ഇരുപതാം നൂറ്റാണ്ടിന്റെ മഹിമകളിലൊന്നു് അനേകം ജനപദങ്ങൾ സ്വാതന്ത്ര്യത്തിലേക്കും സ്വാശ്രയത്വത്തിലേക്കും ഉണർന്നു എന്നതാണു്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ പാശ്ചാത്യരുടെ അധീശത്വത്തിൽനിന്നു് പൗരസ്ത്യ ലോകത്തെ നിരവധി സമൂഹങ്ങൾ കുതറിമാറാൻ തുടങ്ങി. അതിന്റെ ഉജ്ജ്വലമായ ഉദാഹരണം വെളിപ്പെട്ടതു് ഇന്ത്യയിലാണു് (1947). പാശ്ചാത്യരുടെ അത്തരം യാത്രകൾ ആരംഭിച്ച (1498) ഇന്ത്യയിൽത്തന്നെ!
ഏഷ്യയിലെയും ആഫ്രിക്കയിലുമെല്ലാം കോളനിവാഴ്ചകളെ നേരിടാൻ ജനങ്ങൾക്കു് അകബലം നല്കിയതു് ദേശീയതാബോധമാണു്. ഇരുപതാം നൂറ്റാണ്ടു്, ദേശീയത, സ്വാതന്ത്ര്യം എന്നിവ ചേർത്തുവെച്ചു വായിക്കുവാൻ ചരിത്രം കൗതുകം കാണിച്ചതുപോലെ തോന്നിപ്പോകും.
മറ്റൊരു വഴിക്കും ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവും അധികം സ്വാധീനിച്ച ആശയം ദേശീയതയാകുന്നു. ഒന്നാം ലോകയുദ്ധ (1914–1918) ത്തെയും രണ്ടാം ലോകയുദ്ധ (1939–1945) ത്തെയും പ്രചോദിപ്പിച്ചതു് ആ വികാരം തന്നെ. സ്വന്തം രാജ്യത്തിനുവേണ്ടിയാണെങ്കിൽ ഏതു തെറ്റും ശരിയാണെന്നും ഏതു് അധർമ്മവും ധർമ്മമാണെന്നും ആയിരുന്നു അന്നത്തെ ചിന്താഗതി—രാജ്യസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും പേരിൽ അന്യദേശങ്ങളെ ആക്രമിച്ചു കീഴടക്കുന്നതും കൂട്ടക്കൊല ചെയ്യുന്നതും കൊള്ള നടത്തുന്നതും വീരകൃത്യങ്ങളായി കൊണ്ടാടപ്പെട്ട കാലം.
ദേശീയതയുടെ പേരിൽ ഉണ്ടായിവന്ന സംഘർഷഭരിതമായ ഈ അന്തരീക്ഷത്തിൽ നിന്നാണു് മനുഷ്യത്വവിരുദ്ധമായ ഫാസിസം ഉരുവംകൊണ്ടതു്: ഏകാധിപത്യമാണതു്—എല്ലാ എതിരഭിപ്രായങ്ങളുടെയും നാവരിയുന്ന ഭരണസംവിധാനം. ഒരു ലക്ഷ്യത്തിനുവേണ്ടി കഷ്ടനഷ്ടങ്ങൾ സഹിക്കുവാനും വേണ്ടിവന്നാൽ മരിക്കുവാനും ആളുകളെ തയ്യാറാക്കുന്ന വൈകാരികഭ്രാന്തു്. സ്വാഭാവികമായും, ഈ ആളുകൾ സ്വന്തം ലക്ഷ്യത്തിനുവേണ്ടി മറ്റുള്ളവരെ കൊല്ലാൻ മടിക്കുകയില്ല. ഫാസിസത്തിന്റെ ആദ്യനായകനായ മുസ്സോളിനി (1883–1945) ഇറ്റലിയിൽ അധികാരത്തിൽ വരുന്നതു് (1922–1943) ‘ദേശീയത’ എന്ന വികാരത്തിനു് തീപ്പിടിപ്പിച്ചുകൊണ്ടാണു്. താൻ ഫാസിസത്തെ ഇറ്റാലിയൻ ദേശീയതയുമായി സംയോജിപ്പിച്ചതെങ്ങനെ എന്നും അതു് ഇറ്റലിയുടെ മഹത്ത്വത്തിനും സൗഭാഗ്യത്തിനുംവേണ്ടി നിലകൊള്ളുന്നതു് എങ്ങനെ എന്നും മുസ്സോളിനി ആത്മകഥയിൽ വിവരിക്കുന്നുണ്ടു്.
