ഹാസ്യകാരനെന്ന നിലയിൽ മലയാളത്തിൽ വളരെ പേരുള്ള എഴുത്തുകാരനാണു് ബഷീർ. എന്തു്, എങ്ങനെ പറയുമ്പോഴും നർമ്മസ്പർശത്തോടുകൂടി പറയുക എന്നതു് അദ്ദേഹത്തിന്റെ രീതിയാണു്. മൂപ്പരുടെ ജനപ്രീതിയുടെ പ്രധാനപ്പെട്ട അംശം, ഒരുപക്ഷേ, ഈ തമാശയായിരിക്കാം.
ലാഘവത്തോടുകൂടിയാണു് ബഷീർ ഏതു കാര്യവും കാണുന്നതു്. വളരെ തുച്ഛമെന്നും കഥയ്ക്കോ നോവലിനോ വിഷയമാക്കാൻ മാത്രം ഗൗരവമില്ലാത്തതെന്നും സാധാരണനിലയിൽ എഴുത്തുകാർ കരുതുന്ന സംഗതികളാണു് പലപ്പോഴും പ്രതിപാദ്യം. ദരിദ്രരും തൊഴിലാളികളും നിരക്ഷരരും ആയ മനുഷ്യജീവികളുടെ നിത്യസാധാരണമായ ജീവിത സാഹചര്യങ്ങളിൽനിന്നാണു് പ്രമേയം വീണ്ടെടുക്കുക. പിന്നെ, ഏതു സംഭവത്തിലും ഉള്ളടങ്ങിക്കിടക്കുന്ന വൈരുദ്ധ്യത്തെപ്പറ്റി—ഏതു പ്രശ്നത്തിന്റെയും മറുവശത്തെപ്പറ്റി—ബഷീർ ആലോചിക്കുന്നുണ്ടു്. ഈ വഴിയ്ക്കെല്ലാം ഊറിക്കൂടുന്നതാണു് ഈ സാഹിത്യത്തിലെ ഹാസ്യം.
തുടക്കം തൊട്ടേ ബഷീറിൽ ഈ ഒരംശം കാണുന്നുണ്ടു്. ആദ്യകാല രചനകളിലൊന്നായ പ്രേമലേഖനം എന്ന നോവൽ തന്നെ അടിമുടി തമാശയാണു്. ‘ജീവിതത്തിന്റെ സൗരഭ്യമാണു് വിനോദം’ എന്നു് അതിലെ സാറാമ്മ ഹാസ്യബോധത്തെ നിർവ്വചിക്കുന്നുണ്ടു്.
പ്രണയദുരന്തത്തിന്റെ ആവിഷ്കാരമായ ‘ബാല്യകാലസഖി’യിലും നർമ്മത്തിനു് കുറവൊന്നുമില്ല. നായികാനായകന്മാരായ മജീദിന്റെയും സുഹ്റയുടെയും ബാല്യകാലചിത്രീകരണം മുഴുവൻ തമാശയിൽ കുതിർന്നതാണു്. ‘ബാല്യകാലം മുതല്ക്കുതന്നെ സുഹ്റയും മജീദും സുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ്നേഹബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നുള്ളതാണു്’ എന്നു പറഞ്ഞുകൊണ്ടാണു് നോവൽ ആരംഭിക്കുന്നതുതന്നെ.
