അന്നത്തെ നിലയ്ക്കു് അതൊരു സംഭവമായിരുന്നു. വിരൂപറാണി പെരിയമ്മ ഞങ്ങളുടെ സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.
1970-ലാണു്. ഞങ്ങളൊക്കെ അന്നു് കോഴിക്കോടു് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുകയാണു്. കോഴിക്കോടു് കെങ്കേമമായി വൈരൂപ്യമത്സരം നടന്നു. മാഹിക്കാരൻ ഖാലിദ് വിരൂപരാജനും തമിഴത്തി പെരിയമ്മ വിരൂപറാണിയും ആയി തിരഞ്ഞെടുക്കപ്പെട്ടു. എസ്. സുന്ദർദാസിന്റെ നേതൃത്വത്തിൽ ഞങ്ങൾ വിരൂപറാണിയെ കോളേജിൽ കൊണ്ടുവന്നു. അവർ സോഷ്യോളജി അസോസിയേഷൻ നിലവിളക്കു് കൊളുത്തി ഉദ്ഘാടനം ചെയ്തു. അവർക്കുവേണ്ടി മുൻകൂട്ടി എഴുതിത്തയ്യാറാക്കിയ ഉദ്ഘാടനപ്രസംഗം വായിച്ചതു് ഞാനാണു്.
ആ തീയതി ഞാൻ ഓർത്തുവെച്ചിരിക്കുന്നു—1970 ഡിസംബർ 8 ചൊവ്വാഴ്ച.
പിറ്റേന്നു് കോളേജിലെത്തുമ്പോഴേക്കു് ഞങ്ങളൊക്കെ ചില്ലറ ഹീറോമാരായിക്കഴിഞ്ഞിരുന്നു. പെരിയമ്മ നിലവിളക്കു് കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രം സഹിതം എല്ലാ പത്രങ്ങളിലും വാർത്ത!
നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ കോളേജ് നോട്ടീസ് ബോർഡിൽ അസോസിയേഷൻ ഉദ്ഘാടനത്തിലെ വിവിധ രംഗങ്ങളുടെ ഫോട്ടോ പതിച്ചുകണ്ടു. ഒന്നുരണ്ടു് ഫോട്ടോകളിൽ ഞാനുണ്ടു്. ഉദ്ഘാടനപ്രസംഗത്തിന്റെ ഫോട്ടോയിൽ പെരിയമ്മയും ഞാനും മാത്രമേയുള്ളു—എനിക്കു് ചില്ലറ പത്രാസ് തോന്നി. നാലാള് കാണുന്നിടത്തു് ഫോട്ടോ വന്നല്ലോ.
ഊണുകഴിഞ്ഞു് ബാലകൃഷ്ണൻ ആറാട്ടുപുഴയോടൊപ്പം ക്ലാസിലേക്കു് പോവുമ്പോൾ ഒന്നുകൂടി ആ ഫോട്ടോ ചെന്നുനോക്കി. എന്റെ തല പെരുത്തു.
ഞാനും പെരിയമ്മയും നിൽക്കുന്ന ഫോട്ടോവിന്റെ ചുവടെ ഒരടിക്കുറിപ്പു് “വിരൂപരാജനും വിരൂപറാണിയും.”
ബാലൻ ആർത്തു.
“കൊടു് കയ്യ്. ഉഗ്രൻ ഐഡിയാ.”
എനിക്കു് കൈകൊണ്ടു് ബാലന്റെ മോന്തയ്ക്കു് ഒന്നു കൊടുക്കാനാണു് തോന്നിയതു്.
നോട്ടീസ് ബോർഡിനു് പൂട്ടുണ്ടായിട്ടും ആരിതു് ഒപ്പിച്ചു? എങ്ങനെയാണു് അതൊന്നു് വലിച്ചു കീറിക്കളയുക? ഏതു പ്യൂണിന്റെ സേവപിടിച്ചാലാണു് അതൊന്നു് എടുത്തുമാറ്റാൻ കഴിയുക?
കാണേണ്ടവരൊക്കെ കണ്ടുകഴിഞ്ഞിരിക്കും. ഇനിയിപ്പോൾ കീറിക്കളഞ്ഞിട്ടു് എന്തു കൃതം?
ഞാൻ തലയും താഴ്ത്തി ക്ലാസിലേക്കു് നടന്നു. അബ്ദുറഹിമാന്റെയും സരസയുടെയും മുഖത്തു് ചിരി. ആനന്ദവല്ലിയും ശോഭയും എന്തോ ഒളിക്കാൻ നോക്കുന്നുണ്ടു്. അബു ആ അടിക്കുറിപ്പു് ആഘോഷിക്കുന്നതുപോലെ തോന്നി.
