(രീതി: അല്ലാ തിരുപേരും തുദിയും സലാവാത്തും)
നേശത്തിൻ ഒളിവായി വന്നുപിറന്നൊരു
വൈക്കം ബഷീറിന്നു് മാല പണിയുന്നു 1
വേവും പിരാന്തുകൾ കലയായി മാറ്റുന്ന
വൈക്കം ബഷീറിന്റെ വളർമ്മ പറയുന്നു 2
സൂഫിപരിമളം കഥയിൽ പടർത്തിയ
വൈക്കം ബഷീറിന്റെ പോരിശ പാടുന്നു 3
എന്നും അനന്തത കണ്ണിൽ നിറയുന്ന
വൈക്കം ബഷീറിന്റെ ഉശർമ്മ ഉദിക്കുന്നു 4
ബാവാമുതുകീന്നു് കാത്തിബായ് വന്നോവർ
കാത്തിബുമാർക്കെല്ലാം സയ്യിദായ് വാണോവർ 5
സുൽത്താനുൽബേപ്പൂരി എന്നു പേരുള്ളോവർ
സകല തിശയിലും കേളി നിറഞ്ഞോവർ 6
ചില്ലിന്റെ ചേലുള്ള ലങ്കും കഷണ്ടിയും
വിസ്താരമായുള്ള നെറ്റി ഉടയോവർ 7
സ്വയരാജ്യം കിട്ടാനായ് ബ്രിട്ടനോടെതിരിട്ട
സ്വാതന്ത്ര്യസമരത്തിൽ എന്നും ഞാനെന്നോവർ 8
അതിനായ് പുറപ്പെട്ട കുട്ടിയാം കാലത്തു്
ഗാന്ധിയെ തൊട്ടെന്ന ദറജ ഉടയോവർ 9
ഭാരതനാടിന്റെ രോദനം കേൾക്കുവാൻ
ഒരുപാടു് കൊല്ലങ്ങൾ തെണ്ടിത്തിരിഞ്ഞോവർ 10
കാശ്മീരദേശത്തും ബോംബായി നാട്ടിലും
കൽക്കത്ത സിറ്റീലും ചുറ്റിത്തിരിഞ്ഞോവർ 11
പൊരുളു് തിരയുന്ന സൂഫിയായ് തീർന്നാരെ
പത്തു് സനത്തോളം ചുറ്റി നടന്നോവർ 12
അഹംബ്രഹ്മം, അഹംബ്രഹ്മം എന്ന വചനമായ്
അവധൂതകാലത്തെ മാറ്റിയെടുത്തോവർ 13
അനൽഹഖ്, അനൽഹഖ് എന്നുള്ള മന്തിരം
അനവധികാലം ഉരുവിട്ടു വന്നോവർ 14
ഹഖിന്റെ സാരവും ബ്രഹ്മത്തിൻ സാരവും
ഹഖായി ഒന്നെന്നു് എപ്പോളും കണ്ടോവർ 15
മഞ്ഞിൻമലകളിൽ മൗനിയായ് വാണോവർ
കുളിരിൻനദികളിൽ യോഗിയായ് താണോവർ 16
ജീവിതം തന്നെയും അറ്റമില്ലാതുള്ള
പ്രാർത്ഥനയാണെന്ന പൊരുളു് തിരിഞ്ഞോവർ 17
ഏതൊരു കാലത്തും ഏതു് തലത്തിലും
ഏകാന്തതയുടെ കാമ്പു് ഞാനെന്നോവർ 18
പാരായണക്കാരിൽ പിരിശം വളർത്തിയ
പുന്നാരചേതികൾ പലതും വിരുത്തിയോർ 19
സാറാമ്മേ സ്നേഹിച്ച നായർയുവാവിന്റെ
സൊറകൾ നിറഞ്ഞോരു സീറാ രചിച്ചോവർ 20
മണ്ടൻമജീദിന്റെ രാജകുമാരിയായ്
മൊഞ്ചത്തി സുഹ്റ കുണുങ്ങി നടക്കുന്നു 21
