തകഴി ശിവശങ്കരപിള്ള യുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥ രാജ്യമായ രാജ്യത്തൊക്കെ വെള്ളം കയറിയകൂട്ടത്തിൽ ചേന്നപ്പറയന്റെ കുടിലു് തകർന്നതിന്റെയും അയാളുടെ പട്ടി ചത്തതിന്റെയും വിവരണം നല്കുന്നു.

ഒറ്റവായനയിൽ അടിയാളന്മാരുടെ ദാരിദ്ര്യവും ജന്തുക്കളോടുള്ള അവഗണനയും എടുത്തുകാണിക്കുന്ന ലളിതമായ രചനയാണിതു്. കാർഷികത്തൊഴിലാളികളായ പട്ടികജാതിക്കാർ നേരിട്ട ദുരിതങ്ങളുടെയും ജാതിപീഡനങ്ങളുടെയും പുരാവൃത്തങ്ങൾ ‘രണ്ടിടങ്ങഴി’ തുടങ്ങിയ നോവലുകളിലും അനവധി ചെറുകഥകളിലും തകഴി ചിത്രീകരിച്ചിട്ടുമുണ്ടു്. അതദ്ദേഹത്തിന്റെ വിളഭൂമികളിലൊന്നുതന്നെ.
ഇന്നു് വീണ്ടും ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ വായിക്കുമ്പോൾ, വെള്ളം ഇറക്കംപിടിക്കുന്നതായും ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കരതെളിയുന്നതായും തോന്നുന്നു. ഇവിടെ ഈ “ലളിതമായ” രചന ചില സങ്കീർണ്ണഭാവങ്ങളിലേയ്ക്കു പടരുകയാണു്:
സമൂഹത്തിലെ നിമ്നോന്നതങ്ങൾ സൂചിപ്പിച്ചുകൊണ്ടാണു് തുടക്കം: “നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണു് ” അവിടെയും വെള്ളമെത്തിക്കഴിഞ്ഞിരിക്കുന്നു. ക്ഷേത്രത്തിൽ ആളുകളും ജന്തുക്കളും ഭേദഭാവന കൂടാതെ “ഐകമത്യമായി കഴിയുന്നു”. പ്രകൃതിയിലെ ഒരാപത്തു് അവർക്കിടയിലെ ഉച്ചനീചത്വങ്ങൾ തല്ക്കാലം ഇല്ലായ്മ ചെയ്തിരിക്കുകയാണു്.
വള്ളമില്ലാതെ കുടിലിൽ കുടുങ്ങിയ ചേന്നപ്പറയനെയും കുടുംബത്തെയും കുഞ്ഞേപ്പൻ വന്നു് കരയ്ക്കെത്തിച്ചു. അപ്പോൾ സ്വന്തം പട്ടിയുടെ കഥ ചേന്നൻ മറന്നു. അവിടെക്കിടന്നു് ആ സാധു ജീവി എങ്ങനെ അവസാനിച്ചുപോയി എന്നതിന്റെ വിസ്താരമാണു് കഥ.
ഇവിടെക്കാണുന്ന ജന്തുസ്നേഹം ഇന്ത്യൻസാഹചര്യത്തിൽ പുതിയതാണെന്നു് പറയാനാവില്ല—ഇത്തരം പരിഗണനകൾക്കു്, പയ്യിനുവേണ്ടി സ്വന്തം തല കൊടുക്കാൻ ഒരുങ്ങിയ ദീലിപമഹാരാജാവിന്റെയും തന്നെ സേവിച്ചുകൂടിയ നായയ്ക്കുവേണ്ടി സ്വർഗ്ഗം ഉപേക്ഷിക്കുവാൻ തയ്യാറായ ധർമ്മപുത്രരുടെയും കാലത്തോളം പഴക്കമുണ്ടു്. എങ്കിലും കേരളീയ സാഹചര്യത്തിൽ ഇണങ്ങിനിൽക്കുന്ന ഒരു ജീവിയോടു് മനുഷ്യജീവികൾ കാണിക്കുന്ന ഉദാസീനത എത്ര കടുപ്പമേറിയതാണെന്നു് ഈ കഥ തെളിച്ചെഴുതുന്നുണ്ടു്.
