images/Angler_und_Boote.jpg
Fishing in Spring, a painting by Vincent van Gogh (1853–1890).
കവിതയുടെ ഉത്തരവാദിത്തങ്ങൾ
കൽപ്പറ്റ നാരായണൻ

കവിയുടെ ഉത്തരവാദിത്തങ്ങളും കവിതയുടെ ഉത്തരവാദിത്തങ്ങളും ഒന്നല്ല. കവി സാമാന്യനോ അസാമാന്യനോ ആവാം. കവിതയ്ക്കു് അസാമാന്യമായേ പറ്റൂ. കവിയെ അതിജീവിക്കുന്ന കവിതകളിലല്ലാതെ കവിതകളെ അതിജീവിക്കുന്ന കവിയിൽ നമുക്കൊരു ഭ്രമവുമില്ല. കവിയുടെ ഉടലിൽക്കായ്ച്ച മറ്റൊരുടലാണു് കവിതയെങ്കിലും അതിനു കവിയെ കൂടാത്ത നിത്യമായ നിലനില്പുണ്ടു്. കവിയെക്കൂടാതെ ഉരുവം കൊള്ളില്ലെങ്കിലും അതു് കവിയെക്കൂടാതെ നിലനില്ക്കും. കവിയുടെ ഉദ്ദേശ്യത്തെ ലംഘിക്കും.

“വജ്രം തുളച്ചിരിക്കുന്ന

രത്നങ്ങൾക്കുള്ളിലൂടെ ഞാൻ

കടന്നു പോന്നൂ ഭാഗ്യത്താൽ

വെറും നൂലായിരുന്നു ഞാൻ”

എന്നു വിനയം കൊള്ളാനേ കവിയ്ക്കാവൂ. രത്നങ്ങൾക്കതല്ലല്ലോ? എങ്കിലും തീർത്തും ഭിന്നങ്ങളാണു് കവിയുടേയും കവിതയുടേയും നിലനിൽപ്പുകൾ എന്നു പറഞ്ഞു കൂട. സന്താനഗോപാലത്തെ മുൻനിർത്തി പൂന്താനത്തെപ്പറ്റി വൈലോപ്പിള്ളി എഴുതുന്നു:

“അനപത്യതാദുഃഖമീമട്ടിലറിഞ്ഞോനേ

അനവദ്യമീപ്പാനയീമട്ടു് പാടാനാവൂ.”

കുചേലനെ വർണ്ണിക്കാൻ തനിക്കുള്ള അധികയോഗ്യതയെപ്പറ്റി രാമപുരത്തു വാരിയർ ഇങ്ങനെ പാടുന്നു:

“ദീനദീനനാകകൊണ്ടും ഹീനനാകകൊണ്ടുമേറ്റം

ജ്ഞാനമില്ലാഴികകൊണ്ടു-

മെനിക്കീശ്വരൻ താനേക്കൂടി

തുണചെയ്കകൊണ്ടീവിധം ഗാനം ചെയ്യുന്നു,

ഞാനല്ലാതെ മതിയാകയില്ലെന്നും നൂനം.”

എങ്കിലും പൂന്താനമല്ല സന്താനഗോപാലത്തിലെ ബ്രാഹ്മണൻ. രാമപുരത്തു വാരിയരുടെ ആത്മകഥയല്ല കുചേലവൃത്തം. പ്ലാവല്ല ചക്ക, പ്ലാവിനില്ലാത്ത സ്വാദോ മണമോ ചക്കയിലുണ്ടു്. ചെടിയല്ല പൂവു്, ചെടിയ്ക്കില്ലാത്ത നിറമോ മണമോ പൂവിലുണ്ടു്. ആ പ്രത്യേക പ്ലാവിലെ ചക്കയ്ക്കോ ആ പ്രത്യേക ചെടിയിലെ പൂവിനോ ഉള്ള സവിശേഷതയ്ക്കു് പ്ലാവിലോ ചെടിയിലോ കാരണവുമുണ്ടാവാം.

ഈ ഉദാഹരണങ്ങൾക്കൊന്നും പൂർണ്ണമായി വെളിപ്പെടുത്താനാകാത്ത ഒരു തരം വൈരുദ്ധ്യാത്മകമായ ബന്ധം കവിയും കവിതയും തമ്മിലുണ്ടു്. ഉദാഹരണങ്ങൾ അപര്യാപ്തങ്ങളായ ഭൂപടങ്ങളാണെന്നു് ഒരു കവിതയിൽ ബോർഹെസു് സൂചിപ്പിക്കുന്നു. ഒരു നാട്ടുരാജ്യം അതിന്റെ ഭൂപരിധിയിലെ എല്ലാ വിശദാംശങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു ഭൂപടം നിർമ്മിക്കുന്നു. ആ നാട്ടിന്റെ ഉപരിതലത്തിന്റെ അതേ വലുപ്പത്തിലുള്ള, ഒന്നും വിട്ടു പോവാത്ത പ്രതിച്ഛായ പോലൊരു, ഭൂപടം. നിവർത്തിവെച്ചാൽ നാടുമൂടുന്ന ഒരു ഭൂപടം. ഉപയോഗ്യമല്ലാത്തതിനാൽ സ്വഭാവികമായും ആ ഭൂപടം ഉപേക്ഷിക്കപ്പെടുന്നു. ആ നാട്ടിൽ പലയിടത്തും ഇപ്പോഴും ഉപയോഗ്യമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട ആ ഭൂപടത്തിന്റെ അവശിഷ്ടങ്ങൾ കാണാമത്രേ. പ്രതിനിധാനം ചെയ്യാനുള്ള വിഫലശ്രമങ്ങളെ പരിഹസിക്കയാണു ബോർഹൈസു്. പ്രതിനിധീകരിക്കുന്ന പ്രദേശത്തെ ആ പ്രദേശത്തേക്കാൾ ആവിഷ്കരിക്കുന്ന ഭൂപടങ്ങളാണു് കവിതകൾ, അതിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭൂസ്ഥിതിയും ആവിഷ്കരിക്കുന്ന ഒരു വിചിത്രമായ ഭൂപടം. അതിൽപ്പരമായിരിക്കുക എന്നതു് കവിതയുടെ മുഖ്യമായ ഉത്തരവാദിത്തവും.

