അനന്തമായ കാലവും അപാരമായ പ്രപഞ്ചവും അതീവസുന്ദരമായ പ്രകൃതിയും സ്നേഹത്തിന്റെ അനശ്വരഭാവവും ബഷീറിന്റെ അനുഭൂതികളിൽ എപ്പോഴും നിറയുന്നു. മനസ്സിലുറപ്പിച്ചു് ‘അനൽഹഖ്’ (ഞാനാണു് സനാതനസത്യം) എന്നും ‘അഹംബ്രഹ്മാസ്മി’ (ഞാൻ ബ്രഹ്മം ആകുന്നു) എന്നും ഉരുവിട്ടുകൊണ്ടു് കടന്നുപോയ സന്യാസജീവിതത്തിന്റെ ബാക്കിപത്രം കൂടിയാണു് ആ സാഹിത്യം. പ്രകൃതിയുമായും മറ്റു മനുഷ്യരുമായും ജീവജാലങ്ങളുമായും ലയിച്ചു ചേരുന്നതിന്റെ അനുഭൂതികൾ അടയാളപ്പെടുത്തുമ്പോൾ ആ ഭാഷയുടെ ഭാവം വാമൊഴിയുടെ സ്വാഭാവികതയല്ല, അഗാധവും ഗംഭീരവുമായ അനുഭൂതികളുടെ കാവ്യാത്മകതയാണു്.
ബഷീറിന്റെ ഗദ്യം വരമൊഴിയുടെ, കവിതയുടെ താളവും സ്വഭാവവും കൈവരിക്കുന്ന സന്ദർഭങ്ങളുണ്ടു്. അനർഘനിമിഷം (1946) എന്ന പുസ്തകത്തിൽ ലേഖനങ്ങൾ എന്ന പേരിൽ സമാഹരിച്ചിരിക്കുന്ന പലതും ഗദ്യകവിതകളാണു്—‘അനർഘനിമിഷം,’ ‘ജീവിതം’, ‘മംഗളാശംസകൾ,’ ‘സന്ധ്യാപ്രമാണം’, ‘ഏകാന്തതയുടെ മഹാതീരം’, ‘അജ്ഞാതമായ ഭാവിയിലേക്ക്’ എന്നിവ.
തന്റെ നിസ്സാരതയും ഈശ്വര പ്രഭാവത്തിന്റെ മഹിമയും ആവിഷ്ക്കരിക്കുവാനാണു് ബഷീർ ഗദ്യകവിതകൾ എഴുതുന്നതു്. നീണ്ടുനീണ്ടു പോകുന്ന വാക്യങ്ങൾ, സംസ്കൃതപദങ്ങൾ, ദീർഘസമാസങ്ങൾ തുടങ്ങിയവ അവയിൽ സുലഭം. ലൗകികതലമല്ല, ആത്മീയതലമാണു് അവയിൽ പുലരുന്നതു്. പ്രപഞ്ചസൗന്ദര്യത്തിന്റെ മഹാത്ഭുതവും അപാരതയുടെ അവ്യാഖ്യേയമായ ഗാംഭീര്യവും ശോകത്തിന്റെ അത്യഗാധതയും ചിത്രീകരിക്കുവാനുള്ള സഫലശ്രമം ‘അജ്ഞാതമായ ഭാവിയിലേക്കു്’ എന്ന രചനയിൽ കാണാം.
മരണവും ഏകാന്തതയും പ്രകൃതിയും മാത്രമാണു് ഗദ്യകവിതകളിലെ പ്രമേയം. പേർസ്യൻ സൂഫികളുടെ രചനകളെ അനുസ്മരിപ്പിക്കും വിധം ഇവയിൽ നിത്യകാമുകനായും നിത്യകാമുകിയായും ഈശ്വരൻ കടന്നുവരുന്നു. ‘മരണത്തിന്റെ സ്വപ്നമായിരിക്കുമോ ജീവിതം?’ (ഏകാന്തതയുടെ മഹാതീരം) എന്നു് അമ്പരന്നു പോകുന്ന സന്ദർഭങ്ങൾ ഇവിടെ പലതുണ്ടു്. ‘എന്റെ കന്യകാത്വം മുഴുവനും കൊടുംതമസ്സിലെ മൂകമായ ഒരു പ്രാർത്ഥന ആയിരുന്നപ്പോൾ’ (ഏകാന്തതയുടെ മഹാതീരം) എന്നു് എഴുതിപ്പോകുന്ന മട്ടിൽ ഈ രചനകളിൽ ബഷീർ കവിയാണു്. അദ്ദേഹം തമാശ പറയാറുണ്ടു്: ‘ഞാൻ ജന്മനാ കവിയാണു്. പിന്നെ ആളുകൾ വർത്തമാനം പറയുന്നതും പ്രേമിക്കുന്നതും കുളിക്കുന്നതും പ്രസവിക്കുന്നതുമൊക്കെ ഗദ്യത്തിലായതുകൊണ്ടു് ഗദ്യം എഴുതുന്നു എന്നേയുള്ളൂ.’
ഈ ഗദ്യകവിതകളിലെ ഭാഷ എത്രമാത്രം സംസ്കൃതജഡിലമാണു് എന്നതിനു് ഉദാഹരണം കാണുക:
- ‘അന്തിമ നിശ്വാസമായി പരക്കുന്ന സുരഭിലമായ കുളിർനിലാവിൽ മുങ്ങിയ പൂങ്കാവനം പണ്ടത്തെ മാതിരി വീണ്ടും രൂപരഹിതമായ കിനാവിൽ മുഴുകുകയായി.’ (ഏകാന്തതയുടെ മഹാതീരം)
- ‘ഉദയതാരത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ, പ്രഭാതഭാസ്കരന്റെ കനകകിരണങ്ങളിലൂടെ, വസന്തകാലത്തിന്റെ പുതുപരിമളത്തിലൂടെ എന്റെ കുമാരീ എന്റെ സ്മരണ നിന്നിലെത്തും.’ (ഏകാന്തതയുടെ മഹാതീരം)
- ‘ശീതളമായ നിന്റെ പൂമേനിയുടെ സുഗന്ധസ്മരണയോടെ നിശാപവനൻ എന്നെ തഴുകുമ്പോൾ’ (ഏകാന്തതയുടെ മഹാതീരം)
- ‘കടുംനീലയായ അലകൾക്കുമീതെ ക്ഷീണിതമായ മഞ്ഞ വെളിച്ചത്തിന്റെ പന്ഥാവു് അവശേഷിപ്പിച്ചുകൊണ്ടു് കടലിൽ വീഴാൻ തുടങ്ങിയ ചരമദിവാകരനെ മൂടിപ്പൊതിഞ്ഞുകൊണ്ടു്, അരികിനു് തങ്കക്കസവു പിടിപ്പിച്ച ബ്രഹ്മാണ്ഡമായ കറുത്ത പുടവ പോലെ ഇരുണ്ടമേഘം പൊങ്ങിവന്നു’ (ഏകാന്തതയുടെ മഹാതീരം)
ബഷീർ എഴുതിയ ഒരേ ഒരു കവിതയിലും (അനശ്വരപ്രകാശം, യാ ഇലാഹീ—1997) ഭാഷ ഇതുതന്നെ.
ദൈവികാന്വേഷണത്തിന്റെ അനുഭൂതികളുടെയും അനവദ്യമായ ആധികളുടെയും അപാരതയുമായി ലയിക്കുവാനുള്ള അദമ്യമായ ദാഹത്തിന്റെയും രേഖപ്പാടുകളാണു് ബഷീറിന്റെ ഗദ്യകവിതകൾ.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.