ഒരു ലേഖനത്തിനു് അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തിന്റെ സ്വഭാവം ഉണ്ടാകണമെന്നില്ല. ചിരിയെക്കുറിച്ചുള്ള ലേഖനം ചിരിപ്പിക്കണമെന്നില്ലല്ലോ. പക്ഷേ, ബോറിനെക്കുറിച്ചുള്ള ലേഖനം ബോറാകാം—എന്തിനും എളുപ്പത്തിൽ ബോറാകാം എന്നതുകൊണ്ടാണു്. അനന്തവിസ്തൃതമായ ഈ സാദ്ധ്യതയാണു് ബോറിന്റെ പ്രസക്തിക്കും ഈ ലേഖനത്തിനും കാരണം.
ലോകത്തിൽ ഏറ്റവും കൂടുതലുള്ളതെന്തു് എന്ന ചോദ്യത്തിനു് ആലോചനയുടെ പിൻബലമുള്ള ഉത്തരം ‘ബോറ്’ എന്നായിരിക്കും. ലോകജനസംഖ്യയിലെ ഭൂരിപക്ഷത്തിനും ബോദ്ധ്യമില്ലാത്ത ലോകത്തിലെ ഒരു വാസ്തവം ഏതെന്ന ചോദ്യത്തിനും മറ്റൊരുത്തരമില്ല. അങ്ങനെ, ലോകത്തിൽ കൂടുതലുള്ളതും എന്നാൽ ലോകം ഏറ്റവും കുറച്ചു മനസ്സിലാക്കുന്നതുമായ അപൂർവ്വപ്രതിഭാസങ്ങളിൽ ഒന്നു് എന്ന ബഹുമതി ബോറ് കയ്യടക്കുന്നു.
പ്രപഞ്ചോല്പത്തിക്കുതന്നെ കാരണമായിട്ടുള്ളതു് ബോറാണത്രെ. ബൃഹദാരണ്യകോപനിഷത്തു് പറയുന്നു: “ഏകാകീ ന രമതേ.” പ്രപഞ്ചപുരുഷന്റെ ഏകാന്തതയുടെ വിരസത തീർക്കുവാൻ സൃഷ്ടി നടന്നുവത്രെ! കിർക്കെഗാർഡും പറഞ്ഞിട്ടുണ്ടു്, ദൈവത്തിന്റെ ബോറു തീർക്കുവാൻ മനുഷ്യനും മനുഷ്യന്റെ ബോറു തീർക്കുവാൻ സ്ത്രീയും ഇരുവരുടേയും ബോറു തീർക്കുവാൻ കുടുംബവും ഉണ്ടായി എന്നു്.
ബോറിനെക്കുറിച്ചു് എടുത്തുപറയേണ്ട കാര്യം ഇതത്രേ: അവനവന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള ബോറിനെക്കുറിച്ചു് ഒരാൾ ബോധവാനാകുന്നതോടെ ബോറ് അയാളെ കൈയൊഴിക്കുന്നു. കൈകാര്യം ചെയ്യുന്ന സംഗതിയെപ്പറ്റി ബോധവാനാകുന്ന ഒരാൾക്കു് അതിൽ മിടുക്കു് പ്രകടിപ്പിക്കാനുള്ള സാധ്യത തെളിയുകയാണു് പതിവു്. ഇവിടെ അതു് തലതിരിഞ്ഞു് കാണുന്നു.
ബോറിന്റെ മറ്റൊരു പ്രത്യേകത, ഇത്രയധികം വഴങ്ങുന്ന മറ്റൊരു വിഷയവും ഭൂലോകത്തിലില്ല എന്നതാണു്. ആർക്കും എളുപ്പത്തിൽ ഒന്നാംതരം ബോറനാകാം. ഏതവസരത്തിലും എന്തു ചെയ്തും ബോറു സൃഷ്ടിക്കുവാൻ കഴിയും. അതുപോലെ, ലോകത്തിലെ നല്ലതോ ചീത്തയോ ആയ എന്തു ദുഷിച്ചാലും അതു ബോറായിത്തീരും. ഉദാഹരണം വേണ്ടാത്തവിധം അത്ര സാർവ്വകാലികവും സാർവജനീനവുമാണു് ഇപ്പറഞ്ഞ കാര്യം.
എന്താണു് ബോറ്?
