ജനാധിപത്യത്തിനു മറ്റേതു ഭരണവ്യവസ്ഥിതിക്കുമെന്നപോലെ; അതിന്റേതായ പരിമിതികളും ദൂഷ്യങ്ങളുമുണ്ടു്. പക്ഷേ, എല്ലാ കൊള്ളരുതായ്മകളും ഇരിക്കെത്തന്നെ നാം അതിനെ സ്വാഗതം ചെയ്തുപോകുന്നതു് അഭിപ്രായസ്വാതന്ത്ര്യം എന്ന പരമപ്രധാനമായ മൂല്യത്തെ അതുയർത്തിപ്പിടിക്കുന്നു എന്നതുകൊണ്ടാണു്.
പക്ഷേ, വന്നുവന്നു് നമ്മുടെ ജനാധിപത്യവ്യവസ്ഥ അതിന്റെ ‘ജനാധിപത്യസ്വഭാവം’ കൊണ്ടുതന്നെ ജനാധിപത്യവിരുദ്ധമായിത്തീർന്നുകൊണ്ടിരിക്കുകയാണു്: ജനാധിപത്യത്തിന്റെ പേരിൽ, ഭൂരിപക്ഷത്തിന്റെ പേരിൽ, അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്ന അതിവിചിത്രമായ ഒരു സർക്കസ് ഇന്നു അരങ്ങിൽ വാഴ്ചകൊള്ളുന്നു.
നമ്മുടെ ജനാധിപത്യം ഇന്നു് നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി മത-ജാതി വികാരത്തിന്റേതാണു്. മതവർഗ്ഗീയതയ്ക്കും ജാതിക്കോയ്മയ്ക്കും വിരുദ്ധമായി സംസാരിക്കുക എന്നതാണു് സമകാലികരാഷ്ട്രീയ കാലാവസ്ഥ ഇന്നാവശ്യപ്പെടുന്ന അടിയന്തര കർത്തവ്യം. കഷ്ടം ഇന്നു് എന്തിനെതിരെയും നിങ്ങൾക്കു് സംസാരിക്കാം; പക്ഷേ, മതസമുദായങ്ങളെയും ജാതിസംഘടനകളെയും കൊണ്ടുനടക്കുന്നവർക്കു് അപ്രിയമായി യാതൊന്നും പറഞ്ഞുപോകരുതു്!
പുരോഹിതന്മാരെ പ്രീണിപ്പിക്കുക എന്നതാണു് ഇന്നത്തെ മിക്ക രാഷ്ട്രീയകക്ഷികളുടെയും നയം. അതു തന്നെയാണു് മാധ്യമങ്ങളുടെയും നില. പുരോഹിതന്മാർക്കു് ‘വിമർശനാതീതമായ ഏതോ വിശുദ്ധതലം’ ഏതാണ്ടു് എല്ലാവരും അംഗീകരിച്ചുകൊടുത്തിരിക്കുന്നു! അവരാകട്ടെ, മുൻകാലങ്ങളിൽ നിന്നു് വിഭിന്നമായി, ആദ്ധ്യാത്മികതയുടെ പുറംപൂച്ചിൽ ഭൗതികവും രാഷ്ട്രീയവുമായി കാര്യങ്ങളിൽ ഇടപെടുകയും സ്വാർത്ഥലാഭത്തിനുവേണ്ടി സമൂഹത്തെ പിന്നോട്ടു പിടിച്ചുവലിക്കുന്ന തരത്തിൽ നിലപാടുകൾ എടുക്കുകയും ചെയ്യുന്നു—രാഷ്ട്രീയക്കാർ രാഷ്ട്രീയത്തെ മതവത്കരിക്കുകയും മതക്കാർ മതത്തെ രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്യുന്ന പരസ്പരപൂരകമായ ജീർണതയാണു് നമുക്കു് ചുറ്റും കാണാനുള്ളതു്.