ഒന്നിനെഒന്നോടു് കൂട്ടിയാൽ എത്രാന്നു്
അത്യൽപമായൊരു ചോദിയം വിട്ടോവർ 22
‘ഉമ്മിണി ബല്യൊന്നു്’ എന്നും ജവാബായി
അജബായിപ്പോകുന്ന ഉത്തിരം ചൊന്നോവർ 23
ചന്തപ്പറമ്പിലെ ചിന്തുകളെല്ലാമേ
ചന്തത്തിൽ കോർവ്വയായ് കൂറിയ റാവിയാം 24
‘ആനയെ വാരിയ’ നായരാം രാമന്റെ
ആരമ്പക്കിസ്സ തൻ റാവിയും ആണോവർ 25
പള്ളിന്റകത്തീന്നു് കുരിശു് കവർന്നൊരു
കള്ളനാം തൊമ്മാടെ മദ്ഹ് പറഞ്ഞോവർ 26
പള്ളകൾ വീർക്കുമ്പോൾ ‘അതു് ഞമ്മളാ’ണെന്നു്
ഫള്ല് പറയുന്ന മമ്മൂഞ്ഞിയാണോവർ 27
എന്തുചോദിച്ചാലും ‘ഹന്തൊന്തു്’ ചൊല്ലുന്ന
കണ്ടമ്പറയന്റെ തിരുനാവും ആണോവർ 28
കൂലി കൊടുക്കാനായ് മടി വന്നെ നേരത്തു്
കൂലിക്കാരത്തിയെ നിക്കാഹ് ചെയ്തോവർ 29
കുഞ്ഞിപ്പാത്തുമ്മാടെ അട്ട കടിച്ചോരു
അശകേറും തുടയുടെ ശറഫും പറഞ്ഞോവർ 30
ആനക്കഥകളും പൂച്ചക്കഥകളും
ആട്ടിൻകഥകളും പലതും പറഞ്ഞോവർ 31
വമ്പുകൾ വീമ്പുകൾ പൊള്ളത്തരങ്ങളും
എമ്പാടും എമ്പാടും കുത്തി ഹസിത്തോവർ 32
നിലയില്ലാതുള്ളൊരു ഇരുളിൻ കയങ്ങളിൽ
‘നീല’യായുള്ളോരു ഒളിവിനെക്കണ്ടോവർ 33
ജയിലിൽ കിടക്കും മകനെയും കാത്തിട്ടു്
ചോറും കറിയുമായ് ‘അമ്മ’ ഇരിക്കുന്നു 34
‘ടൈഗറെ’ തല്ലിയതാരെന്നു് മിണ്ടാഞ്ഞു്
അടികൊണ്ട പുള്ളീടെ കാൽപ്പടം ചോരുന്നു 35
മുഴുതിങ്കൾ കണ്ടാരെ, മജ്നൂനായ് തീർന്നിട്ടു്
മരുഭൂമി ഒരുനീളം മണ്ടിനടന്നോവർ 36
‘മതിലുകൾ’ക്കപ്പുറം മണമായിച്ചെന്നോരു
മങ്ക തൻ ദാഹത്തെ കൈയേറ്റുവന്നോവർ 37
ഏതു ‘മനുഷ്യന്റെ’ ഉള്ളിലും അലിവെന്നു്
കൊടിയൊരു കള്ളന്റെ കനിവിലും കണ്ടോവർ 38
പാമ്പും കുറുക്കനും അവരെ ഹബീബാണു്
പൂച്ചയും ഈച്ചയും അവരെ റഫീഖാണു് 39
മലയും മരങ്ങളും അവരെ കിനാവാണു്
മങ്കമാരെല്ലാരും അവരുടെ ജീവാണു് 40
മൊഞ്ചത്തിമാരെല്ലാം വമ്പത്തിമാരായി
തഞ്ചത്തിൽ വാഴുന്ന ഉലകം ചമച്ചോവർ 41
മാപ്പിളപ്പെണ്ണിന്റെ മാലേറും ഹാലുകൾ
മലയാളവാണിയിൽ ഖിസ്സ രചിച്ചോവർ 42
ഖൽബകത്തുള്ളോരു നന്മ ഉറവുകൾ
