കോഴിക്കോട്ടെ പ്രശസ്തമായ വിദ്യാലയം: ട്രെയ്നിങ് സ്കൂൾ സാഹിത്യസമാജത്തിന്റെ ഉദ്ഘാടനം നടക്കുകയാണു്.
ഞാനാണു് ഉദ്ഘാടകൻ. മുഖ്യാതിഥി. അല്ല, ഒറ്റ അതിഥിയേയുള്ളൂ, ഞാൻ മാത്രം!
പതിവു് ഉദ്ഘാടനത്തിലോ ഔപചാരികതകളിലോ എനിക്കു് താൽപര്യമില്ലെന്നു പറഞ്ഞപ്പോൾ ക്ഷണിക്കാൻ വന്ന അസോസിയേഷൻ സെക്രട്ടറി പറഞ്ഞു “ഞങ്ങൾക്കു് ഉദ്ഘാടനത്തിലല്ല, സാറിന്റെ ക്ലാസ്സിലാണു് താൽപര്യം.”
ഞാൻ വീണു എന്നു് വിശേഷിച്ചു് പറയേണ്ടതില്ലല്ലോ. ആ സെക്രട്ടറിയാണെങ്കിലോ, എന്റെ നാട്ടുകാരനാണു്. “ഒരു വിനീത വായനക്കാരൻ” എന്നാണു് സ്വയം പരിചയപ്പെടുത്തിയതു്. ഞാൻ എഴുതിയതെല്ലാം വായിച്ചിട്ടുണ്ടത്രെ. എനിക്കതും സുഖിച്ചു. അങ്ങനെയൊരാളെ ഞാൻ ആദ്യമായിക്കാണുകയാണു്! മാത്രമോ, അദ്ദേഹത്തിന്റെ ഭരണകാലത്തു് എന്നെ അവിടെയൊന്നു് കൊണ്ടുചെല്ലണം എന്നു് വലിയ പൂതിയായിട്ടു് വന്നതാണു്.
എന്റെ സൗകര്യം പ്രമാണിച്ചു് രണ്ടുതവണ ഉദ്ഘാടനച്ചടങ്ങു് മാറ്റിവെച്ചു. തീർച്ചയായും അതെനിക്കു വലിയ അന്തസ്സാണു്. നാട്ടുകാരായ കുട്ടികൾ ചില സ്ഥാനങ്ങളിലൊക്കെ വന്നാലുള്ള ഗുണം ഇതൊക്കെയാണു്—ചുളുവിൽ അന്തസ്സു കൂട്ടാം.
ഇതൊക്കെയായിട്ടും ചടങ്ങിന്റെ ഔപചാരികതയെ ഞാൻ പുച്ഛിച്ചു. സെക്രട്ടറി വിട്ടില്ല: “ശരി… സാറ് വന്നു് ഇക്കൊല്ലത്തെ മലയാളം അസോസിയേഷൻ ഉദ്ഘാടനം ചെയ്യുന്നു എന്നു് ഒരു വാക്യം മാത്രം പറഞ്ഞാൽ മതി. ബാക്കി സമയം മുഴുവൻ സാറിന്റെ ക്ലാസ്. ക്ലാസ്സാണു് പ്രധാനം. അധ്യക്ഷപ്രസംഗമോ ആശംസകരോ ഒന്നുമുണ്ടാവില്ല. പോരേ?”
മതി… ധാരാളം മതി.
ഞാൻ സമ്മതിച്ചതോടെ, ഏതോ രാജ്യം കീഴടക്കിയ ആഹ്ലാദത്തോടെ സെക്രട്ടറി പോയി. കൃത്യസമയത്തു് സ്കൂളിൽ എത്തിക്കൊള്ളാമെന്നു് ഞാൻ ഏറ്റു.
