തുഞ്ചൻ ഉത്സവം കൂടാൻ ഞാനും പോയിരുന്നു. ഈ വർഷമാദ്യം നടന്ന, മൂന്നു നാലു ദിവസം നീണ്ടുനിന്ന പരിപാടി. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും പല എഴുത്തുകാരും ആ ദിവസങ്ങളിൽ തുഞ്ചൻപറമ്പിലുണ്ടായിരുന്നല്ലോ.
അവിടെ കണ്ട പ്രധാന ദൃശ്യങ്ങളിലൊന്നു് ഒപ്പുശേഖരണമായിരുന്നു. തുഞ്ചൻ സ്മാരകത്തിനു് അനുകൂലമായോ പ്രതികൂലമായോ ഒന്നുമല്ല. പ്രശസ്ത വ്യക്തികളുടെ കയ്യൊപ്പുകൾ വിദ്യാർത്ഥികളും ചെറുപ്പക്കാരും വാരിക്കൂട്ടുന്നു—ഒറ്റയായും കൂട്ടായും. ഒപ്പുത്സവം എന്നു പറയാമോ, എന്തോ?
കൂട്ടുകാരന്റെ അകമ്പടിയോടുകൂടി ഒരു കൊച്ചുപയ്യൻ ഓട്ടോഗ്രാഫുമായി എന്റെയടുത്തു വന്നു. ഞാൻ ഒന്നന്ധാളിച്ചു. ഏതു വകയിലാണു് ഞാനിതു് ഒപ്പിക്കുക? പിള്ളേർക്കു് ആളു തെറ്റിയതാവാം. ഞാൻ സ്വയം ശാസിച്ചു. വെറുതെ വിനയം കാണിച്ചു ചാൻസ് കളയരുതു്. മഹാനാവാനുള്ള സുവർണ്ണാവസരങ്ങൾ വിരളമാണെന്നു മറന്നുപോകരുതു്. ഞാൻ ചോദിച്ചു.
“എന്താ മോനെ, എന്തു വേണം?”
“എയ്തിത്തരണം.”
“എന്താണെഴുതേണ്ടതു്?”
“എന്തെങ്കിലും ങ്ങക്ക് ഇഷ്ടമുള്ളതു്”
“എന്തിനാണു്?”
അവനൊന്നു നാണിച്ചുചുരുണ്ടു. വിരൽത്തുമ്പുകളിലായിരുന്ന കുപ്പായത്തിന്റെ അറ്റം ആ ചുരുളിച്ച അനുകരിച്ചു. അവനേക്കാൾ ഇളപ്പമുള്ള കൂട്ടുകാരൻ സഹായത്തിനെത്തി.
“ങ്ങള് എയ്തീന്ന്.”
“എന്തു്?”
“എന്തെങ്കിലും.”
ഓട്ടോഗ്രാഫ് ഉടമ കുറച്ചകലേയ്ക്കു കൈ നീട്ടി.
“ഓറൊക്കെ എയ്ത്ണ്ല്ലോ?”
വാസ്തവം. അപ്പുറവും ഇപ്പുറവുമായി പലരും നീട്ടിപ്പിടിച്ചു് ഒപ്പിടുന്നുണ്ടു്, സ്വന്തം മഹദ്വചനങ്ങൾ കാച്ചുന്നുണ്ടു്. ശകലം എനിക്കും കാച്ചാം.
മനസ്സൊരുക്കം നടത്തുന്ന കൂട്ടത്തിൽ, നാട്ടിലെ മഹത്തുക്കൾ ചെയ്യുംപോലെ, ഞാനും ഉദാരബുദ്ധിയായി.
“മോന്റെ പേരെന്താ?”
“ഗോപാലകൃഷ്ണൻ.”
റൈറ്റ്. ഗോപാലകൃഷ്ണനാണല്ലേ? സാക്ഷാൽ ഭഗവാൻ. തുഞ്ചൻ ഉത്സവത്തിനു വന്നിരിക്കുന്നു. അതും ഉണ്ണിക്കൃഷ്ണന്റെ വടിവിൽ. തുഞ്ചത്താചാര്യനെക്കാണാൻ പോന്നുവന്നതാവാം. പുല്ലാങ്കുഴൽ എന്റെ നേരെ നീട്ടി നിൽക്കുകയാണു് ഉണ്ണിക്കണ്ണൻ എന്നൊക്കെ ശകലം ഫിലോസഫിയും കവിതയും സമം ചേർത്തു ഭാവന ചെയ്യേണ്ടതായിരുന്നു. മനസ്സിന്റെ ആ ഭാഗം അന്നേരം പ്രവർത്തിച്ചില്ല. എന്താണു് ഓർത്തുനോക്കേണ്ടതെന്നു് ഓർത്തുനോക്കുന്ന കഷ്ടപ്പാടിലായിരുന്നു ഞാൻ.
“ങ്ങള് എയ്തിത്തരീന്ന്.”
ഭഗവാൻ കുറച്ചു തിരക്കിലാണു്. മഹദ്വചനമാണെങ്കിൽ ഒന്നും തോന്നുന്നുമില്ല. അവനവന്റേതു വേണ്ട, മറ്റുവല്ല യോഗ്യന്മാരും പറഞ്ഞതായാലും മതിയായിരുന്നു. പഠിച്ച വിദ്യ അത്യാവശ്യം വേണ്ട നേരത്തു തോന്നാതെ പോകട്ടെ എന്നു പണ്ടു് ശാപം കിട്ടിയ കർണന്റെ കിസ്സ അന്നേരം ഓർമ വന്നു. മറ്റൊന്നും ഓർമ്മയായതുമില്ല.
എന്നാലും ലേശം അന്തസ്സുവിചാരിച്ചു ഞാൻ നിന്നു: അറിയപ്പെടുന്നു എന്നതിന്റെ ഒരു സൂചനയാണിതു്. കൊള്ളാം. ഈ കുട്ടികളെ മാതൃകയാക്കി ഇനി മറ്റുള്ളവർക്കും എന്റെയടുത്തു് ഓട്ടോഗ്രാഫുമായി വരാം. വിശേഷിച്ചും പെൺകിടാങ്ങൾക്കു്. അവരൊക്കെ വന്നാൽ ഫിലോസഫി ആലോചിക്കുന്ന മനസ്സിന്റെ ഭാഗം ഉഷാറാവും എന്നതിനു് വല്ല സംശയവുമുണ്ടോ?
ഫിലോസഫി ഇപ്പോഴൊന്നും തോന്നുന്നില്ല. ഭഗവാനെയും തുഞ്ചത്താചാര്യനെയും മനസ്സിൽ ധ്യാനിച്ചിട്ടും രക്ഷയില്ല. പോട്ടെ. ഒടുക്കം ഞാൻ എഴുതി.
“നന്മ നേർന്നുകൊണ്ടു്”
താഴെ കഴിയുന്നത്ര ഭംഗിയായി ഒപ്പിട്ടു. ആ പണി തീർന്നയുടനെ പയ്യൻ ഓട്ടോഗ്രാഫ് തട്ടിത്തെറിപ്പിച്ചു.
ഉടനെ ഒരു ചോദ്യം
“ങ്ങക്കെന്താ പണി?”
ഞാൻ ഒന്നിളിഞ്ഞു. നാട്ടുനടപ്പനുസരിച്ചു് അതു പുറമേ കാണിച്ചില്ല.
“മാഷാ”
അടുത്ത ചോദ്യം
“ങ്ങളെ പേരെന്താ?”
മലയാള മനോരമ: 15 ഏപ്രിൽ 1995.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.