അമ്മ മകനെയല്ല മകൻ അമ്മയെയാണു പെറ്റതെന്നു് ഓരോ അമ്മയ്ക്കുമറിയാം:

“മുലയുണ്ണുമൊരുണ്ണിയേകിടും

പരമാനന്ദമറിഞ്ഞൊരമ്മയും

അവനോടു കിനാവിലെങ്കിലും

പറയില്ലാ ജഗദീശ നിന്ദനം”

എന്നു് ബാലചന്ദ്രൻ ചുള്ളിക്കാടും. കുഞ്ഞേ ഞാൻ നിന്നെയല്ലല്ലോ നീയെന്നെയല്ലേ നിർണ്ണയിക്കുന്നതു? നീയല്ലേ എന്നെ നിനക്കു വേണ്ടവിധത്തിൽ കൽപ്പന ചെയ്യുന്നതു? കവിയും കവിതയെ പെറുകയല്ല, കവിത കവിയെ പെറുകയാണു്. കവിതക്കു് രൂപം കൊടുക്കുന്തോറും രൂപപ്പെടുകയാണു് കവി. (ശില്പിയെ ശില്പം രൂപകല്പന ചെയ്യുകയാണു്. അതിനാലാണു് പിഗ്മാലിയനു് തന്റെ രചനയോടീ പ്രണയം). സൃഷ്ടിയിലൂടെ സ്രഷ്ടാവു് നിലവിൽ വരുകയാണു്. പൗരാണികരായ കവികളെ നോക്കിയാൽ നമുക്കതു കൂടുതൽ വ്യക്തമാകും. അവർക്കു് വസ്തുതാപരമായ ജീവചരിത്രങ്ങളില്ല. ഉള്ളതു് അവരെഴുതിയ കാവ്യങ്ങൾ ജനഹൃദയങ്ങളിൽ പ്രവർത്തിച്ചു് അവർക്കായി സൃഷ്ടിച്ച ജീവിതകഥകളാണു്. അഥവാ ഐതിഹ്യങ്ങൾ. ഹോമറോ വാത്മീകിയോ കാളിദാസനോ എഴുത്തച്ഛനോ ഉണ്ണായിവാരിയരോ ഒന്നും അമ്മ പെറ്റ മക്കളല്ല. കവിത പെറ്റ അച്ഛന്മാരാണു്. ഇല്ലാത്തതു കാണാൻ കഴിഞ്ഞതു കൊണ്ടാണു് ഹോമർ ഐതിഹ്യത്തിൽ അന്ധനായിത്തീർന്നതു്. സാമാന്യ നിലയിൽ ദ്രഷ്ടാവിനു് അസാദ്ധ്യമായതു് അതി വൈശദ്യത്തോടെ ഹോമർ കണ്ടു. രാമായണം ധ്വനിപ്പിക്കുന്ന അപാരമായ ഏകാന്തതയുടെ പൈതൃകം ഒരേകാകിയുടെ ആരും പങ്കിടാനാലില്ലാത്തതിനാൽ ദുസ്സഹമായിത്തീർന്ന പാപഭാരത്തിന്റെ പരിണതഫലമാണെന്നു് പിൽക്കാലം രത്നാകരകഥ സൃഷ്ടിച്ചു് ലോകം ഉൾക്കൊണ്ടു. രാജാവിന്റെ നീരസത്തിനു പാത്രമായി നാടു കടത്തപ്പെട്ട യക്ഷനും ഇരുന്ന കൊമ്പു മുറിച്ച മണ്ടനായ കവിയും തമ്മിൽ പിതൃപുത്ര ബന്ധമുണ്ടാവാതെ വയ്യ. വാരിയർ കെട്ടിയ മാലയുടെ അതിശയം പോലൊന്നു കൊണ്ടല്ലാതെ പിൽക്കാലത്തിനു് എങ്ങനെയാണു് അസാമാന്യ ശില്പമായ നളചരിതത്തെ സാധൂകരിക്കാൻ കഴിയുക? മുൻകാലത്തെ പ്രഹേളികകളെ സാധൂകരിക്കാനായിരിക്കാം പിൽക്കാലത്തു് മിത്തുകളോ ഐതിഹ്യങ്ങളോ സൃഷ്ടിക്കപ്പെടുന്നതു്. പ്രാചീന ഹീബ്രു ജനത ആറു ദിവസത്തെ പ്രവൃത്തി ദിവസങ്ങളും ഒരു ദിവസത്തെ ഒഴിവു ദിവസവുമായി ആഴ്ചയെ ക്രമീകരിച്ചതിനു് എത്രയോ പിന്നീടാവാം ദൈവം ആറു ദിവസത്തെ പ്രപഞ്ച സൃഷ്ടിക്കുശേഷം ഒരു ദിവസം വിശ്രമിച്ചതു് എന്നു് ദൈവത്തിന്റെ ചരിത്രകാരനായ റെസാ അസ്ലാൻ പറയുന്നു. (GOD—A Human History by Reza Aslan). മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചു എന്നതിനാലാവാം എല്ലാ മതങ്ങളുടേയും ദൈവത്തിനു മനുഷ്യത്വം എന്ന പരിമിതി ഉണ്ടായതു്. പരിസ്ഥിതി നാശത്തിനു ദൈവത്തിനു് ഉത്തരവാദിത്തമുണ്ടു്. ദൈവം കടുവയുടേയോ പഴുതാരയുടേയോ വൃക്ഷത്തിന്റേയോ ദൈവമല്ല, സംരക്ഷകനുമല്ല. നദിയുടേയും കാടിന്റേയും പർവ്വതത്തിന്റേയുമൊക്കെ മനുഷ്യോപയോഗ പരമായ അർത്ഥമേ ദൈവത്തിനു് ഗ്രഹിക്കാനാവൂ. നിന്തിരുവടിയുടെ മേശപ്പുറത്തു് മനുഷ്യരുടെ നിഘണ്ടു!

