“ഇന്നു ഞാനറിയുന്നുണ്ടേതൊരാദര്‍ശത്തിനും
മന്നിലെക്കാറ്റേല്‍ക്കുമ്പോള്‍ തന്‍നിറം കെടാമെന്നും,
ഏതു നന്മയും ക്രമാല്‍മുന കൂര്‍പ്പിച്ചിട്ടേറ്റം
യാതനാവഹമാക്കാന്‍ കഴിയും നരന്നെന്നും”
—മഴുവിന്റെ കഥ, ബാലാമണിയമ്മ
അത്രമേൽ അദൃശ്യയായതിനാലാണു് സ്ത്രീ ഇത്രമേൽ ദൃശ്യയാവാൻ വെമ്പുന്നതു്, ഭയമാണു് സ്വർണ്ണാഭരണങ്ങൾ അണിഞ്ഞതു്. ഭയമാണു് പട്ടുവസ്ത്രങ്ങൾ ധരിച്ചു്, വളകളിട്ടു്, പാദസരങ്ങളണിഞ്ഞു്, സുഗന്ധദ്രവ്യങ്ങൾ പൂശി വന്നുനില്ക്കുന്നതു്. മുള്ളുള്ള മരംപോലെ ഭീരു, ചമഞ്ഞ സ്ത്രീയെപ്പോലെ ഭീരു എന്ന ബാഷോക്കവിത കേരളം കണ്ടുകൊണ്ടു് നടക്കുമ്പോൾ ആർക്കും മനസ്സിലൂറും. ഉണ്മയിലുള്ള അവിശ്വാസമാണു് ഈ തള്ളിക്കയറുന്ന പ്രത്യക്ഷഭംഗി.
രാവിലെ നാലു കാലിലും, ഉച്ചയ്ക്കു് രണ്ടു കാലിലും, വൈകുന്നേരം മൂന്നു കാലിലും സഞ്ചരിക്കുന്നതു് മനുഷ്യൻ (Man) ആണെന്നാണു് താങ്കൾ പറഞ്ഞതു്. ലോകത്തിലെ പാതിയിലേറെ വരുന്ന സ്ത്രീയെ താങ്കൾ കണ്ടില്ല, പാതിലോകം രാജാവു് കണ്ടില്ല.
നിങ്ങൾ കേൾക്കാറില്ലേ, വീട്ടുപടിക്കൽ നിന്നു് പിരിവുകാരോ കച്ചവടക്കാരോ ‘ആരുമില്ലേ’ എന്നു വിളിച്ചുനോക്കുമ്പോൾ അകത്തുനിന്നും സ്ത്രീകൾ ‘ഇല്ല’ എന്നു് ഉറപ്പിച്ചുപറയുന്നതു്. പകുതിയിലധികം സ്ത്രീകളുള്ള ഒരു നാട്ടിലിരുന്നു് മാതൃഭൂമി—എ നേഷൻ വിത്തൗട്ട് വുമൻ എന്ന പേരിൽ മനീഷ് ഝാ സിനിമയെടുത്തിട്ടുണ്ടു്. അലംകൃതങ്ങളായ സ്ത്രീ ശരീരങ്ങൾ ഇവിടെ പുരുഷനുണ്ടു് എന്നല്ലാതെ ഇവിടെ സ്ത്രീയുണ്ടു് എന്നല്ലല്ലോ വിളിച്ചുപറയുന്നതു്. ജോയ്സ് കരോൾ ഓട്ട്സി നോടു് സ്ത്രീയായതുകൊണ്ടുള്ള മെച്ചങ്ങളെക്കുറിച്ചു് ചോദിച്ചപ്പോൾ പുരുഷവിമർശകരുടെ മുൻഗണനാപട്ടികയിൽ ആദ്യസ്ഥാനങ്ങൾ സ്ത്രീക്കുള്ളതല്ലാത്തതിനാൽ അനുഭവപ്പെടുന്ന ഭാരക്കുറവിനെക്കുറിച്ചാണു് പറയുന്നതു്. മുൻഗണനാപട്ടികകൾ പരിശോധിച്ചാൽ ‘സ്ത്രീയില്ലാത്ത മാതൃഭുമി’ എന്ന പ്രയോഗത്തിന്റെ ചമത്കാരം മനസ്സിലാവും. മുറിയേൽ റുക്കെയ്സർ (Muriel Rukeyser) എന്ന അമേരിക്കൻ എഴുത്തുകാരി സ്ത്രീയെ കാണാഞ്ഞതാണു് പുരുഷൻ ചെയ്ത മഹാപാപം എന്നു് സൂചിപ്പിക്കുന്നുണ്ടു്, ‘ഈഡിപ്പസ് റെക്സ്’ എന്ന