ജീവിതത്തിൽ മനുഷ്യനാകപ്പാടെ കൊതിക്കുന്നതു് സുഖമാണു്. മോക്ഷംപോലും ജീവിതാനന്തരമുള്ള പരമസുഖത്തെയാണല്ലോ ലക്ഷ്യമാക്കുന്നതു്. എന്നാൽ മനുഷ്യന്റെ സൃഷ്ടികളിൽവെച്ചു് ഏറ്റവും മഹത്തായ കലയിൽ ഏറ്റവും വലിയ അംശം ദുഃഖമാണു്. നിത്യജീവിതത്തിൽ സുഖം മാത്രം അനുഭവിക്കാൻ ഇച്ഛിക്കുന്നവർ എങ്ങനെ ഈ ദുഃഖം ആസ്വദിക്കുന്നു?

ഈ ചോദ്യത്തിനു് എത്രയോ കാലത്തെ പഴക്കമുണ്ടു്. കിഴക്കും പടിഞ്ഞാറുമുള്ളവർ കാലാകാലങ്ങളിൽ ഇതിനുത്തരം പറഞ്ഞുപോന്നിട്ടുമുണ്ടു്. ആ ഉത്തരങ്ങളിൽ പ്രബലമായ ഒന്നിനെയാണിവിടെ ചർച്ച ചെയ്യുന്നതു്. ആദ്യം ആ വാദഗതി സംഗ്രഹിക്കാം: കലയുടെ അസംസ്കൃതവസ്തുവായ ജീവിതത്തിലെ അനിവാര്യമായ ദുഃഖം എന്ന ഘടകം കലയിലും കാണുന്നു. ദുഃഖാനുഭവങ്ങൾ സ്മരണകളാവുമ്പോൾ അവ നമ്മെ നേരിട്ടു് ബാധിക്കാത്തതുകൊണ്ടു് ആസ്വാദ്യമായിത്തീരാറുണ്ടു്. കലയിലെ ദുഃഖങ്ങളും ഇതുപോലെയാണു്. നമ്മെ നേരിട്ടു് ബാധിക്കാത്തതുകൊണ്ടു് അവ ആസ്വാദ്യമായിത്തീരുന്നതു്. ജീവിതത്തിലെ ഏതു തരം അനുഭവവും സ്മരണയിലൂടെ അയവിറക്കുമ്പോൾ അതിനൊരാസ്വാദ്യതയുണ്ടല്ലോ. ഇതുകൊണ്ടാണു് കല സ്മൃത്യാത്മകമാണു് എന്നു് പറയുന്നതു്.
ഈ വാദത്തിനനുകൂലമായി നമ്മുടെ പല വിമർശകരും—പ്രൊഫ. മുണ്ടശ്ശേരി (കാവ്യപീഠിക)യും മറ്റും—എഴുത്തിലും പ്രസംഗത്തിലും പലപാടുദ്ധരിച്ച ഒന്നാണു് കാളിദാസ ന്റെ ഈ ശ്ലോകാർദ്ധം:
പ്രാപ്താനി ദുഃഖാന്യപി ദണ്ഡകേഷു
സംചിന്ത്യമാനാനി സുഖാന്യഭൂവൻ
രഘുവംശം: 14–25
ദണ്ഡകവനത്തിലെ ദുഃഖാനുഭവങ്ങളെല്ലാം ഇന്നു് അയോദ്ധ്യയിലിരുന്നു് ഓർക്കുമ്പോൾ സുഖങ്ങളായിത്തോന്നുന്നു എന്നു് സീത രാമനോടു് പറയുന്നതാണു് സന്ദർഭം.
ഇതിന്നെതിരിലാണു് ഈ ലേഖനത്തിനു് വാദമുള്ളതു്: എല്ലാ ദുഃഖാനുഭവങ്ങളും ഓർക്കുമ്പോൾ സുഖകരങ്ങളായിത്തീരുമോ?