കവിതയുടെ നിർമ്മാണവസ്തു ഭാഷയാണു്. കഥയും നാടകവുമുൾപ്പെടെ ഇതര സാഹിത്യരൂപങ്ങളുടെ മാദ്ധ്യമവും ഭാഷ തന്നെയാണെങ്കിലും അവ ഭാഷയിൽ നിന്നു അവിഭാജ്യമല്ല. രണ്ടായി പിളർന്നാൽ ജരാസന്ധനെപ്പോലെ ചത്തുപോകും കവിത. (ഇപ്പോൾ മലയാളത്തിൽ സുലഭമായ വിവർത്തന കവിത ഭാഷാ മാലിന്യമായിത്തീരുന്നുണ്ടെങ്കിൽ അതിനു കാരണം കവിതയുടെ മാദ്ധ്യമ പരമായ വ്യതിരിക്തതയാണു്). ഓരോ കവിതയും അതെഴുതിയ കവിയുടെ മാത്രമല്ല അതെഴുതപ്പെട്ട ഭാഷയുടെ കൂടി സൃഷ്ടിയാണു്. The Armenian language is the home of Armenian—Moushegh Ishkhan. എഴുത്തച്ഛനെഴുതുമ്പോൾ ചിറകു മുളയ്ക്കുന്നതു് ഭാഷയ്ക്കാണു്.

“അപ്പോൾ നിനക്കു് പക്ഷങ്ങൾ നവങ്ങളായ് ഉത്ഭവിച്ചീടുമതിനില്ല സംശയം.”

കാലാന്തരത്തിൽ വിനിമയശേഷി ക്ഷയിക്കുന്ന, സമ്പാതിയെപ്പോലെ ചിറകു് കരിഞ്ഞു നിലത്തു വീഴുന്ന, സാമാന്യഭാഷയുടെ ഉയിർത്തെഴുന്നേൽപ്പു് മുഖ്യമായും കവിതയിലൂടെയാണു സംഭവിക്കുക. ഭാഷയോളമാണു് മനുഷ്യൻ എന്ന വിറ്റ്ഗിൻസ്റ്റിയൻ കാഴ്ചപ്പാടിൽ ആദ്യമെത്തിയതു കവിതകളാണു്. ഭാഷയെ ഉയർത്തിയാൽ മനുഷ്യനെ ഉയർത്താം എന്നറിഞ്ഞതും. ഞാൻ നിങ്ങൾക്കായി ഉയിർത്തെഴുനേൽക്കുന്നു എന്നു ക്രിസ്തുവിനേപ്പോലെ കവിതയ്ക്കും പറയാനാവും.

മനുഷ്യൻ ഭാഷാമൃഗമാണു് (ലാങ്ഗ്വേജ് ആനിമൽ). ഇതര ജീവജാലങ്ങൾക്കും അവരവരുടെ അതിജീവനത്തിനനിവാര്യമായ വിനിമയസമ്പ്രദായങ്ങൾ ഉണ്ടെങ്കിലും ഭാഷയില്ല.

അവരുടെ വിനിമയത്തിന്റെ സോഫ്ടു് വെയർ അവരുടെ കയ്യിലല്ല, പ്രകൃതിയുടെ കയ്യിൽ. ഭാഷ നിർമ്മിക്കാനോ പുതുക്കാനോ അപനിർമ്മിക്കാനോ അവർക്കാവതില്ല. മനുഷ്യനു് അതിജീവിക്കാൻ വ്യാക്ഷേപകങ്ങളുടെ ഉപയോഗം മതിയാവുമായിരുന്നില്ല. അങ്ങനെ സെമാന്റിക്സം സെമിയോട്ടിക്സം ഇണങ്ങി യ സങ്കീർണ്ണഗംഭീരമായ ഭാഷയുണ്ടായി. വാച്യവും വ്യംഗ്യവുമുള്ള, സൂചകങ്ങളും പ്രതീകങ്ങളുമുള്ള ഭാഷ. കവിത പോലെ പറയാനാവാത്തതിന്റെ ഭാഷയായിരുന്നു ഭാഷ തുടക്കത്തിൽ. ആദിയിൽ വചനമുണ്ടായി എന്ന വാക്യത്തിൽ പിന്നീടുണ്ടായതെല്ലാം ഭാഷയിൽ നിന്നുണ്ടായി എന്ന തിരിച്ചറിവുണ്ടു്. ഭാഷ നിർമ്മിക്കാനുള്ള ഹാർഡ് വെയർ മനുഷ്യനു് പൊതുവായ സിദ്ധിയാണെങ്കിൽ വ്യത്യസ്തങ്ങളായ ഭാഷകൾ സൃഷ്ടിക്കാനുള്ള സോഫ്ടു് വെയർ ഒരോ സമൂഹവും വേറെ ഉണ്ടാക്കി. ഗൃഹമുണ്ടാക്കിയ വൻ ഗൃഹസ്ഥനായ പോലെ ഭാഷ നിർമ്മിച്ചവൻ ഭാഷകനായി. ഭാഷയിലൂടെ മാത്രമായി പിന്നീടവന്റെ ഗതാഗതം. ഭാഷയുടെ സാദ്ധ്യതയോളമായി അവന്റെ സാദ്ധ്യത. പറയാനാവാത്തതിനു് അസ്തിത്വമില്ലാതായി.

