കളിയിൽ വല്ലൊരു കാര്യവുമുണ്ടോ എന്ന ചോദ്യം കളിയായിത്തോന്നാമെങ്കിലും സംഗതി കാര്യമാണു്.
ആ വാക്കിനു് വന്നുചേർന്ന വ്യാപ്തി ചില്ലറയല്ല: ഏതു കാര്യം നേടണമെങ്കിലും ഇന്നു കാര്യമായിത്തന്നെ കളിക്കണമെന്നായിരിക്കുന്നു.
കളി പറയുകയല്ല. ഈ വിപരീതാർത്ഥത്തിൽനിന്നു മാറിനിന്നാലോചിച്ചു നോക്കൂ—കളിയോളം കാര്യമായി വല്ലതും ഇന്നു നടക്കുന്നുണ്ടോ? കാലം മാറിയിട്ടും കഥ മാറിയിട്ടും ‘കളിഭ്രാന്തു്’ മാറാതെ നില്ക്കുകയല്ലേ?
സർക്കാരുകളും സർവ്വകലാശാലകളും ക്ലബ്ബുകളും വ്യക്തികളുമൊക്കെ ഈ കളികൾക്കുവേണ്ടി ചെലവിടുന്ന സമയവും അധ്വാനവും പണവും ആലോചിച്ചാൽ ബോധ്യപ്പെടും—ഈ ദുനിയാവിലെ ഒരു “കാര്യ”ത്തിന്നു വേണ്ടിയും മനുഷ്യൻ ഇത്ര ഉഷ്ണിച്ചുകാണില്ല.
യുദ്ധങ്ങൾക്കു വേണ്ടി ഇതിലധികവും ചെലവഴിച്ചുകാണില്ലേ?
യുദ്ധം കാര്യമാണോ? കളിയല്ലേ? കാര്യം എന്ന പേരിൽ, പൊങ്ങച്ചത്തിന്റെ ചെലവിൽ അനേകം കളികൾ ലോകത്തു നടന്നുവരുന്നതിൽ പ്രധാനപ്പെട്ട ഒന്നിന്റെ പേരാകുന്നു യുദ്ധം.
കളിക്കും യുദ്ധത്തിനും തമ്മിലെന്താണു് ബന്ധമെന്ന പ്രസക്തമായ ചോദ്യം ഇപ്പോൾ തലപൊക്കുകയായി.
യുദ്ധത്തിന്റെ, മത്സരത്തിന്റെ, കലാരൂപമാകുന്നു കളി.
തന്നെയോ?

അതെ. മനുഷ്യന്റെ കലഹവാസനക്കു കലാരൂപം കൊടുത്തതു മാത്രമാണു് മത്സരിച്ചുള്ള ഏതു കളിയും. മന്ത്രിയും തേരും കാലാളും രാജാവുമൊക്കെയായി അക്ഷരാർത്ഥത്തിൽതന്നെ യുദ്ധമാണു് ചതുരംഗം. വാളിനു പകരം വടിയേന്തി പൊരുതുന്ന ഹോക്കികളിക്കാരെ കാണുക. ആ കലഹം കണ്ടു രസിക്കുന്നവരെ ശ്രദ്ധിക്കുക. “ഇടി മിന്നൽപോലെ” ഇടി വന്നുവീഴുന്ന ബോക്സിങ്ങോ? എതിരാളിയുടെ മുമ്പിൽ യമരൂപം പൂണ്ടു നിന്നട്ടഹസിക്കുന്ന മുഹമ്മദലി ക്ലേ യും ഒരു ശുണ്ഠിക്കു് റഫറിയെ എടുത്തെറിയുന്ന കിംഗ്കോംഗുമൊക്കെ “കളി”ക്കുകയാണോ?
റസ്സലിങ്ങും ബോക്സിങ്ങും കരാട്ടേയും കളരിപ്പയറ്റുമൊക്കെ കലഹത്തെ പച്ചയായിത്തന്നെ കൺമുമ്പിൽ അവതരിപ്പിക്കുകയാണു്. കലഹിക്കുന്നതു് കാണുമ്പോഴുള്ള രസമാണു് അവ കാണുമ്പോൾ കിട്ടുന്നതു് എന്നതിനും തർക്കമില്ല.
കളികളുമായി ബന്ധപ്പെട്ട വാക്കുകൾതന്നെ ഇതിനു തെളിവു നല്കുന്നു—പോരാട്ടം, എതിരാളി, മുന്നേറ്റം, തകർത്തുവിട്ടു, തറപറ്റിച്ചു, നിലംപരിശാക്കി—മറ്റും മറ്റും.
മത്സരമാണിവിടെ കാര്യം. എല്ലാ മത്സരത്തിലും അവനവൻ ജയിക്കണമെന്നതിനേക്കാൾ പ്രശ്നം അന്യനെ തോല്പിക്കണമെന്നതാണു്. ഈ വാശിയില്ലാതെ എന്തു കളി? എന്തു മത്സരം?
പറഞ്ഞുവരുമ്പോൾ കളിയോളം ചീത്തയായി ഒരു കാര്യവുമില്ലെന്നായിപ്പോയോ?
ഈ മത്സരബുദ്ധിയും കലഹവാസനയുമൊക്കെ ഏതു കാലത്തും ഏതു നാട്ടിലും ഏതു മനുഷ്യനിലും ഉറങ്ങിക്കിടക്കുന്നതാണു്. അവ തട്ടിയുണർത്തി വിസർജ്ജിപ്പിച്ചുകളയുകയാണു് ഏതു കലയുടെയും പ്രവൃത്തി. മത്സരത്തിലൂടെ ഇക്കാര്യം കൺമുന്നിൽവെച്ചുതന്നെ സാധിക്കുകയാണു് കളികൾ ചെയ്യുന്നതു്.