ഖിസ്സയകത്തുള്ള തേനായ് കിനിഞ്ഞല്ലോ 43
ദുനിയാവിൻ ദുഃഖങ്ങൾ യെപ്പോളും യെപ്പോളും
അവരെ കഥകളിൽ ചിരിയായ് മറിഞ്ഞല്ലോ 44
ശജറിൻ ചുവട്ടിലെ സിദ്ധനായ് മാറീട്ടു്
ശറഫേറും മർത്തബ തന്നിൽ ഞാനെന്നോവർ 45
സുന്ദരിമാരായ യക്ഷികൾ വന്നിട്ടു്
സല്ലാപം യെന്നോടു് യെപ്പോളും എന്നോവർ 46
അവനെല്ലാം ചെടിയെന്നും ഞാനേമരമെന്നും
ഏവന്റെ മുമ്പിലും വമ്പു് നടിച്ചോവർ 47
പൂങ്കാവനങ്ങളിൽ ചെടിയായി നിന്നോവർ
ചെടിമുകളിലെല്ലാം പൂവായ് വിരിഞ്ഞോവർ 48
ആഖ്യയതിൽ നിന്നും ആഖ്യാതം തന്നീന്നും
ആഖ്യാനവാണിയെ മീളുവാൻ വന്നോവർ 49
മണ്ണിന്റെ ഗന്ധവും പെണ്ണിന്റെ ഗന്ധവും
മരണത്തിൻ ഗന്ധവും ഒക്കെ അറിഞ്ഞോവർ 50
ശോകത്തിൻ സാരവും സംഗീതസാരവും
ദൈവത്തിൻസാരവും ഒന്നെന്നു് കണ്ടോവർ 51
അവരെ പോലിവുകൾ പാടിയൊടുങ്ങൂല
അതിൽനിന്നു് തൊപ്പം പറഞ്ഞു് ഞാൻ ലോകരേ 52
ചിരിയും കരച്ചിലും കൂട്ടിപ്പിരിക്കുന്ന
വൈക്കം ബഷീറിന്റെ പോരിമ പാടുവിൻ 53
അവർ ചൊന്നെ കഥയീന്നും പുസ്തകം തന്നീന്നും
കോർവ്വ ഇതൊക്കെയും നോക്കിയെടുത്തോവർ 54
നാടാം കാരശ്ശേരി നട്ക്കണ്ടി വീട്ടിലെ
മുഹ്യിദ്ദീൻ ഇബ്ന് മുഹമ്മദ് അതെന്നോവർ 55
പാട്ടിലുടനീളം വരിയുടെ ഒടുവിൽ കാണുന്ന ‘അവർ’ എന്ന പ്രയോഗം അദ്ദേഹം എന്ന താൽപര്യത്തിലാണു്. ഇതു് മാലപ്പാട്ടുകളിലെ പതിവു് രീതിയാണു്. ഇനി, ഓരോ വരിയിലെയും സൂചനകളും പദപരിചയവും:
- 1.
- നേശം-സ്നേഹം. ഒളിവു്-പ്രകാശം. മാല-സ്തുതിമാല്യം.
- 2.
- പിരാന്തുകൾ-ഭ്രാന്തുകൾ. വളർമ്മ-മഹത്വം.
- 3.
- സൂഫിപരിമളം-യോഗാത്മകതയുടെ സുഗന്ധം. പോരിശ-ശ്രേഷ്ഠത.
- 4.
- ഉശർമ്മ-ഉയർച്ച.
- 5.
- ബാവാമുതുകീന്നു്-പിതാവിന്റെ മുതുകിൽ നിന്നു്. കാത്തിബായ്-എഴുത്തുകാരനായി. കാത്തിബുമാർഎഴുത്തുകാർ, ഇവിടെ മറ്റു സാഹിത്യകാരന്മാർ. വന്നോവർ-വന്ന അവർ, വന്ന അദ്ദേഹം. സയ്യിദ്-നേതാവു്. വാണോവർ-അദ്ദേഹംവാണു.
- 6.
- സുൽത്താനുൽ ബേപ്പൂരി-ബേപ്പൂരിലെ സുൽത്താൻ. തിശ-ദിശ. കേളി-പ്രശസ്തി.