സുഹ്റയ്ക്കു് നീണ്ട നഖങ്ങളുണ്ടു്. ദേഷ്യം വരുമ്പോൾ അതുകൊണ്ടവൾ മജീദിനെ ‘തീച്ചെരവകൊണ്ടെന്നപോലെ’ മാന്തുമായിരുന്നു. തിരിച്ചു മാന്താൻ അവനു് നഖങ്ങളില്ല. എല്ലാം അവൻ കടിച്ചുകളഞ്ഞു പോയിരുന്നു. ഈ ദുരിതത്തിൽനിന്നു് രക്ഷപ്പെട്ടതു് എങ്ങിനെയെന്നോ: താൻ പണിയാൻ പോകുന്ന ‘മാനത്തോളം’ വലിയ പൊൻമാളികയെപ്പറ്റിയും അവിടെ ഒപ്പം പാർക്കാൻ പോകുന്ന രാജകുമാരിയെപ്പറ്റിയും മജീദ് പറഞ്ഞു. ആ രാജകുമാരി സുഹ്റയാണെന്നും. കൂട്ടത്തിൽ ഒന്നുകൂടിപ്പറഞ്ഞു: രാജകുമാരിക്കു് പിച്ചാൻ പാടില്ല. ഇതു വിശ്വസിച്ച സുഹ്റ നഖങ്ങൾ മുറിച്ചുകളയാൻ അനുവാദം കൊടുത്തു. പിന്നെയൊരിക്കൽ ദേഷ്യം വന്നപ്പോൾ അവൾ മാന്തി. മജീദ് പറഞ്ഞു: ‘ഇഞ്ഞീം മാന്ത്! ഇനിക്കു വല്യ സൊകം!’
‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!’വിൽ കുഞ്ഞുപാത്തുമ്മയുടെ കുടുംബം യാഥാസ്ഥിതികതയിൽ വേരു് പിടിച്ച പലതരം വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നു:
കുഞ്ഞുപാത്തുമ്മയ്ക്കു് ‘എന്തോ കൂടി’ എന്നു തോന്നിയപ്പോൾ പള്ളിയിലെ ഖത്തീബിനെക്കൊണ്ടു് മന്തിരിപ്പിച്ചു് വാങ്ങിയ ചരടും മുസ്ലിയാരുടെ വക കിട്ടിയ നുണുങ്ങു് സൂട്ട് കേസ് മാതിരി ഒരു ഏലസ്സും അണിഞ്ഞുകൊണ്ടാണു് കുഞ്ഞുപാത്തുമ്മയുടെ നടപ്പു്. അതു കണ്ടിട്ടു് ആയിഷ പറഞ്ഞു:
‘ഏതു ഷൈത്താനും പോകും. ജിന്നും പോകും. പിന്നെ ഇഫ്രീത്തിന്റെ കാര്യമാണെങ്കിൽ പറയാനുമില്ല. ചുമ്മാ അതു് കഴുത്തിൽ കെട്ടിക്കൊണ്ടു നടന്നാൽ മതി. ഇക്കാക്കായുടെ ആ വലിയ തുകൽപ്പെട്ടിയാണു്, എന്താ കൊണ്ടുവരട്ടെ?’
പരിഹാസ്യതയുടെ ഏറ്റവും വലിയരൂപം കുഞ്ഞുപാത്തുമ്മയുടെ ഉമ്മ കുഞ്ഞുതാച്ചുമ്മയാണു്. തറവാട്ടുമഹിമയും മതാന്ധതയും നാട്ടു നടപ്പും യാഥാർത്ഥ്യബോധമില്ലായ്മയും കട്ടകുത്തിയ രൂപം. അവർ തലയിൽ പേറി നടക്കുന്ന ‘കൊമ്പനാന’ കുഴിയാനയായിരുന്നു എന്നു് കാണിക്കുന്ന തമാശയിലാണു് നോവൽ അവസാനിക്കുന്നതു്.
ബഷീറിന്റെ പരിഹാസത്തിന്റെ മേനി കാണേണ്ടതു് ആത്മപരിഹാസത്തിന്റെ മികവിലാണു്. അവനവനെയും സ്വന്തം കുടുംബക്കാരെയും പരിഹസിക്കുന്ന നോവലുകളാണു് ‘പാത്തുമ്മയുടെ ആടും മാന്ത്രികപ്പൂച്ച’യും. ആദ്യത്തേതിൽ ഉമ്മയും സഹോദരങ്ങളുമാണെങ്കിൽ രണ്ടാമത്തേതിൽ ഭാര്യയും മകളുമാണെന്ന വ്യത്യാസമേയുള്ളൂ.
