വെറും കഥപറച്ചിലുകൊണ്ടു് അല്ലെങ്കിൽ ആഖ്യാന സമ്പ്രദായം കൊണ്ടു് ആത്മാവിഷ്ക്കാരത്വര പൂർണ്ണമായും തൃപ്തമാവുന്നില്ല എന്നൊരനുഭവം ചില നേരത്തേക്കെങ്കിലും പല നോവലിസ്റ്റുകൾക്കുമുണ്ടു്. അച്ചടിച്ച പേജിലെ ഇഴയുന്ന വാക്യങ്ങളായി കാലം ഉരുണ്ടുനീങ്ങുന്നതുകൊണ്ടു മാത്രം അവർ തൃപ്തരാകുന്നില്ല. ആസന്നഭാവി ഭൂതകാലത്തോടും ഭാവിയോടും ബന്ധപ്പെടണമെന്നും അതു സ്വയം ദൃശ്യാവിഷ്ക്കാരം നേടണമെന്നും അവർക്കുണ്ടു്. സ്വന്തം കഥാപാത്രങ്ങളും രംഗങ്ങളും ഗ്രന്ഥത്താളുകളിൽ നിന്നു് രക്ഷപ്പെടണമെന്നും സ്ഥലത്തിന്റെ ഒരു നിശ്ചിതവ്യാപ്തി ചില നേരത്തെങ്കിലും അവർ കൈയടക്കണമെന്നും ചിലപ്പോഴെങ്കിലും ഈ എഴുത്തുകാർ മോഹിക്കുന്നു. നോവലെഴുത്തുകാരന്റെ അരങ്ങിനോടുള്ള അഭിനിവേശം എന്നതു് മലയാളസാഹിത്യത്തിലും വളർന്നു കയറിക്കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണു്. ഉറൂബ്, ബഷീർ, പൊറ്റെക്കാട്ട് തുടങ്ങിയ നോവലിസ്റ്റുകളിലെല്ലാം ചുരുങ്ങിയ കാലത്തേക്കാണെങ്കിലും നാടകവുമായുള്ള ഈ പ്രണയസല്ലാപം കണ്ടിട്ടുണ്ടു്.
പൊറ്റെക്കാട്ട് ആകെ നാലു് നാടകങ്ങളാണു് എഴുതിയതു്: അച്ഛൻ, തീവണ്ടി ഓടുന്നു, അൾത്താര, അച്ഛനും മകനും.
കഠിനഹൃദയനായ ഒരു മനുഷ്യനു് വന്നുചേരുന്ന മാറ്റങ്ങളുടെ നാടകീയാവിഷ്ക്കാരമാണു് അച്ഛൻ. ട്രാജിക് ഐറണി നിറഞ്ഞ ഒരു നാടകം. പ്രതികാരത്തിന്റെയും നഷ്ടപ്പെട്ടുപോയ മകനെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിൽവെച്ചു് വീണ്ടുകിട്ടുന്നതിന്റെയും കഥകൾ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. അലിവില്ലായ്മയ്ക്കും ക്രൂരതക്കും പേരുകേട്ടവനായ റിട്ട. പോലീസ് സൂപ്രണ്ട് പരമേശ്വരൻനായരാണു് ഇതിലെ കേന്ദ്രകഥാപാത്രം. ഓഫിസേഴ്സ് ക്ലബ്ബിൽ നിന്നു് രുചികരമായ ഭക്ഷണം മോഷ്ടിച്ചതിനു് കോപാക്രാന്തനായ തന്റെ അടിയും ചവിട്ടുമേറ്റ വികൃതിച്ചെറുക്കൻ തന്റെ കാണാതെപോയ മകൻ തന്നെയാണെന്നു് തിരിച്ചറിഞ്ഞു് അയാൾ ഞെട്ടിപ്പോകുന്നു. മകൻ കൊച്ചുകുഞ്ഞായിരിക്കേ പ്രതികാരപ്രേരിതനായി അവനെ തട്ടികൊണ്ടു