കവിതയിൽ. അന്ധനായി തെരുവിലലയുമ്പോൾ ഈഡിപ്പസ് രാജാവു് സ്പിങ്ക്സിന്റെ മുന്നിലെത്തിപ്പെടുന്നു. താനന്നു നല്കിയതു് ശരിയായ ഉത്തരമായിരുന്നില്ലേ, പിന്നെ എന്തുകൊണ്ടു് തനിക്കീ ദുർഗ്ഗതി വന്നു എന്നു ചോദിക്കുന്നു രാജാവു്. അല്ല, തെറ്റായ ഉത്തരമായിരുന്നു അങ്ങു് നൽകിയതെന്നു് സ്പിങ്ക്സ് മറുപടി പറയുന്നു. രാവിലെ നാലു കാലിലും, ഉച്ചയ്ക്കു് രണ്ടു കാലിലും, വൈകുന്നേരം മൂന്നു കാലിലും സഞ്ചരിക്കുന്നതു് മനുഷ്യൻ (Man) ആണെന്നാണു് താങ്കൾ പറഞ്ഞതു്. ലോകത്തിലെ പാതിയിലേറെ വരുന്ന സ്ത്രീയെ താങ്കൾ കണ്ടില്ല, പാതിലോകം രാജാവു് കണ്ടില്ല, ‘മേൻ’ എന്നു പറഞ്ഞാൽ സ്ത്രീകൂടി അതിലുൾപ്പെടുകയില്ലേ, അതിലെന്തായിരുന്നു ഇത്ര തെറ്റു് എന്നായി രാജാവു്. ഇത്രയനുഭവിച്ചിട്ടും ഇതാണു് താങ്കളുടെ മനോഭാവം. അവഗണിക്കപ്പെട്ട സ്ത്രീയുടെ ശാപവും അതിന്റെ ഫലവുമാണു് അങ്ങനുഭവിക്കുന്നതു്; സ്പിങ്ക്സ് രാജാവിനോടു് പറഞ്ഞു. രാജ്യം പൂർണ്ണ നാശത്തിലേയ്ക്കു് നീങ്ങുന്നതുവരെ, സ്വന്തം അമ്മയെയാണു് ഇണയായി അനുഭവിച്ചുകൊണ്ടിരുന്നതു് എന്നു് അയാളറിഞ്ഞിരുന്നില്ല, സ്ത്രീയുടെ ഉണ്മ, ശരീരത്തിന്റെ മാത്രം ഉണ്മയായിരുന്നു ആ രാജാവിന്റെ കണ്ണിൽ (ആ കണ്ണായിരുന്നില്ലേ രാജാവു് കുത്തിപ്പൊട്ടിച്ചതുപോലും). ലിംഗത്തിന്റെ കുറവുള്ള പുരുഷനായി സ്ത്രീയെക്കണ്ട ഫ്രോയിഡും ഈഡിപ്പസ് തന്നെയായിരുന്നു. എല്ലാ പുരുഷന്മാരും ഈഡിപ്പസിന്റെ പാപഭാരം വഹിക്കുന്നു എന്നദ്ദേഹം പറഞ്ഞതു് ഉദ്ദേശിച്ചതിലേറെ നേരായിരുന്നു. കേരളീയരും അത്തരമൊരു ശാപഫലം അനുഭവിക്കുന്നു എന്നു് ബാലാമണിയമ്മയുടെ ‘മഴുവിന്റെ കഥ’ ഓരോ മലയാളിപുരുഷനിലും പരശുരാമൻ വസിക്കുന്നു എന്നു്. കൂടുതൽ കുടിലബുദ്ധിയായ ഒരീഡിപ്പസ്സാണു് പരശുരാമൻ എന്നും.
അദൃശ്യയായി, മൂകയായി, ഇല്ലാത്തതുപോലെ ജീവിച്ചുപോന്നവളായിരുന്നു ജമദഗ്നി മഹർഷിയുടെ പ്രിയപത്നി. കൂലീനയായ ഏതു സ്ത്രീയേയുംപോലെ. ഒരിക്കൽ
‘മധുമാസത്തിൽ കുയിൽ കൂകുന്നകാന്താരത്തിൽ
മലർ പൂത്തെഴുമാറ്റുവക്കത്തു് നിന്നെന്നമ്മ
കുളിർക്കെ നോക്കിക്കണ്ടാൾ പ്രേമലോലരായ്
നീന്തിക്കളിക്കും ഗന്ധർവർതൻ ജീവിതോത്സവത്തിനെ’.