ഈ സീതയെത്തന്നെ മുൻനിർത്തി ആലോചിക്കാം. സീത ആ സന്ദർഭത്തിൽ പറഞ്ഞതു് അക്ഷരംപ്രതി ശരിയാണു്. ദണ്ഡകവനത്തിലെ ദുഃഖാനുഭവങ്ങൾ അയവിറക്കാൻ അയോദ്ധ്യാരാജധാനി പറ്റിയ ഇടം തന്നെ. അത്തരം സുഖസൗകര്യങ്ങളൊന്നുമില്ലാത്ത മറ്റൊരു വനത്തിൽ വെച്ചു് മേൽപ്പറഞ്ഞ ഓർമ്മ സുഖകരമാവുമോ? ഇല്ല. ദുഃഖം അന്യമായിത്തീരാൻ വേണ്ട സമയപരിധിപോലെത്തന്നെ, അതിനെ ഓർമ്മ മാത്രമാക്കിത്തീർക്കുന്ന സൗകര്യങ്ങൾകൂടി ഉള്ളപ്പോഴേ കയ്പുള്ള അനുഭവത്തിന്റെ ഓർമ്മ സുഖകരമാവൂ.
ഇരിക്കട്ടെ. ചോദ്യമൊന്നു് മാറ്റിനോക്കാം:
ദണ്ഡകവനത്തിൽ വെച്ചു് രാമനും സീതയും തമ്മിലോ രാമനും ലക്ഷ്മണനും തമ്മിലോ കലഹിച്ചിരുന്നു എന്നു വെക്കുക. ആ ഓർമ്മയും സീതക്കു സുഖകരമാവുമോ? എന്തിനു്, പില്ക്കാല സംഭവങ്ങളിലൊന്നായ രാവണന്റെ വരവും ആ കട്ടുകൊണ്ടുപോകലും ഓർത്തു് സീത എന്നെങ്കിലും സുഖിച്ചിരിക്കുമോ? ഉറപ്പിച്ചു തന്നെ പറയാം—സീതക്കു് ഒന്നു മാത്രമേ സാധ്യമാവൂ: അതോർത്തു നടുങ്ങുക! അല്ലെങ്കിൽ അതോർക്കാൻ കൂടി ശക്തയാവാതെ ഇരുന്നു പോവുക!
ആശാന്റെ സീത ദുഃഖാനുഭവങ്ങളുടെ നേരെ വർഷങ്ങൾക്കു ശേഷവും അസ്വസ്ഥയാകുന്നു; രോഷം കൊള്ളുന്നു. അവയൊക്കെ ഓർമ്മകൾ മാത്രമായിത്തീർന്ന കഥ അവളെ ബാധിച്ചിട്ടേയില്ല. മാത്രവുമല്ല, മേൽ പറഞ്ഞപോലെ അതോർക്കാൻകൂടി വയ്യെന്നാണു് സീതയുടെ പക്ഷം:
അതിവത്സല ഞാനുരച്ചിതെൻ
കൊതി വിശ്വാസമൊടന്നു ഗർഭിണി
അതിലേ പദമൂന്നിയല്ലിയി-
ച്ചതിചെയ്തു! നൃപോനോർക്കവയ്യതാൻ
(107)
ഗർഭകാലത്തെ അരിശിപറച്ചിലുകളിലൊന്നിന്റെ പൂർത്തീകരണരൂപത്തിലാണല്ലോ സീതാപരിത്യാഗം ഉണ്ടായതു്. ആ പൂതി അങ്ങനെ ചാടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലം ആശാന്റെ സീത വിസ്തരിച്ചുതന്നെ പറഞ്ഞിട്ടുണ്ടു്. അതിങ്ങനെ അവസാനിക്കുന്നു:
പറയേണ്ടയി! ഞങ്ങൾ ബുദ്ധിയിൽ
കുറവില്ലാത്ത മൃഗങ്ങൾ പോലെയും
നിറവേറ്റി സുഖം വനങ്ങളിൽ
ചിറകില്ലാത്ത ഖഗങ്ങൾ പോലെയും
(120)
ആശാന്റെ സീത ഇവിടെ ദുഃഖം എന്ന വാക്കു് പറയാൻ മറന്നുപോകുന്നു. എന്നിട്ടും ആ വനവാസം ഒരു ചതിയുടെ രൂപത്തിൽ തിരിച്ചുവന്നപ്പോൾ അവൾക്കു് രുചിച്ചില്ല. കൊല്ലമേറെ കഴിഞ്ഞിട്ടും ആ ചതിയുടെ ഓർമ്മ പോലും അവൾക്കു ദുസ്സഹമാണു്. ദശരഥൻ ഓർമ്മകളിൽ നീറി മരിച്ചുപോവുകയാണു് ഉണ്ടായതു്.