“കരുതുവതിഹ ചെയ്യ വയ്യ ചെയ്യാൻ

വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം”

എന്നതു് ഈ ഭാഷ സൃഷ്ടിച്ച ലോകത്തിലെ അസ്വസ്ഥതയുടെ അന്തർഗ്ഗതമായി. അവന്റെ ഉണ്മയുടെ പ്രതിനിധാനമായി ഭാഷ മാറുകയല്ല, ഭാഷ സൃഷ്ടിച്ച ഉണ്മ അവന്റെ ഉണ്മയായി മാറുകയാണു് ചെയ്തതു്. ഭാഷ സൃഷ്ടിച്ച പ്രദേശം യഥാർത്ഥ പ്രദേശത്തോളം വലുതായിരുന്നില്ല. ഭാഷാപ്രദേശങ്ങൾ കൂടിയായ സമൂഹ പ്രദേശങ്ങളിൽ അവർ ഞെരുങ്ങിപ്പാർക്കുന്നു.

പറയാത്തതു് കേൾക്കാനാവാത്ത, എഴുതാത്തതു് വായിക്കാനാവാത്ത ഒരു പരിമിതലോകത്തിലാണു് ഭാഷാനന്തരം നമ്മൾ. “ഭക്ഷണമല്ലാതൊന്നും ഭക്ഷിക്കാനില്ലിവിടെ” എന്ന കുഞ്ഞുണ്ണിയുടെ വരിയുടെ വിവക്ഷ ഭാഷയുടെ കാര്യത്തിലാണു് കൂടുതൽ പ്രസക്തം. ഭാഷയാൽ അനുവദനീയമായതിൽ ഇംഗിതങ്ങൾ ചുരുക്കി, പത്തി താഴ്ത്തിക്കഴിയുന്നതിനിടയിൽ അസംതൃപ്തമായ ചില സുമനസ്സുകൾ ഭാഷയിൽനടത്തുന്ന അതിർത്തി ലംഘനങ്ങളായി കാവ്യരചനയെക്കാണാം. കവിക്കു് ബാധകമായ ഈയൊരതിർത്തിലംഘനത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നു എന്നതാണു് ആശാന്റെ നളിനി കാവ്യത്തിന്റെ ഒരു പ്രസക്തി.

“കർഷകൻ കിണറിനാൽ നനയ്ക്കിലും

വർഷമറ്റ വരിനെല്ലു പോലവൾ.”

എന്നു് ഈ സംതൃപ്തി പറയപ്പെട്ടിരിക്കുന്നു. ഏകവഴിയായ ഈ ലോകത്തിന്റെ പോരായ്മ

“സന്തതം മിഹിരനാത്മമശോഭയും

സ്വന്തമാം മധു കൊതിച്ച വണ്ടിനും

ചന്തമാർന്നരുളിനിൽക്കുന്ന”

താമരയുടെ അവസ്ഥ എത്ര ധന്യം, തന്റേതോ എത്ര അധന്യം എന്ന നളിനിയുടെ അസ്വസ്ഥതയിലുണ്ടു്. ഗേഹവും സുഖവുമൊക്കെവിട്ടു് അവിടം വിടാൻ അവളെ പ്രേരിപ്പിച്ചതു് ആ ലോകത്തിലെ അവൾ മാത്രം തിരിച്ചറിഞ്ഞ അപര്യാപ്തതകളാണു്. (ഒരാൾ മാത്രം തിരിച്ചറിയുന്ന ചിലതാണു് ഏകാന്തത). ആത്മഹത്യയിൽനിന്നവളെ തടഞ്ഞ തപസ്വിനി അവളെ ആശ്വസിപ്പിക്കുന്നതു് വാക്കുകൾ കൊണ്ടല്ലെന്നു് ഓർക്കാവുന്നതാണു്.

“കെട്ടിയാഞ്ഞു കര കേറ്റിയാശു കൈ

വിട്ടു നിന്നു കഥ ചോദിയാതവൾ

ഒട്ടതെൻ പ്രലപനത്തിൽ നിന്നറി-

ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാൽ.”

നിലവിലുള്ള മരുന്നുകളാൽ ‘അസാദ്ധ്യ രോഗി’ സുഖപ്പെടുമായിരുന്നില്ല.

ചെയ്യാനനുമതി ലഭിച്ചതിൽ ആനന്ദം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ അവൾക്കവിടെ തുടരാമായിരുന്നു. അവളുടെ അഭാവം മരണത്തിലെത്തിക്കുന്ന വിധം അവളെ പ്രാണനായിരുന്നു അച്ഛനമ്മമാർക്കു്. തന്നെ ആഗ്രഹിക്കുന്നവരാണെങ്കിൽ ആ സുന്ദരിക്കു നിരവധി. പക്ഷേ, തന്റെ കളിത്തോഴനോടൊത്തു് കഴിഞ്ഞ നാളിൽ അവൾ ഒരു നോക്കു കാണാനിടയായ ആ നിരുപാധിക സ്നേഹത്തിന്റെ സർവ്വതന്ത്ര സ്വതന്ത്രമായ സത്യലോകം അവൾക്കു നിൽക്കപ്പൊറുതി ഇല്ലാതാക്കി. അതു് അവൾ വളർന്നപ്പോൾ കൂടെ വളർന്നു.

