ഇന്ത്യാരാജ്യത്തിന്റെ മഹാദുരന്തമായ ഗുജറാത്തു് ഭൂകമ്പം.
ഒരു ഫലിതകഥയും ആ ദുരന്തവാർത്തകൾക്കു് ഇടയിലുണ്ടായിരുന്നു: ഭുജിൽ ഇരുന്നൂറോളം കുറ്റവാളികൾ ജയിലിന്റെ ചുമരിടിഞ്ഞു വീണു് രക്ഷപ്പെട്ടു.
ഈ കൊടൂരമായ ഫലിതം അവിടംകൊണ്ടു് അവസാനിച്ചില്ല. ഭൂകമ്പം കൊണ്ടു് തരിപ്പണമായ പ്രദേശങ്ങളിൽ കൊള്ള നടക്കുന്നു. അതു് നടത്തുന്നതു് കുറ്റവാളികളാവാം എന്നു് വാർത്ത വന്നിരിക്കുന്നു…
തടവറയിൽ ശിക്ഷ അനുഭവിച്ചും കൊലമരം കാത്തും ഇരിക്കുന്നവർക്കു് പിന്നെയും കൊള്ളയും കൊലയും നടത്താൻ ഭൂകമ്പം സൗകര്യം ഒരുക്കിയിരിക്കുന്നു. അവരെയല്ല, അവരെ തടവിലിട്ട കെട്ടിടത്തെയാണു് ഭൂകമ്പം നശിപ്പിച്ചതു്. അന്നാട്ടുകാർ ഭൂകമ്പത്തെ പേടിക്കണോ, കുറ്റവാളികളുടെ കൊള്ളയെ പേടിക്കണോ?
ഭൂകമ്പമുണ്ടായേടത്തെ പ്രധാന പണി കൊള്ളക്കാരെ നേരിടലാണു്!
എനിക്കു് ഈ നേരത്തു് മുല്ലാ നാസറുദ്ദീന്റെ ഒരു ഫലിതം ഓർമവരുന്നു:
മുല്ല ഒരിടവഴിയിലൂടെ നടന്നുപോവുകയായിരുന്നു. ആ സമയത്തു് ഇടവഴിക്കടുത്തുള്ള ഒരു മരത്തിൽനിന്നു് ഒരുത്തൻ പിടിവിട്ടു് വീണു. അയാൾ വീണതു് മുല്ലയുടെ കഴുത്തിലേക്കാണു്. അയാൾക്കു് ഒന്നും പറ്റിയില്ല. മുല്ല കഴുത്തിനു് പരിക്കുപറ്റി ചികിത്സയിലുമായി. ആ കിടപ്പിൽ മുല്ലയെ ചെന്നു കണ്ട ശിഷ്യന്മാർ ചോദിച്ചു.
‘മുല്ലാ, ഈ അനുഭവത്തിന്റെ പാഠം എന്താണു്?’
മുല്ല: ‘വളരെ ലളിതം. മരത്തിൽനിന്നു് വീഴുന്നതു് ഒരുത്തൻ. അതുകൊണ്ടു് കഴുത്തൊടിഞ്ഞു് കിടപ്പിലാവുന്നതു് വേറൊരുത്തൻ. അല്ലാതെന്താ?’
ടെലിവിഷനിലും പത്രത്തിലും ഭൂകമ്പദുരന്തത്തിന്റെ ദൃശ്യങ്ങൾ കണ്ടു മനുഷ്യർ ഞെട്ടി. ആ ഭൂമി നേരിട്ടുകണ്ട കൊള്ളക്കാർക്കാവട്ടെ ഞെട്ടാനല്ല, തട്ടാനാണു് തോന്നിയതു്.
കെട്ടിടം തുരക്കുന്ന പണി കുറഞ്ഞുകിട്ടി എന്നു് അവർക്കൊരു ആശ്വാസം തോന്നിയിരിക്കണം! ഭൂകമ്പം അവിശ്വസനീയമാംവിധം സ്വന്തം സ്വാതന്ത്ര്യം തിരിച്ചുതന്നല്ലോ എന്നൊരു നന്ദിയുടെ കണക്കിൽ പോലും അവർക്കു് ഇത്തിരി അലിവു് തോന്നിയില്ല. കൊള്ളയടിക്കാനുള്ള സ്വാതന്ത്ര്യം തിരിച്ചുകിട്ടി എന്നാവാം അവർക്കു് തോന്നിപ്പോയതു്.
ജീവിതദുരന്തങ്ങളുടെ ഏതു് തിരക്കഥയിലും ഒരു ‘കോമഡി ട്രാക്ക്’ ഉണ്ടെന്നായിരിക്കുമോ ഇതിന്റെയെല്ലാം അർഥം?
ഇനി, ഏതു് ചിരിയിലും കണ്ണീരുണ്ടു് എന്നതുപോലെ ഏതു് കണ്ണീരിലും ചിരിയുണ്ടു് എന്നായിരിക്കുമോ ഇതിന്റെയെല്ലാം പൊരുൾ?
ആവോ, ആർക്കറിയാം?
മലയാളം ന്യൂസ്: 9 ഫെബ്രുവരി 2001.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.