ഉള്ളിലെ സ്ത്രീ കെട്ടുപൊട്ടിക്കാനൊന്നു് കുതറിയോ?
‘നെടുവിർപ്പിട്ടാളെന്നും കൈവരാത്തവയ്ക്കായി
പ്പിടയും കരളുമായ് പിന്നെയാശ്രമം പൂക്കാൾ.’
കോൾമയിരണിഞ്ഞ ആ ശരീരത്തിൽനിന്നും ക്രാന്തദർശിയായ ജമദഗ്നിമഹർഷി അവൾ ചെയ്ത തെറ്റ് കണ്ടെത്തുന്നു. ‘മനസ്സാൽ ചെയ്യപ്പെട്ട പാപമേ ഗുരുതരം’ എന്നു് വെന്തുകൊണ്ടു് കുലത്തിന്റെ വിശുദ്ധിക്കായി ഈ പാപിയെ കൊല്ലുകെന്നാ മഹർഷി മക്കളോടു് കല്പിക്കുന്നു. അവരിൽ പരശുരാമൻ മാത്രം അതിനു് സന്നദ്ധനാവുന്നു. ‘മൂർത്തമാം വിനയംപോലിരുന്നോരുടൽ’ മഴുവാൽ അറ്റുവിഴുന്നു, പ്രീതനായ പിതാവു് ആവശ്യമുള്ള വരം ചോദിച്ചപ്പോൾ ഒരിക്കൽക്കൂടി മാതൃഹത്യ ചെയ്യുകയാണു് പരശുരാമൻ, ‘മുൻ മട്ടിൽ, പവിത്രയായ് പാപിനിയായിട്ടല്ലെന്നമ്മ, സന്മതേ ഭവൽ സ്മൃതിയിൽജ്ജീവിക്കാവൂ’. അതൃപ്തയായി, കൈവരാത്തവയ്ക്കായി എന്നും പിടയുന്നവളായി, തന്റെ സത്യമായി ഭർത്താവിന്റെ സ്മരണയിൽ കഴിയാനുള്ള സ്വാതന്ത്ര്യവും അവൾക്കു് നിഷേധിക്കുന്നു.
തെറ്റുകളിൽനിന്നും തെറ്റുകളിലേക്കു് വളർന്ന ആ മാതൃഹന്താവു് ഒടുവിൽ പാപബോധം കുമിഞ്ഞുകൂടി തനിക്കു് തരണം ചെയ്യാനാവാത്തത്രയായപ്പോൾ, അമ്മയെ അറുത്തിട്ട പരശു വലിച്ചെറിയുന്നു. അതു് ചെന്നു വീണേടത്തോളം വളർന്ന ഭുപ്രദേശമാണിതു്.
മൂർത്തമാം വിനയംപോലിരുന്നോരുടൽ ആയി അവൾ മരണശേഷവും അയാളുടെ സ്മൃതിയിൽ തുടരുന്നു. അയാളുടെ ഏകാന്തത്തിലൊരപരാധബോധമാകാൻ പോലും തനിക്കു സാധിച്ചില്ല. യഥാർത്ഥത്തിലുള്ള തന്നെ മരണംപോലും അനാവരണം ചെയ്തില്ല. തന്നെക്കൊന്നതിന്റെ വടുപോലും തന്നിൽ ശേഷിച്ചില്ല. ഭർത്തൃമനസ്സിൽ അവൾ കുലീനയായി തുടർന്നും വർത്തിച്ചു. തെറ്റുകളിൽനിന്നും തെറ്റുകളിലേക്കു് വളർന്ന ആ മാതൃഹന്താവു് ഒടുവിൽ പാപബോധം കുമിഞ്ഞുകൂടി തനിക്കു് തരണം ചെയ്യാനാവാത്തത്രയായപ്പോൾ, അമ്മയെ അറുത്തിട്ട പരശു