രണ്ടു ദിവസത്തിനകം വേറെ ഏതോ ഫോട്ടോകൾ പതിക്കാൻ വേണ്ടി ഈ ഫോട്ടോകൾ എടുത്തുനീക്കിയെങ്കിലും എന്റെ പേരു് കിടന്നു. വിരൂപരാജൻ!
സുന്ദർദാസ് ചോദിച്ചു;
“ഞാൻ പ്രവചിച്ചിരുന്നില്ലേ, മത്സരത്തിനു് പോയാൽ വിരൂപരാജന്റെ പട്ടം നിനക്കു് കിട്ടുമെന്നു്. ഇപ്പോഴോ, പോകാതെത്തന്നെ കിട്ടി!”
എനിക്കു് കയ്ച്ചു.
“പിന്നെ, നീ കവിയല്ലേ, ക്രാന്തദർശി! പോടാ.”
ചില മാസങ്ങൾ കഴിഞ്ഞാണു്.
വെളുപ്പിനു് ആ പത്രവാർത്തകണ്ടു് ഞാൻ വായപൊളിച്ചുപോയി.
വിരൂപറാണിയെ ബലാത്സംഗം ചെയ്തു!
തളിയിലെ ഏതോ പീടികക്കോലായിൽ കിടന്നുറങ്ങുകയായിരുന്ന പെരിയമ്മ ബലാത്സംഗത്തിനു് ഇരയായി അവശനിലയിൽ ആസ്പത്രിയിലാണു്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു് അന്വേഷണം നടത്തിവരുന്നു… ദൈവമേ, എന്തൊരു നാടു്?
വിരൂപറാണിയായിട്ടും രക്ഷയില്ല!
വൈകുന്നേരം ആഴ്ചവട്ടത്തെ വീട്ടിലിരുന്നു് ക്ലാർക്ക് മാധവൻനായരോടു് ഞാൻ ആ വാർത്തയുടെ വിവിധ വശങ്ങളെപ്പറ്റി വർത്തമാനം പറയുകയാണു്. അപ്പോൾ എനിക്കൊരു ഫോൺ—ചന്ദ്രിക ആഴ്ചപ്പതിപ്പിൽനിന്നു് കാനേഷ് പൂനൂരാണു്. വിഷയം ബലാത്സംഗം. കേസ്സുമായി ബന്ധപ്പെട്ടു് കാരശ്ശേരിയെ പോലീസ് അന്വേഷിക്കുന്നു എന്നു് കെ. പി. കുഞ്ഞിമ്മൂസ പറഞ്ഞുവത്രെ! ഞാൻ ആർത്തുചിരിച്ചു.
പിറ്റേന്നു് രാവിലെ ബസ്സിൽവെച്ചു് സുന്ദർദാസിനെ കണ്ടപ്പോൾ ഞാൻ കാനേഷ് പറഞ്ഞ തമാശ പൊട്ടിച്ചു. ഉടനെ കക്ഷി പറയുകയാണു്. “ഓ, ഇതു് ഇന്നലെത്തന്നെ കോളേജിൽ ചിലരൊക്കെ പറഞ്ഞിരുന്നു.”
ഞാൻ വിയർത്തുപോയി.
വൈകുന്നേരം എൻ. ബി. എസ്. പൂട്ടി വീട്ടിലേക്കു് സൈക്കിളിൽ മടങ്ങുന്നവഴി ആഴ്ചവട്ടത്തുവച്ചു് കണ്ടപ്പോൾ ശ്രീധരൻ ചോദിച്ചു: “നിന്നെ എപ്പഴാ പോലീസ് വിട്ടതു്?” കുഞ്ഞിമ്മൂസ്സയോ കാനേഷോ ഫോൺ ചെയ്തു കാണും.
ദൈവമേ, കളി കാര്യമാവുകയാണോ?
അതിന്റെ പിറ്റേന്നു് വാർത്ത വന്നു. വിരൂപറാണിയെ ബലാത്സംഗം ചെയ്തവനെ പൊലീസ് പിടികൂടി. ചില്ലറ മോഷണവുമായി നടക്കുന്ന തമിഴനാണു് പ്രതി. തീരെ ചെറുപ്പം. പെരിയമ്മയുടെ പകുതി വയസ്സേയുള്ളൂ.
പതുക്കെ ആ വാർത്തയുടെ ചൂടും ചൂരും കെട്ടടങ്ങി.