പോയ വൃദ്ധൻ മരണാസന്നനായപ്പോൾ പറഞ്ഞ വാക്കുകളിൽ നിന്നാണു് ഈ സത്യം അയാൾ മനസ്സിലാക്കുന്നതു്. ആ വൃദ്ധന്റെ മകൻ പോലീസ്കസ്റ്റഡിയിൽ വെച്ചു് മരിച്ചു. അവൻ തുങ്ങിമരിച്ചുവെന്നാണു് പൊതുവെ ധരിക്കപ്പെട്ടതെങ്കിലും സത്യത്തിൽ പരമേശ്വരൻനായർ ഏൽപ്പിച്ച ശാരീരികപീഡകളായിരുന്നു മരണത്തിനു് കാരണം. വൃദ്ധന്റെ വാക്കുകൾ കേട്ടു് അമ്പരന്നു പോയ പരമേശ്വരൻനായർ തെരുവുജീവികൾക്കിടയിലെ വികൃതിച്ചെക്കനായിത്തീർന്ന മകനെ തിരഞ്ഞുപോകുന്നു. ഗുരുതരമായി രോഗം ബാധിച്ചു, വേദനകൊണ്ടു് പുളയുന്ന അവസ്ഥയിലാണു് അവനെ കണ്ടുകിട്ടിയതു്. കുട്ടിയെ വളരെവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും അവനെ രക്ഷിക്കുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. ഒരു സാഹചര്യത്തിന്റെ പെട്ടെന്നുളള തിരിച്ചിലിലാണു് പ്രമേയത്തിന്റെ കേന്ദ്രബിന്ദു കിടക്കുന്നതു്—നായകന്റെ ക്രൂരതകൾ അയാളെത്തന്നെ തിരിഞ്ഞുകടിക്കുന്ന ഐറണിയിൽ.
ഈ നാടകത്തിനു് മൂന്നു് അങ്കങ്ങൾ ഉണ്ടു്. ആദ്യത്തെ രണ്ടങ്കങ്ങളിലും മൂന്നു വീതം രംഗങ്ങൾ. മൂന്നാമത്തേതിൽ ആറു രംഗങ്ങളും. രംഗങ്ങൾ മാറി മാറി വരുന്നതു് കഥാഗതിയുടെ ഉദ്വേഗത നിലനിർത്താൻ സഹായകമായിട്ടുണ്ടു്—തെണ്ടിച്ചെറുക്കന്മാരുടെ തെരുവുജീവിതവും ഉയർന്ന വർഗത്തിന്റെ മദ്യപാനപ്പേക്കൂത്തുകളും തമ്മിലുള്ള വൈരുദ്ധ്യം ഭംഗിയായി കാണിച്ചിട്ടുണ്ടു്. പരമേശ്വരൻനായരുടെ പാത്രവ്യക്തിത്വം ആർക്കും സമ്മതമാവുന്ന മട്ടിൽ വരഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ദുരന്തവിധിയുടെ ദ്രുതപരിണാമത്തിൽ അതിഭാവുകത്വം കലർന്നുപോയി.
ഇതേമട്ടിൽ ഉദ്വേഗതയും പെട്ടെന്നുള്ള തിരിച്ചിലുകളും ഒക്കെയുണ്ടെങ്കിലും തീർത്തും വ്യത്യസ്തമായ ഒരു സമ്പ്രദായത്തിൽ എഴുതിയ റേഡിയോ നാടകമാണു് ‘തീവണ്ടി ഓടുന്നു.’ മൂന്നു് കഥാപാത്രങ്ങളേ ഈ നാടകത്തിലുള്ളൂ: അമ്പതു് കഴിഞ്ഞ ഒരു പ്രൊഫസർ, യുവഭാര്യ ലളിത, അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർത്ഥി സുരേന്ദ്രൻ. അയാൾ ലളിതയുമായി പ്രേമത്തിലുമാണു്.
