കഥ നേരത്തെ അറിയിച്ചിരുന്നെങ്കിൽ, “കൗരവ കുലത്തെ മുടിച്ച ഈ കൊടുംകൊല നടക്കില്ലായിരുന്നുവല്ലോ; കുന്തിയുടെ ആ മൂത്ത മകനെ, ഞങ്ങളുടെ അമ്മയിൽ ജനിച്ച ആ ജ്യേഷ്ഠനെ, അനുജനായ ഞാൻ, അറിയാതെ, രാജ്യം കൊതിച്ചു, കൊല്ലിച്ചു; ഇതു പഞ്ഞിക്കെട്ടിനെ തീയെന്ന പോലെ എന്റെ ശരീരത്തെ എരിയിക്കുന്നു”, എന്നെല്ലാം വിലപിക്കുന്ന യുധിഷ്ഠിരനെ നോക്കി മാരാര് പിന്നീടു് (‘മഹാഭാരതത്തിൽ നിന്നു് ഒരു പാഠം’—ഹാസ്യസാഹിത്യം) എഴുതുന്നുണ്ടു്. “അത്ര നീണ്ട പകവെച്ചു കൊല്ലിയ്ക്കപ്പെട്ട ഒരാളെപ്പറ്റി പിൽക്കാലത്തെന്നും അത്രയേറെ വിഷാദിപ്പാനിടവരിക—ഈ അതിമഹത്തായ രാഗദ്വേഷവിപര്യയചിത്രം കണ്ടു് ഒന്നു ചിരിയ്ക്കാതെ ആർക്കും രാഗദ്വേഷത്യാഗരൂപമായ വൈരാഗ്യത്തിലേയ്ക്കു കടക്കാൻ സാധിയ്ക്കില്ല.” “ഭരതകലഹം മാത്രമല്ല, ലോകത്തിൽ നടക്കുന്ന മറ്റെല്ലാ കലഹങ്ങളും ഒരു കണക്കിൽ ഉറ്റ സഹോദരന്മാർ തമ്മിലുള്ളതല്ലേ. അഖില പിതാവായ ഈശ്വരനിലോളം പോകണമെന്നില്ല, പുരാതനകാലത്തെ അല്പം ചില വ്യക്തികളിൽ നിന്നു പെറ്റുപെരുകിവന്ന സഹോദരന്മാരാണല്ലോ നാമെല്ലാം.” എത്ര അർത്ഥവത്താണു് മാരാരുടെ വാക്കുകൾ.

