മലയാളിയുടെ വായന കുറഞ്ഞു എന്ന പ്രസ്താവം സാമാന്യമായി ശരിയാകാനിടയുണ്ടോ? ഇന്ത്യയിൽ ഏറ്റവുമധികം പ്രചാരമുള്ള പ്രാദേശിക ഭാഷയിലെ ദിനപത്രവും വാരികയും (മലയാള മനോരമ) മലയാളത്തിലാണു്. മൂന്നുകോടി ആളുകളുടെ മാത്രം മാതൃഭാഷയായ മലയാളത്തിൽ പുറത്തിറങ്ങുന്ന ദിനപത്രങ്ങളുടെയും ആനുകാലികപ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും സ്ഥിതിവിവരക്കണക്കുകൾ, പ്രചാരത്തിന്റെ വൈപുല്യം, അവയ്ക്കുവേണ്ടി ചെലവഴിക്കപ്പെടുന്ന സമയത്തിന്റെ കണക്കു് മുതലായവ നൽകുന്ന ചിത്രം ഇവിടെ വായന അങ്ങനെ കുറഞ്ഞിട്ടില്ല എന്നുതന്നെയാണു്.
അളവിൽ വന്ന മാറ്റത്തേക്കാൾ പ്രധാനം സ്വഭാവത്തിൽ വന്ന മാറ്റമാണു്. കേരളത്തിൽ വായനയുടെ പ്രകൃതം മാറിവരികയാണു്. രാഷ്ട്രീയം, മതം, സിനിമ, സ്പോർട്ട്സ്, സാമൂഹ്യപ്രശ്നങ്ങൾ മുതലായവയെപ്പറ്റി ഉപരിപ്ലവമായി എഴുതപ്പെട്ട ലേഖനങ്ങളും പുസ്തകങ്ങളും ആണു് അധികവും വായിക്കപ്പെടുന്നതു്. അപൂർവമായി ഇക്കൂട്ടത്തിൽ പഠനങ്ങളും കണ്ടേയ്ക്കാം എന്നുമാത്രം. ഈ രംഗത്തു് നിന്നു് വഴി ഒഴിഞ്ഞു പോവേണ്ടിവരുന്നതു് സാഹിത്യത്തിനാണു്: ഉത്തമസാഹിത്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന രചനകൾക്കും അവയുടെ പഠനങ്ങൾക്കും ഇന്നു കേരളത്തിൽ ആനുപാതികമായി കിട്ടുന്ന ശ്രദ്ധ കുറഞ്ഞുപോയിരിക്കുന്നു.
നമ്മുടെ സാമൂഹ്യജീവിതം ശ്രദ്ധിച്ചാൽ വ്യക്തമാവും: സാഹിത്യകാരനു് വിലയിടിയുകയാണു്. കെ. പി. സി. സി. പ്രസിഡണ്ടിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്യുന്ന അതേ പ്രാധാന്യത്തോടെ സാഹിത്യപരിഷദധ്യക്ഷന്റെ പ്രസംഗം റിപ്പോർട്ട് ചെയ്യുന്ന ഒരു കാലം ദിനപത്രങ്ങൾക്കുണ്ടായിരുന്നു! സിനിമാനടനോ, സ്പോർട്ട്സ് താരത്തിനോ, രാഷ്ട്രീയനേതാവിനോ, ജില്ലാ കലക്ടർക്കോ, വ്യവസായിക്കോ, പുരോഹിതനോ കിട്ടുന്ന സ്ഥാനം നമ്മുടെ മാധ്യമങ്ങളിൽ സാഹിത്യകാരനു് ഇന്നില്ല. മമ്മൂട്ടി ക്കും പി. ടി. ഉഷ യ്ക്കും കെ. കരുണാകരനും ശങ്കരാചാര്യർ ക്കും അമിതാഭ്കാന്തി നും കിട്ടുന്നതിലും എത്രയോ കുറഞ്ഞ മാധ്യമശ്രദ്ധ കിട്ടുന്നവരാണു് ഇവിടുത്തെ എഴുത്തുകാർ. പരദൂഷണനിഷ്ഠമായ വിവാദങ്ങളോ, അവാർഡോ ആണു്, അവർക്കു് അല്പമെങ്കിലും പ്രാധാന്യം നൽകുന്നതു്. പുസ്തകചർച്ചകളും പുസ്തകപ്രകാശനങ്ങളും വാർത്തയാകണമെങ്കിൽ പത്രങ്ങൾക്കു് എന്തെങ്കിലും നിക്ഷിപ്തതാല്പര്യം വേണം എന്നായിരിക്കുന്നു.
