ആയിരത്തൊള്ളായിരത്തി എഴുപത്തിനാലു് ഫെബ്രുവരി ഇരുപത്തി രണ്ടു്.
വെള്ളിയാഴ്ച രാവിലെ പത്തുമണി.
സമസ്തകേരളസാഹിത്യപരിഷത്തിന്റെ മുപ്പത്തിനാലാം സമ്മേളനം കാസ്രക്കോട്ട് ഉബൈദുനഗറിൽ ആരംഭിക്കുകയാണു്.
ഉദ്ഘാടന സമ്മേളനം.
ജരാസന്ധൻ എന്ന പേരിൽ പ്രഖ്യാതനായ ചാരുചന്ദ്രചക്രവർത്തിയാണു് ഉദ്ഘാടകൻ.
അതിഥികളെ പരിചയപ്പെടുത്തിയ സി. പി. ശ്രീധരൻ നേരത്തെ പറഞ്ഞുവെച്ചു: “മുഖ്യാതിഥി ജരാസന്ധനെ ബംഗാളിൽ നിന്നു് ഇവിടെ കൊണ്ടു വരാൻ സംഘാടകർക്കു കഴിഞ്ഞിട്ടുണ്ടു്. ആശംസാപ്രസംഗം നടത്തേണ്ട മഹാകവി പി. കുഞ്ഞിരാമൻ നായർ ഇവിടേയ്ക്കടുത്ത കാഞ്ഞങ്ങാട് സ്വദേശിയാണെങ്കിലും അദ്ദേഹം ഇനിയും ഇവിടെ എത്തിച്ചേർന്നിട്ടില്ല. ചടങ്ങു് തീരുമുമ്പു് വന്നെത്തുമെന്നു് പ്രതീക്ഷിക്കുന്നു.”
സഹജമായ യാത്രയുടെ ഏതോ തിരിവിൽവെച്ചു മഹാകവിയുടെ ഓർമ്മയിൽ നിന്നു് കാസ്രക്കോട് പരിഷത്ത് വീണുപോയിരിക്കുമെന്നു് കേട്ടിരുന്നവർ കരുതി.
ജരാസന്ധന്റെ ഉദ്ഘാടനപ്രസംഗം കഴിഞ്ഞു.
ചടങ്ങു് നിയന്ത്രിച്ചുകൊണ്ടിരുന്ന പരിഷദദ്ധ്യക്ഷൻ പ്രൊഫ. സുകുമാർ അഴീക്കോട് എഴുന്നേറ്റു:
“അടുത്ത ഇനം ശ്രീ. പി. കുഞ്ഞിരാമൻനായരുടെ ആശംസാ പ്രസംഗമാണു്. അദ്ദേഹം ഈ ശബ്ദം കേൾക്കുന്നിടത്തു് എവിടെയെങ്കിലും ഉണ്ടെങ്കിൽ ദയവുചെയ്തു് ഈ വേദിയിലേക്കു വരണം.”
ഗൗരവം കലർന്ന സ്വതസ്സിദ്ധമായ ആ നർമ്മരസത്തിൽ പ്രൊഫ. അഴീക്കോട് നിർത്തി.
കേട്ടിരുന്നവർ നാലുപാടും നോക്കി.
ആ തിങ്ങിനിറഞ്ഞ സദസ്സിന്റെ മൂലയിലൂടെ, അതാ ഒരാൾ വേദിയിലേക്കു നടന്നുപോകുന്നു.
നീണ്ട ജുബ്ബ.
അലസമായി വലിച്ചുകുത്തിയുടുത്ത ഖദർമുണ്ടു്.
തോളിൽ ഇരുവശത്തേക്കും തൂങ്ങിക്കിടക്കാറുള്ള ആ ഖദർവേഷ്ടി അരയ്ക്കു കെട്ടിയിട്ടുണ്ടു്.
കൈകളിൽ ഒരു കുല മാമ്പൂ ആദരപൂർവ്വം പിടിച്ചിരിക്കുന്നു.
മഹാകവി പി!