- 7.
- ലങ്കും-ലങ്കുന്ന, തിളങ്ങുന്ന.
- 8.
- സ്വയരാജ്യം-സ്വരാജ്.
- 9.
- ഈ വരിയിൽ വിദ്യാർത്ഥിയായിരുന്ന കാലത്തു് ബഷീർ ഗാന്ധിജിയെ തൊട്ട സംഭവത്തിന്റെ സൂചന. ദറജ-ശ്രേഷ്ഠത.
- 11.
- സിറ്റി-നഗരം.
- 12.
- സനത്തു്-വർഷം.
- 13.
- രാമചന്ദ്രൻ എന്ന പേരിൽ ബഷീർ സന്യാസിയായി നടന്ന കാലത്തിന്റെ ഓർമ. അഹംബ്രഹ്മം-‘ഞാനാണു് ബ്രഹ്മം’ എന്ന അർത്ഥത്തിലുള്ള ‘അഹം ബ്രഹ്മാസ്മി’ എന്ന വചനത്തിന്റെ സൂചന.
- 14.
- അനൽഹഖ്-‘ഞാനാണു് സനാതനസത്യം.’ അവനവനിൽ തന്നെ ഈശ്വരസത്ത അന്വേഷിക്കുന്ന സൂഫിയോഗികളുടെ വചനം. മന്തിരം-മന്ത്രം. ഇവിടെ ‘അനൽഹഖ്’ എന്ന പേരിലുള്ള ബഷീർക്കഥയുടെ കൂടി ഓർമ.
- 15.
- ഹഖ്-സനാതനസത്യം, ഈശ്വര ചൈതന്യം. ബ്രഹ്മം-ഈശ്വരചൈതന്യം. ഹഖായി-സത്യമായിട്ടു്. മുസ്ലീം പാരമ്പര്യത്തിൽ ഈശ്വരനു് ‘ഹഖ് (സനാതനസത്യം) എന്നും പേരുണ്ടു്. അഹംബ്രഹ്മാസ്മി, അനൽഹഖ് എന്നീ മന്ത്രങ്ങൾ ഒന്നാണെന്നും ബ്രഹ്മവും ഹഖും ഒന്നുതന്നെ എന്നും ബഷീർ. എപ്പോളും-എപ്പോഴും.
- 16.
- ഹിമാലയസാനുക്കളിലും കാശ്മീരിലും കാശിയിലുമായി കഴിഞ്ഞുപോയ സന്യാസകാലത്തിന്റെ സ്മരണകൾ.
- 17.
- ‘അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം’ എന്നു് ബഷീർ.
- 19.
- പിരിശം-പ്രിയം. ചേതികൾ-വാർത്തകൾ. വിരുത്തിയോർ-വിസ്തരിച്ച ദേഹം.
- 20.
- സാറാമ്മേ-സാറാമ്മയെ. നായർയുവാവു്-കേശവൻ നായർ. സൊറകൾ-തമാശകൾ. സീറാ-ചരിത്രം. ‘പ്രേമലേഖനം’ എന്ന നോവലിലെ കഥയുടെ സൂചന.
- 21.
- മണ്ടൻ മജീദ്-‘ബാല്യകാലസഖി’യിലെ മജീദ് ‘മണ്ടശ്ശിരോമണി’ എന്നു് കുട്ടിക്കാലത്തു് അറിയപ്പെട്ടിരുന്നു. രാജകുമാരി-ബാല്യകാലസഖിയിലെ പ്രയോഗം. സുഹ്റ-മജീദിന്റെ കാമുകി.
- 22, 23.
- ‘ഒന്നും ഒന്നും കൂട്ടിയാൽ എത്ര?’ എന്ന ചോദ്യത്തിനു് ‘ഉമ്മിണി ബല്യ ഒന്നു് ’ എന്നു് മജീദ് ഉത്തരം പറഞ്ഞു. എത്രാന്നു്-എത്രയെന്നു്. ചോദിയം-ചോദ്യം. ജവാബായി-മറുപടിയായി. അജബായിപ്പോകുന്ന-അമ്പരന്നുപോകുന്ന. ഉത്തിരം-ഉത്തരം.
