ആളുകൾ മിക്ക സമയത്തും തല്ലുകയല്ല, തല്ലിപ്പോവുകയാണു്. മുൻകൂട്ടി ആലോചിച്ചുറപ്പിച്ചു തല്ലുന്നതു് അപൂർവം. ഒരാളുടെ വർത്തമാനമോ പെരുമാറ്റമോ മൂലം പ്രകോപിതരായി, വിവേകം നഷ്ടപ്പെട്ടിട്ടാണു് പലരും തല്ലുന്നതു്.
ഭർത്താവു് ഭാര്യയെയോ, ഭാര്യ ഭർത്താവിനെയോ തല്ലിപ്പോവുമ്പോഴും സംഭവിക്കുന്നതു് ഇതുതന്നെ. സാധാരണഗതിയിൽ ഇതു് പോലീസിലോ കോടതിയിലോ എത്താറില്ല. മറക്കാനും പൊറുക്കാനും സഹായിക്കുന്ന കുടുംബാന്തരീക്ഷത്തിൽ അതു് അലിഞ്ഞുതീരും.
ഒന്നുണ്ടു്: ഏതുനാട്ടിലും ഏതു പാരമ്പര്യത്തിലും ഭർത്താക്കന്മാരെ തല്ലുന്ന ഭാര്യമാരെക്കാൾ ഭാര്യമാരെ തല്ലുന്ന ഭർത്താക്കന്മാരാണു് അധികം.
ഇങ്ങനെ ശാരീരികപീഡനം ഏല്പിക്കാൻ ഭർത്താവിനു് അവകാശമില്ല എന്നാണു് നമ്മുടെ ശിക്ഷാനിയമത്തിന്റെ കാഴ്ചപ്പാടു്. കൃത്യം കോടതിയിൽ തെളിഞ്ഞാൽ ഭർത്താവിനു് ശിക്ഷ കിട്ടും. ആ വകയിൽ ഭാര്യയ്ക്കു് വിവാഹമോചനം കിട്ടാനും വകുപ്പുണ്ടു്. കക്ഷികൾ ഏതു ജാതിക്കാരാണെങ്കിലും ഏതു മതക്കാരാണെങ്കിലും സ്ഥിതി ഇതുതന്നെ. ഇതു് ക്രിമിനൽ കുറ്റമാണു്. ക്രിമിനൽ കാര്യങ്ങളിൽ ഇന്ത്യൻശിക്ഷാനിയമം ജാതിഭേദമോ, മതഭേദമോ കണക്കാക്കുന്നില്ല.
ഭാര്യയെ തല്ലുന്നതിൽ മതത്തിനെന്തുകാര്യം എന്ന ചോദ്യം പ്രസക്തമായിത്തീരുന്ന ഒരു കേസ്സ് പാശ്ചാത്യദേശത്തു് ഉത്ഭവിച്ചതായി ഈയിടെ ഇംഗ്ലീഷ് പത്രമായ ‘ദി ഹിന്ദു’വിൽ കണ്ടു.
സംഭവം ഇപ്രകാരമാണു്:
ഭർത്താവു് സ്ഥിരമായി തല്ലുന്നുണ്ടെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും താല്പര്യപ്പെട്ടുകൊണ്ടു് ഒരു മുസ്ലിം സ്ത്രീ സമർപ്പിച്ച ഹർജി ജർമ്മനിയിലെ ഒരു കോടതി തള്ളി. ദമ്പതികൾ മൊറോക്കോക്കാരായ മുസ്ലീങ്ങളാണെന്നും അവരുടെ മതപാരമ്പര്യം അനുസരിച്ചു് ഭാര്യയെ തല്ലാൻ ഭർത്താവിനു് അധികാരമുണ്ടെന്നും പറഞ്ഞാണു് ഹർജി തള്ളിയതു്. ഈ നിലപാടിനു് പിൻബലമായി അനുസരണക്കേടിന്നു് ഭാര്യമാരെ അടിക്കുവാൻ ഭർത്താക്കന്മാർക്കു് അധികാരമുണ്ടു് എന്ന ഖുർആൻ വാക്യം (സൂറത്തുന്നിസാഅ്: സ്ത്രീകൾ എന്ന അധ്യായം-4: 34) വിധി ന്യായത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.
‘വള്രിബൂഹുന്ന’ (അവരെ അടിക്കുക) എന്നാണു് ഖുർആനിലെ പ്രയോഗം. ‘ളറബ’ എന്ന അറബിപദത്തിനു് ‘അടിക്കുക’ എന്നുതന്നെയാണു് പ്രസിദ്ധമായ അർത്ഥം. ഇബ്നു കസീർ, അബ്ദുല്ലാ യൂസുഫലി, മുഹമ്മദ് പിക്താൾ, അബുൽ അഅ്ലാ മൗദൂദി, സി. എൻ. അഹ്മദ് മൗലവി തുടങ്ങിയ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം ‘അടിക്കുക’ എന്നുതന്നെയാണു് ഈ പദത്തിനു് അർത്ഥം കൊടുത്തിരിക്കുന്നതു്.
