മലയാളത്തിൽ ‘ചക്കാത്തു്’ എന്നൊരു വാക്കുണ്ടു്. ‘വെറുതെ കിട്ടിയതു്’ എന്നർഥം. തിരുവിതാംകൂറിലും മലബാറിലുമെല്ലാം വിനിമയസാധ്യതയുള്ള വാക്കാണു്. മിക്ക സമുദായക്കാർക്കും അർഥം മനസ്സിലാകും. അധികം സന്ദർഭങ്ങളിലും പരിഹാസധ്വനിയോടെയാണു് ഉപയോഗിക്കുന്നതു്; അല്ലെങ്കിൽ വിമർശനത്തിനു്. കൊടുക്കാൻ പാടില്ലാത്തതു കൊടുത്തു, അല്ലെങ്കിൽ വാങ്ങാൻ പാടില്ലാത്തതു വാങ്ങി എന്ന താൽപ്പര്യത്തിലാണു് നമ്മുടെ പ്രയോഗം. ‘സർക്കാരിന്റെ മരം ചക്കാത്തായി മുറിച്ചുകൊണ്ടുപോവുകയാണു്’ എന്നോ, ‘അയാൾക്കു് വി. സി. പദം ചക്കാത്തായി കിട്ടിയതാണു്’ എന്നോ, ‘മൂപ്പർക്കു് എന്തും ചക്കാത്തായി കിട്ടണം’ എന്നൊക്കെയുള്ള ശൈലികൾ ഓർത്തുനോക്കുക—ചക്കാത്തിനു് ‘വിലകെട്ടതു്’ എന്നുവരെ അർത്ഥമാവാം.
‘ശബ്ദതാരാവലി’യടക്കമുള്ള നിഘണ്ടുക്കൾ ഈ വാക്കു് രേഖപ്പെടുത്തിയിട്ടുണ്ടു്—ഉർദുവിൽ നിന്നു് കടംകൊണ്ട വാക്കു് എന്ന നിലയിൽ. പക്ഷേ, ഉർദുവിലും അതുപോലെ തന്നെ പാർസിയിലും ഈ പദം അറബിയിൽ നിന്നാണു് കടന്നുചെന്നതു്. അതിന്റെ ശരിയായ രൂപം ‘സക്കാത്ത്’ എന്നാണു്. ഇപ്പോഴും ലിപി നേരെയല്ല. വാക്കിന്റെ തുടക്കത്തിൽ കാണുന്നതു് സത്യത്തിൽ ‘സ’യല്ല. അതിന്റെ ഉച്ചാരണം ഇംഗ്ലീഷിലെ Z-നു് തുല്യമാണു്.
അറബിയിൽ ഈ ‘സക്കാത്ത്’ എന്ന പദത്തിനു് എന്താണർഥം?
അതിനു് അറബി നിഘണ്ടുക്കളിൽ കാണുന്ന അർഥം വളരുക, നന്നാവുക, അഭിവൃദ്ധിപ്പെടുക, സൻമാർഗിയാവുക, ഫലവൃഷ്ടിയുള്ളതാവുക, അനുയോജ്യമാവുക എന്നെല്ലാമാണു്. വളരുന്നതു്, വളർത്തുന്നതു് എന്നീ താൽപ്പര്യങ്ങളിലാണു് സാധാരണ ഉപയോഗം.
പക്ഷേ, കേരളത്തിലും അന്യനാടുകളിലുമെല്ലാം മുസ്ലീങ്ങൾ ‘സക്കാത്ത്’ ഉപയോഗിക്കുന്നതു് ഒരു സാങ്കേതികപദം എന്ന നിലക്കാണു്. ആ സാങ്കേതികപദത്തിനു് ‘നിർബന്ധദാനം’ എന്നർഥം. ഈ നിർബന്ധദാനമാവട്ടെ, ഇസ്ലാം മതത്തിന്റെ നിർബന്ധാനുഷ്ഠാനങ്ങളിലൊന്നാണു്.
ദാനവും നിർബന്ധദാനവും തമ്മിൽ എന്താണു് വ്യത്യാസം?
ഇസ്ലാംമതത്തിന്റെ കർമ്മാനുഷ്ഠാനങ്ങൾ അനുസരിച്ചു് രണ്ടുതരം ദാനങ്ങളുണ്ടു്.
- സദഖ: ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളതു് ആർക്കുവേണമെങ്കിലും ദാനം ചെയ്യാം—ഇതാണു് സദഖ. ഇതു് പുണ്യകർമ്മമാണെങ്കിലും നിർബന്ധകർമ്മമല്ല. സദഖ ചെയ്യാതിരുന്നാൽ പാപമില്ല.