മനുഷ്യഹൃദയത്തിലെ മദമാത്സര്യാദി ദുർവ്വിചാരങ്ങളെ വിരേചനത്തിലൂടെ സംസ്കരിക്കുകയാണു് സാഹിത്യാദി കലകളുടെ ധർമ്മമെന്നു് ആചാര്യന്മാർ പറഞ്ഞുവെച്ചതു് ഇക്കൂട്ടത്തിൽ ആലോചിക്കാവുന്നതാണു്.
ആവർത്തിച്ചു പറയണം: കളികളും ഇതുതന്നെയാണു് ചെയ്യുന്നതു്—ഇതാണു് കളിയിലെ കാര്യം.

തന്നിൽനിന്നു് അന്യമായ ഒന്നിനോടു് താദാത്മ്യം പ്രാപിക്കാൻ കഴിയുക എന്നതു സാഹിത്യാദികലകളുടെ വലിയൊരു നേട്ടമായി എണ്ണിക്കാണാറുണ്ടു്. കളികളിലും ഇതു് ഒട്ടും കുറവല്ല. രാഷ്ട്രീയവും പ്രാദേശികവും ഭാഷാപരവും മറ്റുമായ ഭിന്നതകൾ മറന്നു് മുന്തിയ കളിക്കാരന്റെ പക്ഷം ചേരാത്ത ആരുണ്ടു്? ബോബി ഫിഷർ അമേരിക്കക്കാരനാണെന്നതുകൊണ്ടു് അയാളൊരു മുന്തിയ ചെസ്സുകളിക്കാരനല്ലെന്നു് ഏതെങ്കിലും രാഷ്ട്രത്തിലെ പൗരൻ പറഞ്ഞുകളയുമോ?
മദവും മത്സരവും ക്രോധവുമൊക്കെ വിരേചനം ചെയ്തുകളയുവാൻ അന്യകലകളെപ്പോലെയോ അതിലുമധികമോ കളികൾക്കു് കെല്പുണ്ടെന്ന—അല്ല, അതിന്റെ വൃത്തിതന്നെ അതാണെന്ന—വാദത്തിന്നു വായാടിത്തമുള്ള ഉദാഹരണമാണു് ഈ മുഹമ്മദലി ക്ലേ.
കയ്യൂക്കുകൊണ്ടു് ഇതിഹാസകഥാപാത്രങ്ങളെത്തന്ന അനുസ്മരിപ്പിക്കുന്ന ആ ഭീമാകായൻ കയ്യൂക്കുകൊണ്ടും നാവൂക്കുകൊണ്ടും നിരവധി പോരാട്ടങ്ങൾ ജയിച്ചശേഷം “കാര്യ”ത്തിലൊരു വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനു് ആ നേടിവെച്ചതൊക്കെയും—ബോക്സിംഗ് ചാമ്പ്യൻ പദവി ഗവൺമെന്റ് എടുത്തു കളഞ്ഞു— വിലയായി കൊടുക്കാൻ തയ്യാറായി. ഒരുത്തന്റെ മുമ്പിലും കുലുങ്ങാത്ത അയാളെ കുലുക്കാൻ ഇക്കണ്ട നഷ്ടങ്ങളൊന്നും പോന്നതുമില്ല. അങ്ങനെ, മത്സരം കളിയാണെന്നും കളി മാത്രമാണെന്നും മനസ്സിലാക്കുന്നതിൽ കവിഞ്ഞു് വല്ലൊരു കാര്യവും മനുഷ്യനു് പഠിച്ചുവെക്കാനുണ്ടോ എന്ന ചിന്ത ശക്തമായിത്തന്നെ ഉണർത്തിവിടാൻ ആ കായികതാരത്തിനു കഴിഞ്ഞു.
ഇപ്പറഞ്ഞതാകെ ഒന്നുരണ്ടു വാക്കുകളിൽ ലോകം പണ്ടേ പറഞ്ഞുവരുന്നു—“സ്പോർട്ട്സ്മാൻ സ്പിരിറ്റ്” എന്നതു മത്സരബുദ്ധിയെ ആരോഗ്യകരമായി വളർത്തുകയാണു്, നിത്യശത്രു എന്നൊന്നില്ലെന്നു് മനസ്സിലാക്കുകയാണു്. മേൽ വിവരിച്ചതിൻവിധം ഇതും ഒരു കലയാണെന്നു് പണ്ടേ നാം അംഗീകരിച്ചതിനു് “കായികകല ” എന്ന വാക്കു് സാക്ഷിനില്ക്കും.
മൂപ്പിളമ തീരുമാനിക്കാൻ പണ്ടു് അങ്കം കുറിച്ചിരുന്നതുപോലെ താൻപോരിമ കാണിക്കാൻ ഇന്നു് കായികമേളകൾ സംഘടിപ്പിച്ചുവരുന്നതു കാണുമ്പോൾ ആരു തന്നെ സന്തോഷിക്കയില്ല! ലോകരാഷ്ട്രങ്ങൾക്കിടയിൽ ഈട്ടം കൂടിവരുന്ന മാത്സര്യങ്ങളിൽ ചിലതെങ്കിലും ഇവ്വിധം കായികമേളകളിലൂടെ വിരേചനം ചെയ്തുകിട്ടുമെന്ന ചിന്ത എത്രമേൽ ആശ്വാസകരമല്ല!
ഷൂട്ട് ദ്വൈമാസിക: സെപ്തംബർ–ഒക്ടോബർ 1977.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.