‘പാർട്ടികൾ മരിക്കട്ടെ, രാജ്യം സുരക്ഷിതമാകട്ടെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ‘മഹത്തുക്കളും അനശ്വരരും ആയ ജനങ്ങളുടെ ചരിത്രത്തെ നവീകരിക്കുന്ന ആത്മീയശക്തികളിൽ ഒന്നാ’യിട്ടാണു് ഫാസിസത്തെ മുസ്സോളിനി വിശേഷിപ്പിച്ചതു്. അന്യദേശങ്ങളെല്ലാം സ്വന്തം ദേശത്തിനു് കീഴടക്കാനുള്ള ഇരകൾ മാത്രമാണു് എന്നും സ്വദേശത്തിന്റെ ക്ഷേമത്തിനുവേണ്ടി അന്യദേശങ്ങളെ ആക്രമിക്കുന്നതു് കടമ മാത്രമാണു് എന്നും സ്വന്തം ജനങ്ങളെ കുറച്ചുകാലത്തേക്കു് വിശ്വസിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.
ഫാസിസത്തിന്റെ മറ്റൊരു നായകനായ ഹിറ്റ്ലറും (1899–1945) ജർമ്മനിയിൽ അധികാരത്തിൽ വരുന്നതു് (1933–1945) അന്യസംസ്കാരങ്ങളോടുള്ള വിരോധവും സ്വന്തം സംസ്കാരത്തോടുള്ള നിലവിട്ട ഭക്തിയും വളർത്തിക്കൊണ്ടാണു്. ആ വികാരപ്രപഞ്ചത്തിൽ പ്രധാനം ‘ജർമ്മൻ ദേശീയത’യായിരുന്നു. അദ്ദേഹം പ്രസ്ഥാനത്തിനു കൊടുത്ത പേരുതന്നെയും ‘നാഷനൽ സോഷ്യലിസ്റ്റ് പാർട്ടി’ എന്നാണു്. ആര്യവംശത്തിന്റെ മഹിമ ഉയർത്തിപ്പിടിക്കുകയും യഹൂദവംശത്തിന്റെ ഉന്മൂലനം ഉറപ്പാക്കുകയും ചെയ്യുന്ന ഭ്രാന്തായി മാറാൻ ആ ദേശീയതയ്ക്കു് വളരെക്കുറച്ചു സമയമേ വേണ്ടിവന്നുള്ളൂ. വെറുപ്പിന്റെയും കടന്നാക്രമണത്തിന്റെയും രാഷ്ട്രീയമായിത്തീരാൻ എളുപ്പമുള്ള ഈ ദേശീയതയുടെ പ്രതിപുരുഷന്മാരായ മുസ്സോളിനിയും ഹിറ്റ്ലറുമാണു് മനുഷ്യവംശത്തെ രണ്ടാം ലോകയുദ്ധത്തിലേക്കു് എത്തിച്ചവരിൽ പ്രധാനികൾ.
ഭൂരിപക്ഷ മതവിശ്വാസികളുടെ സംസ്കാരത്തെ ‘ദേശീയത’ എന്നു വിളിക്കുന്ന ഹിന്ദുത്വവാദികളുടെ ഹിന്ദുരാഷ്ട്രസിദ്ധാന്തം 1920-കളിൽത്തന്നെ ഇന്ത്യയിൽ കാലുറപ്പിക്കുന്നുണ്ടു്. ഫാസിസത്തിൽ നിന്നു് പ്രചോദനമുൾക്കൊണ്ട അതിന്റെ കാഴ്ചപ്പാടു് ബ്രിട്ടീഷ് വിരുദ്ധസമരം ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി രൂപപ്പെടുത്താനാണു് എന്നായിരുന്നു. അവർ സംസാരിച്ചതു് ദേശത്തിന്റെ പേരിലാണു്. അതിനകത്തു കുടിപാർത്തതു് മതം തന്നെ. ക്രിസ്തുമതം, ഇസ്ലാംമതം മുതലായവയെ അന്യദേശസംസ്കാരങ്ങൾ എന്നുപറഞ്ഞു് തള്ളിക്കളയാൻ അങ്ങനെ അതിനു പഴുതു് കിട്ടി. കമ്യൂണിസത്തെ ലക്ഷ്യത്തിന്റെയോ മാർഗ്ഗത്തിന്റെയോ പേരിൽ വിമർശിക്കുന്നതിനു പകരം പിറവികൊണ്ടതു് വിദേശത്താണു് എന്നപേരിൽ തള്ളിക്കളയുകയാണു് അതിന്റെ രീതി. ‘ഞങ്ങൾ’ എന്നും ‘നിങ്ങൾ’ എന്നും ഒരേ നാട്ടിലെ ജനതയെ ദേശീയതയുടെ പേരിൽ (!) വിഭജിക്കുവാൻ അതിനു കഴിയും.