ഏതാനും മാസം കഴിഞ്ഞു് പെരിയമ്മ എന്തോ അസുഖം ബാധിച്ചു് മരണപ്പെട്ട വാർത്ത ചരമംകോളത്തിൽ പ്രത്യക്ഷപ്പെട്ടു. ആയിടെ ചിലർ എനിക്കെഴുതിയ കത്തുകളിൽ അനുശോചനം അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച:
ചില സുഹൃത്തുക്കളും ഞാനും എന്തോ സംസാരിച്ചുനിൽക്കുകയാണു്. അവിടേയ്ക്കുവന്ന ഒരു പരിചയക്കാരൻ എന്നോടു ചോദിച്ചു;
“കുറേമുമ്പു് കോഴിക്കോട്ടു് ഒരു വൈരൂപ്യമത്സരം നടന്നിരുന്നൊ?”
“ഉവ്വു്, കാൽനൂറ്റാണ്ടാവുന്നു—1970-ലാണു്.”
“നിങ്ങളും ചില സുഹൃത്തുക്കളും ചേർന്നാണോ അതു് സംഘടിപ്പിച്ചതു്?”
“അല്ല. ഞാൻ അന്നു് കോളേജിൽ പഠിക്കുകയാണു്. രാമദാസൻ വൈദ്യരും ചങ്ങാതിമാരും കൂടിയാണു് അതു് ഒപ്പിച്ചതു്.”
“നിങ്ങൾക്കതിൽ ഒരു പങ്കുമില്ലേ?”
“ഇല്ല. എനിക്കതു് കാണാൻ പോകാൻ കൂടി കഴിഞ്ഞില്ല.”
“ഒരു കാര്യം ചോദിക്കട്ടെ. ദേഷ്യം വരരുതു്.”
“എന്താണു് ?” എന്റെ ആകാംക്ഷ വർധിച്ചു.
“പറഞ്ഞ ആളെ ചോദിക്കരുതു്.”
ചിരി വരുത്തിക്കൊണ്ടു് ഞാൻ പറഞ്ഞു.
“എന്തോ ദുഷിപ്പായിരിക്കും. ആളെ പറയേണ്ട. മനസ്സിനു് ഭാരമാവും. കാര്യം പറയൂ.”
“സ്ത്രീകളെപ്പറ്റി നിങ്ങൾ എഴുതിയ ചില ലേഖനങ്ങളെപ്പറ്റി സംസാരിക്കാനിടയായി. അയാൾ നിങ്ങളെ വളരെ ആക്ഷേപിച്ചു പറഞ്ഞു.”
“കാര്യമെന്താ?”
“അന്നു് വൈരൂപ്യമത്സരം നടന്ന സ്റ്റേജിൽ വെച്ചു് ആരോ വിരൂപറാണിയെ പരസ്യമായി ചുംബിച്ചുവെന്നു്. നേരാണോ?”
കൂട്ടുകാരോടൊപ്പം ഞാനും പൊട്ടിച്ചിരിച്ചുപോയി. ഞാൻ പറഞ്ഞു,
“അങ്ങനെയൊരു സംഭവം നടന്നതായി ഞാൻ കേട്ടിട്ടില്ല.”
അയാൾ കണ്ണാലെ കണ്ടതാണെന്നു് പറഞ്ഞു.
“എന്തോ, ഞാൻ കേട്ടിട്ടില്ല.”
“നിങ്ങളാണതു് ചെയ്തതു് എന്നും പറഞ്ഞു. നേരാണോ?”
ഞാൻ ശരിക്കും ഞെട്ടി.
തടി ഓർമയില്ലാതെ ഞാൻ നിൽക്കുകയാണു്. ആരൊക്കെയോ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടു്. കൂട്ടച്ചിരി മുഴങ്ങുന്നുണ്ടു്… ആരോ എവിടെയോ പൊട്ടിച്ച ഒരു തമാശ ഇരുപത്തിനാലു കൊല്ലം കഴിഞ്ഞിട്ടും ചൂടു് തണിയാതെ നിലനിൽക്കുന്നു.
ഇപ്പോഴിതാ, കറങ്ങിത്തിരിഞ്ഞു് കാര്യമായ ഒരപവാദത്തിന്റെ കോലത്തിൽ അതെന്നെ തിരഞ്ഞെത്തിയിരിക്കുന്നു…
ഈശ്വരാ, ഈ ദുനിയാവിൽ എങ്ങനെ കഴിഞ്ഞുകൂടും?
മാതൃഭൂമി വാരാന്തപ്പതിപ്പു്: 19 ജൂൺ 1994.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.