ഇപ്പോൾ ഒരു വാദം തലപൊക്കുകയായി; അയവിറക്കപ്പെടുന്ന ശാരീരികദുഃഖങ്ങൾ സുഖകരങ്ങളാവുന്നു; മാനസികദുഃഖങ്ങൾ മറിച്ചും.
ഇതിൽ അല്പം ശരി കണ്ടേക്കാമെങ്കിലും ഏറെ തെറ്റുതന്നെയാണുള്ളതു്. ശാരീരികമെന്നും മാനസികമെന്നും ലോകത്തു് ദുഃഖം വേർതിരിഞ്ഞിരിപ്പില്ല. സാധാരണയായി ശാരീരികപീഡ മനസ്സിനേയും മാനസികപീഡ ശരീരത്തേയും കീഴടക്കുകതന്നെ ചെയ്യും.
പ്രശ്നം ബാക്കിയാണു്: ഓർമ്മകളിൽ എല്ലാതരം ദുഃഖവും സുഖകരമായിത്തീരുമോ? ഇല്ലെന്നതിനു് തെളിവു് മേൽപറഞ്ഞു. അങ്ങനെ സുഖകരമായിത്തോന്നുന്ന അനുഭവം ഏതു്? അതിനു് മറ്റു ദുഃഖാനുഭവങ്ങളിൽ നിന്നുള്ള വ്യത്യാസമെന്തു് ?
എനിക്കു തോന്നുന്നു, സ്വയം വരിച്ച ദുഃഖങ്ങൾക്കു് മാത്രമേ ആ അനുഭവമുണ്ടാകൂ എന്നു്. ഉദാഹരണം സീത തന്നെ. ആദ്യത്തെ വനവാസം അവൾ സ്വയം വരിച്ചതാണു്. അങ്ങനെ ഇറങ്ങിത്തിരിക്കാൻ മാനസികമായി ഒരു ബുദ്ധിമുട്ടും ആ രാമപത്നിക്കുണ്ടായിരുന്നില്ല. ആ മാനസികമായ തയ്യാറെടുപ്പു് നീണ്ട പതിന്നാലുകൊല്ലത്തെ കഷ്ടനഷ്ടങ്ങളെയെല്ലാം സുഖാനുഭവങ്ങളാക്കുന്നു; ഓർമ്മകളിൽ വിശേഷിച്ചും. സ്നേഹപ്രചോദിതമായ ആ മാനസികാവസ്ഥയെയാണു്, തയാറെടുപ്പിനെയാണു്, ആശാന്റെ സീത ഇങ്ങനെ ശ്ലാഘിച്ചു തഴുകുന്നതു്.
പുരുഷന്നു പുമർത്ഥഹേതു നീ
തരുണിക്കത്തരുണീ ഗുണങ്ങൾ നീ
നിരൂപിക്കുകിൽ നീ ചമയ്പു ഹാ!
മരുഭൂ മോഹനപുഷ്പവാടിയായ്
(122)
മറിച്ചു്, അന്യവ്യക്തികളോ ജീവിതം തന്നെയോ ഏല്പിക്കുന്ന ദുഃഖങ്ങൾ എക്കാലവുംം കയ്പ്പുറ്റവ തന്നെ. തമാശ വിട്ടു് കാര്യത്തിലേക്കു് കടക്കുന്ന ഒരു ചതി ആർക്കെങ്കിലും നല്ല ഓർമ്മയായിരിക്കുമോ? സ്മരണ സുഖകരമാവുന്നതു പോയിട്ടു്, അസ്വാസ്ഥ്യം നേർത്തുകിട്ടുകയെങ്കിലും ചെയ്യും എന്നുണ്ടെങ്കിൽ വല്ല രമണനും ആത്മഹത്യ ചെയ്യുമോ?