വലിച്ചെറിയുന്നു. അതു് ചെന്നു വീണേടത്തോളം വളർന്ന ഭുപ്രദേശമാണിതു്. ‘മഴുമുനയാൽക്കരൾതോറും മുദ്രിതരെൻനാട്ടാർ’ എന്നു് ബാലാമണിയമ്മ പറയുന്നു. മുറിവേറ്റവർ എന്നല്ല, മുദ്രിതരായവർ എന്നു്. കേവലമായൊരൈതിഹ്യമല്ല പരശുരാമകഥ, ഓരോരുത്തരിലും വടുവായിത്തുടരുന്നൊരു സത്യമാണതു്. മലയാളിയുടെ തന്മ. സമൂഹം സ്ത്രീയെ എങ്ങനെ നിത്യവും തടയുന്നു, ഇല്ലാതാക്കുന്നു, അതിലെ ഹിംസയുടെ അനാദ്യന്തമായ കഥ. ചിരഞ്ജീവിയാണു് പരശുരാമൻ എന്ന സങ്കല്പത്തിന്റെ പൊരുൾ പരതുകയായിരുന്നു സ്വന്തം സ്ത്രീസ്വത്വമുപയോഗിച്ചു് ബാലാമണിയമ്മ.‘അച്ഛാ, നെറികെട്ടവനേ ഞാൻ നിന്നിലൂടെ’ (Daddy Daddy you bastard, I am through–sylvia plath) എന്നു് നാം തുടരുന്ന ജീവിതത്തിന്റെ പൊരുൾ. ചരിത്രം സ്ഥൂലമായ വസ്തുതകളുടെ വിവരണം; അതിലെവിടെ പരശുരാമൻ? മിത്തോളജി ഭാവനയോടെ വായിച്ചാൽ അതിലതാ നമ്മളിലൊക്കെ കൈകാലുകളുള്ള പരശുരാമൻ. നമ്മൾ, കരൾതോറും മുദ്രിതരായ, പരശുരാമന്മാർ.
മാധവിക്കുട്ടിയുടെ ഏതു് കഥയോളവും കമലാദാസി ന്റെ ഏതു് കവിതയോളവും തീവ്രവും അവയെക്കാൾ അകക്കടുപ്പം കൂടുതലുമുള്ളതാണു്, പ്രത്യക്ഷത്തിൽ പരമശാന്തയായി, ‘മൂർത്തമാം വിനയംപോലിരുന്നോരുടൽ,’ ആയി മലയാളമനസ്സിൽ ഒളിച്ചുവസിച്ച ബാലാമണിയമ്മയുടെ ഇക്കാവ്യം. മൂർത്തമായ വിനയമായിരുന്നവൾ എന്നല്ല അതുപോലിരുന്നവൾ എന്നാണു് ബാലാമണിയമ്മ ജമദഗ്നീപത്നിയെ സൂക്ഷ്മമായി ആവിഷ്കരിച്ചതു്.
മാധവിക്കുട്ടിയുടെ പ്രശസ്ത കഥകളായ കോലാടു്, നെയ്പ്പായസം, മീനാക്ഷിയേടത്തി എന്നീ കഥകളെക്കാൾ കുറവല്ല ബാലാമണിയമ്മയുടെ വേലക്കാരി ഉണ്ടാക്കുന്ന അസ്വസ്ഥത.‘കുരങ്ങനെപ്പെറ്റ മാൻപേടയുടെ പരിശ്രമം അമ്മയുടെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ടു്’ എന്ന മാധവിക്കുട്ടിയുടെ വാക്യത്തെ പല അർത്ഥത്തിൽ ഞാൻ കേട്ടിട്ടുണ്ടു്.