സൂക്ഷ്മവായനയിൽ തകഴിയുടെ പട്ടി ഒരു വ്യക്തി തന്നെയായി വളരുന്നതു് കാണാം:
ചേന്നപ്പറയനും കുടുംബവും വള്ളത്തിൽ രക്ഷപ്പെടുകയും മറവിയുടെ വെള്ളപ്പൊക്കത്തിൽ പട്ടിയെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ കഥാകൃത്തു് പട്ടിയെ പരാമർശിക്കുന്നതു് ‘അതു്’ എന്നാണു്. തുടർന്നുള്ള ആഖ്യാനത്തിൽ പ്രധാനസന്ദർഭങ്ങളിലെല്ലാം പട്ടി ‘അവൻ’ ആണു്. അവൻ പുറപ്പെടുവിക്കുന്നതു് “നിസ്സഹായനായ ഒരു മനുഷ്യന്റെ ശബ്ദത്തോടു് സാദൃശ്യമുള്ള ശബ്ദപരമ്പരകൾ” ആണു്.
അവന്റെ ദീനരോദനത്തോടു് വായുഭഗവാൻ അനുകമ്പ കൊള്ളുന്നതായും വടക്കെങ്ങോ ഒരു വീട്ടിലിരുന്നു് വീട്ടുകാവല്ക്കാരൻ രാമായണം വായിക്കുമ്പോൾ “അതു ശ്രദ്ധിക്കുംപോലെ” പട്ടി നിശ്ശബ്ദനായി വടക്കോട്ടു നോക്കിനിൽക്കുന്നതായും എടുത്തു പറഞ്ഞിട്ടുണ്ടു്.
തകഴി തുടരുന്നു: “ആ നിശീഥിനിയുടെ നിശ്ശേഷനിശ്ശബ്ദതയിൽ ശ്രുതിമധുരമായ രാമായണം വായന ഒരിക്കൽ കൂടി എങ്ങും പരന്നൊഴുകി. നമ്മുടെ ശുനകൻ ആ മാനവശബ്ദം ചെവിയോർത്തുകേട്ടു് കുറച്ചധികം നേരം നിശ്ചലം നിന്നു. ഒരു ശീതമാരുതപ്രവാഹത്തിൽ ആ ശാന്തമധുരമായ ഗാനം ലയിച്ചു.” മരണത്തിന്റെ ശീതളപ്രവാഹത്തിൽ ലയിച്ചില്ലാതെയാകുന്നതിനുമുമ്പു് രാമായണപാരായണം കേട്ടുകിടക്കുന്ന ഒരാളുടെ ചിത്രം തന്നെയാണിതു്.
വിശപ്പിന്റെയും ചുറ്റുമുള്ള ജീവികളുടെയും ശല്യപ്പെടുത്തലിൽ പൊറുതികെടുന്ന പട്ടിയുടെ വിവരണം പിന്നെപ്പിന്നെ വർദ്ധിക്കുകയാണു്. തന്റെ മോങ്ങലുകളും നിലവിളികളും വിജനതയുടെ പരപ്പിൽ ശ്രദ്ധകിട്ടാതെ ഒടുങ്ങിത്തീരുമ്പോൾ അവൻ “ഇടയ്ക്കിടയ്ക്കു് എന്തോ നിരാശനായി പിറുപിറുക്കുന്നു” എന്നു് തകഴി നിരീക്ഷിക്കുന്നുണ്ടു്; പട്ടിയുടെ മാനസികാവസ്ഥ അതിന്റെ ഉള്ളിൽക്കടന്നു് നിന്നു് പകർത്തിവെയ്ക്കുന്നുമുണ്ടു്—വിശപ്പകറ്റാനും ദേഹം നിലനിർത്താനുമുള്ള അവന്റെ ആകാംക്ഷ മലവെള്ളം പോലെ കുതിച്ചുയരുകയാണു്.
രണ്ടു മനുഷ്യർ ആ വഴിക്കു് തോണിയിൽ വന്ന ഘട്ടത്തിൽ അവൻ “വായ്പൊളിച്ചടച്ചു, ശബ്ദിച്ചു, പ്രാർത്ഥിച്ചു.”
ആ ഭാഗം ഇങ്ങനെയാണു് അവസാനിക്കുന്നതു്:
“വള്ളം അകലെയായി. ഒന്നുകൂടെ പട്ടി മോങ്ങി. വള്ളക്കാരിൽ ഒരുവൻ തിരിഞ്ഞു നോക്കി.
“അയ്യോ!”