ഇപ്പറഞ്ഞ ദേശീയതയുടെ സമാന്തരമുഖമാണു് പാക്കിസ്ഥാൻ വാദത്തിലൂടെ (1940) വെളിപ്പെട്ടതു്. ‘ഖിലാഫത്ത് പ്രസ്ഥാന’ത്തിലൂടെ 1920-കളിൽത്തന്നെ അതിന്റെ വിത്തു വീണിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു മതസമൂഹങ്ങൾ എന്നതിലധികം രണ്ടു ദേശീയതകളാണു് എന്നാണു് മുസ്ലിം വർഗ്ഗീയത അന്നു് വാദിച്ചതു്. ഒരേ ദേശീയതയുടെ അവകാശികളും പങ്കുകാരും എന്നു് സ്വയം തിരിച്ചറിഞ്ഞു് ഒരു രാഷ്ട്രത്തിൽ ഒപ്പം പുലരുകയല്ല, മതത്തിന്റെ പേരിൽ ദേശീയത ‘സൃഷ്ടിച്ചു്’ വിഭജനത്തിലൂടെ രണ്ടു് രാഷ്ട്രങ്ങൾ സ്ഥാപിക്കുകയാണു് വേണ്ടതു് എന്നു് അതു് നിലപാടെടുത്തു.
ഈ സമയത്താണു് സവിശേഷമായ അർത്ഥത്തിൽ ദേശീയത (നാഷനലിസം) എന്ന വാക്കു് ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകരും മാദ്ധ്യമങ്ങളും ഉപയോഗിച്ചുതുടങ്ങുന്നതു്. മതദേശീയതയുടെ പേരിലുള്ള ‘ഇരട്ടരാഷ്ട്രവാദ’ത്തെ എതിർത്തവരും രാഷ്ട്രവിഭജനം പടില്ലെന്നു പറഞ്ഞവരും സ്വന്തം നിലപാടിനെ വിശേഷിപ്പിച്ചതു് ദേശീയതാവാദം (നാഷനലിസം) എന്നാണു്. അങ്ങനെയാണു് പാക്കിസ്ഥാൻ വാദത്തെ തള്ളിക്കളഞ്ഞ മുസ്ലീങ്ങളെ ‘ദേശീയമുസ്ലീങ്ങൾ’ (നാഷനലിസ്റ്റ് മുസ്ലിംസ്) എന്നു വിളിക്കാനിടയായതു്. അബ്ദുൽകലാം ആസാദ് ഈ വിഭാഗത്തിന്റെ പ്രതിരൂപമാണു്. അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാൻ മറ്റൊരു ഉദാഹരണം. കേരളത്തിലെ മുഹമ്മദ് അബ്ദുറഹിമാൻ, ഇ. മൊയ്തു മൗലവി മുതലായ നേതാക്കൾ ഈ വകുപ്പിൽപ്പെടുന്നു.
