ആക്ഷേപഹാസ്യകൃതികളിൽ ‘വിനീതനായ ഈ ചരിത്രകാരൻ’ ആയി സ്വയം പ്രത്യക്ഷപ്പെടുന്ന എഴുത്തുകാരനാണു് ബഷീർ. അത്തരം കൃതികളെ ‘കഥ’ എന്നല്ല ‘ചരിത്രം’ എന്നാണു് അദ്ദേഹം വിളിക്കാറു്. വർത്തമാനകാല ചരിത്രത്തെ കോമാളിവേഷം കെട്ടിക്കുന്ന പണിയാണു് അവിടെ ചെയ്യുന്നതു്. ആ കഥകളിലും നോവലുകളിലുമെല്ലാം, സ്വാഭാവികമായും വർത്തമാനകാലചരിത്രം കടന്നുവരുന്നുണ്ടു്.
കേസരി ബാലകൃഷ്ണപിള്ള, ആർ. ഇ. ആഷർ, തകഴി ശിവശങ്കരപിള്ള, പോഞ്ഞിക്കര റാഫി, പ്രേംനസീർ, പൊൻകുന്നം വർക്കി, എസ്. കെ. പൊറ്റക്കാട്ട്, സുകുമാർ അഴീക്കോടു്, ടി. എൻ. ഗോപിനാഥൻനായർ, യു. എ. ഖാദർ തുടങ്ങിയ സുഹൃത്തുക്കളെപ്പറ്റി സാന്ദർഭികമായി എഴുതിയ കുറിപ്പുകൾ ജീവചരിത്രത്തിന്റെ കണക്കിൽ പെടുത്താൻ മാത്രമില്ല.
ഇതിനപ്പുറത്തു് ബഷീർ ചരിത്രം നേരിട്ടു് കൈകാര്യം ചെയ്യുന്ന സന്ദർഭങ്ങൾ വിരളമാണു്. ഏതാനും വ്യക്തികളെപ്പറ്റിയുള്ള ജീവചരിത്രരചനകളാണു് ഈ വിഭാഗത്തിൽ ആകപ്പാടെയുള്ളതു്—ഒരു പുസ്തകവും ചില ലേഖനങ്ങളും.
ബഷീറിന്റെ സുഹൃത്തും ദാർശനികനും വഴികാട്ടിയുമായ എം. പി. പോളി (1904–1952)നെപ്പറ്റി എഴുതിയ ചെറിയൊരു പുസ്തകമാണു് എം. പി. പോൾ (1991)—അദ്ദേഹം എഴുതിയ ഒരേയൊരു ജീവചരിത്രകൃതി. ഇംഗ്ലീഷ് അധ്യാപകൻ, പണ്ഡിതൻ, നിരൂപകൻ, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെയും സാഹിത്യ പ്രവർത്തകസഹകരണ സംഘത്തിന്റെയും നായകൻ, വാഗ്മി എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. അച്ചടക്കമില്ലാത്ത ബഷീറിന്റെ മനസ്സു് അടുക്കും ചിട്ടയുമായി ജീവിതകഥ പറയുന്നില്ല. പോൾ തനിക്കാരായിരുന്നു എന്നാണു് പ്രധാനമായും പറയുന്നതു്. അക്കാലത്തെ സാഹിത്യാന്തരീക്ഷത്തെപ്പറ്റിയും കോട്ടയത്തു് പോളിന്റെ മേൽനോട്ടത്തിൽ നടന്നിരുന്ന ‘സാഹിതീസഖ്യം’ എന്ന വേദിയെപ്പറ്റിയും ചെറിയൊരു ചിത്രം ഇതിൽ കിട്ടും.