ഞാൻ വാക്കുപാലിച്ചു. കൃത്യസമയത്തു് സ്കൂൾ ഗേറ്റിൽ ഓട്ടോയിറങ്ങി. ഗേറ്റിനുപുറത്തു് വഴിയിൽത്തന്നെ സെക്രട്ടറി കാത്തുനില്പുണ്ടു്. മുഖ്യാതിഥി സമയനിഷ്ഠ പാലിക്കുന്ന ആളായതു് ആ സംഘാടകന്റെ അന്തസ്സു വർധിപ്പിച്ചിരിക്കണം—കണ്ടോ, ഞാൻ പറഞ്ഞപോലെ അദ്ദേഹം കൃത്യസമയത്തു് എത്തിയില്ലേ? ഇനി, ഞാൻ പറഞ്ഞപോലെ പ്രസംഗവും കസറും…
കുശലവും ചായകുടിയും ആയി ചില്ലറ നേരംപോകുമെന്നു് എനിക്കറിയാമായിരുന്നതിനാൽ ആ നേരംകൂടി കണക്കാക്കിയാണു് ഞാൻ ചെല്ലാമെന്നേറ്റിരുന്നതു്… അങ്ങനെ ചെന്നുപറ്റിയതിനാൽ കിറുകൃത്യമായി പരിപാടി തുടങ്ങി.
സെക്രട്ടറി വലിയ ചാരിതാർഥ്യത്തോടെ, വികാരഭരിതനായി സ്വാഗതം പറഞ്ഞു.
അതു കഴിഞ്ഞയുടനെ വരുന്നൂ, സ്വാഗതഗാനം!
ഇതെന്താണെന്നു് തൊട്ടടുത്തിരിക്കുന്ന അധ്യക്ഷയായ പ്രധാനാധ്യാപികയോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു:
“കാരശ്ശേരിയെ സ്വാഗതം ചെയ്തുകൊണ്ടു് കുട്ടികളാരോ, എഴുതിയ പാട്ടാണു്. ഇതിനുവേണ്ടി എഴുതിയതാണു്.”
നേരു വേണമല്ലോ പറയാൻ. ഞാൻ ശരിക്കും പൂസായിപ്പോയി… കൊള്ളാം. ഗുരുത്വമുള്ള കുട്ടികൾ ഇക്കാലത്തും ഉണ്ടു്… നന്നു്… വളരെ നന്നായി.
രണ്ടു് പെൺകുട്ടികൾ സ്വാഗതഗാനം പാടുവാനായി സ്റ്റേജിലേക്കു വന്നു. ഹാളിൽ നീണ്ട കൈയടി. അവർ ഇവിടത്തെ മികച്ച പാട്ടുകാരികളാവണം. പാട്ടുകാരികൾ എന്നെ നോക്കി വിനയപൂർവ്വം പുഞ്ചിരിച്ചു.
ആ മനോഹരരംഗത്തിൽ തീർത്തും മുഗ്ദ്ധനായി ഞാൻ ഇരിക്കുകയാണു്—ജീവിതത്തിലാദ്യമായാണു് എന്നെ സ്വാഗതം ചെയ്തുകൊണ്ടു് ഒരു ഗാനാലാപനം നടക്കുന്നതു്. ഇതു് അവസാനത്തേതാകാനും മതി!
സ്വാഗതഗാനം തുടങ്ങി. അതൊരു മാപ്പിളപ്പാട്ടാണു്. ലളിതമായ രചന. പ്രസംഗകനും പണ്ഡിതനും നല്ലവനുമായ കാരശ്ശേരി എന്നു പറഞ്ഞു കൊണ്ടാണു് തുടക്കം: ഹാ, സുന്ദരലോകമേ!
അപ്പോൾ ആ പെൺകിടാങ്ങൾ പാടുന്നതു് കേൾക്കായി:
“അഗതിയായ് വന്നൊരു സാറിനു് സ്വാഗതം.”
ഞാനൊന്നമ്പരന്നു. സദസ്സു് ചിരിച്ചു. പിന്നെ ഞാനും ചിരിച്ചു. നാക്കു പിഴയാകാം. സാരമില്ല. നമ്മുടെ ചെലവിൽ മറ്റുള്ളവർ ചിരിക്കുന്നതും നല്ല കാര്യമാണു്. അവനവനെ കളിയാക്കിച്ചിരിക്കുന്നതു് ആരോഗ്യത്തിനു് നന്നു്. “അതിഥിയായ് വന്നൊരു” എന്നാവാം വരി. പല്ലവിപോലെ ഓരോ വരി തീരുമ്പോഴും അതാവർത്തിക്കുമോ?