യുദ്ധത്തിന്റെ പരിണാമമായി മാരാര് എടുത്തുദാഹരിക്കുന്ന ഹൃദയസ്പർശിയായ ഒരു രംഗമുണ്ടു് ‘അർജ്ജുനവിഷാദയോഗം’ എന്ന ലേഖനത്തിൽ. യുദ്ധം വിധവയാക്കിയ നൂറ്റവരുടെ ഏക സഹോദരി, ദുശ്ശളയുടെ രാജ്യത്തു് അശ്വമേധയജ്ഞാശ്വവുമായി അർജ്ജുനൻ എത്തുമ്പോൾ, ആ വാർത്ത കേട്ടു് ദുശ്ശളയുടെ മകൻ നടുങ്ങി വീണു മരിക്കുന്നതും, തന്റെ ഏക പേരക്കുട്ടിയുമായി പെരുമുറെ കരഞ്ഞുകൊണ്ടു് ദുശ്ശള വരുന്നതുമായ രംഗം. തന്റെ സഹോദരന്മാരെയും ഭർത്താവിനെയും കൊന്നതിനെകുറിച്ചു് അവൾക്കൊന്നും പറയാനില്ല. ആ കൈക്കുഞ്ഞിനോടു് കരുണതോന്നണേ എന്നുമാത്രമാണു് ആ സഹോദരി സഹോദരനോടു് കേണപേക്ഷിക്കുന്നതു്. ഈയവസരത്തിൽ, വിഷാദത്തിന്റെ ഇരുണ്ടകയത്തിൽ വീണുപോകുന്ന അർജ്ജുനനെ മുൻനിറുത്തി മാരാര് കുറിക്കുന്നു. “അർജ്ജുനനെ ഈ വിഷാദക്കയത്തിൽ നിന്നു കരകേറ്റുവാൻ പണ്ടു കേട്ട ഭവദ്ഗീതോപനഷത്തിലെ വല്ല സൂക്തങ്ങളും സഹായിച്ചിരിക്കുമോ? ഇല്ല, ഗീതോപദേശങ്ങളുടെ പരാജയസ്ഥാനമാണിതു്. അതുപോലെ തന്നെ ഇതു ഗീതാകർത്താവിന്റെ വിജയസ്ഥാനവുമാണു്; ഏതു ഭഗവദ്വചനാമൃതത്താലും പരിഹരിക്കപ്പെടാവുന്നവയല്ല ജീവിതമേല്പിക്കുന്ന യാതനകൾ എന്ന പരമാർത്ഥത്തെ ഉദാഹരിക്കയാണല്ലോ അദ്ദേഹം ഇവിടെ ചെയ്തതു്. ഭാരത കഥയുടെ അവസാനം അഗാധമായ വിഷാദത്തിലാണു്, യുദ്ധത്തിനു ശേഷമുള്ള എല്ലാ സംഭവങ്ങളും അതിനെ വളർത്തിക്കൊണ്ടുവരികയേ ചെയ്തിട്ടുള്ളൂ. …കൃഷ്ണൻ ഒരിക്കൽ യുധിഷ്ഠിരനോടുതന്നെ പറഞ്ഞതു പോലേ, അമ്പുകൾക്കോ ഭൃത്യന്മാർക്കോ ബന്ധുക്കൾക്കോ ഒന്നുംചെയ്യാനില്ലാത്ത, താനൊറ്റയ്ക്കു തന്നെ നിന്നു പൊരുതേണ്ടുന്ന ഒരു യുദ്ധമാണു് അദ്ദേഹത്തിന്നപ്പോൾ ആരംഭിച്ചതു്”.

ഭാരതപര്യടനം മാരാരുപസംഹരിക്കുന്നതു് യുധിഷ്ഠിരന്റെ അവസാന ധർമ്മപരീക്ഷ വിവരിച്ചുകൊണ്ടാണു്. സ്വർഗ്ഗപ്രാപ്തനായ യുധിഷ്ഠിരൻ, തന്റെ സഹോദരന്മാർ കഷ്ടസ്ഥിതിയിലെന്നു കണ്ടു്, അവർക്കായി നരകദുഃഖം അനുഭവിക്കാനൊരുങ്ങിയതിലെ സ്നേഹതീക്ഷ്ണത വിവരിച്ചു് മാരാര് ഉപസംഹരിക്കുന്നു. “ഭാരതത്തിൽ ഒരു പ്രപഞ്ചം മുഴുവൻ അടങ്ങിയിരിക്കുന്നു. എന്നാൽ അവയെല്ലാറ്റിനും കേന്ദ്രീഭവിച്ചിരിക്കുന്ന ആശയം, ഈ സ്നേഹസാരമാണെന്നു ഞാൻ വിചാരിക്കുന്നു. മറ്റു പലരും വിചാരിക്കുന്നതു പോലെ ജീവിത വൈരാഗ്യമാണെന്നു കരുതുവാൻ വഴി കാണുന്നില്ല. തീർച്ചയായും ജീവിത വൈരാഗ്യം ജനിക്കത്തവണ്ണം കൊടിയൊരു വിഷാദത്തിലാണു് ഭാരതത്തിന്റെ പരിസമാപ്തി; എന്നാൽ ആ ഗാഢാന്ധകാരത്തിന്നെടുവിൽ ഈയൊരു സ്നേഹദീപികയെ കൊളുത്തി ഉയർത്തിക്കാണിച്ചിട്ടാണു് ഋഷി ആ മഹേതിഹാസം ഉപസംഹരിച്ചതെന്നു നാം വിസ്മരിക്കരുതു് ”.