പല നിലക്കും സമൂഹത്തിൽ അംഗീകാരമുണ്ടായിരുന്ന പോൾ ബാല്യകാലസഖി ക്കു് അവതാരിക എഴുതിയതു് അന്നു് ബഷീറിന്നു് ശ്രദ്ധ കിട്ടാൻ ഉപകരിച്ചിട്ടുണ്ടു്. മലയാളത്തിലെ ശ്രദ്ധേയമായ അവതാരികകളിൽ ഒന്നാണതു്. ‘ബാല്യകാലസഖി ജീവിതത്തിൽ നിന്നു് വലിച്ചുചീന്തിയ ഒരേടാണു്. വക്കിൽ രക്തംപൊടിഞ്ഞിരിക്കുന്നു’ എന്ന അതിലെ ആദ്യവാക്യം ഒരു ചൊല്ലുപോലെ പ്രചാരം നേടുകയുണ്ടായി. സാഹിത്യത്തെ സംബന്ധിച്ചും ഗ്രന്ഥകാരനെ സംബന്ധിച്ചും പല ഉൾക്കാഴ്ചകളും നിറഞ്ഞ ആ അവതാരിക എത്രമാത്രം ദീർഘവീക്ഷണത്തോടുകൂടി എഴുതിയതാണു് എന്നു് ബഷീറിന്റെ പിൽക്കാല ജീവിതം തെളിയിച്ചു. ഈ അവതാരികയുടെയും പുസ്തകത്തിന്റെ ഒന്നാംപതിപ്പു് പുറത്തിറക്കാൻ അനുഭവിച്ച കഷ്ടനഷ്ടങ്ങളുടെയും കഥ ഇവിടെ വിസ്തരിക്കുന്നുണ്ടു്.
ബഷീറിന്റെ ഏതു പുസ്തകവും പോലെ ഈ ജീവചരിത്രവും മിക്കഭാഗത്തും സ്വന്തം കഥയാണു്.
ഈ വകുപ്പിൽ ഇനിയുള്ളതു് ചില ലേഖനങ്ങളാണു്—കാറൽ മാർക്സ്, ഗാന്ധിജി, മൻസൂർ ഹല്ലാജ്, ഫരീദുദ്ദീൻ അത്താർ തുടങ്ങിയവരെപ്പറ്റിയുള്ളവ. ഇതിൽ ജീവചരിത്രലേഖനത്തിന്റെ ചിട്ടകൾ മാർക്സിനെപ്പറ്റി എഴുതിയതിലേ (1939) കാണുന്നുള്ളൂ. ദരിദ്രരോടും തൊഴിലാളികളോടും മാർക്സിനുണ്ടായിരുന്ന അങ്ങേയറ്റത്തെ സഹഭാവത്തെ കൊണ്ടാടുവാൻ വേണ്ടിയാണു് ഈ ലേഖനമെഴുതിയതു്. മാർക്സിന്റെ നിരീശ്വരത്വത്തോടു് ബഷീറിനു് വിപ്രതിപത്തിയുണ്ടു്. ഗാന്ധിജി എന്ന ലേഖനം (യാ ഇലാഹീ, 1997) മഹാത്മാവിനുള്ള ആദരപ്രണാമമാണു്.
അനൽഹഖ് (ഞാനാണു് സനാതനസത്യം) എന്നു് പ്രഖ്യാപിച്ചതിന്റെ പേരിൽ ക്രി. വ. 922 മാർച്ച് 26-നു് ബാഗ്ദാദിൽ കുരിശിൽ തറച്ചുകൊല്ലപ്പെട്ട മൻസൂർ ഹല്ലാജിന്റെ ജീവിതകഥ വിവരിച്ചുകൊണ്ടു്, ആ ബലിയുടെ വർണ്ണന വികാരപൂർണമായി നിർവഹിച്ചുകൊണ്ടു്, കേട്ടുകേൾവികളും അത്ഭുതകഥകളും ഇടകലർത്തി ബഷീർ എഴുതിയ ‘അനൽഹഖ്’ (‘അനർഘനിമിഷം’) കഥയുടെ സ്വഭാവത്തിലുള്ളതാണു്. ഫരീദുദ്ദീൻ അത്താർ എന്ന സൂഫിക്കവിയെപ്പറ്റിയുള്ള ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പു്: 1940) സൂഫിപഥത്തോടു് ബഷീറിനുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നു.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.