കേസിനെപ്പറ്റി വിസ്തരിച്ചുകൊണ്ടും കോടതിവിധി വിശകലനം ചെയ്തുകൊണ്ടും എ. ഫൈസുർറഹ്മാൻ ‘ദി ഹിന്ദു’ ദിനപത്രത്തിൽ എഴുതിയ Sorry, wife-beating is UnIslamic എന്ന ലേഖനത്തിൽ (2 മെയ് 2010) ഭാര്യമാരെ തല്ലുന്നതു് അനിസ്ലാമികമാണെന്നും അതിനു് ഖുർആന്റെ അനുമതിയുണ്ടെന്ന നിലപാടു് അത്യബദ്ധമാണെന്നും വാദിച്ചുറപ്പിച്ചിരിക്കുന്നു. ‘ളറബ’ എന്ന പദത്തിന്റെ പരിഭാഷയിൽ പ്രഗത്ഭരായ ഖുർആൻ വ്യാഖ്യാതാക്കൾക്കു് പിഴച്ചതാണു് ഈ തെറ്റിദ്ധാരണയുണ്ടാകാൻ കാരണമെന്നാണു് ലേഖകന്റെ തീർപ്പു്.
അദ്ദേഹം വിശദീകരിക്കുന്നു:
‘ളറബ’ എന്ന അറബിപദത്തിനു് അടിക്കുക എന്നു് അർത്ഥമുണ്ടു്. ‘ഉദാഹരണസഹിതം വിശദീകരിക്കുക’ എന്നും അതിനർത്ഥമുണ്ടു്. ഖുർആനിൽ 50 സന്ദർഭത്തിൽ ഈ പദം പ്രയോഗിച്ചിരിക്കുന്നു. അതിൽ 31 സന്ദർഭത്തിൽ ‘ഉദാഹരണസഹിതം വിശദീകരിക്കുക’ എന്ന അർത്ഥമാണു് കിട്ടുക. 10 സന്ദർഭത്തിൽ മാത്രമേ ‘ളറബ’യ്ക്കു് അടിക്കുക എന്നു് അർത്ഥം കിട്ടൂ.
‘സ്ത്രീകൾ’ എന്ന അധ്യായത്തിൽനിന്നു് ജർമൻ ന്യായാധിപൻ ഉദ്ധരിച്ച വാക്യത്തിന്റെ സന്ദർഭം വിശകലനം അർഹിക്കുന്നു. കുടുംബവരുമാനം കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും ഭർത്താക്കന്മാരോടു് അനുസരണയോടെ പെരുമാറുന്നതിനെപ്പറ്റിയും ഭാര്യമാരെ ബോധവത്ക്കരിക്കേണ്ടതെങ്ങനെ എന്നു് ഭർത്താക്കന്മാരെ ഉപദേശിക്കുന്ന ഭാഗമാണിതു്. ആ സാഹചര്യത്തിൽ ‘വള്രിബു’ എന്ന പ്രയോഗത്തിനു് ‘സോദാഹരണം വിശദീകരിച്ചുകൊടുക്കൂ’ എന്ന അർത്ഥമേ ഉചിതമാകു.
ഈ വാക്യത്തിനു് പരിഭാഷ നല്കുന്ന കേരളത്തിലെ ഇസ്ലാം മതപണ്ഡിതന്മാർ ‘ലഘുവായി അടിക്കാം, നേരിയതോതിൽ ശാരീരികശിക്ഷ കൊടുക്കാം, മുഖം ഒഴിച്ചുള്ള ഭാഗങ്ങളിൽ അടിക്കാം’ എന്നൊക്കെ വ്യാഖ്യാനിക്കുന്നതു കേട്ടിട്ടുണ്ടു്. ഇക്കാലത്തു് അത്തരം സാഹചര്യങ്ങളിൽ പ്രകോപിതരായി ഭാര്യമാർ തിരിച്ചടിച്ചേക്കാം എന്നു് അവർക്കാർക്കും ആലോചന പോവുന്നില്ല. ആ വ്യാഖ്യാനത്തിലെ സ്ത്രീവിരുദ്ധമായ അംശത്തെപ്പറ്റി, നിർഭാഗ്യവശാൽ, അവരാരും ആധിപ്പെടുന്നില്ല.
ദാമ്പത്യകലഹങ്ങൾ അമ്പരപ്പിക്കുന്ന വേഗത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളീയസാഹചര്യത്തിൽ പുരുഷന്മാരുടെ അവിവേകങ്ങൾക്കു് ഖുർആന്റെ പിന്തുണയുണ്ടു് എന്നുവരുന്നതു് ന്യായമാവില്ല. ‘വള്രിബൂഹുന്ന’ എന്ന ഖുർആനിലെ പ്രയോഗത്തിന്റെ (4: 34) പരിഭാഷയും വ്യാഖ്യാനവും എന്താണു് എന്നതിനെപ്പറ്റി കേരളത്തിൽ ചർച്ച തുടങ്ങാൻ നേരമായി.
ചന്ദ്രിക ദിനപത്രം: 9 മെയ് 2010.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.