വീണ്ടും അതാ,വരുന്നു—“അഗതിയായ് വന്നൊരു”
ഇത്തവണ സദസ്സു് ചിരിച്ചില്ല. ചമ്മൽ, ഇളിച്ചിൽ, പ്രധാനാധ്യാപികയുടെ മുഖത്തു് ജാള ്യം. അവരെന്തോ പറയാനാഞ്ഞു. അപ്പോൾ വീണ്ടും—
“അഗതിയായ്…”
ആർക്കും ഇടപെടാൻ ഇടകിട്ടിയില്ല. കുട്ടികൾ ലയിച്ചുപാടുകയാണു്. സദസ്സു് മ്ലാനമായി. അതിന്റെ പിന്നിലെവിടെയോ നിന്നിരുന്ന സെക്രട്ടറി അസ്വസ്ഥനായി പുറത്തേക്കു പോവുന്നതു കണ്ടു. അയാളുടെ മുഖം കത്രിച്ചുനിർത്തിയ താടിരോമങ്ങൾക്കു നടുവിൽ പതിവില്ലാത്തവിധം ഇരുണ്ടിരുന്നു.
പാട്ടു തുടരുകയാണു്. ഓരോ വരിയും ആ “അഗതിയായ് വന്നവ”നിൽ അവസാനിച്ചുകൊണ്ടുമിരുന്നു.
സദസ്സിലെ കുട്ടികൾ നാശകോശമായിരിക്കുന്നു. എന്താണു് സംഭവിക്കാൻ പോകുന്നതു് എന്ന ആകാംക്ഷയാണു് അവരുടെ മുഖത്തു്. പ്രധാനാധ്യാപികയടക്കം എല്ലാ അധ്യാപകരും തലതാഴ്ത്തിയിരിപ്പാണു്.
ആ പ്രയോഗം എന്നെ സ്പർശിച്ചു:
അഗതിയായ് വന്നവൻ!
നന്നായിരിക്കുന്നു. ഈ ലോകത്തു് ആരാണു് അങ്ങനെയല്ലാത്തതു്? എല്ലാവരും അഗതികൾ. ഗതികിട്ടാത്തവർ. അതു് തിരിച്ചറിയുന്നവർ ചുരുങ്ങും എന്നു മാത്രം.
ഇതു നാക്കുപിഴയാവില്ല. പാട്ടു പകർത്തിയപ്പോൾ പറ്റിയ പിഴയാകണം. കുട്ടികൾ അർത്ഥം ശ്രദ്ധിച്ചിരിക്കില്ല. ഇത്തരം തെറ്റുകളാണു് ശരിയായ ആലോചനകളിലേക്കു് നമ്മെ കൊണ്ടുചെല്ലുന്നതു്…
മുഹമ്മദ് നബി ആയിരത്താണ്ടുകൾക്കപ്പുറം അറേബ്യാ മണൽക്കാട്ടിൽ വെച്ചു് ശിഷ്യന്മാർക്കു് കൊടുത്ത ഒരുപദേശം എന്റെ ഓർമയിലെത്തി.
“നീ ഇഹലോകത്തു് അഗതിയെപ്പോലെ ജീവിച്ചുകൊള്ളുക.”
അഗതിയെപ്പോലെ ജീവിക്കുക!
തീർച്ചയായും എളുപ്പമല്ലാത്ത കാര്യം. ഐഹികമായ സുഖസൗകര്യങ്ങളിൽ ഗതിതേടാതെ ജീവിക്കുന്ന ഒരു മനസ്സുണ്ടാവുക ചെറിയ സംഗതിയാണോ?
പാട്ടു തീർന്നതു് ഞാനറിഞ്ഞില്ല. അമ്പരന്നു്, മൗനമായി ആ സദസ്സു് അങ്ങനെയിരിക്കുന്നതിനു് കാരണമെന്താവാം എന്നു് ആലോചിച്ചിരിക്കുമ്പോൾ അധ്യക്ഷ തൊട്ടടുത്തിരുന്നു് പറഞ്ഞു: “ഇനി ഉദ്ഘാടനപ്രസംഗമാണു്. ഞാൻ പേരുവിളിച്ചുകഴിഞ്ഞു.”