പണ്ടുകാലത്തെ പട്ടിണിയേയും ഇരവലിനേയും കുറിച്ചു് ഓർക്കാതിരിക്കാനാണു് പുതുപണക്കാരൻ ശ്രമിക്കുന്നതു്. അങ്ങനെയല്ലാത്ത ഒരു ന്യൂനപക്ഷമുണ്ടു്: അവർ അക്കാലത്തെ കഷ്ടപ്പാടുകളെ സ്വന്തം കുടുംബത്തിനു വേണ്ടി സഹിച്ച ത്യാഗമായി സ്വയം മനസ്സിലാക്കുകയും അപ്രകാരം വ്യാഖ്യാനിച്ചു സുഖിക്കുകയുമാണു് പതിവു്. അന്യരിൽ നിന്നു് ഏല്ക്കേണ്ടി വന്ന കഷ്ടതകളെക്കുറിച്ചു് സരസമായി ഈർഷ്യാകാലുഷ്യമില്ലാതെ തെളിഞ്ഞ ഭാഷയിൽ സംസാരിക്കുന്നവരെ കണ്ടിട്ടുണ്ടു്. അവരും ശത്രുത കൊണ്ടു് അന്യൻ ചെയ്ത ദുഷ്കൃത്യത്തെ മറക്കാനും പൊറുക്കുവാനും തയാറാവുന്ന ത്യാഗബുദ്ധിയുള്ള നല്ല മനുഷ്യരാണു്. അങ്ങനെയല്ലാത്തവർ ആ ശത്രുതാവിഷം ഉള്ളിൽ വെച്ചുകൊണ്ടു് കെട്ടുപോകുന്നതും നാം കണ്ടുവരാറുണ്ടല്ലോ.
“സ്മരണകളിൽ പോലും നടുക്കമുണ്ടാക്കുന്നതു്” എന്ന നമ്മുടെ നിത്യസാധാരണമായ പ്രയോഗം വന്നു വിശ്രമിക്കുന്നതു് മേൽ വാദഗതിയിൽ തന്നെയാണു്.
ബാക്കിയാവുന്ന ചോദ്യം: സ്വയം വരിച്ച ദുഃഖത്തെക്കുറിച്ചു് ദുഃഖിക്കുന്നവരില്ലേ?
ഉണ്ടു്. സ്വയം കൃതാനർത്ഥങ്ങളെച്ചൊല്ലി വിലപിക്കുന്ന അത്തരം വീണ്ടുവിചാരമില്ലാത്തവരെ ഈ ചർച്ചയുടെ വട്ടത്തിൽ കൊണ്ടുവരേണ്ട. മേലും കീഴും ആലോചിച്ചു് മറ്റുള്ളവർക്കു വേണ്ടി അവനവൻ ദുഃഖം തെരഞ്ഞെടുക്കുന്നതും ഒന്നിലേക്കു് എടുത്തു ചാടുന്നതും തമ്മിലുള്ള അന്തരം വ്യക്തമാണല്ലോ.
ഇനി, നമുക്കു് കലയിലേക്കു് വരിക:
അതെ, അവിടത്തെ ദുഃഖം ആരും നമ്മിൽ കെട്ടിയേല്പിക്കുന്നതല്ല. നാം സ്വയം ചെന്നു് ഏല്പിക്കുന്നവയാണു്, ത്യാഗമോ അതിന്റെ ഭാവമോ ആണു്.
നിത്യജീവിതത്തിൽ സുഖം കൊതിക്കുന്നവൻ എന്തിനു് കലാജീവിതത്തിൽ അസുഖം വരിക്കുന്നു എന്നു് ചോദിക്കാം. നിത്യജീവിതത്തിലെ ആഴം കുറഞ്ഞ സുഖങ്ങളല്ലേ; ആഴമേറിയ ദുഃഖങ്ങളാണു് ഉയർന്ന ആസ്വാദകന്റെ പ്രശ്നം എന്നാണുത്തരം. ജീവിതത്തിൽ അല്പസ്വല്പമുള്ള സുഖസന്തോഷങ്ങളെ ഊതിവീർപ്പിച്ചു രസിക്കാൻ, മുതിർന്ന കലാസ്വാദകനു വയ്യ; പാവയുടെ ചലനത്തിൽ മുതിർന്നവർക്കു് അദ്ഭുതം കൂറാൻ വയ്യാത്തതുപോലെ.