“ലോലനാര്യനുരുവിട്ടു കേട്ടാരാ

ബാലപാഠമഖിലം മനോഹരം”

എന്ന വരി കൊണ്ടു് ആ സുഖകാലം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ‘അവർ’ പറഞ്ഞതല്ല, സ്വന്തം ഇഷ്ടം പറഞ്ഞതു് അവൾക്കു കേൾക്കാതെ വയ്യായിരുന്നു. ഭാഷയാൽ കൂടി സാമാന്യവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഇച്ഛകൾക്കു പുറത്തുകടക്കുന്നു അവൾ. ‘ആ വഴിക്കു് പദമൂന്നിനാനവൾ’. ഒരു ലാവോട്സിയൻ വഴിക്കു്. പ്രതിസന്ധികൾക്കു ശേഷമാണെങ്കിലും അവൾ തന്റെ ഈശനെക്കാണുന്നു. അയാളിപ്പോൾ സന്ന്യാസിയാണു്. സ്വന്തം സ്നേഹം പറഞ്ഞതിനാൽ നാടു വിട്ടവളാണവളെങ്കിൽ ‘സ്നേഹമൂലം ഭുവന സംഗമം വെടിഞ്ഞു്’ സന്യാസിയായതാണയാൾ. കണ്ടതും അവളയാളെ അറിയുന്നുവെങ്കിലും കണ്ടിട്ടും കേട്ടിട്ടും അയാളവളെ അവളാഗ്രഹിക്കുന്ന വിധം അറി യുന്നില്ല. ഭാഷയുടെ മദ്ധ്യസ്ഥതയിൽ അവളസ്വസ്ഥയാകുന്നു. പാഴിലോതി വിരമിക്കയോ, പറയാതൊഴിക്കുകിൽ തീരുമോ, തന്റെ സവിശേഷമായ സ്നേഹം ഭാഷയുടെ പരിമിതിയാൽ സാമാന്യമായി പരിണമിക്കുമോ, എങ്കിൽ താൻ മണ്ണിനോ വിണ്ണിനോ പറ്റുമോ?

“ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ

വന്നു പോം പിഴയുമർത്ഥ ശങ്കയാൽ.”

അയാളുടെ ലക്ഷ്യം അവളല്ലെങ്കിലും അയാളാണു് അവളുടെ സകല ലക്ഷ്യങ്ങളും ലക്ഷ്യങ്ങളുടെ ലക്ഷ്യവും.

“എന്റെയേക ധനമങ്ങു ജീവന-

ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും

എന്റെയീശ ദൃഢമീപദാംബുജത്തിന്റെ

സീമയിതു പോകിലില്ല ഞാൻ.”

ധനമോ ജീവനോ ഭോഗമോ മോക്ഷമോ ഭിന്നങ്ങളായ ലോകത്തു നിന്നു് അതെല്ലാമൊന്നായ ലോകത്തിലേക്കു വന്നതാണവൾ. തന്റെ ഉണ്മയെ ആവിഷ്ക്കരിക്കുന്നതിൽ അവൾ വിജയിക്കുന്നു. വ്യഞ്ജിതാശയമായ ഭാഷയിൽ അവൾ തന്റെ ദൗത്യം സാക്ഷാത്കരിക്കുന്നു. ‘ഹൃദയികളിങ്ങനെ തന്നെ ധന്യരാം’ എന്ന വരി നളിനിയ്ക്കാണിണങ്ങുക.

നളിനിയെ കവിതയുടെ പവിത്രവും സാഹസികവുമായ യാത്രയുടെ പ്രതിരൂപമായി കണ്ടാലോ? നിലവിലെ അസമർത്ഥമായ ഭാഷയിൽ നിന്നു് അതതു കാലത്തിനേറെക്കുറെ അപ്രാപ്യമായ ഭാഷയിലേക്കുള്ള ഒരു സാഹസിക യാത്രയായി. നളിനിയുടെ ഭാഷാ സന്ദേഹങ്ങളും അനശ്വരതയോടുള്ള ആവലാതിയും (നിത്യഭാസുരനഭശ്ചരങ്ങളേ…) ആ ഏകാന്തതീർത്ഥാടനവും ദിവാകരസ്പർശത്തോടെ സംഭവിച്ച മോക്ഷവും ദിവാകരനിൽ അതുണ്ടാക്കിയ പരിണാമവും എല്ലാം കവിത അതിന്റെ തീർത്ഥാടനത്തിൽ കൊതിക്കുന്നവ. നിലവിലുള്ള ഭാഷയെ ഉല്ലംഘിച്ചും അപനിർമ്മിച്ചും കുമാരനാശന്റെ കവിത സാക്ഷാത്കരിച്ചതു് നളിനി സാക്ഷാത്ക്കരിച്ചതോളമല്ലേ? മുമ്പാരും നടന്ന വഴിയല്ല, യാത്രയിലെന്തു സംഭവിക്കും എന്നുറപ്പില്ല, സാ ക്ഷാത്ക്കാരത്തോടെ കർത്താവു് ജീവന്മുക്തയാ (നാ) യിത്തീരും എന്നെല്ലാമല്ലേ നളിനിയെപ്പോലെ ആശാന്റെ കാവ്യകലയും പറയുന്നതു്. ആശാന്റെ ഏതാണ്ടെല്ലാ കാവ്യങ്ങളുടെയും നിർവ്വഹണഘട്ടങ്ങളിൽ കവിതയ്ക്കുണ്ടായ ഉയർച്ച നളിനിക്കുണ്ടായ മോക്ഷത്തിനു സമാനം. ‘കന്യകേവല സുഖം സമാസ്വദിച്ചന്യദുർല്ലഭമലോകസംഭവം’ എന്നു പ്രകാശകനായ ദിവാകരൻ ആ പരിണാമത്തിനു സാക്ഷ്യവും പറയുന്നു. ഉന്നതയായ ഭാഷകയുടെ മോക്ഷം അന്യഥാ സാദ്ധ്യമല്ലാതിരുന്ന ഭാഷണം തന്നെയല്ലേ? മുന്നറിവില്ലാത്ത വടിവിന്റെ ആവിഷ്ക്കാരമാണു് കാവ്യകല എന്നല്ലേ ‘ആർക്കും നിൻ വടിവറിയില്ല’ എന്നാശാൻ കാവ്യകലയെകുറിച്ച് പറഞ്ഞതിലും. അസാദ്ധ്യതയുടെ സാക്ഷാത്കാരം ഒരുപക്ഷേ, എല്ലാ കലകളുടേയും ലക്ഷ്യമാണെങ്കിലും ഭാഷയെ നവീകരിച്ചു കൊണ്ടതു സാക്ഷാത്കരിക്കുക എന്നതു കവിതയുടെ മാത്രം ലക്ഷ്യം. അല്ലാതെ സാദ്ധ്യമല്ല എന്നതും. സംസാരമുൾപ്പെടെ മറ്റെല്ലാ ഭാഷാമാദ്ധ്യമങ്ങൾക്കും മതിയായതു് കവിതക്കു മതിയല്ല. നളിനിയിലെ പരദേശീമോക്ഷയാത്രക്കു് ഏതാണ്ടു് സമാനമാണു് എല്ലാ കാവ്യയാത്രകളും.

“ഭാഷകളാഴം കാണാപ്പൊരുളറിയുമ്പോ

ളാളുകളെന്തിനു കലഹിക്കുന്നു!”

എന്നിടശ്ശേരിയുടെ മിണ്ടാപ്രാണികൾ. വാക്കേറ്റങ്ങൾക്കതീതമായ വാക്കേറ്റം! കാണാപ്പൊരുളറിയാനുള്ള ഭാഷായാത്രയുടെ വാഹനമായിരിക്കുക കവിതയുടെ ഉത്തരവാദിത്തമത്രേ. പറയാനാവാത്തതു പറയുക എന്ന ആദിമ ഭാഷാധർമ്മം കവിതയിൽ പുത്തനായിത്തുടരുന്നു. ഭാഷയ്ക്ക നഷ്ടപ്പെട്ട കാവ്യശക്തി കവിതയിൽ ഉയിർത്തെഴുനേൽക്കുന്നു. അതുവരെ സാദ്ധ്യമല്ലാതിരുന്നതു സാധിക്കയും ചെയ്യുന്നു. “എനിക്കിതു വയ്യായിരുന്നു പച്ച മരമായിരുന്നപ്പോൾ.”

ഇതര വൃത്തികളിൽ ആവിഷ്ക്കരിക്കാനാവാത്ത ആത്മതത്ത്വത്തെ ആവിഷ്ക്കരിക്കാനാവാം ഒരാൾ കാവ്യവൃത്തിയിലേക്കു വരുന്നതു്.

“പറഞ്ഞാൽ നേരാവാത്ത ചിലതുണ്ടാവാം ഭൂവി

ലതിനാലാവാം കർത്താവുടലീവിധമാക്കി.”

എന്ന പണിക്കരുടെ വരിയിലെ കർത്താവിനെ കാവ്യകർത്താവായും കാണാമല്ലോ. കവിത എ ന്ന ഉടൽ ഇപ്പോൾ അയാൾക്കെത്താത്തതിലേക്കെത്തുന്നു. വാക്കുകൾ അവയുടെ യഥാശക്തിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടു് അനാവിഷ്കൃതമല്ലാത്തതു് ആവിഷ്ക്കരിക്കാൻ അയാളെ തുണയ്ക്കുന്നു. അടിയൊഴുക്കുകൾ സമന്വയിക്കപ്പെടുന്നു. ആസകലത്തിന്റെ ഉദ്ഗ്രഥനം. ഉണ്മയുടെ ആവിഷ്ക്കാരം ഉജ്വലമായി സാക്ഷാത്കരിക്കപ്പെടുന്നു. സാക്ഷാത്ക്കാരത്തോടെ വിരമിച്ച നളിനി ശരീരം പോലെ അയാളുടെ ശരീരവും വിരമിക്കുന്നു. അവിയോഗമായ സുഖത്തിന്റെ ഈ ഉടൽ ലോകർക്കായി സമർപ്പിതം! എഴുന്നേറ്റോ എന്ന ചോദ്യം അസുഖ ബാധിതനായ ഒരാളെക്കുറിച്ചാവുമ്പോൾ അതിലൊരല്പം കാവ്യഭംഗി കലരുന്നു. ആ വെളിച്ചം അണഞ്ഞു എന്നു നെഹ്റു പറഞ്ഞതു് അങ്ങനെയല്ലാതെ പറയാനാവാത്ത ഒരഭാവത്തെ ആവിഷ്കരിക്കാൻ. ഇരുട്ടിൽ നിൽക്കുന്നൊരാൾ വെളിച്ചത്തിനു ചോദിക്കുമ്പോൾ ഭാഷയുടെ ഗദ്യധർമ്മത്തെയാണു് ആശ്രയിക്കുന്നതെങ്കിൽ വെളിച്ചത്തിൽ നിൽക്കുന്നൊരാൾ വെളിച്ചം, വെളിച്ചം എന്നു ചോദിക്കുമ്പോൾ ഭാഷയുടെ കാവ്യധർമ്മത്ത ആശ്രയിക്കുകയാണു്. ഗദ്യത്തിലെ സുചക (signifier) സൂചിത (signified) ബന്ധം നിയതമാണു്. കവിതയിലേതു് അനിയതമാണു്.