ഓ… എന്റെ ശ്രദ്ധയിൽ കേറിയില്ല. എന്റെ തരിപ്പു് പ്രതിഷേധമാണെന്നു് കുട്ടികൾ ധരിക്കാം.
ചാടിയെണീറ്റു് ഞാൻ പ്രസംഗം തുടങ്ങി:
“പ്രിയപ്പെട്ടവരേ,
ഈ പരിപാടിയിലെ സ്വാഗതഗാനം എനിക്കു് വളരെ ഇഷ്ടമായി. ‘അഗതിയായ് വന്നവൻ’ എന്നു് എന്നെ വിശേഷിപ്പിച്ചതു് തീർച്ചയായും ഒരു ബഹുമതിയാണു്. നിങ്ങൾ കേട്ടിട്ടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ, മുഹമ്മദ് നബി അങ്ങനെയൊരുപദേശം നല്കിയിട്ടുണ്ടു്. ഇഹലോകത്തു് അഗതിയായ് ജീവിച്ചുകൊള്ളുക എന്നു്. ഞാൻ ആ പാട്ടുകേട്ടു് ആ പ്രയോഗത്തിന്റെ അർഥഗരിമയെപ്പറ്റി ആലോചിച്ചുപോയി. ഞാൻ അഗതിയായ് ജീവിക്കുന്നവൻ എന്നു പറയുന്നതു് തീർച്ചയായും എനിക്കു് ഒരു അംഗീകാരമാണു്. ഞാൻ വാസ്തവത്തിൽ അങ്ങനെയാണോ? അല്ല. അല്ല. ആ ഉയർന്ന പദവിയിലേക്കെത്തുവാൻ എനിക്കിനിയും എത്രയോ ദൂരം യാത്ര ചെയ്യേണ്ടതുണ്ടു്. അപ്പോൾ സ്വാഗതഗാനം ആലപിച്ച സഹോദരികൾ ഞാൻ അങ്ങനെയാകണം എന്നൊരുപദേശം തരികയായിരുന്നു എന്നു് ഞാൻ വിചാരിക്കുന്നു. മുഹമ്മദ് നബിയുടെ മഹത്തായ ഉപദേശത്തെ അതു് അനുസ്മരിപ്പിക്കുന്നു. മധുരമായ ഈണവും മനോഹരമായ ശബ്ദവും പശ്ചാത്തലമാക്കിയുള്ള ഈ ഗുരൂപദേശം ഞാൻ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. ആ വിശേഷണത്തിനു് അർഹനയിത്തീരുമാറു് ജീവിക്കുവാൻ ഇടയാകേണമേ എന്നാണു് എന്റെ വിനീതമായ പ്രാർത്ഥന…”
സദസ്സു് ഇളകുന്നു… കുട്ടികൾ കൈയടിച്ചു. അവർ ആഹ്ലാദിച്ചുചിരിച്ചു. അധ്യക്ഷയുടെയും അധ്യാപകരുടെയും മുഖത്തു് ആശ്വാസം. ഇപ്പോൾ സെക്രട്ടറിയുടെ താടിരോമംകൂടി ചിരിക്കുന്നുണ്ടു്…
…എത്രയോ മാസങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു.
ഇപ്പോൾ ഇടയ്ക്കിടെ ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ടു്: ഞാൻ അഗതിയെപ്പോലെയാണോ ജീവിക്കുന്നതു് ?
ആ പരിപാടിയും സ്ക്കൂളും സെക്രട്ടറിയും പാട്ടുകാരികളായ പെൺകിടാങ്ങളും ഓർമയുടെ വെളിയടയ്ക്കപ്പുറത്തേക്കു് പതുക്കെപ്പതുക്കെ പിൻവാങ്ങിപ്പോവുമ്പോഴും ആ നൊമ്പരമുണർത്തുന്ന ചോദ്യം പിന്നെയും പിന്നെയും തെളിഞ്ഞുവരികയാണു്… എന്നാണു് ഞാനൊരു അഗതിയായിത്തീരുക?
മാതൃഭൂമി വാരന്തപ്പതിപ്പു്: 2 മാർച്ച് 1997.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.