‘എന്നും കൈവരാത്തവയ്ക്കായി പിടയും കരൾ’ എന്നും. മാധവിക്കുട്ടിയുടെ പ്രശസ്ത കഥകളായ കോലാടു്, നെയ്പ്പായസം, മീനാക്ഷിയേടത്തി എന്നീ കഥകളെക്കാൾ കുറവല്ല ബാലാമണിയമ്മയുടെ വേലക്കാരി ഉണ്ടാക്കുന്ന അസ്വസ്ഥത.‘കുരങ്ങനെപ്പെറ്റ മാൻപേടയുടെ പരിശ്രമം അമ്മയുടെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ടു്’ എന്ന മാധവിക്കുട്ടിയുടെ വാക്യത്തെ പല അർത്ഥത്തിൽ ഞാൻ കേട്ടിട്ടുണ്ടു്. പരിണാമശൃംഖലയിൽ മാനിനും ശേഷമാണല്ലോ കുരങ്ങു്, കൂടുതൽ സങ്കീർണ്ണതയും കെല്പും കുരങ്ങനാണല്ലോ. ആ വാക്യത്തിൽ ആത്മനിന്ദയോ അഭിമാനമോ എന്ന രസവും ഞാൻ രസിച്ചിട്ടുണ്ടു്. സ്ഥായിയായ അദൃശ്യതയോടു് സദാപോരാടി, ദൃശ്യയാവാൻ സർവ്വാഭരണങ്ങളണിഞ്ഞു്, പട്ടുവസ്ത്രങ്ങൾ ധരിച്ചു്, വളകളണിഞ്ഞും മനസ്സിൽ ചോരപ്പാടുകൾ വീഴ്ത്തുന്നത്ര തീവ്രമായ കാവ്യബിംബങ്ങളുള്ള രചനകളെഴുതി അലോസരപ്പെടുത്തുന്ന ജന്മങ്ങൾ താൻ ജീവിച്ചിരുന്നതായി ആത്മകഥകളെഴുതി, യാഥാസ്ഥിതിക മനസ്സിനെ ബേജാറാക്കുന്ന തീരുമാനങ്ങളെടുത്തു്, അരക്ഷിതയാവാൻ എന്നും ധീരത കാട്ടിയ കമലയെ പെറ്റതു് ‘മഴുവിന്റെ കഥ’യും ‘വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടെ’ എന്ന വാക്യം ആന്തരിക ചൈതന്യമായ നിരവധി കവിതകളുമെഴുതിയ ബാലാമണിയമ്മതന്നെയെന്നും അവരുടെ കണ്ണിലൊരു പരിശ്രമവും സൃഷ്ടിക്കാൻ കമലയ്ക്കായിട്ടുണ്ടാവില്ലെന്നും ഞാൻ കരുതുന്നു.‘എന്നും കൈവരാത്തവയ്ക്കായി പിടയും കരൾ’ എന്നവർ സംക്ഷേപിച്ച സ്ത്രീസ്വത്വം കമലയിലൂടെ സ്വാഭാവികമായി തുടരുകയായിരുന്നു. കമല മാരകമായി ജീവിച്ചു എന്നു് തറപ്പിച്ചു പറയാനാവാത്തതുപോലെ ബാലാമണിയമ്മ നിശ്ശബ്ദയായി ജീവിച്ചു എന്നും പറയാനാവില്ല. ‘മൂർത്തമാം വിനയംപോലിരുന്നോരുടലിലെ’ ആ ‘പോലെ’ കാണാൻ നിങ്ങൾക്കു് കണ്ണുണ്ടെങ്കിൽ. അതുപോലുള്ള അനവധി സൂക്ഷ്മതകളും.
പക്ഷേ, ബാലാമണിയമ്മയുടെ കാവ്യങ്ങൾ പരശുരാമൻ നിശ്ശബ്ദമാക്കി, കൂലീനമാക്കി എന്നു് കാണാതിരുന്നുകൂട. ‘നീ തപ്പുകൊട്ടിയൊപ്പംനടക്കുകിടിവെട്ടെ’ എന്നു പറഞ്ഞ കവിയെയവർ ലഘുവാക്കി, മൃദുവാക്കി.
ആശാനുംവൈലോപ്പിള്ളി ക്കും ഇടശ്ശേരി ക്കും അക്കിത്ത ത്തിനും ഒപ്പം പരിഗണനയർഹിക്കുന്നുണ്ടു് ബാലാമണിയമ്മ. പക്ഷേ, ജമദഗ്നി മഹർഷിയിൽനിന്നു് പരശുരാമൻ നേടിയ ആ വരത്തിന്റെ പ്രഭാവത്താലാവാം മാതൃത്വത്തിന്റെ അകളങ്കപുഷ്പങ്ങൾ മാത്രം വിരിയിച്ച മുള്ളില്ലാത്ത ഒരു പനിനീർച്ചെടിയാക്കി അവരെ മലയാളി ലളിതമാക്കി, ലഘുവും. കാവ്യചർച്ചകളിൽ ബാലാമണിയമ്മ അദൃശ്യയായി. ആരോ കൈചൂണ്ടിയേടത്തേക്കു് ഒരുമിച്ചുനീങ്ങി തോണി മുക്കുന്ന പ്രവണതയുള്ള മലയാളി ‘വിശ്വദർശ’നങ്ങളെക്കാൾ സങ്കീർണ്ണമായ, ദാർശനികമായ, അപൂർവ്വമായ ‘മഴുവിന്റെ കഥ’യും ‘വിഭീഷണനും’ ‘വിശ്വാമിത്രനു’മൊന്നും കണ്ടതേയില്ല.