സാമൂഹ്യരാഷ്ട്രീയപ്രശ്നങ്ങളിൽ ഇടപെടുന്നവരോ, മറ്റു രംഗങ്ങളിൽകൂടി പ്രവർത്തിക്കുന്നവരോ ആയ എഴുത്തുകാർക്കു് സാമൂഹ്യശ്രദ്ധ ലഭിക്കുന്നുണ്ടു്: പ്രൊഫ. സുകുമാർ അഴീക്കോട്, എം. ടി. വാസുദേവൻനായർ, നിത്യചൈതന്യയതി, സുഗതകുമാരി തുടങ്ങിയ പേരുകൾ ഓർത്തുനോക്കുക. അത്രയും നന്നായി. ആനന്ദ് എന്ന നോവലിസ്റ്റിനെയും എം. പി. ശങ്കുണ്ണിനായർ എന്ന വിമർശകനെയും പോലുള്ള നിരവധി പേർക്കു് അർഹിക്കുന്ന പ്രാധാന്യം കേരളീയജീവിതത്തിൽ ഇന്നു് ഇല്ല എന്നും കൂടി ഓർക്കുക.
ഇതിനർഥം എഴുത്തുകാരനു് എഴുത്തിന്റെ കണക്കിൽ മാത്രമായി നമ്മുടെ സമൂഹത്തിൽ ഇന്നു് ഉചിതമായ സ്ഥാനമില്ല എന്നാവാം. സാഹിത്യം ഇന്നൊരു വിഷയമല്ലാതായിരിക്കുന്നു.
ഇക്കാലത്തു് സാഹിത്യവിമർശനം തീരെ കുറഞ്ഞുകാണുന്നതിനു് ഒരു കാരണം ഇതാണു് എന്നു് ഞാൻ വിചാരിക്കുന്നു. സാഹിത്യത്തിനു് വിലയില്ലെങ്കിൽ പിന്നെ സാഹിത്യവിമർശനത്തിനു് വില കാണുമോ? സാഹിത്യത്തിന്റെ താത്വികവശങ്ങളെക്കുറിച്ചുള്ള പഠനങ്ങളും മികച്ച സാഹിത്യകൃതികളെക്കുറിച്ചുള്ള വിമർശനലേഖനങ്ങളും ഇന്നു് അപൂർവമായിരിക്കുന്നു.
ഏതെങ്കിലും ഒരു കൃതിയെ പുകഴ്ത്തി ഒരു ലേഖനം എഴുതി നോക്കൂ—ഉടനെ ആളുകൾ ചോദിക്കും.
“ഗ്രന്ഥകാരൻ നിങ്ങളുടെ സുഹൃത്താണല്ലേ?”
ഏതെങ്കിലും ഒരു കൃതിയെ ഇകഴ്ത്തി എഴുതിനോക്കൂ—ഉടനെ ചോദ്യം വരും.
“അയാളോടു് നിങ്ങൾക്കെന്താണു് ദേഷ്യം?”
സാഹിത്യനിരൂപണം എന്നതു് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പുലരുന്ന രംഗം മാത്രമാണു് എന്നൊരു ധാരണ പതുക്കെയാണെങ്കിലും വേരുപിടിച്ചുവരികയാണു്. ഓ, സാഹിത്യവും സാഹിത്യവിമർശനവും ഒക്കെ അത്രയേ ഉള്ളൂ എന്നു്!
പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും സാഹിത്യവിമർശനം ഇന്നൊരു സംഗതിയല്ലാതായിട്ടുണ്ടു്. ചില പത്രാധിപന്മാർ ‘പുസ്തകനിരൂപണം’ എന്നതു് ‘പുസ്തകപരിചയം’ ആക്കി കോലം മാറ്റിയിരിക്കുന്നു.
ഗൗരവമായ സാഹിത്യചർച്ചകളും വിപുലമായ സാഹിത്യസമ്മേളനങ്ങളും കേരളീയാന്തരീക്ഷത്തിൽ നിന്നു് പിൻവാങ്ങിക്കഴിഞ്ഞു. അത്തരം പലതും സംഘടിപ്പിച്ചിരുന്ന സാഹിത്യപരിഷത്തും സാഹിത്യസമിതിയുമൊക്കെ ഇന്നു് ജീവനോടെ ഉണ്ടോ, ആവോ? പുരോഗമനകലാസാഹിത്യസംഘം, യുവകലാസാഹിതി തുടങ്ങിയ സംഘടനകൾക്കും സാഹിത്യ താല്പര്യത്തിന്റെ മാത്രം പേരിൽ അതൊന്നും ഇന്നു് വിജയകരമായി നടത്താനാവുന്നില്ല. പ്രൊഫ. സുകുമാർ അഴീക്കോട് പത്തിരുപതുകൊല്ലം മുമ്പു് ചെയ്തിരുന്ന തരം സാഹിത്യപ്രസംഗം ഇന്നു ചെയ്യുന്നുണ്ടോ?
സാഹിത്യം വിലകെടുന്നു എന്നു് സാഹിത്യത്തിലും വിമർശനത്തിലും പ്രവർത്തിക്കുന്നവർ തിരിച്ചറിയുന്നുണ്ടു്—സിനിമ, ടി. വി., സാമൂഹ്യപ്രവർത്തനങ്ങൾ തുടങ്ങിയവയിലേക്കു് അവരുടെ ശ്രദ്ധ കൂടുതലായി തിരിയുന്നുണ്ടു്. വെറുതെയല്ല, പ്രമുഖ വിമർശകന്മാരുടെ കൃതികൾ സാഹിത്യവിമർശനേതരരചനകളാകുന്നതു്.
വായനയുടെ ഗൗരവം കാത്തുസൂക്ഷിക്കുന്നവരും സാഹിത്യത്തിന്റെയും വിമർശനത്തിന്റെയും പ്രസക്തി തിരിച്ചറിയുന്നവരുമായ ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും ഈ നാട്ടിലുണ്ടു് എന്നു് എനിക്കറിയാം. സമൂഹത്തിന്റെ പൊതുവെയുള്ള മനോഭാവത്തെയും അതു് മാധ്യമങ്ങളിൽ പ്രതിഫലിക്കുന്ന രീതിയെയും കുറിച്ചാണു് ഞാൻ പറഞ്ഞുവരുന്നതു്. ഇന്നു് കേരളത്തിൽ സാമാന്യമായി ‘സാഹിത്യം’ ഒരു വർത്തമാനമല്ലാതായിരിക്കുന്നു.
നമ്മുടെ വ്യാപകമായ വായനയുടെ ദിശാസൂചി തിരിഞ്ഞുനിൽക്കുന്നതു് സാഹിത്യേതരമായ പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും ഫീച്ചറുകളുടെയും നേർക്കാണു്. വായനാപരിസരത്തിൽ ഒരുതരം മണ്ണൊലിപ്പു് സംഭവിച്ചിട്ടുണ്ടു്. ‘ആലോചനാമൃതം’ ആകുന്നതൊന്നും താങ്ങാൻ പറ്റാത്തവിധം കേരളത്തിലെ സാമാന്യപാരായണം വഴിതിരിയുകയാണു്.
മാതൃഭൂമി വാരാന്തപ്പതിപ്പു്: 5 നവംബർ 1995.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.