ആദ്യത്തെ രംഗം തീവണ്ടിയിലാണു്. ലളിതയും സുരേന്ദ്രനും ഗ്രാമത്തിലേക്കു് പോവുന്നു. അവിടത്തെ ഗുഹയിലാണു് പ്രൊഫസറുടെ ഗവേഷണശാല. താഴ്‌ന്ന ലോഹങ്ങൾ സ്വർണ്ണമാക്കി മാറ്റിയെടുക്കുന്ന ഒരു സമ്പ്രദായം താൻ വികസിപ്പിച്ചെടുത്തതായി പ്രൊഫസർ അവകാശപ്പെടുന്നുണ്ടു്. ഗുഹയിൽ എത്തിച്ചേരാനുള്ള മാർഗനിർദേശങ്ങളൊക്കെ കൃത്യമായി അദ്ദേഹം അവർക്കു് കൊടുത്തിട്ടും ഉണ്ടു്. യാത്ര പുരോഗമിക്കുന്നതിനനുസരിച്ചു് പ്രൊഫസറെ വഞ്ചിക്കുകയാണല്ലോ എന്ന കുറ്റബോധം ലളിതയേയും സുരേന്ദ്രനേയും വേട്ടയാടാൻ തുടങ്ങുന്നു. എങ്കിലും രണ്ടുപേർക്കും ആ ബന്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കാനാവുന്നില്ല. പ്രണയത്തിന്റെ ചോദനം പ്രകൃതിദത്തമാണെന്നും അതുകൊണ്ടു് തന്നെ അതു് ശരിയാണെന്നും ഉള്ള മട്ടിൽ അവർ സ്വയം ന്യായീകരിക്കാൻ തുടങ്ങുന്നു. ഇതിനിടയിൽ കമ്പാർട്ടുമെന്റിൽ ആകെപ്പാടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ സിക്കുകാരന്റെ ഉച്ചത്തിലുള്ള കൂർക്കംവലി അവരുടെ വർത്തമാനത്തിൽ ഇടകലരുന്നു. സ്റ്റേഷനിൽ അവരിരുവരേയും ഒരു വൃദ്ധൻ വന്നു സ്വീകരിച്ചു. അയാൾ അവരെ ഗുഹയിലേക്കു് കൂട്ടിക്കൊണ്ടുപോയി. കൂർക്കം വലിക്കുന്ന സിക്കുകാരനായി കമ്പാർട്ടുമെന്റിൽ കൂടെ യാത്രചെയ്തതും വൃദ്ധനായി സ്റ്റേഷനിൽ വന്നു സ്വീകരിച്ചതുമെല്ലാം വേഷം മാറി വന്ന പ്രൊഫസർ തന്നെയായിരുന്നു എന്നു മനസ്സിലാക്കിയ ലളിതയും സുരേന്ദ്രനും ഞെട്ടി. അങ്ങനെ സാഹചര്യത്തെ പ്രൊഫസർ തന്നെ പൂർണ്ണമായും നിയന്ത്രിക്കുന്നു. തന്റെ ഗവേഷണപരീക്ഷണങ്ങളുടെ വിജയം അദ്ദേഹം അവർക്കു മുമ്പിൽ സോദാഹരണം വിവരിച്ചു. പ്രൊഫസർ വെള്ളിനാണയം എടുത്തു് ഒരു ലായനിയിൽ മുക്കി. അതു് ഉടനെ സ്വർണ്ണമായി മാറി. ഉടനെ തന്നെ പ്രൊഫസർ അവരിരുവരേയും ഭീഷണിപ്പെടുത്തുന്ന ഒരു താക്കീതു നൽകി. ഗുഹയ്ക്കകത്തു് അരമണിക്കുർ നേരത്തേയ്ക്കേ പ്രാണവായു കാണൂ. മാത്രമല്ല ചില സാങ്കേതിക കാരണങ്ങൾ കൊണ്ടു് ഇടനാഴിയിലൂടെ ആർക്കെങ്കിലും ഒരാൾക്കു് മാത്രമേ രക്ഷപ്പെടാനാവൂ. ആരു രക്ഷപ്പെടണം എന്നു് തീരുമാനിയ്ക്കാനുള്ള അവകാശം പ്രൊഫസർ ആ സ്ത്രീക്കു് വിട്ടുകൊടുത്തു. കുറച്ചുനേരത്തേക്കു് ഗുഹയിലെ വെളിച്ചം മങ്ങി. വെളിച്ചം തിരിച്ചുവന്നുനോക്കുമ്പോൾ സ്ത്രീയെ കാണാനില്ല. പ്രൊഫസർ കണ്ടെത്തിയ രാസവിദ്യയുടെ വിശദാംശങ്ങളടങ്ങിയ കടലാസും മോഷ്ടിച്ചു് സ്ത്രീ അപ്രത്യക്ഷയായിരിക്കുന്നു. പ്രൊഫസർ തന്റെ ഗവേഷണവിദ്യാർത്ഥിക്കു് വിശദീകരിച്ചുകൊടുത്തു: ഈ ശാസ്ത്രീയപരീക്ഷണങ്ങളൊക്കെ ഭാര്യയെ പറ്റിക്കാനുള്ള തമാശകൾ മാത്രമായിരുന്നു. തന്റെ യഥാർത്ഥഗവേഷണം സ്ത്രീയെക്കുറിച്ചായിരുന്നു. ഇപ്പോൾ അവൾ സ്വന്തം പ്രകൃതി വെളിപ്പെടുത്തിയിരിക്കുന്നു. അവളുടെ ജീവിതത്തിനു് നേരെ ഒരു ഭീഷണി ഉയർന്നപ്പോൾ, കാമുകനേയും ഭർത്താവിനേയും ഒരുപോലെ ഉപേക്ഷിച്ചു് താൻ മോഷ്ടിച്ചെടുത്ത സമവാക്യം ഉപയോഗിച്ചു് സ്വർണമുണ്ടാക്കാം എന്ന പ്രതീക്ഷയുമായി അവൾ രക്ഷപ്പെട്ടിരിക്കുന്നു!
തീവണ്ടിയാത്ര, ഗുഹയ്ക്കകത്തെ ഉദ്വേഗം നിറഞ്ഞ രംഗങ്ങൾ, ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള തെരഞ്ഞെടുപ്പു് എന്നീ ഘടകങ്ങൾ ഇതൊരു ഗൗരവം നിറഞ്ഞ നാടകമാണു് എന്ന തോന്നലുണ്ടാക്കാം. എങ്കിലും മൊത്തത്തിലുള്ള ഇതിന്റെ സത്ത സ്ത്രീകളുടെ മേലുള്ള ഒരു നല്ല തമാശയായി മാത്രമേ അനുഭവപ്പെടുകയുള്ളു. പക്ഷേ, പെൺവിമർശനം ഇവയെല്ലാം ഇത്ര ലഘുവായി എടുക്കും എന്നു തോന്നുന്നില്ല. അവസാനനിമിഷത്തിൽ സന്ദർഭം ആന്റി ക്ലൈമാക്സിലേക്കു് തിരിഞ്ഞു വരുന്നതാണു് നാടകത്തെ രക്ഷപ്പെടുത്തുന്നതു്. സ്ത്രീ അപ്രത്യക്ഷയാകുന്നതോടുകൂടി സംഘർഷവും ഉദ്വേഗവും പെട്ടെന്നു് അയഞ്ഞുകിട്ടുന്നു. ആ രണ്ടു് പുരുഷന്മാർക്കിടയിലുള്ള ശത്രുതയും പെട്ടെന്നു് തീർന്നു. ഇരുവരും കാമോന്മാദത്തിന്റേയും ചതിയുടെയും ഇരകളാണല്ലോ. സ്ത്രീ, താൻ പുരുഷന്മാരെ വിഡ്ഢിയാക്കി എന്നു് കരുതുന്നു. സ്ത്രീയെ സംബന്ധിക്കുന്ന എല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്ന വിചാരമാണു് പുരുഷന്മാർക്കു്.