സദസ്സു് കൈയടിച്ചു.
കവി അതൊന്നും ശ്രദ്ധിക്കുന്നില്ല. ഒരു സദസ്സിലൂടെ നടന്നുനീങ്ങുകയാണെന്നുപോലും അദ്ദേഹം അറിയുന്നില്ല. ഏതോ പൂജാദ്രവ്യങ്ങളുമായി ഭഗവദ്സന്നിധിയിലേക്കു പോകുന്ന ഭക്തന്റെ ഭാവമാണു് ആ മുഖത്തു്.
അദ്ദേഹം വേദിയിൽ കയറുകയാണു്.
ജരാസന്ധനും പ്രൊഫ അഴീക്കോടുമൊക്കെ അതുതന്നെ നോക്കിയിരുന്നു.
സദസ്സു് നിശ്ശബ്ദം.
കുഞ്ഞിരാമൻ നായർ നടന്നു് ജരാസന്ധന്റെ മുന്നിലെത്തി. കൈയിൽ കരുതിയിരുന്ന മാമ്പൂ ഭക്ത്യാദരപൂർവ്വം ജരാസന്ധനു കൊടുത്തു.
ജരാസന്ധൻ എഴുന്നേറ്റുനിന്നു് രണ്ട് കയ്യും നീട്ടി അതു സ്വീകരിച്ചു.
സദസ്സു് അദ്ഭുതസ്തബ്ധമായി നോക്കിയിരിക്കെ, മഹാകവി ജരാസന്ധന്റെ കാൽ തൊട്ടുവന്ദിച്ചു. ജരാസന്ധൻ നിന്നു വിഷമിക്കുകയായിരുന്നു. അദ്ദേഹം തടഞ്ഞു. കവി കൂട്ടാക്കിയില്ല.
ചുറ്റും ആളുണ്ടെന്ന യാതൊരു കൂട്ടവുമില്ലാതെ കുഞ്ഞിരാമൻ നായർ കളിക്കൂട്ടുകാരനെ എന്നപോലെ ജരാസന്ധനെ തോളിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ കവിളിൽ മുത്തി. ഇരുതോളും സ്വന്തം തോളോടും ചേർത്തു.
മുഖത്തൊരു പുഞ്ചിരി വരുത്തി ജരാസന്ധൻ ആ സ്നേഹപ്രകടനത്തിൽ നിന്നു് വല്ലപാടും ‘രക്ഷപ്പെട്ടു’. നിലത്തൂർന്നുവീണ വേഷ്ടി കുനിഞ്ഞെടുത്തു് കുഞ്ഞിരാമൻ നായർ മൈക്കിനടുത്തേക്കു നടന്നു.
കവി നിറഞ്ഞ കണ്ണു തുടച്ചു.
ആ അടക്കമില്ലാത്ത രീതിയിൽ കുഞ്ഞിരാമൻ നായർ പറഞ്ഞു തുടങ്ങി. മുമ്പെപ്പോഴും എന്നപോലെ അന്നും ഔപചാരികമായ തുടക്കങ്ങളൊന്നുമില്ല:
“ഞാൻ വന്നതു് പരിഷത്തിൽ പ്രസംഗിക്കാനല്ല. ഇതാ, ഈ മഹാനുഭാവനെ കാണാനാണു്.”
നിർത്തിയിട്ടു്, കണ്ണടക്കു് മുകളിലൂടെ പതിവുള്ള ആ നോട്ടം നോക്കി. പല്ലില്ലാത്ത വായിൽനിന്നു ഉച്ചാരണത്തിന്റെ വ്യത്യസ്തതയോടെ വാക്കുകൾ ചിതറിവീണു:
“ഇദ്ദേഹത്തെ കണ്ടാൽ പുണ്യം കിട്ടും. ഇദ്ദേഹം വംഗദേശത്തു ജനിച്ചു. മുലപ്പാലിനൊപ്പം വംഗഭാഷ നുകർന്നു വലുതായി; വംഗഭാഷയിൽ എഴുതി പ്രസിദ്ധനായി. മാതൃഭാഷ പോലെ എനിക്കു് പൂജ്യമായ വംഗഭാഷയിലെ ഈ മഹാസാഹിത്യകാരനെ കാണാൻ വരുമ്പോൾ എന്താണു് കൊണ്ടുവരേണ്ടതു് എന്ന കാര്യം എന്നെ കുഴക്കി. ഒടുക്കം ഒരു സംസ്കാരികനായകനു മുമ്പിൽ കേരളീയനു കാഴ്ചവെക്കാനുള്ളതു് മാമ്പൂവാണു് എന്നു ഞാൻ തീർച്ചയാക്കി. പുതുമ മങ്ങാത്ത ഒരു കുല മാമ്പൂ സമ്പാദിക്കാൻ പോയതുകൊണ്ടാണു് ഈ ചടങ്ങിൽ എത്തിച്ചേരാൻ ഞാനല്പം വൈകിപ്പോയതു്.”
സദസ്സു് ആഹ്ലാദപൂർവ്വം കൈയടിച്ചു.
കവിയുടെ പ്രസംഗം ജരാസന്ധൻ എന്ന പേരിനെക്കുറിച്ചായി:
“ഇത്ര സുന്ദരനും നല്ലവനുമായ ഒരാൾക്കു് ജരാസന്ധൻ എന്നു പേരിട്ടതാരു്? ചാരുചന്ദ്രചക്രവർത്തി എന്ന പേരു്, ഇദ്ദേഹത്തെ കണ്ടു കൺകുളിർത്തു് അമ്മ വിളിച്ചതാവണം. ജീവിതത്തിന്റെ ചാരുതയിൽ അടങ്ങിയ പൊള്ളത്തരം മനസ്സിലാക്കി ഈ മഹാസാഹിത്യകാരൻ തന്നെയാകാം, ജരാസന്ധൻ എന്നു പേരു മാറ്റിയതു്. എങ്കിലും ഇദ്ദേഹത്തെ ചാരുചന്ദ്രനായിട്ടേ ഞാൻ മനസ്സിലാക്കൂ.”
അതും പറഞ്ഞു് കണ്ണടച്ചില്ലിനു മുകളിലൂടെ ആ കള്ളനോട്ടം നോക്കി; പതിവിൻപടി കള്ളച്ചിരി ചിരിച്ചു.
സദസിൽ ചിരി മുഴങ്ങി. കാര്യം മനസ്സിലായിട്ടോ എന്തോ, ജരാസന്ധനും കുലുങ്ങിച്ചിരിച്ചു.
ആ ചിരി കണ്ടു് കുഞ്ഞിരാമൻനായർ വീണ്ടും ജരാസന്ധനെ കെട്ടിപ്പിടിക്കാനും നമസ്ക്കരിക്കാനുമൊക്കെ പോവുകയാണെന്നു തോന്നിയപ്പോൾ വേദിയുടെ പിൻനിരയിൽ ഇരിക്കുകയായിരുന്ന സി. പി. ശ്രീധരൻ അരുതെന്നു് കൈകൊണ്ടു് ആംഗ്യം കാണിച്ചു.
കവി അതു് കണ്ടില്ല. ശ്രീധരൻ എഴുന്നേറ്റു. അതു തന്നെ തടയാനാണെന്നുതോന്നിയപ്പോൾ കുഞ്ഞിരാമൻ നായരുടെ മട്ടുമാറി. അദ്ദേഹം ശ്രീധരന്റെ നേരെ തിരിഞ്ഞു:
“എന്നെ അവമാനിക്കരുതു്.”
കുഞ്ഞിരാമൻനായർ പിണങ്ങി. പ്രസംഗവേദിയാണെന്ന കാര്യമൊക്കെ വിട്ടു് അദ്ദേഹം ശ്രീധരനോടു് പിണക്കം പറഞ്ഞുതുടങ്ങി:
“ആള്കളെ ക്ഷണിച്ചുവരുത്തി അവമാനിക്ക്യാ? അല്ലേങ്കിലും കുഞ്ഞിരാമൻ നായരോട് എന്തും ആവാം; ല്ലേ?”