ഭിന്നമതവിഭാഗങ്ങൾ ഇന്ത്യൻ ദേശീയതയുടെ തുല്യ അവകാശികളാണെന്നും ഇന്ത്യയിൽ പിറവികൊള്ളേണ്ട ജനാധിപത്യരാഷ്ട്രത്തിനു് ഒരു രാഷ്ട്രമതം (സ്റ്റേറ്റ് റിലീജിയൻ) ആവശ്യമില്ലെന്നും ഉള്ള നിലപാടിനെയാണു് 1940-കളിൽ ‘ദേശീയത’ എന്നു വിളിച്ചിരുന്നതു്. മതേതരത്വം (സെക്യുലറിസം) എന്ന പദം ഇന്നു നാം ഏതു് അർത്ഥത്തിലാണോ ഉപയോഗിക്കുന്നതു്; ആ അർത്ഥത്തിലാണു് അന്നു് ദേശീയത എന്നു് ഉപയോഗിച്ചിരുന്നതു്; ഏതെങ്കിലും മതത്തിനു് സവിശേഷമായ രാഷ്ട്രീയാധികാരം ഇല്ല എന്നും ഭരണകൂടത്തിനു മുമ്പിൽ എല്ലാ മതങ്ങളും തുല്യമാണു് എന്നും ഉള്ള രാഷ്ട്രീയാർത്ഥത്തിൽ അക്കാലത്തു് ‘മതേതരത്വം’ എന്നല്ല, ‘ദേശീയത’ എന്നാണു് ഉപയോഗിച്ചിരുന്നതു്. മതസൗഹാർദ്ദം, മതമൈത്രി മുതലായ പദങ്ങൾ അന്നു് നടപ്പുണ്ടായിരുന്നെങ്കിലും അവയെല്ലാം ബ്രിട്ടീഷ് വിരുദ്ധസമരത്തിൽ എല്ലാ വിഭാഗങ്ങളും ഒന്നിച്ചുനില്ക്കണം എന്ന താത്പര്യത്തിലാണു് ഉപയോഗിച്ചിരുന്നതു്; പിന്നെ, സാമൂഹ്യജീവിതത്തിലെ മര്യാദ എന്ന നിലയ്ക്കും, ‘സർവ്വധർമ്മസമഭാവം’ എന്നു് ഗാന്ധിജി വിളിച്ചിരുന്നതു് ഇപ്പറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെയാണു്.
മതേതരത്വം (സെക്യുലറിസം) എന്ന വാക്കു് 1960-കളിലാണു് ഇന്ത്യയിൽ പ്രചാരം നേടിത്തുടങ്ങുന്നതു്. രാഷ്ട്രവിഭജനത്തിന്റെ ഓർമ്മകൾ മങ്ങുകയും രാഷ്ട്രീയപ്പാർട്ടികൾ അധികാരത്തിനുവേണ്ടി എല്ലാ സംസ്ഥാനങ്ങളിലും മതവികാരം ഉപയോഗപ്പെടുത്തിത്തുടങ്ങുകയും ചെയ്യുന്ന കാലഘട്ടത്തിൽ മതരാഷ്ട്രീയത്തെ ചെറുക്കുന്നതിനു വേണ്ടിയാണു് ആ വാക്കുപയോഗിക്കുന്നതു്.
കേരളത്തിലെ അനുഭവം കണ്ടാൽ കാര്യം വ്യക്തമാവും: ഒന്നാം ഇ. എം. എസ്. മന്ത്രിസഭ (1957) യെ അട്ടിമറിക്കുന്നതു് ക്രിസ്ത്യൻ–മുസ്ലിം–നായർ–ഈഴവ വികാരങ്ങളുപയോഗിച്ചു് നടത്തിയ വിമോചനസമരം (1959) ആണു്. തുടർന്നുവന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ആ സമരം നടത്തിയ കോൺഗ്രസ്–ലീഗ്–പി. എസ്. പി. (കോലീപി) സഖ്യം ഭൂരിപക്ഷം നേടി (1960). ഈ രാഷ്ട്രീയത്തെ, അവരുപയോഗിച്ച അതേ ജാതിമതവികാരങ്ങളുടെ ഐക്യമുന്നണി രൂപീകരിച്ചാണു് ഇ. എം. എസ്. തോൽപ്പിക്കുന്നതു്. അങ്ങനെയാണു് സപ്തമുന്നണിയുടെ ഉല്പന്നമായി രണ്ടാം ഇ. എം. എസ്. മന്ത്രിസഭ രൂപം കൊള്ളുന്നതു് (1967). സാമുദായിക രാഷ്ട്രീയം, ജാതിരാഷ്ട്രീയം, മതരാഷ്ട്രീയം മുതലായവ ജനാധിപത്യത്തിന്റെ സൗകര്യം ഉപയോഗിച്ചു് ജനാധിപത്യത്തെത്തന്നെ തുരങ്കം വെക്കുകയും പൗരോഹിത്യവും സാമുദായിക നേതൃത്വവും അധികാരകേന്ദ്രങ്ങളാവുകയും ചെയ്തുതുടങ്ങുന്ന ആ കാലത്താണു് മതേതരത്വം രാഷ്ട്രീയചർച്ചകളിൽ ഇടംകണ്ടെത്തുന്നതു്. നമ്മുടെ ഭരണഘടനയിൽ രാഷ്ട്രത്തിന്റെ വിശേഷണമായി ‘സെക്കുലർ’ എന്ന പദം ഉണ്ടായിരുന്നില്ല. അടിയന്തിരാവസ്ഥക്കാലത്തു് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യാണു് അതു് എഴുതിച്ചേർത്തതു് (1976). സ്വാതന്ത്ര്യലാഭത്തിന്റെ നാലു പതിറ്റാണ്ടു പിന്നിടാൻ തുടങ്ങുമ്പോഴാണു് ആ പദം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തമായിത്തീരുന്നതു് എന്നർത്ഥം.