‘അച്ഛനും മകനും’ എന്ന ഏകാങ്കം ദേശാഭിമാനപ്രചോദിതമാണു്. കാശ്മീരിലെ ശ്രീനഗറാണു് പശ്ചാത്തലം. ഇന്ത്യയുടെ സ്വാതന്ത്ര്യലാഭത്തിനും രാഷ്ട്രവിഭജനത്തിനും ശേഷം രണ്ടുമാസം കഴിഞ്ഞിരിക്കുന്നു. പരക്കെ അറിയാവുന്നപോലെ ശ്രീനഗർ ആ സമയത്തു് അരാജകത്വത്തിന്റെ പിടിയിലായിരുന്നു. കാശ്മീരിലെ ഹിന്ദുരാജാവു് പുതുതായി രൂപം കൊണ്ട ഇന്ത്യൻ യൂണിയനു് തന്റെ അധികാരങ്ങൾ അടിയറവെയ്ക്കാൻ വിസമ്മതിച്ചു. ശൈഖ് അബ്ദുല്ല യെപ്പോലുള്ള ദേശീയവാദികൾ കാശ്മീരിനെ രാജാധിപത്യത്തിൽ നിന്നു് മോചിപ്പിക്കുന്നതിനുവേണ്ടി വിപ്ലവം ആരംഭിച്ചു. വിപ്ലവത്തിൽ പങ്കെടുത്ത ആയിരക്കണക്കിനു് യുവജനങ്ങളെ രാജാവിന്റെ സൈന്യം കൊന്നൊടുക്കി. കാശ്മീരിലെ ഈ രാഷ്ട്രീയസങ്കുലതയിൽ നിന്നു് മുതലെടുക്കാനായിരുന്നു പാക്കിസ്ഥാന്റെ ശ്രമം. അതിർത്തി പ്രദേശത്തെ പത്താൻകാരെ നഗരങ്ങളും ഗ്രാമങ്ങളും കൊള്ളചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടു് പാക്കിസ്ഥാൻ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചു.
നാടകത്തിലെ കഥാപാത്രങ്ങൾ അക്കാലത്തു് നിലവിലുണ്ടായിരുന്ന ഭിന്ന രാഷ്ട്രീയമനോഭാവങ്ങളുടെ പ്രതിനിധികളാണു്. ഉദാഹരണത്തിനു് ഖാസിംമുല്ലയെ നോക്കൂ. ഒരു മുസ്ലിംവർഗീയവാദിയാണയാൾ. ഹിന്ദുക്കളെ കൂട്ടക്കൊലനടത്താം എന്നതുകൊണ്ടു് അയാൾ പത്താൻകാരെ സ്വാഗതം ചെയ്യുന്നു. തനിക്കു് ചുറ്റുമുള്ള ഭിന്ന രാഷ്ട്രീയചായ്വുകളെപ്പറ്റി ബേജാറുള്ള മുറാദ് ആണു് മറ്റൊരു കഥാപാത്രം. കാശ്മീരിന്റെ ഭാവിയെപ്പറ്റി അദ്ദേഹത്തിനു് വേവലാതികൾ ഉണ്ടു്. നാടകത്തിലെ കേന്ദ്രകഥാപാത്രം ഹുസ്സൻ ആണു്. തന്റെ പുത്രൻ ഖമറുദ്ദീനെ പെട്ടെന്നു് കാണാതായതിന്റെ ആധിയിൽ വലയുന്ന അറുപതു് കഴിഞ്ഞ വൃദ്ധൻ. അദ്ദേഹം ഒരാദർശവാദിയാണു്. ഖാസിമിനെപ്പോലുളളവരുടെ വർഗീയതയ്ക്കു് അദ്ദേഹം എതിരാണു്. ശ്രീനഗറിൽ ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ വന്നെത്തുമ്പോൾ, അഗാധമായ ദേശീയതയാൽ പ്രചോദിതനായി ശൈഖ് അബ്ദുല്ലയെപോലുള്ള നേതാക്കന്മാർക്കു് പിന്തുണ നൽകുന്ന ഹുസ്സനിൽ നിന്നു് ആശ്വാസനിശ്വാസം ഉയരുന്നു. ഇതേ സമയം പത്താൻകാർ നഗരത്തിൽ പ്രവേശിക്കുകയും തെരുവുകൾ കൊള്ളയടിക്കുകയും ചെയ്യുന്നു. അവർ ഹുസ്സന്റെ കണ്ണുകളിൽ ബയണറ്റ് കുത്തിക്കയറ്റി. അദ്ദേഹം ബോധരഹിതനായി വഴിയിൽകിടക്കുമ്പോൾ ഏറെക്കാലമായി കാണാതിരുന്ന മകൻ ഖമറുദ്ദീൻ രംഗത്തെത്തുന്നു. പക്ഷേ, കാഴ്ച നഷ്ടപ്പെട്ടതിനാൽ പിതാവിനു് മകനെ കാണുവാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതത്തിനു് ലക്ഷ്യവും അർത്ഥവും നഷ്ടമായിക്കഴിഞ്ഞു. എങ്കിലും ആ കൊള്ളക്കാരിലൊരുത്തനെ കൊന്നശേഷം മരിക്കണം എന്ന ആശ ബാക്കി കിടപ്പുണ്ടു്. തീർച്ചയായും ആ ആശ പൂർത്തീകരിക്കാം എന്നു് മകൻ ഉറപ്പുകൊടുത്തു. ആ വൃദ്ധനിൽ നിന്നു് അല്പം മാറിനിന്നിട്ടു് ഖമറുദ്ദീൻ പത്താൻകാരായ കൊള്ളക്കാരിൽ ഒരുത്തനെ താൻ പിടിച്ചു കൊണ്ടുവന്നിരിക്കുന്നുവെന്നു് വിളിച്ചു പറഞ്ഞു. വൃദ്ധൻ വെടിപൊട്ടിക്കുമ്പോൾ മകൻ അതിനു് നേരെ മാറു് കാണിച്ചു കൊടുത്തു. പത്താൻകാരുമായി പരോക്ഷബന്ധം സ്ഥാപിച്ചതിലൂടെ താൻ കാശ്മീരിനെ വഞ്ചിക്കുകയായിരുന്നു എന്നു് പിതാവിനോടു് കുറ്റസമ്മതം നടത്തിക്കൊണ്ടാണു് മകൻ മരിച്ചുവീഴുന്നതു്. ഇന്ത്യയുടെ സ്വാതന്ത്ര്യലാഭഘട്ടത്തിൽ കാശ്മീരിൽ നിലനിന്നിരുന്ന സാമൂഹ്യരാഷ്ട്രീയപരിതഃസ്ഥിതി ഗ്രന്ഥകാരൻ നേരിട്ടു് അനുഭവിച്ചതിന്റെ സാക്ഷ്യപത്രമാണു് നാടകം. കുടിലുകളും പഴക്കടകളും നിരത്തുകളും രംഗങ്ങളുടെ പശ്ചാത്തലമായി അവതരിപ്പിച്ചതിനാൽ നാടകത്തിനു് നല്ല പ്രാദേശികച്ചുവ കിട്ടിയിട്ടുണ്ടു്. നാടകാന്ത്യം അതിവൈകാരികതയിൽ മുങ്ങിപ്പോയി എന്നു് ആർക്കും തോന്നും. മകന്റെ പശ്ചാത്താപവും മരണത്തിലൂടെയുള്ള പാപനിവൃത്തിയും തിരക്കിട്ടു് കൈകാര്യം ചെയ്തതിനാൽ ആ ഭാഗത്തിനു് വിശ്വാസ്യത പോരാ. എഴുതപ്പെട്ട കാലഘട്ടത്തിലെ മാത്രം കൃതിയായി ഈ നാടകം വായിക്കപ്പെടേണ്ടതുണ്ടു്.