നിത്യജീവിതത്തിലെ സ്വയം ദുഃഖങ്ങളിലാണു്, ത്യാഗങ്ങളിലാണു് ലോകത്തിലെ എല്ലാ നല്ല കാര്യങ്ങളും മുളപൊട്ടിയതു്. ത്യാഗബുദ്ധികളായ വലിയ മനുഷ്യരുടെ കഷ്ടനഷ്ടങ്ങളുടെയും തീരാത്ത തീവ്രദുഃഖങ്ങളുടെയും കണ്ണീരുറവകൊണ്ടാണു് മനുഷ്യന്റെ വിജ്ഞാനവും കലയും ശാസ്ത്രവും എന്നു വേണ്ട നല്ലതായ എല്ലാം, എല്ലാകാലത്തും പച്ചപിടിച്ചുപോന്നിട്ടുള്ളതു്. ഈ ത്യാഗത്തിന്റെ ഭാവം തന്നെയാണു് കലാജീവിതത്തിലെ ദുഃഖാനുഭവങ്ങളെയും ആസ്വാദ്യമാക്കുന്നതു്. അന്യനുവേണ്ടി നാം സഹിക്കാൻ തയ്യാറാവൽ തന്നെയാണതു്. ആ നില വളർന്നാണു് അന്യനെന്നും ഞാനെന്നുമുള്ള ഭേദചിന്തയില്ലാതെ നാം കഥാപാത്രത്തോടു് തന്മയീഭവിക്കുന്നതു്. രന്തിദേവന്റെ—മസോക്കിസത്തിന്റെ—ഒരംശമെങ്കിലും കലാസ്വാദനത്തിൽ സജീവമായി തുടിക്കുന്നുണ്ടു് എന്നു ചുരുക്കം.

വിശ്വോത്തരകൃതികളിൽ ഒട്ടുമുക്കാലും ദുഃഖാന്തങ്ങളാണെന്ന കാര്യം ഇവിടെ ചേർത്തുവെച്ചു് ആലോചിക്കാവുന്നതാണു്. ഷേക്സ്പിയർ കൃതികളല്ല, ഷേക്സ്പീരിയൻ ട്രാജഡികളാണു് ആസ്വാദകനു വേണ്ടതു്. ദുഃഖാന്തകൃതികളില്ലെന്നു പറയുന്ന നമ്മുടെ പ്രാചീന സാഹിത്യത്തിൽ ദുഃഖാന്തങ്ങളായ രാമായണവും ഭാരതവുമാണു് മുന്തിനില്ക്കുന്നതു് എന്നതു് ശ്രദ്ധിക്കണം. രഘുവംശം തുടങ്ങിയവയും ദുഃഖപര്യവസായികൾ തന്നെ. ശാകുന്തളം മുതലായ സുഖപര്യവസായികളിലും ശോകരംഗങ്ങളാണു് സഹൃദയരെ ആകർഷിക്കുന്നതു്. ഇന്നത്തെ കലാരൂപമായ ചലച്ചിത്രമെടുത്തോളൂ—ശോകരംഗങ്ങളും ശോകഗാനങ്ങളുമല്ലേ, അല്പമെങ്കിലും നിലനില്ക്കുന്നതു്?

മഹാൻ എന്നറിയപ്പെടുന്ന ഓരോരുത്തനും ഉദാത്തമായൊരു ട്രാജഡിയിലാണു് സഹജീവികളെ വിട്ടിട്ടുപോകുന്നതു്. സോക്രട്ടീസും ക്രിസ്തുവും ഗാന്ധിജി യും ഭൗതികദുരന്തത്തിന്റെ കണ്ണീരിൽ ജ്ഞാനസ്നാനം ചെയ്ത് മഹത്വത്തെ പുല്കുന്നു. നേരെ കിടന്നു് മരിക്കാൻ ‘ഭാഗ്യ’മുണ്ടായ മനുഷ്യസ്നേഹികളുടെ ജീവിതത്തിലും കയ്പു് കുറവായിരുന്നില്ല.
വായന, ചിന്ത, ജീവിതപരിചയം തുടങ്ങിയവകൊണ്ടു് ആസ്വാദന സംസ്ക്കാരം വളരാത്ത കലാസ്വാദകൻ കലയിലെ കൃത്രിമച്ചിരികളും സുഖഭോഗവർണ്ണനകളും അന്വേഷിച്ചുപോകുന്നു. മറുഭാഗത്തു് “കണ്ണീരുപ്പു പുരട്ടാത്ത ജീവിതപലഹാര”ത്തിനു് രുചിയില്ലെന്നു് വിശ്വസിക്കുകയും മഹത്വം എന്ന സങ്കല്പത്തിന്റെ അംശമെങ്കിലും സൂക്ഷിക്കുകയും ചെയ്യുന്ന കലാസ്വാദകന്റെ വിഷാദസ്മിതം സീതയുടെ വാക്കുകൾക്കൊപ്പം വിടരുന്നു:
“വിനയാർന്ന സുഖം കൊതിക്കയി-
ല്ലിനി മേൽ ഞാൻ—അസുഖം വരിക്കുവൻ”

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.