കലയല്ലാത്തതെല്ലാം ബോറാണു്. കലയ്ക്കെതിരായ ഒന്നിന്റെ പേരാണു് ബോറ്. ബോറിന്നെതിരായ ഒന്നിന്റെ പേരു് കലയും.
കലയ്ക്കെതിരു് ബോറാണെന്നു പറയുമ്പോൾ ഒരെതിർചോദ്യം വരുന്നു: അപ്പോൾ ശാസ്ത്രമോ? ശാസ്ത്രം ബോറാണോ? അതോ കലയോ?
‘മേഘസന്ദേശ’ത്തെക്കാൾ രസത്തിൽ ‘പ്രിൻസിപ്പ്യാ മാത്തമറ്റിക്കാ’ വായിക്കുന്ന ആൾ ചെയ്യുന്നതു് അത്തരം ശാസ്ത്രവിഷയങ്ങളിലെ ‘കല’ കണ്ടെത്തുകയാണു്. അപ്പോൾ ‘കല എന്തു് ?’എന്ന പ്രശ്നം വരികയായി. കണ്ണു് പൊട്ടന്നു്—വേണ്ട, വായിക്കാനും ആസ്വദിക്കാനും സാധിക്കാത്തവനു്—‘മേഘസന്ദേശ’വും ശാസ്ത്രഗ്രന്ഥങ്ങളും വെള്ളക്കടലാസും തുല്യമാണല്ലോ. അപ്പോൾ കല എന്ന പദംകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു് ഇത്രമാത്രം: നമുക്കു് രസിക്കാൻ കഴിയുന്നതു് നമുക്കു് കല. അല്ലാത്തതു് കലേതരം. ആ കലേതരത്തെ നാം ബോറെന്നു വിളിക്കുന്നു.
കുട്ടികൃഷ്ണമാരാരു് ചൂണ്ടിക്കാട്ടിയതുപോലെ, “ഏതു ശാസ്ത്രത്തിനുമുണ്ടു് ഒരു സ്വാരസ്യം—അതതിനു മാത്രമുള്ള രസം, ഒരാസ്വാദ്യത, കവിത എന്നുതന്നെ പറയാം. ശാസ്ത്രങ്ങളിലെ ഈ കവിത പ്രഥമദൃഷ്ടിയിൽ തന്നെ ആസ്വദിക്കാവുന്നതല്ല, സ്വയം ചിന്തിച്ചും പരീക്ഷണം നടത്തിയും നോക്കിയാലേ കണ്ടുകിട്ടൂ.”
രസിപ്പിക്കുകയാണു് കലയുടെ ധർമ്മങ്ങളിലൊന്നു് എന്നു് നിങ്ങൾ സമ്മതിച്ചുതരുമെങ്കിൽ ഇപ്പറഞ്ഞതിനോടൊന്നും യോജിക്കുവാൻ വിഷമമുണ്ടാവില്ല. ഒന്നിലെ കല എന്നതു് അതിലെ രസികതയാണു്. ഒന്നിൽ കല കണ്ടെത്തുക എന്നതിന്നു് അതിൽ സാധാരണയിൽക്കവിഞ്ഞും രസിക്കാൻ കഴിയുക എന്നാണർത്ഥം. ഊണു് കലയാക്കി മാറ്റിയവൻ, ഉറക്കം കലയാക്കി മാറ്റിയവൻ തുടങ്ങിയ പ്രയോഗങ്ങളുടെ താല്പര്യവും അതാണു്.
കലയുടെ അടിസ്ഥാനം ഔചിത്യബോധമാണു്. ബോറിന്റെ അസ്തിവാരവും മറ്റെങ്ങുമല്ല. ഔചിത്യചിന്തയുടെ കണികയില്ലാത്ത വാങ്മനക്കായങ്ങളുടെ വ്യാപാരമാണു് ഒന്നാംതരം ബോറുകളായി വിളികൊള്ളുന്നതു്. ആനന്ദവർദ്ധനാചാര്യരുടെ ആ പ്രഖ്യാതവചനം ഇവിടെ ഓർമ്മിക്കുക:
“അനൗചിത്യാദൃതേ നാന്യദ്രസഭംഗസ്യകാരണം”
രസഭംഗത്തിനു് ഏകകാരണം അനൗചിത്യമാണെങ്കിൽ, രസഭംഗവും ബോറും രണ്ടല്ലാത്തേടത്തോളം അതിനു് വേറൊരു നിദാനമന്വേഷിക്കേണ്ട. കലയാകട്ടെ, അനൗചിത്യത്തിന്റെ സ്പർശമേൽക്കുന്നതോടെ തന്റെ ആജന്മശത്രുവായ ബോറിന്റെ രൂപം പ്രാപിച്ചു പോകുന്നു.