അതു വള്ളക്കാരൻ വിളിച്ചതല്ല. ആ ശ്വാനന്റെ ശബ്ദമായിരുന്നു. പിന്നെ, “ലോകത്തോടന്ത്യയാത്ര പറയുംപോലെ മുറുമുറുത്തുകൊണ്ടു്” പട്ടി പുരപ്പുറത്തു കയറി.
തുടർന്നുവരുന്ന പ്രധാനരംഗം കുല കക്കാൻ വന്ന കള്ളന്മാരോടു് യജമാനസ്നേഹമുള്ള അ പട്ടി ഏറ്റുമുട്ടുന്നതാണു്. കഷ്ടം! ആ അത്യാപത്തിനിടയിലും മുതലു് കക്കാനാണു് മനുഷ്യനു് വാസന! മുതലു് കാക്കാനായില്ലെങ്കിലും ഒരു കള്ളനു് കണക്കിനു് ഒരു കടി കൊടുക്കാൻ പട്ടിക്കു കഴിഞ്ഞു.
ഒടുക്കം പട്ടിയുടെ അടുത്തേയ്ക്കു ചത്ത പശുവിന്റെ ദേഹം ഒഴുകിയെത്തി. ആ ഇറച്ചി കടിച്ചു പറിച്ചുതിന്നാനാരംഭിച്ച ഘട്ടത്തിലാണു് അവന്റെ തലയ്ക്കു് “ഠേ” എന്നു് അടി വീഴുന്നതു്. അവന്റെ കഥ കള്ളന്മാരുടെ സാമർത്ഥ്യത്തിൽ അലിഞ്ഞുതീർന്നു.
ആരാണു് ഈ പട്ടി?
ഇയാൾ നമ്മുടെ നാട്ടിലെ ഏതു പട്ടികജാതിക്കാരനുമാണെന്നു് ഞാൻ വിചാരിക്കുന്നു. ഇയാൾ അധ്വാനിക്കുവാനും വിളകാക്കുവാനും ഒപ്പം പട്ടിണി കിടക്കുവാനും വിധിക്കപ്പെട്ട ഇവിടത്തെ കാർഷികത്തൊഴിലാളിയാകുന്നു. ഏതു് ദുരവസ്ഥയിലും ഉത്തരവാദിത്തം വിടാത്ത പണിയാളൻ ആകുന്നു; ജീവിതത്തിന്റെ പുറമ്പോക്കുകളിൽ വിട്ടുംവെച്ചു് നിങ്ങൾ മറന്നുപോയ കുടിയാനാകുന്നു; അഴുക്കിലും നിരക്ഷരതയിലും വറുതിയിലും നിങ്ങൾ ജീവിക്കാൻ വിട്ട അധഃകൃതനാകുന്നു.
അങ്ങനെ, നിശ്ശബ്ദം ജലപ്രവാഹത്തിൽ ഒഴുകിയകന്നു് മറഞ്ഞു് ആണ്ടുപോവുന്ന ഒരു ശരീരം മാത്രമായി ഇയാളെ മാറ്റിനിർത്തുവാൻ തകഴിക്കു മനസ്സില്ല. നിസ്സഹായവും അവഗണിതവും ആയ അന്ത്യം വന്നെത്തുന്നതിനു് തൊട്ടുമുമ്പു് ജന്മിയും ഉടമയും മേലാളനും ആരാണെന്നു് പട്ടിക്കു ശരിക്കും വെളിവു് കിട്ടുന്നുണ്ടു്. അവന്റെ മുറുമുറുപ്പിനു് കഥാകാരൻ ഭാഷ്യം തീർത്തിരിക്കുന്നു: “ഇനി ഒരിക്കലും മനുഷ്യനെ സ്നേഹിക്കുകയില്ല” എന്നു് പറയുകയാവാം. പരാതികൾ പ്രതിഷേധവും നിസ്സഹകരണവുമായി വളരുകയാണു്.
നിസ്നേഹതയുടെ ശൂന്യതയിൽ, പേമാരിയും ഇരുട്ടും മലവെള്ളവും കൂടിച്ചേർന്നു് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിൽ, ഭയങ്കരമായ വിശപ്പും ഇതരജന്തുക്കളുടെ നിരന്തരമായ ശല്യവും വാഴ്ച നടത്തുന്ന ചുറ്റുപാടിൽ, ജീവിതത്തിനും മരണത്തിനും ഇടയ്ക്കു് ഒരു നേർത്ത വരമ്പിൽ ഒറ്റപ്പെട്ടു് നില്ക്കുന്ന ഈ സാധുമൃഗം ഇവിടത്തെ ഓരോ ദളിതനായും രൂപം മാറുന്നുണ്ടു്.