“വിട്ടയക്കുക, കൂട്ടിൽ നിന്നെന്നെ ഞാ-

നൊട്ടു വാനിൽ പറന്നു നടക്കട്ടെ,”

എന്നതു് കൂട്ടിലെ പക്ഷിയുടെ അവസ്ഥയ്ക്കു സമാനമായ അസ്വാസ്ഥ്യം അനുഭവിക്കുന്ന ആരുടെയും ഭാഷയാണു്. തടവിൽ കഴിയുന്ന ഏതു ബന്ധിയും അതിലൂടെ പറയപ്പെടുന്നു. സൂക്ഷ്മമായ അർത്ഥത്തിൽ ഏവരും ബന്ധികളായതിനാൽ അതാരുടേയും അന്തർഗതവുമാണു്. കെ. ജി. ശങ്കരപ്പിള്ളയുടെ കവിത ചോദിക്കുമ്പോലെ ആട്ടിയോടിച്ച തിണ്ണ വിട്ടെത്ര ദൂരം, ഇല്ലേ? ‘എനിക്കുമുണ്ടായിരുന്നൂ സുഖം മുറ്റിയ നാളുകൾ’ എന്ന വരി സമഷ്ടിയിൽ വൃഷ്ടി മുങ്ങിപ്പോയ കാലത്ത വൃക്തിയുടെ ആത്മഗതവുമുൾക്കൊള്ളുന്നു. ‘ഗുണവുമനവധി ദോഷമായി തേ’ എന്ന ഹംസത്തിന്റെ അന്തർഗ്ഗതം നിർഭയ എന്ന ഡൽഹിപ്പെൺകുട്ടിക്കു മാത്രമല്ല വിയോജിപ്പുകൾ തുറന്നു പ്രകടിപ്പിച്ചതിനാൽ പിടിയിലായ നീതിമാന്മാർക്കുമിണങ്ങുന്നതാണു്. വാക്കിന്റെ, വാക്യത്തിന്റെ, കാവ്യത്തിന്റെ പ്രതീകാത്മകത ഉപയോഗപ്പെടുത്തിക്കൊണ്ടാണു് കവിത പ്രവർത്തിക്കുന്നതു്. പിറകെ എത്തിക്കൊണ്ടിരിക്കുന്ന മൃത്യുവിൽ നിന്നു് അഭയം തേടിയോടുന്ന മാർക്കണ്ഡേയനിൽ മർത്ത്യൻ മുഴുക്കെ പ്രതിനിധീകരിക്കപ്പെടുകയല്ലേ.

“അവിടെച്ചെന്നെത്തുവാൻ

കുതിപ്പു മർത്ത്യൻ ഭവാൻ

അമരസകല്പത്തിൻ തളരാച്ചിറകോടെ.”

(മർത്ത്യൻ എന്ന ഭാരതീയപദത്തെക്കുറിച്ചറിവുണ്ടായിരുന്നെങ്കിൽ ഹൈ ദെഗർ തന്റെ തത്ത്വചിന്താപദ്ധതിയിൽ അതിനെ മുഖ്യസ്ഥാനത്തു് വെച്ചേനെ). ആ ഒറ്റപ്പദത്തിലുള്ള ദർശനസാരത്തെ അകമഴിഞ്ഞു കൊണ്ടാടുന്നുണ്ടു് ഇടശ്ശേരിയുടെ ‘മാർക്കണ്ഡേയൻ’. ‘വാതിലി’ൽ ഞാനിങ്ങനെ എഴുതി.

“പണ്ടു് കാലമെത്തുമ്മുന്നേ

ഞെട്ടറ്റുവീണ പൂവിനെപ്പറ്റി

പാടിയിട്ടുണ്ടയാൾ

അതുവരെ വഴി മുട്ടി നിന്നവർ

അതിലൂടെ അകത്തു് കടന്നു

ഒന്നിന്നുമില്ല നില; അവരറിഞ്ഞു.

പിന്നീടയാൾ ആനയെക്കുറിച്ചെഴുതി

അതുവരെയാരും അവനവനെ

ഇത്ര മുഴുത്ത രൂപത്തിൽ കണ്ടിട്ടില്ല

നിഗ്രഹോത്സുകം സ്നേഹവ്യഗ്രമെങ്കിലും

ചിത്തം, അവർ വിറയാർന്നു.

ഒരിക്കലയാൾ പാലത്തെക്കുറിച്ചെഴുതി

അതിലൂടെ മറുപുറത്തെത്തീ പലരും

അതുവരെയൊന്നിനും

മറുപുറമുണ്ടായിരുന്നില്ല

ക്രൂരതേ നീ താനത്രേ ശാശ്വതസത്യം.”