ഇക്കൂട്ടത്തിൽ മികച്ചുനിൽക്കുന്ന ‘പാത്തുമ്മയുടെ ആടി’ൽ മുഖ്യകഥാപാത്രം ബഷീർ തന്നെയാണു്. ഇതിൽ തന്റെ തന്നെ പൊങ്ങച്ചത്തെ കുത്തിപ്പൊട്ടിക്കുന്ന രംഗങ്ങൾ അനവധിയുണ്ടു്:
ബഷീർ ഇരിക്കുന്ന കോലായിലേയ്ക്കു നോക്കിക്കൊണ്ടു് പെൺകുട്ടികൾ നിരത്തിലൂടെ പോകുമ്പോൾ അതു് ‘മഹാസാഹിത്യകാരനായ’ തന്നെ തിരിച്ചറിഞ്ഞു് നോക്കുകയാണെന്നാണു് മൂപ്പർ വിചാരിച്ചതു്. ഒരിക്കൽ അവർ വീട്ടിലേക്കു് കയറി വന്നു. ഓട്ടോഗ്രാഫിൽ എഴുതാൻ റെഡിയായി ബഷീർ ഇരുന്നു. പക്ഷേ, അവർ വന്നതു് ഉമ്മയിൽ നിന്നു് ചാമ്പയ്ക്കാ വാങ്ങാനാണു്. അവർ നോക്കിയിരുന്നതു് ചാമ്പമരത്തെയാണു്!
ഭാര്യ ജമീലാബീബി പുതിയാപ്പിള അബ്ദുൽഖാദറിനോടു് രണ്ടു പൂവൻപഴം വാങ്ങിക്കൊണ്ടുവരണം എന്നു പറഞ്ഞപ്പോൾ ഉണ്ടായ പ്രതികരണം നോക്കൂ:
‘അബ്ദുൽ ഖാദർ സാഹിബ് ചിരിച്ചു. ഉടനെ മൂപ്പർക്കു് പ്രേമത്തിന്റെ ഹാലും ഇളകി. ജമീല ആദ്യമായി ആവശ്യപ്പെട്ട ഒരു സംഗതി. വേറെ പെണ്ണുങ്ങളാണെങ്കിൽ യാ റബ്ബുൽ ആലമീൻ, അബ്ദുൽഖാദർ സാഹിബ് വിചാരിച്ചു. എന്തെല്ലാം കുശാണ്ടങ്ങളാണവർ ഭർത്താവിനോടാവശ്യപ്പെടുക! പൊന്നു്, പട്ടു്, വള, മോട്ടോർ, ഡക്കോട്ടാവിമാനം—അതൊക്കെ പോകട്ടെ, നിസ്സാരകാര്യങ്ങളാണല്ലോ. മൂപ്പർ വിചാരിച്ചു. ചിലരുണ്ടു്, അവർ കെട്ടിയോന്മാരോടാവശ്യപ്പെടുന്നതു് തീരെ വിലയില്ലാത്ത സംഗതികളാണു്. കാട്ടിൽ പ്രസവിച്ചുകിടക്കുന്ന പെൺസിംഹത്തിന്റെ രണ്ടുമീശ! അതു കൊണ്ടെക്കൊടുത്തില്ലെങ്കിൽ പരിഭവം. ‘ഓ, എന്നാലും ഞാൻ പൂച്ചപോലുള്ള സിംഹത്തിന്റെ മുഖത്തെ രണ്ടു പൂട വേണമെന്നു് പറഞ്ഞിട്ടു്… ഓ, എല്ലാം ഇത്രേയുള്ളൂ. എന്നും പറഞ്ഞു് വിങ്ങിപ്പൊട്ടിക്കരയും!’ ഭർത്താവെന്തു ചെയ്യും? വേറൊരിനമുണ്ടു്: അവർക്കു് വേണ്ടതു്, എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിൽനിന്നു് ഒരു ചെറിയ കഷണം മഞ്ഞുകട്ടയാണു്. അതു കൊണ്ടെക്കൊടുത്തില്ലെങ്കിൽ പറയും, നിറഞ്ഞ കണ്ണുകളോടെ ഗദ്ഗദത്തിലാണു്: ‘ഓ, ഒരു നുണുങ്ങുകഷണം മഞ്ഞുകട്ട വേണമെന്നു് പറഞ്ഞിട്ടു് കൊണ്ടെത്തരാത്ത ആളല്ലേ… എന്നെ അങ്ങു് കൊന്നേര്!’ ഭർത്താവെന്തു ചെയ്യും?’ (പൂവൻപഴം).