വെള്ളക്കാർക്കിടയിൽ പ്രചാരമുള്ള ബോറിന്റെ നിർവ്വചനങ്ങളിൽ ഒന്നു് ഇതാണു്: “നിങ്ങൾ അയാളോടു് സമയം ചോദിക്കൂ, വാച്ചുണ്ടാക്കുന്നതു് എങ്ങനെയെന്നു് അയാൾ പറഞ്ഞുതരും.”
ബിയേഴ്സ് പറയുന്നു: “നാം പറയുന്നതു് കേൾക്കണമെന്നാഗ്രഹിക്കുമ്പോൾ ഇങ്ങോട്ടു കേറിപ്പറയുന്നവനാണു് ബോറൻ.”
ഇവയെല്ലാം മേൽപ്പറഞ്ഞ കാര്യത്തിലേക്കു് തന്നെ ചൂണ്ടുന്നു—അനൗചിത്യമാണു് ബോറ്.
ഒരാൾക്കു് ചോദിക്കാം: ഭ്രാന്തു് അനുചിതമായതു് ചെയ്യിക്കുന്നില്ലേ? അതു് ബോറടിക്കുന്നില്ലല്ലോ. മറിച്ചു് കാണികളെ രസിപ്പിക്കുകയും ചെയ്യുന്നു?
ഭ്രാന്തനു് ആ പ്രവൃത്തികൾ അനുചിതമല്ലെന്നോർക്കണം. അതൊട്ടും കൃത്രിമമല്ല. പ്രതീക്ഷിതവും സ്വാഭാവികവുമാണു് ആ ചേഷ്ടകൾ. ഭ്രാന്തൻ ചെയ്യുന്നതു് ഭ്രാന്തില്ലാത്ത ആരെങ്കിലും ചെയ്താൽ അതു ബോറടിയാണല്ലോ.
കൃത്രിമത എന്തും ബോറാണു്. എഴുത്തിലും വാക്കിലും വെളിപ്പെടുന്ന കൃത്രിമത നമ്മെ എളുപ്പം ബോറടിപ്പിക്കുന്നു. ഉടുപ്പിലും നടപ്പിലും വെളിപ്പെടുന്ന ബോറിനെക്കുറിച്ചു് ആളുകൾ സാധാരണ പുച്ഛിക്കുന്നതു് കേൾക്കാം.
ആവർത്തനം കൊണ്ടു് വളരെ എളുപ്പം ബോറുണ്ടാക്കാം. ഒന്നാംതരം ഫലിതം, ഒന്നാംതരം അനുഭവങ്ങൾ തുടങ്ങി എന്തും ആവർത്തിച്ചു് ഒരാളെ മടുപ്പിക്കാം, ബോറടിപ്പിക്കാം.
ഇവിടെ സംശയിക്കാം: ‘മേഘസന്ദേശം’ പത്താമതു് വായിക്കുന്നതു് കലാസ്വാദനമല്ലേ, ബോറാണോ?
തീർച്ചയായും കലാസ്വാദനമാണു്. ഒമ്പതു വട്ടം വായിച്ചിട്ടും പൂർത്തിയാകാത്ത കലാസ്വാദനത്തിന്റെ തുടർച്ച. അല്ലാതെ ആവർത്തനമല്ല; അതുകൊണ്ടു് തന്നെ ബോറുമല്ല.
ഇനി, കലയുമായി ബോറിനുള്ള ബന്ധത്തെക്കുറിച്ചു് ആലോചിക്കേണ്ടതുണ്ടു്:
- ഒന്നു്:
- ഔചിത്യബോധം കൂടുന്നതോടെ ബോറ് കലയായിത്തീരുന്നു. മറിച്ചു് അതു കുറയുന്നതോടെ കല ബോറായിത്തീരുന്നു.
- രണ്ടു്:
- ബോറിനെപ്പറ്റി ബോധവാനാകുന്നതോടെ ഒരാൾ ബോറനല്ലാതാകുന്നു. നേരിയ അംശത്തിലെങ്കിലും കലാകാരനാകുന്നു. കലാബോധത്തിന്റെ പരഭാഗം ‘ബോറബോധ’മാണെന്നർത്ഥം.