- സക്കാത്ത്: വാർഷികവരുമാനത്തിൽ സ്വന്തം ആവശ്യം കഴിച്ചു് നീക്കിയിരുപ്പുള്ളതിൽ നിന്നു് നിശ്ചിത ശതമാനം നിശ്ചിത വിഭാഗത്തിൽപ്പെട്ടവർക്കു് ദാനം ചെയ്യണം. ഇതിനു് ‘സക്കാത്ത്’ എന്നു് പേരു്. ഇതു് വിശ്വാസത്തിന്റെ നിബന്ധനകളിൽപ്പെടുന്ന നിർബന്ധകർമ്മമാണു്. അനുഷ്ഠിച്ചാൽ പുണ്യമുണ്ടു്; ഒഴിവാക്കിയാൽ പാപവും. ഇതു് എല്ലാ കൊല്ലവും കൊടുത്തേ തീരൂ.
മുസ്ലീങ്ങളുടെ വേദഗ്രന്ഥമായ ഖുർആനിൽ നിർബന്ധാനുഷ്ഠാനമായ നിസ്കാരത്തിന്റെ കൂടെ 20 തവണ സക്കാത്ത് പരാമർശിക്കപ്പെടുന്നുണ്ടു്.
വാർഷികവരുമാനത്തിന്റെ നിശ്ചിതപരിധിയെ അറബിയിൽ ‘നിസാബ്’ എന്നു പറയുന്നു. നിസാബിനു് പുറത്തുള്ളതിനൊക്കെ നിശ്ചിത ശതമാനം സക്കാത്തുണ്ടു്. ആണായാലും പെണ്ണായാലും അതുകൊടുക്കണം. ഒരു തരത്തിൽ വാർഷിക നികുതിയാണിതു്. അതു ലഭിക്കേണ്ടതു് പാവപ്പെട്ടവർക്കാണു്. സക്കാത്ത് എന്നതു് പണക്കാർ പാവപ്പെട്ടവർക്കു് നൽകുന്ന സൗജന്യമല്ല; പണക്കാരുടെ സമ്പത്തിൽ പാവപ്പെട്ടവർക്കുള്ള അവകാശമാണതു്. സക്കാത്ത് നൽകാൻ വിസമ്മതിച്ചവരോടു് ഒന്നാം ഖലീഫ അബൂബക്കർ യുദ്ധം ചെയ്യുകയുണ്ടായി.
വളർത്തുമൃഗങ്ങൾ (ഒട്ടകം, പശു, ചെമ്മരിയാടു് മുതലായവ), ധനം (സ്വരൂപിച്ചുവെച്ച സ്വർണ്ണം, വെള്ളി മുതലായവയും കച്ചവടത്തിനുപയോഗിക്കുന്ന പണവും), സമ്പത്തു് (മണ്ണിൽ നിന്നോ, ജലത്തിൽ നിന്നോ ലഭിക്കുന്നവ: പഴം, ധാന്യം, മൽസ്യം ആദിയായവ) എന്നിവക്കെല്ലാം സക്കാത്തു് ബാധകമാണു്.
ഏഴരത്തോലയാണു് സ്വർണത്തിന്റെ പരിധി (നിസാബ്) അതിനു് മുകളിലുള്ളതിനു് സക്കാത്തുണ്ടു്. അമ്പത്തിരണ്ടരത്തോലയാണു് വെള്ളിയുടെ പരിധി അതിനപ്പുറമുള്ളതിനു് സക്കാത്തുവേണം. 5 ഒട്ടകം, 40 ആടു്, 30 പശു—ഇവക്കു് മുകളിലും സക്കാത്തു് കൊടുക്കണം. അങ്ങനെയങ്ങനെ.
സാമാന്യമായി പണത്തിന്റെ കണക്കു് രണ്ടരശതമാനം എന്നാണു്. അതായതു് ഒരു വർഷം കുടുംബം പുലരാൻ ആവശ്യമായതിൽക്കവിഞ്ഞു് 100 രൂപ കൈയിരിപ്പു് ഉണ്ടെങ്കിൽ രണ്ടര രൂപ സക്കാത്തുകൊടുക്കണം. അതു് ആയിരം ആണെങ്കിൽ 25 രൂപ. പതിനായിരമാണെങ്കിൽ 250 രൂപ. ലക്ഷമാണെങ്കിൽ 2500 രൂപ—ആ മട്ടിലാണു് കണക്കു്. സമ്പത്തിന്റെ സ്വഭാവം (വളർത്തുമൃഗങ്ങൾ, ധാന്യം മുതലായവ) അനുസരിച്ചു് ഈ കണക്കിലും വ്യത്യാസം വരും.
ദരിദ്രൻ, അഗതി, അടിമ, യാത്രക്കാരൻ, കടബാധ്യതയുള്ളവൻ തുടങ്ങിയവരാണു് സക്കാത്തു കിട്ടാൻ അർഹതയുള്ളവർ.