ഒരു ബുദ്ധിജീവിയുടെ വിവരണം:
‘സ്ഥലത്തെ പ്രധാന ബുദ്ധിജീവിയാണു് മുഴയൻ നാണു. സാധാരണയായി പുറത്തെങ്ങും ഇറങ്ങുന്ന ആളല്ല. വലിയ ഗവേഷകൻ, പത്രവായനക്കാരൻ, രാഷ്ട്രീയചിന്തകൻ, നിയമോപദേഷ്ടാവു്—ചുരുക്കത്തിൽ വലിയ ജ്ഞാനിയാണു് മുഴയൻ നാണു. ദാർശനികൻ! അദ്ദേഹത്തിന്റെ വലിയ കഷണ്ടിത്തല നിറച്ചും ശിക്കാറു തലച്ചോറാണു്. ഏറ്റവും ഗംഭീരവും ദിവ്യവുമായ ചില വിഷയങ്ങളുണ്ടല്ലോ, അത്തരം വിഷയങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കാനായി കുറേ ഏറെ തലച്ചോറു് വലിയ ഒരു മുഴയായി തലയുടെ ഒരു ഭാഗത്തു് അദ്ദേഹം പ്രത്യേകം സ്റ്റോക്കു ചെയ്തിട്ടുണ്ടു്.’ (സ്ഥലത്തെ പ്രധാന ദിവ്യൻ)
ഈ ഉദാഹരണങ്ങളിൽ കാണും പോലെ നർമ്മത്തിനുവേണ്ടി അതിശയോക്തി ഉപയോഗിക്കുന്നതു് അദ്ദേഹത്തിന്റെ സമ്പ്രദായമാണു്. ഹാസ്യോല്പാദനത്തിനു് മൂപ്പരുപയോഗിക്കുന്ന മറ്റൊന്നു് നാടകീയതയാണു്. ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന കഥ ആരംഭിക്കുന്നു:
‘മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ഈ ചരിത്രകഥയുടെ സുന്ദരമായ ഗുണപാഠം നേരത്തേ അങ്ങു പറഞ്ഞേയ്ക്കാം. പക്ഷേ, പെൺപിള്ളേരുടെ എല്ലാം ആരോഗ്യത്തിനത്ര പറ്റിയതല്ല. മൊത്തത്തിൽ പെൺമക്കൾ… അവർ ഏതു പ്രായത്തിലുള്ളവരാണെങ്കിലും ശരി… കഴിയുന്നത്ര വേഗത്തിൽ… അവരെ ഒന്നടങ്കം വധിച്ചുകളയുക!’
അപ്രതീക്ഷിതമായ സംഗതികൾ സ്വാഭാവികം എന്നപോലെ വർണിക്കുന്നതിലൂടെയും ബഷീർ തമാശയുണ്ടാക്കാറുണ്ടു്:
‘സ്ഥലത്തെ പ്രധാന മണ്ടൻ, പോക്കറ്റടിക്കാരൻ, കറുമ്പൻ, കോങ്കണ്ണൻ—നമ്മുടെ ഓമനപുത്രിയുടെ മടിയിൽ തലയും വെച്ചു കിടക്കുക…! ഈ കാഴ്ച പിതാക്കന്മാർക്കാർക്കും അത്ര രസമായി തോന്നുകയില്ല. തോന്നുമോ?’