ബാലാമണിയമ്മ പക്ഷേ, ഈ ‘ദരിദ്രകേരളത്തെ’ സുവ്യക്തമായി കണ്ടിരുന്നു. ‘നീലവാനിനു കീഴെ പച്ചനാക്കില വെച്ചപോലെ’യുള്ള ഈ നാടിന്റെ ബാഹ്യമോടി മാത്രമല്ല തീരാത്തൃഷ്ണയും. വിളമ്പുന്നവരെയും കാത്തു് ഇലയിട്ടിരിക്കുകയല്ലേ, ജീവിതത്തിന്റെ സമസ്തമേഖലകളിലും എന്നെന്നും നാം. എന്റെ പ്രിയപ്പെട പുസ്തകമായി ബാലാമണിയമ്മയുടെ കവിതകൾ എടുത്തുകാട്ടുമ്പോൾ മുന്തിയതാണെന്റെ രുചി എന്നു് അഹങ്കരിക്കുക മാത്രമല്ല, മലയാളികൾക്കെല്ലാം വേണ്ടി ഒരു പ്രായശ്ചിത്തം ചെയ്യുകയുമാണു് ഞാൻ, ‘തൊട്ടിലാട്ടും ജനനിയെപ്പെട്ടെന്നു് തട്ടിനീക്കി രണ്ടോമനക്കൈയുകൾ’ എന്ന വരി മറ്റർത്ഥങ്ങളിലും വാസ്തവമാകണ്ടേ? ഉറവിടം മാറിമാറി വളരുന്ന ഒരൂർജ്ജസ്വലതയല്ലേ കവിത?
കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ. 1952-ൽ പാലൂകാട്ടിൽ ശങ്കരൻ നായരുടേയും നാരായണി അമ്മയുടേയും മകനായി ജനനം. കവിതകൾക്കു പുറമെ ഒരു സാംസ്കാരിക നിരീക്ഷകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും സഹൃദയശ്രദ്ധ നേടിയവയാണു്. കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയിരുന്ന ലേഖനപരമ്പരയുടെ സമാഹാരമാണു് ‘ഈ കണ്ണടയൊന്നുവെച്ചുനോക്കൂ’ എന്ന ഗ്രന്ഥം. ‘അവർ കണ്ണുകൊണ്ടുകേൾക്കുന്നു’, ‘ഒഴിഞ്ഞ വൃക്ഷച്ഛായയിൽ’, ‘കോന്തല’, ‘സമയപ്രഭു’, ‘വീണപൂവും മറ്റുപ്രധാന കവിതകളും’, ‘തത്സമയം’, ‘ഇത്രമാത്രം’, ‘നിഴലാട്ടം: ഒരു ചലചിത്ര പ്രേക്ഷകന്റെ ആത്മകഥ’, ‘മറ്റൊരുവിധമായിരുന്നെങ്കിൽ’, ‘ഒരു മുടന്തന്റെ സുവിശേഷം’, എന്നിവയാണു് മറ്റു കൃതികൾ. ഇത്രമാത്രം എന്ന കഥ അതേപേരിൽ ചലച്ചിത്രമായിട്ടുണ്ടു്. ഇപ്പോൾ മലയാള മനോരമ ദിനപത്രത്തിൽ ബുധപക്ഷം എന്ന ഒരു പംക്തി എല്ലാ ബുധനാഴ്ചയും എഴുതിവരുന്നു.
ബഷീർ അവാർഡ് (കവിതയുടെ ജീവചരിത്രം), ദോഹ പ്രവാസി മലയാളി അവാർഡ് (സമഗ്ര സംഭാവൻ), ഡോ. ടി. ഭാസ്കരൻ അവാർഡ് (കവിതയുടെ ജീവചരിത്രം), വി. ടി. കുമാരൻ അവാർഡ് (കവിതകൾ), ശാന്തകുമാരൻ തമ്പി അവാർഡ് (ഒരു മുടന്തന്റ സുവിശേഷം), എ. അയ്യപ്പൻ അവാർഡ് (ഒരു മുടന്തന്റെ സുവിശേഷം), സി. പി. ശിവദാസൻ അവാർഡ് (എന്റെ ബഷീർ), ഡോ. പി. രാജൻ അവാർഡ് (കവിത), പത്മപ്രഭാ പുരസ്കാരം ( 2018).
(ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)