ഇതിനെതിരെ എഴുതുകയോ പ്രസംഗിക്കുകയോ, വർത്തമാനം പറയുകയോ ചെയ്യുന്ന ആൾ ‘പ്രകോപന’മുണ്ടാക്കുകയാണു് എന്ന തീർപ്പിൽ എല്ലാവരും എളുപ്പം എത്തിപ്പെടുന്നു. ആ എതിർപ്പിനു് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടാവുമ്പോൾ ജനാധിപത്യത്തിന്റെ കണക്കിൽ അതു് ‘ശരി’യാവുന്നു. അതുകൊണ്ടു തന്നെ അത്തരക്കാരനെതിരിൽ ഉയരുന്ന ബഹിഷ്കരണഭീഷണികളും അക്രമങ്ങളും ന്യായീകരിക്കപ്പെടുന്നു.
അപ്പോൾ, ഈ അഭിപ്രായമുള്ള രണ്ടാമന്റെയും മൂന്നാമന്റെയും വായയ്ക്കു സ്വാഭാവികമായും ആമപ്പൂട്ടു് വീഴുന്നു; എതിരഭിപ്രായങ്ങൾ മൗനത്തിൽ മുങ്ങിച്ചാവുകയാണു്.
രാജഭരണത്തിലും പട്ടാളഭരണത്തിലുമെല്ലാം എതിരഭിപ്രായങ്ങളെ വീർപ്പുമുട്ടിച്ചുകൊല്ലുന്നതു് സ്വാഭാവികം. അവർക്കതിനു ജയിലും ആയുധങ്ങളും ഉപകരണങ്ങളും പട്ടാളവുമൊക്കെ വേണം. അത്രയൊന്നും മിനക്കേടും പണച്ചെലവും ഇല്ലാതെ ‘ജനാധിപത്യ’ത്തിനു് അതു് സാധിക്കും എന്നാണു് നമ്മുടെ സമൂഹം തെളിയിച്ചുകൊണ്ടിരിക്കുന്നതു്.
ചില ഉദാഹരണങ്ങൾ പറയാം: കേരളത്തിലെ സാമൂഹ്യനവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ ഇവിടത്തെ ഭിന്ന സമൂഹങ്ങൾ കൈവരിച്ച ചിന്താപരമായ പുരോഗതിയെ ആസൂത്രിതമായി തകർക്കുന്ന രീതിയിലാണു് ഭിന്ന സമൂഹങ്ങളിലെ മതനേതാക്കന്മാരും പുരോഹിതന്മാരും പെരുമാറുന്നതു്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തമായ തിരിച്ചു വരവു് നടത്തുന്നതു് നാം കാണുന്നു. മതവർഗ്ഗീയതയും അസഹിഷ്ണുതയും കട്ടപിടിക്കുകയാണു്. ജാതീയമായ വേർതിരിവുകൾ, വേഷം മാറിയാണെങ്കിലും, കൂടുക തന്നെയാണു് ഇതിന്നെതിരിലൊന്നു് സംസാരിക്കാനുള്ള ‘ധൈര്യം’ ഇന്നത്തെ മിക്ക രാഷ്ട്രീയനേതാക്കന്മാർക്കുമില്ല. മുമ്പു് നമ്മുടെ നാട്ടിൽ സാമൂഹ്യനവോത്ഥാനം രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു എന്നു കേട്ടാൽ, ഇന്നത്തെ വിദ്യാർത്ഥികൾ വിശ്വസിക്കാൻ വിഷമിക്കും!
‘വോട്ടുബാങ്കുകളെ പിണക്കാതിരിക്കുക’ എന്ന ഈ നയം സത്യത്തിൽ ജനാധിപത്യവിരുദ്ധമാണു്. ഈ ജാതിക്കോയ്മയ്ക്കും മതവർഗ്ഗീയതയ്ക്കും പാവപ്പെട്ട ജനങ്ങളെ വിട്ടുകൊടുത്താൽ അവർക്കും രാഷ്ട്രീയവും ജനാധിപത്യവും തിരിയാത്ത അവസ്ഥ വരാൻ ഏറെക്കാലം വേണ്ടിവരില്ല.
‘അപ്രിയസത്യം’ എന്നൊന്നുണ്ടു്. അതിന്റെ പേരിൽ സമൂഹത്തെ പേടിക്കുന്ന ഭരണാധികാരി എന്തു ഭരണാധികാരിയാണു്? അനുയായിയെ പേടിക്കുന്ന നേതാവു് എന്തു നേതാവാണു്?