എല്ലാം ഉച്ചഭാഷിണിയിലൂടെ കേൾക്കാം!
പ്രസംഗവേദിയിലുള്ളവരും സദസ്സും വിഷമിച്ചു. നേരം വൈകുന്നുവെന്നു് ഓർമ്മിപ്പിക്കാനേ താൻ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നു് സി. പി. ശ്രീധരൻ പറഞ്ഞുനോക്കി. അതൊന്നും കവിയുടെ കാതിൽ കേറിയില്ല. അദ്ദേഹം കരഞ്ഞുപോവും എന്നു തോന്നി.
അദ്ധ്യക്ഷൻ പ്രൊഫ. അഴീക്കോട് ഇടപെട്ടു.
അദ്ദേഹം കുഞ്ഞിരാമൻനായരെ തടഞ്ഞുകൊണ്ടു പറഞ്ഞു:
“കുഞ്ഞിരാമൻ നായർ പ്രസംഗം തുടരണം.”
കവി അദ്ധ്യക്ഷനോടു് പരാതി പറയാനാഞ്ഞു.
സൗഹൃദത്തിന്റെ അധികാരമുപയോഗിച്ചു പ്രൊഫ. അഴീക്കോട് ശബ്ദമുയർത്തിപ്പറഞ്ഞു:
“കുഞ്ഞിരാമൻനായരോട് ഞാനാണു് പറയുന്നതു്.”
കവി അടങ്ങി. ഉടനെ ബാലസഹജമായ നിഷ്ക്കളങ്കതയോടെ അദ്ദേഹം ചോദിക്കുന്നതു കേട്ടു:
“എന്താ ശ്രീധരൻ എന്നെ അപമാനിക്കാൻ?”
ശ്രീധരൻ വീണ്ടും എഴുന്നേറ്റു:
“ഞാൻ അങ്ങനെ വിചാരിച്ചിട്ടുപോലുമില്ല.”
കവി കണ്ണടയ്ക്കു മുകളിലൂടെ ഒളികണ്ണിട്ടു ശ്രീധരനെ നോക്കി:
“ഇല്ലേ?”
“ഇല്ല.”
കവിയുടെ സന്തോഷം പറയണ്ട.
“എന്നാ കൈ കൊടുക്കി.”
സി. പി. ശ്രീധരൻ ചിരിച്ചുകൊണ്ടു കൈകൊടുത്തു. കവി ശ്രീധരനെ ആശ്ലേഷിച്ചു. കരയുന്ന കുട്ടി പെട്ടെന്നു കളിപ്പാട്ടം തെളിയും പോലെ, നിമിഷം കൊണ്ടു് പിണക്കം മറന്നു് കവി ചിരിച്ചു.
പ്രൊഫ. അഴിക്കോടിന്റെ ചിരി, അദ്ധ്യക്ഷഗൗരവത്തിന്റെ എല്ലാതോടുകളും പൊട്ടിച്ചു പുറത്തുവന്നു. ജരാസന്ധൻ വിടർന്ന ചിരിയോടെ കവിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണു്.
സദസ്സിന്റെ കൈയടി ഏറെനേരം നീണ്ടു നിന്നു.
അതിനിടയിൽ, ഇക്കഴിഞ്ഞതൊക്കെ മറന്നു് കുഞ്ഞിരാമൻനായർ മൈക്കിനടുത്തേക്കു നീങ്ങി. നിലാവിലൂടെ മുലപ്പാലു ചുരത്തുന്ന പ്രകൃതിയും ഭാവനയുടെ വിളക്കു തെളിയിക്കുന്ന സാംസ്ക്കാരികാന്തരീക്ഷവും നിറഞ്ഞ കവിയുടെ ലോകം രൂപകചിത്രങ്ങളുടെ തെളിനീരൊഴുക്കിൽ നിന്നു് വാറ്റിയെടുത്ത ആ അരുമശൈലിയിൽ വാർന്നു വീഴുകയായി…
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.