“ബാപ്പാ’ എന്നും പറഞ്ഞു് സൈനബ ഉരുണ്ടുപിരണ്ടു് എണീറ്റു.’
‘മണ്ടൻമുത്തപാ വെള്ളപ്പല്ലുകൾ കാണിച്ചു് ആവുന്നത്ര ഭംഗിയിൽ ഒന്നു ചിരിച്ചു.’
‘ഒറ്റക്കണ്ണൻ പോക്കരുടെ കണ്ണു ചുവന്നു. അദ്ദേഹം ഒരു വലിയ മരച്ചീനിക്കിഴങ്ങെടുത്തു് മുത്തപായുടെ നെഞ്ചത്തു് കൊടുത്തു ഒരേറു്!’
‘മുത്തപായ്ക്കു നന്നെ നൊന്തെങ്കിലും വെളുക്കനെയുള്ള ആ ചിരി കളയാതെ കിഴങ്ങെടുത്തു് ഒടിച്ചു പല്ലുകൊണ്ടു് തൊണ്ടുപൊളിച്ചു സാവധാനത്തിൽ കരുമുരാ കടിച്ചു തിന്നു. എന്നിട്ടു് സന്തോഷത്തോടെ പറഞ്ഞു:’
‘മാമാ, ഞാൻ സൈനബായെ കെട്ടാമ്പോണ്!’ (മുച്ചീട്ടുകളിക്കാരന്റെ മകൾ)
വാക്യഘടനയിൽ വിരുദ്ധോക്തികൾ കൊണ്ടുവരുന്നതു് ബഷീർഫലിതത്തിന്റെ മുദ്രകളിലൊന്നാണു്.
ചില മാതൃകകൾ:
- ‘ആ മാന്യന്റെ ഏഴാമത്തെ ജീവിതകാലസഖി കോണിപ്പടിയിൽ നിന്നു് എന്തോ അത്യാവശ്യം പ്രമാണിച്ചു തലയും കുത്തി കരിങ്കൽത്തറയിൽ വീണു (പ്രേമലേഖനം).’
- ‘എന്റെ ക്ലാസ്മേറ്റ് വെച്ചുകൊടുത്തു കുശാണ്ടവാർഡറുടെ ചങ്കിനു രണ്ടു കുത്തു്. മേമ്പൊടി എന്നവണ്ണം നാഭിക്കു ഒരു പരമരസികൻ തൊഴിയും (മതിലുകൾ).’
- ‘അവിടെയാണു് സ്ഥലത്തെ പ്രധാന പിശുക്കനായ ഉണ്ടക്കണ്ണൻ അന്ത്രു താമസിക്കുന്നതു്. മൂപ്പർക്കു് ചന്തയിൽ ഒരു കടയുണ്ടു്. ചക്കര അല്ലെങ്കിൽ കരുപ്പെട്ടി വ്യാപാരം. ഉണ്ടക്കണ്ണൻ അന്ത്രു സ്ഥലത്തെ പ്രധാന പണക്കാരിൽ ഒരുവനാണു്. ആ മഹാൻ ധർമ്മം കൊടുക്കയില്ല, വായ്പ കൊടുക്കയില്ല. (എട്ടുകാലിമമ്മൂഞ്ഞ്: ഒരു ഭഗവദ്ഗീതയും കുറേ മുലകളും).’