മുസ്ലീംനാടുകളിൽ ആദ്യകാലത്തെ ഭരണകർത്താക്കൾ പൗരൻമാരിൽ നിന്നു് സക്കാത്ത് സംഭരിക്കുകയും ആ പൊതുഫണ്ട് അർഹതപ്പെട്ടവർക്കു് വിതരണം ചെയ്യുകയും ആയിരുന്നു പതിവു്. ഇക്കാലത്തു് സർക്കാരിനു് നികുതികൊടുക്കുമ്പോഴും വിശ്വാസികൾ പാവപ്പെട്ടവർക്കു് നേരിട്ടു് സക്കാത്തു കൊടുക്കുന്ന രീതി ഇന്ത്യ മുതലായ രാജ്യങ്ങളിലുണ്ടു്. പാവങ്ങളെ പിച്ചക്കാരാക്കരുതെന്നും വ്യക്തികൾ നേരിട്ടു് വ്യക്തികൾക്കു് സക്കാത്ത് കൊടുക്കുന്നതിനു് പകരം ഒരു പ്രദേശത്തെ ആളുകൾ സംഘം ചേർന്നു് സക്കാത്ത് മുതൽ ശേഖരിച്ചു് ആസൂത്രിതമായി പാവപ്പെട്ടവർക്കു് എത്തിച്ചുകൊടുക്കണമെന്നും ഉള്ള ആശയഗതി ശക്തിപ്പെട്ടുവരുന്നുണ്ടു്. സാധാരണമായി ഈ ‘വാർഷികനികുതി’ കൊടുക്കുന്നതു് സൽകർമ്മങ്ങൾക്കു് ഇരട്ടി പുണ്യം കിട്ടുന്നതായി വിശ്വസിക്കപ്പെടുന്ന വ്രതകാല (റംസാൻമാസം)ത്താണു്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരാൻ 1400 കൊല്ലം മുമ്പു് ഉരുവം കൊണ്ട ഒരു സാമ്പത്തികക്രമീകരണനടപടിയാണു് സക്കാത്ത്. സാമൂഹ്യസമത്വത്തെപ്പറ്റിയുള്ള ഗംഭീരമായ ഒരു സങ്കല്പം ആ പഴയകാലത്തു് അതു് ഉയർത്തിപ്പിടിച്ചിരുന്നു.
‘മതത്തെ നിഷേധിക്കുന്നവൻ ആരു്?’ എന്നൊരു ചോദ്യം ഖുർആനിലുണ്ടു്. അതിനു് അവിടെപ്പറഞ്ഞ മറുപടി എന്താണെന്നോ? ‘അവൻ അനാഥയെ തള്ളിക്കളയുന്നു; അഗതിക്കു് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നുമില്ല.’ ശ്രദ്ധിച്ചു് നോക്കൂ—അനാഥയെ തള്ളിക്കളയുന്നവന്റെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നതു് അഗതിക്കു് ആഹാരം കൊടുക്കാത്തവനെ മാത്രമല്ല, അഗതിക്കു് ആഹാരംകൊടുക്കുവാൻ പ്രേരിപ്പിക്കാത്തവനെയുമാണു്! പാവങ്ങൾക്കു് വേണ്ടി ധനം ചെലവു ചെയ്യാത്തവനും അങ്ങനെ ചെയ്യാൻ മറ്റുള്ളവരിൽ പ്രേരണ ചെലുത്താത്തവനും മതനിഷേധികളാണെന്നു് താൽപ്പര്യം.
ഇപ്പോൾ നമുക്കു് തുടക്കത്തിലേക്കു് തന്നെ തിരിച്ചുചെല്ലാം—സക്കാത്തു് എന്ന പദത്തിനു് നമ്മുടെ നാട്ടിൽ സംഭവിച്ച മൂല്യശോഷണത്തെപ്പറ്റി ഒന്നാലോചിച്ചു നോക്കൂ.
ആ വാക്കു് എത്രമാത്രം വിലകെട്ടു പോയി! മഹത്തായ സങ്കൽപ്പങ്ങൾക്കും വലിയ സാംസ്കാരികചിഹ്നങ്ങൾക്കും കാലംകൊണ്ടും ദേശം കൊണ്ടും സംഭവിക്കുന്ന തകർച്ച ‘ചക്കാത്ത്’ എന്ന മലയാള തദ്ഭവപദം ഉദാഹരിക്കുന്നുണ്ടു്. ചൂഷണ വിരോധത്തിന്റെയും ദരിദ്രന്റെ അവകാശത്തിന്റെയും അടയാളമായി ചരിത്രത്തിന്റെ വഴിയിൽ അതു് ഒരു കാലത്തു് തീപ്പന്തംപോലെ നിന്നിരുന്നു…
ദേശാഭിമാനി ദിനപത്രം: 9 ഫെബ്രുവരി 1997.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.