‘ജനാഭിപ്രായ’ത്തെ പേടിച്ചു് സ്വന്തം അഭിപ്രായം മൂടിവെക്കുന്ന എഴുത്തുകാരൻ എന്തു് എഴുത്തുകാരാനാണു്?
ഇന്നു് ‘ജനാഭിപ്രായ’മായി സമൂഹത്തിൽ പുലരുന്നതു് യഥാർത്ഥമായ ജനാഭിപ്രായമല്ല; പല താല്പര്യങ്ങൾക്കും വേണ്ടി പാവപ്പെട്ട ജനങ്ങൾ അറിയാതെ അവരിൽ ഉല്പാദിപ്പിച്ച ‘ജനാഭിപ്രായ’മാണു്. ഈ ഉല്പന്നത്തിനു് എതിർമൊഴികളെ പൊറുക്കാനാവില്ല. പുരോഗമനസ്വഭാവവും യഥാർത്ഥമായ ജനകീയതാല്പര്യങ്ങളും ഉൾക്കൊള്ളുന്ന അത്തരം മൊഴികൾക്കു് മറുപടി പറയാൻ ‘അഭിപ്രായം ഉല്പാദിപ്പിക്കുന്നവർക്കു്’ ആവില്ലല്ലോ.
സഹാനുഭൂതി, വിവേകം, ആലോചന, ജീവിതാനുഭവങ്ങൾ, അറിവു് തുടങ്ങിയവയിലൂടെ സ്വാഭാവികമായി ഉരുവം കൊള്ളുന്നതാണു് സത്യമായ ജനാഭിപ്രായം. ദേശീയ സമരകാലത്തെ സ്വാതന്ത്ര്യദാഹം ഉദാഹരണം അസഹിഷ്ണുത, വികാരം, ആലോചനക്കുറവു്, ഗ്രന്ഥത്തിലെ ഉദ്ധരണികൾ, അജ്ഞത തുടങ്ങിയവ ഉപകരണമാക്കി പുരോഹിതന്മാരും രാഷ്ട്രീയക്കാരും കൃത്രിമമായി ഉല്പാദിക്കുന്നതാണു് ഇന്നു് കാണുന്ന മട്ടിലുള്ള ‘ജനാഭിപ്രായം’. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയപ്രശ്നം ഒരു പള്ളിയോ അമ്പലമോ ആണു് എന്നു് വലിയൊരു വിഭാഗം ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞതു് ഉദാഹരണം.
ഇപ്പറഞ്ഞ മട്ടിൽ ഉല്പാദിപ്പിക്കപ്പെടുന്ന ‘ജനാഭിപ്രായ’മാണു് ജനാധിപത്യത്തിന്റെ പേരിൽ വിപരീതത്തിന്റെ വായ പൊത്തിപ്പിടിച്ചു് ജനാധിപത്യവിരുദ്ധമായി തീർന്നുകൊണ്ടിരിക്കുന്നതു്—ജനങ്ങളെ ജനങ്ങൾക്കെതിരായി ഉപയോഗിക്കുവാൻ സാധിക്കും!
ജനങ്ങൾക്കു് പ്രിയമായതു് പറയുകയല്ല; പത്ഥ്യമായതു് പറയുകയാണു് പറയുന്നവനു് വേണ്ടതു്. അതുകൊണ്ടു വന്നുകൂടുന്ന കല്ലേറുകൂടി താങ്ങാൻ കെല്പു് കിട്ടുംവിധം ജനങ്ങളെ വാസ്തവമായി സ്നേഹിക്കുന്നവർക്കേ അതു് സാധിക്കൂ.
അത്തരക്കാർ കുറവാണു് എന്നു് സംസ്കൃതഭാഷയിൽ ഒരു ചൊല്ലുണ്ടു്: ‘അപ്രിയവും പത്ഥ്യവുമായ വാക്കു് പറയാനും കേൾക്കാനും ആളു് കുറയും.’
ഈ ചൊല്ലിനെ ഒരു പതിർമൊഴിയാക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം കൊണ്ടേ നമ്മുടെ ജനാധിപത്യത്തിനു പ്രാണവായു കിട്ടുകയുള്ളു.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.