ഭാരതപര്യടനത്തിൽ പേർത്തും പേർത്തും കടന്നു വരുന്ന ഏക ഇതിഹാസബാഹ്യ വ്യക്തി ഗാന്ധിജിയാണു്. തന്റെ ബലവത്താബോധ സിദ്ധാന്തത്തിന്റെ ആനുകാലിക വക്താവായി മാരാര് കണക്കാക്കുന്നതു് ഗാന്ധിജിയെയാണു്. ആദ്യകാലത്തു് passive resistance എന്നു പേരു വിളിച്ചിരുന്ന തന്റെ സഹനസമരമുറ അവഹേളനത്തിനു പാത്രമായപ്പോൾ, ഗാന്ധിജി ‘സത്യഗ്രഹം’ എന്നു പേരു കണ്ടുപിടിയ്ക്കുകയും, “സത്യഗ്രഹം ഏറ്റവും കവിഞ്ഞ ബലമുള്ളവർക്കു് മാത്രം, നിർഭയന്മാർക്കുമാത്രം, നടത്താവുന്നതാണെന്നും, ദൗർബല്യബോധത്തോടെ നടത്തുന്ന സത്യാഗ്രഹം പോലും പാപമാകുമെന്നും” മറ്റും പലപാടു പ്രസ്താവിച്ചിട്ടുള്ളതുമൊക്കെ മാരാര് വിസ്തരിക്കുന്നുണ്ടു്. യുദ്ധസന്നാഹം മുറുകിയ വേളയിൽ കൗരവരാജധാനിലേക്കു് ദൂതുമായി കൃഷ്ണൻ പോയതിനെ, ഹിന്ദുമുസ്ലീം കലാപം മുറുകിയിരുന്ന സ്വതന്ത്ര്യലാഭഘട്ടത്തിൽ, ഗാന്ധിജി നവഖലിയിൽ സഞ്ചരിച്ചതുമായാണു് മാരാര് സാദൃശ്യപ്പെടുത്തുന്നതു്. മാരാരുടെ വാക്കുകളിൽ, “താൻ അധൃഷ്യനാണെന്ന ബോധം കൃഷ്ണനു് എത്രത്തോളമുണ്ടായിരുന്നുവോ, അത്രത്തോളമോ അതിലധികമോ അതു ഗാന്ധിജിക്കും ഉണ്ടായിരുന്നിരിക്കണം. കാരണം താൻ വധിക്കപ്പെടുകയാണെങ്കിൽ അതൊരു നഷ്ടമാവുമെന്നു അദ്ദേഹം കരുതിയിരുന്നില്ലല്ലോ. ഇക്കാര്യത്തിൽ ഈ ഇതിഹാസ പുരുഷന്മാർ തമ്മിലുള്ള വ്യത്യാസം ഇത്ര മാത്രമാണു്. ഹിംസാശക്തിയും അഹിംസാശക്തിയും. അതത്രേ ആ ദ്വാപരയുഗ മഹാത്മാവിൽ നിന്നു് ഈ കലിയുഗ മഹാത്മാവിൽ കാണുന്ന പുരോഗതി”. ഗാന്ധിജിയുടെ പ്രശസ്തചരിത്രങ്ങളിൽ പോലും ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങൾ കാണുമോയെന്നു് സംശയം. *** ഇനി ഈ എളിയ അനുവാചകന്റെ വകയായി ഒരു വിചാരം. മഹാഭാരതത്തിലെ മുഖ്യപ്രണേതാക്കളുടെ നാമങ്ങൾ (യുധിഷ്ഠിരൻ, ദുര്യോധനൻ) യുദ്ധസംബന്ധിയായതു് യാദൃച്ഛികമല്ലെന്നു് മാരാര് പറയുന്നുണ്ടു്. പാണ്ഡവജ്യേഷ്ഠനു് വേറെയും നാമങ്ങളുണ്ടു്. എന്നാൽ ധാർത്തരാഷ്ട്ര ജ്യേഷ്ഠനാകട്ടേ ദുര്യോധനൻ, സുയോധനൻ എന്നു രണ്ടേരണ്ടു പേരുകളെയുള്ളൂ. ധർമ്മരാജാവു്, ധർമ്മപുത്രർ, അജാതശത്രു തുടങ്ങിയ നാമങ്ങളുടെ കൂട്ടത്തിൽ ‘യുധിഷ്ഠിരൻ അഥവാ യുദ്ധത്തിൽ സ്ഥിരതയുള്ളവൻ’ എന്ന സംജ്ഞ പാണ്ഡവശ്രേഷ്ഠനു് ഇണങ്ങുന്നതാണോന്നു സംശയം. യുദ്ധങ്ങൾ എന്നും യുധിഷ്ഠിരനെ ഭയപ്പെടുത്തിയിട്ടേയുള്ളു. “യുദ്ധത്തിൽ എപ്പോഴും കലിയല്ലാതെ മറ്റെന്തുണ്ടു്? ജീവികൾ ചത്തൊടുങ്ങുകയാണു് പരിണാമം. എന്തു കൊണ്ടായാലും ആക്രമം കൊണ്ടാണു് വിജയം തേടേണ്ടതു്. ജയിച്ചാലോ വല്ല മെച്ചവുമുണ്ടോ? വേണ്ടപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടതോർത്തു ജീവിതത്തിൽ നിർവേദമേ തോന്നൂ. …ശത്രുവിനെപ്പോലും കൊന്നു കഴിഞ്ഞാൽപ്പിന്നെ പശ്ചാത്താപമായി…—ആകപ്പാടെ യുദ്ധമെന്നതു് വല്ല ഇറച്ചിക്കഷണത്തിനും വേണ്ടിയുള്ള നായ്ക്കളുടെ കടിപിടി കൂടലാണെന്ന വിദ്വന്മതമാണു് ശരി…” തുടങ്ങി ഒരു നൂറായിരം വാദഗതികൾ ഉയർത്തുന്നുണ്ടു് യുദ്ധത്തിനെതിരായി യുധിഷ്ഠിരൻ. ധർമ്മഭീരുത്വത്തിന്റെ പേരിലുള്ള അകർമ്മണ്യത എന്നും യുധിഷ്ഠിരനെ കാർന്നു തിന്നിരുന്നു എന്നു മാരാരു് വിലയിരുത്തുന്നുണ്ടു്. എന്നാൽ ഈ ‘യുധിഷ്ഠിര’ സംജ്ഞ ‘യഥാർത്ഥ’ കൌന്തേയജ്യേഷ്ഠനെ കുറിക്കാനുള്ളതാണെന്നു് ഇതിഹാസത്തിൽ സൂചനകളുണ്ടു്. അമ്മ കുന്തിയുടെ വാക്കുകൾ തന്നെ ആധാരം. കുന്തി കർണ്ണനെ യുധിഷ്ഠിരനു പരിചയപ്പെടുത്തുന്നതിപ്രകാരമത്രേ. “യുദ്ധത്തിൽ പിന്തിരിയാത്തവനും സത്യസന്ധനുമായ കർണ്ണനു് നിങ്ങൾ ഉദകം നൽകണം അവൻ നിങ്ങളുടെ ജ്യേഷ്ഠനാണു്.” പിന്നീടു് ധൃതരാഷ്ട്രാദികളോടു കൂടി വനവാസത്തിനായി ഇറങ്ങുമ്പോൾ കുന്തി യുധിഷ്ഠിരനോടു് പറയുന്നുണ്ടു്. “യുദ്ധത്തിൽ പിന്മടങ്ങാത്ത കർണ്ണനെ എപ്പോഴും ഓർക്കണം.” നിന്റെ ജ്യേഷ്ഠനാണു് യഥാർത്ഥ യുധിഷ്ഠിരൻ എന്നു് ആ അമ്മ മകനെ ഓർമ്മിപ്പിക്കുന്നതായി തോന്നും ഇതു വായിക്കുമ്പോൾ.

ജോസ് വി. മാത്യു
images/jose.jpg

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി. ഐ. ഐ. റ്റി. കാൺപൂരിൽ നിന്നു് ഭൗതികശാസ്ത്രത്തിൽ ഡോക്റേറ്റ് നേടി. ഇപ്പോൾ മുംബൈ, ഭാഭാ ആറ്റമിക്ക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനാണു്.

Colophon

Title: Bharathaparyadanaththiloode (ml: ഭാരതപര്യടനത്തിലൂടെ).

Author(s): Jose V. Mathew.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Jose V. Mathew, Bharathaparyadanaththiloode, ജോസ് വി. മാത്യു, ഭാരതപര്യടനത്തിലൂടെ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Cock Sparrow, a painting by George Edwards (1694–1773). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.