ഒപ്പം, കഥാരംഭത്തിൽ കടന്നുവന്ന കാർഷികത്തൊഴിലാളിയായ പറയൻ ചേന്നൻ ഒരു മേലാളനായി കോലം മാറിപ്പോകുന്നു.
ജന്മിമാർക്കും ഉടയവന്മാർക്കും മുതലാളിമാർക്കും ചേർന്നവിധമാണു് അയാളുടെ പെരുമാറ്റം. ആയുഷ്ക്കാലം മുഴുവൻ തന്നെ സേവിച്ച കാവല്ക്കാരനെ മറന്നു് സ്വാർത്ഥത്തിന്റെ കരകളിലേയ്ക്കു ജീവിതപ്രാരാബ്ധങ്ങളുടെ കുത്തൊഴുക്കിൽനിന്നു് അയാൾ രക്ഷപ്പെടുന്നു.
“ക്ഷുൽപീഡിതനായ ആ മൃഗം” ദീനരോദനം പുറപ്പെടുവിക്കുന്ന രംഗം ചിത്രീകരിക്കുമ്പോൾ “കടപ്പുറത്തു് യജമാനൻ ഇപ്പോൾ അത്താഴം ഉണ്ണുകയായിരിക്കും” എന്നു് കൂട്ടിച്ചേർക്കുവാൻ കഥയെഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ടു്. ‘യജമാനൻ’ എന്ന വാക്കു് ഇവിടെ പലവിധത്തിലുള്ള അർത്ഥമാനങ്ങൾ കൊണ്ടുവരുന്നു.
ഒടുക്കം വെള്ളമിറങ്ങിയപ്പോൾ മടങ്ങിയെത്തിയ യജമാനൻ ആ “യജമാനഭക്ത”ന്റെ ദേഹം തിരിച്ചറിയുവാൻകൂടി പ്രയാസപ്പെടുന്നേടത്താണു് കഥ അവസാനിക്കുന്നതു്. രൂപംകൊണ്ടല്ലെങ്കിൽ ഭാവംകൊണ്ടു് ചേന്നൻ ഉൾപ്പെടുന്നതു് മറുചേരിയിലാണു്.
അക്ഷരവിദ്യയിൽനിന്നും സംസ്ക്കാരത്തിന്റെ ഭിന്നതലങ്ങളിൽനിന്നും മാറ്റി നിർത്തപ്പെട്ട വ്യക്തികളുടെ ദുരന്തത്തിന്റെ ഒരു ധാരയും ഇവിടെ മലവെള്ളത്തിൽ അടിയൊഴുക്കായി പ്രവഹിക്കുന്നുണ്ടു്. ആ രാമായണകഥയെയും ഗാനത്തെയും രാഗത്തെയും കുറിച്ചുള്ള പരാമർശങ്ങളുമെല്ലാം അതിന്റെ സൂചനകളാകുന്നു.
സ്വാർത്ഥനും കള്ളനും ക്രൂരനുമായ മനുഷ്യന്റെ സാമ്രാജ്യത്തിൽ പ്രാണികൾ ഏറ്റുവാങ്ങുന്ന പീഡനങ്ങളുടെ ഈ ചിത്രങ്ങൾക്കു മുമ്പിൽ നിന്നു് ആരും ഓർത്തുപോകും. അപ്പോഴും ആ സാധുജീവി പ്രാണൻ വെടിഞ്ഞതു് യജമാനനുവേണ്ടിയാണു്. അവൻ മരിച്ചുതാണതാകട്ടെ, പ്രകൃതികോപത്തിന്റെ കൊടുമയിലല്ല; മനുഷ്യമോഹത്തിന്റെ കൊടൂരതയിലാണു്.
തകഴി പറയുകയാവാം.
പ്രകൃതിയെക്കാൾ നിസ്നേഹവും നിഷ്ഠുരവും ആവാൻ സംസ്കൃതിക്കു കഴിയും.
ഗ്രന്ഥാലോകം: ആഗസ്റ്റ് 1996.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.