ഇന്നു് മതേതരത്വം എന്ന താത്പര്യത്തിൽ ‘ദേശീയത’ എന്നു് ഉപയോഗിക്കുന്നില്ല; തന്നെയുമല്ല, ഹിന്ദുത്വവാദത്തിന്റെ ഹിംസാരാഷ്ട്രീയത്തിനു പറ്റിയ മുഖപടങ്ങളിലൊന്നായി അതു് ഉപയോഗിക്കുന്നുമുണ്ടു്. ദേശീയത മതേതരജനാധിപത്യത്തിന്റെ നിത്യപ്രതീകമായ ഗാന്ധിജിയെ ദേശസ്നേഹത്തിന്റെ പേരിലാണു് ‘ഹിന്ദുദേശീയത’യുടെ പ്രതിപുരുഷനായ നാഥുറാം ഗോദ്സെ വെടിവെച്ചുകൊന്നതു് (1948). ഈ ചരിത്രവസ്തുത ഇത്തരം ദേശീയത എത്രമേൽ മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവും അതുകൊണ്ടുതന്നെ ദേശവിരുദ്ധവും ആണു് എന്നു് ഉദാഹരിക്കുന്നു.
കോളനിവാഴ്ചയിൽനിന്നു് മോചനം നേടുന്നതിനുവേണ്ടി ഇന്ത്യൻ സമൂഹത്തിനു് ദേശീയത എന്ന വികാരം ഉല്പാദിപ്പിക്കേണ്ടതുണ്ടായിരുന്നു. സ്വാതന്ത്ര്യലാഭത്തോടെ ആ വികാരം മറ്റു ചിലതായി പരിണമിച്ചേ പറ്റൂ. ജാതിഘടന, ജന്മി–കുടിയാൻ വ്യവസ്ഥ, സമ്പന്ന–ദരിദ്ര വ്യത്യാസം, ആൺകോയ്മ, മതസ്പർദ്ധ മുതലായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന അസമത്വങ്ങൾക്കെതിരായ പോരാട്ടമാണു്, ആവണം ഇന്നു് ദേശീയത. നമ്മുടെ ജനാധിപത്യം പൊതുവായും കേരളീയാവസ്ഥ പ്രത്യേകമായും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി മതത്തിനു് രാഷ്ട്രീയത്തിൽ കിട്ടിവരുന്ന മേൽക്കൈയാണു്. ഇവിടെ മതരാഷ്ട്രവാദത്തിന്റെ വക്താക്കൾക്കു് സ്വാധീനം കൂടിവരികയാണു്. മതം രാഷ്ട്രീയമായും രാഷ്ട്രീയം മതമായും കോലം മാറാൻ തഞ്ചംനോക്കുന്ന ദുരവസ്ഥയാണെങ്ങും. യഥാർത്ഥത്തിൽ ദേശീയതയാണു് അതിലൂടെ വെല്ലുവിളിക്കപ്പെടുന്നതു്.
ദേശീയതയെ രക്ഷിക്കുവാനുള്ള ആദ്യമാർഗ്ഗം മതേതര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണു്.
(2011)
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.