റേഡിയോനാടകമായ ‘അൾത്താരയിലും’ ഹിംസാത്മകപ്രവർത്തനങ്ങൾക്കു് കുറവില്ല. പ്രണയവും പ്രതികാരവുമാണു് ഇവിടത്തെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നതു്. ഒന്നിനു പിറകെ ഒന്നായി വരുന്ന കൊലകളുടെ ഒരു ശ്രേണി തന്നെ നാടകം ഒരുക്കിയിരിക്കുന്നു. മൂന്നു് രംഗങ്ങളുള്ള നാടകത്തിൽ ഓരോ രംഗവും കൊലപാതകത്തിൽ അവസാനിക്കുന്നു. ഒരു യുവാവു് തന്റെ സഹോദരിയുടെ കാമുകനെ കൊല്ലുന്നു. അയാളുമായുള്ള ബന്ധത്തിൽ അനുഭവിക്കേണ്ടിവന്ന നിരാശമൂലം സഹോദരി ആത്മഹത്യ ചെയ്യാൻ ഇടയായി എന്നതിന്റെ പ്രതികാരമായിരുന്നു ഇതു്. പോലീസിന്റെ പിടിയിൽപ്പെടാതെ നോക്കുന്നതിനു് കൊലയാളി ഒരു മുറിയിൽ അഭയംതേടി. കൊല്ലപ്പെട്ടവന്റെ സഹോദരിയുടെ മുറിയായിരുന്നു അതു്. ഏതാനും വർഷങ്ങൾക്കുശേഷം കൊലയാളി ആ സ്ത്രീയുടെ അടുത്തു് തിരിച്ചെത്തുന്നു. അവൾ അയാളോടു് പ്രേമം ഭാവിക്കുകയും രാത്രിയിൽ സ്വകാര്യമായി അയാളെ കൊന്നു് സഹോദരന്റെ മരണത്തിനു് പകരം വീട്ടുകയും ചെയ്തു. സെനക്കൻ ശൈലിയിലുള്ള പ്രതികാരദുരന്തകഥപോലെ ഒന്നായി നാടകം രൂപം മാറുന്നു. ഫ്ലാഷ്ബാക്കുകളെയാണു് മുഖ്യമായും ഇതിന്റെ രചനയ്ക്കു് ആശ്രയിച്ചിരിക്കുന്നതു്. ഇതൊരു റേഡിയോനാടകം ആയതിനാൽ ആ രചനാതന്ത്രം ഫലിച്ചിട്ടുണ്ടെന്നു പറയാം.
പൊറ്റെക്കാട്ടിന്റെ ചെറുകഥകളുടെ ഉപോത്പ്പന്നങ്ങളാണു് നാടകങ്ങൾ. അദ്ദേഹത്തിന്റെ ചെറുകഥകൾ സംഘർഷവും ഉദ്വേഗതയും നിറഞ്ഞ നാടകീയസന്ദർഭങ്ങൾ കൊണ്ടു് സമ്പന്നമാണു്. നാടക രചന എന്നതു് പൊറ്റെക്കാട്ടിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മാധ്യമം പരീക്ഷിക്കുന്നതിന്റെയും പ്രമേയം അനാവരണം ചെയ്യുന്നതിനു് വെറും കഥാകഥനത്തിന്റേതല്ലാത്ത മറ്റൊരു സമ്പ്രദായം അന്വേഷിക്കുന്നതിന്റെയും അനുഭവം മാത്രമാണു് സന്ദർഭങ്ങളുടെ അതിഭാവുകത്വം നിറഞ്ഞ തിരിമറികളിലും വൈകാരികത മുറ്റിനിൽക്കുന്ന രംഗങ്ങളിലും പരിവർത്തനോന്മുഖമായ ആദർശവാദത്തിനു് സൃഷ്ടിക്കാൻ കഴിയുന്നവികാരഭാരത്തിലും താത്പര്യമുള്ള പ്രേക്ഷകരുടെ രുചിയെ തൃപ്തിപ്പെടുത്തുന്നതിനു് വേണ്ടി എഴുതപ്പെട്ടവയാണു് ഈ നാടകങ്ങളെല്ലാം.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.