വായനക്കാരുടെ പങ്കാളിത്തത്തിലൂടെയേ കവിത നിറവേറുന്നുള്ളു. ‘ഭവാനൊഴിഞ്ഞൊരുമില്ലതുമിവൾക്കു കേൾക്കുവാൻ’ എന്നു് നളിനി ദിവാകരനിലന്വേഷിച്ചതു് ആ പങ്കാളിയേയല്ലെന്നു് പറയാനാവില്ല. ദിവാകരൻ എത്ര മികവോടെയാണു് അവളെ മധുരീകരിക്കുന്നതു്? മികച്ച കവിത വായിക്കുന്ന ഓരോരുത്തരും അതിലൂടെ അവരവരുടെ കവിത ആരചിക്കുകയാണു്. നീറ്റ്ഷെയുടെ സരതുഷ്ട്ര പറയുന്നു: എനിക്കു് അനുചരർ (followers) വേണ്ട സഹരചയിതാക്കൾ (co-creators) മതി. കവിയുടെ അന്തർഗ്ഗതവും ഇതാണു്. അതായിരിക്കുക എന്നതിനേക്കാൾ അതിലൂടെ ആയിരിക്കുക. അതിലധികം ആയിരിക്കുക. കവിതയുടെ ഉത്തരവാദിത്തം എന്ന വിഷയം കവിതയുടെ സാമൂഹ്യധർമ്മമോ രാഷ്ട്രീയ പ്രതിബദ്ധതയോ അവഗണിച്ചു എന്നു കതരുതു്. മുമ്പു പറഞ്ഞ പോലെ കവിത ഒരതിസൂചകം (excessive signifier) ആണു്. കവിതയ്ക്കു് കവിതയായിരുന്നു കൊണ്ടല്ലാതെ, അതിലൂടെയല്ലാതെ, ഒരുത്തരവാദിത്തവും നിർവ്വഹിക്കാനാവില്ല. പറയുന്നതിലൂടെയും പറയുന്ന ഒരു രൂപം, അങ്ങനെയല്ലാതെ പറയാനാവാത്തതിന്റെ രൂപം സൃഷ്ടിക്കുകയാണു് കവിയുടെ ഉത്തരവാദിത്തം. ഒരു രൂപവും കിട്ടുന്നില്ല എന്നു് നാമുഴലാറില്ലേ, ഇപ്പോഴാണൊരു രൂപം കിട്ടിയതു് എന്നു നാം ആശ്വസിക്കാറില്ലേ, ആ രൂപത്തിനു സമാന്തരമായ ഒരു നിവൃത്തിമാർഗ്ഗമാണു് കാവ്യരൂപവും. ഭദ്രരൂപമായിരിക്കുക എന്ന കവിതയുടെ ഉത്തരവാദിത്തവുമായി ആവുന്നത്ര ഐക്യപ്പെടുകയാണു് കവിയുടെ മുഖ്യ ഉത്തരവാദിത്തം എന്നോർമ്മിപ്പിക്കുകയായിരുന്നു ഈ പ്രഭാഷണം.

(കാലിക്കറ്റ് സർവ്വകലാശാല മലയാളം—കേരള പഠന വിഭാഗത്തിന്റെ സുവർണ്ണജൂബിലി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രഭാഷണം)

കൽപ്പറ്റ നാരായണൻ
images/Kalpetta_Narayanan.jpg

കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ. 1952-ൽ പാലൂകാട്ടിൽ ശങ്കരൻ നായരുടേയും നാരായണി അമ്മയുടേയും മകനായി ജനനം. കവിതകൾക്കു പുറമെ ഒരു സാംസ്കാരിക നിരീക്ഷകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും സഹൃദയശ്രദ്ധ നേടിയവയാണു്. കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയിരുന്ന ലേഖനപരമ്പരയുടെ സമാഹാരമാണു് ‘ഈ കണ്ണടയൊന്നുവെച്ചുനോക്കൂ’ എന്ന ഗ്രന്ഥം. ‘അവർ കണ്ണുകൊണ്ടുകേൾക്കുന്നു’, ‘ഒഴിഞ്ഞ വൃക്ഷച്ഛായയിൽ’, ‘കോന്തല’, ‘സമയപ്രഭു’, ‘വീണപൂവും മറ്റുപ്രധാന കവിതകളും’, ‘തത്സമയം’, ‘ഇത്രമാത്രം’, ‘നിഴലാട്ടം: ഒരു ചലചിത്ര പ്രേക്ഷകന്റെ ആത്മകഥ’, ‘മറ്റൊരുവിധമായിരുന്നെങ്കിൽ’, ‘ഒരു മുടന്തന്റെ സുവിശേഷം’, എന്നിവയാണു് മറ്റു കൃതികൾ. ഇത്രമാത്രം എന്ന കഥ അതേപേരിൽ ചലച്ചിത്രമായിട്ടുണ്ടു്.

അവാർഡുകൾ

ബഷീർ അവാർഡ് (കവിതയുടെ ജീവചരിത്രം), ദോഹ പ്രവാസി മലയാളി അവാർഡ് (സമഗ്ര സംഭാവൻ), ഡോ. ടി. ഭാസ്കരൻ അവാർഡ് (കവിതയുടെ ജീവചരിത്രം), വി. ടി. കുമാരൻ അവാർഡ് (കവിതകൾ), ശാന്തകുമാരൻ തമ്പി അവാർഡ് (ഒരു മുടന്തന്റ സുവിശേഷം), എ. അയ്യപ്പൻ അവാർഡ് (ഒരു മുടന്തന്റെ സുവിശേഷം), സി. പി. ശിവദാസൻ അവാർഡ് (എന്റെ ബഷീർ), ഡോ. പി. രാജൻ അവാർഡ് (കവിത), പത്മപ്രഭാ പുരസ്കാരം ( 2018).

(ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)

Colophon

Title: Kavithayude Utharavadithangal (ml: കവിതയുടെ ഉത്തരവാദിത്തങ്ങൾ).

Author(s): Kalpatta Narayanan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-08-29.

Deafult language: ml, Malayalam.

Keywords: Article, Kalpatta Narayanan, Kavithayude Utharavadithangal, കൽപ്പറ്റ നാരായണൻ, കവിതയുടെ ഉത്തരവാദിത്തങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fishing in Spring, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.