- മൂന്നു്:
- വെളിച്ചം വന്നപ്പോഴാണു് ഇരുട്ടുണ്ടായതു് എന്നു പറഞ്ഞതുപോലെ, കലാകാരൻ വന്നതിനുശേഷമാണു് ബോറ് കണ്ടെടുക്കപ്പെട്ടതു്.
- നാലു്:
- കലയ്ക്കു മുമ്പു് ബോറ് അനുഭവപ്പെട്ടിരുന്നില്ലെന്നു് പറയാമെങ്കിലും സത്യത്തിൽ ബോറാണു് കലക്കു ജന്മം നല്കിയതു്. സംവിധാനവും തെരഞ്ഞെടുപ്പുമാണല്ലോ കല. സംവിധാനരാഹിത്യത്തിൽ നിന്നല്ലാതെ സംവിധാനമുണ്ടാവുമോ? അങ്ങനെ ബോറിന്നെതിരെ ഒറ്റപ്പെട്ട പ്രതിഭാശാലികൾ നടത്തിയ സമരങ്ങളെയാണു് നാം കലാരൂപങ്ങൾ എന്നു വിളിക്കുന്നതു്.
- അഞ്ചു്:
- കലയുടെ അസംസ്കൃതവസ്തു തന്നെ ബോറാണു്. പ്രപഞ്ചത്തിന്റെ ഭൂരിഭാഗവും ബോറു കൊണ്ടു് നിറയ്ക്കപ്പെട്ടിരിക്കുകയാണല്ലോ. ബോറുപയോഗിച്ചു് അതിന്നെതിരായതു് സൃഷ്ടിക്കുന്നു എന്നതിലാണു് കലയുടെ മഹത്വം. ‘ജീവിതമെന്ന ബോറ്’ എന്ന പേരിൽ തന്നെ ചെറിയാൻ കെ. ചെറിയാന്റെ ഒരു കവിതയുണ്ടെന്നോർക്കുക.
- ആറു്:
- മനുഷ്യജീവിതത്തിൽ കല ചെയ്യുന്ന സേവനം ജീവിതം എന്ന ഈ ബോറ് സഹിക്കാൻ നമ്മെ ശക്തരാക്കുകയാണല്ലോ. അപ്പോൾ ബോറില്ലാതാകുന്നതൊടെ കലയ്ക്കു് ജീവിതത്തിലുള്ള പ്രസക്തിയില്ലാതാകുന്നു. അതുകൊണ്ടു് കലയ്ക്കുവേണ്ടി വാദിക്കുന്നവർ ബോറിനുവേണ്ടികൂടിയാണു് വാദിക്കുന്നതു്.
- ഏഴു്:
- മനുഷ്യന്റെ ‘ബോറ്ബോധ’ത്തിനു് ദൈനംദിന ജീവിതത്തിൽ പ്രസക്തി പ്രായേണ കുറഞ്ഞു കാണുന്നു. അത്രമാത്രം കലാജീവിതത്തിൽ അതേറിയിരിക്കുന്നു. നിത്യജീവിതത്തിൽ ബോറിനോടു് രാജിയാകുന്നതിന്റെ ഒരു ശതമാനം പോലും കലയിൽ നമുക്കു് സാധിക്കുകയില്ല.
- എട്ടു്:
- ലോകത്തു് കല വളരെ കുറഞ്ഞിരിക്കുന്നു. അതിനെക്കുറിച്ചുള്ള ബോധം അതിലും കുറഞ്ഞിരിക്കുന്നു. മറുവശത്തു് ബോറ് വളരെ കൂടിയിരിക്കുന്നു. അതിനെപ്പറ്റി കലാബോധത്തോളം പോലും ബോധമില്ല.
- ഒമ്പതു്:
- കലാബോധമില്ലാത്തവൻ കലാകാരൻ പോയിട്ടു് കലാസ്വാദകൻ പോലുമാവില്ല. ബോറ് ബോധമില്ലാത്തവനേ ബോറനാകൂ.
- പത്തു്:
- കലാവിമർശനത്തിലെ ഖണ്ഡനാത്മകത എന്നതു് കലയിലെ ബോറിന്റെ അംശമന്വേഷിച്ചുള്ള പ്രയാണമാണു്. “ബോറാണു് ” എന്നതിലധികം ഒരു വിമർശനമുണ്ടോ? ഒന്നു് അതിന്റെ വിപരീതത്തിന്റെ രൂപമാണു് എന്നതിലധികം എങ്ങനെയാണതിനെ വിമർശിക്കുക?