- 24.
- ചന്തപ്പറമ്പു്-ആക്ഷേപഹാസ്യകൃതികളുടെ പശ്ചാത്തലമായ ചന്തകൾ. ചിന്തുകൾ-പാട്ടുകൾ, വിശേഷിച്ചു് കഥ പറയുന്ന പാട്ടുകൾ: ഇവിടെ നാട്ടിൽ പാട്ടായ കഥകൾ എന്നു് താൽപര്യം. കോർവ്വ-കോർത്തതു്, ഇവിടെ പരമ്പര. കൂറിയ-പറഞ്ഞ. റാവി-റിപ്പോർട്ടർ, ചരിത്രകാരൻ, വിനീതനായ ചരിത്രകാരൻ എന്നു് ബഷീർ സ്വയം വിളിക്കുന്നു.
- 25.
- ആനയെ വാരിയ നായരാം രാമൻ-‘ആനവാരി രാമൻനായരു്’. ആരമ്പ-അരുമയായ. കിസ്സ-കഥ.
- 26.
- പള്ളിന്റകത്തീന്നു്-പള്ളിയുടെ അകത്തുനിന്നു്. കുരിശു് കവർന്ന-‘പൊൻകുരിശു് തോമ.’ തൊമ്മാടെ-തോമയുടെ. മദ്ഹ്-ശ്രേഷ്ഠത.
- 27.
- ഫള്ല്-ശ്രേഷ്ഠത. മമ്മൂഞ്ഞി-‘എട്ടുകാലി മമ്മൂഞ്ഞു് ’.
- 28.
- ‘ഹന്തൊന്തു് ’-കണ്ടമ്പറയന്റെ വെളിപാടു്. കണ്ടമ്പറയൻ-‘സ്ഥലത്തെ പ്രധാന ദിവ്യൻ.’
- 29.
- നിക്കാഹു്-വിവാഹം. ഈ വരിയിൽ സ്ഥലത്തെ പ്രധാന പിശുക്കനായ ഉണ്ടക്കണ്ണൻ അന്ത്രു വേലക്കാരിയെ കല്യാണം കഴിക്കാനിടയായ സാഹചര്യം വിശദീകരിക്കുന്നു.
- 30.
- ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ എന്ന നോവലിലെ ഒരു രംഗം. അശക്-അഴകു്. ശറഫ്-ശ്രേഷ്ഠത.
- 31.
- ആനപ്പൂട, മാന്ത്രികപ്പൂച്ച, പാത്തുമ്മയുടെ ആടു് തുടങ്ങിയ രചനകളുടെ സൂചന.
- 32.
- ആക്ഷേപഹാസ്യകൃതികളുടെ ഓർമ്മ. ഹസിത്തോവർ-ഹസിച്ചവർ.
- 33.
- ‘നീലവെളിച്ചം’ എന്ന കഥ സൂചിതം.
- 34.
- ‘അമ്മ’എന്ന കഥയിലെ ഇതിവൃത്തത്തിന്റെ സ്മരണ.
- 35.
- ‘ടൈഗർ’എന്ന കഥയുടെ അന്ത്യരംഗം.
- 36.
- ‘മതിലുകൾ’ എന്ന നോവലിൽ ആദ്യഭാഗത്തുകാണുന്ന സ്മൃതിദൃശ്യം. കണ്ടാരെ-കണ്ടപ്പോൾ. മജ്നൂൻ-ഭ്രാന്തൻ.
- 37.
- ‘നാരായണി’ എന്ന കഥാപാത്രത്തിന്റെ സൂചന; ‘മതിലുകളി’ലെ അസാധാരണമായ പ്രണയ കഥയുടെയും.
- 38.
- ‘ഒരു മനുഷ്യൻ’ എന്ന കഥയിലെ പോക്കറ്റടിക്കാരന്റെ കാരുണ്യം.
- 39.
- അവരെ-അവരുടെ; വാമൊഴി രൂപം. അദ്ദേഹത്തിന്റെ എന്നർത്ഥം. ഹബീബാണു്-സുഹൃത്താണു്. റഫീഖാണു്-ചങ്ങാതിയാണു്.
- 40.
- ജീവാണു്-ജീവനാണു്.
- 41.
- മൊഞ്ചത്തി-സുന്ദരി. ഉലകം-ലോകം.
- 42.
- മാലേറും-ദുഃഖം നിറഞ്ഞ. ഹാലുകൾ-ദുരവസ്ഥകൾ, വാണി-ഭാഷ. ഖിസ്സ-കഥ.
- 43.
- ഖൽബകത്തുള്ള-ഹൃദയത്തിന്റെ ഉള്ളിലുള്ള. നന്മ ഉറവുകൾ-നന്മയുടെ ഉറവുകൾ. ഖിസ്സയകത്തുള്ള-കഥയുടെ ഉള്ളിലുള്ള.
- 44.
- ദുനിയാവിൻ-ലോകത്തിന്റെ. അവരെ കഥകളിൽ-അദ്ദേഹത്തിന്റെ കഥകളിൽ.
- 45.
- ശജറിൻ-മരത്തിന്റെ. ശറഫേറും-ശ്രേഷ്ഠത നിറഞ്ഞ. മർത്തബ-യോഗിമാരുടെ ഉന്നതമായ നില.
- 46.
- യെന്നോടു്-എന്നോടു്. യെപ്പോളും-എപ്പോഴും. തന്നെക്കാണാൻ യക്ഷികൾ വരാറുണ്ടു് എന്നു് ബഷീർ പറയും.
- 47.
- ബഷീർ സംഭാഷണ മധ്യേ പറയാറുള്ള ഒരു തമാശ: “അവനെല്ലാം ചെടിയാണു്; ഞാനാണു് മരം.”
- 48.
- ‘മതിലുകളി’ലെ സംഭാഷണം: “ഞാൻ പൂവാകുന്നു; പൂങ്കാവനവും ഞാൻ തന്നെ.”
- 49.
- അധ്യാപകനായ സഹോദരൻ അബ്ദുൽ ഖാദർ ബഷീറിന്റെ ഒരു വാക്യം വായിച്ചിട്ടു് അതിനു് വ്യാകരണശുദ്ധി പോരെന്നു് വിധിച്ചു. ആഖ്യയും ആഖ്യാതവും തിരിയാതെ എഴുതിക്കൂടെന്നും വിലക്കി: തനിക്കു് ‘ലൊടുക്കൂസ് ആഖ്യാതം’ വേണ്ടെന്നു് ബഷീർ തിരിച്ചടിച്ചു. ആഖ്യാനവാണി-കഥനശൈലി. മീളുവാൻ-വീണ്ടെടുക്കുവാൻ.
- 50.
- ഗന്ധം ബഷീറിൽ ഒരു മുഖ്യാനുഭവമാണു്.
- 51.
- ശോകമാണു് വിശിഷ്ട കലയായ സംഗീതമായി മാറുന്നതെന്നും സംഗീതം ഈശ്വരനാണു് എന്നും ബഷീർ ആവർത്തിച്ചു പറയുമായിരുന്നു.
- 52.
- അവരെ-അദ്ദേഹത്തിന്റെ. പൊലിവുകൾ-പുകഴ്ചകൾ. പാടിയൊടുങ്ങൂല-പാടിയാൽ ഒടുങ്ങുകയില്ല. തൊപ്പം-സ്വൽപം.
- 53.
- പോരിമ-ശ്രേഷ്ഠത.
- 54.
- ചൊന്നെ-പറഞ്ഞ. കഥയീന്നും-കഥയിൽനിന്നും. കോർവ്വ-കൊരുത്തതു്, പരമ്പര, ഇവിടെ സ്തുതിമാല്യം.
- 55.
- ഇബ്ന് മുഹമ്മദ്-മുഹമ്മദിന്റെ പുത്രൻ, ഇവിടെ മാലയുടെ രചയിതാവു്: മാപ്പിളപ്പാട്ടിന്റെ പതിവുമട്ടിൽ ഗ്രന്ഥകാരനാമം ചേർത്തിരിക്കുന്നു.
മാധ്യമം വാരാദ്യപ്പതിപ്പു്: 2 ജൂലായ് 1995.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.