- ‘അപ്പോഴത്തേക്കും ഒരു പട്ടി കുരച്ചു! അതോടെ വേറൊന്നും. അങ്ങിനെ നാട്ടിലുള്ള എല്ലാ നായ്ക്കളും! സദാചാരത്തിന്റെ പേരിലായിരിക്കും അവർ കുരയ്ക്കുന്നതു്. (പൂവൻപഴം—വിഡ്ഢികളുടെ സ്വർഗ്ഗം)’
- ‘ഒരു ബഹളം കേട്ടു് ഞാൻ അടുക്കളവശത്തേക്കു ചെന്നപ്പോൾ എന്റെ ഉമ്മായുടെ അദ്ധ്യക്ഷതയിൽ സർവ്വമാന പെണ്ണുങ്ങളും അമ്പരന്നു നില്ക്കുകയാണു്. (പാത്തുമ്മയുടെ ആടു്)’
- ഹുന്ത്രാപ്പിബുസ്സാട്ടോ (ഹുന്ത്രാപ്പിബുസ്സാട്ടോ—പാവപ്പെട്ടവരുടെ വേശ്യ) = സ്ത്രീ.
- ലുട്ടാപ്പി (ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!) = പെൺകുട്ടി
എന്തിനെ നോക്കിയാണു്, ആരെ വിഷയമാക്കിയാണു് ബഷീർ ചിരിക്കുന്നതു്?
മതം, ഭരണം, സമൂഹം, കുടുംബം, പ്രണയം, വ്യക്തിബന്ധങ്ങൾ തുടങ്ങി എന്തിനെ കളിയാക്കുവാനും അദ്ദേഹത്തിനു് മടിയില്ല. ജീവിതത്തെ തമാശയായി നോക്കിക്കാണുന്ന പ്രകൃതമാണദ്ദേഹത്തിന്റേതു്. നിങ്ങൾ വിലമതിക്കുന്ന എന്തിനെയും ചിരിച്ചുതള്ളും. ‘സംസ്കാരം’ എന്ന പേരിൽ നാം കെട്ടിപ്പൊക്കിയിരിക്കുന്ന മിക്കതും എത്രമാത്രം മനുഷ്യപ്പറ്റില്ലാത്തതാണെന്നു് അദ്ദേഹത്തിനറിയാം. സ്ഥലത്തെ പ്രധാന പോക്കറ്റടിക്കാരനെ ‘കലാകാരൻ’ എന്നും സ്ഥലത്തെ പ്രധാന കള്ളനെ ‘ബുദ്ധിജീവി’ എന്നും വിളിക്കുകയാണു് അദ്ദേഹത്തിന്റെ ശീലം.
ദുരന്തത്തിൽ ചിരിയും ചിരിയിൽ ദുരന്തവും കണ്ടെടുക്കുന്നതാണു് ബഷീറിന്റെ പ്രകൃതം. ‘ചിരിയിൽ കണ്ണീരുള്ളതുപോലെ (ബാല്യകാലസഖി)’ എന്നു് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ തന്നെ ഈ രീതി തിരിച്ചറിയുന്നുണ്ടു്. ‘എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കുന്നില്ല (അനർഘനിമിഷം)’ എന്നു് ബഷീർ സുഹൃത്തുക്കളെയും വായനക്കാരെയും പറ്റി സഹതാപം കൂറുകയുണ്ടായി. ‘ഓർക്കുന്നതു തന്നെ സുഖത്തെയല്ല. ദുഃഖത്തെ. വേദനകളെ. അതും ഒരു തമാശ (മരണത്തിന്റെ നിഴലിൽ)’ എന്നു് അദ്ദേഹം സ്വയം സാക്ഷ്യപ്പെടുത്തുന്നു.
ജീവിതത്തിന്റെ നിരർഥകതയും അസംബന്ധതയും തിരിച്ചറിഞ്ഞതിൽ നിന്നു് ഊറി വരുന്ന ചിരിയാണതു്. ആ സ്നേഹം ആവിഷ്കാരം നേടുന്നതു് ചിരിയായിട്ടാണു്. സൂഫി ദാർശനികതയുടെ തലം ബഷീർസാഹിത്യത്തിനു് നല്കുന്നതിൽ ചിരി വലിയ പങ്കു വഹിക്കുന്നുണ്ടു്. ‘ചിരിയില്ലാതെ സൂഫിയില്ല’ എന്നൊരു ചൊല്ലുണ്ടു്: ചിരിയില്ലാതെ ബഷീറില്ല.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.