- പതിനൊന്നു്:
- കല മനുഷ്യതയുടെ ഒരു സവിശേഷതയാണല്ലോ. ചിരിയും ചിന്തയുമൊന്നും മനുഷ്യേതരങ്ങൾക്കില്ലെന്നു് നാം പറയാറുണ്ടു്. ആ പട്ടികയിൽ ബോറിനേയും ഉൾപ്പെടുത്തണം. ബോറടി മനുഷ്യനു് മാത്രം അനുഭവപ്പെടുന്ന ഒന്നാണു്. മനുഷ്യനു മാത്രമേ അന്യനെ ബോറടിക്കാനും കഴിയൂ. വർഷങ്ങളായി ഒരിടത്തുതന്നെ നിന്നിട്ടു് പ്ലാവിനോ ജന്മങ്ങളായി ഒരേ മാതിരി കുരച്ചിട്ടു് പട്ടിക്കോ ഇതു് വരെ സ്വയം ബോറടിച്ചിട്ടില്ല. അവ മനുഷ്യനെ ബോറടിച്ചിട്ടുമില്ല. അങ്ങേത്തല ദേഷ്യം പിടിപ്പിച്ചിരിക്കാം. ബോറടി അനുഭവപ്പെടുന്ന ഏക ജന്തു എന്നതുപോലെ ബോറടിക്കുന്ന ഏക ജന്തു എന്ന വിശേഷണവും മനുഷ്യനു ചേരും.
- പന്ത്രണ്ടു്:
- കലയ്ക്കു മാത്രമേ അനശ്വരതയുള്ളൂ; ബോറ് നശ്വരമാണു്. കാലാകാലങ്ങളിൽ മനുഷ്യൻ സൃഷ്ടിച്ചുവിട്ട ബോറെല്ലാം നിലനിന്നാലത്തെ ഭയങ്കരത ആർക്കു സങ്കല്പിക്കാം?

ഈ നൂറ്റാണ്ടു് ബോറിനെക്കുറിച്ചു് കൂടുതലായി ചിന്തിക്കുന്നുണ്ടു് എന്നു് വിചാരിക്കണം. ഹിപ്പിയിസം ബോറിന്നെതിരായ ഒരു കലാപമാണു്. മതത്തിലും സംസ്ക്കാരത്തിലും മറ്റു് സാമൂഹ്യസ്ഥാപനങ്ങളിലും ഉള്ളടങ്ങിയ കല കണ്ടുകിട്ടാത്തതാണല്ലോ അവരുടെ പരാതികളിൽ ഒന്നു്. എല്ലാം അവർക്കു ബോറായിത്തോന്നുന്നു. അല്ലെങ്കിലും യുവത്വത്തിനാണു് ബോറിന്റെ ശല്യം കൂടുതലായി അനുഭവപ്പെടുക. വയസ്സാനാവുക എന്നതിനു് എന്തും സഹിക്കാൻ പാകപ്പെടുക എന്നുകൂടി അർത്ഥമുണ്ടല്ലോ. അവർക്കു് പലപ്പോഴും ബോറ് എന്നൊന്നില്ല. അല്ല, അവർ അതിനോടു് രാജിയായിക്കളയുന്നു.
നൂറു ശതമാനം നേരും, എന്നാൽ തന്നെ മനുഷ്യൻ പറയാൻ മടിക്കുന്നതുമായ ചില കാര്യങ്ങളുണ്ടു്. ഒരാളോടുള്ള സ്നേഹവും താല്പര്യവും ആദരവുമൊക്കെ നാലാളു് കേൾക്കെ അയാളോടു തന്നെ എടുത്തുപറയുന്നതിലെ ബോറ് ഒന്നോർത്തു നോക്കു. ശുദ്ധസത്യവും ബോറായിത്തീരുമല്ലോ എന്നു് നടുങ്ങേണ്ട സമയം ഇതാകുന്നു.
ബോറിന്റെ ഈ ഘനാന്ധകാരത്തിലും ഒരു മിന്നാമിനുങ്ങുള്ളതു് കാണാതെ വിട്ടുകൂടാ. കുമാരനാശാൻ നമ്മെ ആശ്വസിപ്പിക്കുകയുണ്ടായല്ലോ.
“ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം;
ശരിയായു് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ”
ബോധപൂർവ്വം ബോറു പ്രയോഗിക്കുമ്പോൾ അതു കലയോടടുക്കുകയാണു്. സദസ്സിനെക്കുറിച്ചു് ശരിയായ ബോധമുള്ള പ്രസംഗകൻ ‘അവരെ ശിക്ഷിച്ചിട്ടു് കാര്യം’ എന്നുവെച്ചു് പ്രസംഗം നീട്ടുന്നുവെന്നു് വിചാരിക്കൂ. അല്ലെങ്കിൽ ബോറടിക്കാനിരുന്നുകൊടുത്തേക്കാം എന്നു് സദസ്യർ സൗജന്യബുദ്ധിയാകുന്നതു് സങ്കല്പിച്ചു നോക്കൂ. അവിടെയൊക്കെ ബോറുണ്ടെങ്കിലും അതിൽ അല്പം രസികതയും ഉണ്ടു്. ചില പീറസിനിമകൾ കാണാൻ പോകുമ്പോൾ ആളുകൾ പറയാറില്ലേ, ബോറടിയിലും ഒരു രസമുണ്ടെന്നു്. ബോറിൽ പോലും കല കണ്ടെത്തുന്ന ഈ സൗജന്യബുദ്ധിയുടെ നിമിഷത്തിലായിരിക്കണം “ബോറിന്റെ സാന്ദ്രത ഒരു കലാരൂപമാണു്” എന്നു് സാർത്ര് പറഞ്ഞതു്.

ബോറിൽ നിന്നുള്ള രക്ഷാമാർഗ്ഗമെന്തു്? ഒന്നു് തീർച്ചയായും കലയാണു്. കലാസ്വാദനശേഷിയില്ലാത്തവൻ ഉറക്കം വഴി ബോറിൽ നിന്നു് രക്ഷപ്പെടുന്നു. കാവ്യശാസ്ത്രങ്ങളിൽ രമിക്കാൻ കഴിയുന്നവരേയും ഉറങ്ങി കാലം കളയുന്നവരേയും ഭാമഹൻ രണ്ടു ചേരിയായിക്കണ്ടതിനു് ഈ തലത്തിൽ കൂടി അർത്ഥമുണ്ടാകാവുന്നതല്ലേ എന്നാലോചിക്കേണ്ടതുണ്ടു്.
ബോറിനു തുല്യമായി ഒരു മലയാളപദം ഇല്ല എന്നതും ആലോചിക്കേണ്ടതു തന്നെ. വിരസത, മുഷിവു് തുടങ്ങിയ നമ്മുടെ വാക്കുകൾ ‘ബോറ്’ എന്ന വാക്കിനു മുന്നിൽ ഒന്നുമല്ല. ഒരു സമാധാനമേയുള്ളൂ: ബോറ് പ്രഹരസമാനമാണെന്നു് കണ്ടു് നാം ‘ബോറടി’ എന്നൊരു സമസ്തപദം സൃഷ്ടിച്ചിട്ടുണ്ടല്ലോ!
അവസാനമായി വേദവ്യാസനെ അനുകരിച്ചു് ഒരു കാര്യം പറയട്ടെ: “അവനവനു് ബോറ് എന്നു് തോന്നുന്നതെന്തോ അതു് പരനിൽ (അന്യനിൽ, ശത്രുവിൽ) അണയ്ക്കരുതു്. ഇത്രയുമാണു് ചുരുക്കത്തിൽ ധർമ്മം. ശേഷമെല്ലാം ഇഷ്ടംപോലെ.”
ഈ ലേഖനം ഇപ്പോൾ തുടക്കത്തിലേക്കു് തന്നെ തിരിച്ചു ചെല്ലുന്നു: ബോറിനെക്കുറിച്ചെഴുതിയാൽ ബോറാകുമോ?
ഏതായാലും ഒന്നു് പറയാം: ഈ ലേഖനത്തിലെ ബോറിന്റെ അംശങ്ങൾ കണ്ടെത്തുക വഴി ഓരോ വായനക്കാരനും ലേഖകന്റെ വിജയത്തെത്തന്നെയാണു് ഉദാഹരിക്കുന്നതു്.
വീക്ഷണം വാർഷികപ്പതിപ്പു്, 1976.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.